Please use Firefox Browser for a good reading experience

Monday 4 May 2020

നഗരമാലിന്യങ്ങൾ


നഗരാതിർത്തിയിൽ ഒരു വലിയ പറമ്പുണ്ട്. അവിടെ ചെറിയ കുന്നുകൾ പോലെ മാലിന്യകൂമ്പാരങ്ങൾ കാണാം. മനുഷ്യനു മാത്രം സാധിക്കുന്ന വിചിത്രമായ ഒരു സൃഷ്ടിയാണത്.
അന്തരീക്ഷത്തിൽ ദുർഗ്ഗന്ധം പാട പോലെ കെട്ടി നില്ക്കുന്നൊരിടം.
നഗരസൗന്ദര്യം സംരക്ഷിക്കുന്നതിനായി വിധിക്കപ്പെട്ട ഇടം.
ആ വെളിമ്പ്രദേശത്താണ്‌ നഗരവാസികളായ സുന്ദരന്മാരുടെയും, സുന്ദരിമാരുടേയും, മാന്യന്മാരുടേയും, അതിലൊന്നും ഉൾപ്പെടാത്തവരുടെയും മാലിന്യങ്ങൾ പതിവായി നിക്ഷേപിക്കുന്നത്. നിക്ഷേപം മാത്രം. നിർമാർജ്ജനം ചെയ്യേണ്ട ചുമതല ഭൂമിയിലെ പലവിധ ജീവികൾക്കായി പകുത്തു കൊടുത്തിരിക്കുകയാണ്‌. ആ നഗരമാലിന്യങ്ങൾക്കിടയിൽ ഈച്ചകളും, എലികളും, പാറ്റകളും, പുഴുക്കളും, ഇഴജീവികളും, നായ്ക്കളും സ്വൈര്യമായി, സർവ്വസ്വതന്ത്രരായി വിഹരിക്കുന്നു. അതാണവരുടെ സ്വർഗ്ഗം. നഗരശരീരം സുന്ദരമായിരിക്കുവാൻ നഗരാതിർത്തി വൃത്തികേടായിരുന്നേ മതിയാവൂ എന്ന നിവൃത്തികേടിൽ എത്തിയിരിക്കുകയാണ്‌ ഇപ്പോൾ അധികൃതർ.

മാലിന്യം നിക്ഷേപിക്കാൻ വന്ന വാഹനത്തിന്റെ ഡ്രൈവറാണ്‌ അതാദ്യം കണ്ടത്. പറമ്പിൽ ഒരു ചോരക്കുഞ്ഞിന്റെ മൃതശരീരം. അന്നേരം കാക്കകൾ അത് കൊത്തിപ്പറിക്കാൻ കലപിലയോടെ മത്സരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നായ്ക്കളും പക്ഷികളും, എലികളും മൃതദേഹത്തെ തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയിരുന്നു. നടുക്കം കൂട്ടിപ്പിടിച്ച് അയാൾ നിലവിളിച്ചുകൊണ്ടോടി.

തുടർന്നുള്ള ദിവസങ്ങളിൽ ജനരോഷം, അണപൊട്ടിയൊഴുകും വിധമായിരുന്നു. പിടിച്ചു കെട്ടാൻ അസാധ്യമായ മാലിന്യദുർഗ്ഗന്ധം പോലെ അതു നാടു മുഴുവനും പരന്നൊഴുകി. ആത്മരോഷത്തോടെ ചിലർ പ്രതികരിച്ചു. ചിലർ സഹതപിച്ചു. ചിലർ പലവിധ ഊഹാപോഹങ്ങളുമായി കഥകൾ മെനഞ്ഞു.
‘ഏതു സ്ത്രീയ്ക്കാണ്‌ ആ പിഞ്ചുകുഞ്ഞിനെ ഇങ്ങനെ ഉപേക്ഷിക്കാൻ തോന്നിയത്?’
‘കുട്ടികളില്ലാത്ത എത്രയോ പേർ ഈ നാട്ടിലുണ്ട്...അവർക്കാർക്കെങ്കിലും വളർത്താൻ കൊടുക്കാരുന്നു...’
‘ചിലപ്പോൾ നിവൃത്തിയില്ലാതെ ചെയ്തു പോയതാവും’
‘ആർക്കറിയാം? ഏതേലും വല്യ വീട്ടിലെ സ്ത്രീയുടെ കുഞ്ഞാണോ അല്ലയോന്ന്...’
കഥകൾ പെരുകുന്നത് മനുഷ്യരും മൃഗങ്ങളും പെറ്റു പെരുകുന്നതിലും വേഗത്തിലാണ്‌.

പോലീസും വന്നു. പോലീസ് നായയും വന്നു. അന്വേഷണം ആരംഭിച്ചു. എങ്കിലും ആരുടെ കുഞ്ഞാണതെന്ന് കണ്ടെത്താനായില്ല. അവിടേക്ക് ആ കുഞ്ഞ് എങ്ങനെ എത്തിപ്പെട്ടെന്നും ആർക്കുമറിയില്ല. അയൽസംസ്ഥാനങ്ങളിൽ നിന്നും ധാരാളം പേർ ഇപ്പോൾ അവിടേക്ക് എത്തിപ്പെടുന്നുണ്ടെന്നും, അവരിൽ ക്രിമിനൽ പശ്ചാത്തലമുള്ള ധാരാളം പേർ ഉണ്ടെന്നും, അവരിൽ ചിലർ എവിടെ നിന്നെങ്കിലും തട്ടിയെടുത്ത, ഒരു കുട്ടിയാവാനെ അത് വഴിയുള്ളൂ എന്നുമുള്ള കഥ കാറ്റിലൂടെ പലരും കേട്ടു. ചില മനുഷ്യരെക്കാൾ ക്രൂരമാണ്‌ അവർ പറയുന്ന കഥകൾ. ആ കഥകൾക്ക് കാറ്റിനേക്കാൾ വേഗതയും കാട്ടുത്തീയേക്കാൾ ചൂടുമുണ്ടാവും. ആ കഥകൾ, കേൾക്കുന്നവരുടെ ഹൃദയവും മനസ്സും ചുട്ടു പൊള്ളിക്കും. നാട്ടുകാരിൽ ചിലർ അന്യഭാഷ സംസാരിക്കുന്നവരെ, സംശയാസ്പദമായ നിലയിൽ, അവിടെ കണ്ടെന്ന് തട്ടി മൂളിച്ചു. പലയിടങ്ങളിലും ആക്രമണങ്ങൾ അവർക്കെതിരെ ഉണ്ടായി. പോലീസിന്റെ പക്കൽ ഊഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പലവിധ ഊഹങ്ങളിൽ തട്ടിത്തടഞ്ഞു വീഴുകയും, ആശയക്കുഴപ്പത്തിൽ ആണ്ടുപോവുകയും ചെയ്തു.

സമൂഹത്തിന്റെ ജീർണ്ണതയാണിതു വെളിവാക്കുന്നതെന്ന് സാംസ്കാരികനായകന്മാർ ഓരിയിട്ടു.
രാഷ്ടീയനേതാക്കൾ ഇത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ചിന്നം വിളിച്ചു.
ജനം, ഇതൊക്കെ എന്നവസാനിക്കും എന്ന് വിലപിച്ചു മോങ്ങി.
ഇതാദ്യമായിട്ടൊന്നുമല്ലല്ലോ, ഇതുപോലെ ഒരു കുഞ്ഞിന്റെ ശരീരം ലഭിക്കുന്നതെന്ന് ചിലർ പതിയെ ചൂളം വിളിച്ചു.

പതിവു പോലെ ശബ്ദങ്ങൾക്കെല്ലാം ഒരാഴ്ച്ച മാത്രമായിരുന്നു ആയുസ്സ്. ദൂരെയൊരിടത്ത് സംഭവിച്ച രണ്ടു നിസ്സാരസംഭവങ്ങൾ ജനശ്രദ്ധ മാറുവാൻ കാരണമായി. ഉത്തരേന്ത്യയിൽ നടന്ന ഗോവധവും അതേത്തുടർന്നു നടന്ന മനുഷ്യവധവുമാണ്‌ ജനരോഷത്തെ വഴി തിരിച്ചുവിട്ടത്. മനുഷ്യമനസ്സാക്ഷിയുടെ നേർപകർപ്പ് എന്ന് സ്വയം അവകാശപ്പെടുന്ന പത്രങ്ങൾ രോഷം പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും കണ്ടമാനം മഷിയൊഴുക്കി. കല്ലേറ്‌ കൊണ്ടിളകിയ കടന്നൽ കൂടുകളായി സാമൂഹ്യമാധ്യമങ്ങൾ.

ദിവസങ്ങൾ കഴിഞ്ഞു. പതിവു പോലെ മാലിന്യം നിറച്ച വണ്ടിയുമായി ഡ്രൈവർ വീണ്ടും വന്നു. പതിവു പോലെ ദുർഗന്ധമറിയാതിരിക്കാൻ മൂക്കു പൊത്തിക്കൊണ്ടു തന്നെ. ഒരു മൂലയിൽ നായ്ക്കൾ കൂട്ടമായി കടിപിടി കൂടുന്നതയാൾ ശ്രദ്ധിച്ചു. മത്സരത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന മട്ടിൽ സംശയത്തോടെ കാക്കകൾ വട്ടമിട്ടു പറക്കുന്നു. അവിടേക്ക് ചെന്ന അയാൾ കണ്ടത്, അഴുകി തുടങ്ങിയ ഒരു മനുഷ്യശരീരമാണ്‌. ചവറ്റു കൂനയിൽ നിന്നും നായ്ക്കൾ വലിച്ചു പുറത്തിട്ടതാണത്‌. ആ ശരീരം നഗ്നമായിരുന്നു. ചുറ്റിലുമായി വട്ടം കൂടി നില്ക്കുന്ന നായ്ക്കൾ ശരീരഭാഗങ്ങൾ വലിച്ചു പറിക്കുന്നു. ഓക്കാനിച്ചു കൊണ്ടയാൾ ദുർഗ്ഗന്ധമുയരുന്ന ശരീരത്തിലേക്ക് ഒരു തവണയേ നോക്കിയുള്ളൂ.

ആ ശരീരം അന്യസംസ്ഥാനത്ത് നിന്നും വന്നൊരു യുവതിയുടേതാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്...
ഒരു കീഴ്വഴക്കം പോലെ പോലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്...






Post a Comment

4 comments:

  1. ചോദിക്കാനും പറയാനും ആരുമില്ലാത്ത അശരണരായവർക്ക്  
    പ്രത്യേകിച്ച് സ്ത്രീകൾക്ക് അതിക്രൂരജന്മങ്ങളാൽ പീഡനാന്ത്യം
    വരുന്നതിന്റെ നേർക്കാഴ്ച്ചകൾ ...

    ReplyDelete
    Replies
    1. നന്ദി ബിലാത്തിപട്ടണം. അവിടെ താങ്കളും കുടുംബവും സുരക്ഷിതമെന്നു കരുതുന്നു.

      Delete
  2. This comment has been removed by a blog administrator.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി. സന്തോഷം :)
      ക്ഷമിക്കണം. അറിയാതെ കമന്റ് റിമൂവ് ആയി പോയി :(

      Delete