Please use Firefox Browser for a good reading experience

Monday 13 March 2017

ബലൂൺ


















മാർച്ച് 26 2017 മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.


അയാൾ രാവിലെ തന്നെ പുറത്തേക്കിറങ്ങി നടന്നു. ഒരു ബലൂൺ വാങ്ങണം. കടക്കാരനോടൊരു ബലൂൺ ആവശ്യപ്പെട്ടു.
‘പിറന്നാളാണ്‌, അല്ലെ..?’
‘ഉം’
കാശെടുക്കാൻ പോക്കറ്റിലേക്ക് കൈ നീട്ടിയപ്പോൾ കടക്കാരൻ തടഞ്ഞു.
‘വേണ്ട, നമ്മുടെ മോളല്ലെ?’
തിരികെ നടക്കുമ്പോൾ ആ കുഞ്ഞുമുഖമയാൾ കണ്ടു.
ബലൂൺ വീർപ്പിക്കുമ്പോൾ ഒരു പൂവിടരുംപോലെ മുഖം വിടരുന്നത്..കണ്ണുകൾ വലുതാവുന്നത്.
ബലൂണിന്റെ കാറ്റ് കുറഞ്ഞ്, അത് ശുഷ്ക്കിച്ച് ചെറുതാവുമ്പോൾ ഒരു തൊട്ടാവാടിയില പോലെ മുഖം വാടുന്നത്..കുനിഞ്ഞു പോകുന്നത്..

വീട്ടിലേക്ക് കയറിച്ചെന്ന് അയാൾ ബലൂൺ വീർപ്പിക്കാൻ തുടങ്ങി.
പിന്നീടതിന്റെ കഴുത്തിൽ, നൂലുകൊണ്ടൊരു കെട്ടിട്ടു. അകത്തെ മുറിയിലേക്ക് പോയി മേശപ്പുറത്തിരുന്ന ഫോട്ടോയുടെ മുന്നിൽ വെച്ചു.
‘എന്നും..നമ്മുടെ മോൾക്ക് അഞ്ചുവയസ്സ്..അല്ലെ?’
പതിയെ അത് പറയുമ്പോൾ കട്ടിലിൽക്കിടന്ന സ്ത്രീരൂപം അടക്കിപ്പിടിച്ച് തേങ്ങി.
അയാളോർത്തു, ബലൂണുമായി വിടർന്ന കണ്ണുകളോടെ അന്നവൾ പറഞ്ഞത്.
‘അച്ഛാ, ഞാനിത് അങ്കിളിനെ കാണിച്ചിട്ട് വരാം..’
അതു പറഞ്ഞവൾ തുറന്നുകിടന്ന വാതിലിലൂടെ അടുത്ത വീട്ടിലേക്കോടിയത്..
അതവളുടെ അഞ്ചാം പിറന്നാൾ ദിവസമായിരുന്നു.




Post a Comment

2 comments:

  1. മോൾക്ക് ഒരു വാഹനാപകടം പറ്റിയതാവും എന്നു കരുതിക്കോട്ടെ.... സമകാലിക സാമൂഹ്യവാർത്തകളിൽ ആ മോളുടെ പേര് ഇല്ലാതെ പോട്ടെ....

    ReplyDelete
  2. ബാലികയെന്ന ഊതിവീർപ്പിച്ച
    ബലൂൺ പോലെയുള്ള മനോഹരമായ
    ബാല്യത്തെ പറ്റി എല്ലാം പറഞ്ഞിരിക്കുന്നു ...!

    ReplyDelete