Saturday, 10 October 2020

കൂളിംഗ് ഗ്ലാസ്സ്


കൂളിംഗ് ഗ്ലാസ്സ്, ജീൻസ്, ബൈക്ക് - ഇത്‌ മൂന്നുമാണെന്റെ ഇഷ്ടങ്ങൾ. ഭക്ഷണവിഭവങ്ങളിൽ ഏറ്റവും പ്രിയം ബിരിയാണി. അതും മട്ടൺ ബിരിയാണി. എഴുതി കാണിച്ചാൽ മതി വായിൽ കൊതിനീര്‌ നിറയും. പലവിധ ബിരിയാണികൾ ഞാൻ തേടിപ്പിടിച്ച് ചെന്ന് ആസ്വദിച്ച് കഴിച്ചിട്ടുണ്ട്. ബിരിയാണി പ്രിയം കാരണം എനിക്ക് സുഹൃത്തുക്കൾക്കിടയിൽ ഒരു ഇരട്ടപ്പേര്‌ പോലുമുണ്ട്! എന്റെ ഇന്നത്തെ യാത്ര ബിരിയാണി തേടിയുള്ളതല്ല. ജോലി സംബന്ധമായിട്ടാണ്‌. കുറെ ദൂരം കൂടി പോകാനുണ്ട്. പോണ വഴിയിൽ ‘ബിരിയാണി റെഡി’ എന്നെഴുതി വെച്ചൊരു ബോർഡ് എന്നെ മാടി വിളിച്ചു. സ്വാഭാവികമായും ഞാനാ പ്രലോഭനത്തിൽ ആകൃഷ്ടനായി അവിടേക്ക് ചെന്നു കയറി പോയെന്നു പറഞ്ഞാൽ മതിയല്ലോ.

ഒരു ഇടത്തരം ഹോട്ടലായിരുന്നു അത്. കയറിയയുടൻ കൂളിംഗ് ഗ്ലാസ്സെടുത്ത് മടക്കി പോക്കറ്റിൽ താഴ്ത്തി. വൃത്തിയുണ്ട് ഹോട്ടലിനും വിളമ്പുകാർക്കും. അധികം ആൾക്കാരില്ല. കുമുകുമാന്ന് നിറയുന്ന ബിരിയാണി മണം. ആഹാ! ഞാൻ കൈ കഴുകി ചെന്ന് കസേരയിലിരുന്നു. മൈക്ക ഒട്ടിച്ച, തുടച്ചു വൃത്തിയാക്കിയ മേശ. ഒരു മട്ടൺ ബിരിയാണിക്ക് പറഞ്ഞിട്ട്, കൊതിയോടെ കാത്തിരുന്നു. ഞാൻ പോക്കറ്റിൽ നിന്നും എന്റെ കൂളിംഗ് ഗ്ലാസ്സെടുത്ത് അതിന്റെ ഭംഗിയും വടിവും ആസ്വദിച്ചു. ഇപ്പോഴത് ഒരു ശീലമായിരിക്കുന്നു. എപ്പോഴുമെടുത്ത് നോക്കാൻ തോന്നും. അത്രയും പ്രിയപ്പെട്ടതാണതെനിക്ക്. പലപ്പോഴുമത് മുഖത്തിന്റെ ഭാഗമാണെന്ന് വരെ തോന്നിയിട്ടുണ്ട്. അതു മാത്രമല്ല, എന്റെ ജീവൻ രക്ഷിച്ചത് കൂടി ഈ കൂളിംഗ് ഗ്ലാസ്സാണ്‌. അതൊരു കഥയാണ്‌...ബിരിയാണി വരും വരെ ആ കഥ പറയാനുള്ള സമയമുണ്ട്.  

ശ്രദ്ധിച്ചിട്ടുണ്ടോ കൂളിംഗ് ഗ്ലാസ്സ് ധരിക്കുന്നവരെ? ശ്രദ്ധിച്ചിട്ടില്ലേ മൂക്കിന്റെ മുകളിലേക്കത് കയറ്റി വെയ്ക്കുമ്പോൾ തന്നെ അവരുടെ മുഖത്ത് വരുന്ന വ്യത്യാസം? മറ്റൊരു വ്യക്തിയായി തൊട്ടടുത്ത നിമിഷമവർ മാറി പോകും! അടക്കാനാവാത്ത ആഗ്രഹം കൊണ്ടാണ്‌ ആദ്യശമ്പളം കൊണ്ട് തന്നെ, നോക്കി വെച്ചിരുന്ന, വില പറഞ്ഞു വെച്ചിരുന്ന കൂളിംഗ് ഗ്ലാസ്സ് ഞാൻ വാങ്ങിയത്. അതും വെച്ചായിരുന്നു ഞാനെന്റെ രതീഷണ്ണനെ കാണാൻ പോയത്. ജോലി കിട്ടുന്നതിനും മുൻപ് ഞാൻ പലവട്ടം അണ്ണനോട്‌ എന്റെ കൂളിംഗ് ഗ്ലാസ്സ് പ്രേമത്തേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

‘എന്റെ ആദ്യശമ്പളം കൊണ്ട് ഞാനാദ്യം വാങ്ങാൻ പോകുന്നത് ഒരു കൂളിംഗ് ഗ്ലാസ്സ് ആണ്‌. അതും വെച്ച് ആദ്യം വന്ന് കാണുന്നത് അണ്ണനെ തന്നെ ആയിരിക്കും. നോക്കിക്കോ!’
എന്റെ ഈ ജാഡപറച്ചിലൊക്കെ അണ്ണന്റെ അടുത്തേ ഉള്ളൂ. അണ്ണന്‌ മാത്രമേ എന്റെ ഈ പറച്ചിലുകൾ സഹിക്കാൻ പറ്റൂ!

വാക്ക് പറഞ്ഞ പോലെ ആദ്യ ശമ്പളവും വാങ്ങി ഞാൻ നേരെ പോയത് കൂളിംഗ് ഗ്ലാസ്സ് വാങ്ങാൻ തന്നെ ആയിരുന്നു. സ്വർണ്ണ നിറമുള്ള ഫ്രെയിം. നല്ല ഇരുണ്ട ഗ്ലാസ്സ്. അതു വെച്ചാലാർക്കുമെന്റെ കണ്ണുകൾ കാണാനാവില്ല. എടുത്ത് ധരിച്ചതും ഞാൻ മറ്റൊരാളായി. എന്റെ തന്നെ പണക്കാരനായ അപരൻ! റിച്ച് അല്ലെങ്കിലും ഒരു റിച്ച് ലുക്ക് ഉള്ളത് നല്ലതല്ലെ? എന്റെ പുതിയ രൂപം നോക്കി നിന്നപ്പോൾ, ഒരല്പം അഹങ്കാരം തോന്നിയെന്നത് വാസ്തവം. അത് കണ്ണാടീടെ കൂടപ്പിറപ്പാണ്‌.

അതും വെച്ച് അണ്ണന്റെ മുന്നിൽ ചെന്ന് നിന്ന് ഒരു സർപ്രൈസ് കൊടുക്കാനായിരുന്നു പ്ലാൻ. എന്താവും അണ്ണന്റെ റിയാക്ഷൻ? പൊട്ടിച്ചിരിക്കുമെന്നുറപ്പ്! നേരെ അണ്ണന്റെ വർക്ക്ഷോപ്പിലേക്ക് പോയി. ജോലി കിട്ടും മുൻപ് ഞാനെന്റെ വൈകുന്നേരങ്ങൾ അവിടെയായിരുന്നു ചിലവഴിച്ചിരുന്നത്. ബൈക്കിനോടുള്ള ഇഷ്ടം ഞാൻ പറഞ്ഞില്ലെ? അവിടെ അണ്ണന്റെ വർക്ക് ഷോപ്പിൽ ഒരുപാട് ബൈക്കുകൾ വരും. അതൊക്കെ നോക്കിയും കണ്ടും തൊട്ടും തലോടിയും ഇരിക്കാം. അതിന്റെയൊക്കെ ആകൃതിയും മിനുക്കവും നോക്കിയിരിക്കുക, ഒരോ ബൈക്കിന്റേയും പ്രത്യേകതകൾ ചോദിച്ചറിഞ്ഞു മനസ്സിലാക്കുക ഇതൊക്കെയായിരുന്നു അക്കാലത്തെന്റെ ഇഷ്ടവിനോദങ്ങൾ. 

ഏതാണ്ട് സന്ധ്യ കഴിഞ്ഞപ്പോഴാണ്‌ വർക്ക്ഷോപ്പിലെത്തിയത്. അപ്പൊഴേക്കും തിരക്കൊഴിഞ്ഞിരുന്നു. മിക്കവാറും ആ സമയം അണ്ണൻ കടപൂട്ടാനുള്ള തയ്യാറെടുപ്പിലായിരിക്കും. അല്ലെങ്കിൽ പിറ്റേ ദിവസം കൊടുക്കാനുള്ള ഏതെങ്കിലും വണ്ടി തൊടച്ചും മിനുക്കിയും ഇരിപ്പുണ്ടാവും. ഒരു കൊച്ചു പയ്യനാണ്‌ അണ്ണന്റെ വലം കൈ. ഒരു ചൊണക്കുട്ടൻ. അണ്ണന്റെ വർക്ക്ഷോപ്പിൽ ഇടയ്ക്കൊക്കെ ചെല്ലുമ്പോഴാണ്‌ അണ്ണന്റെ കൈയ്യിൽ എന്തൊക്കെ സൂത്രപ്പണികളാ ഉള്ളതെന്ന് അറിയുക. ചില വണ്ടികളിൽ ചില പ്രത്യേക അറകൾ അണ്ണൻ നല്ല വിരുതോടു കൂടി നിർമ്മിച്ചു കൊടുത്തിട്ടുണ്ട്. ചില വണ്ടികളുടെ വേഗത അണ്ണൻ കൂട്ടി കൊടുത്തിട്ടുണ്ട്. ചിലതിന്റെ ശബ്ദം കൂട്ടി കൊടുത്തിട്ടുണ്ട്. അങ്ങനെ പല പല സൂത്രപ്പണികളും. ഈ സൂത്രപ്പണി എന്നു പറയുന്നത്‌ ഒരു രഹസ്യമാണ്‌. അത് കൊണ്ട് അതേക്കുറിച്ചൊന്നും കൂടുതൽ പറയുന്നില്ല.

വർക്ക്ഷോപ്പിന്റെ മുന്നിൽ ചെന്ന് ഒരു നിമിഷം നിന്നു. പോക്കറ്റിൽ നിന്നും പുതിയ കൂളിംഗ് ഗ്ലാസ്സ് എടുത്തു. അതിന്റെ തിളങ്ങുന്ന കാലുകൾ വിടർത്തി. വളരെ ശ്രദ്ധയോടെ മൂക്കിലെടുത്തു വെച്ചു. പാന്റിന്റെ ബാക്ക്പോക്കറ്റിൽ നിന്നും ചീപ്പെടുത്ത് തലമുടി കോതിയൊതുക്കി, പതിയെ വർക്ക്ഷോപ്പിനുള്ളിലേക്ക് കയറി. ഒരു പഴയ ജാവ, രണ്ട് ബൈക്ക്, വർഷങ്ങളായി ചെരിഞ്ഞു കിടക്കുന്നൊരു വെസ്പ. ആ വെസ്പ ഞാനവിടെ ചെന്നു തുടങ്ങിയ കാലം തൊട്ടേ അവിടെ ഉണ്ട്. ചത്തു കിടപ്പാണ്‌. അണ്ണൻ എന്നെങ്കിലും അതിനെ പുനരുജ്ജീവിപ്പിക്കുമായിരിക്കും. അവിടെ ഒരു പുതിയ ബൈക്ക് ഇരിക്കുന്നത് ശ്രദ്ധിച്ചു. ഒരു വെടിച്ചില്ല് ബൈക്ക്. അതിന്റെ പുറത്ത് കയറി ഒരു റൗണ്ട് അടിക്കണമെന്ന് പെട്ടെന്നൊരു പൂതി തോന്നി. ഞാൻ അണ്ണന്റെ വലം കൈ പയ്യനെ അവിടെയൊക്കെയും നോക്കി. നേരം ഇരുട്ടി തുടങ്ങിയത് കൊണ്ടായിരിക്കും അവനെ അവിടെ കാണാൻ കഴിഞ്ഞില്ല. സ്ഥലം വിട്ടിട്ടുണ്ടാവും. വർക്ക്ഷോപ്പിനകത്ത് ഒരു ചെറിയ മുറിയുണ്ട്. സത്യത്തിൽ അടച്ചുറപ്പുള്ള ഒരിടം എന്നു പറയാൻ അത് മാത്രമേ ഉള്ളൂ. അവിടെയാണ്‌ അണ്ണൻ കടലാസ്സുകളും ചില സാധനസാമഗ്രഹികളും സൂക്ഷിക്കുന്നത്. പകൽ മുഴുക്കെയും, അവിടെ നിന്ന് റേഡിയോവിലൂടെ ഒഴുകുന്ന പാട്ടുകളാണ്‌ വർക്ക്ഷോപ്പിനെ സംഗീതസാന്ദ്രമാക്കുന്നത്. വർക്ക്ഷോപ്പിന്റെ പരിസരത്തിരുന്ന് എത്ര വട്ടം, പാട്ടും കേട്ട്, സിഗറട്ടും പുകച്ച്, അണ്ണനോട് വെടി പറഞ്ഞും സമയം ചിലവഴിച്ചിരിക്കുന്നു! നാടകീയമായി പ്രത്യക്ഷപ്പെടാനായിരുന്നു എന്റെ പ്ലാൻ. ഞാൻ മുറിയിലേക്ക് ‘ടൺ ടണേ’ എന്നൊരു ശബ്ദവുമുണ്ടാക്കിക്കൊണ്ട് കാലെടുത്തു വെച്ചു. അണ്ണൻ കസേരയിൽ ഇരുപ്പുണ്ട്. തല പിന്നോക്കം ചാഞ്ഞു കിടക്കുന്നു. ഉറങ്ങുകയായിരിക്കും എന്ന് തോന്നി. അണ്ണൻ ഒറ്റയ്ക്കല്ലായിരുന്നു. അണ്ണന്റെ അടുത്ത് തന്നെ ഒരാൾ നിൽപ്പുണ്ടായിരുന്നു. അജാനബാഹു എന്ന്‌ പറഞ്ഞാൽ ആ വാക്ക് തന്നെ ചമ്മി പോവും. അമ്മാതിരി സൈസ്. ഒരു ഭീകരൻ. എന്റെ കാൽപ്പെരുമാറ്റം കേട്ട് ഭീകരൻ തിരിഞ്ഞു നോക്കി. ഞാൻ ഒരു നിമിഷം പതറി പോയി. അപ്പോൾ മേശയ്ക്കരികെ നിന്ന് ഒരു മല പൊങ്ങി വന്നു. അത് മറ്റൊരു ഭീകരൻ. അവരെങ്ങനെ ആ കുടുസ്സ് മുറിയിൽ കയറി പറ്റിയെന്ന് തന്നെ അറിയില്ല. രണ്ടാമൻ എന്തോ തിരയുകയായിരുന്നിരിക്കണം. ‘ഇവിടെ ഒന്നുമില്ല’ എന്ന് പറയുന്നത് കേട്ടു. ഞാൻ അണ്ണനെ നോക്കി. ഒരനക്കവുമില്ല. ഒരു കാര്യമപ്പോൾ ശ്രദ്ധയിൽ പെട്ടു. അണ്ണന്റെ നെഞ്ച് ഉയർന്നു താഴുന്നില്ല. ഒരു കാര്യം കൂടി കണ്ടു, അണ്ണന്റെ കഴുത്തിലൊരു ചുവന്ന പാട്. ആകെ മൊത്തം ഒരു പന്തികേട്. രണ്ടാമനും അപ്പൊഴേക്കും എന്നെ കണ്ടു കഴിഞ്ഞിരുന്നു.

എന്ത് ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. അപ്പോൾ എന്ത് തോന്നിയോ അത് ഞാൻ ചെയ്തു. ഒരുപക്ഷെ എന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ നിങ്ങളും അതേ ചെയ്യുമായിരുന്നുള്ളൂ. ഞാൻ കൈകൾ മുന്നിലേക്ക് കൈകൾ വിടർത്തി പിടിച്ച് ഉറക്കെ ചോദിച്ചു,
‘അണ്ണാ... രതീഷണ്ണാ... അണ്ണനെവിടെയാ?’
ഞാൻ കൈകൾ ചുവരുകളിൽ അമർത്തി പിടിച്ച് പതിയെ ഭീകരന്മാരുടെ അടുത്തേക്ക് നീങ്ങി. ഒരു പല്ലി പോലും അത്രയ്ക്കും സൂക്ഷ്മതയോടെ നീങ്ങിയിട്ടുണ്ടാവില്ല. ഞാൻ വീണ്ടും ചോദിച്ചു,
‘അണ്ണോ...ശ്ശെ ഈ അണ്ണനെവിടെ പോയി കിടക്കാണ്‌?... അണ്ണനെന്നെ എവിടെയോ കൊണ്ടു പോവാന്ന് പറഞ്ഞതല്ലെ?’
ഭീകരന്മാർ അന്യോന്യം നോക്കുന്നത്, കൂളിംഗ് ഗ്ലാസ്സിന്റെ ഇരുണ്ട ചില്ലുകളിലൂടെ ഞാൻ കണ്ടു. ഞാൻ പിന്നെയും കൈകൾ നീട്ടി തപ്പിത്തടഞ്ഞു...
‘അണ്ണാ ഈ പാവത്തിനെ പറ്റിക്കാതെ ഒന്നു വേഗം വന്നെ അണ്ണാ...അണ്ണാ’ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
ഭീകരൻ നമ്പർ വൺ എന്റെ മുന്നിലേക്ക് പതിയെ ചുവട് വെയ്ക്കുന്നത് കണ്ടു. ഞാൻ തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു. എന്തോ മണക്കുന്നത് പോലെ മൂക്ക് കൊണ്ട് ഭാവിച്ചു.
‘എന്താ ചേട്ടാ ഇവിടെ ഒരു നാറ്റം?’ ഞാൻ ചോദിച്ചു.
എന്റെ നേർക്ക് വന്നവൻ ഇടംകൈ ഉയർത്തി സ്വന്തം കക്ഷം മണക്കുന്നത് കണ്ടു. എനിക്കത് കണ്ട് ചിരി വന്നെങ്കിലും ഞാൻ കടിച്ചു പിടിച്ചു നിയന്ത്രിച്ചു. 
‘അണ്ണാ, ഇവിടെ എന്തോ ചത്ത്‌ ചീഞ്ഞു കിടപ്പുണ്ട്‘ ഞാൻ മണപ്പിക്കുന്ന ഭാവം തീവ്രമാക്കി.
ഭീകരൻ നമ്പർ ടു അപ്പോഴും നിലത്തുറച്ചു പോയത് പോലെ അവിടെ തന്നെ നിന്ന് എന്നെ സസൂക്ഷ്മം നോക്കുന്നത് കണ്ടു. ആക്ടിംഗ് ഓവറാക്കി കൊളമാക്കണ്ട എന്നു കരുതി ഞാൻ പതിയെ മുറിയുടെ വാതിലിലൂടെ പുറത്തേക്ക് നടക്കാൻ തയ്യാറെടുത്തു.
അപ്പോഴാണ്‌ രണ്ടാമൻ എന്റെ അടുത്തേക്ക് വന്നത്. ഒന്നാമൻ ശ്രദ്ധയോടെ പിന്നിലേക്ക് മാറി കൊടുത്തു. എന്റെ മുന്നിൽ വന്നവൻ കൈ വിടർത്തി എന്റെ മുഖത്തിനു മുന്നിൽ വീശി. ഞാൻ അങ്ങനെ ഒരു സംഭവമേ നടക്കാത്തത് പോലെ അങ്ങോട്ടും ഇങ്ങോട്ടും തല തിരിച്ചു നോക്കി.
’രതീഷണ്ണാ...‘ ഞാൻ അല്പം കൂടി ശബ്ദം ഉയർത്തി വിളിച്ചു.
ആരോടെന്നില്ലാതെ പറയും പോലെ ’ഈ അണ്ണനെവിടെ പോയി കിടക്കാണ്‌?‘ എന്നു പറഞ്ഞിട്ട് പതിയെ തിരിഞ്ഞ് ചുവരിൽ അമർത്തി പിടിച്ച് പുറത്തേക്ക് തപ്പിത്തടഞ്ഞ് നടന്നു. ശ്രദ്ധാപൂർവ്വം മുറിക്ക് പുറത്തേക്ക് കാലെടുത്തു വെച്ചു. പെട്ടെന്ന് ഇവിടം വിട്ട് പോയാൽ ഇവന്മാർക്ക് സംശയം തോന്നുമെന്ന കാര്യത്തിൽ സംശയമില്ല. ധൃതിപിടിക്കാൻ പാടില്ല. സമയമെടുത്ത് നല്ല വൃത്തിയായി അഭിനയിക്കണം. ജീവനും പിടിച്ചുള്ള അഭിനയമാണ്‌. തരിമ്പും സംശയം തോന്നരുത്. ഇവിടം വിട്ട് പോയാൽ എന്നെ ഇവന്മാർ പിന്തുടരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഞാൻ പുറത്ത് സ്റ്റാന്റ് ഇട്ട് വെച്ചിരുന്ന ഒരു ബൈക്കിന്റെ അടുത്തിട്ടിരുന്ന സ്റ്റൂൾ തപ്പിത്തടഞ്ഞ് കണ്ടെത്തിയത് പോലെ അഭിനയിച്ചു. അതിന്റെ പുറത്തിരുന്നു. എന്തു വന്നാലും ഇവന്മാർ സ്ഥലം കാലിയാക്കിയിട്ടേ ഞാൻ ഒരടി മുന്നോട്ട് വെയ്ക്കുകയുള്ളൂ. തീരുമാനിച്ചു. കൈകൾ കോർത്ത് പിടിച്ച് മുഖം കുനിച്ച് ഇരുന്നു. 
ഞാൻ കാട്ടിയത് ബുദ്ധിയാണോ, അതിബുദ്ധിയാണോ, ആനമണ്ടത്തരമാണോ എന്നൊന്നും പറയാൻ പറ്റില്ല. എന്നാൽ അവിടെ ഇരുന്ന ഒരോ നിമിഷവും ഞാനുള്ളിൽ വിറച്ചു കൊണ്ടിരുന്നു. ഒരു അന്ധനെ കുറിച്ച് അന്നാണാദ്യമായി ഞാനാലോചിച്ചത്. കാഴ്ച്ചയുടെ വിലയും, കാഴ്ച്ച ഇല്ലാത്തതിന്റെ നഷ്ടവും ഒരു പോലെ എനിക്കാദിവസം മനസ്സിലായി. എന്റെ രതീഷണ്ണൻ...അണ്ണനെ ആ ദുഷ്ടന്മാര്‌ എന്തിനാ...എന്റെ കണ്ൺ നിറയാതിരിക്കാൻ ഞാൻ കടിച്ചു പിടിച്ച് ഇരുന്നു.
 
എന്തെങ്കിലും കാരണത്താൽ ഞാനൊരന്ധനല്ലെന്ന് ആ ഭീകര മണ്ടന്മാര്‌ മനസ്സിലാക്കുമോ എന്നായി പേടി. ഒരു അന്ധനേയും ഞാൻ ഇതു വരെ നിരീക്ഷിച്ചിട്ടില്ലായിരുന്നു. അവരുടെ ഭാവങ്ങളും രീതികളും നീക്കങ്ങളും എങ്ങനെയെന്നെനിക്ക് ഒരുപിടിയുമില്ല. പെട്ടെന്നോർത്തു, കണ്ൺ കാണാത്തവർ സാധാരണ ഒരു വടി കൊണ്ട് നടക്കാറുണ്ടല്ലോ. എന്റെ കൈയ്യിൽ വടി പോയിട്ട് ഒരു ഈർക്കിലി പോലുമില്ല. ഒരു വടി എങ്ങനെ ഒപ്പിക്കും? ഇവന്മാർ അത് ശ്രദ്ധിച്ചാൽ എന്റെ കാര്യം കട്ടപ്പൊക...
ഇവന്മാര്‌ കൈയെടുത്ത് എന്റെ കഴുത്തിൽ വെച്ചാൽ മതി. അല്ലെങ്കിൽ ചുമ്മാതെ എന്റെ നെഞ്ചത്ത് കയറി ഒന്നിരുന്നാൽ മതി അശുവായ എന്റെ കാര്യത്തിലൊരു തീരുമാനമാകാൻ.
എന്റെ അഭിനയത്തിന്റെ സ്റ്റോക്ക് തീർന്നു വരികയാണ്‌. 
ഇവിടെ തന്നെ ഇരുന്നാൽ ഇവന്മാര്‌ വന്നു പിന്നേം എന്റെ കാഴ്ച്ചശക്തി പരിക്ഷിക്കും. കീരിക്കാടൻ ജോസിന്റേയും മുണ്ടക്കൽ ശേഖരന്റേയും നടുവിൽ പെട്ട അവസ്ഥ. തപ്പിത്തടഞ്ഞ് പുറത്തു പോവാനാണെങ്കിൽ എന്റെ കൈയ്യിൽ വടിയുമില്ല. ഒരു കമ്പിക്കഷ്ണമെങ്കിലും അവിടെ കിടപ്പുണ്ടോയെന്ന്‌ കണ്ണുകൾ കൊണ്ട് പരതി. തല തിരിക്കുന്നതും കണ്ണ്‌ തിരിക്കുന്നതും വിപരീത ദിശകളിലായിരിക്കണം. ഞാൻ തല കുനിച്ചു പിടിച്ചോണ്ട് തന്നെ കണ്ണ്‌ കറക്കി ചുറ്റിലും നോക്കി. സ്പാനറുകൾ, ഒരു പാത്രത്തിൽ കുറച്ച് കരി ഓയിൽ, നട്ടുകൾ, മുഷിഞ്ഞ കുറച്ച് തുണിക്കഷ്ണങ്ങൾ, ഗ്രീസ്സിന്റേയും ഓയിലിന്റേയും കൈപ്പാടുകൾ നിറഞ്ഞ ചില പലകകൾ, തുരുമ്പിച്ച ചില പൈപ്പുകൾ. എവിടെ കമ്പി ക്ഷ്ണം?
 
ആ സമയം എന്റെ ചിന്തകൾ ഇങ്ങനെയൊക്കെ ആയിരുന്നു.
അധികനേരം ഇവിടെ തന്നെ ഇരുന്നാൽ ഇവന്മാര്‌ എന്നെയും എന്തെങ്കിലും ചെയ്യാനിടയുണ്ട്. പുറത്തേക്കിറങ്ങാൻ പറ്റിയാൽ, അല്ലെങ്കിൽ ആരെങ്കിലും ഇവിടേക്ക് വന്നാൽ ചിലപ്പോൾ രക്ഷപ്പെടാൻ കഴിഞ്ഞേക്കും. നേരം ഇരുട്ടുന്നത് വരെ കാത്തിരുന്നാൽ ഇവന്മാർ എന്റെ കാര്യം കൂടി തീർത്തിട്ടേ പോവൂ.
ഞാൻ തനിയെ എങ്ങനെ ഇതു വരെ എത്തി എന്നവർ ആലോചിച്ചാൽ...തീർന്നു.
 
ഞാൻ ഒരു നമ്പറ്‌ കൂടി ഇറക്കാൻ തീരുമാനിച്ചു. ലാസ്റ്റ് നമ്പർ.
‘അണ്ണാ...ഇനി ഞാൻ ഇങ്ങോട്ടില്ല...എന്നാലും ഈ പാവത്തിനോട് ഈ ചതി വേണ്ടായിരുന്നു...ഞാൻ പോണ്‌...ഇനി അണ്ണൻ വന്നെന്നെ വിളിച്ചാലേ ഞാൻ വരൂ...’
അതും പറഞ്ഞ് എഴുന്നേറ്റ് നടന്നു. മനപ്പൂർവ്വം ബൈക്കിന്റെ സൈലൻസറിൽ തട്ടി കമഴ്ന്നു വീണു. ഒരു സ്വാഭാവികതയ്ക്ക് വേണ്ടി ചെയ്തതാണ്‌. എന്നാലെന്റെ പ്ലാനിൽ ഇല്ലാതിരുന്ന ഒരു കാര്യമപ്പോൾ സംഭവിച്ചു. വീഴ്ച്ചയിൽ എന്റെ തല എവിടെയോ ചെന്ന് ശക്തിയായി ഇടിച്ചു. തല തട്ടിയതും എന്റെ ബോധം പോയി. അതിനു ശേഷം അവിടെ എന്താണ്‌ നടന്നതെന്ന് സത്യമായിട്ടും എനിക്കറിയില്ല. ചിലപ്പോൾ ആ ഭീകരന്മാര്‌ എന്നെ മലർത്തിയിട്ട് പരിശോധിച്ചു കാണും. ചിലപ്പോൾ ഇരുട്ടിലൂടെ ഓടി പിൻവശത്തെ മതില്‌ ചാടി പോയിട്ടുണ്ടാവും.

ബോധം തെളിയുമ്പോൾ ഞാൻ രണ്ട് ബൈക്കുകളുടെ ഇടയിലായിരുന്നു. എന്റെ നെറ്റിയിൽ നല്ലൊരു മുറിവുണ്ടായിരുന്നു. ഒരുപാട് ചോര നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. എന്റെ വീഴ്ച്ചയും ബോധം കെട്ടുള്ള കിടപ്പും കണ്ട് ഭീകരന്മാര്‌ തലയറഞ്ഞ് ചിരിച്ചിട്ടുണ്ടാവും എന്നുറപ്പാണ്‌. എന്തോ എനിക്ക് അണ്ണന്റെ അടുത്ത് പോവാൻ തോന്നിയില്ല. ഞാൻ പതിയെ എഴുന്നേറ്റു നിന്നു. അവന്മാര്‌ ഇപ്പോഴും അവിടെ എവിടേലും പമ്മിപതുങ്ങി നില്പ്പുണ്ടാവുമോ? അതായിരുന്നു പേടി. ഏറ്റവും അത്ഭുതം തോന്നിയ ഒരു കാര്യം അവന്മാര്‌ എന്റെ കണ്ണാടി എടുത്തു കൊണ്ട് പോയില്ല എന്നതാണ്‌. ഭീകരന്മാരുടെ ഇടയിൽ ഇത്രയും നന്മയുള്ള കൂട്ടരോ?! ഞാൻ ചുറ്റിലും നോക്കി. ആരുമില്ല... ഇരുളിന്റെ മറവിലൂടെ നടന്ന് എങ്ങനെയോ റോഡിലെത്തിയപ്പോഴാണ്‌ സമാധാനമായത്.

ഒരാഴ്ച്ച പനിച്ചു കിടന്നു. എന്റെ ചില സുഹൃത്തുക്കൾ വന്ന് അണ്ണന്റെ കാര്യം പറഞ്ഞത് ഞാൻ പനിക്കിടക്കയിൽ കിടന്ന് കേട്ടു. രാത്രികളിൽ അണ്ണന്റെ കഴുത്തിലെ പാട് സ്വപ്നം കണ്ട് ഞാൻ പലവട്ടം ഞെട്ടിയെഴുന്നേറ്റു. ഒന്നു രണ്ട് മാസമെടുത്തു എനിക്ക് എന്നെ തന്നെ തിരികെ കിട്ടാനും, കലങ്ങിപ്പോയ മണ്ട തെളിയാനും.

അങ്ങനെ എന്റെ ജീവൻ രക്ഷിച്ച കൂളിംഗ് ഗ്ലാസ്സാണെന്റെ കൈയ്യിലിപ്പോൾ. ആ ഭീകരന്മാരെ കുറിച്ചോർക്കുമ്പോൾ ചിരിയാണ്‌ വരുന്നത്. ഞാൻ ചിരിച്ചു കൊണ്ടിരുന്നപ്പോൾ ബിരിയാണി വന്നു, അച്ചാറും, സാലാഡും വന്നു. ഒരു പപ്പടം കൂടി ഉണ്ടായിരുന്നെങ്കിൽ ആർഭാടമാവുമായിരുന്നു. കൂളിംഗ് ഗ്ലാസ്സ് ഞാൻ തിരികെ പോക്കറ്റിൽ നിക്ഷേപിച്ചു. ബിരിയാണി ചോറ്‌, പാത്രത്തിലേക്ക് കൈ കൊണ്ട് വലിച്ചിട്ടു. മട്ടൻ പീസ് ഒരെണ്ണമെടുത്ത് ചൂട് ബിരിയാണിച്ചോറിൽ പൂഴ്ത്തി, അത് കൂട്ടിപ്പിടിച്ചെടുത്ത് വായിലേക്ക് കൊണ്ടു പോവുകയായിരുന്നു. അന്നേരമായിരുന്നു രണ്ടു പേർ എന്റെ എതിർവശത്തുള്ള കസേരയിൽ വന്നിരുന്നത്. എനിക്ക് കൈ വായിലേക്ക് കൊണ്ടുപോവാനായില്ല. കൈക്കും വായിനും ഇടയിൽ ഇത്രയും ദൂരമുണ്ടായിരുന്നെന്ന് ഞാൻ അതുവരേക്കും അറിഞ്ഞിരുന്നില്ല.  അതവന്മാർ തന്നെ ആയിരുന്നു. ആ രണ്ടു പേർ. ഏതു പാതിരാത്രിയിൽ കണ്ടാലും എനിക്ക് തെറ്റിപോകാത്ത മുഖങ്ങൾ. ഇപ്പോഴവർ അതിഭീകരരായിരിക്കുന്നു. കുറച്ചു കൂടി വീർത്തിട്ടുണ്ട് ഇരുവരും. എന്നാലും തിരിച്ചറിയാനൊരു പ്രയാസവുമില്ല. അവർ ഷർട്ടിന്റെ കൈ ഒന്നു കൂടി കയറ്റി വെച്ചു. കൈയ്യിലെടുത്ത ബിരിയാണി കഴിക്കണോ അതോ കളഞ്ഞിട്ട് ഓടണോ എന്ന ചിന്താക്കുഴപ്പത്തിലായി ഞാൻ. ഇരുന്നു കഴിച്ചാൽ എഴുന്നേൽക്കുമ്പോൾ ഇവന്മാര്‌ പിടിക്കും. ഇനി എഴുന്നേറ്റോടിയാൽ, ഈ കശ്മലന്മാര്‌ പിന്നാലെ വന്നു കത്തിയെറിഞ്ഞോ, കുത്തിയോ, വെടിവെച്ചോ കൊല്ലും. മരണം ഉറപ്പാണ്‌. കൈയ്യിലെടുത്തത് ഞാൻ പതിയെ തിരികെ പാത്രത്തിലിട്ടു. മുഖം കുനിച്ച് പിടിച്ച് ചെന്ന് കൈ കഴുകി. തിരികെ നടക്കുമ്പോൾ കൂളിംഗ് ഗ്ലാസ്സ് എടുത്ത് മുഖത്ത് വെച്ചു. ഭീകരന്മാരെ നോക്കി. അവന്മാർ അന്യോന്യം നോക്കി ചിരിക്കുന്നത് കണ്ടു...ഭീകരമായ ചിരി...അവന്മാര്‌ കസേരയിൽ നിന്നും എഴുന്നേൽക്കുന്നത് കണ്ടു...എന്റെ നേർക്ക് നടന്നു വരുന്നതും...Post a Comment

No comments:

Post a comment