Please use Firefox Browser for a good reading experience

Friday, 22 May 2020

ഇടപാടുകാരൻ


അടിവാരത്തിലെത്തിയ അവസാനബസ്സിൽ അയാളുമുണ്ടായിരുന്നു. വരുംവഴിയിൽ ചില പ്രതിഷേധജാഥകൾ തടസ്സപ്പെടുത്തിയത് കാരണം പതിവിലും വൈകിയാണ്‌ ബസ് ഓടിയെത്തിയത്. അയാൾ നീണ്ടയാത്ര ചെയ്ത ഒരാളെ പോലെ ക്ഷീണിതനായിരുന്നു. തണുപ്പിറങ്ങിയതു കൊണ്ട് തലയിലൂടെ താടിക്ക് തോർത്ത് കൊണ്ട് ചുറ്റിക്കെട്ടിയിരുന്നു. തോളിൽ കിടന്ന ബാഗ് മുറുക്കെപ്പിടിച്ചു കൊണ്ട്, തുറന്നിരുന്ന ഒരു പീടികയുടെ നേർക്ക് നടക്കുമ്പോൾ, ഭ്രാന്തനെന്ന് തോന്നിക്കുന്ന ഒരാൾ പീടികയുടെ മുന്നിൽ നിന്നും എഴുന്നേറ്റു അയാളേയും കടന്ന് പോയി. എന്തൊക്കെയോ പുലമ്പി കൊണ്ട്, അന്തരീക്ഷത്തിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്നുണ്ടായിരുന്നു അയാൾ. ഏതോ അദൃശ്യനായ ശത്രുവിനെ ആക്രമിക്കും പോലെ.

‘സാറ്‌ ചോദിക്കുന്ന സ്ഥലമൊന്നും എനിക്കറിയില്ല...ഞാനിവിടെ പുതുതായി ജോലിക്ക് വന്നതാ...ദാ...ആ കാണുന്ന ഓട്ടോ മണിയേട്ടന്റെയാ...പുള്ളി ഇവിടെ വർഷങ്ങളായിട്ട് ഓടുന്നതാ...അവിടെയൊന്ന് ചോദിച്ചു നോക്ക്...’
പീടികക്കാരന്റെ മറുപടി കേട്ട്, താടി ചൊറിഞ്ഞു കൊണ്ടയാൾ ഓട്ടോറിക്ഷയുടെ അടുത്തേക്ക് നടന്നു.

അയാൾ ഓട്ടോറിക്ഷാ ഡ്രൈവറോട്, മുൻപ് ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചു. അല്പനേരത്തെ ആലോചനയ്ക്ക് ശേഷം ഡ്രൈവർ പറഞ്ഞു,
‘ആ സ്ത്രീ...നിങ്ങള്‌ പറയണ സ്ഥലത്തല്ല...കൊറേ ദൂരെയാണിപ്പോ...സ്ഥലം എനിക്കറിയാം...തിരിച്ച് ട്രിപ്പ് കിട്ടത്തില്ല...റിട്ടേൺ കൂടെ തരേണ്ടി വരും...‘ അതുപറഞ്ഞ് ആഗതനെ അടിമുടിയൊന്നു സൂക്ഷിച്ചു നോക്കി. എന്നിട്ട് ചോദിച്ചു.
’കൊറെ ദൂരേന്നാ...അല്ലെ...പഴേ ആളായിരിക്കും...?‘
അതിനു അയാൾ മറുപടിയൊന്നും പറഞ്ഞില്ല.

കുറച്ച് ദൂരം സഞ്ചരിച്ചപ്പോൾ മണി പറഞ്ഞു,
’അവര്‌...മറ്റെ ബിസിനസ്സാ...ചെല സ്ഥിരം ആൾക്കാരുണ്ട് അവർക്ക്...നിങ്ങൾക്ക് വേണേല്‌ വേറെ ചെലരെ കാണിച്ചു തരാം...പക്ഷെ...കൊറച്ചൂടെ ദൂരെ പോണം...കൊറച്ച് നേരത്തെ വന്നാരുന്നെങ്കില്‌...‘
യാത്രക്കാരൻ ഒന്നും ശബ്ദിച്ചതേയില്ല. അയാൾ ചുറ്റിലും, പിന്നിലേക്ക് പോയ്മറയുന്ന വഴികൾ നോക്കിക്കൊണ്ടിരുന്നു.
കുറേ നേരം കഴിഞ്ഞ് ചോദിച്ചു,
’ആ സ്ത്രീയുടെ...ഭർത്താവ്...?‘
’ഓ അയാളോ...അയാൾക്കിപ്പൊ പ്രാന്താ...ഹോട്ടലീന്ന് എച്ചിലും മറ്റും കഴിച്ച് അയാളാ സ്റ്റാൻഡിന്റെ അടുത്തെങ്ങാണ്ട് ചുറ്റിക്കറങ്ങണൊണ്ട്...ആ സ്ത്രീ ചെലപ്പോ അയാൾക്ക് ചോറ്‌ വാങ്ങിക്കൊടുക്കും...‘
യാത്രക്കാരൻ പിന്നീടൊന്നും സംസാരിച്ചതേയില്ല.

അല്പദൂരം കൂടി കഴിഞ്ഞപ്പോൾ ഓട്ടോ പ്രധാനവഴി വിട്ട് ടാറിടാത്ത റോഡിലേക്ക് കയറി.
’സാറെ ഇവിടന്നങ്ങോട്ട് വഴി മോശമാ...‘
ഓട്ടോറിക്ഷ ഇടംവലം കുലുങ്ങാൻ തുടങ്ങി.
കുറച്ച് ദൂരം കൂടി പോയിട്ട് മങ്ങിക്കത്തുന്ന ഒരു സ്ട്രീറ്റ്ലൈറ്റിന്റെ അടുത്തായി അയാൾ ഓട്ടോറിക്ഷ നിർത്തി.
’ദാ...ആ കാണുന്ന ഓടിട്ട കെട്ടിടം...അതു തന്നെ...സാറിനു ഭാഗ്യൊണ്ട്...പൊറത്ത് ലൈറ്റ് കെടപ്പുണ്ട്...വേറെ ആരേലേം വേണെ...എന്നെ സ്റ്റാൻഡിൽ വന്നു കണ്ടാ മതി...‘ ഓട്ടോറിക്ഷാ ഡ്രൈവർ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.

ഓട്ടോറിക്ഷ പോയശേഷം അയാൾ ആ വീടിനു നേർക്ക് നടന്നു. ഇരുട്ടിലെവിടെയൊക്കെയൊ ഇരുന്നു തവളകൾ കരഞ്ഞു. ചീവീടുകളുടെ നിർത്താത്ത ശബ്ദം. ചില മിന്നാമിനുങ്ങുകൾ അവിടവിടെ മിന്നിത്തിളങ്ങി.

അയാൾ വാതിലിനു മുന്നിൽ കുറച്ച് നേരം മുഖം കുനിച്ചു നിന്നു. പിന്നീട് പതിയെ ഒന്നുരണ്ടു വട്ടം മുട്ടി. അല്പനേരം കഴിഞ്ഞ് ഒരു കാൽപ്പെരുമാറ്റം കേട്ടു. വാതിൽ തുറന്നത് പാതിയുറക്കത്തോടെ വന്ന ഒരു സ്ത്രീയായിരുന്നു. അവർ ബ്ലൗസ്സും കൈലിയുമാണുടുത്തിരുന്നത്. അല്പം വണ്ണിച്ച ശരീരം. പ്രായം കണ്ണുകൾക്ക് ചുറ്റും കറുപ്പ് വരച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീ അഴിഞ്ഞ മുടി പിന്നിലേക്കൊതുക്കി ചുറ്റിക്കെട്ടിക്കൊണ്ട് വന്നയാളെ സൂക്ഷിച്ചു നോക്കി.
’ആരാ...ആദ്യായിട്ടാ?...‘
അയാൾ മുഖം കുനിച്ചു നിന്നതേയുള്ളൂ.
’ഓ! പേടിക്കേണ്ട കേറി പോര്‌...ഇവിടെ ആരും വരമ്പോണില്ല...‘
അയാൾ സാവധാനം അകത്തേക്ക് കയറി. പിന്നിൽ വാതിലിന്റെ കുറ്റി വീഴുന്ന ശബ്ദം കേട്ടു.
’ഒറങ്ങാൻ പോവാരുന്നു...അകത്തേക്ക് വാ‘
സ്ത്രീ അകത്തെ മുറിയിലേക്ക് നടന്നു പോയി.
’പിന്നെ...കാശ് ആദ്യമേ തരണം...എല്ലാം കഴിഞ്ഞ് കണാകുണാ പറയരുത്‘ അകത്തെ മുറിയിൽ നിന്ന് സ്ത്രീ പറഞ്ഞതയാൾ കേട്ടു.
അയാൾ മുറിയിൽ കണ്ണോടിച്ചു. ഒരു ചെറിയ പഴയ മേശ. ഒരു കസേര. ഒരു മൂലയിലായി അടുപ്പ്...കുറെ പാത്രങ്ങൾ...ചുവരിനോട് ചേർന്ന് ഒരു പായ ചുരുട്ടിവെച്ചിരിക്കുന്നു. അയയിൽ കുറെ തുണികൾ...
കുറച്ച് നേരം കഴിഞ്ഞിട്ടും അകത്തെ മുറിയിലേക്ക് അയാൾ കയറി വരാത്തത് കൊണ്ട് സ്ത്രീ മുറിക്ക് പുറത്തേക്ക് വന്നു.
‘പേടിക്കണ്ടാന്ന്...കൊച്ചനിങ്ങ് പോര്‌...’
അയാൾ മുഖം പൊത്തി നിന്നു കരയുന്നതാണ്‌ സ്ത്രീ കണ്ടത്.
കാര്യമെന്തെന്ന് മനസ്സിലാവാതെ സ്ത്രീ അയാളെ തന്നെ നോക്കി നിന്നു.
അയാൾ താടിക്ക് ചേർത്ത് കെട്ടിയിരുന്ന തോർത്തിന്റെ കെട്ടഴിച്ചു കൊണ്ട് സ്ത്രീയുടെ നേർക്ക് നോക്കാതെ പറഞ്ഞു,
‘അമ്മേ...ഇത് ഞാനാ...’
ഒരു നിമിഷത്തെ നടുക്കത്തിനു ശേഷം സ്ത്രീ നിലവിളിച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് ഓടിക്കയറി വാതിൽ വലിച്ചടച്ചു.
അയാൾ വാതിലിനു മുന്നിലിരുന്നു യാചനാഭാവത്തിൽ പറഞ്ഞു,
‘അമ്മാ...മാപ്പ്...ഞാനന്ന് ഓടി പോയത് കൊണ്ടല്ലെ...അമ്മെ കൊണ്ട് പോവാനാ ഞാൻ വന്നത്...അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലല്ലൊ...’

അടഞ്ഞ വാതിലിനു അപ്പുറവും ഇപ്പുറവുമായി രണ്ട് ജീവനുകൾ തേങ്ങിക്കൊണ്ടിരുന്നു. മുറിക്കുള്ളിൽ ആ സ്ത്രീ മുഖം പൊത്തി ഇരുന്നു. പുറത്ത് എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാളും. വീടിനു പുറത്ത് ആകാശത്ത്, കണ്ണുപൊത്തി ഇരുന്നു, പാതിമുഖമുള്ള ചന്ദ്രനും.





Post a Comment

1 comment: