Please use Firefox Browser for a good reading experience

Saturday 25 September 2010

പ്രേമ രൂപം

ഗന്ധങ്ങൾ കൊണ്ടാണ്‌ ഞാനവളെ അറിയുന്നത്.
അവളുടെ മുടിയിൽ നിന്നൊഴുകി വന്ന എണ്ണയുടെ,
ചെവിയിൽ തിരുകുമായിരുന്ന തുളസിയിലകളുടെ,
നെറ്റിയിൽ തണുത്ത് കിടന്ന ചന്ദനത്തിന്റെ..

എന്റെ നെറ്റിയിൽ സുഗന്ധമുള്ള ചന്ദനം കൊണ്ട് കുറി വരയ്ക്കുമ്പോൾ,
അവളുടെ കുപ്പിവളകൾ അടക്കം പറഞ്ഞത് ഞാൻ കേട്ടു..
എന്റെ കവിളോട് അവൾ കവിൾത്തടം ചേർക്കുമ്പോൾ,
അവളുടെ ഗന്ധം ഞാനറിഞ്ഞു, പ്രേമത്തിന്റെ ഗന്ധം..

അവളുടെ ശബ്ദമാണെനിക്ക് സംഗീതം..
അവളുടെ ഗന്ധമാണെനിക്ക് സുഗന്ധം..
അവളുടെ കവിൾത്തടങ്ങളായിരുന്നു എനിക്കു പൂവിതളുകൾ..
അവൾ ചിരിക്കുമ്പോൾ എനിക്കുള്ളിൽ മഴ പെയ്യുന്നതറിഞ്ഞു, പ്രണയ മഴ..

അവൾ നടന്നടുത്തു വരുമ്പോൾ,
പ്രേമത്തിന്റെ കാലൊച്ച ഞാൻ കേട്ടു.

അവളില്ലാത്തപ്പോൾ എനിക്ക് ശിശിരമായിരുന്നു,
ഇലകൾ കൊഴിഞ്ഞ ഒരു മരമായ്..
അവളടുത്ത് വരുമ്പോൾ, വസന്തവും..

എന്റെ വിരൽത്തുമ്പുകളിലൂടെ ഞാനവളുടെ രൂപം തിരഞ്ഞു.
എനിക്കു കാണാം, വ്യക്തമായി
സ്നേഹത്തിന്റെ, പ്രേമത്തിന്റെ രൂപം.
ഈശ്വരൻ എന്റെ കണ്ണുകൾ കവർന്നെടുത്തുവെങ്കിലും..

Post a Comment

Saturday 11 September 2010

ഇന്ന്

മതമുണ്ടാക്കിയവന്‌ മദം പിടിച്ചപ്പോൾ
മരിച്ച്‌ വീണത്‌ ദൈവങ്ങളായിരുന്നു.

പ്രകാശ വേഗം കണ്ടു പിടിച്ചവൻ
ഇരുട്ടിലേക്ക്‌ പോയത്‌ അതിലും വേഗത്തിലായിരുന്നു.

പണത്തിനു വേണ്ടിയവൾ നഷ്ടപ്പെടുത്തിയത്‌
പണത്തിനു പോലും വാങ്ങാൻ കഴിയാത്തതായിരുന്നു.

വെടിമരുന്ന് വിറ്റപ്പോൾ,
വെടിയേറ്റ്‌ മരിച്ചത്‌ സ്വന്തം മക്കളായിരുന്നു.

യുദ്ധം ചെയ്തവർ ജയിച്ചപ്പോൾ,
തോറ്റത്‌ യുദ്ധം ചെയ്യാത്തവരായിരുന്നു.

കുഴിച്ചെടുത്ത മണ്ണു കൊണ്ട്‌ കുന്നുണ്ടാക്കിയപ്പോൾ,
എല്ലാവരും നോക്കിയത്‌ കുഴിയിലേയ്ക്കായിരുന്നു..

Post a Comment

Wednesday 8 September 2010

മോഹം

തൂമഞ്ഞിൻ തുള്ളിക്ക് പുൽത്തുമ്പിലിരു
ന്നൊന്നൂഞ്ഞാൽ ആടുവാൻ മോഹം
കാക്ക കറുമ്പിക്ക് വാഴതൻ കൈയിന്മേൽ,
ആടിക്കളിക്കുവാൻ മോഹം.

തെളിവുള്ള ചോലയ്ക്ക് മലയുടെ ചുറ്റു,
മൊരരഞ്ഞാണമാകുവാൻ മോഹം.
അകലെ നിന്നെത്തുന്ന കാറ്റിന്റെ കൈകൾക്ക്
അടവിയെ പുണരുവാൻ മോഹം.

മുളകളും ഇലകളും കൊണ്ടെനിക്കവിടൊരു
കുടിലൊരുക്കാനാണ്‌ മോഹം.
കുടിലിന്റെയുള്ളിലൊരു തണുവുള്ള പായയിൽ
മയങ്ങി കിടക്കുവാൻ മോഹം.

സ്വപ്നത്തിലൊരു കൊച്ചു തേരിൽ വരുന്ന നിൻ
ചുണ്ടിലായ് മുത്തുവാൻ മോഹം.
ആ കൊച്ചു തേരിലന്നാകാശമാകെ,
പാടി പറക്കുവാൻ മോഹം..

Post a Comment

അവർ

തെരുവിൽ കണ്ണു പൊത്തി നടക്കുന്നത്‌ കണ്ട്‌ ചോദിച്ചു.
'ആരാണ്‌?'
'ഞാൻ സദാചാരമാണ്‌'

തെരുവിൽ നഗ്നയായവളോടും ചോദിച്ചു.
'ഞാൻ ലജ്ജയാണ്‌' അവൾ മറുപടി പറഞ്ഞു.

തെരുവിൽ ആയുധങ്ങളുമായി ചിലരെ കണ്ടു.
'ആരെയാണ്‌ തേടുന്നത്‌'?
'സത്യത്തിനെ' എന്നും പറഞ്ഞവർ ഓടി പോയി.

ഒരിടത്ത്‌ കച്ചവടം പൊടിപൊടിക്കുന്നു.
എന്താണ്‌ തൂക്കി വിൽക്കുന്നത്‌?
'നിയമമാണ്‌' വേണോ?

മരിക്കാൻ കിടക്കുന്ന ഒരാളെ കണ്ടു..
അയാളുടെ പേര്‌ 'സംസ്കാരം' എന്നായിരുന്നു.
അയാളാണ്‌ അടുത്ത്‌ കണ്ട ജീവനില്ലാത്ത ശരീരങ്ങളുടെ പേർ പറഞ്ഞത്‌.
അതു ദയയും സ്നേഹവും ആയിരുന്നു.

ഒടുവിൽ ഒരു മൂലയിൽ കണ്ണുപൊത്തിയിരിക്കുന്നയാളെ കണ്ടു..
അയാളുടെ പേർ 'ദൈവം' എന്നായിരുന്നു..

Post a Comment

Tuesday 7 September 2010

അവനില്ലാതെ..

മുഖം മറച്ച വെളുത്ത തുണികൾ
അവയ്ക്കുള്ളിൽ കരിഞ്ഞ ബാല്യങ്ങൾ.
കരിഞ്ഞ മുഖങ്ങളിൽ തിരക്കിയത്‌,
ഇന്നലെ കണ്ട ചിരിച്ച മുഖം.
അവനെ തിരിച്ചറിയാൻ കഴിയുന്നില്ല..
അവന്റെ മുഖം മായ്ച്ചു കളഞ്ഞിരിക്കുന്നു,
കരുണയില്ലാത്ത കാലത്തിന്റെ കൈകൾ.
ഇനി കഥ പറയാനില്ലാത്ത രാവുകൾ..
കളിക്കോപ്പിന്റെ ശബ്ദമില്ലാത്ത പകലുകൾ..
തോളിലൊരു സുഖമുള്ള ഭാരമില്ലാതെ,
താരാട്ട്‌ പാടുവാൻ പാട്ടുകളില്ലാതെ,
കരയാതെ, കരയുവാൻ കഴിയാതെ..

അവൻ കൊട്ടാരമുണ്ടാക്കാത്ത തീരവും..
അവന്റെ കാൽപ്പാടുകളില്ലാത്ത വീട്ടു മുറ്റവും..
അവന്റെ മണമില്ലാത്ത കുഞ്ഞുടുപ്പും..
അവന്റെ പേരെഴുതിയ കറുത്ത സ്ലേറ്റും..

മറക്കിലൊരിക്കലും തലേന്ന് ചോദിച്ച ചോദ്യം..
'ഞാനും വെടിക്കെട്ട്‌ കാണുവാൻ പോയ്ക്കോട്ടേ?'

Post a Comment

Friday 3 September 2010

പുതിയത്

തിരിച്ചു പോണ്ടെനിക്കെൻ ബാല്യത്തിലേക്ക്
തിരിച്ചു പോകില്ല, ആ പ്രേമം ഞാൻ തേടിയും!
എനിക്കുണ്ട് പോകുവാൻ പാതകൾ അനവധി,
അവയെല്ലാമേകും, ആഹ്ലാദമൊക്കെയും!

കേൾക്കണം എനിക്ക് പുതു പാട്ടുകളൊക്കെയും,
കാണണം എനിക്ക് പുതു കാഴ്ച്ചകളൊക്കെയും!
എനിക്കായ് പാടണം കുയിലുകൾ നിത്യവും,
പുതിയ ചില പാട്ടുകൾ മാത്രമെൻ പുലരിയിൽ!

കാണാത്ത തീരങ്ങൾ തേടി ഞാൻ പോകും,
പറന്നു ഞാൻ പോകുമാ മലകൾക്കുമപ്പുറം!
ഇതു വരെ കാണാത്ത പുലരികൾ കാത്ത്,
ഞാനൊന്നുറങ്ങട്ടെ സ്വപ്നങ്ങൾ കാണുവാൻ!

Post a Comment

Thursday 2 September 2010

കടലിനുള്ളിൽ

കടലിന്റെയുള്ളിലെ കാഴ്ച്ചകൾ കാണുവാൻ
കടൽച്ചെടി പോലൊരു മോഹം വളർന്നു..

ഒരു കൊച്ചു മീനിന്റെ മനസ്സുമായി ഞാനന്ന്
കടലിന്റെ നെഞ്ചകം തേടി നീന്തി..

കണ്ണീരു പോലുള്ള വെള്ളത്തിനുള്ളിൽ,
നീന്തിത്തുടിക്കുന്ന നിറമുള്ള മീനുകൾ!

തലയാട്ടി നില്ക്കുന്ന പായലിൻ കൂട്ടങ്ങൾ
ഒളിച്ചു കളിക്കും, ചെറുമീനുകൾ ഉള്ളിൽ!

അവരെന്റെ വിരലിൽ വന്നൊന്നു തൊട്ടുവോ,
അവരിലൊരാളായി മാറി ഞാനപ്പോൾ!

ആയിരം വർണ്ണങ്ങൾ അഴകായൊഴുകുന്ന,
മത്സ്യങ്ങളായിരം നീന്തി വന്നു..

അവയെന്റെ ചുറ്റും വലയമായി മാറിയൊ,
അതിലൊരു വിരുതനെൻ കവിളിലായി മുത്തിയോ?

തിളങ്ങുന്ന പാറകൾ, അതിലൊക്കെ പൂവുകൾ
കാണിക്ക വെച്ച പോൽ കണ്ടു ഞാനപ്പോൾ

കടലിന്റെയുള്ളിലും, ദൈവങ്ങളുണ്ടൊ?
അറിയാതെ മീനുകൾ പൂക്കളം തീർത്തതോ?

അഴകുള്ള മത്സ്യ കന്യതൻ മുടിയിൽന്നി-
ന്നറിയാതെ താഴെ കൊഴിഞ്ഞതാവാം

കുറുമ്പുള്ള മീനുകൾ ഇളകി കളിച്ചുവോ
വെള്ളാരം കല്ലുകൾ തട്ടി തെറിച്ചുവോ

ഒരു കൊച്ചു കല്ലു ഞാൻ കൈയ്യിലെടുത്തപ്പോ-
ളവരെന്നെ പരിഭവത്തോടെ നോക്കി

അകലെയങ്ങകലെ, തീരത്തു മണ്ണിൽ
മകനൊരു കൊട്ടാരം, പണിഞ്ഞുവല്ലോ

കൊട്ടാര വാതിലിൽ ഒട്ടിച്ചു വെയ്ക്കുവാൻ
വെള്ളാരം കല്ലൊന്നു വേണമത്രെ!

മറുപടി കേട്ടയാ മീനുകൾ എങ്ങോ
പരിഭവമില്ലാതെ പോയി മറഞ്ഞു..

അതുവഴി പോയ ചില മീനുകൾ അപ്പോൾ
അരികത്തായി മെല്ലെ നീന്തി വന്നു.

കരയിലെ കാഴ്ചകൾ കാണണം എന്നവർ
പതിയെയെൻ കാതിൽ ചൊല്ലിയപ്പോൾ

പാടില്ല നിങ്ങൾ കണ്ടു പഠിക്കല്ലെ
കരയിലെ കാഴ്ചകൾ എന്നു ചൊല്ലി,
നേരമായി പോകുവാൻ കരയിലേക്കെന്നു,
ചൊല്ലി ഞാൻ കരയിലേയ്ക്കാത്രയായി.

കടലിലെ കാഴ്ച്ചകൾ കാണുവാൻ വീണ്ടും,
നിറയുന്നു മോഹമെന്നുള്ളില്ലിന്നും..

Post a Comment