Please use Firefox Browser for a good reading experience

Friday 27 December 2013

ഒരു ഫേസ്ബുക്ക് ഗാഥ


‘Wish you a safe journey!’
‘Enjooooy’
‘അസൂയ’
‘Keep posting the photos’

വേറേയും ധാരാളം മെസെജുകൾ.
അശംസകൾ, അസൂയ പൊതിഞ്ഞു വെച്ച വാക്കുകൾ, ചില ഓർമ്മിപ്പിക്കലുകൾ.
ജോൺ സക്കറിയ താൻ ഫേസ്ബുക്കിൽ വെറും പന്ത്രണ്ട് മിനിട്ട് മുൻപ് മാത്രമിട്ട സ്റ്റാറ്റസിനു വന്ന കമന്റുകൾ വായിക്കുകയായിരുന്നു. അല്ല, വായിച്ചു രസിക്കുകയായിരുന്നു. ലൈക്കുകളുടെ എണ്ണം നോക്കി ആസ്വദിക്കുകയായിരുന്നു.

‘മതി. അതും നോക്കി ഇരുന്നത്. ആവശ്യത്തിനു ലൈക്കും കമന്റും കിട്ടിയല്ലോ. ഇനി ആ ബാഗൊക്കെ ഒന്ന് പായ്ക്ക് ചെയ്യാൻ നോക്ക്. അവിടെ ചെന്നിട്ട് കഴിഞ്ഞ തവണത്തെ പോലെ അതു കണ്ടില്ല, ഇതു കണ്ടില്ല എന്നൊന്നും പറയരുത്!’

ജെസ്സി പറഞ്ഞതിൽ കുറച്ച് അധികാരഭാവം കൂടി പോയില്ലെ എന്ന് ജോണിനു സംശയം തോന്നി. എന്നാലും പറഞ്ഞത് കാര്യം തന്നെ. അവളോട് തർക്കിച്ച് ജയിക്കാൻ ഈ ജന്മം കഴിയുകയുമില്ല. അയാൾ അനുസരണയോടെ അകത്തെ മുറിയിൽ പോയി.

പലകുറി അയാൾ അവധിക്ക് പല പദ്ധതികളും മെനെഞ്ഞതാണ്‌. ഒന്നുകിൽ അയാളുടെ അല്ലെങ്കിൽ അയാളുടെ പ്രേയസിയുടെ - ആരുടെയെങ്കിലും അവധി ദിവസങ്ങൾ അനുവാദം കിട്ടാതെ പോകും. അങ്ങനെ സ്വന്തം പദ്ധതികൾ കായലിലൂടെ ഓടുന്ന തീവണ്ടി പദ്ധതി പോലെ എങ്ങുമെത്താതെ പോയ്ക്കൊണ്ടിരുന്നു. ജോലി രാജി വെച്ചിട്ട് വിനോദിക്കാൻ പോയാലോ എന്നു വരെ അയാൾ പ്ലാൻ ചെയ്തതാണ്‌. അപ്പോഴൊക്കെ, ‘കാർ..വീട്..ലോൺ..ഇതൊന്നും മറക്കരുത്..ലോൺ മറന്ന് എണ്ണ തേക്കരുത്’ - ഇങ്ങനെയൊക്കെ സ്വപ്നത്തിൽ പുണ്യാളൻ വന്നു പറയും. ദൈവഭക്തിയോ ദൈവഭയമോ - ജോണിക്കുട്ടൻ രാജി വെയ്ക്കുക എന്ന കടുത്ത പ്രയോഗത്തിൽ നിന്ന് പിന്തിരിയും.

കുടുബം മുഴുവനായി പ്രാർത്ഥനയിൽ ഈയൊരു കാര്യം കർത്താവിന്റെ ശ്രദ്ധയിൽ പെടുത്തി.
‘അപേക്ഷയാണ്‌..തള്ളിക്കളയരുത്..’ കുട്ടികളായ സാമും, സനിലും മെഴുതിരി വെട്ടത്തിൽ നിഷ്ക്കളങ്കതയോടെ അപേക്ഷിച്ചു. ആരുടെ അപേക്ഷയാണ്‌ സ്വീകരിക്കപ്പെട്ടതെന്നറിയില്ല, ഈ പ്രാവശ്യം ജോണിയുടെയും, ജെസ്സിയുടെയും അവധി അപേക്ഷകൾ മേലധികാരികൾ നിർദ്ദയം തള്ളിക്കളഞ്ഞില്ല.

അവധി കിട്ടിയത് കുട്ടികളുള്ളപ്പോൾ കേക്കും ചോക്ക്ലേറ്റും തിന്നും, കുട്ടികളില്ലാത്തപ്പോൾ മദ്യം (നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യം ആരോഗ്യത്തിനു ഹാനികരം) കുടിച്ചും ആഘോഷിച്ചു.

എവിടെ പോകണം?
മൂന്നാർ?
തേക്കടി?
ഊട്ടി?
വയനാട്?

ആകെയുള്ളത് ഒരാഴ്ച്ചയുടെ സ്വാതന്ത്ര്യം. ആഘോഷിക്കാനുള്ളത് മാസങ്ങളുടെ വിനോദവും.
‘കുട്ടികൾക്ക് വിട്ടു കൊടുക്കാം. അവരല്ലെ കുറെ നാളായി പറഞ്ഞു കൊണ്ടിരുന്നത്’ - ജെസ്സി വളരെ കൂളായി പറഞ്ഞു.

ഇന്നത്തെ കുട്ടികൾ അന്നത്തെ കുട്ടികളെ പോലെയല്ല. ഇവരെ തോല്പ്പിക്കാൻ കഴിയില്ല. ഇവർക്ക് ഗൂഗിളുണ്ട്!. അവർ തിരെഞ്ഞു, സഹപാഠികളുമായി ചർച്ച ചെയ്തു. ഒടുവിൽ വിധി പ്രസ്താവിച്ചു.
‘ഊട്ടി!!’ - മൂത്തവൻ.
‘എങ്കിൽ കൊടൈക്കനാലും!!’ - ഇളയവൻ തന്റെ വോട്ടും വിനിയോഗിച്ചു.

താൻ വിചാരിച്ചത് തന്നെയാണല്ലോ ഈ കുട്ടിക്കശ്മലന്മാർ കൊണ്ടു വന്നത്!. പാലു കുടിച്ചാലോ എന്നു വിചാരിക്കുമ്പോഴേക്കും വൈദ്യൻ കല്പിച്ച് കഴിഞ്ഞിരിക്കുന്നു!. എങ്കിലും അമിതാഹ്ലാദം പുറത്ത് കാട്ടാതെ അയാൾ പറഞ്ഞു,
‘ഓക്കെ..എല്ലാം നിങ്ങളുടെ ഇഷ്ടം..’

അപ്പോൾ തന്നെ അയാൾ ഫേസ്ബുക്കിലൂടെ ലോകത്തോട് പ്രഖ്യാപിച്ചു, ‘ഇതാ ഞാനും എന്റെ കുടുംബവും തണുത്ത ഊട്ടിയിലേക്ക്..’ - കൂട്ടത്തിൽ പണ്ട് അധ്യാപകന്റെ അടി പേടിച്ച് മനപ്പാഠമാക്കിയ, ഇപ്പോഴും അർത്ഥമെന്തെന്നറിയാത്ത ഏതോ ഒരു കവിതയുടെ നാലു വരികളും.

കമന്റുകളുടെ മലവെള്ളപ്പാച്ചിൽ കണ്ട് ജോൺ സക്കറിയ ‘ഞാനിത്രയും പോപുലറാണെന്നതറിഞ്ഞില്ലല്ലോ. കുറച്ച് മുൻപേ ഫേസ്ബുക്ക് ഉപയോഗിച്ച് തുടങ്ങേണ്ടതായിരുന്നല്ലോ’ എന്നൊക്കെ ഓർത്തു വ്യസനിച്ചു. അടുത്ത നിമിഷം ‘പോട്ടെ, ഇപ്പോഴെങ്കിലും ആ മഹാസത്യം തിരിച്ചറിഞ്ഞല്ലോ’ എന്ന് സ്വയം ആശ്വസിക്കുകയും ചെയ്തു.

വാടകയ്ക്കെടുത്ത ഒരു ടാറ്റാ സുമോയിൽ കുടുംബം യാത്രയായി.
മലയുടെ തുമ്പ്, കായലിലേക്ക് ചാഞ്ഞ് ‘ഇപ്പോ വീണു കളയുവേ’ എന്ന ഭാവത്തിൽ നില്ക്കുന്ന തെങ്ങുകൾ..ഇവയൊക്കെ മൊബൈലിൽ ഫോട്ടോ എടുത്ത് അപ്പപ്പോൾ തന്നെ ഫേസ്ബുക്കിൽ അഭിമാനത്തോടെ ഷെയർ ചെയ്തു നിർവൃതിയടഞ്ഞു. ‘ഈ സാങ്കേതിക വിദ്യയെ കൊണ്ടു തോറ്റു’ എന്നു അപ്പോഴൊക്കെ മനസ്സിൽ പറയുകയും ചെയ്തു.

ഊട്ടിയിൽ അങ്ങോളമിങ്ങോളം ഓടി നടന്നു. മലയും, തടാകവും കണ്ണു തുറന്നു കാണും മുൻപെ മൊബൈൽ ഫോണിനു ഇരയായി. ഫേസ്ബുക്കിനു ആഹാരവും. തടാകത്തിലൂടെയുള്ള ബോട്ട് യാത്ര, മസാല ചായ കുടിക്കുന്നത്, കുതിരപ്പുറത്തുള്ള യാത്ര, കുരങ്ങന്മാരുടെ ചിത്രങ്ങൾ (എന്തു കൊണ്ടാണ്‌ കുരങ്ങന്റെ ചിത്രത്തിനു തന്റെ ചിത്രത്തിനേക്കാൾ ലൈക് കിട്ടിയതെന്ന് ജോണി കുറച്ച് നേരം ആലോചിച്ചിട്ട് ഉപേക്ഷിച്ചു). ജെസ്സിയോടൊത്ത് നിന്നും, ഇരുന്നും, മടിയിൽ തല ചായ്ച്ച് കിടന്നും ഫോട്ടോകൾ എടുത്ത് ‘ഇനിയുമൊരങ്കത്തിനുണ്ട് ബാല്യം’ എന്നൊരു ക്യാപ്ഷനും കൊടുത്ത് ഫേസ്ബുക്കിൽ ചാർത്തി. സുഹൃത്തുക്കൾ..അവർ അസൂയ കൊണ്ട് പുളയണം..‘കണ്ടോടാ ഞാൻ കിടന്ന് സുഖിക്കുന്നത്’ എന്നു വരെ നിയന്ത്രണം വിട്ട് എഴുതി പോകുമോ എന്നയാൾ ഭയപ്പെട്ടു.

വഴിയിൽ നിരത്തി വെച്ചിരിക്കുന്ന വില കുറഞ്ഞ സാധനങ്ങൾ ഒരു ആവശ്യമില്ലെങ്കിൽ പോലും കച്ചവടക്കാരനുമായി ദീർഘനേരം വിലപേശി വാങ്ങുകയും അതെല്ലാം കൂട്ടിയിട്ട് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ലൈക്കും കമന്റും വാരിക്കൂട്ടിയയാൾ. ഒരു ഘട്ടത്തിൽ താൻ ഇവിടെ വന്നത് തന്നെ ഫോട്ടോ എടുക്കാനും അതെല്ലാം ഫേസ്ബുക്കിൽ ഇടാനും മാത്രമായിരുന്നോ എന്നു പോലും അയാൾക്ക് സംശയം തോന്നി പോയി. എല്ലാവരും സന്തോഷത്തിലായിരുന്നതു കൊണ്ട് ആ സംശയം ആരോടും പങ്കു വെയ്ക്കണ്ട എന്നയാൾ ബുദ്ധിപൂർവം തീരുമാനിച്ചു. പക്ഷെ ഒരോ ലൈക്കും ഒരോ കമന്റും അയാളെ ഹരം കൊള്ളിച്ചു കൊണ്ടിരുന്നു. അതൊരു ലഹരിയായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.

മഞ്ഞു മലകളോട് വിട പറയുന്ന ഫോട്ടോയും പോസ്റ്റ് ചെയ്ത് അയാൾ തിരികെയുള്ള യാത്ര ആരംഭിച്ചു. ഇനി വീണ്ടും ഓഫീസ്..വീട്..വീട്..ഓഫീസ്. ‘ഇതിൽ നിന്നൊരു മോചനമില്ലെ കർത്താവെ’ അയാൾ ദയനീയതയോടെ മനസ്സിൽ ചോദിച്ചു.

മക്കൾ വാഹനത്തിന്റെ ജനലിലൂടെ പുറത്തെ കാഴ്ച്ചകൾ ആർത്തിയോടെ നോക്കി കൊണ്ടിരിക്കുന്നു. ജെസ്സി വായും പൊളിച്ച് തോളിൽ ചാരിയിരുന്നുറങ്ങുന്നു. ‘ഞാനെത്ര ഭാഗ്യവാനാണ്‌’ അയാൾ സന്തോഷക്കണ്ണീർ അടക്കാൻ പാടു പെട്ടു.

സുമോക്ക് കൊടുക്കാനുള്ള പൈസയും കൊടുത്ത് വീട്ടിൽ കയറാൻ തുടങ്ങുകയായിരുന്നു. വാതിൽ തുറക്കാൻ താക്കോൽ എടുത്തു വെച്ചപ്പോൾ എവിടെയോ എന്തോ ഒരു പന്തികേട് പോലെ. വീട്ടിനകത്തേക്ക് കയറിയിപ്പോൾ തനിക്ക് വീടു മാറിപ്പോയോ എന്നു പോലും സംശയമായി. ടിവി ഇരിക്കുന്ന ടേബിൾ നല്ല വൃത്തിയായി ഇരിക്കുന്നു. മറ്റൊന്നുമല്ല, ടി വി അപ്രത്യക്ഷമായിരിക്കുന്നു!. ഒന്നു കണ്ണോടിച്ചപ്പോൾ മനസ്സിലായി - മ്യൂസിക് സിസ്റ്റവും ടിവിയുടെ വഴി പിന്തുടർന്നിരിക്കുന്നു!. അകത്തെ മുറിയിൽ തുറന്നു കിടക്കുന്ന മേശവലിപ്പുകൾ, കുത്തിത്തുറന്ന അലമാരകൾ..താഴേയും കട്ടിലിലും കിടക്കുന്ന വസ്ത്രങ്ങൾ..അടുക്കളയിൽ സവാള അരിഞ്ഞതിന്റെ ബാക്കിപത്രം..ഉണങ്ങിയ, പിളർന്നു കിടക്കുന്ന മുട്ടത്തോടുകൾ..ഫ്രിഡ്ജ് വലിച്ചു നിരക്കിയതിന്റെ പാടുകൾ നിലത്ത് കാണുന്നുണ്ട്..

ഭൂമി കറങ്ങി തുടങ്ങി.
ജെസ്സിയുടെ നിലവിളി നാലു വീടും കഴിഞ്ഞ് ജങ്ക്ഷൻ വരെയെത്തി കഴിഞ്ഞു.
കുട്ടികൾ ‘അതു കാണുന്നില്ല..ഇതു കാണുന്നില്ല..’ എന്നൊക്കെ പറഞ്ഞു തുടങ്ങുന്നു..
വെള്ളം..വെള്ളം..എവിടെ വെള്ളം..അയാൾ ഡൈനിംഗ് ടേബിളിൽ വെള്ളം നിറച്ചു വെച്ചിരുന്ന കൂജ തിരെഞ്ഞു പോയി.

അവിടെ വെച്ചിരുന്ന ചെറിയ പ്ലാസ്റ്റിക് പൂച്ചെട്ടിക്കു താഴെയായി..ഒരു തുടിപ്പ്..തല നീട്ടി നില്ക്കുന്ന ഒരു ചെറിയ കടലാസ്. അയാൾ വേഗമതെടുത്തു.

വെറും ഒരു വാചകം മാത്രമെ അതിലുണ്ടായിരുന്നു.
വിട്ടു നില്ക്കുന്ന അക്ഷരങ്ങൾ ഇങ്ങനെ പറഞ്ഞു,
‘Thanks for your facebook status’..അതിനു പിന്നാലെ ഒരു സ്മൈലിയും..

ഭൂമി വീണ്ടും കറങ്ങാൻ തുടങ്ങി..
ഇപ്രാവശ്യം കുറച്ചു കൂടി വേഗത്തിലാണോ എന്നയാൾക്ക് സംശയം തോന്നി..

Post a Comment

Tuesday 17 December 2013

ഒരു സത്യം പറയട്ടെ!


ഉള്ളിലൊരു നാളം, ഉണ്ടെന്നറിഞ്ഞു ഞാൻ
ഉള്ളിലേക്കെത്തി, നോക്കുന്നുവെപ്പൊഴും.

കാണുന്നു ഞാനതിൻ ദിവ്യപ്രകാശം,
ഉൾക്കണ്ണു, തുറന്നു ഞാൻ നോക്കുന്ന നേരം.

ചിലരോ ചൊല്ലുന്നു പേരതിൻ ‘സത്യം’
ചിലരോ ചൊല്ലുന്നു ‘ദേഹി’ എന്നും..

ഉള്ളിലതില്ലെന്നു പറയില്ലയാരും,
സ്വയമൂതി കെടുത്താതിരിക്കുവോളം..

ഉറക്കെ പറയുന്നു ഞാനതിൻ നാമം!
പ്രപഞ്ചമെന്നാണതിൻ പേരെന്റെ കൂട്ടരെ!

അറിയുന്നു ഞാനീ പ്രപഞ്ചമെന്നുള്ളിൽ,
നിറയുന്നു സത്യത്തിൻ ദീപമായെന്നും!

പറയട്ടെയുച്ചത്തിൽ ലോകം മുഴുക്കെയും,
നീയുമീ ഞാനും - ഒന്നെന്ന സത്യം!

Post a Comment

Wednesday 4 December 2013

ചിറകില്ലാത്തവർ


ചിറകില്ലാതാണവർ പറന്നു വരിക..
മോഹങ്ങളെ കുറിച്ചല്ല ഞാൻ പറയുന്നത്..
സ്വപ്നങ്ങളെ കുറിച്ചുമല്ല..
ഗന്ധർവ്വന്മാരെയോ യക്ഷന്മാരെയൊ കുറിച്ചല്ല..
കാറ്റിനെ കുറിച്ചോ, കരിയിലകളെ കുറിച്ചോ അല്ല..

അവർ അരൂപികളാണ്‌..
എങ്കിലും അവർക്ക് സൗന്ദര്യമുണ്ട്!
ദൃശ്യമല്ലാത്ത സൗന്ദര്യം!
അവ സംസാരിക്കുകയില്ല..
അവ പാടുകയില്ല..
പക്ഷെ..
അവരുടെ സംഗീതം നിങ്ങൾ കേൾക്കും!
അവ നിങ്ങളുടെ മുന്നിൽ സ്വപ്നങ്ങൾ വിതറും!

അറിഞ്ഞു കൊള്ളൂ!
ചിറകു മുളയ്ക്കുക നിങ്ങൾക്കാണ്‌!
അവയത്രെ..കവിതകൾ..





Post a Comment

ഉപേക്ഷിക്കപ്പെട്ടവർ


അവളുടെ നിറം വെളുപ്പ്.
അവളുടെ കുഞ്ഞുങ്ങളുടെ നിറവും വെളുപ്പ്.

അവൾ അറിയുന്നുണ്ടായിരുന്നു,
അപ്രത്യക്ഷമാകുന്ന കുഞ്ഞുങ്ങളെ കുറിച്ച്..

ഒരോ പ്രാവശ്യവും..
ഇരുട്ടിൽ ഇരുണ്ട ചാക്കിലേക്ക് എടുത്ത് മാറ്റപ്പെടുന്നവ..
അകലെയെവിടെയോ ഉപേക്ഷിക്കപ്പെടുന്നവ..
അവളുടെ സ്വപ്നങ്ങളിൽ വെളുത്ത പൂച്ചക്കുഞ്ഞുങ്ങൾ..
ഇളം പച്ച നിറമുള്ള കണ്ണുകൾ അവളെ തിരെഞ്ഞു വന്നു.
രാത്രികളിൽ അവയുടെ ഇളക്കങ്ങൾ..
ചൂട് പിടിച്ചുറങ്ങുന്ന വെളുത്ത പൂക്കൾ..

അങ്ങനെയാണവൾ തീരുമാനമെടുത്തത്..
ആ രാത്രി അവൾ സ്വയമതു കണ്ടെടുത്തു..
കരയാതെ, മുരളാതെ,
അവൾ അതിനുള്ളിലിരുന്നു..
ഇരുണ്ട ചാക്കിനുള്ളിൽ..
കാലടി ശബ്ദങ്ങൾക്ക് കാത്തോർത്ത്..



Post a Comment

തീവണ്ടിയുടെ മറുപടി


ഒരു കൽക്കരി വണ്ടി കിടപ്പുണ്ട് മ്യൂസിയത്തിൽ.
കുട്ടികൾക്ക് കാണാനും കളിക്കാനും.

ഒരു കുട്ടി മാത്രം ചോദിച്ചു,
നിനക്കിപ്പോഴും കൊതിയുണ്ടോന്ന്..
നീണ്ട ഹോൺ മുഴക്കി..
കരിപ്പുക തുമ്മി..
ചക്രങ്ങൾക്ക് തീപകർന്ന്..
വയലുകൾ കണ്ട്,
കാവുകൾ കണ്ട്,
പുഴകൾ കണ്ട്,
പട്ടണങ്ങൾക്കിടയിലൂടെ നൂണ്ട് പോകാൻ?

തീവണ്ടി അവനു മാത്രം മറുപടി പറഞ്ഞു,
കുഞ്ഞെ!
ഇപ്പോൾ കല്ക്കരിയുടെ കറുപ്പ് മാത്രമാണ്‌ ബാക്കി..
കിതപ്പ് മാത്രമാണ്‌ നെഞ്ചിൽ..
തുരുമ്പ് പിടിച്ച ഹോണുകൾ..
പൊളിഞ്ഞടർന്ന ബൾബുകൾ..
വഴി മറന്ന ചക്രങ്ങൾ..
നീ പട്ടണങ്ങളിൽ പോയി പറയൂ.
അതു വഴി ഞാൻ ഒരിക്കൽ കടന്നു പോയിരുന്നെന്ന്..
എന്നെ മറക്കാത്തവർ അവിടുണ്ടാകും..
ചിലരെങ്കിലും..


Post a Comment

മഞ്ഞുത്തുള്ളികളെ മറന്ന പുൽച്ചെടികൾ..


നക്ഷത്രങ്ങൾ നഷ്ടപ്പെട്ട രാത്രികളുടെ ദുഖമറിയുന്നു ഞാൻ..
വസന്തമുപേക്ഷിച്ച പുൽച്ചെടികളുടേയും..

എന്റെ ഓർമ്മകളിൽ ഞാൻ മാത്രമാണെപ്പോഴും..
എന്റെ തന്നെ വളർച്ചയും വീഴ്ച്ചയും..
എന്റെ തന്നെ ചിരിയും ചിന്തയും..
എന്റെ സ്വാർത്ഥ ചിന്തകൾക്ക് പൂമണം..
അതിലാണ്‌ ഞാനഭിരമിക്കുക..

നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുടെ നിറം ഞാൻ മറന്നു പോയിരിക്കുന്നു..
നഷ്ടപ്രണയങ്ങളിൽ ഞാൻ ചേർത്തു വെച്ച സ്വപ്നങ്ങളേയും.

ഇന്നു ഞാനെന്റെ മറവിയെ കുറിച്ചാണോർക്കുന്നത്..
അലിഞ്ഞമർന്നില്ലാതെ പോകുന്ന മഞ്ഞുത്തുള്ളികളെ പോലാണവ.
ആരും മഞ്ഞുത്തുള്ളികളെ ഓർക്കുകയില്ല..
പുൽച്ചെടികൾ പോലും..



Post a Comment

Saturday 30 November 2013

സന്ദർശനം


സ്റ്റീൽ കലത്തിനുള്ളിൽ മരിച്ചീനി കഷ്ണങ്ങൾ തിളച്ചടങ്ങി കഴിഞ്ഞിരുന്നു. തടി തവി കൊണ്ടവയെ നോവിക്കാത്ത വിധം ഒന്നു രണ്ടു വട്ടം തട്ടിയും കുത്തിയും നോക്കി അവൾ തൃപ്തിപ്പെട്ടു. നല്ല പഞ്ഞി പരുവം. 'ആർക്കേലും വേണ്ടി വെച്ചാ നന്നായി വരും. എന്നാ സ്വന്തായിട്ട്‌ കഴിക്കാൻ വെച്ചാലോ, ഒട്ടും നന്നാവത്തുമില്ല' ലക്ഷ്മി ആരോടെന്നില്ലാതെ അഭിപ്രായപ്പെട്ടു കൊണ്ട്‌ മൂന്നു പച്ചമുളക്‌ കലത്തിലേക്ക്‌ നെടുകെ കീറിയിട്ടു, വെളിച്ചെണ്ണ കൊണ്ടൊരു വൃത്തവും വരച്ച്‌ അടപ്പെടുത്തു വെച്ചു.

'ഇതങ്ങനെ ആർക്കേലും വേണ്ടിയല്ല ലച്ചൂ..റോണി എന്റെ ഫ്രണ്ട്‌ മാത്രമല്ല, മനസ്സാക്ഷിസൂക്ഷിപ്പുക്കാരൻ കൂടിയാ..' മനോജ്‌ അവളുടെ അടുത്തേക്ക്‌ നടന്നു കൊണ്ട്‌ പറഞ്ഞു. തൊട്ടപ്പുറത്ത്‌ കൊടമ്പുളി ഇട്ട മീൻ കറി തിളച്ചു മറിയുന്നുണ്ട്‌.
'മനസ്സാക്ഷി ഉള്ളവർക്കല്ലേ സൂക്ഷിപ്പുകാരൻ!' അവൾ തിരിച്ചടിച്ചു.

അതിനു മറുപടി കൊടുക്കാൻ നിൽക്കാതെ അയാൾ വിരലുകൾ മടക്കാൻ തുടങ്ങിയിരുന്നു.
'അവനെ കണ്ടിട്ടിപ്പോ...'
'ഓ! നാല്‌ വർഷം!'
അതും പറഞ്ഞു മനോജ്‌ തന്റെ കണക്ക്‌ തെറ്റിയോ എന്നു സംശയിച്ച്‌ വീണ്ടും കൂട്ടാൻ തുടങ്ങി.
'നിർത്ത്‌ മനോജേട്ടാ..ഇതിപ്പോ കഴിഞ്ഞ ഒരാഴ്ചയായി ഈ ഒരു പേരു മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ.'.

ശരിക്ക്‌ പറഞ്ഞാൽ അവൾക്ക്‌ ചെറുതായി ദേഷ്യം തോന്നി തുടങ്ങിയിരുന്നു അതും ഇതു വരെ നേരിട്ട്‌ കാണാത്ത, റോണി എന്ന മനുഷ്യനോട്‌. റോണിയെ കുറിച്ച്‌ അപ്പപ്പോൾ പറഞ്ഞു കേട്ട കഥകൾ കൂട്ടിത്തുന്നിയുണ്ടാക്കിയ ഒരു ചിത്രം അവളുടെ മനസ്സിലുണ്ട്‌. എഞ്ചനീയറിംഗിന്‌ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ. വെറും സുഹൃത്തുക്കളല്ലെന്നു ഇരുവരും സമ്മതിച്ച്‌ കൊടുത്ത സുഹൃത്തുക്കൾ. നല്ലതും ചീത്തയുമായ ഒരു പാട്‌ കഥകളിലെ കഥാപാത്രങ്ങൾ. റോണി സാമ്പത്തികമായും മുന്നിട്ട്‌ നിൽക്കുന്ന ഒരു കുടുംബത്തിലെ രണ്ടാമത്തെ പുത്രൻ. ചങ്ങാതിമാർക്കായി ചങ്ക്‌ വരെ പറിച്ച്‌ കൊടുക്കുന്നവനെന്ന് മനോജിന്റെ സാക്ഷ്യം.

ലക്ഷ്മി തളർന്ന് ചെന്ന് മറൂൺ നിറമുള്ള സോഫയിലേക്ക്‌ സ്വയം വീണു. ഫാനിന്റെ കൈകൾ വീശിയെറിഞ്ഞ തണുത്ത കാറ്റ്‌ വിയർപ്പു പുരണ്ട കഴുത്തിനു കുളിർമ്മ പകർന്നു തുടങ്ങി. അവൾ പതിവു വിനോദമാരംഭിച്ചു. ജീവിതത്തിലെ മനോഹരമായ ഓർമ്മകൾ അയവിറക്കുക. അവളുടെ കവിതാക്കമ്പം മൂത്ത ഒരു സുഹൃത്തിന്റെ പഴയ ഒരു ഉപദേശത്തിന്റെ പരിണിത ഫലം. 'ജീവിതം ഒരു പിടി ഓർമ്മകൾ മാത്രമാണ്‌ പെണ്ണെ. അപ്പോൾ കഴിയുന്നതും നല്ല ഓർമ്മകൾ ശേഖരിക്കാൻ നോക്ക്‌. എന്നിട്ട്‌ ഒഴിവ്‌ വേളകളിൽ അതും അയവിറക്കിയിരിക്കുക. അതിനു മാത്രമെ ജീവിതത്തിനൊരു അർത്ഥം തരാൻ പറ്റൂ'. ലതികയുടെ വാക്കുകൾ. കേട്ട അടുത്ത നിമിഷം മുതൽ അതൊരു വേദവാക്യമായി അവളതുള്ളിൽ സ്വീകരിച്ചു വെച്ചിരുന്നു. അതൊരു മന്ത്രമായി പോലും അവൾക്ക്‌ തോന്നാറുണ്ട്‌. ഒഴിവു വേളകളിൽ ലതികയുടെ ഈ മന്ത്രവാക്യം ചെവിയിൽ വീണ്ടും കേൾക്കാറുണ്ടവൾ. അപ്പോഴൊക്കെ അവളറിയാതെ മറ്റൊരു പിടി കാര്യങ്ങളിലേക്ക്‌ ചിന്ത നീണ്ടു പോകും. ജീവിതത്തിലെ അപ്രതിക്ഷീതവും അവിചാരിതവുമായ നിരവധി സംഭവങ്ങൾ..അതെല്ലാം അദൃശ്യമായ ഏതോ ഒരു നൂലിഴ കൊണ്ട്‌ പരസ്പരം ബന്ധിക്കപ്പെട്ടിട്ടില്ലേ എന്ന സംശയം.. അല്ലെങ്കിലെങ്ങനെയാണ്‌ ഒരിക്കൽ പിടി വിട്ടു പോയെന്നു തോന്നിപ്പിച്ച ജീവിതം വീണ്ടും ശരിയായ വഴിയിലേക്ക്‌ തിരിച്ചു വന്നത്‌?. പാളം തെറ്റിയോടുന്ന തീവണ്ടികൾ ഒരിക്കലും തിരിച്ച്‌ പാളത്തിലേക്ക്‌ തിരിച്ചു കയറാറില്ലല്ലോ..ജീവിതത്തിന്റെ തീവണ്ടിയൊഴിച്ച്‌. ഭാഗ്യത്തിന്റെ അളവുകോലുകൾ ആരാണ്‌ നിശ്ചയിക്കുന്നത്‌?..ആർക്കാണതിന്റെ അധികാരം?. താനീയിടെയായി കുറച്ചധികം ദാർശനിക ചിന്തകളിലേക്ക്‌ വഴുതി വീഴുന്നോ?. കുട്ടികൾ ഉണ്ടാകാനുള്ള താമസമോ തടസ്സമോ - ഏതാണ്‌ ദാർശനിക ചിന്തകളുടെ വിത്തുകൾ പാകുന്നത്‌?. അച്ഛന്റെ അപ്രതീക്ഷിതമായ വേർപാട്‌. ദേവദൂതനെ പോലെ വന്ന മനോജേട്ടൻ. ഭാഗ്യനിർഭാഗ്യങ്ങളുടെ ഇഴകൾ എത്ര ദുർബ്ബലവും നേർത്തതുമാണ്‌!. തന്റെ ചിന്തകളെ സ്വീകരിക്കുകയും തന്റെയൊപ്പം ചിന്തിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ ലഭിക്കുക. അതൊരു ഭാഗ്യം. ഒരു പക്ഷെ അമ്മയുടെ പ്രാർത്ഥനകളുടെ ഫലം.. അവളുടെ മുഖത്ത്‌ ഒരു മന്ദഹാസം നിറഞ്ഞു. കണ്ണടച്ചിരുന്ന് സ്വപ്നം കാണുന്ന അവളുടെ കവിളിലപ്പോൾ ഒരു മൃദുചുംബനം പതിഞ്ഞു.

കണ്ണു പാതി തുറക്കുമ്പോൾ കണ്ടത്‌ വസ്ത്രം മാറ്റി നിൽക്കുന്ന മനോജിനെയാണ്‌.
'നീയിനി കുറച്ച്‌ നേരം പോയി കിടന്നോ..അവന്റെ ഫ്ലയ്റ്റ്‌ എത്താനുള്ള സമയമായി..എന്റെ കൈയ്യിൽ താക്കൊലുണ്ടല്ലോ..ഞാൻ തുറന്നു കയറിക്കോളാം.'
കണ്ണടച്ച്‌ ചിരിച്ചു കൊണ്ടവൾ തലയാട്ടി.

ഒരു കുലുക്കിയുണർത്തലിലാണ്‌ പിന്നീട്‌ ലക്ഷ്മി കണ്ണു തുറന്നത്‌. മുറിയിൽ ലൈറ്റുകളെല്ലാം തെളിഞ്ഞിരിക്കുന്നു.
'അവനിതാ എത്തി..നീ മുഖമെല്ലാം ഒന്നു കഴുകി നല്ല സുന്ദരിക്കുട്ടിയായിട്ട്‌ വന്നെ.' മനോജിന്റെ ധൃതിയും ആവേശവും നിറഞ്ഞ ശബ്ദം.

ലക്ഷ്മി ശ്രദ്ധിച്ചു. റോണി.. അയാൾ മുൻപ്‌ മനോജ്‌ കാട്ടിത്തന്ന ഫോട്ടൊയിൽ നിന്നും ഒരു പാട്‌ മാറി പോയിരിക്കുന്നു. ഇപ്പോൾ നെറ്റിയിലേക്ക്‌ വീണു കിടക്കുന്ന ചുരുണ്ട മുടിയില്ല. പകരം ഒരു കറുത്ത കൂളിംഗ്ലാസ്‌ കഷണ്ടി മറയ്ക്കാനെന്ന വണ്ണം കയറ്റി വെച്ചിട്ടുണ്ട്‌. കവിളുകൾ ചീർത്തിട്ടുണ്ട്‌. റോണിയുടെ വയറിനെ കുറിച്ചുള്ള മനോജിന്റെ കമന്റുകൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. അയാൾ റോണിയുടെ വയർ ചൂണ്ടി നിർത്താതെ ചിരിച്ചു കൊണ്ടിരുന്നു.

'നീ അധികം ചിരിക്കണ്ട. ഒറ്റയ്ക്കായിരുന്നേൽ നീയും ഇങ്ങനെയൊക്കെ തന്നെ ആയേനെ..'
'ഏതായാലും നീ ഒന്നു കുളിച്ച്‌ ഫ്രഷായിട്ട്‌ വാ..നിന്റെ ഫേവറേറ്റ്‌ നാടൻ സാധനങ്ങളൊക്കെ സെറ്റപ്പാക്കി വെച്ചിട്ടുണ്ട്‌..തീറ്റയാണോ കുടിയാണോ ആദ്യം എന്നു മാത്രം പറഞ്ഞാൽ മതി'.
'അതു നീ എന്നോട്‌ ചോദിക്കണോ?!' കണ്ണിറുക്കി കാണിച്ചിട്ട്‌ റോണി അകത്തേക്ക്‌ പോയി.

അൽപ്പ സമയം കൊണ്ട്‌ തന്നെ ലക്ഷ്മിക്ക്‌ അവർ തമ്മിലുള്ള അടുപ്പം ബോദ്ധ്യമായി കഴിഞ്ഞിരുന്നു. ഇത്ര വർഷങ്ങൾ പിരിഞ്ഞിരുന്ന ഒരു ഭാവവും അവർക്കിടയിലുണ്ടായിരുന്നില്ല. റോണി ഇന്നു സിംഗപ്പൂരിൽ ഒരു കമ്പനിയിലാണ്‌ ജോലി ചെയ്യുന്നത്‌. തികഞ്ഞ അവിവാഹിതൻ. സ്വതന്ത്ര ജീവിതം.

കൊണ്ടു വെച്ച ലഹരിയുടെ മൂടികൾ തുറന്നു. ലക്ഷ്മി തന്നെയാണ്‌ അവർക്കായി വേണ്ട 'തൊട്ടു കൂട്ട്‌' സാധനങ്ങൾ ചെറിയ പോൾസ്ലെയിൻ കിണ്ണത്തിൽ നിറച്ചു കൊണ്ട്‌ വന്നത്‌. കുറച്ച്‌ നേരം അവരുടെ സംസാരത്തിൽ പങ്കു ചേർന്ന ശേഷമവൾ അകത്തേക്ക്‌ പോയി.

വാതിലിലൂടെ, ഇടനാഴിയിലൂടെ അവരുടെ സംസാര ശകലങ്ങൾ ഇടയ്ക്കിടെ നൂണ്ട്‌ അവളുടെ അടുത്തേക്ക്‌ വന്നു കൊണ്ടിരുന്നു. കുറച്ച്‌ നേരം കാതോർത്ത്‌ കേട്ട ശേഷം അവൾ വീണ്ടും ചിന്താവിനോദമാരംഭിച്ചു. മനോജേട്ടൻ റോണിയുടെ അടുത്ത്‌ മറ്റൊരാളെ പോലെയാണ്‌. എത്ര ഉത്സാഹവാനാണിപ്പോൾ. പതിവ്‌ ക്ഷീണ ഭാവങ്ങളോ, ശബ്ദം താഴ്ത്തിയ സംസാരങ്ങളോ അല്ലിപ്പോൾ. ഉറക്കെയാണ്‌ സംസാരിക്കുന്നത്‌. ഇടയ്ക്കിടെ ഉറക്കെ ചിരിക്കുന്നതും കേൾക്കാം.

മനോജ്‌ ഇടയ്ക്കിങ്ങനെ ചോദിക്കുന്നതവൾ കേട്ടു,
'നീയെന്താ പെണ്ണു കെട്ടാത്തത്‌?'
'ഓ, അതു ഞാൻ വീണ്ടും പറയണോ?. എന്റെ പോളിസി ഇപ്പോഴും പഴേത്‌ തന്നാ..ചായ..തേയിലത്തോട്ടം..വല്ലപ്പോഴും ചായ കുടിച്ചാൽ പോരെ മോനെ?'.
അവരുടെ ചിരി ശബ്ദം ഉയരുന്നതവൾ കേട്ടു.

സംസാരം പഴയ സുഹൃത്തുക്കളിലേക്കും, പണ്ടു ചെയ്തു കൂട്ടിയ വിക്രസ്സുകളിലേക്കും, കാമുകി കഥകളിലേക്കും നീണ്ടു. പിന്നെ സിംഗപ്പൂർ നഗരത്തിന്റെ വർണ്ണ പൊലിമകൾ, കേരളത്തിലെ, വൃത്തികേട്‌ അലങ്കാരമാക്കിയ റോഡുകൾ, കളി പഠിച്ച രാഷ്ട്രീയക്കാർ, പല നിറമെങ്കിലും അധികാരമെന്ന ഒരേ ലക്ഷ്യത്തിനു നേർക്കു മാത്രം നിർത്താതെ വീശുന്ന കൊടികൾ..അവർ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ഒരു രാത്രി കൊണ്ട്‌ തന്നെ വർഷങ്ങളുടെ സംസാരം മുഴുവനും ആർത്തി പിടിച്ച്‌ പങ്കിടാനുള്ള ആവേശം ഇരുവരുടെയും ശബ്ദത്തിലുണ്ടായിരുന്നു.

റോണിയുടെ ചോദ്യമാണ്‌..
'നീ ഇപ്പോഴും റഷ്യേ തന്നെ?!. നീയും എന്നെ പോലെ മാറ്റി പിടിച്ചില്ലേ?'
'ഇല്ല സഖാവെ!..റഷ്യ ഇല്ലാതായാലും വോഡ്ക ഇല്ലാതാവാതിരുന്നാൽ മതി..'
ഒരു നിമിഷത്തെ മൗനത്തിനു ശേഷം,
'നിനക്ക്‌... കുഞ്ഞുങ്ങളൊന്നുമായില്ലേ?' പെട്ടെന്തോ ഓർത്തെടുത്ത പോലെ റോണി ചോദിച്ചു.
'എന്താ പെട്ടെന്നങ്ങനെ ചോദിക്കാൻ?'
'വോഡ്ക കഴിച്ചാ ശുഷ്ക്കാന്തി കുറയൂടാ.'
'ശരിക്കും?!!'
'ഉം...' റോണിയുടെ ശബ്ദത്തിൽ ഒരു ജ്ഞാനിയുടെ ഗൗരവം നിറഞ്ഞു..
'അപ്പോ റഷ്യേ തള്ളി പറയണോ?' വീണ്ടുവിചാരം നിറഞ്ഞ മനോജിന്റെ ചോദ്യം..
...

റഷ്യൻ മദ്യത്തിന്റെ നിരപ്പ്‌ താഴ്‌ന്ന് തുടങ്ങിയപ്പോൾ ഓർമ്മകളുടെ താഴ്ച്ചയിലേക്ക്‌ ലഹരി തെളിച്ച പടവുകളിലൂടെ അവരിരുവരും ഇടറിയ കാലുകളോടെ നടന്നു തുടങ്ങി.

സംസാരത്തിനിടയിൽ പലവട്ടം ശബ്ദം ലോപിച്ചു പോകുന്നതും തൊട്ടടുത്ത നിമിഷം പൊട്ടിച്ചിരി ഉയരുന്നതും ലക്ഷ്മി ശ്രദ്ധിച്ചു. എന്തു രഹസ്യമാ ഇവരിങ്ങനെ തമ്മിൽ പറഞ്ഞു കൊണ്ടിരിക്കുന്നത്‌?. ഇനി തന്നോട്‌ പറയാത്ത വല്ല രഹസ്യവുമാണോ? ആണുങ്ങളല്ലേ? അവർക്കും രഹസ്യങ്ങളുണ്ടാവും. അല്ലെൽ തന്നെ ആർക്കാ രഹസ്യങ്ങളില്ലാത്തത്‌?. അതു രഹസ്യമായി ഇരിക്കുന്നിടത്തോളം കാലം അതിനെ രഹസ്യം എന്നു തന്നെ വിളിക്കണം.

കുറെ നേരം കഴിഞ്ഞു മനോജിന്റെ നീണ്ട വിളി വന്നപ്പോഴാണ്‌ ലക്ഷ്മി വീണ്ടും മുറിയിലേക്ക്‌ ചെന്നത്‌. തൊട്ട്‌ കൂട്ട്‌ പാത്രം നക്കി വെച്ച പോലെ വെടിപ്പായിരിക്കുന്നു. ഇടുപ്പിൽ കൈ കുത്തി നിന്ന് രണ്ടു പേരേയും നോക്കി ഒന്നമർത്തി മൂളിയ ശേഷം അവളകത്തേക്ക്‌ കിണ്ണങ്ങളുമായി പോയി.

അവൾ തിരിച്ചു വരുമ്പോൾ അവർ രാഷ്ട്രീയത്തിലെ പുതിയ തലമുറയുടെ നീതികഥകൾ കീറി മുറിച്ചവലോകനം ചെയ്യുകയായിരുന്നു. ശക്തമായ അഭിപ്രായങ്ങൾ വായുവിൽ ചീറി പായുന്നതിന്റെ ചൂട്‌. ലക്ഷ്മി മനോജിന്റെ ഇതു വരെ കാണാത്ത ഒരു സുന്ദര മുഖം ആസ്വദിക്കുകയായിരുന്നു. എന്നത്തേലും സന്തോഷവാനാണ്‌. ഒരു സംതൃപ്തി ആ മുഖത്ത്‌ നിറഞ്ഞു നിൽക്കുന്നുണ്ട്‌. അവളിരുവരേയും നോക്കി. ചുവന്നു തുടങ്ങിയ കണ്ണുകളുമായി രണ്ടു പേർ!.

റോണി മനോജിന്റെ പൂർവ്വകാല വീരകൃത്യങ്ങൾ ആവേശപൂർവ്വം ഉറക്കെ അയവിറക്കാൻ തുടങ്ങി. ശരിക്കും വീര കഥകൾ. കരളുറപ്പുള്ള സ്നേഹിതന്റെ ആത്മാർത്ഥതയുടെ മുദ്രണമുള്ള കഥകൾ. പലതും അവിശ്വസനീയമായി തോന്നി ലക്ഷ്മിക്ക്‌. താനറിയുന്ന മൃദുമനസ്ക്കനായ മനോജേട്ടനെവിടെ? റോണിയുടെ കഥകളിൽ നിറഞ്ഞു നിൽക്കുന്ന വീരപുരുഷനെവിടെ?.

റോണി, വോഡ്കയുടെ ഗന്ധം പുതച്ച വാക്കുകളെ പുറത്തേക്കെറിഞ്ഞു കൊണ്ടിരുന്നു..
"..ഇനി ലക്ഷ്മിയോട്‌ ഒരു കാര്യം പറയാം. ഇവനീ കാണുന്ന പോലെയൊന്നുമല്ലായിരുന്നു പണ്ട്‌. ഇവനായിരുന്നു നമ്മുടെയൊക്കെ നേതാവ്‌. ഇവനല്ലേ നേതാവ്‌!. എന്തൊക്കെ കഥകളുണ്ടെന്നോ?. വല്ലോം ഇവൻ പറഞ്ഞു തന്നിട്ടുണ്ടോ?'.

'അതെങ്ങനെയാ?.. ഞാൻ പറഞ്ഞാ എന്റെ പെണുമ്പിള്ള വല്ലോം വിശ്വസിക്കോ?. ഇവൾക്കെങ്ങനെയറിയാം നമ്മുടെ പഴയ വീര കഥകള്‌?..നീ കുറച്ച്‌ സാമ്പിൾ ഇറക്കിക്കെ!' അഭിമാനം കലർന്ന അഹന്തയോടതു പറഞ്ഞിട്ട്‌ മനോജ്‌ കാല്‌ നീട്ടിയിരുന്നു. ലക്ഷ്മി അപ്പോഴാണ്‌ മനോജിനെ ശ്രദ്ധിച്ചത്‌. അഴിഞ്ഞു തുടങ്ങിയ കൈലി എങ്ങനെയോ ഇടുപ്പിൽ ചുരുട്ടി വെച്ചിട്ടുണ്ട്‌. കാലുകൾക്ക്‌ നടുവിലാണ്‌ മിക്സർ പാത്രത്തിന്റെ സ്ഥാനം. ഇടതു കൈയ്യിൽ ഒരു ബീർ കുപ്പിയും വലതു കൈയിൽ ഗ്ലാസും. അന്നേ വരെ കാണാത്ത ആ പ്രത്യേക പോസ്‌ കണ്ട്‌ അവൾക്ക്‌ ചിരി വന്നു.

റോണി തുടർന്നു. കുഴഞ്ഞ നാവിൽ നിന്ന് വക്ക്‌ തേഞ്ഞ വാക്കുകൾ പുറത്തേക്ക്‌ വീണ്‌ തുടങ്ങി. സോഫയിൽ ചാരിയാണിരിക്കുന്നെങ്കിലും ഏതു നിമിഷം വേണമെങ്കിലും താഴെ വീണു പോകാവുന്ന അവസ്ഥയിലായിരുന്നു അയാൾ.
'പണ്ട്‌..പണ്ടെന്ന് പറഞ്ഞാൽ ഒരു ഏഴ്‌..എട്ട്‌ വർഷമാവും..അല്ലേടാ?.. നമ്മളൊക്കെ ചേർന്നൊരു വണ്ടി തടഞ്ഞതാ..വഴിതടയൽ സമരം..ഒരു ബസ്സ്‌ മാത്രം നിർത്തീല്ല..ഇവൻ..ഈ ഭയങ്കരനുണ്ടല്ലോ..അവനൊരു കല്ലെട്‌ ഒരൊറ്റ്‌ കീച്ച്‌..കോതമംഗലത്തേക്ക്‌ പോകുന്ന വണ്ടീന്ന് മാത്രം ഇപ്പോ ഓർമ്മയുണ്ട്‌..അതേലിരുന്ന ഒരു മൂപ്പിലാന്റെ തലയ്ക്ക്‌ തന്നെ കൊണ്ട്‌..പാവം ആ അമ്മാവൻ..അങ്ങേരാണേൽ എടുത്തോണ്ട്‌ പോണ വഴി തന്നെ തട്ടി പോയി!..അത്രേ ആയുസ്സുള്ളൂ..എന്താ ഇവന്റെ ഉന്നം!'

മനോജ്‌ എന്തോ ഇടയ്ക്ക്‌ പറയാൻ കൈയുയ്യുർത്തിയതായിരുന്നു. പക്ഷെ കൈ കുഴഞ്ഞ്‌ താഴ്‌ന്നു.

ഒരിറക്ക്‌ കഴിഞ്ഞ്‌ റോണി വീണ്ടും പറഞ്ഞു തുടങ്ങി..
'അറിയോ അന്ന് ഇവനൊരു ഡയലോഗടിച്ചതാ..ആ മൂപ്പിലാന്‌ വല്ല പെൺമക്കളുമുണ്ടേൽ പോയി വളച്ചു കെട്ടുമെന്ന്..അതാണിവൻ..ഭയങ്കര സെന്റിയാ..അതും പറഞ്ഞ്‌ അന്ന്‌ ഈ ദുഷ്ടൻ എത്ര കുപ്പി കള്ളാ എന്റെ ചിലവിൽ കുടിച്ചെന്നറിയോ?..ഈ കഥ വല്ലോം ഇവൻ പറഞ്ഞിട്ടുണ്ടൊ?...എവിടെ അല്ലേ?..'

അതു കേട്ട്‌ മനോജിന്റെ നേർക്ക്‌ ലക്ഷ്മി നോക്കുമ്പോൾ അവളുടെ മുഖം വിളറി വെളുത്തിരുന്നു. വിറയലു ബാധിച്ച, അവൾക്ക്‌ തന്നെ അപരിചിതമായ ശബ്ദത്തിൽ അവൾ പറഞ്ഞു..
'അപ്പോ മനോജേട്ടനാണൊ അന്നെന്റെയച്ഛനെ..'
പൊട്ടി തുടങ്ങിയ കരച്ചിലിനെ മൂടി പിടിച്ച്‌ അവൾ ഉള്ളിലെ മുറിയിലേക്ക്‌ പാഞ്ഞു.

റോണി ഒന്നും മനസ്സിലാവാതെ മനോജിന്റെ നേർക്കും, ലക്ഷ്മി കയറി പോയ അകത്തെ മുറിയുടെ വാതിക്കലേക്കും മാറി മാറി നോക്കി. രണ്ടു മൂന്നു വട്ടം തളർന്നടഞ്ഞ കൺപോളകളെ കഷ്ട്ടപ്പെട്ട്‌ തുറന്നു പിടിച്ചു. മുകളിൽ കിടന്ന് കറങ്ങുന്ന ഫാനിലേക്ക്‌ നോക്കി അയാൾ എന്തൊക്കെയോ കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കഴുത്ത്‌ അതനുസരിക്കാതെ അയാളുടെ മുഖം താഴേക്ക്‌ നയിച്ചു.

പെട്ടെന്ന് പരമ സത്യം ഗ്രഹിച്ചവനെ പോലെ റോണിയുടെ കണ്ണുകൾ വിടർന്നു. അത്യാഹ്ലാദത്താൽ അയാൾ 'കൂയ്‌!!' എന്നു നാട്ടിൻപുറത്തെ മീൻ കച്ചവടക്കാരെ പോലെ നീട്ടി കൂവി.
'നീ ഭയങ്കരനാടാ..നീയാണ്‌ ഭയങ്കരൻ!.. പറഞ്ഞ പോലെ തന്നെ ചെയ്തു കളഞ്ഞല്ലോ!!..നിന്നെ സമ്മതിച്ചെടാ!..അതു കലക്കി!'. ഉന്മാദത്തിലേക്ക്‌ വഴുതി വീണ റോണി ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി. അയാൾ പിന്നേം എന്തൊക്കെയോ പുലമ്പുകയും ഗ്യാലറിയിലിരുന്ന്‌ കളി കാണുന്ന ആവേശം നിറഞ്ഞ, ഒരു കാണിയെ പോലെ കൈയ്യടിക്കുകയും ചെയ്തു കൊണ്ടിരുന്നു..

കുടിച്ചതെല്ലാം മനോജിന്റെ മുഖത്ത്‌ വിയർപ്പുകണങ്ങളായി നിറഞ്ഞു കഴിഞ്ഞിരുന്നപ്പോൾ. തല കുമ്പിട്ട്‌, കാഴ്ച്ച നഷ്ടപ്പെട്ടവനെ പോലെയിരുന്ന അയാൾക്കു ചുറ്റും ഇരുട്ടിന്റെ കട്ടി കൂടിയ പാളികൾ ഒന്നൊന്നായി വന്നടഞ്ഞു.

ഉള്ളിലേതോ മുറിയിൽ നിന്ന് അടക്കി പിടിച്ച തേങ്ങലുകൾ ഉയർന്നു തുടങ്ങിയിരുന്നു. ചെവി നിറയെ തേങ്ങലുകളുടെ ശബ്ദം നിറഞ്ഞപ്പോൾ, മനോജ്‌ ഇടതു കൈയ്യിലിരുന്ന ബിയറിന്റെ കുപ്പി വായ്ക്കുള്ളിലേക്ക്‌ കമഴ്ത്തി.

Post a Comment

Saturday 16 November 2013

മൂന്നാമത്തെ കഥ


ആരുമറിയാത്ത ജീവിതങ്ങൾക്കിടയിൽ അവിശ്വസനീയമായ കഥകളുറങ്ങിക്കിടക്കുന്നുണ്ടെന്ന വിശ്വാസക്കാരനാണ്‌ ഞാൻ. അതു കൊണ്ട് അപരിചിതരെയാണ്‌ നിരീക്ഷിക്കാറും. രണ്ടു പേർ സന്ധിക്കുന്നു എന്നിരിക്കട്ടെ, അതിൽ ഒരോരുത്തർക്കും ഒരോ കഥയുള്ളതു പോലെ, രണ്ടു പേർ ചേരുമ്പോൾ മൂന്നാമതൊരു കഥ അവർക്കിടയിൽ അവരറിയാതെ ജനിക്കുന്നുണ്ട്. ആ മൂന്നാമത്തെ കഥ കണ്ടെത്തുന്നതിലാണ്‌ ഒരു കഥാകാരന്റെ വിജയം. കുറച്ച് നാളുകളായി പലവിധ കഥകളുടെ വിത്തുകൾ ലഭിച്ചുവെങ്കിലും, വേണ്ടവിധം വെള്ളവും വളവും പകരാത്തത് കൊണ്ടോ, വിത്തുകളിൽ ഏത് ആദ്യം നടണമെന്ന ആശയക്കുഴപ്പം കാരണമോ, പലതും പാഴായി പോവുകയാണുണ്ടായത്. 

സർക്കാരാഫീസിലെ പണി കഥയെഴുത്തിന്‌ സൗകര്യപ്രദമാണ്‌. കഥയിലൂടെ രോഷം കൊള്ളാനും, അനീതിയെ എതിർക്കാനും എളുപ്പമാണ്‌. എഴുത്തുകാരുടെ ഏറ്റവും വലിയ വെല്ലുവിളി ദിനപത്രങ്ങളത്രെ. ദിവസവും എത്രയെത്ര കഥകളാണ്‌ വിളമ്പുന്നത്? വാർത്തകൾക്ക് മുന്നിൽ എഴുത്തുകാരുടെ കഥകൾ ഒന്നുമല്ല! ഇപ്പോൾ കഥയേത് വാർത്തയേത് എന്ന് സംശയം തോന്നിപ്പിക്കുന്ന വിധത്തിലായിരിക്കുന്നു കാലത്തിന്റെ പോക്ക്. കടലാസിനും പേനയ്ക്കുമിടയിൽ ആയിരമായിരം കഥകളുറങ്ങി കിടപ്പുണ്ട്. അവയെ ഒന്നുണർത്തുകയേ വേണ്ടൂ. ഇന്ന് ഏതായാലും രണ്ടു വരിയെങ്കിലും എവിടെ നിന്നെങ്കിലും പിഴിഞ്ഞെടുക്കണമെന്ന വാശിയിൽ ഞാനിരുന്നു. മേശപ്പുറത്തെ ഫയലുകളിൽ ചിലരുടെ സ്വപ്നങ്ങളും, സങ്കടങ്ങളുമുണ്ട്. പക്ഷെ അതൊന്നും കാല്പനികമായ ഒരു ദൗത്യത്തിലേർപ്പെടുമ്പോൾ എന്നെ അലോസരപ്പെടുത്താറില്ല. കാഴ്ച്ചകളിൽ നിന്നാണല്ലോ കഥകളുടെ തുടക്കം. ദിവസം തുടങ്ങിയതു മുതലുള്ള കാഴ്ച്ചകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി. ഓടിയോടി തളർന്നു വരികയായിരുന്നു. അപ്പോഴാണ്‌ രാവിലെ ബസ്സിലിരുന്നപ്പോൾ കണ്ട ഒരു കാര്യമോർത്തത്. വളരെ നിസ്സാരമായ ഒരു കാര്യമായത് കൊണ്ടാവാം അതേക്കുറിച്ച് ഓർക്കാതിരുന്നത്. ഒരാളെ വണ്ടിയിടിച്ചിട്ടതായിരുന്നു സംഭവം. എന്റെ ബസ്സ് മുന്നോട്ടെടുത്തു കഴിഞ്ഞപ്പോഴാണ്‌ ആ സംഭവം നടന്നത്. തലതിരിച്ച് നോക്കാനൊരു ശ്രമം നടത്തിയതാണ്‌. പക്ഷെ അൾക്കൂട്ടവും, ബഹളവും കാരണം കാഴ്ച്ച തടസ്സപ്പെട്ടു. ആ ഒരു നിമിഷം വലിയ ഒരു നഷ്ടബോധം എനിക്കു തോന്നിയെന്നു പറഞ്ഞു കൊള്ളട്ടെ. ഞാൻ അയാളെ കുറിച്ചോർത്തു. തികച്ചും അപരിചിതൻ - കഥാപാത്രമാക്കാൻ പറ്റിയ ഒരാൾ. അയാൾക്കെന്താവും സംഭവിച്ചിരിക്കുക? എഴുത്തുകാരൻ സാഹസികനായിരിക്കണം, അനുകമ്പയുടെ കുടം ചുമക്കുന്നവനാവണം. കുറഞ്ഞപക്ഷം മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യത്തിലധികം താത്പര്യം കാണിക്കുന്നവനെങ്കിലും ആവണം! ഞാൻ തീരുമാനിച്ചു - ഇന്നു തന്നെ ആ അജ്ഞാതനെ അന്വേഷിച്ച് കണ്ടെത്തണം. ആദ്യമായി ഒരു കഥാപാത്രത്തിനെ പിൻതുടരാൻ പോവുകയാണ്‌! ആ ചിന്ത തന്നെ ഒരു ലഹരിയായി തലയ്ക്ക് പിടിച്ചു. ഇനി ഈ സംഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വരുന്ന കഥയ്ക്ക് വല്ല അംഗീകാരമോ മറ്റോ കിട്ടിയാൽ...? സമയം - എല്ലാത്തിനും അതു പ്രധാനവും പ്രസക്തവുമാണ്‌. ലോട്ടറി സമ്മാനം കിട്ടിയേക്കാം. പക്ഷെ കുറഞ്ഞപക്ഷം ടിക്കറ്റ് വാങ്ങിവെയ്ക്കണ്ടേ? സദസ്സുകളിൽ പറയാൻ ഒരു കഥ കൂടിയായി. കഥാപാത്രത്തിനെ പിൻതുടർന്ന കഥാകാരൻ, കഥയ്ക്കായി ജന്മം തന്നെ നീക്കിവെച്ച കഥാകാരൻ എന്നൊക്കെ ആരെങ്കിലും എന്നെക്കുറിച്ച് പിൻകാലത്ത് എഴുതാനോ, പറയാനോ ഉള്ള സാദ്ധ്യതയും തള്ളിക്കളയാനാവുന്നതല്ല.

പറഞ്ഞാൽ വിശ്വസിക്കില്ല നിങ്ങൾ. വൈകുന്നേരം വരെ ഒരു തരം വീർപ്പുമുട്ടലായിരുന്നു. വീർപ്പുമുട്ടലും ആത്മസംഘർഷവും തന്നെയാണല്ലൊ ഒരു കഥാകാരന്റെ പ്രഥമ ലക്ഷണം! ചുവരിലെ ക്ലോക്കിൽ അഞ്ചടിക്കാൻ സൂചി വന്നു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നപ്പോൾ, ആരെങ്കിലും സ്റ്റൂളിട്ടു കയറി നിന്ന്‌ ആ സൂചി ഒന്നും നീക്കിയിരുന്നെങ്കിൽ എന്നു പോലും ആശിച്ചു പോയി. അഞ്ചടിച്ചപ്പോൾ, കുടയുമെടുത്ത് ഞാൻ വേഗത്തിൽ പുറത്തേക്ക് നടന്നു. കുട കൈവശം കരുതുന്നത് മഴ വരാതിരിക്കാനുള്ള ഒരു സൂത്രപ്പണിയാണ്‌. ഈ മഴയും കുടയും ആരുമറിയാതെ ചില രഹസ്യ ഇടപാടുകൾ തമ്മിൽ നടത്തുന്നുണ്ട്. ഒരാളുള്ളപ്പോൾ മറ്റെയാൾ ഉണ്ടാവില്ല! അതൊരു തരം ധാരണയാണ്‌. അതു ബുദ്ധിപൂർവ്വം മനസ്സിലാക്കിയ നാൾ മുതൽ ഞാൻ കുട എടുക്കാൻ ശ്രദ്ധിച്ചു പോന്നിരുന്നു.

ആദ്യം മെഡിക്കൽ കോളേജിലേക്കാണ്‌ പോയത്. റോഡപകടം പറ്റിയ ഒരാളെ ആരും ആദ്യമെത്തിക്കുക അവിടെയാണല്ലോ. പോരാത്തതിനു ചികിത്സ സൗജന്യവും. സ്വാഭാവികമായും ഞാൻ അതേ പാതയിലൂടെ പോയി. കുറച്ച് സമയത്തെ അന്വേഷണത്തിനൊടുവിൽ അറിയാൻ കഴിഞ്ഞു, ആ ദൗർഭാഗ്യവാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സത്യം. കൊണ്ടു വരുമ്പോഴെ ബോധം നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും, എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ആൾ മരിച്ചു പോവുകയുമാണ്‌ ഉണ്ടായതെന്നും അറിയാൻ കഴിഞ്ഞു. എന്റെ ആദ്യ ഉദ്യമം പരാജയപ്പെട്ടിരിക്കുന്നു. പക്ഷെ എന്റെ കഥാപാത്രത്തിനെ അവിടെ ഉപേക്ഷിച്ചു പോകാൻ ഞാനൊരുക്കമായിരുന്നില്ല. അയാളെ കുറിച്ച് കൂടുതലറിയാൻ എന്നെ ആരോ പ്രേരിപ്പിക്കുന്നത് പോലെ തോന്നി. ചിലപ്പോൾ മറ്റൊരു കഥയുടെ വാതിൽ അതു തുറന്നു തരില്ലെന്നാരു കണ്ടു? എനിക്ക് അയാളെ നേരിൽ കാണണമെന്നു തോന്നി. മോർച്ചറിയായിരുന്നു ലക്ഷ്യം. എന്തെങ്കിലും ചോദ്യം വന്നാൽ തന്നെ, കാണാതായ ബന്ധുവിനെ കുറിച്ചൊരു കഥ പറയാം. അല്ലെങ്കിൽ ഞാൻ മാന്യമായി കൈകൂലി കൊടുക്കും. അതിനുള്ള സംഖ്യ എന്റെ പോക്കറ്റിലുണ്ട്.

മോർച്ചറി വാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ പലവിധ കഥാസന്ദർഭങ്ങൾ ഞാൻ മനസ്സിൽ കുറിച്ചിട്ടു. എന്റെ ആദ്യത്തെ മോർച്ചറി സന്ദർശനാനുഭവം! ഒരുപക്ഷെ ലോകത്ത് എല്ലാവരേയും സമന്മാരായി കാണൻ കഴിയുന്ന ഒരേയൊരു ഇടം മോർച്ചറി ആയിരിക്കും. വെള്ള പുതച്ചു കിടക്കുന്ന മൂന്നോ നാലോ ശരീരങ്ങൾ മുറിക്കുള്ളിൽ കാണാൻ കഴിഞ്ഞു. എല്ലാവരും സമാധാനമായി യാതൊരു പരാതിയുമില്ലാതെ കിടക്കുന്നു. ഇതിലേതാതാവാം എന്റെ കഥാപാത്രം? ഏതൊക്കെ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ചു വിലസിയിരുന്നവരാവും ഇവരൊക്കെ? തുണിക്കടയിൽ ചെല്ലുമ്പോൾ നിറങ്ങൾക്കായി എത്ര നേരം ഞാൻ സമയം ചിലവാക്കിയിരിക്കുന്നു! ഇവിടെ എല്ലാവരും വെള്ള പുതച്ചാണ്‌ കിടക്കുന്നത്. വെളുപ്പ് - പ്രകാശത്തിന്റെ നിറം. നവജാത ശിശുക്കളേയും, അന്ത്യയാത്ര നടത്തുന്നവരേയും ധരിപ്പിക്കുന്നത് വെളുത്ത വസ്ത്രങ്ങൾ. വെളുപ്പ് മുതൽ വെളുപ്പ് വരെ, പ്രകാശം മുതൽ പ്രകാശം വരെ - അത്രയേ ഉള്ളൂ ജീവിതം. ജഢം മറച്ചിരുന്ന വിരി മാറ്റിയപ്പോൾ ഞാൻ ആ മുഖത്തേക്ക് ആകാംഷയോടെ നോക്കി. എന്റെ കഥാപാത്രമാണ്‌! അല്പം ഉന്തി നില്ക്കുന്ന പല്ലുകൾ. കരിവാളിച്ച ചുണ്ടുകൾ. നരച്ച മീശ. അതിൽ പുക കറ കാണാം. നെറ്റി മുകളിലേക്ക് വളർന്നു കയറി പോയിരിക്കുന്നു. മൂക്കിനുള്ളിൽ നിന്നും ഇറങ്ങി തുടങ്ങിയ രക്തം, പകുതി വഴിയിൽ ഉറച്ചു പോയത് എന്റെ കണ്ണുകൾ പിടിച്ചെടുത്തു. ചുരുണ്ട മുടിയാണ്‌. തൂവെള്ള ഷർട്ടിൽ ഉണങ്ങി പോയ രക്തക്കറയുടെ പാടുകൾ, കാപ്പിപ്പൊടി നിറമുള്ള പാന്റ്. എന്റെ കഥാപാത്രത്തിന്റെ രൂപം അവിടെ പൂർത്തിയായി. വിചിത്രമായൊരു കാര്യം ഞാൻ ശ്രദ്ധിച്ചു. അയാളുടെ ചുണ്ടിൽ ഒരു ചിരി കുടുങ്ങി കിടക്കുന്നു! ആ രൂപത്തിനെ, എന്തു കൊണ്ടോ ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കാനെനിക്കു തോന്നി. നോക്കി നില്ക്കുമ്പോൾ എനിക്ക് ഇയാളെ പരിചയമുണ്ടല്ലോ എന്നു തോന്നിത്തുടങ്ങി. നല്ല പരിചയമല്ല...പക്ഷെ.. ഈ മുഖം...ഇതിന്റെ ആകൃതി, ചില ഘടനകൾ - വളഞ്ഞ മൂക്ക്, നേർത്ത പുരികം ഇതൊക്കെയും ആരേയോ ഓർമ്മിപ്പിക്കുന്നുണ്ട്. അതാരാണെന്ന് ഓർമ്മ പറഞ്ഞു തരുന്നുമില്ല. സമീപത്തു നിന്നും കേട്ട ‘ഇയാളാണോ?’ എന്ന ചോദ്യത്തിന്‌ മറുപടിയായി, സിനിമ സ്റ്റയിലിൽ ഇടത്തേക്കും വലത്തേക്കും സാവധാനത്തിൽ തലയാട്ടുമ്പോഴും, ഇയാളെ അറിയാം എന്ന അവ്യക്തചിന്തയിൽ അസ്വസ്ഥനാകുകയായിരുന്നു ഞാൻ. ഒരു പക്ഷെ ആ ഒരു കാര്യത്തിനേക്കാൾ അലട്ടിയത് - ഇയാളെക്കുറിച്ചുള്ള കാര്യങ്ങൾ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലോ എന്ന കാര്യത്തിലായിരുന്നിരിക്കണം.

മോർച്ചറിക്കു വെളിയിൽ വന്നതും ആ മുഖവും പേരും ഓർമ്മകൾ എന്റെ മുന്നിൽ കുടഞ്ഞിട്ടു തന്നു. ‘മനോജ് കുമാർ’! എന്റെ ഒപ്പം കോളേജിൽ മൂന്നു വർഷമുണ്ടായിരുന്നെങ്കിലും ആഴ്ച്ചയിൽ ഒന്നോ ദിവസം മാത്രം വന്നിരുന്ന മനോജ്. അതൊരു ചെറുപ്പക്കാരനു പറ്റിയ പേരാണ്‌. ആ പേരും ഇപ്പോൾ കണ്ട, മെലിഞ്ഞ മദ്ധ്യവയസ്സ് പിന്നിട്ട ശരീരവും ഒട്ടും പൊരുത്തപ്പെട്ടു പോകുന്നില്ല. പ്രായത്തിനനുസരിച്ച് പേരു മാറ്റാൻ പറ്റില്ലല്ലോ! ചില സമയങ്ങളിൽ ആലോചിക്കാറുണ്ട്, നമ്മുടെ പ്രധാനമന്ത്രിയുടെ പേര്‌ തങ്കപ്പൻ അല്ലേൽ, വിനു കുമാർ അല്ലേൽ അപ്പുണ്ണി എന്നൊക്കെ ആയിരുന്നെങ്കിൽ എന്ന്. എന്തു കൊണ്ടാണ്‌ രൂപവും പേരും അല്ലെങ്കിൽ പദവിയും പേരും നമ്മൾ ഒത്തു നോക്കുന്നത്? സിനിമകളിലും കഥകളിലും പണക്കാരനായ നായകന്‌ എന്തു കൊണ്ടാരും കുട്ടപ്പൻ എന്നോ, ശങ്കുണ്ണിയെന്നോ പേരിടുന്നില്ല? ഇതു പോലുള്ള ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി വരാൻ തുടങ്ങി. ഞാൻ അതൊക്കെയും ഉപേക്ഷിച്ചു മനോജ് കുമാറിന്റെ പിന്നാലെ പോകാൻ തീരുമാനിച്ചു. വീണ്ടും ചിലരെ കണ്ടു. ആർക്കും ഇതുവരേയും ഇയാളെ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. എന്റെ കഥാപാത്രം ഒരു മരിച്ച ആളാണെങ്കിലും, അയാൾക്ക് ജീവിച്ചിരിക്കുന്നവരുണ്ടാകുമല്ലോ. അയാൾക്ക് ഒരു ജീവിതം ഉണ്ടായിരുന്നല്ലോ. ഒരു തീപ്പൊരിക്ക് ഇനിയും സാധ്യതയുണ്ട്. ഞാൻ തിരച്ചിൽ തുടരാൻ തീരുമാനിച്ചു. എന്റെ പഴയ സഹപാഠിയും സുഹൃത്തുമായ മനോജിനെ കുറിച്ച് അറിയാൻ. എന്റെ അതേപ്രായമല്ലേ അവന്‌? അവൻ തണുത്ത ഒരു മുറിയിൽ വെള്ള പുതച്ച് കിടക്കുന്നു. ഞാനിപ്പോഴും ജീവനോടെ... ഏതോ ഒരു അർത്ഥമില്ലാത്ത മത്സരത്തിൽ ജയിച്ചതു പോലൊരു തോന്നൽ. തൊട്ടടുത്ത നിമിഷം എന്റെ അഹങ്കാരത്തേക്കുറിച്ചോർത്ത് സ്വയം ലജ്ജിക്കുകയും ചെയ്തു. എന്താണ്‌ ജയം? എന്താണ്‌ തോൽവി? ഏതു മത്സരത്തേക്കുറിച്ചാണ്‌ ഞാൻ ചിന്തിക്കുന്നത്?

മനോജ് - ആ ഒരു പേരു മാത്രമെ ഇപ്പോഴെന്റെ കൈയ്യിലുള്ളൂ. അവന്റെ വീടെവിടെ? വീട്ടുകാർ ആരൊക്കെ? വിവാഹിതൻ? കുട്ടികൾ? ഒന്നും തന്നെ അറിയില്ല. പക്ഷെ മരണവിവരം അവന്റെ വീട്ടിൽ ചെന്നറിയിക്കാൻ തന്നെ തീരുമാനിച്ചു. ഒരാളിലേക്കുള്ള വഴി മറ്റൊരാളിലൂടെയാണ്‌. പരിചയമുള്ള സുഹൃത്തുക്കളുടെ പേരുകൾ മനസ്സിൽ നിരത്തിയിട്ടു. അതിൽ മനോജിന്റേയും എന്റെയും കൂടെ പഠിച്ച, ഇപ്പോഴും പരിചയം സൂക്ഷിക്കുന്ന ഒരാൾ മാത്രം - സുരേഷ്. ഉടൻ തന്നെ സുരേഷിനെ വിളിച്ചു. മനോജിന്റെ മരണത്തെ കുറിച്ച് പറഞ്ഞു. കൊച്ചിയിൽ എന്തോ ആവശ്യത്തിനു പോയിരിക്കുകയായിരുന്നു അവൻ. ‘അവനിതു വരേയും മരിച്ചില്ലായിരുന്നോ?’ അതായിരുന്നു സുരേഷിന്റെ വായിൽ നിന്നും വന്ന ആദ്യത്തെ ചോദ്യം. കൂട്ടത്തിൽ കുറച്ച് അമ്പരപ്പും. ചോദ്യം കേട്ട് ഞാൻ വല്ലാതായി പോയി. ഒരാളുടെ മരണം തമാശ പറയാനുള്ള വിഷയമല്ലല്ലോ. അതു കേൾക്കാത്ത മട്ടിൽ മനോജിന്റെ വിലാസമന്വേഷിച്ചു. പഠിക്കുന്ന കാലത്ത് ഒരിക്കൽ മനോജിന്റെ വീട്ടിൽ പോയിട്ടുണ്ടായിരുന്നത് കൊണ്ട്, അവൻ ഓർമ്മയിൽ നിന്ന് ഏകദേശം എവിടെയാണതെന്ന്‌ പറഞ്ഞു തന്നു. ‘നിന്റെ ഒപ്പം വരണമെന്നുണ്ട് പക്ഷെ ഇവിടന്ന് ഇനി മൂന്ന് ദിവസം കഴിയാതെ അനങ്ങാൻ പറ്റില്ല’ അവന്റെ നിസ്സഹായത എനിക്കു ബോദ്ധ്യമായി. ഞാൻ മനോജിന്റെ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. സമയം ഏതാണ്ട് എട്ടു മണിയോടടുത്തെങ്കിലും.

സർക്കാർ ബസ്സിലായിരുന്നു യാത്ര. എങ്ങനെയാണ്‌ ഞാൻ ഈ വാർത്ത അവതരിപ്പിക്കാൻ പോകുന്നത്? അതേക്കുറിച്ച് അപ്പോഴാണോർത്തത്. അവന്റെ വിവാഹം കഴിഞ്ഞിട്ടുണ്ടാവണം. അവന്റെ ഭാര്യ എങ്ങനെയാവും ഈ വാർത്ത നേരിടുക? നെഞ്ചത്തടി കാണാനും നിലവിളി കേൾക്കാനുമുള്ള ആരോഗ്യമൊന്നും എനിക്കിപ്പോഴില്ല. അവനുള്ളത് ഒരു മകളാവും. സിഗരറ്റ് വലിക്കുന്നവർക്ക് കൂടുതലും പെൺമക്കളാവും ഉണ്ടാവുക എന്ന് ഈയിടെ ഒരു ആരോഗ്യമാസികയിൽ വായിച്ചതല്ലേയുള്ളൂ? ഏതോ ഒരു വിദേശരാജ്യത്ത് നടത്തിയ സർവ്വേയിൽ തെളിഞ്ഞതാണത്. ഈ വിദേശികളെ സമ്മതിക്കണം! എന്തിനേക്കുറിച്ചും സർവ്വേ നടത്തിക്കളയും. ഞാൻ മനോജിന്റെ മകളെ കുറിച്ചോർക്കാൻ തുടങ്ങി. അവൾക്ക് അമ്മയേക്കാളും അച്ഛനുമായിട്ടായിരിക്കും അടുപ്പം. പെൺകുട്ടികൾക്ക് അച്ഛനോടല്ലേ പ്രിയം? വാർത്ത കേട്ടാൽ അവൾ എങ്ങനെ പ്രതികരിക്കും? ഇനി ആ പാവം പെൺകുട്ടിയുടെ വിവാഹം ആരു നടത്തും? ഇപ്പോഴവൾ പഠിക്കുകയായിരിക്കും. അവളുടെ കോളേജ് ചിലവ്?... ആ വീട് ശരിക്കും തകർന്നു പോകും. ഒരാളുടെ അഭാവത്താൽ ഒരു കുടുംബം മുഴുവനും... മനോജിന്റെ മകളെ എനിക്ക് പഠിപ്പിക്കാൻ കഴിയും. അവളുടെ വിവാഹം...അതിനു കുറച്ച് സ്വർണം... എന്റെ ചിന്തകൾ കാടു മാത്രമല്ല കയറിയത്, അതിനപ്പുറമുള്ള കടലും താണ്ടി, മലകളും താണ്ടി യാത്ര തുടർന്നു.

വരാൻ വൈകും, ഭക്ഷണം കഴിച്ച് ഉറങ്ങിക്കോളൂ എന്ന് വീട്ടുകാരത്തിയെ അറിയിച്ചു. സുരേഷ് പറഞ്ഞിടത്ത് ബസ്സ് എത്തിയപ്പോഴേക്കും നേരം നല്ലവണ്ണം ഇരുട്ടി കഴിഞ്ഞിരുന്നു. ചിന്തകളും ഭാവി പദ്ധതികളും ചുരുട്ടി വെച്ച് ഞാൻ നടന്നു. പലരോടും ചോദിച്ചാണ്‌ വീടിരിക്കുന്ന സ്ഥലത്തെത്തിയത്. റോഡിൽ നിന്നും അല്പം ഉയരത്തിലായിട്ടാണ്‌ വീട്. ആ റോഡ് ഒരു കുന്നിന്റെ അടുത്തു കൂടിയാണ്‌ കടന്നു പോകുന്നതെന്ന് അപ്പോഴാണ്‌ ശ്രദ്ധിച്ചത്. റോഡിന്റെ ഇരുവശത്തും തല കുനിച്ചു പിടിച്ച് ഉറക്കംതൂങ്ങി നില്ക്കുന്ന വഴിവിളക്കുകൾ. മിക്കതും ഉറക്കത്തിലാഴ്ന്നു കഴിഞ്ഞിട്ടുണ്ട്. ചിലത് മയങ്ങി വീഴുകയും, തൊട്ടടുത്ത നിമിഷം ഞെട്ടി പിടഞ്ഞെഴുന്നേറ്റ് കണ്ണു മിഴിക്കുകയും ചെയ്യുന്നുണ്ട്. ചിലത് പാതിയുറക്കത്തിലാണ്‌.

ഞാൻ രാവിലെ കണ്ട അപകടത്തെക്കുറിച്ച് വീണ്ടുമോർത്തു. ഒരപകടം കാണുമ്പോൾ ഒരു ഞെട്ടലോടെയാണ്‌ ശരീരവും മനസ്സും പ്രതികരിക്കുക. ഉള്ളിലൂടെ ഒരു നിലവിളി പാഞ്ഞു പോവും. ആ നിലവിളിക്ക് ശബ്ദമുണ്ടാവില്ല. അതധികനേരം നീണ്ടു നില്ക്കാറുമില്ല. ഒരു ചെറിയ പ്രകമ്പനം. അത്രമാത്രം. എന്നാൽ ഒരു മരണവീട്ടിൽ ചെന്ന് മൃതശരീരത്തെ കുറച്ചു നേരം നോക്കി നില്ക്കുമ്പോൾ ഉള്ളിലൊരുതരം ശൂന്യത നിറയും. എന്റെ സുഹൃത്തിനെ അവന്റെ വീട്ടിൽ നിലത്ത് വെള്ളപുതച്ച് കിടത്തിയിരിക്കുന്നത് മനസ്സിൽ കാണാൻ ശ്രമിച്ചു. ഒരിക്കൽ ഞാനും അതേ പോലെ കിടക്കേണ്ടതാണ്‌. എനിക്ക് ചുറ്റുമിരുന്ന് കരയാൻ ചിലരുണ്ടാവും. കരയുന്നവരെ ആശ്വസിപ്പിക്കാൻ എനിക്കാവില്ല അപ്പോൾ. സത്യത്തിൽ എന്റെ മരണമോർത്ത് ഞാൻ പലവട്ടം ദുഃഖിച്ചിട്ടുണ്ട്. ഇരുട്ടിൽ ആരുമറിയാതെ കരഞ്ഞിട്ടുമുണ്ട്. ഒരുപക്ഷെ എന്നെ പോലെ സ്വന്തം മരണത്തെക്കുറിച്ചോർത്ത് കരഞ്ഞ പലരുമീ ലോകത്തുണ്ടാവും. 

ഇരുട്ടിലൂടെ നടന്നപ്പോൾ പെട്ടെന്നെനിക്കെന്റെ ജീവനെ കുറിച്ച് ഉത്കണ്ഠയായി. ഇവിടെ പാമ്പുകളുണ്ടാവുമോ? മൺപൊത്തുകൾ. അവിടവിടെ കുറ്റിച്ചെടികൾ. ആരേയെങ്കിലും കിട്ടിയാൽ ഒന്നു കടിക്കാമായിരുന്നു എന്നും പറഞ്ഞിരിക്കുന്ന ഒരുത്തൻ മതി. ഞാൻ മണം പിടിച്ചു. വേറൊന്നുമല്ല, പാമ്പ് വാ തുറക്കുന്ന മണം! അങ്ങനെയാണ്‌ എന്റെ ആമ്മൂമ്മമാർ എനിക്ക് ആ മണം പരിചയപ്പെടുത്തിയിട്ടുള്ളത്. അതു സത്യമാണോ അസത്യമാണോ എന്നൊന്നും ഇതുവരെ തിരക്കാൻ പോയിട്ടില്ല. തലയിൽ അങ്ങനെയാണ്‌ ആ ഗന്ധം രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. അതു കൊണ്ട് ജാഗരൂകനായി. കൈയ്യിലിരുന്ന സിഗരറ്റ് ലൈറ്റർ കത്തിച്ച് ഞാൻ മുകളിലേക്ക് കയറാൻ തുടങ്ങി. കാറ്റടിക്കുമ്പോഴൊക്കെ നാളം നാവ് വളച്ച് എന്റെ തള്ളവിരൽ നക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതു കൊണ്ട് ഞാൻ ലൈറ്റർ പലവട്ടം കെടുത്തുകയും കൊളുത്തുകയും ചെയ്തുകൊണ്ടിരുന്നു.

മുകളിലേക്ക് കയറും തോറും വീട്ടിൽ നിന്നും ഒരു മങ്ങിയ പ്രകാശം മുന്നിൽ പരക്കാൻ തുടങ്ങി. വീട്ടിനു മുന്നിലിരുന്ന് ഒരു ചെറുപ്പക്കാരൻ പുക വലിക്കുന്നതാണാദ്യം കണ്ടത്. വളരെ ആസ്വദിച്ച്, പുകയുടെ ഗന്ധം അല്പം പോലും ചോർന്നു പോകാതെ... എവിടെ മകൾ? എനിക്ക് വീടു മാറിപോയിട്ടുണ്ടാവും. ഇനി ഇരുട്ടത്ത് വന്ന വഴി ഇറങ്ങുകയും മാറ്റൊരിടത്ത് കയറാനും തക്ക ഊർജ്ജം എന്റെയീ മെലിഞ്ഞ ശരീരത്തിൽ ബാക്കിയില്ല. വന്ന സ്ഥിതിക്ക് ശരിയായ വീട് അറിഞ്ഞിട്ടേ തിരിഞ്ഞു നടക്കാവൂ.

‘മനോജ് കുമാർ...വീട് ഇതാണോ?’

എന്റെ നേർക്ക് നോക്കാതെ, ഊതിവിടുന്ന പുകയുടെ ഗതി ശ്രദ്ധിച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
‘അമ്മേ...ദാ ആരോ അച്ഛനെ തെരക്കി വന്നിരിക്കുന്നു’
അപ്പോൾ മകളല്ല...മകനാണ്‌. വിനയകുനിയനായ ഒരു മകൻ. 
കോളേജ് ഫീസ്, സ്ത്രീധനം, സ്വർണ്ണം...എല്ലാം ഞാൻ മായ്ച്ചു കളഞ്ഞു.
അപ്പോഴേക്കും അകത്തു നിന്നും ഒരു സ്ത്രീ തിണ്ണയിലേക്ക് വന്നു. മുഷിഞ്ഞ വേഷമാണോ മുഷിഞ്ഞ സ്ത്രീയാണോ എന്നു തിരിച്ചറിയാൻ കഴിയാത്ത ഒരു രൂപം.
‘എന്തിനാ സാറെ?...രാവിലെ തന്നെ കുപ്പീം പിടിച്ചോണ്ട് പോയതാ...ഇനി പാതിരാത്രിയാവുമ്പോ നാലു കാലേൽ കേറി വരും...’

എന്റെ സഹപാഠിയായ മനോജിനെ കുറിച്ചാണോ ഈ പറയുന്നത്...? ചിരിച്ചു കൊണ്ട് മരിച്ചു കിടന്ന...ആ മനോജ് കുമാർ...
എന്തു പറയണമെന്നറിയാത്ത സ്ഥിതിയിലായി പോയി ഞാൻ.

‘ഞാൻ മനോജിന്റെ...’ ആകുലതയോടെ ആരംഭിച്ചതാണ്‌. അപ്പോഴേക്കുമവർ എന്റെ വാക്കുകളെ മുറിച്ചിട്ടു കൊണ്ടിങ്ങനെ പറഞ്ഞു,
‘പൊന്നു സാറെ...അങ്ങേര്‌ എപ്പൊ വരൂന്നൊന്നും പറയാമ്പറ്റത്തില്ല...എവിടേങ്കിലും കെടപ്പുണ്ടാവും...സാറ്‌ നാളെ വാ...ചെലപ്പൊ കാണാം’

ഞാൻ ഒന്നും മിണ്ടിയില്ല.
സ്ത്രീ തിരിഞ്ഞകത്തേക്ക് നടന്നു. ‘എവിടെ തൊലഞ്ഞു പോയോ എന്തോ’. ആ പിറുപിറുക്കൽ മാത്രം അന്തരീക്ഷത്തിൽ ബാക്കിയായി.

വിനയൻ പുകയൂതി രസിച്ചു കൊണ്ടിരുന്നു. പ്രപഞ്ചം മുഴുക്കെയും മൗനം വന്നു നിറഞ്ഞതായി തോന്നി. ഞാൻ ഒറ്റയ്ക്കായതായും. ഇവരോട് ഞാൻ എന്താണ്‌ പറയേണ്ടത്? നിങ്ങളുടെ ഭർത്താവ് ഇപ്പോൾ തണുത്ത മോർച്ചറി മുറിയിൽ കിടപ്പുണ്ടെന്നോ? ഈ സ്ത്രീ തൊട്ടുമുൻപ് ശപിച്ച നാവ് കൊണ്ട് നിലവിളിക്കുമോ? അതോ ഇതു മുഴുക്കെയും ഒരു സ്വപ്നമാണോ? ഞാനിപ്പോഴുമെന്റെ കിടക്കയിൽ പുതച്ചു കിടന്നുറങ്ങുകയാണോ?

സ്വപ്നമല്ലെന്ന് ബോധ്യപ്പെട്ട നിമിഷം ഞാൻ കുന്നിറങ്ങാൻ തുടങ്ങി. എത്രയും വേഗം എനിക്ക് ഈ യാഥാർത്ഥ്യത്തിന്റെ തോട് പൊളിച്ച് പുറത്ത് കടക്കണം. ഈ ഇരുട്ട് മൂടിയ ഇടത്ത് നിന്നും വെളിച്ചത്തിലേക്ക് പോകണം. താഴെ റോഡിലെത്തിയപ്പോൾ, നിവർന്നു നിന്നു ആകാശത്തേക്ക് നോക്കി. അസ്വാഭാവിക മരണം...അവന്റെ ആത്മാവ് ഇവിടെ അലഞ്ഞു തിരിയുകയാവും. ചിലപ്പോൾ അവൻ മനപ്പൂർവം വണ്ടിക്ക് വട്ടം ചാടിയതാവും. എന്നാലും അവൻ ഇത്ര നേരത്തെ... അവൻ എന്റെ കഥാപാത്രമാണെന്ന കാര്യം ഞാൻ പാടെ മറന്നു. അവനെന്റെ ഒരു പഴയ സുഹൃത്ത് മാത്രമായി പോയി ആ നിമിഷം. ഒരു പക്ഷെ അവനങ്ങനെ മരിക്കുന്നതാവും ഏറ്റവും നല്ലത്. ആരുമറിയാതെ, ആരുടേയും ശാപവചനങ്ങൾ കേൾക്കാതെ, കള്ളക്കണ്ണീർ കാണാതെ, ഒരനാഥനു തുല്യം സ്വാതന്ത്ര്യത്തോടെയുള്ള മരണം. അവന്റെ ആത്മാവ് ശാന്തിയടയട്ടെ.

കേട്ടതും കണ്ടതും കഥകളാക്കാൻ ഒരുങ്ങി നടന്നതായിരുന്നു. കഥാപാത്രത്തിന്റെ പിന്നാലെ പോയി കഥ ഇല്ലാത്തവനായി തീർന്നു പോയിരിക്കുന്നു, ഞാനും എന്റെ കഥാപാത്രവും. അവനെ എങ്ങനെയാണ്‌ ഒരു കഥാപാത്രമാക്കുക? എഴുതിയാൽ ആ കഥയിൽ വായനക്കാർക്ക് സന്തോഷം പകരുന്ന ഒരു കാര്യം പോലുമുണ്ടാകില്ല. ഒരു കണിക പോലും...യഥാർത്ഥ ജീവിതം പോലെ, വിരസവും, വിശദീകരിക്കാനാവാത്ത ചില യാദൃച്ഛികതകളും മാത്രം.

അന്നു രാത്രി വെറും ഒരു വരി മാത്രം ഞാനെന്റെ ഡയറിയിൽ കുറിച്ചിട്ടു. അതിപ്രകാരമായിരുന്നു, ‘ജീവിതത്തിന്റെ നേർക്കാഴ്ചകൾ തികച്ചും വിരസവും സാധാരണവുമാണ്‌...’

Post a Comment

Friday 6 September 2013

തുഴഞ്ഞകലേക്ക്‌..


നിലാവിൽ ഞാൻ തോണി തുഴഞ്ഞു.
ഇടം വലം ചാഞ്ചാടിയെന്റെ തോണി.
വെള്ളിയലകൾ ഉയർന്നു താഴുന്നുണ്ടായിരുന്നു.
തണുപ്പൊരു കമ്പളമായെന്നെ പൊതിഞ്ഞിരുന്നു.

എന്റെ തോണി നിശ്ചലമായി.
അപ്പോൾ..
ആഴങ്ങളിൽ നിന്നുയർന്നു, ഒരു നിലവിളി..
ഞാൻ മാത്രമതു കേട്ടു.
പിടയ്ക്കുന്നൊരു കൈ ഉയർന്നു വന്നു.
ഞാൻ മാത്രമതു കണ്ടു.

എനിക്ക്‌ കൈ നീട്ടി ആ വിരലുകളിൽ തൊടണമെന്നുണ്ട്‌.
എനിക്ക്‌ നിലവിളിച്ചയാളെ കാണണമെന്നുണ്ട്‌.
എനിക്ക്‌ ഭയം തോന്നിയില്ല..
ഞാൻ നിശ്ശബ്ദനായിരിക്കുന്നു.
ഞാൻ നിശ്ചലനായിരിക്കുന്നു.
എന്റെ കൈകൾ മരവിച്ചു പോയിരിക്കുന്നു.
തുഴ എന്റെ കൈയ്യിൽ നിന്നും വഴുതി പോയിരിക്കുന്നു.

ശബ്ദം കേൾക്കാൻ ഞാൻ തല കുനിച്ചു കാതോർത്തു.
എന്റെ കൈകൾ ഞാൻ ആഴത്തിലേക്ക്‌ നീട്ടി.
തണുത്ത പുഴവെള്ളം കൈകളിൽ തഴുകിയൊഴുകി..

നിശ്ശബ്ദതയുടെ നടുവിൽ ഞാൻ മാത്രം.
ഞാനുറക്കെ പറഞ്ഞു,
'മാപ്പ്‌..വെറുതെയന്ന് തോണിയുലച്ചതിനു..'
നിശ്ശബ്ദതയുടെ നടുവിൽ ഞാൻ മാത്രം.
ഞാൻ നിശ്ശബ്ദതയുടെ ഭാഗമായി..


Post a Comment

Thursday 1 August 2013

വരികൾ


പലപ്പോഴായി എഴുതി വെച്ച വരികളാണ്‌.
ചിന്തകൾ ചിലപ്പോൾ വരികളായി മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്‌. അവയിൽ ചിലത്‌..


അവനൊരു തീപ്പെട്ടിക്കൊള്ളി വലിച്ചെറിഞ്ഞു.
'അവളും അവളുടെ സ്ത്രീധനവും'

ചത്തു പൊങ്ങിയ മത്സ്യത്തെ കണ്ടു വാവ:
'പാവം മീൻ...വെള്ളം കുടിച്ചു ചത്തു പോയി'

കണ്ണിറുക്കിയടച്ചു ഞാനാസ്വദിച്ചു,
ഹാ! എത്ര സുന്ദരമീയിരുട്ട്‌!

ചതുരംഗക്കരുവെല്ലാം ഞാൻ വലിച്ചെറിഞ്ഞു..
പിന്നെ നടന്നകന്നു, ദൂരെ കാട്ടിന്നിരുട്ടിലേക്ക്‌..

ഒഴുകി വന്നൊരു പുഴയെന്നരികിൽ മണൽ-
ത്തരിയായി മാറിയതറിഞ്ഞില്ല ഞാൻ..

കൊഴിഞ്ഞു വീണയാപൂവിന്നു ചുറ്റും,
പാറിപ്പറക്കുമൊരു പൂമ്പാറ്റയിപ്പൊഴും..

മരണമെപ്പൊഴും കൂടെയെന്നറിയാതെ,
'നാളെ കാണാം' എന്നു വാക്കു പറയുന്നു നമ്മൾ..

രണ്ടു പേരുടെ നിശ്ശബ്ദതയുടെ നടുവിൽ കണ്ണു നിറഞ്ഞ ഒരു കുഞ്ഞ്‌..

കണ്ണീർ മഷിയാലെഴുതിയ കവിതെ,
കരളിൻ നോവ്‌ നീയറിയുന്നോ?

പാടം കഴിഞ്ഞാൽ വീട്‌..
വീട്‌ കഴിഞ്ഞാൽ വഴി..
വഴി കഴിഞ്ഞാൽ പറമ്പ്‌..
അവിടെയാണ്‌ കത്തിക്കുക..

നാലു കാലുള്ള മേശയ്ക്കരിയിൽ,
മൂന്നു കാലുള്ള കസേരയിലിരുന്ന്..
രണ്ട്‌ കാലുള്ള ഒരാൾ കവിത എഴുതുന്നു..
വെറും ഒരു വരി കവിത..

മഴവില്ല് മെനഞ്ഞ്‌ വെച്ച്‌ ഒരാൾ ചിരിച്ചു..
പിന്നെ,
മഴ പെയ്യിച്ച്‌ മായ്ച്ചു കളഞ്ഞു..

പകലിനും രാവിനും നടുവിൽ സന്ധ്യ കോപിച്ച്‌ ചുവന്നു..

ആരു ചുംബിച്ചപ്പോഴാണ്‌ സന്ധ്യതൻ കവിൾ ചുവന്നു തുടുത്തത്‌?
പകലോ..ഇരവോ?

പകൽ ഇരവിനെ ചുംബിക്കുന്നതു കണ്ടാവാം, സന്ധ്യയുടെ കവിൾ നാണത്താൽ ചുവന്നത്‌..

ഒഴിഞ്ഞ കൂട്‌ ഓർത്തു..
ആ കിളി ഇപ്പോഴെവിടെയാകും?

നാലു വയസ്സുകാരന്റെ ഭൂഗോള പ്രശ്നം
കാറിന്റെ കാണാതായ വീലാണ്‌.

ഇപ്പോഴും കുടുങ്ങി കിടപ്പുണ്ട്‌..
അച്ഛന്റെ ഓർമ്മകൾ മഷിത്തണ്ടിലും,
മകന്റെ ഓർമ്മകൾ പഴയ സൈക്കിളിലും..

ചിതയിൽ ദഹിക്കാതെ പോയ ഹൃദയം,
മരിക്കാത്ത പ്രണയത്തിന്റെ തെളിവാണ്‌..

മുങ്ങിയെടുത്തവന്റെ കണ്ണ്‌,
മരിച്ചവന്റെ മോതിരത്തിലായിരുന്നു..

ചില ഓർമ്മകൾ കടലിലെറിഞ്ഞ കുപ്പി പോലെ..
പറയാനാവില്ല, എപ്പോൾ കരയിലടിയുമെന്ന്..

ഒരു വരി കവിതയിലൊരായിരം കഥകൾ..

തിരയിലയാൾ തിരഞ്ഞു,
കടലെഴുതിയ കവിതയെ..

ഒരു മഞ്ചാടിക്കുരു മതിയെനിക്ക്‌
തിരികെ ബാല്യത്തിലേക്ക്‌ മടങ്ങുവാൻ..

'ഇനിയൊരു ജന്മമെനിക്കു വേണ്ട'
അറവുകാരന്റെ കത്തിയുടെ പ്രാർത്ഥനയാണ്‌..

സത്യം മിണ്ടാതിരുന്നു..
സുഹൃത്തായ മദ്യത്തെ കാണും വരെ ;)

നായയ്ക്ക്‌ മുല കൊടുക്കുന്ന യാചക സ്ത്രീയാണ്‌
മാതൃത്വത്തിന്റെ അവസാന വാക്ക്‌..

അന്നു കരഞ്ഞതോർത്തു ഞാനിന്നും കരഞ്ഞു..

മുന തേഞ്ഞ വാക്കുകൾ കൊണ്ടാണ്‌,
അന്നെൻ ഹൃദയം മുറിഞ്ഞു നിണമൊഴുകിയത്‌..

ബന്ധിച്ചു കിടക്കുന്നു കാണാച്ചരടുകൾ..
താലിച്ചരടുകളഴിഞ്ഞു പോയെങ്കിലും..

മരിക്കും മുമ്പ്‌ പുഴ പറഞ്ഞു,
'ഇനി വരില്ല ഞാനീവഴി വീണ്ടും..'

പുറത്തു പോകും മുമ്പ്‌ ഞാനെടുത്തണിഞ്ഞു,
പതിവു പോലെയെന്റെയാ പഴയ മുഖംമൂടി..

തനിച്ചാവുന്നില്ലാരുമൊരിക്കലും,
നിഴലില്ലേ കൂടെയെപ്പോഴും?

ഉണ്ണിയപ്പത്തിലമ്മ ചേർക്കാറുണ്ടെപ്പോഴും,
അമ്മതൻ സ്നേഹത്തിൻ മധുരം!

കണ്ണടച്ചവൾ നിന്നു പതിവു പോലെ,
നീണ്ടു വരും കാമത്തിൻ കൈകൾക്ക്‌ മുന്നിൽ..

കടലാസ്സിൽ നിന്നിറങ്ങിയോടിയ കവിതയെ തിരയുന്നു കവി,
അറിയുന്നില്ല കവിത വീണ്ടുമാത്മാവിലൊളിച്ച കാര്യം!

ആഗ്രഹങ്ങളുടെ ഉയരങ്ങൾ താണ്ടുന്നവരെ കാത്തിരിക്കുന്നത്‌
ഏകാന്തതയുടെ മരുഭൂമികളാവാം..

വിട്ടുവീഴ്ച്ചകൊണ്ടൊട്ടിച്ചു വെയ്ക്കുന്നു ചിലർ
പൊട്ടിപോയ സൗഹൃദപാത്രങ്ങൾ..

മാനം കാണാത്ത മയിൽപ്പീലിയിരട്ട പെറ്റു!

പുകയൂതിവിട്ട നേരമറിഞ്ഞില്ല ഞാൻ,
ആയുസ്സുമൊരൽപ്പം പുകഞ്ഞെന്ന സത്യം..

മൂകത സഹിക്കാനാവാതെയിരുട്ടിൽ ഞാൻ,
ഏകനായ്‌ ചെവി പൊത്തി നിന്നു..

ആരും കേൾക്കാതെ കരയുന്നുണ്ടാവും രാത്രികളിൽ..
ആ പഴയ മൺകുടവും അമ്മിക്കല്ലും..

പിരിയുന്നവർ ജയിക്കുമ്പോൾ..
തോൽക്കുന്നത്‌ പ്രണയമാണ്‌..

സ്വപ്നങ്ങളിൽ ഞാൻ സ്വപ്നം കാണുന്നത്‌ കാണാറുണ്ട്‌!

ചോര പൊടിഞ്ഞിരുന്നു താതന്റെയുള്ളിൽ
മകളുടെ കാതു കുത്തുന്നതു കണ്ടപ്പോൾ..

കണ്ണു പൊത്തി നിൽപ്പുണ്ടൊരു ഗാന്ധി പ്രതിമ കവലയിൽ..

കരഞ്ഞു കൊണ്ടായാലും നിന്നെ കഷ്ണിക്കും ഞാൻ..
എന്നോട്‌ ക്ഷമിക്കെന്റെ ഉള്ളിക്കുട്ടാ..

മണ്ട പൊളിഞ്ഞാലും നിർത്തില്ല മരംകൊത്തി..
വീണ്ടുമയ്യോ കൊത്തോട്‌ കൊത്ത്‌..

മഴയെ ഇഷ്ടമായിരുന്നു, മഴ കവിതകൾ വായിച്ചു മടുക്കും മുൻപ്‌..

ഒരു വരിയിലെഴുതാനെനിക്കൊന്നുമില്ല സഖെ..
വേണേലെഴുതാം രണ്ടു വരികൾ നിനക്കായി മാത്രം;)

മുറിഞ്ഞു പോയ പ്രണയച്ചരടിൻത്തുമ്പിൽ,
വെറുതെ കാത്തിരിപ്പുണ്ട്‌ ചിലരിപ്പൊഴും..

ജീവിതം സുന്ദരമാക്കുന്നതൊന്നും മാത്രം..
അതിൻ പേർ മരണമെന്നല്ലാതെ മറ്റൊന്നുമല്ല..

എനിക്കുള്ളിലെത്ര ഞാനുണ്ടെന്നറിയുവാൻ,
എന്നിലേക്ക്‌ തന്നെ നോക്കിയിരിക്കുന്നു ഞാൻ!

വെറുതെയിരുന്നതിന്നാലസ്യം മാറുവാൻ,
മയങ്ങട്ടെ ഞാനിനി തെല്ലു നേരം.. 

ഇറ്റു വീഴുന്നു നെറ്റിയിൽ നിന്നും,
ആഹ്ലാദമൂറുമൊരു സ്വേദ കണം..

വരിമുറിച്ചെഴുതിയ കവിത കൂടിച്ചേർന്നു പരിഹസിക്കുന്നുണ്ട്‌ കവിയെ!

മാറു കീറുമ്പോൾ പുഴ കരഞ്ഞതാരും കേൾക്കാത്തതെന്തെ?

തന്നെ രക്ഷിച്ച ഉറുമ്പിനെ തേടി അലയുന്നുണ്ടൊരു പ്രാവിപ്പൊഴും..

എണ്ണകുടിച്ചു വീർത്തൊരു പപ്പടം,
മദിച്ചു മറിയുന്നുണ്ടാ ചീനചട്ടിയിൽ!

കാലം തെറ്റി കിളിർത്തൊരു ചെടി മണ്ണിലേക്ക്‌ തന്നെ മടങ്ങി പോയി..

നാവു നഷ്ടപ്പെട്ട സത്യം,
ഒന്നും പറയാനാവാതെ അലയുന്നുണ്ടെവിടെയോ..

പറന്നു പോയ അപ്പൂപ്പൻ താടി പറഞ്ഞു,
ഒരു നാൾ നീയുമെന്നെപ്പോലെ എങ്ങോട്ടൊ..

ദൂരെയതാ കടലിൽ മുങ്ങുന്നു സൂര്യനും..
സഹിക്കുവാൻ കഴിയാത്ത ചൂടു കൊണ്ടാവണം!

ജീവിച്ചിരുന്നതിനു തെളിവു നൽകിയത്‌ മരണമായിരുന്നു!

മരക്കൊമ്പിലെ കയറിൻത്തുമ്പിലാടുന്നുണ്ട്‌, മരിച്ചു പോയൊരു പ്രണയം..

സദനത്തിലെ തലയിണകൾക്ക്‌ പറയാനുണ്ടാവും,
കണ്ണീർ രുചിയുള്ള ചില അമ്മക്കഥകൾ..

ജീവിതത്തെ ചതിച്ച്‌ മരണവും, മരണത്തെ ചതിച്ച്‌ പുനർജ്ജന്മവും..

കല്ലിൽ തീർത്ത ദൈവവുമൊരുനാൾ കല്ലായി മാറിയതറിഞ്ഞില്ലേ?..

പ്രപഞ്ചത്തിനപ്പുറമൊരു പ്രപഞ്ചസൃഷ്ടിയിൽ മുഴുകിയിരിക്കുന്നു ഈശ്വരൻ..

പഴയൊരു സ്ലെയിറ്റിലുണ്ടിപ്പോഴും,
മഷിത്തണ്ടിനും മായ്ക്കാനാവാത്ത ഓർമ്മകൾ..

വണ്ടിനോട്‌ പൂവ്‌ ചൊല്ലി,
'ഇന്നു നീ താമസിച്ചല്ലോ'

മതങ്ങൾക്ക്‌ മദമിളകിയപ്പോൾ മനുഷ്യരപരിചിതരായി..

നിന്നെക്കാണാൻ ദൂരം താണ്ടിയെത്തിയ മഴത്തുള്ളിയെ,
'നാശം പിടിച്ച മഴയെന്നു' വിളിച്ചുവല്ലോ നീ..

ആടിത്തീർക്കാൻ വേഷങ്ങളിനിയും ബാക്കി..
ഇതു വെറുമൊരു ജീവിത നാടകമല്ലേ?

വരണ്ടു പോയ ഭൂമി, മഴയ്ക്കായി വായ്‌ പൊളിക്കുന്നു..

അതിരാവിലെ ഞാൻ കണ്ടു,
'ഞാൻ വിരിഞ്ഞതു കണ്ടില്ലേ' എന്നു ചോദിച്ചൊരു പുഷ്പത്തെ..

പുക തുപ്പുന്നൊരു തീവണ്ടിയുണ്ടായിരുന്നു പണ്ട്‌..
പാവം, അർബ്ബുദം വന്നായിരുന്നു മരണം ;)

ഞാൻ വീണ കുഴിയിൽ നീയും വീണെന്നറിഞ്ഞപ്പോഴെനിക്കെന്താഹ്ലാദം!

കിഴക്കേ മലയിൽ നിന്നു ഞാൻ കേട്ടേ, ഒരസുര താളം, ഒരാദി താളം!

മരിച്ചിട്ടില്ല ജാതിപ്പിശാചുകൾ.
വരുന്നുണ്ടവ പിന്നേയും,
കാലച്ചക്രം പിന്നോക്കം തിരിക്കുവാനായി..

കഴുത്തു വേർപെടും മുൻപ്‌ കുക്കുടം ശപിച്ചിട്ടുണ്ടാവും തന്നെ തിന്നുന്നവനെ..

മുദ്ര മോതിരം കണ്ടപ്പോൾ മാത്രം ദുഷ്യന്തനോർമ്മ വന്നു?..വെറും നുണ!

തന്റെ മരണമറിഞ്ഞിട്ടാവും പാവം കോഴി പാതിരാവിൽ കൂവിയത്‌..

ശരീരമില്ലാതെയെങ്ങനെ സഞ്ചരിക്കാം?..പാഠം ഒന്ന്..പ്രേതങ്ങളുടെ പാഠശാല.

മറയ്ക്കല്ലേ, മൈലാഞ്ചി കൈകൊണ്ട്‌ മൊഞ്ചുള്ള നിൻ മുഖം!

എന്റെ വിരൽത്തുമ്പിപ്പോഴും അച്ഛന്റെ കൈക്കുള്ളിൽ സുരക്ഷിതമാണ്‌..

ഉറങ്ങുമ്പോൾ വാവയുടെ വലതു കാൽ അമ്മയുടെ പുറത്ത്‌ തന്നെയെപ്പൊഴും!

മുത്തിനെ സൃഷ്ടിച്ച ചിപ്പിയെക്കുറിച്ചാരുമെഴുതാത്തതാണെന്റെ ദുഃഖം..

വാ തുറന്നു കരയുന്നുണ്ട്‌ ഒരു ചിപ്പി കടപ്പുറത്ത്‌,
തന്നിൽ നിന്നും കവർന്നെടുത്ത മുത്തിനെയോർത്ത്‌..

സ്വപ്നങ്ങൾക്കും മധുരമുണ്ടായിരുന്നു ഒരിക്കൽ..

കാമാട്ടിപ്പുരകളിൽ കാമമില്ല..അവിടെയുള്ളത്‌ വിശപ്പുമാത്രം..

കാശിയിൽ ചെന്നു മരിക്കാൻ പോയവർ കാറപകടത്തിലാണ്‌ മരിച്ചത്‌..

മർത്ത്യനറിയില്ലയിപ്പൊഴും, മണ്ണും മഴയും വെട്ടവും മുന്തിരിച്ചാറാവുന്നതെങ്ങനെയെന്ന്!

ഒരു പച്ചില സൃഷ്ടിക്കാൻ കഴിയാത്തവർ ഒരു പച്ചക്കാട്‌ തന്നെ നശിപ്പിക്കുന്നു..

കറുപ്പിൻ സാന്നിധ്യമത്ര വെളുപ്പിൻ നിലനിൽപ്പിന്നാധാരം..

ഏറ്റു പറയുന്നുണ്ടാലിൻ ഇലകൾ,
കാറ്റ്‌ പറഞ്ഞൊരായിരം കഥകൾ

സ്വാതന്ത്ര്യം സമ്മാനിച്ച തടവറയിലാണിപ്പോഴും നമ്മൾ..

പനിച്ചൂടിലെഴുതിയ അക്ഷരങ്ങൾക്ക്‌ ചൂടെന്ന് കടലാസ്സിന്റെ പരാതി..

വിണ്ണിൽ നിന്നും വഴിതെറ്റി മണ്ണിൽ വീണ നക്ഷത്രങ്ങളത്രെ കവികൾ!

കടപ്പുറത്തടിഞ്ഞ കുപ്പിക്കകത്തു ഞാൻ കണ്ടു,
കാലം തെറ്റി വന്നൊരു പ്രണയ കാവ്യം..

രാമബാണത്തേക്കാൾ ബാലിക്ക്‌ നൊന്തത്‌,
രാമന്റെ വാക്കുകൾ തന്നെയാവണം..

നൂറ്റാണ്ടുകളായി ഞാനിവിടുണ്ട്‌,
ജനിച്ചും, മരിച്ചും പുനർജ്ജനിച്ചും...

കരയുടെ കണ്ണീരുപ്പത്രെ, കടൽവെള്ളം മുഴുക്കെയും..

അർദ്ധനാരീശ്വരനെയാരാധിക്കുന്നവർ, അർദ്ധനാരികളെ പരിഹസിക്കുന്നുവോ?

ശബ്ദങ്ങളല്ല, ശബ്ദങ്ങൾക്കിടയിലെ മൗനമത്രെ സംഗീതം!

കാർമേഘങ്ങളെ മാറി നിൽക്കു!
നിലാവിനെ കാത്തിരിക്കുന്നു താഴെ താമരമൊട്ടുകളായിരം!

പലതും പറയാതെ പറയുന്നുണ്ട്‌, ചേറിൽ വിരിയും താമരകൾ..

ശരിയായ പഠനം, ശരിയായ കാലടികൾ പിൻതുടരുകയത്രെ..

ചായക്കോപ്പയിൽ നോക്കാറുണ്ട്‌ ഞാനെന്നും.
ഒരു ചെറിയ കൊടുങ്കാറ്റെങ്കിലും..

മതങ്ങളായിരമുണ്ടായിട്ടും, മനുഷ്യരെന്തെ ഇങ്ങനെ..?

തണലും നിഴലുമായുള്ള തർക്കം തീർത്തത്‌ വെളിച്ചമായിരുന്നു..

കണ്ണു തുറക്കാത്ത കുരുവിക്കുഞ്ഞുങ്ങൾക്ക്‌ പഴം പൊട്ടിച്ചു കൊടുക്കുന്നു അണ്ണാറക്കണ്ണന്മാർ..

കാണുന്നുണ്ട്‌ ഞാനൊരോ കുരുന്നിലും, അമ്പാടിക്കണ്ണന്റെ കുസൃതികൾ!

മകനെ! നിൻ പിഞ്ചുപാദങ്ങൾ താമരയിതളുകൾ!

ഞാൻ തളരുന്നത്‌ വിശ്വാസത്തിനും യുക്തിക്കുമിടയിൽ ഓടുമ്പോഴാണ്‌..

വിളറിപ്പോയ മുടിയിഴകളെന്നെ ഓർമ്മിപ്പിക്കുന്നതെന്താവാം?

അറിയാവുന്ന അക്ഷരങ്ങൾ ചേർന്നൊരുക്കുന്നു, അറിയാത്ത ഭാവങ്ങളുടെ കവിത..

സുന്ദരമെല്ലാം ക്ഷണികമാണ്‌. ക്ഷണികമായതെല്ലാം എന്തിത്ര സുന്ദരമാകുന്നു?

കൊഴിയുന്ന പൂവിതളിനെ പോലും കാറ്റ്‌ ആശ്വസിപ്പിച്ചിട്ടുണ്ടാവാം..

ഒരോ മനുഷ്യനും ഒരു ചുമട്ടുകാരനാണ്‌..ഓർമ്മകളുടെ ചുമട്ടുകാരൻ..

എത്ര വിരോധാഭാസം! എല്ലാ സംഗീതവും മൗനത്തിൽ നിന്നത്രെ ജനിച്ചത്‌!

ഏറ്റവും വേഗതയേറിയ യാത്ര ഓർമ്മകളിൽ കൂടി മാത്രമാണ്‌.

എന്റെ മരണത്തെക്കുറിച്ചോർത്ത്‌ ഞാനിപ്പോഴേ കരയട്ടെ!
ചിലപ്പോൾ മരിച്ചു കഴിഞ്ഞ്‌ സമയമുണ്ടാവില്ലെങ്കിലോ!

കേട്ട ഏതൊരു ഗാനവും ഞാൻ വീണ്ടും കേൾക്കും,
എന്റെ മനസ്സിന്റെ നിശ്ശബ്ദതയിൽ..

Post a Comment