Please use Firefox Browser for a good reading experience

Tuesday 27 December 2011

ആദ്യം മുതൽക്കെ..


കരിങ്കൽപ്പാളികളടർന്നു വീഴട്ടെ!
ജീവന്റെ തണുത്ത സ്പർശം ജീവനെ പുൽകട്ടെ!
പച്ചപ്പടർന്നു പോകട്ടെ.
ഭൂമി വീണ്ടും നഗ്നയാവട്ടെ.
പാപക്കനികളുണ്ടാവുന്ന വൃക്ഷങ്ങളൊഴുകി പോകട്ടെ.
മണ്ണു വീണ്ടും മണ്ണാവട്ടെ!
മണ്ണിന്റെ ഞരമ്പുകൾക്ക്‌ മുകളിൽ വെളിച്ചം വീഴട്ടെ.
ഇരുട്ടിനൊടുവിൽ പ്രകാശം തെളിയട്ടെ..
അവിടെ ശിശുക്കൾ വീണ്ടും കരഞ്ഞു കൊണ്ട്‌ പിറക്കട്ടെ.
അവർ ചരിത്രം പഠിക്കട്ടെ.
ചരിത്രത്തിൽ പുതിയ ചിത്രങ്ങളെഴുതട്ടെ..
കാലത്തിന്റെ കണക്ക്‌..അത്‌ കാലം തന്നെ തീർക്കട്ടെ..
അനുഭവങ്ങൾ..അത്‌ അറിവുകളാവട്ടെ..

Note:It seems some times negative thoughts are better than positive thoughts..

Post a Comment

Thursday 15 December 2011

ലിവിംഗ്‌ റൂമിലെ പൂക്കൾ

എന്റെ ലിവിംഗ്‌ റൂമിന്റെ മൂലയിൽ ഒരു പൂച്ചട്ടിയുണ്ട്‌.
അതിൽ മൂന്നോ നാലോ വെളുത്ത പൂക്കളുമുണ്ട്‌.
തേനിച്ചകൾ ആ പൂക്കളെ വട്ടം പിടിക്കാറില്ല.
ചിത്രശലഭങ്ങൾ വന്നു സ്പർശിക്കാറുമില്ല.
ചായ കുടിക്കുമ്പോൾ ഞാനതിനെ നോക്കിയിരിക്കാറുണ്ട്‌.
പൂമ്പാറ്റകളും, തേൻവണ്ടുകളും തന്നെ പരിഗണിക്കാത്തതിൽ അതിനു വേദനയുണ്ടാവും?
എനിക്കെന്തോ അങ്ങനെ തോന്നി.
ഞാനതിനു ജലമൊഴിച്ചു കൊടുക്കാറില്ല.
വളമിട്ടു കൊടുക്കാറില്ല.
മൊട്ടുകൾ വരുന്നത്‌ കാണാൻ കാത്തിരിക്കാറില്ല.
പൂക്കളുടെ ഭംഗി ആസ്വദിക്കാറുമില്ല.

പ്ലാസ്റ്റിക്ക്‌ പൂക്കളെ ഞാൻ വെറുത്തു തുടങ്ങിയെന്നു തോന്നുന്നു..

Post a Comment

Monday 12 December 2011

കൈയക്ഷരങ്ങൾ

കൈയക്ഷരങ്ങളെനിക്കിഷ്ടമാണ്‌. അതു കൊണ്ട്‌ ഞാൻ അക്ഷരങ്ങളെ മറ്റുള്ളവർ ഇഷ്ടപ്പെടുന്നതിലുമധികം ഇഷ്ടപ്പെടുന്നു. കൈയക്ഷരം നോക്കി ഒരാളുടെ സ്വഭാവം, മനോഭാവം എന്നിവയൊക്കെ എനിക്ക്‌ പറയാൻ കഴിയും. ഒരു പരിധി വരെ മറ്റൊരാളുടെ ചിന്തകൾ വായിക്കാൻ കഴിയുമെന്നു സാരം. അക്ഷരങ്ങളുടെ വളവുകൾ, വലിപ്പം, ചെരിവുകൾ, വരകളുടെ നീളം, അക്ഷരങ്ങളും വാക്കുകളും തമ്മിലുള്ള അകലം എന്നു വേണ്ട, പലതും സസൂക്ഷ്മം നിരീക്ഷിച്ചാൽ മാത്രമെ അതൊക്കെ സാധിക്കൂ. അതൊരു ശാസ്ത്രമാണെന്ന് വാദിക്കാൻ ഞാനൊരു ശാസ്ത്രജ്ഞനല്ലല്ലോ. പക്ഷെ അതിലെന്തൊ ഒരു സത്യമുണ്ട്‌.

അക്ഷരങ്ങളോടുള്ള ഇഷ്ടം താമസിയാതെ എന്നെ വരകളോട്‌ അടുപ്പിച്ചു. ഞാനൊരു ചിത്രകരനാവുമായിരുന്നു എന്നാൽ ഒരു ഫോട്ടോഗ്രാഫറായി മാറിയത്‌ എന്റെ സ്വന്തം ഇഷ്ടം കൊണ്ടാണ്‌. ആ ദിവസം ഇപ്പോഴും നന്നായി ഓർക്കുന്നുണ്ട്‌. അക്ഷരങ്ങളെ ഓർക്കുന്നതു പോലെ മുഖങ്ങളെയും ഞാൻ ഓർക്കുന്നു. അതു കൊണ്ട്‌ ആ പെൺമുഖവും ഞാൻ നന്നായി ഓർക്കുന്നു. ഒരു പാസ്പോർട്ട്‌ ഫോട്ടോ - അതായിരുന്നു അവളുടെ ആവശ്യം. അവൾ വലിയ കണ്ണാടി വെച്ച ഭാഗത്തേക്ക്‌ മുടിയൊതുക്കാനായി പോയപ്പോഴാണ്‌ അവളുടെ പുസ്തകങ്ങൾ ഞാനെടുത്ത്‌ നോക്കിയത്‌. ആ പെൺകുട്ടിയുടെ ചിന്തകളെ വായിച്ചെടുക്കാൻ എനിക്കു വേണ്ടിവന്നത്‌ നിമിഷങ്ങൾ മാത്രം. മനസ്സിലാക്കിയത്‌ വൃഥാ മനസ്സിൽ വെച്ചിട്ടെന്താണ്‌?. അതു ഞാൻ ശരിയാണൊ എന്നൊത്തു നോക്കാറുണ്ട്‌. സംസാരം ഒരു വലിയ വള്ളി പോലെയാണ്‌. അതിൽ പിടിച്ച്‌ കയറി പോവുകയോ, താഴെ തന്നെ നിൽക്കുകയോ ചെയ്യാം. ഞാൻ കയറി പോയി. അവൾക്കെന്നോട്‌ പ്രേമം തോന്നിയത്‌ എന്റെ തെറ്റോ കുറ്റമോ അല്ലല്ലോ. പിന്നീട്‌ പലപ്പോഴും അവൾ എന്റെ കടയിൽ വന്നു. ചിലപ്പോൾ കൂട്ടുകാരികളോടൊപ്പം. ചിലപ്പോൾ ഒറ്റയ്ക്കും. എന്റെ കട പവിത്രമായ തൊഴിലിടമാണ്‌. അതു കൊണ്ട്‌ തന്നെയാണ്‌ കാറ്റാടി മരങ്ങൾ നിൽക്കുന്നിടത്തേക്ക്‌ അവളോട്‌ വരാൻ പറഞ്ഞത്‌. അവിടെ നിന്നും നോക്കിയാൽ താഴെ കടൽത്തിരകൾ വന്നടിക്കുന്നത്‌ കാണാം. ചിലർ അവിടെ നിന്നും ചാടി മറ്റു ചിലരുടെ ഓർമ്മകളിലേക്ക്‌ കയറി പോയിട്ടുണ്ട്‌. ഓർമ്മകളിലേക്ക്‌ പോകുന്നതെന്തും മറവിലേക്കുള്ള യാത്രയിലാണ്‌. അതു കൊണ്ട്‌ അവരൊക്കെ ഇപ്പോഴെവിടെയെന്നു ഞാൻ പറയേണ്ടതില്ല. പോയവർ പോകട്ടെ. ബലഹീനമായ മനസ്സുകൾ. എനിക്കവരെ പുച്ഛമാണ്‌.

തൊടുമ്പോൾ അവൾ ആദ്യം നാണിച്ചെന്നു തോന്നുന്നു. നാണം മറന്ന കാലം മാത്രമേ ഇപ്പോളോർമ്മയിൽ നിൽക്കുന്നുള്ളൂ. അതു കൊണ്ട്‌ പഴയതൊന്നും ഞാനോ അവളോ ഓർത്തു വെച്ചില്ല. ഒരു നാൾ സംഭവിച്ച ഒരു ചെറിയ അബദ്ധം - അതൊരു വലിയ വാർത്തയായി എന്റെ ചെവിയിലേക്കവളെറിഞ്ഞു. എനിക്ക്‌ കേൾക്കാനിഷ്ടമില്ലാത്ത വാർത്തയാണത്‌. മുൻപൊരിക്കൽ ഇതു പോലെയൊരു വാർത്ത്‌ കേട്ടത്‌ കൊണ്ടാണ്‌ ഞാനിവിടെ വന്നു പുതിയ കടയുമായി ജീവിതം പുനരാരംഭിച്ചത്‌. അല്ലെങ്കിൽ തന്നെ ഈ പെണ്ണുങ്ങൾക്കൊക്കെ എന്തിന്റെ കുഴപ്പമാണ്‌? മനസ്സമാധാനം തരില്ലെന്നു വെച്ചാൽ? ഈ പ്രാവശ്യം കൂടും കുടുക്കയുമെടുത്ത്‌ പോവാൻ എനിക്ക്‌ മനസ്സിലായിരുന്നു (കുറച്ചധികം അമർഷമുണ്ടെന്നു വെച്ചോള്ളൂ). അവളെ അങ്ങനെയാണ്‌ കാറ്റാടി മരങ്ങൾക്കിടയിലേക്ക്‌ ക്ഷണിച്ചത്‌. പുസ്തകസഞ്ചി ഒരു മരച്ചുവട്ടിൽ വെച്ച്‌ അവൾ കരച്ചിലാരംഭിച്ചു. പെണ്ണുങ്ങളുടെ കരച്ചിലു കാണുന്നതേ അലർജിയാണ്‌. കരച്ചിലുകളാരംഭിക്കുന്നത്‌ കഴുത്തിൽ നിന്നല്ലേ? അതു കൊണ്ട്‌ ഞാൻ അവിടെ ഒന്നമർത്തി പിടിച്ചു. കുറച്ച്‌ നേരത്തിനകം കരച്ചിലു നിന്നു. പക്ഷെ അവളെയങ്ങനെ അവിടെ തനിച്ചാക്കിയിട്ട്‌ പോകാൻ മനസ്സു വന്നില്ല. ഞാൻ അവളെ തിരകളലയടിക്കുന്നിടത്തേക്ക്‌ യാത്രയയച്ചു. അവളുടെ പേന കൊണ്ട്‌ തന്നെ അവളുടെ കൈയക്ഷരത്തിൽ ഒരു കുറിപ്പ്‌ - അതു വളരെ നിസ്സാരമാണ്‌ (ശ്രമിച്ചാൽ നിങ്ങൾക്കും സാധിക്കാവുന്നതേയുള്ളൂ..പക്ഷെ ശ്രമിക്കണം). അതെഴുതി അവളുടെ പുസ്തകത്തിനിടയിൽ വെച്ചു. അവളെ മറവിലേക്ക്‌ പറത്തി വിട്ടതിൽ ഒരു മനസ്താപവും തോന്നുന്നില്ല. പകരം വളരെയധികം ആശ്വാസം തോന്നുന്നുണ്ട്‌. ചെവിക്കല്ലുടഞ്ഞു പോകുന്ന കരച്ചിലിൽ നിന്നൊരു മോചനം.

ഏതാണ്ടിപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. അവളുടെ ഒരു കൂട്ടുകാരി എന്റെ കടയിൽ വന്നിരിക്കുകയാണ്‌. ഇവൾക്ക്‌ എന്റേയും, ഓർമ്മയിലേക്കോടി പോയ ഇവളുടെ കൂട്ടുകാരിയുടേയും കഥ അറിയാമോ എന്നു സംശയമില്ലാതില്ല. ഇവളും ഒരു പാസ്പ്പോർട്ട്‌ ഫോട്ടോയ്ക്കാണ്‌ വന്നിരിക്കുന്നത്‌. എനിക്കവളുടെ കൈയക്ഷരങ്ങൾ നോക്കാതിരിക്കാൻ കഴിഞ്ഞില്ല. അതേക്കുറിച്ച്‌ രണ്ടു വാക്ക്‌ പറയാനും. ഇപ്പോഴവളുടെ കണ്ണുകൾക്ക്‌ ഒരു തിളക്കം കാണുന്നുണ്ട്‌. എന്നാലും പേടിക്കേണ്ട കാര്യമൊന്നുമില്ല. എനിക്കവളുടെ കൈയക്ഷരങ്ങൾ മനപാഠമായി കഴിഞ്ഞിരിക്കുന്നു. വീണ്ടും ഒരു കുറിപ്പ്‌ എഴുതേണ്ടി വരുമോ?..ആർക്കറിയാം? ചിലപ്പോൾ വേണ്ടി വരുമായിരിക്കും..

Post a Comment

Saturday 10 December 2011

അപരിചിതൻ


'103' എന്നെഴുതിയ പാർക്കിംഗ്‌ സ്ലോട്ടിൽ ആക്ടീവാ സ്കൂട്ടർ സ്റ്റാൻഡിട്ട്‌ വെച്ച്‌ മുകളിലേക്ക്‌ പടികൾ കയറി പോകുമ്പോൾ പിന്നിൽ, കാരിരുമ്പ്‌ കൊണ്ടുണ്ടാക്കിയ, ആ വലിയ ഗേറ്റ്‌ അടയുന്നതിന്റെ ശബ്ദത്തിനായവൾ കാതോർത്തു. 'ദാ, ഇപ്പോൾ തന്നെ' മനസ്സിൽ അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും, വർഗ്ഗീസ്‌ ഗേറ്റ്‌ അടയ്ക്കുന്ന ശബ്ദം വ്യക്തമായി കേട്ടു. ഗേറ്റിന്റെ കരകര ശബ്ദം. ഇരുമ്പും ഇരുമ്പും ചേർന്നൊരുക്കുന്ന വിചിത്ര സംഗീതം. ഒരു പക്ഷെ മറ്റാരും തന്നെയാ സംഗീതം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇതു പോലെയെവിടെയെല്ലാം സംഗീതം സൃഷ്ടിക്കപ്പെടുന്നു? ആരാലും കേൾക്കാതെ പോകുന്നു?. വർഗ്ഗീസ്‌ ഗേറ്റ്‌ നീക്കുന്ന വേഗതയ്ക്കനുസരിച്ചുണ്ടാകുന്ന സംഗീതമാണ്‌. അതു വർഗ്ഗീസിന്റെ സൃഷ്ടിയാണ്‌!. ആ ശബ്ദം കേൾക്കാതെ പടികൾ കയറി പോയാൽ, ഒരു തരം ആകുലത തന്നെ പിടികൂടുമെന്നവൾ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഏതൊരു പെൺകുട്ടിയേയും പോലെ, അസാധാരണമായ രഹസ്യങ്ങൾ സൂക്ഷിച്ച, ഒരു സാധാരണ പെൺകുട്ടിയായിരുന്നു അവൾ. ഇറുകിയ ജീൻസും, വെളുത്ത അയഞ്ഞ ഷർട്ടും ധരിക്കാനവൾക്കിഷ്ടമാണ്‌. ഇളം നിറമുള്ള വസ്ത്രങ്ങളുടെ നല്ലൊരു ശേഖരം, വൃത്തിയാക്കി വലിയ തടിയലമാരിയിൽ അടുക്കി വെച്ചിട്ടുണ്ട്‌. ഇന്നു പടികൾ കയറുമ്പോൾ ഓർത്തു, വസ്ത്രങ്ങൾ മുറുകി തുടങ്ങിയിട്ടുണ്ട്‌. പ്രഭാതത്തിലെ നടത്തം നിർത്തിയതായിരിക്കാം അതിനു കാരണം. ആ നടത്തം, അതു പതിവായിരുന്നു. തൊട്ടടുത്തുള്ള പാർക്കിലെത്തുമ്പോൾ അതു ചെറിയ ഒരു ഓട്ടമായി മാറും. പരിചയമുള്ള മുഖങ്ങൾക്കിടയിലൂടെ താളത്തിൽ ഓടുന്നത്‌ ഇഷ്ടമുള്ള കാര്യമാണ്‌. പരിചയമുള്ള അപരിചിതർ. ദിവസവും അവരെ കാണും, ചിലപ്പോൾ അവരിൽ ചിലർ അവളെ നോക്കി വളരെ മൃദുവായി ചിരിക്കുകയും ചെയ്യും. മുഖത്തെ മാംസപേശികൾക്ക്‌ അധികം വ്യായാമം കൊടുക്കാത്തവരാണവർ. ഒരു പക്ഷെ ചുണ്ടുകളിക്കിരുവശത്തും ചുളിവുകളോ, നീണ്ട വരകളോ അതു കൊണ്ടുണ്ടാകുമെന്നവർ ഭയപ്പെടുന്നുണ്ടാവും. നടക്കാൻ പോകുന്ന ദിവസങ്ങളിൽ മിക്കപ്പോഴും ചെവിക്കുള്ളിലേക്ക്‌ സംഗീതം തിരുകി വെച്ചിട്ടുണ്ടാവും. വേഗത്തിലുള്ള, ഊർജ്ജം പ്രസരിപ്പിക്കുന്ന സംഗീതമാണ്‌ ഓടുമ്പോൾ കേൾക്കാനവൾ ഇഷ്ടപ്പെടുന്നത്‌. ദുർമേദസ്സ്‌ നിറഞ്ഞ വനിതകളും കുടവയറുള്ള മദ്ധ്യവസ്ക്കരും മാത്രമല്ല, വളരെ വേഗത്തിൽ ഓടിപോകുന്ന, ഉറച്ച ശരീരമുള്ള ചെറുപ്പക്കാരും ആ പാർക്കിനു ചുറ്റും ഓടുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. തിരിച്ചു വരുമ്പോഴേക്കും നെറ്റിയിൽ ചെറിയ വിയർപ്പുമണികൾ നിറഞ്ഞിരിക്കും. ഓടുന്ന ദിവസങ്ങളിൽ വളരെ ഉസ്ത്സാഹഭരിതയായിരിക്കും. 'ബാറ്ററി ഇന്നു ഫുള്ളി ചാർജ്ഡ്‌ ആണ്‌' അങ്ങനെയാണ്‌ അടുത്ത കൂട്ടുകാരി, ലച്ചുവിനോട്‌ പറയുക. ലച്ചുന്റെ മുഖം കണ്ടാൽ ശരിക്കും അവളുടെ യഥാർത്ഥ പേരു പോലെ, ലക്ഷ്മിയുടേതു പോലെയാണ്‌. 'എന്തൈശ്വര്യമാണ്‌ നിന്നെ കാണാൻ?' എന്നു അത്ഭുതത്തോടു കൂടി പലപ്പോഴും ചോദിച്ചിട്ടുണ്ട്‌. ഒരിക്കൽ സഹിക്ക വയ്യാതെ, 'നിന്നോടെനിക്ക്‌ അസൂയയാണ്‌' എന്നു പോലുമവൾ പറഞ്ഞിട്ടുണ്ട്‌. എങ്കിലും ലച്ചുവിന്റേതു പോലെ വണ്ണിച്ച ശരീരമല്ല തനിക്കുള്ളതെന്ന കാര്യത്തിൽ രഹസ്യമായവൾ അഭിമാനിച്ചിരുന്നു.

അവളുടെതിനു നേരെ എതിർ വശത്തുള്ള അപാർട്ട്‌മെന്റിൽ താമസിച്ചിരുന്നത്‌ ഒരു വൃദ്ധ ദമ്പതികളായിരുന്നു. എന്നാൽ ഒരിക്കലും അവരെ വാർദ്ധക്യം ബാധിച്ചിരുന്നതായി അവൾക്ക്‌ തോന്നിയിട്ടില്ല. വാർദ്ധക്യം മനസ്സിലെ പച്ച ഞരമ്പുകളെയാണ്‌ ബാധിക്കുക. അപ്പോഴതിന്റെ നിറം മാറുകയും, അവർ വൃദ്ധനോ, വൃദ്ധയോ ആയി മാറുകയും ചെയ്യും. ഇവരുടെ ഞരമ്പുകളുടെ നിറം ഇപ്പോഴും പച്ചയാണ്‌. ഞരമ്പുകളെ പറ്റി ആധികാരികമായി മനസ്സിലാക്കുവാൻ വേണ്ടിയാവണം, അവൾ 'ന്യൂറോളജി' തന്നെ പഠിക്കുവാൻ തിരഞ്ഞെടുത്തത്‌. പഠിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി, താൻ പഠിക്കാൻ ആഗ്രഹിച്ചിരുന്നത്‌ ഞരമ്പുകളെ കുറിച്ചല്ല, അവ പൊതിയുന്ന, അവയ്ക്കുള്ളിലെവിടെയോ, അദൃശ്യമായിരിക്കുന്ന മനസ്സിനെ കുറിച്ചാണെന്ന്. എങ്കിൽ കൂടിയും അവൾ ആത്മാർത്ഥതയോടെ പഠിച്ചു. അത്യാർത്തിയോടെ എന്നു പറയുന്നതാവും കൂടുതൽ ശരി. വളരെ രസകരമായിരുന്നു ഓരോ ക്ലാസ്സും. അവൾ ആസ്വദിച്ചിരുന്നു, ക്ലാസ്സിൽ കേട്ട ഓരോ വാചകവും, ഓരോ വാക്കും.

ക്ലാസ്സ്‌ കഴിഞ്ഞ്‌ വരുന്ന വഴി ചിലപ്പോൾ ലൈബ്രറിയിൽ കയറും. ചിലപ്പോൾ ഇന്ത്യൻ കോഫി ഹൗസിൽ, ചിലപ്പോൾ പാർക്കിൽ. ഞരമ്പുകളുടെ ആരോഗ്യത്തിനായി ചിന്തകൾക്ക്‌ വിശ്രമം കൊടുക്കണമെന്നവൾ മനസ്സിലാക്കി വെച്ചിട്ടുണ്ട്‌. വരുമ്പോഴേക്കും,  ഉയരമുള്ള, ഇരുമ്പു വളയങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങൾ നിറഞ്ഞ ആ വലിയ ഗേറ്റ്‌ തുറന്നു കിടപ്പുണ്ടാവും. 'ഹൊറൈസൺ അപാർട്ട്‌മന്റ്സ്‌' എന്നെഴുതിയ അക്ഷരങ്ങൾ ഇപ്പോൾ മങ്ങി തുടങ്ങിയിരിക്കുന്നു. ആ ഗേറ്റിനു കാവൽ നിൽക്കാൻ ചുമതലപ്പെടുത്തിയ വർഗ്ഗീസ്‌ എന്ന പേരുള്ള ചെറുപ്പക്കാരൻ മിക്കപ്പോഴും ഗേറ്റിനു മുന്നിൽ ഉണ്ടാവില്ല. 'എന്തു കൊണ്ടാണ്‌ അയാൾ ചെടികൾക്ക്‌ പിന്നിൽ ഒളിച്ചിരിക്കുന്നത്‌?'. ഏതോ ഒരു കള്ളനെയോ, കൊള്ളക്കാരനേയോ ചാടി വീണ്‌ പിടിക്കാൻ തക്കം പാർത്തിരിക്കുന്ന ഒരു കുറ്റാന്വേക്ഷണ വിദഗ്ദനെ പോലെയാണയാൾ പെരുമാറുന്നതെന്ന് പലപ്പോഴുമവൾക്ക്‌ തോന്നിയിട്ടുണ്ട്‌. ഒരു പക്ഷെ ചെടികൾക്കിടയിൽ നിന്നും ഉയരുന്ന സിഗററ്റിന്റെ പുകച്ചുരുളുകൾ അവൾ കണ്ടിട്ടുണ്ടാവില്ല. എങ്കിലും തന്റെ ഇതു പോലുള്ള 'വെറും' തോന്നലുകളുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചു വരുന്നത്‌, അവൾ തന്നെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഞരമ്പുകളെ കുറിച്ചുള്ള പഠിത്തവും, മനസ്സുകളെ കുറിച്ച്‌ സ്വയം നടത്തുന്ന ഗവേഷണവുമാവും, തന്നെ ഈ അവസ്ഥയിലെത്തിച്ചതെന്നും അവൾ ഗൂഢമായി വിശ്വസിച്ചു പോന്നു. വൈകി വരുമ്പോഴെല്ലാം അപാർട്ട്‌മന്റിന്റെ മുൻവശത്തുള്ള വലിയ വിളക്ക്‌ പ്രകാശിച്ച്‌ തുടങ്ങിയിട്ടുണ്ടാവും. പച്ച ഞരമ്പുകളുള്ള വൃദ്ധദമ്പതികൾ മുൻവശത്തുള്ള പുൽത്തകിടിയിൽ കൂടി കൈകോർത്ത്‌ പിടിച്ച്‌ തങ്ങളുടെ മുറിയിലേക്ക്‌ നടന്നു തുടങ്ങിയിട്ടുണ്ടാവും. പുൽത്തകിടിക്കു മദ്ധ്യത്തിലായി ഒരു ചെറിയ ഫൗണ്ടൻ സ്ഥാപിച്ചിട്ടുണ്ട്‌. അവിടെ ആരോ കുറച്ച്‌ സ്വർണ്ണ മത്സ്യങ്ങളെ കൊണ്ടിട്ടുണ്ട്‌. അവൾ അവിടെ താമസം തുടങ്ങും മുൻപെ അവയവിടെ ഉണ്ടായിരുന്നു. തമ്മിൽ മാത്രമാവില്ല, ആ സ്വർണ്ണ മത്സങ്ങളോടും ആ ദമ്പതികൾ വൈകുന്നേരം മുതൽ ഇരുട്ടു വീഴും വരെ സംസാരിച്ചിരുന്നിരിക്കും എന്നവൾക്ക്‌ തോന്നിയിട്ടുണ്ട്‌. സ്വർണ്ണ നിറമായിരുന്നു അവളുടെ വാഹനത്തിനും. സ്വർണ്ണ നിറമുള്ള ആക്ടീവ.

ദിവസവും വണ്ടി സ്റ്റാൻഡിൽ വെച്ച ശേഷം, പടികൾ വഴി മൂന്നാം നിലയിലേക്ക്‌ അവൾ വന്ന വേഗതയിൽ തന്നെ കയറി പോകും. ആരും കാണാതെ, ആരേയും നോക്കാതെ, മുഖങ്ങൾക്ക്‌ മുഖം കൊടുക്കാതെ, സൗഹൃദങ്ങൾക്ക്‌ നേരെ കൈയുയർത്തി അഭിവാദ്യം ചെയ്യാതെ അവൾ കയറി പോകും. അതൊരു പതിവായി മാറി കഴിഞ്ഞിരിക്കുന്നു അവൾക്ക്‌.

തന്റെ അപാർട്ട്‌മന്റിലേക്ക്‌ നടക്കുമ്പോഴൊക്കെ, '101' എന്നെഴുതിയ വാതിലിനടിയിലൂടെ സാവധാനം ഒഴുകി വരുന്ന ഗസലുകളുടെ ശീലുകൾ അവളുടെ ശ്രദ്ധയെ ആകർഷിച്ചിട്ടുണ്ട്‌. അവിടെ താമസിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ വളരെയപൂർവ്വമായേ അവൾ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. 'എന്തുകൊണ്ടാണിയാൾ എപ്പോഴും ഗസലുകൾ കേൾക്കുന്നത്‌? ഇടക്കെപ്പോഴെങ്കിലും കുറച്ച്‌ ബഹളമുള്ള പാട്ടുകൾ കേട്ടുകൂടെ?'. മുൻപ്‌ കാണുമ്പോൾ, അയാൾക്ക്‌ താടിയുണ്ടായിരുന്നോ? അവളോർത്തു നോക്കി. ഇല്ല. വളരെ ഉല്ലാസം നിറഞ്ഞ മുഖമാണയാൾക്ക്‌. അയാളൊരു വിഹര കാമുകനാവാനുള്ള സാദ്ധ്യയൊട്ടുമില്ല. അയാൾ സമ്പന്നനാണ്‌. താഴെ പോർച്ചിൽ അയാളുടെ പജേറോ വാഹനം കിടക്കുന്നത്‌ എന്നും കാണാറുണ്ട്‌.

അവൾ താമസിക്കുന്ന ഫ്ലാറ്റ്‌, റോസിലിനെന്നു പേരുള്ള, അവളുടെ കുഞ്ഞമ്മയുടേതാണ്‌. അവർ കുടുംബവുമായി അമേരിക്കയിലേക്ക്‌ പോയത്‌ കുറച്ച്‌ നാളുകൾക്ക്‌ മുൻപാണ്‌. തന്റെ ചേച്ചിയുടെ മകളായ ജൂലിക്ക്‌ അവിടെ താമസിക്കാൻ കൊടുക്കുന്നതിൽ അവർക്ക്‌ സന്തോഷമേയുണ്ടായിരുന്നുള്ളൂ. അവളുടെ കോളേജിലേക്ക്‌ അവിടെ നിന്നും അധികം ദൂരമില്ല. ഒറ്റയ്ക്ക്‌ താമസിക്കുന്നത്‌ അവൾക്ക്‌ ഇഷ്ടവുമാണ്‌. അതു കൊണ്ട്‌ അവളുടെ അമ്മ തന്നെയാണ്‌ കുഞ്ഞമ്മയോട്‌ ആ കാര്യം ഉന്നയിച്ചതും. ജൂലി എന്ന പേര്‌ കുട്ടിക്കാലത്ത്‌ അവൾക്കിഷ്ടമായിരുന്നു. മുതിർന്നപ്പോൾ എന്നോ ഒരിക്കൽ അവളുടെ അതേ പേരിൽ ഒരു സിനിമ ഉണ്ടെന്ന് മനസ്സിലാക്കി. ടിവിയിൽ എന്നോ ഒരിക്കലത്‌ കാണുവാനുമിടയായി. അതിനു ശേഷമാവണം, 'സീനിയ' എന്നോ 'സൈറ' എന്നോ ഉള്ള പേരാവും തനിക്ക്‌ ചേരുക എന്നവൾക്ക്‌ തോന്നി തുടങ്ങിയത്‌. അല്ലെങ്കിൽ തന്നെ കുറച്ച്‌ നീണ്ട മുഖമാണ്‌ തനിക്ക്‌. 'ജൂലി' എന്ന പേര്‌ ഒട്ടും തന്നെ ചേരില്ല ഈ മുഖത്തിന്‌. ഓരോ മുഖത്തിനും ഓരോ പേരുണ്ട്‌. ആ പേരാണ്‌ ആ വ്യക്തിക്ക്‌ ഏറ്റവും നന്നായി ചെയ്യുക. അതു പോലെ ഓരോ പേരിനും ഓരോ മുഖവുമുണ്ട്‌. രണ്ടും ചേർന്നു വരുന്നവർ ഭാഗ്യവാനോ, ഭാഗ്യവതിയോ ആവും. കുളിക്കാൻ കയറുമ്പോഴെല്ലാം ബാത്ത്‌റൂമിലെ കണ്ണാടിക്കു മുൻപിൽ നിന്ന് 'സീനിയ' എന്നു സ്വന്തം പ്രതിച്ഛായയെ നോക്കി വിളിച്ചു. തലയിണയുടെ അടിയിൽ ഭദ്രമായി സൂക്ഷിക്കുന്ന ഡയറിയുടെ പുറംച്ചട്ടയിൽ, 'സീനിയയുടെ രഹസ്യപുസ്തകം' എന്നെഴുതിയത്‌ പതിയെ വായിച്ചു ആത്മനിർവൃതി കൊണ്ടു. ഇതൊക്കെ അവളുടെ രഹസ്യങ്ങളിൽ ചിലതാണ്‌.

ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതും, അതിനു പിന്നിലിരുന്ന് യാത്ര ചെയ്യുന്നതും അവൾക്ക്‌ ഭയമുള്ള കാര്യങ്ങളായിരുന്നു. ഒരിക്കൽ ക്ലാസ്സ്‌ കഴിഞ്ഞ്‌ വരുമ്പോൾ ഒരാൾ തന്നെ ബസ്റ്റോപ്പ്‌ മുതൽ ഫ്ലാറ്റ്‌ വരെ പിൻതുടർന്നത്‌ ശ്രദ്ധിച്ചു. തൊട്ടടുത്തുള്ള ഡ്രൈവിംഗ്‌ സ്കൂളിൽ ചേർന്ന് എത്രയും വേഗം ഒരു ടൂ വീലർ ലൈസൻസ്‌ സമ്പാദിക്കാനുള്ള തീരുമാനമെടുക്കാൻ ആ സംഭവം കാരണമായി. ഭയം തന്നെ ഭയത്തിനെ കീഴടക്കാനൊരു കാരണമാകും എന്നങ്ങനെയാണ്‌ മനസ്സിലാക്കിയത്‌. എത്ര പെട്ടെന്നാണ്‌ അവൾ കൈനറ്റിക്ക്‌ ഹോണ്ട ഓട്ടിക്കാൻ പഠിച്ചത്‌!. ഇതു കുറച്ച്‌ കൂടി നേരത്തെ ആകാമായിരുന്നു. അവൾ ലജ്ജിച്ചു, സ്വയം പരിഹസിച്ചു.

മനസ്സുകളെ കുറിച്ചറിയാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം, മറ്റുള്ളവരെ അവരറിയാതെ നീരിക്ഷിക്കുക എന്നതാണ്‌. അതവൾ മനസ്സിലാക്കിയിരുന്നു. ആരുമറിയാതെ നിരീക്ഷിക്കാൻ സൗകര്യപ്രദമായ ഒരകലം പാലിക്കേണ്ടതുണ്ട്‌. അതിനു പറ്റിയ ഒരു ഉപകരണം ഒരു ദൂരദർശിനിയാണ്‌. പഴയ ജൂത തെരുവിൽ ഒന്ന് രണ്ട്‌ കടകളിൽ കയറിയിറങ്ങിയപ്പോൾ അവൾക്ക്‌ അത്തരമൊന്ന് സംഘടിപ്പിക്കാൻ കഴിഞ്ഞു. പച്ച നിറത്തിൽ ക്ലാവ്‌ ആക്രമിച്ചു തുടങ്ങിയ, ചെമ്പു പുറംച്ചട്ടയുള്ള ആ ദൂരദർശിനി അവൾ ഇഷ്ടപ്പെടാനുള്ള കാരണം അതിൽ സൂക്ഷ്മമായി ആലേഖനം ചെയ്ത ചിത്രപ്പണികളാണ്‌. സൗന്ദര്യമുള്ള എന്തിലും അവൾ അതിവേഗം ആകൃഷ്ടയാകുമായിരുന്നു.

നിരീക്ഷണം തുടങ്ങിയപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌. താൻ മാത്രമല്ല, ഈ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നതെന്ന്. പിന്നീട്‌ നിരീക്ഷിക്കുന്നവരെ നിരീക്ഷിക്കുന്നതായിരുന്നു അവൾ ചെയ്തത്‌. ഒരു സത്യം അപ്പോൾ വെളിവായി. ഭൂരിപക്ഷം പേരും, മറ്റുള്ളവർക്കു വേണ്ടിയാണ്‌ ജീവിക്കുന്നത്‌!. തന്നെ മാത്രമാണ്‌ ഈ ലോകം മുഴുവനും നോക്കി കൊണ്ടിരിക്കുന്നത്‌. തന്റെ ചെറിയ ചലനമോ, നോട്ടമോ, വാക്കോ - എന്തും പിടിച്ചെടുക്കാൻ അന്യർ തക്കം പാർത്തിരിക്കുകയാണ്‌. ഇതൊക്കെയാണ്‌ ഭൂരിപക്ഷത്തിന്റെ ചിന്തകൾ!. ഈ ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാര്‌ എന്നവരോട്‌ ചോദിച്ചാൽ അവർ ഒരു പക്ഷെ അവരാരാധിക്കുന്ന വ്യക്തിയുടെ പേർ പറഞ്ഞെന്നിരിക്കും. എന്നാൽ സത്യത്തിൽ അവനവൻ തന്നെയാണ്‌ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്ന് അവർ രഹസ്യമായി മനസ്സിലാക്കിയിട്ടുണ്ടാവുകയും ചെയ്യും. ഇങ്ങനെയുള്ള അവളുടെ അറിവുകൾ സൂക്ഷിക്കാൻ അവൾക്ക്‌ ഒരു ചുവന്ന പുറംച്ചട്ടയുള്ള പുസ്തകമുണ്ട്‌. അതിലവൾ പലപ്പോഴായി ശേഖരിച്ച വിവരങ്ങൾ രേഖപ്പെടുത്തി വെച്ചു. വിധിയിൽ വിശ്വസിക്കുന്നവരേയാണ്‌ അവൾ കൂടുതലും കണ്ടുമുട്ടിയത്‌. എന്തു കൊണ്ടെന്നറിയില്ല, അവൾക്ക്‌ വിധിയോട്‌ എല്ലാവരും കാണിക്കുന്ന വിധേയത്വത്തോട്‌ വലിയ മതിപ്പുണ്ടായിരുന്നില്ല. അതു കൊണ്ട്‌ തന്നെ അവൾ വിധിയെ വിശ്വസിക്കുകയോ, അതിന്റേതെന്നു പറയപ്പെടുന്ന അദൃശ്യമായ വിരലുകളെ കുറിച്ചറിയാനോ തയ്യാറായില്ല. ഒരു തരം മത്സരമനോഭാവത്തോടു കൂടി അവൾ അതെക്കുറിച്ചുള്ള ചിന്തകൾ, ഉയരുമ്പോഴൊക്കെ നുള്ളിയെറിഞ്ഞു കൊണ്ടിരുന്നു.

ഇനി പറയാൻ പോകുന്ന ഒരു ചെറിയ സംഭവവും അവൾ അവളുടെ ഡയറിയിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ളതാണ്‌. അതെന്തെങ്കിലും പ്രത്യേകതയുള്ളതോ, അവളുടെ ജീവിതത്തിനെ സ്വാധീനിക്കുവാൻ സാദ്ധ്യതയുള്ളതാണെന്നോ, അല്ലെന്നോ ഇപ്പോൾ പറയുക ബുദ്ധിമുട്ടാണ്‌.

മഴ പെയ്തു തുടങ്ങുമ്പോൾ, ബാൽക്കണിയിൽ ചെന്നു കൈകൾ നീട്ടി കൈത്തണ്ടയിൽ തണുപ്പ്‌ തുള്ളികളായി വീഴുന്നതും, ടെറസ്സിൽ ചെന്ന് നിന്ന് നനയുന്നതും ഇഷ്ടമുള്ള കാര്യങ്ങളാണെങ്കിൽ കൂടിയും, വൃത്തിയായി വസ്ത്രം ധരിച്ച്‌ പോകുമ്പോൾ മഴ പെയ്യുന്നതും, മഴ നനയുമ്പോൾ, വസ്ത്രങ്ങൾ ശരീരത്തോട്‌ ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോ തീരെ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. കോളേജിൽ നിന്നും വരുമ്പോൾ, ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. വണ്ടി വളഞ്ഞു പുളയുന്നതു പോലെ തോന്നിയതു കൊണ്ടാണ്‌ വഴിയരികിലുള്ള ഒരു വലിയ മരത്തിനു സമീപം അവൾ തന്റെ വാഹനം നിർത്തിയത്‌. സ്റ്റാൻഡിട്ട്‌ ചുറ്റും ഒന്നു നടന്നു നോക്കിയപ്പോഴാണ്‌, പിൻഭാഗത്തെ ടയർ പതിഞ്ഞു കിടക്കുന്നത്‌ ശ്രദ്ധിച്ചത്‌. മഴ കൂടി വരികയും ചെയ്യുന്നു. എവിടെ റെയിൻ കോട്ട്‌? ആക്ടീവയുടെ മുൻവശത്തായി ഘടിപ്പിച്ചിരിക്കുന്ന പെട്ടിയിലോ, സീറ്റിനടിയിലോ കാണുന്നില്ല. രാവിലെ പുസ്തകം വെയ്ക്കാൻ സ്ഥലം തികയാത്തതു കൊണ്ട്‌ കോട്ട്‌ എടുത്ത്‌ മാറ്റിയത്‌ ഓർമ്മ വന്നു. മഴ ജയിച്ചു. രാവിലെ ഒരു ലക്ഷണവുമില്ലായിരുന്നു. ഇത്രയും കള്ളത്തരങ്ങളുള്ള മഴ ഒരു പക്ഷെ ഈ നാട്ടിൽ മാത്രമെ ഉണ്ടാവൂ. മഴ ഇഷ്ടമായതു കൊണ്ട്‌ കുറ്റപ്പെടുത്താനും തോന്നുന്നില്ല. ഇവിടെ തെറ്റ്‌ തന്റെ ഭാഗത്താണ്‌. പക്ഷെ ഈ മഴ അടുത്തൊന്നും തോരുന്ന ലക്ഷണമില്ല. കുറച്ച്‌ കൂടി സമയം കഴിഞ്ഞാൽ, ഇരുട്ട്‌ വീഴും. സ്ട്രീറ്റ്‌ ലൈറ്റുകൾ തെളിയുമോ ഇല്ലയോ എന്നു ഉറപ്പിച്ചു പറയാൻ കഴിയില്ല. സെല്ലിൽ വിപിനെ വിളിച്ചു. റിംഗ്‌ ചെയ്യുന്നതല്ലാതെ ആരും എടുക്കുന്നില്ല. ഒരേയൊരു വഴി വണ്ടി ഉരുട്ടി കൊണ്ട്‌ പോവുക എന്നതാണ്‌. ഏതെങ്കിലും കടയുടെ മുന്നിൽ അവരുടെ അനുവാദത്തോടെ പൂട്ടി വെയ്ക്കാം. അല്ലെങ്കിൽ അപാർട്ട്‌മന്റ്‌ വരെ ഉരുട്ടുക തന്നെ. സമയം കളയാതെ അവൾ വാഹനം ഉരുട്ടി തുടങ്ങി. മഴ കൂടി വന്നത്‌ അതിനും തടസ്സമായി. വഴിയരികിൽ ഒരു പോസ്റ്റിനടുത്ത്‌ സ്റ്റാൻഡിട്ട്‌ വെച്ചു. മരത്തിനടിയിൽ നിൽക്കുമ്പോൾ കുറച്ച്‌ ആശ്വാസമുണ്ട്‌. കുറച്ച്‌ നേരം കഴിഞ്ഞു ഒരിക്കൽ കൂടി വിപിനെ വിളിച്ചു നോക്കാം. അപ്പോഴും കിട്ടിയില്ലേൽ ലച്ചുവിനെ വിളിക്കാം.

ഒരു പജേറോ ദൂരെ നിന്നും വരുന്നത്‌ ജൂലി ശ്രദ്ധിച്ചു. അതും ഓരം ചേർന്ന്. മാറി നിന്നില്ലെങ്കിൽ ഇളം നീല വരകളുള്ള തന്റെ ഇളം പിങ്കു നിറമുള്ള ചുരിദാറിൽ ചെളിയുടെ തുള്ളികൾ വീഴും. അവൾ മരത്തിനരികിലേക്ക്‌ മാറി നിന്നു. പജേറോ, അവളുടെ സമീപം നിർത്തുകയും, അതിൽ നിന്നും ഒരു യുവാവ്‌ പുറത്തേക്ക്‌ വരികയും ചെയ്തു. മുഖ പരിചയമുണ്ട്‌. അവൾക്ക്‌ യുവാവാരാണെന്നു മനസ്സിലായി. തന്റെ അയൽക്കാരൻ തന്നെയാണ്‌. വ്യക്തമായി മുഖമോർക്കുന്നില്ലയെങ്കിലും കണ്ടാൽ തിരിച്ചറിയാൻ ഒരു പ്രയാസവുമുണ്ടായില്ല.               

'ഹൊറൈസണിലെ..നൂറ്റിമൂന്നിലെ..അല്ലേ?'
'ങാ..'
'ഞാൻ നൂറ്റിയൊന്നിലെ..നിങ്ങളുടെ നൈബറാണ്‌'.
'ഉം..കണ്ടിട്ടുണ്ട്‌..'
'ഈ വണ്ടിയുടെ നമ്പർ കണ്ടിട്ട്‌ നിർത്തിയതാണ്‌. ബാക്ക്‌ ടയർ ഫ്ലാട്ടാണല്ലോ?'

എന്റെ വണ്ടിയുടെ നമ്പർ ഇയാൾക്കെങ്ങനെ അറിയാം? എനിക്കു പോലും എന്റെ വണ്ടിയുടെ നമ്പർ ശരിക്കറിയില്ല. വിപിനും ഇങ്ങനെ വണ്ടികളുടെ നമ്പറുകളെ കുറിച്ച്‌ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. ഈ ആണുങ്ങൾക്കെല്ലാം എന്താ നമ്പറകളോടിത്ര പ്രിയം?. ഇതു രേഖപെടുത്തി വെയ്ക്കേണ്ട വിഷയമാണ്‌.

'ഒരു കാര്യം ചെയ്യാം. എനിക്ക്‌ പരിചയമുള്ള ഒരു മെക്കാനിക്കുണ്ട്‌. ഞാൻ വിളിച്ച്‌ പറയാം. പുള്ളി വന്ന് ശരിയാക്കും. ഓക്കേ?'
അവൾ തലകുലുക്കി. എന്നിട്ടാണ്‌ ചിന്തിച്ചു തുടങ്ങിയത്‌. അതു വേണമായിരുന്നോ? പക്ഷെ ഒരാൾ ഒരു സഹായം തരാൻ ഇങ്ങോട്ട്‌ വരുമ്പോൾ നിരസിക്കുന്നതും ശരിയല്ല.

അപ്പോഴേക്കും മൊബൈയിലിൽ അയാൾ സംസാരിച്ചു തുടങ്ങിയിരുന്നു.

'വണ്ടീൽ കയറി ഇരുന്നോള്ളൂ. വെറുതെ മഴ നനയണ്ട'. അവൾ നടക്കുകയും, അയാൾ വാതിൽ തുറക്കുകയും, അകത്തേക്ക്‌ കയറുമ്പോൾ 'താങ്ക്സ്‌' എന്നു പറഞ്ഞ്‌ അവളകത്തേക്ക്‌ കയറി ഇരിക്കുകയും ചെയ്തു.

പേരു പോലും അറിയില്ല. വണ്ടീൽ കയറി കൊള്ളൂ എന്നു പറയുമ്പോഴേക്കും കയറി ഇരിക്കുകയും ചെയ്തു. ശ്ശെ അയാളെന്തു വിചാരിച്ചിരിക്കും?. മഴ നനയേണ്ടല്ലോ എന്നൊരൊറ്റ വിചാരമാണ്‌ ഇതിനൊക്കെ കാരണം. ഇനിയിപ്പോൾ ഉടൻ ചാടി ഇറങ്ങാനും പറ്റില്ല. എങ്കിൽ അയാളെന്തു വിചാരിക്കും? മറ്റുള്ളവർ എന്തു വിചാരിക്കും എന്നു വിചാരിച്ച്‌ ജീവിക്കുന്നവരാണ്‌ ചുറ്റും എന്നോർത്ത്‌ ചിരിക്കുകയും, രഹസ്യ പുസ്തകത്തിലെഴുതി വെയ്ക്കുകയും ചെയ്ത ആളാണ്‌. എന്നിട്ടിപ്പോൾ ആ ഞാനിപ്പോൾ..

ഡോർ അടയുന്ന ശബ്ദം കേട്ട്‌ നോക്കിയപ്പോൾ മുൻവശത്തെ ഡ്രൈവിംഗ്‌ സീറ്റിൽ അയാൾ ഇരുന്നു കഴിഞ്ഞിരുന്നു. മുഖത്ത്‌ വീണ മഴത്തുള്ളികളെ കർച്ചീഫ്‌ കൊണ്ട്‌ തുടച്ചു മാറ്റുകയാണ്‌. ഇതിനകത്ത്‌ ഒരു പ്രത്യേക ഗന്ധം നിറഞ്ഞു നിൽപ്പുണ്ട്‌. നല്ല സുഗന്ധമാണ്‌. ഗസലുകളുടെ സിഡി കവറുകൾ.. ഇയാൾ വണ്ടി ഓടിക്കുമ്പോഴും ഇതേ കേൾക്കുകയുള്ളൂ?. ജൂലി അയാളുടെ മുഖം അപ്പോഴാണ്‌ ശരിക്കും കാണുന്നത്‌. ശ്രദ്ധിച്ച്‌ തുടങ്ങിയത്‌. അയാൾക്ക്‌ താടി ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ കഴിയില്ല. നനുത്ത രോമങ്ങൾ ആ കവിളിൽ കാണാം. അവൾ ഉടൻ കണ്ണുകൾ പിൻവലിച്ചു.

'എന്റെ പേര്‌ എബ്രഹാം'.
സ്വാഭാവികമായും ഞാൻ എന്റെ പേര്‌ പറയുമെന്ന് ഇയാൾ പ്രതീക്ഷിക്കുന്നുണ്ടാവും.
'ഞാൻ..ജൂലി'.
'എന്റെ പേര്‌ സീനിയ' എന്നു പറഞ്ഞു പോയേക്കുമോ എന്നവൾ ഒരു നിമിഷം ഭയപ്പെട്ടു പോയിരുന്നു.
എബ്രഹാം ഒരു പ്രൈവറ്റ്‌ കമ്പനിയിൽ ആർക്കിടെക്റ്റ്‌ ആണ്‌. അവിവാഹിതൻ. നാട്‌ ആലപ്പുഴയിൽ.. സ്വയം പരിചയപ്പെടുത്തിയതിനു ശേഷം അയാൾ മൗനം പാലിച്ചു. അവൾ സ്വയം പരിചയപ്പെടുത്താൻ തുനിയുമ്പോഴേക്കും,
'പുള്ളി വന്നു' എന്നും പറഞ്ഞ്‌ അയാൾ പുറത്തേക്കിറങ്ങി. ഇറങ്ങുന്നതിനിടയിൽ അകത്തേക്ക്‌ തലയിട്ട്‌ എബ്രഹാം ഇങ്ങനെ പറഞ്ഞു,
'അകത്തിരുന്നോള്ളൂ. മഴയുണ്ട്‌. ഞാൻ ഡ്രോപ്‌ ചെയ്യാം'.
വാതിൽ തുറന്നിറങ്ങണോ വേണ്ടയോ?. തീരുമാനമെടുക്കാൻ കഴിയുന്നില്ല.

സഹായിക്കാം എന്നു പറഞ്ഞ്‌ മുന്നോട്ട്‌ വന്നയാളാണ്‌. ഇത്രയും നേരം മഴ നനയാതെ അയാളുടെ വണ്ടിക്കുള്ളിൽ ഇരിക്കുകയും ചെയ്തു. ഇനി പെട്ടെന്നിറങ്ങി പോയാൽ, ഇയാളെ വിശ്വാസമേ ഇല്ലായിരുന്നു എന്നു പറയുന്നതിനു തുല്യമാവില്ലേ?. വണ്ടിക്കുള്ളിൽ കയറിയതാണാദ്യത്തെയബദ്ധം.

മെക്കാനിക്കിനോട്‌ എന്തോ പറഞ്ഞ ശേഷം അയാൾ ഉടൻ വന്നു വണ്ടിയിൽ കയറിയിരുന്നു.

വാഹനത്തിനു നേരിയ ഒരു വിറയൽ. ജീവൻ വെച്ച്‌ മുന്നോട്ട്‌ പതുക്കെ നീങ്ങി തുടങ്ങിയപ്പോൾ, മനസ്സൊന്നു പിടഞ്ഞോന്ന് സംശയം.

'സന്ധ്യയായില്ലേ.. ഇതിൽ പോകാം. വണ്ടി റോബേർട്ട്‌ ശരിയാക്കി കൊണ്ടു വരും'

'ഞാനിറങ്ങി കൊള്ളാം. കുറച്ച്‌ ദൂരമല്ലെയുള്ളൂ?'
അങ്ങനെ പറയണമെന്നുണ്ടായിരുന്നു. പക്ഷെ..പറഞ്ഞില്ല. ഇയാൾ എന്തു വിചാരിക്കും?
ഞാനെന്തിനു ഇയാളെന്തു വിചാരിക്കുമെന്നു വിചാരിച്ച്‌ വിഷമിക്കണം? കുറച്ച്‌ മുൻപ്‌ മാത്രം പരിചയപ്പെട്ടതല്ലെയുള്ളൂ? പിന്നെ എനിക്ക്‌ ആളെ തീരെ പരിചയമില്ലെന്നു പറഞ്ഞു കൂടാ. കണ്ടിട്ടുണ്ട്‌, രണ്ടോ, മൂന്നോ വട്ടം. എന്നും ഇയാളുടെ ഫ്ലാറ്റ്‌ നു മുന്നിൽ കൂടിയാണ്‌ നടന്നു പോകുന്നത്‌. പതിഞ്ഞ ശബ്ദത്തിൽ അവിടെ നിന്നും ഉയരുന്ന ഗസലിന്റെ ശീലുകൾ കേട്ടിട്ടുണ്ട്‌. മിക്ക ദിവസങ്ങളിലും, ഈ വാഹനം പോർച്ചിൽ കിടക്കുന്നത്‌ കണ്ടിട്ടുണ്ട്‌. ശ്ശെ, വർഗ്ഗീസിനോട്‌ പലരേയും കുറിച്ച്‌ പലതും ചോദിക്കണമെന്ന് പലവട്ടം വിചാരിച്ചതാണ്‌.

അവൾ കാറിനുള്ളിൽ സാവധാനം കണ്ണോടിച്ചു.
ഗ്ലാസ്സ്‌ ഉയർത്തിരിക്കുകയാണ്‌. കൂളിംഗ്‌ അല്ല. എസി ഓൺ ചെയ്തിരിക്കുകയാണ്‌. നല്ല വൃത്തിയുണ്ടെന്നു തന്നെ പറയാം.

'ഗസലുകൾ ഇഷ്ടമാണോ?'
'ങെ..?' അവൾ ആ ചോദ്യം, ചിന്തകളുടെ ആധിക്യം കാരണം കേട്ടില്ല.
'ഗസൽ..ഡു യൂ ലൈക്‌ ഗസൽസ്‌?'
'..കേൾക്കാറുണ്ട്‌..വല്ലപ്പോഴും..'
'പഠിക്കയാണല്ലേ? സമയം കിട്ടുന്നുണ്ടാവില്ല അല്ലേ?'
അവൾ മറുപടി പറയാതെ ചിരിച്ചു.
പഠിക്കുകയാണെന്ന് എങ്ങനെ അറിഞ്ഞു? ഉടൻ ആ ചിന്ത പൊങ്ങി വന്നു.
ഇനി എന്നെ കുറിച്ച്‌ വർഗ്ഗീസിനോട്‌ ചോദിച്ചിട്ടുണ്ടാവുമോ?.
ഇയാൾ മാന്യനാണ്‌. ഇതു വരെ..
മോശമായി ഒരു നോട്ടമോ, ചലനമോ, വാക്കോ..ഞാൻ വെറുതെ..

ഹോറൈസൺ നു മുന്നിലെത്തും മുൻപെ രണ്ടു വട്ടം ഹോണടിച്ചു.
എത്തുമ്പോഴേക്കും വർഗ്ഗീസ്‌ ഗേറ്റ്‌ തുറന്നു കഴിഞ്ഞിരുന്നു.
'ജൂലിയുടെ ആക്റ്റീവാ പഞ്ചറായി. റിപയറു കഴിഞ്ഞു ഇപ്പോൾ കൊണ്ടു വരും.' വർഗ്ഗീസിനോട്‌ പറഞ്ഞ ശേഷം വാഹനം പോർച്ചിലേക്ക്‌ ഓടിച്ചു പോയി.

വണ്ടിയിൽ നിന്നിറങ്ങുമ്പോഴാണ്‌ ശ്രദ്ധിച്ചത്‌, തോളിൽ ചെറിയ നനവ്‌. മഴയുടെ ബാക്കി പത്രം. മുറിയിൽ ചെന്നയുടൻ ഒരു ചൂട്‌ ചായ ഉണ്ടാക്കി കുടിക്കണം.

പടികൾ കയറി 101 നു അടുത്തെത്തിയപ്പോൾ എബ്രഹാം ജൂലിയുടെ നേരെ നോക്കി ചോദിച്ചു,
'മഴയൊക്കെ നനഞ്ഞ്‌, വണ്ടി തള്ളി ക്ഷീണിച്ചതല്ലേ? ഒരു ചായ കുടിച്ചിട്ടു പോകാം'
ഇയാളിങ്ങനെ ക്ഷണിച്ചു കൊണ്ടിരുന്നാലെങ്ങനെ?.
ഒരു ചൂട്‌ ചായയാണ്‌ ഇപ്പോഴത്തെ എന്റെ ആഗ്രഹം. അപാർട്ട്‌മന്റിൽ എത്തിയിരിക്കുന്നു.. ഇനിയെന്തിനു പേടിക്കണം?. പേടിയുടെ അവസാനത്തെ അംശവും മാഞ്ഞു പോയിരിക്കുന്നു. ഇന്നിയാളെ കുറിച്ച്‌ പഠിക്കാം.
മര്യാദയുടെ പേരിനു വേണ്ട എന്നു പറഞ്ഞു നോക്കിയാലോ..?
'ലേറ്റ്‌ ആയില്ലേ?'
'എന്തു ലേറ്റ്‌? ആറു മണി പോലും ആയില്ല. കം ഇൻ'
അപ്പോഴേക്കും വാതിൽ തുറന്നു കഴിഞ്ഞിരുന്നു.

ബൾബുകൾ തെളിഞ്ഞു, ട്യൂബ്‌ ലൈറ്റുകൾ പിടഞ്ഞുണർന്നു.

'ഓ!' അത്ഭുതം നിറഞ്ഞ അങ്ങനെയൊരു ശബ്ദം ഉള്ളിൽ നിന്നും വന്നെങ്കിലും, പുറത്തേക്ക്‌ പോകാനനുവദിച്ചില്ല.

ഇളം ചാരനിറത്തിൽ ഒരു സോഫാ സെറ്റ്‌.
മുറിയുടെ ഒരു വശത്തായി മ്യൂസിക്‌ സിസ്റ്റം.
നേർത്ത ജനാല വിരികൾ.
ദീർഘവൃത്താകൃതിയിലുള്ള ഡൈനിംഗ്‌ ടേബിൾ.
വലിപ്പുകളുള്ള മേശയുടെ മുകളിൽ കമ്പ്യൂട്ടർ സിസ്റ്റം.
ഐവറി നിറത്തിലുള്ള ടൈൽസിൽ പൊടിയുടെ കണിക പോലുമില്ല.

'വൃത്തിയുടെ രാജകുമാരി' എന്നു ലച്ചു വിളിക്കുന്ന എന്റെ മുറിക്ക്‌ പോലും ഇത്രയും വൃത്തിയില്ല.

'ഇരിക്ക്‌..ഞാൻ ടീ ഇപ്പോൾ റെഡിയാക്കാം'. അയാൾ കിച്ചനിലേക്ക്‌ പോയി.
കിച്ചനിൽ വെളിച്ചം വീഴുമ്പോൾ, അവൾ മുറി മുഴുവനും സൂക്ഷമമായി നിരീക്ഷിക്കാനാരംഭിച്ചു കഴിഞ്ഞിരുന്നു.
ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നിട്ടാൽ, നിലാവ്‌ ഉള്ളിലേക്കൊഴുകും.
ഈ പതു പതുത്ത സോഫയിൽ കിടന്നാവും അയാൾ നേർത്ത ശബ്ദത്തിലുള്ള ഗസലുകൾ ശ്രവിക്കുക. മനസ്സ്‌ ഒരു പക്ഷിത്തൂവൽ പോലെ ആയി പോകും.

ചുമരിൽ ചില എണ്ണഛായ ചിത്രങ്ങൾ. ചുമരിനോട്‌ ചേർന്ന് ഒരു ചെറിയ ഷെൽഫുണ്ട്‌. അവൾ എഴുന്നേറ്റ്‌ ചെന്ന് നോക്കി. കുറെ ഫോട്ടോ അൽബമുകൾ അടുക്കി വെച്ചിരിക്കുന്നു. പുസ്തകങ്ങൾ, സിഡികൾ.. പുസ്തകങ്ങൾ പലതും ആർക്കിടെക്ച്ചറിനെ കുറിച്ചാണ്‌. പലതരം കെട്ടിടങ്ങളെ കുറിച്ചും, ഇന്റീരിയർ ഡിസൈനുകളെ കുറിച്ചും. ഇടയിൽ, കേരള ടെംബിൾ ആർക്കിടെക്ച്ചറിനെ കുറിച്ചും, വിദേശത്ത്‌ നിന്നും വരുത്തിയ ചില പുസ്തകങ്ങളും കണ്ടു.

അവൾ ഒരെണ്ണമെടുത്ത്‌ മറിച്ചു നോക്കിയിട്ട്‌ തിരികെ വെച്ചു. താത്പര്യമില്ലാത്ത വിഷയമാണ്‌.

'ടീ റെഡി' ഉത്സാഹത്തോടെയുള്ള ശബ്ദം പിന്നിലുയർന്നു.
മുൻവശത്തെ ടീപോയിൽ അയാൾ രണ്ടു കപ്പുകൾ വെച്ച ട്രേ കൊണ്ടു വെച്ചു.

'ചൂട്‌ കൂടുതലുണ്ട്‌' ഒരു മുൻകരുതലിനെന്ന പോലെ പറഞ്ഞു കൊണ്ട്‌ ഒരു കപ്പെടുത്ത്‌ ജൂലിയുടെ നേർക്ക്‌ നീട്ടി.

'എത്ര നാളായി ഇവിടെ താമസം തുടങ്ങിയിട്ട്‌?' ആത്മാർത്ഥത നിറഞ്ഞ ചോദ്യം.
....
'ന്യൂറോളജി പഠിക്കുന്ന ഒരാളെ ആദ്യമായിട്ടാണ്‌ കാണുന്നത്‌!' അത്ഭുതം നിറഞ്ഞ അഭിപ്രായം.
....
'രാത്രി വണ്ടിയോടിച്ചു വരുന്നത്‌ അത്ര സേഫല്ല..പേടി തോന്നില്ലേ..ഒറ്റയ്ക്ക്‌ വരുമ്പോൾ..?'
'ഏയ്‌.. എന്തിനു പേടിക്കണം? ഞാൻ ഒറ്റയ്ക്ക്‌ സിനിമയ്ക്കൊക്കെ പോയിട്ട്‌ വരാറുണ്ട്‌'.
കുറച്ച്‌ വേഗത്തിലായി പോയി പറഞ്ഞത്‌. ആവേശം കൂടിയതിന്റെ കുഴപ്പമാണ്‌. 'ധൈര്യമില്ലാത്തവൾ' എന്നാർക്കും ഒരു വിധത്തിലുമുള്ള തോന്നൽ ഉണ്ടാവാനിട കൊടുക്കരുത്‌. എനിക്കത്‌ തീരെ ഇഷ്ടമല്ല.

അയാൾ പെട്ടെന്ന് നിശ്ശബ്ദനായി.
ഒരു നിമിഷത്തിനു ശേഷം, അവളുടെ കണ്ണുകളിൽ തന്നെ നോക്കി കൊണ്ട്‌ സാവധാനം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
'ചെറിയ മയക്കം തോന്നുന്നുണ്ടോ?..ഞാൻ ചായയിൽ ഒരു പൊടി കലക്കിയിട്ടുണ്ട്‌..അടുത്ത മുറിയിൽ...ഒരു ക്യാമറയുണ്ട്‌..എന്റെ ബെഡ്‌ റൂമിൽ..'

ആ ശബ്ദത്തിനു തന്നെ ഒരു തണുപ്പുണ്ടെന്നവൾക്ക്‌ തോന്നി. അവൾ ഒരു നിമിഷം ചായ കുടിക്കുന്നത്‌ നിർത്തി അയാളെ നോക്കി. ചായക്കപ്പ്‌ അയാൾക്ക്‌ നേരെ വലിച്ചെറിഞ്ഞ്‌, മിന്നൽ വേഗത്തിൽ വാതിലിലൂടെ പുറത്തേക്ക്‌ നിലവിളിച്ചു കൊണ്ട്‌ ഓടി പോകണം. പക്ഷെ കാലുകൾ അനങ്ങുന്നില്ല, തൊണ്ട വരണ്ടു പോയിരിക്കുന്നു. ചെറിയ തലകറക്കം തോന്നുന്നുണ്ടോ..?

മുഖം വെളുത്ത കടലാസ്‌ പോലെ ആയിട്ടുണ്ടാവും.
ശ്വാസത്തിനു വേഗത കുറയുന്നോ, കൂടുന്നോ?

അയാൾ തന്റെ കപ്പ്‌ ട്രേയിൽ വെച്ചിട്ട്‌, വാ പൊത്തി ഇരിക്കുകയാണ്‌. അയാളുടെ കണ്ണുകൾ ഇടുങ്ങി വരുന്നു.

അയാൾ ചിരിച്ചു തുടങ്ങി.
അയാളുടെ ചിരി..അത്‌ വെറുതെ ചിരിയല്ല, പുഞ്ചിരിയല്ല, വിടന്റേയോ, വില്ലന്റേയോ ചിരിയല്ല. അയാൾ പൊട്ടിച്ചിരിക്കുകയാണ്‌. കുട്ടികളെ പോലെ..വയറമർത്തി പിടിച്ച്‌..സോഫയിൽ നിന്ന് താഴെ വീണു പോകുമെന്ന് തോന്നിപ്പിക്കും വിധം.

ഇതിലെന്താണിത്ര ചിരിക്കാനുള്ളത്‌?

'ദാ, ആ കണ്ണാടിയിൽ പോയിൽ നോക്ക്‌..'
വാഷ്ബേസിനു മുകളിലായി ഉറപ്പിച്ചിരിക്കുന്ന മുഖകണ്ണാടി നോക്കിയാണ്‌ അയാൾ പറഞ്ഞത്‌.

എന്തു കാണാനാണ്‌?
ചോദിക്കാത്ത ആ ചോദ്യം കേട്ട പോലെ, അയാൾ പറഞ്ഞു,
'നല്ല ധൈര്യമുള്ള ഒരാളുടെ മുഖം അവിടെ കാണാം!' അതു പറഞ്ഞ്‌ അയാൾ ചിരി തുടർന്നു.

അപ്പോൾ..എന്നെ കളിപ്പിക്കുകയായിരുന്നോ? കളിയാക്കുകയായിരുന്നോ?
'പൊടി..' വിളറിയ മുഖത്തോടെ അവൾ അത്രയും പറഞ്ഞൊപ്പിച്ചു.
'പാൽപൊടിയിട്ട ചായ കുടിച്ചിട്ടില്ലേ?' അയാൾ ചിരിച്ചു കൊണ്ട്‌ ചോദിച്ചു.

അവളുടെ വിളർച്ചയോ, വിറയോ മാറിയിരുന്നില്ല.
ആകെ നാണക്കേടായി പോയി. ചമ്മി പോയി. ഇത്രയും ആവേശം കാണിക്കാൻ പാടില്ലായിരുന്നു. അവൾ കുനിഞ്ഞു മുഖം ഒളിപ്പിക്കാൻ ഒരു ശ്രമം നടത്തി.

'അതു പോട്ടെ, ഈ ന്യൂറോളജി എടുക്കാനെന്താ കാരണം?'
ചോദ്യം കേട്ട്‌ ശൂന്യമായ കണ്ണുകളോടെ അയാളെ തന്നെയവൾ നോക്കിയിരുന്നു. ചിന്തകളുടെ പിടിവലികളിൽ ആ ചോദ്യം അവൾ വ്യക്തമായി കേട്ടതേയില്ല.

എബ്രഹാം സത്യം പറഞ്ഞതാണോയെന്നറിയാനൊരു മാർഗ്ഗവുമില്ല. അതിനുത്തരം സമയം തരും. ഇയാളുടെ ചോദ്യം എന്റെ ശ്രദ്ധയെ വഴിതെറ്റിക്കാനല്ലയെന്നുറപ്പിക്കാൻ സമയമായിട്ടില്ല. കുറച്ച്‌ നേരം കൂടി കാത്തിരിക്കണം. കാഴ്ച്ചയ്ക്ക്‌ മങ്ങലുണ്ടെന്നു തോന്നിയാൽ, ആ നിമിഷം കൂവി വിളിക്കണം. അൽപ്പം മുൻപ്‌ മാത്രം പരിചയപ്പെട്ട അയൽക്കാരനെ അവിശ്വസിക്കുന്നതിലൊരു തെറ്റുമില്ല. ഈ ചായ..ഇനി കുടിക്കുന്നതു പോലെ അഭിനയിക്കുകയേ ഉള്ളൂ.

അവൾ ചായ കുടിക്കുന്നത്‌ നിർത്തി. സംസാരത്തിൽ ശ്രദ്ധിച്ചാൽ, കൺപോളകൾക്ക്‌ ഭാരമുണ്ടാവുന്നത്‌ അറിയാൻ വൈകി പോയെന്നിരിക്കും. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട്‌ അവസാനിക്കാനുള്ള ജീവിതമല്ല എന്റേത്‌. ഏറിയാൽ അഞ്ച്‌ മിനിട്ട്‌. അതിലപ്പുറം ഇവിടിരിക്കാൻ പാടില്ല. അസൈൻമന്റുണ്ടെന്നോ, പരീക്ഷയ്ക്ക്‌ പഠിക്കാനുണ്ടെന്നോ..

എന്തായിരുന്നു ചോദ്യം? കുറച്ച്‌ മുൻപ്‌ മാത്രം കേട്ട ആ ശബ്ദം അവൾ മനസ്സിൽ തിരഞ്ഞു. കണ്ടു പിടിച്ചു.

'ന്യൂറോളജി..'
മറുപടി പറയുമ്പോഴെല്ലാം, അവൾ ചിന്തകളിലേക്ക്‌ തെന്നി വീണു കൊണ്ടിരുന്നു. കേട്ട കഥകളിലേക്ക്‌, വായിച്ച പത്ര വാർത്തകളിലേക്ക്‌..ചായയിലേക്ക്‌..പൊടിയിലേക്ക്‌..ചൂണ്ടി കാണിച്ച ബെഡ്‌ റൂമിനുള്ളിലെവിടെയോ വെച്ചിരിക്കുന്ന ക്യാമറയേ കുറിച്ച്‌..

അയാൾ സ്വാഭാവിക ശബ്ദത്തിൽ സംസാരിച്ചു കൊണ്ടേയിരുന്നു.
തന്റെ അറിവുകൾ ഉപയോഗപ്പെടുത്തിയ, നഗരത്തിലെ പുതിയ ബഹു നില കെട്ടിടങ്ങളെ കുറിച്ച്‌..
പജേറോ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ..

ഇയാൾ സംസാരിക്കാൻ ആളെ നോക്കി, ദാഹിച്ച്‌, മോഹിച്ച്‌ ഇരിക്കുവായിരുന്നോ? ഒരു പക്ഷെ ഇത്ര നാളും സംസാരിക്കാതെ കൊണ്ടു നടന്നതു മുഴുവനും എന്നോട്‌ സംസാരിച്ച്‌ തീർക്കുകയാവും. പക്ഷെ ഇയാൾ സാവധാനമാണ്‌ സംസാരിക്കുന്നത്‌..സംസാരത്തിനു ഒരു ആകർഷണീയതയുണ്ട്‌..ശബ്ദം കേൾക്കാൻ ഒരു സുഖമുണ്ട്‌.

ചുണ്ടു നനയ്ക്കണം - അവൾ കപ്പ്‌ ചുണ്ടിലേക്കടുപ്പിച്ചു. പാട കെട്ടിയിരിക്കുന്നു. ചായ തണുത്തു പോയത്‌ അപ്പോഴാണറിയുന്നത്‌. തണുത്ത ചായ കുടിക്കുന്നത്‌ ഒട്ടും തന്നെയിഷ്ടമുള്ള കാര്യമല്ല, അവൾ കപ്പ്‌ ട്രേയിലേക്ക്‌ വെച്ചു.

'താൻ ചായ കുടിച്ചില്ല അല്ലേ?!' അയാൾ അത്ഭുതത്തോടെ ചായക്കപ്പിലേക്ക്‌ തന്നെ നോക്കിയിരുന്നു.
എന്നിട്ട്‌ ഒരു പശ്ചാത്താപബോധത്തോടെ പറഞ്ഞു,
'സോറി.. ഞാൻ വെറുതെ ഒരു തമാശയ്ക്ക്‌ പറഞ്ഞതാണ്‌..വേണമെങ്കിൽ ഒരു ചായ ഇപ്പോഴുണ്ടാക്കാം.'
'ഓ..വേണമെന്നില്ല..അല്ലെങ്കിലും ഞാൻ ചായ അധികം കുടിക്കാറില്ല'. പച്ചക്കള്ളമാണ്‌ എങ്കിലും ജാള്യത മറയ്ക്കാൻ അതുപകരിക്കും.

'ഇപ്പോഴും പേടിയാണേൽ..താൻ വേണെൽ സ്വന്തമായി ചായ ഇട്ടോള്ളൂ!'
അതു കേട്ട്‌ അവൾ ചിരിച്ചു പോയി.
അവളുടെ ചിരി തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്ന അയാൾ പെട്ടെന്ന് പറഞ്ഞു,
'തന്നെ കാണുമ്പോൾ ഒരു പൂവിനേയാണോർമ്മ വരിക...പ്രത്യേകിച്ചും പിങ്ക്‌ നിറമുള്ള ഈ ഡ്രസ്സിൽ..എന്താണതിന്റെ പേര്‌..?'
ഒരു നിമിഷം കണ്ണുകളിറുക്കിയടച്ച്‌ അയാൾ താഴെക്ക്‌ നോക്കിയിരുന്നു.
അടുത്ത നിമിഷം തലയുയർത്തി ആവേശപൂർവ്വം പറഞ്ഞു,
'ങാ..സീനിയ! സീനിയ പൂവിനെ പോലെയാണ്‌. ഇയാൾ സീനിയ പൂക്കളെ കണ്ടിട്ടുണ്ടോ?'
അവളുടെ കാലുകൾ തറയിൽ ഉറച്ചു പോയിരുന്നു.
അയാളുടെ ചുണ്ടിൽ തന്നെ ദൃഷ്ടി പതിപ്പിച്ച്‌ അവളിരുന്നു.
മനസ്സ്‌ വായിക്കാനുള്ള കഴിവുകളിൽ ഞാൻ വിശ്വസിക്കുന്നില്ല. മുജ്ജന്മങ്ങളിലും വിശ്വസിക്കുന്നില്ല. പക്ഷെ എന്റെ പേര്‌..ഞാനിഷ്ടപ്പെടുന്ന എന്റെ പേര്‌..എന്റെ ഡയറിയിൽ ഞാനെഴുതി വെച്ച പേര്‌..
'താൻ', 'ഇയാൾ' എന്നൊക്കെ എത്ര സ്വാതന്ത്ര്യത്തോടെയാണ്‌ വിളിക്കുന്നത്‌. കുറച്ച്‌ മുൻപ്‌ സംശയവും, പേടിയും മാത്രമായിരുന്നു..ഇപ്പോൾ അതെല്ലാം എവിടെ പോയെന്നു കൂടി അറിയില്ല. അതു മാത്രമല്ല, ഈ ബന്ധത്തിനു മണിക്കൂറുകളുടെ ദൈർഘ്യം മാത്രമെ ഇതുവരെ ഉള്ളൂ എന്ന കാര്യവും വിസ്മരിച്ചു പോയിരിക്കുന്നു. ഇപ്പോൾ എനിക്ക്‌ ഇയാളോട്‌ തോന്നുന്ന വികാരമെന്തെന്നും, ഇയാളെ കുറിച്ചുള്ള അഭിപ്രായമെന്തെന്നും വ്യക്തമല്ല.

അയാൾ സംസാരം നിർത്തിയിരുന്നില്ല.
'എന്നെ കണ്ടാൽ, എബ്രഹാമെന്ന പേര്‌ ചേരുമോ?..
പതിയെ തന്റെ ചെറിയ താടി തടവി കൊണ്ട്‌ ഉത്സാഹത്തോടു കൂടി അയാൾ ചോദിച്ചു.
'എനിക്കിഷ്ടം സാമുവൽ എന്ന പേരാണ്‌'. അയാൾ തുടർന്നു.

ഇല്ല, ഇതു ഞാൻ വിശ്വസിക്കില്ല. എന്റെ ചിന്തകളുടെ പകർപ്പാണിത്‌. എന്റേതു മാത്രമായ ചിന്തകളെന്നു ഞാൻ വിശ്വസിച്ചിരുന്ന ചിന്തകൾ. അതേങ്ങനെ ഇയാൾ മനസ്സിലാക്കി ?. എനിക്കിയാളോട്‌ ഇഷ്ടം തോന്നി തുടങ്ങിയിരിക്കുന്നു എന്നു മാത്രമല്ല അതു ഒരോ നിമിഷവും കൂടി കൂടി വരികയും ചെയ്യുന്നു. ഒരു പക്ഷെ ഞാൻ വിശ്വസിക്കാത്ത വിധി എന്നെ കൊണ്ടു തന്നെ തിരുത്തി പറയിപ്പിക്കാൻ ശ്രമിക്കുകയാവാം.

ഇഷ്ടങ്ങൾ..അതിലൊക്കെ സാമ്യം വരിക യാദൃശ്ചികം മാത്രമാണ്‌. എന്നാൽ ചിന്തകൾ.. അതും എന്റേതു മാത്രമെന്നു കരുതിയ രഹസ്യ ചിന്തകൾ..അതൊരിക്കലും ഒന്നാവുകയില്ല. അവളുടെ മനസ്സ്‌ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക്‌ പിന്നാലെ പാഞ്ഞു.

കുറച്ച്‌ നേരം കൂടി അവൾ ആ മുറിയിലുണ്ടായിരുന്നു. സമയം താമസിക്കുന്നു എന്നു തോന്നിയിട്ടാവാം അവൾ യാത്ര പറഞ്ഞിറങ്ങി.

മുറിയിലേക്ക്‌ കയറി കുറച്ച്‌ നേരം കഴിഞ്ഞ ശേഷമാണ്‌ ജൂലി, താൻ തന്റെ അപാർട്ട്‌മന്റിൽ എത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കിയത്‌. ബാഗ്‌ തുറന്ന് താക്കോലെടുതത്തെപ്പോഴാണ്‌? എപ്പോഴാണ്‌ വാതിൽ തുറന്നത്‌? എല്ലാം യാന്ത്രികമായി ചെയ്തു കഴിഞ്ഞിരിക്കുന്നു. അവൾ സോഫയിലേക്ക്‌ ചെന്നു സ്വയം വീണു. കുറച്ച്‌ മുൻപ്‌ വരെ മറ്റൊരു ലോകത്തായിരുന്നുവെന്നും, എന്നാൽ അതൊന്നും തന്നെ സ്വപ്നമായിരുന്നില്ലെന്നും അവൾ ഓർത്തു. ഇതു വരെ ഒരാളോടും, വിപിനോട്‌ പോലും തോന്നാത്ത ഒരു തരം ബന്ധം വെറും ഒന്നോ രണ്ടോ മണിക്കൂറുകൾക്ക്‌ മുൻപു മാത്രം പരിചയപ്പെട്ട അയാളോട്‌, എബ്രഹാമിനോട്‌, അല്ല സാമുവലിനോട്‌ തോന്നി തുടങ്ങിയിരിക്കുന്നു. 'വിപിനു തന്നോട്‌ പ്രേമമാണെന്നു തോന്നുന്നു..'. ലച്ചു പറഞ്ഞതവളോർത്തു. അതു തോന്നലല്ല എന്നു എനിക്ക്‌ നല്ല നിശ്ചയമുണ്ട്‌. വിപിനു തന്നോട്‌ പ്രേമം തന്നെയാണ്‌. എന്നോട്‌ സംസാരിക്കുമ്പോൾ മാത്രം അവന്റെ ശബ്ദം ഇടറുന്നതും, വാക്കുകൾ കിട്ടാതെ കഷ്ടപ്പെടുന്നതും ഞാൻ എത്രവട്ടം ശ്രദ്ധിച്ചിരിക്കുന്നു. എന്നാൽ എനിക്കവനോട്‌ ഒരു സുഹൃത്ത്‌ എന്നതിൽ കവിഞ്ഞ ഒരു ബന്ധവും സ്ഥാപിക്കാൻ തോന്നിയിട്ടില്ല. മറിച്ച്‌ ഒരു തോന്നൽ പോലും അവന്‌ ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു വാക്കോ, നോട്ടമോ എന്തിന്‌? ഒരു ശബ്ദം കൊണ്ടു പോലും തന്നോട്‌ പ്രണയത്തിന്റെ ഒരു ഭാവവും പ്രകടിപ്പിക്കാത്ത ഒരാളോട്‌..
അവൾ സോഫയിൽ തന്നെ കിടന്നു. നാളെ ശനിയാഴ്ച്ചയാണ്‌..ചിന്തിക്കാൻ ഒരുപാട്‌ സമയമുള്ള ദിവസം. ഇന്ന് രാത്രിയിൽ ഡയറിയിൽ കുറച്ച്‌, കുറച്ചധികം എഴുതാനുണ്ട്‌..

കണ്ടുമുട്ടലുകൾ ഉണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചെങ്കിലും, അവൾക്ക്‌ അയാളെ കാണുവാനോ, സംസാരിക്കുവാനോ കഴിഞ്ഞില്ല. ഒരാഴ്ച്ച കഴിഞ്ഞു പോയിരിക്കുന്നുയിപ്പോൾ. ഓരോ ദിവസവും കാണുവാൻ കഴിയുമെന്ന പ്രതീക്ഷയുമായി അവളിരുന്നു. കാണാൻ കഴിഞ്ഞില്ലെങ്കിലും. മധുരമുള്ള ഒരു നൊമ്പരമാണ്‌ അത്‌ തനിക്ക്‌ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്‌ എന്നവളറിഞ്ഞു. വിധിയിൽ വിശ്വസിച്ചു തുടങ്ങിയതു കൊണ്ട്‌ വിധിയിപ്പോൾ തന്നെ കളിപ്പിക്കുകയാണ്‌. എന്റെ മൗന നൊമ്പരങ്ങൾ കണ്ട്‌ ആനന്ദിക്കുകയാവും. അവൾക്ക്‌ വിധിയോട്‌ മസ്തരിക്കണമോ അതോ അതിൽ വിശ്വസിക്കണമോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിച്ചേരാൻ സാധിച്ചില്ല.

അയാൾ താൻ വന്നതിനു ശേഷം വൈകി വരികയും താൻ പകൽ പുറപ്പെടുന്നതിനു മുൻപ്‌ പുറത്തേക്ക്‌ പോവുകയുമാണ്‌ ചെയ്യുന്നതെന്നതെന്നവൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഡയറിയിലെ താളുകളിൽ അവളുടെ അക്ഷരങ്ങൾ വന്നു വീണു കൊണ്ടിരുന്നു. ആദ്യമായി കണ്ടുമുട്ടാൻ ഇത്രയും താമസിച്ചില്ലേ? ഇനി അടുത്ത കണ്ടുമുട്ടലിനുള്ള സമയവും എവിടെയോ ആരോ തീരുമാനിച്ചിട്ടുണ്ടാവും. അതിലേക്കുള്ള ദൂരം എത്രയെന്നറിയാൻ കഴിയുന്നില്ല. അതു സംഭവിക്കുമ്പോൾ മാത്രമെ അതു സംഭവിച്ചു കഴിഞ്ഞു എന്നറിയാൻ കഴിയുകയുള്ളൂ. അവൾ എഴുതി വെച്ചു.

ശനിയാഴ്ച്ച ലച്ചുവിന്റെ വീട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ്‌, പോർച്ചിൽ പജേറൊ കിടക്കുന്നത്‌ കണ്ടത്‌. ആ വാഹനം കാണുന്നത്‌ തന്നെ മനസ്സിൽ സന്തോഷം ഉണ്ടാക്കുന്നു. വഴിയിൽ കൂടി വണ്ടിയോടിച്ചു പോകുമ്പോൾ ഇപ്പോൾ ഈ വാഹനം തിരഞ്ഞു തുടങ്ങിയിരിക്കുന്നു.

അവൾ ആക്ടീവ സ്റ്റാന്റിട്ട്‌ വെച്ച ശേഷം പടികൾ കയറുമ്പോൾ, തനിക്കു മുന്നിലായി അയാൾ പടികൾ കയറി പോവുന്നത്‌ കണ്ടു.
ജൂലിയുടെ നേരെ തിരിഞ്ഞ്‌, അയാൾ ഒരു ചിരിയോടെ ചോദിച്ചു,
'ങാ, താനെവിടെ പോയെന്നിപ്പോൾ വർഗ്ഗീസിനോടന്വേക്ഷിച്ചതേയുള്ളൂ.'.
ജൂലി ചിരി കൊണ്ട്‌ മാത്രം അതിനു മറുപടി കൊടുത്തു.
'അകത്തേക്കു വരൂ, ഒരു കാര്യം പറയാനുണ്ട്‌'.
അതും പറഞ്ഞു അയാൾ വാതിൽ തുറന്ന് അകത്തേക്ക്‌ പോയി.

പുറത്ത്‌ ചെരുപ്പൂരിയിടുന്നതിനിടയിലവളോർത്തു, എത്ര സ്വാതന്ത്ര്യത്തൊടെയാണിയാൾ അകത്തേക്ക്‌ വിളിക്കുന്നത്‌. ഒരു മടിയോ, ഭയമോ ഇപ്പോൾ തോന്നുന്നില്ല. ആ അപരിചിതനിൽ നിന്നും ഈ പരിചിതനിലേക്കുള്ള ദൂരം വെറും ദിവസങ്ങൾ മാത്രം. ഒരിക്കൽ മാത്രമാണ്‌ സംസാരിച്ചിട്ടുള്ളത്‌. അതോ..രണ്ടു പ്രാവശ്യമോ?. മനസ്സിൽ പലതവണ സംസാരിച്ചതു പോലെ. പലതവണ കണ്ടുമുട്ടിയതു പോലെ. വിധി നിശ്ചയിച്ച സമയം ചിലപ്പോൾ ഇതാവണം.

മുറിക്കകത്തേക്ക്‌ കയറിയ അവൾ ഒരു നിമിഷം ആരോ പിടിച്ചു നിർത്തിയതു പോലെ നിന്നു. ഒരു വശത്തുണ്ടായിരുന്നു മ്യൂസിക്‌ സിസ്റ്റം, ടിവി സ്റ്റാന്റ്‌, കമ്പ്യൂട്ടർ വെച്ചിരുന്ന മേശ, ഡൈനിംഗ്‌ ടേബിൾ, പുസ്തകങ്ങൾ വെച്ചിരുന്ന ഷെൽഫ്‌, ചുവരുകളെ അലങ്കരിച്ചിരുന്ന എണ്ണഛായ ചിത്രങ്ങൾ.. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. മുറി ഒരു തുറസ്സായ മൈതാനം പോലെ തോന്നിക്കുന്നു. ചാര നിറമുള്ള സോഫ മാത്രമാണവിടെ ഉണ്ടായിരുന്നത്‌.

'സോറി ജൂലി..ഇന്നു ചായയുമില്ല, പൊടിയുമില്ല..ഞാനിവിടെ നിന്നും മാറുകയാണ്‌..' അയാൾ മറ്റൊരു നഗരത്തിന്റെ പേരു പറഞ്ഞു.

ജോലിയിൽ ഉയർച്ചയുണ്ടായിരിക്കുന്നു. അതിന്റെ പ്രതിഫലനമെന്നോണം മറ്റൊരു വലിയ നഗരത്തിലേക്ക്‌ അയാളുടെ സേവനം ആവശ്യമായി വന്നിരിക്കുന്നു.

'കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വലിയ തിരക്കായിരുന്നു..സാധങ്ങൾ ഷിഫ്റ്റ്‌ ചെയ്യുന്നതിന്റെ തിരക്കും, മറ്റു വർക്കുകളും..ഇന്നാണ്‌ കുറച്ച്‌ സമാധാനം കിട്ടിയത്‌.'
'തന്നെ കണ്ടു യാത്ര പറയാൻ വേണ്ടിയാണ്‌ വർഗ്ഗീസിനോട്‌ അന്വേക്ഷിച്ചത്‌..ഏതായാലും നേരിട്ട്‌ കണ്ട്‌ പറയാൻ കഴിഞ്ഞല്ലോ' അയാൾ ആശ്വാസം പ്രകടിപ്പിച്ചു.

അവൾ ഒന്നും തന്നെ പറയാതെ അയാൾ പറയുന്നത്‌ ശ്രദ്ധിച്ചു കേട്ടു കൊണ്ടിരുന്നു.

'എനിക്കീ ഫ്ലാറ്റിൽ ആരേയും അറിയില്ല എന്നു തന്നെ പറയാം..ആകെ അറിയാവുന്നത്‌ വർഗ്ഗീസിനേയും കഴിഞ്ഞാഴ്ച്ച പരിചയപ്പെട്ട തന്നേയും' അതു പറഞ്ഞയാൾ ചിരിച്ചു.

എഴുന്നേറ്റ്‌ അകത്തേക്ക്‌ പോയ അയാൾ തിരിച്ചു വരുമ്പോൾ കൈയ്യിൽ ഒരു ചെറിയ കവറുണ്ടായിരുന്നു.

'ഇതൊരു ഗസലിന്റെ സിഡിയാണ്‌..കേട്ടു നോക്കൂ' അതു പറഞ്ഞ്‌ അയാളത്‌ അവളുടെ നേർക്ക്‌ നീട്ടി.

അവൾ യാന്ത്രികതയോടെ അതു വാങ്ങിച്ചു. കുറച്ച്‌ കഴിഞ്ഞാണ്‌ താൻ നന്ദി പറഞ്ഞില്ലല്ലോ എന്നോർത്തത്‌..
'താങ്ക്സ്‌'.

അവൾക്ക്‌ അയാളോട്‌ എന്തു പറയണമെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല.
അധികം നേരം ഇവിടെ ഇരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല..ഒരു തരം ശ്വാസംമുട്ടൽ.. ഈ വലിയ മുറിയിൽ ആവശ്യത്തിനു ശുദ്ധവായുവില്ലെന്നു തോന്നുന്നു.

'പാക്കിംഗ്‌ എല്ലാം കഴിഞ്ഞോ?' കുറെ കഴിഞ്ഞ്‌ അവാൾ ചോദിച്ചു.
'ഏതാണ്ടെല്ലാം തന്നെ കഴിഞ്ഞു. മൂവേഴ്സ്‌ ആന്റ്‌ പാക്കേർസ്‌ ..അവരിപ്പോൾ വരും'.
'..എന്നാൽ..ഞാനിറങ്ങട്ടെ..ഇനി തിരക്കാവും..'
വാതിൽ വരെ ചെന്നിട്ട്‌ എന്തോ ഓർത്ത പോലെ അവൾ തിരിഞ്ഞു നിന്നു.
'ആൾ ദ്‌ ബെസ്റ്റ്‌'.
അവൾ അതു പറയുമ്പോൾ ശബ്ദത്തിനു തീരെ ശക്തി ഉണ്ടായിരുന്നില്ല.

തിരിഞ്ഞു നടക്കുമ്പോൾ, 'താങ്ക്സ്‌' എന്നയാൾ പറയുന്നത്‌ കേട്ടു.

അവൾ അവളുടെ അപാർട്ട്‌മന്റ്‌ തുറന്ന് നേരെ പോയത്‌ കട്ടിലിനടുത്തേക്കാണ്‌. ബെഡിൽ കിടന്ന് സീലിംഗിലേക്ക്‌ ശൂന്യമായി നോക്കുമ്പോഴും അവളുടെ മനസ്സ്‌ ശൂന്യമായിരുന്നു. എനിക്ക്‌ ശരീരവുമില്ല, മനസ്സുമില്ല, ചിന്തകളുമില്ല. ഭാരമില്ലാത്ത, ഒരപ്പൂപ്പൻ താടി പോലെ ആയിരിക്കുന്നു..

ഒരു പക്ഷെ ഇനി പാൽപ്പൊടി കാണുമ്പോഴെല്ലാം എബ്രഹാമിനെ ഓർത്തുപോയെന്നിരിക്കാം. ഗസലുകൾ കേൾക്കുമ്പോഴെല്ലാം, കറുത്ത പജേറോയിലേ യാത്ര ഓർത്തെന്നിരിക്കാം. കെട്ടിടങ്ങളുടെ ബ്ലൂപ്രിന്റ്‌ കാണുമ്പോഴെല്ലാം, താനുണ്ടാക്കിയ കെട്ടിടങ്ങളെ കുറിച്ച്‌ അഭിമാനത്തോടു കൂടി പറയുന്ന ആ മുഖം ഓർത്തു പോയെന്നിരിക്കാം. അയാൾ തന്റേതാണെന്ന് വെറുതെ വിശ്വസിക്കുകയല്ല ചെയ്തത്‌. തീർച്ചപ്പെടുത്തിയതായിരുന്നു. അതിലേക്കുള്ള വഴികൾ തനിയെ തുറന്നു വരുമെന്നും വിശ്വസിച്ചിരുന്നു. ആ വഴികൾ ആരുടെയോ അദൃശ്യ കരങ്ങൾ മായ്ച്ചു കളഞ്ഞിരിക്കുന്നു. താൻ തോറ്റു പോയിരിക്കുന്നു. തന്നെ ആരോ തോൽപ്പിച്ചിരിക്കുന്നു...വിധിയുടെ വിരലുകൾ..തന്റെ ചിന്തകളെല്ലാം അബദ്ധങ്ങളാണ്‌. ശരിക്ക്‌ ചിന്തിക്കാൻ കൂടി അറിയാത്ത ഞാനും എന്റെ ബുദ്ധിശൂന്യമായ ചിന്തകളും..ഞാൻ വ്യത്യസ്തയല്ലെന്നും..ആരേയും പോലെ ഒരു വെറും പെൺകുട്ടി മാത്രമാണെന്നും..

എന്റെ ജീവിതത്തിലെ നീണ്ട പോകുന്ന വഴികൾ എന്റെ മുന്നിൽ തനിയെ പ്രത്യക്ഷപ്പെടും. ഇല്ലെങ്കിൽ വഴി അന്വേക്ഷിക്കുകയോ, വെട്ടിത്തെളിക്കുകയോ വേണം..മൂഢ സ്വർഗത്തിന്റെ മുട്ടയുടെ തോടാണിപ്പോൾ പൊട്ടിയത്‌..അതു നല്ലതു തന്നെ.

അവൾ എഴുന്നേറ്റ്‌ ബാൽക്കണിയിലേക്ക്‌ നടന്നു. താഴേക്ക്‌ നോക്കുമ്പോൾ, പരിചിതരായ വൃദ്ധ ദമ്പതികൾ സ്വർണ്ണമത്സ്യങ്ങളോട്‌ സംസാരിക്കാൻ കൈകോർത്ത്‌ നടക്കുന്നതാണ്‌ കണ്ടത്‌. അവർ ഭാഗ്യം ചെയ്തവർ. വിധി ജയിക്കുകയോ, വിധിയെ ജയിക്കുകയോ..അതെന്തുമാവട്ടെ, ജീവിതം നിരവധി അധ്യായങ്ങളുള്ള പുസ്തകമാണെന്ന അറിവുണ്ടായല്ലോ..അതു തന്നെ ധാരാളം. അവൾ ദീർഘമായി നിശ്വസിച്ചു, ആശ്വസിച്ചു.

Post a Comment

Thursday 8 December 2011

സ്വാതന്ത്ര്യത്തിന്റെ ശബ്ദം


കണ്ണുകൾ ചൂഴ്‌ന്നെടുക്കപ്പെട്ടെങ്കിലും,
ഞാൻ കണ്ടു കൊണ്ടിരുന്നു..
കാതുകളിലീയമൊഴിക്കപ്പെട്ടെങ്കിലും,
ഞാൻ കേട്ടു കൊണ്ടിരുന്നു..
ഉരുക്കുകൈകളാൽ വായ മൂടപ്പെട്ടെങ്കിലും,
എന്റെ ശബ്ദം നിങ്ങൾ കേട്ടു കൊണ്ടിരുന്നു..

അഗ്നിയിലേക്കെന്നെ എറിയുകയും,
നിലയില്ലാ കയത്തിൽ കല്ലു കെട്ടി താഴ്ത്തുകയും ചെയ്തു..
ഞാൻ ചാരനിറമുള്ള ചാമ്പലാവുകയോ,
ശ്വാസം തേടി പിടഞ്ഞ്‌, നിശ്ചലമാവുകയോ ചെയ്തില്ല..

ഞാൻ കാണുകയും, കേൾക്കുകയും, ശബ്ദിക്കുകയും
ചെയ്തു കൊണ്ടിരിക്കുന്നു..
ശബ്ദമില്ലാത്തവർക്കായി..
കാഴ്ച്ചയില്ലാത്തവർക്കായി..
നാവുകളില്ലാത്തവർക്കായി..

നൂറ്റാണ്ടുകളായി..
എന്റെ ശബ്ദത്തിനു മരണമില്ലെന്നു ഞാൻ നിങ്ങളോട്‌ പറയട്ടെ!

Post a Comment

Sunday 13 November 2011

ഒരു വേനൽക്കാലത്ത്


ബിജു ഓടുകയാണ്‌, അതിവേഗത്തിൽ. തനിക്കപരിചിതമായ വഴികളിലൂടെ. ചരലുകൾ ചിതറിക്കിടക്കുന്ന പരുക്കൻ ചെമ്മൺപാതയിലൂടെ, പായല്‌ പറ്റിപ്പിടിച്ച മതിലുകൾക്കിടയിൽ ഞെരുങ്ങി കിടക്കുന്ന ഊടുവഴികളിലൂടെ, തൊട്ടാവാടികൾ നിറഞ്ഞു നില്ക്കുന്ന വെളിമ്പ്രദേശത്തൂടെ. എവിടേക്കാണിത്ര വേഗത്തിലെന്ന് ചോദിച്ചുകൊണ്ട്, തൊട്ടാവാടി മുള്ളുകൾ അവന്റെ കാലുകളിൽ കൊളുത്തിപ്പിടിക്കാനൊരു ശ്രമം നടത്തി. അരികിലൂടെ പാഞ്ഞോടി പോയപ്പോൾ ചേമ്പിലകൾ അവനെ തല തിരിച്ചു നോക്കി. ശ്വാസം നിലച്ചു പോകുമെന്നു തോന്നുന്നുണ്ടവന്‌. എവിടെയെങ്കിലും ഒന്നിരിക്കണം. ഒന്നണയ്ക്കണം. നെഞ്ച് ശ്വാസം കിട്ടാതെ പിടയുന്നു. കാലിലെവിടെയൊക്കെയോ നീറ്റലറിയുന്നുണ്ട്. ചോര തെളിഞ്ഞു വരുന്നുണ്ടാവും. മുറിവുകളിലേക്ക് നോക്കാൻ സമയമില്ല. ഒരു കഴപ്പ്, ഉപ്പൂറ്റി മുതൽ കാൽമുട്ടു വരെ പിടിച്ചു കയറി വന്നു. പൊന്തക്കാട്ടിൽ നിന്ന് എത്തിനോക്കുന്ന പാമ്പ് പോലെ ഒരു വിയർപ്പുത്തുള്ളി അവന്റെ കൃതാവിനരികിലൂടെ പുറത്തേക്ക് വന്നു. ഒരു നിമിഷമവിടെ തങ്ങി നിന്ന ശേഷം അത് വേഗം താഴേക്കിഴഞ്ഞു. കനാലിനരികിലൂടെ അവൻ ഓടി. ദിക്കോ ദിശയോ അറിയാനാവുന്നില്ല. രക്ഷപ്പെടണം. എങ്ങനെയെങ്കിലും ഇവിടെ നിന്ന്...രഘു എവിടെ? അവനെ കാണുന്നില്ല. കുറച്ച് മുൻപ് വരെ അവൻ പിന്നിലുണ്ടായിരുന്നു...പിന്നിലേക്കൊന്ന് നോക്കാൻ പോലും സമയമില്ല. ബിജു ഓട്ടം തുടർന്നു.

ഏകദേശം ഒരാഴ്ച്ച മുൻപ്.
‘ടാ..ഞാനന്നൊരു കാര്യം പറഞ്ഞില്ലെ...?’ താത്പര്യം പ്രകടിപ്പിക്കാത്ത മട്ടിലാണ്‌ രഘു പറഞ്ഞത്. 
മുന്നിലിരിക്കുന്ന, കരി പിടിച്ച ചെറിയ മണ്ണെണ്ണ വിളക്കിൽ നിന്നും കറുത്ത പുകച്ചുരുളുകൾ ഇണചേർന്ന സർപ്പങ്ങളെ പോലെ മുകളിലേക്ക് പുളഞ്ഞുയർന്ന്‌ ഇരുട്ടിൽ അപ്രത്യക്ഷമായി.
‘എന്ത്‌ കാര്യം?’ ബിജുവിനു രഘുവെന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല.
‘ടാ, പതുക്കെ പറയെടാ...ഞാനന്ന് പറഞ്ഞില്ലെ?...കൊറച്ച് ദൂരെയൊരിടത്ത് പോണ കാര്യം...’
‘ഏത്? ആ പെണ്ണിനെ കാണാൻ പോണ...’ പറയുമ്പോൾ ബിജുവിന്റെ കണ്ണുകൾ വിളക്കിന്റെ തീനാളം പോലെ തെളിഞ്ഞു.
‘ങാ...അത്‌ തന്നെ...നീയൊന്ന്‌ പതുക്കെ പറ...’
കടയുടെ ചുറ്റിലുമായി വ്യാപിച്ചിരിക്കുന്ന ഇരുട്ടിലേക്ക് നോക്കി കൊണ്ട് രഘു ശബ്ദം താഴ്ത്തി താക്കീത് ചെയ്തു.

രഘുവിന്റെ അപ്പന്റേതാണാ പഴയ പലചരക്കു കട. ഇരുപത്തിയഞ്ച്‌ വർഷത്തിലധികമായി ആ കട റെയിൽ പാളത്തിനടുത്തായി കൂനിപ്പിടിച്ചു നില്പ്പുണ്ട്. വർഷങ്ങളോളം അസംഖ്യം ട്രെയിനുകളുടെ ഹോണുകളും കിതപ്പും മുരൾച്ചയുമൊക്കെ കേട്ടു പഴകിയ കട. പാളത്തിലൂടെ ട്രെയിനുകൾ കുതിച്ചു പായുമ്പോൾ, പ്രായാധിക്യം കാരണം അത് ചെറുതായി വിറയ്ക്കും. ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമെ വേലായുധേട്ടൻ കടയിൽ വന്നിരിക്കാറുള്ളൂ. വലിയ കൺസ്യൂമർ സ്റ്റോറുകൾ വരികയും, രാത്രികളിൽ പവർ കട്ട് ഏർപ്പെടുത്തുകയും ചെയ്തപ്പോൾ, സ്വാഭാവികമായി ആ പഴയ കടയിൽ കച്ചവടം കുറഞ്ഞു. പതിവുകാർ പോലും വലിയ സ്റ്റോറുകളിലേക്ക് പോയിത്തുടങ്ങി. അതിലയാൾക്ക് ചെറുതല്ലാത്ത ആവലാതിയുണ്ട്. രഘുവും ബിജുവും കുഞ്ഞുനാള്‌ മുതൽക്കെ കളിച്ചു വളർന്നവരാണ്‌. കൗമാരപ്രായമായപ്പോഴേക്കും അവർ ആരാലോ മുൻകൂട്ടി എഴുതപ്പെട്ട ജീവിതതിരക്കഥയനുസരിച്ച് രണ്ടു വഴികളിലേക്ക് നടന്നു തുടങ്ങിയിരുന്നു. എങ്കിലും അവർക്കിടയിലുള്ള സൗഹൃദബന്ധം കമ്പിയില്ലാ കമ്പി പോലെ തുടരുക തന്നെ ചെയ്തു. പുതിയ പുതിയ കാര്യങ്ങളറിയുന്നതിൽ സ്വാഭാവികമായ താത്പര്യം ഉണ്ടാവുന്നതിനിടയിലാണ്‌ തങ്ങൾ ഇതുവരേയും അനുഭവിക്കാത്തതും, അറിവു സമ്പാദിക്കാത്തതുമായ ചില ജീവിതവിഷയങ്ങളുണ്ടെന്ന്‌ മനസ്സിലാക്കിയത്. കണക്കിലെ കുഴഞ്ഞ പ്രശ്നങ്ങളും, ജീവശാസ്ത്രത്തിലെ ശാസ്ത്രീയനാമങ്ങളും പത്താം ക്ലാസ്സ് കഴിഞ്ഞ്‌ തുടർന്നു പഠിക്കാൻ വിലക്കിയെങ്കിലും, രഘുവിനതിൽ അശേഷം വിഷമം തോന്നിയില്ല. അപ്പന്‌ ഒരു കടയുണ്ട്. അതിനി നടത്തികൊണ്ട് പോകേണ്ടത് താൻ തന്നെ. അതാണവന്റെ ആത്മവിശ്വാസം. ബിജു കുറച്ചകലെയുള്ള കോളേജിലേക്ക് പഠിക്കാൻ പോയി തുടങ്ങിയിരുന്നു. കൂടെയുള്ള സുഹൃത്തുക്കൾ തങ്ങളുടെ പ്രേമബന്ധങ്ങളെ കുറിച്ച് പറയുമ്പോൾ, സ്ത്രീവിഷയങ്ങളിൽ അവർക്കുള്ള അവഗാഹം പങ്കുവെച്ചപ്പോൾ, തനിക്കു മാത്രമെന്തേ അതിനൊരു ഭാഗ്യമുണ്ടാകുന്നില്ല എന്നോർത്തവൻ നഖം കടിച്ചു. രാത്രികളിൽ മുറിക്കുള്ളിലേക്ക് നിലാവിനോടൊപ്പം അനാവശ്യചിന്തകളും കയറി വരുന്നുണ്ടോ എന്നവന്‌ സംശയമായി. ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങൾ വെറുതെ പാഴാക്കി കളയുകയാണെന്ന് സുഹൃത്തുക്കൾ നിരന്തരം പറഞ്ഞു കേൾപ്പിച്ചപ്പോൾ, തനിക്കുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം താൻ കരുതുന്നതിലും എത്രയോ അധികമാണെന്ന്‌ അവന്‌ തോന്നിത്തുടങ്ങി. വെറുതെ ഇരിക്കുമ്പോഴും എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്ന സാധാരണക്കാരന്റെ ആധി അവനേയും ബാധിച്ചു.

ഇരുട്ടിൽ, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം സാക്ഷിയാക്കി രഘു ബിജുവിനോട് ആ വിശേഷവാർത്ത വിശദമായി പങ്കുവെച്ചു. താൻ സ്വപ്നം കണ്ടിരുന്ന സുഖങ്ങൾ രഘു ഏതാനും ദിവസങ്ങൾക്ക് മുൻപ് അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സത്യം! എല്ലാം കേട്ടു കഴിഞ്ഞപ്പോൾ രഘുവിനോട് കടുത്ത അസൂയയാണ്‌ തോന്നിയത്.
ഒരു നിമിഷം നിരാശയോടെ മുഖം കുനിച്ച്‌ നിന്ന ശേഷം കുറ്റപ്പെടുത്തുന്ന സ്വരത്തിൽ ബിജു ചോദിച്ചു,
‘ഇങ്ങനെ ഒരു സംഭവം നടന്നിട്ട്...നീ ഇപ്പഴാണോടാ എന്നോട് പറയുന്നത്?’
‘അതെങ്ങനെയാ? നീ പഠിക്കാൻ പോയിട്ട് വരുമ്പോ നേരം താമസിക്കില്ലെ?’
പഠിക്കാൻ പോകുന്നത് കൊണ്ട് ഇതാ ജീവിതത്തിൽ ഒരു വലിയ നഷ്ടം സംഭവിച്ചിരിക്കുന്നു.
നഷ്ടബോധം നിറഞ്ഞ ആ ചിന്ത ഉപേക്ഷിക്കാനെന്ന മട്ടിൽ അവൻ തല കുടഞ്ഞു.
‘ഇത് പറ, നിന്നോടാരാ ആ സ്ഥലത്തെ പറ്റി പറഞ്ഞത്?’
‘ങാ!!  അത്‌ നീ അറിയണ്ട, നിനക്ക് പോകണോന്നുണ്ടെ പറ. ഞാൻ കൊണ്ടു പോകാം’
ആ ഒരു വാഗ്ദാനത്തിന്‌ ഉടനൊരുത്തരം കൊടുക്കാൻ ബിജുവിനു കഴിഞ്ഞില്ല.
‘അത്...ആരെങ്കിലും അറിഞ്ഞാൽ...’
‘എങ്ങനെയറിയാൻ? ഇപ്പോൾ തന്നെ... ഞാൻ പോയ കാര്യം നീ അറിഞ്ഞാ?’
‘അല്ല...പോലീസോ മറ്റോ...’
അപ്പോൾ പോകുന്നതിൽ ഒരു വിരോധമൊന്നുമില്ല അവന്‌. ഭയമാണ്‌ പ്രശ്നം. രഘു ബിജുവിനെ സൂക്ഷിച്ചു നോക്കി.
‘എന്ത്‌ പോലീസ്?...ഒരു പ്രശ്നവുമില്ല...നീ വിചാരിക്കുന്ന പോലെയല്ല...കൊറച്ച് ദൂരെയാ...ഒരു കുഞ്ഞു പോലും അറിയാൻ പോണില്ല...ഒരു കാര്യം ചെയ്യാം, ഈ വരുന്ന...വെള്ളിയാഴ്ച്ച...അല്ല...ശനിയാഴ്ച്ച പോകാം. എന്താ?’

ഇത്ര പെട്ടെന്ന് പോകണോ? രഘു കൂടെയുള്ളപ്പോൾ ശരിക്കും ഒന്നിനേയും പേടിക്കേണ്ട കാര്യമില്ല. അവന്‌ നല്ല തടിമിടുക്കുണ്ട്. ആരോടും എന്തും പറഞ്ഞു നില്ക്കാൻ അവനറിയാം. അവന്റെ നാവിൽ കൃത്യസമയത്ത് ശരിയായ വാക്കുകൾ വരും. തനിക്കാ സിദ്ധിയില്ല. മാത്രവുമല്ല, അവന്‌ ലോകപരിചയം കൂടുതലുണ്ട്. എത്ര പേരെയാണ്‌ ദിവസവും കാണുന്നതും, സംസാരിക്കുന്നതും.

‘അമ്മ വല്ലതും അറിഞ്ഞാൽ...’ എന്തോ ചില അരുതായ്മകൾ താൻ ചെയ്യാൻ പോകുകയാണ്‌. വീണ്ടുവിചാരങ്ങൾ ചിന്തകളെ ചവിട്ടിപ്പിടിച്ചു വെയ്ക്കുന്നതു പോലെ.
‘ഹോ! നിന്നെ കൊണ്ട് തോറ്റു. അമ്മയെങ്ങനെ അറിയാനാണ്‌?! ഇതൊക്കെ ചെറിയ കാര്യമല്ലെ? എല്ലാവരുടെയും ജീവിതത്തിൽ ഇതൊക്കെ ഉണ്ടാവും. നിനക്ക് നമ്മുടെ ശശിയെ അറിയാവോ?’
‘ങെ...ഏത്?...ആ കുള്ളൻ ശശിയാ?’
‘അവൻ കുള്ളനൊന്നുമല്ല... നീയാ കുള്ളൻ. അവനീ കാര്യത്തിൽ ജഗജില്ലിയാ...’
‘പക്ഷെ...അവനെ കണ്ടാൽ ഒന്നും തോന്നൂല്ലല്ലോ...’
‘ഇതെങ്ങനെയാടാ കണ്ടാൽ തോന്നുന്നെ!... നിനക്ക് വേണ്ടെങ്കി വേണ്ട...വിട്ടേക്ക്’

താൻ വില കുറച്ചു കണ്ടിരുന്ന കുള്ളൻ ശശി ഇതാ തന്നെ തോൽപ്പിച്ചിരിക്കുന്നു! താനിവിടെ ഇപ്പോഴും സ്വപ്നങ്ങളുടെ കുളത്തിൽ മുങ്ങി കിടക്കുന്നു. എന്നാൽ ഇപ്പോഴിതാ അന്വേഷിച്ചത് പോലുമില്ല, ആഗ്രഹിച്ചതേയുള്ളൂ അവസരം മുന്നിൽ വന്ന് കൈ നീട്ടി നില്ക്കുന്നു.

അന്ന്‌ രാത്രി ബിജുവിനെ ചിന്തകൾ ഉറങ്ങാനനുവദിച്ചില്ല. കല്ലേറ്‌ കൊണ്ട തേനീച്ചക്കൂട്ടം പോലെയായി മനസ്സ്.
എന്ത്‌ കള്ളം പറയും?
പോയിവരാൻ എത്ര സമയമെടുക്കും?
കാണാൻ...എങ്ങനെയുണ്ടാവും?
കാണുമ്പോൾ...എന്തൊക്കെ...എവിടെയൊക്കെ...എങ്ങനെയൊക്കെ...
സ്വയം ചോദിച്ച ചോദ്യങ്ങൾക്കിടയിൽ കിടന്ന് ബിജു ഉറങ്ങി പോയി.

ഉണർന്നെഴുന്നേറ്റപ്പോഴും ചിന്തകൾ ബിജുവിനെ പിന്തുടർന്നു.
കൃത്യമായി സ്ഥലമെവിടെയെന്ന് രഘു പറഞ്ഞിട്ടില്ലെങ്കിലും ബസ്സിൽ പോകണമെന്നല്ലെ പറഞ്ഞത്? അപ്പോൾ കുറച്ചകലെയാണ്‌. അതേതായാലും നന്നായി. ഇവിടെ താൻ മര്യാദാപുരുഷോത്തമനാണ്‌. അനാവശ്യമായി ഒരു വാക്ക് പോലും ആരോടും സംസാരിക്കാത്തവനാണ്‌. അമ്മയ്ക്ക് മുന്നിൽ എല്ലാ നന്മകളുടെയും ആൾരൂപമാണ്‌. നല്ല അനുസരണയുള്ള മകനാണ്‌. ഒരേയൊരു സന്തതി... അവസാനചിന്ത മാത്രം ബിജുവിന്റെ ഉള്ളിൽ ഒരു ചൂണ്ടക്കൊളുത്ത് പോലെ ഉടക്കി. സകല പ്രതീക്ഷകളോടുമാണ്‌ അമ്മ വളർത്തുന്നത്. വീടിന്റെ നെടുംതൂൺ ആവേണ്ടവൻ. അച്ഛന്റെ മരണം, എല്ലാ ഉത്തരവാദിത്വവും തന്റെ ചുമലിലേക്കാണ്‌ എടുത്തു വെച്ചത്. പക്ഷെ...അതെല്ലാം എന്തിന്‌ ഇതുമായി കൂട്ടിക്കുഴയ്ക്കണം? ഇത്‌ വെറുമൊരു നേരമ്പോക്ക്. അല്ലെങ്കിൽ തന്നെ ഈയൊരു കാര്യം ചെയ്യാനാഗ്രഹിക്കുന്ന ആദ്യത്തെ ആളൊന്നുമല്ലല്ലോ താൻ.
ആഗ്രഹങ്ങൾ ആത്മനിയന്ത്രണങ്ങളുടെ കെട്ട്‌ വിട്ടു പായുമ്പോൾ, അരുതെന്ന് മനസ്സ് പറയുന്നതിനൊക്കെയും തന്റേതായ ന്യായവാദങ്ങൾ കൊണ്ട് മൂടുക - ഏതൊരു സാധാരണക്കാരനെ പോലെയും അവൻ കണ്ടെത്തിക്കൊണ്ടിരുന്നു. താൻ ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതും തികച്ചും സ്വാഭാവികം. ഈ പ്രായത്തിൽ ചെയ്യേണ്ടതൊക്കെയും ഈ പ്രായത്തിൽ തന്നെ ചെയ്യണം.

വേണ്ടത് വീട്ടിൽ പറയാൻ ഒരു കാരണമാണ്‌. നിസ്സാരമായൊരു നുണ. ഒരു സിനിമ കാണാൻ പോകുന്നു. അവിടെ അടുത്തൊരു സുഹൃത്തുണ്ട്. അവന്റെ വീട്ടിലുമൊന്ന് പോകണം. തിരികെ വരുമ്പോൾ കുറച്ച് വൈകും. കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് രണ്ട് വട്ടം പറഞ്ഞു നോക്കി. പിന്നീട് ആത്മവിശ്വാസത്തോടെ അമ്മയുടെ മുന്നിൽ ചെന്ന് നിന്ന്‌ പറഞ്ഞു ഫലിപ്പിച്ചപ്പോൾ സമാധാനമായി.

ശനിയാഴ്ച്ച.
പറഞ്ഞയിടത്ത് ബസ്സിറങ്ങിയപ്പോൾ, അടുത്തുള്ള പീടികയുടെ മുന്നിൽ തന്നെ രഘു ഒരു പോസ്റ്റിൽ ചാരി നിൽക്കുന്നത് ബിജു കണ്ടു. ഒന്നിച്ച് പോകുന്നത് ബുദ്ധിയല്ല എന്ന് പറഞ്ഞത് രഘുവാണ്‌. ബുദ്ധിമാൻ. അവന്റെ കൃത്യനിഷ്ഠ അത്ഭുതപ്പെടുത്തുന്നില്ല. അവൻ വാക്ക് പറഞ്ഞാൽ വാക്കാണ്‌. അവനെ വിശ്വസിക്കാം. എങ്കിലും ഒരു ചെറിയ ഒരു ഭയം ഇല്ലാതില്ല. അതു പക്ഷെ പുറത്ത് കാട്ടാൻ പാടില്ല. തന്റെ മൂക്കിനു താഴെയും കറുത്ത രോമങ്ങളുണ്ട്. ജീവിതത്തിൽ എന്നെന്നും ഓർത്താസ്വദിക്കാനുള്ള ദിവസമാണ്‌.

രണ്ട്‌ വട്ടം ഓട്ടോ മാറി കയറി. അതൊക്കെയും, ആരും തങ്ങൾ പോകുന്നതെവിടെയെന്നറിയാതിരിക്കാനുള്ള വിദ്യയെന്നാണ്‌ രഘു പറഞ്ഞത്. സ്ഥലമെത്തിയപ്പോൾ രഘു ഇറങ്ങി മുന്നിൽ നടന്നു. ബിജു പിന്നാലെയും. അത്രയ്ക്ക് ചൂടുള്ള ദിവസമല്ല. പക്ഷെ വിയർക്കുന്നു. അവൻ ചുറ്റിലും നോക്കി കൊണ്ടിരുന്നു. ഈ പ്രദേശത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ്‌ ഇവിടെ വരുന്നത്. ഒന്നോ രണ്ടോ ഓട്ടോറിക്ഷകൾ, സൈക്കിളുകൾ അവരെയും കടന്നു പോയി. ജവുളി കടകൾ, ചായപീടികകൾ, ഒരു മില്ല്‌, ചെറിയൊരു പച്ചക്കറിക്കട... പട്ടണമാവാൻ കൊതിച്ചു നില്ക്കുന്ന ഒരു ഗ്രാമപ്രദേശമെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. കുറച്ച് നടന്ന് അവർ വീതി കുറഞ്ഞൊരു വഴിയിലേക്ക് കയറി. അല്പദൂരം കഴിഞ്ഞപ്പോൾ ആ വഴിയും ചെറുതായി. പിന്നീടത്, ടാറ്‌ സ്വപ്നം കണ്ട് കിടക്കുന്ന ചെമ്മണ്‌ പാതയായി. അവിടെ നിന്ന് മറ്റൊരു വഴിയിലേക്ക്. ഇപ്പോൾ ഒന്നോ രണ്ടോ പേർക്ക് നടക്കാവുന്ന വീതി മാത്രമേയുള്ളൂ. ഇരുവശത്തും പറമ്പ്. തെങ്ങിൻ തോപ്പാണ്‌. കൈലിയുടുത്ത് ഒന്നു രണ്ടു ചെറുപ്പക്കാർ അവരെയും കടന്നു പോയി. അതിലൊരുവൻ തന്നെ തുറിച്ച് നോക്കിയോ? ബിജുവിനു സംശയമായി.

രഘു പറഞ്ഞിടം എവിടെയാണ്‌? ബിജുവിന്‌ ആകാംക്ഷ അടക്കാനാവുന്നില്ല. രഘുവാണങ്കിൽ ഒന്നും സംസാരിക്കാതെ പോവുകയാണ്‌. അവന്റെയൊപ്പമെത്താൻ ബിജുവിന്‌ പതിയെ ഓടേണ്ടി വന്നു.
‘എടാ ഇനി എത്ര ദൂരമുണ്ട്?‘ 
’നീ വാ...‘

നടന്ന് അവർ വഴി വിട്ട് ഒരു പറമ്പിലേക്ക് കയറി. അതിരടയാളമായി നാട്ടിയ കല്ലുകൾ. മുട്ടോളം പൊക്കത്തിൽ കുറ്റിച്ചെടികൾ, കാട്ടുചെമ്പരത്തികൾ, ഉറക്കം തൂങ്ങുന്ന ചേമ്പിലകൾ. ദൂരെയായി പാടം കാണാം. പറമ്പ്‌ മുഴുവനും തൊട്ടാവടി ചെടികളുണ്ടായിരുന്നു. ചെറിയ വയലറ്റ്‌ പൂക്കൾ. തൊട്ടാവാടിയുടെതാവാം, ഏതൊ ചെടിയുടെ മുള്ളുകൾ ബിജുവിന്റെ കാലിലുരസുകയും പോറലുണ്ടാവുകയും ചെയ്തു.

’ഇവിടെ മുഴുവനും മുള്ളാണല്ലൊ...‘ അതും പറഞ്ഞ്‌ ബിജു നിന്നു. അവൻ പിന്നിലേക്ക് കാല്‌ മടക്കി തല കുനിച്ചു നോക്കി. ചെറുതായി ചോര പൊടിഞ്ഞിരിക്കുന്നു.
’ചോര വന്നല്ലൊ! നല്ല ശകുനം. അപ്പോളെല്ലാം നന്നാവും. ഇനി ഒന്നും പേടിക്കണ്ട!‘
എന്തു പേടി? മുഖത്ത് പേടിയുടെ ഭാവമുണ്ടോ? ഈർഷ്യ പുറമെ കാട്ടാതെ രഘുവിന്റെ പിന്നാലെ നടന്നു. ഇതു വരെ ആയില്ലെ. ഇനി ചിലപ്പോൾ കുറച്ച് ദൂരം കൂടിയേ ഉണ്ടാവൂ.

ചെന്നു നിന്നത് ഒരു ഓടിട്ട വീടിനു മുന്നിലാണ്‌. പായലു പിടിച്ച മതിലുകൾ വീടിനെ വളഞ്ഞു നിൽപ്പുണ്ട്. ഉയരത്തിൽ നിന്നും നോക്കിയാൽ ആ മതിൽ ഒരു പക്ഷെ ആ വീടിനെ ചുറ്റി കിടക്കുന്ന ഒരു പാമ്പ് പോലെ തോന്നുമായിരിക്കും. ഒരപരിചിതന്റെ മുന്നിൽ ചെന്ന്‌ പെട്ടത് പോലെ ആ വീടിനെ നോക്കി നിന്ന ബിജുവിനെ രഘു കൈയ്യിൽ പിടിച്ച് കൊണ്ടു വന്ന്‌ അടഞ്ഞു കിടന്ന മുൻവാതിലിന്‌ മുന്നിൽ നിർത്തി. പതിയെ രണ്ട് മുട്ട്. അല്പനേരം കഴിഞ്ഞ് അകത്തു നിന്നും ആരോ നടന്നു വരുന്ന പതിഞ്ഞ ശബ്ദം കേട്ടു. പാതി തുറന്ന വാതിലിനിടയിലൂടെ ഒരു മദ്ധ്യവയസ്ക്കന്റെ മുഖം കണ്ടു. ക്ഷൗരം ചെയ്യാത്ത മുഖം. ഒട്ടിയ കവിളുകൾ. കണ്ണുകൾക്ക് താഴെയായി വീർത്ത സഞ്ചികൾ. നരച്ച താടി രോമങ്ങൾ അലസമായി തടവിക്കൊണ്ടയാൾ രണ്ടു പേരെയും നോക്കി. കണ്ണ്‌ കൊണ്ടൊരു കണക്കുകൂട്ടൽ. ബിജുവിന്‌ താൻ ഒരു നിമിഷം കൊണ്ട് വിവസ്ത്രനായതു പോലെ തൊന്നി. ഒരു സ്വാഭാവിക പ്രതികരണം പോലെ ബിജു രഘുവിന്റെ പിന്നിലേക്ക് ഒതുങ്ങി. ഇയാളുടെ കണ്ണുകളും നോട്ടവും ശരിയല്ല. ഏതോ മൃഗത്തിന്റെ രൂപമാണയാൾക്ക്. ഏത്‌ മൃഗമാണിത്?

‘മനസ്സിലായില്ലെ...?’ രഘു ശബ്ദം താഴ്ത്തി ചോദിച്ചു.
‘ഉം...’ ഒരു വരണ്ട മൂളൽ ശബ്ദം.
‘ഇതാണ്‌ ഞാൻ പറഞ്ഞ...’ രഘു തുടർന്നു.
‘ഉം ഉം...’ ഈ പ്രാവശ്യം മൂളലിനൊരു പ്രത്യേക താളമുണ്ടായിരുന്നു.
‘കൊണ്ടു വന്നിട്ടുണ്ടൊ?’ അപ്പോൾ രൂപത്തിനു സംസാരിക്കാനറിയാം. ബിജു അയാളിൽ നിന്നും കണ്ണെടുത്ത് ചുറ്റും നോക്കി. ഒരു വല്ലാത്ത പ്രദേശം. ദൂരെയെവിടെയോ ഒരു ഉപ്പൻ പതിവു ചോദ്യം ഉറക്കെ ചോദിക്കുന്നത് കേട്ടു. ബിജുവിന്‌ ഒരുപാട് ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു.
എന്തു പ്രായം വരും?
വല്ല അസുഖവും വരുമോ?
പക്ഷെ അതൊക്കെയും നേരത്തെ ചോദിക്കേണ്ട ചോദ്യങ്ങളായിരുന്നു. ഇനിയിപ്പോൾ സമയമില്ല.

സഞ്ചി തൂക്കിയിട്ട കണ്ണുകൾ ചുറ്റും ആരേയോ പരതി. എന്നിട്ടയാൾ ഒരു വശത്തേക്ക് വഴിമാറി. ബിജുവിന്‌ ചെരിപ്പ് പുറത്ത് ഊരിയിടണോ വേണ്ടയോ എന്നു സംശയമായി.
‘ചെരുപ്പൂരണ്ട’ രഘു പതിയെ പറഞ്ഞത് കേട്ടു.
ബിജുവും രഘുവും അകത്തേക്ക് കയറിയതും ശബ്ദമുണ്ടാക്കാതെ അയാൾ വാതിലടച്ചു.

കാഴ്ച്ച തെളിയാൻ സമയമെടുത്തു. വോൾട്ടേജ് കുറഞ്ഞ ഒരു ബൾബ്ബ് മുറിയുടെ നടുവിലായി ആത്മഹത്യ ചെയ്തവനെ പോലെ തൂങ്ങി കിടക്കുന്നു. കുമ്മായമിളകി തുടങ്ങിയ ചുവരുകൾ. ഒരു മൂലയിലായി തറയിൽ ചുളിവു നിറഞ്ഞ ഒരു പഞ്ഞിമെത്ത, ഒരു ചെറിയ മേശ. അതിന്‌ മുന്നിലായി ഒരു കസേര. അതിലൊരു മുഷിഞ്ഞ തോർത്ത്. മുറിയുടെ മൂലയിലായി ഒരു പായ ചുരുട്ടി വെച്ചിരിക്കുന്നു. ഇയാൾ സദാ സമയവും ഉറക്കമായിരിക്കും. ആ മെത്ത കണ്ടാലറിയാം, ഇപ്പോൾ കിടപ്പിൽ നിന്നെഴുന്നേറ്റ് വന്നതേയുള്ളൂവെന്ന്. തൊട്ടു നോക്കിയാലറിയാം, അതിൽ ചൂടുണ്ടാവും. ബിജു അയാളെ നോക്കി. മെലിഞ്ഞ് അല്പം കൂനിപ്പിടിച്ച ദുർബ്ബലമായ ശരീരം. ഒരു മുഷിഞ്ഞ കൈലി മാത്രമാണ്‌ വേഷം. എഴുന്ന് നില്ക്കുന്ന നരച്ച രോമം നിറഞ്ഞ കുഴിഞ്ഞ നെഞ്ച്. കഷണ്ടി കയറിയ ശിരസ്സ്. 

രഘു ചോദ്യഭാവത്തിൽ അയാളെ നോക്കി. ഒരു മുറിയുടെ ചാരിക്കിടന്ന തടിവാതിലിലേക്ക് അയാൾ താടിയുയർത്തി കാണിച്ചു. രഘു ബിജുവിനോട് കണ്ണു കൊണ്ട് ‘അങ്ങോട്ട് പോയ്ക്കോളൂ’ എന്നാംഗ്യം കാണിച്ചു. 

ഇതാണ്‌ താൻ കാത്തിരുന്ന സ്വപ്നമുഹൂർത്തം. എന്നാൽ കാലുകൾ ചലിക്കുന്നില്ല. കൈകളിൽ തണുപ്പ് പടർന്നിരിക്കുന്നു. തല ശൂന്യമായിരിക്കുന്നു. ചിലപ്പോൾ താനീ കാണുന്നത് മുഴുക്കേയും സ്വപ്നമായിരിക്കും. സ്വപ്നമാണെങ്കിൽ കണ്ണ്‌ തുറക്കരുത്. ഉണർന്നാൽ ഈ സ്വപ്നം മുഴുക്കെയും ഉടഞ്ഞു ചിതറും. വീണ്ടും തന്റെ കിടക്കയിൽ... വലത്തേക്ക് തല ചെരിച്ചു നോക്കിയാൽ ഒരു പാളി തുറന്നിട്ടിരിക്കുന്ന ജനൽ... അല്ല, ഇതൊന്നും സ്വപ്നമല്ല. ഇതാണ്‌ യാഥാർത്ഥ്യം. എത്രയോ ദൂരം സഞ്ചരിച്ച്, എത്രയോ പേരുടെ കണ്ണ്‌ വെട്ടിച്ച് വന്ന്‌, കുമ്മായമിളകി വീഴുന്ന ചുവരുകളുള്ള ഒരു വീടിനുള്ളിനാണ്‌ താനിപ്പോൾ.

രഘു വീണ്ടും ബിജുവിനെ കണ്ണു കാണിച്ചു. മൂന്നാമൻ ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ശബ്ദമുണ്ടാക്കാതെ നടന്നു പോയി തറയിലിട്ടിരുന്ന പഞ്ഞിമെത്തയിൽ ചുരുണ്ട് കിടപ്പായി. അത്രയും സമാധാനം. അയാളുടെ സാന്നിധ്യം തന്നെ ഒരു വല്ലാത്ത അറപ്പുണ്ടാക്കിയിരുന്നു. താൻ രഘുവിനു കൊടുത്ത പണമെപ്പോഴാണവൻ അയാൾക്ക് കൊടുത്തത്? അത് ശ്രദ്ധയിൽ പെട്ടില്ലല്ലോ. ആരുടെയും ശ്രദ്ധയിൽ പെടാതെ കാര്യങ്ങൾ ചെയ്യാനുള്ള വൈദഗ്ദ്യമവനുണ്ട്.

വാതിലിന്‌ നേർക്ക് നടക്കുമ്പോൾ പൊട്ടിയടർന്ന സിമന്റു തറയിൽ ചെരുപ്പുരഞ്ഞ് വല്ലാത്ത ശബ്ദമുണ്ടായി. അവൻ ചെരുപ്പൂരിയിട്ടു. വാതിലിൽ മുട്ടണോ? വേണ്ട. ചാരി കിടക്കുകയല്ലെ? അനുവാദം കിട്ടിയതല്ലെ? തല ചെരിച്ച് ഒരു വട്ടം കൂടി രഘുവിനെ നോക്കിയ ശേഷം വാതിൽ തള്ളിത്തുറന്ന് ബിജു അകത്തേക്ക് കയറി. നേരിയ വെളിച്ചം വിതറുന്ന ഒരു ബൾബ് മച്ചിൽ നിന്നും ഇറക്കിയിട്ടിട്ടുണ്ട്. മുറിയുടെ മൂലയിൽ ചുരിദാറിട്ടൊരു രൂപം. അഴിച്ചിട്ടിരിക്കുന്ന മുടി, മുന്നിൽ ചുമലിലേക്ക് വീണ്‌ കിടപ്പുണ്ട്. രൂപത്തിനു നിറം കറുപ്പുമല്ല, വെളുപ്പുമല്ല. ഇവൾക്ക് തന്നെക്കാൾ പ്രായം കുറവാണ്‌! എന്തായായിരിക്കും ഇവളും, മുൻവശത്തെ മുറിയിൽ ചുരുണ്ടു കൂടി കിടക്കുന്ന മൃഗവുമായുള്ള ബന്ധം? മകളാവുമോ? അതോ മറ്റെവിടെ നിന്നെങ്കിലും ഇവളെ കൊണ്ടു വന്നതാവുമോ? അവൾ ബിജുവിനെ തന്നെ സൂക്ഷിച്ച് നോക്കുകയായിരുന്നു. ബിജുവിനു എന്തോ ചോദിക്കണമെന്നു തോന്നി. പക്ഷെ നാവ്‌ വരണ്ടു പോയിരിക്കുന്നു. വികാരമെല്ലാം തണുത്തു പോയിരിക്കുന്നു. ഭയം മാത്രമാണ്‌ ബാക്കി.
‘വാതിലടയ്ക്ക്...’ മൃദുവെങ്കിലും മൂർച്ചയുള്ള പെൺസ്വരം.
അനുസരണയോടെ ബിജു വാതിലടച്ചു.
പതിയെ നടന്ന്‌ അവളുടെ അടുക്കലേക്ക് പോയി. ഇതാദ്യമായാണ്‌ ഇങ്ങനെ ഒരു കാര്യത്തിനു പോകുന്നതെന്നവൾ അറിയരുത്. മൂക്കിനു താഴെയുള്ള കറുത്ത രോമങ്ങൾ...താനൊരു ചെറിയ ചെക്കനൊന്നുമല്ല. ആ കാര്യം ഒരിക്കലും മറക്കാൻ പാടില്ല.
നേരെ ചെന്ന് അവളുടെ കൈയ്യിൽ പിടിക്കുകയാണ്‌ ചെയ്തത്.
‘ആദ്യമായിട്ടാണല്ലെ...?’ അതു പറഞ്ഞ് അവൾ ചെറുതായി ചിരിച്ചു. ഒപ്പം വലതു കൈയുയർത്തി സ്വന്തം വാ പൊത്തുകയും, മുഖം കുനിക്കുകയും ചെയ്തു.
ഒന്നു വിളറിയെങ്കിലും ബിജുവും ചിരിച്ചു.
‘എങ്ങനെ മനസ്സിലായി...?’ മൂക്കിനു താഴെയുള്ള രോമങ്ങളുടെ കാര്യം ഒരു നിമിഷം മറന്ന്, വളരെ നിഷ്ക്കളങ്കമായി അവൻ ചോദിച്ചു.
‘അത്‌...പറഞ്ഞു തരാം...’ കുസൃതിയോടെ പറഞ്ഞ്‌ കൊണ്ടവൾ ബിജുവിന്റെ കൈയ്യിൽ പിടിച്ചു. 
ഘോരമഴ പെയ്യുന്ന നേരത്ത് മിന്നൽപ്പിണറുകൾ ആകാശത്ത് വെള്ളിവേരുകൾ വരച്ച് അപ്രത്യക്ഷമാകുന്നത് കണ്ടിട്ടുണ്ട്. എന്നാലാദ്യമായി സ്വന്തം ശരീരത്തിനുള്ളിൽ...

മുറിക്ക് പുറത്ത് രഘു പോക്കറ്റിൽ നിന്നും ഒരു സിഗറെറ്റെടുത്ത് കത്തിച്ചു. മധ്യവയസ്ക്കൻ അപ്പോഴേക്കും പുതപ്പിനടിയിലേക്ക് നൂണ്ടു കഴിഞ്ഞിരുന്നു. തീപ്പെട്ടി ഉരച്ചതിന്റെ ശബ്ദം കേട്ട് പുതപ്പിനുള്ളിൽ നിന്നും ഒരു തല പുറത്തേക്ക് നീണ്ടു. എന്നിട്ടതു പോലെ ഉള്ളിലേക്ക് പോയി. കടലാമയുടേതു പോലെ തോന്നിച്ചു ആ ചലനങ്ങൾ. രഘു പുകയൂതി വിട്ടു കൊണ്ടിരുന്നു.

കുറെ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ, പുറത്ത് ചില കാൽപെരുമാറ്റങ്ങൾ കേട്ടതു പോലെ രഘുവിനു തോന്നി. അവനെഴുന്നേറ്റ് ചെന്ന് മുൻവശത്തെ വാതിലിന്റെ വിടവിലൂടെ നോക്കി. എന്നിട്ട് പരിഭ്രാന്തിയോടെ ബിജു കയറി പോയ മുറിയുടെ മുന്നിലേക്ക് ഓടി. 

‘ടാ, തുറക്കടാ, വേഗം പുറത്തേക്ക് വാടാ...’
രഘുവിന്റെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം കേട്ട്, തന്നെ മൂടിയിരിക്കുന്ന നീളമുള്ള മുടിയിഴകൾക്കിടയിൽ നിന്ന് ബിജു തലയുയർത്തി.
രഘുവിന്റെ ശബ്ദം തന്നെയല്ലെ?
മുൻവശത്തെ വാതിലിൽ തുടർച്ചയായി മുട്ടുന്ന ശബ്ദം.
എന്താണ്‌...? എന്താണ്‌ നടക്കുന്നത്...?
‘എടാ...ഓടിക്കോടാ...’
പരിഭ്രാന്തി മാത്രമല്ല, ഒരു വലിയ അപകടം മുന്നിൽ കണ്ടതു പോലുള്ള നിലവിളിയാണ്‌. രക്ഷപ്പെടാനുള്ള മുന്നറിയിപ്പാണ്‌. എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്. അല്ലെങ്കിൽ അവൻ ഇങ്ങനെ വിളിക്കില്ല. അവന്റെ ഈ ശബ്ദം തനിക്കപരിചിതമാണ്‌.

ബിജു ചാടിയെഴുന്നേറ്റ് വസ്ത്രങ്ങളണിഞ്ഞു. ഷർട്ടിന്റെ കുടുക്കുകളിടുന്നതിനൊപ്പം നടന്ന് ചെന്ന് വാതിൽ തുറന്നു. തൊട്ടു മുന്നിൽ തന്നെ രഘു നിൽപ്പുണ്ടായിരുന്നു. രഘു ബിജുവിന്റെ കൈപിടിച്ച് വലിച്ച് മുൻവശത്തെ മുറിയിലേക്ക് നീക്കി നിർത്തി. അവന്റെ പിടുത്തത്തിനു വല്ലാത്ത ബലമുണ്ടെന്നു ബിജുവിനു തോന്നി. 
‘എടാ...കുറേ പേര്‌...നമുക്ക് എത്രേം പെട്ടെന്ന് ഇവിടുന്ന് പോണം’ അതു പറയുമ്പോൾ രഘു ചെറുതായി കിതയ്ക്കുന്നത് കണ്ടു. ഇത്രയും ഭയം അവന്റെ മുഖത്ത് മുൻപൊരിക്കലും കണ്ടിട്ടില്ല. അരണ്ട വെളിച്ചത്തിലും കണ്ടു, മുറിയുടെ മൂലയിലായി പഞ്ഞിമെത്തയിൽ മദ്ധ്യവയസ്ക്കൻ എഴുന്നേറ്റ് നില്ക്കുന്നത്. ഇപ്പോൾ അയാളുടെ കണ്ണുകളിൽ ഉറക്കമില്ല. കണ്ണും മിഴിച്ച്, വായും പൊളിച്ചങ്ങനെ നില്ക്കുകയാണ്‌. ബിജുവിനു തലയിലേക്ക് രക്തം ഇരച്ച് കയറുന്നതായി തോന്നി. തലമുടിക്ക് തീ പിടിച്ചത് പോലെയാണ്‌ രഘു നില്ക്കുന്നത്.

‘തൊറക്കെടാ...’
‘ഇന്നു കൊണ്ടിതു അവസാനിപ്പിക്കും’
‘കൊറച്ച് നാളായി തുടങ്ങീട്ട്’
‘ഇറങ്ങി വാടാ നായിന്റെ മക്കളെ...!’
‘ഇവനേയൊക്കെ കെട്ടിയിട്ടടിക്കണം’
വീടിനു പുറത്ത് നിന്നുമുള്ള ആക്രോശങ്ങളുടെയും, ഭീഷണികളുടെയും ശബ്ദം ബിജു അപ്പോഴാണ്‌ ശ്രദ്ധിച്ചത്. ശബ്ദങ്ങളുടെ ശക്തി കൂടി വന്നു. വാതിലിൽ ആരൊക്കെയോ ശക്തിയായി തട്ടുന്നുണ്ട്. ഏതു നിമിഷവും പുറത്ത് നില്ക്കുന്നവർ വാതിൽ തല്ലിത്തകർത്ത് അകത്തേക്ക് വരുമെന്നു തോന്നുന്നുണ്ട്.

ബിജു ഒരു നിമിഷം തിരിഞ്ഞു നോക്കി. എന്തോ പന്തികേട് തോന്നിയത് കൊണ്ടാവണം, വാതിലിനരികിലേക്ക് അവളും വന്നിരുന്നു. ചാരിയിട്ടിരുന്ന വാതിൽ മറഞ്ഞ് അഴിഞ്ഞമുടിയോടെ, ആ പെൺമുഖം. ഒരു കണ്ണു മാത്രം കാണാം. നിർവ്വികാരത നിറഞ്ഞ ഒരു കണ്ണ്‌. വാതിൽ പിടിച്ചിരുന്ന ചുവന്ന വളയിട്ട കൈകൾ പതിയെ താഴേക്കൂർന്ന് അകത്തേക്ക് മറഞ്ഞു. വാതിലടയുകയും ചെയ്തു.

‘നീ വാടാ’ അതും പറഞ്ഞ് രഘു ബിജുവിന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് വീടിന്റെ പിൻഭാഗത്തേക്ക് ഓടി. വാതിൽ തുറന്ന് പുറത്തേക്ക് രണ്ടു പേരും ചാടുകയായിരുന്നു. അപ്പോഴേക്കും വീട് ചുറ്റി പിൻഭാഗത്തേക്കോടി വരുന്ന കുറച്ചു പേരെ അവർ കണ്ടു. സർവ്വശക്തിയുമെടുത്തോടുമ്പോൾ, ‘അവന്മാരതാ!’, ‘വിടരുത് ഒരുത്തനേയും’ എന്ന ചില വിളികൾ അവരെ പിൻതുടർന്നു.
‘ടാ, ആദ്യം കാണുന്ന ബസ്സിൽ കയറിക്കോ’ ഓടുന്നതിനിടയിൽ രഘു വിളിച്ചു പറഞ്ഞതു ബിജു കേട്ടു.
ഓട്ടത്തിന്റെ വേഗത കൂടി. ഏതോ ഒരു നിമിഷത്തിൽ അവർ വഴി പിരിഞ്ഞോടി. കുറേ ദൂരം പിന്നിട്ട രഘു തിരിഞ്ഞു നോക്കുമ്പോൾ ആരേയും കാണുകയുണ്ടായില്ല. ബിജു എവിടെ?...അവനെവിടെയെങ്കിലും വീണു പോയിരിക്കുമോ?...അതോ അവരവനെ പിടികൂടിയിരിക്കുമോ?...അതോ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാണോ?... പാലത്തിനടുത്ത് വരെ അവനുണ്ടായിരുന്നു. അവിടെ വെച്ചായിരിക്കും അവൻ വഴി മാറി ഓടിയിട്ടുണ്ടാവുക. പാലത്തിനപ്പുറം ഒരു ബസ്റ്റോപ്പുണ്ട്. അവിടെ താൻ പോയിട്ടുള്ളതാണ്‌. രഘു ഓർത്തെടുത്തു. ഒരു പക്ഷെ അവൻ ഇപ്പോഴേതെങ്കിലും ബസ്സിൽ ചാടിക്കയറിയിട്ടുണ്ടാവും. ശ്ശെ, തനിക്ക് പറ്റിയ ഒരു വലിയ തോൽവി. ഇതുപോലുള്ള കാര്യങ്ങളിൽ ഇതു വരെയും ഒരു ചെറിയ പിഴവ് പോലും വന്നിട്ടില്ല. അവനെ വിളിച്ചു കൊണ്ട് വന്നിട്ട്...ഇനിയെങ്ങനെ അവന്റെ മുഖത്ത് നോക്കും?...

രഘു തിരിച്ചെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. 
‘ഇനി അപ്പൻ പോയ്ക്കോള്ളൂ’
കടയിലേക്ക് കയറുമ്പോൾ രഘു പറഞ്ഞു.
‘നീ വല്ലതും കഴിച്ചോ?’
‘ഉം...’ 
വിശപ്പ്...അതെപ്പോഴോ കെട്ടു പോയിരുന്നു. കടയിൽ ആളുകൾ വരികയും പോവുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോഴെല്ലാം ബിജുവിന്റെ മുഖം അവിടെല്ലാം രഘു തിരഞ്ഞു കൊണ്ടിരുന്നു. അവൻ ഏതു നിമിഷവും മുന്നിൽ പ്രത്യക്ഷപ്പെടാം. ചീത്ത പറയും. ഉറപ്പ്. സാരംല്ല. അവനെ സമാധാനപ്പെടുത്താവുന്നതേയുള്ളൂ. അല്ലെങ്കിൽ തന്നെ അവനെ ചതിച്ചതൊന്നുമല്ലല്ലോ. ആര്‌ വിചാരിച്ചു ഇങ്ങനെയൊക്കെ ആവുമെന്ന്. വേറേയും ഇടങ്ങളുണ്ട്. പിന്നൊരിക്കൽ അവനെ അങ്ങോട്ട് കൊണ്ടു പോവാം...

‘നീ നമ്മുടെ ബിജുവിനെ കണ്ടോ?’
സന്ധ്യ കഴിയാറായപ്പോൾ പത്രമിടുന്ന ജോണി വന്നു രഘുവിനോട് ചോദിച്ചു. രഘു കടയടയ്ക്കാനുള്ള തിരക്കിലായിരുന്നു.
‘ഇല്ല...ഇന്നവനെ കണ്ടതേയില്ല...എന്തായേട്ടാ?’
‘അവനിന്ന് രാവിലെ സിനിമയ്ക്കെന്ന് പറഞ്ഞ് എവിടെയോ പോയതാ...ഇതു വരെ വീട്ടിൽ തിരിച്ചു വന്നിട്ടില്ല...അവന്റെ അമ്മ അതാ കരഞ്ഞോണ്ട് നടക്കുന്നു...‘
അത്‌ പറഞ്ഞു ജോണി സൈക്കിൾ ചവിട്ടി പോയി. ജോണി പോകുന്നതും നോക്കി നിൽക്കുമ്പോൾ രഘുവിന്‌ ഉള്ളിലൊരു സർപ്പമിഴയുന്നതു പോലെ തോന്നി. ഉള്ളിലെവിടെയോ അതിന്റെ ദംശമേറ്റതു പോലെയും.
എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്. ചിലപ്പോൾ അവന്മാര്‌ ബിജുനെ പിടിച്ചു കാണും. അവൻ തന്റെ പേര്‌ പറയുമോ? ഇനി...പോലീസ് കേസോ മറ്റോ ആയിട്ടുണ്ടാവുമോ? എങ്കിൽ പോലീസ് ഇവിടെയും വരാൻ സാദ്ധ്യതയുണ്ട്. അവിടെ വെച്ച് ബഹളമുണ്ടാക്കിയവരിൽ ചിലരെങ്കിലും തന്റെ മുഖം കണ്ടിട്ടുണ്ടാവും. തന്നെ തിരിച്ചറിയും. ചോദ്യം ചെയ്യും. സത്യമെല്ലാം പറയേണ്ടിവന്നാൽ ഈ നാട്ടിലിനി എങ്ങനെ തലയുയർത്തി നടക്കും? അവനേം വിളിച്ചോണ്ട് ഏതു സമയത്താണ്‌ പോകാൻ തോന്നിയത്...ഇതിപ്പോൾ എന്താവുമോ...?

രാത്രിയടുക്കുമ്പോൾ ബിജുവിന്റെ അമ്മ രഘുവിനെ തേടി വീട്ടിൽ വന്നു.
’മോനെ, നീയിന്ന് ബിജൂനെ കണ്ടാ?‘
’ഇല്ല..‘
’നിന്നോട് അവൻ വല്ലതും പറഞ്ഞോ?‘
’ഇല്ല...ഒന്നും പറഞ്ഞില്ല...‘ 
കള്ളം പറയാൻ ഒരു നിമിഷം പോലുമെടുക്കുന്നില്ല. രഘു സ്വയം അത്ഭുതപ്പെട്ടു.   
ഇവിടെ സ്വന്തം ഭാഗം രക്ഷിക്കാൻ താൻ മാത്രമേയുള്ളൂ. ഒരു തരത്തിലും ഒരു സൂചന പോലും കൊടുക്കരുത്.

അർദ്ധരാത്രിയോടെ മഴ പെയ്യാനാരംഭിച്ചു. ആർത്തലച്ചു പെയ്ത മഴയിൽ ചെടികളും മരങ്ങളും നനഞ്ഞു വിറച്ചു. ഉറക്കം നഷ്ടപ്പെട്ട രഘു എഴുന്നേറ്റ് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. ചോദ്യമഴയിൽ അവൻ നനയുകയും വിറയ്ക്കുകയും ചെയ്തു. ബിജു...ഈ മഴയത്ത് അവനെവിടെ നനഞ്ഞു കൊണ്ട് നില്ക്കുകയാണ്‌? ഇനിയവൻ നാടു വിട്ട് പോയിക്കാണുമോ? എന്തിന്‌ നാടു വിടണം? അവന്റെ എല്ലാം ഇവിടെയല്ലെ? ഇനി ഒരുപക്ഷെ...അവിടെയെവിടെയെങ്കിലും ഒളിവിൽ...അവൻ തിരിച്ചു വന്നില്ലെങ്കിൽ എങ്ങനെ അവിടെ പോയി അവനെ തിരയും?
എങ്ങനെയോ ഒന്നുറങ്ങി വന്നതാണ്‌. മുൻവശത്തെ കതകിൽ ശക്തിയായി ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്‌ ചെന്ന് തുറന്നത്.
ബിജു നനഞ്ഞ് കുളിച്ച് നില്ക്കുന്നു! മുടിയിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റിറ്റ് വീഴുന്നുണ്ട്. കൈകൾ മാറിൽ പിണച്ച് പിടിച്ചിട്ടുണ്ട്. ശരീരത്തിൽ ഒട്ടിപ്പിടിച്ച നനഞ്ഞ വസ്ത്രങ്ങൾക്കുള്ളിൽ അവന്റെ മെലിഞ്ഞ ശരീരം വിറയ്ക്കുന്നുണ്ട്.
പല്ലുകൾ കൂട്ടിയിടിക്കുന്ന ശബ്ദത്തിൽ അവൻ ചോദിച്ചു,
‘എന്തിനാ...എന്തിനാ നീ എന്നെ ഒറ്റയ്ക്കാക്കീട്ട് പോയത്?’
രഘു കണ്ണ്‌ തുറന്ന് നോക്കി. പുറത്ത് മഴ തോർന്നിരിക്കുന്നു. താൻ ശരീരം മുഴുക്കെയും വിയർത്ത് കട്ടിലിൽ...അവൻ കൈകൾ ഇറുക്കിയടച്ചു.

പിറ്റേന്ന് ഉച്ച കഴിഞ്ഞിട്ടും ബിജുവിനെ കുറിച്ച് ഒരറിവും ആർക്കും ലഭിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ രഘുവിന്‌ മാനസികസമർദ്ദം താങ്ങാവുന്നതിനപ്പുറമായി. ഒന്നവിടം വരെ അന്വേഷിച്ചു പോയാലോ? വേണ്ട അതപകടമാണ്‌. അവൻ തിരിച്ചു വരിക തന്നെ ചെയ്യും. എന്നാൽ ആ വിചാരങ്ങളെ തകർത്തത്, ഓടിക്കിതച്ചു കൊണ്ട് വന്ന സുധീറിന്റെ വാക്കുകളാണ്‌.
‘നമ്മുടെ ബിജു മരിച്ചു പോയെടാ...പൊഴേല്‌ മുങ്ങി മരിച്ചെന്നാ കേട്ടത്...’

അത്രയുമേ രഘു കേട്ടുള്ളൂ. നീന്തലറിയാത്ത അവനെന്തിനു പുഴയിൽ ചാടണം?
ചിലപ്പോൾ നിവൃത്തിയില്ലാതെ വന്നപ്പോൾ ചാടിയതാണോ?
അവനെ ആരെങ്കിലും പുഴയിലേക്ക്...
ഇനി...ചിലപ്പോൾ...ഏയ്...ഇല്ല, മരിച്ചത് അവനാവില്ല...

രഘു കട പൂട്ടി ബിജുവിന്റെ വീട്ടിലേക്ക് പോയി.

സന്ധ്യ കഴിഞ്ഞപ്പോൾ ഒരു ആമ്പുലൻസ് വന്ന് ബിജുവിന്റെ വീടിനടുത്ത് നിന്നു. 
അങ്ങോട്ട് പോകണമോ വേണ്ടയോ എന്ന ചോദ്യവുമായി രഘു കുറച്ചകലെയായി നിന്നു. സ്ത്രീകളുടെ കരച്ചിലുകൾ ഉയർന്നു. ആരൊക്കെയോ ചേർന്ന് മൂടി പൊതിഞ്ഞ ഒരു ശരീരം വീട്ടിനുള്ളിലേക്ക് എടുത്തു കൊണ്ടു പോയി.

രഘു വീട്ടിനുള്ളിലേക്ക് നടന്നു. ബിജുവിനെ തറയിൽ കിടത്തിയിരിക്കുന്നു. താടിയിൽ ഒരു വെളുത്ത കെട്ടുണ്ട്. കാലിലെ തള്ളവിരലുകൾ കൂട്ടിക്കെട്ടിയിട്ടുണ്ട്. രഘു ബിജുവിന്റെ അടുത്തേക്ക് ചെന്ന് മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മുഖം നീരു വന്ന പോലെ വീങ്ങിയിരിക്കുന്നു. കണ്ണിലും കവിളിലും നിറയെ ദ്വാരങ്ങൾ. കൊത്തിപ്പറിച്ചത് പോലെ...ഇനി മീനുകൾ?..മുഖം മുഴുവനും ഏതോ പൊടി കൊണ്ട് പൂശിയിരിക്കുന്നു. പൗഡറാണോ? അവന്റെ മുഖം തന്നെയാണോ എന്നറിയാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും പുരികത്തിനു അരികെയുള്ള മറുക്...അതവിടെ തന്നെയുണ്ട്. ഇതവൻ തന്നെ...

മുഖകുരു വന്നപ്പോൾ വിഷമം പറഞ്ഞവനാണ്‌...അവന്റെ മുഖമാണ്‌ മീനുകൾ കൊത്തിയും പാറകളിലുരഞ്ഞും...
രഘു മുഖം തിരിച്ചു. തനിക്കൊരു കള്ളന്റെ മുഖഭാവമുണ്ടോ?

‘എന്നാലും ഇവനെന്തിനാ അത്രേം ദൂരെ പോയി...പൊഴേല്‌ ചാടിയതെന്ന്...’
‘ഇനി കോളേജില്‌ വല്ല പ്രശ്നോം...ഇപ്പോഴത്തെ പിള്ളേരല്ലെ...ആർക്കറിയാം...’
കൂടി നിന്നവരുടെ ഉറക്കെയുള്ള ചിന്തകൾ കേട്ട് കൊണ്ട് രഘു സാവധാനം വീടിനു പുറത്തേക്ക് നടന്നു.

‘ടാ എനിക്കൂടെ താടാ...’ സ്കൂളിൽ പഠിക്കുമ്പോൾ നാരങ്ങാ മിഠായി തന്റെ കൈയ്യിൽ നിന്ന് ചോദിച്ച് വാങ്ങുന്ന ബിജുവിന്റെ മുഖം ഇപ്പോഴും കാണാം.
‘ഈ ഉടുപ്പെങ്ങനെയൊണ്ട്?’ ഓണത്തിന്‌ അമ്മ വാങ്ങി കൊടുത്ത പുതിയ കുപ്പായവുമിട്ട് വന്ന് മുന്നിൽ ഗമയിൽ നിന്നിരുന്നു അവൻ...
‘അമ്മ വല്ലതും അറിഞ്ഞാൽ...’ ഒരാഴ്ച്ച മുൻപ് അവൻ ചോദിച്ച ചോദ്യം ഇപ്പോഴും ചെവിക്കുള്ളിലുണ്ട്...
‘ആദ്യം കാണുന്ന ബസ്സിൽ കയറിക്കോ’...താനിന്നലെയതു പറയുമ്പോൾ അവന്റെ കണ്ണുകൾ...

ഇരുട്ടിലേക്കിറങ്ങി നടക്കുമ്പോൾ രഘു കണ്ണ്‌ തുടച്ചു. തോളിൽ കൈയ്യിട്ട് ആറ്റുവക്കിൽ അവനോടൊപ്പം ഇരിക്കുമായിരുന്നു...അവനെ കാണാതാകുമ്പോഴൊക്കെ അവിടെയാണ്‌ തേടി പോയിട്ടുള്ളത്. അവനവിടുണ്ടാകും. അവിടെ തന്നെയുണ്ടാവും. അവനോട് സംസാരിക്കണം...കുനിഞ്ഞു പോയ മുഖത്തോടെ രഘു പതിയെ ആറ്റിൻക്കരയിലേക്ക് നടന്നു, പിന്നിലുയരുന്ന അലമുറകൾ ശ്രദ്ധിക്കാതെ...

Post a Comment

Friday 21 October 2011

ചില ഗവിതകൾ

താമരപൂ

ഹൃദയസരസ്സിലൊരുന്നാളൊരു താമരപ്പൂ വിരിഞ്ഞു.
അതിലൊരു മുഖം തെളിഞ്ഞു.
ഒരുനാളാരോ താമരപ്പൂ പൊട്ടിച്ചു മറഞ്ഞു.
ഇപ്പോഴും, താമരപ്പൂവിന്റെ ഗന്ധമവിടുണ്ടൊന്നൊരു തോന്നൽ.
അതാവാം, താമരപ്പൂ കാണുമ്പോഴെല്ലാം,
ആ മുഖമോർമ്മവരുന്നത്‌.
പക്ഷെ മനസ്സിലാക്കാൻ കഴിയാത്തത്‌..
എന്നാണെന്തിനാണ്‌
താമരപ്പൂക്കളെ വെറുക്കാൻ തുടങ്ങിയതെന്നാണ്‌!

പുൽക്കൊടികൾ

വീശിയടിക്കുന്ന കാറ്റിൽ നടു വളച്ച്‌ വിധേയത്വം കാണിക്കുന്ന പുൽക്കൊടികൾ.
അവ ഹുങ്കാരം നിറഞ്ഞ കാറ്റിൽ പിഴുതെറിയപ്പെടുന്നില്ല,
വന്യത നിറഞ്ഞ മലവെള്ളത്തിലൊഴുകിയകലുന്നുമില്ല.
കാറ്റിനുമൊഴുക്കിനും ആയുസ്സ്‌ നിമിഷങ്ങൾ മാത്രമെന്നവർ മനസ്സിലാക്കിയിട്ടുണ്ടാവും.
കണ്ടില്ലെയിപ്പോഴുമവർ നിവർന്നു നിൽക്കുന്നത്‌?
തമ്മിൽ അവരുടെ കൗശലത്തിന്റെ കഥകൾ പറയുന്നതും?
വിധേയത്വം അഭിനയിക്കാൻ പഠിച്ചവരാണവർ!
അവർ-പ്രകൃതിയിലെ പ്രായം കൂടിയ അഭിനേതാക്കൾ!

പ്രണയത്തിന്റെ വേരുകൾ

പ്രണയത്തിന്റെ വേരുകൾ
ആത്മാവിന്റെയഗാധതയിലെന്നു ചിലർ.
അതല്ല, ഹൃദയധമനികൾക്കിടയിലെന്നു ചിലർ.
വേരുകളെ കണ്ടെന്നും, സ്പർശിച്ചെന്നും, അനുഭവിച്ചറിഞ്ഞെന്നും ചിലർ.

ചിലർ ചിത്രങ്ങൾ വരയ്ക്കുകയും,
കവിതകൾ പാടുകയും ചെയ്തു.
ചിലർ കഥകളെഴുതുകയും,
കണ്ണുകൾ നിറയ്ക്കുകയും ചെയ്തു.

ചിലരുടെ കണ്ടുപിടുത്തം വിചിത്രമായിരുന്നു.
കോർത്തുപിടിച്ച കൈകൾക്കുള്ളിലാണ്‌,
പ്രണയത്തിന്റെ വേരുകളെന്നവർ പറഞ്ഞു.
ആത്മാക്കളെ കൂട്ടി കെട്ടിയത്‌
പ്രണയത്തിന്റെ വേരുകൾ കൊണ്ടെന്ന് മറ്റൊരു കൂട്ടർ.

വേരുകളിൽ നിന്ന് തണ്ടും,
തണ്ടിൽ നിന്ന് ഇലകളും പൂക്കളും
വളരുന്നത്‌ ചിലർ കണ്ടുവത്രെ!

എന്നാൽ,
സത്യമറിയാവുന്നവർ മൗനം കൊണ്ട്‌ വായടച്ചു.
മന്ദസ്മിതം കാണാതിരിക്കാൻ മുഖം കുനിച്ചു.

അവർക്കറിയാമായിരുന്നു,
പ്രണയത്തിനു വേരുകളില്ലെന്ന സത്യം..

Post a Comment

Thursday 20 October 2011

കണ്ണാടിക്കൂടുകളിൽ കുടുങ്ങി പോകുന്നവർ..

വാകമരച്ചോട്ടിൽ നിന്നിരുവശത്തേക്കും നടന്നു പോയവരെത്തിപ്പെട്ടത്‌,
കാലത്തിന്റെ കണ്ണാടിക്കൂടുകൾക്കുള്ളിലാണ്‌.
പുറത്തേക്കുള്ള വാതിലുകൾ ഉള്ളിലുള്ളവർക്കദൃശ്യമാണ്‌.

മുകളിലേക്കുള്ള പടികളവർ കണ്ടു കാണും.
കയറുമ്പോൾ, കയറി പോന്നവയടർന്നു വീഴുന്നതവർ കാണുകയില്ല.
ഉയരങ്ങളിൽ ചെന്ന് പകച്ചു നിൽക്കുമ്പോൾ,
ചിലപ്പോൾ കണ്ണാടിച്ചില്ലുകളിലൂടെയവർ പരസ്പരം കാണും.
അന്യോന്യമുറക്കെ പേർ ചൊല്ലി വിളിക്കും.
എന്നാൽ,
ശബ്ദങ്ങൾ ചില്ലുകളിൽ തട്ടിയുടഞ്ഞ്‌ വീഴുന്ന ശബ്ദം മാത്രമാവുമവർ കേൾക്കുക..
മറ്റൊരു ശബ്ദവും കേൾക്കാൻ കഴിയാതെയവർ വാകമരച്ചോട്ടിലേക്ക്‌ തിരിച്ചു വരാനാഗ്രഹിക്കും..
ആ വാകമരം വർഷങ്ങൾക്ക്‌ മുൻപ്‌ മുറിച്ച്‌ മാറ്റപ്പെട്ടതറിയാതെ..

24,321

Post a Comment

കവിതകൾ പറഞ്ഞത്‌

ചിറക്‌ മുളച്ച കവിതകൾ,
കടലാസ്‌ കുപ്പായമൂരി പറന്നുയർന്നപ്പോൾ..
മഷിത്തുള്ളികൾ കുടഞ്ഞെറിഞ്ഞ്‌,
അക്ഷരങ്ങളന്തരീക്ഷത്തിലുയർന്നു പൊങ്ങിയപ്പോൾ..
കവിതയുടെ ശബ്ദമവിടെ മറ്റൊലി കൊണ്ടു.

'കവേ! കവിതകൾക്കും സ്വാതന്ത്ര്യം!
ഞങ്ങൾ പറന്ന്, കടൽ കടന്ന്,
കാതുകൾ തേടി പോകുന്നു!
നിന്റെ മഷിത്തുളികൾക്കായ്‌
ഞങ്ങളുടെ പിൻഗാമികൾ കാത്തിരിക്കുന്നു!
അവയേയും സ്വതന്ത്രരാക്കുക!
നിന്റെ ചിന്തകളെ നീ സ്വതന്ത്രമാക്കിയതു പോലെ..'

Post a Comment

Saturday 8 October 2011

അങ്ങനെ സംഭവിച്ചിട്ടുണ്ടാവാം..


ഇന്നലെ നീ കണ്ട സുന്ദരപുഷ്പം.
അതിന്നെവിടെ?
അത്‌ വിസ്മൃതിയിലാണ്ട്‌ പോയിരിക്കുന്നു.
ഇന്നലെയതവിടെയുണ്ടായിരുന്നു.
എത്ര സുന്ദരമെന്നു നീ പറഞ്ഞിട്ടുണ്ടാവാം..
അത്‌ നിന്നെ നോക്കിയഭിമാനത്തോടെ പുഞ്ചിരിച്ചിട്ടുണ്ടാവാം.
സമീപത്തേക്ക്‌ വന്ന വണ്ടുകളും, ചിത്രശലഭങ്ങളും  തന്നെ പ്രേമത്തോടു കൂടി,
നോക്കുന്നത്‌ കണ്ടാനന്ദിച്ചിട്ടുണ്ടാവാം.

ദിവസങ്ങൾക്ക്‌ ശേഷം,
ഇതളുകൾ വാടുമ്പോൾ, ദുഃഖിച്ചിട്ടുണ്ടാവാം.
കൊഴിയുന്നതിനു മുൻപ്‌ തല കുനിച്ചിട്ടുണ്ടാവാം.
താഴെ തളർന്ന് വീഴുമ്പോൾ, ഉൾക്കണ്ണുകൾ അടഞ്ഞു പോയിട്ടുണ്ടാവാം.
ശേഷമൊരു ചെറിയ കാറ്റ്‌ വന്നതിന്റെ ഇതളുകളെ അടർത്തി മാറ്റിയിട്ടുണ്ടാവാം.
ഒരു ചെറിയ മഴയിൽ എവിടേക്കോ ഒഴുകി പോയിട്ടുണ്ടാവാം.
അതു ആരുടെയോക്കെയോ വിസ്മൃതിയിലേക്കൊഴുകി പോയിട്ടുണ്ടാവാം.
അതിനെ ആസ്വദിച്ച ചിത്രശലഭങ്ങളും, വണ്ടുകളും വീണ്ടുമതേവഴി വന്നിട്ടുണ്ടാവാം..
ആ പൂവിനെ ഓർക്കുകയോ, ഓർക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാവാം.
ശേഷം, മറ്റൊരു പൂവിനെ തിരഞ്ഞു പോയിട്ടുണ്ടാവാം.
എവിടെയോ മറ്റൊരു പുഷ്പം അവരെ കാത്ത്‌ വിടർന്നിരുപ്പുണ്ടാവാം..

Post a Comment

Sunday 2 October 2011

എവിടെ ബാപ്പു?


തുളഞ്ഞ നെഞ്ചിൻകൂട്ടിൽ നിന്നൊരു വാക്ക്‌ കൂടി..റാം..
ചുടുനിണമൊഴുകിയ പുതപ്പിനുള്ളിൽ തണുത്തുറങ്ങിയതൊരു ദേഹമല്ല,
ഒരു ദേശമല്ല, ഒരു വികാരം മാത്രം..
സ്നേഹമെന്ന വികാരം..

ജീവിതകനലിലൂടെ നഗ്നപാദനായ്‌ നടക്കുമ്പോഴും,
തണുത്ത സ്വാതന്ത്ര്യപുലരികൾ സ്വപ്നം കണ്ടയാൾ..

മെല്ലിച്ച വിരലാൽ നൂൽ പിരിക്കുമ്പോഴും,
പിരിച്ചു വെച്ച സഹോദര സ്നേഹമഴിയുന്നതു കണ്ട്‌ കണ്ണുനീർ പൊഴിച്ചയാൾ..

വിടവു വീണ ദന്തനിരകൾക്കിടയിലൂടെ ഒഴുകുന്ന പുഞ്ചിരിയുടെ,
സ്നേഹസ്പർശമനുഭവിച്ച ആയിരങ്ങൾ.
അവരുടെ കൈകൾ ചേർത്തു പിടിച്ച്‌,
അവരിരൊരാളായി, അവർക്കിടയിലൂടെ പുതിയ പ്രഭാതം തേടി നടന്നയാൾ..

ഒരു വെടിയുണ്ടയിൽ അവസാനിക്കാത്ത ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
ആയിരം ബാപ്പുമാർ ഉയരട്ടെ ഇവിടെ വീണ്ടും..
സ്വപ്നങ്ങൾക്ക്‌ നിറം മങ്ങാതിരിക്കാൻ, അവയെ സത്യമാക്കാൻ,
ഒരിക്കൽ കൂടി കൈകോർത്ത്‌ നടക്കാം..
വെടിയുണ്ടകൾക്ക്‌ വിട പറഞ്ഞ്‌ നമുക്ക്‌ ഒന്നിച്ച്‌ നടക്കാം..

പുതിയ ബാപ്പു ഞാനും നീയും ആണെന്ന് സ്വയം പറയാൻ ആത്മാവിനെ സ്ഫുടം ചെയ്യാം..

'ഇനിയൊരു ഗാന്ധിജി ഇതു വഴി വന്നാൽ,
വെടി വെച്ചു വീഴ്ത്തുമോ നമ്മളാരെങ്കിലും?'

ബാക്കി നിൽക്കുന്ന ഈ ചോദ്യത്തിനുത്തരം 'ഇല്ല' എന്നേവരും പറയുമെന്ന് പ്രാർത്ഥിക്കാം..
ജയ്‌ ഹിന്ദ്‌.

Post a Comment

Saturday 1 October 2011

നമ്മൾ


ഉള്ളിന്റെയുള്ളിൽ മൊട്ടിട്ട പ്രേമത്തിൻ
ചെമ്പനീർ നീട്ടി ഞാൻ ചെന്നൊരിക്കൽ..
നെഞ്ചിന്റെയുള്ളിലെ സ്പന്ദനം പോലുമാ-
മാത്രയിൽ നിന്നുവോ നിൻ മൊഴി കേൾക്കുവാൻ?

കാലത്തിൻ കൈയ്യിൽ പിടിച്ചുനാമെന്നോ,
കാതങ്ങളായിരം സഞ്ചരിച്ചു..
ഇരുളും വെളിച്ചവും, ജീവിത പാതയി-
ലിണചേർന്നുറങ്ങുന്ന കാഴ്ച്ച കണ്ടു..

വർഷങ്ങളെത്രയോ താണ്ടി നാം വന്നിതാ,
നിൽക്കുന്നു മുറ്റത്ത്‌ വൃദ്ധരൂപങ്ങളായ്‌..
എന്നിട്ടുമെന്തെ, നിന്നെയെനിക്കിന്നു-
മിന്നലെ കണ്ടപോൽ തോന്നുവാൻ കാരണം?

ജന്മാന്തരങ്ങളായി പ്രേമിച്ചു തീരാത്ത,
കാമുകീകാമുകരാണു നമ്മൾ..
ആയിരം ജന്മങ്ങളൊന്നിച്ചു പോകുവാ-
നാശയുണ്ടിന്നുമീ നെഞ്ചിനുള്ളിൽ..

ജന്മങ്ങളായിരം കഴിഞ്ഞുവെന്നാകിലും,
കൈകോർത്തു വന്നവർ കൈകോർത്ത്‌ പോകും..

23,596

Post a Comment

Monday 26 September 2011

ഇറാക്കും, അമേരിക്കയും, എണ്ണയും


എനിക്കൊന്നും പറയാനില്ല.
ഈ വീഡിയോ എല്ലാം പറയും.

ഇപ്പോഴും അമേരിക്ക എന്നു കേട്ടാൽ അങ്ങോട്ട്‌ പോകാൻ കച്ചകെട്ടുന്നവർ നമ്മുക്കിടയിൽ എത്ര പേർ?

എനിക്ക്‌ ഒരു ചോദ്യം മാത്രം - നമ്മൾ മനുഷ്യർ തന്നെയാണോ?

ആരേയും ശപിക്കാൻ ആർക്കും താത്പര്യമുണ്ടാവില്ല. എന്നാൽ ഇതൊക്കെ കാണുമ്പോൾ.. അമേരിക്ക ഒന്നു നശിച്ച്‌ തരിപ്പണമാകാൻ ചിലരെങ്കിലും മനസ്സറിഞ്ഞ്‌ ശപിച്ച്‌ പോകും..



Post a Comment

Wednesday 21 September 2011

രാജകുമാരനോടൊപ്പം

മുത്തശ്ശിയാണ്‌ കഥ പറഞ്ഞു കൊടുക്കുക.
എന്നും ഒരേ കഥ. ഒരേ കഥാപാത്രങ്ങൾ. മനുവിനു മടുപ്പില്ല. അവനു കഥ മുഴുവനും മനപ്പാഠമാണ്‌. രാജകുമാരനും, രാജകുമാരിയും, ദുഷ്ടനായ മന്ത്രവാദിയും. രാജകുമാരന്റെ കുതിരയ്ക്ക്‌ പോലും എന്നും ഒരേ നിറം - വെളുപ്പ്‌. അതിന്റെ പുറത്ത്‌ കയറി ഏഴുമലകൾ താണ്ടിച്ചെന്നാണ്‌ മന്ത്രവാദി തട്ടിക്കൊണ്ടു പോയ രാജകുമാരിയെ രക്ഷപെടുത്തുക.

എന്നാണ്‌ ഞാൻ അവരെ കാണുക?
മനുവിന്‌ രാജകുമാരനെ കാണണം. രാജകുമാരിയെ കാണണം.
മന്ത്രവാദിയെ കാണണ്ട. ദുഷ്ടനാ, കണ്ടാൽ ചിലപ്പോൾ തന്നെയും തടവിലാക്കിയാലോ?. മനുവിന്റെ ദിവാസ്വപ്നങ്ങളിൽ രാജകുമാരനും, വെളുത്ത കുതിരയും നിറഞ്ഞു നിന്നു. അതിന്റെ വാലിലൊന്നു തൊടണം. എന്തൊരു മിനുസമായിരിക്കും!.

മനുവിനു ഏറ്റവും വലിയ കൂട്ട്‌ മുത്തശ്ശിയാണ്‌. കൂടെ കൂടെ കൂട്ടുവെട്ടുന്നതും ഇതേ മുത്തശ്ശിയുമായിട്ടു തന്നെ.
'എനിക്ക്‌ രാജകുമാരനെ കാണണം. വെളുത്ത കുതിരേടെ വാലി തൊടണം'.
ഒരു ചൂടുള്ള രാത്രിയിൽ മനു മുത്തശ്ശിയോട്‌ തന്റെയാഗ്രഹം പറഞ്ഞു.
ചൂടാണെങ്കിലും നല്ല കുളിരു തോന്നുന്നുണ്ട്‌.
'കുഞ്ഞെ.. അതു കഥയല്ലേ?' വിറയുള്ള ശബ്ദത്തിൽ മുത്തശ്ശി പറഞ്ഞു.
'എനിക്കിന്നു തന്നെ കാണണം'. മനു വാശിയുടെ സ്വരത്തിൽ പറഞ്ഞു.

'കുഞ്ഞുറങ്ങിക്കോ, സ്വപ്നത്തിൽ രാജകുമാരൻ വരും. മുത്തശ്ശി കഥ പറഞ്ഞു തരാം..'
മുത്തശ്ശി അതു പറഞ്ഞു കണ്ണുനീരൊപ്പി.
മനു കണ്ണുകളിറുക്കിയടച്ചു കിടന്നു.
'ഒരിടത്തൊരിടത്ത്‌..' അങ്ങനെയാണ്‌ മുത്തശ്ശി കഥ പറഞ്ഞു തുടങ്ങുകയെന്നു മനുവിനു നല്ലതു പോലെയറിയാം.
അതു കേൾക്കാനവൻ കാതോർത്തു.
മുത്തശ്ശി കഥ പറഞ്ഞു കൊണ്ടിരുന്നു..
മുത്തശ്ശി പറഞ്ഞത്‌ ശരിയാണ്‌. അതാ കുളമ്പടി കേൾക്കാം!. മുത്തശ്ശി കേൾപ്പിച്ചു തന്ന അതേ ശബ്ദം. മനു സ്വപ്നലോകത്തിലെത്തി.
രാജകുമാരനു എന്തു ഭംഗിയാണ്‌. പട്ടു കുപ്പായൊക്കെയിട്ട്‌..കഴുത്തിൽ സ്വർണ്ണമാലയുണ്ട്‌. കൈയ്യിൽ തിളങ്ങണ കല്ലു വെച്ച മോതിരങ്ങളുണ്ട്‌.
രാജകുമാരൻ എന്റെ നേരെയാണ്‌ വരുന്നത്‌!
ഇപ്പോൾ രാജകുമാരന്റെ കുതിരയെ നല്ലോണം കാണാം.
'തൊട്ടു നോക്കുന്നോ?' രാജകുമാരന്റേതാണു ചോദ്യം.
അതെ എന്നർത്ഥത്തിൽ മനു തലയാട്ടി.
'തൊട്ടോ!'
തൊട്ടു നോക്കി. വിചാരിച്ച പോലെ തന്നെ.. എന്തു മിനുസം!!
'എവിടെ പോവാ?'
'രാജകുമാരിയെ കൂട്ടി കൊണ്ടു വരാൻ. വരുന്നോ?'
'ങാ..'
'എന്നാൽ കേറിക്കോ!' അതും പറഞ്ഞു രാജകുമാരൻ മനുവിനെ എടുത്ത്‌ കുതിരപ്പുറത്തിരുത്തി. അതിനു ശേഷം കുതിരപ്പുറത്ത്‌ കയറിയിരുന്നു.
'നല്ല വേഗത്തിൽ പോണം..രാജകുമാരി പാവം..' മനു പറഞ്ഞു.
'ശരി'
എന്തൊരു തണുപ്പ്‌...
'മോനെ കണ്ണു തുറക്ക്‌..'
കണ്ണു തുറക്കാനോ? എനിക്ക്‌ രാജകുമാരന്റെ കൂടെ പോണം..രാജകുമാരിയെ രക്ഷിക്കണം. മനു കണ്ണുകൾ തുറന്നതേയില്ല.
'മോനെ ഒന്നു കണ്ണു തുറക്ക്‌ മോനെ..അമ്മയല്ലേ പറയുന്നത്‌..ഒന്നു തുറക്ക്‌ മോനെ..'
ഈ അമ്മയ്ക്ക്‌ ഒന്നും അറിയില്ല.. അമ്മേടെ മോൻ കുതിരപ്പുറത്ത്‌ പോകുന്നത്‌ കണ്ടില്ലേ?
താമസിച്ചാൽ മന്ത്രവാദി രാജകുമാരിയെ പിടിച്ചു ജയിലിലിടും..

അതാ മന്ത്രവാദിയുടെ കോട്ട.
ഇവിടം മുഴുവനും ഇരുട്ടാണല്ലോ..
'പയ്യെ..പോവാം..മന്ത്രവാദി കേക്കണ്ട..' മനു രാജകുമാരനോട്‌ പറഞ്ഞു.
'ശരി..'
യാത്ര തുടർന്നു..
അപ്പോൾ അകലെ അമ്മയുടെയും അച്ഛന്റെയും കരച്ചിൽ ചെറുതായി മനു കേട്ടു.
'ഈ അമ്മയ്ക്കൊന്നുമറിയില്ല്ല..ഞാൻ രാജകുമാരിയെ രക്ഷിച്ചേച്ച്‌ ഇപ്പോ വരാം..'
രാജകുമാരനും മനുവും കുതിരപ്പുറത്തിരുന്ന് പതുക്കെ ഇരുട്ടിലേക്ക്‌ കയറി പോയി..

23,053

Post a Comment

Thursday 15 September 2011

നിന്നോട്‌ പറയാനുള്ളത്‌


അവസാനമില്ലാത്ത പകലുകൾക്കും,
അവസാനമില്ലാത്ത രാവുകൾക്കുമപ്പുറം,
നിന്നെ തിരഞ്ഞു ഞാൻ കണ്ടെത്തുമ്പോൾ,
നീയൊരു കൈകുഞ്ഞായിരുന്നു.
കാലമെനിക്കു തൊട്ടിലു കെട്ടാൻ തന്ന കൈകുഞ്ഞ്‌.
പകലുകളും രാത്രികളും നിന്റെ സ്വന്തം.
നീയും നിന്റെ മധുരശബ്ദങ്ങളുമന്റെ സ്വന്തം.

കറുപ്പ്‌ വെളുപ്പാക്കി വാർദ്ധക്യവും,
വികൃതി വിവേകമാക്കി കാലവും,
വിത്തിനെ വിളയാക്കി മണ്ണും,
പ്രേമം സ്നേഹമാക്കി നീയും..

മാറ്റങ്ങൾ ഞാനിഷ്ടപ്പെട്ടു തുടങ്ങുന്നു.
ഞാൻ നീയായും,
ഞങ്ങൾ നമ്മളായും മാറട്ടെ..

Post a Comment

Sunday 11 September 2011

മുത്തുകൾ തിരഞ്ഞ്‌..

വിരൽത്തുമ്പുവരെ നിഷ്ക്കളങ്കത നിറഞ്ഞ ബാല്യം..
നനുത്ത മീശരോമത്തിനൊപ്പം വളർന്ന പ്രണയം നിറഞ്ഞ കൗമാരം..
ഇല്ലാത്തതിനെ തിരഞ്ഞ്‌, തളർന്ന്..വീണ്ടും തിരഞ്ഞ്‌ യൗവ്വനം..
നിസ്സഹായതയുടെ വടി പിടിച്ച്‌ നടന്ന വാർദ്ധക്യം..

നിഷ്ക്കളങ്കത മുതൽ നിസ്സഹായത വരെ..
ചരടിൽ മുത്തുകൾ ബാക്കിയുണ്ടാവും..
അവ തിരഞ്ഞ്‌ മറ്റൊരു ലോകത്തേക്ക്‌..
അതു വരെ ശ്വാസമെടുക്കുന്നത്‌ മറന്ന്..

Post a Comment

വിരഹം

വിരഹത്തിൻ മൂർച്ചയെൻ ഹൃദയത്തിലാഴ്ത്തി നീ,
പറയാതെയൊരുനാൾ പോയി ദൂരെ..

മറക്കുവതെങ്ങനെ നിന്നെക്കുറിച്ചു ഞാൻ
നിറമുള്ള നൂലിനാൽ നെയ്ത സ്വപ്നങ്ങളെ?

ഒരു വാക്ക്‌ മിണ്ടാതെ പോയ്മറഞ്ഞെങ്കിലും
മിടിക്കുന്നുവുള്ളിലെൻ നീ തന്ന ഹൃദയം..

മുറിവേറ്റു പിടയുമെന്നാത്മാവിനുള്ളിലെ,
ചിറകറ്റ സ്വപ്നങ്ങളാരു കണ്ടൂ?

വിരഹത്തിൻ നോവു ഞാനറിയാതിരിക്കുവാൻ,
വിധിയെ പഴിച്ചുവോ ഏറെ നേരം?

വിരഹതാപത്തിനാൽ ബാഷ്പമായി മാറിയെൻ
ഉയിരിൽനിന്നുതിരുന്ന കണ്ണീർക്കണങ്ങളും.

ഒരു നോക്കു കാണുവാനാശയുണ്ടെങ്കിലും,
തിരയാതിരിക്കുവാൻ തോന്നുന്നതെന്തെ?..

ഒരുവേള നിന്നെ ഞാൻ കണ്ടുവെന്നാകിലും,
മിഴികളിൽ നോക്കുവാൻ ഞാൻ മടിക്കും..

എൻ മിഴികോണിലെയശ്രുബിന്ദുക്കളെ,
ഉള്ളിലെയാമാട പെട്ടിയിൽ പൂട്ടിടും..

അറിയാത്ത രണ്ടു പേർ പോലെ നാമപ്പോൾ,
പരിചയ ഭാവങ്ങളില്ലാതെ പോയിടും..

Post a Comment

Tuesday 6 September 2011

കൊച്ചു കൊച്ചു ആഗ്രഹങ്ങൾ..

കടൽവെള്ളം മഷിയാക്കി,
കരയൊരു കടലാസ്സാക്കി,
കവിതകളെഴുതണമെനിക്ക്‌..
കഥകളെഴുതണമെനിക്ക്‌..

അമ്പിളിത്തോണിയേറി,
ആകാശത്തിന്നതിരു കടന്ന്,
അകലേക്ക്‌ പോണമെനിക്ക്‌..

ഒരു പുഴുവായി ഇലകളിലിൽചുരുണ്ടുറങ്ങിയും,
ഒരു ശലഭമായി പൂമ്പൊടി കാലിൽ ചുമന്നും,
ഒരു പൂവായ്‌ വിരിഞ്ഞുണർന്നും,
ഒരു പൂമണമായി കാറ്റിലലിഞ്ഞും..

ഒരു മഴത്തുള്ളിയായ്‌ പെയ്തിറങ്ങി,
മണ്ണിന്റെ തണുപ്പിലൂടൂർന്ന്..
വെള്ളാരംകല്ലുകളെയുമ്മവെച്ച്‌..
ഭൂമിയുടെ ഹൃദയം തേടിയാത്രയാവണം..

ഒരു ശബ്ദമായി ചുണ്ടിൽ പിറന്ന്,
ഒരു വാക്കായി തൂലികയിലൊളിച്ച്‌,
ഒരു കവിതയായ്‌ കടലാസ്സിലമർന്ന്,
ഒരു നോവായ്‌, നൊമ്പരമായ്‌, സാന്ത്വനമായ്‌,
ഒരപരിചിത ഹൃദയത്തിലുറങ്ങണമെനിക്ക്‌..

ഒരു പ്രേമശബ്ദമായി പിറന്ന്,
ഒരു പ്രേമിയുടെ ഹൃദയം കവർന്ന്,
ഒരു മനസ്സായുള്ളിൽ തുടിച്ച്‌,
പ്രണയമഴയായ്‌ നനഞ്ഞ്‌,
ഒരു ചുംബനമായി മാറണമെനിക്ക്‌..

ഒരരുവിയായ്‌ കാട്ടുച്ചെടികൾക്കിടയിലൂടെ,
ഒരു കാട്ടുതേനീച്ചയുടെ മൂളിച്ച കേട്ട്‌,
ഒരു കാട്ടരുവിയുടെ പാട്ടിലലിഞ്ഞ്‌,
ഒരു വനവൃക്ഷത്തിന്റെ പുറംച്ചട്ടയിലമർന്ന്,
ഒരു വനഹൃദയമായി മാറണമെനിക്ക്‌..

ഒരു തളിരിലയായ്‌ പുനർജ്ജനിക്കണമെനിക്ക്‌..
ഒരു കാട്ടുപൂവിന്റെ തേനായി നിറയണമെനിക്ക്‌..
ഒരു തുള്ളി മധുവിൽ മധുരമായി മാറണമെനിക്ക്‌..

ഒരു മാതാവിന്റെ ചുംബനത്തിലെ സ്നേഹമായും,
ഒരു അച്ഛന്റെ തലോടലിലെ വാത്സല്യമായും,
ഒരു കുഞ്ഞിന്റെ പുഞ്ചിരിക്കിടയിലെ നിഷ്ക്കളങ്കതയായും,
ഒരു പ്രേമലേഖനത്തിലെ അക്ഷരമായും,
ഭാരം വലിക്കുന്നവന്റെ നെറ്റിയിലെ സ്വേദകണമായും,
ഒരു ദാതാവിന്റെ കൈത്തണ്ടയിലെ രക്തബിന്ദുവായും,
അതിരു കാക്കും ജവാന്റെ തൊപ്പിയിലൊരു തൂവലായും,
നെന്മണികൾ സൃഷ്ടിക്കുന്ന കൈകളിലൊരു കലപ്പയായും,
ഒരു ശിൽപ്പിയുടെ കരവിരുതുകളാവുന്ന സ്വപ്നങ്ങളായും,
ദാഹിക്കുന്നവന്റെ ചുണ്ടിലൊരിറ്റു ദാഹജലമായും,
ഒരു വൈദ്യന്റെ വിരലുകളിലെ പുണ്യമായും,
സത്യമളക്കും തുലാസിൽ അളവായും,
ജീവരഹസ്യം സൂക്ഷിക്കുന്ന ശ്വാസമായും..

ആഗ്രഹങ്ങളെ ആഗ്രഹിക്കുന്ന മനസ്സായും..

Post a Comment

Tuesday 30 August 2011

ചില ഗവിതകൾ (അതോ കവിതകളോ?)

വിമാനയാത്ര

ഉറുമ്പുകളാവുന്ന വാഹനങ്ങൾ..
തീപ്പെട്ടിക്കൂടുകളാവുന്ന കെട്ടിടങ്ങൾ..
മണൽത്തരികളാവുന്ന മനുഷ്യരും..

ചിറകടിക്കാതെ മുന്നോട്ട്‌..
പഞ്ഞി മേഘങ്ങൾ തൊട്ട്‌,
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും,
വെളിച്ചത്തിൽ നിന്നിരുട്ടിലേക്കും..
പിന്നീട്‌ താഴേക്ക്‌..

കറുത്ത ചക്രങ്ങൾ തീയും പുകയുമുതിർത്ത്‌,
തളർന്ന് നിശ്ചലമാകുമ്പോൾ മാത്രമെ,
ഉള്ളിലെ തീയണയുകയുള്ളൂ..
അതു വരെ ജീവന്റെ ചരട്‌ പുക പോലെയൊഴുകി നടക്കും..

ഓരോ യാത്രയും ജീവന്റെ ചരടിലുള്ള പിടി അയയും പോലെ..
പിന്നീട്‌ തിരിച്ച്‌ പിടിക്കും പോലെ..
അതു വരെ പ്രാർത്ഥനകളിൽ കുടുങ്ങി കിടക്കുന്നു ഓരോ ജീവനും..
ഓരോ യാത്രയുമൊരു പ്രാർത്ഥയാവുന്നിപ്പോൾ..
പ്രാർത്ഥനകൾ മറക്കാതിരിക്കാനുള്ള പാഠങ്ങളാവുന്നു..

======================================

ഞാൻ കണ്ടു!

ഇന്നു ഞാൻ ദൈവത്തിനെ കണ്ടു!
ദൈവമെത്ര ചെറുതാണ്‌!
എത്ര ഭാരം കുറഞ്ഞതാണ്‌!

ദൈവം ചിരിക്കുമ്പോൾ ഞാൻ കണ്ടു,
ദൈവത്തിനു പല്ലുകളില്ല!

എന്റെ മുടിയിൽ പിടിച്ച്‌ വലിക്കുകയും,
എന്റെ മാറിൽ ചവിട്ടുകയും ചെയ്തു..
എങ്കിലുമെനിക്ക്‌ വേദനിച്ചില്ലയെന്നതു സത്യം!
ദൈവത്തിന്റെ കൈകൾ ഭംഗിയുള്ളതാണ്‌.
ചെമ്പനീരിതളുപോലെ മൃദുവും..

ദൈവം സംസാരിക്കുകയുണ്ടായില്ല..
എന്നാൽ ശബ്ദിക്കുകയും ചിരിക്കുകയും ചെയ്തു.
അതിലലിഞ്ഞു പോയപ്പോഴാണ്‌ ഞാനും ദൈവമായത്‌..
അതു വരെ ഞാൻ വെറും മനുഷ്യനായിരുന്നു..
വെറും മനുഷ്യൻ..

======================================

മോഹം

മോഹമൊരു മഞ്ഞുതുള്ളിപോലയല്ലെങ്കിലെന്താണ്‌?
ആരുമറിയാതെ ജനിക്കുകയും,
വെയിലേറ്റ്‌ തിളങ്ങുകയും,
ആരുമറിയാതെ മറയുകയും ചെയ്യും.
ഇതൊന്നുമറിയാതെ മറ്റൊരു മഞ്ഞുതുള്ളി ജനിച്ചിട്ടുണ്ടാവുമപ്പോൾ..

======================================

ചതുരക്കട്ടകൾ

ചതുരക്കട്ടകളെത്ര സുന്ദരം!
ചതുരക്കട്ടകൾക്ക്‌ മാത്രമെ ചേർന്നിരിക്കാനാവൂ!
വശങ്ങൾ ചേർന്ന്, ഉറച്ച്‌, മറ്റൊരു ചതുരക്കട്ടയായി മാറുമപ്പോൾ!
ചേരാനപ്പോഴും വശങ്ങൾ ബാക്കി!

നിന്നോട്‌ ചേർന്ന് ഞാനും,
എന്നോട്‌ ചേർന്ന് നീയും.
നമുക്ക്‌ ചേർന്നിരിക്കാം..

സ്ഫടിക ഗോളങ്ങളെ പോലെ
ചേരാതെ, ഉറയ്ക്കാതെ, ഉരുണ്ടെവിടെയോ..
വേണ്ട! നമുക്ക്‌ ചേർന്നിരിക്കാം..
നമുക്ക്‌ ചതുരക്കട്ടകളാവാം!

======================================

പൈങ്കിളി പാടിയപ്പോൾ..

നിഴലായ്‌ നീയരികത്തു നിന്നില്ലയെങ്കിലും
ഒളിയായ്‌ സൂക്ഷിച്ചു നിന്നെയെൻ കണ്ണിൽ..

ഒരു പൂവെനിക്കു നീ തന്നില്ലയെങ്കിലും,
മധുവായി സൂക്ഷിച്ചു നിന്നെയെൻ ഹൃത്തിൽ..

നിൻ കൂന്തലെന്നെ തഴുകിയില്ലെങ്കിലും,
ഒരു മണി തെന്നലായൊഴുകിനീയുള്ളിൽ..

പ്രണയമാണെന്നു നീ പറഞ്ഞില്ലയെങ്കിലും,
അറിയാമെനിക്കു നീ എന്റെ സ്വന്തം..

22,414

Post a Comment

Friday 26 August 2011

മഞ്ഞുമലകളിലേക്ക്‌..

ചിത്രങ്ങൾ വലുതായി കാണുവാൻ ചിത്രത്തിൽ ക്ലിക്ക്‌ ചെയ്യുക.

ഒരു യാത്രയെക്കുറിച്ച്‌, ഒരു അനുഭവത്തെക്കുറിച്ചാണീ കുറിപ്പ്‌.
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്‌. ഒരേ സ്ഥലത്തേക്ക്‌ തന്നെ പലതവണ യാത്ര ചെയ്തു നോക്കൂ. ഓരോ യാത്രയും, ഓരോ വ്യത്യസ്ഥമായ അനുഭവങ്ങളാവും നമുക്ക്‌ സമ്മാനിക്കുക. ഇതൊരു യാത്രവിവരണമാണോ, ഓർമ്മക്കുറിപ്പാണോ എന്നുറപ്പിച്ച്‌ പറയാൻ കഴിയില്ലെനിക്ക്‌. എന്നാൽ ഓർമ്മക്കുറിപ്പെന്നു വിളിക്കുവാനാണിഷ്ടം.

ഒരനുഭവം ഒരുപിടി ഓർമ്മകളാവുകയും, പിന്നീടെപ്പോഴൊ മറവിയിൽ മുങ്ങിത്താണ്‌ മറഞ്ഞു പോവുകയും ചെയ്യും. എന്നാൽ അവയൊന്നും തന്നെ എന്നന്നേയ്ക്കുമായി ഒരിക്കലും നഷ്ടപ്പെടുന്നില്ല; ആർക്കും. വീണ്ടെടുക്കാൻ ശ്രമിച്ചാൽ തിരികെ എടുക്കാൻ സാധിക്കാത്ത ഓർമ്മകളുമുണ്ടാവില്ല. നമ്മുടെയെല്ലാം കഴിഞ്ഞ ജീവിതം മുഴുവൻ തന്നെ ഓർമ്മകളുടെ ഒരു ശേഖരമാണ്‌. ഈ ഓർമ്മകളിലൂടെ സഞ്ചരിച്ച്‌ അതിൽ സന്തോഷമുള്ളവയെത്ര? ദുഃഖം തരുന്നവയെത്ര എന്നു തുലനം ചെയ്ത്‌, കഴിഞ്ഞ ജീവിതം സംതൃപ്തി നിറഞ്ഞതായിരുന്നുവോ? പൂർണ്ണമായി ജീവിക്കുവാൻ സാധിച്ചോ എന്നൊക്കെ വിചാരിക്കുന്നതിൽ ഒരർത്ഥവുമില്ല. ജീവിക്കുന്ന നിമിഷം സന്തോഷത്തോടെ, പൂർണ്ണതയോടെ ജീവിക്കുവാൻ ശ്രമിക്കുക എന്നൊരൊറ്റക്കാര്യം മാത്രമെ നമുക്കു ചെയ്യേണ്ടതായിട്ടുള്ളൂ!. ചുരുക്കത്തിൽ അവിചാരിതമായ സംഭവങ്ങളുടെ നിരവധി കണ്ണികൾ വിദഗ്ദ്ധമായി വിളക്കിച്ചേർത്ത ഒരു വലിയ 'അനുഭവഹാര'മാണ്‌ ജീവിതം.

ഇനി യാത്രയെ കുറിച്ച്‌.
കുറച്ചു ദിവസങ്ങൾക്കു മുൻപ്‌ മൗണ്ട്‌ റുപേഹു (Mount.Ruapehu) ലേക്ക്‌ ഒരു യാത്ര പോയി (ആ പേര്‌ മലയാളത്തിൽ എഴുതുവാൻ കുറച്ച്‌ ബുദ്ധിമുട്ടുണ്ട്‌. ഒരാൾക്ക്‌ പറഞ്ഞു കേൾപ്പിക്കുവാൻ മാത്രമെ കഴിയൂ. ഈ പേരു മാത്രമല്ല, ന്യൂ സീലാണ്ടിലെ പല പ്രദേശങ്ങളുടെ പേരുകളും).

കൃത്യമായി പറഞ്ഞാൽ ആഗസ്ത്‌ 13 നാണ്‌ യാത്ര തിരിച്ചത്‌ (13 അശുഭ സംഖ്യയാണെന്ന് പറഞ്ഞായാളുടെ തലമണ്ടയിൽ തേങ്ങ വീഴട്ടെ!. ഞാൻ ശപിച്ചിരിക്കുന്നു). വളരെ പെട്ടെന്ന് തീരുമാനിക്കുകയും, 'തട്ടിക്കൂട്ട്‌' തയ്യാറെടുപ്പുകൾ നടത്തി യാത്ര തിരിക്കുകയും ചെയ്യുമ്പോഴൊക്കെ യാത്ര ഒരു മനോഹരമായ അനുഭവമായി തീരാറുണ്ട്‌. എന്തു കൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്ന് ഇതുവരേയും ഒരു പിടിയുംകിട്ടിയിട്ടില്ല!. എന്നാൽ, നല്ലൊരു യാത്രയ്ക്ക്‌ 'തട്ടിക്കൂട്ട്‌' തയ്യാറെടുപ്പ്‌ നടത്തുന്നത്‌ ബുദ്ധിപൂർവ്വമായ ഒരു പ്രവൃത്തിയല്ലെന്ന് ബഹുമാനപ്പെട്ട വായനക്കാർക്ക്‌ മുന്നറിയിപ്പ്‌ തരട്ടെ (എല്ലായ്പ്പോഴും മുയൽ ചാവണമെന്നില്ല!).

വെള്ളിയാഴ്ച്ച. അതായത്‌ പന്ത്രണ്ടാം തീയതി, രാത്രി പന്ത്രണ്ട്‌ മണിക്ക്‌ ഒരു ഉൾവിളി - 'നാളെ മഞ്ഞുമലയിലേക്ക്‌ യാത്ര തിരിക്കൂ' എന്ന്!. ഉൾവിളികളെ ഞാൻ നിരസിക്കാറില്ല. മാത്രമല്ല അതിനായി ഞാൻ കാത്തിരിക്കുകയും ചെയ്യുന്നു. രാത്രികളിലാണ്‌ ഈമാതിരി ഉൾവിളികൾ ഉണ്ടാവുന്നത്‌ എന്ന കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്‌. എന്റെ രാത്രികൾ ഉൾവിളികളാൽ നിറഞ്ഞിരിക്കുന്നു എന്നു പറഞ്ഞാലും അതിൽ തെറ്റില്ല. ഉടൻ തന്നെ കമ്പ്യൂട്ടർ തുറന്ന് ഗൂഗിളിൽ പരതി. എന്താണാദ്യം പരതിയത്‌? - weather. 'weather' നു കൃത്യമായ മലയാളം വാക്കെന്താണ്‌? എനിക്കറിയില്ല. ഓർക്കുക, weather ഉം climate ഉം രണ്ടാണ്‌. വളരെ കുറച്ച്‌ നേരം കാലവസ്ഥയിലുണ്ടാവുന്ന വ്യതിയാനങ്ങളെ weather എന്നും, അല്ലാത്തതിനെ climate എന്നും പറയുന്നു (എന്നാണ്‌ ഈയുള്ളവൻ മനസ്സിലാക്കിയിരിക്കുന്നത്‌). ശേഷം വരുന്ന ശനിയാഴ്ച്ചയും, ഞായറാഴ്ച്ചയും ആകാശം മേഘാവൃതമായിരിക്കും (Cloudy) എന്നാണ്‌ വിദഗ്ദപ്രവചനം. മഴയില്ല, മഞ്ഞുവീഴ്ച്ചയുമില്ല. എന്നാൽ രണ്ടു ദിവസങ്ങൾക്കു ശേഷം ഇതു രണ്ടുമുണ്ടുതാനും!. ഇവിടെ കാലാവസ്ഥാപ്രവചനങ്ങൾ തെറ്റാറില്ല (പറഞ്ഞാൽ പറഞ്ഞതു തന്നെ!). 'Cloudy' എന്നൊരുവാക്കു കൊണ്ട്‌ എന്തൊക്കെ മനസ്സിലാക്കാം?. ചുമ്മാ മൂടി കെട്ടി, മുഖം വീർപ്പിച്ചു നിൽക്കുക മാത്രമേയുള്ളൂ? ഇനി മൂടി കെട്ടി എന്നു പറഞ്ഞാൽ, മുഴുവനും മൂടി കെട്ടലാണോ? പ്രകാശം തരിമ്പും ഉണ്ടാവില്ലേ? എന്നിങ്ങനെ ചില ചോദ്യങ്ങൾ ചോദിച്ചു ഞാൻ കുറച്ച്‌ വിഷമത്തിലായി. ഒരു വശത്ത്‌ ഉൾവിളി മറുവശത്ത്‌ മഞ്ഞുമലയും മേഘങ്ങളും. ആർക്ക്‌ കാത്‌ കൊടുക്കണം? ഒടുവിൽ ഉൾവിളി ജയിച്ചു (അതോ ഞാൻ ജയിപ്പിച്ചതോ?).


രണ്ടു വർഷങ്ങൾക്കു മുൻപ്‌ ഞാൻ ഇതേ മഞ്ഞുമല സന്ദർശിച്ചതാണ്‌. അതു മറ്റൊരു കുടുംബത്തോടൊപ്പമായിരുന്നു. കഴിഞ്ഞ വർഷവും ഇതു പോലൊരു ഉൾവിളിയുണ്ടായി പോയതാണ്‌. എന്നാൽ മഞ്ഞുവീഴ്ച്ച കാരണം മലയുടെ മുകളിലേക്ക്‌ കാറിൽ (നമ്മന്റെ ശകടം ഒരു പാവം, പഴയ സുന്ദര കില്ലാടിയാണ്‌ - Nissan Presia, 1995 model) സഞ്ചരിക്കുവാൻ അനുവദിച്ചില്ല (Chained അല്ലെങ്കിൽ 4WD- ഫോർ വീൽ ഡ്രൈവ്‌ മാത്രമെ അനുവദിച്ചിരുന്നുള്ളൂ അപ്പോൾ) . അന്നൊരു കാര്യം മനസ്സിലായി - ഉൾവിളികൾക്ക്‌ മഞ്ഞുവീഴ്ച്ചയെ കുറിച്ച്‌ ഒന്നുമറിയില്ലെന്ന്!.

അപ്പോൾ, weather കുഴപ്പമില്ല. അടുത്ത കാര്യം ദൂരവും, എത്തിപ്പെടാൻ എത്ര സമയം വേണ്ടി വരും എന്നതാണ്‌. ഞാൻ താമസിക്കുന്നത്‌ ഓൿലണ്ട്‌ എന്നിടത്താണ്‌. അവിടെ നിന്നും ലക്ഷ്യസ്ഥാനത്തേക്ക്‌ ഏകദേശം നാലര മണിക്കൂർ നേരത്തെ ഡ്രൈവുണ്ട്‌. ഓ, ലക്ഷ്യസ്ഥാനം പറഞ്ഞില്ലല്ലോ. വളരെ രസകരമായ ഒരു പേരാണ്‌ ആ സ്ഥലത്തിന്‌ - 'വാക്കപ്പാപ്പ' (ഇതു തന്നെ വക്കാപ്പാപ്പയാണോ, വാക്കപ്പാപ്പയാണോ എന്നു തർക്കമുണ്ട്‌). അംഗ്രേസിയിൽ - Whakapapa എന്നെഴുതും. ഈ പേര്‌ നമ്മുടെ 'ഉപ്പാപ്പ' എന്ന വാക്ക്‌ പോലെ വളരെ ഓമനത്തം നിറഞ്ഞതല്ലേ?. ശരിക്കും പറഞ്ഞാൽ ഇതു Tongariro National park ന്റെ ഒരു ഭാഗമാണ്‌ (സ്ഥലങ്ങളുടെ പേരുകൾ ഇംഗ്ലീഷിൽ എഴുതുന്നതാവും നല്ലതെന്നു തോന്നുന്നു). നേരത്തെ പറഞ്ഞല്ലോ Mount.Ruapehu ന്റെ കാര്യം. അവിടെ രണ്ടു സ്കീയിംഗ്‌ ഫീൽഡുകൾ ഉണ്ട്‌ - Whakapapa യും Turoa യും. അതിൽ Whakapapa യ്ക്കാണ്‌ കൂടുതൽ പ്രശസ്തി. കാരണം? വാക്കപ്പാപ്പയാണ്‌ ന്യൂസിലാണ്ടിലെ ഏറ്റവും വലിയ സ്കീയിംഗ്‌ ഫീൽഡ്‌ എന്നതു തന്നെ!. ജൂൺ മുതൽ നവംബർ വരെയാണ്‌ ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. അതായത്‌ winter സമയം. അപ്പോൾ ധാരാളം മഞ്ഞുണ്ടാകും എന്നതു തന്നെ കാര്യം.
    (courtesy: http://www.snow-forecast.com/resorts/Whakapapa)

അവിടെ ചെന്ന ശേഷം എന്തെല്ലാം ചെയ്യാം?
* Chair lift ഇൽ മഞ്ഞു മലയുടെ മുകളിലേക്ക്‌ ഇരുന്നു പോകാം. ഉയരത്തിൽ നിന്നുള്ള മനോഹരമായ കാഴ്ച്ചകൾ കണ്ടാസ്വദിക്കാം. ഒന്നു കൈ നീട്ടിയാൽ, മേഘങ്ങളെ തൊടാം! (സത്യമാണ്‌!)
* സ്കീയിംഗ്‌, സ്ലൈഡിംഗ്‌ (Skiing, Sliding) എന്നിവ ചെയ്യാം (ശരിയായ പരിശീലനത്തിനു ശേഷം മാത്രം ചെയ്യേണ്ട കാര്യങ്ങളാണവ. ഇല്ലെങ്കിൽ പണിയാവും).

മഞ്ഞിൽ തലകുത്തിമറിയാം, മഞ്ഞു മനുഷ്യനെ ഉണ്ടാക്കി, മൂക്കിൽ ക്യാരറ്റും, തലയിൽ കമ്പിളി തൊപ്പിയും ചൂടിക്കാം, മഞ്ഞു വാരിയെറിഞ്ഞു കളിക്കാം. വസ്ത്രത്തിനുള്ളിൽ വാരിയിടാം എന്നു വേണ്ട കലാപരിപാടികൾ എന്തും ചെയ്യാം (മനോധർമ്മം പോലെ!).

ഇപ്പോഴും ഈ സ്ഥലം ന്യൂ സീലാണ്ടിൽ എവിടെയെന്ന് പറഞ്ഞില്ല അല്ലേ?. ഇതാ പിടിച്ചോ വിശദവിവരങ്ങൾ.
ന്യൂ സീലാണ്ട്‌ എന്ന രാജ്യം രണ്ടു വലിയ ദ്വീപുകളായാണ്‌ സ്ഥിതി ചെയ്യുന്നതെന്ന് ഇതിനു മുൻപൊരു പോസ്റ്റിൽ എഴുതിയിരുന്നു (വടക്കൊരെണ്ണം, തെക്ക്‌ ഒരെണം). ചുരുക്കത്തിൽ തെക്കുവടക്കായി കിടക്കുന്ന, പച്ചപ്പ്‌ നിറഞ്ഞ, സമുദ്രത്താൽ ചുറ്റപ്പെട്ട, മനോഹരമായ രണ്ടു തുണ്ടു ഭൂപ്രദേശങ്ങളാവുന്നു ന്യൂ സീലാണ്ട്‌!.
ഭൂപടത്തിൽ ആസ്ത്രേലിയയ്ക്ക്‌ താഴെയായി (ആരും കണാതെ ഒളിഞ്ഞു നിൽക്കുകയാണെന്നു തോന്നും വിധം) ഈ രാജ്യം സ്ഥിതി ചെയ്യുന്നു. ഇതിൽ വടക്കൻ ദ്വീപിലാണ്‌ ഞാൻ പോകാൻ പദ്ധതിയിടുന്ന സ്ഥലം.
 New Zealand in world map


Auckland to Whakapapa (courtesy: Google maps)

നമുക്ക്‌ യാത്രാ തയ്യാറെടുപ്പിലേക്ക്‌ മടങ്ങി വരാം. ഒരു ചെറിയ മനക്കണക്ക്‌ - രാവിലെ നാലരയ്ക്ക്‌ തിരിക്കുന്നു എന്നു വെയ്ക്കുക - ഏകദേശം - 10 മണിയോടെ അവിടെയെത്തും (ഇടയ്ക്കു ചെറിയയൊരു വിശ്രമത്തിനുള്ള സമയം കൂടി ഉൾപ്പെടുത്തിയാൽ). അവിടെ ഏകദേശം 3-4 മണിക്കൂർ ചിലവാക്കുന്നു എന്നു വിചാരിക്കുക. ഏകദേശം മൂന്ന്-മൂന്നരയോടെ അവിടെ നിന്നും തിരിക്കുന്നു. വീട്ടിൽ 8 മണിയോടെ എത്താം. എല്ലാം കൊള്ളാം. ഒരു ചെറിയ പ്രശ്നം - ഒരു ദിവസം 9 മണിക്കൂർ ഡ്രൈവ്‌ ചെയ്യണം! അതും ശ്രദ്ധ തെറ്റാതെ 100 കി മി സ്പീഡിൽ (ഹൈവേയിൽ കൂടി). ഇപ്പോൾ സമയം 12 കഴിഞ്ഞു. നാലരയ്ക്ക്‌ ഇറങ്ങണമെങ്കിൽ മൂന്ന് മണിക്കെങ്കിലും എഴുന്നേൽക്കണം. അതിനർത്ഥം ഉറങ്ങാൻ വെറും 3 മണിക്കൂർ!!. കാർ ഡ്രൈവ്‌ ചെയ്യുന്നത്‌ ഈയൊരുവൻ മാത്രമാണ്‌. ആറു വയസ്സുകാരനായ എന്റെ മകനു ഇത്രയും നേരം കാറിൽ ഇരിക്കുക എന്നതും കഷ്ടം തന്നെ.
'നീയൊരു യന്ത്രമനുഷ്യനാണോ?' - ഞാൻ സ്വയം ചോദിച്ചു.
'അല്ല'.
'നിനക്ക്‌ തലയ്ക്ക്‌ വല്ല കുഴപ്പവുമുണ്ടോ?'
'ഇല്ല, ഒരു കുഴപ്പവുമില്ല'.
'എങ്കിൽ പ്ലാൻ അഴിച്ചുപണിയൂ'.

ഞാൻ സമയമെടുത്ത്‌ കുരുക്കുകൾ അഴിച്ചു, പണിഞ്ഞു. പുതിയ പ്ലാൻ റെഡി.
നാളെ തന്നെ തിരിക്കുന്നു. എന്നാൽ റൂട്ടിൽ ഒരു ചെറിയ വ്യത്യാസം.
നമ്മൾ നേരെ വാക്കപ്പാപ്പയിൽ പോകുന്നില്ല. പകരം ഒരിടത്താവളത്തിലേക്ക്‌ പോകുന്നു. അവിടെ ഒരു ചെറിയ വിശ്രമം. ശേഷം മഞ്ഞുമലയിലേക്ക്‌. തിരിച്ച്‌ വന്ന ശേഷം, രാത്രി താവളത്തിൽ തങ്ങുന്നു. പിറ്റേന്ന് ഞായർ. വീണ്ടും വേണമെങ്കിൽ ഒരു പ്രാവശ്യം കൂടി മഞ്ഞു മലയിലേക്ക്‌ പോകാം. അല്ലെങ്കിൽ തിരിച്ചു ഓൿലണ്ടിലേക്ക്‌ വരാം. സംഗതി നല്ല വൃത്തിയും വെടിപ്പും ഉള്ളതായിരിക്കും. ക്ഷീണവുമില്ല. എന്റെ മകനും വിശ്രമിക്കാൻ ഇഷ്ടം പോലെ സമയം  കിട്ടും. ഞാൻ സ്വയം എന്റെ തോളത്തു തട്ടി അഭിനന്ദനം അറിയിച്ചു (പാതിരാത്രിയിൽ അതു മാത്രമെ വഴിയുള്ളൂ).

'എവിടെയെന്റെ ഇടത്താവളം?' ഞാൻ സ്വാതന്ത്ര്യത്തോടു കൂടി ഗൂഗിളിനോട്‌ ചോദിച്ചു.
Rotorua, Taupo, Ohakune എന്ന മൂന്ന് സ്ഥലങ്ങൾ എന്റെ മുന്നിൽ വെച്ച്‌ നീട്ടി.
മൂന്ന് സ്ഥലങ്ങളും മനോഹരമായ സ്ഥലങ്ങളാണ്‌. മൂന്നും മൂന്ന് വിധത്തിൽ സഞ്ചാരികൾക്ക്‌ പ്രിയപ്പെട്ടതാണ്‌ (ഓരോ സഥലത്തിന്റെയും പ്രാധാന്യവും, പ്രത്യേകതകളും എഴുതിയാൽ ഈ കുറിപ്പ്‌ അടുത്തകാലത്തൊന്നും തീരില്ല അതു കൊണ്ട്‌ തത്ക്കാലത്തേക്ക്‌ അതെക്കുറിച്ചൊന്നും എഴുതുന്നില്ല. സഹകരിക്കുക) . ഇതിൽ ടൗപോ (Taupo) എന്നിടമാണ്‌ എനിക്കിഷ്ടപ്പെട്ടത്‌. അവിടെയൊരു വലിയ, തണുത്ത തടാകമുണ്ട്‌, നിരവധി ഉദ്യാനങ്ങളുണ്ട്‌. വെള്ളച്ചാട്ടമുണ്ട്‌. വളരെ ശാന്ത സുന്ദരമായ സ്ഥലം.
Auckland to Taupo (courtesy: Google maps)
ടൗപോയിൽ നിന്ന് വാക്കപ്പാപ്പയിലേക്ക്‌ വെറും ഒന്നരമണിക്കൂർ നേരത്തെ ഡ്രൈവ്‌. ഒരു ക്ഷീണവുമില്ലാതെ പോയി വരാം.
അടുത്തതായി ചെയ്യേണ്ടത്‌ ടൗപോയിൽ ഒരു മുറി റിസർവ്‌ ചെയ്യുക എന്നതാണ്‌.
'ഇപ്പൊ ശരിയാക്കി തരാം' എന്നു പറഞ്ഞു ഗൂഗിൾ വീണ്ടും സഹായത്തിനു വന്നു.
സഹായം സ്വീകരിച്ചു.
85$ മുതൽ മുകളിലേക്ക്‌ ദിവസവാടകയുള്ള (മുകളിലേക്ക്‌ എന്നു പറഞ്ഞാൽ, $700 വരെ വിലയുള്ള കശ്മലന്മാർ വരെ കൂട്ടത്തിലുണ്ട്‌) മോട്ടലുകൾ (Motel) വന്നു നിരന്നു.
ഈ മോട്ടലുകൾ എന്നു പറഞ്ഞാൽ 'ഫുൾ സെറ്റപ്പ്‌' എന്നു തന്നെ പറയാം. നമ്മുടെ അടുക്കളയിലുള്ളതിനേക്കാൾ സൗകര്യങ്ങൾ ഉണ്ടാവും!
cooking stove, oven, microwave oven, സകലവിധ പാത്രങ്ങൾ, ഫ്രിഡ്ജ്‌, ഉപ്പ്‌, കുരുമുളക്‌ പൊടി (ബുൾസ്‌ ഐ കഴിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണിതൊക്കെ?). ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, frying pan, പാത്രങ്ങൾ..എന്നു വേണ്ട, എല്ലാമെല്ലാം.
ഇനി വന്നു നിരന്ന മോട്ടലണ്ണന്മരുടെ കാര്യം.
മുറിക്കകത്ത്‌ തന്നെ mineral hot water tub ഉള്ളവ വരെ കൂട്ടത്തിലുണ്ട്‌.
സ്പാ, ഇളം ചൂടുള്ള നീന്തൽകുളം, wifi - internet connection എന്നിവയൊക്കെ മിക്കയിടത്തുമുണ്ട്‌.
ഒരു രാത്രി തങ്ങാൻ എന്തിനു നീന്തൽ കുളം? ആരാണ്‌ മഞ്ഞു മലമുഴുവൻ വലിഞ്ഞു കയറി വന്നിട്ട്‌ നീന്തൽ കുളത്തിൽ നീന്തിത്തുടിക്കാൻ പോകുന്നത്‌?. അതെല്ലാം മാറ്റാരെയോ ഉദ്ദേശിച്ചാണ്‌. തീച്ചയായും എന്നെയല്ല!.
കുറച്ച്‌ നേരം തിരഞ്ഞു. ഞങ്ങളുടെ ആവശ്യത്തിനു അനുയോജ്യമായ ഒരെണ്ണം കണ്ടുപിടിച്ചു. ചിത്രങ്ങൾ കണ്ടു, 'ഇഷ്ടായി'. ഉടൻ തന്നെ ഓൺലൈൻ ആയി ബുക്ക്‌ ചെയ്തു. ഒരു ദിവസത്തെ വാടക $90. നിലവിൽ ഒരു ന്യൂ സീലാണ്ട്‌ ഡോളർ എന്നു പറയുന്നത്‌ 35 രൂപയിലധികം വരും. ഈ കണക്ക്‌ ചുമ്മാതെ പേടിപ്പിക്കാൻ പറഞ്ഞതാണ്‌. ഇവിടെ വന്നാൽ ആദ്യം ഉപേക്ഷിക്കേണ്ട കാര്യം, ഈ money conversion ചെയ്യുക എന്ന പരിപാടിയാണ്‌. ഇന്ത്യയിലാവുമ്പോൾ അവിടത്തെ പോലെ പണം ചിലവു ചെയ്യുക. ഇവിടാവുമ്പോൾ ഇവിടത്തെ പോലെ.

പ്രസ്തുത മോട്ടൽ 1962 ഇൽ പണികഴിപ്പിച്ചതാണ്‌. ശേഷം 2007 ഇൽ മുഖമൊന്നു മിനുക്കിയിട്ടുണ്ട്‌. മുൻപ്‌ അവിടെ താമസിച്ചിട്ട്‌ പോയവരുടെ സാക്ഷ്യപത്രങ്ങൾ വായിച്ചപ്പോൾ നല്ലയഭിപ്രായമാണ്‌ തോന്നിയത്‌.

ഇനി ടൗപോ എന്ന സ്ഥലത്തെക്കുറിച്ചൽപം.
ടൗപോ ഒരു ഹണിമൂൺ സ്ഥലമാണ്‌. ടൗപോ തടാകം (Taupo lake), ഹുക്കാ വെള്ളച്ചാട്ടം (Huka falls), എന്നു ചില ആകർഷണങ്ങൾ ടൗപോയ്ക്ക്‌ സ്വന്തം. ടൗപോ തടാകത്തിനു മുൻപിൽ ഒരു മോട്ടൽ വാടകയ്ക്കെടുക്കുക, കുറച്ച്‌ ദിവസങ്ങൾ തണുത്ത സായാഹ്നങ്ങളിൽ ചുവന്ന വൈൻ അൽപ്പാൽപ്പമായി നുകർന്ന്, നുണഞ്ഞ്‌, ശാന്തമായ നീല താടകത്തിലേക്ക്‌ നോക്കിയിരിക്കുക - അതൊരനുഭവമാണ്‌!.

നാളത്തെ യാത്രയ്ക്ക്‌ വേണ്ട മറ്റു തയ്യാറെടുപ്പുകൾ.
വസ്ത്രങ്ങൾ? വഴിയിൽ കഴിക്കാൻ ഭക്ഷണം? (ഭക്ഷണം വിട്ടൊരു പരിപാടിയില്ല). അതെല്ലാം രാവിലെ പോകുന്നതിനു മുൻപ്‌ ശരിയാക്കാവുന്നതേയുള്ളൂ. നേരത്തെ ഉണരാനുള്ളതല്ലേ? ഉടൻ കിടന്നു. പക്ഷെ..എവിടെ ഉറക്കം വരുന്നു? നാളെ യാത്ര പോകുകയല്ലേ? എല്ലാ യാത്രകളുടേയും തലെ ദിവസം ഒരു പോലെയാണ്‌. മനസ്സിൽ യാത്രയ്ക്കായി കൊണ്ടു പോകേണ്ട വസ്തുക്കളുടെ ലിസ്റ്റ്‌ ഉണ്ടാക്കികൊണ്ടിരുന്നു...എപ്പോഴോ ഉറങ്ങി പോയി..

പിറ്റേന്ന് രാവിലെ. എവിടെ ഞാൻ വെച്ച അലാറം?. അലാറം പാര വെച്ചിരിക്കുന്നു!. അവനൊരു ചതിയൻ ചന്തുവാണ്‌. അവനും ഉറങ്ങി പോയി! ഇപ്പോൾ സമയം 5. പതിനൊന്നു മണിക്കെങ്കിലും ടൗപോയിൽ എത്തിയിലെങ്കിൽ സംഗതിയെല്ലാം പാളും. ഒന്നര മണിക്കൂർ കൊണ്ട്‌ ശ്രീമതി ഭക്ഷണം തയ്യാറാക്കുന്നു, വസ്ത്രങ്ങൾ, ക്യാമറ, അഡ്രസ്സുകൾ, മൊബെയിൽ ചാർജ്ജറുകൾ, അത്യാവശ്യ മരുന്നുകൾ..അങ്ങനെ പലതും റെഡി. ഇപ്പോൾ സമയം ആറര. അരമണിക്കൂർ കൊണ്ട്‌ എല്ലാരും റെഡി. കാറിലെല്ലാം എടുത്തു വെച്ചു. ഏഴു മണിയോടെ, സകല ഈശ്വരന്മാരെയും പ്രാർത്ഥിച്ച ശേഷം യാത്ര തിരിച്ചു. ഇറങ്ങി മെയിൻ റോഡിലെത്തുന്നതിനു മുൻപ്‌ അതാ ഒരു കറുത്ത പൂച്ച വട്ടം ചാടി!. കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ അതിന്റെ മരതകക്കണ്ണുക്കൾ വ്യക്തമായി ഞാൻ കണ്ടു. എനിക്ക്‌ സന്തോഷമായി!. മനസ്സ്‌ നിറഞ്ഞു!. എന്താണ്‌ കാര്യമെന്നല്ലേ? ഇതിനു മുൻപ്‌ മറ്റൊരു യാത്രയ്ക്ക്‌ (മറ്റൊരു ഉൾവിളിയുടെ ഫലം) പോയപ്പോഴും ഇതേപോലൊരു കറുത്ത പൂച്ച വട്ടം ചാടിയിരുന്നു! അതു വളരെ നല്ലൊരു യാത്രയായിരുന്നു. ഇപ്പോൾ കറുത്ത പൂച്ച ചാടിയപ്പോൾ എനിക്ക്‌ സമാധാനമായി. ഇനി പേടിക്കാനൊന്നുമില്ല. ഈ യാത്രയും മനോഹരമായിരിക്കും. ഈ പൂച്ച ഞാൻ ദൂരയാത്ര പോകുന്നതും കാത്തിരിക്കുകയാണോ?! എങ്കിൽ നന്ദി. കറുത്തപൂച്ചകളെ, നിങ്ങളറിയുന്നില്ല നിങ്ങൾ എത്ര ഭാഗ്യവാന്മാരാണെന്ന്!. നിങ്ങൾ ഭാഗ്യം കൊണ്ടു വരുന്നവരാണെന്ന്!. കറുത്തപൂച്ചകളുടെ ഉടമസ്ഥർ ഭാഗ്യവാന്മാരും ഭാഗ്യവതികളും തന്നെ!.

ദൂരയാത്ര പോകുന്നവർക്ക്‌ സൗജന്യമായി ഒരു ഉപദേശം തരാം. പതിമൂന്നാം തീയതി നോക്കി വേണം യാത്ര തിരിക്കാൻ. കറുത്ത പൂച്ചകൾ വിഹരിക്കുന്ന വഴിയിൽ കൂടി പോകാൻ പ്രത്യേകം ശ്രദ്ധിക്കുക. കറുത്ത പൂച്ചകൾ സ്വന്തമായുള്ളവർ അവയെ തങ്ങളുടെ വണ്ടിക്ക്‌ കുറുകെ ചാടാൻ പരിശീലിപ്പിക്കുന്നത്‌ നന്നായിരിക്കും.

വഴിയിൽ കാറിന്റെ ടാങ്കിൽ പെട്രോൾ, ടയറിൽ എയർ എന്നിവ നിറച്ചു. കാർ ഹാപ്പിയായി. ടോം ടോം (GPS Navigator) പറഞ്ഞു തന്ന വഴിയിലൂടെ നമ്മൾ മുന്നോട്ട്‌!!.

Driver :)
ഓൿലണ്ട്‌ നഗരം പിന്നിട്ട്‌ ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ചെറിയ മഴ. പുറത്ത്‌ മഴ പെയ്തപ്പോൾ എന്റെയുള്ളിൽ തീ കത്തിത്തുടങ്ങി..ഈ മഴയെങ്ങാനും കാറ്റടിച്ച്‌ വാക്കപ്പാപ്പ വരെ വന്നാൽ..?
മഴ കാരണം വണ്ടി 80 കി.മി. യിലാണ്‌ ഓടിക്കുന്നത്‌. കുറച്ച്‌ കഴിഞ്ഞപ്പോൾ അതാ മൂടൽമഞ്ഞ്‌!! മൂടൽ എന്നു വെച്ചാൽ, ഒരു 100 മീറ്ററിനപ്പുറം റോഡുണ്ടോ ഇല്ലേ എന്നറിയാൻ കഴിയുന്നില്ല! വേഗത വീണ്ടും കുറച്ചു. മുൻപിൽ പോകുന്ന വാഹനം മൂടൽ മഞ്ഞിന്റെയുള്ളിലേക്ക്‌ കയറി പോകുന്നു. പിന്നാലെ ഞാനും. കുറച്ച്‌ കഴിഞ്ഞപ്പോൾ മുന്നിലെ വാഹനം വഴി മാറി പോയി.. ചതിയൻ!
ഇപ്പോൾ മുന്നിൽ റോഡുണ്ടോ എന്നു വരെ സംശയം. അത്രയ്ക്കും മൂടൽ.
വണ്ടി നിർത്തിയിടണോ?
അതോ തിരിച്ചു പോണോ?
എല്ലാം അവതാളത്തിലാവുമോ?
ഇതു സാഹസമല്ലേ?
എന്തായാലും ഇറങ്ങി. ഇനി പോവുക തന്നെ. വരുന്നിടത്ത്‌ വെച്ചു കാണം. അല്ലെങ്കിലും ഒറ്റയ്ക്കല്ലല്ലോ, ദൈവങ്ങളില്ലേ കൂടെ?
ഞാൻ ഡ്രൈവിംഗ്‌ തുടർന്നു.
കാറിൽ മലയാളം, തമിഴ്‌, ഹിന്ദി പാട്ടുകൾ മാറി മാറി വന്നു കൊണ്ടിരുന്നു..
'നായകൻ' ലെ 'നിലാ അതു വാനത്ത്‌ മേലെ..' ആണിപ്പോൾ കേൾക്കുന്നത്‌ (യാത്രയ്ക്ക്‌ പറ്റിയ പാട്ട്‌ അല്ലേ? ;))
മഞ്ഞു കുറഞ്ഞു വന്നു, സൂര്യനും രാത്രിയുറക്കം കഴിഞ്ഞ്‌ കൈകൾ നീട്ടിയെഴുന്നേറ്റു.
റോഡ്‌ കാണാം, സുന്ദരമായ പ്രകൃതിദൃശ്യങ്ങൾ ചുറ്റും തെളിഞ്ഞു. ഇപ്പോൾ നമ്മൾ ഹാപ്പിയായി.
മൈലുകളോളം നീണ്ടു കിടക്കുന്ന പച്ചപ്പ്‌, കുന്നുകൾ, വരിവരിയായ്‌ നിൽക്കുന്ന വൃക്ഷങ്ങൾ.
ആ തണുത്ത പച്ചപ്പിനുള്ളിലൂടെ കാർ അതിവേഗത്തിൽ മുന്നോട്ട്‌ പോയ്ക്കൊണ്ടിരുന്നു.
മനസ്സിൽ ഞാനുറക്കെ വിളിച്ചു പറഞ്ഞു, മഞ്ഞുമലകളെ ഞാനിതാ വരുന്നു!

വഴിയിൽ വിശ്രമിക്കാനുള്ള സ്ഥലങ്ങളുണ്ട്‌. ഒരു വൃക്ഷത്തിന്റെ ചിത്രം അതിനെ സൂചിപ്പിക്കുന്നു. ടോയ്‌ലറ്റുകൾ ക്ക്‌ ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിത്രം, റെസ്റ്റോറന്റുകൾക്ക്‌ ഒരു ചായക്കപ്പിന്റെ ചിത്രം അങ്ങെയങ്ങനെ.. പോകുന്ന വഴി ഒന്നു കൂടി മോട്ടലിൽ വിളിച്ചു ഞങ്ങളുടെ വരവറിയിച്ചു. പതിനൊന്ന് മണിക്കാണ്‌ ചെക്ക്‌ ഇൻ സമയം.

10.55 നു ഞങ്ങൾ മോട്ടലിനു മുൻപിൽ എത്തി!. കുറച്ച്‌ പ്രായമുള്ള ഒരാളെയാണ്‌ ഞങ്ങൾ അവിടെ കണ്ടുമുട്ടിയത്‌. ചിരി, സ്നേഹം നിറഞ്ഞ പെരുമാറ്റം (അങ്ങനെ അല്ലാതെയൊന്ന് ഇവിടെ ഇതുവരെ കണ്ടിട്ടില്ല എന്നതാണ്‌ സത്യം). നിരവധി മാപ്പുകൾ, അവിടെ വിനോദസഞ്ചാരികൾക്ക്‌ എന്തെല്ലാം ചെയ്യാം എന്നു പ്രിന്റ്‌ ചെയ്ത ലഘുലേഖകൾ, ടൗപോ ടൈംസ്‌(പ്രാദേശിക പത്രം) ഇതെല്ലാമെടുത്തു. മോട്ടലിനു ചുറ്റുമുള്ള വഴിയുടെ ഒരു മാപ്പും തന്ന് അടുത്ത്‌ എവിടെയൊക്കെ എന്തൊക്കെയുണ്ട്‌? ഷോപ്പിംഗ്‌ മോളുകൾ, ഹോട്ടലുകൾ, തടാകം.. എല്ലാം പറഞ്ഞു തരുകയും ചെയ്തു. എല്ലാത്തിനും നന്ദി പറഞ്ഞു വാടക അടച്ചു. ഞങ്ങളുടെ മുറി വൃത്തിയാക്കികൊണ്ടിരിക്കുകയാണ്‌. ഒരഞ്ച്‌ നിമിഷം കാത്തു നിൽക്കണം.
അപ്പോൾ മകൻ ഒരു മുയലിനെ കണ്ടു എന്ന് പറഞ്ഞു വന്നു. മോട്ടലിൽ മുയലോ? ചെന്നു നോക്കി. മുറ്റത്ത്‌ ഓടി നടക്കുന്ന ഒരു മുയലിന്റെ പിറകെയാണവൻ. വെളുത്ത, മിനുമിനുപ്പുള്ള, പുറത്ത്‌ ബ്രൗൺ നിറത്തിലുള്ള ഡിസൈനുകളുള്ള ഒരു സുന്ദരക്കുട്ടൻ!. അതിന്റെ പിറകെ ഞാനും പോയി. തൊട്ടു, തടവി. അതു ചാടി ചാടി പോയി. പിറകെ ഞാനും മോനും. അതു വന്നു കയറിയതോ? ഞങ്ങളുടെ മുറിയിലും! ബെഡ്ഡിന്റെ അടിയിലും ചുറ്റുമായി ഓട്ടം! ഒടുവിൽ എങ്ങനെയോ അതിനു പുറത്തേക്കുള്ള വഴി മനസ്സിലായി. മോട്ടലിനു മുൻവശം നിറയെ പൂക്കളുള്ള ചെടികൾ. കുട്ടികൾക്ക്‌ കുതിച്ച്‌ പൊന്താൻ ട്രാമ്പൊളിൻ, കളിക്കാൻ പുൽത്തകിടി, കളിവീട്‌..


മുറി പരിശോധിച്ചു. ചൂട്‌ കിട്ടാനായി ഹീറ്റർ ഉണ്ട്‌. ബെഡ്ഡിൽ ഇലക്ട്രിക്ക്‌ ബ്ലാങ്കറ്റും. ആനന്ദലബ്ധിക്കിനിയെന്തു വേണം?

എല്ലാരും ഒന്നു ഫ്രഷായി. ഭക്ഷണം മൈക്രോവേവിൽ വെച്ചു ചൂടാക്കി. ആസ്വദിച്ചു കഴിച്ചു. ഒരുന്മേഷം നിറഞ്ഞു. എന്റെ ബാറ്ററികൾ ചാർജ്ജായതു പോലെ.
രണ്ടു സോക്സ്‌, രണ്ടു പാന്റ്‌, മൂന്ന് ഷർട്ട്‌ (അതിനു പുറത്ത്‌ ജാക്കറ്റ്‌) എന്നിവയെടുത്തണിഞ്ഞു. ചെവി മൂടാൻ പാകത്തിലുള്ള കമ്പിളി തൊപ്പികൾ, കൈയുറകൾ, ക്യാമറകൾ എടുത്തു വെച്ചു. കുടിക്കാൻ വെള്ളം(തണുപ്പിലാണ്‌ കൂടുതൽ ദാഹിക്കുക), കൂട്ടത്തിൽ കഴിക്കാൻ ഉരുളക്കിഴങ്ങ്‌ ചിപ്സും. കാർ വീണ്ടും നീങ്ങിത്തുടങ്ങി. പോകുന്ന വഴി കാറിനും കുടിക്കാൻ പെട്രോൾ കൊടുത്തു. കാർ വീണ്ടും ഹാപ്പിയായി.
ടൗപോ തടാകം ഒന്നു ചുറ്റി വലം വെച്ചാണ്‌ യാത്ര തുടങ്ങുന്നത്‌. സമയം 12 കഴിഞ്ഞെങ്കിലും കാർമേഘങ്ങൾ കാരണം ചൂട്‌ അറിയുന്നില്ല, കണ്ണിൽ കുത്തുന്ന വെളിച്ചവുമില്ല. സന്തോഷം. തടാകത്തിനരികിലൂടെ കാഴ്ച്ചകൾ കണ്ട്‌ യാത്ര. ഇളം നീലയും പച്ചയും കലർന്ന ജലം. ദൂരെ കുന്നുകൾ കാണാം. അവിടവിടെ ചില ബോട്ടുകൾ, നല്ല വൃത്തിയുള്ള തീരം..അവിടെ ഒന്നിറങ്ങിയാൽ അവിടെതന്നെയിരുന്നു പോകും!. അതു കൊണ്ട്‌ നിർത്തിയില്ല. ഇപ്പോൾ ലക്ഷ്യം മഞ്ഞുമലയാണ്‌. അതു മറക്കാൻ പാടില്ലല്ലോ. പോകുമ്പോൾ തോന്നി എന്റെ വാഹനത്തിനു മുന്നിൽ പോകുന്ന വാഹനങ്ങളെല്ലാം അങ്ങോട്ടാണെന്ന്!. അതു ശരിയായിരുന്നു. എല്ലാരും ഒരേ സ്ഥലത്തേക്കാണ്‌.
'എവിടെ മഞ്ഞെന്ന് പറഞ്ഞിട്ട്‌'? എന്റെ ശ്രീമതിയുടെ ചോദ്യമാണ്‌. ഏറ്റുപിടിക്കാൻ മകനും. അവരെപ്പോഴും ഒറ്റക്കെട്ടാണ്‌. ഞാൻ ഏതോ ഗൈഡാണെന്ന മട്ടിലാണ്‌ ചോദ്യം. ഒരു വട്ടം പോയി കണ്ടതിന്റെ 'അഹങ്കാര'ത്തിൽ മഞ്ഞുമലകളെ പറ്റി കുറച്ചധികം പറഞ്ഞു പോയിട്ടുണ്ടായിരുന്നു.
'ഇപ്പൊ കാണാം..' 'ഇപ്പോ വരും' എന്നൊക്കെ പറഞ്ഞു ഞാൻ അവരുടെ ആകാംക്ഷ ആളിക്കത്തിച്ചു. കുറച്ച്‌ കഴിഞ്ഞ്‌..
'അതാ മഞ്ഞ്‌!' അതൊരു നിലവിളിയായിരുന്നു.
ക്യാമറ എടുത്ത്‌ കൊടുത്തു. ഇനി അവരായി അവരുടെ പാടായി!.
എനിക്ക്‌ അതൊന്നും നോക്കാനുള്ള അനുവാദമില്ല. എന്റെ ശ്രദ്ധ മുഴുവനും ഡ്രൈവിംഗിലാണ്‌.
'ഇത്രയേ ഉള്ളു?' മഞ്ഞിന്റെ ചെറിയ ഒരു പൊട്ട്‌ അകലെ കണ്ട അഭിപ്രായമാണ്‌.
ഞാനൊന്നും പറഞ്ഞില്ല. എന്റെ പേടി ഇനി മഴക്കാറും, തലേന്നത്തെ മഞ്ഞു വീഴച്ചയും കാരണം റോഡ്‌ അടച്ചിട്ടുണ്ടാവുമോ എന്നായിരുന്നു.
കുറച്ചു കൂടി കഴിഞ്ഞപ്പോൾ, ഒന്ന്..രണ്ട്‌, മൂന്ന്..മലനിരകൾ ഒന്നൊന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.
മലമുകൾ വെയിലേറ്റ്‌ വെട്ടിത്തിളങ്ങുന്നു. അവിടമാകെ മഞ്ഞാണ്‌.
അടുത്തെത്താറായി. ഇപ്പോൾ കാണുന്ന മലനിരകൾ മുഴുവനായും മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ്‌.
ആരോ മുകളിൽ നിന്ന് മഞ്ഞു കുടഞ്ഞിട്ടതാണെന്നെ തോന്നൂ!. മലകൾ നനുത്ത മഞ്ഞിന്റെ തൊപ്പിയണിഞ്ഞ്‌ സന്ദർശകരെ വരവേൽക്കാൻ കാത്തുനിൽക്കുകയാണ്‌!

എവിടെ ഗേറ്റുകൾ?. എന്റെ കണ്ണുകൾ ഗേറ്റിലേക്ക്‌ നീണ്ടു.
ഗേറ്റുകൾ തുറന്നിട്ടിരിക്കുന്നു! എല്ലാവർക്കും സ്വാഗതം!. ദൈവങ്ങളെ നന്ദി!.
ഞങ്ങളുടെ ആവേശം ഉച്ചിവരെയെത്തി. ഇനി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ മഞ്ഞിലിറങ്ങും!

ആദ്യം കണ്ട പാർക്കിംഗ്‌ സ്ഥലത്ത്‌ തന്നെ കാർ നിർത്തിറങ്ങി. ചുറ്റും മഞ്ഞു വീണു കിടക്കുന്നു. റോഡിനപ്പുറത്ത്‌ കുട്ടികൾ മഞ്ഞിൽ കളിക്കുന്നു. കുട്ടികളിൽ ചിലർ മഞ്ഞപ്പൂപ്പനെ ഉണ്ടാക്കുകയാണ്‌. ചിലർ കുറച്ചുയരത്തിലേക്ക്‌ കയറി അവിടെനിന്നും തെന്നിയിറങ്ങാൻ ശ്രമിക്കുന്നു, ചിലർ മഞ്ഞു വാരിയെറിയുന്നു. എവിടെയും മഞ്ഞു മയം!

താപനില?
-6 ഡിഗ്രി(താഴെ).
മലയുടെ മുകളിൽ -12 ഡിഗ്രി.

ഞങ്ങൾ തൊപ്പിയും, ഗ്ലൗസുമൊക്കെയെടുത്തണിഞ്ഞു.
പുറത്തിറങ്ങി മറ്റുള്ളവരെ കണ്ടപ്പോഴാണ്‌ ഞങ്ങളുടെ തയ്യാറെടുപ്പുകളിലെ പോരായ്മ മനസ്സിലായത്‌. അവരെല്ലാം ധരിച്ചിരിക്കുന്നത്‌ വലിയ ബൂട്ടുകളാണ്‌. അതും വെള്ളം ഉള്ളിൽ കയറാത്തത്‌. പോരെങ്കിൽ വളരെ കട്ടികൂടിയ രോമക്കുപ്പായങ്ങളും!. ഞങ്ങളുടെ വസ്ത്രങ്ങൾ ഈ തണുപ്പിൽ നിന്നും രക്ഷ നേടാൻ അപര്യാപ്തമാണ്‌.. പക്ഷെ ഞങ്ങളുടെ ആവേശത്തിനെ തോൽപ്പിക്കാൻ എങ്ങനെ തണുപ്പിനു കഴിയും?. മകൻ നന്ദൻ ആദ്യം തന്നെ മഞ്ഞിലേക്ക്‌ ഓടി കയറി. പിറകെ അമ്മയും. ഒരു പിടി മഞ്ഞു വാരിയെടുത്ത്‌ അമ്മയ്ക്കിട്ട്‌ ഒരേറ്‌! ഉത്ഘാടനം! അടുത്തത്‌ എന്റെ നേരെ. അവന്റെ കുഞ്ഞുഗ്ലൗസുകൾ മഞ്ഞു വാരാൻ തടസ്സം. അവൻ ഗ്ലൗസ്‌ ഊരി എന്റെ കൈയിൽ തന്നു. പിന്നെ രണ്ടു കൈകളിൽ മഞ്ഞു വാരിയെടുത്ത്‌ ഏറോട്‌ ഏറ്‌!!. മഞ്ഞു കഷ്ണങ്ങൾ എന്റെ വസ്ത്രത്തിനുള്ളിലേക്ക്‌ വീണു. ഞാൻ തണുപ്പു കൊണ്ട്‌ പുളഞ്ഞു. അവനുടൻ തന്നെ മഞ്ഞുമനുഷ്യനെ ഉണ്ടാക്കണം. അതാണാവശ്യം. ഞങ്ങൾ മഞ്ഞുമല ശരിയായി കണ്ടതു കൂടിയില്ല. അതിനു മുകളിലേക്ക്‌ പോകണം. വികൃതിയെ ഒരു വിധം പറഞ്ഞു പാട്ടിലാക്കി വീണ്ടും റോഡിൽ വന്നു നിന്നു. അവിടെ നിന്ന് മുകളിലേക്ക്‌ ഫ്രീ ബസ്‌ ഉണ്ട്‌. പത്ത്‌ മിനിട്ടിടവിട്ട്‌ ബസ്‌ വരും. ക്ഷമാപൂർവ്വം കാത്തുനിന്നു. അവിടെ നിന്ന ഒരു വിദേശവനിത ഫോട്ടോ എടുക്കണോ എന്നു ചോദിച്ചു. സമ്മതം. അങ്ങനെ മഞ്ഞിൽ എന്റെ ആദ്യത്തെ കുടുംബചിത്രം ക്യാമറയിൽ പതിഞ്ഞു.

 ഉത്ഘാടനം!
ബസ്‌ മലകയറുമ്പോൾ, സാവധാനം ചുറ്റും പ്രകാശം കൂടി കൂടി വരുന്നത്‌ ശ്രദ്ധിച്ചു. ഇപ്പോൾ ചുറ്റും വെളുപ്പ്‌ നിറം. മുകളിൽ നിറയെ ആളുകൾ. പലരും സ്കീയിംഗ്‌ നു വന്നവരാണ്‌. അതിനുചിതമായ വസ്ത്രങ്ങളും (ഗിയറുകൾ എന്നു പറയും) സ്കീയിംഗ്‌ ഉപകരണങ്ങളും അവരുടെ കൈവശമുണ്ട്‌. അതെക്കുറിച്ച്‌ പിന്നീട്‌ അന്വേക്ഷിച്ചപ്പോഴറിഞ്ഞു, അതെല്ലാം വാടകയ്ക്ക്‌ എടുക്കാമെന്ന്. വിലവിവരങ്ങൾ വിശദമായി എഴുതി വെച്ചിരിക്കുന്നതു കണ്ടു.
മുകളിലേക്ക്‌ എങ്ങനെ പോകും?.
നടന്നു പോകാൻ കെൽപ്പുള്ളവർക്ക്‌ അങ്ങനെ പോകാം. അതല്ല Chair lift എന്ന സംവിധാനത്തിലിരുന്ന് പോകണമെന്നുള്ളവർ ടിക്കറ്റെടുക്കണം. Chair lift എന്നു പറയുന്നത്‌ ഇരുന്ന് (മനസമാധാനത്തോടെ) മുകളിലേക്ക്‌ പോകാൻ പറ്റിയ സുരക്ഷിതമായ ഒരു സംവിധാനമാണ്‌. ഉരുക്ക്‌ കമ്പികളിലാണ്‌ ആ 'കസേരകൾ' അതുറപ്പിച്ചിരിക്കുന്നത്‌. ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. അതിൽ പോകുമ്പോഴുള്ള ഒരു ഗുണമെന്തെന്നാൽ, നമുക്ക്‌ ചുറ്റുമുള്ള കാഴ്ച്ചകൾ നല്ല ഉയരത്തിൽ നിന്നും കാണാൻ സാധിക്കുമെന്നതാണ്‌. ആ യാത്ര കൂടുതൽ ആസ്വാദ്യമാവുക താഴേക്ക്‌ തിരിച്ച്‌ പോകുമ്പോഴാണ്‌.

ഇനി Chair lift ഇൽ പോയി പരിചയമില്ലെങ്കിലോ? പരിചയപ്പെടാനുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്‌. അതു സൗജന്യവുമാണ്‌. അതുപയോഗിച്ച്‌ താഴേക്കും മുകളിലേക്കും (കുറച്ച്‌ ദൂരം) എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. 'മിടുക്കന്മാർ' - ഞാൻ മനസ്സിൽ പറഞ്ഞു.

Chair lift നു ടിക്കറ്റെടുത്തു. കൗണ്ടറിലിരുന്ന യുവതി എവിടെ നിന്ന് ഏതു വരെ പോകാം എന്നൊക്കെ പറഞ്ഞു തന്നു. കൈയിൽ മലയുടെ മൊത്തം കാര്യങ്ങൾ വിശദമായി വരച്ച ഭൂപടവും. ഇവിടെ എന്തിനും ഏതിനും ഭൂപടമെടുത്ത്‌ കൈയിൽ തരും. ഈ കിവികളുടെ ഒരു കാര്യം!. പലരും മാപ്പുമായിട്ട്‌ എവിടെയും പോകാനറിയാവുന്നവരാണ്‌. എല്ലാ റോഡുകളും അതിലുണ്ടാവും. ഹൈവേയും, സാധാരണ റോഡുകളും എല്ലാം പല നിറത്തിലാണ്‌ പ്രിന്റ്‌ ചെയ്തിരിക്കുന്നത്‌. അതു നോക്കി പോകാൻ ഏതൊരു കൊച്ചു കുട്ടിക്കും കഴിയും എന്നതാണ്‌ വാസ്തവം.

Chair lift ഇൽ ചാടി കയറിയിരുന്നു. അമ്മയും മകനും ആദ്യം പോയി (മഞ്ഞുമല കണ്ടപ്പോൾ എന്നെ വേണ്ട!). പിന്നാലെ വന്നതിൽ ഞാൻ മാത്രം. പോകും വഴി, ഉയരത്തിലിരുന്ന് ഞാൻ വിളിച്ചു ചോദിച്ചു
'എല്ലാം ഓക്കെയല്ലേ?'
എവിടെ? ഒരു മറുപടിയുമില്ല.
'മോനെ, താഴെ നോക്ക്‌!' ഞാൻ വിളിച്ചു  പറയുന്നതല്ലാതെ രണ്ടു പേരും മൈൻഡ്‌ ചെയ്യുന്നില്ല. ഒന്നു കൈയുയർത്തിയെങ്കിലും കാണിച്ചു കൂടെ?
ഞാൻ 'ഫോട്ടം പിടിക്കാൻ' തുടങ്ങി. താഴെ കൂടി പല നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ്‌ ആണുങ്ങളും പെണ്ണുങ്ങളും (ചെറുപ്പക്കാരാണധികവും) സ്കീ ചെയ്തു പോകുന്നു. അതിവേഗത്തിലാണവർ തെന്നി പോകുന്നത്‌. അല്ല, പായുന്നത്‌. അവരുടെ വൈദഗ്ദ്ധ്യം കണ്ടുഞ്ഞാനസൂയപ്പെട്ടു. മുകളിൽ ചെന്നപ്പോഴാണ്‌ കാര്യം പിടികിട്ടിയത്‌. ശ്രീമതി പേടിച്ചു പോയതാണ്‌. അതാണുത്തരമില്ലാത്തത്‌. ആദ്യമായി ഇത്ര ഉയരത്തിലേക്ക്‌ പോകുന്ന ചിലർ പേടിക്കാൻ സാദ്ധ്യതയുണ്ട്‌. അതു കുഴപ്പമില്ല. കീഴടക്കാൻ ഉയരങ്ങൾ ഇനിയും ഞങ്ങൾക്ക്‌ ബാക്കി.
Respect gets respect
രണ്ടുതട്ടുകളായാണ്‌ മഞ്ഞു മലയിലേക്കുള്ള വഴി കയറിപോയിരിക്കുന്നത്‌. അതായത്‌ രണ്ടു പ്രാവശ്യം Chair lift ഇൽ സഞ്ചരിച്ചാലെ മുകളിൽ എത്തിച്ചേരാൻ കഴിയൂ എന്ന്. അതിൻ ശേഷം T-bar എന്നൊരു സംവിധാനം ഒരുക്കിയിട്ടുണ്ട്‌. അതു മേഘങ്ങളെ ചുംബിക്കാൻ താത്പര്യമുള്ളവർക്കാണ്‌. സ്കീയിംഗ്‌ ഉപകരണങ്ങളുമായി മുകളികേക്ക്‌ പോകാനുദ്ദേശിക്കുന്നവർക്കെന്നർത്ഥം. .രണ്ടാമത്തെ തട്ടു കയറിക്കഴിഞ്ഞാൽ ഒരു ക്യാന്റീൻ കാണാം. അവിടെ ലോകാത്തെവിടെയുമില്ലാത്ത വിലയ്ക്ക്‌ സാധനങ്ങൾ വിൽക്കാൻ വെച്ചിട്ടുണ്ട്‌. ഈ മഞ്ഞിൽ കൂടി, ഈ ഉയരത്തിൽ ആ സാമഗ്രഹികൾ എത്തിക്കാൻ പെട്ട പാട്‌ അവർക്കല്ലേ അറിയൂ? അതിന്റെ വില അവരീടാക്കുക തന്നെ ചെയ്യും. തികച്ചും ന്യായം. അതു കൊണ്ട്‌, മല കയറുന്നവർ ഒരു ബാഗിൽ കുറച്ച്‌ അണ്ടിപ്പരിപ്പും, പച്ച വെള്ളവും കൊണ്ടുവരുന്നത്‌ നന്നായിരിക്കും. ഒന്നു കൊറിക്കണമെന്ന് തോന്നിയാൽ അതുപകരിക്കും. മറ്റൊന്ന് ദാഹം. വളരെ പെട്ടെന്ന് ദാഹം ഉണ്ടാകും. ശരീരം ചൂടാക്കാൻ അധികം ഉർജ്ജം ഉപയോഗിക്കുന്നതു കൊണ്ടാണതെന്നു തോന്നുന്നു. അതു കൊണ്ട്‌ വെള്ളം കൈയിൽ തന്നെ കരുതുക.


ആദ്യത്തെ 'ലിഫ്റ്റ്‌' കഴിഞ്ഞിറങ്ങിയ ഞാൻ കാണുന്നത്‌ കൈ നിറയെ മഞ്ഞുമായി എന്നെ എറിയാൻ കാത്തു നിൽക്കുന്ന നന്ദനെയാണ്‌. പുള്ളിക്കാരനു ഈ തണുപ്പൊന്നും ഒരു പ്രശ്നമല്ലെന്നു തോന്നുന്നു. ഞങ്ങളുടെ സമീപത്ത്‌ കൂടി അതിവേഗത്തിൽ ചിലർ പാഞ്ഞു പോയി. സ്കീയിംഗ്‌ ചെയ്യുന്നവരാണവർ. ഞങ്ങൾ മൂന്നു പേരും മഞ്ഞു വാരിയെടുത്തു. ഒരു ചെറിയ തോതിലുള്ള 'വെളുത്ത യുദ്ധം' നടന്നു. തണുപ്പ്‌ കൂടി കൂടി വരുന്നോ? ഞാൻ ജാക്കറ്റിന്റെ സിപ്പ്‌ ഒന്നു കൂടി മുകളിലേക്ക്‌ വലിച്ചു കയറ്റി. അവിടെ നിന്നും താഴെക്ക്‌ നോക്കിയാൽ താഴെ തെന്നി പോകുന്ന പൊട്ടുകളെ കാണാം. അപ്പോൾ മകനു മറ്റൊരാഗ്രഹം - ഒരു 'സ്നോ മാൻ' നെ ഉണ്ടാക്കണം. ഞാൻ മഞ്ഞ്‌
വാരിയെടുക്കാൻ കുനിഞ്ഞു. അതിന്റെ വെണ്മ അപ്പോഴാണ്‌ കൂടുതൽ വ്യക്തമായത്‌. മഞ്ഞിന്റെ ഇടയിൽ പ്രകാശം ഊർന്നിറങ്ങി, ഇളം നീല നിറമാണ്‌ പുറത്തെക്ക്‌ ചിതറുന്നത്‌. അതിന്റെ പിന്നിലെ ശാസ്ത്രതത്വം മുൻപ്‌ സ്കൂളിൽ പഠിച്ചതായിരുന്നു. മറന്നു പോയിരിക്കുന്നു എല്ലാം. (ഗൂഗിളിൽ നോക്കി പിന്നീടത്‌ എന്താ സംഭവമെന്നു മനസ്സിലാക്കി)
അതിവിടെ വായിക്കാം.
http://www.carleton.edu/departments/geol/links/alumcontributions/blueice/blue.html

  
കുറച്ച്‌ നിമിഷങ്ങൾക്കകം ഞങ്ങൾ ഒരു മഞ്ഞുമനുഷ്യനെ ഉണ്ടാക്കിയെടുത്തു! എന്റെ തൊപ്പിയൂരി അതിനിട്ടുകൊടുത്ത്‌ ഒരു ഫോട്ടൊയും എടുത്തു. അതാണ്‌ മഞ്ഞിലെ എന്റെ ആദ്യത്തെ സൃഷ്ടി. ('എന്റെ' എന്ന് ഒരാവേശത്തിൽ പറഞ്ഞതാണ്‌. അതിൽ തൊപ്പി വെച്ചതു മാത്രമാണ്‌ ഞാൻ ചെയ്തത്‌. മകനും ഭാര്യയുമാണ്‌ യഥാർത്ഥ ശിൽപികൾ).

മഞ്ഞുമനുഷ്യനും, അതിനു പിന്നിലെ 'കരങ്ങളും'.
മിഷൻ രണ്ടാം ഘട്ടത്തിലേക്ക്‌..
മുകളിലേക്ക്‌ പോയാലോ?
സമ്മതം, മൂന്നു വട്ടം സമ്മതം. ആവേശമാണ്‌ ഞങ്ങളുടെ കൈകൾ പിടിച്ച്‌ മുകളിലേക്ക്‌ കൊണ്ട്‌ പോകുന്നത്‌.
ഞങ്ങൾ വീണ്ടും Chair lift ഇൽ കയറി. മുകളിലേക്ക്‌ നീങ്ങിത്തുടങ്ങി. ഇപ്പോൾ ആർക്കും പരിഭ്രമമില്ല. മൂന്നു പേരും ഒന്നിച്ചിരുന്നാണ്‌ മുകളിലേക്ക്‌ പോകുന്നത്‌. എല്ലവരുടെയും ഭയമെല്ലാം എവിടെയോ പോയിരിക്കുന്നു. ചുറ്റുമുള്ള ദൃശ്യങ്ങൾ ഇമ വെട്ടതെ നോക്കിയിരിക്കുകയാണ്‌!. നിമിഷങ്ങൾക്കകം ഞങ്ങൾ മുകളിലെത്തി. കണക്ക്‌ പ്രകാരം ഇപ്പോൾ സമുദ്രനിരപ്പിൽനിന്നും 5000 അടിയിൽ കൂടുതൽ ഉയരത്തിലാണ്‌ ഞങ്ങളിപ്പോൾ. ശ്വാസമെടുക്കാൻ നേരിയ ബുദ്ധിമുട്ടുള്ളത്‌ പോലെ തോന്നിയെങ്കിലും, അതുടൻ തന്നെ മാറി. തണുപ്പ്‌ കാരണം ആദ്യമങ്ങനെ അനുഭവപ്പെട്ടതാണ്‌.

മുകളിൽ നിന്നുള്ള കാഴ്ച്ച വർണ്ണിക്കുവാൻ എനിക്കറിവുള്ള ഭാഷകൾ പോര. വെട്ടിത്തിളങ്ങുന്ന മലനിരകൾ. ആകാശം നീലനിറമായി മാറിയിരിക്കുന്നിപ്പോൾ. സാഹസികരായ ചിലർ ദൂരെ മലമുകളിൽ നിന്ന് അതിവേഗത്തിൽ താഴേക്ക്‌ പാഞ്ഞു വരുന്നത്‌ കാണാം. സ്വർഗ്ഗരാജ്യം ഭൂമിയിലല്ലെങ്കിൽ എവിടെയാണ്‌? എന്നു തോന്നി. ഇത്രയും മഞ്ഞ്‌ ഒന്നിച്ച്‌ കണ്ടപ്പോൾ ചില വിചിത്രമായ ചിന്തകൾ - മഞ്ഞെടുത്ത്‌ കഴിച്ചാലോ?!. ഞാൻ മഞ്ഞിൽ കമഴ്‌ന്ന് കിടന്നു. ആവുംവിധം മഞ്ഞു ചേർത്ത്‌ ഞാൻ കെട്ടിപിടിച്ചു. ഞാൻ മഞ്ഞിനെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു!. സ്നേഹിക്കുമ്പോൾ ഏതോ ഒരു ശക്തി രണ്ടു പേർക്കിടയിൽ പ്രവഹിക്കുന്നത്‌ പോലെ അനുഭവപ്പെടും!. എന്റെയുള്ളിൽ നിന്ന് സ്നേഹം ചുറ്റുപാടും പ്രസരിക്കുകയാണ്‌. ആനന്ദം കൊണ്ട്‌ ഭ്രാന്ത്‌ പിടിച്ച്‌ പോകുന്ന അവസ്ഥ. ഇതിനു മുൻപും ഇതു പോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. അതിമനോഹരമായ കാഴ്ചകൾ കണ്ട്‌, കണ്ണ്‌ നിറഞ്ഞ്‌, സന്തോഷം നിറഞ്ഞ്‌ ഞാൻ അബോധാവസ്ഥയിലായിട്ടുണ്ട്‌. സൗന്ദര്യം കണ്ട്‌ ശരിക്കും തലകറങ്ങി പോയിട്ടുണ്ട്‌. കാർമേഘങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ വെളുത്ത്‌ കൊക്കുകൾ പോവുന്നത്‌ നോക്കിയിട്ടുണ്ടൊ? ആ ഭംഗി കണ്ട്‌ ഞാൻ നില തെറ്റി താഴെ വീണിട്ടുണ്ട്‌. ആ സമയം ഞാൻ ഭൂമിയിലാണോ, വായുവിലാണോ എന്നു പറയാൻ കഴിയില്ല്ല. ചില നേരങ്ങളിൽ, ചില ഗാനങ്ങൾ കേൾക്കുമ്പോൾ, ശരീരമുപേക്ഷിച്ച്‌ വായുവിൽ ഒഴുകി നടക്കുന്നത്‌ പോലെ തോന്നും!. എങ്ങനെയാണ്‌ ആത്മാക്കളില്ലെന്ന് അവിശ്വസിക്കുക?!. എന്റെ വിചാരങ്ങൾ കടിഞ്ഞാൺ പൊട്ടിക്കാൻ ശ്രമിക്കുകയാണ്‌. ഞാനവയെ അഴിച്ചു വിട്ടു!. സ്വതന്ത്രം വിഹരിക്കട്ടെ!.

ഇവിടം ഇത്ര മനോഹരമാണെങ്കിൽ, സാക്ഷാൽ കൈലാസം എത്ര മനോഹരമായിരിക്കും?!. മഞ്ഞുമലനിരകളിലേക്ക്‌ നോക്കി നിൽക്കുമ്പോൾ, മഞ്ഞു പോലെ വെളുത്ത, നൈർമ്മല്യം നിറഞ്ഞ ചില ചിന്തകൾ എന്നെ ചുറ്റിവരിഞ്ഞു.

എന്നെ ദൈവത്തിനെന്തിഷ്ടമാണ്‌! എത്രമാത്രം കാരുണ്യമാണ്‌, എത്രമാത്രം അനുഗ്രഹങ്ങളാണ്‌ ചൊരിയുന്നത്‌!. നിർഭാഗ്യകരമായ സംഭവങ്ങൾ, അനുഭവങ്ങൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്‌. അതെല്ലാം എന്റെമാത്രം പിഴയാണ്‌!. എന്റേതു മാത്രം. ദൈവത്തിനെ ആരാധിക്കുകയല്ല വേണ്ടത്‌! സ്നേഹിക്കുകയാണ്‌!. നിറഞ്ഞ മനസ്സോടെ സ്നേഹിക്കുക, ദൈവം നിങ്ങളെയും സ്നേഹിക്കും. എന്നെ വിശ്വസിക്കൂ! ഞാൻ സത്യമാണ്‌ പറയുന്നത്‌!. ദൈവം എന്നു പറയുന്നത്‌ സ്നേഹം തന്നെയാണ്‌. നമ്മൾ ആദ്യം പഠിക്കേണ്ടത്‌ സ്നേഹത്തിനെ സ്നേഹിക്കാൻ പഠിക്കുക എന്നതാണ്‌!. God is Love എന്നു പറയുന്നതിനെ പൊരുൾ അതു തന്നെയാണ്‌. അതിരുകളില്ലാത്ത, നിയമങ്ങളില്ലാത്ത, വിലക്കുകളില്ലാത്ത സ്നേഹമാണത്‌. അതിൽ മുങ്ങി ജീവിക്കുക. അതിൽ നിറഞ്ഞ്‌ ജീവിക്കുക. ഈയൊരു മനുഷ്യജന്മം ലഭിച്ചതു തന്നെ ഭാഗ്യം!. ഒരു പക്ഷെ നമ്മളെല്ലാം മരണ ശേഷം അരൂപികളായ സ്നേഹരൂപങ്ങളായി മാറുകയാവും ചെയ്യുക.

ഇനി ഭൂമിയിലേക്ക്‌ തിരിച്ചു വരാം.
രണ്ടാമത്തെ 'തട്ടിൽ' ഒരു ക്യാന്റീൻ ഉണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. വെറുതെ അകത്തു കയറി നോക്കി. നല്ല തിരക്കാണവിടെ. ചൂട്‌ കാപ്പി ഊതിയൂതി നുണയുന്ന സഹൃദയർ. അതിനുള്ളിൽ നല്ല സുഖകരമായ ചൂടുണ്ട്‌. ഒരു കാര്യം പറയാൻ വിട്ടു, ധാരാളം ഇന്ത്യാക്കാരെ മഞ്ഞുമലയിൽ കണ്ടു. തമിഴ്‌നാട്ടിൽ നിന്നും, ആന്ധ്രയിൽ നിന്നുമുള്ളവർ. നെറ്റിയിൽ ചന്ദനക്കുറിയൊക്കെയിട്ട്‌ ചിലരും ആ കൂട്ടത്തിലുണ്ട്‌. എല്ലാരും ഞങ്ങൾക്ക്‌ ചിരി സമ്മാനിച്ച്‌ നടന്നു പോകുന്നുണ്ട്‌.

ഒരു സംശയം തോന്നി. പെട്ടെന്ന് ആരെക്കെങ്കിലും എന്തെങ്കിലും വൈദ്യസഹായം വേണ്ടി വന്നാൽ? സ്കീയിംഗ്‌ നടത്തുന്ന ചിലർക്ക്‌ എന്തെങ്കിലും അപകടം സംഭവിച്ചാൽ?.
Rescue ടീംന്റെ ഓഫീസ്‌ അവിടെയുണ്ട്‌. അതിവേഗത്തിൽ മഞ്ഞിൽ കൂടി സഞ്ചരിക്കാൻ യോഗ്യമായ വാഹനങ്ങൾ അവർക്കുണ്ട്‌. മഞ്ഞിൽ കൂടി പോകുന്ന ബൈക്ക്‌ അവിടെ വെച്ച്‌ ആദ്യമായി കണ്ടു. പുഷ്പം പോലെ ഒരാൾ അതിന്മേലിരുന്ന് മഞ്ഞിലൂടെ മുകളിലേക്ക്‌ കയറി പോകുന്നതും കണ്ടു.

ക്യാന്റീൻ ഉയരത്തിലാണ്‌. താഴെയുള്ള ചെറിയ കെട്ടിടങ്ങളുടെ മച്ചിലെല്ലാം മഞ്ഞു നിറഞ്ഞിരിക്കുന്നു. നമുക്ക്‌ നടന്ന് മഞ്ഞിലൂടെ ആ മച്ചിലേക്ക്‌ കയറി പോകാം. അത്രയും ഉയരത്തിൽ മഞ്ഞു വീണു കിടക്കുകയാണ്‌. ക്യാന്റീനു സമീപം താഴേക്ക്‌ ചെന്നു നോക്കി. അവിടെ നിന്നും താഴേക്ക്‌ ഇരുന്നിറങ്ങാൻ പാകത്തിൽ മഞ്ഞു കിടക്കുന്നു. ചിലർ അതിലൂടെ ഇരുന്നും, കിടന്നും താഴേക്ക്‌ പാഞ്ഞു പോകുന്നു. വീണ്ടും മഞ്ഞിലൂടെ പണിപെട്ട്‌ കയറി വരുന്നു, വീണ്ടും ഉർന്നിറങ്ങുന്നു. ഞങ്ങളെല്ലാവരും അതു ശ്രമിച്ചു നോക്കി. താഴേക്ക്‌ മഞ്ഞിലൂടെ ഊർന്ന് പോകുമ്പോഴുള്ള ആനന്ദം! വീണ്ടുമൊരിക്കൽ കൂടി കുട്ടിക്കാലത്തേക്ക്‌ തിരിച്ചുപോയി!.

എത്ര നേരം മഞ്ഞിൽ കളിച്ചു?
സമയം നോക്കി. ഏതാണ്ട്‌ നാലു മണിക്കൂർ ഞങ്ങൾ മഞ്ഞിൽ ചിലവിട്ടു കഴിഞ്ഞിരിക്കുന്നു!. വിരലുകൾ മരവിച്ചു തുടങ്ങിയിരിക്കുന്നു. ഓരോ ചുവട്‌ വെയ്ക്കുമ്പോഴും ഷൂസ്‌ മഞ്ഞിൽ പുതഞ്ഞു പോവുകയാണ്‌. സോക്സ്‌ നനഞ്ഞ്‌, കാൽവിരലുകളെ മരവിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയധികം നേരം നിന്നാൽ ചിലപ്പോൾ പ്രശ്നമാകാനിടയുണ്ട്‌. പോരെങ്കിൽ മഞ്ഞിൽ ഉരുണ്ട്പിരണ്ടും, ഓടിയും, മറിഞ്ഞും ആകെ ക്ഷീണിച്ചിരിക്കുന്നു. ഒടുക്കത്തെ വിശപ്പും!. ഞങ്ങൾ ചെന്നു Chair ഇൽ കയറിയിരുന്നു. താഴേക്ക്‌ നോക്കിയാൽ മലയുടെ താഴെയുള്ള ഭാഗങ്ങൾ വരെ കാണാം. പുക മഞ്ഞിൽ മലനിരകൾ മറഞ്ഞു നിൽക്കുന്നു. മേഘങ്ങൾക്കിടയിലൂടേ ടോർച്ചടിച്ചപോലുള്ള വെളിച്ചം. മേഘങ്ങൾക്കിടയിൽ നിന്നും താഴെ ഭൂമിയിലേക്ക്‌ യാത്ര ചെയ്താൽ എങ്ങനെയിരിക്കും?

താഴേക്കുള്ള Chair ഇൽ കയറും മുൻപ്‌ കുറച്ച്‌ സമയം കൂടി മഞ്ഞിൽ ചിലവിട്ടു. കുറച്ച്‌ മഞ്ഞ്‌ വാരിയെടുത്ത്‌ കൈയ്യിൽ വെച്ച്‌ യാത്ര ചോദിച്ചു. വീണ്ടും കാണമെന്നും!. നന്ദനിപ്പോഴും മഞ്ഞിൽ കളിച്ച്‌ മതിയായിട്ടില്ല. അടുത്ത Chair lift ഇൽ വീണ്ടും താഴേക്ക്‌. അതിനു ശേഷം ബസ്സിൽ കാർ പാർക്ക്‌ ചെയ്തിരിക്കുന്നിടത്തേക്ക്‌. ഗ്ലൗസ്‌ ഊരി. വിരലുകൾ നഞ്ഞിരിക്കുന്നു. സോക്സും!. ഇറങ്ങിയതു നന്നായി. കുറച്ച്‌ മുൻപ്‌ കണ്ട നനുത്ത കാഴ്ച്ചകൾ ചേർത്തു പിടിച്ച്‌, സന്ധ്യയിൽ കൂടി തിരിച്ച്‌ ടൗപോയിലേക്ക്‌.

മുറിയിൽ കയറി, ഹീറ്റരും, ബ്ലാങ്കറ്റും ഓണാക്കി വെച്ചു. ഭക്ഷണം കഴിച്ച്‌ ഉറങ്ങാൻ കിടന്നു. ദൈവങ്ങളെ കൈകൂപ്പി നന്ദി പറഞ്ഞു. സുരക്ഷിതമായി പോയി വരാനും, മഞ്ഞിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞതിലും...ജീവിതത്തിലെ സുന്ദരമായ ഒരു ദിവസം കൂടി അങ്ങനെ കഴിഞ്ഞിരിക്കുന്നു..നാളെ മറ്റൊരു സുന്ദര ദിനം..(എല്ലാ ദിവസങ്ങളും പൂർണ്ണമാണ്‌, സുന്ദരമാണ്‌. നമ്മളായിട്ട്‌ അങ്ങനെയല്ലാതെ ആക്കാതിരുന്നാൽ മാത്രം മതി!)

നാളെ രാവിലെ ടൗപോ ചുറ്റണം..ഞാനുറങ്ങട്ടെ..അതിനു മുൻപ്‌ ഒരു നിമിഷം - ഏതെങ്കിലും ഉൾവിളികൾ..?

പിൻകുറിപ്പ്‌:
Taupo വിശേഷങ്ങൾ മറ്റൊരിക്കലെഴുതാം..
അതിനു മുൻപ്‌ എഴുതി തുടങ്ങിയ കഥകൾ ഞാൻ പൂർത്തിയാക്കട്ടെ.. :)
Mount.Ruapehu നെ കുറിച്ച്‌ കൂടുതലറിയാൻ:
http://www.mtruapehu.com/

ഈ പോസ്റ്റിൽ ചിത്രങ്ങൾ കൂടി പോയോ?
കൂടുതൽ ചേർക്കണമെന്നുണ്ടായിരുന്നു.. അതെന്റെ ഫോട്ടോ ബ്ലോഗിൽ കാണാം..
അതിവിടെ: നിഴലും വെളിച്ചവും



വായിച്ച എല്ലാപേർക്കും നന്ദി.

22,214

Post a Comment