Please use Firefox Browser for a good reading experience

Thursday 28 July 2011

നനയാതെ..

പെയ്തൊഴിയാത്ത മഴ..
അവൻ വരുന്നുണ്ടാവും.
'നനയാതെ എന്റെ കുഞ്ഞ്‌..'

വിറയ്ക്കുന്ന വിരലുകൾ..
അവനെ വീഴാതെ പിടിച്ചിരുന്നു..
തളരുന്ന കാലുകൾ..
ഒരിക്കൽ കുതിരയായിരുന്നു..
കുനിഞ്ഞിടുങ്ങിയ തോളുകൾ..
അവനെ ചുമന്നിരുന്നു.

വിറയ്ക്കുന്ന വിരലുകൾക്കുമ്മ നൽകാൻ..
തളരുന്ന കാലുകൾക്കു താങ്ങ്‌ തീർക്കാൻ..
ഇടുങ്ങിയ തോളിലൊന്ന് ചാഞ്ഞിരിക്കാൻ..
അവൻ വരുമായിരിക്കും..

മഴയിപ്പോഴും പെയ്യുന്നു..
കണ്ണുകൾക്ക്‌ മറയായത്‌ തിമിരമോ,
ഓർമ്മകളെരിയുന്ന പുകമറയോ..?
ചിലപ്പോൾ മഴയാവാം..
മഴയിലൂടെ അവൻ വരുന്നതും കാത്ത്‌..
മഴയ്ക്കിപ്പുറം അവരിരുന്നു..

കണ്ണീർ മഴ
പെയ്തു കൊണ്ടേയിരുന്നു..
ശബ്ദമില്ലാതെ..
അവൻ മഴയിലൂടെ വരുമായിരിക്കും..
'നനയാതെ എന്റെ കുഞ്ഞ്‌..'

പ്രേരണ: 'പിറവി' എന്ന ചലച്ചിത്രത്തിലെ ചില രംഗങ്ങൾ.

Post a Comment

Sunday 24 July 2011

തിരികെ തരിക..

തിരികെ തരിക നീ കാലമേ എനിക്കിന്നു,
മരിക്കും ഭൂമിതൻ ഭൂത കാലം..

നിറഞ്ഞൊഴുകും നിളതൻ പുളിനങ്ങളും,
കാട്ടരുവികൾ പാടുന്ന കളഗാനവും.

തിരികെ തരിക നീ മരതകക്കാടുകൾ,
മധുരം നിറയുന്ന മാമ്പഴക്കൂട്ടവും.

തിരികെ തരിക നീ തെളിനീല വാനവും,
നാഗങ്ങളിഴയുന്ന കാവുകൾ വീണ്ടും.

തിരികെ തരിക നീ ചേറിന്റെ മണമുള്ള,
കതിരുകൾ വിളയുന്ന നെൽപാടവും.

വിലയറിയാതെ ചിലർ, മണ്ണിന്റെ മാറിടം,
ദുര മൂത്തു മാന്തിപ്പറിച്ചെടുത്തു.

നിലവിളി കേൾക്കാതെ തുരന്നവർ മണ്ണിന്റെ,
ഹൃദയവും അന്യർക്ക്‌ വിറ്റഴിച്ചു.

മിടിക്കാത്ത മണ്ണിന്റെ മുകളിലോ പിന്നവർ,
നിലയുള്ള മാളിക, തീർത്തു വെച്ചു.

ഒരു തുണ്ടു ഭൂമിയിൽ തലച്ചായ്ക്കുവാനായി,
ഇരന്നവർ ചെന്നൂ, മണ്ണിന്റെ മക്കൾ!

അവർക്കില്ല കാടും അവർക്കില്ല വീടും,
അവർക്കായി നൽകുവാൻ മണ്ണുമില്ല!.

വിശക്കുന്ന ഉദരവും, വിറയ്ക്കുന്ന ദേഹവും.
അതു മാത്രമാണവർക്കിന്നു സ്വന്തം!

നൊമ്പരം കാണാതെ, രോദനം കേൾക്കാതെ,
കണ്ണുകൾ, കാതുകൾ പൊത്തി നാം നിന്നു!

നൊമ്പരക്കാഴ്ച്ചകൾ കാണാതിരിക്കുവാൻ,
കണ്ണുകൾ പൊത്തുവാൻ നാം പഠിച്ചു!

നോവിൻ വിലാപങ്ങൾ കേൾക്കാതിരിക്കുവാൻ,
കാതുകൾ പൊത്തുവാൻ നാം പഠിച്ചു!

മണ്ണും മനുഷ്യരും കൈവിട്ട മക്കളോ,
മണ്ണോട്‌ മണ്ണായി ചേർന്ന് പോയി.

തിരികെ തരിക നീ കാലമേ എനിക്കിനി,
നേരിന്റെ പാതകൾ കാണുവാൻ കണ്ണുകൾ..

തിരികെ തരിക നീ തെളി നീരു പോലുള്ള,
ഹൃദയ വിചാരങ്ങളെനിക്കു വീണ്ടും.

തിരികെ തരിക നീ മുഖം മൂടിയില്ലാത്ത,
മുഖങ്ങളീ ഭൂമിയിൽ എനിക്കു ചുറ്റും.

തിരികെ തരിക നീ മധുമന്ദഹാസം,
പൊഴിക്കും മുഖങ്ങളും ഇവിടെ വീണ്ടും.

തിരികെ തരിക നീ മഞ്ഞിൻ കുളിരുള്ള,
മരതകക്കാടുകളിവിടെ വീണ്ടും.

തിരികെ തരിക നീ കാട്ടുതേനൂറുന്ന,
വന പുഷ്പഭംഗികൾ ഇവിടെ വീണ്ടും!.

വിടരുന്ന പൂവിന്റെ ഭംഗികൾ കവരാത്ത,
പഴയ നൽനാളുകൾ തരിക വീണ്ടും.

കാട്ടിത്തരിക നീ കാലമെ വീണ്ടും,
വിശ്വപ്രേമത്തിലേക്കുള്ളയാ പാതകൾ..

എവിടെയോ കൈവിട്ടു പോയ സൽഭാവം,
തിരികെ തരിക നീ നമുക്കു വീണ്ടും.

കളയില്ലൊരിക്കലും നീ തരും പുണ്യം,
നാളേക്ക്‌ നൽകുവാൻ കാത്തു വെയ്ക്കാം..

21,268

Post a Comment

Tuesday 12 July 2011

അവരും നിങ്ങളും

മട്ടുപ്പാവിൽ ചെന്നു നിന്ന് നിങ്ങൾ നിങ്ങളുടെ സന്തോഷം ഉറക്കെ വിളിച്ചു പറഞ്ഞു നോക്കൂ.
ആരുമുണ്ടാവില്ല കേൾക്കാൻ.
വെറുതെയാണത്‌. എല്ലാരും കേട്ടിട്ടുണ്ടാവും.
കേൾക്കാത്ത പോലെ നടിക്കുകയാണ്‌!
നിങ്ങൾ ഒന്നടക്കി തേങ്ങി നോക്കൂ.
നിങ്ങളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ മറച്ചു പിടിച്ചു നോക്കൂ.
അവർ വരും നിങ്ങളെ ആശ്വസിപ്പിക്കാൻ.
അതും വെറുതെയാണ്‌.
അവർ ചിരിക്കുന്നത്‌ നിങ്ങൾ കേൾക്കാത്തത്‌ കൊണ്ടാണ്‌.
അവർ കാണുന്നത്‌, കാണാൻ ആഗ്രഹിക്കുന്നത്‌ നിങ്ങളുടെ കരഞ്ഞു ചുവന്ന കണ്ണുകളെയാണ്‌.
നിങ്ങളുടെ കലങ്ങിയ കണ്ണുകൾ അവരെ കാണുകയില്ല.
നിങ്ങളുടെ തേങ്ങൽ കാരണം അവരുടെ ചിരികൾ കേൾക്കുകയുമില്ല..

Post a Comment

Sunday 10 July 2011

പ്രസിയും ഞാനും..അല്ല, ഞങ്ങളും.

സഹൃദയരെ എനിക്ക്‌ എന്നിൽ നിന്ന് ഒളിച്ചോടാൻ കഴിയുന്നില്ല്ല.. അതു കൊണ്ടാണ്‌ ഈയൊരു പോസ്റ്റ്‌ ഉടനെ വന്നത്‌. സദയം ക്ഷമീ..

തല:
എന്റേതു മാത്രമായ മുന്നറിയിപ്പ്‌ (ഇതിന്റെ പേറ്റന്റ്‌ എന്റേതു മാത്രമാണ്‌..സത്യം!)
ഇതൊരു മുടിഞ്ഞ പരീക്ഷണമാണ്‌. ചോദിക്കാനും പറയാനും ആരുമില്ലത്തതു കൊണ്ട്‌, മലയാള ഭാഷ കേസു കൊടുക്കില്ല എന്നൊരു ഉറപ്പുണ്ട്‌!. വായിച്ച്‌ അനുഭവി..ഇതു വായിച്ച്‌ എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്നാർക്കെങ്കിലും തോന്നുകയാണെങ്കിൽ അതു വെറും തോന്നൽ മാത്രമാണെന്ന് ഞാൻ പ്രഖ്യാപിക്കുന്നു.. (അതോ അജ്ഞാപിക്കണോ?..  ദേ കിടക്കുന്നു, പിന്നേം സംശയമായി.. ഇതാണു കുഴപ്പം..)

ഉടൽ:
ഇവനെന്തോ കുഴപ്പമുണ്ട്‌. എനിക്കങ്ങനെ സംശയം തോന്നിയെങ്കിലും ഞാൻ മിണ്ടിയില്ലേ. സംശയമല്ലേ?. തീർച്ചപ്പെടുത്തുന്നതു വരെ അതു വെറും സംശയം മാത്രം.
ഞാൻ പൊതിഞ്ഞു കെട്ടി അകത്തേക്ക്‌ ഒരേറ്‌ വെച്ച്‌ കൊടുത്തു.
ശബ്ദം കേട്ടോ? ഇല്ല.. പക്ഷെ അകത്തെവിടേയോ ചെന്ന് എന്റെ സംശയം തലേം കുത്തി വീണിട്ടുണ്ടാവും. ഉറപ്പ്‌!
ഇവനു വട്ടാണ്‌
കിറുക്ക്‌
അല്ല, നൊസ്സ്‌
ആ പറഞ്ഞതിന്റെ അർത്ഥം പിടികിട്ടിയില്ല. ഞാനും ഷങ്കറും ആ വാക്ക്‌ ചൂണ്ടാണി വിരലു കൊണ്ട്‌ ചൂണ്ടി കാണിച്ചു. (എന്റെ വിരലിൽ നല്ല കൂർത്ത നഖമുണ്ട്‌. അപ്പോൾ എന്റെ ചൂണ്ടിക്കാണിക്കലിനു മൂർച്ച കൂടും)
നദീം വിശദീകരിച്ചു തന്നു.
മുകളിലത്തെ നിലയിലെ ആളുകൾ സംസാരിച്ചു തുടങ്ങി
നൊസ്സ്‌ ഒരു മലയാളം വാക്കല്ല!. 'നോ സെൻസ്‌' എന്ന ആംഗലേയം ലോപിച്ച്‌ ലോപിച്ച്‌ ഉണ്ടായതാണ്‌.
അപ്പോൾ നമ്മുടെ പാവം മലയാളത്തിനു സ്വന്തം എന്നു പറയാൻ?...
കൂട്ടത്തിൽ ഞാനും ഷങ്കറും വാ പൊളിച്ചു.
ഞങ്ങളുടെ മുൻപിലെ മസാല കപ്പലണ്ടിയുടേ പാക്കറ്റ്‌ വാ പൊളിച്ചിരിക്കുന്ന പോലെ.
നമ്മൾ നൊസ്സിലേക്ക്‌ തിരിച്ചു വന്നു. ആ വാക്കിതു വരെ കേട്ടിട്ടില്ലല്ലോ.
ഇല്ലെന്നോ! ഇപ്പോൾ അത്ഭുതിച്ചത്‌ അവനാണ്‌.
അതാണ്‌ ശരിയായ മലയാള വാക്കെന്നും, ഡിക്ഷണറിയിൽ ഇല്ലെങ്കിലും അതാണ്‌ ശരിയെന്നും അവൻ ചിലപ്പോൾ വാദിക്കുമായിരുന്നു പക്ഷെ അതിനു മുൻപ്‌ ഞാൻ കയറി പറഞ്ഞു,
തലയ്ക്ക്‌ സുഖമില്ലെന്നു പറഞ്ഞാൽ പോരെ?!
മനുഷ്യനു അടിസ്ഥാനപരമായി രണ്ടു ഭാഗങ്ങളെ ഉള്ളൂ- ഒന്നു തലയും മറ്റത്‌ ഉടലും. പഠിപ്പുള്ള ചിലർ ശരീരമെന്നും പറയും. പക്ഷെ ശരിയായ വാക്ക്‌ ഉടൽ എന്നു തന്നെ എന്നു ഈയുള്ളവൻ വിശ്വസിക്കുന്നു.
അതാണ്‌ ശരിയെന്നും ആണയിട്ടു പറയുന്നു.
ഊന്നി പറയണമെന്നുണ്ടായിരുന്നു..കൈ മുട്ടിനു ചെറിയ ഒരു വേദന..കളി അറിഞ്ഞു കൂടാത്തവന്മാരോട്‌ ഫുട്ബോൾ കളിക്കാൻ പോയാ ഇങ്ങനെ ഇരിക്കും. ഗുണപാഠം ഞാൻ നോട്ട്‌ ചെയ്തു.
ഇവൻ, ചെവിയിൽ സദാ സമയവും വാക്ക്മാന്റെ വയറുകൾ കുത്തി കയറ്റി വെച്ചിരിക്കുന്ന ഈ പഹയൻ, ബഡുകൂസ്സ്‌, വിഡ്ഢി കുശ്മാണ്ഡം (അവൻ കേൾക്കാതെ ഷങ്കർ പറയുന്ന വാക്കാണത്‌!) എന്താ ഇങ്ങനെ? അല്ലെങ്കിൽ ഇവൻ മാത്രമെന്താ ഇങ്ങനെ?!
എല്ലാരും ഒരു പോലെ ഇരിക്കണ്ടെ?
അങ്ങനെ അല്ലാതെ ഇരിക്കുന്നവനു എന്തോ പ്രശ്നമുണ്ട്‌.
അവനു ഭ്രമം ബാധിച്ചിരിക്കുന്നു - റൂമിലെ കവി കുമാരന്റെ കമന്റാണ്‌.
കുമാരൻ - അവൻ കവി അല്ല കപിയാണെന്നാണ്‌ ഷങ്കറുടെ അഭിപ്രായം.
അഭിപ്രായങ്ങൾ പറയാൻ ഷങ്കറിനെ കഴിഞ്ഞ്‌ ആരുമില്ല.
എന്തൊക്കെ ഗമണ്ടൻ അഭിപ്രായങ്ങളാണ്‌ അവന്റെ വായിൽ നിന്ന് തെറിച്ച്‌ വീഴുന്നത്‌!. അവനെ സമ്മതിക്കണം.
ഓ! നമ്മൾ വഴി മാറി ഒരുപാടിങ്ങു പോന്നു. ഇതാണ്‌..ഇതാണ്‌ കുഴപ്പം!
നൂലുണ്ട കയ്യിലുള്ളത്‌ ഭാഗ്യമായി. നൂല്‌ പിടിച്ച്‌ തിരിച്ചു പോവാല്ലോ.
അല്ല, ആർക്കാണീ നൊസ്സിന്റെ പ്രോബ്ലം?
അവനു തന്നെ.. പ്രസാദ്‌ കുമാർ. പിന്നാലെ രണ്ട്‌ ഇൻഷ്യലുകളും കുത്തി വെച്ചിട്ടുണ്ട്‌ (രണ്ടോ അതോ മൂന്നോ?..അതു പോട്ടെ, ഇൻഷ്യലുകൾ ആർക്ക്‌ വേണം?)
പക്ഷെ അവനെ പ്രസീ എന്നേ വിളിക്കുമായിരുന്നുള്ളൂ. നീട്ടി വിളിക്കാൻ അതല്ലേ സൗകര്യം. അതിനു വേണ്ടി, മടിയിലിരുത്തി, പേരു വെട്ടിക്കുറച്ച്‌ അവസാനം ഒരു വള്ളിയും ഞങ്ങൾ തൂക്കിയിട്ടു കൊടുത്തു! എത്ര നിസ്സാരം!.
പ്രസി ആരോടും സംസാരിക്കില്ല.. അല്ല, സംസാരിക്കില്ല എന്നു പറയാൻ പറ്റൂല്ല.
ഞാൻ പോവാ,
മുടിഞ്ഞ മഴ
അടുത്ത ആഴ്ച്ച കാണാം.
ഇവനെന്താ മൂന്ന് വാക്കുകൾക്കപ്പുറം സംസാരിക്കില്ലേ?!
പട്ടിണി കിടക്കുമ്പോൾ എടുത്തു തിന്നാനുള്ളതൊന്നുമല്ലല്ലോ ഈ മലയാളം മലയാളം എന്നു പറയുന്നത്‌?..
ആയ കാലത്ത്‌ വല്ലതും വായ്ക്ക്‌ രുചിയായി സംസാരിച്ചാൽ, കേട്ടു കൊണ്ടിരിക്കുന്നവർക്കും, പറയുന്നവനും കൊള്ളാം..അല്ലേൽ ഒടുക്കം പണ്ടാരമടങ്ങുമ്പോൾ, പണ്ട്‌ അങ്ങനെ ഒക്കെ പറയാമായിരുന്നു, ഇങ്ങനെ ഒക്കെ പറയാമായിരുന്നു എന്നൊക്കെ ഓർത്തു വിലപിച്ച്‌, കരഞ്ഞ്‌, നശിച്ചു പോകും..
മനസ്സ്‌ കൊണ്ട്‌ ഷങ്കർ ഇങ്ങനെ പ്രാകുന്നത്‌ ഞാൻ കേട്ടു.
എന്റെ പക്കൽ കൂറാൻ അത്ഭുതമൊന്നും ബാക്കിയില്ല! അതു കൊണ്ട്‌ കൂറിയില്ല.. അത്ഭുതത്തിനൊക്കെ ഇപ്പോ എന്താ വില?!
പിന്നെ ഓർത്തു.. പാവം ..പഠിക്കാൻ പറമ്പും വിറ്റ്‌ അപ്പനപ്പൂപ്പന്മാർ വിട്ടപ്പോൾ പഠിച്ചിട്ടുണ്ടാവില്ല..എങ്കിൽ ഇപ്പൊ ഗമയിൽ മൂന്നിൽ കൂടുതൽ വാക്കുകൾ എടുത്തെറിയാമായിരുന്നു!.. ഇനി പറഞ്ഞിട്ടെന്തു കാര്യം..പോയ ബുദ്ധി ആന പിടിച്ചാൽ.. (പിന്നെ! ആനയ്ക്കതല്ലേ പണി!)
പ്രസി ആഴ്ച്ചയവസാനം നാട്ടിൽ പോകും. അതും എല്ലാ ആഴ്ച്ചയും!.
പോകുന്നതിനു മുൻപ്‌ പൊഴിച്ചിട്ട്‌ പോകുന്ന മുത്തുകളാണ്‌
'അടുത്ത ആഴ്ച്ച കാണാം'.
മൂന്ന് മുത്തുകൾ..മൂന്നേ മൂന്ന് മുത്തുകൾ.
ആർക്കു വേണം അവന്റെ മുത്ത്‌? ഞാനെടുത്തില്ല..അതവിടെ തന്നെ കിടക്കട്ടെ.
ഇവനെന്താ ആഴ്ച്ച ആഴ്ച്ച കൂടുമ്പോൾ നാട്ടിലേക്ക്‌ കെട്ടിയെടുക്കുന്നത്‌?. എല്ലാ ആഴ്ച്ചയും ഇവനെ അവിടെ കണ്ടാൽ നാട്ടുകാരെന്തു വിചാരിക്കും?. അവിടെ ചോദിക്കാനും പറയാനും ആരുമില്ലേ? ഇവനിവിടെ നമ്മുടെ കൂടെ ആഘോഷിച്ചൂടേ? ഷങ്കറുടെ വാക്കുകൾ തെറിച്ചു വീണു. അവന്റെ തുപ്പലിനോടൊപ്പം.

അവനെ കുറിച്ച്‌ നമുക്ക്‌ സീക്രട്ടായിട്ട്‌ ഒരു അന്വേഷണം നടത്തിയാലോ? ഒരു സ്പൈ വർക്ക്‌?
ചാരപ്പണിയോളം രസമുള്ള ഒരു കാര്യമില്ല. ഒടുക്കത്തെ രസമാ.
കേൾക്കാനിരുന്ന ഷങ്കറിന്റെ തലയിൽ.. (ആ പറഞ്ഞത്‌ ഏതോ ഒരു പഴകിയ പഴഞ്ചൊല്ലുമായിട്ട്‌ എന്തോ ഒരു സാമ്യം കാണുന്നു..ഏയ്‌..നോ നോ..സംശയം മാത്രം..)
മേശയുടെ ഒരു വലിപ്പ്‌ പ്രസീടെ കുന്തങ്ങളും കൊടച്ചക്രങ്ങളും സൂക്ഷിക്കാൻ വേണ്ടി മാറ്റി വെയ്ക്കപ്പെട്ടതാണ്‌. അവിടെ നിന്ന് തുടങ്ങാം.
വലിപ്പ്‌ അവൻ പൂട്ടിയിരിക്കുന്നു. അതും സ്വാഭാവികം മാത്രം. വിശ്വസിക്കാൻ കൊള്ളവുന്ന സുഹൃത്തുക്കൾ കൂടെ ഉള്ളപ്പോൾ അങ്ങനെ തന്നെ ചെയ്യണം!. ഇല്ലെങ്കിൽ എന്തു വിശ്വാസം?.. ആ വാക്കിനു തന്നെ നാണക്കേടു തോന്നി പോയി തൂങ്ങി ചത്തേനെ.
വലിപ്പവൻ പൂട്ടിക്കോട്ടെ, താക്കോൽ അവൻ കൊണ്ടു പോയ്ക്കോട്ടെ..പക്ഷെ..
ഈ വലിപ്പിടെ ഉള്ളപ്പോൾ, നമ്മൾ അതു തുറന്നിരിക്കും, ഇതു സത്യം സത്യം സത്യം. ഷങ്കർ മേശപ്പുറത്ത്‌ ആഞ്ഞിടിച്ചു. (ആ തടിമാടന്റെ ഇടി കൊണ്ട്‌, ദുർബ്ബലനായ മേശ പൊട്ടി പോയിരുന്നെങ്കിൽ പണി ആയേനെ..ഭാഗ്യം!)
ഷങ്കർ അകത്തു പോയി അവന്റെ സീക്രട്ട്‌ ഉപകരണങ്ങൾ എടുത്തു കൊണ്ടു വന്നു.
ഹോ! ഇവൻ ഇത്ര മഹാനുഭാവലു ആണെന്ന് അറിഞ്ഞിരുന്നതേയില്ല!!
അവാനാദ്യം ചെയ്തത്‌ ഒരു സിഗറട്ട്‌ കത്തിക്കുക എന്ന പ്രവൃത്തിയാണ്‌.
തണുത്തു കിടക്കുന്ന ബുദ്ധി ചൂടുപിടിപ്പിക്കാനത്രെ.
അപ്പോൾ..ചുമ, ക്യാൻസർ എന്നീ ഉപദ്രവങ്ങൾ?
അതിനു വെള്ളരിക്ക കഴിച്ചാൽ മതി. പിന്നെ ധാരാളം വെള്ളം കുടിക്കണം.
വെള്ളം മാത്രമല്ല, അതിൽ നല്ല നാരങ്ങ പിഴിഞ്ഞൊഴിച്ച്‌ ഉപ്പു പൊടി കലക്കി കുടിക്കണം.
ഇതൊക്കെ അവന്റെ വിജ്ഞാനഭാണ്ഢാരത്തിനുള്ളിലുള്ളതാണ്‌. അവൻ ബുദ്ധിമാനാണ്‌ (സൂപ്പർ മാൻ എന്നൊക്കെ പറയുന്ന പോലെ). അതു കൊണ്ട്‌ ശരിയാവണം.
എന്തിനാ വെള്ളം കുടിക്കുന്നേ?
ലവണങ്ങൾ പോയി പോയിരിക്കുന്നു. അതിന്റെ നഷ്ടം നികത്താനാണ്‌. നമ്മൾ നിലം മണ്ണിട്ട്‌ നികത്തുന്നതു പോലെ. സിമ്പിൾ.
ബട്ട്‌ എന്താ ഈ ലവണം? കേട്ടിട്ട്‌ എന്തോ കണാ കുണാ സാധനം എന്നു തോന്നുന്നു..
ചോദിച്ചില്ല..
എങ്ങനെയാ ഒരു ബുദ്ധിമാനാവുക? മിനിമം ഒരു ബുദ്ധിജീവി? അതായിരുന്നു ആലോചന.
അതിനു മുൻവരിയിലെ പല്ലുകൾ തള്ളിയിരിക്കണം. ഒരു അലക്കാത്ത ഷർട്ടിടണം.
ബുദ്ധിജീവിയായില്ലെങ്കിലും, ജീവിയെങ്കിലും ആവും. അതുറപ്പാ..അവനതു പറഞ്ഞത്‌ ശരിക്കും ആരെ ഉദ്ദേശിച്ചാണ്‌? ചിലപ്പോൾ കവി കുമാരനെ ഉദ്ദേശിച്ചാവും എന്നു തോന്നുന്നു.
ഇതു പോലുള്ള ബുദ്ധികൾ ഈ തടിയന്റെ പക്കൽ ധാരാളമുണ്ട്‌. എല്ലാം പഠിച്ചെടുക്കണം. ശിഷ്യപ്പെട്ടാലോ എന്നു പോലും ഒരു ദുർബ്ബല നിമിഷത്തിൽ തോന്നി പോയി!.
ബുദ്ധിജീവിയാവാൻ ആദ്യം വേണ്ടത്‌, സ്വയം ബുദ്ധിജീവിയെന്ന് വിശ്വസിക്കുക എന്നതാണ്‌.
ഇനി വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സങ്കൽപ്പിച്ചാലും മതി (അതാണ്‌ എളുപ്പം).
തടിയൻ ഷങ്കർ ഒരു വലിയ താക്കോൽ കൂട്ടം പുറത്തെടുത്തു.
അതിൽ പുക ഊതി വിട്ടു. താക്കോലുകളും തണുത്ത്‌ കിടക്കുകയാണെന്നും അതിനും ചിലപ്പോഴൊക്കെ ചൂട്‌ വേണമെന്നും ഞാൻ മനസ്സിൽ കുറിച്ചു.
തടിയന്റെ ഓരോ പ്രയോഗങ്ങളെ! വലിപ്പ്‌ വലഞ്ഞു പോയി, തോറ്റ്‌ തുറന്നു പോയി (വലിപ്പിനു തൊപ്പി ഇല്ലാത്തതു കൊണ്ട്‌, തൊപ്പിയിടാൻ പറ്റിയില്ല. പറ്റിച്ചേ)
നാലു താക്കോലുകൾ. നാലേ നാലു താക്കോലുകൾ. അത്രയേ വേണ്ടി വന്നുള്ളൂ!
തുറന്ന് ഞങ്ങൾ രണ്ടു പേരും മുഖത്തോട്‌ മുഖം നോക്കി.
'അയ്യേ' എന്നൊരു ഭാവം രണ്ടു പേരുടെയും മുഖത്തുണ്ടായിരുന്നു.
ഇവനു ശരിക്കും എന്താണു പണി? പെറുക്കിയാണോ?
കുറച്ച്‌ പൊട്ടിയ വള തുണ്ടുകൾ, ഒരു മഞ്ഞ റിബൺ, ഒരു പൊട്ടിയ പ്ലാസ്റ്റിക്‌ ചാന്തു കുപ്പി..അങ്ങനെ ചില അലു ഗുലുത്ത്‌ സാധനങ്ങൾ!
ബുദ്ധിമാന്റെ കൂടെ കൂടി എനിക്കും ബുദ്ധി വന്നിരിക്കുന്നു. ബുദ്ധി എന്നത്‌ പകർന്നു പിടിക്കുന്ന ഒരു തരം രോഗമാവാനാണ്‌ വഴി..മെഡിക്കൽ ടേംസിൽ..സോറി, മേടിക്കൽ ടേംസിൽ..വായിൽ കുത്തി നിറയ്ക്കാവുന്ന എന്തെങ്കിലും ഒരു പേരില്ല എന്നൊരു കുറവേയുള്ളൂ..
ഞങ്ങളുടെ നിഗമനങ്ങൾ ശരിയാണ്‌. ഈ ക്ണാപ്പൻ ഒരു ആക്കിറി കാമുകനാണ്‌!
ഒരു പെറുക്കി കാമുകൻ.
ഈ കോന്തന്റെ വലിപ്പ്‌ കുത്തി തുറന്ന ഞങ്ങളോട്‌ ഞങ്ങൾക്ക്‌ തന്നെ പുച്ഛം തോന്നി.. അല്ല..പുജ്‌ഞ്ഞം തോന്നി.
പ്യാവം. ഈ കുഞ്ഞാട്‌ വഴി തെറ്റി ഓടിക്കൊണ്ടിരിക്കുകയാണ്‌.
തീവണ്ടികൾ പാളം തെറ്റി ഓടുന്ന നാടാണ്‌..അതു ശരിയാക്കാൻ കഴിയില്ല..പക്ഷെ ഇതു നമ്മുടെ സ്വന്തം സഹോദരന്റെ കാര്യമാണ്‌.
(രണ്ടു മിനിട്ട്‌ മുൻപ്‌ അവനെ ഞങ്ങൾ അവനെ സഹോദര ഗണത്തിൽ പെടുത്തി കഴിഞ്ഞിരുന്നു.
ഒരുത്തനെ സഹോദരനാക്കാൻ വെറും രണ്ടു മിനിട്ട്‌ ധാരാളം. സഹോദരിമാരുടെ കേസ്‌ വേറെയാണ്‌. ടൈം കാൽക്കുലേറ്റ്‌ ചെയ്യാൻ കുറച്ച്‌ കൂട്ടക്ഷരങ്ങൾ മണ്ണിൽ എഴുതണം. അതും മൂക്ക്‌ കൊണ്ട്‌..വെറുതെ എന്തിനു റിസ്ക്‌ എടുക്കണം?)
ഇവനെ നേർവഴി നടത്തിയില്ലെങ്കിൽ എങ്ങനെയാണ്‌ ശരിയാവുക?
എന്റെയും ഷങ്കറിന്റെയും ഉള്ളിലെ സദാചാരക്കാരൻ ഉടൻ തല പൊക്കി നോക്കി എന്തൊക്കെയോ വിളിച്ചു പറഞ്ഞു.
(ഇംഗ്ലീഷിൽ പറഞ്ഞതു കൊണ്ട്‌ ഒന്നും മനസ്സിലായില്ല)
പക്ഷെ ഞങ്ങൾക്ക്‌ ഊഹിക്കാൻ വലിയ പ്രയാസമുണ്ടായില്ല. ഇങ്ങനെ ഊഹിച്ച്‌ ഊഹിച്ച്‌ എത്രയോ ഇംഗ്ലീഷ്‌ സിനിമകൾ കണ്ടിരിക്കുന്നു! പിന്നാ ഈ വെറും ചാരക്കാരൻ..ഞങ്ങൾ ടൈയിൽസ്‌ ഇട്ട തറയായത്‌ കൊണ്ട്‌ തുപ്പിയില്ല എന്നേയുള്ളൂ.
ഷെർലക്കിനും വാട്സണും ഇനി ഇര വരുന്നതു വരെ കാത്തിരിക്കുക മാത്രമാണ്‌ ചെയ്യാനുള്ളത്‌.
വലിപ്പ്‌ അടച്ച്‌ പൂട്ടി. ഞങ്ങൾ തിങ്കളാഴ്ച്ചയാവുന്നതു വരെ കാത്തിരുന്നു.
കാത്തിരുന്നു ക്ഷീണിച്ചു, റെസ്റ്റെടുത്തു, ഉറങ്ങി, വീണ്ടും കാത്തിരുന്നു.
ഒരു മലയാളം സിനിമ കണ്ടാലോ? - എന്റെ വിദഗ്ദമായ അഭിപ്രായം.
പാകിസ്ഥാനിൽ വേണമെങ്കിൽ പോവാം. പക്ഷെ മലയാള സിനിമാ എന്നു പറയരുത്‌! ഷങ്കർ കണ്ണുരുട്ടി പേടിപ്പിച്ചു.
ശരി, എങ്കിൽ ഇംഗ്ലീഷ്‌ ആവാം. ഞാൻ രണ്ടാമത്തെ വിദഗ്ദാഭിപ്രായം എടുത്തിട്ടു.
അതാവുമ്പോൾ ഊഹിച്ച്‌ എല്ലാം കാണുകയും ചെയ്യാം. നോ കൺഫൂഷൺ.
പോയി കണ്ടു, ഊഹിച്ചു, എല്ലാം പുടി കിട്ടി.
കഥ ചർച്ച ചെയ്തപ്പോൾ സിനിമയിൽ അങ്ങനെയും ഒരു കഥയുണ്ടോ എന്നു രണ്ടു പേർക്കും സംശയമായി.
ഉടൻ ചർച്ച അവസാനിപ്പിച്ചു.
പട്ടിണി കിടക്കണ്ട എന്നു വിചാരിച്ച്‌, തട്ടു കടയിൽ നിന്ന് പറോട്ട വാങ്ങി തട്ടി, വന്നു കിടന്നുറങ്ങി.
സുഖം സ്വസ്ഥം.

തിങ്കളാഴ്ച്ച അതിരാവിലെ.
കോഴികളെ ഒക്കെ പിടിച്ച്‌ തണ്ടൂരി ആക്കിയത്‌ കൊണ്ട്‌ ഇപ്പോൾ പട്ടികളാണ്‌ വിളിച്ചുണർത്തുനത്‌ (കാലം പോയ പോക്കെ). ഒരു നീണ്ട മോങ്ങൽ. കണ്ണു തുറന്നപ്പോൾ, പ്രസാദ്‌ കുമാർ മേശയുടെ അടുത്തിരിക്കുന്നു. പ്രസാദ്‌ കുമാറിനു പ്രസാദമില്ല.
അവൻ പ്രസി..അവൻ വാടി പോയിരിക്കുന്നു.
കുമാരൻ കാണണ്ട, കണ്ടാൽ പിടിച്ച്‌ കൊണ്ട്‌ പോയി കവിത എഴുതി കളയും.
എനിക്ക്‌ ബൾബ്‌ കത്തി. ഇവൻ നിരാശനാണ്‌.
ഇവന്റെ കാമുകിയുടെ ഒരാക്രി സാധനങ്ങളും ഈ പോക്കിൽ കിട്ടിയിട്ടുണ്ടാവില്ല.
പക്ഷെ ഇവനോട്‌ ഒന്നും ചോദിക്കാൻ പറ്റില്ല. ഇവനെ തന്നെ കൊണ്ട്‌ പറയിക്കണം.
പാമ്പിന്റ്‌ വിഷം പാമ്പ്‌ തന്നെ ഹാൻഡിൽ ചെയ്യണം.
എന്തു പറ്റി?.
ഉം..
മുത്തു വീഴാൻ താമസിക്കും. കാത്തിരിക്കുക തന്നെ.
സുഖമില്ലേ?
ഉം ഉം..
മുത്തുകളുടെ എണ്ണം കൂടി കൂടി വരുന്നു. നല്ല ലക്ഷണമാണ്‌.
പറ..എന്തേലും പ്രോബ്ലമുണ്ടോ ? നമ്മുക്ക്‌ ശരിയാക്കാമെന്നെ!..
ഷങ്കർ ആ പറഞ്ഞത്‌ കേട്ട്‌ ഞാൻ നാവ്‌ കടിച്ചു. അതു എടുത്ത്‌ ചാട്ടമല്ലേ? ഈ കൊശവന്‌ ഡൗട്ട്‌ അടിക്കത്തില്ലേ?
ഷങ്കർ എല്ലാം പൊളിച്ചടുക്കുമെന്നാ തോന്നുന്നത്‌.
ഈശ്വരാ, ഷെർലക്കിന്റെയും വാട്സണിന്റെയും ഒടുക്കത്തേ കേസ്‌ കെട്ടാവുമോ?
പ്രസിക്ക്‌ നോ റിയാക്ഷൻ. രക്ഷപെട്ടു!
ഞങ്ങൾ എഴുന്നെറ്റ്‌ അടുത്ത്‌ ചെന്നു.
നീ വിഷമിക്കണ്ട, എന്തായാലും ഞങ്ങളൊക്കെയില്ലേ കൂടെ? നീ പറ.
നീയൊക്കെ കൂടെ ഉള്ളതാ വിഷമം എന്നവൻ തിരിച്ചു പറയുമോ എന്നു പേടിയുണ്ടായിരുന്നു. പറഞ്ഞില്ല.
എന്തൊരു ശുഷ്കാന്തിയോടെ, താത്പര്യത്തോടെയാ ചോദിക്കുന്നത്‌.. ഈ ശുഷ്കാന്തി പണ്ടെ കാണിച്ചിരുന്നെങ്കിൽ, രാകേഷ്‌ ശർമ്മയ്ക്ക്‌ പകരം ഞാൻ വണ്ടിലിരുന്ന് മൂണീൽ പോയേനെ..കുഴപ്പമില്ല, ഇനിയും ടൈം ഉണ്ട്‌.
പ്രസി സെന്റിയുടെ വക്കത്ത്‌ നിൽക്കാണ്‌. ഒന്നുന്തി കൊടുത്താൽ മതി അവൻ വിലാപത്തിന്റെ പടു കുഴിയിൽ വീഴും.
അവനെ തള്ളിയിടാനല്ലേ തടിയന്റെ ആ തടിച്ച്‌ കൈകളും ഈ എല്ലന്റെ എല്ലു കൈകളും?. ഞങ്ങൾക്ക്‌ കൈ തരിച്ചു.
അവൻ പൊട്ടാറായി. കരച്ചിലിന്റെ വക്കത്താണ്‌.
ഞാൻ അവസരം മുതലെടുത്തു.
പാഠം രണ്ട്‌:
അവസരങ്ങൾ ചൂഷണം ചെയ്യാനുള്ളതാണ്‌. അതു വെറുതെ വേസ്റ്റ്‌ ആക്കി കളയരുത്‌.
ഞാൻ ചെന്ന് അവനെ ചേർത്തു പിടിച്ചു.
വിഷമിക്കണ്ട പ്രസീ, വിഷമിക്കണ്ട..
അടുത്തെവിടെയെങ്കിലും ഏതെങ്കിലും നാടക ട്രൂപ്പുണ്ടെങ്കിൽ എന്നെ സ്പോട്ടിൽ നിന്ന് പിടിച്ചോണ്ട്‌ പോയേനെ.
ഷങ്കർ നും കളത്തിലേക്ക്‌ എടുത്തു ചാടാൻ തോന്നി. അവൻ ചാടി.
പ്രസീ, ഇന്ന് നീ ഓഫീസിൽ പോണ്ടാ, ഞങ്ങളും നിന്റെ കൂടെ ഇരിക്കാം.
നീ സമാധാനപ്പെട്‌..
അപ്പോൾ എനിക്കൊരു സംശയം. ഇവൻ എന്താ പ്രശ്നമെന്നു പറഞ്ഞില്ലല്ലോ. അതിനു മുൻപെ ഞങ്ങൾ അഭ്യുദയകാംക്ഷികൾ അവനെ സമാധാനപ്പെടുത്താൻ തുടങ്ങി!.
പാമ്പ്‌..വിഷം..പാമ്പ്‌..
കുറച്ചു കഴിഞ്ഞപ്പോൾ, അവൻ മുത്തു പൊഴിച്ചു തുടങ്ങി.
നാട്ടിൽ ഒരു ലൈൻ വലിച്ചതാണ്‌ സംഭവം.(ഷെർലക്ക്‌ ഊഹിച്ചതു പോലെ തന്നെ. എല്ലാം എലിമന്ററിയാണ്‌ മോനെ എലിമന്ററി)
ലൈൻ വലിച്ചത്‌ ബോർഡ്‌ അറിഞ്ഞില്ല..ഇവൻ വലിച്ചു  കൊണ്ടേ ഇരുന്നു..
അവസാനം നോക്കിയപ്പോൾ കറണ്ട്‌ കണക്ഷൻ കിട്ടിയത്‌ അടുത്ത വീട്ടിലുള്ള ഒരു ചുള്ളന്‌. അവൻ ടിവി കണ്ടു തുടങ്ങുകയും ചെയ്തു.
കറണ്ടില്ലാത്ത വയറും പിടിച്ച്‌ ഈ പാവം നിൽപ്പാണ്‌.
അവളോട്‌ അവന്റെ മുടിഞ്ഞ പ്രേമം (പ്രേമം ഫയങ്കര വിലപിടിച്ചതാണ്‌..അതാണ്‌ മുടിഞ്ഞു പോണത്‌) അവൻ പറയാതെ, എഴുതാതെ കൊണ്ടു നടന്നു. അവൾ എടുത്ത്‌ കളയണ, യൂസ്‌ലെസ്സ്‌ സാധനങ്ങൾ എടുത്ത്‌ വെച്ച്‌ പൂജിച്ചു കൊണ്ടിരുന്നു.
പാമ്പിന്റെ വിഷം മുഴുവനും ഇറങ്ങി..പാമ്പ്‌ ശൂന്യനായി ഇരിക്കുകയാണ്‌..
ഞങ്ങൾ മുഖാ മുഖം നോക്കി.
ഇവന്റെയൊക്കെ തലമണ്ട അടിച്ചു കീറേണ്ട സമയം കഴിഞ്ഞു..ടൈം വേസ്റ്റ്‌.
പക്ഷെ ഞങ്ങളുടെ സഹോദരനായി പോയില്ലേ, ആക്കി പോയില്ലേ, ഞങ്ങൾ ക്ഷമിച്ചു.
ഞങ്ങൾ അവനെ സമാധാനിപ്പിച്ചു. അവൻ സമാധാനിച്ചു.
ഇപ്പോൾ അവന്റെ ട്രെയിൻ ഓടുന്നത്‌ ഞങ്ങളുടെ പാളത്തിലൂടെയാണ്‌.
ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്‌..അനുഭവമാണ്‌, തേങ്ങാകൊലയാണ്‌, മാങ്ങാത്തൊലിയാണ്‌..നാരങ്ങാ നീരാണ്‌..
പ്രസിക്ക്‌ കമ്പ്ലീറ്റ്‌ മനസ്സിലായി.
എല്ലാത്തിനും ഓരോ രീതികളുണ്ട്‌. അതു അറിഞ്ഞൂടെങ്കിൽ, ജന്മസിദ്ധമായി ആ കാര്യം ഗ്രഹിച്ചവരോട്‌ ചോദിക്കണം.
അവർ ഫീസ്‌ വാങ്ങാതെ പറഞ്ഞു തരും.
ഷങ്കറും ഞാനും അവന്റെ ഗുരുക്കന്മാരായി.
പാഠങ്ങളിൽ ബേസിക്‌ ചാപ്റ്റേഴ്സ്‌ പഠിപ്പിച്ചു.
എങ്ങനെ നോക്കണം, എങ്ങനെ ചിരിക്കണം, എങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കണം.
എങ്ങനെയാണ്‌ ആദ്യം മുട്ടേണ്ടത്‌..അതു വരെ പറഞ്ഞു. ശേഷം 'ആഫ്റ്റർ ദ്‌ ബ്രേക്ക്‌' എന്നു തറയിൽ വലിയ ഉണ്ട അക്ഷരത്തിൽ എഴുതി കാണിച്ചു.
എന്നു വെച്ചാൽ, വിശക്കുന്നു, എന്തെലും അകത്തേക്ക്‌ പെറുക്കി ഇടണമെന്ന്..
സ്വാഭാവികമായും ശിഷ്യന്റെ അടുക്കൽ നിന്നും ഒരു മിനിമം ദക്ഷിണ പ്രതീക്ഷിക്കുമല്ലോ. പ്രതീക്ഷിച്ചു.
ഒന്നും സംഭവിച്ചില്ല, ഒന്നു കൂടി പ്രതീക്ഷിച്ചു.
അവസാനം ഷങ്കറിന്റെ നെല്ലിപലകയിൽ തൊട്ടു തൊട്ടില്ല..തൊട്ടു..തൊട്ടില്ല എന്ന് വരെ എത്തിയപ്പോൾ, ഞാൻ ഇടപെട്ടു.
നമുക്ക്‌ പോയി വല്ലതും ലൈറ്റായിട്ട്‌ കഴിച്ചിട്ട്‌ വരാം.
ശ്രദ്ധിക്കുക - എപ്പോഴും കൈയിൽ കാശില്ലാത്തപ്പോൾ, ഒരുത്തനെ കുറ്റി വെയ്ക്കുമ്പോൾ, ലൈറ്റ്‌ ആയിട്ട്‌ മാത്രമെ തുടങ്ങാവൂ. അതിനു ശേഷം, ഹെവി, മിഡ്‌ ഹെവി, ഹെവി ഹെവി എന്ന നിലകളിലേക്ക്‌ വലിഞ്ഞു കേറാവുന്നതാണ്‌.
ഉടൻ ചാടിയിറങ്ങി.
സ്ഥിരം കഴിക്കാൻ പോകാറുള്ള ഹോട്ടൽ കാണാത്ത മട്ടിൽ നടന്നു.
അപ്പോൾ, അതാ ഒരു സുന്ദരൻ ഹോട്ടൽ. ഹോട്ടലു കണ്ടാലെ കൊതി വരും.
അതു ഞങ്ങളെ മാടി വിളിച്ചു. ഞങ്ങൾ പോയി. മാടി വിളിക്കുന്നതിന്റെ ഒരു കുഴപ്പം അതാണ്‌. പോകാതിരിക്കാൻ കഴിയില്ല.
പക്ഷെ..ആ വാക്ക്‌..'മാടി' അതിലെന്തോ അപാകതയുണ്ട്‌.. തമിഴോ, തെലുങ്കോ..എന്തോ ഒരു മലയാളച്ചുവയില്ലാത്ത വാക്ക്‌..അതു പോട്ടെ, അതു മാടി ഞങ്ങൾ പോയി.

ലൈറ്റായിട്ട്‌ രണ്ട്‌ ഇഡ്ഢലി, കുറച്ച്‌ ചുവന്ന ചമ്മന്തി.
ശേഷം, ഹെവിയായിട്ട്‌, രണ്ട്‌ അപ്പം, മുട്ടക്കറി,
ശേഷം, മിഡ്‌ ഹെവിയായിട്ട്‌, പുട്ട്‌, കടല കറി..
ഇന്നു വലിയ വിശപ്പില്ല..നമുക്ക്‌ ഉച്ചയ്ക്ക്‌ വരാം..
ഓ, ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം..ഷങ്കർ എന്തോ പറയാൻ വന്ന പോലെ വന്നിട്ട്‌,
അല്ല വേണ്ട, ഇവിടെ വെച്ച്‌ വേണ്ട, റൂമിൽ ചെന്നിട്ട്‌ പറഞ്ഞു തരാം.
പ്രസീടെ ജിജ്ഞാസയുടെ വാലിന്‌ തിരി കത്തിച്ചതാണ്‌. എല്ലാ പടക്കവും ഒന്നിച്ച്‌ പൊട്ടിക്കരുത്‌.
വൺ ബൈ വൺ.

ഞങ്ങൾ പഠിപ്പിക്കുന്നു, ലവൻ പഠിക്കുന്നു,
അവൻ പ്രയോഗിക്കുന്നു, ചിലത്‌ ചീറ്റുന്നു, ചിലത്‌ ടാർഗറ്റിൽ സ്റ്റ്രൈക്ക്‌ ചെയ്യുന്നു.
വീണ്ടും പഠനം, ദക്ഷിണ, പ്രയോഗം, പഠനം..ദക്ഷിണ..
റോഡിൽ കൂടെ ആയിരമായിരം ബസ്സുകൾ നിർത്താതെ കടന്നു പോയി.
അവൻ ഖിലാഡിയായി, ബഡെ ഖിലാഡിയായി, സബ്സെ ബഡേ ഖിലാഡിയായി..

ഇപ്പോൾ പ്രസി നമ്മുടെ കൂട്ടത്തിലൊരുവനാണ്‌!. ഈ പാടായ പാടൊക്കെ പെട്ടതിനു ഒരർത്ഥമുണ്ടായി!. ഞങ്ങളോടൊക്കെ ഒടുക്കത്തെ ബഹുമാനമാണ്‌. (വെള്ളമടിക്കുമ്പോ മാത്രം ചിലപ്പോ..അതും ചിലപ്പോ മാത്രം 'എടാ' എന്നു വിളിക്കും, ഞങ്ങൾ കേൾക്കാത്ത പോലെ ഇരിക്കും.)

ഇപ്പോൾ സന്തോഷം സഹിക്കാൻ വയ്യേ. ഒരുത്തനും ഞങ്ങളേ പോലെ അല്ലാതിരിക്കരുത്‌. അതാണ്‌...അതാണ്‌ വേണ്ടത്‌. ഞങ്ങളെ പോലിരിക്കാത്തവരെ ഞങ്ങൾ അംഗീകരിക്കില്ല. അടുത്ത ഇര?..വരും..വരാതിരിക്കില്ല..വരാതെ എവിടെ പോവാൻ?..ഈ ലോകം ഞങ്ങൾ നന്നാക്കിയേ അടങ്ങൂ എന്ന് ഞങ്ങൾ പ്രതിജ്ഞ എടുത്തു കഴിഞ്ഞിരിക്കുന്നു!.

വാൽ:
ഇതിൽ കഥയെവിടെ എന്നു ചോദിക്കരുത്‌!. കഥ മാത്രമല്ലല്ലോ എപ്പോഴും പറയേണ്ടത്‌. കഥയില്ലായ്മകളും പറയണമല്ലോ..അവരെ ആരും അനാഥരാക്കാൻ പാടില്ലല്ലോ!.ചിലപ്പോൾ ഇതു കഥയ്ക്കും കഥയില്ലായ്മയ്ക്കും ഇടയിലുള്ള ഒരു (എന്തോ) ആവും..

ഇനി ആദ്യം മുതൽ ഒന്നു കൂടി കണ്ണോടിച്ച്‌ വായിച്ചു നോക്കൂ..എന്തെങ്കിലും സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌..?

ശരിയായ ലേബൽ 'എന്തരോ എന്തോ' എന്നാണ്‌. ചിലർക്ക്‌ വായിക്കാൻ മടി തോന്നാതിരിക്കാൻ 'കഥ' എന്നെഴുതി വെച്ചിരിക്കുന്നു എന്നേ ഉള്ളൂ. സദയം ക്ഷമീ..

Post a Comment

Monday 4 July 2011

മകനോട്‌..

ഉദരത്തിനുള്ളിൽ നീ കാലിട്ടടിച്ചപ്പോൾ,
ഉയിരാകെയമൃതം നിറഞ്ഞു നിന്നു.

രുധിരം ഞാൻ പാലായി നിറച്ചുവെൻ മാറിൽ,
മകനെ നിൻ ചെഞ്ചിളം ചുണ്ടിലായിറ്റുവാൻ.

ആദ്യമായ്‌ മണ്ണിൽ നീ, പിച്ച വെച്ചീടുമ്പോൾ,
ആനന്ദ സാഗരം തിരതല്ലിയുള്ളിൽ.

മുറുകെ പിടിച്ചു നിൻ മൃദുലമാം പാണികൾ,
മുനയുള്ള കല്ലിൽ നീ, വീഴാതിരിക്കുവാൻ.

ഓർക്കുന്നു പുസ്തക സഞ്ചി നിൻ തോളിൽ-
വെച്ചാഹ്ലാദ ചിത്തനായി പോകുന്ന ചിത്രം!

തങ്കത്തിൻ വളയിട്ട കൈകളെ ചേർത്തു നീ,
കടലുകൾക്കപ്പുറം യാത്രയായൊരുനാൾ..

അറിയുന്നുവോ നിൻ, അമ്മയിന്നിവിടെ,
നിനക്കായി നിത്യവും ജപിക്കുന്ന കാര്യം?

മറന്നുവോ നീ നിന്റെ അമ്മതൻ ഹൃദയം,
നിനക്കായി മാത്രം, മിടിക്കുന്ന കാര്യം?

തനിയെ ഞാനിവിടെയിരിക്കുന്നുവിപ്പോൾ,
മകനെ നിൻ മുഖമൊന്നു, കാണുവാൻ മാത്രം.

നിനക്കായി നൽകുവാൻ ഇനിയെന്റെ കൈയ്യിൽ,
ചുളിവാർന്ന ചുണ്ടിലെ, ചുംബനം മാത്രം..

19,942

Post a Comment

Friday 1 July 2011

മഴ പെയ്യുമ്പോൾ..

അവളെ ആദ്യം കാണുമ്പോൾ,
കണ്ണിൽ മിന്നൽ കണ്ടെന്നു പറഞ്ഞ എന്നെ, നീ കളിയാക്കി..

പിരിയുമ്പോളൊരു കാർമേഘം ഉരുണ്ടു കൂടുന്നതും കണ്ടതാ കണ്ണിൽ തന്നെ.
അതു കാണാതിരുന്നത്‌ ഞാൻ മാത്രമെന്നും നീ പറഞ്ഞു

വർഷങ്ങൾക്കപ്പുറം ഒരു ഫോണിൽ, അവളിനിയില്ല എന്ന് നീ പറയുമ്പോൾ,
പുറത്ത്‌ നല്ല മഴയുണ്ടായിരുന്നു..

അത്‌ അവളുടെ കണ്ണിൽ നിന്നും പെയ്തിറങ്ങിയതാവണം..

ഇപ്പോൾ പുറത്ത്‌ മഴ നിലച്ചിരിക്കുന്നു.
എങ്കിലും മഴ പെയ്തു കൊണ്ടിരിക്കുന്നത്‌ ഞാനറിയുന്നു..
എന്റെയുള്ളിലെ തോരാത്ത മഴയിലും നനയാതെ അവളെ ഞാൻ സൂക്ഷിച്ചു..
എന്റെയാത്മാവിന്റെ നനയാത്ത കൈകൾ കൊണ്ട്‌,
ഞാനവൾക്കൊരു മറ തീർത്തു.

എങ്കിലും ഇടയ്ക്കവൾ മറയിൽ നിന്നും പുറത്ത്‌ വരും..
കണ്ണിരിൽ ഞാൻ നനയേണ്ടെന്നു പറയാൻ..
അപ്പോഴെല്ലാം...പുറത്ത്‌ മഴപെയ്യുന്നതെന്തിനാവാം..?

Post a Comment