Please use Firefox Browser for a good reading experience

Thursday, 2 April 2026

 ഡയറിയിൽ ഒരു പേര്‌

സാബു ഹരിഹരൻ


ഇന്നലെ ആ ഡയറി ഞാൻ തുറന്ന് നോക്കി.

ആ പഴയ ഡയറി.

ചുവന്ന പുറംച്ചട്ടയുള്ള, മുഷിഞ്ഞ കവറുള്ള ഡയറി.

നീല മഷിയിൽ എന്റെ പേരെഴുതി വെച്ച ഡയറി.

വെറുതെ മറിച്ചു നോക്കുമ്പോൾ ആ പേര്‌ കണ്ടു.

എനിക്കപരിചിതമായി തുടങ്ങിയ പേര്‌.

ഞാൻ മറന്നു തുടങ്ങിയ പേര്‌.

വെറും മൂന്നക്ഷരമുള്ള പേര്‌.

എന്റെ പേര്‌ പോലെ തോന്നിപ്പിക്കുന്ന പേര്‌.

യാത്രയിൽ കണ്ടുമുട്ടിയതാണയാളെ.

അല്ല, അയാളപ്പോൾ അവൻ ആയിരുന്നു.

അവൻ പേര്‌ പറഞ്ഞു, ഞാൻ പറഞ്ഞില്ലെങ്കിലും.

ശേഷമവന്റെ ജീവിതവും.

മലർന്ന് കിടക്കുന്ന ജീവിതം.

ചിലപ്പോൾ കമഴ്ന്നും, ചിലപ്പോൾ തിരിഞ്ഞും.

പുറംതിരിഞ്ഞ ജീവിതത്തിന്റെ മുഖം കാണാനായിരുന്നു അവന്റെ ശ്രമം.

അവൻ ദുഖങ്ങൾ പങ്കുവെച്ചില്ല.

പക്ഷെ അവൻ പങ്കുവെച്ചതൊക്കെയും എനിക്ക് ദുഖമായി.

അവൻ സന്തോഷം പങ്കുവെച്ചില്ല.

പക്ഷെ അവൻ പങ്കുവെച്ചതൊക്കെയും എനിക്ക് സന്തോഷമായി.

ഞാൻ നിശ്ശബ്ദനായി അവനെ കേട്ടു.

അവന്‌ എന്റെ കാതുകൾ വേണമായിരുന്നു.

അവന്‌ എന്റെ മുഖം വേണ്ടായിരുന്നു.

ഒരുപക്ഷെ അവൻ ഒരുപാട് മുഖങ്ങൾ കണ്ടത് കൊണ്ടാവാം.

അവൻ മുറിവുകൾ കാട്ടി തന്നു.

ഉണങ്ങിയ മുറിവുകൾ, ഉണങ്ങാത്ത മുറിവുകൾ.

ഉണങ്ങാൻ അനുവദിക്കാത്ത മുറിവുകളും.

പക്ഷെ അവൻ ചിരിച്ചു കൊണ്ടിരുന്നു.

മുറിവുകൾ ചിരി കൊണ്ട് മറയ്ക്കാനാവണം.

അവൻ ഇടയ്ക്കെപ്പോഴോ നിശ്ശബ്ദനായി.

ആരെയോ ഓർത്ത് ഇരുന്നതാവണം.

അങ്ങനെയാവും അവൻ ജീവിതത്തിന്‌ തീ പകരുന്നത്.

നിശ്ശബ്ദത കൊണ്ട് ജീവിതം അണഞ്ഞു പോകാതെ...

അവൻ പറഞ്ഞു, വെറും ശബ്ദം കൊണ്ടും ഒന്നും കഴിയില്ലെന്ന്.

എല്ലാം വെറും ശബ്ദങ്ങൾ.

തീ പകരുന്നതും, അണയ്ക്കുന്നതും ശബ്ദങ്ങൾ.

ശബ്ദം നിശ്ശബ്ദതയെ അണയ്ക്കില്ലെന്ന് അവൻ പറഞ്ഞു.

നിശ്ശബ്ദതയ്ക്ക് ശബ്ദത്തേക്കാൾ ഒച്ചയുണ്ടത്രേ.

ശബ്ദത്തേ വിഴുങ്ങാനാവുമത്രേ.

എല്ലാം വെറും ശബ്ദങ്ങൾ - അവന്റെ വാക്കുകൾ പോലും.

ഞാനോർത്തു.

അവൻ പറഞ്ഞതൊക്കെയും എനിക്ക് മനസ്സിലായില്ല.

മനസ്സിലായത് പോലെ ഞാൻ അഭിനയിച്ചില്ല.

ഞാൻ മനസ്സിലാക്കണമെന്ന് അവൻ ഭാവിച്ചുമില്ല.

അവൻ പറഞ്ഞതൊക്കെയും ഞാൻ പകർത്തി വെച്ചു.

നീല മഷിയിൽ അവന്റെ കറുത്ത ജീവിതം.

വർഷങ്ങൾക്ക് ശേഷം അവന്റെ ശബ്ദവും നിശ്ശബ്ദതയും ഞാൻ വായിച്ചു.

ശബ്ദത്തിലൂടെ അവന്റെ മുഖവും ജീവിതവും വീണ്ടും കണ്ടു.

മറന്ന് തുടങ്ങിയത് തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.

തെളിഞ്ഞതൊക്കെയും മറന്ന് തുടങ്ങിയിരിക്കുന്നു.

ജീവിതം പോലെ തന്നെ!

ഒരു യാത്ര പോലെ.

ഒരു യാത്രയിൽ കണ്ട അവൻ.

തെളിഞ്ഞ് മറഞ്ഞ ഒരു കൊള്ളിയാൻ.

ജീവിതത്തിൽ ഒരു ശബ്ദം ബാക്കി വെച്ചവൻ.

എവിടെയവൻ?

അറിയില്ല. ചിലപ്പോഴവൻ ശബ്ദമായി മാറിയിട്ടുണ്ടാവും.

ചിലപ്പോൾ നിശ്ശബ്ദമായി മാറിയിട്ടുണ്ടാവും.

ഞാൻ ഡയറി അടച്ചു.

ചുവന്ന നിറമുള്ള ഡയറി വീണ്ടും പഴയ വലിപ്പിലേക്ക്..

നിശ്ശബ്ദത കൊണ്ട് ഞാൻ ശബ്ദം മറച്ചു.

ഞാനപ്പോൾ എന്നെ അറിഞ്ഞു.

ഞാനിപ്പോഴും അവൻ തന്നെയാണ്‌.


02-ഏപ്രിൽ-2026





Post a Comment