Please use Firefox Browser for a good reading experience

Sunday 2 October 2011

എവിടെ ബാപ്പു?


തുളഞ്ഞ നെഞ്ചിൻകൂട്ടിൽ നിന്നൊരു വാക്ക്‌ കൂടി..റാം..
ചുടുനിണമൊഴുകിയ പുതപ്പിനുള്ളിൽ തണുത്തുറങ്ങിയതൊരു ദേഹമല്ല,
ഒരു ദേശമല്ല, ഒരു വികാരം മാത്രം..
സ്നേഹമെന്ന വികാരം..

ജീവിതകനലിലൂടെ നഗ്നപാദനായ്‌ നടക്കുമ്പോഴും,
തണുത്ത സ്വാതന്ത്ര്യപുലരികൾ സ്വപ്നം കണ്ടയാൾ..

മെല്ലിച്ച വിരലാൽ നൂൽ പിരിക്കുമ്പോഴും,
പിരിച്ചു വെച്ച സഹോദര സ്നേഹമഴിയുന്നതു കണ്ട്‌ കണ്ണുനീർ പൊഴിച്ചയാൾ..

വിടവു വീണ ദന്തനിരകൾക്കിടയിലൂടെ ഒഴുകുന്ന പുഞ്ചിരിയുടെ,
സ്നേഹസ്പർശമനുഭവിച്ച ആയിരങ്ങൾ.
അവരുടെ കൈകൾ ചേർത്തു പിടിച്ച്‌,
അവരിരൊരാളായി, അവർക്കിടയിലൂടെ പുതിയ പ്രഭാതം തേടി നടന്നയാൾ..

ഒരു വെടിയുണ്ടയിൽ അവസാനിക്കാത്ത ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
ആയിരം ബാപ്പുമാർ ഉയരട്ടെ ഇവിടെ വീണ്ടും..
സ്വപ്നങ്ങൾക്ക്‌ നിറം മങ്ങാതിരിക്കാൻ, അവയെ സത്യമാക്കാൻ,
ഒരിക്കൽ കൂടി കൈകോർത്ത്‌ നടക്കാം..
വെടിയുണ്ടകൾക്ക്‌ വിട പറഞ്ഞ്‌ നമുക്ക്‌ ഒന്നിച്ച്‌ നടക്കാം..

പുതിയ ബാപ്പു ഞാനും നീയും ആണെന്ന് സ്വയം പറയാൻ ആത്മാവിനെ സ്ഫുടം ചെയ്യാം..

'ഇനിയൊരു ഗാന്ധിജി ഇതു വഴി വന്നാൽ,
വെടി വെച്ചു വീഴ്ത്തുമോ നമ്മളാരെങ്കിലും?'

ബാക്കി നിൽക്കുന്ന ഈ ചോദ്യത്തിനുത്തരം 'ഇല്ല' എന്നേവരും പറയുമെന്ന് പ്രാർത്ഥിക്കാം..
ജയ്‌ ഹിന്ദ്‌.

Post a Comment

12 comments:

  1. ഇനിയൊരു ഗാന്ധിജി ഇതു വഴി വന്നാൽ,
    വെടി വെച്ചു വീഴ്ത്തുമോ നമ്മളാരെങ്കിലും?'

    ഇനി ഒരു ഗാന്ധി ഈ വഴി വരാത്ത വിധം എല്ലാവരും മാറി ..അതല്ലേ സത്യം ?

    ReplyDelete
  2. ജെയ് ഹിന്ദ്‌

    ReplyDelete
  3. ഇനിയൊരു ഗാന്ധിജിക്ക് ഇടം പോലും
    കൊടുക്കില്ല ഇന്നത്തെ രാഷ്ട്രീയ പ്രഭുക്കള്‍..

    ജയ് ഹിന്ദ്‌....

    ReplyDelete
  4. namellam thirayunnu......, evide bappu...... jai hind...........

    ReplyDelete
  5. ഇല്ല കവീ ഇനി ഒരു ബാപ്പുവിന്റെ പിറവി ഉണ്ടാവില്ല
    മത ജാതീയ രാഷ്ട്രീയ കോമരങ്ങള്‍ ബാപ്പു ബീജങ്ങളെ ഉന്മൂലനം ചെയ്തു കയിഞ്ഞു

    ReplyDelete
  6. എല്ലാരിലും നിരാശയുടെ സ്വരമാ‍ണ് ഗാന്ധി ജയന്തിയിൽ!

    ReplyDelete
  7. വേറെ ഒരാൾ ബാപ്പുവായി ഈ വഴി വരുന്നതിലും എത്ര എളുപ്പമാണ് ഇപ്പോൾ ഇതു വഴി നടക്കുന്ന ഞാനും, ഞാനും, ഞാനും....ആയ എല്ലാവരും ബാപ്പുവായിത്തീരുന്നത്......അതുകൊണ്ട് ആയിരവും പതിനായിരവും ലക്ഷവും കോടിയുമായി ബാപ്പുമാരുണ്ടാവട്ടെ. അതെ, സ്വന്തം ആത്മാവിനെ സ്ഫുടം ചെയ്യുകയാണു വേണ്ടത്.

    ReplyDelete
  8. അങ്ങിനെ ഉറപ്പിച്ച് ഇല്ലാ എന്ന് പറയാന്‍ ആവില്ല. വെടിവെച്ച് കൊന്നവനെ പുണ്യാളരാക്കി പൂജിക്കുന്നവരിന്നുമുണ്ട്

    കവിത നന്നായി

    ReplyDelete
  9. ഗാന്ധിജി, ഒരു ചരിത്ര പുരുഷൻ മാത്രം.മജ്ജയും മാംസവും നമ്മെക്കാളും കുറവുള്ളതെന്ന് തോന്നിക്കുന്ന ശരീര പ്രകൃതിയുള്ളയാൾ.നമുക്ക് ദേഹത്ത് മേദസ്സും,തൊലിക്ക് ഗൌര വർണ്ണവും നില നിർത്താൻ ഇനിയൊരാൾ ഗാന്ധിയെ പോലെ പുനരവതാരം ചെയ്യണമെന്ന് പറയുന്നത് കണ്ണിൽ ചോരയില്ലായ്മയാണ്.നമുക്ക് വേണ്ടത് നാം തന്നെ കണ്ടെത്തണമെന്ന് പറഞ്ഞ് അദ്ദേഹം മണ്മറഞ്ഞു.ഇനി നമ്മളായി,നമ്മുടെ പാടായി.ഒരു ഗാന്ധിയും വരില്ലിനി.സ്വയം അന്വേഷിക്കുക ആത്മാവിൽ;ഗാന്ധിയെയല്ല,നന്മയെ.
    സ്നേഹപൂർവ്വം വിധു

    ReplyDelete
  10. ഇല്ല എന്നെല്ലാവരും പറയുമെന്നു് പ്രാർത്ഥിക്കാം, ആശിക്കാം.

    ReplyDelete
  11. ഇത് ചിന്ത മാത്രമല്ല ..സാബു മറ്റുള്ളവരെക്കൂടി ചിന്തിപ്പിക്കുകയും കൂടിയാണ് !!

    ReplyDelete
  12. ഇനി ബാപ്പു വന്നാൽ നല്ല കോപ്പായിരിക്കുമിവിടെ...!

    ReplyDelete