Please use Firefox Browser for a good reading experience

Sunday 29 January 2017

പട്ടങ്ങൾ


ഒരോതവണയും അച്ഛനെ കുറിച്ച് സംസാരിക്കുമ്പോൾ അമ്മ ഒരോരോ പുതിയ കഥകളാണ്‌ പറഞ്ഞു തരിക. അനന്തസാദ്ധ്യതകളാണ്‌ അമ്മ പറയുന്ന കഥകൾക്ക്. ഒരിക്കൽ പറഞ്ഞു, അച്ഛൻ ഉപേക്ഷിച്ചു പോയതാണെന്ന്. മറ്റൊരിക്കൽ വള്ളം മുങ്ങി മരിച്ചു പോയെന്ന്.. മറ്റൊരിക്കൽ ദുബായ്‌ലേക്ക് ഉരു കയറി പോയെന്ന്..മറ്റൊരിക്കൽ വേറെയേതോ സ്ത്രീയുമായി എവിടേക്കോ..
സത്യം പറയുകയാണെങ്കിൽ അതെല്ലാം ഞാൻ വിശ്വസിച്ചു. സ്വന്തം ഭാവനയുടെ അതിർവരമ്പുകൾ നിരന്തരം ഭേദിക്കാൻ ശ്രമിക്കുന്ന ഒരു കലാകാരിയായിരുന്നു അമ്മ. ആ ഭാവനയുടെയരികിൽ നിന്നും പൊടിഞ്ഞിളകുന്നത് എന്റെ മേൽ വീഴാൻ ഞാനനുവദിച്ചു. അതാവാം എല്ലാം വിശ്വസിക്കാൻ ഞാൻ തയ്യാറായത്. ഏറ്റവും അതിശയകരമായ കാര്യം ഈ കഥകളെല്ലാം കേട്ടിട്ടും എനിക്കെന്റെ അച്ഛനെ തിരക്കിപോകാൻ ഒരിക്കൽ കൂടി തോന്നിയില്ല എന്നതാണ്‌!.

അമ്മ കഥകൾ മെനഞ്ഞെടുക്കുന്നത്രയും സ്വാതന്ത്ര്യം എനിക്കില്ലായിരുന്നു. സുഹൃത്തുക്കളോട്‌ ഒരോ തവണയും അച്ഛനെ കുറിച്ച് ഓരോ കഥകൾ പറയുകയാണെങ്കിൽ അതു സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു കാരണം എനിക്ക് അമ്മയുമായി മത്സരിക്കുന്നതിൽ തീർത്തും താത്പര്യമില്ലായിരുന്നു എന്നതു തന്നെ. സമാനദുഖിതരെയാണ്‌ ഞാൻ സുഹൃത്തുക്കളായി കൂട്ടിയത്. പിതൃഹീനരായ സുഹൃത്തുക്കളായിരുന്നു അധികവും. ഒരേ നഷ്ടം പേറുന്നവർ കൂട്ടുകൂടുമ്പോൾ അവർക്കിടയിൽ അവരുടേതു മാത്രമായൊരാനന്ദം ഊറി വരുന്നത് സ്വാഭാവികം. അതിൽ മുങ്ങിക്കിടന്നു ഞാനവരോടൊപ്പം.

എന്നാലെന്റെ സ്വപ്നങ്ങളെ, ഭാവനകളെ, അടുക്കിനു വെച്ചിരുന്ന കഥകളെ തകർക്കുന്ന ഒരു സംഭവമുണ്ടായി. ഒരു നിസ്സാരസംഭവം. കത്തിനില്ക്കുന്ന ഒരുച്ചയിൽ വിയർപ്പിൽ കുതിർന്ന ഉടുപ്പണിഞ്ഞ് അച്ഛൻ കയറി വന്നു. ആ മനുഷ്യൻ ക്ഷീണിതനായിരുന്നു. നര ബാധിച്ച തലമുടി. ക്ഷീണമറിഞ്ഞ കണ്ണുകൾ. അഴുക്കു നിറഞ്ഞ കൈനഖങ്ങൾ. വിലകുറഞ്ഞ ചെരുപ്പ്. ഇതാണോ എന്റെ അച്ഛൻ?. ഒരു പക്ഷെ ഞാൻ നരബാധിതനായാൽ, നെഞ്ചു കുഴിഞ്ഞു പോയാൽ, കൺകോണുകളിൽ ചുളിവുകൾ വീണാൽ ആ രൂപവുമായി സാമ്യമുണ്ടാകും. ഒരു വിദൂരഛായ നിഷേധിക്കാനാവില്ല.

എന്നെ ‘മോനെ’ എന്നും അമ്മയെ ‘വിജയേ’ എന്നും ആ മനുഷ്യൻ കരച്ചിലോളം വലിഞ്ഞു പോയ ശബ്ദത്തിൽ വിളിച്ചു. തികഞ്ഞ നിസ്സംഗതയോടെ, ഒരപരിചതനെ കാണുമ്പോഴുള്ള ജിജ്ഞാസ പോലുമില്ലാതെ അമ്മ ആ മനുഷ്യനെ ഉഴിഞ്ഞു നോക്കിയിട്ടകത്തേക്കു കയറി പോയി. അടുപ്പിലെരിയുന്ന എന്തോ ഒന്ന് ഓർത്തതുപോലെ. എന്റെ വയസ്സൻ പ്രതിരൂപത്തെ ഒരു നിമിഷം നോക്കിനിന്ന ശേഷം ഞാനിറങ്ങി പോയി. ആരെയോ കാണുവാനോ, എന്തോ ആവശ്യത്തിനു പോവുകയാണെന്നൊ പോലെ. എന്തിനങ്ങനെ ചെയ്തുവെന്നറിയില്ല. അങ്ങനെ തോന്നി. അങ്ങനെ ചെയ്തു. അത്രമാത്രം.

ഇടയ്ക്ക് ഞാനൊർക്കും, ആ മനുഷ്യൻ എന്താവും അവിടെ തനിയെ നിന്നപ്പോൾ ചിന്തിച്ചിട്ടുണ്ടാവുകയെന്ന്, എന്തൊക്കെ ചെയ്തിട്ടുണ്ടാവുകയെന്ന്. ഒരുപക്ഷെ കസേരയിലുപേക്ഷിച്ച എന്റെ മുഷിഞ്ഞ ഷർട്ടെടുത്ത് മണത്ത് നോക്കിയിട്ടുണ്ടാവും. മുറ്റത്ത് അയയിൽ കിടക്കുന്ന അമ്മയുടെ വസ്ത്രങ്ങളിലേക്ക് കണ്ണു പായിച്ചിട്ടുണ്ടാവും. ഇരുകൈകളാൽ മുഖം പൊത്തി നിന്നിട്ടുണ്ടാവും. ഒരു പക്ഷെ ഒരു മൺകട്ട പോലെ അവിടെ പൊടിഞ്ഞു വീണിട്ടുണ്ടാവും.

രാത്രിയാണ്‌ ഞാൻ തിരികെ വന്നത്. വരുമ്പോഴും ഞാനൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആ മനുഷ്യൻ ഉമ്മറത്ത് ഒരു കോണിലിരുപ്പുണ്ടാവുമോ? - ആ ചിന്ത പോലുമുണ്ടായില്ല. പക്ഷെ എനിക്ക് വലിയൊരു നഷ്ടബോധമുണ്ടായി. ഒരിക്കലുമിനി അമ്മയ്ക്ക് പഴയതു പോലെ സ്വപ്നങ്ങൾ സൃഷ്ടിക്കാനാവില്ല. ഇനിയൊരിക്കലും അമ്മ അച്ഛനെ പറ്റി പറയുകയില്ല. ഒരു തവണ അസംഖ്യം ഭാവനകളിലൊന്ന് തോട് പൊളിച്ച് പുറത്ത് വന്നാലുള്ള അപകടങ്ങളിലൊന്നാണത്. ആ ഒരൊറ്റ കാരണം കൊണ്ട് ആ മനുഷ്യൻ എന്നെത്തേടി വരേണ്ടിയിരുന്നില്ല എന്നു പോലുമെനിക്ക് തോന്നി.

അമ്മ ഉറങ്ങിയതിനു ശേഷം ഞാൻ അലമാരിയുടെ ഏറ്റവും അടിയിലത്തെ തട്ടിൽ സൂക്ഷിച്ചിരുന്ന ചെറിയ ബോക്സ് എടുത്തു നോക്കി. കുട്ടിക്കാലത്ത് ഞാനുപോഗിച്ചിരുന്ന ജ്യോമട്രി ബോക്സായിരുന്നു അത്. അതിലാണമ്മ താലി സൂക്ഷിച്ചിരുന്നത്. ഞാൻ നോക്കുമ്പോൾ ആ ചെറിയ ആലിലത്താലി അവിടെയില്ലായിരുന്നു. എവിടെയാവുമത്?. ആ മനുഷ്യനു തന്നെ തിരികെ കൊടുത്തിട്ടുണ്ടാവുമോ?. അതോ അമ്മയത് ദൂരേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടാവുമോ?. അതുവരേയ്ക്കും തോന്നാതിരുന്ന ഒരു ചോദ്യം എനിക്കന്നു തോന്നി. എന്തിനായിരുന്നു ആ താലി അമ്മ ഇത്രനാളും സൂക്ഷിച്ചിരുന്നത്?..

അയാൾ വന്നു പോയിട്ടിന്നുവരെ അച്ഛനെക്കുറിച്ച് അമ്മ പറഞ്ഞിട്ടില്ല. അമ്മയുടെ ഭാവനയുടെ പട്ടത്തിന്റെ ചരട് മുറിഞ്ഞ് പോയിട്ടുണ്ടാവും. എവിടെയോ ആ പട്ടം ചെന്നു വീണു പോയിട്ടുണ്ടാവും. ചിലപ്പോൾ മറ്റാരോ ആ പട്ടം എടുത്തിട്ടുണ്ടാവും. എന്റെ അമ്മയെ പോലെ മറ്റാരോ..




Post a Comment

3 comments:

  1. ഓ!!!വളരെ നല്ലൊരു കഥ.താലി തിരികെ കൊടുത്തിട്ടുണ്ടാകും അല്ലേ???

    ReplyDelete
  2. മനുഷ്യ മനസ്സുകളുടെ,ബന്ധങ്ങളുടെ സങ്കീർണത കാണിച്ചു തരുന്ന ഒരു കഥ. നന്നായി എഴുതി. നല്ല കഥ. പെട്ടെന്ന് തീർക്കാനുള്ള ഓർ വ്യഗ്രത കഥ പറച്ചിലിൽ അനുഭവപ്പെട്ടു

    ReplyDelete
  3. ഭാവനയുടെ ഒരു പട്ടം പോലെ ...

    ReplyDelete