Saturday, 30 November 2013

സന്ദർശനം


സ്റ്റീൽ കലത്തിനുള്ളിൽ മരിച്ചീനി കഷ്ണങ്ങൾ തിളച്ചടങ്ങി കഴിഞ്ഞിരുന്നു. തടി തവി കൊണ്ടവയെ നോവിക്കാത്ത വിധം ഒന്നു രണ്ടു വട്ടം തട്ടിയും കുത്തിയും നോക്കി അവൾ തൃപ്തിപ്പെട്ടു. നല്ല പഞ്ഞി പരുവം. 'ആർക്കേലും വേണ്ടി വെച്ചാ നന്നായി വരും. എന്നാ സ്വന്തായിട്ട്‌ കഴിക്കാൻ വെച്ചാലോ, ഒട്ടും നന്നാവത്തുമില്ല' ലക്ഷ്മി ആരോടെന്നില്ലാതെ അഭിപ്രായപ്പെട്ടു കൊണ്ട്‌ മൂന്നു പച്ചമുളക്‌ കലത്തിലേക്ക്‌ നെടുകെ കീറിയിട്ടു, വെളിച്ചെണ്ണ കൊണ്ടൊരു വൃത്തവും വരച്ച്‌ അടപ്പെടുത്തു വെച്ചു.

'ഇതങ്ങനെ ആർക്കേലും വേണ്ടിയല്ല ലച്ചൂ..റോണി എന്റെ ഫ്രണ്ട്‌ മാത്രമല്ല, മനസ്സാക്ഷിസൂക്ഷിപ്പുക്കാരൻ കൂടിയാ..' മനോജ്‌ അവളുടെ അടുത്തേക്ക്‌ നടന്നു കൊണ്ട്‌ പറഞ്ഞു. തൊട്ടപ്പുറത്ത്‌ കൊടമ്പുളി ഇട്ട മീൻ കറി തിളച്ചു മറിയുന്നുണ്ട്‌.
'മനസ്സാക്ഷി ഉള്ളവർക്കല്ലേ സൂക്ഷിപ്പുകാരൻ!' അവൾ തിരിച്ചടിച്ചു.

അതിനു മറുപടി കൊടുക്കാൻ നിൽക്കാതെ അയാൾ വിരലുകൾ മടക്കാൻ തുടങ്ങിയിരുന്നു.
'അവനെ കണ്ടിട്ടിപ്പോ...'
'ഓ! നാല്‌ വർഷം!'
അതും പറഞ്ഞു മനോജ്‌ തന്റെ കണക്ക്‌ തെറ്റിയോ എന്നു സംശയിച്ച്‌ വീണ്ടും കൂട്ടാൻ തുടങ്ങി.
'നിർത്ത്‌ മനോജേട്ടാ..ഇതിപ്പോ കഴിഞ്ഞ ഒരാഴ്ചയായി ഈ ഒരു പേരു മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ.'.

ശരിക്ക്‌ പറഞ്ഞാൽ അവൾക്ക്‌ ചെറുതായി ദേഷ്യം തോന്നി തുടങ്ങിയിരുന്നു അതും ഇതു വരെ നേരിട്ട്‌ കാണാത്ത, റോണി എന്ന മനുഷ്യനോട്‌. റോണിയെ കുറിച്ച്‌ അപ്പപ്പോൾ പറഞ്ഞു കേട്ട കഥകൾ കൂട്ടിത്തുന്നിയുണ്ടാക്കിയ ഒരു ചിത്രം അവളുടെ മനസ്സിലുണ്ട്‌. എഞ്ചനീയറിംഗിന്‌ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ. വെറും സുഹൃത്തുക്കളല്ലെന്നു ഇരുവരും സമ്മതിച്ച്‌ കൊടുത്ത സുഹൃത്തുക്കൾ. നല്ലതും ചീത്തയുമായ ഒരു പാട്‌ കഥകളിലെ കഥാപാത്രങ്ങൾ. റോണി സാമ്പത്തികമായും മുന്നിട്ട്‌ നിൽക്കുന്ന ഒരു കുടുംബത്തിലെ രണ്ടാമത്തെ പുത്രൻ. ചങ്ങാതിമാർക്കായി ചങ്ക്‌ വരെ പറിച്ച്‌ കൊടുക്കുന്നവനെന്ന് മനോജിന്റെ സാക്ഷ്യം.

ലക്ഷ്മി തളർന്ന് ചെന്ന് മറൂൺ നിറമുള്ള സോഫയിലേക്ക്‌ സ്വയം വീണു. ഫാനിന്റെ കൈകൾ വീശിയെറിഞ്ഞ തണുത്ത കാറ്റ്‌ വിയർപ്പു പുരണ്ട കഴുത്തിനു കുളിർമ്മ പകർന്നു തുടങ്ങി. അവൾ പതിവു വിനോദമാരംഭിച്ചു. ജീവിതത്തിലെ മനോഹരമായ ഓർമ്മകൾ അയവിറക്കുക. അവളുടെ കവിതാക്കമ്പം മൂത്ത ഒരു സുഹൃത്തിന്റെ പഴയ ഒരു ഉപദേശത്തിന്റെ പരിണിത ഫലം. 'ജീവിതം ഒരു പിടി ഓർമ്മകൾ മാത്രമാണ്‌ പെണ്ണെ. അപ്പോൾ കഴിയുന്നതും നല്ല ഓർമ്മകൾ ശേഖരിക്കാൻ നോക്ക്‌. എന്നിട്ട്‌ ഒഴിവ്‌ വേളകളിൽ അതും അയവിറക്കിയിരിക്കുക. അതിനു മാത്രമെ ജീവിതത്തിനൊരു അർത്ഥം തരാൻ പറ്റൂ'. ലതികയുടെ വാക്കുകൾ. കേട്ട അടുത്ത നിമിഷം മുതൽ അതൊരു വേദവാക്യമായി അവളതുള്ളിൽ സ്വീകരിച്ചു വെച്ചിരുന്നു. അതൊരു മന്ത്രമായി പോലും അവൾക്ക്‌ തോന്നാറുണ്ട്‌. ഒഴിവു വേളകളിൽ ലതികയുടെ ഈ മന്ത്രവാക്യം ചെവിയിൽ വീണ്ടും കേൾക്കാറുണ്ടവൾ. അപ്പോഴൊക്കെ അവളറിയാതെ മറ്റൊരു പിടി കാര്യങ്ങളിലേക്ക്‌ ചിന്ത നീണ്ടു പോകും. ജീവിതത്തിലെ അപ്രതിക്ഷീതവും അവിചാരിതവുമായ നിരവധി സംഭവങ്ങൾ..അതെല്ലാം അദൃശ്യമായ ഏതോ ഒരു നൂലിഴ കൊണ്ട്‌ പരസ്പരം ബന്ധിക്കപ്പെട്ടിട്ടില്ലേ എന്ന സംശയം.. അല്ലെങ്കിലെങ്ങനെയാണ്‌ ഒരിക്കൽ പിടി വിട്ടു പോയെന്നു തോന്നിപ്പിച്ച ജീവിതം വീണ്ടും ശരിയായ വഴിയിലേക്ക്‌ തിരിച്ചു വന്നത്‌?. പാളം തെറ്റിയോടുന്ന തീവണ്ടികൾ ഒരിക്കലും തിരിച്ച്‌ പാളത്തിലേക്ക്‌ തിരിച്ചു കയറാറില്ലല്ലോ..ജീവിതത്തിന്റെ തീവണ്ടിയൊഴിച്ച്‌. ഭാഗ്യത്തിന്റെ അളവുകോലുകൾ ആരാണ്‌ നിശ്ചയിക്കുന്നത്‌?..ആർക്കാണതിന്റെ അധികാരം?. താനീയിടെയായി കുറച്ചധികം ദാർശനിക ചിന്തകളിലേക്ക്‌ വഴുതി വീഴുന്നോ?. കുട്ടികൾ ഉണ്ടാകാനുള്ള താമസമോ തടസ്സമോ - ഏതാണ്‌ ദാർശനിക ചിന്തകളുടെ വിത്തുകൾ പാകുന്നത്‌?. അച്ഛന്റെ അപ്രതീക്ഷിതമായ വേർപാട്‌. ദേവദൂതനെ പോലെ വന്ന മനോജേട്ടൻ. ഭാഗ്യനിർഭാഗ്യങ്ങളുടെ ഇഴകൾ എത്ര ദുർബ്ബലവും നേർത്തതുമാണ്‌!. തന്റെ ചിന്തകളെ സ്വീകരിക്കുകയും തന്റെയൊപ്പം ചിന്തിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ ലഭിക്കുക. അതൊരു ഭാഗ്യം. ഒരു പക്ഷെ അമ്മയുടെ പ്രാർത്ഥനകളുടെ ഫലം.. അവളുടെ മുഖത്ത്‌ ഒരു മന്ദഹാസം നിറഞ്ഞു. കണ്ണടച്ചിരുന്ന് സ്വപ്നം കാണുന്ന അവളുടെ കവിളിലപ്പോൾ ഒരു മൃദുചുംബനം പതിഞ്ഞു.

കണ്ണു പാതി തുറക്കുമ്പോൾ കണ്ടത്‌ വസ്ത്രം മാറ്റി നിൽക്കുന്ന മനോജിനെയാണ്‌.
'നീയിനി കുറച്ച്‌ നേരം പോയി കിടന്നോ..അവന്റെ ഫ്ലയ്റ്റ്‌ എത്താനുള്ള സമയമായി..എന്റെ കൈയ്യിൽ താക്കൊലുണ്ടല്ലോ..ഞാൻ തുറന്നു കയറിക്കോളാം.'
കണ്ണടച്ച്‌ ചിരിച്ചു കൊണ്ടവൾ തലയാട്ടി.

ഒരു കുലുക്കിയുണർത്തലിലാണ്‌ പിന്നീട്‌ ലക്ഷ്മി കണ്ണു തുറന്നത്‌. മുറിയിൽ ലൈറ്റുകളെല്ലാം തെളിഞ്ഞിരിക്കുന്നു.
'അവനിതാ എത്തി..നീ മുഖമെല്ലാം ഒന്നു കഴുകി നല്ല സുന്ദരിക്കുട്ടിയായിട്ട്‌ വന്നെ.' മനോജിന്റെ ധൃതിയും ആവേശവും നിറഞ്ഞ ശബ്ദം.

ലക്ഷ്മി ശ്രദ്ധിച്ചു. റോണി.. അയാൾ മുൻപ്‌ മനോജ്‌ കാട്ടിത്തന്ന ഫോട്ടൊയിൽ നിന്നും ഒരു പാട്‌ മാറി പോയിരിക്കുന്നു. ഇപ്പോൾ നെറ്റിയിലേക്ക്‌ വീണു കിടക്കുന്ന ചുരുണ്ട മുടിയില്ല. പകരം ഒരു കറുത്ത കൂളിംഗ്ലാസ്‌ കഷണ്ടി മറയ്ക്കാനെന്ന വണ്ണം കയറ്റി വെച്ചിട്ടുണ്ട്‌. കവിളുകൾ ചീർത്തിട്ടുണ്ട്‌. റോണിയുടെ വയറിനെ കുറിച്ചുള്ള മനോജിന്റെ കമന്റുകൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. അയാൾ റോണിയുടെ വയർ ചൂണ്ടി നിർത്താതെ ചിരിച്ചു കൊണ്ടിരുന്നു.

'നീ അധികം ചിരിക്കണ്ട. ഒറ്റയ്ക്കായിരുന്നേൽ നീയും ഇങ്ങനെയൊക്കെ തന്നെ ആയേനെ..'
'ഏതായാലും നീ ഒന്നു കുളിച്ച്‌ ഫ്രഷായിട്ട്‌ വാ..നിന്റെ ഫേവറേറ്റ്‌ നാടൻ സാധനങ്ങളൊക്കെ സെറ്റപ്പാക്കി വെച്ചിട്ടുണ്ട്‌..തീറ്റയാണോ കുടിയാണോ ആദ്യം എന്നു മാത്രം പറഞ്ഞാൽ മതി'.
'അതു നീ എന്നോട്‌ ചോദിക്കണോ?!' കണ്ണിറുക്കി കാണിച്ചിട്ട്‌ റോണി അകത്തേക്ക്‌ പോയി.

അൽപ്പ സമയം കൊണ്ട്‌ തന്നെ ലക്ഷ്മിക്ക്‌ അവർ തമ്മിലുള്ള അടുപ്പം ബോദ്ധ്യമായി കഴിഞ്ഞിരുന്നു. ഇത്ര വർഷങ്ങൾ പിരിഞ്ഞിരുന്ന ഒരു ഭാവവും അവർക്കിടയിലുണ്ടായിരുന്നില്ല. റോണി ഇന്നു സിംഗപ്പൂരിൽ ഒരു കമ്പനിയിലാണ്‌ ജോലി ചെയ്യുന്നത്‌. തികഞ്ഞ അവിവാഹിതൻ. സ്വതന്ത്ര ജീവിതം.

കൊണ്ടു വെച്ച ലഹരിയുടെ മൂടികൾ തുറന്നു. ലക്ഷ്മി തന്നെയാണ്‌ അവർക്കായി വേണ്ട 'തൊട്ടു കൂട്ട്‌' സാധനങ്ങൾ ചെറിയ പോൾസ്ലെയിൻ കിണ്ണത്തിൽ നിറച്ചു കൊണ്ട്‌ വന്നത്‌. കുറച്ച്‌ നേരം അവരുടെ സംസാരത്തിൽ പങ്കു ചേർന്ന ശേഷമവൾ അകത്തേക്ക്‌ പോയി.

വാതിലിലൂടെ, ഇടനാഴിയിലൂടെ അവരുടെ സംസാര ശകലങ്ങൾ ഇടയ്ക്കിടെ നൂണ്ട്‌ അവളുടെ അടുത്തേക്ക്‌ വന്നു കൊണ്ടിരുന്നു. കുറച്ച്‌ നേരം കാതോർത്ത്‌ കേട്ട ശേഷം അവൾ വീണ്ടും ചിന്താവിനോദമാരംഭിച്ചു. മനോജേട്ടൻ റോണിയുടെ അടുത്ത്‌ മറ്റൊരാളെ പോലെയാണ്‌. എത്ര ഉത്സാഹവാനാണിപ്പോൾ. പതിവ്‌ ക്ഷീണ ഭാവങ്ങളോ, ശബ്ദം താഴ്ത്തിയ സംസാരങ്ങളോ അല്ലിപ്പോൾ. ഉറക്കെയാണ്‌ സംസാരിക്കുന്നത്‌. ഇടയ്ക്കിടെ ഉറക്കെ ചിരിക്കുന്നതും കേൾക്കാം.

മനോജ്‌ ഇടയ്ക്കിങ്ങനെ ചോദിക്കുന്നതവൾ കേട്ടു,
'നീയെന്താ പെണ്ണു കെട്ടാത്തത്‌?'
'ഓ, അതു ഞാൻ വീണ്ടും പറയണോ?. എന്റെ പോളിസി ഇപ്പോഴും പഴേത്‌ തന്നാ..ചായ..തേയിലത്തോട്ടം..വല്ലപ്പോഴും ചായ കുടിച്ചാൽ പോരെ മോനെ?'.
അവരുടെ ചിരി ശബ്ദം ഉയരുന്നതവൾ കേട്ടു.

സംസാരം പഴയ സുഹൃത്തുക്കളിലേക്കും, പണ്ടു ചെയ്തു കൂട്ടിയ വിക്രസ്സുകളിലേക്കും, കാമുകി കഥകളിലേക്കും നീണ്ടു. പിന്നെ സിംഗപ്പൂർ നഗരത്തിന്റെ വർണ്ണ പൊലിമകൾ, കേരളത്തിലെ, വൃത്തികേട്‌ അലങ്കാരമാക്കിയ റോഡുകൾ, കളി പഠിച്ച രാഷ്ട്രീയക്കാർ, പല നിറമെങ്കിലും അധികാരമെന്ന ഒരേ ലക്ഷ്യത്തിനു നേർക്കു മാത്രം നിർത്താതെ വീശുന്ന കൊടികൾ..അവർ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ഒരു രാത്രി കൊണ്ട്‌ തന്നെ വർഷങ്ങളുടെ സംസാരം മുഴുവനും ആർത്തി പിടിച്ച്‌ പങ്കിടാനുള്ള ആവേശം ഇരുവരുടെയും ശബ്ദത്തിലുണ്ടായിരുന്നു.

റോണിയുടെ ചോദ്യമാണ്‌..
'നീ ഇപ്പോഴും റഷ്യേ തന്നെ?!. നീയും എന്നെ പോലെ മാറ്റി പിടിച്ചില്ലേ?'
'ഇല്ല സഖാവെ!..റഷ്യ ഇല്ലാതായാലും വോഡ്ക ഇല്ലാതാവാതിരുന്നാൽ മതി..'
ഒരു നിമിഷത്തെ മൗനത്തിനു ശേഷം,
'നിനക്ക്‌... കുഞ്ഞുങ്ങളൊന്നുമായില്ലേ?' പെട്ടെന്തോ ഓർത്തെടുത്ത പോലെ റോണി ചോദിച്ചു.
'എന്താ പെട്ടെന്നങ്ങനെ ചോദിക്കാൻ?'
'വോഡ്ക കഴിച്ചാ ശുഷ്ക്കാന്തി കുറയൂടാ.'
'ശരിക്കും?!!'
'ഉം...' റോണിയുടെ ശബ്ദത്തിൽ ഒരു ജ്ഞാനിയുടെ ഗൗരവം നിറഞ്ഞു..
'അപ്പോ റഷ്യേ തള്ളി പറയണോ?' വീണ്ടുവിചാരം നിറഞ്ഞ മനോജിന്റെ ചോദ്യം..
...

റഷ്യൻ മദ്യത്തിന്റെ നിരപ്പ്‌ താഴ്‌ന്ന് തുടങ്ങിയപ്പോൾ ഓർമ്മകളുടെ താഴ്ച്ചയിലേക്ക്‌ ലഹരി തെളിച്ച പടവുകളിലൂടെ അവരിരുവരും ഇടറിയ കാലുകളോടെ നടന്നു തുടങ്ങി.

സംസാരത്തിനിടയിൽ പലവട്ടം ശബ്ദം ലോപിച്ചു പോകുന്നതും തൊട്ടടുത്ത നിമിഷം പൊട്ടിച്ചിരി ഉയരുന്നതും ലക്ഷ്മി ശ്രദ്ധിച്ചു. എന്തു രഹസ്യമാ ഇവരിങ്ങനെ തമ്മിൽ പറഞ്ഞു കൊണ്ടിരിക്കുന്നത്‌?. ഇനി തന്നോട്‌ പറയാത്ത വല്ല രഹസ്യവുമാണോ? ആണുങ്ങളല്ലേ? അവർക്കും രഹസ്യങ്ങളുണ്ടാവും. അല്ലെൽ തന്നെ ആർക്കാ രഹസ്യങ്ങളില്ലാത്തത്‌?. അതു രഹസ്യമായി ഇരിക്കുന്നിടത്തോളം കാലം അതിനെ രഹസ്യം എന്നു തന്നെ വിളിക്കണം.

കുറെ നേരം കഴിഞ്ഞു മനോജിന്റെ നീണ്ട വിളി വന്നപ്പോഴാണ്‌ ലക്ഷ്മി വീണ്ടും മുറിയിലേക്ക്‌ ചെന്നത്‌. തൊട്ട്‌ കൂട്ട്‌ പാത്രം നക്കി വെച്ച പോലെ വെടിപ്പായിരിക്കുന്നു. ഇടുപ്പിൽ കൈ കുത്തി നിന്ന് രണ്ടു പേരേയും നോക്കി ഒന്നമർത്തി മൂളിയ ശേഷം അവളകത്തേക്ക്‌ കിണ്ണങ്ങളുമായി പോയി.

അവൾ തിരിച്ചു വരുമ്പോൾ അവർ രാഷ്ട്രീയത്തിലെ പുതിയ തലമുറയുടെ നീതികഥകൾ കീറി മുറിച്ചവലോകനം ചെയ്യുകയായിരുന്നു. ശക്തമായ അഭിപ്രായങ്ങൾ വായുവിൽ ചീറി പായുന്നതിന്റെ ചൂട്‌. ലക്ഷ്മി മനോജിന്റെ ഇതു വരെ കാണാത്ത ഒരു സുന്ദര മുഖം ആസ്വദിക്കുകയായിരുന്നു. എന്നത്തേലും സന്തോഷവാനാണ്‌. ഒരു സംതൃപ്തി ആ മുഖത്ത്‌ നിറഞ്ഞു നിൽക്കുന്നുണ്ട്‌. അവളിരുവരേയും നോക്കി. ചുവന്നു തുടങ്ങിയ കണ്ണുകളുമായി രണ്ടു പേർ!.

റോണി മനോജിന്റെ പൂർവ്വകാല വീരകൃത്യങ്ങൾ ആവേശപൂർവ്വം ഉറക്കെ അയവിറക്കാൻ തുടങ്ങി. ശരിക്കും വീര കഥകൾ. കരളുറപ്പുള്ള സ്നേഹിതന്റെ ആത്മാർത്ഥതയുടെ മുദ്രണമുള്ള കഥകൾ. പലതും അവിശ്വസനീയമായി തോന്നി ലക്ഷ്മിക്ക്‌. താനറിയുന്ന മൃദുമനസ്ക്കനായ മനോജേട്ടനെവിടെ? റോണിയുടെ കഥകളിൽ നിറഞ്ഞു നിൽക്കുന്ന വീരപുരുഷനെവിടെ?.

റോണി, വോഡ്കയുടെ ഗന്ധം പുതച്ച വാക്കുകളെ പുറത്തേക്കെറിഞ്ഞു കൊണ്ടിരുന്നു..
"..ഇനി ലക്ഷ്മിയോട്‌ ഒരു കാര്യം പറയാം. ഇവനീ കാണുന്ന പോലെയൊന്നുമല്ലായിരുന്നു പണ്ട്‌. ഇവനായിരുന്നു നമ്മുടെയൊക്കെ നേതാവ്‌. ഇവനല്ലേ നേതാവ്‌!. എന്തൊക്കെ കഥകളുണ്ടെന്നോ?. വല്ലോം ഇവൻ പറഞ്ഞു തന്നിട്ടുണ്ടോ?'.

'അതെങ്ങനെയാ?.. ഞാൻ പറഞ്ഞാ എന്റെ പെണുമ്പിള്ള വല്ലോം വിശ്വസിക്കോ?. ഇവൾക്കെങ്ങനെയറിയാം നമ്മുടെ പഴയ വീര കഥകള്‌?..നീ കുറച്ച്‌ സാമ്പിൾ ഇറക്കിക്കെ!' അഭിമാനം കലർന്ന അഹന്തയോടതു പറഞ്ഞിട്ട്‌ മനോജ്‌ കാല്‌ നീട്ടിയിരുന്നു. ലക്ഷ്മി അപ്പോഴാണ്‌ മനോജിനെ ശ്രദ്ധിച്ചത്‌. അഴിഞ്ഞു തുടങ്ങിയ കൈലി എങ്ങനെയോ ഇടുപ്പിൽ ചുരുട്ടി വെച്ചിട്ടുണ്ട്‌. കാലുകൾക്ക്‌ നടുവിലാണ്‌ മിക്സർ പാത്രത്തിന്റെ സ്ഥാനം. ഇടതു കൈയ്യിൽ ഒരു ബീർ കുപ്പിയും വലതു കൈയിൽ ഗ്ലാസും. അന്നേ വരെ കാണാത്ത ആ പ്രത്യേക പോസ്‌ കണ്ട്‌ അവൾക്ക്‌ ചിരി വന്നു.

റോണി തുടർന്നു. കുഴഞ്ഞ നാവിൽ നിന്ന് വക്ക്‌ തേഞ്ഞ വാക്കുകൾ പുറത്തേക്ക്‌ വീണ്‌ തുടങ്ങി. സോഫയിൽ ചാരിയാണിരിക്കുന്നെങ്കിലും ഏതു നിമിഷം വേണമെങ്കിലും താഴെ വീണു പോകാവുന്ന അവസ്ഥയിലായിരുന്നു അയാൾ.
'പണ്ട്‌..പണ്ടെന്ന് പറഞ്ഞാൽ ഒരു ഏഴ്‌..എട്ട്‌ വർഷമാവും..അല്ലേടാ?.. നമ്മളൊക്കെ ചേർന്നൊരു വണ്ടി തടഞ്ഞതാ..വഴിതടയൽ സമരം..ഒരു ബസ്സ്‌ മാത്രം നിർത്തീല്ല..ഇവൻ..ഈ ഭയങ്കരനുണ്ടല്ലോ..അവനൊരു കല്ലെട്‌ ഒരൊറ്റ്‌ കീച്ച്‌..കോതമംഗലത്തേക്ക്‌ പോകുന്ന വണ്ടീന്ന് മാത്രം ഇപ്പോ ഓർമ്മയുണ്ട്‌..അതേലിരുന്ന ഒരു മൂപ്പിലാന്റെ തലയ്ക്ക്‌ തന്നെ കൊണ്ട്‌..പാവം ആ അമ്മാവൻ..അങ്ങേരാണേൽ എടുത്തോണ്ട്‌ പോണ വഴി തന്നെ തട്ടി പോയി!..അത്രേ ആയുസ്സുള്ളൂ..എന്താ ഇവന്റെ ഉന്നം!'

മനോജ്‌ എന്തോ ഇടയ്ക്ക്‌ പറയാൻ കൈയുയ്യുർത്തിയതായിരുന്നു. പക്ഷെ കൈ കുഴഞ്ഞ്‌ താഴ്‌ന്നു.

ഒരിറക്ക്‌ കഴിഞ്ഞ്‌ റോണി വീണ്ടും പറഞ്ഞു തുടങ്ങി..
'അറിയോ അന്ന് ഇവനൊരു ഡയലോഗടിച്ചതാ..ആ മൂപ്പിലാന്‌ വല്ല പെൺമക്കളുമുണ്ടേൽ പോയി വളച്ചു കെട്ടുമെന്ന്..അതാണിവൻ..ഭയങ്കര സെന്റിയാ..അതും പറഞ്ഞ്‌ അന്ന്‌ ഈ ദുഷ്ടൻ എത്ര കുപ്പി കള്ളാ എന്റെ ചിലവിൽ കുടിച്ചെന്നറിയോ?..ഈ കഥ വല്ലോം ഇവൻ പറഞ്ഞിട്ടുണ്ടൊ?...എവിടെ അല്ലേ?..'

അതു കേട്ട്‌ മനോജിന്റെ നേർക്ക്‌ ലക്ഷ്മി നോക്കുമ്പോൾ അവളുടെ മുഖം വിളറി വെളുത്തിരുന്നു. വിറയലു ബാധിച്ച, അവൾക്ക്‌ തന്നെ അപരിചിതമായ ശബ്ദത്തിൽ അവൾ പറഞ്ഞു..
'അപ്പോ മനോജേട്ടനാണൊ അന്നെന്റെയച്ഛനെ..'
പൊട്ടി തുടങ്ങിയ കരച്ചിലിനെ മൂടി പിടിച്ച്‌ അവൾ ഉള്ളിലെ മുറിയിലേക്ക്‌ പാഞ്ഞു.

റോണി ഒന്നും മനസ്സിലാവാതെ മനോജിന്റെ നേർക്കും, ലക്ഷ്മി കയറി പോയ അകത്തെ മുറിയുടെ വാതിക്കലേക്കും മാറി മാറി നോക്കി. രണ്ടു മൂന്നു വട്ടം തളർന്നടഞ്ഞ കൺപോളകളെ കഷ്ട്ടപ്പെട്ട്‌ തുറന്നു പിടിച്ചു. മുകളിൽ കിടന്ന് കറങ്ങുന്ന ഫാനിലേക്ക്‌ നോക്കി അയാൾ എന്തൊക്കെയോ കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കഴുത്ത്‌ അതനുസരിക്കാതെ അയാളുടെ മുഖം താഴേക്ക്‌ നയിച്ചു.

പെട്ടെന്ന് പരമ സത്യം ഗ്രഹിച്ചവനെ പോലെ റോണിയുടെ കണ്ണുകൾ വിടർന്നു. അത്യാഹ്ലാദത്താൽ അയാൾ 'കൂയ്‌!!' എന്നു നാട്ടിൻപുറത്തെ മീൻ കച്ചവടക്കാരെ പോലെ നീട്ടി കൂവി.
'നീ ഭയങ്കരനാടാ..നീയാണ്‌ ഭയങ്കരൻ!.. പറഞ്ഞ പോലെ തന്നെ ചെയ്തു കളഞ്ഞല്ലോ!!..നിന്നെ സമ്മതിച്ചെടാ!..അതു കലക്കി!'. ഉന്മാദത്തിലേക്ക്‌ വഴുതി വീണ റോണി ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി. അയാൾ പിന്നേം എന്തൊക്കെയോ പുലമ്പുകയും ഗ്യാലറിയിലിരുന്ന്‌ കളി കാണുന്ന ആവേശം നിറഞ്ഞ, ഒരു കാണിയെ പോലെ കൈയ്യടിക്കുകയും ചെയ്തു കൊണ്ടിരുന്നു..

കുടിച്ചതെല്ലാം മനോജിന്റെ മുഖത്ത്‌ വിയർപ്പുകണങ്ങളായി നിറഞ്ഞു കഴിഞ്ഞിരുന്നപ്പോൾ. തല കുമ്പിട്ട്‌, കാഴ്ച്ച നഷ്ടപ്പെട്ടവനെ പോലെയിരുന്ന അയാൾക്കു ചുറ്റും ഇരുട്ടിന്റെ കട്ടി കൂടിയ പാളികൾ ഒന്നൊന്നായി വന്നടഞ്ഞു.

ഉള്ളിലേതോ മുറിയിൽ നിന്ന് അടക്കി പിടിച്ച തേങ്ങലുകൾ ഉയർന്നു തുടങ്ങിയിരുന്നു. ചെവി നിറയെ തേങ്ങലുകളുടെ ശബ്ദം നിറഞ്ഞപ്പോൾ, മനോജ്‌ ഇടതു കൈയ്യിലിരുന്ന ബിയറിന്റെ കുപ്പി വായ്ക്കുള്ളിലേക്ക്‌ കമഴ്ത്തി.

Post a Comment