ഗുരു നിർമ്മലചിത്തനായിരുന്നു.
വാക്ക് കൊണ്ടു പോലും ആരേയും നോവിപ്പിക്കാത്തവൻ.
ഒരു ദിവസം.
ഗുരുവും ശിഷ്യനും നദീതീരത്തിലൂടെ നടക്കുകയായിരുന്നു.
ഒരുപാട് നാളായി ചോദിക്കണമെന്ന് കരുതിയ ചോദ്യം ശിഷ്യൻ ചോദിച്ചു,
‘ഗുരോ, ഗുരു എന്നെങ്കിലും ഏതെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ?’
ഗുരു ശാന്തമായി മറുപടി പറഞ്ഞു.
‘ഉണ്ടല്ലോ’
‘എന്നിട്ടതിനു ശിക്ഷ കിട്ടിയോ?’
‘കിട്ടിയല്ലോ’
ശിഷ്യനു ആകാംക്ഷയായി.
‘എന്തു ശിക്ഷ?’
‘ഏതെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യം കേൾക്കേണ്ടി വരുന്നത് ഒരു ശിക്ഷയാണ്’
‘ഗുരു ചെയ്ത കുറ്റമെന്തായിരുന്നു?’
‘എന്റെ ഗുരുവിനോടും ഞാൻ ഇതേ ചോദ്യം ചോദിച്ചിരുന്നു’
ഗുരു ശാന്തനായി തീരത്ത് കൂടി നടന്നു.
പിന്നാലെ ശിഷ്യനും.
തർക്കമറ്റ ഉത്തരം
ReplyDelete