Please use Firefox Browser for a good reading experience

Sunday 3 December 2023

അറുപത് പടികൾ കടന്ന്...


അറുപത് പടികൾ...ഞാൻ എണ്ണി നോക്കിയതാണ്‌.
എന്റെ അപാർട്ട്മെന്റിലേക്കുള്ളത്.
മനഃപൂർവ്വം എണ്ണിയതാണ്‌.
എണ്ണിപോയതാണ്‌.
ഇതുവരേയും എണ്ണിയിരുന്നില്ല്ല.
എണ്ണാൻ തോന്നിയിരുന്നില്ല.
എണ്ണാൻ അവസരം കിട്ടിയിരുന്നില്ല.

ലിഫ്റ്റ് കേടായതെന്നാണ്‌?
അറിയില്ല്ല. ഓർക്കാനാവുന്നില്ല.
ഓറ്റയ്ക്കാവുമ്പോൾ ഓർമ്മകൾ തേഞ്ഞ് തുടങ്ങും.
മാറാലകൾ നിറഞ്ഞ മുറി പോലെയാവും.

പടികളും എന്റെ കാൽമുട്ടുകളും മത്സരത്തിലാണിപ്പോൾ.
പടികൾ പണ്ടേ മത്സരിക്കാൻ മിടുക്കരാണ്‌!
മത്സരിക്കാൻ ജനിച്ചവർ!
എന്റെ കാൽമുട്ടുകൾ ഇങ്ങനെ ഒരു മത്സരം വരുന്നതെങ്ങനെയറിയാനാണ്‌?!
അത് കൊണ്ട് തയ്യാറെടുത്തിരുന്നില്ല; ഒന്നിനും.

ലിഫ്റ്റിനടുത്ത് ശിവരാമേട്ടൻ നിൽക്കും, ലിഫ്റ്റ് കേടായിട്ടും.
ശിവരാമേട്ടൻ മാത്രം.
ശിവരാമേട്ടൻ എന്നും അവിടെയുണ്ടായിരുന്നു.
ആരും അതുവരേയും ശ്രദ്ധിച്ചിരുന്നില്ല.
ശ്രദ്ധിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
എന്തിനാണിപ്പോഴും ശിവരാമേട്ടൻ അവിടെ?
ചിലപ്പോൾ കാണുമ്പോൾ ചിരിക്കാൻ വേണ്ടിയാവും.
ചിരിക്കാൻ മാത്രം.
പിശുക്കില്ലാതെ ചിരിക്കാൻ.
ചിലപ്പോൾ ലിഫ്റ്റ് കേടായെന്ന് പറയാൻ മാത്രമാവും.
ഇനി കാൽമുട്ടുകളും പടികളും തമ്മിലുള്ള മത്സരം തുടങ്ങാൻ പോവുകയാണെന്ന് സൂചിപ്പിക്കാനാവും.

അമ്പത്തിയൊമ്പതാമത്തെ പടിയിൽ നിൽക്കുമ്പോൾ ഒരാശ്വാസം.
ഇനിയൊരു പടി കൂടി.
വെറും ഒരു പടി കൂടി മാത്രം.
എന്റെ പ്രായവും പടികളുടെ എണ്ണവും ഒന്ന്.
മുകളിലേക്ക് ഇനിയും പടികളുണ്ട്.
കയറണമെന്നുണ്ട്...പക്ഷെ കാൽമുട്ടുകൾ.

അങ്ങനെയാണ്‌ രാത്രി ഞാൻ രണ്ടും കല്പിച്ച് കയറിപോയത്.
മുകളിൽ ടെറസ്സാണ്‌.
ശൂന്യം.
മുഴുവനും നക്ഷത്രങ്ങളുടെ പ്രകാശം.
ശൂന്യതയുടെ പ്രകാശം.
ഇരുട്ടെന്ന് വിചാരിച്ചിരുന്നിടത്തും പ്രകാശം!
ഞാൻ പടികളിറങ്ങി താഴേക്ക് പോയില്ല.
താഴെ എന്ത് ചെയ്യാനാണ്‌?!
ഇവിടെ എനിക്ക് കൂട്ട് നക്ഷത്രങ്ങളുണ്ട്.
ഒറ്റയ്ക്കല്ല.
മുകളിൽ ചെല്ലുമ്പോൾ ഒറ്റയ്ക്കായി പോവുമെന്ന് ഭയമുണ്ടായിരുന്നു.
ഇല്ല, ഭയമില്ല, ഭയക്കേണ്ടതില്ല.
ഇവിടം സുന്ദരമാണ്‌.
ഇവിടെ ഞാൻ നഷത്രങ്ങളുടെ ഭാഗമാണ്‌!


Post a Comment

പഴയൊരു ട്രങ്ക് പെട്ടി


ഇന്നലെയാണാ പഴയ പെട്ടിയേക്കുറിച്ചോർത്തത്.
ഇന്നാണാ പഴയ ട്രങ്ക് പെട്ടി ഞാൻ പുറത്തേക്കെടുത്തത്.
കട്ടിലിനടിയിലായിരുന്നു അതുവരെ.
നിറം ഇലപ്പച്ചയോ, ആകാശനീലയോ?
അതോ വിപ്ലവചുവപ്പോ?
നിറമെല്ലാം തുരുമ്പ് തിന്നു.
തുരുമ്പ് ബാക്കി വെച്ച പെട്ടി.

അതിനു മുകളിൽ കൈയ്യും കാലും കുത്തി നിന്ന കട്ടിലിൽ,
അമ്മ കിടന്നിരുന്നു - കഴിഞ്ഞാഴ്ച്ച വരെ.
തിരിഞ്ഞും മറിഞ്ഞും അമ്മ കിടന്നു.
ഉറങ്ങിയും, ഉണർന്നും കിടന്നു.
ഓർത്തും, മറക്കാൻ ശ്രമിച്ചും കിടന്നു.
കരഞ്ഞും, കരച്ചിലടക്കിയും കിടന്നു.
കമഴ്ന്നും, മലർന്നും കിടന്നു.
അപ്പോഴെപ്പോഴോ കണ്ണീരൂർന്നാ പെട്ടിയിൽ വീണു കാണും.
കുതിർന്ന്, നിറമെല്ലാമിളകി കാണും.
എന്നിട്ടുമത് അതിജീവിച്ചു.
പക്ഷെ...അമ്മയ്ക്കായില്ല.

തുറന്നു കണ്ടിട്ടില്ല, ഞാനാ പെട്ടി ഇതുവരെ.
ഉള്ളിലെന്താണെന്നുമറിയില്ല.
നിറം മങ്ങിയ തുണികൾ?
മഷി മങ്ങിയ കടലാസുകൾ?
ഓർമ്മകളൊട്ടിപ്പിടിച്ച സമ്മാനങ്ങൾ?
ചിലപ്പോഴതൊന്നുമാവില്ല.
ചിലപ്പോഴതെല്ലാമാവാം.
പൂട്ടിയ പെട്ടി മുന്നിലിരുപ്പുണ്ട്.
മുന്നിൽ വാ പൂട്ടി ഞാനും.
പെട്ടിക്കെന്റെ ഭാഷയും, എനിക്ക് പെട്ടിയുടേതുമറിയില്ല.
എവിടെയാണതിന്റെ താക്കോൽ?
കാണാതായതാവില്ല, കളഞ്ഞതാവും.
അമ്മയുമതു പോലെയായിരുന്നു,
താഴിട്ടു പൂട്ടിയ പെട്ടി പോലെ.
താക്കോൽ കളഞ്ഞ പെട്ടി പോലെ.

ഈ പെട്ടിക്കുള്ളിലെന്താണ്‌?
അറിയില്ല, അറിയിച്ചതുമില്ല.
ചോദിച്ചില്ല, പറഞ്ഞതുമില്ല.
കണ്ടിട്ടില്ല, നോക്കിയിട്ടുമില്ല.
കുഞ്ഞുമോൻ വന്നു ചോദിക്കുന്നു,
എന്താണതിന്റെ ഉള്ളിലെന്ന്...
അറിയില്ലെങ്കിലും പറയണമെന്നുണ്ട്,
ഒസ്യത്തിലില്ലാത്തതാണെന്ന്...
കൈമാറി കിട്ടിയ നിധിയാണെന്ന്...
അതിനുള്ളിൽ മൗനമാണെന്ന്...ഓർമ്മകളാണെന്ന്..
അമ്മമണമുള്ള വസ്തുക്കളാണെന്ന്...
കൊച്ചു മകനായി വാങ്ങി വെച്ച സമ്മാനങ്ങളാണെന്ന്...
വരാമായിരുന്നെനിക്ക്...ഒരുവട്ടമെങ്കിലും...

Post a Comment

Wednesday 30 August 2023

കാലവുമൊത്ത് ഒരു സംഭാഷണം


ഞാൻ വെറുതെ ഇരിക്കുകയായിരുന്നു, പതിവു പോലെ ഉദ്യാനത്തിൽ. അവിടെ ആവുമ്പോൾ നല്ല വെളിച്ചമുണ്ട്, നല്ല കാറ്റുണ്ട്, ചുറ്റും ചെടികളുണ്ട്, ചെടികളിൽ ചിത്രശലഭങ്ങളുണ്ട്. എന്തു കൊണ്ടും നല്ല സുഖം. അങ്ങനെ ഇരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുമ്പോഴാണ്‌ ഒരാൾ എന്റെ സമീപത്തേക്ക് വന്നത്. സത്യത്തിൽ അയാൾ എന്റെ അടുത്ത് വരുന്നത് വരെ ഞാൻ അറിഞ്ഞത് പോലുമില്ല. ചിലപ്പോൾ ശബ്ദമുണ്ടാക്കാതെ വന്നതാവാം. ഉദ്യാനത്തിൽ ധാരാളം ബെഞ്ചുകളുണ്ട്. എങ്കിലും അയാൾ എന്റെ അടുത്ത് വന്ന്, ഞാനിരുന്ന ബെഞ്ചിൽ എന്റെ സമീപം ഇരുന്നു. അതിലെനിക്ക് ഒരു ഇഷ്ടക്കേടുമില്ല. ഞാൻ അയാളെ നോക്കി ചിരിച്ചു. അല്ല മന്ദഹസിച്ചു എന്ന് പറയാം. 
‘ഞാൻ ആരെന്ന് മനസ്സിലായോ?’
ഞാൻ മുഖങ്ങൾ ഓർത്തു നോക്കി. ഇല്ല മനസ്സിലാകുന്നില്ല.
‘ഇല്ല...മനസ്സിലായില്ല..’
‘ഞാനാണ്‌ കാലം...’ അയാൾ തികഞ്ഞ ശാന്തതയോടെ പറഞ്ഞു.
‘കാലനോ?!’
‘കാലനല്ല...കാലം...കാലം...’ അയാൾ ഒരു അനിഷ്ടവും പ്രകടിപ്പിക്കാതെ ഒരിക്കൽ കൂടി മറുപടി തന്നു.
എനിക്ക് സമചിത്തതയോടെ സംസാരിക്കുന്നവരെ ഇഷ്ടമാണ്‌. വലിയ ഇഷ്ടം. അത് കൊണ്ട് തന്നെ അയാളെ എനിക്ക് ഒരുപാടിഷ്ടമായി.
‘കാലം...എന്നു വെച്ചാൽ..നിങ്ങളെന്ത് ചെയ്യുന്നു?’
അയാൾ പതിയെ ഒന്നു ചിരിച്ചു.
‘എന്താണ്‌ ചെയ്യാത്തത് എന്ന് ചോദിക്കൂ സുഹൃത്തെ..‘
’സുഹൃത്തെ‘ എന്ന വിളിയും എനിക്കിഷ്ടമായി.
’എന്താണ്‌ സുഹൃത്തെ നിങ്ങൾ ചെയ്യുന്നത്?‘ ഞാൻ മര്യാദ കാണിച്ചു.
’ഞാനാണ്‌ എല്ലാം ചെയ്യുന്നത്. സൂര്യനെ തിളപ്പിച്ച് ഇങ്ങനെ ചൂടാക്കി നിർത്തുന്നത് ഞാനാണ്‌. ചന്ദ്രനെ, നക്ഷത്രങ്ങളെ മേഘങ്ങൾ കൊണ്ട് മൂടുന്നതും ഞാനാണ്‌. സമയം പോലും എന്റെ സൃഷ്ടിയാണ്‌‘
ആഹാ! എത്ര മനോഹരമായിരിക്കുന്നു ആ വാക്കുകൾ. പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും ആ പറഞ്ഞത് എന്തൊക്കെയോ വലിയ കാര്യങ്ങളാണെന്ന് എനിക്ക് തീർച്ചയായി.
’അപ്പോൾ...അമ്മൂമ്മ പറഞ്ഞ് തന്നത് പോലെ ദൈവമല്ലെ ഇതൊന്നും ചെയ്യുന്നത്?‘
’ഏത് അമ്മൂമ്മ?..അല്ലെങ്കിലും ലോകത്ത് ഏതെങ്കിലും അമ്മൂമ്മ എപ്പോഴെങ്കിലും സത്യം പറഞ്ഞ് കേട്ടിട്ടുണ്ടോ?‘
എനിക്ക് സംശയമായി. എനിക്ക് അമ്മൂമ്മയെ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല. കാരണവുമില്ല. പാവം അമ്മൂമ്മ.
’എന്റെ അമ്മൂമ്മ പാവം..സത്യം മാത്രേ പറയൂ..‘ എനിക്കത് പറഞ്ഞോളാൻ വയ്യെന്നായി. പക്ഷെ പറഞ്ഞില്ല. ഇപ്പോൾ എന്റെ അടുത്ത്‌ ഇരിക്കുന്ന ആൾ സമചിത്തതയോടെ ഇരിക്കുകയാണ്‌. എന്റെ ഒരു നാവ്‌പിഴ കൊണ്ട് അത് തകർന്ന് തരിപ്പണമായാലോ?
’എനിക്കൊരു സംശയം...ചോദിച്ചോട്ടെ?‘ അടുത്ത നിമിഷം വിനയം എന്നെ ബാധിച്ചു. കലി ബാധിച്ചു എന്നൊക്കെ പറയില്ലെ? അത് പോലെ.
’ഉം..‘ അയാൾ ഗംഭീരമായൊന്നു മൂളി. ആ മൂളൽ കേട്ടപ്പോൾ തന്നെ എനിക്ക് ബോധ്യമായി എന്റെ സംശയം തീർത്തു തരാൻ അയാളെ കവിഞ്ഞ് വേറൊരാളില്ലെന്ന്.
‘ഈ...സൂര്യനെ തിളപ്പിക്കുന്നതും, ചന്ദ്രന്റെ മൂടുന്നതുമൊക്കെ എന്തിനാ?’
പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്റെ ചോദ്യം കൈയ്യെത്തിപിടിച്ച് വിഴുങ്ങണമെന്ന് തോന്നി. ‘ഇയാൾക്ക് വേറെ പണിയൊന്നുമില്ലെ?’ എന്ന ടോണിലായി പോയി എന്റെ ചോദ്യം.
‘ഉണ്ടല്ലോ...’ സമചിത്തന്റെ ശാന്തത നിറഞ്ഞ മറുപടി വന്നു.
‘മനുഷ്യരെ കൊണ്ട് ഈ മാതിരി സംശയങ്ങൾ ചോദിപ്പിക്കുന്നതും ഈ ഞാൻ തന്നെ!’
ഞാൻ പെട്ടു.
‘അപ്പോൾ...മനുഷ്യന്റെ സ്വന്തമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഇല്ലെന്നാണോ?’ അത് ചോദിച്ചു കഴിഞ്ഞപ്പോൾ എനിക്കെന്റെ സ്വന്തം ബുദ്ധിശക്തിയിൽ തന്നെ അഭിമാനം തോന്നി.
‘എന്താണ്‌ സ്വാന്തന്ത്ര്യം?’ ഇപ്പോൾ ചോദ്യം എന്നോടാണ്‌. ചോദ്യചിഹ്നത്തിന്റെ വളഞ്ഞ് കൂർത്ത അറ്റം എന്റെ നേർക്ക് നീണ്ട് നില്ക്കുകയാണ്‌.
അതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്‌. സംശയമില്ല.
‘സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ..എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം..’
അല്ലെ? അങ്ങനെയല്ലെ? എന്ന ഭാവത്തിൽ ഞാൻ നോക്കി.
അയാൾ പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരിയിൽ എന്റെ ഉത്തരം തവിട് പൊടിയായി. ആ പൊടി അവിടം മുഴുക്കെയും നിറഞ്ഞ് എനിക്ക് കണ്ണ്‌ കാണാൻ പറ്റാതായി.
‘എന്നാൽ റോഡിൽ മന്ത്രി പോകുമ്പോൾ തടഞ്ഞ് നിർത്തി അയാളോട് സംസാരിക്കാൻ ശ്രമിക്കൂ..അല്ലെങ്കിൽ വേണ്ട അത് വഴി ഒരു കറുത്ത ഷർട്ടും ഇട്ട് പോയാലും മതി...എന്താ സാധിക്കുമോ?‘
ഞാൻ ഉത്തരം മുട്ടി നാശമായി.
’എന്താ നിങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടോ?‘
ഉത്തരം മുട്ടുമ്പോൾ തിരിച്ചു ചോദ്യം ചോദിക്കുക, കൊഞ്ഞനം കാണിക്കുക, ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഇരിക്കുക, ചോദ്യം കേൾക്കാൻ കഴിയാത്തത്ര ദൂരത്തിലേക്ക് പോവുക.. തുടങ്ങിയ തന്ത്രങ്ങൾ എനിക്ക് നല്ല വശമാണ്‌. പക്ഷെ..ഇവിടെ ഏതെടുത്ത് പ്രയോഗിക്കും എന്ന് ഒരു കൺഫ്യൂഷൻ..
’എന്നാൽ കേട്ടോ..എനിക്ക് മന്ത്രിയുടെ വണ്ടി കേടാക്കാനാവും, മന്ത്രിയുടെ വഴി തിരിച്ചു വിടാനാവും അതല്ലെങ്കിൽ മന്ത്രിയുടെ കൊരവള്ളിയിലൂടെ പോകുന്ന ഞരമ്പിന്റെ പണി തീർക്കാൻ ആവും...അങ്ങനെ പലതും ചെയ്യാനാവും..അങ്ങനെ പലതും. ഇപ്പോൾ സ്വാതന്ത്ര്യം എന്ന് വെച്ചാൽ എന്താണെന്ന് മനസ്സിലായോ?‘
’അടിയൻ‘ എന്ന് പറയണോ, ’റാൻ‘ എന്ന് പറയണോ, അതോ ’സർ‘ എന്നു പറയണോ? മുട്ടൻ സംശയം.
’അപ്പോൾ ദൈവം എന്നൊരു ആളില്ലെ?‘ എന്റെ ദൈവവിശ്വാസത്തിന്റെ കടക്കലിൽ കത്തി വെയ്ക്കുന്ന ചോദ്യം ഞാൻ മുന്നിലേക്കിട്ടു.
’സുഹൃത്തെ, ദൈവത്തിനെ ഞാൻ ഒരിക്കൽ സൃഷ്ടിച്ചതാണ്‌...വെറുതെ ഒരു നേരമ്പോക്കിന്‌...മനുഷ്യർക്ക് ചുമ്മാ തട്ടിക്കളിക്കാൻ..‘
’എന്നിട്ട്?‘
’കുറച്ച് കഴിഞ്ഞപ്പോൾ മനുഷ്യരിൽ ചിലർ സ്വയം ദൈവമെന്ന് പറയാൻ തുടങ്ങി‘
’എന്നിട്ട്?‘
’എന്നിട്ടിപ്പോ ആ മണ്ടന്മാരെല്ലാം കൂടി കൂട്ടയടിയാണ്‌..ചിലപ്പോ ബോറടിക്കുമ്പോ ഞാനതും നോക്കി ഇരിക്കും.. നല്ല രസാണ്‌..‘
’അതിനൊരു തീരുമാനമാക്കാൻ പറ്റില്ലെ?‘
’എന്തിന്‌?!! ഇതൊക്കെയല്ലെ ഒരു രസം...ഇവരൊന്നും ഇല്ലെങ്കിൽ പിന്നെന്ത് ആഘോഷം?!‘
’ദിനോസറുകളെ തിരിച്ചു വിളിച്ച പോലെ തിരിച്ചു വിളിച്ചൂടെ?‘ ഞാനെന്റെ ശാസ്ത്രജ്ഞാനം പൊടുന്നനെ വെളിവാക്കി.
’ശരിയാണ്‌...എനിക്കങ്ങനെ ചെയ്യേണ്ടി വന്നു.. ഞാനാണ്‌ അതിന്റെയൊക്കെ മണ്ടയിലേക്ക് ഉല്ക്കയെടുത്തെറിഞ്ഞത്..‘
’എന്തായിരുന്നു കാരണം?‘
’മാനുഫാക്ച്ചറിംഗ് ഡിഫക്ട്‘ അയാൾ പതിയെ പറഞ്ഞു.
’എന്നു വെച്ചാ?‘
’നിർമ്മാണപ്രക്രിയയിൽ ഉണ്ടായ തകരാറെന്ന്..‘
’എന്ത് തകരാർ?‘
’ആദ്യമായിട്ട് ഉണ്ടാക്കിയതല്ലെ?..അങ്ങനെ സംഭവിച്ചു പോയി...പണിഞ്ഞു വന്നപ്പോൾ..കൈയ്യുടേയും കാലിന്റേയും നീളത്തിൽ ഒരു ചെറിയ പ്രപ്പോഷൻ മിസ്റ്റേക്ക്..ആരെങ്കിലും കണ്ടാൽ മോശമല്ലെ? അത് കൊണ്ട് അങ്ങ് ഉല്ക്കയിട്ട് തീർത്തു..ഈ പറഞ്ഞത് ആരോടും പറയരുത്..എനിക്ക് ഷെയിം ഷെയിം ആണ്‌‘
അതേതായാലും നന്നായി..ഞാൻ മനസ്സ് കൊണ്ട് പറഞ്ഞു.
’തീർന്നോ?‘
’എന്ത്?‘
’സംശയങ്ങൾ..‘
ഞാനാലോചിച്ചു..എനിക്ക് പറയത്തക്ക സംശയങ്ങളൊന്നുമില്ല. ഉണ്ടായിരുന്നതൊക്കെ ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചപ്പോൾ മാറി കഴിഞ്ഞിരുന്നു.
’ങാ..ഒന്നു കൂടിയുണ്ട്‘
’എന്താണ്‌? പറയൂ..വേഗം പറയൂ..ടൈം വേസ്റ്റ് ചെയ്യരുത്‘
’അത് തന്നെയാണ്‌ സംശയം.‘
’എന്ത്?‘
’ടൈം..‘
’എന്റെ ജീവിതമാണ്‌ സമയം...കാലമില്ലെങ്കിൽ സമയമില്ല...ഇപ്പോൾ ഈ നിമിഷം ഞാൻ ഇല്ലാതായാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?‘
അപ്പോഴാണ്‌ എന്റെ അടുത്ത് ഇരിക്കുന്ന ആളിന്റെ വലിപ്പത്തെ കുറിച്ച് ഞാൻ ആലോചിച്ചത്. ശരിയാണല്ലോ, കാലമില്ലെങ്കിൽ സമയമില്ല..ഒന്നുമില്ല..ശൂന്യം..ഈ പ്രപഞ്ചമില്ല..ഈ ഞാൻ പോലുമില്ല..
’അപ്പോ...എല്ലാത്തിനും ഒരു സമയമുണ്ടെന്ന് പറയുന്നതോ?‘
’ഞാൻ പറഞ്ഞല്ലോ..ഇതെല്ലാം പറയിപ്പിക്കുന്നതും, പറയാൻ തോന്നിപ്പിക്കുന്നതും ഞാനാണ്‌! ചോദ്യവും ഉത്തരവും ഞാൻ തന്നെ‘
’അപ്പോൾ..ഒരു സംശയം..നിങ്ങളാണോ മനുഷ്യരെ ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും?‘
’സംശയമെന്ത്?..എല്ലാം ചെയ്യുന്നത് ഞാൻ തന്നെ..ചിലർ മരിക്കുമ്പോൾ വിവരമുള്ളവർ ‘കാലം ചെയ്തു’ എന്നു പറയുന്നത് കേട്ടിട്ടില്ലെ?.. ആ പറഞ്ഞത് സത്യമാണ്‌..എല്ലാം ചെയ്യുന്നത് ഞാനാണ്‌.
‘അപ്പോൾ മരപ്പിക്കുന്നത് പോലെ മരണം തടയാനും നിങ്ങൾക്കാവുമോ?’
‘പിന്നല്ലാതെ!’
‘സത്യം?..ഉദാഹരണത്തിന്‌ ഇപ്പോൾ ഞാൻ തെങ്ങിന്റെ മണ്ടയിൽ കയറി അവിടെ നിന്ന് താഴോട്ട് ചാടിയാൽ മരിക്കില്ലെ?.. അത് തടയാനാവുമോ?’
‘പിന്നല്ലാതെ...സിമ്പിളല്ലെ? ചീള്‌ കേസ്..’
‘എങ്ങനെ സിമ്പിൾ?’
‘നിങ്ങൾ തെങ്ങിൽ കയറുന്നു, മണ്ടയിൽ ചെല്ലുന്നു, കൈ വിടുന്നു, താഴേക്ക് ശൂ​‍ൂന്ന് വീഴുന്നു, വീണയുടൻ കണ്ണ്‌ തുറക്കുന്നു..’
‘അപ്പോൾ ഞാൻ ചത്തില്ലെ?’
‘കണ്ണു തുറക്കുമ്പോൾ നിങ്ങൾ കട്ടിലിൽ ആണ്‌..എല്ലാം സ്വപ്നം..നിങ്ങൾ ചത്തില്ല..പോരെ? സിമ്പിളല്ലെ?‘
’പക്ഷെ ഞാൻ തെങ്ങിൽ കയറിയതാണല്ലോ..‘ എന്റെ ഒടുക്കത്തെ സംശയം തലയുയർത്തി.
’പക്ഷെ അതും സ്വപ്നത്തിന്റെ ഭാഗമാണല്ലോ..‘
’അപ്പോൾ ഞാൻ ഇപ്പോഴും ഉറങ്ങുകയാണോ?‘
’അത് ഞാൻ സൂക്ഷിക്കുന്ന രഹസ്യമാണ്‌..ചത്താലും പറയൂല്ല..‘
’പ്ലീസ്...പ്ലീസ്..അതൊന്ന് പറ..ഞാനിപ്പോൾ ഉറക്കത്തിലാണോ, ഉണർന്നിരിക്കുകയാണോ?‘ ഞാൻ കെഞ്ചി. കൂവി. കരഞ്ഞു. ഡ്യൂപ്ലിക്കേറ്റ് കണ്ണീരൊഴുക്കി.
’ശരി..നിങ്ങൾ കരഞ്ഞ് കാല്‌ പിടിച്ചത് കൊണ്ട് ഒരു ക്ലൂ തരാം..പോരെ?‘
’മതി..മതി..‘
’നിങ്ങൾ ഉറക്കത്തിനുള്ളിൽ ഉണർന്നിരിക്കുകയാണ്‌.. അത് കൊണ്ട് നിങ്ങളെ എനിക്ക് എപ്പോൾ വേണമെങ്കിലും ഉണർത്താനും തിരികെ ഉറക്കി കിടത്താനും ആവും..ഇത്രേ പറയാനാവൂ..ബാക്കി എല്ലാം വെരി കോമ്പ്ലിക്കേറ്റടാണ്‌..അത് നിങ്ങളുടെ മണ്ടയിൽ കയറില്ല..അത് മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങളുടെ മണ്ടയിൽ ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടില്ല..സൊ, നോ യൂസ്..‘
എനിക്കെന്തൊക്കെയോ മനസ്സിലായി. എന്തൊക്കെയോ മനസ്സിലായത് മനസ്സിലാവാതെ പോവുകയും ചെയ്തു. പക്ഷെ സംശയങ്ങൾ വീണ്ടും ബാക്കി വന്നു. 
’അപ്പോൾ...ഈ വിധി എന്ന് പറഞ്ഞാൽ?..അതൊക്കെ നേരത്തെ പ്രോഗ്രാം ചെയ്ത് വെച്ചത് കൊണ്ടാണോ?‘
’സുഹൃത്തെ..കൂടുതൽ ആലോചിച്ചാൽ നിങ്ങളുടെ മണ്ട ചൂടായി സോഫ്റ്റ്വെയർ കരിഞ്ഞ് കരിപ്പാട്ട ആയിപ്പോവും..പലർക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്..അങ്ങനെ വന്നവർ ‘ഇപ്പോഴും വിപ്ലവം വരും‘ എന്നും പറഞ്ഞ് ജീവിക്കുന്നുണ്ട്..പ്രൂഫ് കാണുന്നില്ലെ?’
‘അപ്പോൾ വിധി എന്ന് പറഞ്ഞാൽ?..ചിലരൊക്കെ ’എല്ലാം എന്റെ വിധി‘ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്..’
‘കുറച്ച് പറഞ്ഞ് തരാം..വിധി എന്ന സാധനം ഒരാളുടെ തലമണ്ടയ്ക്കകത്ത് ഞാൻ കുത്തിവെയ്ക്കുന്നത് ഒരു സംഭവം കഴിഞ്ഞ ശേഷമാണ്‌..എന്ന് വെച്ചാൽ പാസ്റ്റ് ടെൻസ്.. ഒരു സംഭവം നടക്കും മുൻപ് ആരും വിധിയെ കുറിച്ച് ഓർക്കുക പോലുമില്ല..’
‘എന്തിനാ കുത്തിവെയ്ക്കുന്നത്?’
‘സിമ്പിൾ..ഞാൻ പറഞ്ഞില്ലെ? ടൈം പാസ്.. മനുഷ്യന്റെ മണ്ടത്തരങ്ങൾ നോക്കി ഇരിക്കുന്നതിലും വലിയ നേരമ്പോക്ക് വേറേയില്ല..എനിക്കും വേണ്ടെ ചില എന്റർടൈന്മെന്റ്?’
‘അപ്പോ ഇതു പോലെ വേറേയും എന്റർടൈന്മെന്റ് ഉണ്ടോ?’
‘പിന്നല്ലാതെ..ബോറടിച്ചപ്പോൾ മനുഷ്യരിൽ ചിലരെ പിടിച്ച് ഞാൻ രാജാക്കന്മാരാക്കി..പിന്നെ എന്റർടൈന്മെന്റോ എന്റർടൈന്മെന്റ് ആയിരുന്നു..അടി വെട്ട് കുത്ത് വെടി..എനിക്ക് ആക്ഷൻ മൂവി കാണണമെന്ന് തോന്നുമ്പോൾ ഞാൻ അതു പോലെ ചിലത് ചെയ്യും!’
‘പിന്നെ..?’
‘ഒരേ ആക്ഷൻ ആയപ്പോൾ ഞാൻ രാജാക്കന്മാരെ മാറ്റി വെച്ചു..കുറെ പേരെ മന്ത്രിമാരാക്കി..’
‘എന്നിട്ട്..’
‘ഇപ്പോ മൊത്തം ഒരു മിസ്റ്ററി..ഫാന്റസി..ത്രില്ലർ..ഫാമിലി.. സെറ്റപ്പാണ്‌..ആൾ ഇൻ വൺ..’
‘അപ്പോ ഇത് കഴിഞ്ഞ്‌..?
’അത് അപ്പോ തോന്നുമ്പോൾ അപ്പോ ചെയ്യും..ഈ കാര്യത്തിൽ പ്രത്യേകിച്ച് പ്ലാനിംഗ് ഒന്നുമില്ല..ബോറടിക്കുമ്പോ സ്റ്റ്രാറ്റജി മാറ്റും‘
‘അപ്പോഴെ..എനിക്ക് വേറൊരു സംശയം..ഈ മനുഷ്യൻ മരിച്ചു കഴിഞ്ഞാ..എന്ത് സംഭവിക്കും?’
പണ്ട് വായിച്ച തല്ലിപ്പൊളി പുസ്തകങ്ങളിലുള്ളത് ഉള്ളതാണോ അല്ലയോ എന്നറിയണം..അതായിരുന്നു ഉദ്ദേശ്യം.
‘മരിക്കുന്നു എന്ന് നിങ്ങൾ വിചാരിക്കുന്നു..ശരിക്കും നിങ്ങൾ റീസൈക്കിൾ ചെയ്യപ്പെടുകയാണ്‌..’
‘റീസൈക്കിൾ?...എന്തിന്‌? ആരെ തോല്പ്പിക്കാൻ?!’
‘അതേ..റീസൈക്കിൾ തന്നെ...റിസോർസ് പ്രോബ്ലം..റോ മറ്റീരിയൽസിന്റെ അഭാവം..അത് കൊണ്ട് എല്ലാം റീസൈക്കിൾ ചെയ്യുന്നു..മനുഷ്യരെ കഴുതയാക്കുന്നു..കഴുതയെ മനുഷ്യരാക്കുന്നു..’
‘കഴുതയെ കഴുത തന്നെ ആക്കാൻ പറ്റില്ലെ?’
‘ആക്കാമല്ലോ..പക്ഷെ അപ്പോഴും കഴുത വിചാരിക്കുന്നത് തങ്ങൾ മനുഷ്യരാണെന്നാണ്‌’
അങ്ങനെ വിചാരിക്കുന്ന മനുഷ്യരുണ്ടാവുമോ? അതോ കഴുത ഉണ്ടാവുമോ?
അത് വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ വെളുത്ത ഷർട്ടും പാന്റ്സും ധരിച്ച ഒരാൾ ഞങ്ങളുടെ അടുക്കലേക്ക് വന്നു.
‘മതി മതി...ഇന്നിത്രേം മതി...മരുന്ന് കഴിക്കാൻ നേരമായി..എഴുന്നേറ്റ് വന്നെ..’
ഞങ്ങൾ എഴുന്നേറ്റ്‌ അനുസരണയോടെ നടന്നു. പിന്നാലെ വെള്ള വസ്ത്രധാരിയും.


Post a Comment

Saturday 24 June 2023

ഭയമെന്ന രാജ്യം


ഒന്ന്‌

താനൊരു പിടിവാശിക്കാരനല്ലെന്ന് തെളിയിക്കാനൊരു അവസരം - എവിടേക്കാണ്‌ പോകേണ്ടതെന്ന ചോദ്യം വിധുവിനോട് ചോദിക്കുമ്പോൾ മധുവിന്‌ അങ്ങനെയൊരു മുൻവിചാരമുണ്ടായിരുന്നു. സ്ത്രീകൾക്ക് പരിഗണനയും പ്രാധാന്യവും കൊടുക്കുന്നൊരാളാണ്‌ താനെന്ന് ആ ചോദ്യം കേട്ടപ്പോൾ തന്നെ അവൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവണം. മൂന്നാർ അല്ലെങ്കിൽ ഊട്ടി അതുമല്ലെങ്കിൽ കൊടൈക്കനാൽ. എന്നാൽ ഒട്ടുംതന്നെ പ്രതീക്ഷിക്കാത്തൊരു സ്ഥലപ്പേരാണ്‌ വിധു പറഞ്ഞത്. ഒരിക്കൽ താൻ പോകണമെന്ന് സ്വപ്നം കണ്ടിരുന്നൊരിടം - മധു ഓർത്തു. മറവിയിലേക്ക് മനപൂർവ്വം ചവിട്ടിത്താഴ്ത്തിയ അസുഖകരമായ ഓർമ്മകൾ അടുത്ത നിമിഷം പൊടുന്നനെ പൊന്തി വന്നു. കോളേജ് ടൂറിന്‌, ബാച്ചിലെ സകലരും മണാലിയിലേക്ക് പുറപ്പെടുമ്പോൾ ചുട്ടുപൊള്ളുന്ന പനിയുമായി വിറച്ച് കിടന്ന ആ നശിച്ച ദിവസങ്ങൾ... അന്ന് പനിക്കിടയിൽ കിടന്നുകൊണ്ട് പ്രതിജ്ഞ ചെയ്തതാണ്‌ എന്നെങ്കിലുമൊരിക്കലവിടം സന്ദർശിക്കുമെന്ന്. ഇപ്പോഴിതാ ഒരു നിയോഗം പോലെ ആ ആഗ്രഹം യാഥാർത്ഥ്യമാവാൻ പോകുന്നു! 

തോളിലും കൈയ്യിലും ബാഗുകളുമായി വീട്ടിൽ നിന്നിറങ്ങുമ്പോൾ, ‘മോളെ...മോള്‌ ഇവനെയൊന്ന് നോക്കിക്കോണെ...അധികോന്നും യാത്ര ചെയ്ത് പരിചയമില്ലാത്തതാ...’ വിധുവിനെ നോക്കി മധുവിന്റെ അമ്മ അങ്ങനെ പറഞ്ഞത് അയാൾക്കൊരു ക്ഷീണമായി. ‘ഈ അമ്മയ്ക്ക് ഞാനിപ്പോഴും ചെറിയ കുട്ടിയാണെന്നാ!‘ അങ്ങനെ പറഞ്ഞ്‌ വിളറിപ്പോയ ചിരിയും ജാള്യത നിറഞ്ഞ മുഖവുമൊളിപ്പിക്കാൻ മധുവൊരു ദുർബ്ബലശ്രമം നടത്തി. എയർപ്പോർട്ടിലേക്കുള്ള യാത്രാമധ്യേ അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു,
’മധുവും വിധുവും - ലൈഫ് ലോങ്ങ് ഹണിമൂൺ - അതാണിപ്പോ എവിടെ ചെന്നാലും കേൾക്കുന്ന ജോക്ക്!‘
’ഞാനുമത് ആലോചിക്കാതിരുന്നില്ല! ങാ...മധു, ഹണിമൂൺ കഴിഞ്ഞ് വന്നാ പിന്നെ രണ്ടാഴ്ച്ച എനിക്ക് നിന്ന് തിരിയാൻ സമയമുണ്ടാവില്ല കേട്ടോ. ഹൈദ്രാബാദിൽ നിന്നൊരു ക്ലൈന്റ് വരുന്നുണ്ട്...അത് കൊണ്ട് വേറെയൊന്നും പ്ലാൻ ചെയ്തേക്കല്ലെ‘
’ഞാനതങ്ങോട്ട് പറയാനിരുന്നതാ...ഇത്രയും ദിവസം ലീവ് കിട്ടിയത് തന്നെ കാല് പിടിച്ചിട്ടാ...ഒരു മേജർ റിലീസുണ്ട്..‘

വിധുകൃഷ്ണയെ മധുപാൽ കണ്ടുമുട്ടിയത് ഇൻഫോ പാർക്കിലെ ക്യാന്റീനിൽ വെച്ചായിരുന്നു. വിധു തന്റെ ’കൂട്ടത്തിൽപെട്ട‘ ആള്‌ തന്നെയാണോയെന്ന് അറിയുക - അതായിരുന്നു ഇഷ്ടം തോന്നിയപ്പോൾ മധു ആദ്യം ചെയ്തത്. കൂട്ടിക്കെട്ടാവുന്ന ’വാലുകൾ‘ തന്നെയാണെന്നൊരു ഉറപ്പാക്കൽ. ശേഷമായിരുന്നു ഇഷ്ടമറിയിക്കലും, വിവാഹാഭ്യർത്ഥനയും. എല്ലാം കരുതലോടെ, കണക്കുകൂട്ടിയുള്ള കരുനീക്കങ്ങൾ. പ്രതീക്ഷിച്ചത് പോലെ, വീട്ടിൽ കാര്യമവതരിപ്പിച്ചപ്പോൾ ഒരുഭാഗത്ത് നിന്നും ഒരനിഷ്ടവും ഉണ്ടായില്ല. ജീവിതത്തിൽ താൻ ജയങ്ങൾ മാത്രം പ്രതീക്ഷിക്കുന്നുള്ളൂ. മധു അന്നും സ്വന്തം തോളിൽ തട്ടിയഭിനന്ദിച്ചു.

പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു മണാലിയിലേക്കുള്ള യാത്ര. മഞ്ഞുവീഴ്ച്ച കാരണം റിസോർട്ടിലെത്തിച്ചേരാനല്പം വൈകിയെങ്കിലും വഴിയോരക്കാഴ്ച്ചകൾ ആസ്വദിച്ച് ഇരുന്നത് കൊണ്ട് മുഷിവുണ്ടായില്ല. വെബ്സൈറ്റിൽ നിരത്തിയിരുന്ന ഫോട്ടോകളിൽ കണ്ടതിനേക്കാൾ കമനീയമായിരുന്നു റിസോർട്ട്. താഴ്‌വരയിലേക്ക് തല നീട്ടിപ്പിടിച്ചു നില്ക്കുന്നൊരു ചുവന്ന കെട്ടിടം. മുറിയിലെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ അല്പം അകലെയായി, ഹരിതവർണ്ണം കോരിയൊഴിച്ചതു പോലെ തോന്നിപ്പിക്കുന്ന കുന്നിൻചെരിവ് കാണാം. ചെരുവിനെ തഴുകിയൊഴുകുന്ന നദി. അകലെയായി മഞ്ഞിൽ മറഞ്ഞുകിടക്കുന്ന മലനിരകൾ. അവ വെളിച്ചം വിതറുകയാണെന്ന് തോന്നിപ്പിച്ചു. അത്രയും പ്രകൃതിഭംഗി നിറഞ്ഞ ഒരിടം മുൻപ് കണ്ടിട്ടില്ലെന്ന് ഇരുവർക്കും തോന്നി. ചൂടും തണുപ്പും കെട്ടുപിണഞ്ഞ്‌ കിടക്കുന്ന അഞ്ച് ദിവസങ്ങളാണിനിയിവിടെ!

കമ്പിളിപ്പുതപ്പുകൾ അടുക്കിവെച്ച പതുപതുത്ത മെത്തയിലേക്ക് ക്ഷീണമിറക്കി വെയ്ക്കുമ്പോൾ മധു ചോദിച്ചു,
‘നമുക്കാദ്യം എവിടെ പോണം?’
‘അതൊക്കെ മധു പ്ലാൻ ചെയ്താ മതി. ഇപ്പൊ ഞാൻ നല്ല ടയേർഡാ... നമുക്ക്...എല്ലാ ദിവസവും കറങ്ങാൻ പോണ്ട...’
‘ങെ അതെന്താ?...പിന്നെ കഷ്ടപ്പെട്ട് എന്തിനാ ഇത്രേം ദൂരം വന്നേ?!’
‘നമുക്ക് ഇവിടെ ഈ തണുപ്പത്ത്, കമ്പിളീം പുതച്ച് ബാൽക്കണീല്‌, നല്ല ചൂട് മസാല ടീയും ഊതിക്കുടിച്ച് വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാം...‘
ഓഹോ! ഇത്രയും വലിയ സ്വപ്നജീവിയായിരുന്നു എന്നറിഞ്ഞില്ല... എന്ന മട്ടിൽ ആശ്ചര്യത്തോടെ മധു അവളെ നോക്കി ഇരുന്നു.
’എന്താ മധു...ഓക്കെയല്ലെ?‘
മധു സമ്മതപൂർവ്വം തലയാട്ടി.
’എന്നാ നമുക്കൊരു കാര്യം ചെയ്യാം...ഇവിടെ അഞ്ച് ദിവസമുണ്ടല്ലോ...ഇന്ന് മുഴുവൻ നമുക്ക് ഇവിടെ തന്നെ ഇരിക്കാം...തന്റെ ഇഷ്ടം പോലെ...നാളെ നമുക്ക് കറങ്ങാൻ പോവാം...ഇതുവരെ വന്നതല്ലെ?‘
അവൾക്ക് താനേതോ സുന്ദരസ്വപ്നം കാണുകയാണെന്ന് തോന്നി. തന്റെ വാക്കുകൾക്കും ആഗ്രഹങ്ങൾക്കും വില കൽപ്പിക്കുന്നൊരാൾ. ഇതുവരെയും തന്റെ തീരുമാനങ്ങളൊന്നും തെറ്റിയിട്ടില്ല. എന്നുമെപ്പോഴും കാവൽദൈവങ്ങൾ തനിക്ക് തുണ നിന്നിട്ടേയുള്ളൂ.

അന്നേദിവസം അവർ ഓരോന്നും മിണ്ടിയും പറഞ്ഞും ഇരുന്നു. പ്രിയപ്പെട്ട കാര്യങ്ങളെക്കുറിച്ച് പരസ്പരം പറഞ്ഞുകൊണ്ടിരുന്നു, ഇഷ്ടമുള്ള നിറം, സിനിമകൾ, പാട്ടുകൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ... എക്കാലവും ഓർത്തുവെയ്ക്കാനുള്ള കാര്യങ്ങൾ. പരസ്പരം കൊളുത്തിയിടുന്ന ചങ്ങലക്കണ്ണികൾ. അവൾ തന്റെ അടുത്തസുഹൃത്തുക്കളുടെ കാര്യങ്ങൾ പറഞ്ഞു, അവരോടൊപ്പം ചിലവഴിച്ച സുന്ദരനിമിഷങ്ങൾ, യാത്രകൾ, ചെറുതമാശകൾ. വിധു തന്റെ ഓർമ്മകളുടെ ശേഖരത്തിൽ നിന്ന് ഒന്നൊന്നായെടുത്ത് അയാളുടെ മുന്നിൽ നിരത്തി വെച്ചുകൊണ്ടിരുന്നു. മധു ആശ്ചര്യപ്പെടുകയായിരുന്നു, തനിക്കുമുണ്ട് പങ്കുവെയ്ക്കാനൊരുപാട് കഥകൾ! അനുഭവിച്ചതുമാസ്വദിച്ചതുമല്ലാതെ ഒന്നുമിതുവരെ ആരുമായും ഇത്രയും വിശദമായി പങ്കുവെയ്ക്കാൻ അവസരം കിട്ടിയിരുന്നില്ല. തന്റെ കാര്യങ്ങൾ ഒന്നൊന്നായി വെളിവാക്കും തോറും മധുവിന്‌ തോന്നി, സ്വയം അറിയുകയാണെന്ന്, ഉള്ളിൽ താൻ സന്ദർശിക്കാൻ മറന്നുപോയ വലിയൊരു ലോകമുണ്ടെന്ന്!

രണ്ട്

പിറ്റേന്ന് പ്രഭാതഭക്ഷണത്തിന്‌ ശേഷം റിസോർട്ട് മാനേജർ ഏർപ്പാടാക്കിയ വാഹനത്തിൽ സ്ഥലങ്ങൾ കാണാനവർ പുറപ്പെട്ടു. നല്ല സുഖമുള്ള തണുപ്പ്! ഓരോ ഉച്ഛ്വാസവും നേർത്തപുകയുടെ ചെറുപടലങ്ങൾ തീർക്കുന്നു! സ്കീയിംഗ് ചെയ്യാൻ തക്കവണ്ണം മഞ്ഞുനിറഞ്ഞൊരു താഴ്‌വരയിലേക്കാണവരെ ഡ്രൈവർ കൂട്ടിക്കൊണ്ട് പോയത്. അനേകം യുവദമ്പതികളെ അവരവിടെ കണ്ടു. കണ്ടാലറിയാം, മിക്കവരും നവദമ്പതികൾ. ദൂരെയായി ആകാശത്ത് പാരാഗ്ലൈഡിംഗ് ചെയ്യുന്നവർ. സാഹസികരായ മനുഷ്യപറവകൾ. 

പ്രശസ്തമായ ഹഡിംബ ക്ഷേത്രം കണ്ടപ്പോൾ, മധു അത്ഭുതപ്പെട്ടു.
‘എത്ര ചെറിയ ക്ഷേത്രം!’ 
വിധുവിന്റെ പ്രതികരണം മറ്റൊന്നായിരുന്നു.
‘എന്തിനാ വലിയ ക്ഷേത്രം?...അല്ലെ?’

വൈകുന്നേരത്തോടെയാണവർ തിരികെ റിസോർട്ടിൽ മടങ്ങിയെത്തിയത്. ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞു വന്ന വിധു, ‘നല്ല ക്ഷീണം...എനിക്കൊന്ന് കിടക്കണം’ എന്ന് പറഞ്ഞ് കിടക്കയുടെ നേർക്ക് നടന്നു. മധു ബാൽക്കണിയിലേക്ക് നടന്നു. എത്ര മനോഹരമാണിവിടം! പ്രകൃതിയിലെ മുഴുവൻ സൗന്ദര്യവും ആവാഹിച്ചെടുത്ത പോലെയുണ്ട്. അല്പനേരം അവിടെ നിന്ന ശേഷം അയാൾ മുറിക്കകത്തേക്ക് പോയി ഹാൻഡിക്യാമുമായി തിരികെ വന്നു. ദൂരെ മലനിരകളിലേക്ക് സൂം ചെയ്തു. സായാഹ്നത്തിലെ സ്വർണ്ണവെയിലിൽ വെട്ടിത്തിളങ്ങുന്ന, മഞ്ഞുപുതച്ച് കിടന്നുറങ്ങുന്ന മലനിരകൾ. അവിടെങ്ങും ഒരു മനുഷ്യലക്ഷണവും കാണാനായില്ല. മധു താഴ്‌വരയിലേക്ക് ക്യാമറ തിരിച്ചു. ദൂരെയായി ട്രെക്കിംഗ് കഴിഞ്ഞ് വരുന്നവർ. കൈകളിൽ നീണ്ട വടികൾ. ചുമലിൽ ബാഗ്. എല്ലാവരും ചെവി മൂടുന്ന കമ്പിളിത്തൊപ്പികൾ ധരിച്ചിട്ടുണ്ട്. കൂട്ടത്തിൽ വിദേശികളേയും കാണാനായി.

മധു, മരങ്ങൾ നിറഞ്ഞ ചെറുകുന്നുകളിലേക്കാണ്‌ പിന്നീട് ക്യാമറ തിരിച്ചത്. മരങ്ങൾക്കിടയിലൂടെ നടന്നു പോകുന്ന രണ്ടു പേർ. അയാൾ ക്യാമറ അവരിലേക്ക് സൂം ചെയ്തു. കണ്ടാലറിയാം, നവദമ്പതികൾ. തങ്ങളെ പോലെ. ഒന്നുകൂടി സൂം ചെയ്തു നോക്കി. വടക്കേന്ത്യയിൽ നിന്നുള്ളവരാവണം. ചെമ്പിച്ച മുടിയും വിളറിയ ചർമ്മവും. ഒരു വലിയ കമ്പിളി കൊണ്ട് മൂടിപൊതിഞ്ഞാണവർ നടക്കുന്നത്. താൻ അവരെ നോക്കിക്കൊണ്ടിരിക്കുന്നത് അവർക്ക് കാണാനാവുമോ? തന്റെ പ്രവൃത്തി ആരെങ്കിലും കാണുന്നുണ്ടോ? മധു ജാള്യതയോടെ ചുറ്റിലും നോക്കി. അടുത്ത ബാൽക്കണികൾ ഒഴിഞ്ഞു കിടക്കുകയാണ്‌. എല്ലാവരും മുറിക്കുള്ളിലായിരിക്കണം. മധു ബാൽക്കണിയിലിട്ടിരുന്ന കസേര ചുവരിനോട് ചേർത്തിട്ട് അതിലിരുന്നു. എന്നിട്ട് അവരെ തന്നെ ക്യാമറക്കണ്ണിൽ ഉറപ്പിച്ചു നിർത്തി. അപ്പോൾ കണ്ടു, ആ ദമ്പതികളുടെ അരികിലേക്ക് മൂന്ന് ചെറുപ്പക്കാർ നടന്നടുക്കുന്നത്. മധു ക്യാമറ വീണ്ടും സൂം ചെയ്തു.

മൂന്ന്‌

ഇരുവർക്കും വേണ്ട രാത്രിഭക്ഷണം മധു മുറിയിലേക്ക് വരുത്തി. തണുപ്പത്ത് പുറത്തെ ഹോട്ടലിൽ പോകാൻ വയ്യ. മഞ്ഞ്‌ പൊഴിയുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ വിധു മധുവിനെ ശ്രദ്ധിച്ചു. സ്വൈര്യക്കേട് നിറഞ്ഞ ചിന്തകൾ അലട്ടുന്നത് പോലെ.
‘എന്താ മധു...ഒരു മൂഡൗട്ട് പോലെ?’
‘ഏയ് ഒന്നുമില്ല...ഈ തണുപ്പ് കാരണമാവും ചെറിയൊരു തലവേദന...’
മണാലി എന്ന് സ്ഥലം നിർദ്ദേശിച്ചത് താനാണല്ലോ...ഒരുതരത്തിൽ മധുവിന്റെ തലവേദനയ്ക്ക് ഉത്തരവാദി താനാണ്‌. 
‘എന്നാലിന്ന് നേരത്തെ കിടക്കാം...രാവിലെ എഴുന്നേൽക്കുമ്പോൾ ഉഷാറാവും...’
കുറ്റബോധം നിറഞ്ഞ മുഖത്തോടെയവൾ പറഞ്ഞു.

ഉറങ്ങാൻ കിടന്നെങ്കിലും മധുവിന്‌ ഉറങ്ങാനായില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നയാൾ ഉറങ്ങാൻ ശ്രമിച്ചു. അർദ്ധരാത്രി കഴിഞ്ഞ് ക്ഷീണം കാരണം എങ്ങനെയോ മയങ്ങിപ്പോയി.

പിറ്റേന്ന് കണ്ണ്‌ തുറക്കുമ്പോൾ മധു കണ്ടത്, മുന്നിൽ കസേരയിലിരുന്ന് ചൂട് ചായ ഊതി കുടിച്ചു കൊണ്ട് തന്നെ നോക്കി ചിരിക്കുന്ന വിധുവിനെയാണ്‌.
‘എന്ത് പറ്റി? രാവിലെ തന്നെ കറങ്ങാൻ പോണം എന്ന് പറഞ്ഞ ആളെന്താ ഇത്രേം നേരം കിടന്നുറങ്ങിയത്?’
‘തലവേദന...’
‘ആണോ?...ഇതുവരെ മാറിയില്ലെ? നല്ല ചൂട് ചായയുണ്ട്. ഞാനിപ്പൊ തന്നെ എടുത്ത് തരാം. അത് കുടിക്കുമ്പോ എല്ലാം മാറും...സോറി മധു...നമുക്ക് ജയ്പൂരിലോ മറ്റോ പോയാ മതിയായിരുന്നു...അല്ലെ?’
‘ഏയ്...’
‘മധൂന്‌ തീരെ വയ്യെങ്കിൽ നമുക്ക് തിരികെ പോവാം...ഈ വെതറ്‌ എല്ലാർക്കും പിടിക്കൂല്ല..’
‘ശ്ശെ...അതൊന്നും വേണ്ട...ഇത് താനെ മാറിക്കൊള്ളും...ഞാൻ കുറച്ച് നേരം കൂടിയൊന്ന് കിടക്കട്ടെ..’
‘എന്നാ കുറച്ച് നേരം കൂടി കിടന്നോ..’
മധുവിനെ കിടക്കാൻ വിട്ടിട്ട് വിധു ബാൽക്കണിയിലേക്ക് നടന്നു.

അല്പനേരം കഴിഞ്ഞ് അവൾ തിരികെ വന്നു.
‘ദാ...അവിടെ എന്തോ പ്രശ്നമുണ്ട്...പോലീസും ആംബുലൻസുമൊക്കെ ഉണ്ട്...’
വിധുവിന്റെ ആധി നിറഞ്ഞ ശബ്ദം കേട്ട് മധു പുതപ്പ് മാറ്റിക്കൊണ്ട് ചോദിച്ചു,
‘എവിടെ?...എന്ത് പ്രശ്നം?’
‘ദാ...അവിടെ ആ കുന്നിന്റെ അടുത്ത്...ആൾക്കാരൊക്കെ അങ്ങോട്ട് പോകുന്നുണ്ട്...ഞാൻ താഴെ ചെന്ന് തെരക്കീട്ട് വരട്ടെ?’
‘ഈ തണുപ്പത്തോ?...എന്തിന്‌? അത് ട്രെക്കിംഗിന്‌ പോയ ആർക്കെങ്കിലും എന്തേലും പറ്റിയതായിരിക്കും...’
‘അതിന്‌ പോലീസൊക്കെ വരേണ്ട കാര്യമുണ്ടോ?’
‘ചിലപ്പോ ആർക്കെങ്കിലും വഴി തെറ്റിക്കാണും...ആരെങ്കിലും മിസ്സിംഗ് ആയതായിരിക്കും...’
‘ഉം..’

വിധു വീണ്ടും ബാൽക്കണിയിലേക്ക് പോയി. അവളുടെ ഫോണിലേക്കൊരു ടെക്സ്റ്റ് മെസേജ് വന്ന ശബ്ദം മധു കേട്ടു. കുറച്ച് നേരം കഴിഞ്ഞ് വിധു മധുവിന്റെ അടുത്തേക്ക് വന്നു.
‘ഞാൻ താഴെ വരെയൊന്ന് പോയിട്ട് വരാം. മധു കിടന്നോ’
മധുവിന്റെ സംശയം നിറഞ്ഞ നോട്ടത്തിന്‌ മറുപടിയെന്നോണം അവൾ പറഞ്ഞു,
‘നമ്മളിന്നലെ കണ്ട തെലുഗു കപ്പിൾസ് ഇല്ലെ? അനന്യയും കാർത്തിക്കും... അവൾക്ക് ഒരു ചെറിയ ഷോപ്പിങ്ങ്. എന്നെ കമ്പനിക്ക് വിളിച്ചു. മധു ഫുൾ റെസ്റ്റല്ലെ?...ഇന്ന് ലേഡീസ് ഡേ ഔട്ട്!‘ അവൾ ആവേശത്തോടെ പറഞ്ഞു.
’ഓക്കെ..‘ ചിരിച്ചു കൊണ്ടയാൾ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

നാല്‌

മൂന്നാല്‌ മണിക്കൂറുകൾ കഴിഞ്ഞാണ്‌ വിധു തിരികെ മുറിയിലെത്തിയത്. വിധു മുറി തുറന്ന് കയറുമ്പോൾ മധു ബാൽക്കണിയിൽ നിൽക്കുന്നതാണ്‌ കണ്ടത്.
വിധുവിനെ കണ്ടപ്പോൾ മധു പറഞ്ഞു, 
’ഉറങ്ങി എണീറ്റപ്പോ ഒരു സുഖം. ഞാനൊരു കോഫി ഉണ്ടാക്കി കുടിച്ചു. കൊറച്ച് സമാധാനമായി...‘
വിധു എന്തോ വലിയ ആലോചനയിലായിരുന്നു.
’ഉം?.. എന്ത് പറ്റി? ഷോപ്പിങ്ങ് നടന്നില്ലെ?‘
’ഷോപ്പിങ്ങൊക്കെ നടന്നു...അവിടെ പോലീസും ആംബുലൻസും ഒക്കെ വന്നത്...ട്രെക്കിങ്ങിന്‌ പോയി മിസ്സായ ആരേം തെരക്കിയല്ല...‘
എന്താ പറയാൻ പോകുന്നതെന്ന് മധു ആകാംഷയോടെ നോക്കുമ്പോൾ അവൾ തുടർന്നു,
’അവിടെ...ആ കുന്നിന്റെ അടുത്ത് വെച്ച്..ഹണിമൂണിന്‌ വന്ന ഒരു യങ്ങ് കപ്പിൾനെ ആരൊക്കെയോ ഉപദ്രവിച്ചെന്നാ കേട്ടത്. അയാൾടെ കാര്യം അല്പം സീരിയസ്സാ...തലയ്ക്ക് നല്ല അടി കിട്ടിയെന്നാ....ആ പെണ്ണ്‌...ഇപ്പോഴും മിസ്സിങ്ങാണ്‌...ഇത്...നല്ല സേഫായ പ്ലേസ്സാണെന്നാ ഞാൻ വിചാരിച്ചത്...‘
’അത്...വിധു...എല്ലായിടവും എപ്പോഴും സേഫ് ആണെന്ന് പറയാൻ പറ്റില്ലല്ലോ...നമ്മുടെ നാട്ടിലും ഇപ്പോ ക്രൈം കൂടി വരികയല്ലെ?‘
’ആ പാവം പെൺകുട്ടി...അവരുടെ ഏറ്റവും മെമ്മറബിളായ ഒരു ട്രിപ്പ് ആകേണ്ടതായിരുന്നു...‘
വിധു പറഞ്ഞതിലൊന്നും താത്പര്യമില്ലാത്ത മട്ടിൽ മധു തിരിഞ്ഞു നടന്നു.
‘തനിക്ക് ഞാൻ കോഫി റെഡിയാക്കി വെച്ചിട്ടുണ്ട്’
അതിന്‌ മറുപടിയായി അവളൊന്ന്‌ മൂളിയതേയുള്ളൂ. മേശപ്പുറത്ത് മൂടി വെച്ച കോഫി ചെന്നെടുക്കാതെ ബാൽക്കണിയിലേക്കവൾ നടന്നു. ദൂരെയായി ഒന്ന് രണ്ട് പോലീസ് വാഹനങ്ങൾ കിടക്കുന്നത് കാണാൻ കഴിഞ്ഞു.
മധു അവൾക്ക് പിന്നാലെ ബാൽക്കണിയിലേക്ക് നടന്നു. 
‘ഏയ്...വിധു, താനതൊക്കെ കേട്ട് വെറുതെ അപ്സറ്റാകാതെ...ചീർ അപ്പ്..’
‘അല്ല മധു...ഒന്നാലോചിച്ച് നോക്ക്...ആ പെൺകുട്ടി ഇപ്പോ എവിടെയായിരിക്കും?...അവൾക്കെന്തായിരിക്കും...’
‘താനോരോന്ന് ആലോചിച്ചിരുന്ന് ടെൻഷനടിക്കാതെ... ഉച്ച കഴിഞ്ഞ് നമുക്കൊന്ന് കറങ്ങാൻ പോകാം. ആ ലേക്കിന്റെ സൈഡിലൊക്കെയൊന്ന് പോയിട്ട് വരാം...അപ്പോ ഈ മൂഡൗട്ടൊക്കെയങ്ങ് മാറും’
വിധു മധുവിനെ തറപ്പിച്ച് നോക്കി.
‘മധു എന്താ ഈ പറയുന്നത്?...ആ ന്യൂസ് അറിഞ്ഞതിന്റെ ഷോക്കെനിക്കിത് വരെ മാറീട്ടില്ല... അറിയോ?’
‘ങാ...അതു തന്നാ ഞാൻ പറഞ്ഞത്...ഒന്ന് പുറത്ത് പോയി വരുമ്പോഴെക്കും താൻ കൂൾ ഡൗൺ ആവും...’
നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി.
‘ഇല്ല മധു...ഞാനില്ല ഒരിടത്തേക്കും...സത്യം പറഞ്ഞാ...എനിക്കീ ട്രിപ്പിന്റെ എല്ലാ ത്രില്ലും പോയി...ഇനി ഹണിമൂണിനെ കുറിച്ച് ഓർക്കുമ്പോഴൊക്കെ ഈയൊരു സംഭവമേ ഓർമ്മ വരൂ...’
മധു ഒന്നും മിണ്ടാതെ നിന്നു.
‘പിന്നെ...ഇനി എന്തു ചെയ്യാനാ പോണത്?’ ആ ചോദ്യത്തിൽ അല്പം ഈർഷ്യയും, അസഹ്യതയും കലർന്നിരുന്നു.
മധുവിന്റെ ഭാവവ്യത്യാസം കണ്ട് വിധു വിശ്വാസം വരാത്ത പോലെ ഒരു നിമിഷം നോക്കി നിന്ന ശേഷം മുഖം തിരിച്ച് ബെഡ്റൂമിലേക്ക് പോയി. അബദ്ധം പറ്റിയവനെ പോലെ മധു ബാൽക്കണിയിൽ തന്നെ നിന്നു.

വൈകുന്നേരം വരെ അവരിരുവരും ഒന്നും തന്നെ സംസാരിച്ചില്ല.

രാത്രി ഉറങ്ങും മുൻപ് വിധു ചോദിച്ചു,
‘മധു...നമുക്ക്...തിരികെ പോയാലോ?’
‘എന്തിന്‌?! ഇതുവരെ കഷ്ടപ്പെട്ട് വന്നതല്ലെ?...ഇനി ടിക്കറ്റൊക്കെ മാറ്റി എടുക്കണമെന്ന് പറഞ്ഞാ...അതുമല്ല...നമ്മള്‌ നേരത്തെ തിരിച്ചു ചെന്നാ...എല്ലാരും എന്ത് വിചാരിക്കും?‘
വിധു മറുപടിയൊന്നും പറഞ്ഞില്ല.
മധു വിധുവിനെ ആലിംഗനം ചെയ്യും മട്ടിൽ കൈ കൊണ്ട് പൊതിയാൻ ശ്രമിച്ചു.
’എനിക്ക്...വല്ലാത്തൊരു ഹെഡേക്ക്...‘ അത് പറഞ്ഞ്‌ വിധു മധുവിന്റെ കൈ പതിയെ പിടിച്ച് മാറ്റി.

അഞ്ച്‌

പിറ്റേന്ന് വിധു എഴുന്നേൽക്കാൻ താമസിച്ചു. ഉണർന്ന് നോക്കുമ്പോൾ സമീപം മധു ഉണ്ടായിരുന്നില്ല. തലേന്നത്തെ തന്റെ പെരുമാറ്റം മധുവിന്‌ മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടാവും. ഒരല്പം ബോറായി പോയില്ലെ? ഹണിമൂണിന്‌ വന്ന് ഇങ്ങനെ മുഷിയും വിധം പെരുമാറേണ്ടിയിരുന്നില്ല. മോശമായി പോയി. എങ്ങനെയാണ്‌ മധുവിനെ ഒന്ന് സന്തോഷിപ്പിക്കുക? മധുവുമൊത്ത് ഒരു മോണിങ്ങ് വാക്കിനിറങ്ങിയാലോ? പുകമഞ്ഞിലൂടെ കൈകോർത്ത് നടക്കുന്നതെത്ര സുഖമുള്ള അനുഭവമാണ്‌! വിധു കട്ടിലിൽ നിന്നെഴുന്നേറ്റു. 

നോക്കുമ്പോൾ മധു ബാൽക്കണിയിൽ ഇരുപ്പുണ്ട്. കസേരയിൽ പുറം തിരിഞ്ഞ് മുഖം കുനിച്ച് ഇരിക്കുകയാണ്‌. പുസ്തകവായന ആവും. അല്ലെങ്കിൽ പതിവ് പോലെ ഫോണിൽ വാട്സപ്പ് ഗ്രൂപ്പുകളിലൂടെയൊരു ഓട്ടപ്രദക്ഷിണം. അവൾ ശബ്ദമുണ്ടാക്കാതെ മധുവിന്റെ സമീപത്തേക്ക് നടന്നു. മധു ഹാൻഡിക്യാമിൽ എന്തോ കണ്ടു കൊണ്ടിരിക്കുകയാണ്‌. വിധു പിന്നിൽ ചെന്ന് നിന്ന് അതെന്താണെന്ന് നോക്കി നിന്നു. അവരുടെ ബാൽക്കണിയിൽ നിന്നുമുള്ള ദൃശ്യമാണ്‌. സൂം ചെയ്ത് നിന്നത് ദൂരെയുള്ള കുന്നിൻചെരുവിൽ ഒരു മരത്തിന്‌ താഴെ രണ്ടു പേർ ഇരിക്കുന്നതിലാണ്‌. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് അവിടേക്ക് മൂന്ന് പേർ വരുന്നത് കണ്ടു, അവർ ദമ്പതികളോട്‌ എന്തോ പറയുന്നതും. ക്യാമറ ഷേക്ക് ആവുന്നുണ്ട്. ദൃശ്യം ഒന്നു കൂടി സൂം ആയി. അപ്പോൾ ആ മൂവരുടെയും മുഖങ്ങൾ വ്യക്തമായി കാണാൻ കഴിഞ്ഞു. അവരിൽ ഒരാൾ യുവാവിനെ ചവിട്ടി വീഴ്ത്തുന്നതും മറ്റൊരുവൻ അയാളെ എഴുന്നേൽക്കാൻ അനുവദിക്കാതെ വീണ്ടും വീണ്ടും ചവിട്ടുന്നതും കണ്ടു. ഇടയ്ക്ക് ‘ഓ ഗോഡ്...’ എന്ന മധുവിന്റെ ശബ്ദം. യുവതി അവരെ തടയാൻ ശ്രമം നടത്തി. മൂന്നാമൻ വന്ന് അവളുടെ വാ പൊത്തിപ്പിടിക്കുന്നത് ക്യാമറയുടെ പ്രിവ്യൂവിൽ തെളിഞ്ഞു. വീണുകിടക്കുന്നയാളിൽ നിന്നും യുവാക്കളുടെ ശ്രദ്ധ യുവതിയിലേക്ക് തിരിഞ്ഞു. ഇരുവരും വന്ന് അവളെ പിടിച്ചുയർത്തി. 
‘അയ്യോ!’ വിധു അറിയാതെ വിളിച്ചു പോയി.
ശബ്ദം കേട്ട് മധു ഞെട്ടിത്തിരിയുമ്പോഴേക്കും ക്യാമറ കൈയ്യിൽ നിന്നും വീണു പോയിരുന്നു. വിധു കണ്ടു, മധുവിന്റെ വെളുത്തു വിളറിയ മുഖം.
‘മധു, നമുക്കിത് ഇപ്പോത്തന്നെ പോലീസിനെ ഏൽപ്പിക്കണം’ ക്യാമറ ചൂണ്ടിക്കൊണ്ടവൾ പറഞ്ഞു.
തൊട്ടടുത്ത നിമിഷം അവൾ ചോദിച്ചു,
‘ഇത്...ഇത്രേം നേരം ഇത്... മധുവിന്റെ കൈയ്യിലുണ്ടായിരുന്നു...അല്ലെ?’
ഒന്നും മിണ്ടാതെ മധു തലയാട്ടിയതേയുള്ളൂ.
‘എന്നിട്ടെന്താ എന്നോട് പറയാത്തത്?’ അല്പം അധികാരം കലർന്ന ശബ്ദത്തിലവൾ ചോദിച്ചു.
‘പറഞ്ഞിട്ട്?’
‘പറഞ്ഞിട്ടോ?! പോലീസിൽ അറിയിക്കണ്ടേ? ആ പെൺകുട്ടി മിസ്സിംഗ് ആയിട്ട് എട്ട്പത്ത് മണിക്കൂറായി. അവളെ കണ്ടുപിടിക്കണ്ടേ? അയാളാണേൽ ഇപ്പോഴും ഹോസ്പിറ്റലിലാണ്‌. ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല അറിയോ?’
‘അപ്പോ താനീ ന്യൂസ് ഫോളോ ചെയ്തോണ്ടിരിക്കാണോ?!’
‘എനിക്ക് ഒറങ്ങാൻ കൂടി പറ്റണില്ല...ഈ വീഡിയോ നമുക്ക് ഇപ്പോ തന്നെ കൊണ്ടുപോയി കൊടുക്കാം’
ഒരു നിമിഷം വിധുവിനെ തന്നെ നോക്കി ഇരുന്ന ശേഷം മധു പറഞ്ഞു,
‘അത്...ഒരു നല്ല ഐഡിയ ആണെന്നെനിക്ക് തോന്നണില്ല...ആ മൂന്ന് പേര്‌...അവന്മാര്‌ ആര്‌...എങ്ങനെയുള്ള ആൾക്കാര്‌...അതൊന്നും നമുക്കറിയില്ല...ഇനി അവന്മാര്‌ വല്ല ക്വൊട്ടേഷൻ ടീമിലും ഉള്ളവരാണെങ്കിലോ?...അതല്ലെങ്കിൽ ഏതെങ്കിലും പൊളിറ്റിക്കൽ പാർട്ടീടെ ആൾക്കാരോ മറ്റോ...അവർക്ക് ഏത് ലെവലിലുള്ള ആൾക്കാരുമായിട്ട് എന്തൊക്കെ കണക്ഷനുണ്ടെന്ന് ആർക്കറിയാം?’
‘ഉണ്ടെങ്കിലെന്താ...ക്രിമിനൽസല്ലെ?’
‘താനെന്താ ഈ പറയുന്നത്?...അവന്മാര്‌ നമ്മുടെ വീട് തേടിപ്പിടിച്ച് വന്ന് കൊല്ലും...നമ്മളെ മാത്രമല്ല വീട്ടിലുള്ളവരേയും ഉപദ്രവിച്ചെന്ന് വരും...ചിലപ്പോ ഒരു ബുള്ളറ്റിൽ തീരും എന്റേം തന്റേം കാര്യം...നമ്മളിതിലൊന്നും കേറി എടപെടാതിരിക്കുന്നതാണ്‌ സേഫ്...’
‘അപ്പൊ ആ ക്രിമിനലുകളെ പേടിച്ച് ആരോടും ഒന്നും പറയാതെ ഇരിക്കണമെന്നാണോ മധു പറയുന്നത്?’
ദീർഘമായി നിശ്വസിച്ച ശേഷം മധു അനുനയസ്വരത്തിൽ പറഞ്ഞു,
‘വിധു, നമ്മളിവിടെ ഹണിമൂണിന്‌ വന്നതാണ്‌...ജസ്റ്റ് ഫോർ ഫൈവ് ഡെയ്സ്! എന്തിന്‌ വെറുതെയൊരു ഊരാക്കുടുക്കിൽ ചെന്ന് ചാടണം? പോലീസിൽ അറിയിച്ചാൽ അവര്‌ നമ്മളോട് കേസ് തീരും വരെ ഇവിടെ തന്നെ നിൽക്കാൻ പറഞ്ഞാലോ? അല്ലെങ്കിൽ ഇടയ്ക്കിടെ ഇവിടെ വരാൻ പറഞ്ഞാലോ?...ഈ കാര്യം പുറത്ത് പറഞ്ഞാൽ ഞാനാവും പ്രൈം വിറ്റ്നസ്! ഇനി അവന്മാരെ പിടിച്ചാലോ? എന്താവാനാണ്‌? കോടതീടെ കസ്റ്റഡിയിലുള്ള എവിഡൻസ് പോലും ടാമ്പർ ചെയ്യുന്ന കാലമാണ്‌...അവന്മാര്‌ പുഷ്പം പോലെ ഇറങ്ങും...പിന്നെ നമ്മുടെ പെറകെ വരും.. ഒരു കേസ് കോടതീലെത്തിയാൽ അടുത്തെങ്ങാനും തീരുമെന്നാണോ വിചാരിച്ചിരിക്കുന്നത്? നമ്മുടെ നെക്സ്റ്റ് ജെനറേഷൻ വരെ കേസ് നീണ്ട് പോവും...നമ്മുടെ കരിയർ...ഫാമിലി ലൈഫ്...എല്ലാം അതോടെ തീരും...ബീ പ്രാക്ടിക്കൽ വിധു...‘
അവൾ അയാളെ തന്നെ ഒരു നിമിഷം സൂക്ഷിച്ചു നോക്കി നിന്നു.
’എല്ലാരും ഇങ്ങനെ ബീ പ്രാക്ടിക്കൽ ആയി ചിന്തിച്ചോണ്ട് ഇരുന്നിരുന്നെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കൂടി കിട്ടില്ലായിരുന്നു..‘
അത് പറഞ്ഞ ശേഷം അവൾ നടന്ന് ചെന്ന് കട്ടിലിലിരുന്നു.

മധു പിന്നെയും തന്റെ വാദങ്ങൾ നിരത്താൻ ശ്രമിച്ചു.
’അവന്മാരൊക്കെ ഡേഞ്ചറസ് ക്രിമിനൽസായിരിക്കും...അവരുടെ പിന്നിൽ ആരൊക്കെ ഉണ്ടെന്ന് നമുക്കറിയില്ല...അങ്ങനെയുള്ളവന്മാരോടൊക്കെ...ഫൈറ്റ് ചെയ്യാൻ പോയാ...എനിക്കറിയില്ല...‘ അതും പറഞ്ഞ് ഒരു നിസ്സഹായനെ പോലെ അയാൾ ഇടംവലം തലയാട്ടി.
‘അനുവാദമില്ലാതെ ആരെങ്കിലും കേറിപ്പിടിച്ചാൽ ഒരു പെണ്ണിനെന്താ തോന്നണതെന്ന് അറിയോ മധൂന്‌?..ബസ്സില്‌...ട്രയിനില്‌...സിനിമാ തിയറ്ററില്‌...മൈതാനത്ത്...ഏത് പബ്ലിക്ക് പ്ലെയ്സ്സിൽ വെച്ചും...ഇവർക്കൊക്കെ ഭ്രാന്താണോ?’ മധുവിനെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് വിധു ചോദിച്ചു.
ചോദ്യം കേട്ട് മധു അവളുടെ നേർക്ക് തന്നെ കുറച്ച് നേരം നോക്കിയ ശേഷം എഴുന്നേറ്റ് അരികിൽ പോയി ഇരുന്നു. അവൾ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധിച്ചു. 
‘ഇനി ഇതും പറഞ്ഞ് നമ്മള്‌ പെണങ്ങണ്ട...ആ വീഡിയോ അങ്ങ് ഡിലീറ്റ് ചെയ്താ തീരുമല്ലോ ഈ ടെൻഷനെല്ലാം...ഞാനതപ്പഴേ ചെയ്യേണ്ടതായിരുന്നു...ഫൂൾ!’
അതും പറഞ്ഞ് മധു ക്യാമറ കൈയ്യിലെടുത്തു.
‘നോ!...മധു...നോ...പ്രോമിസ് ചെയ്യ്...ആ വീഡിയോ ഡിലീറ്റ് ചെയ്യില്ലെന്ന്..’
‘ഞാൻ ചെയ്യും...ചെയ്താലെന്താ?...ഈ സാധനം കൈയ്യിൽ വെച്ചോണ്ടിരിക്കുന്നതേ റിസ്ക്കാണ്‌...വെറുതെ മനസ്സമാധാനം കളയാൻ..’ മധു അൽപം വാശിയോടെ പറഞ്ഞു.
‘മധു...അത് ഡിലീറ്റ് ചെയ്താൽ ഞാനീ നിമിഷം തിരിച്ചു പോകും...പ്രോമിസ്’
അവളുടെ ശബ്ദത്തിൽ താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു.
അയാൾ അവളുടെ നേർക്ക് അവിശ്വസനീയതയോടെ നോക്കി.
‘ങാ...ഞാൻ സത്യമാ പറയുന്നത്...മധു അത് ഡിലീറ്റ് ചെയ്താൽ ഒറപ്പായും ഞാൻ തിരിച്ചു പോകും...ഇന്ന് തന്നെ...ഐ മീനിറ്റ്...’
വിധുവിന്റെ ശബ്ദത്തിൽ അതുവരെയില്ലാതിരുന്ന ദൃഡത പെട്ടെന്ന് കലർന്നത് മധു ശ്രദ്ധിച്ചു. 
‘നിനക്കെന്താ പ്രാന്ത് പിടിച്ചോ?!’ അയാൾ അവളെ നോക്കി ഉറക്കെ ചോദിച്ചു.
കണ്ണുകളടച്ച്, സ്വയം നിയന്ത്രിക്കാനെന്ന മട്ടിൽ അവൾ ഒന്നുരണ്ടുവട്ടം ദീർഘശ്വാസമെടുത്തു.
അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,
‘മധു വെറുതെ പേടിക്കയാണ്‌...എന്റെ ഹസ്ബന്റ് ഇങ്ങനെ ആരെയൊക്കെയോ പേടിക്കുന്ന ഒരാളാവുന്നത് എനിക്കിഷ്ടമല്ല..’
‘അതല്ല വിധൂ...തനിക്ക് അതിന്റെ വരുംവരായ്കകൾ അറിയാൻ പാടില്ലാത്തത് കൊണ്ടാണ്‌...നമ്മൾ ദിവസോം പത്രത്തിൽ വായിക്കുന്നില്ലെ?...ഇത് പോലുള്ള ഏതെങ്കിലും കേസിന്‌ ആരെങ്കിലും അകത്താവുന്നുണ്ടോ?...ഇനി ശിക്ഷിച്ചാൽ തന്നെ കാലാവധി തീരും മുൻപേ അവരൊക്കെ പുറത്ത് വരും...അവരെയൊക്കെ മാലയിട്ട് സ്വീകരിക്കാൻ വരെ ആൾക്കാരുള്ള നാടാണ്‌. കേസും കൂട്ടവുമൊക്കെയായി ഇതിന്റെ പിറകെ നടന്ന് ആയുസ്സ് കളയണോ? ഒന്നാലോചിച്ച് നോക്ക്’
‘പിന്നെ എന്ത് ചെയ്യണം? വല്ല ക്വൊട്ടേഷൻ ടീമിനും കാശ് കൊടുത്ത് അവന്മാരെ തട്ടിക്കളയണോ?’
മധുവിന്‌ മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം വിധു തുടർന്നു,
‘എനിക്ക്...ഒരു കാര്യം അറിയണം...’
‘എന്ത്?’
‘ആ പെൺകുട്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ? അപ്പോ മധു എന്ത് ചെയ്യുമായിരുന്നു?...കേസ് കൊടുക്കില്ലെ? കോടതീല്‌ വർഷങ്ങള്‌ കേറി ഇറങ്ങില്ലെ?‘
’വിധു...താനിത് മനസ്സിലാക്ക്...നമ്മുടെ രാജ്യം ഇങ്ങനെയൊക്കെയാണ്‌...എന്തോ ഭാഗ്യം കൊണ്ട് ഒന്നും പറ്റാതെ ജീവിച്ചു പോകുന്നവരാണ്‌ ഞാനും താനുമൊക്കെ...ഇതൊക്കെ തനിക്ക് എങ്ങനെ പറഞ്ഞു തരണമെന്ന് എനിക്കറിഞ്ഞൂടാ..‘
’എനിക്ക് മനസ്സിലായി...‘
’എന്ത് മനസ്സിലായി?‘
’മധൂന്‌ ഒന്നും ചെയ്യാൻ പറ്റില്ലെന്ന്...ഏതായാലും ഇത്രയൊക്കെ മധു പറഞ്ഞ സ്ഥിതിക്ക്...‘
വിധു എന്താണ്‌ പറയാൻ പോകുന്നതെന്ന് ആകാംക്ഷയോടെ അയാൾ കാത്തു.
’നമുക്ക് തിരികെ പോകാം...ഇവിടെ സേഫല്ലല്ലോ...പുറത്ത് പോകാനും പറ്റില്ലല്ലോ..‘
’താനെന്തിനാണ്‌ അതുമിതും പറഞ്ഞ് നമ്മുടെ ഹണിമൂൺ സ്പോയിൽ ചെയ്യുന്നത്? നമ്മൾ ഇവിടെ ബുക്ക് ചെയ്തത് അഞ്ച് ദിവസത്തേക്കല്ലെ? നേരത്തേ തിരിച്ച് ചെന്നാൽ ഒരുപാട് ക്വസ്റ്റ്യൻസ് വരും...എനിക്കതൊന്നും ഫേസ് ചെയ്യാൻ പറ്റില്ല..‘
’മധൂന്‌...ഇവിടെ ഒന്നും ചെയ്യാൻ പറ്റില്ല...തിരികെ പോകാൻ പറ്റില്ല...തിരികെ ചെന്നാൽ ക്വസ്റ്റ്യൻസ് ഫേസ് ചെയ്യാൻ പറ്റില്ല....സത്യത്തിൽ എനിക്കിപ്പോ പേടി... മധൂനെയാണ്‌..‘
’താനെന്തിനാ എന്നെ പേടിക്കുന്നത്?..‘ മധു ചിരിക്കാൻ ശ്രമിച്ചു.
’എന്തിനെന്നോ?...ഒന്നും ഹാൻഡിൽ ചെയ്യാനറിയാത്ത ഒരാളുടെ കൂടെ എങ്ങനെ ഞാൻ ജീവിതകാലം മുഴുവൻ കഴിയും എന്നാലോചിച്ച്..‘
’താനെന്നെ ഇൻസൾട്ട് ചെയ്യരുത്..‘
’ഞാനാരേയും ഇൻസൾട്ട് ചെയ്തില്ല...ഇങ്ങോട്ട് പറഞ്ഞതെല്ലാം അങ്ങോട്ട് തന്നെ പറഞ്ഞെന്നേയുള്ളൂ..‘
’ശരി ശരി...നമ്മൾ വെറുതെ ഇതും പറഞ്ഞ് വഴക്കിടണ്ട..താൻ കുറച്ച് റെസ്റ്റ് എടുക്ക്...ഈവനിംഗ് നമുക്ക് ഒരു വാക്കിന്‌ പോകാം...അപ്പൊ എല്ലാം ഓക്കെ ആവും..‘
അവൾ ഒന്നും തന്നെ പറഞ്ഞില്ല.

അന്ന് വൈകുന്നേരം ’നടക്കാനിറങ്ങാം‘ എന്ന ആശയം മധു ഒരിക്കൽ കൂടി മുന്നോട്ട് വെച്ചു. ’ഞാനൊരിടത്തേക്കുമില്ല‘ എന്ന ഉത്തരവും കെട്ടിപ്പിടിച്ച് വിധു കട്ടിലിൽ തന്നെ കിടന്നു. ഇടയ്ക്കെപ്പൊഴോ, ’എന്തൊരു ചൂടാണിവിടെ...‘ എന്നാരോടെന്നില്ലാതെ അവൾ പറയുന്നത് മധു കേട്ടു. പുറത്ത് ചെറുതായി മഞ്ഞ് പൊഴിയുന്നത് മധു ശ്രദ്ധിച്ചു. ഇവൾക്ക് മാത്രമെന്താണിത്ര ചൂട്?

രാത്രി വരെയും, മധു ചോദിച്ചതിനെല്ലാം ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറഞ്ഞതല്ലാതെ വിധു ഒന്നും മിണ്ടിയതേയില്ല. മധു സംഘർഷം നിറഞ്ഞ മനസ്സുമായി ബാൽക്കണിയിൽ ഉലാത്തിക്കൊണ്ടിരുന്നു. കിടക്കുംനേരം വിധുവിനെ ചുറ്റിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ, ’ഇന്നെനിക്ക് വയ്യ‘ എന്നവൾ ഒഴിവ്‌ പറഞ്ഞു.
’വിധു...നമ്മളിവിടെ ഹണിമൂണിനാണ്‌ വന്നത്..‘
’എനിക്കൊരു മൂഡില്ല..‘
’തനിക്ക് പിന്നെ എപ്പഴാ മൂഡ് വരുന്നത്?‘ മധുവിന്റെ സ്വരത്തിൽ അനിഷ്ടവും അക്ഷമയും നിറഞ്ഞിരുന്നു.
’അറിയില്ല മധു...ഐ നീഡ് ടൈം..‘ അത് പറഞ്ഞവൾ കണ്ണുകളിറുക്കിയടച്ചു.
അസ്വസ്ഥമായ ചിന്തകൾ അലട്ടിയത് കാരണം മധു വൈകിയാണ്‌ ഉറക്കത്തിലേക്ക് പോയത്.

ആറ്‌

പിറ്റേന്ന് രാവിലെ ഉണർന്ന് നോക്കുമ്പോൾ സമീപം വിധുവിനെ കാണാനുണ്ടായിരുന്നില്ല. അയാൾ രണ്ടുമൂന്നു വട്ടം അവളുടെ പേര്‌ വിളിച്ചു നോക്കി. എഴുന്നേറ്റ് ചെന്ന് നോക്കുമ്പോൾ ബാത്ത്റൂം വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു. 
‘എവിടെയാണ്‌ ഇത്ര രാവിലെ എഴുന്നേറ്റ് പോയത്?’ ഉറക്കെ ചോദിച്ചു കൊണ്ടയാൾ ബാൽക്കണിയിലേക്ക് നടന്നു. അവിടെയും അവൾ ഉണ്ടായിരുന്നില്ല. ഇന്നലെ താനുയർത്തിയ വാദങ്ങൾ ബാലിശങ്ങളായി പോയോ? താൻ വെറുമൊരു ഭീരുവാണെന്നവൾ കരുതിയിട്ടുണ്ടാവുമോ? ഏതു വാക്കുകൾ എപ്രകാരം പ്രയോഗിച്ചാലാണ്‌ അവളെയൊന്ന് അനുനയിക്കാൻ ആവുക?
അല്ലെങ്കിൽ...എന്തിനവളെ ബോധ്യപ്പെടുത്തണം? താൻ പറഞ്ഞതൊക്കെയും അവളുടെയും തന്റെയും സുരക്ഷിതത്വം മനസ്സിൽ കണ്ടാണ്‌. അവൾക്കത് ബോധ്യപ്പെട്ടില്ലെങ്കിൽ അതെങ്ങനെ തന്റെ കുറ്റമാവും? ലോകപരിചയവും സമൂഹത്തിനെക്കുറിച്ചുള്ള ധാരണയും അവൾക്ക് തന്റെയത്രയും ഉണ്ടാവില്ല. അതാണവൾ വരുംവരായ്കകളെക്കുറിച്ചാലോചിക്കാതെ ഒരോന്നും പ്രവർത്തിക്കാൻ ഒരുമ്പെടുന്നത്. താനാണ്‌ ശരിയെന്ന് അവൾക്ക് ഇന്നല്ലെങ്കിൽ നാളെ ബോധ്യമാവും. ഉറപ്പ്. ഇപ്പോൾ വേണ്ടത് തികഞ്ഞ സംയമനമാണ്‌. ഈ ഹണിമൂൺ ദിവസങ്ങൾ ഇത്രയും നിസ്സാരമായൊരു സംഭവം കാരണം അലങ്കോലപ്പെടാൻ പാടില്ല. ജീവിതകാലം മുഴുവൻ തന്നോടൊപ്പം ജീവിക്കേണ്ടവളാണ്‌. തുടക്കത്തിലെ കല്ലുകടിച്ചതായി അവൾക്ക് തോന്നരുത്. തന്നെ പോലെ കാര്യപ്പിടിപ്പുള്ള ഒരാളുടെ ആവശ്യം അവൾക്കുണ്ട്. സംസാരത്തിൽ താൻ കുറച്ച് കൂടി ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. നയകുശലതയോടെ പെരുമാറേണ്ടതുണ്ട്. ഇനി അവളോട് ഒട്ടും മുഷിയാത്തവണ്ണം വേണം തന്റെ സംസാരവും പെരുമാറ്റവും. തന്നെക്കുറിച്ചവൾക്ക് മതിപ്പുണ്ടാകാൻ എന്താണൊരു വഴി? 

അയാൾ താഴെ കുന്നിൻചെരുവിലേക്ക് നോക്കി. ഇപ്പോഴവിടെ ആൾക്കൂട്ടമോ പോലീസ് വാഹനങ്ങളോ കാണുന്നില്ല. എല്ലാം പഴയത് പോലെ. സർവ്വതും ശാന്തം. മലയും പുഴയും എല്ലാം. എല്ലാം ഇത്രയേ ഉള്ളൂ... വെറും രണ്ട് ദിവസത്തെ കോലാഹലങ്ങൾ. അതിന്‌ ശേഷം വാർത്തകളിൽ നിന്ന് പോലും ഈ സംഭവം പാടെ ഒഴിഞ്ഞ് പോകും. ഒരാഴ്ച്ചയ്ക്ക് ശേഷം ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചാരും ഓർക്കുക പോലുമില്ല. ഇവിടെ സഞ്ചാരികൾ ഇനിയും വരും, മധുവിധു ആഘോഷിക്കാൻ ഇനിയും നവദമ്പതികൾ വന്നിറങ്ങും. തണുപ്പിൽ കമ്പിളി വസ്ത്രങ്ങളണിഞ്ഞ് കൈ കോർത്ത് നടക്കും. എല്ലാം മഞ്ഞു പോലെ തണുക്കും. ഈ മലകളും ഇവിടുള്ളവരുടെ മനസ്സുകളും. ഇന്ന് വിധുമൊത്ത് ഒരു ഡ്രൈവിന്‌ പോയാലോ? പുതിയ ചില ഇടങ്ങളിലേക്കുള്ള യാത്ര, പുത്തനുണർവ്വുണ്ടാക്കാൻ സഹായകമാവും. 

നോട്ടം റോഡിലേക്ക് നീണ്ടു. ദൂരെയായി ഒരു സ്ത്രീ നടന്നു പോകുന്നത് കാണാനായി. അത് വിധുവാണോ? താൻ വാങ്ങി കൊടുത്ത ഷാളാണ്‌ ആ സ്ത്രീ കഴുത്തിൽ ചുറ്റിയിരിക്കുന്നത്. അത് അവൾ തന്നെ! ഉറക്കെ വിളിച്ചാലോ? ഇല്ല, അവളുടെ അടുക്കലേക്കെത്താൻ തന്റെ ശബ്ദത്തിന്‌ ശക്തിയുണ്ടാവില്ല.

‘എവിടെക്കാണിവള്‌ ഈ മഞ്ഞത്ത് ഇത്ര തെരക്ക് പിടിച്ച്...’
അടുത്ത നിമിഷം അയാൾ തലയിൽ കൈ വെച്ചു ‘ഓ ഷിറ്റ്!’
അയാൾ ഓടിച്ചെന്ന് ബാഗ് തുറന്ന് നോക്കി.
ആ ഹാൻഡിക്യാം - അതവിടെ ഉണ്ടായിരുന്നില്ല.

Post a Comment

Monday 6 February 2023

ഒരിക്കൽ കൂടി


വിശപ്പ്...കണ്ണ്‌ കാണാത്ത വിശപ്പ്. ചുറ്റിലും ഇരുട്ട്. നിശ്ശബ്ദത. രണ്ടും നല്ലതാണ്‌. അനുയോജ്യമായ സമയം. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുണ്ട്‌. എലി ചുറ്റിലും നോക്കി. അതിന്റെ കണ്ണുകൾ വിടർന്നു. കാഴ്ച്ച കൂടുതൽ വ്യക്തമായി. എല്ലാം തെളിഞ്ഞു കാണാനാകുന്നു. എലി ചുവരിനോട് ചേർന്ന് പതിയെ നടന്നു. എന്തെങ്കിലും? വയറ്‌ എരിയുന്നു. അപ്പോഴാണ്‌ കണ്ടത് ഒരു ചെറിയ തേങ്ങാകഷ്ണം. കണ്ടപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു. ചുറ്റിലും ഒരുവട്ടം കൂടി നോക്കിയിട്ട് എലി മുന്നോട്ട് കുതിച്ചു. കടിച്ചതും ‘ഠപ്പ്!!’ എന്നൊരു വലിയ ശബ്ദം പിന്നിലുയർന്നു. ഭയന്ന് എലി തിരിഞ്ഞോടി. പക്ഷെ ഒരു പലകയിൽ ചെന്നിടിച്ചു വീണു. ഇതിവിടെ മുൻപില്ലായിരുന്നല്ലോ? ഒരു നിമിഷം പലകയിൽ നോക്കിയിട്ട് എലി തിരിഞ്ഞോടി. വീണ്ടും മുന്നിലൊരു വലിയ പലക! ഓ! താൻ പെട്ടുപോയിരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും നടന്നു. ചുറ്റിലും പലകകൾ! മുകളിലേക്ക് നോക്കി. അവിടെ ഇരുമ്പ് കമ്പികൾ കാണാനായി. അതു വഴി നേരിയ പ്രകാശം ഉള്ളിലേക്കരിച്ച് വരുന്നുണ്ട്. എലി പതിയ ഒരു മൂലയിൽ ഇരുട്ട് പതുങ്ങിയിരുന്നിടത്ത് പോയി ഇരുന്നു.

ഏതാനും ദിവസം മുൻപ് കണ്ട - കണ്ടു മറന്നത് ഓർമ്മ വന്നു. അന്നും ഇതുപോലൊരു ശബ്ദം കേട്ടിരുന്നു. പിന്നെ ഒരു കരച്ചിലും. പമ്മി ചെന്ന് നോക്കിയപ്പോൾ കണ്ടു - തന്നെ പോലെ ഒരെലി. അതിന്റെ ഭയം നിറഞ്ഞ കണ്ണുകൾ... ഇതേ പോലെ ഒരിടത്ത്. അന്ന് അതിന്റെ അരികിലും ഇതു പോലെ ഒരു തേങ്ങാകഷ്ണം ഉണ്ടായിരുന്നു. വെളിച്ചം വന്നപ്പോൾ വീണ്ടും പോയി നോക്കിയിരുന്നു. ശൂന്യമായിരുന്നവിടം. രാത്രി ഇരുട്ടിൽ പുറത്തിറങ്ങിയപ്പോൾ കണ്ടു, മതിലിനോട് ചേർന്ന്...വയറ്‌ വീർത്ത്...മലർന്ന് കിടന്ന അതിന്റെ രൂപം...

എലി ഇരുട്ടിൽ നിന്ന് പതിയെ മുന്നോട്ട് നടന്നു. ചുറ്റിലും നടന്ന് നോക്കി. എവിടെയെങ്കിലും ഒരു ചെറുപഴുത്? മുൻകാലുകൾ വെച്ച് പലകയിൽ പലയിടത്തും തള്ളി നോക്കി. ശരീരഭാരം മുഴുക്കയും ഉപയോഗിച്ചു. ഇല്ല, അല്പം പോലും അനങ്ങുന്നില്ല. പല്ലുകളുപയോഗിച്ച് കരളാൻ ശ്രമിച്ചു. ചെറിയ ചില പോറലുകളല്ലാതെ... ഒന്നും സാധ്യമാവുന്നില്ല. നെഞ്ചിടുപ്പേറുന്നുണ്ട്... താമസിയാതെ ചുറ്റിലും വെളിച്ചം നിറയും. അതിന്‌ മുൻപ് പുറത്ത് കടക്കണം. പക്ഷെ എങ്ങനെ? എലി വീണ്ടും ശ്രമിച്ചു. ഇല്ല, താൻ ഇരുട്ടിൽ പലകകളാൽ ചുറ്റപ്പെട്ട ഒരിടത്ത് പെട്ടു പോയിരിക്കുന്നു. കൈകാലുകൾ തളർന്നു പോയിരിക്കുന്നു. കാഴ്ച്ച ചെറുതായി മങ്ങുന്നുവോ? ഇരുട്ടിൽ അങ്ങോട്ടുമിങ്ങോട്ടും പലതവണ നടന്നു. ഇല്ല... ഇനി ഇവിടെ നിന്നൊരു രക്ഷപ്പെടലില്ല..എല്ലാം അവസാനിച്ചിരിക്കുന്നു. ഇവിടെയാണവസാനം. ഇതാണാസാനം.
 
എലി പഴയതെല്ലാമോർത്തു. ഇതുവരെ താൻ ചെയ്തതെല്ലാം. ഇത്രനാൾ തന്റെ കൂടെ ഉണ്ടായിരുന്നവരെയെല്ലാം. കണ്ണുകൾ നീറി നിറയുന്നു. ഇനി ചിലപ്പോൾ അവരെ കാണാനാവില്ല. ഒരിക്കലും. താനിവിടെ ഈ ഇരുട്ടിൽ ഒറ്റയ്ക്കാണെന്നവർ അറിയുന്നുണ്ടാവുമോ? തന്നെ ഓർത്ത് ആരെങ്കിലും തിരക്കി വരുമോ? അപ്പോൾ ചെറിയൊരു ശബ്ദം കേട്ടു. നോക്കുമ്പോൾ മുകളിൽ ഇരുമ്പ് കമ്പികൾക്കിടയിലൂടെ തിളങ്ങുന്ന രണ്ട് കണ്ണുകൾ! ആരാണത്? ശബ്ദം കേട്ടപ്പോൾ തീർച്ചയായി അതാരാണെന്ന്. എലി ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി നിന്നു. ആ കണ്ണുകൾ നിർത്താതെ ചിമ്മുന്നത് കണ്ടു. ഏതാനും നിമിഷങ്ങൾ... അതിനു ശേഷം അതവിടെ നിന്ന് മാറി പോകുന്നത് കണ്ടു. ഓടി അകന്ന് പോകുന്ന ശബ്ദം. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. അഴികളിലൂടെ വെളിച്ചം അകത്തേക്ക് വേണു. മനുഷ്യരുടെ ശബ്ദങ്ങൾ. ആഹ്ലാദശബ്ദങ്ങൾ. താനും പലകകളും ഒന്നടങ്കം മുകളിലേക്കുയർന്നറിഞ്ഞു. എലി ഒരു വശത്തേക്ക് ഒതുങ്ങി പതുങ്ങി ഇരുന്നു. അപ്പോൾ ആ തേങ്ങാ കഷ്ണം ഉരുണ്ടുരുണ്ട് അതിന്റെ മുന്നിലേക്ക് വന്നു വീണു. ഒരു നിമിഷം എലി കണ്ണുകളടച്ചിരുന്നു. പിന്നീട് സാവധാനം ആ തേങ്ങാകഷ്ണം കരളാൻ തുടങ്ങി...



Post a Comment

Thursday 20 October 2022

ഓർവ്വ്


സഹൃദയരെ,

എന്റെ മൂന്നാമത്തെ പുസ്തകം ‘ഓർവ്വ്’ ആഗസ്ത് 2022 ൽ പുറത്തിറങ്ങി.





















കഥാസമാഹാരമാണ്‌.

മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി, ജനയുഗം, അകം എന്നീ പ്രസിദ്ധീകരണങ്ങളിൽ വന്ന കഥകൾ.

കോഴിക്കോടുള്ള ധ്വനി ബുക്സ് ആണ്‌ പ്രസാധകർ.

13 കഥകൾ

151 പേജുകൾ

വില: 200 രൂപ

പുസ്തകം ഗൂഗിൾ പേ ഉപയോഗിച്ച്‌ പെയ്മെന്റ്‌ നടത്തി വാങ്ങാവുന്നതാണ്‌.

ഗൂഗിൾ പേ വഴി വാങ്ങാൻ:
ധ്വനി ബുക്സിന്റെ നമ്പറിലേക്ക് (+91 98477 58272) പെയ്മെന്റ് നടത്തുക.

അടക്കേണ്ട തുക: 220 രൂപ (ഡെലിവറി ചാർജ്ജ് അടക്കം) 

പുസ്തകത്തിന്റെ കവർ പേജും (അല്ലെങ്കിൽ ‘ഓർവ്വ്’, ‘സാബു ഹരിഹരൻ’ എന്നോ), പേയ്മെന്റ് നടത്തിയതിന്റെ സ്ക്രീൻ ഷോട്ടും, പുസ്തകം അയച്ചു കിട്ടേണ്ട വിലാസവും അതേ നമ്പറിലേക്ക് അയക്കുക.

കഥാസ്നേഹികൾ എന്റെ പുസ്തകം വാങ്ങുകയും അഭിപ്രായമറിയിക്കുകയും ചെയ്യുമെന്ന് കരുതുന്നു!



Post a Comment

Saturday 5 February 2022

ആരോ ഒരാൾ


ഇന്നലെ രാത്രി കട പൂട്ടാൻ അല്പം വൈകി. വാങ്ങിയ സാധനങ്ങളെല്ലാം അതാത് സ്ഥാനങ്ങളിൽ എടുത്ത് വെയ്ക്കാനും, കണക്ക് എഴുതി വെയ്ക്കാനും കുറച്ച്, അല്ല കുറച്ചധികം സമയമെടുത്തു. കച്ചോടം തുടങ്ങിയിട്ട് ഏതാനും മാസങ്ങളെ ആവുന്നുള്ളൂ. പലതും പഠിച്ചു കൊണ്ടിരിക്കുന്നു. വെള്ളത്തിലിറങ്ങുമ്പോൾ മാത്രമാണ്‌, നീന്തുക എന്നത് നമ്മൾ കരുതുന്ന പോലെയല്ലെന്ന് മനസ്സിലാക്കുന്നത്. ഒഴുക്കുള്ളപ്പോൾ നീന്തേണ്ടതെങ്ങനെയെന്നും; കുളത്തിൽ നീന്തുന്നതും, ഒഴുക്കുള്ള പുഴയിൽ നീന്തുന്നതും, കടലിൽ നീന്തുന്നതും ഒരു പോലെയല്ല എന്നും മനസ്സിലാക്കുന്നത് അപ്പോഴാണല്ലൊ.

കട പൂട്ടി ഇറങ്ങുന്നതിന്‌ മുൻപ് പതിവ് പോലെ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചു.
ഒന്ന് - പുറത്തെ ലൈറ്റ് ഓൺ ചെയ്തിട്ടുണ്ടോ?
രണ്ട് - എല്ലാ താഴുകളും കൃത്യമായി പൂട്ടിയിട്ടുണ്ടോ?
മൂന്ന് - സിസിടിവി ക്യാമറ ഓൺ ചെയ്തിട്ടുണ്ടോ?

എല്ലാം പരിശോധിച്ചു. എല്ലാം കൃത്യം.

തികഞ്ഞ സമാധാനത്തോടെ ഇറങ്ങി നടന്നു. വീട്ടിൽ ഷീലയും അമ്മു മോളും കാത്തിരിക്കുന്നുണ്ടാവുമോ? അമ്മു ഉറങ്ങിയിട്ടുണ്ടാവും. ഷീലയെ വിളിച്ച് ഊണ്‌ കഴിച്ച് കിടക്കാൻ ഫോണിൽ വിളിച്ച് പറഞ്ഞതാണ്‌. പക്ഷെ അവൾ ഉറങ്ങുകയില്ല. എനിക്കറിയാം. കാത്തിരിക്കാൻ ഒരാൾ വീട്ടിൽ ഉള്ളത് സുഖമുള്ള കാര്യം തന്നെ. ആ ഭാഗ്യമില്ലാത്തവരെ അല്ലെങ്കിൽ ആ ഭാഗ്യം നഷ്ടപ്പെട്ടവരെക്കുറിച്ച് ഇടയ്ക്കെപ്പോഴോ ഓർത്തു പോയിട്ടുണ്ട്. ജീവിതത്തിൽ അങ്ങനെ ഒരു സമയം വരരുതെ എന്നാണ്‌ പ്രാർത്ഥന. ആ ഒരു ഭാഗ്യത്തെ കുറിച്ച് അധികമാരും ആലോചിക്കുന്നുണ്ടെന്ന് പോലും തോന്നുന്നില്ല. അത് കൊണ്ട് വിലയറിയാതെ ജീവിക്കുകയാണ്‌ പലരും. ഈയിടെയായി ചിന്തിച്ച് ചിന്തിച്ച് ഒരല്പം തത്വചിന്തകനായി പോകുന്നുണ്ട് പലപ്പോഴും. പ്രായത്തിന്റെ മാറ്റങ്ങളാവണം.

സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കുന്നുണ്ട്. ഏതാനും ചുവടുകൾ വെച്ചപ്പോഴാണ്‌ കണ്ടത്, റോഡിന്റെ മറുവശത്തായി ഇരുട്ട് വീണ്‌ കിടക്കുന്നിടത്തായി ഒരാൾ കിടക്കുന്നു. കമഴ്ന്ന് കിടക്കുകയാണ്‌. ഒരു നിമിഷം ആലോചിച്ചു - റോഡ് മുറിച്ച് കടന്ന് ചെന്ന്, അയാൾ എന്തിനാ അവിടെ കിടക്കുന്നതെന്ന് നോക്കണോ? ചുറ്റിലും നോക്കി. റോഡിൽ ഞാൻ മാത്രമേ ഉള്ളൂ. തട്ടിപ്പുകളുടെ കാലമാണ്‌. ചെല്ലുമ്പോൾ എന്റെ നേർക്ക് കത്തി കാണിച്ച്, കൈയ്യിലുള്ളതെല്ലാം പിടിച്ചു വാങ്ങുമോ? കിടക്കുന്നയാൾക്ക് ഒരു കൂട്ടാളി കൂടി ഉണ്ടാവുമോ? അതോ ഇയാളെ ഏതെങ്കിലും വണ്ടി ഇടിച്ചിട്ടതാവുമോ? അല്പം മനുഷ്യത്വം എന്നിൽ അവശേഷിക്കുന്നു എന്ന് സ്വയം വിശ്വസിക്കുന്നത് കൊണ്ട് ഞാൻ റോഡ് മുറിച്ച് കടന്ന് അയാളുടെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു.

ഞാൻ അയാളുടെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കി. ഓടയ്ക്കരികിലായിട്ട്‌ കമഴ്ന്നാണ്‌ കിടക്കുന്നത്. വെള്ള ഷർട്ടും മുണ്ടുമാണ്‌ ധരിച്ചിരിക്കുന്നത്. വീഴ്ച്ചയിൽ വസ്ത്രത്തിൽ അവിടവിടെ പൊടിയും അഴുക്കും ആയിട്ടുണ്ട്. നരച്ച മുടിയും താടിയും. കമഴ്ന്ന് കിടക്കുന്നത് കൊണ്ട് മുഖത്തിന്റെ ഒരുവശം മാത്രമെ കാണാനായുള്ളൂ. ആയാസപ്പെട്ട് ശ്വാസമെടുക്കുന്നുണ്ട്. ഞാൻ കുലുക്കി വിളിക്കാനായി കൈ നീട്ടിയതാണ്‌. അപ്പോഴാണ്‌ സമീപം ഒരു കുപ്പി ഉടഞ്ഞു കിടക്കുന്നത് കണ്ടത്. മദ്യത്തിന്റെ ഗന്ധം അവിടെ മുഴുക്കെയുമുണ്ട്. ഞാൻ കൈ പിൻവലിച്ചു. ഏതോ ഒരുത്തൻ വെള്ളമടിച്ച് കിടക്കുകയാണ്‌! തൊട്ടടുത്ത നിമിഷം അയാളൊടുള്ള സകല സഹതാപവും എന്നിൽ നിന്നും ഓടി മറഞ്ഞു. ഇവനൊക്കെ വെള്ളമടിക്കണമെങ്കിൽ വീട്ടിലിരുന്ന് വെള്ളമടിച്ചൂടെ? ഇനി പുറത്ത് വെച്ച് വെള്ളമടിക്കണമെങ്കിൽ തന്നെ മര്യാദ്യക്ക് നടന്ന് പോകാനുള്ള ആരോഗ്യം ബാക്കി ആവുന്നത് വരെ വെള്ളമടിച്ചാൽ പോരെ? പകല്‌ മുഴുൻ കടയിലിരിക്കുക നല്ല മുഷിവുള്ള കാര്യമാണ്‌. അതിന്‌ പുറമെ സാധനങ്ങൾ വാങ്ങാനും മറ്റും പുറത്ത് പോയി പലരേയും കാണേണ്ടിയും വരും. നല്ല അധ്വാനം ആവശ്യപ്പെടുന്ന ജോലി തന്നെയാണ്‌ എന്റേത്. എന്ത് കൊണ്ട് മനുഷ്യര്‌ എന്നെ പോലെ അധ്വാനിക്കുന്നില്ല? കടം വാങ്ങിയാവും വെള്ളമടിച്ചിട്ടുണ്ടാവുക. അതൊന്നും ഇവനെ പോലുള്ളവർ തിരിച്ചു കൊടുക്കാനും പോകുന്നുണ്ടാവില്ല. എങ്ങനെ തിരിച്ചു കൊടുക്കും? മുഴുവൻ സമയവും മദ്യം വാങ്ങാനും വെളിവില്ലാതെ നടക്കാനുമല്ലേ ചിലവാക്കുന്നത്? 

ഞാൻ നിവർന്ന് നിന്നു. ഒന്നു കൂടി നോക്കിയിട്ട് വീട്ടിലേക്ക് തിരിച്ചു. ഏതായാലും, ഭക്ഷണം കഴിക്കുന്നതിനിടയിൽ ഷീലയോട് പറയാനൊരു കഥയായി. അവൾ എല്ലാ ദിവസവും പകൽവിശേഷങ്ങൾ അന്വേഷിക്കും. പറയാനൊരു കഥ ഉണ്ടെങ്കിൽ ഉത്സാഹമാണ്‌. അവൾക്കും എനിക്കും.

വീട്ടിൽ ചെന്നയുടൻ തന്നെ തണുത്ത വെള്ളത്തിൽ മേല്‌ കഴുകി. നല്ല സുഖം. മേല്‌ തുടച്ച് വന്നപ്പോഴേക്കും ഊണ്‌ മേശയിൽ ചോറും കറികളും നിരന്നു കഴിഞ്ഞിരുന്നു. അവൾ ഒരു മുട്ട പൊരിച്ചു വെച്ചിരുന്നു. എന്റെ ഇഷ്ടവിഭവങ്ങളിലൊന്ന്. അതും കൂട്ടി ആസ്വദിച്ച് കഴിക്കുന്നതിനിടയിൽ ഞാൻ കാര്യം പറഞ്ഞു.
‘എന്തിനാ ചേട്ടാ ചുമ്മാ ആവശ്യമില്ലാത്ത കാര്യത്തിനൊക്കെ ചെന്ന് തലയിടുന്നത്? എനിക്കും കൊച്ചിനും ചേട്ടൻ മാത്രേ ഉള്ളൂ. ചേട്ടൻ രാത്രി തിരിച്ച് വീട്ടിൽ വരുന്നത് വരെ എനിക്കൊരു സമാധാനവുമില്ല അറിയോ?’

അവൾ പറഞ്ഞതിലും കാര്യമുണ്ട്. പിടിച്ചുപറിക്കാരുടെ കാലമാണ്‌. നഗരം മുഴുക്കെയും ഗുണ്ടകൾ സ്വൈരവിഹാരം നടത്തുന്നു എന്നല്ലെ പത്രവാർത്ത? എന്നെ പിന്നിൽ നിന്നും ഒരാൾ വന്ന് അടിച്ചിട്ടിട്ട്, കൈയ്യിലുള്ളതെല്ലാം എടുത്തോണ്ട് പോയാൽ? ആർക്ക് നഷ്ടം? എനിക്കും എന്റെ കുടുംബത്തിനും മാത്രം. ഇനി മുതൽ കട രാത്രി അധികനേരം തുറന്ന് വെയ്ക്കണ്ട. ജീവനല്ലേ ലാഭത്തിനേക്കാൾ വലുത്? ചെറിയൊരു ലാഭത്തിനായി രാത്രി നല്ലോണം ഇരുട്ടുന്നത് വരെ കട തുറന്നു വെയ്ക്കേണ്ട കാര്യമേയില്ല. അല്പനേരം മുൻപെ വന്നാൽ അമ്മൂന്റെ കൂടെ കളിക്കാം. അവൾക്കത് വല്ല്യ സന്തോഷമാവും. അവളുമൊത്തുള്ള നല്ല നിമിഷങ്ങളൊക്കെ നഷ്ടപ്പെടുകയാണ്‌. അറിഞ്ഞു കൊണ്ട് നഷ്ടപ്പെടുത്തുകയാണ്‌. ഒരിക്കലും തിരിച്ചു കിട്ടാത്തത് അതൊക്കെയാണ്‌. അതിന്റെ വില അറിയാത്തതൊന്നുമല്ല. പക്ഷെ...എന്തോ...ഉറച്ച ഒരു തീരുമാനമെടുക്കാനാവുന്നില്ല. 

ഒരു ശ്രമം നടത്തണം. രാത്രി കുറച്ച് നേരത്തെ ഇറങ്ങാം. ഞാനുറപ്പിച്ചു. ചിന്തയും തീരുമാനവും പ്രവൃത്തിയും ഒന്നായാൽ മാത്രമെ കാര്യമുള്ളൂ. വെറുതെ ചിന്തിച്ച് കൊണ്ടിരുന്ന് അതൊക്കെയും ശരിവെച്ചിട്ടെന്ത് പ്രയോജനം?
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ കൈ കഴുകി ഉറങ്ങാൻ പോയി.

നല്ല ദിവസമായിരുന്നു. എല്ലാം ശരിയാംവണ്ണം നടന്നിരിക്കുന്നു. കച്ചവടം നന്നായി നടന്നു. ഞാൻ സംതൃപ്തിയോടെയാണ്‌ ഉറങ്ങാൻ പോയത്.

പിറ്റേന്ന് ഞാൻ പുതിയൊരു മനുഷ്യനായിട്ടാണ്‌ കടയിലേക്ക് പോയത്. ഇനി മുതൽ ജീവിതത്തിലെ മധുരമൊക്കെ ആസ്വദിച്ച് തന്നെ ജീവിക്കണം. പുതിയ തീരുമാനമെടുക്കാൻ പുതുവർഷം വരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. നിശ്ചയദാർഢ്യമുള്ളവർക്ക് തൊടടുത്ത് നിമിഷം മുതൽ തീരുമാനിച്ച പ്രകാരം ജീവിക്കാവുന്നതേയുള്ളൂ! എന്നെ പോലെ!

കടയുടെ അടുത്ത് എത്തിയപ്പോൾ, തലേന്ന് ആ മനുഷ്യൻ - മദ്യപനായ - തീരെ ഉത്തവാദിത്വമില്ലാത്ത - അയാൾ കിടന്നിടത്തേക്ക് ഞാൻ നോക്കി. ശൂന്യം.
വെളിവ് വന്നപ്പോൾ എഴുന്നേറ്റ് പോയിട്ടുണ്ടാവും. ഇപ്പോൾ അടുത്ത കുപ്പി വാങ്ങാൻ എവിടെയെങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ക്യൂവിൽ നില്ക്കുകയാവും. അതും കടം വാങ്ങിയ കാശും കൊണ്ടാവും! പുച്ഛം നിറഞ്ഞ എന്റെ ചിന്തകൾക്ക് അളവില്ല. ഞാൻ ഇടംവലം തലയാട്ടി ലോകത്തിന്റെ തല തിരിഞ്ഞ പോക്കിനെ കുറിച്ചാലോചിച്ച് സ്വയം പരിതപിച്ചു. സഹതപിച്ചു.

അപ്പോഴാണ്‌ കണ്ടത്, എന്റെ കടയിലേക്ക് ഒരു പോലീസുകാരൻ കയറി പോകുന്നു. എന്റെ നെഞ്ചിടിച്ചു. ഈശ്വരാ! ആരെങ്കിലും കട കുത്തി പൊളിച്ചോ? അതോ എന്തിലും അപകടം? കടയിൽ നില്ക്കുന്ന വിഷ്ണുവിനെ കുറിച്ചാണാദ്യം ആലോചന പോയത്. അവനാണ്‌ രാവിലെ വന്ന് കട തുറന്ന് എല്ലാം തൂത്ത് വൃത്തിയാക്കി വെയ്ക്കുന്നത്. വിശ്വസിക്കാൻ കൊള്ളാവുന്നവനാണ്‌. ഷീലയുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യൻ. കുറച്ചധികം വർത്തമാനം പറയുമെന്ന കുഴപ്പമേയുള്ളൂ. പക്ഷെ കച്ചവടത്തിന്‌ അത് നല്ലതാണല്ലോ എന്ന് കരുതി ഞാൻ കണ്ണടക്കും. ഈയിടെയായി അവന്‌ എന്തോ ഒരു ചുറ്റിക്കളിയുണ്ട്. ഇനി വല്ല കഞ്ചാവിന്റെ പരിപാടിയോ മറ്റോ? അവൻ വല്ലതും കൊണ്ട് വന്ന് കടയിൽ വെച്ചിട്ടുണ്ടോ? എങ്കിൽ എന്റെ കാര്യത്തിൽ തീരുമാനമായത് തന്നെ. കടയുമില്ല മാനവുമില്ല. ഇനി പോലീസ് സ്റ്റേഷൻ...കേസ്...ജാമ്യം...കോടതി...
ഇന്നലെ, ‘അണ്ണാ ഒരത്യാവശ്യ കാര്യൊണ്ട്’ എന്നും പറഞ്ഞ് നേരത്തെ പോയതാണ്‌. എന്ത് ഏടാകൂടാമാണോ എന്തോ വരുത്തി വെച്ചിരിക്കുന്നത്.
ഒരു നിമിഷം കൊണ്ട് എന്റെ സകല സമാധാനവും തകർന്നടിഞ്ഞു. ഇനി നേരത്തെ...അല്ല, വീട്ടിൽ തന്നെ സ്ഥിരമായി ഇരിക്കാം. ഇവനെ ഞാൻ ശരിക്കും ശ്രദ്ധിക്കണമായിരുന്നു. എല്ലാമെന്റെ തെറ്റ്...

ഞാൻ കടയിലേക്ക് കയറി. പോലീസുകാരൻ വിഷ്ണുവിനോട് എന്തോ ചോദിക്കുകയാണ്‌. അവൻ മര്യാദയോടെ എന്തോ മറുപടി പറയുകയാണ്‌. ഞാൻ അവരുടെ അടുത്തേക്ക് നടന്ന് ചെന്ന് സകല ഭവ്യതയും കൂടിപ്പിടിച്ച് പോലീസുകാരനോട് ചോദിച്ചു.
‘എന്താ...സാർ..?’
പോലീസുകാരൻ തല തിരിച്ച് എന്നെ സൂക്ഷിച്ചു നോക്കുമ്പോൾ വിഷ്ണു പറയുന്നത് കേട്ടു.
‘സാർ...ഇതാണ്‌ ഈ കടേടെ മൊതലാളി..’
ഓഹോ! അവൻ ഒരോന്ന് ഒപ്പിച്ചു വെച്ചിട്ട് എന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമിക്കുകയാണ്‌! എനിക്കെന്റെ സകല നിയന്ത്രണവും ഏതു നിമിഷം വേണമെങ്കിലും കൈവിട്ട് പോകൂം എന്ന പരുവത്തിലായി.
‘ങാ...’ എന്നെ നോക്കി ഒന്നമർത്തി മൂളിയ ശേഷം പോലീസുകാരൻ ചോദിച്ചു,
‘നിങ്ങള്‌...ഇന്നലെ രാത്രി എത്ര മണിക്കാണ്‌ കടയടച്ചത്?’
‘അത്...ഏകദേശം...ഒരു പന്ത്രണ്ട്‌...പന്ത്രണ്ടര ആയിക്കാണും സർ...എന്താ സാർ?’
‘അപ്പോ നിങ്ങൾ കണ്ടു കാണുമല്ലോ...ഇന്നലെ രാത്രി കട പൂട്ടി തിരികെ പോകുമ്പോൾ അവിടെ റോഡിന്റെ സൈഡിലായി ഒരാള്‌ കിടക്കുന്നത് കണ്ടിരുന്നോ?’
ഉണ്ടെന്നോ ഇല്ലെന്നോ പറയേണ്ടത്? എന്റെ ചങ്കിടിക്കുന്നത് എനിക്ക് കേൾക്കാനായി.
എന്തോ എനിക്ക് ഒരു കള്ളവും പറയാൻ നാവ് പൊങ്ങിയില്ല..
‘അത്...സാർ...ഞാൻ കണ്ടു...ചെന്ന് നോക്കിയതാ..വെള്ളമടിച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ട്...വിളിക്കാൻ പോയില്ല...എന്താ സാർ?..’
ഞാൻ ഒരു നിമിഷം വിഷ്ണുവിന്റെ നേർക്ക് നോക്കാൻ ഒരു ശ്രമം നടത്തി.
‘ങാ...അയാള്‌ വടിയായി...ഏതോ വണ്ടി ഇടിച്ചതാണെന്നാണ്‌ തോന്നുന്നത്...അല്ല...നിങ്ങളാ സമയം പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടിരുന്നോ?’
‘ഇല്ല..’ ഞാനോർത്ത് നോക്കുന്നതിനിടയിൽ പറഞ്ഞു.
എന്താ ഈ പോലീസുകാരൻ സംശയിക്കുന്നത്? ഇതിൽ ഞാനെന്ത് ചെയ്യാനാണ്‌?
‘നിങ്ങളുടെ സിസിടിവി വർക്ക് ചെയ്യുന്നില്ലെ?’
‘ങാ..’
‘ഞങ്ങൾക്കതിന്റെ റെക്കോർഡ് ചെയ്ത വീഡിയോ കാണണം..’
അപ്പോഴാണ്‌ ശ്വാസം നേരെ വീണത്.
ഞാൻ വിഷ്ണുവിന്റെ നേർക്ക് തിരിഞ്ഞ് ആജ്ഞാപിച്ചു.
‘ടാ...നീ ഈ സാർന്‌ ആ സിസി ടിവിടെ വീഡിയോ ഒന്നു കാണിച്ചു കൊടുത്തെ..’
സിസിടിവി ഉണ്ടെന്നല്ലാതെ അതിന്റെ പരിപാടികളൊന്നും എനിക്കറിയില്ല എന്ന അജ്ഞത ഞാൻ പുറത്ത് കാട്ടിയില്ല.
വിഷ്ണു, പോലീസുകാരനെ വിളിച്ച് കമ്പ്യൂട്ടറിന്റെ അടുത്തേക്ക് പോയി. അധികാരഭാവത്തിൽ പിന്നാലെ ഞാനും.
അവൻ ഏതൊക്കെയോ ബട്ടണുകൾ ഞെക്കിയപ്പോൾ തലേന്നത്തെ വീഡിയോ കാണാനായി. 
ഞാൻ കട പൂട്ടി ഇറങ്ങുന്നത്... 
ആഹാ! എന്നെ വീഡിയോയിൽ കണ്ടപ്പോൾ ഒരു കൗതുകം. സമയത്തിലൂടെ പിന്നോക്കം സഞ്ചരിച്ച പ്രതീതി.
പിന്നെ ഞാനയാളുടെ അടുത്തേക്ക് ചെന്ന് നില്ക്കുന്നത്...
കൈ നീട്ടിയിട്ട് പിൻവലിക്കുന്നത്...
ഭാഗ്യം! അയാളെ തൊടാതിരുന്നത്! എന്റെ മകളുടെ ഭാഗ്യം.
‘ഒന്ന്‌ റിവൈൻഡ് ചെയ്തെ..’ ശരിക്കുമുള്ള അധികാരശബ്ദം കേട്ടു.
വിഷ്ണു പിന്നെയും ചില ബട്ടണുകളമർത്തി.
‘ങാ...അവിടെ നിർത്ത്’
ഇപ്പോൾ വീഡിയോയിൽ ആ മനുഷ്യൻ നടന്ന് വരുന്നത് കാണാം. 
എവിടെ കുപ്പി? ഞാൻ അയാളുടെ കൈയ്യിലേക്ക് ശ്രദ്ധിച്ചു നോക്കി. ഇല്ല...അയാളുടെ പക്കൽ ഒരു കുപ്പിയുമില്ല. അയാൾ കൈ വീശി നടന്നു വരികയാണ്‌. കാലിടറുന്നില്ല. ഒരു സാധാരണക്കാരൻ. സാധാരണ പോലെ നടന്നു പോകുന്നു. അത്ര മാത്രം.
ഒരു മിന്നായം അയാളുടെ അടുത്തു കൂടി പാഞ്ഞു പോയത് കണ്ടു. പിന്നെ കാണുന്നത് അയാൾ റോഡിൽ കിടക്കുന്നതാണ്‌. എന്താണത്? എനിക്ക് മനസ്സിലായില്ല. പോലീസുകാരൻ സശ്രദ്ധം മോണിറ്ററിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്‌. ഒന്നും തന്നെ മിണ്ടുന്നില്ല. വിഷ്ണുവിന്റെ മുഴുവൻ ശ്രദ്ധയും അതിലേക്ക് തന്നെ.
ആ മിന്നായം...അത് ഒരു വാഹനം പോലെ തോന്നി. കാറാണോ ജീപ്പാണോ?...തിരിച്ചറിയാൻ പറ്റുന്നില്ല.
തൊട്ടടുത്ത നിമിഷം ഒരു ശബ്ദം കേട്ടു. വാഹനം ബ്രേക്കിടുന്ന ശബ്ദം പോലെ തോന്നിച്ചു അത്.
ഞാൻ വീണു കിടക്കുന്ന രൂപത്തിന്റെ നേർക്ക് തന്നെ നോക്കി നിന്നു. അയാൾ ഒന്ന് പുളയുന്നത് കണ്ടു. പിന്നെ നിശ്ചലമായി. ബോധം പോയത് പോലെ തോന്നി. ഒരു ചെറുപ്പക്കാരൻ ഓടി വരുന്നത് കണ്ടു. മുഖം വ്യക്തമല്ല എന്നാൽ അയാളുടെ ആംഗ്യചലനങ്ങളിൽ നിന്നും പരിഭ്രാന്തനാണെന്ന് വ്യക്തം. അവന്റെ കൈയ്യിൽ ഒരു കുപ്പിയുണ്ടായിരുന്നു. കിടക്കുന്നയാളുടെ അടുത്ത് ചെന്ന് നോക്കുന്നതും അവന്റെ കൈയ്യിലെ കുപ്പി താഴെ വീണ്‌ പൊട്ടുന്നതും കാണാനായി. അവൻ തലയിൽ കൈയ്യും വെച്ച് നില്ക്കുകയാണ്‌. അവിടേക്ക് മറ്റൊരു ചെറുപ്പക്കാരൻ ഓടി വരുന്നത് കണ്ടു. ആദ്യം വന്ന ചെറുപ്പക്കാരൻ എന്തൊക്കെയോ പറയുന്നുണ്ട്. രണ്ടാമൻ ഒന്നാമനെ ബലം പ്രയോഗിച്ച് തിരികെ വലിച്ചു കൊണ്ട് പോകുന്നതും കണ്ടു.
ഞങ്ങൾ മൂന്ന് പേരും ശ്വാസമടക്കി പിടിച്ച് ഇരുന്നു.
അല്പനേരം കഴിഞ്ഞ് അത് വഴി ഒന്ന് രണ്ട് വാഹനങ്ങൾ കൂടി പാഞ്ഞു പോകുന്നത് കണ്ടു. ഒരു കാർ അയാൾ വീണു കിടക്കുന്നതിനടുത്തേക്ക് വന്ന് വേഗം കുറച്ച് ഒരു നിമിഷം നില്ക്കുന്നത് കണ്ടു. കാറിൽ നിന്നും ആരും ഇറങ്ങിയതായി തോന്നിയില്ല. ഉടൻ തന്നെ കാറ്‌ മുന്നോട്ട് പോവുകയും ചെയ്തു.
ഞങ്ങൾ വീഡിയോയിൽ നിന്നും കണ്ണെടുത്തില്ല.
അതാ...അവിടേക്ക് ഞാൻ ചെല്ലുന്നു...
അയാളുടെ സമീപം ചെന്ന് നിന്ന് സൂക്ഷിച്ചു നോക്കുന്നു... 
നീട്ടിയ കൈ പിൻവലിച്ച് പതിയെ തിരിഞ്ഞു നടക്കുന്നു...

ഞാൻ ദീർഘമായി നിശ്വസിച്ചു. വിഷ്ണു എന്റെ നേർക്ക് നോക്കി. ഒരു കുറ്റവാളിയെ നോക്കുന്നത് പോലെ. ആ നോട്ടത്തിൽ പതിവ് സൗഹാർദ്ദമോ, ബഹുമാനമോ, വിധേയത്വമോ കണ്ടില്ല.
എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നത്? 
നീ ആണേലും ഞാൻ ചെയ്തതല്ലെ ചെയ്യൂ? 
ആരോ വെള്ളമടിച്ച് കിടക്കുന്നെന്നല്ലെ ഞാൻ വിചാരിച്ചത്? 
അവന്റെ മുഖത്ത് നോക്കി അങ്ങനെയൊക്കെ ചോദിക്കണമെന്ന് തോന്നി.

അല്ല, ഇനി ആ മനുഷ്യൻ അപകടത്തിൽ പെട്ട് കിടക്കുകയാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? ആരോ ഉള്ളിലിരുന്ന് ദുർബ്ബലമായ ശബ്ദത്തിൽ ചോദിച്ചു. 

മൂന്ന് പേരാണ്‌ മറുപടി പറഞ്ഞത്.
ചിലപ്പോൾ...ഞാൻ ഫോണിൽ പോലീസിനെയോ ആംബുലൻസിനെയോ വിളിച്ചേനെ...
ചിലപ്പോൾ...അടുത്ത് നിമിഷം ആ വഴി വന്ന ഏതെങ്കിലും വാഹനത്തിന്‌ നേർക്ക് കൈ നീട്ടി നിർത്തിച്ചേനെ...
ചിലപ്പോൾ...എന്തിന്‌ വെറുതെ ഇതിലൊക്കെ ഇടപെട്ട്...
ആ മൂന്നാമൻ പറഞ്ഞത് എന്റെ ശബ്ദത്തിലായിരുന്നു...

‘ങാ...ഇത് ക്ലിയയറല്ലല്ലൊ...എന്നാലും ഈ വീഡിയോ വേണം...ചിലപ്പോൾ ലാബിലുള്ളവർക്ക് എന്തെങ്കിലും കണ്ടുപിടിക്കാൻ പറ്റിയെന്ന് വരും..‘
എന്നോട് ചോദിച്ചിട്ട് പ്രയോജനമൊന്നുമില്ലെന്ന് മനസ്സിലാക്കിയിട്ടെന്നോണം പോലീസുകാരൻ മുഖം തിരിച്ച് വിഷ്ണുവിനോട് ചോദിച്ചു,
’ഇവിടെ...അടുത്ത് വേറെ ഏതൊക്കെ കടേലാ സിസിടിവി ക്യാമറ വെച്ചിട്ടുള്ളത്? നിനക്കറിയാമോ?‘
വിഷ്ണു എന്തോ ആലോചിക്കുന്നതും മറുപടി പറയുന്നതും കണ്ടു. ഒന്നും ഞാൻ കേട്ടില്ല. എന്റെ ശ്രദ്ധ വഴിതെറ്റി പോയിരുന്നു.

ഞാൻ വീണുകിടന്ന മനുഷ്യന്റെ മുഖം ഓർത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അയാൾ കമഴ്ന്നല്ലെ കിടന്നത് പിന്നെങ്ങനെ കാണാനാവും? താടിയും മുടിയുമൊക്കെ നരച്ചിരുന്നു. അല്പം പ്രായമുള്ള മനുഷ്യൻ തന്നെ. എന്റെ താടിയും മുടിയും ഞാൻ ഡൈ ചെയ്തതാണ്‌. അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ എന്നെ കാണാനും അതു പോലെ ഉണ്ടാവുമായിരുന്നില്ലെ?
രാത്രി തിരികെ വീട്ടിലേക്ക് പോകുമ്പോൾ എന്നെയും ഒരു വണ്ടി വന്ന് ഇടിക്കാവുന്നതെ ഉള്ളൂ. ഞാൻ അത് പോലെ കിടക്കുകയും ചെയ്യുമായിരുന്നു. ആരെങ്കിലും വന്ന് ഒന്നെടുത്ത് ആശുപത്രിയിലാക്കണമെന്ന് പാതി ബോധത്തിൽ ആഗ്രഹിച്ച് കൊണ്ട്, മനസ്സിൽ ഉറക്കെ...ശബ്ദമില്ലാതെ...നിലവിളിച്ച് കൊണ്ട് കിടക്കുമായിരുന്നു..

ഒരുപക്ഷെ ഞാൻ ആ സമയത്ത് ഒന്ന് ഫോൺ ചെയ്ത് പറഞ്ഞിരുന്നെങ്കിൽ... 
അയാൾക്കും വീട്ടിൽ ആരെങ്കിലുമൊക്കെ കാത്തിരിക്കാനുണ്ടാവും. അവരിപ്പോൾ...

പോലീസുകാരനെഴുന്നേറ്റ്‌ കടയുടെ പുറത്തേക്ക് നടന്നു. പിന്നാലെ വിഷ്ണുവും. ഞാൻ തല കുനിച്ചു നിന്നു. അവൻ എന്തൊക്കെയോ പോലീസുകാരനോട് പറയുന്നുണ്ട്. പുറത്തിറങ്ങി ഏതൊക്കെയോ കടയുടെ നേർക്ക് കൈ ചൂണ്ടുന്നുണ്ട്.

ഞാൻ കസേരയിൽ തളർന്ന്, മുഖം കുനിച്ച് ഇരുന്നു. ഇന്ന് നേരത്തെ വീട്ടിലേക്ക് പോകണമെന്നായിരുന്നു തീരുമാനം. പക്ഷെ...എനിക്ക് ഇന്ന് ഒരിടത്തേക്കും പോകാൻ തോന്നുന്നില്ല. തിരികെ വീട്ടിലേക്ക് പോലും. എല്ലാം ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു. അയാളുടെ അടുത്ത് ചെന്നു നോക്കുമ്പോൾ...അയാൾ ശ്വാസമെടുക്കുന്നത് കണ്ടതല്ലെ? അതോ...വെറുതെ തോന്നിയതാണോ? ആരുമെന്നോട് അതേക്കുറിച്ച് ഒന്നും ചോദിച്ചില്ല...ഇത് വരെ..
ഇല്ല...ആ മനുഷ്യന്‌ ശ്വാസമില്ലായിരുന്നു...
എനിക്കുറപ്പാണ്‌...ശ്വാസമില്ലായിരുന്നു...
ഇല്ലായിരുന്നു...

Post a Comment

Thursday 30 December 2021

കാണേണ്ട കാഴ്ച്ച


നഗരത്തിൽ നിന്നും തീരെ അകലെയല്ലാത്തൊരിടത്ത്, ആരംഭമോ അവസാനമോ ഇല്ലെന്ന്‌ തോന്നിപ്പിക്കും വിധം നീണ്ടു പോകുന്നൊരു പാത, വളഞ്ഞ്‌ പുളഞ്ഞ്‌ കിടപ്പുണ്ട്. ആ വഴിയിലൂടെ, കൃത്യമായ ഇടവേളകളിൽ ഒന്ന് രണ്ട് പ്രൈവറ്റ് ബസ്സുകൾ ആരെയോ മത്സരിച്ചു തോൽപ്പിക്കാനെന്ന മട്ടിൽ പൊടിയും പറത്തി ചീറി പാഞ്ഞു പോവും. അതുകൊണ്ടു തന്നെ വഴിയുടെ ഇരുവശത്തും പറ്റിപ്പിടിച്ചു നിൽക്കുന്ന ചെടികൾക്ക് പൊടിമണ്ണിന്റെ നിറമാണ്‌. അപൂർവ്വമായി പെയ്യുന്ന മഴയാണ്‌ ആ ചെടികളെ കുളിപ്പിച്ച്, പച്ചപ്പ് പുറത്ത് കാട്ടാൻ സഹായിക്കുന്നത്. ഒരോ തവണയും പൊടി തെറുപ്പിച്ച് വാഹനങ്ങൾ പാഞ്ഞു പോവുമ്പോൾ, ശപിക്കും വിധം ചെടികൾ കൂട്ടമായി തല തിരിച്ച് നോക്കും. വഴിയുടെ വശം ചേർന്ന് ഒരു ബസ് സ്റ്റോപ്പ് കാണാം - അധികാരികളുടെ അനുകമ്പയുടെ അടയാളം. വഴി മുറിച്ചു കടന്നാൽ ചെറിയൊരു വെളിമ്പറമ്പായി. ഉണക്കപ്പുല്ല് നിറഞ്ഞ വിളറിയ ഒരു പറമ്പ്. പറമ്പിന്റെ അതിരിലൂടെ, സമദൂരം പാലിച്ച് പതിഞ്ഞ് കിടക്കുന്ന പാളങ്ങളിലൂടെ, അവിടം മുഴുക്കെയും നടുക്കി വിറപ്പിച്ച് ഹോൺ മുഴക്കി വരവറിയിച്ചുക്കൊണ്ട് ട്രെയിനുകൾ ഇടയ്ക്കിടെ പാഞ്ഞു പോകും. സമാന്തരമായ ആ രണ്ടു സഞ്ചാരപാതകളിലൂടെ മനുഷ്യർ മുന്നോട്ടും പിന്നോട്ടും തിരക്കു പിടിച്ചു പാഞ്ഞു കൊണ്ടിരുന്നു. ഏതൊക്കെയോ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ ആരോടോക്കെയോ മത്സരിക്കുന്ന നിസ്സാരരായ, ദുർബ്ബലരായ കുറെ മനുഷ്യർ.

വെളിമ്പറമ്പിൽ, അവധിക്കാലത്ത് കുട്ടികൾ പന്തു കളിക്കാൻ വരും. അപൂർവ്വമായി നാടോടികൾ അവിടെ കൂട്ടം കൂട്ടമായി വന്നു തങ്ങാറുണ്ട്. ചുട്ടെടുത്ത ചുവന്ന ടെറോക്കോട്ട ശില്പങ്ങൾ അവർ പാതവക്കിൽ വില്പനയ്ക്കായി വെയിലിൽ നിരത്തി വെയ്ക്കും. അങ്ങനെ പരിചിതവും അപരിചിതവുമായ പലവിധ കാഴ്ച്ചകൾക്കും സാക്ഷിയായ സ്ഥലം. ബസ്റ്റോപ്പിന്‌ കൂട്ടിനെന്ന പോലെ അരിക് ചേർന്ന് ചെറിയൊരു പീടികയുണ്ട്. ബസ് കാത്ത് നില്ക്കുന്നവർ, ദാഹമകറ്റാൻ അവിടേക്ക് ചെന്നാണ്‌ നാരങ്ങാ സോഡയോ, നിറവും മധുരവും കലർത്തിയ തണുത്ത വെള്ളമോ വാങ്ങി കുടിക്കുക. പരസ്പരാശ്രയത്തിന്റെ പര്യായമാണാ ചെറിയ പീടിക.

ഒഴിഞ്ഞു കിടന്ന ആ വെളിമ്പ്രദേശത്തേക്ക്, തീ വെയിൽ പെയ്തിറങ്ങിയ ഒരു പകൽ നേരത്താണ്‌ ഒരു മൂന്നംഗകുടുംബം വന്നു ചേർന്നത്. ജീവിതത്തിന്റെ കൊടിയ വെയിലേറ്റ് ഇരുണ്ടു പോയ മൂന്ന് പേർ. പുരുഷനും, സ്ത്രീയും, ആറേഴ് വയസ്സ് തോന്നിപ്പിക്കുന്ന ഒരു ബാലനും. അന്യസംസ്ഥാനത്ത് നിന്നാണവരെന്ന് വേഷവും പ്രകൃതവും കണ്ടാൽ വ്യക്ത. മുഷിഞ്ഞ വസ്ത്രങ്ങളും, ചെമ്പൻ മുടിയുമുള്ള അവർ, ചിരി നഷ്ടപ്പെട്ടവരെ പോലെ തോന്നിപ്പിച്ചു. അവരുടെ പക്കൽ ചില ഉപകരണങ്ങൾ, വടികൾ, വാദ്യങ്ങൾ എന്നിവ ഉണ്ടായിരുന്നു. മധ്യവസ്ക്കനായ കുടുംബനാഥൻ, ഒരു ചെറിയ ചെണ്ട പോലെ തോന്നിപ്പിക്കുന്ന ഒന്നെടുത്ത് കഴുത്തിൽ തൂക്കിയിട്ടു. തുകൽ വലിച്ചു കെട്ടിയ അതിൽ ഒരു വളഞ്ഞ വടിയെടുത്ത് തട്ടി അയാൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കാനാരംഭിച്ചു. ബസ് കാത്ത് നിന്ന ചിലരും, പീടികയ്ക്ക് മുന്നിൽ പുക വലിച്ചു കൊണ്ട് നിന്ന പതിവുകാരായ അലസന്മാരും ശബ്ദം കേട്ടിടത്തേക്ക് തല തിരിച്ചു. ബസ് സ്റ്റോപ്പിൽ യാചിച്ചു കൊണ്ടിരുന്ന, ഒരു കാൽ നഷ്ടപ്പെട്ട വൃദ്ധൻ അവിടേക്ക് നോക്കിയ ശേഷം തന്റെ ഭിഷാപാത്രത്തിലേക്ക് തന്നെ മുഖം തിരിച്ചു. ബസ്സ് കാത്ത് നിന്ന് അക്ഷമരായവർ, ഒരുവട്ടം തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും അവരവരുടെ വാച്ചുകളിലേക്ക് നോക്കി. കാത്തു നില്ക്കുന്നവരുടെ സമയം മുഴുക്കെയും വാച്ചുകൾക്കുള്ളിലാണ്‌. സൂചികൾ തിരിയുന്നതിനുസരിച്ചാണവരുടെ ജീവിതവും നീങ്ങുന്നത്. എന്താണ്‌ സംഭവിക്കുന്നത് എന്നറിയാൻ ചെന്ന്‌ നോക്കണമെന്നും, ബസ് വരുമ്പോൾ ഓടിച്ചെന്ന് കയറണമെന്നുമുണ്ടവർക്ക്. ബസ് വരുന്നത് വരെ സമയമുള്ളതിനാൽ, അതു വരെയുള്ള മുഷിവ് ഒഴിവാക്കാനുള്ളൊരു അവസരമാണ്‌. ചിലർ മുന്നിലേക്ക് ഒന്ന് രണ്ട് ചുവട്‌ വെച്ച് എന്താണവിടെ നടക്കുന്നതെന്ന് ശ്രദ്ധിച്ചു. വഴിനടക്കാരിൽ ചിലർ ശബ്ദം കേട്ട് നടത്തത്തിന്റെ വേഗത കുറച്ചു. എങ്ങനെ സമയം കൊല്ലാം എന്ന് ചിന്തിച്ച് തളർന്ന ചില തൊഴിലില്ലാത്ത ചെറുപ്പക്കാർ പല്ലിട കുത്തിയും, ബീഡി വലിച്ച് പുക ഊതി വിട്ടും അവിടേക്ക് പതിയെ നടന്നടുത്തു.

പറമ്പിന്റെ നടുവിലേക്ക്, മൂവർ സംഘത്തിലെ പുരുഷൻ നടന്നു ചെന്നു നിന്നു. ചെണ്ട അയാൾ ബാലന്‌ കൈമാറി. അവനത് കഴുത്തിലണിഞ്ഞ് കൊട്ടാൻ തുടങ്ങി. അതേസമയം അയാൾ തന്റെ ശരീരം വഴക്കപ്പെടുത്താനെന്നവണ്ണം ചില അഭ്യാസങ്ങൾ കാണിക്കാനാരംഭിച്ചു. പിന്നീട് പിന്നോക്കം ശരീരം വളച്ച് കൈകൾ നിലത്തു കുത്തി നിന്നു. മണ്ണിൽ ‘റ’ എന്ന അക്ഷരം കുത്തി നിർത്തിയത് പോലെയായിരുന്നു അത്. ഒന്നു രണ്ടു പേർ അതു കണ്ട് കൈയ്യടിച്ചു. ഒറ്റപ്പെട്ട ചെറിയ ശബ്ദങ്ങൾ. അയാൾ പിന്നോക്കം ഒന്നു കൂടി വളഞ്ഞ്, കാലുകളിൽ പിടിച്ചു. എന്നിട്ട് മുന്നോട്ട് നടക്കാൻ തുടങ്ങി. ‘ഠ’ എന്ന മനുഷ്യാക്ഷരം കാഴ്ച്ചക്കാർക്ക് ഹരമായി. ചിലർ കാഴ്ച്ച വ്യക്തമാകാൻ അല്പം കൂടി മുന്നിലേക്ക് നീങ്ങി നിന്നു. അങ്ങനെ ഒരു മനുഷ്യവൃത്തം അവർ പോലുമറിയാതെ അവിടെ രൂപപ്പെട്ടു.

ബാലൻ ചെന്ന് ഭാണ്ഡക്കെട്ടിൽ നിന്ന് ഒരു ഇരുമ്പ് വളയമെടുത്ത് പിതാവിനു കൊടുത്തു. ആ ചെറിയ ഇരുമ്പു വളയം കൊണ്ട് എന്താണയാൾ ചെയ്യാൻ പോകുന്നതെന്ന് എല്ലാവരും കൗതുകപൂർവ്വം നോക്കി നിന്നു. അയാൾ, വളയം കൈയ്യിലെടുത്ത് തറയിൽ തട്ടി. ഇരുമ്പിന്റെ ശബ്ദം. ഇരുമ്പ് തന്നെ. വളയത്തിനൊരു കുലുക്കവുമില്ല. അയാളത് തലയിലൂടെ ഇട്ടു, ഒരു മാല പോലെ. വളയം അയാളുടെ ഇരു തോളുകളിലും തട്ടി നിന്നു. അയാൾ ശരീരം ചുരുക്കി ഒതുക്കാൻ തുടങ്ങി. ഒപ്പം ആ ഇരുമ്പ് വളയം, ഇരുകൈകളാൽ വലിച്ചു താഴ്ത്താനും. അവിടം അപ്പോൾ നിശ്ശബ്ദമായിരുന്നു. കാറ്റ് പോലും ആ കാഴ്ച്ച കണ്ട് നിന്ന് പോയിട്ടുണ്ടാവും. ചിലർ ആ കാഴ്ച്ച കണ്ട്, സ്വന്തം ശരീരം വേദനിച്ചതു പോലെ മുഖം ചുളിച്ചു. നോക്കി നില്ക്കെ അയാൾ തന്റെ വലത് കൈ വളയത്തിന്‌ പുറത്തേക്ക് വലിച്ചെടുത്തു. ഒന്നു കൂടി ചുരുങ്ങിയമർന്ന് ഇടത് കൈയ്യും! വളയം ഇപ്പോൾ അയാളുടെ അരയിലെത്തിയിരിക്കുന്നു. ഇത്രയും ചെറിയ വളയത്തിൽ നിന്നും ഇനിയെങ്ങനെ അയാൾ പുറത്ത് കടക്കും എന്നായി കാഴ്ച്ചക്കാരുടെ ചിന്ത. ഒരു ദീർഘശ്വാസമെടുത്ത് അയാൾ വീണ്ടും ശ്രമമാരംഭിച്ചു. ഒരു പാമ്പിനെ പോലെ അയാൾ പുളഞ്ഞത് പോലെ തോന്നി. കാണക്കാണെ അയാളുടെ ശരീരം ആ വളയത്തിലേക്ക് വഴങ്ങി വന്നത് പോലെ തോന്നിച്ചു. വളയത്തിനെ ആ ശരീരം മനസ്സിലാക്കിയത് പോലെ, ഒരുപാട് നാൾ ഒന്നിച്ച് ജീവിച്ചവരെ പോലെ. അയാൾ ചെറുതായൊന്ന് പുളഞ്ഞു. തൊട്ടടുത്ത നിമിഷം ഇരുമ്പ് വളയം ഊർന്ന് അയാളുടെ കാല്ക്കൽ ചെന്നു വീണു! സ്തബ്ധരായ കൂട്ടം, ഞെട്ടൽ വിട്ടു മാറിയപ്പോൾ ആവേശപൂർവ്വം കൈയ്യടിച്ചു. കാണികളിൽ ചിലർ പോക്കറ്റിൽ നിന്നും നാണയങ്ങളെടുത്തെറിഞ്ഞു. ബാലൻ ഓടി നടന്ന് അതൊക്കെയും പെറുക്കിയെടുത്തു. അടുത്ത വിദ്യ എന്താവും എന്ന ആകാംഷ കാണികൾക്കുണ്ടായി. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ, നിസ്സംഗത നിറഞ്ഞ കണ്ണുകളോടെ എല്ലാം നോക്കി കൊണ്ട് അവർ കൊണ്ടു വന്ന ഭാണ്ഡത്തിനരികിൽ തന്നെ കുന്തിപ്പിടിച്ച് ഇരുന്നു.

പെറുക്കിയെടുത്ത നാണയത്തുട്ടുകൾ, സ്ത്രീയുടെ കൈയ്യിൽ കൊടുത്ത ശേഷം ബാലൻ ചെന്ന് ഒരു നീണ്ട കഴ എടുത്തു കൊണ്ട് വന്നു. ആ സമയം അയാൾ കിതപ്പ് അണയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു ദീഘശ്വാസമെടുത്ത ശേഷം അയാൾ ആ കഴ നിലത്ത് കുത്തനെ പിടിച്ചു. ബാലൻ ആ കഴയുടെ സമീപം ചെന്ന് നിന്ന് എല്ലാവരേയും നോക്കി കൈയ്യുയർത്തി കാണിച്ചു. എന്നിട്ട് തിരിഞ്ഞ് അതിൽ പിടിച്ച് കയറാൻ തുടങ്ങി. മുകളിലേക്ക് കയറി പോകുന്ന അവന്റെയൊപ്പം, ചുറ്റിലും നിന്നവരുടെ നോട്ടവും കയറി പോയി. നോട്ടങ്ങൾ കൊണ്ടൊരു കൂടാരം ഉയർന്നു വന്നു. മുകളിലെത്തിയ അവൻ മുഴുവൻ ശ്രദ്ധയും കഴയുടെ അഗ്രഭാഗത്തേക്ക് കേന്ദ്രീകരിച്ചു. അടുത്ത നിമിഷം അവൻ കാലെടുത്ത് കഴയുടെ മുകളിൽ വെയ്ക്കുകയും നിവർന്നു നില്ക്കുകയും ചെയ്തു! അവിടെ ഉയരത്തിൽ, അവൻ കൈകൾ വിടർത്തിപ്പിടിച്ച് നിന്നു, ഒരു പ്രതിമ പോലെ. വിശ്വാസത്തിന്റെ ആൾരൂപമായി കഴയും പിടിച്ച് താഴെ അയാളും. ചുറ്റിലും നിന്ന കാഴ്ച്ചക്കാരെ പോലെ സൂര്യനും കണ്ണു മിഴിച്ചു. ചിലർ വെയിൽ തടയാൻ കൈപ്പത്തി വിടർത്തി പുരികകങ്ങൾക്ക് മുകളിൽ മറ തീർത്തു.
കാഴ്ച്ചക്കാരിൽ ആധിയും ആകാംഷയും കലർന്ന വിചാരങ്ങൾ നിറഞ്ഞു.
ആ കഴയുടെ തുമ്പത്ത് അവന്റെ ചെറിയ പാദങ്ങൾ കഷ്ടിച്ച് വെയ്ക്കാനുള്ള ഇടം മാത്രമല്ലേ ഉണ്ടാവൂ?  
ആ ഉയരത്തിൽ നിന്നും അവൻ വീണാൽ? 
വീഴുകയാണെങ്കിൽ അയാൾക്കവനെ പിടിക്കാൻ സാധിക്കുമോ?
പിടിച്ചില്ലെങ്കിൽ താഴെ വീണ്‌ അവന്‌ ഗുരുതരമായ പരിക്കുകൾ പറ്റില്ലെ? 
ഒപ്പം വന്ന സ്ത്രീ, ചെമ്പിച്ച മുടി ചെവികൾക്ക് പിന്നിലേക്ക് ഒതുക്കി വെച്ച് കാണികൾക്കൊപ്പം കണ്ണിമയ്ക്കാതെ മുകളിലേക്ക് തന്നെ നോക്കി നിന്നു. ആളുകൾ വീണ്ടും കൈയ്യടിച്ചു. വീണ്ടും നാണയത്തുട്ടുകൾ അവർക്കിടയിൽ നിന്നും പറന്നു വന്നു. ബാലൻ ഒന്ന് മുട്ടുമടക്കിയ ശേഷം ആ കഴയുടെ അറ്റത്ത് അവന്റെ വയറ്‌ താങ്ങി കമഴ്ന്നു കിടന്നു. എന്നിട്ട് പതിയെ കൈകളും കാലുകളും വിടർത്തി പിടിച്ചു. പറക്കുന്നതിനിടയിൽ വായുവിൽ ഉറഞ്ഞു പോയൊരു പക്ഷിയെ പോലെ തോന്നിച്ചു അപ്പോഴവന്റെ രൂപം. കാണികളിൽ ചിലർ ശ്വാസമെടുക്കാൻ കൂടി വിട്ടു പോയെന്നോണം ആ കാഴ്ച്ച നോക്കി നിന്നു. പിതാവ്, ബാലനിൽ നിന്ന് കണ്ണെടുക്കാതെ, കൈകളിൽ മുഴുവൻ ശക്തിയും ആവാഹിച്ച് താഴെ നിശ്ചലനായി നിന്നു. വെയിലേറ്റ്, വിയർപ്പുമണികൾ നിറഞ്ഞ അയാളുടെ ശരീരം തിളങ്ങി. ആളുകൾ നിർത്താതെ കൈയ്യടിച്ചു കൊണ്ടിരുന്നു.

അപ്പോഴാണെല്ലാവരുമത് കേട്ടത് - ദൂരെ നിന്ന് ട്രെയിനിന്റെ നീണ്ട ഹോൺ. എന്നാൽ ഈ തവണ പതിവില്ലാത്ത വിധം ആവർത്തിച്ചാവർത്തിച്ചാണാ ശബ്ദമുയർന്നത്. മൂർച്ചയേറിയ ആ ഹോൺ ശബ്ദം അന്തരീക്ഷത്തെ കീറി മുറിച്ചു. പെട്ടെന്നൊരാൾ ട്രാക്കിനടുത്ത് നിന്നും പറമ്പിലേക്ക് വേഗത്തിൽ ഓടിക്കയറി വന്ന്‌ എന്തോ ഉച്ചത്തിൽ പറഞ്ഞു. പറഞ്ഞത്‌ പാതിയും ട്രെയിന്റെ ശബ്ദം വിഴുങ്ങി കളഞ്ഞു. പീടികയിൽ ഒറ്റയ്ക്കായി പോയ കച്ചവടക്കാരൻ തല ഉയർത്തി നോക്കിയ ശേഷം ‘ഇതിപ്പോൾ പതിവായിരിക്കുന്നല്ലോ..’ എന്ന മട്ടിൽ ഇരുവശത്തേക്കും തലയാട്ടിക്കൊണ്ട് വീണ്ടും മാസികയിലേക്ക് മുഖം പൂഴ്ത്തി. പറമ്പിലുയർന്ന നോട്ടങ്ങളുടെ കൂടാരം അപ്രത്യക്ഷമായി. മനുഷ്യവൃത്തം ഒന്നുലഞ്ഞു. പ്രകടനം കണ്ടു നിന്ന ചെറുപ്പക്കാരിൽ ചിലർ, കൂട്ടം വിട്ട് ട്രാക്കിനു നേർക്ക് ഓടി. തുറന്നു വിട്ട ഓവിലൂടെ ജലമൊഴുകി പോകും വിധം ആളുകൾ ട്രാക്കിന്റെ നേർക്കൊഴുകി പോയി. കുന്തിച്ചിരുന്ന സ്ത്രീയും അവിടേക്ക് തല തിരിച്ചു. അവർ തലയുയർത്തി ബാലന്റെ നേർക്ക് നോക്കി ശേഷം കാൽമുട്ടുകളിൽ ഇരുകൈകളുമൂന്നി എഴുന്നേറ്റു. ബാലനിൽ നിന്ന് കണ്ണെടുക്കാതെ പുരുഷന്റെ അടുക്കലേക്ക് അവർ നടന്നു ചെന്നു. താഴെ കാഴ്ച്ചക്കാരുടെ കൂട്ടം ഒഴിഞ്ഞു പോകുന്നത് ബാലൻ മുകളിൽ നിന്നും കാണുന്നുണ്ടായിരുന്നു. അവൻ പതിയെ താഴേക്ക് പിടിച്ചിറങ്ങാൻ തുടങ്ങി. താഴെ എത്തിയ ബാലനെ, പിതാവ് ചേർത്തു പിടിച്ചു. അവിടെ, തിളയ്ക്കും വെയിലിന്‌ താഴെ, വിയർപ്പിൽ മുങ്ങിയ മൂന്ന് മനുഷ്യജീവനുകൾ, പരസ്പരം ചേർന്ന്‌ ഒരൊറ്റ രൂപമായി നിന്നു.

അന്നേരമവരുടെ അടുത്തേക്ക് ഒരാൾ വന്നു നിന്നു. കാൽ നഷ്ടപ്പെട്ട വൃദ്ധനായ യാചകനായിരുന്നു അത്. ഒരു വരണ്ട ചിരി അയാളുടെ മുഖത്ത് തെളിഞ്ഞു കിടന്നിരുന്നു. തനിക്ക് കിട്ടിയ നാണയത്തുട്ടുകളിലൊന്നെടുത്ത് അയാൾ ബാലന്റെ നേർക്ക് നീട്ടി. അത് ബാലന്റെ കൈവെള്ളയിൽ വെച്ച് തിരിഞ്ഞു നടക്കും മുൻപ് ആരോടെന്നില്ലാതെ അയാൾ, ‘അതല്ലെ കാണേണ്ട കാഴ്ച്ച..?’ എന്ന്‌ പറഞ്ഞ് പതിഞ്ഞ ശബ്ദത്തിൽ ചിരിക്കുന്നതവർ കേട്ടു. വെയിലേറ്റ് തളർന്ന് കിടക്കുന്ന പാളങ്ങളുടെ നേർക്ക് അയാൾ വടിയും കുത്തി പതിയെ ഞൊണ്ടി പോകുന്നത് അവർ, വിയർപ്പും വിഷാദവും തങ്ങി നിന്ന ഇമകൾ വിടർത്തി നോക്കി നിന്നു. മുകളിൽ സൂര്യമുഖം മങ്ങി. താഴെ മൂന്നു മനുഷ്യമുഖങ്ങളും. ബാലൻ കൈയ്യിലിരുന്ന നാണയത്തുട്ടിലേക്ക് നോക്കി. അത് അവന്റെ ഉള്ളംകൈയ്യിലിരുന്ന് പൊള്ളിത്തുടങ്ങി.

Post a Comment

Wednesday 22 December 2021

ക്ഷണക്കത്ത്


ആകാശത്ത്, അദൃശ്യനായ കലാകാരൻ കടുംനിറങ്ങളാൽ അമൂർത്തചിത്രങ്ങൾ വരച്ചു കൊണ്ടിരുന്ന സായാഹ്നസമയം. ഞാൻ വീടിന്റെ ഉമ്മറപ്പടിയിൽ അലസചിന്തകൾ താലോലിച്ച്, ഇരിക്കുകയായിരുന്നു. എന്റെ മനോവ്യാപാരങ്ങളെ, അതിശയമാംവിധം നിറങ്ങളാൽ പകർത്തിവെയ്ക്കാൻ പലപ്പോഴും ആ അജ്ഞാത കലാകാരന്‌ കഴിയുന്നതെങ്ങനെയെന്ന് അത്ഭുതപ്പെട്ടു. ചിന്തകളുടെ ചിലന്തിവലകളുലഞ്ഞത് ഗേറ്റിന്റെ ഓടാമ്പൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ്‌. ഇരുമ്പ് ഇരുമ്പിനോട് കലഹിക്കുന്ന ശബ്ദം. ഗേറ്റ് തുറന്ന് ഒരു യുവതി മുറ്റത്തേക്ക് വരുന്നത് കണ്ടു. പരിസരം പരിചിതമല്ലാത്തത് കൊണ്ടാവണം, ഇടംവലം തല തിരിച്ച്, വീടും പരിസരവും നോക്കി സാവധാനമാണ്‌ നടക്കുന്നത്. തോളിലൊരു തുണി സഞ്ചിയുണ്ട്. വീടിനു സമീപമെത്തിയപ്പോൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കാനായി. മെലിഞ്ഞ ശരീരം. ഉയരമുണ്ട്. നെറ്റിയിൽ ചന്ദനതൊടുകുറി. പേരിന്‌ മാത്രം ആഭരണങ്ങൾ. നടപ്പും ശരീരഭാഷയും കണ്ടാൽ, ആദ്യമായിട്ടാണിവിടെ വരുന്നതെന്നും, ആരെയോ തിരക്കി വന്നതാണെന്നും വ്യക്തം. വീട് മാറി പോയതാവാനാകും സാധ്യത. ഇനി...ഏതെങ്കിലും അകന്ന ബന്ധുവോ മറ്റോ ആവുമോ? ഞാൻ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അടുത്തേക്ക് വന്ന അവൾ ചോദിച്ചു,
‘ഗിരി...അല്ലെ?’
‘അതെ...’ 
ഞാൻ പതിയെ എഴുന്നേറ്റു. അതിവേഗം ഓർമ്മയിൽ ആ മുഖം തിരഞ്ഞു. ഇനി സ്കൂളിൽ എന്റെ കൂടെ പഠിച്ച...അതോ കോളേജിൽ...അതോ ആരെങ്കിലും എന്തെങ്കിലും ശുപാർശയ്ക്കായി...
‘എനിക്ക്...മനസ്സിലായില്ല...’
‘ഞാൻ...ഞാൻ സുധയാണ്‌’
ഏത് സുധ? ഓർമ്മയിലേക്ക് ആ ചോദ്യമെറിഞ്ഞു. എനിക്ക് രണ്ടു സുധമാരെ അറിയാം. എന്നാലാ രണ്ടു പേരുടേയും മുഖം ഇതല്ല.
‘സോറി...എനിക്ക് മനസ്സിലായില്ല...’ ശബ്ദത്തിൽ ജാള്യത മറയ്ക്കാൻ ആവുംവിധം ശ്രമിച്ചു.
‘ഞാൻ...’ അവൾ കൈയ്യിലിരുന്ന ഒരു ചെറിയ കവർ എന്റെ നേർക്ക് നീട്ടി.
വാങ്ങി നോക്കിയപ്പോൾ മനസ്സിലായി. വിവാഹക്ഷണക്കത്ത്.
അയ്യോ...ഏതോ അകന്ന ബന്ധുവാകും! അല്ലെങ്കിൽ പരിചയം മുറിഞ്ഞു പോയ പഴയ ഏതോ ഒരു സുഹൃത്ത്.
സാമാന്യമര്യാദ മറന്ന്, വീട്ടിൽ വിവാഹം ക്ഷണിക്കാൻ വന്ന ഒരു സ്ത്രീയെ പുറത്ത് നിർത്തിയത് മോശമായി പോയി.
ക്ഷമാപണം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു,
‘വരൂ...അകത്ത് വരൂ...’ ഞാൻ തിരിഞ്ഞ് വീട്ടിനുള്ളിലേക്ക് കയറി. ഒരു നിമിഷം മടിച്ച് നിന്ന ശേഷം പിന്നാലെ അവളും.
‘ഇരിക്കൂ’
മുൻവശത്തെ മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. അപ്പോഴെല്ലാം തിരക്കിട്ട് ഓർമ്മയിൽ ഞാനാ മുഖം പരതുകയായിരുന്നു. വീട്ടിലേക്ക് വന്ന ബന്ധുവിനോട് അപമര്യാദ കാട്ടിയെന്ന പേരുദോഷത്തിൽ നിന്നും ഇതാ ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നു! അതൊരാശ്വാസം.
അവൾ കസേരയിൽ ഇരിക്കാതെ നിന്നതേയുള്ളൂ. 
ഞാൻ കവർ തുറന്ന് ഉള്ളിൽ നിന്നും കാർഡ് പുറത്തേക്കെടുത്തു. കാർഡിൽ എന്തായാലും പേരുകളുണ്ടാവും. ആരാണെന്ന ഒരു സൂചന...
‘സുധ വെഡ്സ് സുരേഷ്’ - നല്ല പൊരുത്തമുള്ള പേരുകൾ.
ബാക്കിയുള്ള എഴുത്തുകളിലൂടെ ഞാൻ വേഗം കണ്ണോടിച്ചു.

ഒരു പേരിൽ കാഴ്ച്ചയുടക്കി നിന്നു. സംശയം തീർക്കാനെന്നവണ്ണം ഞാനാ പേര്‌ ഒരിക്കൽ കൂടി വായിച്ചു. എന്റെ അച്ഛന്റെ പേര്‌ ഇൻഷ്യലടക്കം അതു പോലെ തന്നെ പ്രിന്റ് ചെയ്തിരിക്കുന്നു! ഇരച്ചു കയറി വന്ന കോപം നിയന്ത്രിച്ച് ഞാൻ ബാക്കിയുള്ള പേരുകളും വായിച്ചു. സ്ത്രീയുടെ പേര്‌...കേട്ടു മറന്ന ആ പേര്‌. ആ പേരുമായി കൂട്ടിക്കെട്ടിവെച്ചിരുന്ന കുറെ പഴയ ഓർമ്മകൾക്ക് വീണ്ടും ജീവൻ വെച്ചത് പോലെ തോന്നി. അവ്യക്തമായ ചില മുഖങ്ങൾ, സന്ദർഭങ്ങൾ. ഒക്കെയും എന്നോ കണ്ട, പടർന്ന് അവ്യക്തമായൊരു സ്വപ്നം പോലെ..
ഈ പേരിന്റെ ഉടമയായ സ്ത്രീയെ കണ്ടതും ഒരു സന്ധ്യക്ക് തന്നെയായിരുന്നില്ലെ?
കാലിന്റെ തള്ളവിരലുകൾ കൂട്ടിക്കെട്ടിയ അച്ഛന്റെ ജീവനറ്റ ശരീരത്തിനടുത്ത് കരഞ്ഞ് തളർന്ന് ഇരിക്കുമ്പോഴായിരുന്നു അത്. അമ്മയുടെ ശാപവാക്കുകൾ...ഉച്ചത്തിലുള്ള ശകാരങ്ങൾ...ബന്ധുക്കൾ ആ സ്ത്രീയെ പിടിച്ച് മാറ്റുന്നത്...അവരെ ഒരു ടാക്സി കാറിൽ പറഞ്ഞു വിട്ടത്... എല്ലാം ഇന്നലത്തേത് പോലെ. അന്ന്...ആ സ്ത്രീയുടെ പിന്നിൽ പാതി മറഞ്ഞ് ഒരു ചെറിയ പെൺകുട്ടി നിൽപ്പുണ്ടായിരുന്നു. പിന്നീട് എപ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോൾ ഓർത്തെടുക്കാനായി, ആ കുട്ടിയുടെ മുഖം...അതിനും മുൻപ് ഞാനെവിടെയോ വെച്ച് കണ്ടിട്ടുണ്ട്. ഒരിക്കൽ അച്ഛന്റെ കൂടെ, നടക്കാൻ പോയപ്പോഴായിരുന്നു അത്. അപ്പോഴവൾ എന്നെ നോക്കി ചിരിച്ചുവോ? ഉണ്ടാവണം. അന്ന് സന്ധ്യക്ക് അമ്മയ്ക്കൊപ്പം അവൾ വന്നത് അവളുടെ അച്ഛനെ അവസാനമായി കാണാനായിരുന്നു എന്ന് മനസ്സിലാക്കിയത് പിന്നെയും ഒരുപാട് കാലം കഴിഞ്ഞായിരുന്നു. മനസ്സിലാക്കിയത് ആരോടും ചോദിച്ച് ഉറപ്പാക്കാൻ പോയില്ല. അമ്മയോട് പോലും വെറുമൊരു സംശയം പോലെ ചോദിക്കാൻ തോന്നിയിട്ടുമില്ല.

ഞാൻ മുഖമുയർത്താതെ ഇരുന്നു. ഒന്നും തന്നെ മിണ്ടിയില്ല. അവൾ നിശ്ശബ്ദം നിശ്ചലയായി നില്ക്കുന്നത് അറിയുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണെന്റെ ശ്വാസം മന്ദഗതിയിലായത്.  മുഖമുയർത്തി നോക്കുമ്പോൾ കണ്ടു, ഭയം നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ നോക്കി നില്ക്കുന്നത്.
‘ഇരിക്കൂ...’ ശബ്ദം താഴ്ത്തി പറഞ്ഞു.
‘അണ്ണാ...ഞാൻ...അണ്ണന്‌ വിഷമം ആയെങ്കിൽ ഞാൻ പൊയ്ക്കോളാം. ഇനി ഇവിടെ ഒരിക്കലും വരില്ല...’ ആ ശബ്ദത്തിൽ അല്പം ഭയം കലർന്നിരുന്നത് ശ്രദ്ധിക്കാതിരിക്കാനായില്ല.
‘ഇരിക്കൂ...’
അവൾ കസേരയിൽ ഇരുന്നു.
ഞാൻ തല തിരിച്ച് ജനൽ വഴി ഗേറ്റിനരികിലേക്ക് നോക്കി. ഇവൾ ഒറ്റയ്ക്കായിരിക്കില്ല വന്നത്. ആ സ്ത്രീ...എന്റെ അമ്മയുടെ സകല സമാധാനവും തകർത്ത അവർ...അവരവിടെ ഗേറ്റിനപ്പുറം നിൽപ്പുണ്ടാവും. എന്റെയോ എന്റെ അമ്മയുടെയോ പ്രതികരണമെന്തെന്ന് അറിയാനാവാതെ ഭയന്ന്..
‘തന്റെ അമ്മ...?’ ഗേറ്റിലേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു.
‘അമ്മ...മരിച്ചു പോയി...മൂന്ന് വർഷമായി..’
ഞാൻ അവളുടെ നേർക്ക് നോക്കി. ഇവൾ ഇപ്പോൾ എന്തിനാവും വന്നത്? ബന്ധം സ്ഥാപിക്കാനോ? സാമ്പത്തികമായി എന്തെങ്കിലും സഹായം? അതോ...അവകാശം ചോദിച്ച്..
എന്റെ സംശയത്തോടുള്ള നോട്ടം മനസ്സിലാക്കിയത് പോലെ അവൾ പറഞ്ഞു,
‘ഇവിടെ...വരാൻ പാടില്ലെന്നെനിക്കറിയാം...പക്ഷെ...എനിക്കെന്തോ...ഇവിടെ വന്ന് അണ്ണനെ വിളിക്കണമെന്ന് തോന്നി...ഞാൻ ആരോടും...ഒന്നും പറഞ്ഞിട്ടില്ല..’
ഞാനൊന്നും മിണ്ടാതെ അവളെ തന്നെ നോക്കി ഇരുന്നു.

‘ഈയിടെ...അമ്മ ഒന്ന് വീണു...കിടക്കാണ്‌...തനിക്ക്...അമ്മേ...കാണണോ?’
എന്തിനാണങ്ങനെ ചോദിച്ചതെന്ന് എനിക്കറിയില്ല. പൊടുന്നനെയുള്ള ഏതോ ഒരു ചോദനയിൽ ചോദിച്ചു പോയതാണ്‌.
അവൾ പതിയെ എഴുന്നേല്ക്കാൻ ഭാവിച്ചു. ആ മുഖത്ത് പരിഭ്രമം പ്രകടമായിരുന്നു.
‘പേടിക്കണ്ട, വന്നോളൂ...’ അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു. ഒപ്പം അവളും.
അവൾ എന്തോ പറയാൻ ഭാവിച്ചെങ്കിലും മൗനം പാലിച്ചു നിന്നു.
ഞാൻ അകത്തെ മുറിയിലേക്ക് നടന്നു. എന്നെ പിന്തുടർന്ന് അവളും.
കർട്ടന്റെ വിരി മാറ്റി അവൾ മുറിക്കകത്തേക്ക് കാലെടുത്തു വെച്ചു.
അവിടെ ജനലിനോട് ചേർത്തിട്ട തടിക്കട്ടിലിൽ പ്രായമായ എന്റെ അമ്മ കിടപ്പുണ്ട്. ഞങ്ങളുടെ കാൽപ്പെരുമാറ്റം കേട്ട്‌ അമ്മ വാതിലിനു നേർക്ക് മുഖം തിരിച്ചു. അപരിചിതയായ ഒരു യുവതി എന്റെ പിന്നിൽ നില്ക്കുന്നത് കണ്ട്,
‘ഇത്...ആരാ മോനെ?’ എന്ന് ക്ഷീണം നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

‘അമ്മാ...ഇത് സുധ..എന്റെ ഫ്രണ്ടാ..അടുത്ത മാസം കല്ല്യാണമാണ്‌. ക്ഷണിക്കാൻ വന്നതാ’ അത്രയും സ്വാഭാവികമായി നുണ പറയാൻ കഴിഞ്ഞതിൽ എനിക്ക് തന്നെ അതിശയം തോന്നി.
അവൾ മുന്നിലേക്ക് നീങ്ങി നിന്നു.
അമ്മെ വണങ്ങും മട്ടിൽ അവൾ ചെറുതായി തല കുനിച്ചു. അമ്മ അവളെ നോക്കി ക്ഷീണം മറച്ച് വെച്ച് ചെറുതായി ചിരിച്ചു. വലതു കൈ ഉയർത്തി അവളെ അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി.
ഒരു നിമിഷം മടിച്ച ശേഷം അവൾ കട്ടിലിനരികിലേക്ക് നീങ്ങി നിന്നു. അമ്മ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി കിടന്നു. അവളും അമ്മയെ ഉറ്റുനോക്കി നിന്നു.
‘വയ്യ മോളെ...അമ്മയ്ക്ക് വയ്യ...’
അവൾ മുന്നോട്ട് വന്ന് അമ്മയുടെ കൈയ്യിൽ മൃദുവായി പിടിച്ചു.
‘ഇരിക്ക്...’
അവൾ മെത്തയിൽ അമ്മയ്ക്ക് സമീപം ഇരുന്നു.
‘ഓ...മര്യാദ മറന്നു!...ഞാൻ ചായ കൊണ്ടു വരാം. താൻ അമ്മയുടെ അടുത്ത് ഇരുന്നോളൂ...ഇപ്പോ വരാം’
അവൾ ‘വേണ്ട’ എന്ന് പറയും മുൻപ് ഞാനകത്തേക്ക് പോയി.
മുറിയിൽ അവർ രണ്ടുപേരും മാത്രമായി.

അടുക്കളയിലേക്ക് നടക്കുമ്പോഴും, ചായ തയ്യാറാക്കുമ്പോഴും ഞാൻ എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. അവ്യക്തമായ ഓർമ്മകൾ... അമ്മയും അച്ഛനും തമ്മിൽ വഴക്കുണ്ടാക്കുന്നത്... എന്നെ കാണുമ്പോഴൊക്കെയും നിശ്ശബ്ദരാവുന്നത്... അമ്മ മൗനവാത്മീകത്തിൽ ഇരിക്കുന്നത്... അച്ഛൻ ഒരു വാക്കും മിണ്ടാതെ ഇറങ്ങി പോകുന്നത്... അസമയത്ത് തിരികെ വരുന്നത്... ഉറക്കമില്ലാതെ കിടക്കുന്ന എന്നെ ഉമ്മ വെയ്ക്കുന്നത്... പലതും ആ പ്രായത്തിൽ മനസ്സിലാക്കാനായില്ല. ശ്രമിച്ചിരുന്നെങ്കിൽ പോലും കഴിയുമായിരുന്നില്ല. വിട്ടുപോയ കണ്ണികളെക്കുറിച്ചും, സംശയങ്ങളുയർത്തുന്ന അസുഖകരമായ ചോദ്യങ്ങളേയും സൗകര്യപൂർവ്വം അവഗണിച്ചത് സ്വാർത്ഥത കൊണ്ടു തന്നെ. എന്തിന്‌ വെറുതെ അനാവശ്യകാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ് ജീവിതം അസ്വസ്ഥത കൊണ്ട് നിറയ്ക്കണം? അതേക്കാരണത്താൽ തന്നെ അമ്മയോട് ഒരു തവണ പോലും ഒന്നും ഞാൻ ചോദിച്ചതുമില്ല. മറവിയിലാണ്ട് പോയതൊക്കെയും ഇതാ ഇപ്പോൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു..

ചായയുമായി തിരികെ മുറിയിൽ ചെന്നപ്പോഴും രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
‘താമസിച്ചു...നേരമിരുട്ടി...ഞാൻ ഇറങ്ങട്ടെ...’ ചായ കുടിച്ച ശേഷം അവൾ പറഞ്ഞു.
‘മോള്‌...ഇനിയും വരണം..’
എഴുന്നേറ്റ്‌ നിന്ന അവൾ അമ്മയുടെ കാൽ തൊട്ടു തൊഴുതു.
‘എന്താ മോളെ...’
‘ശരി അമ്മെ...ഞാൻ പോവാണ്‌’
‘പോയിട്ട് വാ...’

അവൾ മുറിക്ക് പുറത്തേക്ക് നടക്കുമ്പോൾ തിരിഞ്ഞ് നോക്കി. അമ്മ കൈ ഉയർത്തി കാണിച്ചു. അനുഗ്രഹിക്കും പോലെയോ, യാത്ര പറയും പോലെയോ..
അവൾ തല കുലുക്കി യാത്ര പറഞ്ഞു പുറത്തിറങ്ങി.
‘അണ്ണാ...അണ്ണൻ ഉറപ്പായും വരണം...’
‘വരാം’
അവൾ ഗേറ്റ് ചാരിയ ശേഷം നടന്നു പോകുന്നത്, ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു. എന്നോട് യാത്ര പറയുമ്പോൾ അവളുടെ കണ്ണ്‌ നിറഞ്ഞിരുന്നോ? ഇല്ല...വെറും തോന്നലാവും..

രാത്രി അമ്മയ്ക്കായി കഞ്ഞി ഉണ്ടാക്കണം. അതേക്കുറിച്ച് ആലോചിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി. നേരം ഇരുട്ടിയിരിക്കുന്നു. അവൾ എങ്ങനെയാവും തിരികെ പോയിരിക്കുക? ഒരു ഓട്ടോ പിടിച്ച് കൊടുക്കാമായിരുന്നു...

ഞാൻ ചായ തയ്യാറാക്കുന്ന നേരം അമ്മയുമായി അവൾ എന്തായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്? ചായ എടുക്കാം എന്ന് പറയാൻ തോന്നിയത് അബദ്ധം...അല്ല, ഒരു ചായ സ്വന്തം കൈ കൊണ്ട് തയ്യാറാക്കി കൊടുക്കാനായത് നന്നായി. അവൾ എത്ര നന്നായിട്ടാണ്‌, എന്റെ സുഹൃത്ത് എന്ന ഭാവത്തിൽ അമ്മയോട് സംസാരിച്ചത്! നന്നായി. അല്ലെങ്കിൽ അമ്മയുടെ സ്ഥിതി കൂടുതൽ മോശമായേനെ. മാനസികസംഘർഷം താങ്ങാൻ കഴിയുന്ന പ്രായം അല്ലല്ലോ. സുധ...ആ മുഖത്ത് എവിടെയോക്കെയോ അച്ഛന്റെ ഏതൊക്കെയോ അംശങ്ങൾ ഉണ്ടായിരുന്നു.

രാത്രി അമ്മയ്ക്ക് കഞ്ഞി കോരി കൊടുക്കുകയായിരുന്നു. അമ്മ പതിവിലും സന്തോഷത്തിലാണെന്ന്‌ ഞാൻ കണ്ടു. ആരെങ്കിലുമൊരാൾ വീട്ടിൽ കാണാൻ വന്നിട്ടെത്ര നാളായി? ഒരാളോട് അല്പസമയം സംസാരിക്കാൻ കഴിഞ്ഞതിന്റെ  സന്തോഷമാണ്‌ അമ്മയുടെ മുഖം നിറയെ.
‘മോനെ...നീ ആ കുട്ടീടെ കല്ല്യാണത്തിന്‌ പോവില്ലെ?’
‘ഉം...’
‘പോകണം...’
കുറച്ച് നേരം എന്തോ ആലോചിച്ച് ഇരുന്ന ശേഷം അമ്മ മുകളിലേക്ക് നോക്കി ആത്മഗതം കണക്കെ പറഞ്ഞു തുടങ്ങി.
‘നന്നായി...ആ കുട്ടി വന്നത് നന്നായി. എനിക്ക്...കാണണമെന്നുണ്ടായിരുന്നു...’
ഞാൻ പാത്രത്തിലേക്ക് തന്നെ നോക്കി സ്പൂൺ കൊണ്ടിളക്കിക്കൊണ്ടിരുന്നു.
അമ്മ തുടർന്നു,
‘പാവം...അല്ലെങ്കിൽ തന്നെ...അവളെന്ത് തെറ്റാ ചെയ്തത്?’
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ എന്തൊക്കെയോ പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണെന്ന് തോന്നി.

വീണ്ടും സ്പൂൺ ചുണ്ടോട് ചേർത്തപ്പോൾ, മതി എന്ന മട്ടിൽ കൈ ഉയർത്തി ശേഷം അമ്മ ചുണ്ടുകൾ തുടച്ചു. എന്നിട്ട് ഉറങ്ങാൻ തയ്യാറെടുക്കും പോലെ കണ്ണുകളടച്ചു. ഞാനൊരു നിമിഷം അമ്മയെ നോക്കി ഇരുന്ന ശേഷം എഴുന്നേറ്റു. മുറിക്ക് പുറത്തേക്ക് നടക്കും മുൻപ് ഒരു വട്ടം തിരിഞ്ഞു നോക്കുമ്പോൾ കണ്ടു, അമ്മയുടെ ചുണ്ടിൽ ചെറിയൊരു ചിരി തങ്ങി നില്ക്കുന്നത്! ഇന്ന് അമ്മ സമാധാനമായി ഉറങ്ങും. ഉറപ്പ്. എന്തെന്നറിയില്ല, എനിക്കിന്ന്...ഉറങ്ങാനാവുമെന്ന് തോന്നുന്നില്ല. അതേക്കുറിച്ചോർത്ത് കൊണ്ട് ഞാൻ മുറിക്ക് പുറത്തേക്ക് നടന്നു.

Post a Comment

Saturday 19 June 2021

ചതുർഭുജൻ


കുറിപ്പ്: 
ഈ കഥയിലെ സംഭവങ്ങളും കഥാപാത്രങ്ങളും സത്യം സത്യമായും സാങ്കല്പികം മാത്രമാണ്‌. സാദൃശ്യം വെറും യാദൃശ്ചികം മാത്രം.


അമാവാസിയാണോ, പൗർണ്ണമിയാണോ എന്ന കാര്യത്തിൽ തർക്കമുണ്ട്. പക്ഷെ അർദ്ധരാത്രി എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. അത്ഭുതങ്ങൾ അർദ്ധരാത്രിയിലേ സംഭവിക്കൂ എന്ന സമൂഹവിശ്വാസത്തിൽ ഇതുവരേക്കും ഒരു മാറ്റവും വന്നിട്ടില്ല എന്നതു തന്നെ ഒരു അത്ഭുതമാണ്‌! ഉത്തരേന്ത്യയിൽ, അതും പൊതുതിരഞ്ഞെടുപ്പ് കാലത്ത് മാത്രം പുറംലോകത്തിന്റെ സംസാരപരിധിക്കുള്ളിൽ വന്നിരുന്ന ആ പ്രദേശത്ത്, ആ കുഞ്ഞ് ജനിച്ചത് അർദ്ധരാത്രിയിലായിരുന്നു. വെറുതെ ജീവിച്ചു മരിച്ചു പോകാനല്ല താൻ ജനിച്ചതെന്ന് പ്രഖ്യാപിക്കും വിധം ആ കുഞ്ഞ്, പുറംലോകത്തിലെത്തിയതും കൈകളുയർത്തി ഉറക്കെ കരഞ്ഞു. കാഴ്ച്ചയിൽ മറ്റേതു കുഞ്ഞിനേയും പോലെ തന്നെ - കുഞ്ഞു തല, നനുത്ത മുടി, തളിരില പോലെ മൃദുലമായ പാദങ്ങൾ. ഒരു കാര്യത്തിൽ മാത്രമായിരുന്നു വ്യത്യാസം - ആ കുഞ്ഞിനു നാലു കൈകളുണ്ടായിരുന്നു... 

കുഞ്ഞ് ജനിച്ച് അല്പനേരത്തിനുള്ളിൽ തന്നെ അമ്മ മരിച്ചു പോവുകയാണുണ്ടായത്. അത് കുഞ്ഞിന്റെ കൈകൾ കണ്ട് ഭയന്നിട്ടാണോ, അതോ അമിതമായ രക്തസ്രാവം കൊണ്ടാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്തിനും ഏതിനും തർക്കിച്ചു ശീലിച്ച ജനതയിൽ നിന്നും വ്യക്തത പ്രതീക്ഷിക്കുന്നതിൽ യുക്തിയുമില്ല. കുഞ്ഞിനെ കണ്ട്, പേറെടുത്ത വൃദ്ധ നിലവിളിക്കാതിരിക്കാൻ പണിപെട്ടു. അവർ തോളിൽ കിടന്ന തുണി വായിലേക്ക് തിരുകിയാണ്‌ നിലവിളിയുടെ വഴിയടച്ചത്. സഹായികളിൽ ഒരുവളുടെ കൃഷ്ണമണികൾ മുകളിലേക്ക് ഉരുണ്ട് കയറി മറഞ്ഞു, തൊട്ടടുത്ത നിമിഷം അവളുടെ ബോധവും. വയറ്റാട്ടി കുഞ്ഞിനെ തുടച്ച് വൃത്തിയാക്കി തുണിയിൽ പൊതിഞ്ഞെടുത്ത്, കുടിലിനു പുറത്ത് കാത്ത് കുത്തിയിരുന്ന കുഞ്ഞിന്റെ അച്ഛന്‌ കാണിച്ചു കൊടുത്തു. തുണിയുയർത്തി നോക്കി, ആൺകുട്ടി തന്നെ എന്നയാൾ ഉറപ്പിച്ചു സന്തോഷിച്ചു. എന്നാൽ കുഞ്ഞിന്‌ നാല്‌ കൈകൾ കണ്ട്, അയാൾ ഞെട്ടിത്തരിച്ചു നിന്നു. ചിലർ ആ കാഴ്ച്ച കണ്ട് നിലവിളിച്ചു കൊണ്ട് ഓടിയകന്നു. മനുഷ്യവാർത്തകളുടെ സഞ്ചാരവേഗമൊന്നും കാട്ടുതീക്ക് പോലുമുണ്ടാവില്ല. നിമിഷങ്ങൾക്കകം ഗ്രാമവാസികൾക്കിടയിൽ വാർത്ത പരന്നു. ‘എന്തോ വലിയ ദുരന്തം വരാൻ പോകുന്നതിന്റെ സൂചനയാണ്‌’ - ചിലർ അടക്കം പറഞ്ഞു. കഴിഞ്ഞാണ്ടത്തെ ഭൂമികുലുക്കത്തിലുണ്ടായ വിള്ളലുകൾ മണ്ണിലിപ്പോഴും വായും പിളർന്ന് കിടപ്പുണ്ട് പലയിടത്തും. ഇനി ഈ വർഷം...വരൾച്ച? പകർച്ചവ്യാധി? എന്ത്‌ പൂജയാണ്‌ ചെയ്യേണ്ടത്? എന്ത്‌ ബലിയാണ്‌ കൊടുക്കേണ്ടത്? എവിടേക്കാണ്‌ പലായനം ചെയ്യേണ്ടത്? ഗ്രാമം മുഴുവൻ അസ്വസ്ഥതയുടെ വിത്തുകൾ ചിതറി വീണു.

കരഞ്ഞ് ക്ഷീണിച്ചുറങ്ങിയ കുഞ്ഞ്, ഉണർന്നപ്പോൾ നാല്‌ കൈകളുമിളക്കി ചിരിച്ചു. എന്നാൽ അവന്റെയടുത്ത് ആരുമില്ലായിരുന്നു, ഹതഭാഗ്യനായ ആ പിതാവ് ഒഴികെ. ഈ കുഞ്ഞിനെ എങ്ങനെ വളർത്തും? വിശന്ന്‌ കരഞ്ഞാൽ ആര്‌ പാലൂട്ടും? അയാൾ ഗ്രാമം മുഴുക്കെയും അലഞ്ഞു, അന്വേഷിച്ചു, കരഞ്ഞു കാല്‌ പിടിച്ചു. ഒടുവിൽ വെള്ളം തിളപ്പിച്ച്, തണുപ്പിച്ച്  കുഞ്ഞിന്റെ ഇളംചുണ്ടിലൊഴിച്ചു. മനുഷ്യരുടെ പാൽ കുടിക്കാതെ അങ്ങനെ അവൻ ജീവിതം തുടങ്ങി.

എക്കാലത്തേയും പോലെ, കാര്യകാരണങ്ങളില്ലാതെ ഭൂമി സൂര്യനെ ഭ്രമണം ചെയ്തു കൊണ്ടിരുന്നു. അപ്പോഴേക്കും നടക്കാൻ പാകത്തിൽ അവന്റെ കാലുകൾ ഉറച്ചു കഴിഞ്ഞിരുന്നു. എന്നാലപ്പോഴും ചുറ്റുവട്ടത്തുള്ള കുട്ടികൾ, അവനെ കളിക്കാൻ കൂട്ടിയില്ല. പഠിക്കാൻ പള്ളിക്കൂടത്തിൽ അധ്യാപകരും. അക്ഷരങ്ങൾക്ക് മുൻപിലവൻ പകച്ചു നിന്നു. ശബ്ദമില്ലാത്ത വളഞ്ഞ വരകൾ മാത്രമായി അതൊക്കെയും അവന്‌. ഒരുനാൾ അവന്റെ അച്ഛൻ അപ്രത്യക്ഷനായി. നിർഭാഗ്യം കൊണ്ടു വന്ന അയാൾ, ഗ്രാമവാസികൾക്ക്‌ മുന്നിൽ ശപിക്കപ്പെട്ടവനായത് ആ ബാലൻ അറിഞ്ഞതേയില്ലായിരുന്നു. സമീപത്തുള്ള കുളത്തിന്റെ കരയിൽ ചെന്നിരുന്ന് അവൻ നാലു കൈകളിലും കല്ലുകളെടുത്ത് എറിഞ്ഞു. അവ, വളരുന്ന വൃത്തങ്ങൾ വെള്ളത്തിൽ വരച്ചു. വളർന്ന് വലുതാവുകയും എപ്പോഴോ മാഞ്ഞു പോകുന്ന ഒരു ജലവൃത്തം പോലെയാണ്‌ ജീവിതവും എന്ന് അവൻ അന്ന് മനസ്സിലാക്കിയിട്ടുണ്ടോ ആവോ. താൻ ഒരു പറവയോ പാറ്റയോ ആയിരുന്നെങ്കിലെത്ര നന്നായിരുന്നു എന്ന് അവനപ്പോൾ വിചാരിച്ചിട്ടുണ്ടാവണം. നിവൃത്തിയില്ലാതെ അവൻ ഭിക്ഷ യാചിച്ചു തുടങ്ങി. അവൻ നീട്ടിയ തകരപ്പാത്രത്തിൽ നാണയത്തുട്ടുകൾക്ക് പകരം പലപ്പോഴും കല്ലുകളാണ്‌ വന്നു വീണത്. രഹസ്യമായി ചിലർ തന്ന ഉണങ്ങിയ ഭക്ഷണം കഴിച്ച് അവൻ വിശപ്പ് അടിച്ചമർത്തി. അവൻ പതിയെ വളർന്ന് അയാൾ ആയി. തന്റെ കൈകൾ ശരീരത്തിലേക്ക് ചേർത്തുകെട്ടിവെച്ചു കൊണ്ടായി പിന്നീട്‌ ഭിക്ഷാടനം. താടിയും മുടിയും വളർന്നിറങ്ങിയ അയാൾ, ഒരവധൂതനെ പോലെ അലഞ്ഞു തിരിഞ്ഞു. ഭ്രാന്തില്ലെന്ന് സ്വയം വിശ്വസിക്കുന്ന സമൂഹം, അയാളെ ഭ്രാന്തനെന്ന് വിളിച്ചു. ആ വിളി കുട്ടികൾക്ക് പോലും ഒരു സ്വാതന്ത്ര്യം കൊടുത്തു - അയാളുടെ നേർക്ക് കല്ലെറിയാനുള്ള സ്വാതന്ത്ര്യം! സൗജന്യമായി കിട്ടുന്ന കല്ലുകൾ കൊണ്ട് സ്വാതന്ത്ര്യം പ്രകടിപ്പിക്കുക എന്നത് ഏതോരു സമൂഹത്തിന്റേയും അവകാശമാണല്ലോ!

നാളുകൾ കഴിഞ്ഞപ്പോൾ അയാളുടെ കൈകളുടെ കാര്യം എല്ലാവരും മറന്നു. എന്നിട്ടുമയാൾ ഭ്രാന്തനായി തുടർന്നു. തസ്ക്കരപ്പട്ടവും ഭ്രാന്തൻപട്ടവും ഒരിക്കൽ കൊടുത്താൽ തിരിച്ചെടുക്കാൻ സമൂഹം ഒരിക്കലും തയ്യാറാവില്ലെന്ന സത്യം അയാൾ വേദനയോടെ മനസ്സിലാക്കി. വയറ്റിനുള്ളിൽ വിശപ്പ്, അയാളെ പോലെ തന്നെ ചുറ്റിത്തിരിഞ്ഞു. ഒരു നാൾ, ശക്തിയൊക്കെയും കൂട്ടിപ്പിടിച്ച് അയാൾ നടക്കാനാരംഭിച്ചു. അകലേക്ക്...ഗ്രാമത്തിന്റെ അതിർത്തിയും കടന്ന്... 

അയാൾ നടന്നു കൊണ്ടേയിരുന്നു. കാലുകൾ തളർന്നപ്പോൾ, തൊണ്ട വരണ്ടപ്പോൾ, വിശപ്പ് വയറിനെ തന്നെ തിന്നു തുടങ്ങിയപ്പോൾ, പൊട്ടിയടർന്ന തൂണുകൾ താങ്ങി നിർത്തിയ ഒരു കൽമണ്ഡപത്തിനുള്ളിൽ ചുരുണ്ട്, വയറമർത്തിപ്പിടിച്ച്, വിശപ്പമർത്തിപ്പിടിച്ച് അയാൾ കിടന്നുറങ്ങി. കണ്ണുകളിറുക്കിയടച്ചുള്ള ഉറക്കം - സർവ്വപ്രശ്നങ്ങൾക്കുമുള്ള സാർവ്വലോകിക പരിഹാരം!

ഈ പ്രപഞ്ചം തന്നെ ഉണ്ടായത് ആകസ്മികവും അത്ഭുതകരവുമായ ചില കൂട്ടിമുട്ടലുകളുടേയോ, കൂടിച്ചേരലുകളുടേയോ ഫലമായിട്ടാണെന്നാണല്ലോ അറിവുള്ളവർ എന്നവകാശപ്പെടുന്നവർ പഠിപ്പിക്കുന്നതും മനുഷ്യഭൂരിപക്ഷം ധരിച്ചു വെച്ചിരിക്കുന്നതും. പ്രപഞ്ചത്തിന്റെയൊരു ചെറുപതിപ്പ് തന്നെയാവണം മനുഷ്യജീവിതവും. ജീവിതം വഴിമാറുന്നതും വഴിതെറ്റുന്നതും ചില കണ്ടുമുട്ടലുകളുടെയോ കൂട്ടിമുട്ടലുകളുടെയോ ഫലമായിട്ടാണ്‌. ഉണർന്നപ്പോൾ അയാളുടെ കാഴ്ച്ച ചെന്നു മുട്ടിയത്, തന്റെ നേർക്ക് അത്ഭുതം നിറച്ച കണ്ണുകളോടെ മിഴിച്ചിരിക്കുന്ന ഒരാളിലാണ്‌. വരണ്ട, പൊടിമണ്ണ്‌ ഒട്ടിപ്പിടിച്ച മുഖം. നീണ്ട യാത്രകൾ വളയം വരച്ച കൺതടങ്ങൾ. തലയിൽ മഞ്ഞ പുള്ളിക്കുത്തുള്ള ഒരു ചുവന്നകെട്ട്. അയഞ്ഞ വസ്ത്രം. നീണ്ട ചെമ്പൻ താടിയും മീശയുമൊക്കെയായി ഒരു തെരുവുമാന്ത്രികനെ പോലെയുണ്ട് കാണാൻ. അപരിചിതന്റെ മുഖം തന്നെ ഒരു വലിയ ചിരി ആയിട്ടാണ്‌ തോന്നിയത്. ആ നോട്ടം മുഴുക്കെയും, കെട്ടി വെച്ചിരിക്കുന്ന തന്റെ കൈകളിലാണെന്ന് ശ്രദ്ധിച്ചു. ഉറക്കത്തിൽ ഉരുണ്ട്പിരണ്ടപ്പോൾ പുതപ്പ് എങ്ങനെയോ മാറി പോയതാണ്‌. മുഷിഞ്ഞു നാറിയ പുതപ്പ് വലിച്ചിട്ട് തന്റെ വൈകല്യം മറയ്ക്കാനയാൾ വൃഥാ ഒരു ശ്രമം നടത്തി. തന്റെ പക്കലൊന്നുമില്ലെന്നും, അപഹരിക്കാൻ വേദനയായി അള്ളിപ്പിടിക്കുന്ന സ്വന്തം വിശപ്പ് മാത്രമേ ബാക്കിയുള്ളൂ എന്നും പറയണമെന്നുണ്ടായിരുന്നു. അയാൾ ശ്രമപ്പെട്ട് ശബ്ദങ്ങൾ കൂട്ടിവെയ്ക്കാൻ ശ്രമിച്ചു. തന്റെ ഒരേയൊരു ആവശ്യം പറയാൻ ശ്രമിച്ചു - ഭൂമിയിലെ ആദ്യത്തെ മനുഷ്യന്റെ ആദ്യത്തെ ആവശ്യം.
‘വിശക്കുന്നു...’
അതിനു മറുപടിയെന്നോണം അപരിചിതൻ പൊട്ടി വന്ന ചിരിയടക്കി കൊണ്ട് അയാളുടെ ഭാണ്ഡത്തിൽ നിന്നും ഉണങ്ങിയ ഒരു റൊട്ടിയെടുത്ത് നീട്ടി. വിശപ്പൊന്നടങ്ങിയപ്പോഴാണ്‌ അപരിചിതന്റെ നേർക്ക് മുഖമുയർത്തിയത്.
ഇനി ദാഹത്തിന്‌...അയാൾ ചുറ്റിലും നോക്കി.
മണ്ഢപത്തിനു മുന്നിലായി ഒഴുകുന്ന, തന്നെ പോലെ മെലിഞ്ഞ പുഴയിലേക്ക് അയാൾ പതിയെ നടന്നു. പിന്നിലുയർന്ന അപരിചിതന്റെ ചിരി അയാൾ ശ്രദ്ധിച്ചതേയില്ല. ദാഹവും ശമിച്ചപ്പോഴാണ്‌ തനിക്ക് വിശപ്പടക്കാൻ സഹായിച്ചയാളെ കുറിച്ചോർത്തത്. നന്ദിയോടെ കൈ കൂപ്പിക്കൊണ്ട് ചോദിച്ചു,
‘ആരാണ്‌?’
‘കൗശൽ...തെരുവിൽ ചെപ്പടിവിദ്യകൾ കാണിക്കും...ഗ്രാമങ്ങളിലും പട്ടണങ്ങളിലും മാറി മാറി സഞ്ചരിച്ചു കൊണ്ടിരിക്കും...ഇന്നിവിടെങ്കിൽ നാളെ മറ്റൊരിടത്ത്...’
അയാൾ കൗശലിന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി കുറച്ച് നേരമിരുന്ന ശേഷം തളർന്ന ശബ്ദത്തിൽ ചോദിച്ചു,
‘വിശപ്പ്...വിശപ്പില്ലാതെയാക്കാൻ...വല്ല ചെപ്പടിവിദ്യയുമുണ്ടോ?’
‘പിന്നില്ലാതെ! ഉണ്ടല്ലോ...’ കൗശൽ ചിരിച്ചു കൊണ്ടാണ്‌ മറുപടി പറഞ്ഞത്.
കൗശൽ പറയുന്നത് കളിയാണോ കാര്യമാണോ എന്നു മനസ്സിലാക്കാനാവാതെ ദയനീയമായി ചോദിച്ചു,
‘എനിക്കതൊന്നു പഠിപ്പിച്ചു തരാമോ?...ആ ഒരു വിദ്യ മാത്രം...’
ആവശ്യം കേട്ട് അപരിചിതൻ പൊട്ടിച്ചിരിച്ചു. ചിരിയടങ്ങിയപ്പോൾ പറഞ്ഞു,
‘അതിലും വലിയൊരു വിദ്യ ഞാൻ പഠിപ്പിച്ചു തരാം! ഇന്ന് മാത്രമല്ല, ഒരിക്കലും വിശപ്പറിയാതിരിക്കാനുള്ള വിദ്യ...പക്ഷെ ഞാൻ പറയുന്നത് പോലെ ചെയ്യണം...സമ്മതം?’
അയാൾ കൗശലിനെ സൂക്ഷിച്ചു നോക്കിയിരുന്നു.
കൗശൽ പറഞ്ഞു തുടങ്ങി.
‘സുഹൃത്തെ, ഞാൻ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. ലോകം ഒരുപാട് കണ്ടു. ഒരുപാട് മനുഷ്യരെ കണ്ടു. ഇനി ഞാൻ പറയാൻ പോകുന്നത് ശ്രദ്ധിച്ചു കേൾക്കണം. നിങ്ങളുടേയും എന്റേയും ജീവിതം മാറ്റി മറിക്കാൻ കെൽപ്പുള്ള ഒരു വിദ്യയെ കുറിച്ചാണ്‌ പറയാൻ പോകുന്നത്’
അയാൾ ശ്രദ്ധ മുഴുക്കെയും ചേർത്തു വെച്ച്‌ കൗശൽ പറയുന്നത്‌ കേൾക്കാൻ തയ്യാറെടുത്തു.

‘എല്ലാമൊരു പേരിലാണാരംഭിക്കുന്നത്...ഇന്ന്‌ മുതൽ താങ്കളുടെ പേര്‌ പരമാനന്ദൻ എന്നായിരിക്കും...എനിക്ക് ഞാൻ തന്നെ ഒരു പേര്‌ കണ്ടു വെച്ചിട്ടുണ്ട്...ആനന്ദൻ’

പരമാന്ദൻ ആനന്ദനെ സസൂക്ഷ്മം നോക്കി ഇരുന്നു. അയാളുടെ ഓരോ വാക്കും, ചലനവും, ഭാവവും...
ആനന്ദൻ തുടർന്നു,
‘ഇന്ന്...ഈ നിമിഷം മുതൽ നിങ്ങളാണെന്റെ ഗുരു...പരമാനന്ദഗുരു...അതാണ്‌ നിങ്ങളുടെ നിയോഗം...ഒരോരുത്തർക്കും ഒരോ നിയോഗമുണ്ട്...‘
അതു കേട്ട് ആനന്ദൻ ’ഗുരു...ഗുരു...‘ എന്ന് മനസ്സിൽ രണ്ടുവട്ടം മന്ത്രിച്ചു.
’പക്ഷെ..എനിക്കൊന്നും...‘
’എല്ലാം അറിഞ്ഞു കൊണ്ടല്ലല്ലോ എല്ലാവരും എല്ലാം ആരംഭിക്കുന്നത്! എല്ലാമെനിക്ക് വിട്ടു തന്നേക്കൂ...ഇനി എല്ലാം ഞാൻ നോക്കിക്കൊള്ളാം‘ ആനന്ദൻ സ്വന്തം നെഞ്ചിൽ കൈവെച്ച് പറഞ്ഞു.
തണുപ്പകറ്റാൻ ചുള്ളിക്കമ്പുകൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും ശിഷ്യൻ, ചൂണ്ടുവിരലും തള്ളവിരലും കൂട്ടിപ്പിടിച്ച് കുറച്ച് ചാരമെടുത്ത് ഗുരുവിന്റെ നെറ്റിയിൽ നീളത്തിലൊരു വര വരച്ചിട്ടു. ഗുരു ശിഷ്യനാവുകയും, ശിഷ്യൻ ഗുരു ആവുകയും ചെയ്ത ആ നിമിഷം തൊട്ടാണവരുടെ വിശുദ്ധബന്ധം ആരംഭിച്ചത്.

’കൈവശമുള്ളതിന്റെ പ്രാധാന്യം മറന്ന് മറ്റുള്ളതിന്റെ പിന്നാലെ പോകരുത് എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഗുരുവിന്റെ കൈവശമുള്ളത് കൈകളാണ്‌! ആദ്യം ഈ കൈകൾ സ്വതന്ത്രമാക്കൂ! ഈ കൈകൾ ഇങ്ങനെ കെട്ടിയിടാനുള്ളതല്ല. ഈ നാല്‌ കൈകൾ കൊണ്ടും എന്തൊക്കെ ചെയ്യാനാവുമെന്ന് പറഞ്ഞു തരാം. കാര്യങ്ങൾ മുഴുക്കെയും ഈ ശിഷ്യൻ നോക്കിക്കൊള്ളാം...ഗുരു അതു പോലെ ചെയ്താൽ മാത്രം മതിയാവും...‘

ശിഷ്യൻ സംസാരിച്ചു തുടങ്ങി.
‘ഗുരോ, ആദ്യം വേണ്ടത് നല്ലൊരു വേഷമാണ്‌. എല്ലാമൊരു വേഷമാണ്‌. വേഷം അതിപ്രധാനം. വേഷം കൊണ്ട്‌ വ്യക്തിയെ അറിയാമെന്നാണ്‌ സകലരുടേയും ധാരണ. അതു കൊണ്ട് വേഷത്തിലാരംഭിക്കാം. വേഷമില്ലെങ്കിൽ കുറ്റവാളിയേയും കാവൽക്കാരനേയും തിരിച്ചറിയാനാവുമോ? രോഗിയേയും വൈദ്യനേയും തിരിച്ചറിയാനാവുമോ? എന്തിന്‌...സർവ്വശ്വരൻ സാധാരണ വേഷത്തിൽ വന്നാൽ തിരിച്ചറിയാനാവുമോ?’
പരമാനന്ദൻ ഇടം വലം തലയാട്ടി.
‘ഗുരു ഇനി മുതൽ വെളുത്ത വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. നിറമുള്ളതോ ചിത്രപ്പണികളുള്ളതോ ധരിക്കരുത്. ഒന്നുകിൽ ഒരു വസ്ത്രവും ധരിക്കരുത്. അല്ലെങ്കിൽ എല്ലാം മൂടിപൊതിഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ. സാധാരണക്കാർ ധരിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ എങ്ങനെയാണ്‌ ഗുരോ ഗുരു ആവുക?’
ആനന്ദൻ തുടർന്നു,
‘വാക്കാണ്‌ ശക്തി. പറയാൻ കഴിഞ്ഞില്ലെങ്കിൽ, പറഞ്ഞതായി പലരെ കൊണ്ടും പറയിച്ചാലും മതി. പറഞ്ഞു പറഞ്ഞാണ്‌ പലരും പലതും ആകുന്നത്, ആയിട്ടുള്ളത്’
ഗുരുവിന്‌ ശിഷ്യൻ പറയുന്നത് മുഴുക്കെയും മനസ്സിലായില്ലെങ്കിലും സശ്രദ്ധം കേട്ടു കൊണ്ടിരുന്നു. 

കേൾക്കുന്നതിനിടയ്ക്ക് പരമാനന്ദൻ ദുർഗ്ഗന്ധം വമിക്കുന്ന മുടി ചൊറിയാൻ തുടങ്ങി. ദീർഘകാലം കുളിക്കാതെ, പൊടിയും അഴുക്കും പിടിച്ച് മുടി ജട പിടിച്ചു തുടങ്ങിയിരുന്നു. ജട കണ്ട് ആനന്ദന്‌ ആനന്ദക്കണ്ണീര്‌ വന്നു. 
‘എനിക്ക് ചൊറിയുന്നു...ദയവായി ഇതൊന്നു മുറിച്ചു തരാമോ?’ പരമാനന്ദൻ അപേക്ഷിച്ചു.
‘മുറിക്കാനോ?! ഗുരുവിന്റെ അപേക്ഷ കേട്ട് ശിഷ്യൻ പൊട്ടിച്ചിരിച്ചു.
’പാടില്ല ഗുരു...ഒന്നുകിൽ മൊട്ടയടിക്കണം...അല്ലെങ്കിൽ മുടി നീട്ടി വളർത്തണം...വെട്ടിയൊതുക്കി ചീകി വെച്ചു നടന്നാൽ ഗുരു ആവില്ല! ഗുരുവിനു ജടയും താടിയുമാണ്‌ അലങ്കാരം. ജ്ഞാനഗുരു ആയി തോന്നാൻ ജടയും മുടിയും താടിയും നിർബന്ധം!‘

’ഉപദേശങ്ങളിനിയും ബാക്കി. തത്ക്കാലം ഇത്രയും. ചില തയ്യാറെടുപ്പുകൾ വേണം...ഗുരു വിശ്രമിക്കൂ‘
ആനന്ദൻ ചിന്തിച്ചു കൊണ്ട് നടന്നകന്നു.

തുടർന്നുള്ള ദിവസങ്ങളിലും ശിഷ്യൻ ഉപദേശങ്ങൾ തുടർന്നു. ഗുരു ശിഷ്യനോട് ചോദ്യങ്ങൾ ചോദിച്ച് സംശയങ്ങൾ നിവർത്തിച്ചു കൊണ്ടിരുന്നു. എല്ലാ ഗുരുക്കന്മാരും ഒരിക്കൽ ശിഷ്യന്മാരായിരുന്നല്ലോ! ചില ശിഷ്യന്മാർ എന്നും ഗുരുക്കന്മാരും.

ഏതാനും ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ തീരത്തായി ഒരു ചെറിയ കുടിലുയർന്നു. അല്ല, കുടിലു പോലെ ഒന്ന്. ആനന്ദനും പരമാനന്ദനും ചേർന്നാണത് കെട്ടിയുണ്ടാക്കിയത്. അതിനുള്ളിലിരുന്നാണ്‌ ഗുരുവിന്‌ ശിഷ്യൻ, ഭാവിയിലേക്കായി ബാലപാഠങ്ങൾ പറഞ്ഞു കൊടുത്തത്.

പരമാനന്ദന്‌ സംശയങ്ങൾ ഒഴിയുന്നില്ല. ഉപദേശങ്ങൾ കേൾക്കും തോറും സംശയങ്ങൾ കൂടി കൂടി വരുന്നു.
താൻ ഗുരു ആണെന്ന് എങ്ങനെ മറ്റുള്ളവർക്ക് മനസ്സിലാകും?
സന്ദർശകരോട്‌ ഗുരു എന്താണ്‌ പറയേണ്ടത്?
എന്താണ്‌ നൽകേണ്ടത്?
അവരുടെ ചോദ്യങ്ങൾക്ക് എങ്ങനെയാണ്‌ ഉത്തരം നൽകേണ്ടത്?
സംശയങ്ങളുടെ കൂമ്പാരം!
എല്ലാത്തിനും ശിഷ്യന്റെ പക്കൽ ഉത്തരങ്ങളുണ്ടായിരുന്നു.
ഇന്നലെ ചിലർ നിവേദിച്ചത് നാളെ മറ്റുള്ളവർക്ക് പ്രസാദമായി കൊടുക്കാം. വെറുതെ കിട്ടുന്നത് വെറുതെ കൊടുത്താൽ കൂടുതൽ വെറുതെ കിട്ടും. വെറുതെ കിട്ടുന്നത് കൊണ്ട്, കൊടുക്കാനും ബുദ്ധിമുട്ടില്ല.
ഗുരുവിനു പാടാനറിയാമോ?
‘ഇല്ല...’
‘എങ്കിൽ രണ്ടു മൂന്ന് പാട്ടുകൾ കാണാതെ പഠിച്ചു വെച്ചോളൂ... ഞാൻ പഠിപ്പിച്ചു തരാം. അത്‌ മാത്രമല്ല, പാട്ട് ആസ്വദിക്കുന്നതായി അഭിനയിക്കാനും അറിയണം. സർവ്വം സംഗീതമയമാണ്‌. പാട്ട് മൂർച്ഛിക്കുമ്പോൾ ചെറുതായി ആടി തുടങ്ങാം. ഉച്ചസ്ഥായിയിൽ എത്തുമ്പോൾ ആനന്ദനൃത്തം ആവാം. ഒക്കെയും പറഞ്ഞു തരാം. നിർമ്മലചിത്തനായി, ആനന്ദതുല്യനായി ആളുകളിലേക്ക് ഇറങ്ങി ചെല്ലണം. ഏറ്റവും പ്രധാനം സർവ്വജ്ഞാനിയെന്ന് അവർക്ക് തോന്നുക എന്നതാണ്‌. സാമാന്യബുദ്ധി മാത്രമുള്ള വെറുമൊരു സാധാരണക്കാരനാണെന്ന് തോന്നാനാർക്കും ഇട കൊടുക്കരുത്’

പാഠങ്ങൾ സശ്രദ്ധം ശ്രവിച്ച് ശ്രവിച്ച് ഗുരുവിന്‌ ജ്ഞാനം സിദ്ധിച്ചു. ഗുരു ആനന്ദതുല്യനായി. ശരിക്കും പരമാനന്ദനായി. ഗുരുവും ശിഷ്യനും ഒരു പോലെ പുളകിതനായി. പത്മാസനത്തിലിരുന്ന് ദൂരെയുള്ള മൊട്ടക്കുന്നുകളിലേക്ക് നോക്കി ഇരുവരും ദീഘശ്വാസമെടുത്തു. 

‘സമയമായി’ ശിഷ്യൻ വെളിപാട് കിട്ടിയവനെ പോലെ പറഞ്ഞു. ഗുരു താടിയുഴിഞ്ഞും തലകുലുക്കിയും അത് ശരിവെച്ചു. വിശപ്പ് കൂടുതലും വിദ്യാഭ്യാസം കുറഞ്ഞതുമായ, ദരിദ്രനാരായണന്മാർ തിങ്ങിപാർക്കുന്ന അയൽഗ്രാമത്തിലേക്കവർ, തോളിലൊരു തുണിസഞ്ചിയും തൂക്കി കാൽനടയായി യാത്രയായി. നീണ്ടയാത്രയിലേക്ക് നീളുന്ന ഒരു ചെറിയ യാത്ര.

ഗ്രാമത്തിലെത്തിയ അവർ, വിശ്രമിക്കാൻ, തണൽ തളർന്നു കിടന്നൊരിടമാണ്‌ തിരഞ്ഞെടുത്തത്. ഉണങ്ങിയ, ചോദ്യചിഹ്നരൂപം പ്രാപിച്ച ഒരു മരത്തിന്റെ ചുവട്ടിൽ ഇരുവരും ഇരുന്നു.

ഗുരുവിന്റെ ഒരോ കൈകളിലും ശിഷ്യൻ ഒരോ വസ്തുക്കൾ വെച്ചു കൊടുത്തു. ഒരു കൈയ്യിൽ ആയുധമായാലോ? ഭക്തിയുടെ കൂടെ ഭയവും വേണ്ടേ? ശിഷ്യന്റെ ഉപദേശങ്ങൾ കേട്ടു പഠിച്ച ഗുരുവിനു സംശയം. ഒരു കൈ അനുഗ്രഹിക്കുന്ന മട്ടിൽ ഉയർത്തി പിടിച്ചാൽ മതി. ഒരു കൈ കൊണ്ട് ഗുരുവിനു നിവേദിക്കുന്നത് വാങ്ങാം. ഗുരു കൊടുത്താൽ മാത്രം പോര, വാങ്ങുകയും വേണം. ജീവിതം ഒരു നീണ്ട കൊടുക്കൽ വാങ്ങൽ അല്ലെ? ഭൂമിയിൽ സൗജന്യമായി ഒന്നും കിട്ടില്ലെന്നറിയില്ലേ? ഗുരു പതിവു പോലെ തലയാട്ടിക്കൊണ്ടത് ശരി വെച്ചു.
‘എന്തിനും ഏതിനും പ്രചാരണം അവശ്യം. ഇവിടെല്ലാമൊന്ന് ചുറ്റിക്കറങ്ങി, ഗുരുവിന്റെ സന്ദർശനവാർത്ത അറിയിക്കാം. ഗുരു സാന്നിധ്യം മഹാഭാഗ്യം!’
ഗൂഢമായൊരു ചിരിയുമായി ആനന്ദഗുരു നടന്നകന്നു.

സായാഹ്നമായപ്പോഴേക്കും അവിടേക്ക് ദരിദ്രഗ്രാമവാസികൾ ഒഴുകി തുടങ്ങിയിരുന്നു. സർവ്വതുമറിയുന്ന, സകലപ്രശ്നങ്ങൾക്കും പരിഹാരമാർഗ്ഗമറിയുന്ന ഗുരുവിനെക്കുറിച്ചുള്ള വാർത്ത കാതുകളിൽ നിന്നും കാതുകളിലേക്കതിവേഗം സഞ്ചരിച്ചു കൊണ്ടിരുന്നു. കാൽനടയായും, കാളവണ്ടിയിലുമായിട്ടാണവർ വന്നത്. ‘ഒരു പള്ളിക്കൂടം തുടങ്ങുന്നു, പഠിക്കാൻ വരൂ‘ എന്ന് പറഞ്ഞാൽ ഒരു കുഞ്ഞും വരില്ലായിരുന്നു. വിശ്വാസികളായ ഗ്രാമവാസികളുടെ നിഷ്ക്കളങ്കതയിലും വിവരമില്ലായ്മയിലും ആനന്ദന്‌ അത്രയ്ക്കും വിശ്വാസമുണ്ടായിരുന്നു.

ഒരു കാരണവശാലും കണ്ണു തുറക്കുകയോ, ചലിക്കുകയോ ചെയ്യരുതെന്ന ശിഷ്യന്റെ നിർദ്ദേശം, പരമാനന്ദഗുരു അക്ഷരംപ്രതി പാലിച്ചു.

നാലു കൈകളുമുയർത്തി ചമ്രം പടിഞ്ഞിരിക്കുന്ന ഗുരുവിനെ ഗ്രാമവാസികൾ അത്ഭുതപൂർവ്വം, ആദരപൂർവ്വം വണങ്ങി. ആയുസ്സിൽ ആദ്യമായിട്ടാണവർ, തങ്ങൾ ആരാധിക്കുന്ന രൂപത്തിനോട് സാദൃശ്യമുള്ളൊരു രൂപം നേരിൽ കാണുന്നത്‌! അതുവരേയ്ക്കും കഥകളിലും, ചിത്രങ്ങളിലും ശിലകളിലും മാത്രമേ ആ ഒരു രൂപം അവർ ദർശിച്ചിരുന്നുള്ളൂ! അത്ഭുതപരതന്ത്രരായ അവർ, തങ്ങൾക്കറിയാവുന്ന മന്ത്രങ്ങളൊക്കെയും ഉരുവിടാനാരംഭിച്ചു. കൈകൂപ്പിയും, സാംഷ്ടാംഗം പ്രണമിച്ചും അവർ ആനന്ദതുല്യരായി, ആവേശഭരിതരായി. ആൾക്കൂട്ടം വളർന്നപ്പോൾ ആനന്ദൻ, പരമാനന്ദന്‌ കണ്ണുതുറക്കാൻ പതിയെ നിർദ്ദേശം കൊടുത്തു. ശേഷം ദർശനമായി, അനുഗ്രഹമായി, പ്രവചനങ്ങളായി, സമാധാനപ്പെടുത്തലുകളായി, ആശ്ളേഷങ്ങളായി... ഗുരുകടാക്ഷമേറ്റവർ ആത്മനിർവൃതിയിലാണ്ട്‌, പരിസരം മറന്ന് ഉച്ചത്തിൽ സ്തുതിക്കാനും ആനന്ദതുല്യരായി നൃത്തം ചെയ്യാനും തുടങ്ങി. എവിടെ നിന്നോ പുഷ്പഹാരങ്ങൾ...നൈവേദ്യങ്ങൾ...പലഹാരങ്ങൾ ഗുരുസമക്ഷം വന്നു ചേർന്നു. ആകെ മൊത്തം ബഹളമായി. സത്യത്തിൽ അത്രയ്ക്കും വലിയൊരു പ്രതികരണം ശിഷ്യൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിമിഷം പകച്ചു പോയെങ്കിലും ആനന്ദൻ മനോധൈര്യവും സമചിത്തതയും വീണ്ടെടുത്ത് തൊഴുകൈയ്യോടെ പറഞ്ഞു.
‘പരമാനന്ദഗുരുവിന്‌ ഇത് ധ്യാനമുഹൂർത്തം. സകലരും സദയം പിരിഞ്ഞു പോകണം’
ഗുരു കണ്ണുകളടച്ച് പത്മാസനത്തിൽ വീണ്ടും നിശ്ചലരൂപം പ്രാപിച്ചു. ഗ്രാമവാസികൾ നിർവൃതി നിറഞ്ഞ മനസ്സോടെ തിരികെ പോയി.
 
അന്ന്‌, അവിടെ വെച്ച് തന്നെ ശിഷ്യനായി മാറിയ ഒരാളുടെ വീട്ടിലാണ്‌ ഇരുവരും രാത്രി ഉറങ്ങിയത്. ജീവിതത്തിൽ ആദ്യമായി പരമാനന്ദൻ വയറ്‌ നിറയെ ഭക്ഷണം കഴിച്ച്, മനസ്സ് നിറയെ ആനന്ദവുമായി മനസ്സമാധാനത്തോടെ ഉറങ്ങി. ഉറങ്ങുമ്പോൾ പോലും അയാൾ അനന്ദത്താൽ ചിരിച്ചു കൊണ്ടിരുന്നു. അത് കണ്ട്, ഗുരുവിനു ശരിക്കും ജ്ഞാനോദയം സംഭവിച്ചോ എന്നു പോലും ആനന്ദൻ സംശയിച്ചു. പിന്നീട് അങ്ങനെ ഒരപകടവും സംഭവിച്ചില്ലെന്ന് തിരിച്ചറിഞ്ഞ് സമാധാനിച്ചു. ആദ്യദിവസപ്രകടനത്തിൽ ശിഷ്യൻ തികച്ചും സംതൃപ്തനായിരുന്നു. ഗുരുവും ശിഷ്യനും തൃപ്തിയോടെ ഉറങ്ങി.

തുടർന്നുള്ള ദിവസങ്ങളിൽ ഗുരു, തന്റെ പ്രകടനം മെച്ചപ്പെടുത്തി കൊണ്ടിരുന്നു. സന്ദർശകരെക്കുറിച്ച് കൂടുതൽ അറിയാനും, പഠിക്കാനും, അവരെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനുമായി. അവരുടെ സങ്കടങ്ങൾ കേട്ട് സമാധാനിപ്പിക്കാനും, ചിലരെ അണച്ചു പിടിച്ച് അനുഗ്രഹിക്കാനും തുടങ്ങി. വരുന്നവർക്ക് പൂവോ, പഴമോ, പലഹാരമോ കൊടുക്കാനും മറന്നില്ല. പരമാനന്ദഗുരുവിന്റെ ഖ്യാതി ആഴ്ച്ചകൾ കൊണ്ട് തന്നെ ഗ്രാമത്തിന്റെ അതിരുകൾ ഭേദിച്ച് പുറത്തെത്തി.

ചില ദിവസങ്ങളിൽ സന്ദർശകരുടെ, ഭക്തരുടെ കൂടിക്കാഴ്ച്ച അനുവദിച്ച സമയവും കടന്ന് നീണ്ടു പോകാറുണ്ട്. വിശന്ന് വയറ്‌ നൊന്ത് തുടങ്ങും. എന്നിട്ടും വേദനയും കടിച്ചു പിടിച്ച്, നെറ്റിയിൽ ചുളിവൊന്നും വീഴാതെ ശ്രദ്ധിച്ച്, പാതി അടഞ്ഞ കണ്ണുകളോടെ, നിറഞ്ഞ ചിരിയോടെ ഗുരു ഉപദേശം തുടരും. അപ്പോഴൊക്കെ തോന്നും, വിശപ്പിനു പല്ലും നാവുമുണ്ടെന്ന്...കൂർത്ത നഖങ്ങളുണ്ടെന്ന്...ചിലപ്പോൾ തോന്നും ഉള്ളിൽ മറ്റൊരാളുണ്ടെന്ന്...വായും പിളർന്ന്...ഭക്ഷണവും കാത്ത്...

സന്ധ്യാസമയത്തെ സംഘംചേരൽ കഴിഞ്ഞ് തിരികെ കൂടാരത്തിലേക്ക് കയറിയ ശേഷം ജടയഴിച്ചിട്ട് ഗുരു, ആർത്തിപിടിച്ച് നാലു കൈകൾ കൊണ്ടും വാരിവലിച്ച് ഭക്ഷണം കഴിക്കും. തികച്ചും യുദ്ധസമാനമായ സാഹചര്യം. ശേഷം തളർന്ന്, മലർന്നു കിടന്ന് കൂർക്കം വലിച്ചു ഉറങ്ങും.

ഏതാനും നാളുകൾ കൊണ്ട്, നെയ്യും പാലും പഴങ്ങളും കഴിച്ച് കഴിച്ച് ഗുരു കൊഴുത്തു. വരണ്ടുണങ്ങിയ ചർമ്മം, മിനുങ്ങി മിനുസമായി. ഒട്ടിയ കവിളുകൾ ചുവന്നു വീർത്തു. ഗുരുമുഖത്ത് ‘ദിവ്യത്വം കളിയാടുന്നു’, ‘ദിവ്യ തേജസ്സ് നിറഞ്ഞൊഴുകുന്നു’ - ശിഷ്യന്മാർ പ്രകീർത്തിച്ചു.

ഗുരുവിനു ജട ശല്യമായി തുടങ്ങി. ശരിക്കുറങ്ങാൻ കഴിയുന്നില്ല. ആകെ മൊത്തം ചൊറിച്ചിലും പേനും. പോരെങ്കിൽ കിടക്കുമ്പോൾ തലയെപ്പോഴും ഉയർത്തി വെച്ചിരിക്കുന്നതിനാൽ കഴുത്തിന്‌ വേദനയും.
‘ജഡ മുറിച്ചു കളഞ്ഞ്‌ കൃത്രിമ മുടി വെച്ചാലോ?’ ഗുരു പ്രിയശിഷ്യനോട് അഭിപ്രായമാരാഞ്ഞു.
‘അരുത് ഗുരു! അരുത്‌! ഒരു കാരണവശാലും ചെയ്യരുത്!’
ആനന്ദഗുരു അപ്പോൾ തന്നെ കൈയ്യോടെ ജടയുടേയും നീണ്ട താടിയുടെയും ഗുണവശങ്ങളെ കുറിച്ച് പറഞ്ഞ് ഗുരുവിനെ ബോധ്യപ്പെടുത്തി കൊടുത്തു.

അക്കാലത്താണ്‌, ഗുരുവിന്റെ ജീവിതത്തിന്റെ അലകും പിടിയും മാറ്റിയ ഒരു സംഭവമുണ്ടായത്. ഒരു ദിവസം പതിവ് പോലെ ഗുരു ഉപദേശങ്ങൾ കൊടുക്കാൻ തയ്യാറായി ഇരിക്കുകയായിരുന്നു. ഒരോ ദിവസവും ഒരോ ഉപദേശം. ഒരേയൊരു ഉപദേശം. കൂടുതലുമില്ല കുറവുമില്ല. അങ്ങനെ ഒരു വർഷത്തേക്ക് വേണ്ട ഉപദേശങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ട്. തലേദിവസം തന്നെ, പിറ്റേന്ന് പറയേണ്ട ഉപദേശവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കഥയും ഉപകഥയും ഒരു നർമ്മകഥയും കാണാതെ പഠിച്ചു വെച്ചിട്ടുണ്ടായിരുന്നു. ഉപദേശവേളയിൽ ചോദിക്കേണ്ട സംശയങ്ങൾ, അതിനായി തയ്യാറാക്കി നിർത്തിയവരെ പഠിപ്പിച്ചു, അതിന്‌ പറയേണ്ട ഉത്തരങ്ങൾ ഗുരു കാണാതെ പഠിച്ചു. എന്താണ്‌ ഉപദേശിക്കേണ്ടതെന്ന കാര്യത്തിൽ ഗുരുവിനൊരു സംശയവുമില്ല. എല്ലാം തയ്യാർ. ഇങ്ങനെ എല്ലാവിധ തയ്യാറെടുപ്പുകളോടെ ഇരുന്നാലും ചിലപ്പോൾ ചിലത് കൈവിട്ടു പോകും. ഉപദേശം കേട്ടു കൊണ്ടിരിക്കുന്ന നിഷ്ക്കളങ്കരായ ചിലർ, ചിലപ്പോൾ ആവശ്യമില്ലാത്ത സംശയം ചോദിച്ചു കളയും. അത്തരം സന്ദർഭങ്ങളിൽ യുദ്ധകാലടിസ്ഥാനത്തിൽ ചിലത് ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. മിക്കപ്പോഴും ആ സമയം കൈയ്യിൽ കരുതുന്ന നാണയമോ, മോതിരമോ അന്തരീക്ഷത്തിൽ ഒരു മൂന്നാലു വട്ടം വരച്ചിട്ട് ആ സംശയാലുവിനു കൊടുത്ത് കാര്യം ഒതുക്കുകയാണ്‌ പതിവ്. അങ്ങനെ ഒരു ചെറിയ സ്വർണ്ണമോതിരവും കൈവെള്ളയിലൊതുക്കി ഗുരു ഉപദേശം പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
‘ഇന്നലകളെ മറന്നേക്കൂ. നാളയെ കുറിച്ച് ആലോചിക്കാതിരിക്കൂ! ഇന്ന് നിങ്ങൾ എന്താണ്‌ ചെയ്യാൻ പോകുന്നത്? അതേറ്റവും പൂർണ്ണതയോടെ ചെയ്തു തീർക്കൂ’
കേട്ടു കൊണ്ടിരുന്നവരിൽ ഒരാൾക്ക് സഹിക്കാൻ വയ്യാത്ത സംശയമുണ്ടായി. ഇരിക്കപ്പൊറുതിയില്ലെന്നായി.
‘ഗുരു...എനിക്ക്...നാളെ കുറിച്ച് ആലോചിക്കാതിരിക്കുമ്പോൾ ഇന്ന് ഒന്നും ചെയ്യാതിരിക്കാൻ തോന്നുന്നു. അത് ശരിയാണോ?’
ഗുരു ഒരു നിമിഷം പകച്ചു. ശേഷം ഭൂമി താഴ്ന്നു പോയെങ്കിൽ എന്ന് ചിന്തിക്കും മട്ടിൽ കണ്ണുകളടച്ച് ഒരു നിമിഷം ഇരുന്നു. ബുദ്ധിയുള്ള ശിഷ്യന്മാരിൽ ആരെങ്കിലും ഒരാൾ, ‘ഗുരുവിന്‌ ധ്യാനിക്കാൻ സമയമായി’ എന്നു പറഞ്ഞിരുന്നെങ്കിലെന്ന് അതിയായി ആഗ്രഹിച്ചു. 
അടുത്ത നിമിഷം വെളിവ് കിട്ടിയത് പോലെ ഗുരു പതിയെ പറഞ്ഞു തുടങ്ങി.
‘സംസാരലോകത്ത് സംസാരിക്കാതിരിക്കാനാവുമോ മകനെ?...കർമ്മം ചെയ്യാതിരിക്കാനാവുമോ? ജീവന്റെ കണിക അവശേഷിച്ചിട്ടിട്ടുള്ള ഒരു ജീവിക്കും ചലിക്കാതിരിക്കാനാവില്ല...കടൽത്തിരകളെ കണ്ടിട്ടില്ലെ?...കടൽ കാക്കകളെ കണ്ടിട്ടില്ലെ?...കടൽമത്സ്യങ്ങൾ...’
കടൽമത്സ്യം എന്ന വാക്ക് പൊടുന്നെ മനസ്സിലെ ചൂണ്ടയിൽ കുടുങ്ങി.
ഗുരു രണ്ടു ദിവസത്തിനു ശേഷം പറയാൻ പഠിച്ചു വെച്ച ഒരു മത്സ്യത്തിന്റെ കഥ പറഞ്ഞു തുടങ്ങി. പറഞ്ഞ് പറഞ്ഞ് പോയപ്പോൾ ചോദ്യം ചോദിച്ച ആളും കേട്ടു കൊണ്ടിരുന്നവരും ചോദ്യത്തിനെ കുറിച്ച് പൂർണ്ണമായും മറന്നു പോയിരുന്നു.
കഥ പൂർത്തിയാക്കിയ ശേഷം ഗുരു ഒരു വലിയ ചിരിയുമായി ഇരുന്നു. 
ഒരു പൂർണ്ണതയ്ക്ക്, അയാളെ അടുക്കലേക്ക് വിളിച്ച് ഒരു അനുഗ്രഹം കൊടുക്കാമെന്ന്‌ ഗുരു വിചാരിച്ചു. തൊണ്ട വരണ്ടു പോയതു കൊണ്ട് അരികിൽ വെച്ചിരുന്ന ചെമ്പ്‌ മൊന്തയിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചു. കുടിച്ചത്‌ വേഗത്തിലായത്‌ കൊണ്ടും, കുടിക്കുന്നതിനിടയിൽ എന്തോ പറയാൻ ശ്രമിച്ചത് കൊണ്ടും വെള്ളം മണ്ടയിലേക്ക് ഇരച്ചു കയറി. പ്രാണൻ പറിഞ്ഞു പോകുന്നത് പോലെ തോന്നി ഗുരുവിന്‌. ഗുരു ചുമയ്ക്കാനാരംഭിച്ചു. നാലു കൈകൾ കൊണ്ടും സ്വന്തം തലയ്ക്കടിച്ചു. ആനന്ദഗുരുവിന്‌ അപകടം മനസ്സിലായി. വേഗം അടുത്തേക്ക് വന്നു. ജട നിറഞ്ഞ ശിരസ്സിൽ ഉള്ളം കൈയ്യാൽ ഒരുഗ്രപ്രഹരമേൽപ്പിച്ചാലോ എന്നൊരു നിമിഷം ചിന്തിച്ചു. പക്ഷെ ജട കാരണം ഒരു കാലത്തും താഢനം തലയിലെത്തില്ലെന്ന്‌ മനസ്സിലാക്കി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. ഗുരു മരണവെപ്രാളത്തിൽ തല കുടയുകയും ചുമയ്ക്കുകയും ചെയ്തു. അടുത്ത നിമിഷം ഒരു ഉഗ്രൻ ചുമയിൽ ഗുരുവിനു പ്രാണൻ തിരിച്ചു കിട്ടി. ഗുരു വാ പൊത്തി. പിന്നീട് കൈയ്യെടുത്ത് ഒരു ദീർഘശ്വാസമെടുത്തു. പതിയെ കൈ വിടർത്തി. അതാ! കൈവെള്ളയിൽ ഒരു സ്വർണ്ണമോതിരം! ശിഷ്യരടക്കം അവിടെ കൂടിയിരുന്നവർ ഒന്നടങ്കം വാ പൊളിച്ചു. കണ്ണുകൾ ചെങ്കല്ല് പോലെ ചുവന്നു പോയെങ്കിലും, ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം പുറത്തു കാണിക്കാതെ, തന്റെ പ്രാണന്‌ പണി കൊടുത്ത സംശയാലുവിനെ വിളിച്ചു ഗുരു സ്വർണ്ണമോതിരം സമ്മാനിച്ചു. നിഷ്ക്കളങ്കസംശയാലു ആ നിമിഷം തന്നെ ഗുരുവിന്റെ ശിഷ്യനായി ആയുഷ്ക്കാല അംഗത്വം എടുത്തു. ഈ കാഴ്ച്ച മുഴുവൻ അടുത്തു നിന്നു കണ്ട ആനന്ദന്റെ കണ്ണുകൾ ആനന്ദം കാരണം നിറഞ്ഞു തുളുമ്പി. ഗുരു സ്വയം പുതുവഴികൾ കണ്ടെത്തുന്നു! ആരാധകവൃന്ദം വളർത്താൻ പ്രാപ്തനായിരിക്കുന്നു! 
കാഴ്ച്ച കണ്ടിരുന്ന, എല്ലും തോലുമായ കുറച്ച് വിദേശിയർ ഗുരുവിന്റെ കുഴിനഖം വന്ന കാലുകളിൽ വീണ്‌ നമസ്ക്കരിച്ചു. അവരും ആനന്ദനിർവൃതിയിലാണ്‌. ഏതു നിമിഷവും അവർ എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തേക്കാം. അങ്ങനെ വല്ല അത്യാഹിതവും സംഭവിച്ചാൽ അത് നിയന്ത്രിക്കാനായി തയ്യാറെടുത്ത് നില്ക്കാൻ, ആനന്ദൻ കൂട്ടാളികളെ കണ്ണു കാണിച്ചു നിർത്തി.

ആ ഒരു അത്ഭുതസംഭവത്തിനു ശേഷം ഗുരുവിന്റെ ഉയർച്ച അതിവേഗത്തിലായിരുന്നു. ഗുരുവിന്റെ പ്രസിദ്ധി രാജ്യാതിർത്തി കടക്കാൻ കാരണമായി ആ സംഭവം.

ഉപദേശിച്ച് ഉപദേശിച്ച് ഗുരു നല്ല പദസമ്പത്തും പരിചയസമ്പത്തുമുള്ള വ്യക്തിയായി മാറി. നിരന്തരപ്രയോഗം കൊണ്ട് പ്രാവീണ്യം സിദ്ധിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. അറിഞ്ഞോ അറിയാതെയോ വായിൽ നിന്നും വീണ അബദ്ധങ്ങൾ പോലും ശിഷ്യർക്ക് നിഗൂഢാർത്ഥങ്ങൾ നിറഞ്ഞതായി തോന്നിത്തുടങ്ങി. ആരും ചിന്തിക്കാത്ത അർത്ഥതലങ്ങളും, വ്യാഖ്യാനങ്ങളും വിനയവിധേയരായ അവർ ഗുരുഭാഷണങ്ങളിൽ നിന്നും നിരന്തരം കണ്ടെടുത്തു കൊണ്ടിരുന്നു. സർവ്വം ഗുരുമയം! സർവ്വം ആനന്ദമയം!
ഇതാ ഒരു ഉദാഹരണം:
‘പുൽക്കൊടികളെ നോക്കൂ. ആരേയും ഭയക്കാതെ, ഒന്നിനേയും ആശ്രയിക്കാതെ വളരുന്ന പുൽക്കൊടികൾ...നിങ്ങളും ഒരു പുൽക്കൊടിയാവൂ...’

സംഗമം നടക്കുമ്പോൾ ഇടയ്ക്കിടെ ഗുരു തനിക്ക് ബോധോദയം സിദ്ധിച്ച നാളിനെ കുറിച്ച് പറയും. അത് കേട്ട് വിശ്വാസികൾ അത്ഭുതാദരങ്ങളോടെ കണ്ണും മിഴിച്ച്, വായും പൊളിച്ച് ഇരിക്കും. ആർക്കും ഒരിക്കലും തെളിയിക്കാനാവാത്ത കാര്യങ്ങൾ ആത്മവിശ്വാസത്തോടെ വിശ്വാസികളോട്‌ പറയുന്നത് ഗുരു നല്ലത് പോലെ ആസ്വദിച്ച പ്രവൃത്തികളിലൊന്നായിരുന്നു.

ഒരോ സംഗമവും കഴിയും തോറും സംസാരവും, ഉപദേശവും നന്നായി വരുന്നു. എങ്ങനെയോ വായിൽ കൃത്യമായി വാക്കുകൾ വന്നു വീഴുന്നു. ആരോ തിരുകി വെയ്ക്കും പോലെ... തനിക്കെന്താണ്‌ സംഭവിക്കുന്നത്? ഇനി ഉറക്കത്തിലോ മറ്റോ അറിയാതെ ശരിക്കും ബോധോദയമുണ്ടായി പോയാൽ...അതോർത്തപ്പോൾ ഉള്ള ഉറക്കം കൂടി നഷ്ടപ്പെടും എന്ന് സ്ഥിതിയായി. ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു തിരിയുന്ന കാലത്ത് മനസ്സമാധാനമുണ്ടായിരുന്നു...സുന്ദരമായ നാളുകൾ...അതിന്റെ വില ഇപ്പോൾ മനസ്സിലാക്കുന്നു...

സർവ്വം നിരീക്ഷിക്കുന്ന ശിഷ്യനും സംശയം. ഗുരുവിനെന്തോ പ്രശ്നമുണ്ട്...അതിരാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് കൊണ്ടാവുമോ..ചില സമയങ്ങളിൽ ജ്ഞാനികളെ പോലെ സംസാരിക്കുന്നു...ഇല്ല, അങ്ങനെ വരാൻ വഴിയില്ല...ഇനി ശരിക്കും ജ്ഞാനിയായിരുന്ന ഏതെങ്കിലും ഗുരുവിന്റെ ബാധയോ മറ്റോ...

ഗുരു ശിഷ്യനോട് ആശങ്ക പങ്കുവെച്ചു. ഗുരുവിന്റെ സംശയങ്ങളുടെ ചിലന്തിവലകളൊക്കെയും ശിഷ്യൻ തത്സമയം തൂത്തു മാറ്റി.
‘ഏയ്..അങ്ങനെ ഭയക്കേണ്ട ഗുരോ...ഇതൊക്കെ ശീലം കൊണ്ട് അറിയാതെ സംഭവിക്കുന്നതാണ്‌. ഗുരുവിന്‌ ഒരപകടവും സംഭവിക്കില്ല...ശിഷ്യനല്ലേ പറയുന്നത്...ധൈര്യമായിരിക്കൂ!’ ശിഷ്യൻ സമാധാനിപ്പിച്ചു.

ഇപ്പോൾ ഗുരുവിന്‌ ദൈവത്തിന്റെ തൊട്ടടുത്ത സ്ഥാനമാണ്‌ ജനമനസ്സിൽ. ഒരു പടി കൂടി കടന്നാൽ ദൈവമായി. ഗുരു അതിനുള്ള തയ്യാറെടുപ്പിലാണ്‌. ശിഷ്യർ ഗുരുവിന്റെ അത്ഭുതസിദ്ധികളെ കുറിച്ച് വാഴ്ത്തിപ്പാടി. ഗുരുവിന്റെ പക്കൽ എന്തിനും ഏതിനും ഉത്തരമുണ്ട്. ഒരേ സമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടാൻ കഴിയുന്നു. ഒരു സാധാരണ മനുഷ്യന്‌ അസാധ്യമായ പലതും ചെയ്യാനുള്ള കഴിവുകൾ. ഗുരു ധ്യാനിച്ച് മഴ പെയ്യിക്കുന്നു, ഇംഗ്ലീഷ് വ്യാകരണത്തെറ്റ്‌ കൂടാതെ സംസാരിക്കുന്നു. വായുവിൽ നിന്നും സ്വർണ്ണമോതിരമോ, വാച്ചോ, പഴങ്ങളോ ഏതു സമയത്തും വരുത്താനാകുന്നു. ചതുർഭുജനായ അത്ഭുതഗുരു കാരണം മറ്റു പല ഗുരുക്കന്മാരുടേയും നില പരുങ്ങലിലായി.

പതിയെ ഗുരു ആത്മീയ കാര്യങ്ങൾ മാത്രമല്ല; സാമൂഹ്യം, രാഷ്ട്രീയം, സ്ത്രീപുരുഷ ബന്ധം എന്നു വേണ്ട നാനാവിധ കാര്യങ്ങളെ കുറിച്ചും ആധികാരികസ്വരത്തിൽ ആഭിപ്രായം പറയാനാരംഭിച്ചു. അതൊക്കെ കേൾക്കാനും, കേട്ടതൊക്കെയും അവസാനവാക്കായി വിശ്വസിക്കാനും വിശ്വാസികൾ കാതോർത്തു. രാജ്യത്ത് എന്ത് സംഭവിച്ചാലും ഗുരു അതേക്കുറിച്ച് രണ്ട് വാക്ക് പറയാതെ അത് വാർത്താപ്രാധാന്യമുള്ളതാകില്ല എന്ന നിലയിലെത്തി.

ഗുരു ഏറ്റവും ആസ്വദിച്ചിരുന്നത് പരസ്യസംവാദങ്ങളായിരുന്നു. അവിടെ വെച്ച് ആർക്കും എന്തും ചോദിക്കാം. എന്തിനേക്കുറിച്ചും സംസാരിക്കാൻ തക്ക ജ്ഞാനമുള്ളത് കൊണ്ട് ഗുരുവിന്‌ അതൊക്കെയും വെറും നേരമ്പോക്ക് മാത്രം. ചോദ്യം വരുമ്പോൾ ആദ്യം ഗുരു ഒരു വലിയ തമാശ കേട്ടത് പോലെ അല്പനേരം ശരീരം കുലുക്കി, കുഭ കുലുക്കി ചിരിക്കും. ആ ചിരി കണ്ടമാത്രയിൽ ശിഷ്യരും അനുയായികളും ചിരിക്കാൻ തുടങ്ങും. അതിനു ശേഷം ഗുരു ആ ചോദ്യത്തിനെ വിശദീകരിക്കാൻ തുടങ്ങും. പതിയെ അതിനെ മറ്റൊരു ചോദ്യമാക്കി മാറ്റും. പിന്നീട് ഒരു നീണ്ട വിശദീകരണം കൊടുക്കും. ചിലപ്പോൾ കേട്ടു പഴകിയ ഏതെങ്കിലുമൊരു കഥ പറയും. അതൊക്കെയും കേട്ട് എല്ലാവരും നിർത്താതെ കൈയ്യടിക്കും. 

മാസത്തിലൊരിക്കൽ ഗുരു ഒരു പ്രത്യേക ദർശനം സന്ദർശകർക്ക് നൽകും. അത് സൗജന്യമല്ല. തൊട്ടടുത്ത് നിന്ന് ദർശിക്കണമെങ്കിൽ ഒരു ലക്ഷം. അൻപത് മീറ്റർ ദൂരെയാണെങ്കിൽ അമ്പതിനായിരം, നൂറ്‌ മീറ്റർ ദൂരെ നിന്നാണെങ്കിൽ പതിനായിരം...അങ്ങനെയങ്ങനെ. അതും മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്യണം. ദർശനദിവസം ഗുരു ആഭരണഭൂഷിതനായി ആസനസ്ഥനാവും. നാലു കൈകളിലും എന്തെങ്കിലും വസ്തുക്കൾ ഉണ്ടാവും. ഗുരു ഇരിക്കുന്നിടത്തേക്ക് സ്പോട്ട് ലൈറ്റ്. പിന്നണിയിൽ പതിഞ്ഞ ശബ്ദത്തിൽ ഉപകരണ സംഗീതം. മിക്കവാറും അതു ഓടക്കുഴലോ വീണയോ ആവും. ഗുരുദർശനം ലഭിക്കുന്നവരിൽ മോഹാലസ്യം വന്ന്‌ വീണു പോകുന്നവരും, ആനന്ദാധിക്യം കാരണം പരിസരം മറന്ന് നൃത്തം ചെയ്ത് പോകുന്നവരും അനവധിയാണ്‌. അവരെയെല്ലാം കോരിയെടുത്ത് കൊണ്ടു പോയി ശുശ്രൂക്ഷിക്കാൻ പ്രത്യേകം ഒരു വിഭാഗം ആളുകളെ റിക്രൂട്ട് ചെയ്യേണ്ടി വന്നു. ദർശനദിവസം ഗുരു നാല്‌ കൈകളിലും ആയുധങ്ങൾ പിടിച്ചായിരിക്കും മിക്കപ്പോഴും ഇരിക്കുക. അങ്ങനെ ഇരിക്കുമ്പോഴാണ്‌ ഗുരുവിന്‌ പുതിയ ഒരാശയം തോന്നിയത്. ഇതൊക്കെയും പഴയ ആയുധങ്ങളല്ലേ? ഈ വാളും ഗദയും അമ്പും വില്ലുമൊക്കെ പഴയതല്ലേ? കാലത്തിനനുസരിച്ച് മാറ്റം വേണ്ടേ? ഗണ്ണും ഗ്രനേഡും മിസൈലും ആയാലെന്താ? പുതിയ കാലത്തെ പ്രശ്നങ്ങൾക്ക് പുതിയ ആയുധങ്ങൾ... എന്നാൽ ലൈസൻസിന്റെ പ്രശ്നം ഉണ്ടാവുമെന്ന് ആനന്ദഗുരു പറഞ്ഞപ്പോൾ ഗുരു ആ നൂതന ആശയം ദുഃഖപൂർവ്വം ഉപേക്ഷിച്ചു.

ശിഷ്യൻ, ഉറക്കമിളച്ച് ചിന്തിച്ച് കണ്ടെത്തിയ പുതിയ ചില ആശയങ്ങളുമായി വന്നു. എന്തു കൊണ്ട് ഗുരുവിന്‌ എല്ലാവരേയും ചിലത് അഭ്യസിപ്പിച്ചു കൂടാ? ഇത്രയും ബുദ്ധിവികാസമില്ലാത്ത ഒരു സമൂഹത്തിനെ വേറെ എവിടെ ലഭിക്കും?
ഗുരു പറയുന്നതെന്തും ഇവർ കണ്ണുമടച്ച് വിശ്വസിക്കും.
ഇത്രനാളും മനുഷ്യർ ശ്വാസം എടുത്തു കൊണ്ടിരുന്നത് ശരിയായ രീതിയിൽ ആയിരുന്നില്ല എന്നു പറയുക. എല്ലാത്തിനും അതിന്റേതായ രീതികളുണ്ടെന്ന് പറയുക.

അങ്ങനെ ഗുരു അഭ്യാസം ആരംഭിച്ചു.
ശ്വാസമെടുക്കാൻ പഠിപ്പിച്ചു.
വെള്ളം കുടിക്കാൻ പഠിപ്പിച്ചു.
ഉറങ്ങാൻ പഠിപ്പിച്ചു.
ചിരിക്കാൻ പഠിപ്പിച്ചു.
കരയാൻ പഠിപ്പിച്ചു.
നടക്കാൻ പഠിപ്പിച്ചു.
അങ്ങനെ മനുഷ്യർ ഇക്കണ്ട കാലമത്രയും, ആരോടും ചോദിക്കാതെയും പറയാതെയും ചെയ്തു കൊണ്ടിരുന്നതെല്ലാം എങ്ങനെയാണ്‌ ‘ശരിയായ’ രീതിയിൽ ചെയ്യേണ്ടതെന്ന് ഗുരു പഠിപ്പിച്ചു കൊടുത്തു. ഇതൊന്നും സൗജന്യമല്ല. ചെറിയ ഒരു ഫീ ഉണ്ട് എല്ലാത്തിനും. ശിഷ്യർ അനുസരണയോടെ അതെല്ലാം പഠിച്ചു, പരിശീലിച്ചു, പ്രചരിപ്പിച്ചു.

ഈ ചെറിയ രാജ്യത്തിൽ ഉള്ളവർക്ക് മാത്രം ഗുരുവിന്റെ സേവനങ്ങൾ ലഭിക്കുന്നത് നീതിയാണോ? ലോകം മുഴുക്കെയും ഗുരുവിന്റെ അനുഗ്രഹവും കൃപാകടാക്ഷവും ചെന്നെത്തേണ്ടതല്ലെ? അതിസമ്പന്നതയിൽ മുഴുകിയും, മുങ്ങിയും ജീവിക്കാൻ മറന്നു പോയി, ഒടുവിൽ ‘ഞാനാര്‌? നീ ആര്‌?’ എന്ന നിലയിലെത്തിയ ചില വിദേശിയർ കൂടെയുണ്ടല്ലോ അവരുടെ സഹായത്തോടെ വിദേശരാജ്യങ്ങളിലേക്കും ഗുരുവിന്റെ സേവനം എത്തിക്കുക എന്നത് ധർമ്മാചരണത്തിന്റെ ഭാഗമല്ലേ? ആ വഴിക്കായി ആനന്ദഗുരുവിന്റെ ചിന്ത. അത് പ്രാവർത്തികമാക്കാനായി പിന്നീട് ശിഷ്യന്റെ ശ്രമം. പ്രതീക്ഷിച്ചതിലും വേഗത്തിലാണത് യാഥാർത്ഥ്യമായത്. പബ്ലിസിറ്റി ക്യാമ്പയിൻ വൻവിജയമായിരുന്നു. ‘കിഴക്ക് നിന്ന്‌ മറ്റൊരു അത്ഭുതഗുരു!’ എന്ന തലക്കെട്ടോടെ വാർത്ത വിദേശമാധ്യമങ്ങളിൽ നിരന്നു. അതിനു ശേഷം ഗുരു പറക്കുകയായിരുന്നു. വിമാനങ്ങളിൽ നിന്ന് വിമാനങ്ങളിൽ, ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക്... ലോകം മുഴുക്കെയുമുള്ള മനുഷ്യരുടെ സംശയങ്ങൾ നിവർത്തിക്കാൻ അതു കൊണ്ടായി. ആർക്കെങ്കിലും ഗുരുവിന്റെ ഒരു ഉപദേശം കേൾക്കണമെന്നുണ്ടെങ്കിൽ, ഒരു ടോൾ ഫ്രീ നമ്പറിലേക്ക് മിസ് കോൾ അടിക്കുകയേ വേണ്ടൂ. വിളിച്ച ആളെ തേടി ഉപദേശം എത്തും. പഴമയിലേക്ക് മടങ്ങണമെന്നും, പുരാതന അറിവുകളാണ്‌ ഉത്കൃഷ്ഠമെന്നുമുള്ള ഗുരുവിന്റെ ഉപദേശങ്ങൾ സാറ്റ്‌ലൈറ്റ് വഴി ടിവിയിലും ഫോണിലും ടാബിലും കമ്പ്യൂട്ടറിലും വന്നത് ലക്ഷങ്ങൾ സശ്രദ്ധം ശ്രവിക്കുകയും കാണുകയും പരസ്പരം തലകുലുക്കി ശരിവെയ്ക്കുകയും ചെയ്തു.

വിദേശരാജ്യങ്ങളിൽ വെച്ചു നടത്താറുള്ള ലോകസമ്മേളനങ്ങളിൽ സ്ഥിരസാന്നിധ്യമായി ഗുരു. പ്രശസ്തരോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിൽ പതിവായി വന്നു കൊണ്ടിരുന്നു. ഇപ്പോൾ ഗുരുവിന്‌ സ്വന്തമായി ഒരു ആസ്ഥാനമുണ്ട് - ‘ആനന്ദപുരി’. ആനന്ദപുരിയുടെ കവാടം കടന്നു ചെന്നാൽ ഒരു ചെറുപട്ടണത്തിലേക്ക് കാലെടുത്ത് വെച്ചത് പോലെ തോന്നും. പുരിയുടെ ഉള്ളിൽ ധാരാളം കെട്ടിടങ്ങൾ. പുറമേന്ന് വന്നവർക്ക് സൗജന്യമായി താമസിക്കാം. ഭക്ഷണവും സൗജന്യം. ഉള്ളിൽ തന്നെ ആശുപത്രികൾ, പള്ളിക്കൂടങ്ങൾ എന്നിവയും താമസിയാതെ ഉയർന്നു. ചികിത്സ സൗജന്യം. എല്ലാത്തിനും കാരണം ഗുരുവിന്റെ മഹത്വം തന്നെ. ആയിരങ്ങൾക്ക് ഗുരു കൺകണ്ട ദൈവമായി. അത്ഭുതങ്ങൾ കാണിക്കുന്ന ഗുരു എന്തു കൊണ്ട് ആശുപത്രികൾ പണിതു എന്നാരും ചോദിച്ചില്ല. സന്താനമില്ലാത്തവർക്ക് സന്താനം ഉണ്ടാവുന്നു, നടക്കാൻ പോലും ആകാത്തവർ ഓടി ചാടുന്നു, സംസാരിക്കാൻ കഴിയാത്തവർ പാട്ടു പാടുന്നു...അങ്ങനെ അത്ഭുതങ്ങൾ പലതും നടന്നു. പ്രശസ്തർക്ക് ഗുരു ഇടയ്ക്കിടെ സമ്മാനങ്ങൾ കൊടുക്കും. മോതിരമോ മാലയോ മറ്റോ... അതൊക്കെയും വലിയ വാർത്താപ്രാധാന്യത്തോടെ പത്രങ്ങളിൽ അച്ചടിച്ചു വരും. സർവ്വം ഗുരുമയം. സർവ്വം ആനന്ദമയം!

ഒരു ദിവസം പതിവ് പോലെ പ്രഭാഷണവും നർമ്മകഥാകഥനവും കഴിഞ്ഞ് തന്റെ മുറിയിൽ തിരികെ എത്തിയതായിരുന്നു ഗുരു. ഹൃദയഭാഗത്തായി ഒരു ചെറിയ വേദന...ശ്വാസതടസ്സം. ഉടനടി ഗുരുവിന്റെ ആശുപത്രിയിലെ ഗുരുവിന്റെ ഡോക്ടർമാർ സന്നിഹിതരായി. സർവ്വപരിശോധനകളും നടത്തി. ടെസ്റ്റായ ടെസ്റ്റുകൾ ചെയ്തു. ഒടുവിലവർ കാരണം കണ്ടെത്തി. ഗുരു വെയില്‌ കൊള്ളുന്നില്ല, വിയർക്കുന്നില്ല, വ്യായാമം ചെയ്യുന്നില്ല. അതു തന്നെ. പതിവായി നെയ്യും പാലും കഴിച്ച് കഴിച്ച്, ഹൃദയത്തിലേക്കുള്ള കുഴലുകൾ കൊഴുപ്പ്‌ കൊണ്ട് ഭാഗികമായി അടഞ്ഞു പോയിരിക്കുന്നു. രക്താണുക്കളുടെ സഞ്ചാരവഴികൾ തടസ്സപ്പെട്ടിരിക്കുന്നു. ലോകം മുഴുക്കെയും പറന്ന് നടന്ന് സകലരേയും ശ്വാസം എടുക്കാൻ പഠിപ്പിച്ച ഗുരു ശ്വാസമെടുക്കാൻ ആയാസപ്പെട്ടു. 

പരമാനന്ദഗുരു ചികിത്സയിൽ പ്രവേശിച്ചു. പതിവ് പോലെ ഗുരു ഏകാന്ത ധ്യാനത്തിലാണെന്നും, മൗനവ്രതത്തിലാണെന്നും, ഘോര തപസ്സിലാണെന്നുമൊക്കെ വാർത്തകൾ പരന്നു. ആനന്ദപുരിയുടെ നിയന്ത്രണം ആനന്ദഗുരുവിന്റെ കൈവശമാണ്‌ വന്നു ചേർന്നത്. ആനന്ദപുരിയിൽ ദുരൂഹസാഹചര്യത്തിൽ ഒരാളുടെ മരണം സംഭവിച്ചത് അക്കാലത്താണ്‌. അത് ആനന്ദഗുരുവിന്‌ ചെറിയ, വളരെ ചെറിയൊരു തലവേദന ആയി. എന്നാൽ രാഷ്ട്രീയത്തിലും ഭരണരംഗത്തുമുള്ള ഉന്നതർ ശിഷ്യരായും, അനുയായികളായും, ആരാധകരായും അനുഭാവികളായും ഉള്ളത് കൊണ്ട് അത് വെറുമൊരു കിംവദന്തി ആയി ഒതുങ്ങി. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ കൂടിയും തെളിവുകളും സാക്ഷികളും ഉണ്ടാവില്ലായിരുന്നു, പരാതി കൊടുക്കാൻ ആരുമുണ്ടാവില്ലായിരുന്നു, അന്വേഷിക്കാൻ ഉദ്യോഗസ്ഥർ ഉണ്ടാവില്ലായിരുന്നു. ഇനി കേസ് കോടതിയിൽ എത്തിയാൽ തന്നെയും രണ്ടു തലമുറ കഴിഞ്ഞേ അത് വിചാരണയ്ക്ക് വരുമായിരുന്നുള്ളൂ. ഇനി വിചാരണ ആരംഭിച്ചാൽ തന്നെ ജഡ്ജി രാജി വെയ്ക്കുകയോ അവധിക്ക് പോവുകയോ ചെയ്യുമായിരുന്നു. എല്ലാത്തിനുമൊടുവിൽ ഒരു വിധി വന്നാൽ തന്നെ അത് കേൾക്കാൻ കുറ്റവാളിയോ പരാതിക്കാരോ ജീവിച്ചിരിക്കാനുള്ള സാധ്യതയേ ഉണ്ടാവില്ലായിരുന്നു. അങ്ങനെ എല്ലാവിധത്തിലും കുറ്റമറ്റതും ഫലപ്രദവുമായ ഒരു സംവിധാനം നിലവിലുണ്ടായിരുന്നത് കൊണ്ട് ആരും ഒട്ടും വേവലാതിപ്പെട്ടില്ല. എല്ലാം എല്ലാവരുടെയും ഭാഗ്യം!

ഏതാണ്ട് ആറ്‌ മാസം കഴിഞ്ഞാണ്‌ പരമാനന്ദഗുരു ഭക്തജനങ്ങൾക്ക് വീണ്ടും ദർശനം നൽകി തുടങ്ങിയത്. അനുയായികളും ആരാധകരും വീണ്ടും ആഹ്ലാദപുളകിതരായി.

ഗുരുവിന്റെ വിവിധ പോസിലും അലങ്കാരത്തിലും വേഷത്തിലുമുള്ള ചിത്രങ്ങൾക്ക് ലോകം മുഴുക്കെയും ആവശ്യക്കാരുണ്ടായി. ഗുരു ഉപയോഗിച്ച പാത്രങ്ങൾ ഉയർന്ന വിലയ്ക്കാണ്‌ ലേലത്തിൽ പോയത്. അതു മാത്രമല്ല, ഗുരു കുലുക്കുഴിഞ്ഞ വെള്ളം, ഗുരു കുളിച്ച വെള്ളം, ഗുരുവിന്റെ തലയിൽ നിന്നും ഊർന്ന് വീണ മുടിനാരുകൾ, വെട്ടിക്കളഞ്ഞ നഖങ്ങൾ... അങ്ങനെ പലതും! അതൊക്കെയും കുപ്പിയിലും ഡപ്പിയിലും പെട്ടിയിലുമായി പാക്ക് ചെയ്ത് വിറ്റു തുടങ്ങി. വാങ്ങാൻ ജനങ്ങൾ നീണ്ട വരിയിൽ മണിക്കൂറുകൾ കാത്തു നിന്നു. അതൊക്കെയും വാങ്ങി വീട്ടിൽ കൊണ്ടു വെച്ചു പൂജിച്ചവർ, അതിനു ശേഷമാണ്‌ തങ്ങൾക്ക് എല്ലാവിധ ഭാഗ്യവും ഐശ്വര്യവും വന്നു ചേർന്നതെന്ന് അവകാശപ്പെട്ടു.

ഗുരുവിന്റെ ജന്മദിവസം ആനന്ദപുരിയിലേക്ക് ആയിരങ്ങൾ തീത്ഥാടനമായി പോകും. ആ ദിവസം ഗുരു പ്രത്യേകവേഷത്തിൽ ആയിരിക്കും ദർശനം നല്കുക. അന്നാണ്‌ നാലു കൈകൾ കൊണ്ടും ഗുരു സന്ദർശകരെ അനുഗ്രഹിക്കുക. ദിവ്യദർശനത്തിനും ദിവ്യാനുഗ്രഹം ലഭിക്കാനും ആയിരങ്ങൾ ലോകത്തിന്റെ പല ഭാഗത്ത് നിന്നും വരും. തിക്കും തിരക്കും നിയന്ത്രിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. വർഷാവർഷമുള്ള തിരക്ക് കാരണം ഒടുവിൽ സർക്കാർ ഗുരുവിന്റെ ജന്മദിവസം, പൊതു അവധിയായി പ്രഖ്യാപിച്ചു!

ഗുരുവിന്റെ പ്രഭാഷണങ്ങൾ, ചോദ്യോത്തരങ്ങൾ, ഉപദേശങ്ങൾ, അനുഭവങ്ങൾ എല്ലാം പുസ്തകരൂപത്തിലും സിഡി രൂപത്തിലും പുറത്തിറങ്ങി. അതൊക്കെയും ചൂടപ്പം പോലെ വിറ്റു പോയി. ചിലർ പുസ്തകത്തിൽ പറയും പ്രകാരം ശ്വാസമെടുക്കാനും, നടക്കാനും, ഇരിക്കാനും, കിടക്കാനും, വെള്ളം കുടിക്കാനും ശ്രമിച്ചു. എങ്ങനെയും ബോധോദയം ഉണ്ടാവാനായിരുന്നു ചിലരുടെ ശ്രമം.

പ്രശസ്തിയും തിരക്കും തുടർച്ചയായ യാത്രകളും ഗുരുവിന്‌ പതിയെ മടുപ്പുണ്ടാക്കി തുടങ്ങി. ആൾക്കുട്ടത്തിന്‌ നടുവിൽ ഇരിക്കാൻ ആശിച്ചിരുന്ന ഗുരു ഏകനായി ഏകാന്തതയിൽ ഒരല്പം സമയം ചിലവഴിക്കാൻ വല്ലാതെ കൊതിച്ചു. ആകെമൊത്തം ഒരു അസ്വസ്ഥത. ഒരു മുഷിവ്‌. ജീവിതത്തിന്റെ അർത്ഥത്തെ കുറിച്ച് നിരവധി ഉപദേശങ്ങൾ നല്കിയ ഗുരു, പതിയെ നിരർത്ഥകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങി. ഒരു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഗുരുവിന്‌, തന്നെ ആരോ പഴയ ഓർമ്മകളിലൂടെ കൂട്ടിക്കൊണ്ട് പോകും പോലെ തോന്നി. എത്ര ശ്രമിച്ചിട്ടും ഓർമ്മകൾ മനസ്സിലേക്ക് തള്ളിക്കയറി വന്നു കൊണ്ടിരിക്കുന്നു. വിടുവിക്കാനാവുന്നില്ല. മനസ്സിലെവിടെയോ കോണിൽ പൊടിപിടിച്ച് കിടന്ന, പഴകി പോയ ഓർമ്മകൾ.. തകരപാത്രവുമായി, അപമാനവും വിശപ്പും അമർത്തിപ്പിടിച്ച് നടന്നത്...പാത്രത്തിൽ കല്ലുകൾ വന്നു വീഴുന്നത്...മറയ്ക്കാൻ കൈകൾ മുറുക്കെ കെട്ടി വെച്ചത്... ഗുരു, മേടയിൽ നിന്നും പുറത്തിറങ്ങി നിലാവിലൂടെ നടന്നു.

അടുത്ത ദിവസമാണ്‌ എല്ലാവരും, ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞത്. ഗുരുവിനെ കാണ്മാനില്ല! തിരയാവുന്നിടത്തെല്ലാം തിരഞ്ഞെങ്കിലും ഗുരുവിനെ കണ്ടെത്താനായില്ല. ആനന്ദഗുരു ആകെ ആശയക്കുഴപ്പത്തിലായി. തന്നോട് പോലും പറയാതെ എവിടേക്കാണ്‌... 

കഥകൾക്ക് പഞ്ഞമില്ലാത്ത രാജ്യമായതിനാൽ, ഊഹാപോഹങ്ങളുടെ പെരുമഴ പെയ്തു. സകലയിടത്തും കഥകൾ പെരുകി നിറഞ്ഞു. ഗുരു അപ്രത്യക്ഷനായതാണെന്നും, ഒരു പുക പോലെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്നത് സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടതാണെന്നും ചില ശിഷ്യന്മാർ ആവർത്തിച്ചാണയിട്ടു. മാഞ്ഞു പോകും മുൻപ്, തന്നെ സ്പർശിച്ചെന്നും വൈദ്യുതി പോലെ എന്തോ ഒന്ന് ശരീരത്തിലൂടെ കടന്നു പോയതായി അനുഭവപ്പെട്ടെന്നും അവരിലൊരാൾ സാക്ഷ്യം പറഞ്ഞു. അന്നേരം ഗുരുവിന്റെ കണ്ണിൽ നിന്നും ഒരു നീലവെളിച്ചം ഇറങ്ങി വന്ന് തന്റെ ശരീരത്തിലേക്ക് കയറി പോയത് പോലെ തോന്നിയെന്നും ആതേ ആൾ തന്നെ അല്പനേരം കഴിഞ്ഞ് കൂട്ടിച്ചേർത്തു. എല്ലാം പറഞ്ഞ ശേഷം കണ്ണുകളടച്ച് ആ ശിഷ്യൻ ധ്യാനനിരതനായി ഇരുന്നു. പുതിയ ഗുരു, അഗാധമായ ധ്യാനത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥയിലാണെന്ന്‌ പുതിയ ശിഷ്യന്മാർ അവകാശപ്പെട്ടു.

ആയിരക്കണക്കിനു പേർക്കു മസ്തിഷ്ക്കപ്രക്ഷാളനം നടത്തിയ ഗുരുവിന്‌ മസ്തിഷ്ക്കവുമായി ബന്ധപ്പെട്ട എന്തോ ഒരു ഗുരുതര അസുഖം ബാധിച്ചിരിക്കുകയാണെന്നും, എതോ രഹസ്യ സങ്കേതത്തിൽ ചികിത്സയിലാണെന്നും ഒരു കൂട്ടർ അടക്കം പറഞ്ഞു. കടുത്ത ചില വിശ്വാസികളുടെ ഭാഷ്യം മറ്റൊന്നായിരുന്നു - ഗുരു സമയത്തിലൂടെ സഞ്ചരിച്ച് മറ്റൊരിടത്ത് ദേശാടനം നടത്തിക്കൊണ്ടിരിക്കുകയാണ്‌. അവിടത്തെ കർമ്മനിയോഗം കഴിഞ്ഞ് തിരികെ ആനന്ദപുരിയിൽ തന്നെ എത്തും. ആ വാദത്തെ സാധൂകരിക്കാനെന്നോണം ഗുരുവിനെ കണ്ടെന്നവകാശപ്പെട്ട്‌ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും പലരും മുന്നോട്ടു വന്നു.
 
എന്തിലും ഏതിലും ചികഞ്ഞ്, ചിക്കിപെറുക്കി വാർത്ത കണ്ടെടുക്കാൻ മിടുക്കരായ മാധ്യമപ്രവർത്തകർ അവിശ്രമം പ്രയത്നിച്ചു കൊണ്ടിരുന്നു. എങ്ങനേയും നാലു വിവാദമുണ്ടാക്കി എല്ലാവരുടെയും ഉറക്കം കെടുത്തിയിട്ട് വേണം സമാധാനമായി ഒന്നുറങ്ങാൻ എന്നു വിചാരിക്കുന്ന അവരിൽ ചിലർ, തങ്ങളുടെ മനോധർമ്മം പോലെ ഓരോരോ കഥകൾ ‘അത്രേ’ എന്ന വാക്കിൽ അവസാനിപ്പിച്ച് എഴുതി നിറച്ചു. അങ്ങനെ സർവ്വത്ര ആശയക്കുഴപ്പം സൃഷ്ടിച്ച ശേഷം അവർ സസുഖം ഉറങ്ങുകയും ചെയ്തു! സാമൂഹമാധ്യമങ്ങളിൽ നിറം പിടിപ്പിച്ച കഥകൾ നിറഞ്ഞു. പതിവു പോലെ സാമൂഹമാധ്യമബുദ്ധിജീവികൾ രണ്ടും മൂന്നും വിഭാഗങ്ങളായി പിരിഞ്ഞ് ഓൺലൈനിൽ ഘോരയുദ്ധം നടത്തി.

ഗുരുവിനെ രഹസ്യപോലീസ് തടങ്കലിൽ ആക്കിയിരിക്കുകയാണെന്നും ഏതോ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ നടന്നു കൊണ്ടിരിക്കുകയാണെന്നും അവിശ്വാസികളായ ഒരു ന്യൂനപക്ഷം ആത്മാർത്ഥമായി വിശ്വസിച്ചു. ഗുരുവിനെ അന്വേഷിച്ച് അനുയായികളും ആരാധകരും നാലുപാടും യാത്ര ചെയ്തു. ആഴ്ച്ചകൾ കഴിഞ്ഞു, മാസങ്ങൾ കഴിഞ്ഞു. ഒടുവിൽ ആരുമറിയാതെ അന്വേഷണം അവസാനിച്ചു. എങ്കിലും ഗുരു ഒരു വിസ്മയമായി തന്നെ തുടർന്നു. കാണുന്നതിനേക്കാൾ വിശ്വാസം കാണാത്തതിനെ കുറിച്ചാണല്ലോ! ഗുരുവിന്റെ പേരിൽ ആരാധനാലയങ്ങൾ ഉയർന്നു. കോടിക്കണക്കിന്‌ രൂപ അതിന്റെ നിർമ്മാണത്തിനായി സംഭരിച്ചു. ഉയർന്നു വന്ന ക്ഷേത്രത്തിനു മുന്നിൽ പട്ടിണിപ്പാവങ്ങൾ കൈകൂപ്പി നിന്ന് എക്കാലത്തേയും പോലെ അത്ഭുതത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എല്ലാവരും അടുത്ത അത്ഭുതഗുരുവിന്റെ വരവും പ്രതീക്ഷിച്ച് താടിക്ക് കൈയ്യും കൊടുത്ത് ഇരുപ്പായി. അത്ഭുതങ്ങൾ കാണിക്കാനും തങ്ങളെ നയിക്കാനും നേർവഴി നടത്താനും ഉപദേശിക്കാനും കെൽപ്പുള്ള ഒരു അവതാരപ്പിറവിയുടെ വരവ് അവർ സ്വപ്നം കണ്ടു കൊണ്ടിരിക്കുകയാണ്‌...



Post a Comment