ഇന്നലെയാണയാളെ ജയിലിൽ നിന്നും വിട്ടയച്ചത്. വർഷങ്ങളോളം അതായിരുന്നു അയാളുടെ വാസസ്ഥലം. നിരപരാധിത്വം തെളിഞ്ഞത് കൊണ്ട് വിട്ടയച്ചതാണ്. യഥാർത്ഥ കുറ്റവാളിയെ പിടികൂടിയത് ഈയിടെയാണ്. ശരിയായ തെളിവുകളുടെ ആധാരത്തിൽ തന്നെ.
ജയിൽ നിന്നും ഇറങ്ങിയ അയാൾ താൻ മുൻപ് താമസിച്ചിരുന്നിടത്തേക്ക് പോയി. അവിടെ തന്റെ വീട്ടിൽ ഇപ്പോൾ മറ്റാരോ താമസമാക്കിയിരിക്കുന്നു.
ഭാര്യ?
കുഞ്ഞ്?
അവർ വീടും പറമ്പും വിറ്റ് എങ്ങോട്ടോ പോയിരിക്കുന്നു. ആർക്കും അയാളെ കാണണ്ടായിരുന്നു. ഭീകരമായ കൃത്യം ചെയ്ത അയാളെ ആർക്കും ആവശ്യമായിരുന്നില്ല. ക്ഷീണവും പ്രായവും കാരണം അയാളിപ്പോൾ ജോലി ചെയ്യാൻ കൂടി വയ്യാത്ത അവസ്ഥയിലായിരിക്കുന്നു.
ഇനി എവിടെക്കാണ്..?
ഇനി എങ്ങനെയാണ്..?
തല ചായ്ക്കാൻ ഒരിടം?
ഭക്ഷണം?
ജയിലിൽ സുരക്ഷിതത്വമുണ്ടായിരുന്നു. പോലീസുകാരുടെ കാവൽ..
സമയത്തിനു രുചിയുള്ള ഭഷണമുണ്ടായിരുന്നു..ചപ്പാത്തി..കോഴിക്കറി..
ചെയ്യുന്ന ജോലിക്ക് തുച്ഛമെങ്കിലും കൃത്യമായി വേതനം ലഭിക്കുമായിരുന്നു..
ഇനി?.
ചിന്തകളുടെ കെട്ടഴിച്ചു കഴിഞ്ഞപ്പോൾ അയാൾ ഒരു പാറക്കല്ലെടുത്ത് ബസ്സിനു നേർക്കെറിഞ്ഞു.
അങ്ങനെ, ആ നിമിഷമാണയാൾ യഥാർത്ഥ കുറ്റവാളി ആയത്..
വീണ്ടും ജയിലിലേക്ക്
ReplyDelete