Please use Firefox Browser for a good reading experience

Friday 27 December 2013

ഒരു ഫേസ്ബുക്ക് ഗാഥ


‘Wish you a safe journey!’
‘Enjooooy’
‘അസൂയ’
‘Keep posting the photos’

വേറേയും ധാരാളം മെസെജുകൾ.
അശംസകൾ, അസൂയ പൊതിഞ്ഞു വെച്ച വാക്കുകൾ, ചില ഓർമ്മിപ്പിക്കലുകൾ.
ജോൺ സക്കറിയ താൻ ഫേസ്ബുക്കിൽ വെറും പന്ത്രണ്ട് മിനിട്ട് മുൻപ് മാത്രമിട്ട സ്റ്റാറ്റസിനു വന്ന കമന്റുകൾ വായിക്കുകയായിരുന്നു. അല്ല, വായിച്ചു രസിക്കുകയായിരുന്നു. ലൈക്കുകളുടെ എണ്ണം നോക്കി ആസ്വദിക്കുകയായിരുന്നു.

‘മതി. അതും നോക്കി ഇരുന്നത്. ആവശ്യത്തിനു ലൈക്കും കമന്റും കിട്ടിയല്ലോ. ഇനി ആ ബാഗൊക്കെ ഒന്ന് പായ്ക്ക് ചെയ്യാൻ നോക്ക്. അവിടെ ചെന്നിട്ട് കഴിഞ്ഞ തവണത്തെ പോലെ അതു കണ്ടില്ല, ഇതു കണ്ടില്ല എന്നൊന്നും പറയരുത്!’

ജെസ്സി പറഞ്ഞതിൽ കുറച്ച് അധികാരഭാവം കൂടി പോയില്ലെ എന്ന് ജോണിനു സംശയം തോന്നി. എന്നാലും പറഞ്ഞത് കാര്യം തന്നെ. അവളോട് തർക്കിച്ച് ജയിക്കാൻ ഈ ജന്മം കഴിയുകയുമില്ല. അയാൾ അനുസരണയോടെ അകത്തെ മുറിയിൽ പോയി.

പലകുറി അയാൾ അവധിക്ക് പല പദ്ധതികളും മെനെഞ്ഞതാണ്‌. ഒന്നുകിൽ അയാളുടെ അല്ലെങ്കിൽ അയാളുടെ പ്രേയസിയുടെ - ആരുടെയെങ്കിലും അവധി ദിവസങ്ങൾ അനുവാദം കിട്ടാതെ പോകും. അങ്ങനെ സ്വന്തം പദ്ധതികൾ കായലിലൂടെ ഓടുന്ന തീവണ്ടി പദ്ധതി പോലെ എങ്ങുമെത്താതെ പോയ്ക്കൊണ്ടിരുന്നു. ജോലി രാജി വെച്ചിട്ട് വിനോദിക്കാൻ പോയാലോ എന്നു വരെ അയാൾ പ്ലാൻ ചെയ്തതാണ്‌. അപ്പോഴൊക്കെ, ‘കാർ..വീട്..ലോൺ..ഇതൊന്നും മറക്കരുത്..ലോൺ മറന്ന് എണ്ണ തേക്കരുത്’ - ഇങ്ങനെയൊക്കെ സ്വപ്നത്തിൽ പുണ്യാളൻ വന്നു പറയും. ദൈവഭക്തിയോ ദൈവഭയമോ - ജോണിക്കുട്ടൻ രാജി വെയ്ക്കുക എന്ന കടുത്ത പ്രയോഗത്തിൽ നിന്ന് പിന്തിരിയും.

കുടുബം മുഴുവനായി പ്രാർത്ഥനയിൽ ഈയൊരു കാര്യം കർത്താവിന്റെ ശ്രദ്ധയിൽ പെടുത്തി.
‘അപേക്ഷയാണ്‌..തള്ളിക്കളയരുത്..’ കുട്ടികളായ സാമും, സനിലും മെഴുതിരി വെട്ടത്തിൽ നിഷ്ക്കളങ്കതയോടെ അപേക്ഷിച്ചു. ആരുടെ അപേക്ഷയാണ്‌ സ്വീകരിക്കപ്പെട്ടതെന്നറിയില്ല, ഈ പ്രാവശ്യം ജോണിയുടെയും, ജെസ്സിയുടെയും അവധി അപേക്ഷകൾ മേലധികാരികൾ നിർദ്ദയം തള്ളിക്കളഞ്ഞില്ല.

അവധി കിട്ടിയത് കുട്ടികളുള്ളപ്പോൾ കേക്കും ചോക്ക്ലേറ്റും തിന്നും, കുട്ടികളില്ലാത്തപ്പോൾ മദ്യം (നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യം ആരോഗ്യത്തിനു ഹാനികരം) കുടിച്ചും ആഘോഷിച്ചു.

എവിടെ പോകണം?
മൂന്നാർ?
തേക്കടി?
ഊട്ടി?
വയനാട്?

ആകെയുള്ളത് ഒരാഴ്ച്ചയുടെ സ്വാതന്ത്ര്യം. ആഘോഷിക്കാനുള്ളത് മാസങ്ങളുടെ വിനോദവും.
‘കുട്ടികൾക്ക് വിട്ടു കൊടുക്കാം. അവരല്ലെ കുറെ നാളായി പറഞ്ഞു കൊണ്ടിരുന്നത്’ - ജെസ്സി വളരെ കൂളായി പറഞ്ഞു.

ഇന്നത്തെ കുട്ടികൾ അന്നത്തെ കുട്ടികളെ പോലെയല്ല. ഇവരെ തോല്പ്പിക്കാൻ കഴിയില്ല. ഇവർക്ക് ഗൂഗിളുണ്ട്!. അവർ തിരെഞ്ഞു, സഹപാഠികളുമായി ചർച്ച ചെയ്തു. ഒടുവിൽ വിധി പ്രസ്താവിച്ചു.
‘ഊട്ടി!!’ - മൂത്തവൻ.
‘എങ്കിൽ കൊടൈക്കനാലും!!’ - ഇളയവൻ തന്റെ വോട്ടും വിനിയോഗിച്ചു.

താൻ വിചാരിച്ചത് തന്നെയാണല്ലോ ഈ കുട്ടിക്കശ്മലന്മാർ കൊണ്ടു വന്നത്!. പാലു കുടിച്ചാലോ എന്നു വിചാരിക്കുമ്പോഴേക്കും വൈദ്യൻ കല്പിച്ച് കഴിഞ്ഞിരിക്കുന്നു!. എങ്കിലും അമിതാഹ്ലാദം പുറത്ത് കാട്ടാതെ അയാൾ പറഞ്ഞു,
‘ഓക്കെ..എല്ലാം നിങ്ങളുടെ ഇഷ്ടം..’

അപ്പോൾ തന്നെ അയാൾ ഫേസ്ബുക്കിലൂടെ ലോകത്തോട് പ്രഖ്യാപിച്ചു, ‘ഇതാ ഞാനും എന്റെ കുടുംബവും തണുത്ത ഊട്ടിയിലേക്ക്..’ - കൂട്ടത്തിൽ പണ്ട് അധ്യാപകന്റെ അടി പേടിച്ച് മനപ്പാഠമാക്കിയ, ഇപ്പോഴും അർത്ഥമെന്തെന്നറിയാത്ത ഏതോ ഒരു കവിതയുടെ നാലു വരികളും.

കമന്റുകളുടെ മലവെള്ളപ്പാച്ചിൽ കണ്ട് ജോൺ സക്കറിയ ‘ഞാനിത്രയും പോപുലറാണെന്നതറിഞ്ഞില്ലല്ലോ. കുറച്ച് മുൻപേ ഫേസ്ബുക്ക് ഉപയോഗിച്ച് തുടങ്ങേണ്ടതായിരുന്നല്ലോ’ എന്നൊക്കെ ഓർത്തു വ്യസനിച്ചു. അടുത്ത നിമിഷം ‘പോട്ടെ, ഇപ്പോഴെങ്കിലും ആ മഹാസത്യം തിരിച്ചറിഞ്ഞല്ലോ’ എന്ന് സ്വയം ആശ്വസിക്കുകയും ചെയ്തു.

വാടകയ്ക്കെടുത്ത ഒരു ടാറ്റാ സുമോയിൽ കുടുംബം യാത്രയായി.
മലയുടെ തുമ്പ്, കായലിലേക്ക് ചാഞ്ഞ് ‘ഇപ്പോ വീണു കളയുവേ’ എന്ന ഭാവത്തിൽ നില്ക്കുന്ന തെങ്ങുകൾ..ഇവയൊക്കെ മൊബൈലിൽ ഫോട്ടോ എടുത്ത് അപ്പപ്പോൾ തന്നെ ഫേസ്ബുക്കിൽ അഭിമാനത്തോടെ ഷെയർ ചെയ്തു നിർവൃതിയടഞ്ഞു. ‘ഈ സാങ്കേതിക വിദ്യയെ കൊണ്ടു തോറ്റു’ എന്നു അപ്പോഴൊക്കെ മനസ്സിൽ പറയുകയും ചെയ്തു.

ഊട്ടിയിൽ അങ്ങോളമിങ്ങോളം ഓടി നടന്നു. മലയും, തടാകവും കണ്ണു തുറന്നു കാണും മുൻപെ മൊബൈൽ ഫോണിനു ഇരയായി. ഫേസ്ബുക്കിനു ആഹാരവും. തടാകത്തിലൂടെയുള്ള ബോട്ട് യാത്ര, മസാല ചായ കുടിക്കുന്നത്, കുതിരപ്പുറത്തുള്ള യാത്ര, കുരങ്ങന്മാരുടെ ചിത്രങ്ങൾ (എന്തു കൊണ്ടാണ്‌ കുരങ്ങന്റെ ചിത്രത്തിനു തന്റെ ചിത്രത്തിനേക്കാൾ ലൈക് കിട്ടിയതെന്ന് ജോണി കുറച്ച് നേരം ആലോചിച്ചിട്ട് ഉപേക്ഷിച്ചു). ജെസ്സിയോടൊത്ത് നിന്നും, ഇരുന്നും, മടിയിൽ തല ചായ്ച്ച് കിടന്നും ഫോട്ടോകൾ എടുത്ത് ‘ഇനിയുമൊരങ്കത്തിനുണ്ട് ബാല്യം’ എന്നൊരു ക്യാപ്ഷനും കൊടുത്ത് ഫേസ്ബുക്കിൽ ചാർത്തി. സുഹൃത്തുക്കൾ..അവർ അസൂയ കൊണ്ട് പുളയണം..‘കണ്ടോടാ ഞാൻ കിടന്ന് സുഖിക്കുന്നത്’ എന്നു വരെ നിയന്ത്രണം വിട്ട് എഴുതി പോകുമോ എന്നയാൾ ഭയപ്പെട്ടു.

വഴിയിൽ നിരത്തി വെച്ചിരിക്കുന്ന വില കുറഞ്ഞ സാധനങ്ങൾ ഒരു ആവശ്യമില്ലെങ്കിൽ പോലും കച്ചവടക്കാരനുമായി ദീർഘനേരം വിലപേശി വാങ്ങുകയും അതെല്ലാം കൂട്ടിയിട്ട് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ലൈക്കും കമന്റും വാരിക്കൂട്ടിയയാൾ. ഒരു ഘട്ടത്തിൽ താൻ ഇവിടെ വന്നത് തന്നെ ഫോട്ടോ എടുക്കാനും അതെല്ലാം ഫേസ്ബുക്കിൽ ഇടാനും മാത്രമായിരുന്നോ എന്നു പോലും അയാൾക്ക് സംശയം തോന്നി പോയി. എല്ലാവരും സന്തോഷത്തിലായിരുന്നതു കൊണ്ട് ആ സംശയം ആരോടും പങ്കു വെയ്ക്കണ്ട എന്നയാൾ ബുദ്ധിപൂർവം തീരുമാനിച്ചു. പക്ഷെ ഒരോ ലൈക്കും ഒരോ കമന്റും അയാളെ ഹരം കൊള്ളിച്ചു കൊണ്ടിരുന്നു. അതൊരു ലഹരിയായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.

മഞ്ഞു മലകളോട് വിട പറയുന്ന ഫോട്ടോയും പോസ്റ്റ് ചെയ്ത് അയാൾ തിരികെയുള്ള യാത്ര ആരംഭിച്ചു. ഇനി വീണ്ടും ഓഫീസ്..വീട്..വീട്..ഓഫീസ്. ‘ഇതിൽ നിന്നൊരു മോചനമില്ലെ കർത്താവെ’ അയാൾ ദയനീയതയോടെ മനസ്സിൽ ചോദിച്ചു.

മക്കൾ വാഹനത്തിന്റെ ജനലിലൂടെ പുറത്തെ കാഴ്ച്ചകൾ ആർത്തിയോടെ നോക്കി കൊണ്ടിരിക്കുന്നു. ജെസ്സി വായും പൊളിച്ച് തോളിൽ ചാരിയിരുന്നുറങ്ങുന്നു. ‘ഞാനെത്ര ഭാഗ്യവാനാണ്‌’ അയാൾ സന്തോഷക്കണ്ണീർ അടക്കാൻ പാടു പെട്ടു.

സുമോക്ക് കൊടുക്കാനുള്ള പൈസയും കൊടുത്ത് വീട്ടിൽ കയറാൻ തുടങ്ങുകയായിരുന്നു. വാതിൽ തുറക്കാൻ താക്കോൽ എടുത്തു വെച്ചപ്പോൾ എവിടെയോ എന്തോ ഒരു പന്തികേട് പോലെ. വീട്ടിനകത്തേക്ക് കയറിയിപ്പോൾ തനിക്ക് വീടു മാറിപ്പോയോ എന്നു പോലും സംശയമായി. ടിവി ഇരിക്കുന്ന ടേബിൾ നല്ല വൃത്തിയായി ഇരിക്കുന്നു. മറ്റൊന്നുമല്ല, ടി വി അപ്രത്യക്ഷമായിരിക്കുന്നു!. ഒന്നു കണ്ണോടിച്ചപ്പോൾ മനസ്സിലായി - മ്യൂസിക് സിസ്റ്റവും ടിവിയുടെ വഴി പിന്തുടർന്നിരിക്കുന്നു!. അകത്തെ മുറിയിൽ തുറന്നു കിടക്കുന്ന മേശവലിപ്പുകൾ, കുത്തിത്തുറന്ന അലമാരകൾ..താഴേയും കട്ടിലിലും കിടക്കുന്ന വസ്ത്രങ്ങൾ..അടുക്കളയിൽ സവാള അരിഞ്ഞതിന്റെ ബാക്കിപത്രം..ഉണങ്ങിയ, പിളർന്നു കിടക്കുന്ന മുട്ടത്തോടുകൾ..ഫ്രിഡ്ജ് വലിച്ചു നിരക്കിയതിന്റെ പാടുകൾ നിലത്ത് കാണുന്നുണ്ട്..

ഭൂമി കറങ്ങി തുടങ്ങി.
ജെസ്സിയുടെ നിലവിളി നാലു വീടും കഴിഞ്ഞ് ജങ്ക്ഷൻ വരെയെത്തി കഴിഞ്ഞു.
കുട്ടികൾ ‘അതു കാണുന്നില്ല..ഇതു കാണുന്നില്ല..’ എന്നൊക്കെ പറഞ്ഞു തുടങ്ങുന്നു..
വെള്ളം..വെള്ളം..എവിടെ വെള്ളം..അയാൾ ഡൈനിംഗ് ടേബിളിൽ വെള്ളം നിറച്ചു വെച്ചിരുന്ന കൂജ തിരെഞ്ഞു പോയി.

അവിടെ വെച്ചിരുന്ന ചെറിയ പ്ലാസ്റ്റിക് പൂച്ചെട്ടിക്കു താഴെയായി..ഒരു തുടിപ്പ്..തല നീട്ടി നില്ക്കുന്ന ഒരു ചെറിയ കടലാസ്. അയാൾ വേഗമതെടുത്തു.

വെറും ഒരു വാചകം മാത്രമെ അതിലുണ്ടായിരുന്നു.
വിട്ടു നില്ക്കുന്ന അക്ഷരങ്ങൾ ഇങ്ങനെ പറഞ്ഞു,
‘Thanks for your facebook status’..അതിനു പിന്നാലെ ഒരു സ്മൈലിയും..

ഭൂമി വീണ്ടും കറങ്ങാൻ തുടങ്ങി..
ഇപ്രാവശ്യം കുറച്ചു കൂടി വേഗത്തിലാണോ എന്നയാൾക്ക് സംശയം തോന്നി..

Post a Comment

23 comments:

  1. വായനക്കാർക്ക് നന്ദി.

    ReplyDelete
  2. ഫെയ്സ്‌ബുക്കിനെ കുറിച്ച് മറ്റുള്ളവർ പ്രത്യേകിച്ച് ചെറുപ്പക്കാർ പറയുന്നത് കേട്ട് എനിക്ക് ചിരിവരാറുണ്ട്. പലതും ഓരോ കഥക്ക് വകയുണ്ട്. അവരുടെ വിശ്വാസം സ്ത്രീകൾക്കും പ്രായമായവർക്കും ഒന്നുംതന്നെ അറിയില്ല , എന്നാണ്. ഒരിക്കൽ റോഡരികിൽ നിന്ന് ഞാൻ ഫോട്ടോ എടുക്കുമ്പോൾ ഏതാണ്ട് പന്ത്രണ്ട് വയസ്സുള്ള കുട്ടികൾ ഫോട്ടോയുടെ ആവശ്യം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, ‘ഫെയ്സ്ബുക്കിൽ ഇടാൻ’. അവർ ആശ്ചര്യത്തോടെ ചോദിച്ചു, “പ്രായമായ നിങ്ങൾക്കും ഫെയ്സ്ബുക്കോ?” ,,, കഥ നന്നായി.

    ReplyDelete
  3. മോഷ്ടാക്കള്‍ക്കും ഫേസ് ബുക് അക്കൌണ്ട് ഉണ്ടാവും..

    കഥ കൊള്ളാം ... ഈ താക്കീത് നന്നായി.

    ReplyDelete
  4. എന്തും ഏതും സ്റ്റാറ്റസ് ആയി ഇടുന്നവര്‍ക്കുള്ള താക്കീത്... കഥ ഇഷ്ടായി

    ReplyDelete
  5. കള്ളൻ അവിടെയും കള്ളൻ തന്നെ മോഷ്ടിച്ച വിവരം ഫേസ് ബുക്കിൽ എന്ത് ബുദ്ധിപൂർവ്വം അപ്ഡേറ്റ് ഇടാതിരിക്കുന്നു എന്ന് നോക്കിക്കേ കഥ നന്നായി എഴുത്തിലെ നർമവും ആസ്വദിച്ചു

    ReplyDelete
  6. സ്പൈവർക്കിനും ഇപ്പോൾ ഏറ്റവും അധികം
    ഡിപ്പന്റ് ചെയ്യുന്നത് ഫേസ് ബുക്കിനെ തന്നെയാണ്...!

    ReplyDelete
  7. കഥയുടെ അവതരണവും അതിന്റെ പര്യവസാനവും വളരെ നന്നായി. ആശംസകള്‍

    ReplyDelete
  8. കഥ ഇഷ്ട്ടപെട്ടു....
    പലപ്പോഴും മനസ്സില് തോന്നിയിട്ടുള്ള ഒരു കാര്യം തന്നെ..

    ReplyDelete
  9. അപ്പൊ ഇനി മുതല്‍ ടൂര്‍ പോകുമ്പോ "ഞാന്‍ വീട്ടില്‍ തന്നെ ഉണ്ട്" .. എന്നൊരു സ്റ്റാറ്റസ് ഇടുന്നതായിരിക്കും നല്ലത്..
    ആശയം നന്നായി..

    ReplyDelete
  10. സ്റ്റാറ്റസില്ലാത്ത നമുക്കൊക്കെ സ്റ്റാറ്റസ് ഉണ്ടാക്കിയവനല്ലെ എഫ് ബി :)

    ReplyDelete
  11. വര്‍ഷാന്ത്യ സമയത്ത് നല്ല ഒരു കഥ വായിച്ച നിര്‍വൃതി. ഹാപ്പി ന്യൂ ഇയര്‍ സബുവേട്ടാ.

    ReplyDelete
  12. കുറെ നാളായി സാബുവിന്റെ കഥകള്‍ വായിക്കാതിരുന്ന എന്നെക്കൊണ്ട് ഫേസ് ബുക്ക് എന്ന ഒറ്റവാക്ക് കഥ വായിക്കാന്‍ പ്രേരിപ്പിച്ചു. അപ്പോ ഇനി സ്റ്റാറ്റസില്‍ കഥ വായിച്ചകാര്യം പറയാം,കൂടെ ഒരു ഷെയറും....എന്ത്യേ...?

    ReplyDelete
  13. കഥ വായിച്ചു വരവേ ഇതില്‍ ഒരു പുതുമയും ഇല്ലല്ലോ എന്നാണു തോന്നിയത്. പക്ഷെ ക്ലൈമാക്സ് കലക്കി.ഒപ്പം ഒരു ഗുണപാഠവും ലഭിച്ചു. നന്ദി.ഇനി എവിടെയെങ്കിലും ടൂര്‍ കഴിഞ്ഞു വന്നെ ഫേസ്‌ബുക്കില്‍ ഫോട്ടോ ഇടുകയുള്ളു.സത്യം.

    ReplyDelete
  14. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ എത്രമാത്രം അപകടകാരികള്‍ ആണെന്ന് ഈയിടെ ഒരു നേരനുഭവം കൊണ്ട് എനിക്ക് മനസ്സിലായി.... കഥ അവതരണ മികവും കൃത്യമായ ക്ലൈമാക്സ് കൊണ്ടും അതീവഹൃദ്യമായി....

    ReplyDelete
  15. ക്ലൈമാക്സ് കലക്കി

    ReplyDelete
  16. ആപത്ത് സ്വയം ക്ഷണിച്ചുവരുത്തുന്നു!
    നന്നായി കഥ
    ആശംസകള്‍

    ReplyDelete