Saturday, 25 July 2020

തിരുവെഴുത്തുകൾ


ഏതാണ്ട് മൂന്നാഴ്ച്ചത്തെ അലച്ചിലുകൾക്കും അന്വേഷണങ്ങൾക്കും മഹേന്ദ്രൻ വിരാമമിട്ടത്, ചെറുതെങ്കിലും സുന്ദരമെന്ന് തോന്നിപ്പിച്ച ആ വീട് കണ്ടെത്തിയതോടെയാണ്‌. നഗരമധ്യത്തിൽ നിന്നും അധികം അകലെയല്ലാതെ ഓടിട്ടൊരു വീട്. ആകാരം കൊണ്ടും അലങ്കാരം കൊണ്ടും പഴക്കം പ്രകടിപ്പിക്കുന്ന ഒന്ന്. ചെറിയൊരു വരാന്ത, രണ്ട് കിടപ്പുമുറികൾ, ബാത്ത്റൂം, നിന്നു തിരിയാനിടമുള്ള അടുക്കള. ഇത്രയുമേയുള്ളൂ. വീടിന്‌ മുന്നിലും പിന്നിലുമായി പേരിന്‌ ഒരല്പം മുറ്റമുണ്ട്. മണ്ണിൽ ചവിട്ടണമെന്നാഗ്രഹം തോന്നുമ്പോൾ അവിടേക്ക് കാലെടുത്ത് വെയ്ക്കാം. ഒരു വശത്തേക്ക് തുറക്കാവുന്ന ഒറ്റ പാളിയുള്ള ചെറിയ ഗേറ്റ് തുറന്നാൽ റോഡായി. വേണമെന്ന് വെച്ചാൽ, എന്തിലും ഏതിലും ആർക്കും കുറ്റവും കുറവും കണ്ടെത്താവുന്നതേയുള്ളൂ. ഒരു ബൈക്ക് സൂക്ഷിക്കാനുള്ള ഇടമേ മുറ്റത്തുള്ളൂ. പോർച്ച് എന്നൊന്നില്ല. കമ്പു കുത്തിനിർത്തി ടാർപോളിൻ വലിച്ചു കെട്ടിയാൽ മഴയും വെയിലും തടയാം. അപ്പുറവും ഇപ്പുറവുമുള്ള പുതിയ വലിയ വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഞെരുങ്ങി പിടിച്ചിരിക്കുന്നൊരു ചെറിയ വീട് പോലെ തോന്നും. വലിയ ആഗ്രഹങ്ങളില്ലാത്തത് കൊണ്ട് അതും അവഗണിക്കാം. കുറവുകൾ കണ്ടെത്തുകയും അതിനൊക്കെ മറുവാദങ്ങളും പോംവഴികളും സ്വയം കണ്ടെത്തുകയും ചെയ്യുക ഒരു ശീലമായി കഴിഞ്ഞിരിക്കുന്നു അയാൾക്കിപ്പോൾ.

‘മഹീ, നിന്റെ ഓഫീസും, മോൾടെ സ്കൂളും ഇവിടന്ന് വളരെ അടുത്തല്ലേ? അവൾക്ക് നടന്ന്‌ പോകാവുന്ന ദൂരം. പിന്നെ അവള്‌ കോളേജിലാവുമ്പോ ഇവിടെ അടുത്തുള്ള സ്റ്റോപ്പീന്ന് തന്നെ ബസ്സ്‌ കയറാം. അത്യാവശ്യം വേണ്ട സാധങ്ങൾ വാങ്ങാൻ അടുത്ത് തന്നെ കടകളില്ലേ? ഈ വീട്‌ വേണ്ടെന്ന് വെക്കുന്നത്...ബുദ്ധിമോശമാവും...’
സുനിൽ ശബ്ദം താഴ്ത്തി ഉപദേശിച്ചു.
‘ഏയ്...ഞാനൊറപ്പിച്ചു. ഇത്‌ മതി’
ആദ്യകാഴ്ച്ചയിൽ, വീട് തന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നിയതും, മുറ്റത്തെ അരളിമരത്തിൽ നിന്നൊരു പൂവടർന്ന് തന്റെ തോളിൽ വീണത് നല്ലൊരു നിമിത്തമായി തോന്നിയതും മഹേന്ദ്രൻ പറഞ്ഞില്ലന്നേയുള്ളൂ. അയാൾ വീടും പരിസരവും നല്ലോണം ആസ്വദിച്ച് ചുറ്റി നടന്ന് കണ്ടു. കാണും തോറും തോന്നി, തന്റെ സ്വപ്നഗൃഹസങ്കല്പ്പത്തിനോട് ചേർന്നു നില്ക്കുന്ന വീട് തന്നെ. വീടിനു പിന്നിൽ മതിലിനോട് കിന്നാരം പറഞ്ഞ് ഒരു ജാമ്പ നില്ക്കുന്നു. ഒരു ബാല്യകാല ശീലം പോലെ അയാൾ ഇല പൊട്ടിച്ചു മണത്തു. പൂവായിട്ടുണ്ട്. ആഴ്ച്ചകൾക്കകം കായ് നിറയും. മാളൂന്‌ ഇഷ്ടമാവും. ഒരു തെങ്ങുമുണ്ട് പിന്നിൽ. അല്പം മാറി, അടിച്ച് നനയ്ക്കാൻ ഒരു വലിയ കരിങ്കല്ല്. മുൻപ് താമസിച്ചവർ ഒട്ടിച്ചു വെച്ചതിന്റെ ബാക്കിപത്രമെന്നോണം തേമ്പിയ, ഉണങ്ങിപ്പിടിച്ചൊരു മഞ്ഞപ്പാട അതിൽ കണ്ടു. വീട്ടിനുള്ളിൽ ആർഭാടമെന്ന് പറയാൻ രണ്ടേ രണ്ടു കാര്യങ്ങൾ - ഇളം മഞ്ഞ നിറത്തിലുള്ള, പഴയ രീതിയിലുള്ള മൊസേക്ക് തറയും, ചെറുപൂക്കളുടെ പടമുള്ള ടൈൽസ് പതിപ്പിച്ച അടുക്കളയുടേയും കുളിമുറിയുടേയും ചുവരുകളും. രണ്ടും ഇഷ്ടമായി. എല്ലാ ചുവരുകൾക്കും ആകാശനിറമാണ്‌. അവിടെയുമിവിടെയും ഇരുണ്ട് കൂടിയ മഴമേഘങ്ങളെ കണ്ടില്ലെന്ന് നടിച്ചു. ജനൽപാളികൾ പുറത്തേക്ക് തള്ളി തുറന്നപ്പോൾ, തണുത്ത കാറ്റ് പരിചയഭാവത്തിൽ അകത്തേക്ക് കയറി പോയി. ആരേയോ ക്ഷണിച്ചിരുത്താനെന്ന മട്ടിൽ വെയിൽ നിലത്ത് നീളത്തിൽ പായ വിരിച്ചിട്ടു.

കഴിഞ്ഞ ഏതാനുമാഴ്ച്ചകളായി സുനിലിന്റെ കൂടെ താമസിക്കുകയായിരുന്നു മഹേന്ദ്രൻ. വന്നതിന്റെ പിറ്റേന്ന് മുതൽ തുടങ്ങിയ വീടന്വേഷണമാണ്‌. ചില കാര്യങ്ങൾ ഒത്തു വരുമ്പോൾ, ചിലത് വഴുതി പോവും. ചില ദിവസങ്ങളിൽ ഒന്നിലധികം വീടുകൾ ചെന്ന് കാണുകയുണ്ടായി. ഒന്നിലും തൃപ്തി തോന്നിയില്ല. എല്ലാം വെറും കെട്ടിടങ്ങൾ. വീട് എന്നു തോന്നിയില്ല. മടുപ്പ് മൂടി തുടങ്ങുന്ന നേരത്താണാ വീട് കാണുന്നതും ഇഷ്ടപ്പെടുന്നതും. കുറച്ച് ആഴ്ച്ചകളായി പൂട്ടി ഇട്ടിരിക്കുകയായിരുന്നു. കയറി താമസിക്കും മുൻപ് വീട് പെയ്ന്റടിച്ചു തരാനായി വീട്ടുടമസ്ഥനോട് പറയാമെന്ന് സുനിൽ പറഞ്ഞത് മഹേന്ദ്രൻ സ്നേഹപൂർവ്വം തടഞ്ഞു. പെയ്ന്റടിയും ശേഷമുള്ള വൃത്തിയാക്കലും കഴിയും വരെ കാത്തിരിക്കാൻ വയ്യ. സുനിലിന്റെ ഭാഗത്ത് നിന്ന് ‘എത്ര നാള്‌ വേണമെങ്കിലും കൂടെ താമസിച്ചോ’ എന്ന വാഗ്ദാനമുണ്ടായിരുന്നെങ്കിലും, കുടുംബസമേതം താമസിക്കുന്ന ഒരാളുടെ വീട്ടിൽ കഴിയുന്നതിലുള്ള അനൗചിത്യവും അതുണ്ടാക്കുന്ന ജാള്യതയും ഒഴിവാക്കാൻ എത്രയും വേഗം തന്നെ താമസം മാറണം എന്ന തീരുമാനത്തിൽ ചെന്നുറയ്ക്കുകയായിരുന്നു.

മകൾ മാളവികയുടെ പരീക്ഷ നടന്നു കൊണ്ടിരിക്കുകയാണ്‌. അവളുടെ പരീക്ഷ കഴിഞ്ഞ് വേണം വിടുതൽ സെർട്ടിഫിക്കേറ്റ് വാങ്ങാൻ. പുതിയ വീടിനടുത്തുള്ള സ്കൂളിനെ പറ്റി നല്ല അഭിപ്രായമാണ്‌ കേട്ടത്. അവിടെ അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല. പഠിത്തതിലും സ്പോർട്സിലും അവൾ മുന്നിലാണ്‌. വീടിനെ കുറിച്ചുള്ള അഭിപ്രായം ചോദിക്കേണ്ടിയിരുന്നത് മാലിനിയോട്‌ മാത്രം. അവൾക്കിഷ്ടമാവുമെന്ന കാര്യത്തിൽ സംശയമില്ല. അയാളുടെ ഇഷ്ടങ്ങൾ എപ്പോഴും അവൾക്കും ഇഷ്ടമായിട്ടേയുള്ളൂ. വീടിന്റെ പല കോണിൽ നിന്നുമുള്ള ഫോട്ടോകൾ മഹി മാലിനിക്ക് വാട്സപ്പിൽ അയച്ചു കൊടുത്തു. തിരികെ ഒരു ‘തംസപ്പ്’ ചിത്രം ഉടൻ കിട്ടുകയും ചെയ്തു.

ഇനി വേണ്ടത് വീട്ടിലേക്കുള്ള സാധനങ്ങളാണ്‌. വരും ദിവസങ്ങളിൽ അതൊക്കെ ഒരോന്നോരോന്നായി വാങ്ങാം. കുടുംബവീട്ടിൽ നിന്നും എല്ലാമെടുത്ത് കൊണ്ട് പോരാനാവില്ല. അതൊക്കെയും ഇവിടെ കൊണ്ടിടാനിടവുമില്ല. തുടക്കത്തിലുള്ള ചിലവ് പ്രതീക്ഷിച്ച്, ചേർത്ത് കൂട്ടി വെച്ച പണം കൊണ്ട് വേണം പുതിയ സാധനങ്ങൾ വാങ്ങാൻ. പല കടകളിലും കയറിയിറങ്ങേണ്ടി വരും. ബൈക്ക് ഉള്ളത് നന്നായി. ഇവിടെ നിന്ന് ഒന്നു പച്ച പിടിച്ചിട്ട് വേണം ഒരു കാറ്‌ വാങ്ങാൻ. ഇവിടെ കാറിടാൻ പറ്റില്ല. അപ്പോൾ വേറെ വീട്ടിലേക്ക് മാറേണ്ടി വരും. ആഗ്രഹങ്ങൾ ആവശ്യങ്ങളുടെ കൈപിടിച്ചാണ്‌ നടക്കുന്നത്. ഒന്നിൽ പിടിച്ച് വലിച്ചാൽ എല്ലാം ഒന്നിനു പിറകെ ഒന്നെന്ന മട്ടിൽ വരും! വലിയ കാർ വാങ്ങാൻ വലിയ വീട്. വലിയ വീട് വാങ്ങാൻ വലിയ ശമ്പളം. വലിയ ശമ്പളം വാങ്ങാൻ വലിയ ജോലി. വലിയ ജോലി ലഭിക്കാൻ ഉയർന്ന വിദ്യാഭ്യാസം. ഉയർന്ന വിദ്യാഭ്യാസം നേടാൻ... എല്ലാമൊരു വലിയ ചങ്ങലയാണ്‌. ചങ്ങല പൊട്ടാതെ സൂക്ഷിക്കുന്നവർക്കത്രേ ജീവിതവിജയം!

ശനിയാഴ്ച്ച ദിവസം വന്ന് വീട് തൂത്ത് വൃത്തിയാക്കി. വായും മൂക്കും മൂടിക്കെട്ടി ചുവരുകൾ തൂത്ത് വൃത്തിയാക്കുമ്പോൾ കണ്ടു, ചുവരിലൊരിടത്ത് വെളിച്ചം കൊണ്ട് വരച്ചത്‌ പോലെ ഒരു കുരിശ് രൂപം. അവിടെ ആണിയിൽ ഒരു കുരിശ് ഉണ്ടായിരുന്നിരിക്കണം, ക്രൂശിതരൂപം മുഖം കുനിച്ച് കിടന്നിരിക്കണം. കുരിശെടുത്ത് കൊണ്ട് പോയിട്ടും അതിന്റെ പ്രഭ അവിടെ തന്നെ ബാക്കി നില്ക്കുന്നു. മഹി കുറച്ചു നേരം അതിലേക്ക് തന്നെ നോക്കി നിന്നു.

ഒരു പായ, പഞ്ഞി മെത്ത, മടക്കാവുന്ന ഒരു കസേര, ഒരു മണ്ണെണ്ണ സ്റ്റൗ അത്രയും വാങ്ങി. സുനിൽ ഒപ്പം തന്നെ ഉണ്ടായിരുന്നു, എല്ലാ കാര്യത്തിനും. വൈകുന്നേരമായപ്പോൾ, സുനിലിനോടും കുടുംബത്തിനോടും യാത്ര പറഞ്ഞ് വീട്ടിലേക്ക് കയറി. പാല്‌കാച്ചൽ മാലിനിയും മാളുവും വന്നിട്ട്. കുറച്ച് നേരം കസേരയിലിരുന്നപ്പോൾ, പെട്ടെന്ന് ഒറ്റയ്ക്കായത് പോലെ തോന്നി. ഒരു ചെറിയ റേഡിയോ വാങ്ങാമായിരുന്നു. അയല്ക്കാരെ നോക്കി ചിരിച്ചതേയുണ്ടായിരുന്നുള്ളൂ. വിശദമായി പരിചയപ്പെട്ടില്ല. ഇവിടുള്ളവരെങ്ങനെ? പരിചയപ്പെടുന്നത് പോലും ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ട്. ആ കൂട്ടത്തിൽ പെട്ടവരാകുമോ? മുറ്റത്തിറങ്ങി നടന്നു. കാറ്റ് പൊഴിച്ചിട്ട അരളിപ്പൂക്കൾ. മണ്ണിൽ മരം വരച്ചിട്ട അമൂർത്തച്ചിത്രങ്ങൾ. താഴ്ന്ന്, കൈ വിടർത്തിയത് പോലെ നിന്ന ഒരു കൊമ്പിൽ നിന്നും മഹി ഒരു പൂ പൊട്ടിച്ചു മണത്തു. ഗേറ്റിനോട് ചേർന്നാണ്‌ ലെറ്റർ ബോക്സ്. തുറന്ന് നോക്കി. കുറച്ച് കടലാസുകൾ. പരസ്യങ്ങളാണ്‌. അനാവശ്യമായത് അവശ്യമെന്ന് തോന്നിപ്പിക്കുന്ന പ്രലോഭനങ്ങൾ. പിറക് വശത്ത് കൊണ്ടു പോയി കൂട്ടിയിട്ട് കത്തിക്കാനായി കടലാസ്സുകളെല്ലാം വാരിപ്പിടിച്ചെടുത്ത് നടക്കുമ്പോൾ ഒരെണ്ണം ഊർന്ന് താഴേക്ക് വീണു. അയാൾ കുനിഞ്ഞ് അതെടുത്തു നോക്കി. ഒരു ഇൻലന്റ്. ഏതോ ഒരു ജേക്കബിന്റെ പേരിലാണ്‌ കത്ത്. വിലാസം ശരിയാണ്‌. പേര്‌ മാത്രം പരിചയമില്ല. ചിലപ്പോൾ മുൻപിവിടെ താമസിച്ചിരുന്ന ആളാവും. ശ്രദ്ധിച്ചു, നല്ല ഉരുണ്ട കൈയക്ഷരം. സ്കൂളിൽ പഠിക്കുന്ന കാലത്ത്, ‘നല്ലോണം ഉരുട്ടിയെഴുതു മോനെ’ എന്നുപദേശിച്ച അമ്മയേ ഓർത്തു. അമ്മയുടെ ശബ്ദം കേട്ടു. ഓർമ്മകളെ തൊട്ടുണർത്താൻ അക്ഷരങ്ങൾ ധാരാളം. അത് അപരിചിതരുടേത് ആയാൽ പോലും.

പിൻവശത്തേക്ക് പോവും വഴി, കത്തെടുത്ത് വരാന്തയുടെ അരമതിലിൽ വെച്ചു. ബാക്കിയുള്ളതെല്ലാം  കൊണ്ടു പോയി കൂട്ടിയിട്ട് കത്തിച്ചു. ശേഷം പോയി തണുത്ത വെള്ളത്തിൽ കുളിച്ച് പുകമണം കഴുകി കളഞ്ഞു. ഒരു ചായയിട്ട് അതും ഊതികുടിച്ച് മുൻവശത്തേക്ക് വരുമ്പോഴാണ്‌ വരാന്തയിൽ ഒറ്റയ്ക്ക് കിടക്കുന്ന ഇൻലന്റ് മഹി വീണ്ടും കാണുന്നത്. ഗ്ലാസ് അരമതിലിൽ വെച്ച് അയാൾ കത്തെടുത്ത് നോക്കി. സീല്‌ നോക്കിയപ്പോൾ മനസ്സിലായി, ഒരാഴ്ച്ച മുൻപ് വന്നതാണ്‌. ഇക്കാലത്ത് ആരാണ്‌ കത്തയക്കുന്നത്?! ഒന്ന് ഫോൺ വിളിച്ചാൽ പോരെ? തലേ ദിവസം പെയ്ത മഴയുടെ ഈർപ്പം കുടിച്ച് കത്ത് ചെറുതായി വാടി പോയിരുന്നു. ഉണങ്ങി കഴിഞ്ഞിട്ടും വാടിയതിന്റെ തെളിവെന്നോണം കടലാസ്സിൽ വളവുകൾ. 
ഹൗസ് ഓണറിനെ വിളിച്ച്, ജേക്കബിന്‌ കത്ത് വന്ന കാര്യം പറഞ്ഞാലോ? അതോ ഇത്രയും ദിവസം കഴിഞ്ഞത് കൊണ്ട് ഈ കത്തിന്റെ ഉടമസ്ഥൻ ഇനി തേടി വരില്ലെന്നുണ്ടാവുമോ? അത്യാവശ്യമൊന്നുമില്ലാത്ത കാര്യമായത് കൊണ്ടാവണമല്ലോ കത്തയച്ചത് അല്ലെങ്കിൽ ഫോണിൽ തന്നെ വിവരം പറയാവുന്നതല്ലെ? കുറച്ച് നേരം അതും നോക്കി ഇരുന്ന ശേഷം മഹി അകത്ത് പോയി മൊബൈലിൽ വീട്ടുടമസ്ഥനെ വിളിച്ചു.
‘ജേക്കബ്...ങാ...അത് മുൻപ് അവിടെ താമസിച്ചിരുന്ന ആളാ...’
‘അയാളുടെ പുതിയ അഡ്രസ്സ്...അല്ലെങ്കിൽ നമ്പറോ ഉണ്ടോ?’
‘മ്മ്...’ ഓർത്തെടുക്കാനുള്ള ശ്രമത്തിനു ശേഷം കേട്ടു,
‘നമ്പറൊണ്ട്...പക്ഷെ...അയാള്‌ പോയ ശേഷം ഞാനാ നമ്പറിൽ ഒരു പ്രാവശ്യം വിളിച്ചിരുന്നു...അതിപ്പോ ഇല്ലെന്നാണ്‌ അറിഞ്ഞത്...അയാൾടെ പുതിയ അഡ്രസ്സ് അറിഞ്ഞൂടാ...തിരികെ നാട്ടിലേക്ക് പോകുന്നൂന്നാണ്‌ പറഞ്ഞത്...സാധാരണ വീടൊഴിഞ്ഞ് പോകുന്നവരുടെ പുതിയ അഡ്രസ്സ് ഞാൻ ചോദിക്കാറില്ല...അവർക്ക് എന്തേലും ആവശ്യം ഒണ്ടെങ്കിൽ എന്നെ കോണ്ടാക്ട് ചെയ്യാലോ?’
അന്വേഷണവഴി അവിടെ വെച്ച് മുറിഞ്ഞു.
കുറച്ച് നേരം കത്തെടുത്ത് തിരിച്ചും മറിച്ചും നോക്കിയിരുന്നു. വായിക്കാൻ പുസ്തകങ്ങളില്ല, കേൾക്കാൻ റേഡിയോ ഇല്ല. ഒരു കത്ത് കൈയ്യിൽ തടഞ്ഞിട്ടുമുണ്ട്. സൗകര്യപൂർവ്വം മര്യാദ മറന്ന് മഹി കത്ത്‌ പൊട്ടിച്ചു. ധൃതി പിടിച്ചെഴുതിയ പോലുള്ള കൈയ്യക്ഷരം. മേൽവിലാസത്തിൽ കണ്ട അതേ കൈപ്പട. തിരക്കിട്ടെന്ന പോലെ ഉരുണ്ടുരുണ്ട് ഓടി പോകുന്ന അക്ഷരങ്ങൾ.

പപ്പാ,

പപ്പയെവിടെയാണ്‌? ഞങ്ങളോടൊന്നും പറയാതെ എങ്ങോട്ടാണ്‌ പോയത്? പപ്പേടെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. ഞങ്ങളെല്ലാരും പേടിച്ച് ഇരിക്കുകയാണ്‌. മമ്മ പറഞ്ഞിട്ടാണ്‌ എഴുതുന്നത്. കാശിന്റെ ആവശ്യമുണ്ട്. പപ്പ വന്നാൽ എല്ലാം ശരിയാവും. അല്ലെങ്കിൽ പപ്പ കുറച്ച് കാശ് അയച്ചു തരാമോ? കുറേ കാര്യങ്ങൾ പറയാനുണ്ട്. എല്ലാം പപ്പ വന്നിട്ട് പറയാം. എനിക്ക് പപ്പ വന്നിട്ട് വേണം സ്കൂളിൽ ചേരാൻ.
പപ്പാ വേഗം വാ.

പപ്പേടെ,
ആൻസിമോൾ

മഹി അശ്രദ്ധമായാണ്‌ കത്ത് വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ, മനസ്സിരുത്തി ഒരിക്കൽ കൂടി വായിക്കണമെന്ന് തോന്നി. ഇത്തവണ വായിച്ചപ്പോൾ, അക്ഷരങ്ങളിൽ നിന്നുമുയർന്ന ശബ്ദം മറ്റൊന്നായിരുന്നു. ഒരു നിലവിളി പോലെ തോന്നി ഓരോ വാക്കും. സ്കൂളിൽ പഠിക്കുന്ന ആൻസിമോൾ. ഒരു പക്ഷെ പ്രായം കൊണ്ട് അവളും മാളുവിനെ പോലെ ആയിരിക്കും. പക്ഷെ വീട്‌ മാറി പോയിട്ടും സ്കൂളിൽ ഇതുവരെ ചേർന്നിട്ടില്ല. അതിനർത്ഥം... അവൾക്ക് പരീക്ഷ എഴുതാനായില്ല എന്നല്ലേ? വീണ്ടും വായിച്ചു. ആ കുട്ടി ആദ്യമായിട്ടാവും കത്തെഴുതുന്നത്. അതും അവളുടെ പപ്പായ്ക്ക്. ജേക്കബ് അവരെ വിട്ട് എങ്ങോട്ടാണ്‌ പോയത്? ഇപ്പോൾ വീട്ടുചിലവുകൾ എങ്ങനെയാണവർ നടത്തുന്നത്? ആലോചിക്കും തോറും ഒരു പാട് കാര്യങ്ങളിലേക്ക് മനസ്സ് വലിച്ചു കൊണ്ടു പോകുന്നത് പോലെ തോന്നി. ഇതൊന്നും, തന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. പലവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ചുറ്റിലും ധാരാളമുണ്ട്. അവരെയൊന്നും തനിക്ക് സഹായിക്കാനാവില്ല. ഈ കത്ത് അയച്ചിട്ട് ദിവസങ്ങളായില്ലേ? ചിലപ്പോൾ ജേക്കബ് ഇപ്പോഴേക്കും തിരികെ വീട്ടിലെത്തിയിട്ടുണ്ടാവും. കത്തയച്ചതിനെ കുറിച്ച് പറഞ്ഞ് ആ അച്ഛനും മകളും ചിരിച്ചിട്ടുണ്ടാവും. മഹി കത്തുമായി അകത്തേക്ക് നടന്നു. ഒഴിഞ്ഞ മുറികൾ. അതു കൊണ്ട് തന്നെ മുറികൾക്ക് നല്ല വലിപ്പവും വിസ്താരവും തോന്നുന്നുണ്ട്. ജനലിനു സമീപം കത്ത് കൊണ്ട് വെച്ചിട്ട് അയാൾ അടുക്കളയിലേക്ക് പോയി. ചായ ഉണ്ടാക്കാനുപയോഗിച്ച പാത്രങ്ങൾ കഴുകി വെച്ചു. കിടപ്പുമുറിയിൽ വന്ന് ചുരുട്ടി വെച്ച മെത്ത തറയിൽ നിവർത്തിയിട്ടു. കിടന്നു കൊണ്ട് വീട്ടിലേക്ക് ഫോൺ വിളിച്ചു.

മാളു പരീക്ഷ നന്നായി എഴുതി. മാലിനി വീട്ടുസാധനങ്ങൾ പുതിയ വീട്ടിലേക്കായി അടുക്കാനും ഒതുക്കാനും തുടങ്ങി. സന്തോഷം തരുന്ന വാർത്തകൾ. സന്തോഷത്തിന്റെ കളങ്ങൾക്കിടയിലും കത്തിലെ വരികൾ കറ പിടിച്ചു കിടക്കുന്നത് പോലെ. മഹി സുനിലിനെ വിളിച്ചു കാര്യം പറഞ്ഞു.
‘നീ ഇത്ര വറീഡ് ആവുന്നതെന്തിനാ? നിനക്ക് അവരെ ചെന്ന് സഹായിക്കാൻ തോന്നുന്നുണ്ടാവും അല്ലെ?’
‘ഉം...’ അധികം ശക്തിയില്ലാത്തൊരു മൂളലായിരുന്നു അത്.
‘ങാ! നിനക്കിപ്പോ അങ്ങനെയൊക്കെ തോന്നും...അയാള്‌ എന്തെങ്കിലും കന്നംതിരിവ്‌ ഒപ്പിച്ച് വെച്ചിട്ട് എങ്ങോട്ടെങ്കിലും മുങ്ങീട്ടുണ്ടാവും...അതു കൊണ്ടല്ലെ വീട്ടിൽ പോലും കേറാതെ നടക്കുന്നത്? വീട്ടുകാർക്ക് പോലും അയാള്‌ ഫോൺ നമ്പറ്‌ കൊടുത്തിട്ടില്ല... അങ്ങനെയൊള്ള ഒരുത്തനെ തന്നെ നിനക്ക് ഹെല്പ് ചെയ്യണം അല്ലെ?’
സുനിലിന്റെ ചിരി കേട്ടു.
അവൻ പറയുന്നത് ശരിയാവണം...എന്തോ തരികിട ഒപ്പിച്ചിട്ടാവും മുങ്ങിയത്. കാശ് തട്ടിപ്പ്? അടിപിടി കേസ്? ഇനി ചിലപ്പോൾ...കൊലപാതകം? ആർക്കറിയാം?
സുനിലിന്‌ പ്രായോഗിക ബുദ്ധിയുണ്ട്. തനിക്ക് വെറും വികാരംകൊള്ളൽ മാത്രം. ഒന്ന്‌ തലച്ചോറും മറ്റൊന്ന് ഹൃദയവും.
സുനിലിനോട് ബൈ പറഞ്ഞ് ഫോൺ വെച്ചു. രാത്രി ഭക്ഷണം പുറത്ത് നിന്നാവാം. കുറച്ചു കൂടി കഴിയട്ടെ. വിശപ്പ് കത്തിപ്പിടിക്കട്ടെ. മഹി മയങ്ങാൻ കണ്ണുകളടച്ചു.

പിറ്റേന്ന് പകൽ സമയം മുറ്റം നോക്കി വരാന്തയിൽ ഇരിക്കുമ്പോൾ കണ്ടു, മണ്ണിൽ കിടക്കുന്ന ചുള്ളിക്കമ്പുകൾ ഒരു പക്ഷി വന്നു കൊത്തിക്കൊണ്ട് പോവുന്നത്. ദൂരെ എവിടെയോ ഒരു മരത്തിൽ കൂടൊരുക്കുന്ന ആ പക്ഷി തന്നെ അനുകരിക്കുകയാണോ? അതോ താൻ ആ പക്ഷിയെ അനുകരിക്കുകയാണോ?! ആര്‌ ആരെ അനുകരിക്കുകയാണെന്നറിയാതെ പോകുന്നതിലും ഒരു സൗന്ദര്യമുണ്ടെന്നും അതേക്കുറിച്ച്, അടുത്തവട്ടം ഫോണിൽ മാലിനിയെ വിളിക്കുമ്പോൾ പറയണമെന്നും ഉറപ്പിച്ചു.
‘ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയപ്പോ വല്യ കവിയായി പോയോ? വല്ലതും എഴുതാൻ തോന്നുവാണേൽ എഴുതി വെച്ചോ! വരുമ്പോ എന്നെ വായിച്ചു കേൾപ്പിക്കാലോ!’

ഇടയ്ക്കൊരു വട്ടം മഹി വീട്ടിൽ പോയി വന്നു. പുതിയ വീടും പരിസരവും വിവരിച്ച് ഭാര്യയേയും മകളേയും കൊതിപ്പിച്ച് അയാൾ നിർവൃതിയടഞ്ഞു.

തിരികെ വന്നപ്പോൾ അയാളേയും കാത്ത് കിടപ്പുണ്ടായിരുന്നു, മറ്റൊരു കത്ത്. അതേ കൈപ്പട.
ജേക്കബ് ഇതുവരെയും വീട്ടിൽ മടങ്ങിയെത്തിയില്ലേ?
എന്തിനാണ്‌ മറുപടി കിട്ടാതിരിക്കുമ്പോൾ വീണ്ടും കത്തയക്കുന്നത്? 
‘എന്റെ ജേക്കബേ, താനെവിടെ പോയി കിടക്കുവാണ്‌?...തനിക്ക് വീട്ടിലൊന്ന് പോയി തല കാണിച്ചൂടെ?’
ഇപ്പോൾ ഒറ്റയ്ക്കായപ്പോൾ, പല കാര്യങ്ങളും ഉറക്കെ പറഞ്ഞാണ്‌ ചെയ്യുന്നത്. ചിന്തകളെ ശബ്ദങ്ങളായി സ്വതന്ത്രരാക്കുന്നതിലുള്ള സുഖം! ആരും കേൾക്കാനില്ല. അത് കൊണ്ട് എന്തും ഉറക്കെ വിളിച്ചു പറയാം. ഉറക്കെ ചിന്തിക്കാം, ചോദിക്കാം, ഉത്തരം പറയാം, വഴക്കിടാം, ആശ്വസിപ്പിക്കാം... എല്ലാം അവനവനോട്‌. ഗൂഢമായൊരു ആനന്ദം!

മഹി കസേരയിലിരുന്നു കത്ത് പൊട്ടിച്ചു.

എന്റെ പപ്പാ,

പപ്പ എന്താ ഇതുവരെ വരാത്തത്? പപ്പക്ക്‌ ഞാനയച്ച കത്ത് കിട്ടീല്ലെ? അന്ന് പപ്പ എന്തിനാ അവരോട് വഴക്കിടാൻ പോയത്? പപ്പ അയാളെ തല്ലീട്ടല്ലെ എല്ലാം കുഴപ്പമായത്? ഞാൻ പപ്പയെ പിടിച്ച് വലിച്ചതല്ലെ? മമ്മ പറയുന്നത് പപ്പേടെ ദേഷ്യമാണ്‌ എല്ലാത്തിനും കാരണമെന്നാ. മിനിയാന്ന് വീട്ടിലേക്ക് ആരൊക്കെയോ ഫോൺ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. എനിക്കും മമ്മക്കും നല്ല പേടിയുണ്ട്. പപ്പ എത്രയും വേഗം കുറച്ച് കാശ് അയച്ചു തരാനാ മമ്മ പറയുന്നത്.

പപ്പ വേഗം വാ. ഇത് കിട്ടിയാൽ ഉടനെ പപ്പ വിളിക്കണം. അല്ലേൽ പപ്പേടെ ആൻസിമോള്‌ പിണങ്ങും. കേട്ടോ?

പപ്പേടെ,
ആൻസിമോൾ

മഹി കത്തും പിടിച്ച് കുറച്ച് നേരമിരുന്നു.
‘എന്റെ പൊന്നു ജേക്കബേ, താനെന്തൊക്കെയാ ഒപ്പിച്ചു വെച്ചിരിക്കുന്നത്?’ മഹി പതിയെ ചോദിച്ചു.
കാശിന്റെ കാര്യമാണെങ്കിൽ ചെറിയ വല്ല സഹായവും ഇരുചെവിയറിയാതെ ചെയ്യാം. പക്ഷെ കുറഞ്ഞപക്ഷം ഈ ജേക്കബിന്റെ വിലാസമെങ്കിലും അറിയണം.
എവിടെയാണവർ?
എവിടെയാണയാൾ?
ശരിക്കും അയാൾക്ക് എന്താവും സംഭവിച്ചിരിക്കുക?

ഒരാഴ്ച്ച അവധിയെടുത്ത് മഹി കുടുംബവീട്ടിലേക്ക് പോയി. മാളുവിന്റെ പരീക്ഷ കഴിഞ്ഞിരിക്കുന്നു. അങ്കമൊഴിഞ്ഞു. അങ്കത്തട്ട് ശൂന്യമായി. ഇനി ആഴ്ച്ചകൾ കഴിഞ്ഞേ സ്കൂൾ തുറക്കുകയുള്ളൂ. സ്കൂളിൽ ചെന്ന് വിടുതൽ സെർട്ടിഫിക്കേറ്റ് കിട്ടാനുള്ള അപേക്ഷ കൊടുത്തു. സാധനങ്ങൾ ചിലതൊക്കെ പുതിയ വീട്ടിലേക്ക് കൊണ്ടു വരാൻ തീരുമാനമായി. മാലിനിയുടെ ബുദ്ധിപരമായ ചില ഇടപെടലുകൾ ഉണ്ടായി. ഫർണീച്ചറുകൾ എല്ലാം കൂടി പുതിയ വീട്ടിലേക്ക് മാറ്റണ്ട. ചിലത് ഇവിടെ തന്നെ കിടക്കട്ടെ. വീട് വാടകയ്ക്ക് കൊടുക്കുമ്പോൾ ഫർണീച്ചറടക്കം കൊടുത്താൽ വാടക കൂടുതൽ ചോദിക്കാമല്ലോ? ബുദ്ധിമതി!
മാളു ആകെ ത്രില്ലിലാണ്‌. അവൾ കൂട്ടുകാരെയൊക്കെ പുതിയ ഇടത്തേക്ക് പോകുന്നതിന്റെ വിശേഷം അറിയിച്ചു കഴിഞ്ഞു. അവർ അവളോട് ഒരു പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നു! ഈ തലമുറയിലെ കുട്ടികൾ! പിരിഞ്ഞു പോകുന്നതിൽ ഒരു വിഷമവുമില്ലെ?

മാലിനിക്കും മാളുവിനും പുതിയ വീട്ടിലേക്ക് വരാനുള്ള വാഹനം വരെ പറഞ്ഞു വെച്ച ശേഷമാണ്‌ മഹി വന്നത്. ഒരു പൂർണ്ണത അനുഭവപ്പെട്ടു. എല്ലാ കള്ളികളിലും ടിക്ക് ചിഹ്നം വീണിരിക്കുന്നു! എല്ലാം പദ്ധതി പ്രകാരം തന്നെ നടക്കുന്നു. പലതും താനല്ല ചെയ്യുന്നത് എന്നു പോലും തോന്നുന്നു. ചിലതൊക്കെ താൻ ചെയ്തു പോവുന്നതാണ്‌. ചിലതൊക്കെ തന്നെ കൊണ്ട് ആരോ ചെയ്യിക്കുന്നതാണ്‌.

മടങ്ങി വന്ന് മുറിയിലേക്ക് കയറിയപ്പോൾ ആശ്വാസം. മകളുടെ മുറി, തന്റേയും മാലിനിയുടേയും മുറി. ഏതു ദിശയിലേക്ക് വേണം മേശ തിരിച്ചിടേണ്ടത്? കട്ടിൽ, ടിവി, അലമാര...എല്ലാത്തിനും സ്ഥാനം കണ്ടുപിടിക്കണം. ആദ്യമായിട്ട് ചെയ്യുകയാണ്‌. കുടുംബവീട്ടിൽ എല്ലാത്തിനും ഒരു സ്ഥാനം ആരോ എന്നോ കണ്ടുവെച്ചിരുന്നു. എല്ലാം ലോകാരംഭം മുതല്ക്കെ അവിടെ ഉണ്ടായിരുന്നു എന്നവണ്ണം സ്ഥാനം പിടിച്ചിരുന്നു. അതിനൊന്നും ഒരിക്കലും സ്ഥാനചലനം സംഭവിച്ചിരുന്നില്ല. ഇരിക്കുമിടത്ത് ഉറച്ച് പോയത് പോലെ ആയിരുന്നു എല്ലാം. ഇവിടെ എല്ലാ വർഷവും എല്ലാമൊന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിടണം. അപ്പോൾ മാത്രമേ പുതുമ അനുഭവപ്പെടൂ. എല്ലാമൊരു തോന്നലാണ്‌. കാഴ്ച്ചകൾ മാറുന്നു എന്നേ ഉള്ളൂ. സ്വന്തം മനസ്സിനെ പറ്റിക്കാൻ ചിലവേതുമില്ലാത്ത വിദ്യ. ഈ ആശയം മാലിനിയോട് പങ്കുവെയ്ക്കണം. തന്നെ അഭിനന്ദിക്കാനും അവൾക്ക് അവസരങ്ങൾ കൊടുക്കണമല്ലോ! മനസ്സിലേക്ക് ആ പക്ഷി പെട്ടെന്ന് ചിറകടിച്ച് കയറി വന്നു. അതിപ്പോൾ ഏതോ ഒരു മരക്കൊമ്പിൽ കൂടൊരുക്കുകയാവും. ചിലപ്പോൾ പൂർത്തിയാക്കിയിട്ടുണ്ടാവും. താൻ ആ പക്ഷിയുമായി മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലെ...എത്ര വിചിത്രമായ ചിന്ത! ചിലപ്പോൾ ആ പക്ഷി മറ്റൊരു പക്ഷിയുമായി മത്സരിക്കുകയാവും. ചുറ്റിലും മത്സരങ്ങളാണ്‌! അറിഞ്ഞും അറിയാതെയും!

മുറ്റത്തേക്കിറങ്ങി നടന്നു. വീട്ടിനുള്ളിൽ മാത്രമല്ല തന്റെ കണ്ണു പതിയേണ്ടത്. പിൻവശത്തായി ഒരു ചെറിയ പച്ചക്കറിത്തോട്ടം ഒരുക്കണം. മാളുവിനാണ്‌ താത്പര്യം. അവൾ അക്വാപോണിക്സിലും താത്പര്യം കാട്ടിത്തുടങ്ങിയിരിക്കുന്നു. അതിന്റെ ചില വീഡിയോകൾ യൂട്യൂബിലും മറ്റും കണ്ട് എന്തൊക്കെയോ മനസ്സിലാക്കി വെച്ചിട്ടുണ്ട്. അവൾ വന്ന ശേഷം വേണം അതെല്ലാമൊരുക്കി കൊടുക്കാൻ.

നടന്ന് നടന്ന് ലെറ്റർ ബോക്സിനു മുന്നിലെത്തി. 
‘ജേക്കബേ, പരീക്ഷിക്കരുത്! ഇന്നും വല്ല കത്തും കണ്ടാൽ ഞാൻ ശരിക്കും ശപിച്ചു കളയും!’
ബോക്സ് തുറന്നപ്പോൾ അതാ കിടക്കുന്നു നീല നിറമുള്ളൊരു ഇൻലന്റ്. ശരിക്കും വിഷം തീണ്ടിയ കത്ത്. തൊടാൻ വയ്യ!
കഴിഞ്ഞ ഒരാഴ്ച്ച എത്ര സുഖമുള്ളതായിരുന്നു, സമാധാനപൂർണ്ണമായിരുന്നു, സന്തോഷകരമായിരൂന്നു!
എല്ലാത്തിനും തടയിടാൻ ഇതാ ഒരു കത്ത്. 
നിലവിളികളടങ്ങിയ നീലിച്ച ഒരു കത്ത്.
അതെടുക്കാതെ അയാൾ പിന്തിരിഞ്ഞു നടന്നു.

ചെന്ന് വരാന്തയിൽ അരമതിലിൽ ഇരുന്നു. പോസ്റ്റ് ബോക്സിനുള്ളിൽ കിടക്കുന്ന കത്ത് തന്നെ വിളിക്കുന്നു. ആകാംക്ഷ അടക്കാനാവുന്നില്ല. ഇനി ആ കത്തിൽ എന്ത് എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും സാക്ഷാത്ക്കരിച്ചു കൊടുക്കാനോ, അവരെ സമാധാനിപ്പിക്കാനോ തനിക്കാവില്ല. ദുഃഖം പങ്കിടുക എന്ന പരിപാടി തനിക്ക് വശമില്ലാത്തതാണ്‌. എന്നാൽ ഇത്... തന്നെ വെറുതെ വേദനിപ്പിക്കാൻ മാത്രമായി ഇടവേളകളിൽ വരുന്ന വലിയൊരു സ്വൈര്യക്കേട്. ശത്രു തന്നെ. മനസ്സമാധനമുടച്ച് കളയാൻ വേണ്ടി മാത്രം, വിളിക്കാതെ വരുന്ന അതിഥി.

അല്പനേരം ബോക്സിലേക്ക് തന്നെ നോക്കി ഇരുന്ന ശേഷം മഹി ചെന്ന് ആ കത്തെടുത്തു തിരിഞ്ഞു നടന്നു. കത്തും പിടിച്ച് കുറച്ച് നേരം അരമതിലിൽ ഇരുന്നു. പരിചിതമായ കൈപ്പട. പരിചിതമായ പേര്‌. അയാൾ ദീർഘമായി നിശ്വസിച്ചു. സമീപം ഇരുന്ന് ആരോ, തന്റെയൊപ്പം നിശ്വസിച്ചതായി ഒരു നിമിഷമയാൾക്ക് തോന്നി. കത്ത് പൊട്ടിച്ചു.

പപ്പാ,

കത്ത് വായിക്കുകയല്ല. കേൾക്കുകയാണ്‌. ആൻസിമോൾക്ക്‌ ഒരു മുഖം പോലും ഉള്ളിൽ തെളിയുന്നുണ്ടിപ്പോൾ. ആ കുട്ടിയുടെ ദുർബ്ബലശബ്ദം കേൾക്കാമെന്നായിരിക്കുന്നു. പപ്പാ എന്ന സംബോധന ഇതുവരെ വായിച്ചപ്പോൾ കേട്ടത് പോലെയല്ല ഇത്തവണ. നൈരാശ്യവും ഈർഷ്യവും ആ വിളിയിൽ കലർന്നിരിക്കുന്നത് പോലെ തോന്നി.

അയാൾ വായന തുടർന്നു.

ഞാനിത് മമ്മ അറിയാതെ അയക്കുന്നതാണ്‌.
പപ്പ എത്രയും പെട്ടെന്ന് വന്നേ പറ്റൂ. കുറച്ച് ദിവസം മുൻപ് ആരൊക്കെയോ വീട്ടിൽ വന്നു. കാശ്‌ തരണം എന്നും പറഞ്ഞ് മമ്മേ ഒരുപാട് വഴക്ക് പറഞ്ഞു. ഞാനും മമ്മേം കുറേ കരഞ്ഞു. ഇന്നലെ ബാങ്കിൽ നിന്നും ഒരാള്‌ വന്ന് എന്തോക്കെയോ മമ്മയോട് പറഞ്ഞു. നമ്മള്‌ വീട് വിട്ട് പോവേണ്ടി വരും എന്ന് മമ്മ പറഞ്ഞു. പപ്പ വന്നാൽ എല്ലാം ശരിയാകും. പപ്പേ മമ്മ ഒന്നും പറയൂല്ല. പപ്പ എത്രയും പെട്ടെന്ന് വരണം. മമ്മക്ക് നല്ല സുഖമില്ല. ഞാനും മമ്മയും കൂടി ആശുപത്രിയിൽ പോയി. എന്തൊക്കെയോ ടെസ്റ്റും സ്കാനും ചെയ്യണം എന്ന് ഡോക്ടറ്‌ പറഞ്ഞു. പക്ഷെ മമ്മ ഒന്നിനും പോണില്ല. അതിനൊന്നും പൈസ ഇല്ലെന്നാണ്‌ മമ്മ പറയുന്നത്. പപ്പ വന്ന് മമ്മേ കൊണ്ടു പോണം. എനിക്ക് പേടിയാവുന്നു പപ്പാ.

പപ്പേടെ,
ആൻസിമോൾ

ചില അക്ഷരങ്ങൾ നനഞ്ഞത് പോലെ പടർന്നു പോയിട്ടുണ്ട്. ആദ്യം കണ്ട കത്തിലേത് പോലെയല്ല, അക്ഷരങ്ങൾക്ക് ഭംഗി നഷ്ടപ്പെട്ടിരിക്കുന്നു. അക്ഷരങ്ങൾ ഉരുണ്ട് വീണ്‌ ചളുങ്ങിയത് പോലെ. മഹി കസേരയിൽ തളർന്ന് ഇരുന്നു. വേണ്ടായിരുന്നു. കത്ത് പൊട്ടിക്കണ്ടായിരുന്നു. തന്റെ സന്തോഷവും ഉന്മേഷവുമെല്ലാം എവിടേക്കോ ഒഴുകിയൊലിച്ചു പോയിരിക്കുന്നു. ശക്തിയൊക്കെയും ചോർന്ന്, തീർത്തും ദുർബ്ബലനായി പോയിരിക്കുന്നു താൻ. ഇപ്പോൾ വേദന ആയിരിക്കുന്നത് ജേക്കബ് മാത്രമല്ല, ആൻസിമോളും, ആൻസിമോൾടെ മമ്മയുമാണ്‌. ആൻസിമോളെ മാത്രമല്ല, ആ സ്ത്രീയേയും ഇപ്പോൾ തനിക്ക് കാണാമെന്നായിരിക്കുന്നു.

ആ കത്ത് എടുക്കണ്ടായെന്നും വായിക്കണ്ടായെന്നു വിചാരിച്ചുവെങ്കിലും, മഹി പലതവണ അതെടുത്ത് വായിച്ചു. ആ കത്ത് മാത്രമല്ല. അതിനു മുൻപ് വന്ന രണ്ട് കത്തുകളും. ഒരോ തവണ വായിക്കുമ്പോഴും ഒരോ പുതിയ കഥ അയാളുടെ മുന്നിൽ വഴി തുറന്നു വന്നു. ആ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ ഒരോ തവണയും ഒരോ പുതിയ കാഴ്ച്ചകൾ അയാൾക്ക് മുന്നിൽ തെളിഞ്ഞു വന്നു. മനസ്സ് കുഴഞ്ഞ് തളർന്ന് ഒടുവിൽ മഹി ക്ഷീണിതനായി. എല്ലാ വഴിയും ചെന്നു നില്ക്കുന്നത് ഒരു ചെറിയ വീട്ടിലാണ്‌. അവിടെ ആൻസിമോളും അവളുടെ മമ്മയുമുണ്ട്. അവർ ക്രൂശിതരൂപത്തിനു മുന്നിൽ മുട്ടു കുത്തി നിന്നു പ്രാർത്ഥിക്കുന്നു. ഒരിക്കൽ അവർ ഈ വീട്ടിലായിരുന്നില്ലേ? അവരുടെ സന്തോഷവും ദുഃഖവും വിഹ്വലതയുമൊക്കെ ഈ ചുവരുകൾക്കുള്ളിൽ നിറഞ്ഞു കിടന്നിരുന്നു ഒരിക്കൽ. ഒരു പക്ഷെ താൻ മാളുമോൾക്കായി കണ്ടു വെച്ചിരിക്കുന്ന മുറിയിൽ ഇരുന്നാവും ആൻസിമോളും സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവുക, അവിടെ ഇരുന്നാവും അവൾ പഠിച്ചിട്ടുണ്ടാവുക. അവളുടെ കളിക്കും ചിരിക്കും ആ ചുവരുകൾ സാക്ഷിയായിട്ടുണ്ടാവും.

കത്തിൽ പറഞ്ഞ ആ വഴക്ക്...അത് സംഭവിച്ച ദിവസം ജേക്കബും ഭാര്യയും സംഘർഷത്തോടെ താനിപ്പോൾ ഇരിക്കുന്ന മുറിയിൽ ഇരുന്ന് ‘ഇനിയെന്ത്?’ എന്ന് ഉറക്കമൊഴിച്ച് ചിന്തിച്ചിട്ടുണ്ടാവും. ഒരു പക്ഷെ ഭാര്യയെ പോലും അറിയിക്കാതെ അയാൾ ആ രാത്രി ഇറങ്ങി പോയിട്ടുണ്ടാവാം.
‘ജേക്കബേ, ഇത്രയും ക്രൂരത പാടില്ല...ആ കുഞ്ഞ് കെഞ്ചുന്നത് കേൾക്കുന്നില്ലെ? എത്രയും വേഗം വീട്ടിലേക്ക് ചെല്ലൂ’

ഞായറാഴ്ച്ച രാവിലെ ഷേവ് ചെയ്യാൻ മഗ്ഗിൽ വെള്ളം നിറച്ച് കണ്ണാടിക്ക് മുന്നിൽ നില്ക്കുമ്പോൾ, കണ്ണാടിയിൽ കാണുന്നത് മറ്റാരെയോ ആണെന്ന് മഹിക്ക് തോന്നി. കുറ്റിത്താടിയും, ക്ഷീണിച്ച കണ്ണുകളുമായി ആരോ തന്നെ സൂക്ഷിച്ചു നോക്കുന്നു. തനിക്ക് വിദൂരപരിചയം മാത്രമുള്ള ആരോ ഒരാൾ. 

രണ്ട് ദിവസങ്ങൾ കഴിഞ്ഞ് സുനിലിനെ സന്ദർശിച്ച് പിരിയുന്ന നേരം മഹി പറഞ്ഞു, 
‘മാളൂന്‌ കുറച്ച് പുസ്തകങ്ങൾ വാങ്ങണം. ഇവിടെ എവിടെയാ നല്ലൊരു ബുക്ക് സ്റ്റാൾ?’
ബുക്ക് സ്റ്റാളിന്റെ പേരും അവിടേക്കുള്ള വഴിയും പറഞ്ഞു കൊടുക്കുന്നതിനൊപ്പം സുനിൽ പറഞ്ഞു.
‘കോമിക്സ് മാത്രമല്ല, നല്ല ഇൻസ്പിറേഷൻ ബുക്ക്സും അവിടെ കിട്ടും’
അതേക്കുറിച്ച് ആലോചിച്ചു കൊണ്ട് മഹി പറഞ്ഞു,
‘ജീവിതവിജയം നേടിയവരെ കുറിച്ചുള്ള പുസ്തകങ്ങളല്ല ശരിക്കും വേണ്ടത്...പരാജയപ്പെട്ടു പോകുന്നവരുടെ ജീവിതകഥകളാണ്‌ വേണ്ടത്...അതിൽ നിന്നേ എന്തെങ്കിലും പഠിക്കാനുണ്ടാവൂ...പക്ഷെ പരാജിതരുടെ കഥ പോലും ആർക്കും വേണ്ട’
അറിയാതെ പറഞ്ഞു പോയതാണ്‌. അതിനു മുൻപൊരിക്കലും അത്രയും വിചിത്രമായി അയാൾ സംസാരിച്ചിട്ടുണ്ടായിരുന്നില്ല. മഹി ആ വിധം സംസാരിക്കുന്നത് സുനിൽ കേട്ടിരുന്നുമില്ല. ‘ഇതെന്ത് പറ്റി?’ എന്ന മുഖഭാവത്തോടെ സുനിൽ നോക്കി നില്ക്കുമ്പോൾ, മഹി ജാള്യതയോടെ പെട്ടെന്ന് യാത്ര പറഞ്ഞ് തിരിഞ്ഞു.
നടക്കുമ്പോൾ മഹി തന്നെ കുറിച്ച് തന്നെ ആലോചിക്കുകയായിരുന്നു. തനിക്കെന്താണ്‌ സംഭവിച്ചത്? സംഭവിച്ചു കൊണ്ടിരിക്കുന്നത്? ഈ ജേക്കബ്...എവിടെയാണയാളെ ഒന്നിറക്കി വിടുക? ജീവിതദംശമേറ്റ മനുഷ്യരെ കുറിച്ചോർക്കാതിരിക്കാനെന്താണ്‌ വഴി?

ഏതാനും ദിവസങ്ങൾക്ക് ശേഷം മാലിനിയും മാളുവും മഹിയുടെയൊപ്പം വന്നു ചേർന്നു. പിന്നാലെ തന്നെ വീട്ടുസാധനങ്ങളും. എല്ലാം നിശ്ചയിച്ച സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ സമയമെടുക്കും. ആഹ്ലാദം നിറഞ്ഞ ദിവസമായിരുന്നു അന്ന്‌. മഹി അവരേയും കൂട്ടി സിറ്റിയിൽ പോയി. നിറങ്ങളുടേയും ശബ്ദങ്ങളുടേയും ഇടയിലൂടെ അത്ഭുതം നിറഞ്ഞ കണ്ണുകളുമായി അവർ നടന്നു. ഹോട്ടലിൽ നിന്ന്‌ ഭക്ഷണവും കഴിച്ച് രാത്രിയോടെയാണ്‌ തിരികെയെത്തിയത്. 

ഉറങ്ങാനായി മുറിയിലേക്ക് കയറുമ്പോഴാണ്‌, ജനലിനരികിലായി വെച്ചിരുന്ന കത്തുകൾ മാലിനിയുടെ കണ്ണിൽ കുടുങ്ങിയത്. 
‘ഇതാരാ ഈ കത്തൊക്കെ അയക്കുന്നത്? എന്റെ കണ്ണ്‌ തെറ്റിയതും കത്തൊക്കെ വരാൻ തുടങ്ങിയോ?’
മഹിയെ നോക്കി അവൾ കണ്ണിറുക്കി.
‘ഏയ്...അതിവിടെ മുൻപ് താമസിച്ചിരുന്ന ആൾക്ക് വന്നതാ...ഞാൻ ചുമ്മാതെ എടുത്തു വെച്ചതാ...വന്നാൽ കൊടുക്കാലോ’
‘എന്നിട്ടെന്തിനാ മഹിയേട്ടൻ ഇത് പൊട്ടിച്ചത്? മറ്റുള്ളവർക്ക് വരുന്ന കത്ത് പൊട്ടിച്ച് വായിക്കുന്നത് മോശമാ കേട്ടോ‘ അതു പറഞ്ഞ് അവൾ കത്ത് തുറന്ന് വായിക്കാൻ തുടങ്ങി.
വായിക്കട്ടെ...തനിക്കൊറ്റയ്ക്ക് താങ്ങാനാവില്ല...
മഹി മാലിനിയെ തന്നെ നോക്കി ഇരുന്നു. ഒന്നിനു പിറകെ ഒന്ന്. മൂന്ന് കത്തുകളും വായിച്ച ശേഷം മാലിനി മഹിയെ തന്നെ നോക്കി ഇരുന്നു.
’മഹിയേട്ടൻ...ഈ പറയുന്ന ആളെ കുറിച്ച് തെരക്കിയോ?...എന്തേലും വിവരം കിട്ടിയോ?‘
അയൽവാസിയോട് മുൻപൊരു ദിവസം സംസാരിച്ചത് മഹി ഓർത്തു.
’ഓ, അയാളോ? അയാൾക്ക് മംഗലാപുരത്തും ഗോവേലുമൊക്കെ പോയി തുണി വാങ്ങിക്കൊണ്ട് വന്ന് സിറ്റീല്‌ ചെല കടകളില്‌ കൊടുക്കുന്നതാ പണി...അങ്ങനാ എന്നോട് പറഞ്ഞിട്ടുള്ളത്...അത്ര ഫ്രണ്ട്ലി ഒന്നും ആയിരുന്നില്ല. കണ്ടാൽ ചിരിക്കും...അത്ര തന്നെ...ഒരു ദിവസം അങ്ങ് വീടൊഴിഞ്ഞ് പോയി. കാര്യമെന്താന്നൊന്നും തെരക്കാൻ പറ്റീല്ല‘
ആ കേട്ടത് മഹി പറഞ്ഞപ്പോൾ എന്തോ ആലോചിച്ച് മാലിനി മുഖം കുനിച്ച് ഇരുന്നു. അവളുടെ കൈയ്യിൽ നിന്നും ഊർന്ന് പോകാൻ തുടങ്ങിയ കത്തുകൾ വാങ്ങി മഹി ജനലിനരികിൽ തന്നെ വെച്ചു.
’താനെന്തിനാ അതുമിതും ആലോചിച്ച് വിഷമിക്കുന്നത്...അതൊക്കെ അവര്‌ എങ്ങനേങ്കിലും സോൾവ് ചെയ്തോളും...നമുക്ക് ഈ സാധനങ്ങളൊക്കെ എവിടെ വെയ്ക്കണം എന്ന് തീരുമാനിക്കണ്ടേ?...എല്ലാരും വരാൻ ഞാൻ വെയ്റ്റ് ചെയ്യുവായിരുന്നു...നാളെ ഞാൻ ലീവാ..എല്ലാം നമുക്കൊന്നിച്ച് സെറ്റ് ചെയ്യാം‘

തുറന്നു കിടക്കുന്ന ജനാലയിലൂടെ ഇടയ്ക്കിടെ കയറി വരുന്ന ഇളം കാറ്റ് പോലെ കത്തിനെ കുറിച്ചുള്ള ചിന്തകൾ ഇടയ്ക്കിടെ മാലിനിയുടെ ഉള്ളിൽ കയറി വന്നു കൊണ്ടിരുന്നു. കട്ടിലിലേക്ക് ചായുമ്പോൾ അവൾ ആരോടെന്നില്ലാതെ ‘പാവം ആൻസിമോള്‌’ എന്നു പതിയെ പറയുന്നത് മഹി കേട്ടു. മാളു അപ്പോഴേക്കും ഉറങ്ങി കഴിഞ്ഞിരുന്നു. മാലിനി മാളുവിന്റെ നെറ്റിയിൽ പതിയെ തടവി കൊണ്ടാണ്‌ ഉറക്കത്തിലേക്ക് പോയത്. മാലിനി എന്തു കൊണ്ട് ജേക്കബിനെ കുറിച്ചോർത്ത് ആവലാതിപ്പെടുന്നില്ല? അതേക്കുറിച്ചാലോചിച്ചാണ്‌ മഹി ഉറക്കത്തിലേക്ക് പോയത്.

ഗേറ്റിനരികെ ആരോ നില്ക്കുന്നുണ്ട്. ചെന്നു വാതിൽ തുറന്നു നോക്കി. മഴ നനഞ്ഞു കൊണ്ട് ഒരാൾ. മഴത്തുള്ളികൾ മുഖം മറയ്ക്കുന്നു. കുടയുമെടുത്ത് പുറത്തേക്കിറങ്ങിയതാണ്‌. വലിയൊരു കാറ്റ് വന്ന് കുടയെടുത്തെറിഞ്ഞു. ദേഹം മുഴുവൻ നനഞ്ഞു. കുടയെടുക്കാൻ മെനക്കെടാതെ ഗേറ്റിനു സമീപം ചെന്നു. അപ്പോഴാണ്‌ മുഖം കണ്ടത്. താൻ നനഞ്ഞു കൊണ്ടു നില്ക്കുന്നത്. താടിയും മുടിയും വളർന്നിറങ്ങിയിരിക്കുന്നു. മഴത്തുള്ളികൾ ഒഴുകിയിറങ്ങുന്നു. അടുത്ത നിമിഷം മഹി കണ്ണ്‌ തുറന്നു.

പിറ്റെ ദിവസം എഴുന്നേറ്റപ്പോഴേക്കും മാലിനി കത്തിനെ കുറിച്ച് മറന്നു കഴിഞ്ഞിരുന്നു. കത്ത് മാത്രമല്ല, ആൻസിമോളേയും ജേക്കബിനേയും. മഹി പ്രതീക്ഷിച്ചു, ഏതു സമയം വേണമെങ്കിലും മാലിനി ജേക്കബിനെ കുറിച്ച് ചോദിക്കുമെന്ന്. എന്നാലതുണ്ടായില്ല. 

വീടിനു പിന്നിലെ ജാമ്പ മരത്തിൽ കായ്കൾ ചുവന്നു തുടുത്തിരുന്നു. ജാമ്പപ്പൂക്കളുടെ നേർത്ത നാരുകൾ വീണ്‌ മണ്ണ്‌ ഇളം ചുവപ്പ് നിറമായിരിക്കുന്നു. ജാമ്പയ്ക്ക പൊട്ടിച്ചെടുത്ത് പിളർത്തിയപ്പോൾ പുറത്തേക്ക് ചാടി നാലുപാടുമോടിയ ചെറിയ കറുത്ത ഉറുമ്പുകൾ മാളുവിന്‌ കൗതുകമായി. പ്രതീക്ഷിച്ച പോലെ അവൾക്ക് അരളിപ്പൂക്കൾ വളരെ ഇഷ്ടമായി. കുലയിലുള്ളതും താഴെ വീണതും മണത്തു നോക്കി ഇഷ്ടം പ്രകടിപ്പിച്ചു. എവിടെന്നോ ഒരു കിളിയൊച്ച കേട്ടപ്പോൾ മഹി വീണ്ടും ആ പക്ഷിയെ കുറിച്ചോർത്തു. എവിടെ അത്? ആ പക്ഷി കൂടൊരുക്കി കഴിഞ്ഞിട്ടൂണ്ടാവും. മഹിക്ക് മാളുവിനോട് ആ പക്ഷിയുടെ കാര്യം പറയണമെന്നു തോന്നി. പ്രകൃതിയിലേക്ക് കണ്ണും തുറന്നിരിക്കണം. ആ പക്ഷി വീണ്ടും ഇവിടെ വരുമായിരിക്കും. താഴെ വീണു കിടക്കുന്ന ചെറിയ കമ്പുകളെല്ലാം കൂട്ടിയിട്ട് കത്തിച്ചു കളയരുത്. എല്ലാം എല്ലാർക്കും വേണ്ടിയിട്ടുള്ളതാണ്‌.

വീടിനടുത്തായി ഒരു ചെറിയ പാർക്കുണ്ട്. വൈകിട്ട് അവിടെ നടക്കാൻ പോകാം. ചൂട് കപ്പലണ്ടി കൊറിക്കാം. തിരിച്ചു വരും വഴി ചൂട് സൂപ്പ് വാങ്ങി കഴിക്കാം. മാലിനിക്കും മാളുവിനും എല്ലാം സമ്മതമായിരുന്നു. അവർക്ക് മറ്റൊരു ലോകത്ത് ചെന്നു കയറിയത് പോലെ ആയിരുന്നു. അവിസ്മരണീയമായിരുന്നു ആ സായാഹ്നം. അയാൾ ജീവിതത്തിലെ ആ നല്ല നിമിഷങ്ങൾ ഫോണിൽ ഫോട്ടോയെടുത്തു. ഭാവിയിൽ നോക്കിയിരുന്ന്‌ അയവിറക്കാനുള്ള, സുന്ദര നിമിഷങ്ങളുടെ തെളിവുകൾ.

രണ്ടാഴ്ച്ച കൂടി കഴിഞ്ഞു. മഹി ഓഫീസിൽ ബൈക്കിൽ പോയി വരാൻ തുടങ്ങി. വഴികളും കുറുക്കുവഴികളും മനഃപ്പാഠമായി. വീട്ടുസാധനങ്ങൾ എല്ലാം നിശ്ചയിച്ച സ്ഥാനങ്ങളിൽ നിരന്നു കഴിഞ്ഞു. തിരക്കുകളിലേക്ക് ജീവിതം ചുവടു വെച്ചു. ജേക്കബും ആൻസിമോളും പതിയെ മനസ്സിൽ നിന്നും മാഞ്ഞു. എല്ലാം സ്വസ്ഥം. ഇപ്പോൾ നല്ല ഉറക്കം കിട്ടിത്തുടങ്ങിയിരിക്കുന്നു. വെള്ളിയാഴ്ച്ച രാത്രി ക്യാരംസ് കളി കഴിഞ്ഞ് വൈകിയാണ്‌ മഹിയും കുടുംബവും കിടന്നത്.

പിറ്റേന്ന് എഴുന്നേല്ക്കുമ്പോൾ മഴക്കുളിര്‌ മാറിയതെ ഉണ്ടായിരുന്നുള്ളൂ. മാളുവും മാലിനിയും പുതച്ചു മൂടി കിടക്കുന്നു. ഇളം ചൂടും അലസപ്രഭാതവും നല്ലൊരു കൂട്ടാണ്‌. മഹി പുറത്തേക്ക് കൈ വിരിച്ചു നടന്നു. ഉറക്കം പൊഴിച്ചു കളയാനെന്ന വണ്ണം ഒന്നു ഞെളിഞ്ഞു. തലേന്ന് പെയ്ത മഴയിൽ മുറ്റം നിറയെ ഇലകൾ, കൊഴിഞ്ഞു വീണ പിങ്ക്‌ നിറമുള്ള അരളിപ്പൂക്കൾ. ഗേറ്റിനടുത്തേക്ക് നടക്കുമ്പോൾ അരളിയിലകൾ, കൂട്ടിവെച്ചൊരു മഞ്ഞുത്തുള്ളി അയാളുടെ നെറുകിലേക്ക് പൊഴിച്ചു. ഒരു തുള്ളി തണുപ്പ് ഉള്ളിലേക്ക് കിനിഞ്ഞിറങ്ങി. ആത്മാവിൽ തണുപ്പ് ചെന്ന് തൊട്ടത് പോലെ.

ലെറ്റർ ബോക്സ് കണ്ണിൽ പതിഞ്ഞപ്പോൾ തോന്നി, ചിലപ്പോൾ വീശിയടിച്ച കാറ്റ് മഴത്തുള്ളികളെ അതിനുള്ളിലേക്ക് വലിച്ചിട്ടു കാണുമെന്ന്. ഉള്ളിൽ കടലാസ്സുകളുണ്ടെങ്കിൽ എല്ലാം നനഞ്ഞ് നാശമായിട്ടുണ്ടാവുമെന്ന്. മഹി ചെന്നു ബോക്സ് തുറന്നു.
വീണ്ടും... 
നീല നിറമുള്ള കടലാസ്...
വിഷം തീണ്ടിയ വിലാപം...
അയാൾ ആ ഇൻലന്റ് കൈ നീട്ടിയെടുത്തു. അതും നോക്കി കുറച്ചു നേരം നിന്നു. മറന്നു തുടങ്ങിയതായിരുന്നു. ഇതിലെന്താവും? എന്തുമാവാം. ഒരു കാര്യം ശ്രദ്ധയിൽ പെട്ടു, ഒരു മഴത്തുള്ളി പോലും കത്തിൽ വീണിട്ടില്ല! മഴ തൊടാൻ മടിച്ചതു പോലെ...

ജേക്കബ് ഇപ്പോഴും തിരികെ എത്തിയിട്ടുണ്ടാവില്ല. എവിടെയാണയാൾ?
കത്ത് പൊട്ടിക്കണമോ?
ഇത് കത്തല്ല...നീലിച്ചു പോയ നിലവിളിയാണ്‌...
മുറിവാണ്‌...ഇതിൽ നിന്ന് ഇപ്പോഴും പൊടിയുന്നു...നീറുന്നു...
അയാൾ കത്തും പിടിച്ച് തിരികെ നടന്നു. 
മഴയിൽ നനഞ്ഞ് തണുത്ത് വിറച്ചിരിക്കുന്ന വീട്ടിലേക്ക്. 
ആദ്യമായി വീട് കണ്ടപ്പോൾ തനിക്ക് തോന്നിയത്...
ചിരിക്കുന്ന മുഖമുള്ള വീട്...
അയാൾ ഒരു നിമിഷം നിന്ന് വീടിനെ നോക്കി. തനിക്ക് തെറ്റി പോയിരിക്കുന്നു. ചിരിയല്ല...വേറെ എന്തോ ഭാവമാണീ വീടിന്‌. മഴ നനഞ്ഞത് കൊണ്ടാവാം...വിങ്ങിയ, ദൈന്യത നിറഞ്ഞ മുഖമാണ്‌ വീടിന്‌. കരയാൻ മടിക്കുന്ന, കരയാനുള്ള ശക്തി കൂടി നഷ്ടപ്പെട്ട ആരുടെയോ മുഖം...
മൂടിപുതച്ചുറങ്ങുന്ന മാലിനിയേയും മാളുവിനേയുമോർത്തു.
ദൂരെയെവിടെയോ മറ്റൊരു മാലിനിയും മാളുവും...
എവിടെയോ മറ്റൊരു മഹിയും...
അയാൾ കത്തുമായി അകത്തേക്ക് നടന്നു.
ഇത്‌ പൊട്ടിക്കരുത്...
ചുരുട്ടിയ മുഷ്ടിക്കുള്ളിൽ പെട്ട്, ചുളുങ്ങി പോയ അക്ഷരങ്ങൾക്ക് ശ്വാസം മുട്ടിയിട്ടുണ്ടാവും...

Post a Comment

No comments:

Post a comment