മുൻപ്രവാസിയും, വിഭാര്യനുമായ അയാളുടെ താമസം ഒറ്റയ്ക്കാണ്. വർഷങ്ങൾ അധ്വാനിച്ച് സ്വരൂപിച്ച പണം കൊണ്ടുണ്ടാക്കിയ വലിയ മാളികയിൽ താമസിക്കുന്ന അയാൾക്ക് കൂട്ട് ടാർസൻ എന്ന നായയാണ്. ടാർസനെ കെട്ടിയിട്ടാണ് വളർത്തുന്നത്. അയാൾ താൻ കഴിക്കുന്നതിന്റെ ബാക്കിയാണ് അവനു കൊടുത്തിരുന്നത്. ഇടയ്ക്കിടെ അയാളവനെ നടക്കാൻ കൊണ്ടു പോകും. അപ്പോഴും അവന്റെ കഴുത്തിലെ ബെൽറ്റിൽ നിന്നും നീണ്ടു കിടക്കുന്ന ചരടിൽ അയാൾ മുറുക്കെ പിടിച്ചിട്ടുണ്ടാവും. അങ്ങോട്ടുമിങ്ങോട്ടും അവനപ്പോഴും ഇഷ്ടം പോലെ സഞ്ചരിക്കാനാവില്ല. രാത്രി കാവൽ ടാർസനെ ഏൽപ്പിച്ചിട്ട് അയാൾ സുഖമായി ഉറങ്ങും. ഇതാണ് പതിവ്. കള്ളന്മാർ വന്നാൽ ടാർസൻ കുരച്ചുണർത്തുമെന്നയാൾക്ക് ഉറപ്പാണ്. മുൻപ് ചില രാത്രികളിൽ ശബ്ദങ്ങൾ കേട്ട് അയാൾ ഉണരുമായിരുന്നു. അപ്പോഴയാൾ ടാർസൻ കുരയ്ക്കുന്നത് കേട്ട് പുറത്തേക്ക് ജനാലവിരി മാറ്റി നോക്കും. ആരോ തന്റെ പറമ്പിൽ കയറുന്നുണ്ട്!. ഉണങ്ങിയ ഇലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേൾക്കുന്നതായി തോന്നിയോ?. അയാൾ ജനാല തുറന്ന് ടോർച്ചടിച്ച് നോക്കും. എന്നാൽ ഈയിടെയായി ടാർസൻ കുരയ്ക്കുന്നത് നിർത്തിയിരിക്കുന്നു. ഇപ്പോഴെല്ലാം സുരക്ഷിതമാണ്. അയാൾ സ്വസ്ഥതയോടെ, സമാധാനത്തോടെയാണിപ്പോൾ ഉറങ്ങുന്നത്.
ഒരു രാത്രി വെള്ളം കുടിക്കാൻ എഴുന്നേറ്റ അയാൾ പുറത്ത് ചില ശബ്ദങ്ങൾ കേട്ടു. ആരോ പറമ്പിലുണ്ട്!. ഉറപ്പ്!. എന്നിട്ട് ടാർസനെന്തേ..?. അയാൾ ടോർച്ചുമായി പുറത്തിറങ്ങി. ടാർസനെ കെട്ടിയിട്ടിരുന്നിടത്ത് ചെന്നു നോക്കി. അവിടെ ടാർസൻ ഉണ്ടായിരുന്നില്ല!. കയർ മാത്രം!. ടാർസനെ ആരോ അഴിച്ചു വിട്ടിരിക്കുന്നു!. തനിയെ അവനു അതിൽ നിന്നും തലയൂരാനാവില്ല. താൻ അത്രയ്ക്കും നന്നായിട്ടാണ് കെട്ടിയത്. അയാൾ ടോർച്ച് തെളിച്ച് വീടിനു ചുറ്റും പരിശോധിക്കാൻ തീരുമാനിച്ചു. നടന്ന് നടന്ന് ചെല്ലുമ്പോൾ കണ്ടു, മുഖംമൂടി ധരിച്ചൊരാൾ മതിൽക്കെട്ടിനുള്ളിൽ മരത്തിനടുത്തായി നില്ക്കുന്നത്!. കണ്ണുകൾ മാത്രം കാണാം. അയാൾ ഞെട്ടലോടെ നിന്നു. എന്നാൽ അതിലും ഞെട്ടലുണ്ടായത് അയാളുടെ അടുത്തായി ടാർസൻ നില്ക്കുന്നത് കണ്ടപ്പോഴാണ്! ടാർസൻ എന്തോ കഴിക്കുന്നുണ്ട്. മുഖംമൂടിധാരി ഇട്ടു കൊടുത്ത ഇറച്ചിക്കഷ്ണങ്ങൾ!.. ടാർസൻ നിർത്താതെ വാലാട്ടിക്കൊണ്ടിരിക്കുന്നു!.
‘ടാർസൻ!..കം!!’ അയാൾ ഉറക്കെ വിളിച്ചു.
ടാർസൻ അതു ശ്രദ്ധിച്ചതേയില്ല. ശ്രദ്ധ മുഴുക്കെയും ഇറച്ചിക്കഷ്ണങ്ങളിലാണ്. അയാൾ വീണ്ടും വീണ്ടും വിളിച്ചു. ടാർസൻ അയാളുടെ നേർക്ക് നോക്കിയത് പോലുമില്ല. മുഖമൂടിധാരി കുനിഞ്ഞു നിന്നു ടാർസന്റെ പുറത്ത് തലോടുന്നതയാൾ കണ്ടു. ടാർസന്റെ മുഖത്തും, ചെവിയിലും, മുതുകിലും..
ഇറച്ചിത്തുണ്ടുകൾ കഴിച്ചു കഴിഞ്ഞ് ടാർസൻ മുഖമൂടിധാരിയുടെ കാലിൽ നാവ് നീട്ടി നക്കാനും മുഖമുരസാനും തുടങ്ങി. ഇതൊക്കെയും വീട്ടുടമസ്ഥൻ ഞെട്ടലോടെ നോക്കി നിന്നു. അയാൾ കൈവശമിരുന്ന ടോർച്ച് ടാർസന്റെ നേർക്ക് തെളിച്ചു. മുഖമൂടിധാരി പെട്ടെന്നയാളുടെ നേർക്ക് തിരിഞ്ഞ് ഉറക്കെ പറഞ്ഞു,
‘ടാർസൻ!! ഗോ!! ക്യാച്ച്!!’
തന്റെ അതേ നിർദ്ദേശങ്ങൾ!
ടോർച്ചിന്റെ വെളിച്ചത്തിലയാൾ കണ്ടു, ടാർസൻ തന്റെ നേർക്ക് കുതിക്കുന്നത്!.
തിരിഞ്ഞോടുന്നതിനിടയിൽ അയാളറിഞ്ഞു, തന്റെ കാൽവണ്ണയിൽ ടാർസന്റെ കൂർത്തപല്ലുകൾ ആഴ്ന്നിറങ്ങുന്നത്..
ഒരു നായ ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല
ReplyDeleteയജമാന സ്നേഹം തൊട്ടുതീണ്ടാത്ത നായ
ReplyDelete