Monday, 4 June 2018

സൂത്രം


സന്ധ്യ കഴിഞ്ഞ സമയം. പഠിക്കാൻ സാമൂഹ്യപാഠം പുസ്തകം തുറന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ്‌ ഒരു പാളി മാത്രം തുറന്നു കിടന്ന ജനലിലൂടെ നേരിയ നിലാവെളിച്ചത്തിനോടൊപ്പം അവന്റെ കൂട്ടുകാരന്റെ പതിഞ്ഞ ശബ്ദവും നൂണ്ട് കയറി വന്നത്.
‘എടാ..എടാ’
തിരിച്ചും പതിഞ്ഞ ശബ്ദത്തിൽ അവൻ മറുപടി കൊടുത്തു.
‘എന്താടാ?’
‘നീ ഇപ്പൊ എന്റെ കൂടെ വന്നാ ഒരു സൂത്രം കാണിച്ചു തരാം’
‘എന്ത് സൂത്രം?’
‘അതൊന്നും പറയൂല്ല..നീ വന്നാ കാണിച്ചാ തരാം’

‘സന്ധ്യ കഴിഞ്ഞ് വീടിനു പുറത്ത് പോകരുത്’ - അച്ഛന്റെ തിട്ടൂരമുണ്ട്. അനുസരണക്കേടുണ്ടായാൽ നല്ല ചുട്ട അടി ഉറപ്പ്. ഒരിക്കൽ അതിന്റെ ചൂട് തുടയിൽ പതിഞ്ഞതാണ്‌.
‘നീ അതൊന്നും പേടിക്കണ്ട. ആരുമറിയാൻ പോണില്ല. പോയിട്ട് ഒടനെ വരാം’ കൂട്ടുകാരൻ ആത്മവിശ്വാസം കലർത്തി പ്രോത്സാഹിപ്പിച്ചു.
അമ്മ കണ്ടാലും പ്രശ്നമാണ്‌. പക്ഷെ അമ്മേടെ കണ്ണുവെട്ടിക്കാൻ എളുപ്പമാണ്‌. ഇനി അറിഞ്ഞാലും അടി ഉണ്ടാവില്ല. കുറച്ച് നേരം വഴക്ക് കേൾക്കെണ്ടി വരും. അതു കേട്ടില്ലെന്നു വെയ്ക്കാം. അത്രേയുള്ളൂ.

കൂട്ടുകാരന്റെ നിരന്തരനിർബന്ധം സഹിക്കവയ്യാതെ അവൻ ഇരുട്ടിൽ പുറത്ത് പോകാൻ തീരുമാനിച്ചു.
‘ഇപ്പ വരാം’ പെങ്ങളെ നോക്കി ശബ്ദമില്ലാതെ പറഞ്ഞ് അവൻ പതിയെ വീടിനു പുറത്തേക്കിറങ്ങി.

കുറെ ദൂരം സാവധാനം നടന്നു. പിന്നീട് നടത്തം അല്പം വേഗത്തിലായി. പതിഞ്ഞ ജലശബ്ദം നിറയുന്ന തോട്ടിൻക്കരയിലൂടെ, ചീവീടുകളുടെ കരച്ചിലാഘോഷം നിറഞ്ഞ വെളിമ്പ്രദേശത്തൂടെ..
‘നീ എവിടേക്കാ പോണത്?’
‘അതൊക്കെയൊണ്ട്!’ കൂട്ടുകാരൻ അവന്റെ ജിജ്ഞാസ ഊതി ജ്വലിപ്പിച്ചു.

കുറച്ച് നേരം കഴിഞ്ഞ് ഒരു പഴയ, ഓടിട്ട വീടിന്റെ അടുത്തെത്തിയപ്പോൾ കൂട്ടുകാരൻ പറഞ്ഞു,
‘ശബ്ദമുണ്ടാക്കരുത്. ഇവിടെയിരുന്നോ..ഇപ്പൊ ഒരു സൂത്രം കാണാം’
അവിടെ, ചെടികൾക്കിടയിൽ വെളിച്ചം നന്നേ കുറവായിരുന്നു.
അവൻ കൂട്ടുകാരന്റെ വാക്കുകൾ അനുസരിച്ച് ശബ്ദമുണ്ടാക്കാതെയിരുന്നു.

അവിടെ ധാരാളം കൊതുകുണ്ടായിരുന്നു. നീണ്ട മൂളിച്ചയുമായി അവ യഥേഷ്ടം പറന്നു നടന്നു. അവന്‌ ഒന്നു രണ്ട് കടി കിട്ടി.
‘ഇവിടെ എന്ത് കാണാനാ?..നെറയെ കൊതുകുണ്ട്’
‘നീ കൊറച്ച് നേരം കൂടി ക്ഷമിക്ക്..’

കുറച്ച് നേരം കഴിഞ്ഞപ്പോൾ വീടിന്റെ മുൻവശത്ത് ബൾബ് തെളിഞ്ഞു. അവിടമാകെ മങ്ങിയ മഞ്ഞ വെളിച്ചം നിറഞ്ഞു. താമസിയാതെ മുൻവാതിൽ തുറന്ന് ഒരാൾ പുറത്തിറങ്ങി. തലയിൽ തോർത്ത് ചുറ്റിയിരിക്കുന്നു. കൈയ്യിൽ വെള്ളി നിറമുള്ള ടോർച്ച്. പിന്നാലെയായി ഒരു സ്ത്രീ നടന്നു വന്നു. അഴിഞ്ഞ മുടി വാരി ചുറ്റി കെട്ടി വെച്ച ശേഷം സ്ത്രീ വാതിലടച്ച് അകത്തേക്ക് പോയി.
‘ഇവിടെന്തു സൂത്രം?’ അവൻ ചോദിക്കാൻ ഭാവിച്ചു. അപ്പോഴാണ്‌ തലയിൽ തോർത്ത് ചുറ്റിയ ആളിനെ ശ്രദ്ധിച്ചതും, അയാളവനോട് പറഞ്ഞ വാക്കുകൾ മനസ്സിലേക്കോടിക്കയറി വന്നതും.
‘എടാ, സന്ധ്യ കഴിഞ്ഞ് നീ വീടിനു പുറത്തേക്കിറങ്ങിയത് ഞാനറിഞ്ഞാ..എന്റെ കൈയ്യീന്ന് നല്ല ചുട്ട പെട കിട്ടും’

അവൻ ഇരുട്ടിൽ വിളറി വെളുത്ത് നിന്നു. കൂട്ടുകാരന്റെ അടക്കിപ്പിടിച്ച ചിരി അവൻ മാത്രം കേട്ടു. കൂട്ടുകാരന്റെ നേർക്ക് ഒരു വട്ടം കൂടി നോക്കാതെ അവൻ തിരിഞ്ഞ് ഇരുട്ടിലൂടെ തന്റെ വീട് ലക്ഷ്യമാക്കി ഓടി. അവന്റ് ചൂട് കണ്ണുനീർ തണുത്ത കാറ്റ് തുടച്ചെടുത്തു കൊണ്ടിരുന്നു.

Post a Comment

1 comment: