Thursday, 19 January 2017

ഉറവ തേടി


ഉത്തരേന്ത്യയിൽ അവധിക്കാലമാസ്വദിക്കുവാൻ വന്ന വിദേശികൾക്ക് മരുഭൂമിയിലെ കാഴ്ച്ചകൾ പുതുമയുള്ളതായിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസം, മരുഭൂമിയിലൂടെ ഒട്ടകപ്പുറത്തിരുന്ന് യാത്ര, ചരിത്രയുദ്ധങ്ങൾക്ക് സാക്ഷിയായ ചില പഴയ കോട്ടകളിലേക്കുള്ള സന്ദർശനം, രാത്രി ചില കലാപരിപാടികൾ. ഇവയൊക്കെയും അവരുടെ ടൂർപാക്കേജിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്രയും കുറഞ്ഞ ചിലവിൽ ഇത്രയും ആസ്വദിക്കാനാവുക! അവർ അന്യോന്യം അതേക്കുറിച്ച് പറഞ്ഞു. തിരികെ ചെല്ലുമ്പോൾ ഇവിടുത്തെ കാഴ്ചകളെ കുറിച്ച് എഴുതണം, പറയണം, എടുത്ത ഫോട്ടോകൾ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. എല്ലാം ഇപ്പോഴെ അവരിൽ ചിലർ തീരുമാനിച്ചു കഴിഞ്ഞു.

ടൂർ ഗൈഡ് അവരെ മരുഭൂമിയ്ക്കരികിലുള്ള ഗ്രാമങ്ങളിലൂടെ വാഹനത്തിൽ കൊണ്ടു പോയി. അംബരചുംബികളായ കെട്ടിടങ്ങൾ അവരെ ആകർഷിക്കുകയില്ല. മൺമതിലുകളും, ഓലമേഞ്ഞ വീടുകളും, ആഴമേറിയ കിണറുകളും, അനവധി ആഭരണങ്ങളണിഞ്ഞ സ്ത്രീകളും..ഇതൊക്കെയാണ്‌ പുതിയ കാഴ്ച്ചവസ്തുക്കൾ. ഒരാഴ്ച്ച മുൻപ് അവർ മുംബൈയിലെ ചേരികളിലൂടെ യാത്ര ചെയ്തിരുന്നു. അതൊക്കെയും പലവിധ പാക്കേജുകളാണ്‌. അവർ ചേരികൾ കണ്ടിട്ടുണ്ടായിരുന്നില്ല. അത്രയധികം ആളുകൾ, അത്രയധികം വൃത്തിഹീനമായ ചുറ്റുപാടുകളിൽ, അത്രയും ഇടുങ്ങിയ മുറികൾക്കുള്ളിൽ താമസിക്കുന്നത് അവർക്ക് പുതുക്കാഴ്ച്ചയായിരുന്നു. അതൊക്കെയും നേരിൽ കാണാനാണ്‌ അവർ വന്നിരിക്കുന്നത്. അതൊക്കെയും കാണിച്ചു കൊടുക്കാനാണ്‌ ഗൈഡുകളെ നിയോഗിച്ചിരിക്കുന്നത്. അതിനാണവർ കാശ് കൊടുത്തിരിക്കുന്നത്.
ഒട്ടകപ്പുറത്തിരുന്നു യാത്ര ചെയ്യുക - ഇതാണ്‌ ഇന്നത്തെ കാര്യപരിപാടികളിൽ ആദ്യത്തേത്. എല്ലൂന്തിയ ഗ്രാമവഴികളിലൂടെ പൊടിപറത്തി അവരെയും വഹിച്ചു കൊണ്ട് വാഹനം പാഞ്ഞു പോയി. പുറത്തെ തീ വെയിലിലേക്ക് സഞ്ചാരികൾ കൂളിംഗ്ലാസ്സ് വെച്ച് കൗതുകത്തോടെ നോക്കിയിരുന്നു. ഇടയ്ക്കൊന്നു വാഹനം നിർത്തി പുറത്തിറങ്ങിയപ്പോഴാണവർ ചൂടിന്റെ ഉഗ്രത ശരിക്കുമറിഞ്ഞത്. അല്പനേരം കൊണ്ടു തന്നെ ചൂടിൽ പലരുടേയും മുഖവും കൈകളും വിയർപ്പ്പാട കൊണ്ട് നനഞ്ഞു. മിനറൽ വാട്ടർ നിറച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ എല്ലാവരുടേയും കൈവശമുണ്ട്. പലരും കുപ്പി തുറന്ന് കുടിക്കാൻ തുടങ്ങി. ചുടുകാറ്റ് വീശിയപ്പോൾൻ പൊടി പാറി പലരുടെയും കണ്ണിൽ വീണു. കൂളിംഗ്ലാസ് വെച്ച് കണ്ണുകൾ മാത്രം പുറത്ത് കാണുംവിധം മുഖം വലിയ ഷാളുകൾ കൊണ്ട് മറച്ചത് ചിലർക്ക് രക്ഷയായി. ഏ സി യുള്ള വാഹനത്തിനുള്ളിൽ തിരികെ കയറിയപ്പോൾ അവർക്കെല്ലാവർക്കും ആശ്വാസമായി. അവർ വീണ്ടും യാത്ര തുടർന്നു. അല്പദൂരം കഴിഞ്ഞപ്പോൾ ദൂരെ നിരനിരയായി നടന്നു പോകുന്ന സ്ത്രീകളിലായി സഞ്ചാരികളുടെ ശ്രദ്ധ. തലവഴി തുണി കൊണ്ട് മൂടി, ഉച്ചിയിൽവെച്ച വലിയ മൺപാത്രങ്ങളുമായി പോകുന്ന സ്ത്രീകൾ. വിദേശിയർ ഗൈഡിനോട് ഇവർ എവിടേക്കാണ്‌ പോകുന്നതെന്ന് ചോദിച്ചു.
‘അവർ ദൂരെ വെള്ളം ശേഖരിക്കാൻ പോകുന്നവരാണ്‌’
‘എത്ര ദൂരം?’
‘അതു എട്ടു പത്തു കിലോമീറ്ററുകൾ നടന്നു പോകേണ്ടി വരും..ചിലർ രാവിലെ പോയാൽ വൈകുന്നേരമേ വരൂ’
വിദേശികൾ പരസ്പരം നോക്കി.
തലയിൽ ഒന്നിനു മുകളിൽ ഒന്നെന്ന മട്ടിൽ മൂന്നും നാലും കുടങ്ങൾ. ചിലർ കൈകളിലും കുടങ്ങൾ പിടിച്ചിട്ടുണ്ട്. കുട്ടികളും അവരുടെ കൂട്ടത്തിലുണ്ട്. ഉച്ചവെയിലിൽ അവർ മണലിലൂടെ നടന്നു പോകുന്നത് ചിലർ ഫോട്ടോ എടുത്തു. മണൽ തിളയ്ക്കുന്നുണ്ട്. സ്ഫടികഉടലുകളുള്ള സർപ്പങ്ങൾ ആകാശത്തേക്ക് പുളഞ്ഞുകയറി പോകുന്നത് പോലെയുണ്ട്. ഇളകിയാടുന്ന കാഴ്ച്ചകൾ.
‘കുറച്ചു കൂടി അടുത്തേക്ക് പോകാമോ?’ വാഹനത്തിലിരുന്ന ഒരാൾ അപേക്ഷാസ്വരത്തിൽ ചോദിച്ചു.
എങ്കിൽ അവരെ നന്നായി കാണാമായിരുന്നു. അവർക്കൊപ്പം ചില ഫോട്ടോകളും എടുക്കാമായിരുന്നു.
‘അതിനെന്താ?’ ഗൈഡ് വാഹനം അവർക്കടുത്തേക്ക് ഓടിക്കാൻ നിർദ്ദേശം നല്കി.
വിദേശികളുമായി വാഹനം വരുന്നത് കണ്ട് കൂട്ടമായി പോയ്ക്കൊണ്ടിരുന്ന സ്ത്രീകൾ നിന്നു. അവരിൽ ചിലർ മുഖം മറച്ചു. അവരുടെ കരിയെഴുതിയ കണ്ണുകൾ മാത്രം പുറത്ത് കാണാം. സ്ത്രീകൾ വെള്ളികൊണ്ടുള്ള ആഭരണങ്ങൾ ധരിച്ചിരുന്നു. അവരുടെ വസ്ത്രങ്ങൾ പലനിറത്തിലുള്ള തുണിക്കഷ്ണങ്ങളും, കണ്ണാടിച്ചില്ലുകളും, ചിത്രപണികളും കൊണ്ടലങ്കരിച്ചിട്ടുണ്ട്. കറുപ്പും ചുവപ്പും നിറമുള്ള ഇറുക്കമുള്ള വസ്ത്രങ്ങൾ. കൈകളിൽ ധാരാളം വെള്ളിനിറമുള്ള വളകൾ. നെറ്റിയിലേക്ക് നീണ്ടുകിടക്കുന്ന ആഭരണങ്ങൾ. ചിലർ മൂക്കുത്തി അണിഞ്ഞിട്ടുണ്ട്. മൺകലങ്ങളിൽ കൂടി ചിത്രപ്പണികളുണ്ടെന്നുള്ളത് ചിലർ ശ്രദ്ധിച്ചു.
‘ഫോട്ടോ എടുക്കാമോ?’ ചിലർ ഗൈഡിനോട് ചോദിച്ചു.
‘വൈ നോട്ട്?’
ചിലർ അടുത്ത് ചെന്നു നിന്നു ഫോട്ടോ എടുത്തു. ചിലർ സെൽഫോണിൽ സെൽഫികളെടുത്തു.
കുടവുമായി നടക്കുന്ന സ്ത്രീകളുടെ മുഖം അപ്പോഴാണ്‌ ചിലർ കണ്ടത്, ചൂടേറ്റ് തൊലിയടർന്ന മുഖങ്ങൾ. സൂക്ഷിച്ചു നോക്കുന്നത് കണ്ട് സ്ത്രീകൾ മുഖം മറച്ചു. അവരോടൊപ്പമുള്ള കുട്ടികളുടെ കണ്ണുകളിലും കൗതുകമില്ലായിരുന്നു. പറന്നു പാറിയ ചെമ്പൻ മുടി വശങ്ങളിലേക്കൊതുക്കി വെച്ച് കുട്ടികൾ സഞ്ചാരികളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ഒരു പക്ഷെ വർഷത്തിൽ പലതവണ ഇതു പോലുള്ള സഞ്ചാരികളെ അവർ കണ്ടുമുട്ടുന്നുണ്ടാവും.
‘പോകാം?. ധാരാളം സ്ഥലങ്ങൾ കാണുവാനുണ്ട്’ ഗൈഡ് മര്യാദ നിറഞ്ഞ സ്വരത്തിൽ ഓർമ്മിപ്പിച്ചു.
സഞ്ചാരികൾ സ്ത്രീകളുടെ നേർക്ക് കൈ വീശി കാണിച്ചു കൊണ്ട് നടന്നു. ചിലർ എന്തോ ഓർത്ത പോലെ തിരിഞ്ഞു നിന്നിട്ട് സ്ത്രീകളുടെ കൂട്ടത്തിനു നേർക്ക് നടന്നു. പേഴ്സിനുള്ളിൽ നിന്നും ചിലർ നോട്ടുകളെടുത്തു. ചിലർ നാണയങ്ങളും.
‘ഇവർക്ക് ഇത് എവിടെ ചിലവാക്കാൻ പറ്റും?’
‘അതൊക്കെ ഇവർ എവിടെയെങ്കിലും കൊടുത്ത് മാറ്റി കൊള്ളും’
അവർ തമ്മിൽ പറഞ്ഞു.
എന്നാൽ നാണയങ്ങളോ നോട്ടുകളോ സ്വീകരിക്കാൻ സ്ത്രീകൾ മടിച്ചു.
‘ടേക്ക് ഇറ്റ് ..ടേക്ക് ഇറ്റ്’ വിദേശികൾ നിർബന്ധിച്ചു.
സ്ത്രീകൾ അപ്പോൾ സഞ്ചാരികളുടെ സഞ്ചിയിലേക്ക് കൈചൂണ്ടി.
‘ഇവർക്ക് നമ്മുടെ ബാഗ് വേണമെന്നാണൊ?’ വിദേശികളിൽ ഒരാൾ തമാശരൂപേണ പറഞ്ഞു.
സ്ത്രീകൾ ബാഗിനുള്ളിലേക്ക് തന്നെ വിരൽചൂണ്ടി നിന്നു.
‘ദിസ്?’ എന്നു ആശ്ചര്യത്തോടെ വിദേശി ബാഗിനുള്ളിൽ നിന്നും സ്ത്രീ ചൂണ്ടിക്കാണിച്ച വസ്തു എടുത്തു. അതൊരു മിനറൽ വാട്ടറിന്റെ ബോട്ടിലായിരുന്നു. സഞ്ചാരികൾ ബോട്ടിലുകൾ സ്ത്രീകളുടെ നേർക്ക് നീട്ടിപ്പിടിച്ചു. സ്ത്രീകളോടൊപ്പമുണ്ടായിരുന്ന കുട്ടികൾ മുന്നോട്ട് വന്ന് ബോട്ടിലുകൾ വാങ്ങി തിരിഞ്ഞു നടന്നു. ‘ഷാൽ വീ ഗോ?’ പിറകെ ഗൈഡിന്റെ ശബ്ദം കേട്ടപ്പോൾ സഞ്ചാരികൾ ഒന്നും പറയാതെ തിരിഞ്ഞ് വാഹനത്തിനു നേർക്ക് പതിയെ നടന്നു. സ്ത്രീകൾ തീവെയിലിലൂടെ വീണ്ടും നടന്നു തുടങ്ങി. വാഹനം നീങ്ങി. സഞ്ചാരികൾ കൂളിംഗ്ലാസ്സിലൂടെ സ്ത്രീകൾ കൂട്ടം കൂട്ടമായി മണലിലൂടെ നടന്നു പോകുന്നത് നിശ്ശബ്ദരായി നോക്കിയിരുന്നു.

Post a Comment

3 comments:

 1. പൂർണമായ ഒരു കഥ പോലെ അനുഭവപ്പെട്ടില്ല. മരുഭൂമിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തിനു ഉദ്ദേശിച്ച പ്രതീക്ഷിച്ച പ്രാധാന്യം കഥയിൽ കിട്ടി എന്ന് തോന്നുന്നില്ല. അത് കൊണ്ട് തന്നെ കഥയുടെ ഭംഗി ഇല്ലാതെ പോയി.

  ഇപ്പോഴത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പി. വത്സല എഴുതിയ ഗാങ്തോക്കിലെ പെൺകുട്ടി എന്ന കഥ നോക്കൂ. കഥയില്ലാത്ത വിവരണം.

  ReplyDelete
 2. കൊള്ളാാം.(എനിക്കിഷ്ടപ്പെട്ടു.)  വെള്ളത്തിനായി അലയുന്ന ജനത.

  ReplyDelete
 3. കുഴപ്പമില്ല ...
  മരുഭൂമിയിലെ പെണ്ണുങ്ങളാണ് കേട്ടോ ഭായ്

  ReplyDelete