Wednesday, 21 September 2011

രാജകുമാരനോടൊപ്പം

മുത്തശ്ശിയാണ്‌ കഥ പറഞ്ഞു കൊടുക്കുക.
എന്നും ഒരേ കഥ. ഒരേ കഥാപാത്രങ്ങൾ. മനുവിനു മടുപ്പില്ല. അവനു കഥ മുഴുവനും മനപ്പാഠമാണ്‌. രാജകുമാരനും, രാജകുമാരിയും, ദുഷ്ടനായ മന്ത്രവാദിയും. രാജകുമാരന്റെ കുതിരയ്ക്ക്‌ പോലും എന്നും ഒരേ നിറം - വെളുപ്പ്‌. അതിന്റെ പുറത്ത്‌ കയറി ഏഴുമലകൾ താണ്ടിച്ചെന്നാണ്‌ മന്ത്രവാദി തട്ടിക്കൊണ്ടു പോയ രാജകുമാരിയെ രക്ഷപെടുത്തുക.

എന്നാണ്‌ ഞാൻ അവരെ കാണുക?
മനുവിന്‌ രാജകുമാരനെ കാണണം. രാജകുമാരിയെ കാണണം.
മന്ത്രവാദിയെ കാണണ്ട. ദുഷ്ടനാ, കണ്ടാൽ ചിലപ്പോൾ തന്നെയും തടവിലാക്കിയാലോ?. മനുവിന്റെ ദിവാസ്വപ്നങ്ങളിൽ രാജകുമാരനും, വെളുത്ത കുതിരയും നിറഞ്ഞു നിന്നു. അതിന്റെ വാലിലൊന്നു തൊടണം. എന്തൊരു മിനുസമായിരിക്കും!.

മനുവിനു ഏറ്റവും വലിയ കൂട്ട്‌ മുത്തശ്ശിയാണ്‌. കൂടെ കൂടെ കൂട്ടുവെട്ടുന്നതും ഇതേ മുത്തശ്ശിയുമായിട്ടു തന്നെ.
'എനിക്ക്‌ രാജകുമാരനെ കാണണം. വെളുത്ത കുതിരേടെ വാലി തൊടണം'.
ഒരു ചൂടുള്ള രാത്രിയിൽ മനു മുത്തശ്ശിയോട്‌ തന്റെയാഗ്രഹം പറഞ്ഞു.
ചൂടാണെങ്കിലും നല്ല കുളിരു തോന്നുന്നുണ്ട്‌.
'കുഞ്ഞെ.. അതു കഥയല്ലേ?' വിറയുള്ള ശബ്ദത്തിൽ മുത്തശ്ശി പറഞ്ഞു.
'എനിക്കിന്നു തന്നെ കാണണം'. മനു വാശിയുടെ സ്വരത്തിൽ പറഞ്ഞു.

'കുഞ്ഞുറങ്ങിക്കോ, സ്വപ്നത്തിൽ രാജകുമാരൻ വരും. മുത്തശ്ശി കഥ പറഞ്ഞു തരാം..'
മുത്തശ്ശി അതു പറഞ്ഞു കണ്ണുനീരൊപ്പി.
മനു കണ്ണുകളിറുക്കിയടച്ചു കിടന്നു.
'ഒരിടത്തൊരിടത്ത്‌..' അങ്ങനെയാണ്‌ മുത്തശ്ശി കഥ പറഞ്ഞു തുടങ്ങുകയെന്നു മനുവിനു നല്ലതു പോലെയറിയാം.
അതു കേൾക്കാനവൻ കാതോർത്തു.
മുത്തശ്ശി കഥ പറഞ്ഞു കൊണ്ടിരുന്നു..
മുത്തശ്ശി പറഞ്ഞത്‌ ശരിയാണ്‌. അതാ കുളമ്പടി കേൾക്കാം!. മുത്തശ്ശി കേൾപ്പിച്ചു തന്ന അതേ ശബ്ദം. മനു സ്വപ്നലോകത്തിലെത്തി.
രാജകുമാരനു എന്തു ഭംഗിയാണ്‌. പട്ടു കുപ്പായൊക്കെയിട്ട്‌..കഴുത്തിൽ സ്വർണ്ണമാലയുണ്ട്‌. കൈയ്യിൽ തിളങ്ങണ കല്ലു വെച്ച മോതിരങ്ങളുണ്ട്‌.
രാജകുമാരൻ എന്റെ നേരെയാണ്‌ വരുന്നത്‌!
ഇപ്പോൾ രാജകുമാരന്റെ കുതിരയെ നല്ലോണം കാണാം.
'തൊട്ടു നോക്കുന്നോ?' രാജകുമാരന്റേതാണു ചോദ്യം.
അതെ എന്നർത്ഥത്തിൽ മനു തലയാട്ടി.
'തൊട്ടോ!'
തൊട്ടു നോക്കി. വിചാരിച്ച പോലെ തന്നെ.. എന്തു മിനുസം!!
'എവിടെ പോവാ?'
'രാജകുമാരിയെ കൂട്ടി കൊണ്ടു വരാൻ. വരുന്നോ?'
'ങാ..'
'എന്നാൽ കേറിക്കോ!' അതും പറഞ്ഞു രാജകുമാരൻ മനുവിനെ എടുത്ത്‌ കുതിരപ്പുറത്തിരുത്തി. അതിനു ശേഷം കുതിരപ്പുറത്ത്‌ കയറിയിരുന്നു.
'നല്ല വേഗത്തിൽ പോണം..രാജകുമാരി പാവം..' മനു പറഞ്ഞു.
'ശരി'
എന്തൊരു തണുപ്പ്‌...
'മോനെ കണ്ണു തുറക്ക്‌..'
കണ്ണു തുറക്കാനോ? എനിക്ക്‌ രാജകുമാരന്റെ കൂടെ പോണം..രാജകുമാരിയെ രക്ഷിക്കണം. മനു കണ്ണുകൾ തുറന്നതേയില്ല.
'മോനെ ഒന്നു കണ്ണു തുറക്ക്‌ മോനെ..അമ്മയല്ലേ പറയുന്നത്‌..ഒന്നു തുറക്ക്‌ മോനെ..'
ഈ അമ്മയ്ക്ക്‌ ഒന്നും അറിയില്ല.. അമ്മേടെ മോൻ കുതിരപ്പുറത്ത്‌ പോകുന്നത്‌ കണ്ടില്ലേ?
താമസിച്ചാൽ മന്ത്രവാദി രാജകുമാരിയെ പിടിച്ചു ജയിലിലിടും..

അതാ മന്ത്രവാദിയുടെ കോട്ട.
ഇവിടം മുഴുവനും ഇരുട്ടാണല്ലോ..
'പയ്യെ..പോവാം..മന്ത്രവാദി കേക്കണ്ട..' മനു രാജകുമാരനോട്‌ പറഞ്ഞു.
'ശരി..'
യാത്ര തുടർന്നു..
അപ്പോൾ അകലെ അമ്മയുടെയും അച്ഛന്റെയും കരച്ചിൽ ചെറുതായി മനു കേട്ടു.
'ഈ അമ്മയ്ക്കൊന്നുമറിയില്ല്ല..ഞാൻ രാജകുമാരിയെ രക്ഷിച്ചേച്ച്‌ ഇപ്പോ വരാം..'
രാജകുമാരനും മനുവും കുതിരപ്പുറത്തിരുന്ന് പതുക്കെ ഇരുട്ടിലേക്ക്‌ കയറി പോയി..

23,053

Post a Comment

34 comments:

 1. വായിച്ചു +
  രാജകുമാരനോടപ്പം യാത്ര ......
  പക്ഷെ തിരിച്ചു വരുമോ?

  ഈ ആശയത്തെ ഇങ്ങനെ എഴുതിയതിന് അഭിന്ദനങ്ങള്‍

  ReplyDelete
 2. കഥ പുതുക്കിയത് രസമുണ്ട്.......

  ReplyDelete
 3. Oru panichoodinte thanuppu hrudayathil.....

  ReplyDelete
 4. രാജകുമാരിയെയും രക്ഷിച്ചു കൊണ്ട് മനു വേഗം തിരിച്ചു വരട്ടെ....! കഠിനമായ പനിയുള്ള ഒരുനാള്‍, കട്ടിലോടെ മേലോട്ടുയര്‍ന്നു മച്ചില്‍ തട്ടാതെ നിന്ന് മരിച്ചു പോയ അപ്പൂപ്പനെയും അമ്മാവനെയും ഒക്കെ കൈ നീട്ടി തൊട്ടതും ഒക്കെ ഓര്‍മ വന്നു....

  ReplyDelete
 5. nice story.. comment box thuranno!!!! atheppol?

  ReplyDelete
 6. രാജകുമാരിയെ രക്ഷിക്കാൻ മനു പോകണ്ടായിരുന്നു.

  ReplyDelete
 7. നല്ല രസമായിട്ടെഴുതി സാബുച്ചേട്ടാ. കമന്റ് പെട്ടി വീണ്ടും തുറന്നല്ലേ. നന്നായി.

  ReplyDelete
 8. നല്ല ആസ്വാദനമായി. ആശംസകള്‍

  ReplyDelete
 9. കഥ കൊള്ളാം. പക്ഷേ ഇനിമുതൽ ഇതുപോലേ കുട്ടികളെ അനാവശ്യമായി കൊല്ലരുത്.അസ്ഥാനത്തുള്ള മരണം അനാവശ്യമാണ്.അതിലൊരു കൊലപാതകമുണ്ട്.കഥയിലായാൽ പോലും.കൊലയായാലും,സാബുവിനെന്റെ നല്ല നമസ്ക്കാരം, ആശംസകൾ,ന്യൂസിലാന്റിൽ സൌഖ്യം നേരുന്നു. .ഇനിയും നല്ല കഥകളുടെ ലിങ്ക് തരിക.
  സ്നേഹപൂർവ്വം വിധു

  ReplyDelete
 10. രാജകുമാരനും ,രാജകുമാരിയും ഒക്കെ കുഞ്ഞുന്നാളിലെ കഥകളെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു ...നന്നായി

  ReplyDelete
 11. കഥ മനോഹരം ആശംസകള്‍

  ReplyDelete
 12. നല്ല കഥ. ഇഷ്ടപ്പെട്ടു.

  ReplyDelete
 13. ആകപ്പാടെ ഒരു കണ്‍ഫ്യൂഷന്‍.
  അപ്പോള്‍ അങ്ങിനെ മനു പോയി അല്ലേ.

  ReplyDelete
 14. കഥയിഷ്ട്ടായി..!
  സാബുവിന്റെ പല കഥകളും’നീളംകൂടിപ്പോകുന്നു ‘ എന്ന പരാതി ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്..!പരാതികള്‍ പലയിടത്തുംകറങ്ങിത്തിരിഞ്ഞ് ഒടുക്കം ന്യൂസിലാന്റിൽത്തന്നെ എത്തിച്ചേര്‍ന്നതില്‍ സന്തോഷം..!
  ആശംസകള്‍..!

  ReplyDelete
 15. രാജകുമാരിയോടൊപ്പം തിരിച്ചുവരട്ടെ...

  ReplyDelete
 16. മനോഹരമായി അവതരിപ്പിച്ചു. മനു തിരിചു വരാത്ത ലോകത്തിലേക്കാണൊ പോയത്.. :(

  ReplyDelete
 17. സാബു ഭായ് കഥ മനോഹരമായ് എഴുതി
  കഥയുടെ ഒടുക്കം മനസ് വിഷമിച്ചു :(

  ReplyDelete
 18. മനു പോയാലെന്താ... നമ്മുടെ സാബു ചേട്ടന്റെ കമെന്റ്റ്‌ ബോക്സ്‌ തിരിച്ചു വന്നു. സത്യത്തില്‍ ഇത് വായിച്ചു മെയില്‍ ചെയണം എന്ന് വിചാരിച്ചാ കഥ തുറന്നത് തന്നെ. എന്തായാലും ഇത് നന്നായി..:) ഇഷ്ട്ടപെട്ടു

  ReplyDelete
 19. ആസ്വാദ്യകരമായ കഥ. കുഞ്ഞു മനസ്സും അതിന്റെ വേര്‍പാടും എല്ലാം ഭംഗിയായിട്ടുണ്ട്. വ്യത്യസ്തം എന്നും പറയാം.

  ReplyDelete
 20. കഥ വായിച്ചു. നന്നായിട്ടുണ്ട്.

  ReplyDelete
 21. നന്നായിരിക്കുന്നു ......

  ReplyDelete
 22. നല്ല വായനസുഗം നല്‍കിയ ഒരു നല്ല കഥ

  ReplyDelete
 23. ഒരിടത്തൊരിടത്ത്....അല്‍പ്പം വേദന തരുന്ന അവസാനം. പക്ഷെ ഫെയറി ടേല്‍ പോലെ മനു തിരിച്ചുവരുമായിരിക്കും അല്ലേ.

  ReplyDelete
 24. നല്ല കഥ സാബു ചേട്ടാ ...
  ഇഷ്ടായി

  ReplyDelete
 25. പ്രീയപ്പെട്ട അനിയാ..വളരെയേറെ ഇഷ്ടപ്പെട്ടൂ..ഈ കഥ നമ്മൾ ഒരിക്കൽ ഒരുപാട് തർക്കിച്ച എഡിറ്റിങ്ങിന്റെ സവിശേഷത കണ്ടോ...നല്ല ഒഴുക്കോടെ ഈ കഥ പറയാൻ സാബുവിന് സാധിച്ചിരിക്കുന്നൂ.......കുട്ടി കടുത്തപനിയിൽ നിന്നും തിരിച്ച് വരുമോ? അതോ മരിച്ച് പോകുമോ? പല സംശയങ്ങളും വായനക്കാർക്ക് വിട്ട് കൊണ്ടുള്ള മനോഹരമായ കഥാന്ത്യം..കുട്ടിക്ക് പനിയാണെന്ന് കഥാകാരൻ പറയുന്നില്ലാ..പക്ഷേ രണ്ട് വ്ബരിയിൽ അതിന്റെ സൂചനകൊടുത്തതും നന്നായി....“ ഒരു ചൂടുള്ള രാത്രിയിൽ...........കുളിര് തോന്നുന്നുണ്ട്” എന്നത്...ഈ കഥക്കും,കഥാകാരനും എന്റെ എല്ലാ നന്മകളും......ഭാവുകങ്ങൾ...

  ReplyDelete
 26. മനോഹരമായി കഥ. നല്ല ഒതുക്കം. ഇരുട്ടിലേക്ക് കുതിര പായുമ്പോൾ ആശങ്ക കൊണ്ട് മനസ്സു നിറയ്ക്കാൻ കഴിഞ്ഞു സാബുവിന്. അത് രചനാഗുണം.

  ReplyDelete
 27. ആഹാ! ഈ കഥ ഇങ്ങനെ എഴുതിയത് വളരെ ഇഷ്ടപ്പെട്ടു...അഭിനന്ദനങ്ങൾ

  ReplyDelete
 28. ഈ കഥ പറച്ചില്‍ ഇഷ്ടപ്പെട്ടു..നല്ല കയ്യടക്കം..കൂടുതല്‍ ഇഷ്ടപ്പെട്ടത് കമന്റ് ബോക്സിന്റെ തിരിച്ചു വരവാണ്..

  ReplyDelete
 29. നന്നായിട്ടുണ്ട്... ആശംസകള്‍..

  ReplyDelete
 30. സാബു, ഈ കഥയില്‍ നല്ല ഒതുക്കവും ഇറുക്കവും. തുടരുക.

  ReplyDelete