Thursday, 17 November 2016

മഴ, യാത്ര, തുമ്പി

മഴ

ഒരു തുള്ളി വെള്ളം കാറിന്റെ ഗ്ലാസ്സിൽ വന്നു വീണത് അയാൾ ശ്രദ്ധിച്ചു. നോക്കി നില്ക്കെ അത് പെരുകി തുടങ്ങി. രണ്ട്..മൂന്ന്..നാല്‌..ഇന്നത്തെ ഔട്ട്ഡോർ വിസിറ്റ് ആകെ കുഴഞ്ഞു മറിയും. നാശം. അയാൾ ശപിച്ചു.

അവൾ കാതോർത്തു. നേരത്തെ ഒരു മൂടിക്കെട്ടലുണ്ടായിരുന്നതാണ്‌. ഇത്ര വേഗം?. സംശയം തീർക്കാൻ പുറത്തേക്ക് കണ്ണു നീട്ടുമ്പോൾ കണ്ടു, മതിലിൽ ചെറിയമഴവൃത്തങ്ങൾ തെളിയുന്നത്. കാണക്കാണെ വൃത്തങ്ങളുടെ ആകൃതി നഷ്ടപ്പെട്ടു തുടങ്ങി. അവൾ പടികൾ അതിവേഗം ഓടിക്കയറാൻ തുടങ്ങി. തുണികളെല്ലാമൊന്നുണങ്ങി വരുവായിരുന്നു..നാശം..അവൾ ശപിച്ചു.

മുറ്റത്ത് പുളിമരത്തിനു താഴെ മതിലിനരികിലായി ഒരു കുഞ്ഞു പാഴ്ച്ചെടി മാനം നോക്കി നില്ക്കുകയായിരുന്നു. അവൻ നീട്ടിപ്പിടിച്ച രണ്ടു കൈയ്യിലും ഒരോ തുള്ളി വന്നു വീണു. താമസിയാതെ ഉടൽ മുഴുവനും നനഞ്ഞു. കൈയ്യിട്ടടിച്ച് അവൻ ആഹ്ലാദം പ്രകടിപ്പിച്ചു. വൃദ്ധനായ പുളിമരം അവന്റെ ആഹ്ലാദം കണ്ടു ഇലകളിളക്കി. പറഞ്ഞില്ലെ ഇന്നുണ്ടാവുമെന്ന്?. കുഞ്ഞു ചെടിക്ക് തൊടി മുഴുവൻ ഓടണമെന്നും ചാടിത്തുള്ളണമെന്നുമുണ്ടായിരുന്നു. പക്ഷെ എന്തു ചെയ്യാം? വേരുകൾ സമ്മതിക്കണ്ടെ?. ഇരു കൈകളും നീട്ടിപ്പിടിച്ച് ഇളകിചിരിച്ചു കൊണ്ടേയിരുന്നു അവൻ. കൂടെ വൃദ്ധനായ വലിയ ആ പുളിമരവും.


യാത്ര

അവൻ തോളിൽ സഞ്ചിയും തൂക്കി നടന്നു പോവുകയാണ്‌. സ്കൂളിലെത്താൻ ഇനിയും സമയം ധാരാളം. വഴിയിൽ കണ്ട ഒരു വെള്ളയ്ക്ക അവൻ വലതു കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു. അതുരുണ്ട് കുറച്ച് ദൂരം ചെന്ന് വീണ്‌ അവനെ നോക്കി നിന്നു. അവൻ ഒന്നോടി ചെന്ന് അതിനെ വീണ്ടും ചവിട്ടി തെറിപ്പിച്ചു. അപ്പോഴാണ്‌ മണ്ണിലെന്തോ മിന്നുന്നത് കണ്ടത്. ചെന്നെടുത്ത് നോക്കി. ഒരു മിഠായിത്തോല്‌!. അവനത് കണ്ണിനോട് ചേർത്ത് വെച്ച് നോക്കി. നീല നിറമുള്ള സൂര്യൻ!. ഇരുണ്ട ആകാശം. അതുമായി നടക്കുമ്പോഴാണ്‌ ഒരപ്പൂപ്പൻ താടി പറന്നു വന്നത്. അതിനെ ഊതിയൂതി ആകാശത്തെത്തിക്കാനാവും വിധം ശ്രമിച്ചു. അപ്പോഴാണ്‌ ‘ബ്ളും’ എന്ന ശബ്ദം കേട്ടത്. അവൻ ചെന്ന് നോക്കി. മാനത്തുകണ്ണികൾ വെറുതെ ചുറ്റിത്തിരിയുന്നു. എവിടുന്നാ ആ ശബ്ദം?. ശബ്ദത്തിന്റെ ഉറവിടം കാണാൻ കഴിയുന്നില്ല. അവൻ ഒരു ചെറിയ കല്ലെടുത്ത് വെള്ളത്തിലെറിഞ്ഞു. ജലത്തിൽ കല്ലൊരു വൃത്തം വരച്ചു താഴേക്ക് മറഞ്ഞു. പിന്നീട് അതിനു ചുറ്റുമായി വലിയ വലിയ വൃത്തങ്ങൾ തെളിഞ്ഞു വന്നു. വൃത്തങ്ങൾ വളരുന്നത് നോക്കി അവൻ നിന്നു. അപ്പോഴാണ്‌ സ്കൂളിലെ കാര്യമോർത്തത്. വടക്ക് ഭാഗത്തെ മതിലിനരികിലെ പേരമരത്തിൽ ഒരെണ്ണം നോക്കി വെച്ചിരുന്നതാണല്ലോ. മറന്നു പോയി. അതു വല്ല അണ്ണാനും?. അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി.

കാറിൽ സഞ്ചരിക്കുമ്പോൾ അയാളവനെ കാണുകയായിരുന്നു. അവനു അയാളുടെ ഛായയുണ്ടായിരുന്നു. അവൻ എണ്ണ തേച്ച മുടി ഒരു വശത്തേക്ക് കോതി വെച്ചിരുന്നു. അയാൾ കറുത്ത ചായം പുരട്ടി തന്റെ നേർത്തു വെളുത്ത മുടിയിഴകൾ മറച്ചിട്ടുണ്ടായിരുന്നു. അവൻ അയാളായിരുന്നു.


തുമ്പി 


ഉച്ചയുറക്കത്തിനിടയിലാണ്‌ കൊച്ചുനജീം വന്ന് അയാളെ കുലുക്കിയുണർത്തിയത്. അറബിനാട്ടിൽനിന്നു വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. മാർബിൾ പാകിയ പുതിയ വീട്ടിൽ അയാൾ ആശ്വാസപൂർവ്വം, അഭിമാനപൂർവ്വം കിടന്നുറങ്ങുകയായിരുന്നു.
‘വാപ്പാ, വാപ്പാ, ഇതു നോക്ക്’ ഉത്സാഹംനിറഞ്ഞ വിളിക്ക് മറുപടിയായി അയാൾ പതിയെ എഴുന്നേറ്റിരുന്നു.
ചൂണ്ടുവിരലിനും തള്ളവിരലിനുമിടയിലിരുന്ന ഒരു തുമ്പിയെ കാട്ടിക്കൊണ്ട് അവൻ പറഞ്ഞു,
‘കണ്ടോ?..നല്ല രസാല്ലെ വാപ്പാ?’
അവൻ നിലത്തൊന്നുമല്ല. അയാൾ വന്നപ്പോൾമുതൽ അവൻ അയാളെ ഒരോന്നും കൊണ്ടു കാണിക്കുകയായിരുന്നു. പലതും അയാൾ മുൻപു കണ്ടതുതന്നെ. പക്ഷെ അവൻ നിരാശപ്പെടാതിരിക്കാൻ അയാൾ ആശ്ചര്യം നടിച്ചു.
നജീം കൗതുകംനിറഞ്ഞ കണ്ണുകളോടെ ചുവന്ന നിറമുള്ള തുമ്പിയെത്തന്നെ നോക്കിയിരുന്നു. സുതാര്യമായ ചിറകുകൾ. എന്തിനോ വേണ്ടി പരതുന്ന കുഞ്ഞിക്കാലുകൾ. താനും കുട്ടിക്കാലത്തെ ഇതുപോലെ എത്രയോ തുമ്പികളെ പിടിച്ചിരിക്കുന്നു. എല്ലാം ആവർത്തിക്കുന്നു. അയാളോർത്തു.
‘ഞാൻ വാപ്പയ്ക്കൊരു സൂത്രം കാട്ടിത്തരാം’
അതു പറഞ്ഞവൻ ഇടതു കൈ നിവർത്തി. കൈവെള്ളയിലൊരു ചെറിയ വെള്ളാരംകല്ലുണ്ടായിരുന്നു. അവൻ തുമ്പിയെ അതിനു മുകളിലായി പിടിച്ചു. തുമ്പി അപ്പോഴേക്കും കാലുകൾകൊണ്ട് കല്ല് കോർത്തെടുത്തിരുന്നു. അവൻ തുമ്പിയെ ഉയർത്തി. തുമ്പി കല്ല് വിടാതെ പിടിച്ചുവെച്ചു. എന്തോ നിധി കിട്ടിയപോലെ. ഒരുപക്ഷെ കല്ലിൽ വന്നിരുന്നതായി തുമ്പിക്ക് തോന്നിയിട്ടുണ്ടാവും.
‘എടാ, നീ അതിനെ വിട്ടേക്ക്..അതിന്റെ ചിറക് പറിഞ്ഞുപോവും’
ഒരു ചെറിയ താക്കീതിന്റെ സ്വരത്തിൽ അയാൾ പറഞ്ഞു.

കുറച്ചു നേരം തുമ്പിയെത്തന്നെ നോക്കിയിരുന്നിട്ട് നജീം ചോദിച്ചു,
‘അതെന്താ വാപ്പാ, തുമ്പി കല്ലു വിടാത്തെ?’
അവൻ അലസമായത് ചോദിച്ചിട്ട് വീണ്ടും തുമ്പിയിൽ ശ്രദ്ധ തിരിച്ചു.
ആ ചോദ്യം കേട്ടയുടൻ ഉറക്കം അയാളെ പൂർണ്ണമായും ഉപേക്ഷിച്ചുപോയി.
‘എന്താ തുമ്പി കല്ലു വിടാത്തത്?’ ആ ചോദ്യം അയാൾ മനസ്സിലിട്ട് ഒന്നു രണ്ടു വട്ടമുരുട്ടി.

‘വേണ്ടാ മോനെ, അതു ചത്തു പോവും..തുമ്പി കല്ലു വിടത്തില്ല..നീ അതിനെ പുറത്തെവിടേലും പറത്തിവിട്ടേക്ക്..അതു പോയ്ക്കോട്ടെ’
‘ശരി വാപ്പാ’
അവൻ തുമ്പിയുമായി പുറത്തേക്കോടിപ്പോയി. അവനോടിപ്പോകുന്നതുംനോക്കി അയാളിരുന്നു.
പിന്നീട് തല കുമ്പിട്ട് മാർബിൾ തറയിലേക്ക് നോക്കിയിരുന്നു.
‘ചിലപ്പോ..ആ തുമ്പിക്ക് കല്ലു വിടാൻ പറ്റുന്നുണ്ടാവില്ല..’ അയാൾ ആരോടെന്നില്ലാതെ പതിയെപ്പറഞ്ഞു.

Post a Comment

Tuesday, 15 November 2016

ഫോട്ടോ


‘ഡാഡ്, ഈ ഫോട്ടോ എങ്ങനെയുണ്ട്?’
വിശാൽ താനെടുത്ത അമ്മൂമ്മയുടെ ഫോട്ടോ, ഡിജിറ്റൽ ക്യാമറയുടെ പ്രിവ്യൂ യിൽ കാണിച്ചു കൊടുക്കകയായിരുന്നു. അമ്മൂമ്മയെ ‘ഗ്രാന്റ് മോം’ എന്നാണ്‌ വിശാൽ പറയുക. മനോഹരൻ ഇന്നലെ എത്തിയതേയുള്ളൂ ബാംഗ്ലൂരിൽ നിന്ന്. ഒരു ഐടി കമ്പനിയിലാണ്‌ മനോഹരൻ ജോലി ചെയ്യുന്നത്. ഭാര്യ മറ്റൊരു ഐടി കമ്പനിയിലും.
വർഷത്തിൽ രണ്ടോ മൂന്നോ തവണ. അത്രയുമേ നാട്ടിൽ വരാൻ സാധിക്കാറുള്ളൂ. അതിനിടയിൽ ഒന്നോ രണ്ടോ തവണ ഓൺസൈറ്റ് വിസിറ്റുണ്ടാവും. യു കെ യിലേക്കോ, യു എസ് ലേക്കോ. മിക്ക ദിവസവും ഉറക്കം ഒരു മണി കഴിഞ്ഞിട്ടാവും. അതിനിടയിലും ഒരാശ്വാസം പോലെ അയാൾ ആലോചിക്കാറുള്ളത്, മകൻ വിശാൽ പഠിക്കാൻ മിടുക്കനാണെന്നുള്ളതാണ്‌. നാട്ടിൽ വന്നപ്പോൾ അയാൾ രഹസ്യമായി മുൻകാമുകിയെ കുറിച്ച് തിരക്കിയിരുന്നു. അവളുടെ മകൻ വിശാലിനെക്കാൾ മൂന്ന് വയസ്സിളപ്പമാണ്‌. ഗവണ്മെന്റ് സ്കൂളിലാണ്‌ പഠിക്കുന്നത്. അത് കേട്ടപ്പോൾ മനോഹരനു ചെറിയ സന്തോഷം തോന്നി. താനിപ്പോഴും വളർന്നു കൊണ്ടിരിക്കുന്നു. തന്റെ മകനും ഉയർച്ചയിലേക്ക് വളരുന്നു. അവൻ ഇപ്പോഴെ നന്നായി ഇംഗ്ലീഷ് പറയുന്നു. തനിക്ക് ഈ പ്രായത്തിൽ പോലും ഇത്രയും നന്നായി, സ്വാഭാവികമായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ല.
മനോഹരൻ വിശാൽ എടുത്ത ഫോട്ടോ നോക്കി ‘ഓസം’ എന്നു പറഞ്ഞു. അവൻ സന്തോഷത്തോടെ ക്യാമറയുമായി പറമ്പിലേക്കിറങ്ങി. നല്ല വില കൂടിയ ക്യാമറയാണ്‌. അയാൾക്ക് വിശാലിനെ വലിയ വിശ്വാസമാണ്‌. എങ്കിലും ചിലപ്പോഴൊക്കെ സംശയം തോന്നാറുണ്ട്, അവന്‌ ശരിക്കും അതിനെത്ര വിലയുണ്ടെന്നറിയാമോ?. അവൻ ഒന്നിന്റേയും വിലയറിയുന്നുണ്ടാവില്ല. താൻ ഒരു ക്യാമറ കൈ കൊണ്ട് തൊട്ടത് എത്ര വയസ്സിലാണ്‌?. ഇതൊക്കെ പുതിയ തലമുറയുടെ ഭാഗ്യം. അതൊക്കെ തന്റെ തലമുറയുടേതുമായി താരതമ്യം ചെയ്യുന്നത് കൊണ്ടൊരു കാര്യവുമില്ല. ഭാഗ്യം വേണം, പുതിയ തലമുറയിലൊരാളായി ജനിക്കാൻ.
അയാൾ അടുക്കളയിലേക്ക് പോയി. അവിടെ അമ്മയ്ക്ക് എപ്പോഴും തിരക്കാണ്‌. പച്ചക്കറികൾ നുറുക്കുന്ന തിരക്കിലാണമ്മ.
‘ഇതൊക്കെ എന്തിനാണമ്മെ? നമ്മളൊക്കെ അവധിക്ക് വരുമ്പോഴെങ്കിലും അമ്മയ്ക്ക് ഒന്നു വെറുതെ ഇരുന്നൂടെ?’
‘അതിനു നീ എല്ലാ മാസവും വരില്ലല്ലോ..നീ വരുമ്പോ നിനക്കിഷ്ടമുള്ള അവിയൽ എനിക്കുണ്ടാക്കി തരാലോ’
തന്റെ ഇഷ്ടങ്ങളൊക്കെ മാറി പോയിരിക്കുന്നു. ചിലപ്പോൾ താൻ തന്നെ മാറി പോയിട്ടുണ്ടാവും. പക്ഷെ എന്തിനാ വെറുതെ അമ്മയെ അറിയിക്കുന്നത്?.
വീട്ടിലായിരുന്നിട്ടും എല്ലാ ദിവസവും ലാപ്ടോപ്പിൽ കയറി ഒഫീഷ്യൽ മെയിലുകൾ നോക്കാതിരിക്കാൻ മനോഹരനു കഴിഞ്ഞില്ല.
‘നീ എന്താ എപ്പോഴും ഈ കുന്തത്തിൽ നോക്കിയിരിക്കുന്നത്? നീ വന്നത് എന്റെ അടുത്തിരിക്കാനല്ലെ?’
അയാൾ ചിരിച്ചതേയുള്ളൂ. അപ്പോഴും സ്ക്രീനിൽ നിന്ന് കണ്ണെടുത്തിരുന്നില്ല.
അമ്മയ്ക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. തന്റെ ശരീരം മാത്രമെ ഇപ്പോഴിവിടെ ഉള്ളൂ. മനസ്സിപ്പോഴും പല രാജ്യങ്ങളിൽ പല സമയങ്ങളിൽ പല മീറ്റിംഗ് റൂമുകളിലാണ്‌.
തിരികെ പോകുന്നതിനു മുൻപ് മനോഹരൻ കുടുംബസമേതം വല്ല്യച്ഛന്റെ വീട്ടിലൊന്ന് പോയി. കഴിഞ്ഞ മാസമാണ്‌ വല്ല്യമ്മ മരിച്ചത്. തിരക്കായതു കൊണ്ട് മരണാന്തരചടങ്ങിനു പോലും വരാൻ കഴിഞ്ഞില്ല. കുട്ടിക്കാലത്ത് താൻ അവിടെ കയറി ഇറങ്ങുമായിരുന്നു എന്നയാളോർത്തു. ചെല്ലുമ്പോഴൊക്കെ വല്ല്യമ്മ ഉണ്ണിയപ്പം തരുമായിരുന്നു. എങ്ങനെയാണെപ്പോഴും വല്ല്യമ്മയുടെ വീട്ടിൽ ഉണ്ണിയപ്പം ഉണ്ടാവുന്നതെന്ന് ഇപ്പോഴും മനോഹരൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. വീട്ടിനുള്ളിലേക്ക് കയറുമ്പോഴെ വല്ല്യമ്മയുടെ മാലയിട്ട ഫോട്ടോ കണ്ടു. പഴയ ഫോട്ടോയാണ്‌. ഏതോ ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും വെട്ടിയെടുത്തതാണെന്ന് വ്യക്തമാണ്‌. സ്റ്റുഡിയോയിലുള്ളവർ കഷ്ടപ്പെട്ട് ഗ്രൂപ്പിൽ നിന്നും വിദഗ്ദമായി വല്ല്യമ്മയെ വെട്ടിയെടുത്ത് ഫോട്ടോഷോപ്പ് ചെയ്ത് ഫ്രെയ്മിനുള്ളിലാക്കിയിരിക്കുന്നു. മുടിയുടെ അരിക് അവ്യക്തമാണ്‌. പഴയ ഡിസൈനിലുള്ള ഒരു കമ്മലാണ്‌ ചെവിയിൽ.
‘വല്ല്യമ്മയുടെ ഒരു നല്ല ഫോട്ടോ ഇവർക്കില്ലായിരുന്നോ?..നീ ശ്രദ്ധിച്ചോ ഏതോ പഴേ ഫോട്ടോ എടുത്ത് എൻലാർജ് ചെയ്ത്..എന്റെ ഓർമ്മയിലുള്ള വല്ല്യമ്മ ഇങ്ങനെയൊന്നുമല്ല’ തിരികെ വീട്ടിലേക്ക് കാറിൽ മടങ്ങുമ്പോൾ അയാൾ ആരോടെന്നില്ലാതെ പറഞ്ഞു. ഭാര്യ സുമി അത് കേട്ട് ‘ഉം.. ശരിയാ’ എന്നു മാത്രം പറഞ്ഞു.
കുറച്ച് കഴിഞ്ഞ്
‘ഡാഡ്, ഈ ഫോട്ടോ നോക്കിക്കേ..’ എന്നു പറഞ്ഞ് വിശാൽ ക്യാമറയിൽ ഒരു ഫോട്ടോ കാണിച്ചു കൊടുത്തു.
‘ഈ ഫോട്ടോ നീ നേരത്തെ കാണിച്ചു തന്നതല്ലെ?’ എന്നു പറഞ്ഞ് അയാൾ വീണ്ടും റോഡിലേക്ക് ശ്രദ്ധ തിരിച്ചു.
‘ഗുഡ് ഫോട്ടോ അല്ലെ ഡാഡ്? ഗ്രാന്റ് മോം മരിക്കുമ്പോൾ ഈ ഫോട്ടോ നമുക്ക് ഫ്രെയിം ചെയ്തു വെയ്ക്കാം’
ഒരു നിമിഷം ആക്സിലിറേറ്ററിൽ നിന്നും അയാളുടെ കാലുകൾ പിന്നിലേക്ക് വലിഞ്ഞു.
അയാൾ അമ്മയെ ഓർത്തു. തനിക്കായി അവിയലുണ്ടാക്കാൻ ഇപ്പോൾ പച്ചക്കറികൾ നുറുക്കുകയാവും.
അയാൾ വീടെത്തും വരെ ഒന്നും സംസാരിച്ചില്ല.
അടുക്കളയിൽ നിന്നും വിയർപ്പു തുടച്ചു കൊണ്ട് അമ്മ വന്നു. വന്ന പാടെ വിശാലിന്റെ മുഖം കോരിയെടുത്ത് പറഞ്ഞു,
‘ഇന്നു കുട്ടനു അമ്മൂമ്മ പാൽപ്പായസമുണ്ടാക്കീട്ടുണ്ട്!’
അയാൾ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഇല്ല, ഫോട്ടോയിൽ കാണുന്നത് പോലെയല്ല അമ്മ. അമ്മ അതിലും സുന്ദരിയാണ്‌. മുഖത്ത് ചുളിവുകൾ വന്നെങ്കിലും. ഇതുവരെ അതു ശ്രദ്ധിച്ചിരുന്നില്ല. മുഖങ്ങൾ ചുവരുകളിൽ തൂക്കാനുള്ളതല്ല..മനസ്സിനുള്ളിൽ പൊടി പറ്റാതെ, മാറാല പിടിക്കാതെ, അഴുക്ക് പുരളാതെ..
‘നീ എന്താ ഇങ്ങനെ നോക്കി നില്ക്കുന്നത്?’
‘ഒന്നുമില്ല അമ്മ..’ അതു പറഞ്ഞ് അയാൾ അമ്മയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പതിയെ അകത്തേക്ക് നടന്നു.

Post a Comment

Thursday, 13 October 2016

മാലാഖ‘കാവൽ മാലാഖമാരെ, നിങ്ങളെന്റെ മകളെ കാത്തുകൊള്ളേണമെ
എന്റെ പ്രാർത്ഥനകൾ തള്ളിക്കളയരുതെ..’
                                                     -ഒരമ്മയുടെ പ്രാർത്ഥനകളിൽ നിന്ന്

ചൂണ്ടുവിരൽത്തുമ്പുകൊണ്ടുരച്ചു നോക്കിയെങ്കിലുമത് മാഞ്ഞില്ല. റോസിലി കരുതിയത് കുമ്മായപ്പാടാണെന്നാണ്‌. വീടിനു പിന്നിലായി, ആകാശത്തേക്ക് വാ പൊളിച്ചു നില്ക്കുന്ന കുളിമുറിയുടെ ചുവരുകളിൽ, അടർന്നു വീഴാൻ മുഹൂർത്തം കാത്തിരിക്കുന്ന കുമ്മായത്തിന്റെ പാളികൾ ശ്രദ്ധയിൽ പെട്ടിട്ട് രണ്ടു ദിവസങ്ങൾ പോലുമായിട്ടില്ല. അവധിദിവസങ്ങളിൽ റോസിലി കുഞ്ഞു മിഷയെ കുളിപ്പിക്കുന്നതവിടെയാണ്‌. ആ ദിവസങ്ങളിൽ അവളുടെ അച്ഛൻ ജോസഫിനും പ്രകൃതിയോട് ഒരു പ്രത്യേക സ്നേഹം തോന്നും. അപ്പോഴവിടെ പോയി നിന്നാണയാളും കുളിക്കുക. സിമന്റ്തറയിൽ ഉപ്പൂറ്റിയുരച്ച് കഴുകിയതിന്റെ സുഖം വന്നു വിവരിക്കുകയും ചെയ്യും. ജോസഫിന്റെ അവധിദിവസത്തെ കുളി ഒരു ആഘോഷമാണ്‌. ആഘോഷം കഴിഞ്ഞാൽ മണമുള്ള സോപ്പിൽ അയാളുടെ മുടിയിഴകളുണ്ടാകും, താഴെ വീണ്‌ സോപ്പിന്റെ വക്ക് ചളുങ്ങിയിട്ടുണ്ടാകും, മൺത്തരികൾ സോപ്പിനു പരുക്കൻ പുറം സമ്മാനിച്ചിട്ടുണ്ടാകും. അതെല്ലാം നഖം കൊണ്ട് ചുരണ്ടി കളഞ്ഞശേഷമെ റോസിലി കുഞ്ഞു മിഷേലിനെ കുളിപ്പിക്കൂ.  അയൽവക്കത്തുള്ള കുട്ടികളുമൊത്ത് കളിക്കുമ്പോൾ, ചുവരുകളിൽ പായലു പിടിച്ച് പച്ച നിറം കലർന്ന ആ ചെറിയ മുറി അവൾക്കൊരു ഒളിയിടമാകും. റോസിലി ചെറിയ ചുവന്ന മഗ് നിറയെ വെള്ളം കോരിയെടുത്ത് വീണ്ടും മിഷേലിന്റെ ചുമലിലേക്ക് കോരിയൊഴിച്ചു. മിഷേലിന്റെ ഇടതുചുമലിനു താഴെയായി കാണപ്പെട്ട വെളുത്ത് പാട് അപ്പോഴും പോയില്ല. കുഞ്ഞു മിഷയാണേൽ കണ്ണും പൂട്ടി കൈകൾ ദേഹത്തോട് ചേർത്ത് വെച്ച് തണുപ്പുള്ളിലേക്ക് കയറാതെ ചെറുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. ഒരോ തവണയും വെള്ളം അവളുടെ ദേഹത്തെ പൊതിയുമ്പോൾ അവൾ സ്വയം ചുരുങ്ങാൻ ശ്രമിച്ചു. തല കുടഞ്ഞും, കാലുകൾ താളത്തിൽ ചവിട്ടിയും അവൾ കുളി ഒന്നു തീർന്നു കിട്ടാൻ ധൃതി കാണിച്ചു.

കുളി കഴിഞ്ഞു തലതുവർത്തുമ്പോൾ മിഷ നിർത്താതെ മൂളിയ ശബ്ദം, റോസിലിയുടെ കൈകളുടെ ചലനത്താൽ താളത്തിൽ വിറച്ചു കൊണ്ടിരുന്നു. ഇതൊക്കെയും പതിവുകളാണ്‌. ഈ പതിവുകളില്ലാതെ അവരുടെ ജീവിതം പൂർണ്ണമാകുമായിരുന്നില്ല. മിഷയുടെ മേല്‌ തുടയ്ക്കുമ്പോൾ വീണ്ടും റോസിലി മുതുകിലെ വെളുത്ത പാട് ശ്രദ്ധിച്ചു. തോർത്ത് കൊണ്ട് ഉരച്ചു നോക്കി. തിരികെ വീട്ടിലേക്ക് കയറുമ്പോൾ ജോസഫിനോടതേക്കുറിച്ച് പറയണമെന്നുറപ്പിക്കുകയും ചെയ്തു. വെളുത്ത പാടുകൾ സൂക്ഷിക്കണം. ഇനി വല്ല പാണ്ട് വരുന്നതിന്റേയും തുടക്കമാണോ?. തന്റെ കുടുംബത്തിലാർക്കും അതില്ല. ഇനി ജോസഫിന്റെ കുടുബത്തിൽ..?. അതോ സ്കൂളിലേതെങ്കിലും കുട്ടികളിൽ നിന്ന് പകർന്ന വല്ല ചർമ്മരോഗവും..? ആലോചിക്കുംതോറും തോറും അവളുടെ ആധി പിടിച്ച ചിന്തകൾക്ക് കൂടുതൽ ശിഖരങ്ങൾ മുളച്ചു.

മനസ്സിൽ പടർന്ന വെളുപ്പ് തത്ക്കാലത്തേക്ക് മായ്ച്ചു കളഞ്ഞെങ്കിലും രാത്രി വീണ്ടും തെളിഞ്ഞു വന്നത് കൊണ്ട് റോസിലി ജോസഫിനോടതേക്കുറിച്ച് പറഞ്ഞു.
‘അതിനു തക്ക പാപം ചെയ്തവരാരും എന്റെ കുടുംബത്തിലില്ലെടി’ എന്നലസമായി പറഞ്ഞ് അയാൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് മുഖം തിരിച്ചു.
‘എന്റെ വീട്ടിലും ആർക്കുമില്ല. ഇച്ചാച്ചന്റെ വീട്ടിലും ആർക്കുമില്ല..പിന്നെ..?’
അതിനുത്തരം അലസമായോ ഗൗരവമായോ പറഞ്ഞാൽ അനിഷ്ടസംഭവങ്ങളുണ്ടാകുമെന്ന് തോന്നിയതു കൊണ്ട് ജോസഫ് തികഞ്ഞ മൗനം പാലിച്ചു.

തിങ്കളാഴ്ച്ച രാവിലെ ജോസഫിനു ടിഫിൻ നിറയ്ക്കുന്നതിന്റേയും മിഷയെ സ്കൂളിൽ പോകുന്നതിനായി ഒരുക്കുന്നതിന്റേയും തിരക്കുകൾക്ക് നടുവിലായിരുന്നു റോസിലി. അകത്തെ മുറിയിൽ ജോസഫ് ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലായിരുന്നു. വാച്ച്?..വാച്ച് കാണുന്നില്ല. തലേദിവസം അഴിച്ച് പേഴ്സിനു മുകളിൽ വെച്ചതാണ്‌. സാധാരണ പകൽ ചെന്നു നോക്കുമ്പോഴും അതവിടെ തന്നെ കാണുന്നതാണ്‌. കാണേണ്ടതാണ്‌. എന്തു കാണാതായാലും, അന്വേഷിക്കുന്നതിനേക്കാൾ എളുപ്പം റോസിലിയെ ആ ജോലി ഏൽപ്പിക്കുന്നതാണ്‌. എന്നാൽ റോസിലി ആ ജോലിയുടെ ബാറ്റൺ മിഷയ്ക്ക് കൈമാറും. എപ്പോഴും ജോസഫിന്റെ വിളിയുടെ ആഘാതം അവസാനം ചെന്നു പതിക്കുന്നത് മിഷയുടെ പുറത്തായിരിക്കും.
‘അവൾക്ക് നല്ല കണ്ണാ..എന്തു നോക്കിയാലും ആദ്യം അവൾടെ കണ്ണിലെ പെടൂ‘
ഇത്തവണയും തെറ്റിയില്ല. മിഷ, വാച്ച് ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിക്കൊണ്ടു വരുന്നത് പോലെ കൊണ്ടു വന്നു ജോസഫിനെ ഏല്പ്പിച്ചു.
’എന്റെ മാലാഖക്കുഞ്ഞ്! മിഷമോളാണെന്റെ ഭാഗ്യം‘ മകളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ടയാൾ പറഞ്ഞു.
’കണ്ണു വെയ്ക്കാതെ‘ അതും പറഞ്ഞു റോസിലി ജോസഫിനെ നോട്ടം കൊണ്ട് താക്കീത് ചെയ്തു.

ജോസഫ് മിഷയുമായി ബൈക്കിൽ പോയതിനു ശേഷം റോസിലി വെളുപ്പിനെ കുറിച്ച് കൂടുതലായി ആലോചിക്കാൻ തുടങ്ങി. രാവിലെ മിഷേലിനെ കുളിപ്പിക്കുമ്പോഴും ആ വെളുത്ത പാട് മാഞ്ഞു പോകാതിരുന്നത് റോസിലി ശ്രദ്ധിച്ചിരുന്നു. ചെറിയ ഒരു തടിപ്പുണ്ടിപ്പോൾ. അതു മാത്രമല്ല വെളുപ്പ് പടരുന്നോ എന്നും സംശയം. ഇപ്പോൾ മുതുകിൽ രണ്ടിടത്ത് വെളുപ്പ് കാണുന്നുണ്ട്. ഏതെങ്കിലും ഒരു സ്കിൻഡോക്ടറെ ഉടൻ കാണിക്കണം. എത്രപെട്ടെന്നാണിത് പടരുന്നത്. വൈകിട്ട് ജോസഫ് വരുന്നതും കാത്ത് റോസിലി ഇരുന്നു. ഇടവേളകളിൽ കാവൽമാലാഖമാരെ വിളിച്ച് മനമുരുകി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു അവർ.

വൈകിട്ട് വന്നയുടൻ ജോസഫിനെ റോസിലി അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. മിഷ പതിവു പോലെ ഡൈനിംഗ് ടേബിളിൽ അവളേയും കാത്തിരിക്കുന്ന ബിസ്ക്കറ്റിന്റേയും ചൂടുപാലിന്റേയും മുന്നിൽ ഇരുപ്പുറപ്പിച്ചു. റോസിലിയുടെ ആധി, ഗൗരവത്തോടെ എടുക്കണമോ വേണ്ടയോ എന്ന് ജോസഫ് സംശയിച്ചു. ചിലപ്പോൾ അതു എണ്ണമാറി തേച്ചതോ, എവിടെയെങ്കിലും വീണു പോറിയതോ അങ്ങനെ വല്ലതുമായിക്കൂടെ?. രണ്ടു ദിവസം കഴിയുമ്പോൾ താനെ മാറിയാലോ?. അല്ലെന്ന് റോസിലി തറപ്പിച്ചു പറഞ്ഞു. എന്നാൽ സംശയങ്ങൾ ഇപ്പോൾ തന്നെ ദൂരികരിക്കാമെന്നായി.
ജോസഫ് മിഷയെ മുറിയിലേക്ക് വിളിച്ചു.
‘വരുന്നു പപ്പാ’ എന്നു പറഞ്ഞ് മിഷയെത്തി.
യൂണിഫോം ഉടുപ്പ് മാറ്റി നോക്കിയപ്പോൾ ജോസഫും കണ്ടു, വെളുത്ത രണ്ടു പാടുകൾ. തൊട്ടു നോക്കി. എന്തോ തട്ടുന്നുണ്ട്. റോസിലി ശ്രദ്ധിച്ചു, പാടുകൾ രാവിലെ കണ്ടതിലും കൂടുതലായിരിക്കുന്നു. ഇപ്പോൾ തൊലിപ്പുറത്തേക്ക് അതു വളർന്നിട്ടുണ്ട്. വിരലു കൊണ്ടുരസുമ്പോൾ തട്ടുന്നുണ്ട്. കൂർത്ത എന്തോ പോലെ.
‘എന്താ പപ്പാ?’ പപ്പയുടേയും മമ്മയുടേയും ഭാവവ്യത്യാസം കണ്ട് മിഷേൽ ചോദിച്ചു.
‘ഒന്നൂല്ല മോളെ നമുക്ക് ഡോക്ടറുടെ അടുത്തൊന്ന് പോയേച്ചു വരാം’.

തങ്ങളുടെ ടോക്കൺ വിളിക്കുന്നതും കാത്തിരിക്കുമ്പോൾ റോസിലി തലേദിവസം കണ്ട സ്വപ്നത്തെക്കുറിച്ചാണോർത്തത്. പതിവില്ലാതെ അമ്മച്ചി സ്വപ്നത്തിലെന്തിനാ കയറി വന്നത്?. വന്നതല്ലാതെ ഒന്നുമൊട്ട് പറഞ്ഞതുമില്ല. വരാന്തയിൽ കസേരയിൽ ഇരിക്കുകയായിരുന്നു അമ്മച്ചി. മടിയിൽ മിഷയും. മിഷ ജനിക്കുന്നതിനു മുൻപെ അമ്മച്ചി പോയതാണ്‌. പക്ഷെ സ്വപ്നത്തിൽ മിഷയ്ക്ക് അമ്മച്ചിയെ നല്ല പരിചയമുള്ളത് പോലെയാണ്‌ കാണപ്പെട്ടത്. അമ്മച്ചി മിഷയുടെ തോളിൽ തടവിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് സാവധാനം മിഷയുടെ രണ്ടു കൈകളുമുയർത്തി ഒരു പക്ഷിയെ അനുസ്മരിപ്പിക്കും വിധം പറക്കുന്നതായി കാണിച്ചു. എന്താണത്?. ഏതു ആകാശയാത്രയെ കുറിച്ചാണ്‌ അമ്മച്ചി പറയുന്നത്?.
‘ടോക്കൺ പതിനൊന്ന്’ എന്ന ഉറക്കെയുള്ള വിളികേട്ട് മൂവരും അകത്തേക്ക് പോയി.

ഡോക്ടർ വെളുത്തപാടിൽ തട്ടി നോക്കി, പതിയെ അമർത്തി നോക്കി. മിഷയ്ക്ക് വേദനയൊന്നുമില്ല. അവൾ ചുവരിലൊട്ടിച്ച ചിത്രങ്ങളിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്നു. പിന്നീട് മേശപ്പുറത്തെ വസ്തുക്കളിലൂടെയും. ഡോക്ടർ പിന്നിലെ ഷെല്ഫിൽ നിന്നും ഒരു പുസ്തകമെടുത്ത് ചില പേജുകൾ ഓടിച്ചു വായിച്ചു. ഇതൊക്കെ കണ്ടപ്പോൾ റോസിലിയുടെ പരിഭ്രമം വർദ്ധിച്ചു. ഇനി ചിലപ്പോൾ ഡോക്ടർക്കും ഇതെന്താണെന്ന്...
അജ്ഞാതരോഗമോ, ഔഷധമില്ലാത്ത വ്യാധിയോ..ആണും പെണ്ണുമായി ഈയൊരെണ്ണമേയുള്ളൂ. മുഴുവൻ സ്നേഹവും ഇവളിലാണ്‌ നിറച്ചിരിക്കുന്നത്.
‘മിഷേലിനു എന്താണ്‌ പ്രശ്നമെന്ന് കൃത്യമായി പറയാൻ പറ്റില്ല. ഞാൻ മറ്റൊരു ഡോക്ടർനു റെഫർ ചെയ്യാം. എന്റെ സീനിയറാണ്‌. ഫ്രണ്ടും.’
അതു പറഞ്ഞ് അയാൾ പേരും, ഫോൺ നമ്പറുമെഴുതി കൊടുത്തു.
‘ഈ നമ്പറിൽ വിളിച്ചു ചോദിച്ചിട്ട് പൊയ്ക്കോള്ളൂ’
റോസിലിക്ക് എത്രയും വേഗം അവിടെ നിന്നിറങ്ങി പോകണമെന്നു തോന്നി. മറ്റൊരു ഡോക്ടറുടെ അടുത്തേക്കല്ല, നേരെ പള്ളിയിലേക്ക് പോകണം. മെഴുതിരികൾ കത്തിച്ച് പ്രാർത്ഥിക്കണം.

പടികളിറങ്ങുമ്പോൾ ജോസഫിന്റെ മുഖം മ്ളാനമായിരുന്നു. ചെറിയ എന്തോ സ്കിൻ ഡിസീസ് എന്നു കരുതിയതാണ്‌. പക്ഷെ ഇപ്പോൾ മറ്റെന്തോ..
പള്ളിയിൽ, ക്രൂശിത രൂപത്തിനു മുന്നിൽ കത്തിച്ചു വെച്ച മെഴുകുതിരികളെ പോലെ റോസിലിയുടെയും ജോസഫിന്റേയും മനസ്സുരുകി. അവർ മുട്ടുകുത്തി നിന്നു കുരിശ് വരച്ചു.  തങ്ങൾ ഏറ്റുപറയാനോ മനസ്താപപ്പെടാനോ തക്ക പാപങ്ങളൊന്നും പ്രവർത്തിച്ചിട്ടില്ലെന്ന് മനസ്സിൽ പലയാവർത്തി ചോദിച്ചുറപ്പിച്ചു. ആ രാത്രി മിഷ, റോസിലിയുടേയും ജോസഫിന്റേം മധ്യത്തിലാണ്‌ കിടന്നത്. ഇരുവശത്തും ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന പപ്പയുടെയും മമ്മയുടേയും നടുവിൽ കിടന്ന് മിഷ സ്വപ്നങ്ങൾ കണ്ടു സുഖമായുറങ്ങി.

പിറ്റേന്ന് കുളിപ്പിക്കുമ്പോൾ മിഷയുടെ മുതുകിൽ നോക്കാൻ റോസിലിക്ക് ഭയമുണ്ടായി. പാട് അവിടെ കാണരുതെ എന്ന പ്രാർത്ഥനയോടെയാണ്‌ അവളെ തിരിച്ച് നിർത്തിയത്. എന്നാൽ റോസിലി ആ കാഴ്ച്ച കണ്ട് തളർന്നു പോയി. പാടിന്റെ സ്ഥാനത്ത് വെളുത്ത് എന്തോ ഒന്ന് മുതുകിൽ നിന്നുയർന്ന് നില്ക്കുന്നതാണ്‌ കണ്ടത്. മുഖം മുതുകിനോട് ചേർത്ത് നോക്കി. അപ്പോഴത് കൂടുതൽ വ്യക്തമായി. തൊട്ടു നോക്കി. അതൊരു കോഴിക്കുഞ്ഞിന്റെ ചിറകുകൾ പോലുണ്ട്..അരികുകളിൽ ചെറിയ വെളുത്തതൂവൽ പോലെ.. റോസിലി നടുങ്ങി പോയി. ഇതെന്താണ്‌ സംഭവിക്കുന്നത്?. ഒരു മനുഷ്യന്റെ പുറത്തും തൂവൽ മുളച്ചു വന്നതായി കേട്ടിട്ടില്ല. ഇതു ദിനംപ്രതി വളർന്നാൽ?. തൂവലുകൾ കൊണ്ട് ശരീരം മൂടിയാൽ..റോസിലിക്ക് തല കറങ്ങുന്നത് പോലെ തോന്നി. അവൾ ഉടൻ തന്നെ ജോസഫിനെ വിളിച്ചു. പരിഭ്രാന്തി നിറഞ്ഞ ശബ്ദം കേട്ട് പാതി ഷേവ് ചെയ്ത മുഖവുമായി ജോസഫ് ഓടി വന്നു.
‘എന്താ എന്താ പറ്റീത്?’
‘ഇതൊന്നു നോക്കിക്കെ ഇച്ചാച്ചാ..നമ്മുടെ മിഷ മോടെ മുതുകില്‌..’
മിഷ അപ്പോഴേക്കും കൈകൾ പിന്നിലേക്കെത്തിച്ച് എന്താണെന്നറിയാൻ ശ്രമമാരംഭിച്ചിരുന്നു.
ജോസഫും തൊട്ടു നോക്കി. തൂവലുകൾ..
നാലഞ്ച് മാസങ്ങൾക്ക് മുൻപ് സ്കൂളിൽ ഒരു ഷോ ക്കു വേണ്ടി ചിറകുകളുള്ള വസ്ത്രം ധരിച്ചിരുന്നു മിഷ. കൈയ്യിൽ നക്ഷത്രം ഒട്ടിച്ചു വെച്ച മിനുങ്ങുന്ന വടിയുമായി അവൾ നില്ക്കുന്ന ഫോട്ടൊ അൽബത്തിലുണ്ട്. സുന്ദരിയായിരുന്നു ആ വസ്ത്രത്തിൽ അവൾ. പക്ഷെ ചിറകുകൾ.. അതൊക്കെയും കഥകളിൽ മാത്രമല്ലെയുള്ളൂ. ഇതു വരെ ഒരു പെൺകുട്ടിക്കും ചിറകു മുളച്ചതായി കേട്ടറിവോ വായിച്ചറിവോ ഇല്ല. പുണ്യപുസ്തകങ്ങളിൽ പോലും പുരുഷന്മാരാണ്‌ മാലാഖമാർ. ഗബ്രിയേൽ..മിഖായേൽ..റാഫേൽ... അയാൾ മാലാഖമാരുടെ പേരുകൾ ഓർത്തെടുത്തു. മാലാഖയെ പോലെ സുന്ദരി എന്നു പറഞ്ഞിട്ടുണ്ട് മിഷയെ കാണുമ്പോഴൊക്കെയും. പക്ഷെ അവൾക്ക് ചിറകുകൾ..അവൾ വളർന്ന് വിവാഹപ്രായമാകുമ്പോൾ.. ജോസഫ് വിയർക്കാൻ തുടങ്ങി.

മിഷ ആ ദിവസം സ്കൂളിൽ പോയില്ല. ജോസഫ് ഓഫീസിലും പോയില്ല. വാതിലടച്ച് അവർ വീട്ടിനുള്ളിൽ തന്നെയിരുന്നു.
ആരോടിതു പറയും?. ആശുപത്രിയിൽ പോയാൽ ഇതൊരു വിചിത്രമായ കേസാണെന്ന് പറഞ്ഞ് അവർ കൂടുതൽ ടെസ്റ്റുകൾക്ക് വിധേയമാക്കും. കൊച്ചു മിഷയുമായി ആശുപത്രികൾ കയറേണ്ടി വരും. പലരും ഇനി ഇവളെ ഒരു അത്ഭുതജീവിയെ പോലെ നോക്കാൻ തുടങ്ങും. ഇതേക്കുറിച്ച് ആരെങ്കിലുമറിഞ്ഞാൽ പത്രക്കാർ വന്നു വീടു മൂടും..ടി വി ചാനലുകൾ..മിഷ..അവൾ കുഞ്ഞാണ്‌. അവൾക്കതൊക്കെയും താങ്ങാനുള്ള ശക്തിയുണ്ടാവില്ല. അവളുടെ സ്കൂൾ ജീവിതം അതോടെ തകിടം മറിയും. സുഹൃത്തുക്കൾ..അവരോട് പോലും ഇതു പറയാനാവില്ല. അടക്കംപറച്ചിലുകൾ കൊണ്ട് പൊതിഞ്ഞ്, ‘ആരോടും പറയരുത്’ എന്ന താക്കീതും വെച്ചുപൂട്ടി കൈമാറാവുന്ന ഒരു രഹസ്യമല്ലിത്. ജോസഫ് ഗൗരവം കൊണ്ട് തന്റെ ആധി മറച്ചുപിടിക്കാനാവതും ശ്രമിച്ചു. തന്റെ നെറ്റിയിലുയർന്നു വരുന്ന വിയർപ്പ് കണ്ടാൽ റോസിലിയും തളരും. അയാൾ പോയി മുഖം കഴുകി വന്നു കട്ടിലിൽ ഇരുന്നു. കുഞ്ഞു മിഷ കളർപെൻസിലുകൾ കൊണ്ട് ഒരു ചിത്രത്തിനു നിറം പകർന്നു കൊണ്ടിരുന്നു.

പള്ളിയിൽ പോയി ഫാദർനെ കണ്ടാലോ?. പക്ഷെ ഫാദർ നു എന്തു ചെയ്യാനാവും? കുഞ്ഞു മിഷയ്ക്കായി പ്രാർത്ഥിക്കാനല്ലാതെ..
ഇതാരുമറിയാതെ മൂടി വെയ്ക്കണം. മറച്ചു വെയ്ക്കണം. മിഷ പോലുമറിയരുത്. അവൾക്കിതു താങ്ങാനാവുന്ന കാര്യമല്ല. ഏതെങ്കിലും ആശുപത്രിയിൽ..ശസ്ത്രക്രിയ വഴി ആ ചിറകുകൾ മുറിച്ച് മാറ്റണം..പക്ഷെ..ചിലപ്പോൾ അവ പിന്നെയും കിളിർത്ത് വന്നേക്കാം. അപ്പോൾ? ജോസഫും റോസിലിയും എന്താ ചെയ്യേണ്ടതെന്നറിയാതെ അസ്വസ്ഥരായി. തത്ക്കാലം അവൾ സ്കൂളിൽ പോകട്ടെ. എല്ലാം പതിവ് പോലെ തന്നെ ഇരിക്കട്ടെ. മിഷയോട് ഇതേക്കുറിച്ചൊന്നും പറയണ്ട.

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ, റോസിലിയേയും ജോസഫിനേയും ഭയചകിതരാക്കി കൊണ്ട് ചിറകുകൾ ഒളിച്ചു വെയ്ക്കാനാവാത്ത വിധം വളർന്നു കഴിഞ്ഞിരുന്നു. റോസിലി കണ്ണീരടക്കാൻ ശ്രമിച്ചു കൊണ്ട് മിഷയുടെ കുഞ്ഞുശരീരം തുണി കൊണ്ട് ചുറ്റിവരിഞ്ഞു.
‘മിഷ മോൾക്ക് തണുക്കാതിരിക്കാനാ’
മിഷയ്ക്ക് തന്റെ ശരീരം വരിഞ്ഞു മുറുകുന്നത് തീരെ ഇഷ്ടമായില്ല. തന്റെ പിന്നിൽ എന്തോ ഭാരം വെച്ചതു പോലെ എന്നവൾ പരാതി പറയാൻ തുടങ്ങി. കിടക്കുമ്പോൾ എന്തൊ കുത്തുന്നത് പോലെ എന്നവൾ മമ്മയോടെ പറഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം മിഷ കണ്ണാടിയിൽ നോക്കി അതു കണ്ടുപിടിക്കുക തന്നെ ചെയ്തു.
‘മമ്മാ എനിക്ക് വിംഗ്സ് വന്നു!’ അവൾ ആവേശപൂർവ്വം പറഞ്ഞു.
‘പേടിക്കണ്ട മോളെ, മമ്മ അതു മുറിച്ചു കളയാം..മോൾക്ക് വേദനിക്കത്തില്ല കേട്ടോ’
മിഷ എന്നാൽ റോസിലിയെ അതിശയപ്പെടുത്തി കൊണ്ട്, ഭയപ്പെടുത്തി കൊണ്ട്, ആ നീക്കത്തെ എതിർത്തു. ‘എനിക്ക് വിംഗ്സ് വേണം’
‘ഞാൻ സ്കൂളിൽ ഷോയ്ക്ക് വിംഗ്സ് വെച്ചതാണല്ലോ. എനിക്കിഷ്ടാണ്‌ വിംഗ്സ്!’
മിഷയ്ക്കെന്തിനാ ചിറകുകൾ?. അവൾ ചിറകുകൾ വീശി എവിടെ പറന്നു പോകാനാണാഗ്രഹിക്കുന്നത്?.
ഒരാശ്വാസം എന്തെന്നാൽ പ്രതീക്ഷിച്ചതു പോലെ അവൾ കരയുകയോ, പേടിച്ചു നിലവിളിക്കുകയോ ചെയ്തില്ല എന്നാണ്‌. സ്കൂളിൽ പോകുന്നത് അവൾ തുടർന്നു.
‘മോളിതു ആരോടും പറയരുത്..പറഞ്ഞാൽ അവർ മോൾടെ വിംഗ്സ് മുറിച്ചു കളയും..സീക്രട്ടായിട്ട് വെയ്ക്കണം..’
‘പ്രോമിസ്’ - മിഷ അമ്മയ്ക്ക് കൈവെള്ളയിലടിച്ച് സത്യം ചെയ്തു. ഹൃദയഭാഗത്ത് കുരിശ് വരച്ച് റോസിലിയും.

റോസിലിക്കും ജോസഫിനും ഇപ്പോൾ ഉറക്കം ശരിക്കു കിട്ടാതായിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന്, അർദ്ധരാത്രി കഴിയുമ്പോൾ എങ്ങനെയോ ഉറങ്ങി പോവുന്നു. അവർ രണ്ടു പേരുടെയും കൺത്തടങ്ങളിൽ ഉറക്കമില്ലായ്മ കറുത്തനിറമായി തളം കെട്ടികിടന്നു.

സ്കൂൾ വിട്ടു വന്നുകഴിഞ്ഞാൽ, അലമാരിയിലുറപ്പിച്ച നീണ്ട വലിയ കണ്ണാടിയിൽ ചിറകുകളുടെ ഭംഗി നോക്കിയിരിക്കും മിഷ. ഇപ്പോൾ തൂവലുകൾക്ക് നീളം വെച്ചിട്ടുണ്ട്. അവ ട്യൂബ് ലൈറ്റ് വെട്ടത്തിൽ തിളങ്ങുന്നത് നോക്കിയവൾ രസിച്ചു.
‘മമ്മാ എന്റെ വിംഗ്സ് നു കളർ കൊടുക്കണം’
റോസിലി മിഷയുടെ വിചിത്രമായ ആവശ്യം കേട്ടെങ്കിലും പരിഭ്രമമറിയിക്കാതെ അവൾ പറയുന്നത് പോലെ ചെയ്തു കൊടുത്തു.

രാത്രിയിൽ അവൾ കിടന്നുറങ്ങുന്നതും നോക്കി ജോസഫും റോസിലിയും ഇരുന്നു.
ഇപ്പോൾ കണ്ടാൽ ഏതോ ഒരു കെട്ടുകഥയിലെ കഥാപാത്രമാണവൾ എന്നു തോന്നും. എന്തു സന്തോഷത്തിലാണവളിപ്പോൾ. വിടർത്തി വെച്ച ചിറകുകൾക്ക് മുകളിൽ കിടക്കുകയാണെന്നെ തോന്നൂ. പക്ഷെ അവൾ ചിറകുകൾ വീശുമ്പോൾ തങ്ങളുടെ ഉള്ളിലേക്ക് തീക്കാറ്റാണടിക്കുന്നത്. ഉള്ളു മുഴുവൻ ചൂട് നിറയുന്നു. ആരോടും പറയാനാവാതെ, ഒന്നും ചെയ്യാനാവാതെ എത്ര നാൾ?. ഇവൾ വളരുകയാണ്‌ ഒരോ നിമിഷവും. ഇവളുടെ ചിറകുകളെ പോലെ. രാത്രി അവളറിയാതെ, നോവറിയാതെ തൂവലുകൾ മുറിക്കണം. അവളെ പറഞ്ഞു ബോധ്യപ്പെടുത്തുകയോ ഭയപ്പെടുത്തി നിർത്തുകയോ ചെയ്യാം. പക്ഷെ ചിറകുകൾ..അവ മുറിച്ചു കളയേണ്ടത് തന്നെ. മിഷ ഒരു സാധാരണ പെൺകുട്ടിയായി ജീവിക്കണം. മറ്റേതു പെൺകുട്ടിയേയും പോലെ ദിവ്യത്വമൊന്നും അവകാശപ്പെടാനില്ലാത്ത വെറുമൊരു ചെറിയ പെൺകുട്ടി. തന്റെ വയറ്റിൽ പിറന്ന ജോസഫിന്റെ മകൾ.

റോസിലി തയ്യൽമെഷീനു സമീപം വെച്ച പെട്ടിയിൽ നിന്നും കത്രികയെടുത്തു കൊണ്ടു വന്നു. ജോസഫിനു അവളെ തടയണമോ വേണ്ടയോ എന്നു നിശ്ചയമില്ല. റോസിലി ചെയ്യുന്നത് തെറ്റാണോ, ശരിയാണോ എന്നുമറിയില്ല. പക്ഷെ മിഷ..മറ്റേതു സാധാരണ പെൺകുട്ടിയേയും പോലെ ചിറകുകളില്ലാതെ വേണ്ടെ അവളും... അങ്ങനെ വേണം അവൾ വളരേണ്ടത്. വിറയ്ക്കുന്ന കൈകളോടെ റോസിലി തൂവലുകൾ കത്രിക കൊണ്ട് മുറിച്ചു. തൂവലുകൾ മെത്തയിൽ ചെറിയ ചെറിയ കഷ്ണങ്ങളായി വീണു. ഒപ്പം റോസിലിയുടെ കണ്ണുനീരും. നാളെ പകൽ എഴുന്നേല്ക്കുമ്പോൾ മിഷ എന്തു ചോദിക്കും? അവൾക്കെന്തു മറുപടി കൊടുക്കും?. അവളുടെ ചിറകുകൾ അവളുടെ മമ്മ തന്നെ മുറിച്ചു കളഞ്ഞെന്നു പറഞ്ഞാൽ?. റോസിലി മുറിഞ്ഞു വീണ തൂവലുകൾ ഒരു പ്ലാസ്റ്റിക് കവറിൽ നിറച്ചു. അടുക്കളയിൽ കൊണ്ടു വെച്ച ശേഷം വന്നു മിഷേലിനു സമീപം കിടന്നു.

രാവിലെ വലിയൊരു കരച്ചിൽ കേട്ടാണ്‌ റോസിലി ഉണർന്നത്. നോക്കുമ്പോൾ മിഷ കണ്ണാടിക്കു മുന്നിൽ നിന്നു വലിയ വായിൽ കരയുന്നു. തന്റെ നിറം പിടിപ്പിച്ച തൂവലുകൾ ആരോ മുറിച്ചു കളഞ്ഞു എന്നുറക്കെ പറഞ്ഞവൾ തറയിലിരുന്നു കാലുകൾ ഇളക്കി ഉച്ചത്തിൽ കരഞ്ഞു കൊണ്ടിരുന്നു.
‘മമ്മാ..മമ്മാ..എന്റെ വിംഗ്സ്..ആരോ..കട്ട് ചെയ്ത് കളഞ്ഞു’ അവൾ ഏങ്ങിയേങ്ങി കരയുന്നതിനിടയിൽ പറഞ്ഞു കൊണ്ടിരുന്നു.
‘മോള്‌ വിഷമിക്കണ്ട മോളെ..അതൊക്കെയും കിളിർത്ത് വരും..’
‘ഇല്ല..എന്റെ വിംഗ്സിന്റെ ഫെതേർസൊക്കെ പോയി...ഇനി അതു വരൂല്ലാ’ അവൾ നിലവിളി തുടർന്നു.
‘ഇല്ല മോളെ അതൊക്കെ വരും..മോള്‌ കരയണ്ട’ റോസിലിക്കൊപ്പം ജോസഫും മിഷയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. നിർത്താതെ കരഞ്ഞ് അവൾക്ക് ശ്വാസമെടുക്കാൻ കഴിയാതെയായി. റോസിലി മിഷയെ കിടക്കയിൽ കിടത്തി, അവളോട് ചേർന്നു കിടന്നു.
‘ദാ..മമ്മി മോൾടെ അടുത്ത് തന്നെ ഉണ്ട്. ഒരിടത്തും പോവൂല്ല.’
മിഷ കരഞ്ഞു കരഞ്ഞുറങ്ങി. ജോസഫ് ആ ദിവസം ഓഫീസിൽ പോകണ്ട എന്നു തീരുമാനമെടുത്തു.

അന്നു രാത്രി മിഷയ്ക്ക് പനി പിടിച്ചു. റോസിലി കർച്ചീഫ് നനച്ച് അവളുടെ നെറ്റിയിലും കാലിനടിയിലുമൊക്കെ വെച്ചു കൊണ്ടിരുന്നു. ചൂട് താഴുകയും ഉയരുകയും ചെയ്തുകൊണ്ടിരുന്നു. രാത്രി ഏറെ ആയിട്ടും ചൂട് കുറയുന്നില്ല എന്ന് കണ്ട് മിഷയെ ആശുപത്രിയിൽ കൊണ്ടു പോകാൻ തീരുമാനിച്ചു. ഒരു ഇംജക്ഷൻ കൊടുത്തപ്പോൾ മിഷയുടെ ശരീരം തണുത്തു.
‘ഇനി പേടിക്കാനൊന്നുമില്ല. പകൽ വീണ്ടും ചൂടു കൂടുകയാണെങ്കിൽ കൊണ്ടു വന്നാൽ മതി’

വീട്ടിലേക്ക് കയറുമ്പോൾ മിഷ റോസിലിയുടെ തോളിൽ തളർന്നു കിടന്നു. അവൾ എതൊക്കെയോ അവ്യക്തമായി പറയുന്നത് റോസിലി കേട്ടു.
‘എന്റെ വിംഗ്സ്..വിംഗ്സ്..വിംഗ്സ്..’
കിടക്കയിൽ മിഷയെ കിടത്തി, റോസിലി സമീപം കിടന്നു. ജോസഫ് മിഷയുടെ ഇടതു കൈപിടിച്ചു കൊണ്ട് സമീപമിരുന്നു. അയാൾ അല്പനേരം ഇരുന്നുറങ്ങാൻ തയ്യാറെടുത്തു.

മിഷേലിനെ കാണുന്നില്ല. വീടു മുഴുക്കേയും തിരഞ്ഞു. എല്ലാം മുറികളിലും കയറി നോക്കി. പുറത്തെ കുളിമുറിയിലും പോയി നോക്കി. സന്ധ്യ കഴിഞ്ഞസമയത്ത് അവൾ എവിടെ പോയതാണ്‌?. പുറത്ത് നല്ല നിലാവുണ്ട്. ‘മമ്മാ മമ്മാ’ എന്ന നീണ്ടവിളി കേട്ടപ്പോൾ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. മുറ്റത്ത് ഊഞ്ഞാലിനു സമീപം അവൾ നില്ക്കുന്നു. ഇപ്പോഴാണ്‌ സമാധാനമായത്. അവൾ പെറ്റിക്കോട്ട് മാത്രമാണ്‌ ധരിച്ചിരിക്കുന്നത്.
‘വാ മോളെ..അകത്തു വാ. കുളിച്ച് ഡ്രെസ്സ് മാറാം. നേരമിരുട്ടിയത് കണ്ടില്ലെ?’
‘മമ്മാ ഇതു നോക്ക്’ അതു പറഞ്ഞ് അവൾ തിരിഞ്ഞു. അപ്പോഴാണത് കണ്ടത്. വിടർന്നു വന്ന വലിയ രണ്ടു ചിറകുകൾ!!
വെളുവെളുത്ത മിനുപ്പുള്ള ചിറകുകൾ. നിലാവിൽ അതു തിളങ്ങുന്നുണ്ട്.
‘എന്തു ഭംഗിയാ അല്ലെ മമ്മാ’ അതു പറഞ്ഞ്, അവൾ ചിറകുകൾ പതിയെ വീശി തുടങ്ങി.
‘ഇതു നോക്ക്’ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ചിറകുകൾ വേഗത്തിൽ വീശിത്തുടങ്ങിയപ്പോൾ കുഞ്ഞു മിഷ പതിയെ മേല്പ്പോട്ടുയർന്നു. ഇപ്പോൾ കാലുകൾ മണ്ണിൽ തൊടുന്നില്ല. അവൾ ചിറക് വീശി കൂടുതൽ ഉയരത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നു.
‘മിഷാ..നീ താഴെ വാ..മമ്മയ്ക്ക് പേടിയാവുന്നു’
‘പേടിക്കണ്ട മമ്മ’
അവൾ ചിറകുകൾ വീശിക്കൊണ്ടിരുന്നു. കാണെക്കാണെ അവൾ ഉയർന്നുയർന്ന് ചന്ദ്രനെ മറച്ചു കൊണ്ട് കൂടുതൽ ഉയരത്തിലേക്ക് പോയി.
അവൾ കൈ വീശി കാണിക്കുന്നതു കാണാം പക്ഷെ പറയുന്നത് കേൾക്കാനാവുന്നില്ല. പരിഭ്രാന്തിയോടെ ‘മിഷാ മിഷാ’ എന്നുറക്കെ വിളിച്ചു. അതൊരു നിലവിളി പോലെ നീണ്ടു. നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന ഒരു വെളുത്ത പൊട്ടുപോലെയായി കഴിഞ്ഞിരിക്കുന്നു മിഷ ഇപ്പോൾ. ഇരുട്ടിലൂടെ ഓടുമ്പോൾ എവിടെയോ തട്ടി വീണു. ഏതോ ആഴമുള്ള കുഴിയിലേക്ക്..ഇരുട്ട് നിറഞ്ഞ താഴ്ച്ചയിലേക്ക്..
പെട്ടെന്ന് കണ്ണു തുറന്ന് നോക്കുമ്പോൾ റോസിലി കണ്ടു, ജോസഫ് മിഷേലിന്റെ ഇടതു കൈയ്യും പിടിച്ച് കസേരയിൽ ഇരുന്നുറങ്ങുന്നത്. റോസിലി മിഷയെ സൂക്ഷിച്ചു നോക്കി. എന്തു ഭംഗിയാണ്‌ മോൾക്ക്. മിഷയുടെ കൈപിടിച്ചപ്പോളറിഞ്ഞു, തണുപ്പിന്റെ കൈയ്യിൽ പിടിച്ചതു പോലെ. റോസിലി പതിയെ മിഷയുടെ മുഖത്തേക്ക് മുഖം ചേർത്തു. മിഷയുടെ നെഞ്ചുംകൂട് ഉയർന്നുതാഴുന്നുണ്ടായിരുന്നില്ല.
‘മിഷാ..മിഷാ..’ റോസിലിയുടെ ശബ്ദം ഒരു വലിയ നിലവിളിയായി മുറി മുഴുക്കെയും നിറഞ്ഞു.

Post a Comment

Tuesday, 20 September 2016

അൻഷുമാന്റെ ലൈംഗിക ഗ്രന്ഥം


"Whoever envies humanity has the abherence towards the mankind without compassion" - Soren Pavese

ഉദ്ധരണി വായിച്ചു കഷ്ടപ്പെടണമെന്നില്ല. ഈ മാതിരി ഒരു സംഭവം കഥ പറയുന്നതിനു മുൻപ് നിരത്തി വെച്ചാലെ കഥയ്ക്ക് നിലവാരം വരൂ എന്നു വിശ്വസിക്കുന്ന ചില വായനക്കാരുടെ കണ്ണിൽ വാരി വിതറാൻ എഴുതി വെച്ചെന്നേയുള്ളൂ. ആ എഴുതിവെച്ചിരിക്കുന്നതിൽ abherence എന്നൊരു വാക്ക് ശ്രദ്ധിച്ചോ?. അങ്ങനെയൊരു വാക്ക് ഇംഗ്ലീഷ് ഭാഷയിലില്ല. അതെന്റെ സംഭാവനയാണ്‌. അതിന്റെ അർത്ഥം എന്തു വേണം എന്നു ഇതു വരെ തീരുമാനമായിട്ടില്ല. പറയുമ്പോൾ മുഴുവനും പറയണമല്ലോ, ഈ പറയുന്ന Soren Pavese എന്നൊരു മനുഷ്യനും സാങ്കല്പ്പികമാണ്‌. ഇനി കഥയിലേക്ക് കടക്കാം. കഥയുടെ തലക്കെട്ട് ശ്രദ്ധിച്ചു കാണുമല്ലോ?. അതു കൊണ്ട് നിങ്ങൾ ഒരുപാട് പ്രതീക്ഷയോടെയാണിതു വായിക്കുന്നത് എന്നെനിക്ക് പൂർണ്ണബോധ്യമുണ്ട്. നിങ്ങളെ നിരാശപ്പെടുത്തരുത് എന്നൊരു ആഗ്രഹവുമെനിക്കുണ്ട്. കഥ തുടങ്ങുന്നത് ഒരു തണുത്തവെളുപ്പാൻ കാലത്താണ്‌. സാധാരണ സിനിമയിലൊക്കെ കാണുന്ന ഒരു പ്രഭാതമില്ലെ?.. കൂടെ വീണയുടെ ശബ്ദവുമൊക്കെയായിട്ട്..ഏതാണ്ടതു പോലൊരു പ്രഭാതം. പിന്നെ വേണമെങ്കിൽ കുറച്ച് പ്രഭാത വർണ്ണനയുമൊക്കെയാവാം. ചുറ്റുവട്ടത്തെ ചെടികളുടെ ലിസ്റ്റ്, പക്ഷികളുടെ ലിസ്റ്റ് ഒക്കെ എഴുതിവെയ്ക്കാം. പക്ഷെ നിങ്ങൾ നല്ലൊരു ഭാവനാശാലിയാണെനിക്കറിയാവുന്നത് കൊണ്ട് അതൊക്കെയും വിട്ടു കളയുന്നു. അപ്പോൾ, പകലാവുന്നു, പത്രം വന്നു ‘പടുക്കോ’ എന്നു വീഴുന്നു. വീഴുന്നു എന്നു പറഞ്ഞത് ഒരു അലങ്കാരത്തിനാണ്‌. അവൻ, പത്രക്കാരൻ സണ്ണി എടുത്തെറിഞ്ഞതാണ്‌. പത്രത്തിൽ ബോംബേറ്‌, കത്തിക്കുത്ത്, അനാശാസ്യം, ചില മരമണ്ടൻ പ്രസ്താവനകൾ, ഒരിക്കലും നടപ്പിലാക്കാൻ പോകാത്ത പ്രഖ്യാപനങ്ങൾ ഇതൊക്കെയും വായിച്ചു മൂന്നാം പേജിന്റെ വലതുകോണിൽ താഴെയായി കണ്ണെത്തിയപ്പോഴേക്കും ഒരു പരസ്യത്തിൽ കാഴ്ച്ച ഒട്ടിപിടിച്ചു. ‘സമ്പൂർണ്ണ ലൈംഗിക ഗ്രന്ഥം’. വലിയ പരസ്യമാണ്‌. ആറ്‌ വാല്യങ്ങൾ. ഈ വാല്യങ്ങൾ എന്നു പറയുമ്പോൾ ഒരോന്നിനും ഏതാണ്ട് ഒന്ന് ഒന്നര കിലോ തൂക്കം വരും. ചരിത്രം, ഇതിഹാസം, പുരാണം, ശരീരശാസ്ത്രം, മാനസികം, എന്നു വേണ്ട സകലതും ഈ ആറ്‌ വാല്യങ്ങളിൽ കുത്തിനിറച്ചിരിക്കുന്നു എന്നാണവകാശവാദം. എന്നു വെച്ചാൽ ലൈംഗികതയുടെ അവസാനവാക്ക്. ഇതിനപ്പുറം ഒരുത്തനും എഴുതരുത് എന്ന ഉദ്ദേശ്യത്തോടെ എഴുതി വെച്ചിരിക്കുവാണ്‌. അടുത്ത മാസം വരെ മുപ്പത് ശതമാനം വിലക്കുറവ്. ആനന്ദലബ്ദിക്കിനിയെന്തുവേണം?. വാങ്ങിയാൽ മുൻവശത്തെ ഷെല്ഫിൽ വെയ്ക്കാനാവില്ല പക്ഷെ ബെഡ്റൂമിലുള്ള അലമാരയിൽ ഒരു മുതല്ക്കൂട്ടായി ഒതുങ്ങി ഇരിക്കും. വെറുതെ രാവിലെ ചായകുടിച്ചു കൊണ്ടിരിക്കുമ്പോഴോ, രാത്രി അത്താഴം കഴിക്കുമ്പോഴോ പെട്ടെന്നൊരു സംശയം തോന്നിയാൽ ഉടനെ ഓടിചെന്നു നോക്കാൻ പുസ്തകമുണ്ട്. ഈ വാല്യങ്ങൾ മുഴുവനും വായിച്ചു കഴിഞ്ഞാൽ പിന്നെ ആ വിഷയത്തിൽ എന്നെ തോല്പ്പിക്കാൻ ആർക്കുമാവില്ല. അത്രയും വിജ്ഞാനം അതിലുണ്ട്. വില ഏതാണ്‌ രണ്ടായിരത്തോളമുണ്ട്. എങ്കിലും കുഴപ്പമില്ല. ചിന്തിച്ച് ഏതാണ്ടിത്രേടം വരെ ആയപ്പോഴാണപകടം വന്നു പിന്നാലെ തോളിന്റെ മുകളിൽ കൂടി എത്തിനോക്കിയത്.
“ഇതും നോക്കി ഇരുന്നോ”
ആ പറഞ്ഞതു കേട്ട് സ്നേഹത്തോടെ ഉപദേശിച്ചതാണെന്നു കരുതരുത്. ആക്ഷേപിച്ചതാണ്‌. അധിഷേപിച്ചതാണ്‌. നമ്മൾ എല്ലാം ടോണിൽ നിന്നും പിടിച്ചെടുക്കണം. ആ ഒരു കഴിവ് സ്വായത്തമാക്കുന്നത് നന്നെ ചെറുപ്പത്തിലാണെങ്കിലും വിവാഹശേഷമാണ്‌ അത് അതിന്റെ പൂർണ്ണതയിലെത്തുക. ഞാൻ പ്രായപൂർത്തിയായവനാണ്‌. മൂക്കിനു താഴെ വളരുന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള രോമങ്ങളുടെ തുമ്പ് ദിവസവും കത്രിച്ചു കളയുന്നവനാണ്‌. വല്ലപ്പോഴും ഗോൾഡ്ഫ്ലേക്ക് സിഗറട്ട് വലിച്ച് ഇതേ രോമങ്ങൾക്ക് ബ്രൌൺ നിറം കൊടുക്കാറുമുണ്ട്. അങ്ങനെയുള്ള ഒരാളെയാണ്‌ നിസ്സാരമായി അധിക്ഷേപിച്ചിട്ട് ഒരു സ്ത്രീ തിരിഞ്ഞു നടന്നത്.
“ഇതതല്ല” എന്നുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷെ അതിനു മുൻപ് അപകടം അടുക്കളയിലേക്ക് അകന്നു കഴിഞ്ഞിരുന്നു. ഞാൻ വീണ്ടും പരസ്യത്തിലേക്ക് തല പൂഴ്ത്തി. വല്ലപ്പോഴും കഥ എഴുതി മുഖ്യധാരയിലേക്കയച്ചു കൊടുക്കുന്ന എന്നോടവൾക്ക് പുശ്ച്ഛം. കഥയ്ക്കുള്ള തന്തു എവിടെ നിന്നും കിട്ടും എന്നു സദാ തിരഞ്ഞു നടക്കുന്ന എനിക്ക് ആ ആക്ഷേപത്തിൽ ഒരു വിഷമവുമില്ല. ഇതു പോലെ എന്തൊക്കെ ഒരു കഥാകാരൻ കേൾക്കേണ്ടിയിരിക്കുന്നു. തികച്ചും സ്വാഭാവികം. അക്ഷരങ്ങളിലൂടെ എന്റെ തിമിരം തിന്നു തുടങ്ങിയ കണ്ണുകൾ അരിച്ചു നടന്നു. ‘ബഹുവർണ്ണ ചിത്രങ്ങൾ’, മനശ്ശാസ്ത്രജ്ഞരുടെ കുറിപ്പുകൾ, ചരിത്രകരന്മാരുടെ കുറിപ്പുകൾ..ഒടുവിൽ വായന ചെന്നു നിന്നത് ഒരു പേരിലാണ്‌. ‘അൻഷുമാൻ’. എഴുത്തുകാരന്റെ പേരാണ്‌. ഇത്രയും വിചിത്രമായ ഒരു പേര്‌ ഒരു മലയാളി ചുമന്നു കൊണ്ട് നടക്കുന്നല്ലോ എന്നല്ല എനിക്ക് തോന്നിയത്. ഇതല്ലെ ആ പഴേ അൻഷൂ? എന്നാണ്‌. വർഷങ്ങൾക്ക് മുൻപ് കലാലയകെട്ടിടത്തിന്റെ വലിയ തൂണുകളിൽ ചാരിയിരുന്ന് ഒരു പൊടിമീശക്കാരൻ കവിതകൾ എഴുതുമായിരുന്നു. അവസാന വർഷമായിട്ടും അവന്റെ മീശയ്ക്ക് വേണ്ടത്ര കരുത്തും കറുപ്പും ഉണ്ടായില്ല. “നിനക്ക് നല്ല കട്ടി മീശ ഉണ്ടാവട്ടെ” എന്നൊരു ആശീർവാദം ഓട്ടോഗ്രാഫിലെഴുതി വെച്ച് ഞങ്ങൾ പടിയിറങ്ങി വഴി പിരിഞ്ഞു പോയി. അതൊക്കെയും ചരിത്രം.

കോളേജിൽ വെച്ച്, കൊടിപിടിച്ചവരൊക്കെ മന്ത്രിയോ കുറഞ്ഞപക്ഷം എമ്മെല്ല്ലെയോ ആവുമെന്നായിരുന്നു ധാരണ. ആ ധാരണ പ്രകാരം, അൻഷു വലിയൊരു കവിയാകും എന്നായിരുന്നു എന്റെ വിശ്വാസം. കോളേജ് മാഗസിനിൽ അവന്റെ ഒരു കവിത വന്നിരുന്നു. പതിവു കവിതാ വിഷയങ്ങളെ വിട്ടു അവൻ മരപ്പട്ടിയെ കുറിച്ചായിരുന്നു എഴുതിയത്. രാത്രികളിൽ കുഞ്ഞുങ്ങളുമായി മതിലിലൂടെ പതിയെ നടന്നു പോകുന്ന മരപ്പട്ടിയെ കുറിച്ച് ഒരു കവിത. താഴെത്തട്ടിലെ മനുഷ്യ ജീവിതങ്ങളുമായി ബന്ധപ്പെടുത്തി, ആരെക്കെയൊ അതിനെ വലിയ കവിതയായി വാഴ്ത്തിയതും ഓർമ്മ വന്നു. അവൻ വ്യത്യസ്തനായിരുന്നു, എപ്പോഴും. എന്റെ ഒരു കഥയാണന്ന്‌ മഷിപുരണ്ടത്. വിപ്ലവമായിരുന്നു വിഷയം. അതിനെപ്പോഴും മാർക്കറ്റുണ്ടല്ലോ?. ഞാൻ അൻഷൂനെ കുറിച്ചോർത്തു, അവന്റെ മരപ്പട്ടി കവിതയെ കുറിച്ചോർത്തു. അവൻ സ്നേഹിച്ച വെളുത്ത ക്രിസ്ത്യൻ പെൺകുട്ടിയെ കുറിച്ചോർത്തു, കൂട്ടത്തിൽ എന്റെ മൗനപ്രണയത്തെക്കുറിച്ചും. ചിന്തകളുടെ ഗുണമതാണ്‌. രഹസ്യമായി എത്ര നേരം വേണമെങ്കിലും ചിന്തിച്ചു കൊണ്ടിരിക്കാം. പത്രത്തിൽ കാണുന്ന പബ്ലിഷറുടെ നമ്പറിൽ വിളിച്ചു. ഒന്നു രണ്ടു വട്ടം കൈമാറി ഒടുവിൽ അൻഷുവിന്റെ ഫോൺനമ്പർ, വിലാസം ഒക്കെ ഒപ്പിച്ചു. അവനെ ചെന്നു കാണാം. അവനിപ്പോഴും മീശ വളർന്നിട്ടുണ്ടാവുമോ?. അതായിരുന്നു എനിക്കാദ്യം തോന്നിയത്. ഉണ്ടാവും. ഉണ്ടാവണം.

“ഒന്നു പുറത്ത് പോയിട്ട് വരാം”
ഞാൻ വീട്ടിനുള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. ഇപ്പോഴവൾക്കൊരു പ്രാർത്ഥനയെ ഉള്ളു. പട്ടി കടി കിട്ടാതെ തിരിച്ചു വീട്ടിലേക്ക് തിരിച്ചു വരണേ എന്ന്. കർണ്ണാടകയിൽ നായയെ പൂജിക്കുന്ന ഒരു ക്ഷേത്രമുണ്ടത്രെ. ആരും ചെയ്തുപോകും. നമ്മുടെ കേരളത്തിലും വേണം. ഞാൻ ജീൻസെടുത്തു വലിച്ചു കയറ്റി. അതിപ്പോൾ എത്ര ഉഷ്ണമുള്ള കാലാവസ്ഥയായാലും ആ ഒരു ശീലത്തിൽ മാറ്റമില്ല. റിട്ടയർ ചെയ്തതോടെ ചെറുപ്പം ഒലിച്ചു പോകത്തൊന്നുമില്ലല്ലോ. പേഴ്സിനുള്ളിൽ അഞ്ഞൂറിന്റെ കുറെ നോട്ടുകൾ തിരുകി. പോക്കറ്റിൽ ഇരുപത്, അൻപത്, നൂറ്‌ നോട്ടുകൾ. കുറച്ച് നാണയത്തുട്ടുകൾ. വെയിൽ തടയാൻ ഒരു തൊപ്പി. ആകെ മൊത്തം ഒരവലക്ഷണം. എങ്കിലും ഞാൻ തയ്യാറായി കഴിഞ്ഞു.

നടന്നു. ബസ്സുകൾ മാറി കയറി. ഓട്ടോ പിടിച്ചു. സ്ഥലത്തെത്തി. ഇത്രയേ പറയേണ്ടതുള്ളൂ. കഥയ്ക്ക് നീളം കൂട്ടാനായി യാത്രയ്ക്കിടയിലെ കാഴ്ച്ചകൾ മുഴുവനും പറയേണ്ട ഒരാവശ്യവുമില്ല. ഇനിയൊരു അഞ്ചു മിനിട്ട് നടത്തം. അത്ര കൂടിയേ ഉള്ളൂ. അൻഷുവിന്റെ കൊട്ടാരത്തിലേക്ക്. കൊട്ടാരം കണ്ടു. ഓടിട്ട കൊട്ടാരമാണ്‌. മുറ്റത്ത് ധാരാളം ചെടികളുണ്ട്. അതിന്റെയൊക്കെ പേരുകൾ അറിയാമെങ്കിലും പറയുന്നില്ല. കൊട്ടാരത്തിനു നീല ചായമാണ്‌. സ്വാഭാവികം! അതിലും നല്ലൊരു നിറം വേറേയേതാണ്‌?. മുൻവശത്ത് ഒരു ബൈക്കിരുപ്പുണ്ട്. അവന്റെ മയിൽ വാഹനം. പഴയ മോഡലാണ്‌. പക്ഷെ നല്ല ഓട്ടമുണ്ട്. ടയർ നിറയെ ചെളിയും പൊടിയും. ഞാൻ ‘അൻഷൂ’ എന്നുറക്കെ വിളിച്ചു. വിളി വീട്ടിനകത്തേക്കോടി കയറി പോയി. കുറച്ച് നേരത്തേക്ക് ഒരു ഒച്ചയുമില്ല. ഞാൻ വീണ്ടും ഒരു വിളി കൂടി വിക്ഷേപിക്കാൻ തയ്യറെടുത്തു. അപ്പോഴേക്കും ഒരിരുണ്ട ശരീരം ഇരുട്ടിൽ നിന്ന് പുറത്തേക്ക് വന്നു. ഇരുട്ടിൽ നിന്നും ഇരുട്ടിറങ്ങി വരുന്നതു പോലെയായിരുന്നു. അൻഷു! അവനിപ്പോൾ കട്ടിമീശമാത്രമല്ല, താടിയുമുണ്ട്. എന്നേക്കാൾ നരയുണ്ട്, തലയിലും താടിയിലും. ‘ആരാ?’  എന്നവന്റെ കണ്ണുകൾ കൊണ്ടുള്ള ചോദ്യത്തിനു ഞാനെന്റെ പേരു പറഞ്ഞു. പിന്നെ അവന്റെ ഓർമ്മകളെ ഉണർത്താൻ, മാഗസിനിലെ മരപ്പട്ടി കവിതയെ കുറിച്ചും എന്റെ വിപ്ലവ കഥയെ കുറിച്ചും. അപ്പോഴാണവന്റെ ഇടുങ്ങി പോയ പുരികം അയഞ്ഞത്. അവന്റെ മീശ മൂടിയ ചുണ്ടിനിടയിലൂടെ ഒരു ചിരി പുറത്തേക്ക് വന്നത്. എനിക്ക് സമാധാനമായി.
“നീ വാ”. അവൻ അടുത്ത നിമിഷം പഴയ അൻഷുവായി.
ഞാൻ അവന്റെ വീടിന്റെ അരമതിലിൽ ഇരുന്നു. അവൻ കസേരയിലും. നല്ല തണുപ്പുണ്ടവിടെ. എന്റെ മനസ്സു തണുത്തു. പിൻഭാഗവും. “നിന്റെ ബുക്കിന്റെ പരസ്യം കണ്ടു വന്നതാണ്‌” ഞാൻ മുഖവുരയൊന്നുമില്ലാതെ പറഞ്ഞു.
അവൻ ശബ്ദമില്ലാതെ ചിരിച്ചു.
“നീ വല്യ കവിയാകും എന്നാണ്‌ ഞാൻ വിചാരിച്ചത്..നീ പിന്നീടൊന്നും എഴുതിയില്ലെ?“
ഒരു ചത്ത ചിരിക്ക് ശേഷം താടിയുഴിഞ്ഞു കൊണ്ടവൻ പറഞ്ഞു,
”എഴുതി..ഒരുപാട് കവിതകളെഴുതി..ഇപ്പോൾ എഴുതിയാൽ മാത്രം പോരല്ലോ..ഒന്നുകിൽ തെറി കവിതകളെഴുതണം..അല്ലേൽ വിവാദമുണ്ടാക്കണം..അതൊന്നും പറ്റിയില്ലെടാ..“
”നീ പിന്നെ എന്തിനാ ഈ ലൈംഗിക വിജ്ഞാന..ആ സംഭവം എഴുതിയത്?“
”സത്യത്തിൽ അതാർക്കും എഴുതാവുന്നതേയുള്ളൂ. മാർക്കറ്റ് സ്റ്റഡി ചെയ്ത ഒരു പബ്ലിഷർ എന്നോടെഴുതാമോ എന്നു ചോദിച്ചു. ഞാനെഴുതി. അതിനു വേണ്ട കാശും തന്നു. പുസ്തകം വിറ്റു പോയാൽ ഇനിയും കിട്ടുമായിരിക്കും“
”ഇതിനായി കുറേ കഷ്ടപ്പെട്ടിട്ടുണ്ടാവും അല്ലെ?“
”ഉം..മൂന്ന് വർഷത്തിലധികം“
”പക്ഷെ..ഇനി നീ അറിയപ്പെടാൻ പോകുന്നത്..ഇങ്ങനെ ഒരു പുസ്തകം എഴുതിയ ഒരാളെന്നാവില്ലെ?..നിനക്ക് കവിതകളൊക്കെ ഇനിയും എഴുതിക്കൂടെ?“
”കവിത എഴുതി ആരും ഇവിടെ ജീവിച്ചിട്ടില്ല..അല്ലേൽ സിനിമാപാട്ടെഴുതണം..അല്ലാതെ..കേരളത്തിൽ ദിവസവും ആയിരം കവിതകളെങ്കിലും കവികൾ എഴുതുന്നുണ്ട്..എവിടെയോക്കെയോ ഇരുന്ന്..അതൊക്കെ വായിച്ച് വായിച്ച്..ഏതാ ശരിക്കും കവിത എന്നു കൂടി ആൾക്കാർക്ക് മനസ്സിലാവാത്ത സ്ഥിതിയായി..അതൊക്കെ പോട്ടെ..നീ ഇപ്പൊ എന്തു ചെയ്യുന്നു?“
ഞാൻ നേരത്തെ റിട്ടയർമെന്റ് വാങ്ങി സ്വസ്ഥം സുഖവാസം ആരംഭിച്ച കാര്യം പറഞ്ഞു.
”ചായ കുടിക്കുമോ?“
അതു ചോദിച്ച് ഉത്തരം കൊടുക്കുന്നതിനു മുൻപ് അകത്തേക്ക് “ഒരു ചായ എടുക്ക് ശ്രീ” എന്നവൻ നീട്ടി വിളിച്ചു പറഞ്ഞു.
“നിനക്ക് കുട്ടികൾ?” ആ ഒരു ചോദ്യത്തോടെ ഞാനൊരു സാദാ മലയാളിയായി.
അവൻ തലകുനിച്ചിരുന്നു. അതു വിധിക്കു മുന്നിലോ, അവന്റെ പുരുഷത്വത്തിനു മുന്നിലോ അതോ എന്റെ മുന്നിലോ എന്നറിയില്ല.
“നിനക്കോ?”
“രണ്ട് പെൺകുട്ടികൾ” എന്ന് പറയുമ്പോൾ ..ചോദിക്കണ്ടായിരുന്നു എന്നു തോന്നി.
ഞാൻ അവനെ തന്നെ നോക്കിയിരുന്നു. ഇപ്പോൾ ചിലപ്പോൾ കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ലൈംഗികത യെ കുറിച്ച് ഒരവസാനവാക്ക് പറയാൻ കഴിവുള്ള ഒരാളുടെ മുന്നിലാണ്‌ ഞാനിരിക്കുന്നത്. അവനിപ്പോൾ ഇതൊക്കെയും ഒരു വലിയ തമാശയായിരിക്കും. ഒരു തരം മരവിപ്പായിരിക്കും.
“നീ വാ. നമുക്ക് ഈ പറമ്പൊക്കെ ഒന്നു കാണാം”. അവന്റെ പറമ്പിലൂടെ നടക്കാൻ ഞാനാണ്‌ ക്ഷണിച്ചത്. അവൻ തോർത്തെടുത്ത് കഴുത്ത് തുടച്ച് കൊണ്ട് പുറത്തേക്കിറങ്ങി. എന്റെ തൊപ്പിയും ജീൻസും..അവലക്ഷണം..എനിക്ക് പക്ഷെ തൊപ്പിയൂരാൻ തോന്നിയില്ല. പാതി വെളുത്ത മുടി മറയ്ക്കാനുമതുപകരിക്കും. എല്ലാം മറയ്ക്കണം. അത് ശീലമായി പോയി.
മണ്ണിലിറങ്ങിയപ്പോൾ നല്ല സുഖം. മണ്ണിരകൾ മണ്ണു കുഴിച്ചിട്ടിരിക്കുന്നത് കണ്ടു. അതുങ്ങൾക്ക് വേറേ പണിയൊന്നുമില്ലല്ലൊ.
“ഇതു സ്ത്രീധനമായിട്ട് കിട്ടിയതാ” പറമ്പിലൂടെ കണ്ണോടിച്ചു കൊണ്ട് അൻഷു പറഞ്ഞു.
“ഇപ്പോ കുറെ കപ്പേം വാഴേം ചേനേം ഒക്കെയുണ്ട്..ഇപ്പോ ജൈവമല്ലെ ഫാഷൻ..ഇവിടെ അതേയുള്ളൂ“ അതു പറഞ്ഞു അൻഷു ചിരിച്ചു.
ഞാൻ കണ്ടു, കുത്തിനിർത്തിയ കപ്പത്തണ്ടുകൾ, കുട പിടിച്ചു നിലക്കുന്ന ചേനകൾ, കൈയാട്ടി കളിക്കുന്ന വാഴകൾ. സുന്ദരം. ചെറുയ്തായി അസൂയ മുളച്ചു തുടങ്ങിയോ എന്നു സംശയം.
”നീ കുട്ടികളെ കുറിച്ച് ചോദിച്ചില്ലെ?“
ഞാനൊന്നും മിണ്ടിയില്ല. ചോദിച്ചതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല.
”കുറെ ടെസ്റ്റുകളൊക്കെ നടത്തി നോക്കി. നമുക്ക് രണ്ടാൾക്കും ഒരു കുഴപ്പവുമില്ല. പക്ഷെ എന്തോ..നമുക്ക് കുഞ്ഞുങ്ങളുണ്ടാകുന്നില്ല.. ഞാനിങ്ങനെ..ആർക്കോ വേണ്ടി..ചില പുസ്തകങ്ങളൊക്കെ എഴുതി..വെറുതെ..“
അവൻ തുടർന്നു,
”നമ്മൾ വിചാരിക്കും നമുക്കൊക്കെ എല്ലാമറിയാമെന്ന്..സത്യത്തിൽ നമുക്കൊന്നും അറിഞ്ഞൂടടാ..എങ്ങനെയാ ഒരു കുഞ്ഞ് ജനിക്കുന്നതെന്നും എങ്ങനെയാ ഒരു കുഞ്ഞ് ജനിക്കാതിരിക്കുന്നതന്നും..എല്ലാം എങ്ങനെയൊക്കെയോ സംഭവിക്കുകയാണ്‌“
ഒരു നിമിഷം ഞാൻ പ്രീഡിഗി ക്ലാസ്സിൽ ബെഞ്ചുകൾക്കിടയിലൂടെ ആരും കാണാതെ കൈമാറിയ തുണ്ടുപുസ്തകങ്ങളെ കുറിച്ചോർത്തു.
”നീ ചോദിച്ചില്ലെ എന്തിനാ ഇങ്ങനെ ഒരു പുസ്തകം എഴുതുന്നതെന്ന്?..ശരിക്കും ഇതല്ലായിരുന്നു ഞാനെഴുതേണ്ടിയിരുന്നത്..ജീവനെ കുറിച്ചായിരുന്നു എഴുതേണ്ടിയിരുന്നത്. പക്ഷെ ജീവിച്ചിരിക്കുന്നവർക്ക് പോലും ജീവനെ കുറിച്ചൊന്നുമറിയില്ലല്ലോ!“ അതു പറഞ്ഞവൻ ചിരിച്ചു.
എനിക്ക് വിളറിയ ഒരു ചിരിയുമായി നില്ക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
“മുൻപൊക്കെ ഞാനവളുമായി കുഞ്ഞിനെ കുറിച്ച് സംസാരിക്കുമായിരുന്നു..അവള്‌ പാവമാ..ഇപ്പൊ അതു സംസാരിക്കാൻ കൂടി ഞങ്ങൾക്ക് കഴിയില്ല. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ എല്ലാം മറച്ച് പിടിച്ച്, രഹസ്യങ്ങളുമായി ജീവിക്കാൻ വയ്യ..”
“നീ ഇപ്പൊ വന്നത് നന്നായി..കുറെ നാളായി ആരോടെങ്കിലും ഇതു പോലെയൊക്കെ ഒന്നു സംസാരിച്ചിട്ട്..”
പറമ്പിലൂടെയൊരു പ്രദക്ഷിണം ഞങ്ങളപ്പോഴേക്കും പൂർത്തിയാക്കിയിരുന്നു.
വീണ്ടും വീട്ടുമുറ്റത്തെത്തിയപ്പോൾ അരമതിലിൽ രണ്ടു ഗ്ലാസ്സുകൾ ഇരിക്കുന്നത് കണ്ടു. ആവി ഉയരുന്നുണ്ട്. സമീപത്തായി ഒരു സ്ത്രീ രൂപവും.
ഞാൻ അവരെ നോക്കി ചിരിച്ചു. എന്നെ നോക്കി മുൻപരിചയമുള്ളത് പോലെ അവർ ചിരിച്ചു.
ചായ കുടിക്കുമ്പോൾ ഞാൻ പറഞ്ഞു,
“നിന്റെ പുസ്തകം..അതെനിക്ക് വേണം..ഞാൻ കാശ് കൊണ്ട് വന്നിട്ടുണ്ട്..”
അവൻ നിശ്ശബ്ദനായി അകത്തേക്ക് പോയി പുസ്തകങ്ങൾ ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി കൊണ്ടു വന്നു. ഞാൻ ഉയർത്തി നോക്കി. ഭാരമില്ല എന്നു പറയാനാവില്ല.
പിന്നീടധികനേരം ഞാനവിടെ നിന്നില്ല. ചായക്കും സ്നേഹത്തിനും നന്ദി പറഞ്ഞു ഞാൻ നടന്നു.

ബസ്സ് കാത്ത് നില്ക്കുമ്പോൾ ഞാൻ കവറിനുള്ളിലെ പുസ്തകങ്ങളെ കുറിച്ചാലോചിച്ചു. ഇതൊന്നും ഞാൻ തുറന്നു നോക്കാൻ പോകുന്നില്ല. തുറന്നു നോക്കാൻ തോന്നുന്നില്ല. പൊടുന്നനെ എന്റെ ചിന്തകളും നരച്ചു പോയിരിക്കാം. ജീവന്റെ പുസ്തകത്തെ കുറിച്ച് ആരുമെഴുതിയിട്ടുണ്ടാവില്ല. എഴുതുകയുമുണ്ടാവില്ല. എല്ലാം വെറുതെയാണ്‌. എങ്ങനെയോ സംഭവിച്ചു പോകുന്നതാണ്‌. അൻഷു പറഞ്ഞതാണ്‌ ശരി. അല്ലെങ്കിലും കവികൾ ശരികളെ പറഞ്ഞിട്ടുള്ളൂ. അപ്പോഴേക്കും എന്റെ ബസ്സ് വന്നു.

വായനക്കാരെ, നിങ്ങൾക്ക് എരിവു ചേർത്ത ഒരു വിഭവമാണ്‌ ഞാൻ തയ്യാറാക്കാനുദ്ദേശിച്ചത്. പക്ഷെ എന്റെ നരച്ച ചിന്തകൾക്ക് ഇത്രയുമൊക്കെയെ ഇപ്പോൾ തയ്യാറാക്കാൻ കഴിഞ്ഞുള്ളൂ. സദയം ക്ഷമിക്കുക..ഇനി കുറച്ച് നേരം ഞാൻ വെറുതെ പുറത്തേക്ക് നോക്കിയിരിക്കട്ടെ.

Post a Comment