Thursday, 10 October 2019

കുറ്റവും ശിക്ഷയും


ഗുരു നിർമ്മലചിത്തനായിരുന്നു.
വാക്ക് കൊണ്ടു പോലും ആരേയും നോവിപ്പിക്കാത്തവൻ.
ഒരു ദിവസം.
ഗുരുവും ശിഷ്യനും നദീതീരത്തിലൂടെ നടക്കുകയായിരുന്നു.
ഒരുപാട് നാളായി ചോദിക്കണമെന്ന് കരുതിയ ചോദ്യം ശിഷ്യൻ ചോദിച്ചു,
‘ഗുരോ, ഗുരു എന്നെങ്കിലും ഏതെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ?’
ഗുരു ശാന്തമായി മറുപടി പറഞ്ഞു.
‘ഉണ്ടല്ലോ’
‘എന്നിട്ടതിനു ശിക്ഷ കിട്ടിയോ?’
‘കിട്ടിയല്ലോ’
ശിഷ്യനു ആകാംക്ഷയായി.
‘എന്തു ശിക്ഷ?’
‘ഏതെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യം കേൾക്കേണ്ടി വരുന്നത് ഒരു ശിക്ഷയാണ്‌’
‘ഗുരു ചെയ്ത കുറ്റമെന്തായിരുന്നു?’
‘എന്റെ ഗുരുവിനോടും ഞാൻ ഇതേ ചോദ്യം ചോദിച്ചിരുന്നു’
ഗുരു ശാന്തനായി തീരത്ത് കൂടി നടന്നു.
പിന്നാലെ ശിഷ്യനും.

Post a Comment

Wednesday, 9 October 2019

മുറിക്കകത്തെ തേനീച്ച


എങ്ങനെയോ മുറിക്കകത്ത് ചെന്നു പെട്ട തേനീച്ച പറന്നു കൊണ്ടേയിരുന്നു. മുറിയിൽ അവിടെയുമിവിടേയും പൂക്കൾ കണ്ടു ചെന്ന തേനീച്ച നിരാശപ്പെട്ടു. എല്ലാം പ്ലാസ്റ്റിക് പൂക്കൾ!. പെട്ടെന്ന് മുറിയിൽ ഒരു പൂവ് പ്രത്യക്ഷമായി. തേനീച്ച പ്രതീക്ഷയോടെ, കൊതിയോടെ, ആകാംക്ഷയോടെ പൂവിന്റെ അടുത്തേക്ക് പറന്നു.
ഹോ! ഒരു യഥാർത്ഥ പൂവ്!
ആഹ്ളാദത്തോടെ അതു പൂവിന്റെ ഇതളിലിരുന്നു.
പൂവിന്റെ ഉള്ളിലേക്ക് പതിയെ..
പെട്ടെന്നാണ്‌ തേനീച്ചയുടെ പുറത്ത് ഒരു പ്ലാസ്റ്റിക് കൈ വന്നു പതിച്ചത്.
‘കണ്ടാ, ഞാൻ പറഞ്ഞില്ലെ? അതിനെ പിടിച്ചു തരാമെന്ന്?!’
തേനീച്ച കേട്ടു,
അവ്യക്തമാകുന്ന മനുഷ്യശബ്ദങ്ങൾ..
അവ്യക്തമാകുന്ന കൈയ്യടി ശബ്ദങ്ങൾ..

Post a Comment

സ്വപ്നം വ്യാഖ്യാനിക്കുന്നതിനിടയിൽ..


അയാൾ സ്വപ്നം കാണുകയായിരുന്നു.
ആൾക്കൂട്ടത്തിനിടയിലൂടെ തള്ളിത്തിരക്കി ചെല്ലുന്നത്..
കൂട്ടത്തിനു നടുവിൽ നിൽക്കുന്നയാളെ പിന്നിൽ നിന്നും കുത്തുന്നത്..
ആൾക്കൂട്ടം മുഴുക്കെയും അയാളെ വളഞ്ഞ് ആക്രോശിക്കുന്നത്..
അപ്പോഴാണയാൾ ശ്രദ്ധിച്ചത്..
ആൾക്കൂട്ടത്തിലെ ആളുകൾക്കെല്ലാവർക്കും തന്റെ മുഖമാണ്‌!
താഴെ വീണു കിടന്ന് പിടയുന്ന ആൾക്കും തന്റെ മുഖമാണ്‌!
അയാൾ ഞെട്ടിയുണർന്നു.
അപ്പോഴാണ്‌ മുതുകിൽ ഒരു തണുപ്പനുഭവപ്പെട്ടത്..
മുറിയുടെ വാതിലിലൂടെ ആരോ ഓടി പോകുന്ന ശബ്ദം അവ്യക്തമായി കേട്ടത്..


Post a Comment

കവിതയും ഗവിതയും


കവിതയ്ക്ക് ഗവിതയോട് നല്ല ദേഷ്യം തോന്നി.
കൂടുതൽ പേരും ഇപ്പോൾ എഴുതുന്നത് ഗവിതയാണ്‌.
ഗവിത എഴുതുന്നവർക്കാണ്‌ പേരും പെരുമയും.
കവിതയ്ക്ക് അസൂയയും കോപവും സഹിക്കാൻ കഴിയുന്നില്ല.
അതു കൊണ്ടാണ്‌ ഗവിതയെ കണ്ടുമുട്ടിയപ്പോൾ കണക്കിനു വഴക്ക് പറഞ്ഞത്. അതും നല്ല ഗദ്യത്തിൽ തന്നെ. ദേഷ്യം മുഴുക്കെയും പറഞ്ഞു തീർത്തു.
ഗവിതയ്ക്ക് സങ്കടം സഹിക്കാനായില്ല. ഗവിത കരയാൻ തുടങ്ങി.
കരച്ചിലോടു കരച്ചിൽ..
ഏങ്ങിയേങ്ങിയുള്ള കരച്ചിൽ..
അപ്പോഴാണ്‌ കവിത ശ്രദ്ധിച്ചത്,
കരച്ചിലിന്റെ താളം..
ഒരേ താളത്തിൽ..വൃത്തനിബിദ്ധമായ കവിത പോലെ..

Post a Comment

യഥാർത്ഥ കുറ്റവാളി


ഇന്നലെയാണയാളെ ജയിലിൽ നിന്നും വിട്ടയച്ചത്. വർഷങ്ങളോളം അതായിരുന്നു അയാളുടെ വാസസ്ഥലം. നിരപരാധിത്വം തെളിഞ്ഞത് കൊണ്ട് വിട്ടയച്ചതാണ്‌. യഥാർത്ഥ കുറ്റവാളിയെ പിടികൂടിയത് ഈയിടെയാണ്‌. ശരിയായ തെളിവുകളുടെ ആധാരത്തിൽ തന്നെ.

ജയിൽ നിന്നും ഇറങ്ങിയ അയാൾ താൻ മുൻപ് താമസിച്ചിരുന്നിടത്തേക്ക് പോയി. അവിടെ തന്റെ വീട്ടിൽ ഇപ്പോൾ മറ്റാരോ താമസമാക്കിയിരിക്കുന്നു.
ഭാര്യ?
കുഞ്ഞ്?
അവർ വീടും പറമ്പും വിറ്റ് എങ്ങോട്ടോ പോയിരിക്കുന്നു. ആർക്കും അയാളെ കാണണ്ടായിരുന്നു. ഭീകരമായ കൃത്യം ചെയ്ത അയാളെ ആർക്കും ആവശ്യമായിരുന്നില്ല. ക്ഷീണവും പ്രായവും കാരണം അയാളിപ്പോൾ ജോലി ചെയ്യാൻ കൂടി വയ്യാത്ത അവസ്ഥയിലായിരിക്കുന്നു.

ഇനി എവിടെക്കാണ്‌..?
ഇനി എങ്ങനെയാണ്‌..?
തല ചായ്ക്കാൻ ഒരിടം?
ഭക്ഷണം?
ജയിലിൽ സുരക്ഷിതത്വമുണ്ടായിരുന്നു. പോലീസുകാരുടെ കാവൽ..
സമയത്തിനു രുചിയുള്ള ഭഷണമുണ്ടായിരുന്നു..ചപ്പാത്തി..കോഴിക്കറി..
ചെയ്യുന്ന ജോലിക്ക് തുച്ഛമെങ്കിലും കൃത്യമായി വേതനം ലഭിക്കുമായിരുന്നു..
ഇനി?.
ചിന്തകളുടെ കെട്ടഴിച്ചു കഴിഞ്ഞപ്പോൾ അയാൾ ഒരു പാറക്കല്ലെടുത്ത് ബസ്സിനു നേർക്കെറിഞ്ഞു.
അങ്ങനെ, ആ നിമിഷമാണയാൾ യഥാർത്ഥ കുറ്റവാളി ആയത്..Post a Comment

അന്നദാനം


‘അന്നദാനം കൃത്യം പന്ത്രണ്ടിനു തന്നെ ആരംഭിക്കുന്നതാണ്‌!!’
കവലയിലെ അമ്മൻ കോവിലിലെ ഉത്സവത്തിന്റെ അവസാനദിവസം ഈ അനൗൺസ്മെന്റ് ഉച്ചത്തിൽ അവിടെങ്ങും മുഴങ്ങി.
വിശന്നു വന്ന ഒരു യാചകനും അതു കേട്ടു. പാലത്തിനു താഴെയുള്ള ചായ്പ്പിൽ തങ്ങുന്ന തന്റെ കൂടപ്പിറപ്പുകളേയും, ചങ്ങാതികളേയും അറിയിക്കണം. വയ്യാത്ത കാലും വെച്ച്, ഏന്തി വലിഞ്ഞ്, വടിയും കുത്തി അയാൾ വേഗത്തിൽ നടന്നകന്നു.

എല്ലാവരേയും കൂട്ടി തിരികെ എത്തിയപ്പോൾ അയാൾ കണ്ടു,
എച്ചിലിലകൾ വഴിവക്കിൽ കൂട്ടിയിട്ടിരിക്കുന്നത്..
പട്ടുസാരി ചുറ്റിയവരും, അരക്കെട്ടിൽ മേദസ്സ് നിറഞ്ഞവരും, ബൈക്കിൽ അതു വഴി വന്ന വിദ്യാർത്ഥികളും കൈ കഴുകി തുടയ്ക്കുന്നത്..
ഭക്ഷണം കഴിച്ചവർ ബൈക്കിലും കാറിലുമായി പിരിഞ്ഞു പോയി തുടങ്ങി. ഭാരവാഹികളുടെ മുഖത്തും സന്തോഷം. ഭക്തർ വന്ന് അന്നദാനം വൻവിജയമാക്കിയിരിക്കുന്നു!.
വയറമർത്തി പിടിച്ച യാചകകൂട്ടം എച്ചിലിലകളിലേക്ക് നോക്കി നിന്നു..
പതിവ് പോലെ..

Post a Comment

കാവൽനായ


മുൻപ്രവാസിയും, വിഭാര്യനുമായ അയാളുടെ താമസം ഒറ്റയ്ക്കാണ്‌. വർഷങ്ങൾ അധ്വാനിച്ച് സ്വരൂപിച്ച പണം കൊണ്ടുണ്ടാക്കിയ വലിയ മാളികയിൽ താമസിക്കുന്ന അയാൾക്ക് കൂട്ട് ടാർസൻ എന്ന നായയാണ്‌. ടാർസനെ കെട്ടിയിട്ടാണ്‌ വളർത്തുന്നത്. അയാൾ താൻ കഴിക്കുന്നതിന്റെ ബാക്കിയാണ്‌ അവനു കൊടുത്തിരുന്നത്. ഇടയ്ക്കിടെ അയാളവനെ നടക്കാൻ കൊണ്ടു പോകും. അപ്പോഴും അവന്റെ കഴുത്തിലെ ബെൽറ്റിൽ നിന്നും നീണ്ടു കിടക്കുന്ന ചരടിൽ അയാൾ മുറുക്കെ പിടിച്ചിട്ടുണ്ടാവും. അങ്ങോട്ടുമിങ്ങോട്ടും അവനപ്പോഴും ഇഷ്ടം പോലെ സഞ്ചരിക്കാനാവില്ല. രാത്രി കാവൽ ടാർസനെ ഏൽപ്പിച്ചിട്ട് അയാൾ സുഖമായി ഉറങ്ങും. ഇതാണ്‌ പതിവ്. കള്ളന്മാർ വന്നാൽ ടാർസൻ കുരച്ചുണർത്തുമെന്നയാൾക്ക് ഉറപ്പാണ്‌. മുൻപ് ചില രാത്രികളിൽ ശബ്ദങ്ങൾ കേട്ട് അയാൾ ഉണരുമായിരുന്നു. അപ്പോഴയാൾ ടാർസൻ കുരയ്ക്കുന്നത് കേട്ട് പുറത്തേക്ക് ജനാലവിരി മാറ്റി നോക്കും. ആരോ തന്റെ പറമ്പിൽ കയറുന്നുണ്ട്!. ഉണങ്ങിയ ഇലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേൾക്കുന്നതായി തോന്നിയോ?. അയാൾ ജനാല തുറന്ന് ടോർച്ചടിച്ച് നോക്കും. എന്നാൽ ഈയിടെയായി ടാർസൻ കുരയ്ക്കുന്നത് നിർത്തിയിരിക്കുന്നു. ഇപ്പോഴെല്ലാം സുരക്ഷിതമാണ്‌. അയാൾ സ്വസ്ഥതയോടെ, സമാധാനത്തോടെയാണിപ്പോൾ ഉറങ്ങുന്നത്.

ഒരു രാത്രി വെള്ളം കുടിക്കാൻ എഴുന്നേറ്റ അയാൾ പുറത്ത് ചില ശബ്ദങ്ങൾ കേട്ടു. ആരോ പറമ്പിലുണ്ട്!. ഉറപ്പ്!. എന്നിട്ട് ടാർസനെന്തേ..?. അയാൾ ടോർച്ചുമായി പുറത്തിറങ്ങി. ടാർസനെ കെട്ടിയിട്ടിരുന്നിടത്ത് ചെന്നു നോക്കി. അവിടെ ടാർസൻ ഉണ്ടായിരുന്നില്ല!. കയർ മാത്രം!. ടാർസനെ ആരോ അഴിച്ചു വിട്ടിരിക്കുന്നു!. തനിയെ അവനു അതിൽ നിന്നും തലയൂരാനാവില്ല. താൻ അത്രയ്ക്കും നന്നായിട്ടാണ്‌ കെട്ടിയത്. അയാൾ ടോർച്ച് തെളിച്ച് വീടിനു ചുറ്റും പരിശോധിക്കാൻ തീരുമാനിച്ചു. നടന്ന് നടന്ന് ചെല്ലുമ്പോൾ കണ്ടു, മുഖംമൂടി ധരിച്ചൊരാൾ മതിൽക്കെട്ടിനുള്ളിൽ മരത്തിനടുത്തായി നില്ക്കുന്നത്!. കണ്ണുകൾ മാത്രം കാണാം. അയാൾ ഞെട്ടലോടെ നിന്നു. എന്നാൽ അതിലും ഞെട്ടലുണ്ടായത് അയാളുടെ അടുത്തായി ടാർസൻ നില്ക്കുന്നത് കണ്ടപ്പോഴാണ്‌! ടാർസൻ എന്തോ കഴിക്കുന്നുണ്ട്. മുഖംമൂടിധാരി ഇട്ടു കൊടുത്ത ഇറച്ചിക്കഷ്ണങ്ങൾ!.. ടാർസൻ നിർത്താതെ വാലാട്ടിക്കൊണ്ടിരിക്കുന്നു!.
‘ടാർസൻ!..കം!!’ അയാൾ ഉറക്കെ വിളിച്ചു.
ടാർസൻ അതു ശ്രദ്ധിച്ചതേയില്ല. ശ്രദ്ധ മുഴുക്കെയും ഇറച്ചിക്കഷ്ണങ്ങളിലാണ്‌. അയാൾ വീണ്ടും വീണ്ടും വിളിച്ചു. ടാർസൻ അയാളുടെ നേർക്ക് നോക്കിയത് പോലുമില്ല. മുഖമൂടിധാരി കുനിഞ്ഞു നിന്നു ടാർസന്റെ പുറത്ത് തലോടുന്നതയാൾ കണ്ടു. ടാർസന്റെ മുഖത്തും, ചെവിയിലും, മുതുകിലും..
ഇറച്ചിത്തുണ്ടുകൾ കഴിച്ചു കഴിഞ്ഞ് ടാർസൻ മുഖമൂടിധാരിയുടെ കാലിൽ നാവ് നീട്ടി നക്കാനും മുഖമുരസാനും തുടങ്ങി. ഇതൊക്കെയും വീട്ടുടമസ്ഥൻ ഞെട്ടലോടെ നോക്കി നിന്നു. അയാൾ കൈവശമിരുന്ന ടോർച്ച് ടാർസന്റെ നേർക്ക് തെളിച്ചു. മുഖമൂടിധാരി പെട്ടെന്നയാളുടെ നേർക്ക് തിരിഞ്ഞ് ഉറക്കെ പറഞ്ഞു,
‘ടാർസൻ!! ഗോ!! ക്യാച്ച്!!’
തന്റെ അതേ നിർദ്ദേശങ്ങൾ!
ടോർച്ചിന്റെ വെളിച്ചത്തിലയാൾ കണ്ടു, ടാർസൻ തന്റെ നേർക്ക് കുതിക്കുന്നത്!.
തിരിഞ്ഞോടുന്നതിനിടയിൽ അയാളറിഞ്ഞു, തന്റെ കാൽവണ്ണയിൽ ടാർസന്റെ കൂർത്തപല്ലുകൾ ആഴ്ന്നിറങ്ങുന്നത്..

Post a Comment

Wednesday, 2 October 2019

കരഗതം

 
എല്ലാമാരംഭിച്ചത് ഒരു വെല്ലുവിളിയിൽ നിന്നാണ്‌. കേൾക്കുമ്പോൾ ‘തികച്ചും നിരുപദ്രവം’ എന്നാർക്കും തോന്നിപ്പോകുന്ന ഒരു വെല്ലുവിളി. ഒരുമാതിരി വെല്ലുവിളികളൊക്കെ ശൈലൻ സൗകര്യപൂർവ്വം ഒഴിവാക്കാറാണ്‌ പതിവ്. പക്ഷെ ഇത് സ്വീകരിക്കാതിരിക്കാനായില്ല. ചിലപ്പോൾ അത് പുരുഷമനസ്സിന്റെ പരിണാമപ്രക്രിയയിൽ സംഭവിച്ച എന്തെങ്കിലും പിഴവ് കൊണ്ടാവാം. അല്ലെങ്കിൽ അയാളുടെ മാത്രം ജീവകോശങ്ങളുടെ പ്രത്യേകതകൾ കൊണ്ടാവാം. കാരണമെന്തായാലും, അയാളുടെ ഉള്ളിലെ പുരുഷാത്മാവ് ആ വെല്ലുവിളി കേട്ട് വല്ലാതെ നൊന്തു എന്നതൊരു പരമാർത്ഥം.
‘ചൊണയുണ്ടേല്‌ ഒരു വാഴ വെച്ച് കാണിച്ചു താ...ഒരു വാഴയെങ്കിലും...!’
ചൂണ്ടുവിരലുയർത്തി, ശൈലനെ ഇങ്ങനെ നിർദ്ദയം വെല്ലുവിളിച്ചത് അയാളുടെ ഭാര്യ രമണിയാണ്‌. ദൃക്സാക്ഷിയായ ഏകമകൻ മണികണ്ഠൻ അതു കേട്ട് വാ പൊത്തി ചിരിച്ചു. അടക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞു മണിയുടെ വിരലുകൾക്കിടയിലൂടെ ചിരി പുറത്തേക്ക് ചാടി. ശൈലൻ ഇതു പോലുള്ള വെല്ലുവിളികൾ പലവട്ടം നേരിട്ടിട്ടുണ്ട്. അച്ഛൻ വെല്ലുവിളികൾ സമർത്ഥമായി ചാടിക്കടക്കുന്നതും, ഒഴിഞ്ഞുമാറുന്നതും, പകരം കടുത്ത വെല്ലുവിളികൾ വെച്ചു പ്രതിരോധിക്കുന്നതുമൊക്കെ മണി പലവട്ടം കണ്ടിട്ടുണ്ട്.
‘നീ എന്തിനാടാ ചിരിക്കുന്നത്? നല്ല കിഴുക്ക് വേണോ?’ എന്ന് പറഞ്ഞ് അപ്പോഴൊക്കെ അച്ഛൻ ദേഷ്യം അഭിനയിക്കുന്നതും അവൻ കണ്ടിട്ടുണ്ട്. അതൊക്കെ ആ വീട്ടിലെ പതിവുകൾ. ഓടിട്ട ആ വീട് നിൽക്കുന്നത് ഏഴര സെന്റ് പുരയിടത്തിൽ ഏകദേശം നടുക്കായിട്ടാണ്‌. എന്നു വെച്ചാൽ പറമ്പിൽ വാഴയും, മാവും, പ്ലാവും ഒക്കെ നട്ടുപിടിപ്പിക്കാൻ ഇഷ്ടം പോലെ ഇടമുണ്ടെന്ന് ചുരുക്കം. കുടുംബസ്വത്തായി വർഷങ്ങൾക്ക് മുൻപെ ആ വീട് രമണിക്ക് ലഭിച്ചുവെങ്കിലും വാടകക്കാർ ഒഴിഞ്ഞ്, ശൈലനും കുടുംബവും അങ്ങോട്ട് താമസം മാറിയിട്ട് ഏതാനും മാസങ്ങളേ ആവുന്നുള്ളൂ. സ്ത്രീധനമായിട്ടല്ലെങ്കിലും ആ വീട് ലഭിച്ചതിൽ അയാൾ സന്തുഷ്ടനുമാണ്‌, സംതൃപ്തനുമാണ്‌.
 
‘പെയ്ന്റടിച്ചത് അത്രയ്ക്കങ്ങ് വെടിപ്പായില്ല’
‘ഏതായാലും പെയ്ന്റടിച്ചു...എന്നാലാ ഗേറ്റും കൂടിയങ്ങ് അടിച്ചൂടാരുന്നോ?’
ഈ മാതിരി അശരീരികൾ ചില സമയത്ത് ശൈലനിരിക്കുന്ന ഭാഗത്ത് നിന്ന് ഉയരുമ്പോൾ രമണി കേൾക്കാത്ത ഭാവത്തിൽ ഇരിക്കും.

രമണിയുടെ തറവാട്ട് വീട്ടിൽ, അല്ലറ ചില്ലറ പണിയൊക്കെ അവളുടെ അച്ഛൻ തന്നെയാണ്‌ ചെയ്യുക. അവിടേക്കുള്ള സന്ദർശനങ്ങളിൽ, അതെക്കുറിച്ചുള്ള ദീഘവിവരണങ്ങൾ രമണിയുടെ അമ്മയുടെ നാവിൽ നിന്നും അവർ പോലുമറിയാതെ പൊഴിഞ്ഞു വീഴും. അതൊക്കെയും തനിക്കുള്ള കൊട്ടാണെന്നാണ്‌ ശൈലന്റെ വാദം. മുറ്റവും പറമ്പും മാത്രമല്ല, ആ പഴയ കെട്ടിടം വൃത്തിയും വെടിപ്പുമായി ഇരിക്കുന്നതിൽ ഒരു വലിയ പങ്ക് രമണിയുടെ അച്ഛനുണ്ടെന്ന കാര്യം വാസ്തവമാണ്‌. പൈപ്പിന്റെ ലീക്ക്, ഇളകി പോയ കൊളുത്ത്, മേശയുടെ ആടുന്ന കാല്‌ തുടങ്ങി ചെറിയ തകരാറുകളൊക്കെ അദ്ദേഹം തന്നെ സ്വയം ശരിയാക്കും. കൂടാതെ അത്യാവശ്യം പെയ്ന്റിങ്ങ്, ആശാരിപ്പണി, കൃഷിപ്പണി ഒക്കെയും വശമുണ്ട്. അതിനു വേണ്ട പണിയായുധങ്ങളും സാമഗ്രികളുമൊക്കെ സംഘടിപ്പിച്ചു വെച്ചിട്ടുമുണ്ട്. പല നീളത്തിലുള്ള ആണികൾ, സ്ക്രൂകൾ, പല വലിപ്പത്തിലുള്ള ചുറ്റികകൾ, പലതരം ഉളികൾ ഒക്കെയും തരം തിരിച്ച് സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഇത്തവണ നാട്ടിൽ പോയപ്പോൾ, തികച്ചും സാധാരണം എന്ന മട്ടിൽ രമണിയുടെ അമ്മ പറഞ്ഞ ഒരു കാര്യമാണ്‌ ശൈലനു കുരുക്കായത്. സംഭവമിതാണ്‌ - അച്ഛന്റെയൊരു സുഹൃത്ത് എവിടുന്നോ രണ്ടു വാഴത്തൈ കൊണ്ട് കൊടുത്തു. കിട്ടിയ പാടെ അന്നു തന്നെ അവേശത്തോടെ അച്ഛനത് കുഴിയെടുത്ത് നടുകയും, വെള്ളമൊഴിക്കുന്ന പണി അമ്മയ്ക്ക് കൈമാറുകയും ചെയ്തു. ഇനി അത് കുലച്ച് കായ് വരുന്നതു വരേക്കും വാഴപുരാണം കേൾക്കുക മാത്രമേ നിവൃത്തിയുള്ളൂ! തിരികെ വീട്ടിൽ വന്നപ്പോൾ രമണിയും വാഴയെ കുറിച്ച് വാചാലയായി. ‘വല്ല്യ കാര്യായി പോയി’ എന്നൊരു വാചകം ശൈലന്റെ വായിൽ നിന്നും അറിയാതെ വീണു പോയി. വഴുതിപ്പോയൊരു വാചകം. അത്രയുമേ ഉണ്ടായുള്ളൂ. പക്ഷെ അതിത്രയും വലിയ അപകടത്തിൽ കലാശിക്കുമെന്നയാൾ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ചക്ക കഴിഞ്ഞാൽ, വാഴപ്പഴമാണ്‌ ശൈലനു ഏറ്റവും പ്രിയപ്പെട്ട പഴം. ഇക്കണ്ട കാലം വരേക്കും നൂറു കണക്കിനു വാഴപ്പഴങ്ങൾ അയാൾ അകത്താക്കിയിട്ടുണ്ട്. നല്ല വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന കായ വറ്റൽ മുൻപിൽ കൊണ്ട് വെച്ചാൽ ഇപ്പോഴും മത്സരബുദ്ധിയോടെ അയാൾ കഴിച്ചു തീർക്കും. കൂമ്പ് തോരനുണ്ടെങ്കിൽ അതു മാത്രം മതി അയാൾക്ക് ചോറ്‌ കഴിക്കാൻ. പക്ഷെ ഇതൊക്കെയും തരുന്ന വാഴയെ കുറിച്ച് അയാൾക്ക് ഒരു വാഴയ്ക്കായും അറിയില്ല. കുഴി കുത്തി നടുക, മൂടുക, വെള്ളമൊഴിക്കുക. തീർന്നു അയാളുടെ വാഴവിജ്ഞാനം. ഈ അല്പവിജ്ഞാനവും വെച്ചാണ്‌ മുൻപിൻ നോക്കാതെ അയാൾ വെല്ലുവിളിയെടുത്ത് തലയിൽ വെച്ചത്.

വെല്ലുവിളി സ്വീകരിച്ച ദിവസം തന്നെ രണ്ടു മൂന്നു സുഹൃത്തുക്കളെ വിളിച്ച് വാഴകളെ കുറിച്ചും, അതിന്റെ തൈ സംഘടിപ്പിക്കേണ്ടതെങ്ങനെയെന്നും, എങ്ങനെയാണത് നടേണ്ടതെന്നും, നട്ടു കഴിഞ്ഞാൽ എന്തൊക്കെ വളമായി ഇട്ടു കൊടുക്കേണ്ടതെന്നും എന്നു വേണ്ട ഒരു വാഴയെ കുറിച്ച് വാഴക്ക് പോലും അറിയാത്ത ഒരുപാട് കാര്യങ്ങൾ അയാൾ ശേഖരിച്ചു. ഇനി കുഴിക്കുക, നടുക, വളവും വെള്ളവും കൊടുക്കുക എന്നീ വളരെ ചെറിയ കാര്യങ്ങൾ കൂടി ചെയ്താൽ മതി. അതിനു ശേഷം വേണം മനസ്സറിഞ്ഞ് ഒന്ന് വീരവാദം മുഴക്കാൻ.

അടുത്ത ദിവസം രാവിലെ തന്നെ തൈ എത്തി. നല്ല ഒന്നാന്തരം തൈ. ‘കണ്ടാൽ തന്നെ അറിയാം ഇവൻ കുലച്ച് ഒരു സംഭവമാകും!’ എന്നൊക്കെ ശൈലൻ ഒരു കാച്ചങ്ങ് കാച്ചി. വാഴത്തൈകളെ കുറിച്ച് ആധികാരികമായി പറയാൻ താൻ കഴിഞ്ഞേ ആരുമുള്ളൂ എന്ന മട്ടിലായിരുന്നു വാക്കും പെരുമാറ്റവും. മതിലിലേക്ക് ചാരിവെച്ച തൈക്ക് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒന്നു രണ്ടു വട്ടം കൈ പിന്നിൽ കെട്ടി അഹങ്കാരത്തോടെ നടന്നു. അരികത്തായി കുത്തിയിരുന്ന് പൊട്ടി വരുന്ന വേരുകളെ സസൂക്ഷ്മം നിരീക്ഷിച്ചു. തടയിൽ ഒന്നു രണ്ടു വട്ടം ചെറുതായി തട്ടി അതിന്റെ ഒച്ച പരിശോധിക്കും മട്ടിൽ കാതോർത്തു. ഇതൊക്കെയും രമണി കാണുന്നു എന്ന് ഉറപ്പാക്കുകയും ചെയ്തു. എവിടെയാണ്‌ നടുക? പുരയിടത്തിനു പിന്നിൽ ഉണക്ക തേങ്ങകളുമായി ഉന്നം പിടിച്ച് ഒന്നു രണ്ട് തെങ്ങുകൾ നില്പ്പുണ്ട്. അതിനടുത്ത് പാടില്ല. കുറച്ചകലെയായിട്ട് വേണം. തുണി വിരിച്ചുണക്കാൻ കെട്ടി വെച്ച അയ ഇടയ്ക്കിടെ തേങ്ങ വീഴ്ത്തി പൊട്ടിക്കുന്നതാണ്‌ ആ തെങ്ങുകളുടെ പ്രധാന വിനോദം. ഈ വാഴ വെറുതെയങ്ങ് വളരാനുള്ളതല്ല, വളർന്നു പൊങ്ങി ഇല വിടർത്തി കുലയ്ക്കാനുള്ളതാണ്‌. മാനം തിരിച്ചു പിടിക്കാനുള്ളതാണ്‌. ശൈലൻ തുരുമ്പ് പിടിച്ചു തുടങ്ങിയ തൂമ്പായുമായി മണ്ണിലേക്കിറങ്ങി.

സൂര്യനു പതിവില്ലാത്ത വെളിച്ചവും ചൂടും. താൻ മണ്ണിൽ ഇറങ്ങിയത് കണ്ട് കണ്ണും മിഴിച്ച് നോക്കി നില്ക്കുകയാവും. കുറെ നാളായി വെയിലേറ്റ് വിയർത്തിട്ടും, കറുത്തിട്ടും. അതിന്റെ ഏനക്കേട് ശൈലന്‌ തോന്നി. കുറച്ചു നേരം തൂമ്പായും തോളിൽ വെച്ച് പറമ്പിൽ അവിടെയും ഇവിടെയും നടന്നു. ഒടുവിലൊരിടം കണ്ടെത്തി. മണ്ണിൽ മടല്‌ കൊണ്ട് ഐശ്വര്യമായി ഒരു ഗുണനചിഹ്നമിട്ട്, ചാഞ്ഞു ചെരിഞ്ഞും മേലോട്ടും നോക്കി സ്ഥാനം ഉറപ്പിച്ചു. ഒരു ദീർഘശ്വാസമെടുത്ത് തൂമ്പ എടുത്തുയർത്തി. അന്നേരം പ്രകാശദൂരങ്ങൾക്കപ്പുറം, യാതൊരു ഉദ്ദേശ്യമോ ഉപാധിയോ ഉപകാരമോ ഉപദ്രവമോ ഇല്ലാതെ കറങ്ങിക്കൊണ്ടിരുന്ന ഒരു ഗ്രഹം ഒരു നിമിഷം നിശ്ചലമായി. അടുത്ത നിമിഷം ഒന്നും സംഭവിക്കാത്ത പോലെ വീണ്ടുമത് കറങ്ങാൻ തുടങ്ങി.

ശൈലൻ വെട്ടു തുടങ്ങി. ഏതാണ്ട് ഒരടി കഴിഞ്ഞപ്പോൾ പലതും പൊങ്ങി വരാൻ തുടങ്ങി. മൂല മുറിച്ച പാൽ കവർ, പ്ലാസ്റ്റിക് ബക്കറ്റിന്റെ തുരുമ്പിച്ച പിടി, ഒരു പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ്... ഇടം വലം മാറി, വശത്തേക്കും രണ്ടു മൂന്ന് വട്ടം വെട്ടിയിളക്കിയപ്പോൾ, ഒരു റബ്ബർ ചെരുപ്പിന്റെ വള്ളി, കുപ്പിച്ചില്ലുകൾ എന്നിവയും പ്രത്യക്ഷപ്പെട്ടു. തനിക്ക് മുൻപ് അവിടെ താമസിച്ചിരുന്നവരുടെ പിതാമഹന്മാരെ ശപിച്ച് ശൈലൻ മുന്നേറി. വേറെ എന്തൊക്കെയാണോവോ നാശങ്ങൾ പറമ്പിലേക്ക് കുഴിച്ചു താഴ്ത്തിയിരിക്കുന്നത്? പിന്നേയും ഒരടിയോളം താഴ്ന്നപ്പോൾ അയാളുടെ നെറ്റിയിലും മുതുകിലും വിയർപ്പ്കൂണുകൾ പതിയെ പൊന്തി വന്നു. ഏതു സമയത്താണ്‌ വെല്ലുവിളി ഏറ്റെടുക്കാൻ തോന്നിയത്? കറണ്ട് കമ്പിയിൽ കയറി പിടിച്ച പോലെ ആയി പോയി. പിടി വിടാൻ പറ്റുന്നില്ല. ഒരു നിമിഷം വിശ്രമിച്ച ശേഷം, ഇതൊക്കെ എത്ര നിസ്സാരമെന്ന് മനസ്സിൽ ഒന്നു കൂടി ചവിട്ടിയുറപ്പിച്ച് വെട്ടുമ്പോൾ കണ്ടു, വെളുത്ത എന്തോ ഒന്ന്. അയാൾ കാലു കൊണ്ട് പതിയെ മണ്ണ്‌ മാറ്റി. സംശയം തോന്നിയപ്പോൾ അടുത്ത് കണ്ട ഒരു ചെടിയിൽ നിന്നും ഒരു കമ്പ് പൊട്ടിച്ചെടുത്ത്, കുഴിക്കരികിലായി കുത്തിയിരുന്ന് ശ്രദ്ധയോടെ മണ്ണ്‌ മാറ്റാൻ ശ്രമിച്ചു. വെളുത്ത ഒരു വസ്തു തെളിഞ്ഞു വന്നു കൊണ്ടിരുന്നു. അസ്ഥികൾ!...വെളുത്ത് വിളറിയ, മഞ്ഞനിറം പടർന്ന, മണ്ണു പുരണ്ട...വിരലുകൾ! മണ്ണ്‌ വശത്തേക്ക് ഒതുക്കിയപ്പോൾ കണ്ടു, ഒരു കൈ! അസ്ഥി മാത്രമെ ഉള്ളൂ... മുട്ടിനു താഴെ വെച്ച് അറ്റു പോയെന്ന് തോന്നിപ്പിക്കുന്ന ഒന്ന്‌. തിരിച്ചും മറിച്ചും ഇട്ടു. മനുഷ്യന്റെ കൈ തന്നെ. വലതു കൈയ്യാണ്‌. മോതിരമോ ഒന്നുമില്ല. വലിപ്പം കൊണ്ട് പ്രായപൂർത്തിയായ ഒരാളുടെ കൈയ്യാണ്‌. പുരുഷന്റെയോ സ്ത്രീയുടേയോ?...അറിയാൻ കഴിയുന്നില്ല. അതെങ്ങനെയാണ്‌ അറിയാൻ കഴിയുക? വെറും അസ്ഥി മാത്രം. അയാൾ പതിയെ ചുറ്റിലും നോക്കി. രമണി ജനലിൽ കൂടി തന്നെ ശ്രദ്ധിക്കുന്നുണ്ടാവുമോ? മണി അവന്റെ കൂട്ടുകാരന്റെ വീട്ടിൽ കളിക്കാൻ പോയത് നന്നായി. അല്ലെങ്കിൽ അവൻ തന്റെ പിന്നാലെ പറമ്പിൽ തന്നെ കൂടുമായിരുന്നു...ഈ കൈ കാണുമായിരുന്നു. പെട്ടെന്ന് തോന്നിയ ഒരു ചോദനയുടെ തള്ളലിൽ അയാൾ എഴുന്നേറ്റ് കാലു കൊണ്ട് മണ്ണു തള്ളി ആ വസ്തു മറച്ചു. പിന്നീട് മൺവെട്ടി കൊണ്ട് മണ്ണു തോണ്ടി കുഴി നിറയ്ക്കാനായി ശ്രമം. കുഴിയെടുത്തപ്പോൾ കിട്ടിയ വസ്തുക്കൾ കുഴിയിലേക്ക് തന്നെ തിരികെ പോയി. കുഴി മൂടിയിട്ടും മണ്ണ്‌ ബാക്കി. ചവിട്ടി താഴ്ത്തിയിട്ടും, തൂമ്പ കൊണ്ട് ഇടിച്ചിട്ടും ഒരു ചെറിയ കുന്ന് പോലെ അത് ഉയർന്നു നിന്നു. ഇനി ആരു വിചാരിച്ചാലും താഴ്ത്താൻ പറ്റില്ല എന്ന് മണ്ണ്‌ തന്നോട് പറയുന്നത് പോലെ അയാൾക്ക് തോന്നി. തൂമ്പ ഉപേക്ഷിച്ച് അയാൾ വീട്ടിലേക്ക് നടന്നു.

‘ഒരു ഗ്ലാസ്സ് വെള്ളം’ പിൻവശത്തെ പടിയിലിരുന്ന് ശൈലൻ രമണിയോട് പറഞ്ഞു.
‘അപ്പോഴേക്കും തളർന്നോ?...ഇതൊന്നും എല്ലാർക്കും പറഞ്ഞിട്ടുള്ള കാര്യമല്ല...വാഴ നട്ടു കഴിഞ്ഞോ?’
സ്വരത്തിൽ പ്രകടമായ പുച്ഛം അയാൾ കേട്ടില്ലെന്നു നടിച്ചു.
‘ഈ മണ്ണ്‌ ശരിയല്ല...കുഴിച്ചു ചെന്നപ്പോ...മുഴുവൻ പാറ...അവിടെ നട്ടിട്ടും കാര്യമില്ല...ഞാൻ വേറൊരിടത്ത് നടാന്ന് വെച്ച്...’
കിതപ്പില്ലാന്ന് ആവും വിധം അഭിനയിച്ചു കൊണ്ട് പറഞ്ഞു.
അപ്പോഴേക്കും ജീരകമിട്ടു തിളപ്പിച്ചാറ്റിയ വെള്ളമെത്തി. അതു മുഴുക്കെയും ഒറ്റ വലിക്ക് കുടിച്ചത് കണ്ട്,
‘ശൈലേട്ടാ...വലിയ പണിയൊന്നും വേണ്ട കേട്ടോ...നടുവേദന വരും...പിന്നെ ഞാൻ വേണം തടവി തരാൻ’
രമണി സഹതാപം പ്രകടിപ്പിച്ചു. അതു സത്യസന്ധമായ പ്രതികരണമാണെന്ന് ശൈലനു മനസ്സിലായി.
‘വേണ്ടടോ...ഇതങ്ങ് ഞാൻ പതിയെ തീർക്കാം...വാഴ വളർന്നു വരുന്നത് നമ്മുടെ മണിക്കുട്ടന്‌ കാണാല്ലോ...’ അതു പറഞ്ഞ് അയാൾ വീണ്ടും പറമ്പിലേക്കിറങ്ങി. രമണി കാലി ഗ്ലാസ്സും പിടിച്ച് നിർബന്ധബുദ്ധിക്കാരനെ കുറച്ച് നേരം നോക്കി നിന്നു. പിന്നീട് ചിരിച്ചു കൊണ്ടു അകത്തേക്ക് പോയി.

ശൈലന്റെ ഉത്സാഹം മുഴുക്കെയും കെട്ടു പോയിരുന്നു അപ്പോഴേക്കും. ഇനി മറ്റൊരു കുഴി കുഴിക്കാനുള്ള ഊർജ്ജം... എന്നിട്ടും യാന്ത്രികമായൊരു പ്രവൃത്തി പോലെ അയാൾ മറ്റൊരിടത്ത് കുഴി കുത്തി. വാഴ നടുകയും, ബക്കറ്റിൽ വെള്ളം നിറച്ച് കൊണ്ടു ചെന്ന് ഒഴിക്കുകയും ചെയ്തു. അയാൾ മൂടിയ കുഴിയുടെ ഭാഗത്തേക്ക് നോക്കി. ആരുടെ കൈയ്യാവണം അത്? എങ്ങനെയാവും അത് അവിടെ വന്നത്? വല്ല അപകടത്തിലും അറ്റു പോയതോ അതോ ആരെങ്കിലും...? ഇനി വല്ല പക്ഷിയോ നായയോ എവിടെ നിന്നെങ്കിലും കൊണ്ട് വന്ന് ഇട്ടതാവുമോ?...വലതു കൈ മുറിഞ്ഞു പോയാൽ ഒരാൾ എത്ര നാൾ ജീവിക്കും?...ജീവിക്കും...കൈ ഇല്ലാത്ത എത്ര പേരെ കണ്ടിരിക്കുന്നു. ആ കൈ..അതവിടെ എത്ര നാളായി മണ്ണിനടിയിൽ...? മനുഷ്യനെ മണ്ണിൽ കുഴിച്ചിട്ടാൽ എത്ര നാളെടുക്കും അഴുകി വെറും അസ്ഥിയാവാൻ?...ഇതു പക്ഷെ വെറും ഒരു കൈ മാത്രമല്ലെ ഉള്ളൂ? ബാക്കി എവിടെ?...ഇതിനു മുൻപ് ഇവിടെ താമസിച്ചിരുന്നവർക്ക് ഇതുമായി എന്തെങ്കിലും ബന്ധം?...കൈ നഷ്ടപ്പെട്ട ആൾ അവരോട് പക തീർക്കാൻ ഇവിടേക്ക് വരുമോ?...അതു കൊണ്ടാണോ അവർ താമസം മാറി പോയത്?...ഇനി ആളുമാറി തന്റെ നേർക്ക് വല്ല ആക്രമണവും...

ശൈലന്റെ മനസ്സമാധാനം, ഏറു കൊണ്ട മൺകുടം പോലെ തകർന്നു പോയിരുന്നു. ഒരു പാട് ചോദ്യങ്ങൾ. ഒന്നിനും ഉത്തരമില്ല. ചോദ്യങ്ങളുടെ എണ്ണവും കനവും കൂടി കൂടി വരുന്നു. ഒപ്പം മനസ്സമാധാനം കുറഞ്ഞും. ആ രാത്രി അയാൾ ‘വാഴ’ എന്നൊരു വാക്ക് പോലും പറഞ്ഞില്ല.
‘നിന്റെ അച്ഛൻ വാഴ വെച്ചത് കണ്ടോ?’ എന്ന് രമണി അർത്ഥം വെച്ച പോലെ മണിയോട് ചോദിക്കുന്നത് കേട്ടപ്പോഴും അയാൾ മൗനം പാലിച്ചു. രാത്രി കിടക്കുമ്പോൾ സ്വന്തം വലതു കൈ ഉയർത്തി അതിലേക്ക് തന്നെ നോക്കി ഇരുന്നു. ഈ കൈ കൊണ്ട് താൻ എന്തൊക്കെ ചെയ്തിരിക്കുന്നു. എന്തൊക്കെ ചെയ്തു കൊണ്ടിരിക്കുന്നു. ഇനി എന്തൊക്കെ ചെയ്യാനിരിക്കുന്നു... ഈ കൈ നഷ്ടപ്പെട്ടാൽ തനിക്ക് എന്തൊക്കെയാവും നഷ്ടപ്പെടുക? ഇതിന്റെ വില താൻ അറിയുന്നത് പോലുമില്ല. സ്വന്തം കൈയ്യിനെ കുറിച്ച് ഇതു വരെ ആലോചിച്ചിട്ടു പോലുമില്ല. എല്ലാം വിലപ്പെട്ടതാണ്‌. കാഴ്ച്ച മാത്രമല്ല, ചെറുവിരൽ പോലും...
 
കൈ കണ്ട കാര്യം ആരോടും പറയാനാവില്ല. പറഞ്ഞാൽ ചിലപ്പോൾ പോലീസ് കേസാവും. ഉറപ്പ്! പറമ്പിൽ കുറ്റിയും കയറും ടേപ്പുമൊക്കെ കെട്ടും. ചില ഭാഗങ്ങളിൽ കുഴിച്ചു നോക്കും. അപ്പോൾ തലയോട്ടിയോ, കാലിന്റെ അസ്ഥിയോ കിട്ടിയാൽ...? തീർന്നു...കേസ്...കോടതി...ഇനി വീട്ടിനുള്ളിൽ പോലീസ് വന്ന് നോക്കുമോ? നോക്കും. അതും ഉറപ്പ്! വല്ല രക്തക്കറയോ, ഏതെങ്കിലും തുരുമ്പിച്ച കത്തിയോ മറ്റോ കണ്ടാൽ തന്റെ കാര്യത്തിൽ അതോടു കൂടി ഒരു തീരുമാനമാവും. വിറകുപുരയിൽ പഴയ താമസക്കാർ വല്ലതും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവുമോ? അവിടന്ന് വല്ലതും കിട്ടിയാൽ അതിനും താൻ സമാധാനം പറയേണ്ടി വരും. ഈ പഴയ പുരയിടം വിറ്റ് സിറ്റിയിൽ കുറച്ച് കൂടി നല്ല ഒരിടത്ത് ചെറുതെങ്കിൽ ചെറിയ ഒരു സ്ഥലം...അവിടെ തന്റെ പ്ലാൻ അനുസരിച്ച് സുന്ദരമായ ഒരു ചെറിയ വീട്...കൈയ്യുടെ കാര്യം പുറത്തറിഞ്ഞാൽ അതൊന്നും സാധ്യമാവില്ല. പുരയിടം വിൽക്കാനാവില്ല...പത്രക്കാരും നാട്ടുകാരും ഇവിടം മുഴുക്കെയും...മോൻ സ്കൂളിൽ ചെല്ലുമ്പോൾ കൂട്ടുകാർ ചോദിക്കും...താൻ ഓഫീസിൽ ചെല്ലുമ്പോഴും ചോദ്യങ്ങളുണ്ടാവും...ബന്ധുക്കളുടെ അവസാനിക്കാത്ത ചോദ്യമഴ...

അതിനു ശേഷം ചാനലുകാർ വരും. ‘ചുരുളഴിയാത്ത രഹസ്യം’ എന്ന പരിപാടിയിൽ ഇനി തന്റെ വീടും? തന്റെ ഓഫീസിലും പോലീസുകാർ വന്ന് അന്വേഷിക്കും. തന്റെ സ്വഭാവത്തെ കുറിച്ച്...അടുത്തകാലത്ത് സ്വഭാവത്തിലും പെരുമാറ്റത്തിലും എന്തെങ്കിലും പ്രകടമായ വ്യത്യാസം കണ്ടുവോന്ന് അന്വേഷിക്കും. ആരോടെങ്കിലും അറിയാതെ ദേഷ്യപ്പെട്ടിരുന്നോ? ഓർക്കുന്നില്ല. പക്ഷെ അവർ ഓർക്കുന്നുണ്ടാവും. ഇനി മനസ്സറിഞ്ഞ് ആരോടും ദേഷ്യപ്പെടാനാവില്ല. മൂകനായി ഇരുന്നാലോ? അത് മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണമായി കണക്കാക്കുമോ? രഹസ്യ പോലീസിന്റെ കാലമാണ്‌. അവർ പലരും പല വേഷത്തിൽ പലയിടത്തും ഒളിച്ചു നിന്ന്‌ തന്നെ നിരീക്ഷിക്കും. എവിടെ പോയാലും പിന്തുടരും...തന്റെ വീടിലുള്ളവരെ മാത്രമല്ല, ചുറ്റുവട്ടത്തുള്ള എല്ലാവരേയും ചോദ്യം ചെയ്യും. അവരുടെയൊക്കെ പ്രാക്ക് പിന്നെ കേൾക്കണം. സ്ഥലത്തിനു വിലയിടിയും. പുറത്തിറങ്ങുമ്പോൾ നാട്ടുകാര്‌ മുഴുവൻ തന്നെ നോക്കി നിൽക്കും. നൂറായിരം ചോദ്യങ്ങൾ ചോദിക്കും. ‘കൈ കിട്ടിയ വീട്‘ എന്നാവും ഇനി മുതൽ എല്ലാവരും തന്റെ വീടിനെ കുറിച്ച് പറയുക...
ശൈലൻ ചിന്തിച്ചു തളർന്നു.

ഇവിടെ താമസം തുടങ്ങിയിട്ട് എത്ര നാളായിക്കാണും?...നാലഞ്ച് മാസമല്ലെ ആവൂ?...ആ കൈക്ക് അതിലും പഴക്കമുണ്ടാവില്ലെ? ആരോട് ചോദിച്ചാണ്‌ ഈ നശിച്ച കാര്യങ്ങൾ ഒന്നു മനസ്സിലാക്കുക? അയാൾ ഫോണെടുത്ത് ഗൂഗിളിൽ മനുഷ്യശരീരം ദ്രവിക്കാൻ എത്ര നാളെടുക്കും എന്ന് തിരഞ്ഞു. മുറി മുഴുക്കെയും ഫോണിന്റെ ഇളം വെളിച്ചം. തിരിഞ്ഞു നോക്കി. രമണിയും മോനും നല്ല ഉറക്കം. ഗൂഗിൾ ഒരു പിടി ഉത്തരങ്ങൾ വാരി വിതറി. പലവിധ കണക്കുകളാണ്‌. ദ്രവിച്ച് അസ്ഥിയായി മാറുന്നത് പലവിധ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം, മണ്ണ്‌, ശരീരം പെട്ടിയിലാണോ അല്ലയോ എന്നൊക്കെ... കുറെ തിരഞ്ഞപ്പോൾ ഏതാണ്ടൊരുത്തരം കിട്ടി. എട്ട് മുതൽ പന്ത്രണ്ട് വർഷമെടുക്കും തൊലിയും മാംസവും അഴുകി ദ്രവിച്ച് അസ്ഥിപ്പരുവത്തിലെത്താൻ! അപ്പോഴാണെല്ലാരും ശരിക്കും തുല്യരാവുക. ഈ കൈക്കു പിന്നിലെ കറുത്ത കൈകൾ ഇതിനു മുൻപ് ഈ വീട്ടിൽ താമസിച്ചവരുടേതാവാനാണ്‌ സാദ്ധ്യത. അവരിപ്പോഴെവിടെയാണ്‌? ആർക്കറിയാം?...തീർച്ചയായും രമണിയുടെ അച്ഛന്‌ അറിവുണ്ടാകും. ഈ കൈയ്യിൽ അച്ഛനും എന്തെങ്കിലും പങ്ക്? അതു കൊണ്ടാണോ പഴയ താമസക്കാരെ മാറ്റി തങ്ങൾക്ക് തന്നത്? നാളെ തന്നെ വീട്ടിലേക്ക് പോയി അതേക്കുറിച്ച് ചോദിക്കണം. ആർക്കും ഇതേക്കുറിച്ച് ഒരു സംശയവും തോന്നരുത്. തനിക്ക് സംശയമുണ്ടെന്ന് കൂടി സംശയം തോന്നരുത്. കൈവിരലുകളിൽ നിന്നും കണ്ണെടുത്ത് ശൈലൻ ഉറങ്ങാൻ ശ്രമിച്ചു.

പിറ്റേന്ന് രാവിലെ കവർപാലും വാങ്ങി വരുമ്പോൾ ശൈലൻ കണ്ടു, ചുവരു മുഴുക്കെയും താൻ ഏറ്റവും ഭയപ്പെടുന്ന ചിത്രം ആരോ വരച്ചു വെച്ചിരിക്കുന്നു!
ശ്രദ്ധിച്ചപ്പോഴാണ്‌ സമാധാനമായത്.
ഹോ!...ഇത് അതല്ല...കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രമാണ്‌...
അയാൾ ചുവരിൽ നോക്കാതെ നടന്നു.

ഓഫീസ് വിട്ടു ശൈലൻ നേരെ രമണിയുടെ തറവാട്ടിലേക്ക് വെച്ചു പിടിച്ചു. വലിയ ദൂരമില്ല എങ്കിലും സിറ്റിയുടെ അഹങ്കാരമൊന്നും തൊട്ടു തീണ്ടാത്തൊരിടം. ചായ വന്നു, കായ വറുത്തത് വന്നു. കാര്യങ്ങൾ ചോദിച്ചു. ആരോഗ്യത്തിൽ തുടങ്ങി പതിയെ പറമ്പിലേക്ക് വിഷയങ്ങളെ വലിച്ചു കൊണ്ടു പോയി. വാഴ, മാവ്, പ്ലാവ്... കഴിഞ്ഞ വട്ടം വന്നപ്പോൾ കഴിച്ച വാഴപ്പഴത്തിനെ വാനോളം വാഴ്ത്തി. പതിയെ പറഞ്ഞ് പറഞ്ഞ് ശൈലൻ തന്റെ വീട്ടിലേക്ക് വന്നു. മുൻപ് താമസിച്ചിരുന്നവർ? അവരെങ്ങോട്ട് പോയെന്ന് അച്ഛന്‌ അറിയാമോ? ഒടുവിൽ നിഷ്ക്കളങ്കത തുളുമ്പുന്ന ആ ചോദ്യത്തിൽ ചെന്നു തറച്ചു.
‘അവര്‌...’ അതും പറഞ്ഞ് അച്ഛൻ, കിഴക്കു വശത്തു കൂടി തിരക്ക് പിടിച്ച് പറന്ന് പോയ ബലികാക്കയെ നോക്കിയിരുന്നു.
ഇപ്പോൾ ഉത്തരം താഴെ വീഴും...അത് പിടിച്ചെടുക്കാനെന്ന മട്ടിൽ ശൈലനിരുന്നു.
‘അറിയില്ലല്ലോ...അതവര്‌ പറഞ്ഞില്ല...വടക്കെങ്ങോ അയാൾക്ക് ജോലി മാറ്റം കിട്ടിയെന്ന് പറഞ്ഞാണ്‌ പോയത്...എന്താ ശൈലാ?...‘
’അത്...ഒന്നുമില്ല...‘
അച്ഛനെത്ര നിഷ്ക്കളങ്കമായിട്ടാണ്‌ ഉത്തരം തന്നത്. എന്നാലും അച്ഛനെ സംശയിക്കാൻ പാടില്ലായിരുന്നു. തന്റെ പിഴ.
സത്യം പറയണമെന്നുണ്ട്. പക്ഷെ എങ്ങനെ ചോദിക്കും? അവരെ ഇനി എങ്ങനെ അന്വേഷിച്ചു കണ്ടെത്തും? കണ്ടെത്തിയാൽ തന്നെ എന്തു ചോദിക്കാനാണ്‌? ചോദിച്ചാൽ തന്നെ അവർ മറുപടി പറയുമെന്ന് എന്തുറപ്പ്? മറുപടി പറഞ്ഞാൽ തന്നെ അതു സത്യമായിരിക്കുമെന്ന് എന്തുറപ്പ്? ആരെങ്കിലും സത്യം പറയുമോ? പക്ഷെ ആ കൈ...ആ കൈയ്യുടെ ഉടമ...

തിരികെ വീട്ടിൽ വന്ന് കയറിയപ്പോൾ, സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയത് പോലുള്ള ക്ഷീണം. അയാൾ വസ്ത്രം മാറ്റുന്നതിനു മുൻപ് പറമ്പിലൂടെ നടന്ന് മൺകൂനയുടെ മുന്നിൽ ചെന്നു നിന്നു. അതിനടിയിൽ ഒരാത്മാവ് ഉറങ്ങി കിടക്കുകയാണെന്ന മട്ടിൽ അയാൾ കണ്ണടച്ചു നിന്നു. കൈ നഷ്ടപ്പെട്ടയാൾ ഇപ്പോൾ മരണപ്പെട്ടിട്ടുണ്ടാവും. ഇനി അയാളുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ ഈ പറമ്പിന്റെ പല ഭാഗത്തായി ആരെങ്കിലും കുഴിച്ചിട്ടിട്ടുണ്ടാവുമോ? ദുർമരണം...ആത്മാവ്‌...അത് ഗതി കിട്ടാതെ തന്റെ പറമ്പിലൂടെ തേരാ പാരാ അലയുകയാവും...രാത്രി നേരങ്ങളിൽ കൈ അന്വേഷിച്ച് ഒറ്റകൈയുള്ള പ്രേതം...താമസം മാറ്റിയപ്പോൾ മുതൽ ഗണപതി ഹോമം നടത്തണമെന്ന് രമണി നിർബന്ധിക്കുകയാണ്‌. താനാണതിനു തടസ്സം നിന്നത്. ഇനി പെട്ടെന്ന് കരണം മറിഞ്ഞാൽ...വേണ്ട...

ശൈലൻ താൻ നട്ട വാഴയുടെ അടുത്തേക്ക് പോയി. ആരോ വെള്ളമൊഴിച്ചിരിക്കുന്നു. രമണിയോ, മണിയോ.. വാഴക്ക് നല്ല സന്തോഷമുണ്ട്. ചെറിയ കൈകളാണെങ്കിലും അത് ഇളകുന്നുണ്ട്. അയാൾ ഒരു കുട്ടിയുടെ കവിളിൽ തലോടും പോലെ ആ ഇളം ഇലയിൽ ഒന്നു കൈയ്യോടിച്ചു. പിന്നീട് വീട്ടിലേക്ക് നടന്നു.
‘എന്താ വാഴയുമായിട്ട് ഒരു കിന്നാരം? ഞാൻ വെള്ളമൊഴിച്ചിട്ടുണ്ട്!’ രമണി ആഹ്ലാദത്തോടെ പറഞ്ഞു.
‘നല്ല ക്ഷീണം...’ അതു പറഞ്ഞയാൾ അകത്തേക്ക് നടന്നു.

ചായ കുടിക്കുമ്പോഴും ശൈലൻ ചിന്തകളുടെ ലോകത്തായിരുനു. സിദ്ധാന്തങ്ങളുടെ കുത്തൊഴുക്കിൽ പെട്ടു പോയി അയാൾ.
അടുത്തെവിടെയെങ്കിലും വല്ല ആശുപത്രിയുമുണ്ടോ? ഏതെങ്കിലും നായ അവിടുന്ന്...ഇല്ല...ആശുപത്രിക്കാര്‌ കൈ മുറിച്ച് ചുമ്മാതങ്ങ് ചവറ്റുകുട്ടയിലെറിയില്ലല്ലോ...
എന്തൊക്കെയാവാം സംഭവിച്ചിരിക്കുക?...അയാൾ സങ്കൽപ്പിച്ചു നോക്കി.
വല്ല ആഭിചാരക്രിയയുടേയും ബാക്കിപത്രം?...ആവില്ല...

ചിലപ്പോൾ...
വർഷങ്ങൾക്ക് മുൻപ്, രാഷ്ട്രീയവൈരം മൂത്ത ചിലർ തമ്മിൽ തമ്മിൽ ആയുധം പ്രയോഗിക്കുമ്പോൾ അറ്റു വീണതാവും ആ കൈ. മണ്ണിൽ ആരുമറിയാതെ അമർന്ന് മഴയും വെയിലും കൊണ്ട് അത് ഉള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടിട്ടുണ്ടാവാം. ആ കൈയ്യുടെ ഉടമ ജീവനുമായി നാട് വിട്ടിട്ടുണ്ടാവും. എവിടെയെങ്കിലും ഭിക്ഷയെടുത്തോ ഒരു കൈ കൊണ്ട് വേല എടുത്തോ ജീവിതം തള്ളി നീക്കുന്നുണ്ടാവാം...

ചിലപ്പോൾ...
അർദ്ധരാത്രിയിൽ ഒരു തസ്ക്കരൻ ജനൽ വഴി വിലപ്പെട്ടതെന്തോ എടുക്കാൻ കൈ നീട്ടുന്നു. വീട്ടുടമസ്ഥൻ വാളോ വെട്ടുകത്തിയോ കൊണ്ട് വെട്ടിയിട്ടുണ്ടാവും. ആറ്റു വീണു പോയിട്ടുണ്ടാവും. ഭയന്നു പോയ കള്ളൻ പിടിക്കപ്പെടാതിരിക്കാൻ ഓടിപ്പോയിട്ടുണ്ടാവും...ചിലപ്പോൾ ചോര വാർന്ന് മരിച്ചു പോയിട്ടുണ്ടാവും. വീട്ടുടമസ്ഥനും ഭയന്നു പോയിട്ടുണ്ടാവും. ആരുമറിയാതിരിക്കാൻ ആ കൈ അയാൾ പറമ്പിൽ ഇരുട്ടിന്റെ മറവിൽ കുഴിച്ചിട്ടിട്ടുണ്ടാവും...

ചിലപ്പോൾ..
‘ഇതാ ചായ!’ ശൈലന്റെ സാധ്യതകളുടെ ചരട് പൊട്ടിയടർന്നു.
‘ചേട്ടനെന്താ കിടക്കുന്നത്? അച്ഛൻ പറഞ്ഞു ചേട്ടൻ ഇന്നവിടെ ചെന്നിരുന്നെന്ന്...’
‘ഓ...വെറുതെ ഒന്നു കാണണമെന്ന് തോന്നി...നല്ല തലവേദന...ഞാനൊന്ന് കിടക്കട്ടെ...’
‘എന്നാൽ എണ്ണീറ്റ് കഴിഞ്ഞ് ചായ കുടിക്കാം’ അതും പറഞ്ഞ് രമണി ചായ ഗ്ലാസ് എടുത്തു തിരിഞ്ഞു നടന്നു.

രമണിയോട്‌ പറഞ്ഞാലോ?...വേണ്ട അതിലും ഭേദം ചാനലുകാരെ വിളിച്ചു നേരിട്ടങ്ങ് പറയുന്നതാണ്‌. തത്ക്കാലം ഈ വീട് മുഴുവൻ ഒന്നു പരതണം. അയാൾ ക്ഷീണം വക വെയ്ക്കാതെ ജനലിനടുത്ത് ചെന്നു തോന്നി. കട്ട പിടിച്ചു കിടക്കുന്ന ചോരക്കറ എവിടെയെങ്കിലും?...ഉണ്ടാവില്ല. അതൊക്കെയും കഴുകി വൃത്തിയാക്കിയിട്ടുണ്ടാവും. തെളിവുകൾ ഒലിച്ചു പോയിട്ടുണ്ടാവും. വീണ്ടും വന്നു കട്ടിലിൽ കിടന്നു.

രാത്രി നേരം. വിജനമായ റോഡിൽ കൂടി വരികയായിരുന്നു. പൊടുന്നനെ പിന്നിൽ നിന്നാരോ തോളിൽ കൈ വെച്ചു. തിരിഞ്ഞു നോക്കി. ആരുമില്ല. പക്ഷെ തോളിലൊരു കൈ ഇരിക്കുന്നു! തുടർന്നുള്ള രാത്രികളിൽ അയാൾ പലവിധ കൈകളെ സ്വപ്നം കണ്ടു. കുട്ടിക്കാലത്ത് വായിച്ച ഉരുക്കുകൈ മായാവിയുടെ കൈ പോലെ ഒരു കൈ അന്തരീക്ഷത്തിലൂടെ വരുന്നു. തന്റെ കഴുത്തിലമരുന്നു...ആ കൈയ്യുടെ അറ്റു പോയ ഭാഗത്ത് നിന്നും ചോരത്തുള്ളികൾ തന്റെ മേലാകെ...ചില രാത്രികളിൽ കൈ വരുന്നത് പിന്നിൽ നിന്നാണ്‌. ചിലപ്പോൾ മുകളിലൂടെ വന്ന് തന്റെ മുടി കുത്തിപ്പിടിച്ച്...

മനസ്സമാധാനം കിട്ടാനൊരൂ പാട്ടു കേൾക്കാമെന്നു വെച്ചാണ്‌ റേഡിയോ ഓൺ ചെയ്തത്.
‘കൈകുടന്ന നിറയെ തിരുമധുരം...’
അയാൾ ഉടൻ തന്നെ റേഡിയോ ഓഫ് ചെയ്തു.

ഏതു സമയത്താണ്‌ തനിക്ക് വാഴ വെക്കാൻ തോന്നിയത്?
ഏതു സമയത്താണ്‌ രമണിക്ക് പൊങ്ങച്ചം നിറഞ്ഞ ആ മറുപടി കൊടുക്കാൻ തോന്നിയത്?
ഏതു സമയത്താണ്‌ പറമ്പിൽ സൂക്ഷം അവിടെ തന്നെ കിളയ്ക്കാൻ തോന്നിയത്?

ഏതാനും ദിവസങ്ങൾക്കുള്ളിൽ ശൈലൻ പോലുമറിയാതെ അയാളുടെ ശരീരം മെലിയാനാരംഭിച്ചു. ഉറക്കമില്ലാത്തത് കാരണം നിറം മങ്ങാനും, കണ്ണുകളുടെ തെളിച്ചം കുറയാനും തുടങ്ങി. രാത്രികളിൽ മൂങ്ങകളെ പോലെ ഉറങ്ങാതിരിക്കാനുള്ള കഴിവ് കൈവന്നു. സംശയങ്ങളായി സമ്പാദ്യം. പറമ്പിലൂടെ ആരോ നടക്കുന്നില്ലെ? ജനലിനു സമീപം ആരോ നിൽക്കുന്നില്ലേ? രാവിലെ പാല്‌ വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ അപരിചിതനായ ഒരാൾ തന്നെ മാത്രം തുറിച്ചു നോക്കി നിന്നില്ലേ?

കൈ പലവിധത്തിൽ ശൈലനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. കവലയിൽ വെച്ച് പരിചയക്കാരൻ ‘ശൈലോ’ എന്നുറക്കെ വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ശൈലൻ കണ്ടത്, തന്നെ നോക്കി വീശുന്ന കൈ മാത്രമാണ്‌! നടുക്കത്തോടെ വിളറി നിന്നു പോയി അയാൾ. രാവിലെ ഓഫീസിൽ പോകും മുൻപ് രമണിക്കും മണിക്കും ‘റ്റാറ്റാ ബൈ ബൈ’ പറയുമ്പോൾ നോട്ടം മുഴുക്കെയും സ്വന്തം വലതു കൈയ്യിലായി പോയത് അയാൾ അസ്വസ്ഥതയോടെ തിരിച്ചറിഞ്ഞു.

എല്ലാ പ്രശ്നങ്ങളും ദൈവത്തിങ്കൽ പറഞ്ഞാൽ അല്പം സമാധാനം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ്‌ അടുത്തുള്ള ക്ഷേത്രത്തിൽ പോയത്. എന്നാൽ ദൈവവും കൈ ഉയർത്തി കാണിച്ചു നിൽക്കുന്നത് കണ്ടപ്പോൾ...

എവിടെയും കൈ! എല്ലായിടത്തും കൈ!
പേന പിടിക്കുന്ന...
പേനാക്കത്തി പിടിക്കുന്ന...
പ്രാർത്ഥിക്കുന്ന...
യാചിക്കുന്ന...
അധ്വാനിക്കുന്ന...
കൈകൂലി വാങ്ങുന്ന...
കൈ പിടിക്കുന്ന...
കാല്‌ പിടിക്കുന്ന...
കെട്ടിപ്പിടിക്കുന്ന...
തള്ളിമാറ്റുന്ന...
കൈ ചൂണ്ടി കരയിക്കുന്ന...
ഇക്കിളിയിട്ട് ചിരിപ്പിക്കുന്ന...
ഓർമ്മകളിൽ നിന്നും കൈകൾ വന്നു. അന്നു വരേയ്ക്കും തന്റെ ഓർമ്മയറകളിൽ താൻ പോലുമറിയാതെ ശേഖരിക്കപ്പെട്ടിരുന്ന കൈയ്യുടെ ചിത്രങ്ങൾ...
മാതാവിന്റെ, കറിക്കത്തികൾ പോറലുകളേൽപ്പിച്ച...
പിതാവിന്റെ, രോമം നിറഞ്ഞ പരുക്കൻ...
ഭാര്യയുടെ മൃദുലമായ...
മകനെ ആദ്യമായി കണ്ടപ്പോൾ പൂവിതൾ പോലെയുള്ള...
നാഢി പിടിച്ച വൈദ്യരുടെ എഴുന്നു നില്ക്കുന്ന നരച്ച രോമങ്ങളുള്ള...
പുഷ്പാഞ്ചലി കഴിച്ച് പ്രസാദം തരുന്ന പൂജാരിയുടെ ചന്ദനമണമുള്ള...

ശരീരകാമനകൾ തീർക്കാൻ അസംഖ്യം തവണ ഉപയോഗിച്ച തന്റെ സ്വന്തം കൈയ്യിലേക്ക് അയാൾ നോക്കിയിരുന്നു.
കൈയ്യില്ലാതെ എങ്ങനെ കാമിക്കും?
ആലോചിക്കും തോറും ലോകം കൈയ്യുടേത് മാത്രമാണെന്നു തോന്നിത്തുടങ്ങി.
രണ്ടു കൈകൾ ഉണ്ടായിട്ടും എന്തു കൊണ്ട് ചില കാര്യങ്ങൾ മനുഷ്യർ ഒരു കൈ മാത്രമുപയോഗിച്ച് ചെയ്യാൻ ശീലിക്കുന്നു?

കുളിക്കുമ്പോൾ ഇടതു കൈ കൊണ്ട് മഗ്ഗിൽ വെള്ളം കോരി തലയിലൊഴിക്കാൻ ശ്രമിച്ചു.
ഓഫീസിൽ പോകും മുൻപ് അയാൾ ഷർട്ട്, ഇടംകൈ കൊണ്ട് ധരിക്കാൻ ശ്രമിച്ചു.
ബട്ടനിടാൻ...പാന്റിന്റെ സിബ്ബ്...
അടുക്കളയിൽ രമണി കറിക്കരിയുന്നുണ്ടാവും...
ഇടതു കൈ കൊണ്ട് മാത്രം...സങ്കൽപ്പിക്കാനാവുന്നില്ല.
കൈ നഷ്ടപ്പെട്ടവരുടെ നൈരാശ്യത്തിന്റെ ആഴം മനസ്സിലാക്കാൻ കൂടി കഴിയുന്നില്ല. ആഴത്തിലേക്ക് എത്തി നോക്കുമ്പോഴേക്കും ഭയന്നു പോകുന്നു...
ആലോചിക്കരുതെന്ന് സ്വയം താക്കീത് ചെയ്ത് ഒതുക്കി മാറ്റിയിട്ടും കൈയ്യിനെ കുറിച്ചുള്ള ചിന്തകൾ ഒരു തരം വൈരാഗ്യബുദ്ധിയോടെ, അത്യധികം ശക്തിയോടെ ആലോചനകളിലേക്ക് തള്ളിക്കയറി വന്നു കൊണ്ടിരിക്കുന്നത് അസഹനീയമായിരിക്കുന്നു...

ഈ വിധം പോയാൽ ആ നശിച്ച അസ്ഥിക്കഷ്ണം കാരണം തന്റെ സമനില തന്നെ തകരും. ആരോടെങ്കിലുമിതു പറയണം...എവിടെയെങ്കിലും എഴുതി വെയ്ക്കണം...ആരോടും പറയാനാവാത്തത് ഉറക്കെ പറയാൻ ഒരിടമേ ഉള്ളൂ...

അങ്ങനെയാണയാൾ ഓഫീസ് വിട്ട് നേരെ കടപ്പുറത്തേക്ക് പോയത്. കടൽ ശാന്തമാണ്‌. അതു പോലെ ആവണം തനിക്കും. കടപ്പുറം വിജനമാണ്‌. അതു പോലെ ആവണം തന്റെ മനസ്സും. അയാൾ തിരകൾക്കടുത്തേക്ക് നടന്നു ചെന്നു, കാൽ നനയും വരേയ്ക്കും. തണുത്ത തിരകൾ കാല്‌ തഴുകുന്ന സുഖമനുഭവിച്ചു നിന്നു. ഉടല്‌ മുഴുക്കെയും തണുപ്പ് പടർന്ന് കയറുന്നു. ആരോടും...സുഹൃത്തുക്കളോടു പോലും...ഭാര്യയോട് പോലും പറയാനാവാത്തത് മുഴുക്കെയും അയാൾ കടലിനോട്, കാറ്റിനോട്, തിരകളോട് പറഞ്ഞു...ഉറക്കെ ഉറക്കെ...

തിരികെ വീട്ടിൽ വന്നു കയറിയത് വളരെ ഉന്മേഷത്തോടെയായിരുന്നു. എന്തുമാത്രം മനസ്സമാധാനം! ആ അസ്ഥിക്കഷ്ണം...അതവിടെ കിടന്ന് ദ്രവിച്ച് പൊടിഞ്ഞ് മണ്ണോട് മണ്ണായി മാറട്ടെ! അതാരുടെയെങ്കിലുമാവട്ടെ...അയാൾക്കെന്തു വേണമെങ്കിലും സംഭവിച്ചിരിക്കട്ടെ. നാളെ തന്നെ അവിടെ ഒരു വലിയ കല്ല് സ്ഥാപിക്കണം. ഒരു വലിയ അലക്കുകല്ല്! ഇനി അവിടെയാരും കുഴിക്കരുത്...

സമാധാനമായിട്ടാണ്‌ ശൈലൻ ആ രാത്രി ഉറങ്ങാൻ കിടന്നത്. അതും പഞ്ചസാര നല്ലോണം കലക്കിയ പശുവിൻപാൽ കുടിച്ചിട്ട്. ഇടയ്ക്ക് ചില കാലടികൾ പറമ്പിൽ അമരുന്നത് പോലെ തോന്നിയെങ്കിലും അയാൾ പുതപ്പ് വലിച്ചിട്ട്, തലയും ആ തോന്നലും സൗകര്യപൂർവ്വം മൂടി.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ബാത്ത്റൂമിൽ ചെന്ന് മുഖം കഴുകിയ ശേഷം ശൈലൻ കണ്ണാടിയിൽ അല്പനേരം നോക്കി നിന്നു.
‘ആഹാ! എത്ര സുന്ദരമാണ്‌ ജീവിതം!’
തൃപ്തി വരാഞ്ഞിട്ട്, ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന് ഇംഗ്ലീഷിലും പറഞ്ഞു.
ശൈലൻ ചായ കുടിക്കാൻ അടുക്കളയിലേക്ക് പോയി.
രമണി പതിവു പോലെ രാവിലെ തന്നെ എഴുന്നേറ്റിട്ടുണ്ട്. മണിക്ക് സ്കൂളിലേക്ക് കൊണ്ടു പോകാൻ എന്തോ പലഹാരമുണ്ടാക്കുന്ന തിരക്കിലാണ്‌.
ശൈലനെ കണ്ടപാടെ രമണി അതിശയത്തോടെ പറഞ്ഞു,
‘അറിഞ്ഞാ നമ്മടെ രമേഷേട്ടന്റെ വീട്ടിൽ ഇന്നലെ കള്ളൻ കേറി. ലതേച്ചി ദെ ഇപ്പൊ വിളിച്ചു വെച്ചേ ഒള്ളൂ. ഭാഗ്യത്തിന്‌ ഒന്നും കൊണ്ടു പോയില്ല... ചേച്ചി ആളെ കണ്ടെന്ന്...ജനലിക്കൂടെ നോക്കി കൊണ്ട് നിക്കാരുന്നെന്ന്...’
‘ഒന്നും കൊണ്ടു പോയില്ലല്ലോ...ചെലപ്പോ വല്ല വായിനോക്കികളുമായിരിക്കും...’
‘ആർക്കറിയാം?...അവന്‌ ഒരു കൈയ്യിലായിരുന്നെന്ന്...ഒരു കൈയ്യും വെച്ച് കക്കാനിറങ്ങിയിരിക്കണ്‌...സൂക്ഷിക്കണം’
അടുത്ത നിമിഷം ശൈലൻ ഒരു ശിലയായി മാറി.

Post a Comment

പടർപ്പ്

 
ആദ്യമായി പടർപ്പിനകത്തേക്ക് പോയത് എന്നാണ്‌? ശരിക്കുമങ്ങ് ഓർക്കാൻ പറ്റുന്നില്ല. ചിലപ്പോൾ കഴിഞ്ഞ ജന്മത്തിലാവും! അത്രയ്ക്കും മുൻപാണത്. ബാലേട്ടന്റെ തറവാട്ട് വീട്ടിനടുത്ത് ഒരു പൊളിഞ്ഞ കെട്ടിടമുണ്ട്. ഒരു കൈയ്യും കുത്തി നിൽക്കുന്ന പോലെ ഒരു വശത്തേക്ക് ചെരിഞ്ഞു നിൽക്കുന്ന ഒരു ഓടിട്ട കെട്ടിടം. അവിടാകെ പടർപ്പുകളാണ്‌. കെട്ടിടത്തിനെ ആകെ മൂടി കളഞ്ഞതു കൊണ്ട് പടർപ്പ് മാത്രമേ പുറമേന്നു കാണാൻ പറ്റൂ. നിലത്തു മാത്രമല്ല, പായല്‌ പിടിച്ച, മഴയും വെയിലും ആവോളം സഹിച്ച, ഇടിഞ്ഞടർന്ന മൺച്ചുവരുകളിലുമൊക്കെ പടർപ്പുകൾ. മനുഷ്യന്റെ ആഗ്രഹങ്ങൾ പോലെ മുകളിലേക്ക് പടർന്നു കയറി പോകുന്ന പടർപ്പുകൾ. മണ്ണിലാണെങ്കിൽ പച്ച നിറം നാലുപാടേക്കും പരന്നൊഴുകിയത് പോലെ. പടർപ്പിനെ പെട്ടെന്ന് ഓർക്കാനിടയായതല്ല. ഓർമ്മകളുടെ പടർപ്പിലേക്ക് ആ ചിത്രം പൊടുന്നനെ വന്നു വീണതുമല്ല. എങ്ങനെയോ അതിനടുത്ത് എത്തിപ്പെട്ടതാണ്‌. എന്നിട്ടും അനുസരണയില്ലാത്ത മനസ്സ് പടർപ്പിലേക്കുള്ള കടുംപച്ച നിറഞ്ഞ വഴികൾ തിരഞ്ഞു പോയി.  

ഏഴ് അല്ലെങ്കിൽ എട്ട് വയസ്സുണ്ടാവും. അന്നും പറമ്പിൽ പാമ്പുകളുണ്ട്. ഓന്തുകളും, എന്തോ വലിയ തിരക്കുണ്ടെന്നു മട്ടിൽ ഓടുന്ന ഉരുണ്ട കറുത്ത ഉറുമ്പുകളും ധാരാളം. അവരും മനുഷ്യരും ഒന്നിച്ച് മണ്ണിൽ പാർത്തിരുന്ന സുന്ദരകാലമായിരുന്നു അതെന്ന് പറയുകയല്ല. എങ്കിലും എന്തോ ഒരു പരസ്പരധാരണയുണ്ടായിരുന്നു. ധാരണകളോട് ബഹുമാനമുണ്ടായിരുന്ന കാലഘട്ടം എന്നു മാത്രം കണക്കാക്കിയാൽ മതി. ഇന്നാലോചിക്കുമ്പോൾ മറ്റൊരു കാര്യത്തിലാണ്‌ അത്ഭുതം. പെൺകുട്ടിയെന്ന പ്രത്യേക പരിഗണനയൊന്നുമില്ലായിരുന്നു അന്ന്. അതു കൊണ്ട് ആമ്പിള്ളേരുടെ ഒപ്പം മരം കയറാനും, മണ്ണിൽ ഉരുണ്ട് പിരണ്ട് കളിക്കാനും, ചെളി പുരണ്ട വസ്ത്രങ്ങളുമായി ഓടിക്കളിക്കാനും അനുവാദമുണ്ടായിരുന്നു. ബാലനായിരുന്നു കൂട്ട്. അവന്‌ എന്നേക്കാൾ ഒന്നര, രണ്ട് വയസ്സ് മൂപ്പുണ്ട്. പറഞ്ഞാൽ എന്റെ മുറച്ചെറുക്കനായി വരും. ബാലാ, ബാലൂ എന്നൊക്കെ തോന്നും പോലെ വിളിച്ചു. ഇന്നും അങ്ങനെ തന്നെ. ബാലേട്ടൻ എന്നൊക്കെ മറ്റുള്ളവരോട് പറയുമ്പോൾ മാത്രമായി മാറ്റി വെച്ചിട്ടുള്ള വാക്കാണ്‌. അത് പറയുമ്പോഴെ ഒരു ചളിപ്പാണ്‌. ചളിപ്പുള്ള ചില ഓർമ്മകൾ കാലം കഴിയുമ്പോൾ മധുരമുള്ളതായി മാറുന്നതിന്റെ രഹസ്യമെന്താണ്‌?

അവധിക്ക് സാവിത്രിയമ്മായിയുടെ വീട്ടിലാവും എന്റെ തീറ്റയും കുടിയും ഉറക്കവുമൊക്കെ. എന്നു പറഞ്ഞാൽ എന്റെ ശല്യം ഒഴിവാക്കാൻ കൊണ്ടു വിടുന്ന സ്ഥലം. അവിടെ പരീക്ഷയൊക്കെ എഴുതി അവധിയും കാത്ത് ബാലു ഉണ്ടാവും. ഞാനും അവനും ചിലപ്പോൾ അയൽവക്കത്തെ സുരനും ശാലുമൊക്കെ അവിടമൊക്കെ തെണ്ടി നടക്കും. അതിനിടയിൽ കളിയും അടിപിടിയുമൊക്കെ ഉണ്ടാവും. ഈ പറഞ്ഞ പടർപ്പും പഴയ കെട്ടിടവും എനിക്ക് പോകാൻ പേടിയുള്ള ഒരു സ്ഥലമായിരുന്നു. അവിടെ ആരേയും കണ്ടിട്ടില്ലായിരുന്നു. ആരേയും കാണാത്തിടത്ത്, കാണാൻ പാടില്ലാത്തത് ഉണ്ടാവുമല്ലോ എന്നൊക്കെ വിചാരിച്ചിട്ടുണ്ടാവും. ഒരു ദിവസം പേടി മാറ്റാൻ ബാലു എന്നെ അങ്ങോട്ട് കൈ പിടിച്ചോണ്ട് പോയി.
‘രാജി...നീ വാ...ഇവിടെ ആരു ഇല്ല...കണ്ടാ...ഒന്നും പേടിക്കണ്ട’
എന്റെ പേടി കണ്ടിട്ടാവും, ‘ഞാനില്ലെ കൂടെ?’ എന്നു പറഞ്ഞു ധൈര്യം കൂട്ടാൻ ബാലു ഒരു ശ്രമം നടത്തി.
ഇപ്പോൾ അതോർക്കുമ്പോൾ ചിരിയാണ്‌ വരുന്നത്. പീക്കിരി ചെറുക്കൻ! എന്നിട്ടും പറയുന്നത് ‘ഞാനില്ലെ കൂടെ?’ എന്ന്! ഏതെങ്കിലും സിനിമയിൽ കേട്ട ഡയലോഗായിരിക്കും. കൂടെയുണ്ടായിട്ടെന്തു ചെയ്യാൻ? ഒരു പാമ്പിനെ കണ്ടാൽ ഞങ്ങൾ രണ്ടുപേരും രണ്ടുഭാഗത്തേക്കും തിരിഞ്ഞുനോക്കാതെ പാഞ്ഞോടുമായിരുന്നു! അവിടേക്ക്, മനുഷ്യര്‌ നടന്നു പുല്ലു ചതഞ്ഞുണ്ടായൊരു വഴി പോലുമില്ലായിരുന്നു. ഒരു വടിയെടുത്ത്, തല്ലിയും, വടിവാള്‌ പോലെ വീശിയും വഴിയുണ്ടാക്കി ഞങ്ങൾ മുന്നോട്ട് നടന്നു. വിട്ടിലുകൾ ചാടി മറഞ്ഞു, ചെറുശലഭങ്ങൾ പറന്നു പൊങ്ങി, ഓറഞ്ചു നിറമുള്ള ഓന്തുകൾ ഇഴഞ്ഞൊളിച്ചു, തൊടാവാടികൾ തലകുനിച്ചു.

കെട്ടിടത്തിനകത്ത് ഞാൻ ബാലൂന്റെ പിന്നാലെ കയറി. ബാലു കൈ നീട്ടിയെങ്കിലും പേടിത്തൂറിയൊന്നുമല്ലെന്ന് തെളിയിക്കണം എന്ന് തോന്നിയതു കൊണ്ടാവും ഞാനതു കണ്ടതായി പോലും ഭാവിച്ചില്ല. അവിടെ ആരും ഉണ്ടായിരുന്നില്ല, ഒന്നുമുണ്ടായിരുന്നില്ല. കുറെ പഴയ പാട്ടകൾ, മരക്കഷ്ണങ്ങൾ, തുരുമ്പിച്ച ചില കമ്പികൾ. പേടി സിനിമകളിൽ കാണും പോലെ ഒരു വവ്വാലും പറന്നു പോയില്ല. പേരിനു ഒരു ഒണക്ക പാമ്പു പോലും ഉണ്ടായിരുന്നില്ല. എന്റെ അതുവരെ ഉണ്ടായിരുന്ന പേടി മൊത്തം പോയി. അവിടവിടെ ഓടിളകി വീണു കിടപ്പുണ്ടായിരുന്നു. മച്ച് എന്ന് പറയാനൊന്നും ബാക്കിയില്ല. മുഴുക്കെയും ചുക്കിലിയും ചിലന്തിവലകളും. ഞാനും ബാലുവും സ്വാതന്ത്യ്രത്തോടെ നടന്നു. അവിടെ ഒരു വിജാഗിരി അടർന്ന ഒരു ജനലുണ്ടായിരുന്നു. ഒടിഞ്ഞ വാഴയില പോലെ താഴേക്ക് തൂങ്ങി കിടന്ന ഒരു പാളി. അതിന്റെ മുന്നിൽ ചെന്നു നിന്നു ഞാൻ നോക്കി. ബാലുവും അടുത്തുണ്ട്. അവിടന്നു നോക്കിയാൽ തറവാട് കാണാം. അമ്മായി നടന്നു പോകുന്നത് കണ്ടു. മുറ്റത്തെ വലിയ പുളി മരവും, അതിനപ്പുറത്തെ പറമ്പും ഒക്കെയും നന്നായി കാണാം. ഞാൻ ബാലൂനെ നോക്കി ചിരിച്ചു. അവൻ പുളി മരവും കണ്ടില്ല, പറമ്പും കണ്ടില്ല. അല്ല, നോക്കിയിട്ടുണ്ടാവില്ല. ആ ചെറുക്കൻ എന്നേം നോക്കി നിൽക്കുവായിരുന്നു. പെട്ടെന്ന് അവനെന്നെ കെട്ടിപ്പിടിച്ച്, കവിളിലൊരു ഉമ്മ തന്നു. ഞാൻ ഞെട്ടി പോയി. ഇതിനാണോ അവൻ എന്നെ വിളിച്ചോണ്ട് ഇവിടെ വന്നത്? ഞാൻ നിന്നു നന്നായി കരഞ്ഞു. അവൻ നന്നായി പേടിച്ചു. ഇന്നാലോചിക്കുമ്പോൾ തോന്നുന്നു, സത്യത്തിൽ അവൻ എന്നേക്കാൾ പേടിച്ചിട്ടുണ്ടാവുമെന്ന്. ഞാൻ എന്തിനാ അങ്ങനെ വാവിട്ട് കരഞ്ഞത്? അറിയില്ല! എന്റെ കണ്ണിൽ നിന്ന് കണ്ണീർ കുടുകുടാന്ന് വീഴുകയാണ്‌.
‘അയ്യോ രാജി കരയല്ലെ...കരയണ്ട രാജീ’ എന്നൊക്കെ അവൻ അപേക്ഷിച്ചത് ഞാൻ കേട്ടു.
‘ആരോടും പറയല്ലെ രാജീ...എങ്കിൽ ഞാൻ ചാവും’
അപ്പോൾ...ആരെങ്കിലും അറിഞ്ഞാൽ എന്തോ കുഴപ്പമുണ്ടാവുന്ന എന്തോ ആണ്‌ നടന്നത്! അറിഞ്ഞാൽ അവൻ ചത്തു പോവും! അത്രയും ഭയങ്കരമായ സംഭവമാണ്‌. അവന്റെ ആ പറച്ചിലു കൂടി കേട്ടപ്പോൾ എന്റെ കരച്ചിലിന്റെ ശക്തി കൂടി. ഞാൻ കണ്ണും പൂട്ടി കരച്ചിലോട് കരച്ചിൽ. അവനോടി പോയി കളഞ്ഞു. ഭീരു! ഞാനില്ലെ കൂടെ എന്ന് പറഞ്ഞ പാർട്ടിയാണ്‌ എന്നെ ആ തല്ലിപ്പൊളി കെട്ടിടത്തിൽ ഒറ്റയ്ക്കാക്കിയിട്ട് ഓടി പോയത്‌!

ഞാൻ പെറ്റിക്കോട്ടിന്റെ തുമ്പു കൊണ്ട് കണ്ണും മൂക്കും തുടച്ച് പുറത്തേക്ക് പോയി. അന്നേ ദിവസം അവനെനിക്കു മുഖം തന്നില്ല. ഞാൻ കൊടുത്തതുമില്ല. ഏതു നിമിഷവും ഈ കാര്യം പൊട്ടിച്ചേക്കാം എന്ന മട്ടിൽ ഞാൻ നടന്നു. അന്നു രാത്രി തന്നെ അവനു പനി പിടിച്ചു! ഞാൻ പിടിപ്പിച്ചു എന്നു പറഞ്ഞാൽ മതി. അവൻ കിടന്നു കിടുകിടാന്ന് വിറയ്ക്കുന്നത് കണ്ടു. കിടുകിടുപ്പിൽ പാതിയും അവന്റെ അഭിനയമായിരുന്നോ എന്തോ. എന്തായാലും എനിക്കും കുറച്ച് പേടിയായി. എനിക്കും പനി പകർന്നാലോ, അതൊ അതു പനിയല്ല മറ്റെന്തോ വലിയ അസുഖത്തിന്റെ തുടക്കമാണോ എന്നൊക്കെ വിചാരിച്ചിട്ടാണോ എന്നറിയില്ല രായ്ക്കുരായ്മാനം എന്നെ വീട്ടിലേക്കയച്ചു.

അവനെന്നോട് ചെയ്തത് എനിക്കും അവനും മാത്രമറിയാവുന്ന ഒരു രഹസ്യം. എന്തോ ഭയങ്കര സംഭവം. ആരോടും പറയരുത്. എനിക്ക് പറയാനും തോന്നിയില്ല. എന്തോ കുഴപ്പമുള്ള കാര്യമാണ്‌. പിന്നെ പിന്നെ അവൻ എന്നെ ഒഴിവാക്കാൻ തുടങ്ങി. അങ്ങനെ ഒഴിഞ്ഞു നടക്കുമ്പോഴും ഞാൻ അവന്റെ കാര്യങ്ങൾ കൃത്യമായി അറിഞ്ഞു കൊണ്ടിരുന്നു. സൈക്കിളിൽ നിന്നും തലേം കുത്തി വീണതും, പിന്നീട് ഏതോ ഒരു ക്ലാസ്സിൽ മൊട്ട മാർക്ക് വാങ്ങിയപ്പോൾ അമ്മാവന്റെ കൈയ്യീന്ന് നല്ല പെട കിട്ടിയതുമൊക്കെ. ഞാൻ അനുസരണയോടെ പഠിച്ചു. വീട്ടുകാരും നാട്ടുകാരുമൊക്കെ പറയും പോലെ നല്ല അടക്കോം ഒതുക്കോമുള്ള ഒരു പെൺകുട്ടിയായി വളർന്നു പൊങ്ങി. ബാലൂനെ ഇടയ്ക്കൊക്കെ കാണുമായിരുന്നു. ചില ഉത്സവങ്ങളിൽ വെച്ച്, ബന്ധുക്കളുടെ കല്ല്യാണത്തിനു വെച്ച്. അവനു ഉയരം വെച്ചു, അവനു മീശ തെളിഞ്ഞു. ഒരേയിടത്ത് കൂടുമ്പോൾ അവൻ എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാനറിഞ്ഞു. അവൻ കാണാതെ ഞാനും അവനെ നോക്കി നിന്നു. പ്രേമം തോന്നിയിട്ടുണ്ടാവും. അപ്പോഴൊക്കെ അവന്റെ പഴയ വികൃതി ഓർക്കും. ഇപ്പോഴവന്റെ വികൃതി കൂടിയിട്ടുണ്ടാവുമോ അതോ പണ്ടത്തേക്കാളും വലിയ ഭീരു ആയിക്കാണുമോ എന്നൊക്കെ സംശയിച്ചു. അവന്‌ എന്നോടെന്തോ പറയാനുണ്ടെന്ന് അക്കാലത്ത് തോന്നിയിട്ടുണ്ട്. ചിലപ്പോൾ മാപ്പിരക്കലാവും അല്ലെങ്കിൽ പണ്ടേക്ക് പണ്ടേ പ്രേമമായിരുന്നൂന്ന് പറയാനാവും. എന്തായാലും അതിനൊക്കെയുമുള്ള മറുപടി ഞാനുള്ളിൽ തയ്യാറാക്കി വെച്ചു കൊണ്ടാണ്‌ സദാ സമയവും ഇരുന്നത്. പക്ഷെ അവനും എനിക്കും അതിനുള്ള അവസരമൊന്നും ഉണ്ടായില്ല.

‘ബാലൂനു കല്ല്യാണായി’
അതെങ്ങനെയെങ്കിലും ഒന്നു മുടങ്ങി പോയാ മതീന്നായിരുന്നു ആഗ്രഹം. എന്തൊക്കെയോ കടുത്ത നേർച്ചകളും നേർന്നു. പക്ഷെ ഒക്കെ ചീറ്റി പോയി. ദൈവങ്ങൾക്ക് പഴയ പോലെ തേങ്ങയും തിരിയും വിളക്കുമൊന്നും വേണ്ടാന്നു തോന്നുന്നു. സംഗീത എന്നായിരുന്നു വധുവിന്റെ പേര്‌. എന്റേതിനേക്കാൾ നല്ല പേരാണല്ലോ എന്ന് അസൂയപ്പെട്ടു. നേരിൽ കണ്ടപ്പോൾ അസൂയ മൂത്ത്, ഞാൻ മഞ്ഞുകട്ടയായി പൊടിഞ്ഞു പോയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. അത്രയ്ക്കും സുന്ദരി. ഒരു കോങ്കണ്ണിയോ, ചീങ്കണിയോ അങ്ങനെ എന്തേലും ആയിരുന്നെങ്കിൽ...
സംഗീ എന്ന് എല്ലാരും വിളിച്ചു. ഓ! ഇനി ഞാൻ സംഗി ചേച്ചീ എന്നു വിളിക്കണോല്ലോ എന്നായി എന്റെ വിഷമം. സംഗി വീട്ടിൽ വന്നപ്പോൾ എന്നെ കണ്ടു സംസാരിച്ചപ്പോഴാണ്‌ ഞാനെത്ര പൊട്ടി പെണ്ണാണെന്ന് മനസ്സിലായത്. ഇപ്പഴും കൊച്ചു കുട്ടി കളിച്ചു നടക്കുവാ എന്നൊക്കെ എന്നെ പറ്റി എല്ലാരും പറയുന്നതിൽ എന്തോ ചില കാര്യമുണ്ട് എന്ന് തോന്നിയത്. സംഗി ചേച്ചി നല്ല പക്വതയോടെ പെരുമാറുന്നു, എല്ലാരോടും ബഹുമാനത്തോടെ പെരുമാറുന്നു. അടക്കവും ഒതുക്കവും എന്ന് ഞാൻ എന്നെക്കുറിച്ച് കരുതിയിരുന്നതൊക്കെ തവിടു പൊടിയായി. ഇനി ‘ആ സംഗിയെ കണ്ടു പഠിക്ക്’ എന്നു കൂടി ആരെങ്കിലും പറഞ്ഞാൽ എല്ലാം പൂർണ്ണമാവും. തകർന്നടിയും. അങ്ങനെ പറഞ്ഞാൽ അതിനു എതിരു പറയാൻ വേണ്ടത് ഞാൻ തയ്യാറാക്കി വെച്ചു. തയ്യാറാക്കി വെച്ച ആയുധം പ്രയോഗിക്കേണ്ടി വന്നില്ല. ആരും ഒന്നും പറഞ്ഞില്ല. ഞാൻ ആയുധം ദൂരെ വലിച്ചെറിഞ്ഞു. പിന്നേയും കേട്ടു ചേച്ചിയെ കുറിച്ച് വിശേഷങ്ങൾ. ചേച്ചി നല്ലോണം പാടും, ചിത്രം വരയ്ക്കും, കവിത എഴുതും, പാകം ചെയ്യും. കവിത എഴുതുന്നതൊഴിച്ച് ബാക്കിയൊക്കെ എനിക്കും പറ്റും. വേണേൽ പയറ്റാനും തയ്യാർ. ഒന്നു രണ്ടു മാസികയൊക്കെ വായിച്ചു ഞാനും ചില കവിതകളൊക്കെ എഴുതി. നോക്കണമല്ലോ നമുക്കും അതൊക്കെ പറ്റുവോന്ന്.
‘ഇരിക്കുന്നു ഞാനെൻ വിഷമകുടീരത്തിൽ,
വിമൂകയായി ഈ ജന്മം മുഴുക്കെയും’
രണ്ടു ദിവസം കഴിഞ്ഞ് എടുത്ത് വീണ്ടും വായിച്ചു നോക്കി. ഹോ! വായിച്ച് വെറുത്തു പോയി. അറുപത്തിനാല്‌ കഷ്ണങ്ങളാക്കി അതു ചുറ്റിലും പറത്തി സായൂജ്യമടഞ്ഞു.

ചിലപ്പോൾ തോന്നാറുണ്ട്, എന്റെ മനസ്സിലും പടർപ്പുകൾ ഉണ്ടായിരുന്നു എന്ന്. എപ്പോഴുമതുണ്ടായിരുന്നു. എപ്പോഴൊക്കെയോ ഞാനതിനുള്ളിലേക്ക് നടന്നു പോയിരുന്നു. അവിടെ ആ തണുപ്പിൽ ഇരിക്കുമായിരുന്നു. എന്റേതുമാത്രമായൊരു രഹസ്യ ഇടം. അവിടിരിക്കുമ്പോഴാണ്‌ സ്വസ്ഥത എന്ന വാക്കിന്റെ അർത്ഥം മനസ്സിലാവുന്നത്. എല്ലാർക്കും കാണും അതു പോലൊരു പടർപ്പ് നിറഞ്ഞൊരിടം. ഒറ്റയ്ക്ക് പോയിരിക്കാനും, സ്വപ്നം കാണാനും.

കുറച്ച് നാൾ കഴിഞ്ഞപ്പോൾ എന്റേയും കല്ല്യാണം കഴിഞ്ഞു. പവിത്രൻ - അതായിരുന്നു എന്റെ പകുതിയുടെ പേര്‌. നല്ല ഒരാൾ. എനിക്കിഷ്ടമായി. മീശ ഉണ്ട്, മുടി ഉണ്ട്, വണ്ണവും പൊക്കവുമുണ്ട്. അപ്പോഴേക്കും ബാലൂനു രണ്ട് വയസ്സുള്ള ഒരു കുട്ടിയായി കഴിഞ്ഞിരുന്നു. പവിത്രേട്ടൻ എല്ലാം ആസൂത്രണം ചെയ്യുന്ന കൂട്ടത്തിലാണ്‌. കുട്ടികളുടെ കാര്യത്തിലും അതുണ്ടായി. ഞാൻ ബാലൂന്റെ കാര്യങ്ങൾ അറിയുന്നുണ്ടായിരുന്നു. ബാലു ഗൾഫിൽ ഒരു ജോലി കിട്ടി പോയി. കുറെ നാൾ ചേച്ചിയും കുട്ടിയും അവിടെ ഉണ്ടായിരുന്നു. പിന്നെ തിരികെ വന്നു. അവിടെ ഗൾഫിൽ എന്തൊക്കെയോ കുഴപ്പങ്ങളായി എന്നു കേട്ടു. ബാലു ഇടയ്ക്കൊക്കെ നാട്ടിൽ വരും. പിന്നെ തിരികെ പോകും. അങ്ങനെ നല്ല ഒന്നാന്തരം പ്രവാസി ആയി. അതിനിടെ ഞാനും പവിത്രേട്ടനും കോയമ്പത്തൂരേക്ക് താമസം മാറ്റി.

കോയമ്പത്തൂരിലേക്ക് മാറിയത് പവിത്രേട്ടൻ എല്ലാം ആസൂത്രണം ചെയ്തത് കൊണ്ടാണെന്നു പിന്നീടാണ്‌ മനസ്സിലായത്. പവിത്രൻ എന്ന പേരു മാത്രമേ ഉള്ളൂ, പ്രവൃത്തിയിൽ ആ ഗുണമൊന്നും ഇല്ലെന്നു മനസ്സിലാക്കാൻ പൊട്ടി പെണ്ണായ എനിക്കു മനസ്സിലാവാൻ പിന്നേയും മാസങ്ങളെടുത്തു. ഞാൻ ശരിക്കും നീറി പുളഞ്ഞു. എന്റെ ചോദ്യങ്ങൾക്ക് ആദ്യമൊക്കെ ഒഴിഞ്ഞുമാറാനാണ്‌ പവിത്രേട്ടൻ ശ്രമിച്ചത്. പിന്നീട് ശബ്ദമുയർത്തി അടിച്ചിരുത്താനായി ശ്രമം. ഒരു നശിച്ച ദിവസം എന്റെ ചോദ്യത്തിന്‌, എന്റെ കവിളിലാണ്‌ മറുപടി കിട്ടിയത്. പിറ്റേന്ന് തന്നെ ഞാൻ വീട്ടിലേക്ക് മടങ്ങി. ഇനി ചത്താലും അങ്ങോട്ടില്ല എന്ന ശപഥം ചെയ്തു. മുറിച്ചു കളയേണ്ടത് മുറിച്ചു കളയണം. സമാധാനമാണ്‌ വലുത്. പവിത്രേട്ടൻ എന്ന് വിളിച്ച നാവ് കൊണ്ട് പിന്നീട് ഞാൻ അയാൾ എന്നും, അങ്ങേര്‌ എന്നും വിളിച്ചു. അത്രയ്ക്ക് കലിയായി കഴിഞ്ഞിരുന്നു എനിക്ക്. കുട്ടികളില്ലാതിരുന്നത് ഭാഗ്യമായി എന്നു തന്നെ എനിക്കു തോന്നി. ആകെ കരഞ്ഞു നാശമായ അമ്മയും അതു തന്നെ പറയുന്നത് കേട്ടു. സത്യത്തിലെനിക്ക് ഇപ്പോഴാണ്‌ സന്തോഷവും ആശ്വാസവും ഉണ്ടായതെന്ന് വിളിച്ചു പറയണമെന്ന് തോന്നി. അങ്ങനെ ഞാൻ സന്തോഷവതി ആയി ഇരിക്കുന്നത് കണ്ട് അമ്മ എന്തിനാ വിഷമിക്കണതെന്ന് മനസ്സിലായില്ല. മകള്‌ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ട് അമ്മമ്മാർ സന്തോഷിക്കുകയല്ലേ വേണ്ടത്? ഇതു പോലുള്ള പല കാര്യങ്ങളും എനിക്ക് മനസ്സിലാകുന്നില്ല. ‘കാര്യമെന്തായാലും പെണ്ണിന്റെ ഭാഗത്തും എന്തേലും കൊഴപ്പം കാണും. കുട്ടികളുമില്ല’ അങ്ങനെയൊക്കെ ആലോചിക്കാനും, ആലോചിച്ചതൊക്കെ വള്ളിപുള്ളി വിടാതെ മറ്റുള്ളവരോട്  പറയാനും ചിലർക്ക് നല്ല മിടുക്കുണ്ടെന്ന് മനസ്സിലായി. അങ്ങനെ മറ്റുള്ളോരുടെ മുന്നിൽ ഞാൻ എന്തോ വലിയ അപരാധം ചെയ്തവളായി. കൊഴപ്പം പിടിച്ചവളായി.

ഞാൻ പുറമെ മൗനിയും അകമെ ആയുധമെടുത്തവളുമായി. എന്നോട് തന്നെ ലഹള നടത്തി. കലാപം നടത്തി. എന്നോട് തന്നെ പട നയിക്കുകയും എന്നോട് തന്നെ തോൽക്കുകയും ചെയ്തു. എല്ലാം എന്റെ തെറ്റായിരുന്നു, കുറച്ചു കൂടി ശ്രദ്ധയാലു ആവാമായിരുന്നു എന്നൊക്കെ ചില നേരങ്ങളിൽ ഒരു സമാധാനത്തിനു ഞാനെന്നോട് തന്നെ കുറ്റബോധത്തോടെ പറഞ്ഞു. ഒരു ചെറിയ ജാഗ്രതക്കുറവ് എന്റെ ഭാഗത്ത് ഉണ്ടായി എന്നത് നേര്‌. മനോവേദനയുടെ തീവ്രത അളക്കാനുള്ള യന്ത്രം ആരും കണ്ടു പിടിച്ചിട്ടില്ലാത്തത് കൊണ്ട് അതാരേയും ബോദ്ധ്യപ്പെടുത്തി കൊടുക്കാനും കഴിഞ്ഞില്ല. ഞാൻ എന്നോടു തന്നെ സന്ധി സംഭാഷണം നടത്തി. ചോദ്യങ്ങൾ ചോദിക്കുന്നതും ഞാൻ, ഉത്തരം പറയുന്നതും ഞാൻ. ഒറ്റയ്ക്ക് സംസാരിക്കുന്നത് കണ്ട് അമ്മ വീണ്ടും കരച്ചിലും പിഴിച്ചിലുമായി. എനിക്കെന്തോ കുഴപ്പമുണ്ടെന്ന് കരുതാൻ എല്ലാരുടെയും പക്കൽ ആവശ്യത്തിനു തെളിവുകളും, കാരണങ്ങളുമുണ്ടെന്ന് മനസ്സിലായി. അതു കൊണ്ട് തന്നെ ആരോടും തർക്കിക്കേണ്ട ആവശ്യം കൂടിയില്ലായിരുന്നു. ഒന്നു നോക്കിയാൽ പോലും കാര്യങ്ങൾ തകിടം മറിയും. കണ്ടോ ആ നോട്ടം കണ്ടില്ലേ എന്നാവും പറച്ചിൽ! പറമ്പിലൂടെ പാട്ടും പാടി നടന്നു മാനസികസംഘർഷം മാറ്റാനായിരുന്നു പിന്നീടുള്ള എന്റെ ശ്രമം. എന്നാൽ അത് വലിയൊരു തിരിച്ചടിയാവുമെന്നു കരുതിയില്ല. എനിക്ക് ചെറുതായി ‘എന്തോ ഒരു പ്രശ്നം’ ഉള്ളതായി വ്യാഖ്യാനിക്കപ്പെട്ടു! അതെന്താ പാടാനും പാടില്ലെ? അതെന്തു പാടാ? മിണ്ടാതിരുന്നാൽ വിഷാദരോഗം! സംസാരിച്ചാൽ തർക്കുത്തരം പറയുന്നു എന്നു പരാതി! പാടിയാൽ പ്രാന്ത്! പിന്നെന്തു ചെയ്യുമെന്ന് പിടികിട്ടിയുമില്ല. ഈ നശിച്ച ഭൂമിയിൽ എനിക്ക് പ്രസക്തിയില്ലാതെ ആയെന്നു തോന്നി. ഇതിനൊക്കെ കാരണം ഞാൻ ജനിച്ചതു കൊണ്ടാണ്‌. അതിനു കാരണം എന്റെ അച്ഛന്റേയും അമ്മയുടേയും വിവാഹമാണ്‌. ഈ ‘വിവാഹം’ എന്ന കാലഹരണപ്പെട്ട പരിപാടിയാണ്‌ സകല പ്രശ്നങ്ങളുടേയും കാരണം!

അങ്ങനെ ഇരിക്കെയാണ്‌ സംഗി ചേച്ചിയെ കുറിച്ച് വീണ്ടും കേൾക്കുന്നത്. ചേച്ചിയുടെ കവിതയെ കുറിച്ചല്ല, ഗാനാലാപന കഴിവിനെ കുറിച്ചല്ല, പാചകവൈദഗ്ദ്ധ്യത്തെ കുറിച്ചുമല്ല. സംഗി ചേച്ചിയെ ആശുപത്രിയിലാക്കിയിരിക്കുന്നു. ബാലു ഉടൻ തിരികെ വരാൻ പോകുന്നു. പൊട്ടും പൊടിയുമായാണ്‌ വിവരങ്ങൾ കിട്ടുന്നത്. അതിൽ തന്നെ പലതും സത്യമാണോന്ന് ദൈവത്തിനേ അറിയൂ. ഒടുവിൽ എല്ലാം തെളിഞ്ഞു വന്നു. ചേച്ചിക്ക് ഇപ്പോഴത്തെ കുപ്രസിദ്ധ രോഗമാണ്‌. നെഞ്ചിലും വയറ്റിനുള്ളിലും എല്ലാം വ്യാപിച്ചു കഴിഞ്ഞു. എനിക്ക് ഉടനെ പോയി കാണണമെന്നു തോന്നി. നല്ലവരായ നാട്ടുകാരുടെ നല്ല ചോദ്യങ്ങൾ എന്നെ കാണുമ്പോൾ ഉണ്ടാവുമെന്നു ഉറപ്പുണ്ടായിട്ടും ഞാൻ ചെന്നു. കണ്ടു, കൈപിടിച്ചിരുന്നു. അവരുടെ മകൾ മിടുക്കി ആയിരിക്കുന്നു. വെറുതെ ആലോചിച്ചു, ബാലൂനെ ഞാൻ കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ഇതു പോലൊരു മകളോ അല്ലെങ്കിൽ ഒരു മകനോ എനിക്കുമുണ്ടാവുമായിരുന്നില്ലേ? അതാവുമായിരുന്നില്ലേ? ഇതാവുമായിരുന്നില്ലേ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇപ്പോൾ എനിക്ക് നല്ല പരിചയമാണ്‌. അതു കൊണ്ട് കുറച്ചു നേരം ആ മാതിരി നിലവാരമില്ലാത്ത ചോദ്യങ്ങളുമായി ഇരുന്ന ശേഷം നിർദ്ദയം ഉപേക്ഷിച്ചു.

ഞാൻ തിരികെ വന്ന് ഒരു പത്ത് പതിനാല്‌ ദിവസമായപ്പോൾ സംഗി ചേച്ചി മരിച്ചു. ‘നല്ലവരെ ദൈവം വേഗം വിളിക്കും’ എന്നു അമ്മ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ, അതും എനിക്കിട്ട് കുത്തിയതാണെന്ന് തോന്നി. ആയുസ്സ് തികയും മുൻപെ മരിച്ചു പോകുന്നവർ മാത്രം നല്ലവർ. വയസ്സായി മരിക്കുന്നവർ എല്ലാം മോശം ആൾക്കാർ. അങ്ങനെ ഒരു ധ്വനി അതിലുണ്ട്. ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് കൊണ്ട് നല്ലവളല്ല എന്നു പറഞ്ഞതാവുമോ? ‘എന്താ, മരിച്ചു നല്ലവളാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി കൊടുക്കണോ?’ എന്ന് ചോദിക്കണം എന്നു വിചാരിച്ചെങ്കിലും വേണ്ടെന്നു വെച്ചു. ഇപ്പോൾ പല കാര്യത്തിനും സ്വയം മറുപടി പറയുകയോ, തർക്കുത്തരങ്ങൾ വിഴുങ്ങുകയോ ചെയ്യുകയാണല്ലോ പതിവ്. ചിലരെയൊക്കെ പലവട്ടം കുത്തി കൊന്നിട്ടുണ്ട്, വിഷം കൊടുത്തിട്ടുണ്ട്, വണ്ടിക്കു മുന്നിൽ തള്ളിയിട്ടിട്ടുണ്ട്, കിണറ്റിലെടുത്തിട്ടിട്ടുണ്ട്. അങ്ങനെയൊക്കെ മനസ്സിൽ കാണുകയും സങ്കൽപ്പിക്കുകയും ചെയ്യുമ്പോൾ അവാച്യമായൊരു സുഖം കിട്ടും! അതിൽ അഭിരമിച്ചങ്ങനെ ഇരിക്കും. അതും ഒരു സൂക്കേടാണെന്നു ആരെങ്കിലും പറഞ്ഞാലോന്ന് പേടിച്ച് ആരോടും പറയാൻ പോയില്ല. എന്റെ വിചാരം എല്ലാരും മനസ്സു കൊണ്ട് കൊലപാതകികളും കൊള്ളക്കാരുമൊക്കെ ആണെന്നാണ്‌. കുറഞ്ഞ പക്ഷം വ്യഭിചാരമെങ്കിലും ചെയ്തിട്ടുണ്ടാവും. ഉണ്ടാവണം. കുറഞ്ഞത് ഒരു വട്ടമെങ്കിലും.

ആഴ്ച്ചകൾ ഉരുണ്ട് പിരണ്ടങ്ങ് പോയി. അമ്മ ബാലൂന്റെ വീട്ടിൽ പോകുന്ന നേരം എന്നോടും കൂടെ വരാൻ നിർബന്ധിച്ചു. ഈ എരണം കെട്ടവൾ അവിടെ ചെന്നിട്ട് എന്ത് ഗുണം എന്നു ഞാൻ സ്വയം ചോദിച്ചു. ഇനി എന്റെ കല്ല്യാണം ബാലുവുമായി കഴിപ്പിക്കാൻ എന്തെങ്കിലും കടുത്ത പദ്ധതികൾ അമ്മ ആവിഷ്ക്കരിക്കുകയാണോ എന്നും സംശയിച്ചു. പിന്നീടാണതൊന്നുമല്ലെന്നു മനസ്സിലായത്. ഉറി കെട്ടിയ കയറ്‌ മാറ്റാൻ ആയിടെ ഞാൻ സ്റ്റൂളിട്ടൊന്നു കയറി നിന്നിരുന്നു. അയ്യോ എന്നൊരു ഉൾക്കിടിലൻ വിളി കേട്ടു നോക്കുമ്പോൾ അമ്മ അന്തം വിട്ടു പിന്നിൽ നിൽപ്പുണ്ടായിരുന്നു. മറ്റൊരു അവസരത്തിൽ, കിണറ്റിൽ ആരോ പിടിച്ചിട്ട വരാലിനെ നോക്കി നിൽക്കുകയായിരുന്നു. അമ്മ നിലവിളിച്ചില്ലെങ്കിലും എന്റെ അടുത്ത് വന്ന് മോളു പോയി പറമ്പിൽ കിടക്കണ ആ മടലൊക്കെ ഒന്നെടുത്തു വെച്ചെ എന്നു പറഞ്ഞെന്നെ തന്ത്രപൂർവ്വം വഴി തിരിച്ചു വിട്ടു. എനിക്ക് കാര്യമൊക്കെ മനസ്സിലായെങ്കിലും അറിയാത്ത പോലെ നടിച്ചു. അമ്മയുടെ ഭാഗത്ത് നിന്ന് ആലോചിക്കുമ്പോൾ ആ ആധിക്ക് ഒരു അർത്ഥമുണ്ട്. അതു കൊണ്ട് കൂടുതൽ ചോദിച്ച് എന്റെ പാവം അമ്മയുടെ മനസ്സ് വിഷമിപ്പിക്കാൻ പോയില്ല. ഞാൻ നല്ല അനുസരണക്കുട്ടിയായി അമ്മയുടെ ഒപ്പം പോയി.

തകർന്ന മനുഷ്യൻ എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. ബാലുവിനെ കണ്ടപ്പോഴാണ്‌ അതെന്താന്ന് മനസ്സിലായത്. ഞാൻ കണ്ടിട്ടുണ്ടായിരുന്ന, ഓർമ്മയിലുണ്ടായിരുന്ന മനുഷ്യനേയല്ലാതെ ആയി പോയിരിക്കുന്നു ബാലു. ഇത്ര പെട്ടെന്ന് ഒരാള്‌ വയസ്സായി പോവുമോ എന്നു തോന്നി. മോളൂട്ടി സ്കൂളിൽ പോയി തുടങ്ങിയെന്നറിഞ്ഞു. അവളെ കണ്ടാൽ വീണ്ടും പഴയ ചിന്തകളിൽ വഴുതി വീഴുമോ എന്നു പേടിച്ചിരിക്കുകയായിരുന്നു ഞാൻ. ബാലൂനോട് തിരിച്ചു പോവുന്നുണ്ടോ എന്ന മണ്ടൻ ചോദ്യം അല്ല മണ്ടി ചോദ്യം ചോദിച്ചു പോയി. മകളെ നാട്ടിലാക്കിയിട്ട് ഗൾഫിൽ പോകാനോ? അതേക്കുറിച്ച് ആലോചിക്കുമ്പോഴേക്കും വാക്ക് വാ വിട്ടു പോയി തറച്ചു കഴിഞ്ഞിരുന്നു. ഞാൻ അതിനു മുകളിൽ കുറച്ച് പൊടി വാരി വിതറി ഒളിപ്പിക്കാൻ ഒരു വിഫലശ്രമം നടത്തി.
‘മോളെ കൂടെ അങ്ങോട്ടു കൊണ്ടു പോവാൻ പറ്റില്ലെ?...അവിടെ നല്ല ഇന്ത്യൻ സ്കൂളൊക്കെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്...അല്ലെ?’
കുറെ നേരം കഴിഞ്ഞ് ഞാൻ ആ ചോദ്യം വിട്ട് വേറെ എന്തേലും ചോദിക്കാമെന്നു കരുതിയിരിക്കുമ്പോൾ മുൻപ് ചോദിച്ചതിന്റെ ഉത്തരം വന്നു.
‘ഇല്ല രാജീ...ഇനി അങ്ങോട്ടില്ല...മോളെ നോക്കാനാരേലും വേണ്ടെ...ഒറ്റയ്ക്ക് ശരിയാവൂല്ല...’ എന്നിട്ടാ പറഞ്ഞത് ശരിയാണെന്ന മട്ടിൽ കുറച്ച് നേരം തലയാട്ടുന്നത് കണ്ടു. എനിക്കാ ഇരിപ്പ് കണ്ടിട്ട് സങ്കടം തോന്നി. സങ്കടത്തിനിടയിലും ‘രാജീ’ എന്ന വിളി ഒരു മഴയായി. ഒരു നിമിഷം ഏതോ പൈങ്കിളി നോവലിലെ നായികയുടെ മനസ്സായി എന്റേത്. തൊട്ടടുത്ത നിമിഷം പൈങ്കിളി ക്ലാസ്സിക് ആയി.
‘ഞാനൊറ്റയ്ക്ക്...’
ആ ഒരൊറ്റ വാക്കും പിടിച്ച് ബാലു വാ പൂട്ടി ഇരുന്നു.
സാരി അല്ലായിരുന്നേൽ അവിടെ നിന്ന് ഇറങ്ങി ഓടാരുന്നു...
ചിറകുണ്ടായിരുന്നേൽ എങ്ങോട്ടേലും പറക്കാരുന്നു...
കുറഞ്ഞ പക്ഷം അദൃശ്യ ആകാനുള്ള കഴിവെങ്കിലും വേണമായിരുന്നു.

പിന്നേയും ഇടയ്ക്കിടെ ഞാനവിടെ പോയി. പോകേണ്ടി വന്നു എന്നു പറയുന്നതാവും ശരി. ഒരു പണിയുമില്ലാതെ ഇരിക്കുമ്പോൾ ഞാൻ ബാലൂനെ കുറിച്ചും ബാലൂന്റെ മോളേ കുറിച്ചും ഓർത്തു. അടുത്ത തവണ കാണുമ്പോൾ, കുറച്ച് പക്വത നടിച്ച് ബാലൂനെ രണ്ടാമതൊരു വിവാഹത്തിനു നിർബന്ധിക്കണമെന്ന് ഉറപ്പിച്ചു. എന്റെ കാര്യമേ കുളമായി. വിവാഹമോചനം സ്വപ്നം കണ്ടു ഇരിക്കുകയാണ്‌ ഞാൻ. പവിത്രൻ - അയാള്‌ ഇപ്പോ മിക്ക ദിവസവും വിളിക്കുന്നുണ്ട്. ഫോണിൽ കൂടി കരച്ചിലും മാപ്പും പശ്ചാത്താപവും കുറ്റബോധവുമൊക്കെ കുഴച്ചുരുട്ടി വിടുന്നുണ്ട്. ദിവസവും അതു കേൾക്കുന്നത് എന്റെ വിനോദത്തിന്റെ ഭാഗമായി. നല്ലോണം ആസ്വദിക്കുന്നു. നല്ല സുഖം. അമ്മ ടിവി സീരിയൽ കാണുന്നു, ഞാൻ അങ്ങേരുടെ നിലവിളി കേൾക്കുന്നു! രണ്ടു പേർക്കും ആനന്ദം! ജനിച്ചതിനു ചില അർത്ഥങ്ങളുണ്ടെന്നും, അല്പാല്പമായി എനിക്കും പ്രസക്തി വന്നു കൊണ്ടിരിക്കുകയാണെന്നും തോന്നിത്തുടങ്ങി.

ബാലൂനെ പോയി കാണുന്നത് ഇപ്പോൾ ഒരു ഹരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏതോ ജാരനെ കാണാൻ പോകുന്നത് പോലെ! പാവം ഇതൊന്നും അറിയുന്നില്ലല്ലോ! ഒന്നു രണ്ടു വട്ടം പോയപ്പോഴാണ്‌ ഈ ജാരസംഗമം എന്നു പറയുന്നത് അത്ര മോശം സംഭവം ഒന്നുമല്ലെന്നു മനസ്സിലായത്. ഞാൻ ബാലൂന്റെ കൂടെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. പതിയെ പതിയെ ബാലൂന്റെ ദുഖമൊക്കെ മാറി വരുന്നതായി തോന്നി. ചെറിയ ചിരി മുഖത്ത് ഇടയ്ക്കൊക്കെ തെളിയുന്നത് എന്റെ വിജയമായി തോന്നി. അങ്ങനെ ഇരിക്കുമ്പോൾ എനിക്കും തോന്നി ഞാൻ ശരിക്കും ബാലൂനെ ഇഷ്ടപ്പെട്ടു പോവുമോന്ന്. പക്ഷെ ബാലൂനു എന്നോട് അങ്ങനെ ഒരു വിചാരവുമില്ലെന്ന് ഉറപ്പായിരുന്നു. എന്റെ ഇടയ്ക്കിടെയുള്ള പോക്ക് അമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മയെ രഹസ്യമായി ഞാൻ കാലിയ എന്നാണ്‌ വിളിക്കാറ്‌. കാലിയയുടെ കാര്യം ഞാൻ കാര്യമാക്കിയില്ല. പവിത്രൻ ശരിക്കും പവിത്രനാകാനുള്ള ശ്രമത്തിലാണ്‌. ഇപ്പോൾ വെള്ളമടി നിർത്തി. നൂറ്റാണ്ടുകളായുള്ള പുകവലി ശീലവും ഉപേക്ഷിച്ചു എന്നറിയിച്ചു. ഫോൺ കോളുകളിൽ ഇടയ്ക്കിടെ ഞാൻ ഒന്ന് നീട്ടി മൂളും. അയാൾക്കൊരു പ്രോത്സാഹനം കൊടുക്കണമല്ലൊ! അത് മറ്റൊരു വിനോദം. ഞാൻ ശരിക്കും സാഡിസ്റ്റാണോ, പ്രാന്തിയാണോ, കാമുകിയാണോ എന്നൊന്നും എനിക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്ത ഒരു നിലയിലായി.

ബാലൂനെ കാണാൻ പോകുന്നത് അമ്മായിയെ കാണാൻ എന്നും പറഞ്ഞാണ്‌. അമ്മായിയെ ആരു കാണാൻ? പക്ഷെ പറയുമ്പോൾ അങ്ങനെയല്ലെ പറയാൻ പറ്റൂ? കാണുന്ന കൂട്ടത്തിൽ വിശേഷം അന്വേഷിക്കും. ആരോഗ്യവിവരം തിരക്കും. പ്രായത്തിന്റെ പതിവു പ്രശ്നങ്ങൾ. സൂക്കേടിന്റെ കാര്യം പറയുമ്പോൾ ഞാൻ അമ്മായിയുടെ കണ്ണും നോക്കി ഇരിക്കും. അമ്മായി അപ്പോൾ ദൂരെ എവിടേക്കോ നോക്കി ഇരുന്നു സംസാരിക്കും. ആരെയോ പ്രതീക്ഷിക്കുന്ന പോലെ. സംസാരവുമായി ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ ഓർത്തെടുക്കുന്നത് പോലെ.
ബാലൂനെ കണ്ടപ്പോൾ, ഉപദേശങ്ങളിൽ ബിരുദമെടുത്തവളെ പോലെ ഞാൻ പറഞ്ഞു,
‘ബാലു ഇങ്ങനെ ഇരുന്നാലെങ്ങനെയാ...ഒന്നു നടന്നിട്ടൊക്കെ വാ...’ .
‘എങ്ങോട്ട് നടക്കാനാ?’
‘എന്നാ വാ ചുമ്മാ പറമ്പിൽ കൂടെ നടക്കാം...’
അങ്ങനെ നടന്ന് നടന്നാണ്‌ പഴയ പടർപ്പ് വളർന്നു മൂടിയ കെട്ടിടത്തിലെത്തിയത്. ഞാൻ പഴയ കാര്യങ്ങളൊക്കെ ഓർത്തു. ഇപ്പോ എനിക്ക് പേടിയില്ല. ഒന്നിനേയും. ആരേയും. ബാലുവിന്റെ കാര്യം എനിക്കറിയില്ല.
‘അമ്മ ഇതൊന്നു വൃത്തിയാക്കിയെടുക്കാൻ പറഞ്ഞിട്ടുണ്ട്...ഇവിടെ വേണേൽ വല്ല തയ്യൽ ക്ലാസ്സോ മറ്റോ തുടങ്ങാലോ...സംഗിക്ക് ഇതൊരു പർണ്ണശാല ആക്കാനായിരുന്നു പ്ലാൻ...ഈ പർണ്ണശാല എന്നു വെച്ചാലെന്താ?’ ബാലു പെട്ടെന്നു തിരിഞ്ഞു എന്നോട് ചോദിച്ചു.
എനിക്കും അതെന്താണെന്ന് പിടിയില്ല. ഞാൻ ചിരിച്ചും തോളുയർത്തിയും അറിയില്ലെന്നറിയിച്ചു.
‘ഇതു വൃത്തിയാക്കിയെടുത്ത് ഒരു ചെറിയ വീടാക്കിയാൽ വാടകയ്ക്ക് കൊടുക്കാലോ‘ അതു പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ ബുദ്ധിശക്തിയിലും പക്വതയിലും എനിക്ക് തന്നെ അഭിമാനം തോന്നി.
ഞങ്ങൾ നടന്നു പഴയ മുറിയിലെത്തി. അപ്പോഴും ഞാൻ പഴയ കാര്യങ്ങളോർത്തു. ബാലു മറന്നിരിക്കാൻ ഇടയില്ല. ബാലു എന്തോ ഓർത്തു ചിരിക്കുന്നത് പോലെ തോന്നി.
’അന്ന്‌ ബാലു ചെയ്തത് ശരിയായില്ല‘ ഞാൻ ഗൗരവം നടിച്ചു കൊണ്ടു പറഞ്ഞു.
’അത് അപ്പോ...പെട്ടെന്ന്...‘ തപ്പിത്തടഞ്ഞു വീഴാൻ പോകുന്നതും നോക്കി ഞാൻ രസിച്ചു.
’അന്നെന്തിനാ പേടിച്ചോടിയത്?‘
’അതു പിന്നെ...നീ കരയണ കണ്ടപ്പോ‘
’അന്ന്‌ നമ്മള്‌ കൊച്ചു കുട്ടികളല്ലേ?...കരഞ്ഞു പോവും‘
’ഉം‘
ഞാൻ കുറച്ച് നേരം ബാലൂനെ നോക്കി നിന്നു. ആ മുഖത്ത് ഒരാശ്വാസം പരക്കുന്നത് കണ്ടു.
’പക്ഷെ...ഇപ്പോ നമ്മള്‌ കൊച്ചു കുട്ടികളല്ലല്ലോ...‘ അതു പറഞ്ഞ് ഞാൻ ബാലൂന്റെ മുഖത്തേക്ക് മുഖമടുപ്പിച്ചു. ബാലു പിന്നോക്കം പോയില്ല. ഞാനും...

വീട്ടിൽ മടങ്ങി വന്നിട്ട് അതിഭയങ്കരമായ ചിന്തകളുമായി ഇരുന്നു. ബാലൂനോട് ഞാനെന്താ അങ്ങനെ ചെയ്തതെന്ന് അറിയില്ല. അതൊന്നും ഞാൻ ആസൂത്രണം ചെയ്തിരുന്നതല്ല. ചിലപ്പോൾ സ്വാതന്ത്ര്യം കിട്ടിയതിന്റെ പാർശ്വഫലമാവും. ഞാൻ സാധ്യതകളെ കുറിച്ച് ഗാഢമായി ചിന്തിച്ചു.
വേണമെങ്കിൽ ഭാര്യയായി തുടരാം...
വേണമെങ്കിൽ കാമുകിയായി തുടരാം...
ഇനിയും ധാരാളം ‘വേണമെങ്കിൽ’ ഉണ്ട്.
ഒരുപാടൊരുപാട് സാധ്യതകൾ മനുഷ്യജീവിതത്തിനുണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോൾ എനിക്ക് ബോധോദയമോ ബോധക്കേടോ പോലെ എന്തോ ഒന്നുണ്ടായി.

അന്നു രാത്രിയും പവിത്രന്റെ ഫോൺ ഉണ്ടായിരുന്നു. എലിയെ തട്ടിയിട്ട് കളിക്കുന്നത് മതിയാക്കാൻ സമയമായിരിക്കുന്നു... ഒന്നുമല്ലേലും ഞാനൊരു പൂച്ചയല്ലെ? പൂച്ചയാണെന്ന തിരിച്ചറിവ് തന്നെ ഒരു വലിയ സംഭവമാണ്‌!

Post a Comment

നരിച്ചീറുകൾ


കത്തിരിച്ചൂടിൽ വെന്തു കൊണ്ടിരുന്ന ചെന്നൈ പട്ടണത്തിൽ നിന്നും യാത്ര ആരംഭിച്ച ട്രെയിൻ, കേരള അതിർത്തി കടന്ന്‌ പായുമ്പോഴും ജയകൃഷ്ണന്റെ മനസ്സിൽ നിന്നും ഉഷ്ണം തീർത്തും ഒഴിഞ്ഞു പോയിരുന്നില്ല. ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ അയാളെ തണുപ്പിച്ചിരുന്നില്ല. പിന്നോക്കം പാഞ്ഞു പോകുന്ന പച്ചപ്പുകളിൽ അലസമായി കണ്ണോടിച്ച്, ശൂന്യമായ മനസ്സുമായി അയാൾ ഇരുന്നു. തമിഴ് മാത്രം പേശുകയും തമിഴിൽ മാത്രം ചിന്തിക്കാനുമറിയാവുന്ന അയാളുടെ പൊണ്ടാട്ടി അഴകിയും, ഏതു ഭാഷയിൽ സംസാരിക്കണമെന്നിതുവരെ സ്വയം തീരുമാനിച്ചിട്ടില്ലാത്ത, അവരുടെ ഒന്നര വയസ്സുള്ള മകൾ മീനുവും കൗതുകപൂർവ്വം പുറംകാഴ്ച്ചകളിൽ കണ്ണിമയ്ക്കാതെ നോക്കി ഇരുന്നു. ഇളംകൈകളാൽ ജനലഴികളിൽ മുറുക്കെ പിടിച്ച് പുറത്തേക്ക് നോക്കിയിരുന്ന മീനുവിന്റെ, അനുസരണയില്ലാത്ത മുടിയിഴകളെ കാറ്റിന്റെ കൈകൾ താലോലിച്ചു കൊണ്ടിരുന്നു. ട്രെയിൻ ലക്ഷ്യത്തോടടുക്കുമ്പോൾ, അപരിചിത്വതവും, അരക്ഷിതത്വതവും അനുഭവപ്പെട്ടിട്ടാവണം, അഴകി ജയന്റെ കൈയ്യിൽ മുറുക്കെപ്പിടിച്ചു. അപ്പോഴവളണിഞ്ഞിരുന്ന ചുവന്ന കുപ്പിവളകൾ ശബ്ദമുണ്ടാക്കിക്കൊണ്ട് ഉലഞ്ഞു.

അന്യദേശത്ത് ആദ്യമായെത്തിയതിന്റെ അങ്കലാപ്പ് അഴകിയിൽ പ്രകടമായിരുന്നു. കേട്ടു പഴകിയതെങ്കിലും തനിക്ക് ചുറ്റും അതിവേഗത്തിൽ വീണു നിറയുന്ന മലയാളം അവൾക്ക് മനസ്സിലാക്കിയെടുക്കാനായില്ല. ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇടയ്ക്കിടെ അവളുടെ ക ണ്ണുകളിൽ തെളിഞ്ഞു മറഞ്ഞ ഭയം കണ്ടറിഞ്ഞ ജയൻ, ‘ഒന്നും പേടിക്കണ്ടടൊ, ഇതെന്റെ നാടാ’ എന്നു പറഞ്ഞ് ധൈര്യം പകർന്നു.

ചെന്നൈ നഗരത്തിലാവുമ്പോൾ അഴകി ദിനവും മറക്കാതെ മഞ്ഞളരച്ച് കവിളിൽ പുരട്ടുകയും, പാദത്തിനു ചുറ്റുമൊരതിര്‌ വരയ്ക്കുകയും, മുടിച്ചുരുളിൽ കനകാംബരമോ മല്ലിപ്പൂവോ തിരുകുകയും ചെയ്യുമായിരുന്നു. പക്കത്ത് വീട്ടിൽ വാടകയ്ക്ക് വന്ന മിതഭാഷിയെ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ട നാൾ അവൾ ഇടനേരങ്ങളിലോർക്കും. നഗരമധ്യത്തിലെ ബാങ്കിൽ ജോലിയുള്ള ജയകൃഷ്ണനെ ദിനവും കണ്ട് പരിചിതമായതും, അയാൾ അവളോട്‌ തന്റെ ഇഷ്ടമറിയിച്ചതും, പുരോഗമനമനസ്ക്കരായ അവളുടെ അപ്പാവിന്റേയും അമ്മാവിന്റേയും അനുവാദവും അനുഗ്രഹവും കിട്ടിയതുമൊക്കെ തന്റെ ഭാഗ്യങ്ങളാണെന്ന് അപ്പോഴൊക്കെയുമവൾക്ക് തോന്നും.

എന്നാലത്രയും ഭാഗ്യം ജയകൃഷ്ണന്‌ സിദ്ധിച്ചിരുന്നില്ല. സാക്ഷരതയും പുരോഗമനചിന്തയും പുറമെ പ്രകടിപ്പിച്ചിരുന്നെങ്കിലും, മറ്റൊരു നാട്ടിൽ നിന്നും, ഭാഷയറിയാത്ത, തികച്ചും വേറിട്ട ചുറ്റുപാടിൽ ജീവിച്ചു വളർന്ന ഒരാളെ തങ്ങളുടെ കൂട്ടത്തിൽ ചേർക്കുന്നതിലുള്ള അനിഷ്ടം സൂചിപ്പിക്കാൻ കുടുംബാംഗങ്ങൾ മടി കാണിച്ചില്ല. മുഖങ്ങളിൽ അതൃപ്തിയുടെ ചുളിവുകൾ പ്രത്യക്ഷമാവുകയും, പതിയെ മുനവെച്ച വാക്കുകളിലേക്കത് നീളുകയും ചെയ്തു. ഏത് എതിർപ്പും കാലചക്രങ്ങൾക്കടിയിൽ പെട്ട് വിസ്മൃതിയിലാണ്ട് പോകുമെന്ന ഉത്തമവിശ്വാസമുള്ളത് കൊണ്ട്, സ്വന്തം കുടുംബത്തിൽ നിന്നുമുയർന്ന എതിർപ്പും, ആത്മനാശം നടത്തുമെന്ന പതിവുഭീഷണികളും അയാൾ നിസ്സംഗതയോടെ അവഗണിച്ചു. ആ തീരുമാനം, സ്വാതന്ത്ര്യത്തിന്റെ സുഖമറിയാനൊരു കാരണമായി എന്നയാൾ പിൻകാലത്ത് അഴകിയോട് സ്വകാര്യനിമിഷങ്ങളിൽ പറഞ്ഞാസ്വദിച്ചിട്ടുണ്ട്, പലവട്ടം. എങ്കിലുമെവിടെയോ ഉത്തരവാദിത്വങ്ങളുടേയും, കടപ്പാടുകളുടേയും കെട്ടുപാടുകൾ മുറുകി കിടക്കുന്നില്ലേ എന്ന് സംശയം തോന്നുന്ന നിമിഷങ്ങളിൽ ഒരു ഫോൺകോളിലൂടെ വീട്ടുകാരുടെ ആരോഗ്യകാര്യങ്ങൾ അന്വേഷിക്കാൻ മടി കാട്ടിയതുമില്ല. ചെറിയ മൂളലുകളിൽ തുടങ്ങി പരിഭവപറച്ചിലുകളിലൂടെ തെന്നിയും തെറിച്ചും തുടർന്ന ആ ചെറുഭാഷണങ്ങൾ വീട്ടുവിശേഷങ്ങളിൽ ചെന്നു ചേക്കേറുന്നത് പിന്നീട് പതിവായി.

ഏകാന്തനേരങ്ങളിൽ, പഴകിത്തുടങ്ങിയ ചില ഓർമ്മകൾ അയാൾക്ക് തികട്ടി വരും.
വർഷങ്ങൾക്ക് മുൻപ് അവധിക്ക് വീട്ടിൽ ചെന്ന നേരം, അഴകിയുടെ കാര്യം അവതരിപ്പിച്ചപ്പോൾ,
‘നിനക്കീ പാണ്ടി പെണ്ണിനെ തന്നെ കെട്ടണോ?’
പാണ്ടിയല്ലമ്മെ...തമിഴ് പെണ്ണ്‌...
ഫോട്ടോ കാട്ടിക്കൊടുത്തപ്പോൾ,
‘എന്തൊരു കറുപ്പ്...കൊറച്ചൂട വെളുത്ത പെണ്ണിനെ ആയിരുന്നെങ്കിൽ പറയാനെങ്കിലും...’
ആരോട് പറയാൻ?
ചില സുഹൃത്തുക്കളെ കാണിച്ചപ്പോൾ,
‘ശരിക്കും?...കളറുണ്ടായിരുന്നേൽ നിനക്ക് മാച്ചായേനെ...’
എന്തു മാച്ച്?
‘പൊരുത്തോക്കെ നോക്കിയോ?’
എന്തു പൊരുത്തമാണിവർക്ക് വേണ്ടത്? എത്ര പൊരുത്തം? രണ്ടുപേർ തമ്മിൽ പൊരുത്തമുണ്ടോ എന്ന് രണ്ടാളേയും പരിചയമില്ലാത്ത ഒരു മൂന്നാമൻ ചതുരവും ത്രികോണവും വരച്ച് പറഞ്ഞാൽ വിശ്വസിക്കാൻ തക്കവണ്ണം ബുദ്ധിശൂന്യരായോ ഇവരൊക്കെ?!

ഒന്നു വെയിലേറ്റാൽ പോലും കറുത്തിരുണ്ട് പോകാവുന്ന ശരീരത്തിന്റെ നിറമാണോ, അകലെയെവിടെയോ ചുറ്റിത്തിരിയുന്ന, ജീവന്റെ കണിക പോലുമില്ലാത്ത ഗ്രഹങ്ങൾ നിശ്ചയിക്കുന്ന പൊരുത്തമാണോ...എന്താണ്‌ രണ്ടുപേരൊന്നിച്ചു ജീവിക്കുന്നതിൽ മറ്റുള്ളവർക്ക് മനോവിഷമം ഉണ്ടാക്കുന്നതെന്നെത്ര ആലോചിച്ചിട്ടും അയാൾക്ക് പിടികിട്ടിയതേയില്ല.

‘നീയെനിക്ക് തമിഴ് ശൊല്ലി തരണം...ഞാൻ ഉനക്ക് മലയാളം ശൊല്ലി തരാം...ഓക്കേവാ?‘
കല്ല്യാണം കഴിഞ്ഞ ആദ്യനാളുകളിലൊരു ദിവസം ജയൻ അഴകിയെ ചേർത്തു പിടിച്ച്, തമിഴും മലയാളവും കലർന്ന സങ്കരഭാഷയിൽ ആ ആവശ്യം വെച്ചു. കയർ ചുരുട്ടിവെച്ചിരിക്കും പോലുള്ള അക്ഷരങ്ങളിൽ കുരുങ്ങി ആദ്യമൊക്കെ തട്ടിത്തടഞ്ഞ് വീണെങ്കിലും ഒടുവിൽ അക്ഷരക്കുരുക്കുകൾ അഴിച്ചെടുക്കാനും മലയാളശബ്ദങ്ങൾ നാവിനും വിരലിലും വഴക്കപ്പെടുത്താനും അവൾക്കൊരുവിധമായി. തന്റെ നാട്ടിലെ മഴയും, പുഴയും, കാവും, കാടും, കായലും, കടലുമൊക്കെ കടലാസ്സിലും കമ്പ്യൂട്ടറിലും അയാൾ കാണിച്ചു കൊടുത്തപ്പോൾ അതൊക്കെയും നേരിട്ട് കാണാനുള്ള കൗതുകം അഴകിയുടെ കണ്ണിൽ നിറയുന്നത് കണ്ട്, ’നിന്നെയൊരിക്കൽ ഞാൻ കൊണ്ടു പോകാം‘ എന്നവൾക്കയാൾ ഈണത്തിൽ വാക്ക് കൊടുത്തു.

മീനാക്ഷി ജനിച്ചപ്പോഴും ’വീട്ടിലേക്ക് വന്നു കൂടെ?‘ എന്ന ചോദ്യം അയാളെ തേടി വന്നില്ല. അതിലുമയാൾക്ക് അല്പവും പരിഭവമുണ്ടായില്ല. സമാധാനവും സന്തോഷവും സഖിയും സന്താനവുമൊപ്പമുണ്ട്. അതിലും വലിയ സൗഭാഗ്യമൊന്നും ആഗ്രഹിച്ചിട്ടില്ല. തന്റെ വിവാഹത്തിനു ചേട്ടൻ വരണമെന്നത് സുധയുടെ നിർബന്ധമായിരുന്നു. വാശിപ്പുറത്തേറി അവൾ അതിനായി ചെറിയൊരു യുദ്ധം നടത്തിയെന്നത് സത്യം. ഒടുവിൽ കൂടിച്ചേരലിനു അതൊരു കാരണമായിക്കോട്ടെ എന്ന മട്ടിൽ ജയകൃഷ്ണനെ വിളിക്കാൻ തീരുമാനമായി. ക്ഷണമറിഞ്ഞപ്പോൾ ആഹ്ലാദമുണ്ടായോ ഇല്ലയോ എന്നയാൾക്ക് ഉറപ്പിച്ചു പറയാൻ കഴിഞ്ഞില്ല. അഴകി അതേക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ അയാൾ എന്തൊക്കെയോ ആലോചിച്ച് ഇരുന്നതേയുള്ളൂ. പോകണമോ വേണ്ടയോ?...തീരുമാനമെടുക്കാനാവാതെ ഇരുന്ന ജയനെ അഴകി ഓരോന്ന്‌ പറഞ്ഞാശ്വസിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു.
‘അപ്പാവും അമ്മാവും ആച്ചേ...അതു മട്ടുമില്ല...തങ്കയോട കല്ല്യാണം...അമ്മാവുക്ക് ബിപി ജാസ്തി...ഒരു ഏഴ്‌ നാള്‌ മട്ടും താനെ?’
അഴകിക്കാണ്‌ തന്നെക്കാൾ താത്പര്യം. അവൾക്കെത്ര കഥകൾ പറഞ്ഞു കൊടുത്തിരിക്കുന്നു. കേട്ടു പരിചയപ്പെട്ട കഥാപാത്രങ്ങളേയും, കഥാപരിസരവുമൊക്കെ കാണാനവൾക്ക് ആഗ്രഹമുണ്ടാവില്ലെ? സ്വയം ചോദിച്ച കുറെ ചോദ്യങ്ങളുമൊത്ത് അയാൾ രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ദിവസങ്ങൾക്ക് ശേഷം പാതിസമ്മതം മൂളിയപ്പോൾ അവൾ അയാളുടെ കവിളിൽ പലവട്ടം മുത്തമിട്ടു സന്തോഷം പ്രകടിപ്പിച്ചു.

വീട്ടിലെത്തിയ ശേഷം, കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി കൊടുക്കാനും, വീടും പരിസരവും കൈപിടിച്ച് കൂട്ടിക്കൊണ്ട് നടന്ന് കാട്ടിക്കൊടുക്കാനും ജയകൃഷ്ണൻ ഉത്സാഹം കാണിച്ചു. തണുത്ത കിണര്ർവെള്ളം കുടിച്ച് അഴകി ആശ്ചര്യപ്പെട്ടു.
‘കേരളാവിലെ തണ്ണിക്ക് എവ്വളോ ഇനിപ്പു!’
വർഷങ്ങളായി കാണാതിരുന്നതിലുള്ള വിഷമമൊക്കെയും കണ്ണീര്‌ പൊഴിച്ചും, പരിഭവം നിറച്ചുമാണ്‌ വീട്ടിലുള്ളവർ പറഞ്ഞു തീർത്തത്. മീനുവിനെ എല്ലാവർക്കും കണ്ടയുടൻ തന്നെ ഇഷ്ടമായി. അവൾക്കാണേൽ വീടും പരിസരവും ഒത്തിരി പിടിച്ചു. ഓടിച്ചാടി നടക്കാൻ ഇഷ്ടം പോലെ ഇടം! പൂച്ചകൾ, കോഴികൾ...വലിഞ്ഞു കയറാൻ മരങ്ങളും, മണത്തു നോക്കാൻ പൂക്കളും ഇഷ്ടം പോലെ! അഴകി വേഷം മാറാനും, മീനു സുധയ്ക്കൊപ്പം പറമ്പിൽ കറങ്ങാനും പോയപ്പോൾ, അമ്മ അയാളെ മാറ്റി നിർത്തി ആശ്വാസപൂർവ്വം പറഞ്ഞു,
‘ഭാഗ്യം! മീനു മോൾക്ക് നല്ല നെറോണ്ട്...പെങ്കൊച്ചല്ലെ? കെട്ടിച്ചു വിടാനുള്ളതല്ലെ?’
വന്നു കയറിയതേയുള്ളൂ. മറുപടി പറയണമോ വേണ്ടയോ? അടുത്ത വണ്ടിക്ക് തന്നെ തിരികെ പോയാലോ?
‘എന്താ വെളുത്തവര്‌ മാത്രേ ഈ ലോകത്ത് കല്ല്യാണം കഴിക്കുന്നുള്ളൂ?’
അത്രയേ അയാൾ പറഞ്ഞുള്ളൂ. വെറുതെ വന്ന ദിവസം തന്നെ മുഷിയണ്ട എന്നു കരുതി മുകളിലെ മുറിയിലേക്ക് പോയി.

വീട്ടിൽ വന്ന ആദ്യ രണ്ടു നാളുകൾ അഴകിക്കെല്ലാം പുതുമയായിരുന്നു. അയൽപക്കക്കാരുടെ തുറിച്ചുനോട്ടങ്ങൾ, സുധയ്ക്ക് കൊടുക്കുവാനുദ്ദേശിക്കുന്ന സ്വർണ്ണത്തിനെ കുറിച്ചുള്ള കണക്കുകൾ, അവിടെയുമിവിടെയുമായി കേൾക്കുന്ന ചേട്ടാ വിളികൾ...എല്ലാം അവൾക്കുള്ളിൽ അത്ഭുതം നിറച്ചു കൊണ്ടേയിരുന്നു. അതിലുമപ്പുറം അത്ഭുതം തോന്നിയത് സുധയുടെ മുറി ആദ്യമായി അവൾ കൊണ്ട് കാട്ടിയപ്പോഴാണ്‌. വലിയൊരു കണ്ണാടിയും, മുന്നിലെ മേശയിൽ നിരത്തി വെച്ചിരിക്കുന്ന ഒരുകൂട്ടം സാധനങ്ങളും! പലതിന്റേയും പേരുകൾ കേട്ടിട്ട് കൂടിയില്ല. കുപ്പികൾ, ഡപ്പികൾ, ട്യൂബുകൾ, പല രൂപത്തിലും വലിപ്പത്തിലുമുള്ള ചീപ്പുകൾ, പല നിറത്തിലുള്ള നെയിൽ പോളീഷുകൾ. അങ്ങനെ പലതും. പൗഡറുകൾ തന്നെ പലവിധം! മുഖത്ത് തേയ്ക്കാനുള്ളത്, കവിളിൽ പൂശാനുള്ളത്, കണ്ണിനു മുകളിൽ തേയ്ക്കാനുള്ളത്...അതിനൊക്കെയും പ്രത്യേകം പ്രത്യേകം ചെറുതും വലുതുമായ ബ്രഷുകൾ...
സുധ ആവേശപൂർവ്വം മേശപ്പുറത്ത് വെച്ചിരിക്കുന്ന വസ്തുക്കൾ അഴകിക്ക് പരിചയപ്പെടുത്തിക്കൊണ്ടിരുന്നു...ക്രീമുകൾ, പൗഡറുകൾ, മേക്കപ്പ് സാധനങ്ങൾ...
ഒരാൾക്കെന്തിനാ ഇത്രയും...അല്ല, ഇത്രയുമധികം അലങ്കാരവസ്തുക്കൾ? ഇതൊക്കെയും പ്രയോഗിക്കാൻ എത്ര സമയമാണ്‌... അഴകി അമ്പരന്നു നിന്നു.
‘ചേച്ചിക്ക് ജയേട്ടനോട് ക്രീമും മേക്കപ്പ് കിറ്റുമൊക്കെ വാങ്ങി തരാൻ പറഞ്ഞൂടെ?’
‘എതുക്ക്?’
‘വെളുക്കാൻ...അല്ല...കൊറച്ചൂടെ...കൊഞ്ചം കൂടി ഫെയറാവാൻ...’ സുധ തമിഴ് പറയാൻ ശ്രമിച്ചു.
‘എനക്ക് ഇതൊന്നും പിടിക്കാത്...ജയേട്ടനും അപ്പടിതാൻ...പൗഡർ പോടറുത് കൂട പിടിക്കാത്...കറുപ്പ് താൻ അഴകുന്നു ശൊല്ലും...’ അഴകി ചിരിച്ചു കൊണ്ടു പറഞ്ഞു.
‘ചേട്ടൻ നല്ല അർക്കീസ് പാർട്ടിയാ...കാശെറക്കാൻ മടി...ബെസ്റ്റ്...’
‘അർക്കീസ്’ എന്ന വാക്ക് മനസ്സിലായില്ലെങ്കിലും അഴകി വെറുതെ ചിരിച്ചു നിന്നു.

ഇടതടവില്ലാതെ പലവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഒരു കൂറ്റൻ യന്ത്രം പോലെയാണ്‌ അഴകിയുടെ നഗരമെങ്കിൽ, രാവാകുന്നതോടെ നിശ്ശബ്ദമാവുന്ന ഒരു പക്ഷിക്കൂട് പോലെയായിരുന്നു ജയകൃഷ്ണന്റെ കുടുംബവീട് ഇരുന്നിടം. ആൾക്കൂട്ടകലപിലകളും, അക്ഷമ നിറഞ്ഞ ഹോൺശബ്ദങ്ങളും കാതുകൾക്ക് പിടിച്ചെടുക്കാവുന്നതിലുമകലെ. വീടിനു ചുറ്റും വിശാലമായ പറമ്പാണ്‌. പറമ്പിൽ മൂന്നാല്‌ വാഴകൾ. അമ്മയുടെ ഓമനകളായ ചീരയും, തക്കാളിയും, വെണ്ടയും, അതിരിനോട് ചേർന്നൊരു മുരിങ്ങാമരവും. കുലച്ചു തുടങ്ങുന്ന വാഴയിൽ നിന്നും തേൻ കുടിക്കാൻ ചെറുവണ്ടുകളും കിളികളും വന്നത് മീനുവിനു കൗതുകമായി. എന്നാൽ കിണറിനോട് ചേർന്നുള്ള നനഞ്ഞു കുഴഞ്ഞ മണ്ണിൽ, വഴുക്കൻ ഉടലുമായി കിടന്നു പുളയ്ക്കുന്ന മണ്ണിരകളെ അവൾക്കൊട്ടുമിഷ്ടമായില്ല. അവൾ തനിക്ക് മാത്രം സാധ്യമാവുന്ന ശബ്ദം കേൾപ്പിച്ച്, മുഖം ചുളിച്ച് അനിഷ്ടം പ്രകടിപ്പിച്ചു. ചൂടും തണുപ്പും മെടെഞ്ഞെടുത്ത വെയിൽ അഴകിക്ക് നന്നേ പിടിച്ചു. കണ്ണു തുറന്ന് പിടിച്ച് പടിക്ക് പുറത്തേക്ക് പോയാൽ ഹരിതവർണ്ണം മാത്രം. കണ്ണിലൂടെയാ കുളിർമ്മ ഉള്ളിലേക്കിറങ്ങി നിറയും.

രാത്രി കിടക്കാൻ നേരമായപ്പോൾ, മീനു അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും ഒപ്പം കിടക്കണമെന്ന് പറഞ്ഞു ചെറുതായി വാശി പിടിച്ചു. എത്രപെട്ടെന്നാണ്‌ അവളെ എല്ലാവരും സ്നേഹം കൊണ്ട് പൊതിഞ്ഞെടുത്ത് ചേർത്തത്! അഴകി അത്ഭുതപ്പെട്ടു.
ജയനോടൊത്ത് കിടക്കുമ്പോൾ അഴകി പരിഭവശബ്ദത്തിൽ പറഞ്ഞു,
‘നീങ്ക ശൊന്ന മാതിരി ഒണ്ണുമില്ല...അവ്വളവു കുളിരൊണ്ണും ഇല്ലയെ’
ജയകൃഷ്ണനും അതേക്കുറിച്ചോർക്കുകയായിരുന്നു. ഇവിടുത്തെ പഴയ തണുപ്പും കുളിരുമൊക്കെ എവിടെ പോയി?! ഫാൻ ഇട്ടിട്ടും പ്രയോജനമില്ല. മുറിച്ചിടുന്ന കാറ്റിന്റെ കഷ്ണങ്ങൾക്ക് നല്ല ചൂട്. അമ്മയും അച്ഛനും കിടക്കുന്ന മുറിയിൽ ഏ സി ഫിറ്റ് ചെയ്തിരിക്കുന്നു. മീനു അവിടെ കിടന്നത് നന്നായി. അവളെങ്കിലും നന്നായി ഉറങ്ങട്ടെ.

പകൽ കണ്ടതും കേട്ടതുമൊക്കെ അഴകി ഓർത്തെടുക്കുകയായിരുന്നു. ഒഴുക്കിലൊരു വാക്ക് തടഞ്ഞു. രാവിലെ പറമ്പിലൂടെ വെറുതെ നടക്കുകയായിരുന്നു. വീട്ടിൽ സഹായത്തിനു വന്ന സ്ത്രീ, അടുത്ത വീട്ടുകാരിയോട് എന്തോ പറഞ്ഞ് ചിരിക്കുന്നത്‌ കേട്ടാണ്‌ അങ്ങോട്ടേക്ക് മുഖം തിരിച്ചത്‌. സംസാരത്തിൽ നിന്നും വീണു കിട്ടിയ അപരിചിതമായൊരു വാക്കെടുത്ത് അഴകി സൂക്ഷിച്ചുവെച്ചിരുന്നു. അഴകിയെ കണ്ടതും സംസാരം നിർത്തി, ‘അയ്യോ ഞാനങ്ങോട്ട് ചെല്ലട്ട്’ എന്നും പറഞ്ഞ് പണിക്കാരി വീട്ടിനുള്ളിലേക്കോടിക്കയറി. അഴകി ഓർത്തു, ജയന്റെ മലയാളപാഠങ്ങളിലൊന്നും ആ വാക്ക് കേട്ടതേയില്ലല്ലോ.
അവൾക്ക് സംശയം ദുരീകരിക്കാതിരിക്കാനായില്ല.
‘എന്നാങ്ക...ക..റു..ത്തമ്മ...ഇന്ത വാർത്തയ്ക്ക് എന്ന അർത്തം?’
‘തനിക്കെവിടന്ന്‌ കിട്ടി ഈ വാക്ക്?‘ ജയൻ കണക്കുകൾ നോക്കുന്നതിനിടയിൽ അലസമായി ചോദിച്ചു.
അവളുടെ മറുപടി കേട്ട് ജയൻ കുറച്ച് നേരം നെറ്റി ചുളിച്ച് എന്തോ ആലോചിച്ചിരുന്നു.
’അത്...ഒരു പഴയ സിനിമേലെ പേരാ...അവരെന്തോ സിനിമാകാര്യം പറഞ്ഞതായിരിക്കും...നീ അതൊന്നും ശ്രദ്ധിക്കേണ്ട‘
അല്പനേരം നിശ്ശബ്ദനായി ഇരുന്ന ശേഷം അയാൾ ആരോടെന്നില്ലാതെ പറഞ്ഞു,
’കല്ല്യാണത്തിന്‌ ഇനി ഏഴ് നാൾ കൂടി...അതിനു ശേഷം നമ്മ ലോകം വേറെ...‘

വീട്ടിൽ ധരിക്കാൻ ആവശ്യത്തിനു വസ്ത്രങ്ങളെടുക്കാൻ വിട്ടുപോയെന്ന കാര്യമറിയാൻ അഴകി വൈകി. മാക്സി - അതാണിപ്പോൾ അടുക്കളയിലെ ഔദ്യോഗിക വേഷം. അത് രണ്ടെണ്ണം വാങ്ങണം. അതും സിറ്റിയിലെ വലിയ കടയിൽ നിന്ന്. അമ്മ പറഞ്ഞതാണ്‌ അവിടെ എല്ലാം കിട്ടുമെന്ന്. തുണിയും പാത്രങ്ങളും, പച്ചക്കറിയും, പലഹാരവും ഒക്കെയും ഒറ്റ കെട്ടിടത്തിൽ. കട മാറി കയറേണ്ടതില്ല, നല്ല ഏ സി യിൽ സുഖമായി നിൽക്കുകയും ചെയ്യാം. വീട്ടിലേക്ക് വരും വഴി ജയകൃഷ്ണൻ ശ്രദ്ധിച്ചിരുന്നു, ചെന്നൈ നഗരം പോലെ ആയിരിക്കുന്നു തന്റെ ചെറിയ നഗരവും. തലയുയർത്തി നിൽപ്പുണ്ട് ഒരുപാട് കെട്ടിടങ്ങൾ. ഭൂമി തൊടണമെങ്കിൽ മഴയ്ക്കും വെയിലിനും പോലും ഈ കെട്ടിടങ്ങൾക്കിടയിലൂടെ വേണം നൂണ്ട് വരാൻ!
‘ഇവിടെയടുത്ത് ചെറിയ കടകളുണ്ടല്ലോ...എന്താ അവിടെ ഈ പറഞ്ഞ മാക്സിയൊക്കെ കിട്ടൂല്ലെ?’
‘സിറ്റിയിൽ പോയാൽ ഡിസ്ക്കൗണ്ട് കിട്ടും പിന്നെ ഒരുപാട് നല്ല സെലക്ഷനുമുണ്ട്!’
പെൺപട, ജയകൃഷണന്റെ വാദങ്ങളെ നിഷ്പ്രയാസം മുനയൊടിച്ച് നിലത്തിട്ടു.
പലഭാഗത്തു നിന്നും നിർദ്ദേശങ്ങളും ഉപദേശങ്ങളും പിൻബലമായി പിന്നാലെ എത്തി.
‘നൈറ്റി മാത്രമല്ല, ചുരിദാറോ, സാരിയോ എന്തു വേണേലും വാങ്ങാലോ’
‘നീ മീനൂനേം കൂട്ടിക്കോ, അവൾക്കവിടന്ന് പാവാടയും ബ്ലൗസ്സും വാങ്ങാം’

ആലോചിച്ചപ്പോൾ ജയകൃഷ്ണനു തോന്നി ആശയം തീരെ മോശമല്ലെന്ന്. അഴകിക്കും മീനാക്ഷിക്കും സിറ്റിയിലേക്കൊരു ട്രിപ്പ്. കുറെ കാഴ്ച്ചകൾ, നിറങ്ങൾ, ശബ്ദങ്ങൾ, മനുഷ്യർ...നല്ലതു തന്നെ. കാറോടിക്കുമ്പോൾ ജയൻ ശരിക്കും ആകുലപ്പെട്ടു. ഇവിടേയും ഇത്രയും വാഹനങ്ങളോ? മനുഷ്യരേക്കാൾ വാഹനങ്ങൾ. യന്ത്രങ്ങളുടെ ലോകം വരുമെന്ന പ്രവചനം സത്യമാകാൻ മനുഷ്യർ മത്സരിക്കുകയാണെന്നു തോന്നി. ഇപ്പോൾ തന്റെ നഗരവും ഏതൊരു നഗരവുമായി കിടപിടിക്കും വിധമായിരിക്കുന്നു. പൊടിയും, ചൂടും, തിരക്കും, ശബ്ദങ്ങളും... സകല ലക്ഷണങ്ങളും ഒത്തു വന്നിട്ടുണ്ട്.

കരുതിയതിലുമെത്രയോ വലുത്! കടയുടെ പടികൾ കയറുമ്പോൾ ജയനോർത്തു. അഞ്ച് നിലകൾ, നൂറുകണക്കിനു യൂണിഫോം ധരിച്ച ജോലിക്കാർ, ഒരോ നിലയിലും ഒരോ തരം വസ്ത്രങ്ങളുടെ വിപുലശേഖരം. മീനു അവിടമാകെ കൗതുകത്തോടെ ഓടി നടന്നു. അഴകിയുടെ കൂടെ നിന്നും നടന്നും തളർന്ന ജയൻ ഒരിടത്തിരുന്നു. കുടിക്കാൻ ജ്യൂസ് ലഭിച്ചു. ‘കൊള്ളാമല്ലോ’ എന്നു തോന്നി. അഴകി നിലകൾ ഒന്നൊന്നായി കീഴടക്കി മുന്നേറിക്കൊണ്ടിരുന്നു. കൈയ്യിൽ പാക്കറ്റുകളുടെ എണ്ണവും കൂടി വന്നു.
‘ഈ കട ഇവിടെ തന്നെ എപ്പോഴും ഉണ്ടാവും. ആരും കൊത്തിക്കൊണ്ടൊന്നും പോവില്ല. പിന്നേം വരാം’ എന്നൊരു ദുർബ്ബലമായ പ്രതിരോധം തീർക്കാൻ ജയകൃഷ്ണൻ ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല.

ഒരു യുഗത്തിനു ശേഷം ആശ്വാസത്തോടെ പടികളിറങ്ങി നടക്കുമ്പോൾ ജയൻ പാതി തമാശയായി പറഞ്ഞു,
‘എല്ലാ കവറുമെടുത്തോ?...അവസാനം വീട്ടിലെത്തിയിട്ട് എന്തേലും എടുക്കാൻ വിട്ടുപോയെന്ന് പറയരുത്...ഈ തിരക്കിന്റെ എടെ കൂടെ വണ്ടിയോടിക്കാനും ഇക്കണ്ട നിലയൊക്കെ കേറാനുമൊന്നും എന്നെ വിളിക്കരുത്!’
അഴകി കവറുകൾ എണ്ണിയ ശേഷം ബ്രേക്കിട്ട പോലെ നിന്നു.
‘അയ്യയ്യോ...മീനുവോട പാവാട എങ്കെ?’
ഒന്നു കൂടി ഉറപ്പിച്ച ശേഷം അവൾ ജയനെ ദയനീയമായി നോക്കി. ഒരു ദീർഘനിശ്വാസം വിട്ട് ജയൻ ‘ദാ വരാം’ എന്നും പറഞ്ഞ് കടയുടെ നേർക്ക് വേഗത്തിൽ നടന്നു.

മീനു, തന്നെ എടുക്കേണ്ട സമയമായി എന്നറിയിച്ചു. ഓടിയും പടി കയറിയുമൊക്കെ അവൾ നന്നായി തളർന്നിരുന്നു. അഴകി മീനുവിനെ എടുത്ത് തോളിൽ കിടത്തി അല്പം തണൽ വീണു കിടന്നിടത്തേക്ക് നീങ്ങി നിന്നു. ജയനോട് കാറിന്റെ ചാവി ചോദിക്കാമായിരുന്നു. എങ്കിൽ അതിനുള്ളിൽ കയറി സുഖമായി ഇരിക്കാമായിരുന്നു. കാല്‌ കഴയ്ക്കുന്നുണ്ട്. റോഡിന്‌ എതിർവശത്തും വലിയ കടകൾ തന്നെ. കെട്ടിടങ്ങൾക്ക് മുകളിലും റോഡ് സൈഡിലുമായി ധാരാളം പരസ്യബോർഡുകൾ. കഥകളിമുഖത്തിന്റെ ചിത്രമുള്ള വലിയ പരസ്യബോർഡിലൂടെയവൾ കണ്ണോടിച്ചു. മലയാള അക്ഷരങ്ങൾ പഠിച്ചതിന്റെ അഭിമാനത്തിൽ അതിലെഴുതിയത് വായിക്കാനൊരു ശ്രമം നടത്തി.
‘ദൈ..വ..ത്തി..ന്റെ’
മീനു അമ്മയുടെ ശ്രമം ശ്രദ്ധാപൂർവ്വം നോക്കിയിരുന്നു.
അതിനടുത്ത വാക്ക് വായിക്കാൻ അഴകി അല്പം സമയമെടുത്തു. ‘സ്..സ്വ..ന്തം...’
അതുവരെ പെറുക്കിയെടുത്തതെല്ലാം കൂട്ടിവെയ്ക്കാനൊരു ശ്രമം നടത്തി.
‘ദൈവത്തിന്റെ സ്വന്തം...’ ഒരു ചെറിയ ജയം! അഴകി ചെറുതായി ചിരിച്ച് മീനുവിനോട് പറഞ്ഞു,
‘ചെല്ലം...പാത്തിയാ അമ്മാവുക്കു മലയാളം കൂട തെരിയും!’
അപ്പോഴാണ്‌ ചുറ്റിലുമായി നിന്ന് ചിലർ എന്തോ പറയുന്നത് പോലെ അവൾക്ക് തോന്നിയത്. വെറും തോന്നലല്ല, തന്നേയും കുഞ്ഞിനേയും നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. താൻ നിൽക്കുന്നതിനരികെ മറ്റാരുമില്ല. കണ്ണുകൾ തന്റെ നേർക്ക് തന്നെ. അവൾ വസ്ത്രം മാറി കിടക്കുകയാണോയെന്ന് നോക്കി. ഇല്ല. എല്ലാം അതാത് സ്ഥാനത്ത് തന്നെ. പിന്നെന്താണിവർക്കിത്ര നോക്കാൻ?

നിമിഷനേരം കൊണ്ട് ആളുകളുടെ എണ്ണം കൂടി വന്നു. പ്രതിരോധം തീർക്കാനെന്നോണം കൂട്ടം അവൾക്ക് ചുറ്റും പഴുതുകളില്ലാത്തൊരു വൃത്തം ചമച്ചു. ചക്രവ്യൂഹത്തിനകത്തു പെട്ട നിരായുധനായ, നിസ്സഹായനായ പോരാളിയെ പോലെ അഴകി നടുവിൽ നിന്ന് ചുറ്റിലും പകച്ചു നോക്കി. എന്തിനാണിവർ തനിക്ക് ചുറ്റിലുമായി വന്നു നിൽക്കുന്നത്? അപരിചിതരെ ചുറ്റിലും കണ്ട മീനു, ‘അമ്മാ അമ്മാ...അപ്പാ...അപ്പാ...’ എന്നു പറഞ്ഞ്‌ കരയാനാരംഭിച്ചു. കുഞ്ഞിന്റെ കരച്ചിൽ കണ്ടപ്പോൾ ജനക്കൂട്ടത്തിനു തീർച്ചയായി. ഉത്സവനാളിൽ ക്ഷേത്രമതിലിനു മുകളിൽ ഭക്തരുടെ തലകൾ ഉയരുന്നത് പോലെ മനുഷ്യമതിലിൽ നിന്നും സെൽഫോണുകൾ ഉയർന്നു. ഫോട്ടോ പോരെന്ന് തോന്നിയിട്ടോ, ചിലർ വീഡിയോ എടുക്കാനാരംഭിച്ചു. ലോകത്തിന്റെ പല ഭാഗത്തേക്കും നീണ്ടു പോകുന്ന മാധ്യമത്തിന്റെ അദൃശ്യമായ കൈവഴികളിലൂടെ പ്രകാശവേഗത്തിൽ ആ ദൃശ്യങ്ങൾ പാഞ്ഞു.
‘കണ്ടാ...കൊച്ചു കരയണ കണ്ടാ...അവളെ കണ്ടാ തന്നെ അറിഞ്ഞൂടെ?’ അവേശത്തീ പിടിച്ച ഒരുവൻ വാക്കിന്റെ കൊള്ളിയെറിഞ്ഞു.
‘സത്യം പറയെടീ...ഇതാരുടെ കൊച്ചാ?...എവടന്ന് അടിച്ചു മാറ്റിയതാടീ?’ ചിലർ ഒരുനിമിഷം കൊണ്ട് സ്വയം അവരോധിത അധികാരികളായി. അധികാരത്തിന്റെ തനതു ലക്ഷണങ്ങളായ ഗർവ്വും, ധാർഷ്ട്യവും അവരുടെ ശബ്ദത്തിൽ നിറഞ്ഞു. ആൾക്കൂട്ടം എന്താ പറയുന്നതെന്ന് അഴകിക്ക് തീർത്തും വ്യക്തമായില്ലെങ്കിലും മീനുവിനെ അവളിൽ നിന്നും വേർപെടുത്തിയെടുക്കാനാണ്‌ ശ്രമമെന്ന് അവളുടെ അമ്മമനസ്സ് പറഞ്ഞു.
‘ജയാ...ജയാ’ അവൾ ഉറക്കെ വിളിച്ചു.
‘ഓഹോ അപ്പൊ നിനക്ക് ഗാങ്ങുണ്ടല്ലെ?...വിളിക്കെടീ...എല്ലാത്തിനേം വിളി...ഇന്നു നിന്നെ കൊണ്ടെല്ലാം പറയിച്ചിട്ടേ ഒള്ളൂ’ ഒരുത്തൻ ആക്രോശിച്ചു.
‘ഇങ്ങനെ വേഷം കെട്ടിയെറങ്ങിയാ ആരും സംശയിക്കില്ലെന്ന് വിചാരിച്ചോ?’
അഴകി താലിമാല സാരിയുടെ മറവിൽ നിന്നും പുറത്തേക്കിട്ടു. ഇവർക്ക് അത്രയും സംശയം തീർന്നോട്ടെ...
‘തരമാട്ടേൻ...തരമാട്ടേൻ...യാർക്കും തരമാട്ടേൻ...’ അഴകി കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചു. അവൾ പറയുന്നത് ശ്രദ്ധിക്കാതെ കുട്ടിയോട് നേരിട്ട് ചോദിച്ച് സംശയം നിവർത്തിക്കാനായിരുന്നു ചിലരുടെ ശ്രമം.
‘മോളെ...മോളെ...ഇത് നിന്റെ അമ്മയാണോ?’
മീനു തലയുയർത്തിയതേയില്ല. അവൾ അമ്മയുടെ തോളിൽ മുഖം മറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു.
‘കണ്ടാലറിഞ്ഞൂടെ? കൊച്ചിനെ മയക്കി കെടത്തിയിരിക്കാ... ഇതവളുടെ കൊച്ചൊന്നുമല്ല’
ആ ഒരു വാചകത്തിലാണ്‌ അഴകിക്ക് അപകടം ശരിക്കും മനസ്സിലായത്. അവളൊരു പുലിയെ പോലെ ചീറി.
‘ഇതു ഏൻ പൊണ്ണുടാ​‍ാ...എന്നോട കൊഴെന്തെ...’
അടുത്ത നിമിഷമവൾ ദുർഗ്ഗയായി...കണ്ണകിയായി...
അവളുടെ ഭാവമാറ്റം കണ്ട് അടുത്തേക്ക് വന്നവർ ഞെട്ടി ഒരു ചുവട് പിന്നോട്ട് വെച്ചു.

പടികളിറങ്ങി വരികയായിരുന്ന ജയകൃഷ്ണൻ, ആൾക്കൂട്ടം കണ്ട് നടുങ്ങി. എവിടെ തന്റെ അഴകിയും മീനുവും? അയാൾ പരിഭ്രാന്തിയോടെ അങ്ങോട്ടോടി. മനുഷ്യവ്യൂഹത്തിൽ വിടവുണ്ടാക്കി അകത്തേക്ക് കുതിച്ചു. കോപാകുലയായി, ചുവന്ന കണ്ണുമായി നിൽക്കുന്ന അഴകിയേയും, കരഞ്ഞ് തളർന്നു തുടങ്ങിയ മീനുവിനേയും അയാൾ ഇരുകൈകൾ കൊണ്ടും പൊതിഞ്ഞു. മീനു ‘അപ്പാ...അപ്പാ...’ എന്ന്‌ തളർന്ന ശബ്ദത്തിൽ അയാളെ നോക്കി വിതുമ്പി.
‘നിനക്കൊക്കെ എന്താടാ വേണ്ടത്? ഇതെന്റെ ഭാര്യയും കൊച്ചുമാ​‍ാ...’ ജയൻ അലറി. അയാൾ കൈയ്യിലിരുന്ന കവർ കൂട്ടത്തിനു നേർക്ക് വീശി. ചിലർ അകന്നു മാറി. വൃത്തമൊന്നിളകി.
‘എന്ത് കാഴ്ച്ച കാണാനാടാ നീയൊക്കെ?...’
അയാൾ അഴകിക്കും മീനുവിനും മുന്നിലൊരു കവചമായി നിന്നു.

തലകീഴായി തൂങ്ങിക്കിടന്ന് ലോകം കണ്ടു ശീലിച്ച നരിച്ചീറുകൾ, ആൽമരക്കൊമ്പുകളിൽ നിന്ന് നാലുപാടും പറന്നകലുന്നതു പോലെ ആൾക്കൂട്ടം ചിതറിയകന്നു. അമ്മയുടെ കഴുത്തിൽ ഇറുക്കെ പിടിച്ച് കിടന്ന മീനു മുഖമുയർത്തിയതേയില്ല. അടങ്ങിയ ആക്രോശങ്ങൾക്കും, നിരാശ നിറഞ്ഞ പിറുപിറുക്കലുകൾക്കുമിടയിലൂടെ ഞെരുങ്ങി വന്ന അഴകിയുടേയും മീനുവിന്റേയും തേങ്ങലുകൾ ജയകൃഷ്ണൻ കേട്ടു, കണ്ണീരിൽ കുതിർന്ന അഴകിയുടെ വാക്കുകളും..
‘നമ്മ...തിരുമ്പി പോയിടലാമാ..’ ഉരുകിച്ചേർന്ന ശില പോലെ അവരവിടെ നിന്നു. സർവ്വതിനും സാക്ഷിയായ, പരസ്യബോർഡിലെ കഥകളിമുഖം മാത്രം ചിരിച്ചു കൊണ്ടിരുന്നു, ഒക്കെയും പതിവുകാഴ്ച്ചകളെന്ന മട്ടിൽ...

Post a Comment