'103' എന്നെഴുതിയ പാർക്കിംഗ് സ്ലോട്ടിൽ ആക്ടീവാ സ്കൂട്ടർ സ്റ്റാൻഡിട്ട് വെച്ച് മുകളിലേക്ക് പടികൾ കയറി പോകുമ്പോൾ പിന്നിൽ, കാരിരുമ്പ് കൊണ്ടുണ്ടാക്കിയ, ആ വലിയ ഗേറ്റ് അടയുന്നതിന്റെ ശബ്ദത്തിനായവൾ കാതോർത്തു. 'ദാ, ഇപ്പോൾ തന്നെ' മനസ്സിൽ അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും, വർഗ്ഗീസ് ഗേറ്റ് അടയ്ക്കുന്ന ശബ്ദം വ്യക്തമായി കേട്ടു. ഗേറ്റിന്റെ കരകര ശബ്ദം. ഇരുമ്പും ഇരുമ്പും ചേർന്നൊരുക്കുന്ന വിചിത്ര സംഗീതം. ഒരു പക്ഷെ മറ്റാരും തന്നെയാ സംഗീതം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇതു പോലെയെവിടെയെല്ലാം സംഗീതം സൃഷ്ടിക്കപ്പെടുന്നു? ആരാലും കേൾക്കാതെ പോകുന്നു?. വർഗ്ഗീസ് ഗേറ്റ് നീക്കുന്ന വേഗതയ്ക്കനുസരിച്ചുണ്ടാകുന്ന സംഗീതമാണ്. അതു വർഗ്ഗീസിന്റെ സൃഷ്ടിയാണ്!. ആ ശബ്ദം കേൾക്കാതെ പടികൾ കയറി പോയാൽ, ഒരു തരം ആകുലത തന്നെ പിടികൂടുമെന്നവൾ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.
ഏതൊരു പെൺകുട്ടിയേയും പോലെ, അസാധാരണമായ രഹസ്യങ്ങൾ സൂക്ഷിച്ച, ഒരു സാധാരണ പെൺകുട്ടിയായിരുന്നു അവൾ. ഇറുകിയ ജീൻസും, വെളുത്ത അയഞ്ഞ ഷർട്ടും ധരിക്കാനവൾക്കിഷ്ടമാണ്. ഇളം നിറമുള്ള വസ്ത്രങ്ങളുടെ നല്ലൊരു ശേഖരം, വൃത്തിയാക്കി വലിയ തടിയലമാരിയിൽ അടുക്കി വെച്ചിട്ടുണ്ട്. ഇന്നു പടികൾ കയറുമ്പോൾ ഓർത്തു, വസ്ത്രങ്ങൾ മുറുകി തുടങ്ങിയിട്ടുണ്ട്. പ്രഭാതത്തിലെ നടത്തം നിർത്തിയതായിരിക്കാം അതിനു കാരണം. ആ നടത്തം, അതു പതിവായിരുന്നു. തൊട്ടടുത്തുള്ള പാർക്കിലെത്തുമ്പോൾ അതു ചെറിയ ഒരു ഓട്ടമായി മാറും. പരിചയമുള്ള മുഖങ്ങൾക്കിടയിലൂടെ താളത്തിൽ ഓടുന്നത് ഇഷ്ടമുള്ള കാര്യമാണ്. പരിചയമുള്ള അപരിചിതർ. ദിവസവും അവരെ കാണും, ചിലപ്പോൾ അവരിൽ ചിലർ അവളെ നോക്കി വളരെ മൃദുവായി ചിരിക്കുകയും ചെയ്യും. മുഖത്തെ മാംസപേശികൾക്ക് അധികം വ്യായാമം കൊടുക്കാത്തവരാണവർ. ഒരു പക്ഷെ ചുണ്ടുകളിക്കിരുവശത്തും ചുളിവുകളോ, നീണ്ട വരകളോ അതു കൊണ്ടുണ്ടാകുമെന്നവർ ഭയപ്പെടുന്നുണ്ടാവും. നടക്കാൻ പോകുന്ന ദിവസങ്ങളിൽ മിക്കപ്പോഴും ചെവിക്കുള്ളിലേക്ക് സംഗീതം തിരുകി വെച്ചിട്ടുണ്ടാവും. വേഗത്തിലുള്ള, ഊർജ്ജം പ്രസരിപ്പിക്കുന്ന സംഗീതമാണ് ഓടുമ്പോൾ കേൾക്കാനവൾ ഇഷ്ടപ്പെടുന്നത്. ദുർമേദസ്സ് നിറഞ്ഞ വനിതകളും കുടവയറുള്ള മദ്ധ്യവസ്ക്കരും മാത്രമല്ല, വളരെ വേഗത്തിൽ ഓടിപോകുന്ന, ഉറച്ച ശരീരമുള്ള ചെറുപ്പക്കാരും ആ പാർക്കിനു ചുറ്റും ഓടുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. തിരിച്ചു വരുമ്പോഴേക്കും നെറ്റിയിൽ ചെറിയ വിയർപ്പുമണികൾ നിറഞ്ഞിരിക്കും. ഓടുന്ന ദിവസങ്ങളിൽ വളരെ ഉസ്ത്സാഹഭരിതയായിരിക്കും. 'ബാറ്ററി ഇന്നു ഫുള്ളി ചാർജ്ഡ് ആണ്' അങ്ങനെയാണ് അടുത്ത കൂട്ടുകാരി, ലച്ചുവിനോട് പറയുക. ലച്ചുന്റെ മുഖം കണ്ടാൽ ശരിക്കും അവളുടെ യഥാർത്ഥ പേരു പോലെ, ലക്ഷ്മിയുടേതു പോലെയാണ്. 'എന്തൈശ്വര്യമാണ് നിന്നെ കാണാൻ?' എന്നു അത്ഭുതത്തോടു കൂടി പലപ്പോഴും ചോദിച്ചിട്ടുണ്ട്. ഒരിക്കൽ സഹിക്ക വയ്യാതെ, 'നിന്നോടെനിക്ക് അസൂയയാണ്' എന്നു പോലുമവൾ പറഞ്ഞിട്ടുണ്ട്. എങ്കിലും ലച്ചുവിന്റേതു പോലെ വണ്ണിച്ച ശരീരമല്ല തനിക്കുള്ളതെന്ന കാര്യത്തിൽ രഹസ്യമായവൾ അഭിമാനിച്ചിരുന്നു.
അവളുടെതിനു നേരെ എതിർ വശത്തുള്ള അപാർട്ട്‌മെന്റിൽ താമസിച്ചിരുന്നത് ഒരു വൃദ്ധ ദമ്പതികളായിരുന്നു. എന്നാൽ ഒരിക്കലും അവരെ വാർദ്ധക്യം ബാധിച്ചിരുന്നതായി അവൾക്ക് തോന്നിയിട്ടില്ല. വാർദ്ധക്യം മനസ്സിലെ പച്ച ഞരമ്പുകളെയാണ് ബാധിക്കുക. അപ്പോഴതിന്റെ നിറം മാറുകയും, അവർ വൃദ്ധനോ, വൃദ്ധയോ ആയി മാറുകയും ചെയ്യും. ഇവരുടെ ഞരമ്പുകളുടെ നിറം ഇപ്പോഴും പച്ചയാണ്. ഞരമ്പുകളെ പറ്റി ആധികാരികമായി മനസ്സിലാക്കുവാൻ വേണ്ടിയാവണം, അവൾ 'ന്യൂറോളജി' തന്നെ പഠിക്കുവാൻ തിരഞ്ഞെടുത്തത്. പഠിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി, താൻ പഠിക്കാൻ ആഗ്രഹിച്ചിരുന്നത് ഞരമ്പുകളെ കുറിച്ചല്ല, അവ പൊതിയുന്ന, അവയ്ക്കുള്ളിലെവിടെയോ, അദൃശ്യമായിരിക്കുന്ന മനസ്സിനെ കുറിച്ചാണെന്ന്. എങ്കിൽ കൂടിയും അവൾ ആത്മാർത്ഥതയോടെ പഠിച്ചു. അത്യാർത്തിയോടെ എന്നു പറയുന്നതാവും കൂടുതൽ ശരി. വളരെ രസകരമായിരുന്നു ഓരോ ക്ലാസ്സും. അവൾ ആസ്വദിച്ചിരുന്നു, ക്ലാസ്സിൽ കേട്ട ഓരോ വാചകവും, ഓരോ വാക്കും.
ക്ലാസ്സ് കഴിഞ്ഞ് വരുന്ന വഴി ചിലപ്പോൾ ലൈബ്രറിയിൽ കയറും. ചിലപ്പോൾ ഇന്ത്യൻ കോഫി ഹൗസിൽ, ചിലപ്പോൾ പാർക്കിൽ. ഞരമ്പുകളുടെ ആരോഗ്യത്തിനായി ചിന്തകൾക്ക് വിശ്രമം കൊടുക്കണമെന്നവൾ മനസ്സിലാക്കി വെച്ചിട്ടുണ്ട്. വരുമ്പോഴേക്കും, ഉയരമുള്ള, ഇരുമ്പു വളയങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങൾ നിറഞ്ഞ ആ വലിയ ഗേറ്റ് തുറന്നു കിടപ്പുണ്ടാവും. 'ഹൊറൈസൺ അപാർട്ട്‌മന്റ്സ്' എന്നെഴുതിയ അക്ഷരങ്ങൾ ഇപ്പോൾ മങ്ങി തുടങ്ങിയിരിക്കുന്നു. ആ ഗേറ്റിനു കാവൽ നിൽക്കാൻ ചുമതലപ്പെടുത്തിയ വർഗ്ഗീസ് എന്ന പേരുള്ള ചെറുപ്പക്കാരൻ മിക്കപ്പോഴും ഗേറ്റിനു മുന്നിൽ ഉണ്ടാവില്ല. 'എന്തു കൊണ്ടാണ് അയാൾ ചെടികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത്?'. ഏതോ ഒരു കള്ളനെയോ, കൊള്ളക്കാരനേയോ ചാടി വീണ് പിടിക്കാൻ തക്കം പാർത്തിരിക്കുന്ന ഒരു കുറ്റാന്വേക്ഷണ വിദഗ്ദനെ പോലെയാണയാൾ പെരുമാറുന്നതെന്ന് പലപ്പോഴുമവൾക്ക് തോന്നിയിട്ടുണ്ട്. ഒരു പക്ഷെ ചെടികൾക്കിടയിൽ നിന്നും ഉയരുന്ന സിഗററ്റിന്റെ പുകച്ചുരുളുകൾ അവൾ കണ്ടിട്ടുണ്ടാവില്ല. എങ്കിലും തന്റെ ഇതു പോലുള്ള 'വെറും' തോന്നലുകളുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചു വരുന്നത്, അവൾ തന്നെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഞരമ്പുകളെ കുറിച്ചുള്ള പഠിത്തവും, മനസ്സുകളെ കുറിച്ച് സ്വയം നടത്തുന്ന ഗവേഷണവുമാവും, തന്നെ ഈ അവസ്ഥയിലെത്തിച്ചതെന്നും അവൾ ഗൂഢമായി വിശ്വസിച്ചു പോന്നു. വൈകി വരുമ്പോഴെല്ലാം അപാർട്ട്‌മന്റിന്റെ മുൻവശത്തുള്ള വലിയ വിളക്ക് പ്രകാശിച്ച് തുടങ്ങിയിട്ടുണ്ടാവും. പച്ച ഞരമ്പുകളുള്ള വൃദ്ധദമ്പതികൾ മുൻവശത്തുള്ള പുൽത്തകിടിയിൽ കൂടി കൈകോർത്ത് പിടിച്ച് തങ്ങളുടെ മുറിയിലേക്ക് നടന്നു തുടങ്ങിയിട്ടുണ്ടാവും. പുൽത്തകിടിക്കു മദ്ധ്യത്തിലായി ഒരു ചെറിയ ഫൗണ്ടൻ സ്ഥാപിച്ചിട്ടുണ്ട്. അവിടെ ആരോ കുറച്ച് സ്വർണ്ണ മത്സ്യങ്ങളെ കൊണ്ടിട്ടുണ്ട്. അവൾ അവിടെ താമസം തുടങ്ങും മുൻപെ അവയവിടെ ഉണ്ടായിരുന്നു. തമ്മിൽ മാത്രമാവില്ല, ആ സ്വർണ്ണ മത്സങ്ങളോടും ആ ദമ്പതികൾ വൈകുന്നേരം മുതൽ ഇരുട്ടു വീഴും വരെ സംസാരിച്ചിരുന്നിരിക്കും എന്നവൾക്ക് തോന്നിയിട്ടുണ്ട്. സ്വർണ്ണ നിറമായിരുന്നു അവളുടെ വാഹനത്തിനും. സ്വർണ്ണ നിറമുള്ള ആക്ടീവ.
ദിവസവും വണ്ടി സ്റ്റാൻഡിൽ വെച്ച ശേഷം, പടികൾ വഴി മൂന്നാം നിലയിലേക്ക് അവൾ വന്ന വേഗതയിൽ തന്നെ കയറി പോകും. ആരും കാണാതെ, ആരേയും നോക്കാതെ, മുഖങ്ങൾക്ക് മുഖം കൊടുക്കാതെ, സൗഹൃദങ്ങൾക്ക് നേരെ കൈയുയർത്തി അഭിവാദ്യം ചെയ്യാതെ അവൾ കയറി പോകും. അതൊരു പതിവായി മാറി കഴിഞ്ഞിരിക്കുന്നു അവൾക്ക്.
തന്റെ അപാർട്ട്‌മന്റിലേക്ക് നടക്കുമ്പോഴൊക്കെ, '101' എന്നെഴുതിയ വാതിലിനടിയിലൂടെ സാവധാനം ഒഴുകി വരുന്ന ഗസലുകളുടെ ശീലുകൾ അവളുടെ ശ്രദ്ധയെ ആകർഷിച്ചിട്ടുണ്ട്. അവിടെ താമസിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ വളരെയപൂർവ്വമായേ അവൾ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. 'എന്തുകൊണ്ടാണിയാൾ എപ്പോഴും ഗസലുകൾ കേൾക്കുന്നത്? ഇടക്കെപ്പോഴെങ്കിലും കുറച്ച് ബഹളമുള്ള പാട്ടുകൾ കേട്ടുകൂടെ?'. മുൻപ് കാണുമ്പോൾ, അയാൾക്ക് താടിയുണ്ടായിരുന്നോ? അവളോർത്തു നോക്കി. ഇല്ല. വളരെ ഉല്ലാസം നിറഞ്ഞ മുഖമാണയാൾക്ക്. അയാളൊരു വിഹര കാമുകനാവാനുള്ള സാദ്ധ്യയൊട്ടുമില്ല. അയാൾ സമ്പന്നനാണ്. താഴെ പോർച്ചിൽ അയാളുടെ പജേറോ വാഹനം കിടക്കുന്നത് എന്നും കാണാറുണ്ട്.
അവൾ താമസിക്കുന്ന ഫ്ലാറ്റ്, റോസിലിനെന്നു പേരുള്ള, അവളുടെ കുഞ്ഞമ്മയുടേതാണ്. അവർ കുടുംബവുമായി അമേരിക്കയിലേക്ക് പോയത് കുറച്ച് നാളുകൾക്ക് മുൻപാണ്. തന്റെ ചേച്ചിയുടെ മകളായ ജൂലിക്ക് അവിടെ താമസിക്കാൻ കൊടുക്കുന്നതിൽ അവർക്ക് സന്തോഷമേയുണ്ടായിരുന്നുള്ളൂ. അവളുടെ കോളേജിലേക്ക് അവിടെ നിന്നും അധികം ദൂരമില്ല. ഒറ്റയ്ക്ക് താമസിക്കുന്നത് അവൾക്ക് ഇഷ്ടവുമാണ്. അതു കൊണ്ട് അവളുടെ അമ്മ തന്നെയാണ് കുഞ്ഞമ്മയോട് ആ കാര്യം ഉന്നയിച്ചതും. ജൂലി എന്ന പേര് കുട്ടിക്കാലത്ത് അവൾക്കിഷ്ടമായിരുന്നു. മുതിർന്നപ്പോൾ എന്നോ ഒരിക്കൽ അവളുടെ അതേ പേരിൽ ഒരു സിനിമ ഉണ്ടെന്ന് മനസ്സിലാക്കി. ടിവിയിൽ എന്നോ ഒരിക്കലത് കാണുവാനുമിടയായി. അതിനു ശേഷമാവണം, 'സീനിയ' എന്നോ 'സൈറ' എന്നോ ഉള്ള പേരാവും തനിക്ക് ചേരുക എന്നവൾക്ക് തോന്നി തുടങ്ങിയത്. അല്ലെങ്കിൽ തന്നെ കുറച്ച് നീണ്ട മുഖമാണ് തനിക്ക്. 'ജൂലി' എന്ന പേര് ഒട്ടും തന്നെ ചേരില്ല ഈ മുഖത്തിന്. ഓരോ മുഖത്തിനും ഓരോ പേരുണ്ട്. ആ പേരാണ് ആ വ്യക്തിക്ക് ഏറ്റവും നന്നായി ചെയ്യുക. അതു പോലെ ഓരോ പേരിനും ഓരോ മുഖവുമുണ്ട്. രണ്ടും ചേർന്നു വരുന്നവർ ഭാഗ്യവാനോ, ഭാഗ്യവതിയോ ആവും. കുളിക്കാൻ കയറുമ്പോഴെല്ലാം ബാത്ത്‌റൂമിലെ കണ്ണാടിക്കു മുൻപിൽ നിന്ന് 'സീനിയ' എന്നു സ്വന്തം പ്രതിച്ഛായയെ നോക്കി വിളിച്ചു. തലയിണയുടെ അടിയിൽ ഭദ്രമായി സൂക്ഷിക്കുന്ന ഡയറിയുടെ പുറംച്ചട്ടയിൽ, 'സീനിയയുടെ രഹസ്യപുസ്തകം' എന്നെഴുതിയത് പതിയെ വായിച്ചു ആത്മനിർവൃതി കൊണ്ടു. ഇതൊക്കെ അവളുടെ രഹസ്യങ്ങളിൽ ചിലതാണ്.
ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതും, അതിനു പിന്നിലിരുന്ന് യാത്ര ചെയ്യുന്നതും അവൾക്ക് ഭയമുള്ള കാര്യങ്ങളായിരുന്നു. ഒരിക്കൽ ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ ഒരാൾ തന്നെ ബസ്റ്റോപ്പ് മുതൽ ഫ്ലാറ്റ് വരെ പിൻതുടർന്നത് ശ്രദ്ധിച്ചു. തൊട്ടടുത്തുള്ള ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് എത്രയും വേഗം ഒരു ടൂ വീലർ ലൈസൻസ് സമ്പാദിക്കാനുള്ള തീരുമാനമെടുക്കാൻ ആ സംഭവം കാരണമായി. ഭയം തന്നെ ഭയത്തിനെ കീഴടക്കാനൊരു കാരണമാകും എന്നങ്ങനെയാണ് മനസ്സിലാക്കിയത്. എത്ര പെട്ടെന്നാണ് അവൾ കൈനറ്റിക്ക് ഹോണ്ട ഓട്ടിക്കാൻ പഠിച്ചത്!. ഇതു കുറച്ച് കൂടി നേരത്തെ ആകാമായിരുന്നു. അവൾ ലജ്ജിച്ചു, സ്വയം പരിഹസിച്ചു.
മനസ്സുകളെ കുറിച്ചറിയാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം, മറ്റുള്ളവരെ അവരറിയാതെ നീരിക്ഷിക്കുക എന്നതാണ്. അതവൾ മനസ്സിലാക്കിയിരുന്നു. ആരുമറിയാതെ നിരീക്ഷിക്കാൻ സൗകര്യപ്രദമായ ഒരകലം പാലിക്കേണ്ടതുണ്ട്. അതിനു പറ്റിയ ഒരു ഉപകരണം ഒരു ദൂരദർശിനിയാണ്. പഴയ ജൂത തെരുവിൽ ഒന്ന് രണ്ട് കടകളിൽ കയറിയിറങ്ങിയപ്പോൾ അവൾക്ക് അത്തരമൊന്ന് സംഘടിപ്പിക്കാൻ കഴിഞ്ഞു. പച്ച നിറത്തിൽ ക്ലാവ് ആക്രമിച്ചു തുടങ്ങിയ, ചെമ്പു പുറംച്ചട്ടയുള്ള ആ ദൂരദർശിനി അവൾ ഇഷ്ടപ്പെടാനുള്ള കാരണം അതിൽ സൂക്ഷ്മമായി ആലേഖനം ചെയ്ത ചിത്രപ്പണികളാണ്. സൗന്ദര്യമുള്ള എന്തിലും അവൾ അതിവേഗം ആകൃഷ്ടയാകുമായിരുന്നു.
നിരീക്ഷണം തുടങ്ങിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. താൻ മാത്രമല്ല, ഈ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നതെന്ന്. പിന്നീട് നിരീക്ഷിക്കുന്നവരെ നിരീക്ഷിക്കുന്നതായിരുന്നു അവൾ ചെയ്തത്. ഒരു സത്യം അപ്പോൾ വെളിവായി. ഭൂരിപക്ഷം പേരും, മറ്റുള്ളവർക്കു വേണ്ടിയാണ് ജീവിക്കുന്നത്!. തന്നെ മാത്രമാണ് ഈ ലോകം മുഴുവനും നോക്കി കൊണ്ടിരിക്കുന്നത്. തന്റെ ചെറിയ ചലനമോ, നോട്ടമോ, വാക്കോ - എന്തും പിടിച്ചെടുക്കാൻ അന്യർ തക്കം പാർത്തിരിക്കുകയാണ്. ഇതൊക്കെയാണ് ഭൂരിപക്ഷത്തിന്റെ ചിന്തകൾ!. ഈ ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാര് എന്നവരോട് ചോദിച്ചാൽ അവർ ഒരു പക്ഷെ അവരാരാധിക്കുന്ന വ്യക്തിയുടെ പേർ പറഞ്ഞെന്നിരിക്കും. എന്നാൽ സത്യത്തിൽ അവനവൻ തന്നെയാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്ന് അവർ രഹസ്യമായി മനസ്സിലാക്കിയിട്ടുണ്ടാവുകയും ചെയ്യും. ഇങ്ങനെയുള്ള അവളുടെ അറിവുകൾ സൂക്ഷിക്കാൻ അവൾക്ക് ഒരു ചുവന്ന പുറംച്ചട്ടയുള്ള പുസ്തകമുണ്ട്. അതിലവൾ പലപ്പോഴായി ശേഖരിച്ച വിവരങ്ങൾ രേഖപ്പെടുത്തി വെച്ചു. വിധിയിൽ വിശ്വസിക്കുന്നവരേയാണ് അവൾ കൂടുതലും കണ്ടുമുട്ടിയത്. എന്തു കൊണ്ടെന്നറിയില്ല, അവൾക്ക് വിധിയോട് എല്ലാവരും കാണിക്കുന്ന വിധേയത്വത്തോട് വലിയ മതിപ്പുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ അവൾ വിധിയെ വിശ്വസിക്കുകയോ, അതിന്റേതെന്നു പറയപ്പെടുന്ന അദൃശ്യമായ വിരലുകളെ കുറിച്ചറിയാനോ തയ്യാറായില്ല. ഒരു തരം മത്സരമനോഭാവത്തോടു കൂടി അവൾ അതെക്കുറിച്ചുള്ള ചിന്തകൾ, ഉയരുമ്പോഴൊക്കെ നുള്ളിയെറിഞ്ഞു കൊണ്ടിരുന്നു.
ഇനി പറയാൻ പോകുന്ന ഒരു ചെറിയ സംഭവവും അവൾ അവളുടെ ഡയറിയിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ളതാണ്. അതെന്തെങ്കിലും പ്രത്യേകതയുള്ളതോ, അവളുടെ ജീവിതത്തിനെ സ്വാധീനിക്കുവാൻ സാദ്ധ്യതയുള്ളതാണെന്നോ, അല്ലെന്നോ ഇപ്പോൾ പറയുക ബുദ്ധിമുട്ടാണ്.
മഴ പെയ്തു തുടങ്ങുമ്പോൾ, ബാൽക്കണിയിൽ ചെന്നു കൈകൾ നീട്ടി കൈത്തണ്ടയിൽ തണുപ്പ് തുള്ളികളായി വീഴുന്നതും, ടെറസ്സിൽ ചെന്ന് നിന്ന് നനയുന്നതും ഇഷ്ടമുള്ള കാര്യങ്ങളാണെങ്കിൽ കൂടിയും, വൃത്തിയായി വസ്ത്രം ധരിച്ച് പോകുമ്പോൾ മഴ പെയ്യുന്നതും, മഴ നനയുമ്പോൾ, വസ്ത്രങ്ങൾ ശരീരത്തോട് ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോ തീരെ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. കോളേജിൽ നിന്നും വരുമ്പോൾ, ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. വണ്ടി വളഞ്ഞു പുളയുന്നതു പോലെ തോന്നിയതു കൊണ്ടാണ് വഴിയരികിലുള്ള ഒരു വലിയ മരത്തിനു സമീപം അവൾ തന്റെ വാഹനം നിർത്തിയത്. സ്റ്റാൻഡിട്ട് ചുറ്റും ഒന്നു നടന്നു നോക്കിയപ്പോഴാണ്, പിൻഭാഗത്തെ ടയർ പതിഞ്ഞു കിടക്കുന്നത് ശ്രദ്ധിച്ചത്. മഴ കൂടി വരികയും ചെയ്യുന്നു. എവിടെ റെയിൻ കോട്ട്? ആക്ടീവയുടെ മുൻവശത്തായി ഘടിപ്പിച്ചിരിക്കുന്ന പെട്ടിയിലോ, സീറ്റിനടിയിലോ കാണുന്നില്ല. രാവിലെ പുസ്തകം വെയ്ക്കാൻ സ്ഥലം തികയാത്തതു കൊണ്ട് കോട്ട് എടുത്ത് മാറ്റിയത് ഓർമ്മ വന്നു. മഴ ജയിച്ചു. രാവിലെ ഒരു ലക്ഷണവുമില്ലായിരുന്നു. ഇത്രയും കള്ളത്തരങ്ങളുള്ള മഴ ഒരു പക്ഷെ ഈ നാട്ടിൽ മാത്രമെ ഉണ്ടാവൂ. മഴ ഇഷ്ടമായതു കൊണ്ട് കുറ്റപ്പെടുത്താനും തോന്നുന്നില്ല. ഇവിടെ തെറ്റ് തന്റെ ഭാഗത്താണ്. പക്ഷെ ഈ മഴ അടുത്തൊന്നും തോരുന്ന ലക്ഷണമില്ല. കുറച്ച് കൂടി സമയം കഴിഞ്ഞാൽ, ഇരുട്ട് വീഴും. സ്ട്രീറ്റ് ലൈറ്റുകൾ തെളിയുമോ ഇല്ലയോ എന്നു ഉറപ്പിച്ചു പറയാൻ കഴിയില്ല. സെല്ലിൽ വിപിനെ വിളിച്ചു. റിംഗ് ചെയ്യുന്നതല്ലാതെ ആരും എടുക്കുന്നില്ല. ഒരേയൊരു വഴി വണ്ടി ഉരുട്ടി കൊണ്ട് പോവുക എന്നതാണ്. ഏതെങ്കിലും കടയുടെ മുന്നിൽ അവരുടെ അനുവാദത്തോടെ പൂട്ടി വെയ്ക്കാം. അല്ലെങ്കിൽ അപാർട്ട്‌മന്റ് വരെ ഉരുട്ടുക തന്നെ. സമയം കളയാതെ അവൾ വാഹനം ഉരുട്ടി തുടങ്ങി. മഴ കൂടി വന്നത് അതിനും തടസ്സമായി. വഴിയരികിൽ ഒരു പോസ്റ്റിനടുത്ത് സ്റ്റാൻഡിട്ട് വെച്ചു. മരത്തിനടിയിൽ നിൽക്കുമ്പോൾ കുറച്ച് ആശ്വാസമുണ്ട്. കുറച്ച് നേരം കഴിഞ്ഞു ഒരിക്കൽ കൂടി വിപിനെ വിളിച്ചു നോക്കാം. അപ്പോഴും കിട്ടിയില്ലേൽ ലച്ചുവിനെ വിളിക്കാം.
ഒരു പജേറോ ദൂരെ നിന്നും വരുന്നത് ജൂലി ശ്രദ്ധിച്ചു. അതും ഓരം ചേർന്ന്. മാറി നിന്നില്ലെങ്കിൽ ഇളം നീല വരകളുള്ള തന്റെ ഇളം പിങ്കു നിറമുള്ള ചുരിദാറിൽ ചെളിയുടെ തുള്ളികൾ വീഴും. അവൾ മരത്തിനരികിലേക്ക് മാറി നിന്നു. പജേറോ, അവളുടെ സമീപം നിർത്തുകയും, അതിൽ നിന്നും ഒരു യുവാവ് പുറത്തേക്ക് വരികയും ചെയ്തു. മുഖ പരിചയമുണ്ട്. അവൾക്ക് യുവാവാരാണെന്നു മനസ്സിലായി. തന്റെ അയൽക്കാരൻ തന്നെയാണ്. വ്യക്തമായി മുഖമോർക്കുന്നില്ലയെങ്കിലും കണ്ടാൽ തിരിച്ചറിയാൻ ഒരു പ്രയാസവുമുണ്ടായില്ല.
'ഹൊറൈസണിലെ..നൂറ്റിമൂന്നിലെ..അല്ലേ?'
'ങാ..'
'ഞാൻ നൂറ്റിയൊന്നിലെ..നിങ്ങളുടെ നൈബറാണ്'.
'ഉം..കണ്ടിട്ടുണ്ട്..'
'ഈ വണ്ടിയുടെ നമ്പർ കണ്ടിട്ട് നിർത്തിയതാണ്. ബാക്ക് ടയർ ഫ്ലാട്ടാണല്ലോ?'
എന്റെ വണ്ടിയുടെ നമ്പർ ഇയാൾക്കെങ്ങനെ അറിയാം? എനിക്കു പോലും എന്റെ വണ്ടിയുടെ നമ്പർ ശരിക്കറിയില്ല. വിപിനും ഇങ്ങനെ വണ്ടികളുടെ നമ്പറുകളെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. ഈ ആണുങ്ങൾക്കെല്ലാം എന്താ നമ്പറകളോടിത്ര പ്രിയം?. ഇതു രേഖപെടുത്തി വെയ്ക്കേണ്ട വിഷയമാണ്.
'ഒരു കാര്യം ചെയ്യാം. എനിക്ക് പരിചയമുള്ള ഒരു മെക്കാനിക്കുണ്ട്. ഞാൻ വിളിച്ച് പറയാം. പുള്ളി വന്ന് ശരിയാക്കും. ഓക്കേ?'
അവൾ തലകുലുക്കി. എന്നിട്ടാണ് ചിന്തിച്ചു തുടങ്ങിയത്. അതു വേണമായിരുന്നോ? പക്ഷെ ഒരാൾ ഒരു സഹായം തരാൻ ഇങ്ങോട്ട് വരുമ്പോൾ നിരസിക്കുന്നതും ശരിയല്ല.
അപ്പോഴേക്കും മൊബൈയിലിൽ അയാൾ സംസാരിച്ചു തുടങ്ങിയിരുന്നു.
'വണ്ടീൽ കയറി ഇരുന്നോള്ളൂ. വെറുതെ മഴ നനയണ്ട'. അവൾ നടക്കുകയും, അയാൾ വാതിൽ തുറക്കുകയും, അകത്തേക്ക് കയറുമ്പോൾ 'താങ്ക്സ്' എന്നു പറഞ്ഞ് അവളകത്തേക്ക് കയറി ഇരിക്കുകയും ചെയ്തു.
പേരു പോലും അറിയില്ല. വണ്ടീൽ കയറി കൊള്ളൂ എന്നു പറയുമ്പോഴേക്കും കയറി ഇരിക്കുകയും ചെയ്തു. ശ്ശെ അയാളെന്തു വിചാരിച്ചിരിക്കും?. മഴ നനയേണ്ടല്ലോ എന്നൊരൊറ്റ വിചാരമാണ് ഇതിനൊക്കെ കാരണം. ഇനിയിപ്പോൾ ഉടൻ ചാടി ഇറങ്ങാനും പറ്റില്ല. എങ്കിൽ അയാളെന്തു വിചാരിക്കും? മറ്റുള്ളവർ എന്തു വിചാരിക്കും എന്നു വിചാരിച്ച് ജീവിക്കുന്നവരാണ് ചുറ്റും എന്നോർത്ത് ചിരിക്കുകയും, രഹസ്യ പുസ്തകത്തിലെഴുതി വെയ്ക്കുകയും ചെയ്ത ആളാണ്. എന്നിട്ടിപ്പോൾ ആ ഞാനിപ്പോൾ..
ഡോർ അടയുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ മുൻവശത്തെ ഡ്രൈവിംഗ് സീറ്റിൽ അയാൾ ഇരുന്നു കഴിഞ്ഞിരുന്നു. മുഖത്ത് വീണ മഴത്തുള്ളികളെ കർച്ചീഫ് കൊണ്ട് തുടച്ചു മാറ്റുകയാണ്. ഇതിനകത്ത് ഒരു പ്രത്യേക ഗന്ധം നിറഞ്ഞു നിൽപ്പുണ്ട്. നല്ല സുഗന്ധമാണ്. ഗസലുകളുടെ സിഡി കവറുകൾ.. ഇയാൾ വണ്ടി ഓടിക്കുമ്പോഴും ഇതേ കേൾക്കുകയുള്ളൂ?. ജൂലി അയാളുടെ മുഖം അപ്പോഴാണ് ശരിക്കും കാണുന്നത്. ശ്രദ്ധിച്ച് തുടങ്ങിയത്. അയാൾക്ക് താടി ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ കഴിയില്ല. നനുത്ത രോമങ്ങൾ ആ കവിളിൽ കാണാം. അവൾ ഉടൻ കണ്ണുകൾ പിൻവലിച്ചു.
'എന്റെ പേര് എബ്രഹാം'.
സ്വാഭാവികമായും ഞാൻ എന്റെ പേര് പറയുമെന്ന് ഇയാൾ പ്രതീക്ഷിക്കുന്നുണ്ടാവും.
'ഞാൻ..ജൂലി'.
'എന്റെ പേര് സീനിയ' എന്നു പറഞ്ഞു പോയേക്കുമോ എന്നവൾ ഒരു നിമിഷം ഭയപ്പെട്ടു പോയിരുന്നു.
എബ്രഹാം ഒരു പ്രൈവറ്റ് കമ്പനിയിൽ ആർക്കിടെക്റ്റ് ആണ്. അവിവാഹിതൻ. നാട് ആലപ്പുഴയിൽ.. സ്വയം പരിചയപ്പെടുത്തിയതിനു ശേഷം അയാൾ മൗനം പാലിച്ചു. അവൾ സ്വയം പരിചയപ്പെടുത്താൻ തുനിയുമ്പോഴേക്കും,
'പുള്ളി വന്നു' എന്നും പറഞ്ഞ് അയാൾ പുറത്തേക്കിറങ്ങി. ഇറങ്ങുന്നതിനിടയിൽ അകത്തേക്ക് തലയിട്ട് എബ്രഹാം ഇങ്ങനെ പറഞ്ഞു,
'അകത്തിരുന്നോള്ളൂ. മഴയുണ്ട്. ഞാൻ ഡ്രോപ് ചെയ്യാം'.
വാതിൽ തുറന്നിറങ്ങണോ വേണ്ടയോ?. തീരുമാനമെടുക്കാൻ കഴിയുന്നില്ല.
സഹായിക്കാം എന്നു പറഞ്ഞ് മുന്നോട്ട് വന്നയാളാണ്. ഇത്രയും നേരം മഴ നനയാതെ അയാളുടെ വണ്ടിക്കുള്ളിൽ ഇരിക്കുകയും ചെയ്തു. ഇനി പെട്ടെന്നിറങ്ങി പോയാൽ, ഇയാളെ വിശ്വാസമേ ഇല്ലായിരുന്നു എന്നു പറയുന്നതിനു തുല്യമാവില്ലേ?. വണ്ടിക്കുള്ളിൽ കയറിയതാണാദ്യത്തെയബദ്ധം.
മെക്കാനിക്കിനോട് എന്തോ പറഞ്ഞ ശേഷം അയാൾ ഉടൻ വന്നു വണ്ടിയിൽ കയറിയിരുന്നു.
വാഹനത്തിനു നേരിയ ഒരു വിറയൽ. ജീവൻ വെച്ച് മുന്നോട്ട് പതുക്കെ നീങ്ങി തുടങ്ങിയപ്പോൾ, മനസ്സൊന്നു പിടഞ്ഞോന്ന് സംശയം.
'സന്ധ്യയായില്ലേ.. ഇതിൽ പോകാം. വണ്ടി റോബേർട്ട് ശരിയാക്കി കൊണ്ടു വരും'
'ഞാനിറങ്ങി കൊള്ളാം. കുറച്ച് ദൂരമല്ലെയുള്ളൂ?'
അങ്ങനെ പറയണമെന്നുണ്ടായിരുന്നു. പക്ഷെ..പറഞ്ഞില്ല. ഇയാൾ എന്തു വിചാരിക്കും?
ഞാനെന്തിനു ഇയാളെന്തു വിചാരിക്കുമെന്നു വിചാരിച്ച് വിഷമിക്കണം? കുറച്ച് മുൻപ് മാത്രം പരിചയപ്പെട്ടതല്ലെയുള്ളൂ? പിന്നെ എനിക്ക് ആളെ തീരെ പരിചയമില്ലെന്നു പറഞ്ഞു കൂടാ. കണ്ടിട്ടുണ്ട്, രണ്ടോ, മൂന്നോ വട്ടം. എന്നും ഇയാളുടെ ഫ്ലാറ്റ് നു മുന്നിൽ കൂടിയാണ് നടന്നു പോകുന്നത്. പതിഞ്ഞ ശബ്ദത്തിൽ അവിടെ നിന്നും ഉയരുന്ന ഗസലിന്റെ ശീലുകൾ കേട്ടിട്ടുണ്ട്. മിക്ക ദിവസങ്ങളിലും, ഈ വാഹനം പോർച്ചിൽ കിടക്കുന്നത് കണ്ടിട്ടുണ്ട്. ശ്ശെ, വർഗ്ഗീസിനോട് പലരേയും കുറിച്ച് പലതും ചോദിക്കണമെന്ന് പലവട്ടം വിചാരിച്ചതാണ്.
അവൾ കാറിനുള്ളിൽ സാവധാനം കണ്ണോടിച്ചു.
ഗ്ലാസ്സ് ഉയർത്തിരിക്കുകയാണ്. കൂളിംഗ് അല്ല. എസി ഓൺ ചെയ്തിരിക്കുകയാണ്. നല്ല വൃത്തിയുണ്ടെന്നു തന്നെ പറയാം.
'ഗസലുകൾ ഇഷ്ടമാണോ?'
'ങെ..?' അവൾ ആ ചോദ്യം, ചിന്തകളുടെ ആധിക്യം കാരണം കേട്ടില്ല.
'ഗസൽ..ഡു യൂ ലൈക് ഗസൽസ്?'
'..കേൾക്കാറുണ്ട്..വല്ലപ്പോഴും..'
'പഠിക്കയാണല്ലേ? സമയം കിട്ടുന്നുണ്ടാവില്ല അല്ലേ?'
അവൾ മറുപടി പറയാതെ ചിരിച്ചു.
പഠിക്കുകയാണെന്ന് എങ്ങനെ അറിഞ്ഞു? ഉടൻ ആ ചിന്ത പൊങ്ങി വന്നു.
ഇനി എന്നെ കുറിച്ച് വർഗ്ഗീസിനോട് ചോദിച്ചിട്ടുണ്ടാവുമോ?.
ഇയാൾ മാന്യനാണ്. ഇതു വരെ..
മോശമായി ഒരു നോട്ടമോ, ചലനമോ, വാക്കോ..ഞാൻ വെറുതെ..
ഹോറൈസൺ നു മുന്നിലെത്തും മുൻപെ രണ്ടു വട്ടം ഹോണടിച്ചു.
എത്തുമ്പോഴേക്കും വർഗ്ഗീസ് ഗേറ്റ് തുറന്നു കഴിഞ്ഞിരുന്നു.
'ജൂലിയുടെ ആക്റ്റീവാ പഞ്ചറായി. റിപയറു കഴിഞ്ഞു ഇപ്പോൾ കൊണ്ടു വരും.' വർഗ്ഗീസിനോട് പറഞ്ഞ ശേഷം വാഹനം പോർച്ചിലേക്ക് ഓടിച്ചു പോയി.
വണ്ടിയിൽ നിന്നിറങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്, തോളിൽ ചെറിയ നനവ്. മഴയുടെ ബാക്കി പത്രം. മുറിയിൽ ചെന്നയുടൻ ഒരു ചൂട് ചായ ഉണ്ടാക്കി കുടിക്കണം.
പടികൾ കയറി 101 നു അടുത്തെത്തിയപ്പോൾ എബ്രഹാം ജൂലിയുടെ നേരെ നോക്കി ചോദിച്ചു,
'മഴയൊക്കെ നനഞ്ഞ്, വണ്ടി തള്ളി ക്ഷീണിച്ചതല്ലേ? ഒരു ചായ കുടിച്ചിട്ടു പോകാം'
ഇയാളിങ്ങനെ ക്ഷണിച്ചു കൊണ്ടിരുന്നാലെങ്ങനെ?.
ഒരു ചൂട് ചായയാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. അപാർട്ട്‌മന്റിൽ എത്തിയിരിക്കുന്നു.. ഇനിയെന്തിനു പേടിക്കണം?. പേടിയുടെ അവസാനത്തെ അംശവും മാഞ്ഞു പോയിരിക്കുന്നു. ഇന്നിയാളെ കുറിച്ച് പഠിക്കാം.
മര്യാദയുടെ പേരിനു വേണ്ട എന്നു പറഞ്ഞു നോക്കിയാലോ..?
'ലേറ്റ് ആയില്ലേ?'
'എന്തു ലേറ്റ്? ആറു മണി പോലും ആയില്ല. കം ഇൻ'
അപ്പോഴേക്കും വാതിൽ തുറന്നു കഴിഞ്ഞിരുന്നു.
ബൾബുകൾ തെളിഞ്ഞു, ട്യൂബ് ലൈറ്റുകൾ പിടഞ്ഞുണർന്നു.
'ഓ!' അത്ഭുതം നിറഞ്ഞ അങ്ങനെയൊരു ശബ്ദം ഉള്ളിൽ നിന്നും വന്നെങ്കിലും, പുറത്തേക്ക് പോകാനനുവദിച്ചില്ല.
ഇളം ചാരനിറത്തിൽ ഒരു സോഫാ സെറ്റ്.
മുറിയുടെ ഒരു വശത്തായി മ്യൂസിക് സിസ്റ്റം.
നേർത്ത ജനാല വിരികൾ.
ദീർഘവൃത്താകൃതിയിലുള്ള ഡൈനിംഗ് ടേബിൾ.
വലിപ്പുകളുള്ള മേശയുടെ മുകളിൽ കമ്പ്യൂട്ടർ സിസ്റ്റം.
ഐവറി നിറത്തിലുള്ള ടൈൽസിൽ പൊടിയുടെ കണിക പോലുമില്ല.
'വൃത്തിയുടെ രാജകുമാരി' എന്നു ലച്ചു വിളിക്കുന്ന എന്റെ മുറിക്ക് പോലും ഇത്രയും വൃത്തിയില്ല.
'ഇരിക്ക്..ഞാൻ ടീ ഇപ്പോൾ റെഡിയാക്കാം'. അയാൾ കിച്ചനിലേക്ക് പോയി.
കിച്ചനിൽ വെളിച്ചം വീഴുമ്പോൾ, അവൾ മുറി മുഴുവനും സൂക്ഷമമായി നിരീക്ഷിക്കാനാരംഭിച്ചു കഴിഞ്ഞിരുന്നു.
ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നിട്ടാൽ, നിലാവ് ഉള്ളിലേക്കൊഴുകും.
ഈ പതു പതുത്ത സോഫയിൽ കിടന്നാവും അയാൾ നേർത്ത ശബ്ദത്തിലുള്ള ഗസലുകൾ ശ്രവിക്കുക. മനസ്സ് ഒരു പക്ഷിത്തൂവൽ പോലെ ആയി പോകും.
ചുമരിൽ ചില എണ്ണഛായ ചിത്രങ്ങൾ. ചുമരിനോട് ചേർന്ന് ഒരു ചെറിയ ഷെൽഫുണ്ട്. അവൾ എഴുന്നേറ്റ് ചെന്ന് നോക്കി. കുറെ ഫോട്ടോ അൽബമുകൾ അടുക്കി വെച്ചിരിക്കുന്നു. പുസ്തകങ്ങൾ, സിഡികൾ.. പുസ്തകങ്ങൾ പലതും ആർക്കിടെക്ച്ചറിനെ കുറിച്ചാണ്. പലതരം കെട്ടിടങ്ങളെ കുറിച്ചും, ഇന്റീരിയർ ഡിസൈനുകളെ കുറിച്ചും. ഇടയിൽ, കേരള ടെംബിൾ ആർക്കിടെക്ച്ചറിനെ കുറിച്ചും, വിദേശത്ത് നിന്നും വരുത്തിയ ചില പുസ്തകങ്ങളും കണ്ടു.
അവൾ ഒരെണ്ണമെടുത്ത് മറിച്ചു നോക്കിയിട്ട് തിരികെ വെച്ചു. താത്പര്യമില്ലാത്ത വിഷയമാണ്.
'ടീ റെഡി' ഉത്സാഹത്തോടെയുള്ള ശബ്ദം പിന്നിലുയർന്നു.
മുൻവശത്തെ ടീപോയിൽ അയാൾ രണ്ടു കപ്പുകൾ വെച്ച ട്രേ കൊണ്ടു വെച്ചു.
'ചൂട് കൂടുതലുണ്ട്' ഒരു മുൻകരുതലിനെന്ന പോലെ പറഞ്ഞു കൊണ്ട് ഒരു കപ്പെടുത്ത് ജൂലിയുടെ നേർക്ക് നീട്ടി.
'എത്ര നാളായി ഇവിടെ താമസം തുടങ്ങിയിട്ട്?' ആത്മാർത്ഥത നിറഞ്ഞ ചോദ്യം.
....
'ന്യൂറോളജി പഠിക്കുന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്!' അത്ഭുതം നിറഞ്ഞ അഭിപ്രായം.
....
'രാത്രി വണ്ടിയോടിച്ചു വരുന്നത് അത്ര സേഫല്ല..പേടി തോന്നില്ലേ..ഒറ്റയ്ക്ക് വരുമ്പോൾ..?'
'ഏയ്.. എന്തിനു പേടിക്കണം? ഞാൻ ഒറ്റയ്ക്ക് സിനിമയ്ക്കൊക്കെ പോയിട്ട് വരാറുണ്ട്'.
കുറച്ച് വേഗത്തിലായി പോയി പറഞ്ഞത്. ആവേശം കൂടിയതിന്റെ കുഴപ്പമാണ്. 'ധൈര്യമില്ലാത്തവൾ' എന്നാർക്കും ഒരു വിധത്തിലുമുള്ള തോന്നൽ ഉണ്ടാവാനിട കൊടുക്കരുത്. എനിക്കത് തീരെ ഇഷ്ടമല്ല.
അയാൾ പെട്ടെന്ന് നിശ്ശബ്ദനായി.
ഒരു നിമിഷത്തിനു ശേഷം, അവളുടെ കണ്ണുകളിൽ തന്നെ നോക്കി കൊണ്ട് സാവധാനം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
'ചെറിയ മയക്കം തോന്നുന്നുണ്ടോ?..ഞാൻ ചായയിൽ ഒരു പൊടി കലക്കിയിട്ടുണ്ട്..അടുത്ത മുറിയിൽ...ഒരു ക്യാമറയുണ്ട്..എന്റെ ബെഡ് റൂമിൽ..'
ആ ശബ്ദത്തിനു തന്നെ ഒരു തണുപ്പുണ്ടെന്നവൾക്ക് തോന്നി. അവൾ ഒരു നിമിഷം ചായ കുടിക്കുന്നത് നിർത്തി അയാളെ നോക്കി. ചായക്കപ്പ് അയാൾക്ക് നേരെ വലിച്ചെറിഞ്ഞ്, മിന്നൽ വേഗത്തിൽ വാതിലിലൂടെ പുറത്തേക്ക് നിലവിളിച്ചു കൊണ്ട് ഓടി പോകണം. പക്ഷെ കാലുകൾ അനങ്ങുന്നില്ല, തൊണ്ട വരണ്ടു പോയിരിക്കുന്നു. ചെറിയ തലകറക്കം തോന്നുന്നുണ്ടോ..?
മുഖം വെളുത്ത കടലാസ് പോലെ ആയിട്ടുണ്ടാവും.
ശ്വാസത്തിനു വേഗത കുറയുന്നോ, കൂടുന്നോ?
അയാൾ തന്റെ കപ്പ് ട്രേയിൽ വെച്ചിട്ട്, വാ പൊത്തി ഇരിക്കുകയാണ്. അയാളുടെ കണ്ണുകൾ ഇടുങ്ങി വരുന്നു.
അയാൾ ചിരിച്ചു തുടങ്ങി.
അയാളുടെ ചിരി..അത് വെറുതെ ചിരിയല്ല, പുഞ്ചിരിയല്ല, വിടന്റേയോ, വില്ലന്റേയോ ചിരിയല്ല. അയാൾ പൊട്ടിച്ചിരിക്കുകയാണ്. കുട്ടികളെ പോലെ..വയറമർത്തി പിടിച്ച്..സോഫയിൽ നിന്ന് താഴെ വീണു പോകുമെന്ന് തോന്നിപ്പിക്കും വിധം.
ഇതിലെന്താണിത്ര ചിരിക്കാനുള്ളത്?
'ദാ, ആ കണ്ണാടിയിൽ പോയിൽ നോക്ക്..'
വാഷ്ബേസിനു മുകളിലായി ഉറപ്പിച്ചിരിക്കുന്ന മുഖകണ്ണാടി നോക്കിയാണ് അയാൾ പറഞ്ഞത്.
എന്തു കാണാനാണ്?
ചോദിക്കാത്ത ആ ചോദ്യം കേട്ട പോലെ, അയാൾ പറഞ്ഞു,
'നല്ല ധൈര്യമുള്ള ഒരാളുടെ മുഖം അവിടെ കാണാം!' അതു പറഞ്ഞ് അയാൾ ചിരി തുടർന്നു.
അപ്പോൾ..എന്നെ കളിപ്പിക്കുകയായിരുന്നോ? കളിയാക്കുകയായിരുന്നോ?
'പൊടി..' വിളറിയ മുഖത്തോടെ അവൾ അത്രയും പറഞ്ഞൊപ്പിച്ചു.
'പാൽപൊടിയിട്ട ചായ കുടിച്ചിട്ടില്ലേ?' അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
അവളുടെ വിളർച്ചയോ, വിറയോ മാറിയിരുന്നില്ല.
ആകെ നാണക്കേടായി പോയി. ചമ്മി പോയി. ഇത്രയും ആവേശം കാണിക്കാൻ പാടില്ലായിരുന്നു. അവൾ കുനിഞ്ഞു മുഖം ഒളിപ്പിക്കാൻ ഒരു ശ്രമം നടത്തി.
'അതു പോട്ടെ, ഈ ന്യൂറോളജി എടുക്കാനെന്താ കാരണം?'
ചോദ്യം കേട്ട് ശൂന്യമായ കണ്ണുകളോടെ അയാളെ തന്നെയവൾ നോക്കിയിരുന്നു. ചിന്തകളുടെ പിടിവലികളിൽ ആ ചോദ്യം അവൾ വ്യക്തമായി കേട്ടതേയില്ല.
എബ്രഹാം സത്യം പറഞ്ഞതാണോയെന്നറിയാനൊരു മാർഗ്ഗവുമില്ല. അതിനുത്തരം സമയം തരും. ഇയാളുടെ ചോദ്യം എന്റെ ശ്രദ്ധയെ വഴിതെറ്റിക്കാനല്ലയെന്നുറപ്പിക്കാൻ സമയമായിട്ടില്ല. കുറച്ച് നേരം കൂടി കാത്തിരിക്കണം. കാഴ്ച്ചയ്ക്ക് മങ്ങലുണ്ടെന്നു തോന്നിയാൽ, ആ നിമിഷം കൂവി വിളിക്കണം. അൽപ്പം മുൻപ് മാത്രം പരിചയപ്പെട്ട അയൽക്കാരനെ അവിശ്വസിക്കുന്നതിലൊരു തെറ്റുമില്ല. ഈ ചായ..ഇനി കുടിക്കുന്നതു പോലെ അഭിനയിക്കുകയേ ഉള്ളൂ.
അവൾ ചായ കുടിക്കുന്നത് നിർത്തി. സംസാരത്തിൽ ശ്രദ്ധിച്ചാൽ, കൺപോളകൾക്ക് ഭാരമുണ്ടാവുന്നത് അറിയാൻ വൈകി പോയെന്നിരിക്കും. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് അവസാനിക്കാനുള്ള ജീവിതമല്ല എന്റേത്. ഏറിയാൽ അഞ്ച് മിനിട്ട്. അതിലപ്പുറം ഇവിടിരിക്കാൻ പാടില്ല. അസൈൻമന്റുണ്ടെന്നോ, പരീക്ഷയ്ക്ക് പഠിക്കാനുണ്ടെന്നോ..
എന്തായിരുന്നു ചോദ്യം? കുറച്ച് മുൻപ് മാത്രം കേട്ട ആ ശബ്ദം അവൾ മനസ്സിൽ തിരഞ്ഞു. കണ്ടു പിടിച്ചു.
'ന്യൂറോളജി..'
മറുപടി പറയുമ്പോഴെല്ലാം, അവൾ ചിന്തകളിലേക്ക് തെന്നി വീണു കൊണ്ടിരുന്നു. കേട്ട കഥകളിലേക്ക്, വായിച്ച പത്ര വാർത്തകളിലേക്ക്..ചായയിലേക്ക്..പൊടിയിലേക്ക്..ചൂണ്ടി കാണിച്ച ബെഡ് റൂമിനുള്ളിലെവിടെയോ വെച്ചിരിക്കുന്ന ക്യാമറയേ കുറിച്ച്..
അയാൾ സ്വാഭാവിക ശബ്ദത്തിൽ സംസാരിച്ചു കൊണ്ടേയിരുന്നു.
തന്റെ അറിവുകൾ ഉപയോഗപ്പെടുത്തിയ, നഗരത്തിലെ പുതിയ ബഹു നില കെട്ടിടങ്ങളെ കുറിച്ച്..
പജേറോ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ..
ഇയാൾ സംസാരിക്കാൻ ആളെ നോക്കി, ദാഹിച്ച്, മോഹിച്ച് ഇരിക്കുവായിരുന്നോ? ഒരു പക്ഷെ ഇത്ര നാളും സംസാരിക്കാതെ കൊണ്ടു നടന്നതു മുഴുവനും എന്നോട് സംസാരിച്ച് തീർക്കുകയാവും. പക്ഷെ ഇയാൾ സാവധാനമാണ് സംസാരിക്കുന്നത്..സംസാരത്തിനു ഒരു ആകർഷണീയതയുണ്ട്..ശബ്ദം കേൾക്കാൻ ഒരു സുഖമുണ്ട്.
ചുണ്ടു നനയ്ക്കണം - അവൾ കപ്പ് ചുണ്ടിലേക്കടുപ്പിച്ചു. പാട കെട്ടിയിരിക്കുന്നു. ചായ തണുത്തു പോയത് അപ്പോഴാണറിയുന്നത്. തണുത്ത ചായ കുടിക്കുന്നത് ഒട്ടും തന്നെയിഷ്ടമുള്ള കാര്യമല്ല, അവൾ കപ്പ് ട്രേയിലേക്ക് വെച്ചു.
'താൻ ചായ കുടിച്ചില്ല അല്ലേ?!' അയാൾ അത്ഭുതത്തോടെ ചായക്കപ്പിലേക്ക് തന്നെ നോക്കിയിരുന്നു.
എന്നിട്ട് ഒരു പശ്ചാത്താപബോധത്തോടെ പറഞ്ഞു,
'സോറി.. ഞാൻ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാണ്..വേണമെങ്കിൽ ഒരു ചായ ഇപ്പോഴുണ്ടാക്കാം.'
'ഓ..വേണമെന്നില്ല..അല്ലെങ്കിലും ഞാൻ ചായ അധികം കുടിക്കാറില്ല'. പച്ചക്കള്ളമാണ് എങ്കിലും ജാള്യത മറയ്ക്കാൻ അതുപകരിക്കും.
'ഇപ്പോഴും പേടിയാണേൽ..താൻ വേണെൽ സ്വന്തമായി ചായ ഇട്ടോള്ളൂ!'
അതു കേട്ട് അവൾ ചിരിച്ചു പോയി.
അവളുടെ ചിരി തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്ന അയാൾ പെട്ടെന്ന് പറഞ്ഞു,
'തന്നെ കാണുമ്പോൾ ഒരു പൂവിനേയാണോർമ്മ വരിക...പ്രത്യേകിച്ചും പിങ്ക് നിറമുള്ള ഈ ഡ്രസ്സിൽ..എന്താണതിന്റെ പേര്..?'
ഒരു നിമിഷം കണ്ണുകളിറുക്കിയടച്ച് അയാൾ താഴെക്ക് നോക്കിയിരുന്നു.
അടുത്ത നിമിഷം തലയുയർത്തി ആവേശപൂർവ്വം പറഞ്ഞു,
'ങാ..സീനിയ! സീനിയ പൂവിനെ പോലെയാണ്. ഇയാൾ സീനിയ പൂക്കളെ കണ്ടിട്ടുണ്ടോ?'
അവളുടെ കാലുകൾ തറയിൽ ഉറച്ചു പോയിരുന്നു.
അയാളുടെ ചുണ്ടിൽ തന്നെ ദൃഷ്ടി പതിപ്പിച്ച് അവളിരുന്നു.
മനസ്സ് വായിക്കാനുള്ള കഴിവുകളിൽ ഞാൻ വിശ്വസിക്കുന്നില്ല. മുജ്ജന്മങ്ങളിലും വിശ്വസിക്കുന്നില്ല. പക്ഷെ എന്റെ പേര്..ഞാനിഷ്ടപ്പെടുന്ന എന്റെ പേര്..എന്റെ ഡയറിയിൽ ഞാനെഴുതി വെച്ച പേര്..
'താൻ', 'ഇയാൾ' എന്നൊക്കെ എത്ര സ്വാതന്ത്ര്യത്തോടെയാണ് വിളിക്കുന്നത്. കുറച്ച് മുൻപ് സംശയവും, പേടിയും മാത്രമായിരുന്നു..ഇപ്പോൾ അതെല്ലാം എവിടെ പോയെന്നു കൂടി അറിയില്ല. അതു മാത്രമല്ല, ഈ ബന്ധത്തിനു മണിക്കൂറുകളുടെ ദൈർഘ്യം മാത്രമെ ഇതുവരെ ഉള്ളൂ എന്ന കാര്യവും വിസ്മരിച്ചു പോയിരിക്കുന്നു. ഇപ്പോൾ എനിക്ക് ഇയാളോട് തോന്നുന്ന വികാരമെന്തെന്നും, ഇയാളെ കുറിച്ചുള്ള അഭിപ്രായമെന്തെന്നും വ്യക്തമല്ല.
അയാൾ സംസാരം നിർത്തിയിരുന്നില്ല.
'എന്നെ കണ്ടാൽ, എബ്രഹാമെന്ന പേര് ചേരുമോ?..
പതിയെ തന്റെ ചെറിയ താടി തടവി കൊണ്ട് ഉത്സാഹത്തോടു കൂടി അയാൾ ചോദിച്ചു.
'എനിക്കിഷ്ടം സാമുവൽ എന്ന പേരാണ്'. അയാൾ തുടർന്നു.
ഇല്ല, ഇതു ഞാൻ വിശ്വസിക്കില്ല. എന്റെ ചിന്തകളുടെ പകർപ്പാണിത്. എന്റേതു മാത്രമായ ചിന്തകളെന്നു ഞാൻ വിശ്വസിച്ചിരുന്ന ചിന്തകൾ. അതേങ്ങനെ ഇയാൾ മനസ്സിലാക്കി ?. എനിക്കിയാളോട് ഇഷ്ടം തോന്നി തുടങ്ങിയിരിക്കുന്നു എന്നു മാത്രമല്ല അതു ഒരോ നിമിഷവും കൂടി കൂടി വരികയും ചെയ്യുന്നു. ഒരു പക്ഷെ ഞാൻ വിശ്വസിക്കാത്ത വിധി എന്നെ കൊണ്ടു തന്നെ തിരുത്തി പറയിപ്പിക്കാൻ ശ്രമിക്കുകയാവാം.
ഇഷ്ടങ്ങൾ..അതിലൊക്കെ സാമ്യം വരിക യാദൃശ്ചികം മാത്രമാണ്. എന്നാൽ ചിന്തകൾ.. അതും എന്റേതു മാത്രമെന്നു കരുതിയ രഹസ്യ ചിന്തകൾ..അതൊരിക്കലും ഒന്നാവുകയില്ല. അവളുടെ മനസ്സ് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് പിന്നാലെ പാഞ്ഞു.
കുറച്ച് നേരം കൂടി അവൾ ആ മുറിയിലുണ്ടായിരുന്നു. സമയം താമസിക്കുന്നു എന്നു തോന്നിയിട്ടാവാം അവൾ യാത്ര പറഞ്ഞിറങ്ങി.
മുറിയിലേക്ക് കയറി കുറച്ച് നേരം കഴിഞ്ഞ ശേഷമാണ് ജൂലി, താൻ തന്റെ അപാർട്ട്‌മന്റിൽ എത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കിയത്. ബാഗ് തുറന്ന് താക്കോലെടുതത്തെപ്പോഴാണ്? എപ്പോഴാണ് വാതിൽ തുറന്നത്? എല്ലാം യാന്ത്രികമായി ചെയ്തു കഴിഞ്ഞിരിക്കുന്നു. അവൾ സോഫയിലേക്ക് ചെന്നു സ്വയം വീണു. കുറച്ച് മുൻപ് വരെ മറ്റൊരു ലോകത്തായിരുന്നുവെന്നും, എന്നാൽ അതൊന്നും തന്നെ സ്വപ്നമായിരുന്നില്ലെന്നും അവൾ ഓർത്തു. ഇതു വരെ ഒരാളോടും, വിപിനോട് പോലും തോന്നാത്ത ഒരു തരം ബന്ധം വെറും ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് മുൻപു മാത്രം പരിചയപ്പെട്ട അയാളോട്, എബ്രഹാമിനോട്, അല്ല സാമുവലിനോട് തോന്നി തുടങ്ങിയിരിക്കുന്നു. 'വിപിനു തന്നോട് പ്രേമമാണെന്നു തോന്നുന്നു..'. ലച്ചു പറഞ്ഞതവളോർത്തു. അതു തോന്നലല്ല എന്നു എനിക്ക് നല്ല നിശ്ചയമുണ്ട്. വിപിനു തന്നോട് പ്രേമം തന്നെയാണ്. എന്നോട് സംസാരിക്കുമ്പോൾ മാത്രം അവന്റെ ശബ്ദം ഇടറുന്നതും, വാക്കുകൾ കിട്ടാതെ കഷ്ടപ്പെടുന്നതും ഞാൻ എത്രവട്ടം ശ്രദ്ധിച്ചിരിക്കുന്നു. എന്നാൽ എനിക്കവനോട് ഒരു സുഹൃത്ത് എന്നതിൽ കവിഞ്ഞ ഒരു ബന്ധവും സ്ഥാപിക്കാൻ തോന്നിയിട്ടില്ല. മറിച്ച് ഒരു തോന്നൽ പോലും അവന് ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു വാക്കോ, നോട്ടമോ എന്തിന്? ഒരു ശബ്ദം കൊണ്ടു പോലും തന്നോട് പ്രണയത്തിന്റെ ഒരു ഭാവവും പ്രകടിപ്പിക്കാത്ത ഒരാളോട്..
അവൾ സോഫയിൽ തന്നെ കിടന്നു. നാളെ ശനിയാഴ്ച്ചയാണ്..ചിന്തിക്കാൻ ഒരുപാട് സമയമുള്ള ദിവസം. ഇന്ന് രാത്രിയിൽ ഡയറിയിൽ കുറച്ച്, കുറച്ചധികം എഴുതാനുണ്ട്..
കണ്ടുമുട്ടലുകൾ ഉണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചെങ്കിലും, അവൾക്ക് അയാളെ കാണുവാനോ, സംസാരിക്കുവാനോ കഴിഞ്ഞില്ല. ഒരാഴ്ച്ച കഴിഞ്ഞു പോയിരിക്കുന്നുയിപ്പോൾ. ഓരോ ദിവസവും കാണുവാൻ കഴിയുമെന്ന പ്രതീക്ഷയുമായി അവളിരുന്നു. കാണാൻ കഴിഞ്ഞില്ലെങ്കിലും. മധുരമുള്ള ഒരു നൊമ്പരമാണ് അത് തനിക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത് എന്നവളറിഞ്ഞു. വിധിയിൽ വിശ്വസിച്ചു തുടങ്ങിയതു കൊണ്ട് വിധിയിപ്പോൾ തന്നെ കളിപ്പിക്കുകയാണ്. എന്റെ മൗന നൊമ്പരങ്ങൾ കണ്ട് ആനന്ദിക്കുകയാവും. അവൾക്ക് വിധിയോട് മസ്തരിക്കണമോ അതോ അതിൽ വിശ്വസിക്കണമോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിച്ചേരാൻ സാധിച്ചില്ല.
അയാൾ താൻ വന്നതിനു ശേഷം വൈകി വരികയും താൻ പകൽ പുറപ്പെടുന്നതിനു മുൻപ് പുറത്തേക്ക് പോവുകയുമാണ് ചെയ്യുന്നതെന്നതെന്നവൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഡയറിയിലെ താളുകളിൽ അവളുടെ അക്ഷരങ്ങൾ വന്നു വീണു കൊണ്ടിരുന്നു. ആദ്യമായി കണ്ടുമുട്ടാൻ ഇത്രയും താമസിച്ചില്ലേ? ഇനി അടുത്ത കണ്ടുമുട്ടലിനുള്ള സമയവും എവിടെയോ ആരോ തീരുമാനിച്ചിട്ടുണ്ടാവും. അതിലേക്കുള്ള ദൂരം എത്രയെന്നറിയാൻ കഴിയുന്നില്ല. അതു സംഭവിക്കുമ്പോൾ മാത്രമെ അതു സംഭവിച്ചു കഴിഞ്ഞു എന്നറിയാൻ കഴിയുകയുള്ളൂ. അവൾ എഴുതി വെച്ചു.
ശനിയാഴ്ച്ച ലച്ചുവിന്റെ വീട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ്, പോർച്ചിൽ പജേറൊ കിടക്കുന്നത് കണ്ടത്. ആ വാഹനം കാണുന്നത് തന്നെ മനസ്സിൽ സന്തോഷം ഉണ്ടാക്കുന്നു. വഴിയിൽ കൂടി വണ്ടിയോടിച്ചു പോകുമ്പോൾ ഇപ്പോൾ ഈ വാഹനം തിരഞ്ഞു തുടങ്ങിയിരിക്കുന്നു.
അവൾ ആക്ടീവ സ്റ്റാന്റിട്ട് വെച്ച ശേഷം പടികൾ കയറുമ്പോൾ, തനിക്കു മുന്നിലായി അയാൾ പടികൾ കയറി പോവുന്നത് കണ്ടു.
ജൂലിയുടെ നേരെ തിരിഞ്ഞ്, അയാൾ ഒരു ചിരിയോടെ ചോദിച്ചു,
'ങാ, താനെവിടെ പോയെന്നിപ്പോൾ വർഗ്ഗീസിനോടന്വേക്ഷിച്ചതേയുള്ളൂ.'.
ജൂലി ചിരി കൊണ്ട് മാത്രം അതിനു മറുപടി കൊടുത്തു.
'അകത്തേക്കു വരൂ, ഒരു കാര്യം പറയാനുണ്ട്'.
അതും പറഞ്ഞു അയാൾ വാതിൽ തുറന്ന് അകത്തേക്ക് പോയി.
പുറത്ത് ചെരുപ്പൂരിയിടുന്നതിനിടയിലവളോർത്തു, എത്ര സ്വാതന്ത്ര്യത്തൊടെയാണിയാൾ അകത്തേക്ക് വിളിക്കുന്നത്. ഒരു മടിയോ, ഭയമോ ഇപ്പോൾ തോന്നുന്നില്ല. ആ അപരിചിതനിൽ നിന്നും ഈ പരിചിതനിലേക്കുള്ള ദൂരം വെറും ദിവസങ്ങൾ മാത്രം. ഒരിക്കൽ മാത്രമാണ് സംസാരിച്ചിട്ടുള്ളത്. അതോ..രണ്ടു പ്രാവശ്യമോ?. മനസ്സിൽ പലതവണ സംസാരിച്ചതു പോലെ. പലതവണ കണ്ടുമുട്ടിയതു പോലെ. വിധി നിശ്ചയിച്ച സമയം ചിലപ്പോൾ ഇതാവണം.
മുറിക്കകത്തേക്ക് കയറിയ അവൾ ഒരു നിമിഷം ആരോ പിടിച്ചു നിർത്തിയതു പോലെ നിന്നു. ഒരു വശത്തുണ്ടായിരുന്നു മ്യൂസിക് സിസ്റ്റം, ടിവി സ്റ്റാന്റ്, കമ്പ്യൂട്ടർ വെച്ചിരുന്ന മേശ, ഡൈനിംഗ് ടേബിൾ, പുസ്തകങ്ങൾ വെച്ചിരുന്ന ഷെൽഫ്, ചുവരുകളെ അലങ്കരിച്ചിരുന്ന എണ്ണഛായ ചിത്രങ്ങൾ.. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. മുറി ഒരു തുറസ്സായ മൈതാനം പോലെ തോന്നിക്കുന്നു. ചാര നിറമുള്ള സോഫ മാത്രമാണവിടെ ഉണ്ടായിരുന്നത്.
'സോറി ജൂലി..ഇന്നു ചായയുമില്ല, പൊടിയുമില്ല..ഞാനിവിടെ നിന്നും മാറുകയാണ്..' അയാൾ മറ്റൊരു നഗരത്തിന്റെ പേരു പറഞ്ഞു.
ജോലിയിൽ ഉയർച്ചയുണ്ടായിരിക്കുന്നു. അതിന്റെ പ്രതിഫലനമെന്നോണം മറ്റൊരു വലിയ നഗരത്തിലേക്ക് അയാളുടെ സേവനം ആവശ്യമായി വന്നിരിക്കുന്നു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തിരക്കായിരുന്നു..സാധങ്ങൾ ഷിഫ്റ്റ് ചെയ്യുന്നതിന്റെ തിരക്കും, മറ്റു വർക്കുകളും..ഇന്നാണ് കുറച്ച് സമാധാനം കിട്ടിയത്.'
'തന്നെ കണ്ടു യാത്ര പറയാൻ വേണ്ടിയാണ് വർഗ്ഗീസിനോട് അന്വേക്ഷിച്ചത്..ഏതായാലും നേരിട്ട് കണ്ട് പറയാൻ കഴിഞ്ഞല്ലോ' അയാൾ ആശ്വാസം പ്രകടിപ്പിച്ചു.
അവൾ ഒന്നും തന്നെ പറയാതെ അയാൾ പറയുന്നത് ശ്രദ്ധിച്ചു കേട്ടു കൊണ്ടിരുന്നു.
'എനിക്കീ ഫ്ലാറ്റിൽ ആരേയും അറിയില്ല എന്നു തന്നെ പറയാം..ആകെ അറിയാവുന്നത് വർഗ്ഗീസിനേയും കഴിഞ്ഞാഴ്ച്ച പരിചയപ്പെട്ട തന്നേയും' അതു പറഞ്ഞയാൾ ചിരിച്ചു.
എഴുന്നേറ്റ് അകത്തേക്ക് പോയ അയാൾ തിരിച്ചു വരുമ്പോൾ കൈയ്യിൽ ഒരു ചെറിയ കവറുണ്ടായിരുന്നു.
'ഇതൊരു ഗസലിന്റെ സിഡിയാണ്..കേട്ടു നോക്കൂ' അതു പറഞ്ഞ് അയാളത് അവളുടെ നേർക്ക് നീട്ടി.
അവൾ യാന്ത്രികതയോടെ അതു വാങ്ങിച്ചു. കുറച്ച് കഴിഞ്ഞാണ് താൻ നന്ദി പറഞ്ഞില്ലല്ലോ എന്നോർത്തത്..
'താങ്ക്സ്'.
അവൾക്ക് അയാളോട് എന്തു പറയണമെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല.
അധികം നേരം ഇവിടെ ഇരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല..ഒരു തരം ശ്വാസംമുട്ടൽ.. ഈ വലിയ മുറിയിൽ ആവശ്യത്തിനു ശുദ്ധവായുവില്ലെന്നു തോന്നുന്നു.
'പാക്കിംഗ് എല്ലാം കഴിഞ്ഞോ?' കുറെ കഴിഞ്ഞ് അവാൾ ചോദിച്ചു.
'ഏതാണ്ടെല്ലാം തന്നെ കഴിഞ്ഞു. മൂവേഴ്സ് ആന്റ് പാക്കേർസ് ..അവരിപ്പോൾ വരും'.
'..എന്നാൽ..ഞാനിറങ്ങട്ടെ..ഇനി തിരക്കാവും..'
വാതിൽ വരെ ചെന്നിട്ട് എന്തോ ഓർത്ത പോലെ അവൾ തിരിഞ്ഞു നിന്നു.
'ആൾ ദ് ബെസ്റ്റ്'.
അവൾ അതു പറയുമ്പോൾ ശബ്ദത്തിനു തീരെ ശക്തി ഉണ്ടായിരുന്നില്ല.
തിരിഞ്ഞു നടക്കുമ്പോൾ, 'താങ്ക്സ്' എന്നയാൾ പറയുന്നത് കേട്ടു.
അവൾ അവളുടെ അപാർട്ട്‌മന്റ് തുറന്ന് നേരെ പോയത് കട്ടിലിനടുത്തേക്കാണ്. ബെഡിൽ കിടന്ന് സീലിംഗിലേക്ക് ശൂന്യമായി നോക്കുമ്പോഴും അവളുടെ മനസ്സ് ശൂന്യമായിരുന്നു. എനിക്ക് ശരീരവുമില്ല, മനസ്സുമില്ല, ചിന്തകളുമില്ല. ഭാരമില്ലാത്ത, ഒരപ്പൂപ്പൻ താടി പോലെ ആയിരിക്കുന്നു..
ഒരു പക്ഷെ ഇനി പാൽപ്പൊടി കാണുമ്പോഴെല്ലാം എബ്രഹാമിനെ ഓർത്തുപോയെന്നിരിക്കാം. ഗസലുകൾ കേൾക്കുമ്പോഴെല്ലാം, കറുത്ത പജേറോയിലേ യാത്ര ഓർത്തെന്നിരിക്കാം. കെട്ടിടങ്ങളുടെ ബ്ലൂപ്രിന്റ് കാണുമ്പോഴെല്ലാം, താനുണ്ടാക്കിയ കെട്ടിടങ്ങളെ കുറിച്ച് അഭിമാനത്തോടു കൂടി പറയുന്ന ആ മുഖം ഓർത്തു പോയെന്നിരിക്കാം. അയാൾ തന്റേതാണെന്ന് വെറുതെ വിശ്വസിക്കുകയല്ല ചെയ്തത്. തീർച്ചപ്പെടുത്തിയതായിരുന്നു. അതിലേക്കുള്ള വഴികൾ തനിയെ തുറന്നു വരുമെന്നും വിശ്വസിച്ചിരുന്നു. ആ വഴികൾ ആരുടെയോ അദൃശ്യ കരങ്ങൾ മായ്ച്ചു കളഞ്ഞിരിക്കുന്നു. താൻ തോറ്റു പോയിരിക്കുന്നു. തന്നെ ആരോ തോൽപ്പിച്ചിരിക്കുന്നു...വിധിയുടെ വിരലുകൾ..തന്റെ ചിന്തകളെല്ലാം അബദ്ധങ്ങളാണ്. ശരിക്ക് ചിന്തിക്കാൻ കൂടി അറിയാത്ത ഞാനും എന്റെ ബുദ്ധിശൂന്യമായ ചിന്തകളും..ഞാൻ വ്യത്യസ്തയല്ലെന്നും..ആരേയും പോലെ ഒരു വെറും പെൺകുട്ടി മാത്രമാണെന്നും..
എന്റെ ജീവിതത്തിലെ നീണ്ട പോകുന്ന വഴികൾ എന്റെ മുന്നിൽ തനിയെ പ്രത്യക്ഷപ്പെടും. ഇല്ലെങ്കിൽ വഴി അന്വേക്ഷിക്കുകയോ, വെട്ടിത്തെളിക്കുകയോ വേണം..മൂഢ സ്വർഗത്തിന്റെ മുട്ടയുടെ തോടാണിപ്പോൾ പൊട്ടിയത്..അതു നല്ലതു തന്നെ.
അവൾ എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു. താഴേക്ക് നോക്കുമ്പോൾ, പരിചിതരായ വൃദ്ധ ദമ്പതികൾ സ്വർണ്ണമത്സ്യങ്ങളോട് സംസാരിക്കാൻ കൈകോർത്ത് നടക്കുന്നതാണ് കണ്ടത്. അവർ ഭാഗ്യം ചെയ്തവർ. വിധി ജയിക്കുകയോ, വിധിയെ ജയിക്കുകയോ..അതെന്തുമാവട്ടെ, ജീവിതം നിരവധി അധ്യായങ്ങളുള്ള പുസ്തകമാണെന്ന അറിവുണ്ടായല്ലോ..അതു തന്നെ ധാരാളം. അവൾ ദീർഘമായി നിശ്വസിച്ചു, ആശ്വസിച്ചു.
ചില യാദൃശ്ചികതകൾ..അതേ കുറിച്ചുള്ള വിലയിരുത്തലുകൾ..
ReplyDeleteഅകാരണമായ ചില ഇഷ്ടങ്ങൾ..അതിന്റെ അർത്ഥമില്ലായ്മ..
അസാധാരണമായ ചിന്തകൾ എന്നു സ്വയം വിശ്വസിച്ചിരുന്നതെല്ലാം തികച്ചും സാധാരണമായിരുന്നു എന്നറിയുന്നത്...
അത്രയേ ഉള്ളൂ..ബാക്കി വായനക്കാർക്ക്..
സാബുവിന്റെ കഥയെ വിലയിരുത്താനും അഭിപ്രായം പറയാനും ഞാൻ ആരുമല്ല..എന്നാലും മനസ്സിൽ തോന്നിയതു പറയാം..എന്തൊക്കെയോ പ്രതീക്ഷിച്ചാണ് വായിച്ചു വന്നത്....പക്ഷേ അവസാനം എന്തോ പിടിച്ചില്ല..ഒരു സസ്പെനെന്തിങ്കിലും കൊടുത്തു നിർത്താമായിരുന്നു...
ReplyDeleteനല്ല ഒഴുക്കും സുന്ദരമായ ഭാഷയും........
നന്ദി പഥികാ. ഞാൻ പ്രതീക്ഷിച്ചിരുന്ന പ്രതികരണങ്ങളിലൊന്നാണിത് :)
ReplyDeleteഇതൊരു ന്യായീരണമൊന്നുമല്ല, എന്റെ ചില ചിന്തകൾ പങ്കുവെയ്ക്കലാണ്..
അവസാനം നായകനെ കുറിച്ച ആരും പ്രതീക്ഷിക്കാത്ത ഒരു വാർത്ത കൊണ്ടു വരാം.
1. അയാളെ രോഗിയാക്കാം.
2. അയാളെ ആക്സിഡന്റിൽ കൊലപെടുത്താം.
3. അയാൾ ഒരു ക്രിമിനലാകാം.
4. അയാൾക്കൊരു കാമുകി ഉണ്ടാവാം.
5. അയാളെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകാം.
6. രണ്ടാം തവണ കാണുമ്പോൾ അയാൾ പ്രേമം പ്രകടിപ്പിക്കാം..
7. അയാളെ കുറിച്ചുള്ള ധാരണ മുഴുവനും മാറ്റി മറിക്കുന്ന ഒരു സംഭവം.
പക്ഷെ ഇതൊന്നുമല്ലായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്..
ആ പെൺ മനസ്സ് എങ്ങനെ പ്രതികരിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു..ഇതിലായിരുന്നു എന്റെ ശ്രദ്ധ മുഴുവനും..
കഥയില്ലായ്മയാണിതിലെ കഥ!
പലപ്പോഴും ഒരു തിരിച്ചറിവിനു കാരണമാകുന്നത് പരിചിതരുമായിട്ടുള്ള ബന്ധമല്ല, അപരിചരുമായുള്ള ഒരു കണ്ടുമുട്ടലാണ്.
ഒന്നുമല്ലാത്ത ഒരു കഥാദ്യന്ത്യത്തിനു മാത്രമെ അതു സാധിക്കൂ എന്നു തോന്നി.. വായനക്കാർ ആ ആംഗിളിൽ ചിന്തിച്ചു പോകുമോ എന്ന് സംശയമാണ്.. :)
ഇത് മിനിക്കഥയോ ചെറുകഥയോ അതോ നീണ്ട കഥയോ.!!
ReplyDeleteചുമ്മാ സമയം കളഞ്ഞല്ലോ അച്ചായാ.
വായിച്ചു തീര്‍ത്തപ്പോള്‍ കഥയിലുടനീളം ഒരച്ചടക്കമില്ലാത്തത് പോലെ തോന്നിച്ചത് എന്റെ തെറ്റല്ല. ഉവ്വോ!
"എനിക്കിഷ്ടപ്പെട്ടു.."
ReplyDeleteഎന്റെ ഒരു സുഹൃത്ത് പറഞ്ഞ അഭിപ്രായമാണ് മുകളില്‍ എഴുതിയിരിക്കുന്നത്....
സാബു പറഞ്ഞ ആ ആംഗിള്‍ ഉണ്ടല്ലോ , അത് വളരെ കറക്റ്റ് ആണ് എന്നെനിക്കു ആ അഭിപ്രായത്തില്‍ നിന്നും മനസ്സിലായി.
"പലപ്പോഴും ഒരു തിരിച്ചറിവിന് കാരണമാകുന്നത് , അപരിചിതരുമായിട്ടുള്ള ഒരു കണ്ടുമുട്ടലാണ്..."
വളരെ ശരിയാണ്.....
എന്തായാലും ഇനിയും എഴുതുക..
തീര്‍ച്ചയായും അറിയിക്കാന്‍ മറക്കരുത്...
വായിച്ച് തീര്ന്നപ്പോള്‍ ഇഷ്ട്പെട്ടു... പക്ഷേ കണ്ണൂരാന്‍ പറഞ്ഞ അച്ചടക്കമില്ലായ്മ ഇത്തിരി തോന്നി... Looking forward to read more from you..
ReplyDeleteഒറ്റ വാക്കിൽ,നല്ല കഥ.
ReplyDeleteഒരു ചെറു കഥക്ക് എന്തിനാണ് ഒരു twist,ഒരു suspense..?
അത് കഥാ സന്ദർഭത്തെ, പ്രമേയത്തെ സഹായിക്കുന്നില്ലെങ്കിൽ..?
സാബുവിന്റെ ഈ കഥക്ക് ഇങ്ങിനെയൊരു പര്യവസാനം തന്നെയാണ് ചേരുക.
കുറച്ചൊന്നൊതുക്കി, ആവശ്യമില്ലാത്ത ചില വിവരണങ്ങൾ മാറ്റി(തോട്ടക്കാരനെക്കുറിച്ചും മറ്റും)അവതരിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്നും തോന്നി.
വ്യത്യസ്തമായ ചിന്തകൾ,, കഥ നന്നായി.
ReplyDeleteകഥ വായിച്ചു.പ്രമേയപരിചരണത്തില്‍ ശ്രദ്ധിക്കണം.
ReplyDeleteആശംസകള്‍...
തീം എന്ന് പറയുവാന്‍ കാര്യമായി ഒന്നും ഇല്ലാതെ തന്നെ വിജയകരമായി അവതരിപ്പിച്ച കഥ.
ReplyDeleteആശംസകള്‍
കാര്യമായ തീമില്ലാതെ തന്നെ മനോഹരമാക്കിയ ഒരു കഥ
ReplyDeleteവായിച്ചു കുറച്ചു നീണ്ടുപോയോ എന്നൊരു സംശയം കഴിഞ്ഞ കഥയുടെ അടുത്തെട്ടിയില്ല .....ആശംസകള്‍
ReplyDeleteചില കാര്യങ്ങളൊക്കെ പറഞ്ഞു അതൊക്കെ ഇഷ്ടായി
ReplyDeleteആശംസകള്‍
ചില യാദൃശ്ചികതകളാണ് ചില തിരിച്ചറിവുകൾ തരുന്നത് . മോശമായിട്ടില്ല കഥ .
ReplyDeleteപറയാനുള്ളത് ..കുറച്ചു വരികളില്‍ ഒതുക്കാമായിരുന്നു..നീണ്ടുപോയ വരികള്‍ ...കഥയുടെ ഒഴുക്കിനെ നഷ്ടപ്പെടുത്തി യോ ....എങ്കിലും എവിടെയോ ..നല്ലൊരു വായന ഫീല്‍ ചെയ്തു ..ഇനിയും എഴുതുക എഴുതണം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteNalla thread kurachu neendu poyennaalum saarallyatto...
ReplyDeleteഅല്‍പ്പം നീണ്ട കഥ ആയിരുന്നിട്ടുകൂടി ആസ്വദിച്ചു വായിച്ചു. ഒന്ന് രണ്ടു വട്ടം മുകളിലേക്ക് ഒന്നുകൂടി പോയി വായിക്കേണ്ടി വന്നു.
ReplyDeleteഇനി ഞാനെന്തു പറയാന്‍........
ReplyDeleteനീണ്ടത് കൊണ്ടാകാം അല്‍പം ബോര്‍ തോന്നിയെന്നു പറഞ്ഞു പോവുന്നു. കഥക്ക് ഗാംഭീര്യം ഉണ്ട്.
ReplyDeleteനീഹാരബിന്ദുക്കൾ.. അനാവശ്യമായി കടന്നുകൂടിയ ചില വരികൾ തുടക്കത്തിൽ അല്പം ഇഴച്ചിൽ സൃഷ്ടിക്കുന്നുവെങ്കിലും കഥ ഇഷ്ടമായി..അല്പം കൂടി ചുരുക്കിയിരുന്നുവെങ്കിൽ...?
ReplyDeleteആശംസകൾ നേരുന്നു..
നീളമേറി എന്നതൊഴിച്ചാൽ നല്ല കഥയാണ്, സാബു.
ReplyDeleteകുറച്ചുകൂടി ഒതുക്കി പറയാമെന്നു തോന്നി.
ഇത്തിരീം കൂടി ഒതുക്കാമായിരുന്നില്ലേ എന്നാണ്........
ReplyDeleteനീണ്ട കഥ. ആദ്യഭാഗത്ത് അവള്‍ എന്ന പ്രയോഗം വളരെ കൂടുതലായി അനുഭവപ്പെട്ടു.
ReplyDeleteഅകലെ നിന്ന നിരീക്ഷണമാണ് മനസ്സറിയാന്‍ നല്ലത് അല്ലെ?
ദീർഘനിശ്വാസങ്ങളുടെ അർത്ഥമില്ലായ്മ ഇഷ്ടപെട്ടു...
ReplyDeleteശ്രീ. പട്ടേപ്പാടം റാംജി, താങ്കൾ ചൂണ്ടി കാട്ടിയത് ശരിയാണ്. ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ആദ്യത്തെ 6 പാരാഗ്രാഫ് (കുറച്ച് കൂടി പോയല്ലേ?) നായികയുടെ സ്വഭാവം, ചുറ്റുപ്പാട്, അടിസ്ഥാന ചിന്തകൾ എന്നിവയൊക്കെ വല്ലാതെ വിവരിക്കാൻ ഉപയോഗിച്ചു പോയി.. അതിനു ശേഷമാണ് പേരു പോലും പറയുന്നത്..അപ്പോഴങ്ങനെ ആയി പോയതാണ്!
ReplyDeleteചൂണ്ടി കാട്ടിയതിൽ നന്ദി. കഴിയുന്നത്ര മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
(നീളം ഒരു കുഴപ്പം തന്നെ. എഴുതിയ അക്ഷരങ്ങളെ ഇല്ലായ്മ ചെയ്യാൻ ഒരു വൈമനസ്യം..ആരേയോ കൊല്ലുന്നത് പോലെ..എന്റെ തകരാണ് തന്നെ. നിസ്സംശയം!..പക്ഷെ എനിക്ക് അക്ഷരങ്ങളെ സ്നേഹിക്കാതെ വയ്യ. സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിച്ചു പോകുന്നത് ഏത് ദുസ്വഭാവത്തിലുൾപ്പെടുത്താം? :))
വായിച്ചവരേയും, അഭിപ്രായമെഴുതിയവരേയും എന്റെ നന്ദി അറിയിക്കുന്നു.
കഥ ഇഷ്ടപ്പെട്ടു
ReplyDeleteനന്നായി പറ്ഞ്ഞു..
ReplyDeleteഒരുപാട് പറഞ്ഞു..
ചുരുക്കി പറയാമായിരുന്നു..?
നല്ല സുന്ദരമായ കഥ..നല്ല സുന്ദരമായ രചന..സാബു മാഷിന്റെ കഥ വായിച്ചു തുടങ്ങിയാല്‍ പിന്നെ കഴിയാതെ നിര്‍ത്താന്‍ തോന്നില്ല...നല്ല വായനാ സുഖം...ആശംസകള്‍..
ReplyDeleteസാബൂ, വളരെ നന്നായിട്ടുണ്ട്..തുടക്കം ഒരിഴച്ചിലുണ്ട്. പക്ഷെ പിന്നീട് വളരെ നന്നായിട്ടുണ്ട്.
ReplyDeleteഅങ്ങനെ എത്ര പേര്‍ നമ്മള്‍ അറിഞ്ഞും അറിയാതെയും നമ്മുടെ ജീവിതത്തിന്റെ തീരത്തൂടെ നടന്നു പോയിരിക്കുന്നു. കാലത്തിന്റെ ഒരു തിരയില്‍ ആ കാല്പാടുകളും ഓര്‍മയാകും. ആശംസകള്‍.
നല്ല ചിന്തകള്‍... ആശംസകള്‍
ReplyDeleteവായിച്ചു. കഥ ഇഷ്ടപ്പെട്ടു.
ReplyDeleteവായിച്ചു. പലരും പഞ്ഞപോലെ, ഒന്നു കൂടി ഒതുക്കാമായിരുന്നു.
ReplyDeleteവായിച്ചു ...കുറച്ചു നീണ്ടുപോയോ?
ReplyDeleteആശംസകള്‍.
സാബു.. ലളിതമായ കഥ എനിക്കിഷ്ടായി... കഥയില്ലായ്മ എന്ന വിമര്‍ശനത്തില്‍ കാമ്പില്ല.. വായനക്കാരന്‍ ഇപ്പൊ എന്തെങ്കിലും സംഭവിക്കുമെന്നു ചിന്തിക്കുന്നിടത്തെല്ലാം പ്രത്യേകിച്ചും ഒന്നും സംഭവിക്കാതെ കടന്നു പോകുന്നു.. ആ പെണ്‍കുട്ടിയുടെ മാനസ്സിക വ്യാപാരങ്ങള്‍ അവതരിപ്പിക്കുക എന്ന സാബുവിന്റെ ലക്‌ഷ്യം നിറവേറിയിട്ടുണ്ട്...
ReplyDeleteപക്ഷെ കഥയെ കുറച്ചു കൂടി രാകി മിനുക്കാനുണ്ട് എന്ന് തോന്നുന്നു... പലയിടങ്ങളിലും ആഖ്യാനത്തില്‍ പാളിച്ചകള്‍ ഉള്ളത് പോലെ ഫീല്‍ ചെയ്തു... first person, second person, third person.. ഇങ്ങനെ പല ഭാഗങ്ങളില്‍ അടക്കും ചിട്ടയുമില്ലാതെ ആഖ്യാനം മാറി മാറി വരുന്നു... അത് കഥാകാരന്റെ പാളിച്ചയാണോ എന്ന് ഉറപ്പിച്ചു പറയാന്‍ എനിക്കാവില്ലാ... ചിലപ്പോള്‍ അത് ഒരു പുതു ശൈലിയുടെ പരീക്ഷണമാവാമെന്നും വേണമെങ്കില്‍ അനുമാനിക്കാം...
എന്നാല്‍ totalityയില്‍ കുറെ കൂടി ശ്രദ്ധിക്കണം... പിന്നെ പദധ്യാനം, ശൈലിമികവ്, അവതരണം, വിഷയം എന്നിവയില്‍ ശ്രദ്ധിച്ചാല്‍ നല്ലത്.. ഇവിടെ സാബുവിന്റെ കുറെ ചിന്തകള്‍ മാത്രമാവരുതല്ലോ കഥ.. അത് കഥാപാത്രത്തിന്റെ ചിന്തകള്‍ ആവണ്ടേ...
സാബുവിന്റെ കുറെയേറെ രചനകള്‍ ഞാന്‍ വായിച്ചിട്ടുണ്ട് . പണ്ടെങ്ങോ എഴുതി പി ഡി എഫ് ഫോള്‍ഡര്‍ ആക്കി വെച്ച കഥകളിലൂടെ /കവിതകളിലൂടെ ഈയിടെ പോയപ്പോള്‍ ഒരു ബാലികാക്കയുടെ ആത്മഗതം എന്നോണം എഴുതിയ നാല് വരികള്‍ .. നമുക്ക് മുന്നിലെ ചില സ്വാര്‍ത്ഥ വശങ്ങള്‍ എത്ര വിശാലമായാണ് വരച്ചിട്ടത് . അതെ എഴുത്തുക്കാരന്‍ .. അതും എഴുത്തിന്റെ മര്‍മ്മം അറിയുന്ന ആള്‍ ഒരു പെണ്‍ മനസ്സിന്റെ ഒന്ന് രണ്ടു മാറുന്ന തലങ്ങള്‍ വരച്ചു കാട്ടാന്‍ എഴുത്തിനെ ഇത്രയും നീട്ടി കൊണ്ട് പോയത് എന്ത് കൊണ്ടെന്നു മനസ്സിലായില്ല ..
ReplyDeleteഞാന്‍ ആദ്യമായി ആണ് നിങ്ങളുടെ കഥകള്‍ വായിക്കുന്നത് .....നല്ല ഒരു വായനാനുഭവമായി എനിക്ക് അനുഭവപെട്ടു .നല്ല ഒരു കഥ പക്ഷെ പലരും ഇവിടെ പരാമര്‍ശിച്ചതുപോലെ ഇത്തിരി നീണ്ടുപോയി എന്ന് തോന്നി എന്ഗ്ഗിലും ഒരു പാടു ഇഷ്ടമായി ഇനിയും ഒരുപാടു രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ,,,,,,,,,,,,,,ആശംസകള്‍......
ReplyDeleteസുഹൃത്തേ സമയം അനുവദിക്കുമ്പോള്‍ ഇത് വഴി വന്നു അഭിപ്രായം അറിയിക്കുക http://pradeep-ak.blogspot.com/2011/11/blog-post.html
ഇത് ഇപ്പോഴാണ് കണ്ടത്. സാബു വീണ്ടും അതിശയിപ്പിച്ചു. മനോഹരം. തുടക്കം മുതല്‍ അവസാനം വരെ. അസൂയ തോന്നുന്ന എഴുത്ത്.
ReplyDeleteപിങ്ക് എന്നാ നിറത്തെ പറ്റി ഒരു കഥയുണ്ട് ,അത് കൊണ്ട് ഒരു പ്രമേയം ഉണ്ടാവണം കഥക്ക് എന്നാ നിര്‍ബന്ധമൊന്നുമില്ല ,പക്ഷെ ഇവിടെ വ്യക്തമായ ഒരു പ്രമേയം ഉണ്ട് തന്നെ ,പെണ്‍കുട്ടിയുടെ നഷ്ട പ്രണയം ,ചിന്തകളില്‍ മാത്രമാണെങ്കിലും അതും പ്രണയം തന്നെയാണല്ലോ ,ആ ഒരു പ്രണയത്തെ വായനക്കാരിലെക്കെത്തിക്കുന്നതില്‍ കഥ പരാജയപ്പെട്ടത് കൊണ്ടാണ് നീളം കൂടി ,പ്രമേയമില്ല എന്നൊക്കെ പരാതി വരുന്നത് ,ഏതായാലും സ്ഫടിക മനുഷ്യര്‍ എഴുതിയയാള്‍ക്ക് കൂടുതല്‍ മികച്ച കഥകള്‍ ഇനിയും എഴുതാനാവും ,ഉറപ്പു ,,,
ReplyDeleteനന്നായിടുണ്ട്:)
ReplyDeleteനന്നായിടുണ്ട്:)
ReplyDeleteThis comment has been removed by the author.
ReplyDeleteനന്നായിട്ടുണ്ട് ഇനിയും എഴുതുമല്ലോ
ReplyDeleteപെണ്മനം സൂപ്പറായി ആലേഖനം ചെയ്തിരിക്കുന്നു കേട്ടൊ സാബു
ReplyDelete