Please use Firefox Browser for a good reading experience

Friday 26 March 2010

ഒഴിഞ്ഞ കൂട്‌..

ണങ്ങിയ ചോരപ്പാടുകള്‍..
പൂട്ടിയ വിലങ്ങുകൾ..
തണുത്ത ഇരുമ്പഴികളിൽ ഊർന്നു പോവുന്ന കൈകൾ..
പാതിരാവൊഴിയും നേരം..
മറച്ച കാഴ്ച്ച..
കയറു കൊണ്ടൊരു മാല്യം..
മിടിക്കുന്ന സൂചി..
കൃത്യ സമയം..
ഞരങ്ങുന്ന ഇരുമ്പും വഴിമാറിയ വാതിലുകളും
ശൂന്യതയിലേക്കുള്ള പാച്ചിൽ..
കഴിഞ്ഞു..കൂടൊഴിഞ്ഞു..

Post a Comment

Thursday 11 March 2010

അനാഥ ഹൃദയം

അനാഥരുടെ വേദന പലരും അറിയുന്നില്ല..
നമ്മളിൽ പലരും എത്ര ഭാഗ്യവാന്മാരാണെന്ന് നമ്മൾ തന്നെ മനസ്സിലാക്കുന്നില്ല..
ജീവിതത്തിൽ ഒരിക്കലെങ്കിലും അനാഥത്വം അനുഭവിച്ചറിയാത്തവർ ചുരുക്കമായിരിക്കും....
പിഞ്ചു കുഞ്ഞുങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്ന ഒരു തലമുറയാണ്‌ നമ്മുടേത്‌..
ആ പിഞ്ചു ഹൃദയങ്ങളിലെ വേദനയേക്കുറിച്ച്‌...
സനാഥരായ ഭൂരിപക്ഷത്തിനു ഒരിക്കലും മനസ്സിലാവാത്ത, അനുഭവിക്കാത്ത ആ വേദനയെക്കുറിച്ച്‌...
ചില ഓർമ്മപ്പെടുത്തലുകൾ..


അലയുന്നു ഏകാന്തപഥികനായിന്നും,
തിരയുന്നു അമ്മതൻ മുഖമൊന്നു കാണുവാൻ..

അറിയാതടർന്നൊരു പൂവിൻ മനസ്സുപോ
ലറിയാതെ തേങ്ങിക്കരഞ്ഞു ഞാനുള്ളിൽ..

ചിറകറ്റ്‌ വീണൊരു പക്ഷിപോൽ മണ്ണിൽ
മുറിവേറ്റ്‌ വീണുഞ്ഞാനറിയാതെയാരും..

തിരയുന്നുവാമുഖം പിന്നെയും പിന്നെയും
ഒരു മാത്രയെങ്കിലും കാണുവാൻ മാത്രം.

വരുമായിരിക്കുമോ മാതാവൊരിക്കലീ
കരയുന്ന പൂവിന്റെ കണ്ണുനീരൊപ്പുവാൻ?

ഒരു കൊച്ചു പൂവുപോലാമടിത്തട്ടിൽ,
തലചായ്ച്ചുറങ്ങുവാനെന്തു മോഹം!

ഒരു വട്ടമെങ്കിലുമെനിക്കു നീ തന്നുവോ
ഒരു തുള്ളിയമ്മിഞ്ഞപ്പാലെന്റെ ചുണ്ടിൽ?

അമ്മതൻ താരാട്ട്‌ പാട്ടൊന്ന് കേൾക്കുവാ-
നാശിച്ചു ഞാനെന്റെ ജന്മം മുഴുക്കെയും.

പലകുറി ഞാനൊരു പരിഹാസ പാത്രമായ്‌
പലരുമീ ഹൃദയത്തിലാഞ്ഞു കുത്തി..

അറിയില്ല ആരുമീ ഹൃദയത്തിനുള്ളിലെ
ആഴത്തിലുള്ളയാ മുറിവിന്റെ വേദന

അറിയില്ല നിങ്ങളെൻ മനസ്സിന്റെയുള്ളിലെ
മുറിവേറ്റ പക്ഷിതൻ ചിറകറ്റ നൊമ്പരം

വിരഹത്തിൻ നൊമ്പരമറിയാതെ നിങ്ങൾ,
'വിധി' എന്നു മാത്രം പറഞ്ഞകന്നു..

തെരുവിന്റെ കോണിൽ, കരയുന്ന കുഞ്ഞിന്റെ
നെറുകയിൽ ഞാനെത്രയുമ്മ വെച്ചു!

ഇരുളിന്റെ മറവിൽ, പിടയുന്നുവെന്നും,
തളരുമീ നെഞ്ചിലെ കുഞ്ഞു പുഷ്പം

ആശിച്ചു ഞാനെന്റെ ജന്മം മുഴുക്കെയും,
മകനെന്ന വിളിയൊന്നു കേൾക്കുവാൻ മാത്രം

തിരയുമീ വഴികളിലേകാന്തപഥികനായ്‌
ഉയിരെന്ന തിരിനാളമണയും വരെ..


മാർച്ച്‌ പതിനൊന്ന് രണ്ടായിരത്തി പത്ത്‌

Post a Comment