‘ടീ...അവൻ വന്നോ?’
‘അവൻ വന്നോളും...നിങ്ങളൊറങ്ങിക്കോ’
‘അവനെ...അവന്റെ കൂട്ടുകാരുടെ മുന്നില് വെച്ച്...ശ്ശെ..അവനത് വലിയ കൊറച്ചിലായി കാണും...’
‘ങാ...പിന്നല്ലാതെ...ആയിക്കാണും’
‘പിന്നെ എന്ത് ചെയ്യണം? ഇക്കണ്ട നാട് മുഴുവൻ ഞാൻ ഉളീം കൊട്ടൂടീം കൊണ്ട് നടന്ന് പണിയെടുക്കുന്നത്...എല്ലാം അവന് വേണ്ടിയല്ലെ?’
‘അതൊക്കെ അവനറിയാം...കൂട്ടുകാരുടെ കൂടെ കൂടിയപ്പോ...പ്രായം അതല്ലെ?...’
‘നീയെന്താ അവന് വേണ്ടി വക്കാലത്ത് പറയണത്?...നീയാ അവനെ വഷളാക്കുന്നത്’
‘ഓ പിന്നെ!...ഞാനൊന്നുമല്ല...പിന്നെ അവന്റെ കൂടെ നിക്കാൻ ആരെങ്കിലും വേണ്ടെ?’
‘ഞാനെന്താ അത്രയ്ക്കും ദുഷ്ടനാ? നിന്നേം അവനേം ഞാൻ പൊന്നു പോലെയല്ലെ നോക്കണത്?...വല്ല കഷ്ടപ്പാടും ഇതുവരെ അറിയിച്ചിട്ടുണ്ടോ?’
‘നിങ്ങളിങ്ങനെ കെടന്ന് വെഷമിക്കാതെ...അതൊക്കെ ശരി തന്നെ...അല്ല, അവൻ നിങ്ങളെ വല്ലോം തിരിച്ച് പറഞ്ഞോ?’
‘ഇല്ല...നല്ല തല്ല് കിട്ടീട്ടും അവൻ എന്റെ നേരെ നോക്കിയത് പോലുമില്ല...ശ്ശെ...വേണ്ടാരുന്നു...’
‘അവന് നല്ലോണം നൊന്തിട്ടുണ്ടാവും...നിങ്ങടെ മരക്കഷ്ണം പോലത്തെ കൈയ്യല്ലെ?’
‘ഉം...പണിയെടുത്ത് പണിയെടുത്ത്...എന്റെ കൈ മരക്കഷ്ണം പോലെ ആയി...’
‘നിങ്ങടെ മനസ്സ് എനിക്കറിയാം...വിഷമിക്കണ്ട...അതിപ്പഴും നല്ല പഞ്ഞി പോലെയാ...’
‘അവൻ വരില്ലേടീ?...രാത്രി ഒന്നും കഴിക്കാതെ അവൻ എവിടെ ചുറ്റി കറങ്ങുവാണ്?‘
’നിങ്ങള് അതൊന്നും ഓർത്ത് വിഷമിക്കണ്ട! ഇതാദ്യായിട്ടൊന്നുമല്ലല്ലോ? അവൻ ഏതേലും കൂട്ടുകാരുടെ വീട്ടിലായിരിക്കും...‘
’രാത്രി അവനാ കൈതേടെ അടുത്തൂടെ വല്ലോം വന്നാ...അവിടെ ചെലപ്പോ പാമ്പോ മറ്റോ കാണും...‘
’ഓ! ഇങ്ങനൊരു പേടി! അവൻ കൊച്ചൊന്നുമല്ലല്ലോ...ആദ്യായിട്ടൊന്നുമല്ലല്ലോ അവനാ വഴിയൊക്കെ വരുന്നത്?‘
’എനിക്കിപ്പഴും അവൻ കൊച്ചു തന്നാ... അതാ ഞാനറിയാതെ അവനെ തല്ലിപ്പോയത്...‘
’അവൻ വലിയ കുട്ടിയായി...വേണേ നിങ്ങടെ കൂടെ പണിക്ക് കൂട്ടാം..‘
’പിന്നെ! അതിനു വേണ്ടിയല്ലെ ഞാനവനെ ഇങ്ങനെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നത്? ദൈവം സഹായിച്ച് അവന് നല്ല ബുദ്ധിയൊണ്ട്...പഠിച്ച് വല്യ ആളാകാനൊള്ള ചെറുക്കനാ...‘
’എന്നാ പിന്നെ നിങ്ങൾക്ക് അവനോടല്പ്പം സ്നേഹത്തില് വല്ലോം പറഞ്ഞൂടാരുന്നോ?‘
’എനിക്ക് അവനോട് സ്നേഹമില്ലാന്ന് മാത്രം നീ പറയരുത്...എനിക്കതൊന്നും ആരേം കാണിക്കാനറിഞ്ഞൂടാ...പണി കഴിഞ്ഞ്, തളർന്ന് വരുമ്പോ എന്റെ സ്നേഹം മുഴുക്കേം ആവിയായി പോവായിരിക്കും!‘
’നാളെ വെളുപ്പിനെ പോവാനുള്ളതല്ലെ?...ഇപ്പൊ കെടന്നോ‘
’അല്ല...അവൻ ഇതുവരെ വന്നില്ലല്ലോ...ഇന്നവനെ കാണാതെ ഞാനെങ്ങനെ ഒറങ്ങുവെടീ?‘
’എന്നാ പിന്നെ നിങ്ങള് കണ്ണും മിഴിച്ച് ഇരുന്നോ! ഞാനൊറങ്ങാൻ പോവാ...എന്റെ നടു പൊട്ടി...കാലത്ത് മൊതല് തൊടങ്ങിയ പണിയാ...ഒരച്ഛനും മോനും!‘
’ടീ...നീ കേട്ടാ?...ആരോ വാതില് തൊറക്കണ ശബ്ദം...‘
’അതവനാ...ഞാൻ കുറ്റിയിട്ടില്ലാരുന്നു...അവൻ വരൂന്ന് എനിക്കറിഞ്ഞൂടെ?...ഞാനവന്റെ അമ്മയല്ലെ?‘
’എടീ...ഞാൻ ചെന്ന് അവനെ ഒന്നു കാണട്ടെ...നീ എഴുന്നേറ്റ് ചെന്ന് അവന് വല്ലോം കഴിക്കാനെടുത്ത് കൊടുക്ക്...‘
’ഞാനെല്ലാം അവിടെ പാത്രത്തിലാക്കി അടച്ച് വെച്ചിട്ടുണ്ട്...നിങ്ങളൊന്ന് സമാധാനമായി ഇരിക്ക്...‘
’ദാ...അവനിങ്ങോട്ട് വരുന്നു...‘
’നിങ്ങള്...മിണ്ടാതെ അവടെ കണ്ണും അടച്ച് കിടന്നോ!‘
അല്പം കഴിഞ്ഞപ്പോൾ അയാളറിഞ്ഞു,
കാലടി ശബ്ദം സമീപം വന്നു നില്ക്കുന്നത്...
തന്റെ വിണ്ട് കീറിയ കാലുകളിൽ പരിചയമുള്ള കൈകൾ സ്പർശിക്കുന്നത്...
ചുടുതുള്ളികൾ വീണ് തന്റെ കാലുകൾ പൊള്ളുന്നത്...
ഇരുട്ടിലയാൾ കരഞ്ഞു കൊണ്ട് ചിരിച്ചു...
ചിരിച്ചു കൊണ്ട് കരഞ്ഞു...
Sunday, 9 August 2020
അവൻ വന്നോ?
Subscribe to:
Posts (Atom)