Please use Firefox Browser for a good reading experience

Saturday 26 June 2010

വീണ്ടും...

തരളതാരുണ്യമെന്നംഗങ്ങളിൽ നിന്നു,
അറിയാതെയെങ്ങോ മറഞ്ഞു പോകും..

വർണ്ണം നിറയുമെൻ നീല നയനങ്ങളിൽ,
തിമിരം നിറയുന്ന കാലമാകും..

നുണക്കുഴിയഴകായ കവിളുകളോക്കെയും,
ചുളിവുകൾ നിറയുന്ന നേരമാകും..

പുഷ്പകം ചൂടിയ കാർകൂന്തലോ പിന്നെ,
മാറിടും തൂവെള്ള നൂലു പോലെ..

മധുരവും പുളിയുമീ നാവിന്റെ തുമ്പത്ത്‌,
ആരുമേ അറിയാത്ത രുചികളാകും..

നിറമുള്ള ഓർമ്മകൾ നിറയുന്നയെൻമനം,
ഒരു ശൂന്യ മുറി പോലെയാകുമപ്പോൾ..

ബലഹീനമാകുമെൻ കൈകാലുകൾ പിന്നെ,
വിറയാർന്നു പോകുമെൻ വാക്കുമപ്പോൾ..

അടിതെറ്റി വീഴുമീ നശ്വരഭൂമിയിൽ,
അവസാനമായി ഞാൻ കണ്ണടയ്ക്കും..

പിറന്നു ഞാൻ വീഴുമീ ഭൂമിയിൽ വീണ്ടും,
ഒരു ജീവചരിതം പൂർത്തിയാക്കാൻ..

Post a Comment

Friday 25 June 2010

പുലർകാല ദർശനം

പുലർകാലെ തെളിനീരിൽ മുങ്ങിക്കുളിച്ചു ഞാൻ
പതിയേ നടന്നുവെൻ ദേവനെ കാണുവാൻ..
വിറപൂണ്ട മെയ്യുമായ് തൊഴുതു ഞാൻ നിന്നു
കുഴലുമായി നില്ക്കുമെൻ കണ്ണനെ കാണുവാൻ..

നറുമണം പൊഴിക്കും, പാരിജാതങ്ങളും,
പുകയുന്ന ചന്ദന തിരികളും കണ്ടു ഞാൻ
തിരിയിട്ട ചെമ്പിൻ വിളക്കിന്റെ നാളം,
തെളിച്ചുവെന്നാത്മാവിലായിരം ദീപം

മിഴിപൂട്ടി നിന്നു ഞാൻ ഒരുവേളയപ്പോൾ,
കണ്ടു ഞാനകതാരിലൊരു ദിവ്യ രൂപം.
കേട്ടു ഞാനായിരം മണിയൊച്ചയപ്പോൾ,
ചൊല്ലി ഞാൻ നിന്നുടെ ആ ദിവ്യ നാമം.

മണിയൊച്ച കേട്ടു ഞാൻ മിഴിതുറന്നപ്പോൾ,
കണ്ടൂ മുഴുക്കാപ്പ് തീർത്തയാ തിരുവുടൽ!
ഒരു ഹർഷ ബിന്ദുവെന്നാത്മാവിലലിയുന്ന
പരമാർത്ഥ സുഖമൊന്നറിഞ്ഞുവപ്പോൾ!

Post a Comment

മറക്കാതിരിക്കാന്‍

http://news.keralakaumudi.com/beta/news.php?nid=18c4609f1d22264ae36be35f2481420c


Post a Comment

Wednesday 23 June 2010

താരാട്ട്‌

പൂനിലാ മാനത്ത്‌ ചിന്നുന്നു താരകം
അമ്മതൻ തോളത്ത്‌ ചായുന്നു പൈതലും

തോളത്ത്‌ ചാരിയ പൊന്നിൻ കുടത്തിനെ
താളത്തിലാട്ടി, ആ അമ്മ പാടി.

താരാട്ട്‌ പാട്ടിന്റെ ഈണത്തിലാറാടി,
താളം പിടിച്ചുവോ പിഞ്ചു കൈകൾ?

ചെഞ്ചിളം പൂമുഖം തോളത്തമർത്തിയാ
കുഞ്ഞിളം പൈതലോ നിദ്ര പൂണ്ടു..

മാനത്ത്‌ നോക്കി, ആ അമ്മയപ്പോൾ,
അമ്പിളി പൈതലെ കണ്ടു ദൂരെ..

കാർമുകിൽ മാറത്ത്‌ ചാഞ്ഞുറങ്ങുന്നൊരു
ഓമന പൈതലോ ചന്ദ്രബിംബം?...

23 ജൂൺ രണ്ടായിരത്തി പത്ത്‌

Post a Comment

Saturday 12 June 2010

നുറുങ്ങുകൾ

യുദ്ധം!

ആരൊക്കെ യുദ്ധം ചെയ്താലും,
ഒടുക്കമൊടുങ്ങുന്നത്‌ നിരപരാധികൾ തന്നെ..
ദിവസവും കുരുക്ഷേത്രയുദ്ധം പോലെയെത്രയോ യുദ്ധങ്ങൾ നടക്കുന്നു,
സ്വന്തം മനസ്സിൽ..
ജയിക്കുന്നത്‌ നന്മയായാലും, തിന്മയായാലും,
യുദ്ധം കഴിയുമ്പോൾ,
വേദന ഹൃദയത്തിനു സ്വന്തം...

അജ്ഞത

മുകളിൽ നിന്ന് സൂര്യപ്രകാശവും,
മണ്ണിൽ നിന്ന് ജീവജലവും, പിന്നെ വായുവും..
ചുരുക്കത്തിൽ, ചെടികൾ പഞ്ചഭൂതങ്ങളുമായി സഹകരിച്ച്‌,
നിർമ്മിക്കുന്ന പഴം പച്ചക്കറികൾ കഴിക്കുന്ന മനുഷ്യൻ,
പഞ്ചഭൂതങ്ങളെ തന്നെയാണ്‌ ദിനവും അകത്താക്കുന്നത്‌!
നീ എന്തു കഴിക്കുന്നുവോ, അതു നിന്റെ ചിന്തയേ ബാധിക്കുന്നു..
മൃഗത്തെ കഴിക്കുന്നവന്റെയുള്ളിലെ ചിന്തകൾ മൃഗീയമായാൽ അതില്ലത്ഭുതപ്പെടണോ?..
എന്നാൽ, പച്ചിലകൾ കഴിക്കുന്നവന്റെ മനസ്സിൽ മൃഗീയ വാസനയുണ്ടാവില്ലെന്ന് എന്താണുറപ്പ്‌?..അതും അറിയില്ല..
ഭാഗ്യം, ഇതൊന്നുമറിയാതെ എല്ലാം കഴിക്കുന്നു..
അജ്ഞത ഒരു അനുഗ്രഹമാണോ?..

നഗ്നത

മേഘങ്ങളില്ലായിരുന്നെങ്കിൽ,
ഭൂമി നഗ്നയായിരുന്നേനെ..
മനസ്സിനെ മറയ്ക്കുന്നത്‌,
മുഖമല്ല..മനസ്സിൽ ജനിക്കുന്ന തോന്നലുകൾ തന്നെ..
മറച്ചു വെച്ച മനസ്സും, ഭൂമിയും..
ആരും നഗ്നത ഇഷ്ടപ്പെടുന്നില്ല..

ദൂരം

പൊഴിഞ്ഞു വീണ തോന്നലുകൾ..
അവ വീണതെന്റെ കടലാസിലായിരുന്നു..
അവ അക്ഷരങ്ങളെ കൂട്ടു പിടിച്ച്‌,
വാക്കുകളായി മാറിയപ്പോൾ,
ഞാനറിയാതെ പകർത്തിയത്‌,
എന്നെ തന്നെയായിരുന്നു..
ചിന്തകൾക്കും, അക്ഷരങ്ങൾക്കും,
ഒരു കടലാസ്‌ ദൂരം മാത്രം..

Post a Comment

Tuesday 1 June 2010

ഓർമ്മകൾ

ചിലർ കൊതിക്കുന്നു മറക്കാൻ, ഓർമ്മകൾ വന്നോർമ്മിപ്പിക്കാതിരിക്കാൻ
ചിലരോ, ഓർമ്മകൾ മായ്ക്കാൻ മഷിത്തണ്ട് തേടി നടക്കുന്നു!
ഓർമ്മിപ്പിക്കാൻ ഓർമ്മകൾ ഉള്ളതെന്റെ ഭാഗ്യം!
ഓർമ്മയുടെ വള്ളികൾ പിരിച്ച്, കയറു പോലെയാക്കി
അതിൽ മുറുക്കെ പിടിച്ചു കിടക്കും ഞാൻ..
ബോധത്തിന്റെ അവസാന കണിക മായും വരെ..

Post a Comment