Please use Firefox Browser for a good reading experience

Monday, 19 October 2020

മനുഷ്യനാണത്രേ...


ചപ്രു - അങ്ങനെയായിരുന്നു ഞങ്ങളെല്ലാം അവനെ വിളിച്ചിരുന്നത്. സത്യത്തിൽ അതല്ല അവന്റെ ശരിക്കുള്ള പേര്‌. എന്നാൽ അതല്ലെന്നും പറയാൻ പറ്റില്ല. ചപ്രത്തലയനായ അവനെ ഞങ്ങൾ, സുഹൃത്തുക്കളെല്ലാമിട്ട ഓമനപ്പേരാണ്‌ ചപ്രു. ലോകത്തിൽ എല്ലാത്തിനോടും പ്രതിഷേധം പ്രകടിപ്പിക്കാനെന്നമട്ടിൽ അവന്റെ മുടി മുള്ളൻപന്നിയുടേത് പോലെ സദാ കൂർത്തു നിന്നിരുന്നു. പ്രതിഷേധത്തിന്‌ ഒരു ചിഹ്നമുണ്ടാവുകയാണെങ്കിൽ അതിനേറ്റവും യോഗ്യത മുള്ളൻപന്നിക്ക് തന്നെയാണ്‌. ഒരു സംശയവുമില്ല. ചപ്രു രൂപം കൊണ്ടു തന്നെ വ്യത്യസ്തനായിരുന്നു. അല്പം പതിഞ്ഞ മൂക്കും, മുള്ളൻപന്നിമുടിയും, ചുളിഞ്ഞ പുരികവുമൊക്കെയായി അവന്‌ ഒരു പ്രതിനായകന്റെ രൂപമായിരുന്നു ഉണ്ടായിരുന്നത്. ജന്മനാ കിട്ടിയത് അവൻ വെറുതെ പാഴാക്കി കളഞ്ഞതുമില്ല. നല്ലോണം മുതലാക്കിയിരുന്നു. ഒന്നിനേം പേടിയില്ലാത്ത, ആരേം വകവെയ്ക്കാത്ത പ്രകൃതം. അതായിരുന്നു അവൻ. സ്കൂളിൽ അവൻ കുരുത്തക്കേടുകൾ കാട്ടുമ്പോൾ, അടിക്കുന്ന മാഷിനെ കൂർത്തനോട്ടം കൊണ്ടവൻ കുത്തിക്കീറുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. അരിശം തീർക്കാൻ മൂന്ന് അടി എന്ന പരിധി വിട്ട് മാഷ്‌ അവനെ ഏഴും എട്ടും തവണ ചൂരൽ കൊണ്ട് പ്രഹരിക്കുന്നതും കണ്ടിട്ടുണ്ട്. വേറെ ഏതു കുട്ടിയാണെങ്കിലും മൂന്നാമത്തെ അടിയിൽ കരഞ്ഞു തുടങ്ങിയിരിക്കും. എന്നാൽ ചപ്രു അതിനെയൊക്കെ അതിജീവിച്ച് ഏട്ടാമത്തെ അടിയിലും ഒരു പുളച്ചിലും കാണിക്കാതെ മാഷിനെ കണ്ണു കൊണ്ട് കൊരുത്ത് ഉത്തരത്തിൽ പൊക്കിപ്പിടിച്ച് നില്ക്കും. 

അവൻ ഒരു സാധാരണക്കാരനായിരുന്നില്ല എന്നു സ്ഥാപിക്കാൻ ഇനിയുമുണ്ട് എന്റെ പക്കൽ കഥകൾ. സ്കൂളിനടുത്തുള്ള കുളത്തിലെ മീനുകൾ, അവനൊരു പ്രത്യേക ഈണത്തിൽ ശബ്ദമുണ്ടാക്കുമ്പോൾ അവന്റെയടുത്തേക്ക് നീന്തി വരുമായിരുന്നു! ചുണ്ടുകൾക്കിടയിൽ നാവ് വളച്ചു വെച്ചാണ്‌ അവനാ ശബ്ദം സൃഷ്ടിക്കുക. അവനോടതൊന്ന് പഠിപ്പിച്ചുതരാൻ ഞാനടക്കം പലരും കെഞ്ചി പിന്നാലെ നടന്നിട്ടുണ്ട്, നാരങ്ങാമിഠായി കൊടുത്ത് പ്രലോഭിപ്പിച്ചിട്ടുണ്ട്, ഉച്ചക്ക് കഴിക്കാൻ തന്നു വിടുന്ന പുഴുങ്ങിയ മുട്ട സമ്മാനിച്ചിട്ടു പോലുമുണ്ട്. എന്നാൽ അവനെ പോലെ ആ ശബ്ദം പുറപ്പെടുവിക്കാൻ ആർക്കുമായില്ല. ഞങ്ങൾ ശബ്ദമുണ്ടാക്കാൻ കഷ്ടപ്പെടുമ്പോൾ, ‘ഇതൊന്നും നിനക്കൊന്നും പറ്റില്ലെടാ’ എന്ന പുച്ഛഭാവത്തിൽ അവൻ ഞങ്ങളെ നോക്കി ഇരിക്കും. മീനുകൾ ഞങ്ങളുടെ കാലടിശബ്ദം കേട്ടാൽ തന്നെ ഓടിയൊളിക്കും എന്ന സ്ഥിതിയായി. ശബ്ദം കേട്ട് ചെവി പൊത്തിക്കൊണ്ട് നീന്തിമറയുന്ന മീനുകളെ ഞങ്ങൾ സങ്കൽപ്പിച്ചു.
‘മീനുകൾക്കൊന്നും ചെവിയില്ലെടാ’
ചപ്രു ഞങ്ങളെ പുച്ഛഭാവത്തിൽ തിരുത്തി. ഇതൊക്കെ അവന്‌ എങ്ങനെ അറിയാമെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. പുസ്തകത്തിലെ ഒരു വരി പോലും അവൻ ഓർത്തുവെയ്ക്കുന്നത് കണ്ടിട്ടില്ല. ക്ലാസ്സിൽ കവിത ചൊല്ലാൻ പറഞ്ഞാൽ അവൻ ആദ്യത്തെ വരി പറഞ്ഞിട്ട് മുകളിലേക്ക് കണ്ണും തുറന്ന് പിടിച്ച്, വായും പൊളിച്ച് നില്ക്കും. എന്നാൽ സിനിമാപ്പാട്ടുകളുടെ വരികൾ അവന്‌ ഹൃദയസ്ഥമായിരുന്നു!
‘പഠിക്കാനുള്ള പദ്യം സിനിമേല്‌ ചേർത്താലെന്താ?’
‘സിനിമാ പാട്ട് പഠിച്ചാലെന്താ കൊഴപ്പം?’
ഈ മാതിരി ചോദ്യങ്ങൾ ചോദിക്കാൻ ചപ്രൂനു മാത്രേ പറ്റൂ!

ഒരിക്കൽ അവനൊരു പാമ്പിനേം പിടിച്ചോണ്ട് എന്റെ വീട്ടിലേക്ക് വന്നു! അമ്മ അവനെ ഓടിച്ചു വിട്ടു. ഞങ്ങളൊക്കെ ബഹളം വെച്ചോണ്ട് അവന്റെ പിന്നാലെ ഓടി. 
‘നീ തൊട്ട് നോക്ക്. ഇത് കടിക്കൂല്ല’
അന്നാണാദ്യമായും അവസാനമായും ഞാനൊരു പാമ്പിനെ തൊടുന്നത്. മെഴുമെഴാന്ന്...അതിന്റെ വാല്‌ എന്റെ ഉള്ളംകൈയ്യിൽ കിടന്നിഴഞ്ഞു. ജീവന്റെ തുണ്ട് കൈയ്യിലിരുന്ന് ഇഴഞ്ഞപ്പോൾ എന്റെ ആറാമിന്ദ്രിയം തുറന്നു പോവുമോ എന്ന് സംശയിച്ചു. പക്ഷെ അങ്ങനെ ഒരപകടവും സംഭവിച്ചില്ല. അവൻ ഒറ്റൊരുത്തൻ കാരണമാണ്‌ നാനാവിധ ജീവികളെ തൊടാനുള്ള ഭാഗ്യം ചുറ്റുവട്ടത്തുള്ള പിള്ളേർക്കൊക്കെ കിട്ടിയത്. പട്ടി, പൂച്ച, എലി, തവള, അട്ട, പല്ലി, പാറ്റ, ഓന്ത്, പുഴു, ആട്, പ്രാവ്, മൈന, കുയില്‌, കാക്കക്കുഞ്ഞ്, അണ്ണാൻ, ആമ, കുളക്കോഴി അങ്ങനെ ചുറ്റുവട്ടത്ത് കാണുന്നതിനെയൊക്കെ തൊട്ടു. മീനുകളുടെ എണ്ണം അതിലും കൂടുതൽ വരും. തൊട്ടതിന്റെയൊക്കെ ഒരു പട്ടിക തയ്യാറാക്കിയാൽ ഏതാണ്ട് എല്ലാത്തിനും നേർക്ക് അവന്റെ പേര്‌ കടപ്പാടായി എഴുതി വെയ്ക്കേണ്ടി വരും. പഴുതാര, തേള്‌ തുടങ്ങിയ ‘ഭീകര’ ജീവികളെ വരെ തൊട്ടിട്ടുണ്ട് എന്ന് എനിക്ക് അഭിമാനപൂർവ്വം അവകാശപ്പെടാനാവും.

ചപ്രൂനെ കുറിച്ചോർക്കുമ്പോൾ പിന്നെ കാണുന്നത് സമരം എന്നും പറഞ്ഞ് സ്കൂളിൽ ഒരു കൊടിയും പിടിച്ച് ഒരു ചെറിയ സംഘത്തിനു മുന്നിൽ അവൻ നടക്കുന്നതാണ്‌. അവന്റെ മുള്ളൻപന്നിമുടിയുടെ കൂർപ്പ് കുറച്ച് കൂടി കൂർത്തിരുന്നു അക്കാലത്ത്. അവന്റെ ശബ്ദം കനത്തിരുന്നു. അവന്റെ ധീരശബ്ദം സ്കൂൾ കെട്ടിടത്തിന്റെ ചുവരുകളിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ടാവണം. ഊർജ്ജം നശിപ്പിക്കാനാവില്ല എന്നല്ലെ പഠിച്ചത്? അവന്റെ കൈയ്യിലിരുന്ന കൊടിയുടെ നിറം ഇപ്പോഴുമോർമ്മയുണ്ട്. 
‘നീ ഏതു പാർട്ടിയാടാ?’
പ്രധാനധ്യാപകൻ ചൂരൽത്തുമ്പ് വിറപ്പിച്ച് കൊണ്ട് അലറിയ ശബ്ദം ഇപ്പോഴുമവിടെ മോക്ഷം കിട്ടാതെ അലയുന്നുണ്ടാവും.
‘എനിക്കൊരു പാർട്ടിയുമില്ല’ അവനും അന്ന് തിരിച്ചതുപോലെ തന്നെ അലറി.
അതു സത്യമായിരുന്നു. ഏതോ സിനിമാപോസ്റ്ററിൽ കണ്ടതു പോലെ ഒരു കൊടി ഉണ്ടാക്കിയെടുത്തതായിരുന്നു അവൻ. സമരം ചെയ്യണമെങ്കിൽ കൊടി വേണമെന്ന് എങ്ങനെയോ അവൻ ധരിച്ചു പോയി. അന്ന് കല്ലേറുണ്ടായി, സ്കൂളിലെ മണി കെട്ടിയ ചരട്‌ ആരോ പൊട്ടിച്ചു, പെമ്പിള്ളേര്‌ കരഞ്ഞും നിലവിളിച്ചും ചിതറിയോടി. അതിന്റെയൊക്കെ ഇടയിൽ അക്ഷോഭ്യനായി, ഏതോ ടാബ്ലോ കഥാപാത്രം പോലെ ചപ്രു സ്കൂൾഗ്രൗണ്ടിന്റെ ഒത്തനടുവിൽ കൊടിയും കുത്തി തലയുയർത്തി നിന്നു.
എന്തായിരുന്നു സമരത്തിനു കാരണം? 
മർദ്ദനം!
മൂന്നടി അടിക്കുന്ന അധ്യാപകനു പറ്റിയ ഒരു കൈപ്പിഴ. ദുഷ്ടന്റെ മൂന്നാമത്തെ അടിയിൽ ഒരു പെങ്കൊച്ചിന്റെ കാല്‌ പൊട്ടി ചോര വന്നു. ദുഷ്ടനെ പുറത്താക്കണം. അല്ലെങ്കിൽ സമരം ശക്തമാക്കും എന്നായി ചപ്രു. പിന്നെ ദിവസങ്ങൾക്കകം എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുൻപ് ഏതോ ചില കൂട്ടർ വന്നു. അവരും കൊടിയും കൊണ്ടാ വന്നത്. സമരം വിജയമായി. ചപ്രു നേതാവും. എല്ലാം കണ്ണടച്ചു തുറക്കുന്ന നേരത്ത്. 
‘നീ ഒരു ഭയങ്കര സംഭവാടാ’ എന്ന മട്ടിൽ ഞങ്ങളെല്ലാം അവനെ നോക്കി.
‘അതൊക്കെ നീയൊക്കെ പറയാതെ തന്നെ എനിക്കറിയാം’ എന്ന മട്ടിൽ ചപ്രു ഞങ്ങളെ തിരിച്ചും.

പ്രകടനവും പ്രതിഷേധവും പരാതിയുമൊക്കെയായി അവൻ നെഞ്ചു വിരിച്ചു നടന്നു. നല്ല മസിലുണ്ടായിരുന്നു അവന്‌. ‘കപ്പ കഴിച്ചാൽ മതിയെടാ’ - മസിലു വരാൻ അവൻ പറഞ്ഞു തന്നതാണ്‌. ശരിയായിരിക്കണം. കപ്പേം ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവൻ കഴിക്കണ കണ്ടാൽ കൊതിയാവും. ‘എടുത്തു കഴിയെടാ’ അവൻ പാത്രം ഞങ്ങളുടെ നേർക്ക് നീട്ടിപ്പിടിക്കും. മസിലു വരാൻ ഞങ്ങളും ഒന്ന് രണ്ടു കഷ്ണങ്ങൾ കഴിക്കും. പക്ഷെ അവന്റേതു പോലെ മസിലു വന്നില്ല. അന്നത്തെ സമരത്തിൽ അവൻ ജയിച്ചെങ്കിലും പരീക്ഷകൾ അവനോട് പ്രതികാരം ചെയ്തു. ചുവന്ന മഷി കൊണ്ട് അവന്റെ പേര്‌ നീക്കം ചെയ്യപ്പെട്ടു. ഞങ്ങൾ കോളേജുകളിൽ ചേർന്നപ്പോൾ അവൻ വെള്ളത്തിൽ വീണ എണ്ണ പോലെ ഒരിടത്തും തൊടാതെ പൊങ്ങിക്കിടന്നു.

സകലതിനോടും പ്രതിഷേധിച്ച്, പ്രതിരോധം തീർത്ത് അവൻ ജീവിതം തുടർന്നു. ഞങ്ങൾ വലിയ കോളേജ് പുസ്തകങ്ങൾ ചുമന്നപ്പോൾ അവൻ കോടാലിയും, പിക്കാസും, മൺവെട്ടിയും, മണ്ണു നിറച്ച കുട്ടയുമൊക്കെ ചുമന്നു. 
‘നിനക്ക് പഠിക്കണ്ടേടാ?’
‘നീയൊക്കെ പഠിക്കയല്ലെ?... എല്ലാരും കൂടെ പഠിച്ചിട്ട് എന്തു ചെയ്യാനാ?’
അതു പറയുമ്പോൾ അവൻ മീശ കൂർപ്പിച്ചു. ഞങ്ങളുടേത് അണ്ണാൻ വാലിൻതുമ്പത്തെ രോമം പോലെ നേർത്തിരുന്നപ്പോൾ അവന്റേത് നല്ല പിരിച്ചകയറിന്റെ ബലമുള്ളതായിരുന്നു. അവന്റെ മീശരോമങ്ങൾ അവന്റെ തലമുടിയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച പോലെ തെറിച്ചു നിന്നിരുന്നു. അവൻ മീശ കൊണ്ടും ലോകത്തെ പ്രതിരോധിക്കുകയാണെന്നു തോന്നി.

പ്രതിരോധത്തിന്റെ ശക്തി കൊണ്ടോ, ആരേയും കൂസാത്തത് കൊണ്ടോ, ആർക്കും ഒന്നും അടിയറ വെയ്ക്കാൻ തയ്യാറാകാത്തത് കൊണ്ടോ, അവൻ പെണ്ണു കെട്ടിയില്ല. ഇടയ്ക്കിടെ അവൻ ചില ജാഥകൾക്ക് പോവും. അടിപിടി ഉണ്ടാക്കും. അടിപിടി അവനു വേണ്ടി ഉണ്ടാവുന്നതാണോ, അവൻ അടിപിടിക്ക് വേണ്ടി ഉണ്ടായതാണോ എന്ന സംശയം തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. മെരുങ്ങാൻ തയ്യാറാകാത്തത് കൊണ്ടാവും അവൻ ഒരു പാർട്ടിയിലും ചേർന്നില്ല. കുറേ നാൾ കഴിഞ്ഞപ്പോൾ അവൻ കൊടിപിടിക്കുന്നതും, ജാഥകൾക്ക് പോവുന്നതുമൊക്കെ നിർത്തി സ്വതന്ത്രനായി നടന്നു. എന്റെ കഴുത്തിൽ അപ്പോഴേക്കും നെഞ്ചിടിപ്പ് എണ്ണുന്ന കുഴൽ കയറി കഴിഞ്ഞിരുന്നു. ഔദ്യോഗിക ആഭരണം. അഭിമാനത്തോടെ ഞാൻ അതണിഞ്ഞു നടന്നു.
‘കൊള്ളാം. സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’ ചപ്രു എന്റെ തോളിൽ തട്ടി പറഞ്ഞു.
‘നീ ഈ ബീഡിവലി ഒന്ന് കുറയ്ക്ക്’ പറയാൻ അർഹത പുതുതായി ലഭിച്ചവന്റെ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു.
‘ഉം...’ അമർത്തി മൂളി അവൻ എന്നെ നോക്കി ചിരിച്ചു. സ്കൂളിൽ വെച്ച് അപൂർവ്വമായി അവൻ ചിരിക്കുമായിരുന്നു. അതേ ചിരി ആയിരുന്നു അത്. ഒരളവുകോലും കൊണ്ടും അളന്നെടുക്കാനാവാത്ത ചിരി. അന്നൊരു കാര്യം ശ്രദ്ധിച്ചു, അവൻ വലിച്ചിരുന്ന ബീഡിപ്പുകയുടെ മണത്തേക്കാൾ എന്റെ മൂക്കിലേക്ക് കയറി വന്നത് അവന്റെ മേത്തേന്ന് ഉയർന്ന മണ്ണ്‌ മണമായിരുന്നു.

ചപ്രു പിന്നേം വളർന്നു. ഞങ്ങൾക്കൊപ്പം. കാലത്തിനൊപ്പം. മനുഷ്യന്റെ വളർച്ച മരണം വരെ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ചിലർ മനസ്സ് കൊണ്ട്, ചിലർ ശരീരം കൊണ്ട്. പക്ഷെ എന്തായാലും വളർച്ച നിരന്തരമായി സംഭവിക്കുന്നുണ്ട്. സത്യം.

ഞാൻ പെണ്ണു കെട്ടി. പതിവുപോലെ പെണ്ണു കെട്ടിച്ചു എന്നു പറയാം. ‘എനിക്ക് ഭോഗിക്കാൻ ഒരു പെണ്ണു വേണം’ എന്നു പച്ചക്ക് പറയാൻ പറ്റില്ലല്ലോ! പക്ഷെ എന്റെ നിവൃത്തികേട് മനസ്സിലാക്കി വീട്ടുകാരെനിക്ക് ഒരു പെണ്ണിനെ പിടിച്ചു തന്നു. ഞാൻ ഭോഗിച്ചു, പിന്നെ പ്രേമിച്ചു, പിന്നെ സ്നേഹിച്ചു. കുട്ടികളുണ്ടായി. അവരെ കൊഞ്ചിച്ചു, ലാളിച്ചു, സ്നേഹിച്ചു. ഒരോ ഘട്ടത്തിലും തോന്നി ‘ഇതാണ്‌ ജീവിതം’ എന്ന്. പിന്നീട് തോന്നി, ‘ഇത്രയുമേ ഉള്ളൂ ജീവിതം’ എന്ന്. ഇടയ്ക്കിടെ ഞാൻ ചപ്രുവിനെ കുറിച്ചും ഓർത്തു. അവൻ പെണ്ണു കെട്ടിയില്ലല്ലോ. അവനു ഈ സുഖമൊന്നും അറിയണ്ടേ? അവനു പെണ്ണിന്റെ ശരീരം പകരുന്ന ചൂടറിയണ്ടേ? കുഞ്ഞുങ്ങൾ പരുക്കൻ കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതി അനുഭവിക്കണ്ടേ? ‘ഇതാണ്‌ ജീവിതം’ എന്ന് അവൻ എപ്പോഴെങ്കിലും പറഞ്ഞിരിക്കുമോ?

ചപ്രു എല്ലാം ചെയ്യുമായിരുന്നു. എല്ലാ പണിയും. എന്തും. കുളത്തില്‌ വീണു മരിച്ച പെൺകുട്ടിയുടെ ജഡം മുങ്ങിയെടുത്തത് ചപ്രു ആയിരുന്നു. കുഞ്ഞിയമ്മയുടെ പശു ചത്തപ്പോൾ അതിനെ കുഴിച്ചിട്ടത് ചപ്രു ആയിരുന്നു. പ്രഭാകരേട്ടന്റെ മകൻ സുജിത്തിനെ പാമ്പു കടിച്ചപ്പോൾ തോളത്തിട്ട് ഓടിയതും ചപ്രു. എവിടേയും ചപ്രു. എല്ലായിടത്തും ചപ്രു. ദൈവത്തിനെ പോലെ! പക്ഷെ നേരിൽ കാണാമെന്നു മാത്രം. അവന്റെ വിയർപ്പ്പാട പിടിച്ച മേത്ത് തൊട്ടു നോക്കാം. അവന്റെ അടുത്ത് നില്ക്കുമ്പോൾ മണ്ണ്‌ മണക്കും. ചിലപ്പോൾ അതാവണം ദൈവത്തിന്റെ മണം.

വർഷങ്ങൾ പിന്നെയും മുൻപോട്ട് പോയി. ചപ്രു വലിച്ചിരുന്ന കൈവണ്ടി പോലെ തന്നെ. ഇടയ്ക്ക് കയറ്റം കയറിയും, ഇടയ്ക്ക് ഇറക്കമിറങ്ങിയും എന്റെ ജീവിതവും മുന്നോട്ട് പോയി. ആയിടയ്ക്കാണ്‌ പള്ളിക്കര ഔസേപ്പിന്റെ വീട്ടിൽ മരണം നടന്നത്. അവിടെ പണിക്ക് നില്ക്കണ ഒരു വേലക്കാരി കൊച്ച്, ഒരു തമിഴത്തി പെണ്ണ്‌, കണ്ണും തുറിച്ച്, നാവും കടിച്ചു പിടിച്ച്, മേല്‌ മുഴുവൻ മാന്തിപ്പൊളിച്ച് പേരമരത്തിൽ തൂങ്ങിയാടുന്നത് എല്ലാരും കണ്ടത്. ആ കാഴ്ച്ച ഭീകരമായിരുന്നു. പോലീസും വന്നു, പോലീസ് പട്ടിയും വന്നു. പെങ്കൊച്ചിന്റെ അമ്മ വന്ന് മൂടിയിട്ട മൃതശരീരം നോക്കി വലിയ വായിൽ കരഞ്ഞു നിലവിളിച്ചു. ആ നിലവിളി ഇപ്പോഴും ആ പേരമരത്തിൽ തൂങ്ങി നിൽപ്പുണ്ടാവും. ചപ്രു ഔസേപ്പിന്റെ വീട്ടിൽ തെങ്ങിനു തടമെടുക്കാനും, ഇളിച്ച മോന്തയുള്ള കറുത്ത കാറ്‌ കഴുകാനും പോകാറുണ്ടായിരുന്നു. പെങ്കൊച്ച് പേരമരത്തിൽ കേറി പോവുന്നതിനു തലേന്നും ചപ്രു അവളെ കണ്ടതാ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പോലീസിന്റെ വരവ് നിന്നു. തമിഴ് പെണ്ണിന്റെ അമ്മയെ പിന്നീട് അവിടെങ്ങും കാണുകയുണ്ടായില്ല. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഒരു വെളുപ്പാൻകാലത്ത്, ഇളിച്ച മോന്തയുള്ള കാറിന്റെ അകത്ത് ഔസേപ്പ് മുറിഞ്ഞ കഴുത്തുമായി കിടന്നു. ചപ്രു നേരിട്ടാണ്‌ സ്റ്റേഷനിൽ പോയത്. എന്താ, എങ്ങനെയാ എന്നൊക്കെ അവനെ അറിയാവൂ. ഞാൻ കോയമ്പത്തൂര്‌ പോയി വന്നപ്പൊഴേക്കും ഒക്കെ കഴിഞ്ഞു. എന്റെ ഭാര്യ, ‘ചപ്രു ഇങ്ങനെ ചെയ്യൂന്ന് വിചാരിച്ചതേയില്ല’ എന്നു പറഞ്ഞു. ‘പിന്നെ എങ്ങനെ ചെയ്യൂന്നാ വിചാരിച്ചത്?’ എനിക്ക് അങ്ങനെ തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. 

കാലം പിന്നേം ഉരുണ്ടു, എന്റെ മാരുതി കാറ്‌ പോകുന്നത് പോലെ. നാട്‌ നിറയെ കടകളായി. വഴികളായ വഴികളൊക്കെ ടാറിട്ടു പുതപ്പിച്ചു. ഔസേപ്പിന്റെ മകന്റെ രണ്ട് ബസ്സുകൾ ടാറിട്ട റോഡുകളിൽ കൂടി തേരാപാരാ ഓടി. ഗ്രാമം മേക്കപ്പിട്ട് നഗരമാവാൻ കിണഞ്ഞ് ശ്രമിച്ചു. പരിഷ്ക്കാരിപെണ്ണുങ്ങൾ പുരികത്തിലെ രോമം പറിച്ചു കളയുന്ന നിസ്സാരതയോടെ, വഴിവക്കിൽ നിന്ന മരങ്ങളൊക്കെ തണലു വേണ്ടാത്ത മനുഷ്യർ വെട്ടി മാറ്റി. ചായക്കടകൾ മോർഫ് ചെയ്ത പോലെ വലിയ ബേക്കറികളും, ഷോപ്പുകളുമൊക്കെയായി. സോഡാ വെള്ളത്തിനും നാരങ്ങാ വെള്ളത്തിനും പകരം കറുപ്പും, ചുവപ്പും, മഞ്ഞയും നിറത്തിലുള്ള വെള്ളം കുപ്പികളിൽ നിറച്ചത് മനുഷ്യര്‌ വാങ്ങി കുടിച്ചു. പഴയ നാരങ്ങാ മിഠായി ഒളിവിൽ പോയി. പകരം തിളങ്ങുന്ന ഉടുപ്പിട്ട മിഠായികൾ പെട്ടികളിൽ ഞെളിഞ്ഞിരുന്നു. തലമുടി മുകളിലേക്ക് ചീകി വെച്ച പിള്ളേർ ആ മിഠായികൾ വാങ്ങി അതിന്റെ ഉടുപ്പൂരിയെറിഞ്ഞ് നുണഞ്ഞാസ്വദിച്ചു. വഴി മുഴുക്കേയും വിവിധ നിറത്തിലുള്ള മിഠായിത്തോലുകൾ പറന്നു നടന്നു. കിണറായ കിണറൊക്കെ ഭൂമിക്കടിയിലേക്ക് ഇറങ്ങി പോയി. മനുഷ്യര്‌ തന്നെ മണ്ണിട്ട്‌ മൂടി അതൊക്കെ ഒളിപ്പിച്ചു കളഞ്ഞു എന്നു വേണം പറയാൻ. പകരം നീണ്ടകുഴലുകൾ ഭൂമിയുടെ നെഞ്ചിലേക്ക് കുത്തിയിറക്കി ഒരു സ്ട്രായിലൂടെന്ന പോലെ വെള്ളം വലിച്ചെടുത്തു. വാഹനങ്ങൾ പുക ചുമച്ചു തുപ്പി. താമസിയാതെ ഞങ്ങളും ചുമച്ചു തുടങ്ങി. എനിക്ക് അതു കൊണ്ടും ഗുണമേ ഉണ്ടായുള്ളൂ. ഒരുപാട് രോഗികൾ! മരുന്നിനു കുറിക്കുമ്പോൾ ഞാൻ ചപ്രു പറഞ്ഞതോർത്തു ‘സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’. ഒരോ തവണയും, ചോദിച്ചും ചോദിക്കാതെയും കാശ്‌ വാങ്ങുമ്പോൾ ചപ്രുവിന്റെ ശബ്ദം എന്റെ ഉള്ളിൽ കിടന്ന് നിലവിളിച്ചു. കുറെനാൾ കഴിഞ്ഞപ്പോൾ ആ നിലവിളി ശബ്ദം നിലച്ചു. ഞാൻ ഒരു കാറ്‌ കൂടി വാങ്ങി. ഒരു കാറ്‌ കൊണ്ട് മാത്രം എനിക്ക് സമയത്തിനൊപ്പം സഞ്ചരിക്കാനാവില്ല എന്ന് തോന്നിയത് കൊണ്ടാണ്‌.

എന്റെ ക്ലിനിക്കിൽ വരുന്ന പുതിയ പിള്ളേരുടെ മുടി ഞാൻ ശ്രദ്ധിക്കാറുണ്ട്. മുകളിലേക്ക് ചകിരിനാര്‌ പോലെ ഇരിക്കുന്ന മുടി. പക്ഷെ ചപ്രുവിന്റെ മുടിയുടെ കൂർപ്പൊന്നും ആ പിള്ളേരുടെ മുടിക്കുണ്ടായിരുന്നില്ല. പിള്ളേരുടെ വിരൽനഖങ്ങൾ ഞാൻ ശ്രദ്ധിച്ചു. മണ്ണു തൊടാത്ത, മൃദുവായ വിരലുകൾ. എന്റെ വിരലുകളും മൃദുവായി കഴിഞ്ഞിരുന്നു. വിടർത്തി വെച്ച കൈക്കുള്ളിൽ കിടന്നു പുളയുന്ന പാമ്പിന്റെ വാല്‌ ഇടയ്ക്കിടെ ഞാനോർത്തു കൊണ്ടിരുന്നു. അത്രയും ജീവനുള്ളത് ഞാൻ സ്പർശിച്ചിട്ടെത്ര നാളായിട്ടുണ്ടാവും? ചപ്രുവിനെ അപ്പോഴോക്കെ ഓർത്തു. അവനെവിടെയായിരിക്കും? എന്തു ചെയ്യുവായിരിക്കും? ജയിലിൽ അവനു കപ്പ കഴിക്കാൻ കിട്ടുന്നുണ്ടാവില്ല. അവിടെ ഇപ്പോൾ ചിക്കനും ചപ്പാത്തിയൊക്കെയാണെന്നു കേട്ടു. അവന്റെ മസിലുകൾ ചുരുങ്ങി പോയിട്ടുണ്ടാവും. എനിക്കതോർത്തപ്പോൾ നല്ല വിഷമം തോന്നി.

ചില ദിവസങ്ങളിൽ പത്രം വായിക്കുന്ന സമയത്ത് മുറ്റത്ത് ഒരു മൈന വന്നിരിക്കും. ഒരൊറ്റ മൈന. ആരുമായും കൂട്ട് കൂടാത്ത ഒരു മൈന. മിക്ക നേരങ്ങളിലും മുറ്റത്ത് വന്നിരിക്കുന്നത് കാക്കകളാണ്‌. ഇവിടം മുഴുവൻ കാക്കകൾ മാത്രമാണല്ലോ എന്നപ്പോഴോക്കെ ഓർക്കും. പ്രാവും, മൈനയും, മാടത്തയും, കുയിലുമൊക്കെ എവിടെ പോയി? കാക്കകൾ കൊത്തിയോടിച്ചതാവുമോ? പണ്ട് ചപ്രുവിന്റെ കൈയ്യിലിരുന്ന പ്രാവിന്റെ മുതുകിൽ തടവിയത് ഓർത്തു. എന്തൊരു മിനുസമായിരുന്നതിന്‌! ഒരു ദിവസം ചപ്രു ഈ ഗേറ്റും തുറന്നു വരും. അവനു ഞാൻ ആ ദിവസം കപ്പ പുഴുങ്ങി കൊടുക്കും. അവനതാണല്ലോ ഇഷ്ടം. ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവനോടൊപ്പമിരുന്നു കഴിക്കും. അങ്ങനെ ചില ചെറിയ ചെറിയ സ്വപ്നങ്ങൾ. വലിയ സ്വപ്നങ്ങളുടെ കാലം കഴിഞ്ഞു. വീണ്ടും പഴയതു പോലെ ചെറിയ സ്വപ്നങ്ങൾ ഞാൻ കണ്ടു തുടങ്ങി.

വെളുത്ത സൂര്യനു താഴെ നിന്ന് പുറംപണി ചെയ്യുന്നവർ കറുത്തു. ആ കുറുത്ത മനുഷ്യർക്കെല്ലാർക്കും ചപ്രൂന്റെ ഛായയും ഭാവവും ആണെന്ന് തോന്നി. ഏ സി മുറിക്കുള്ളിലിരുന്ന് ഞാൻ വെളുത്തു. കറുത്തു പോകാതിരിക്കാൻ ഞാൻ ക്രീമുകൾ തേച്ചു. എന്നാണ്‌ എപ്പോഴാണ്‌ കറുപ്പിനോടെനിക്ക് വിരോധം തോന്നി തുടങ്ങിയത്? അറിയില്ല. വെയിലേറ്റ് കറുത്തവരും തണലേറ്റ് വെളുത്തവരും - അങ്ങനെ രണ്ടു കൂട്ടർ മാത്രമേ ഭൂമിയിൽ ഉണ്ടാവൂ.

ചപ്രുവിനെ ആരും അന്വേഷിക്കാത്തതിൽ എനിക്ക് അത്ഭുതം തോന്നി. നാട്ടിൽ അന്യസംസ്ഥാനത്ത് നിന്നും വന്നവർ നിറഞ്ഞത് കൊണ്ടാവും. അവരും നല്ലതു പോലെ അധ്വാനിക്കുന്ന കൂട്ടർ തന്നെ. അപ്പോൾ നമ്മൾ എന്തു ചെയ്യുവാണ്‌? അധ്വാനിക്കാത്തവരായി മാറിപ്പോയോ? എന്നൊക്കെ സംശയം തോന്നിത്തുടങ്ങി. ഒരു കൂട്ടർ അധ്വാനിക്കാനും മറ്റൊരു കൂട്ടർ അധ്വാനിക്കാതിരിക്കാനും. എന്നിട്ട് അധ്വാനിക്കുന്നവരെ ആക്ഷേപിക്കാൻ മുന്നിൽ നിൽക്കുന്നത് അധ്വാനിക്കാത്തവരും. എവിടെയോ എന്തോ തകരാറ്‌ സംഭവിച്ചിരിക്കുന്നു.

ഒരു ദിവസം രാത്രി ഞാനെഴുന്നേറ്റിരുന്നു. സ്വപ്നം കണ്ടിട്ടല്ല, മണ്ണിന്റെ മണം തോന്നിയിട്ട്. ദൈവത്തിന്റെ മണം! എനിക്കന്നേരം തോന്നി, ചപ്രുവിനെ അപ്പോൾ തന്നെ കാണണമെന്ന്. പിറ്റേന്ന് പകൽ തന്നെ ചപ്രുവിനെ കാണാൻ പുറപ്പെട്ടു. ഡ്രൈവർ വണ്ടിയോടിക്കുമ്പോൾ പിൻസീറ്റിൽ ചാരിയിരുന്ന് ഞാൻ ചപ്രുവിനെ കുറിച്ച് മാത്രം ഓർത്തു. എന്റെ ഭാര്യ, കുഞ്ഞുങ്ങൾ, വീട്, ക്ലിനിക്ക്, രോഗികൾ എല്ലാം ഞാൻ മറന്നു. അവന്റെ കൂർത്തമുടിമുനയിൽ തൊട്ടതോർത്തു. സ്കൂളിൽ മൈതാനമധ്യത്തിൽ സ്വയമുണ്ടാക്കിയ കൊടിയും പിടിച്ചവൻ നിവർന്ന് നില്ക്കുന്നത് കണ്ടു. പുറത്തേക്ക് നീട്ടിപ്പിടിച്ച കൈയ്യിൽ മഴത്തുള്ളി വീണപ്പോൾ, വഴുവഴുപ്പുള്ള പാമ്പിന്റെ ഉടലിൽ തൊട്ടത്ത് പോലെ ഞാൻ കൈ പിൻവലിച്ചു. ഒരു മഴത്തുള്ളിയുടെ നനവ് പോലും സഹിക്കാനാവുന്നില്ല എനിക്കിപ്പോൾ. 

ജയിൽ കെട്ടിടത്തിന്റെ കനത്ത മതിൽക്കെട്ടിനു മുന്നിൽ കാർ വന്നു നിന്നു. അകത്ത് തടവുകാർ. ഒരുതരത്തിൽ...ഞാനുമൊരു തടവുകാരനല്ലെ? ആഗ്രഹങ്ങളുടെ...ചില നേരങ്ങളിൽ അത്യാഗ്രഹങ്ങളുടെ...ചപ്രു...അവൻ ആദർശങ്ങളുടെ തടവുകാരനായിരുന്നു... ഞാൻ സന്ദർശകനായി അകത്തേക്ക് നടന്നു. അപ്പോൾ തോന്നി, ഇത്രയും വർഷങ്ങൾക്കിടയിൽ ഒരുപക്ഷെ ഞാൻ മാത്രമായിരിക്കും ചപ്രുവിനെ കാണാൻ വന്നിട്ടുണ്ടാവുകയെന്ന്. കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവനെ കാണാൻ അവന്റെ ഭാര്യയോ മക്കളോ ചെല്ലുമായിരുന്നു. ചപ്രു ഇപ്പോ എങ്ങനെയിരിക്കും കാണാൻ? അവന്റെ മേലോട്ട് കൂർപ്പിച്ച മീശ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടാവുമോ? അതോ കാലപ്പഴക്കത്തിൽ പ്രതിരോധശക്തിയൊക്കേയും ചോർന്ന് താഴേക്ക് വളഞ്ഞു പോയിട്ടുണ്ടാവുമോ? കപ്പ കഴിച്ച് അവൻ വളർത്തിയെടുത്ത മസിലുകൾ..മണ്ണ്‌ മണമുള്ള ശരീരം...

ഓ! ചപ്രുവിന്റെ ശരിയായ പേരെന്താണ്‌? - ‘ആരേയാണ്‌ കാണേണ്ടത്?’ എന്ന് ചോദ്യം വന്നപ്പോഴാണ്‌ അതോർത്തത് തന്നെ. സ്കൂൾ ഹാജർവിളികളാണ്‌ രക്ഷിച്ചത്. ഒരു നിമിഷം പരീക്ഷിച്ചെങ്കിലും, ഓർമ്മകൾ ഒടുവിൽ അവന്റെ ശരിക്കുള്ള പേര്‌ എന്റെ നേർക്ക് നീക്കിവെച്ചു മാനം രക്ഷിച്ചു.
പോലീസുദ്യോഗസ്ഥൻ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു,
‘നിങ്ങൾ അയാളുടെ ആരാണ്‌?’
ഞാൻ...അവന്റെ സുഹൃത്ത്...ബാല്യകാലസുഹൃത്ത്. ഒന്നിച്ചു ഒരേ സ്കൂളിൽ ഒരേ ബഞ്ചിൽ മുട്ടുകാലുകളുരുമിയിരുന്ന് പഠിച്ച സുഹൃത്ത്. കുറേ നല്ല വർഷങ്ങളുടെ പരിചയം മാത്രമുള്ള ഒരു സുഹൃത്ത്.
ഞാൻ സ്വയം പരിചയപ്പെടുത്തി. 
‘നിങ്ങൾ ഇപ്പോഴെന്താ വന്നത്?’
സന്ദർശനോദ്യേശ്യം...എന്തിനാണ്‌? വെറുതെ കാണാൻ. ഒരാളെ ഒരുപാട് നാൾ കാണാതിരുന്നാൽ കാണാൻ തോന്നില്ലെ? അങ്ങനെ കാണാൻ വന്നതാണ്‌. എവിടെ അവൻ? എന്താ കാണാൻ അനുവാദമില്ലെ?
ഒന്നും പറയാതെ ഞാൻ ചിരിച്ചതേയുള്ളൂ. എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു,
‘നിങ്ങൾ പറയുന്ന ആൾ മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചു പോയി...ഹാർട്ട് അറ്റാക്ക് എന്നാണ്‌ റെക്കോർഡിൽ കാണുന്നത്’

ദൈവം മരിച്ചു. 
ഞാൻ തളർച്ചയോടെ കസേരയിൽ കുറച്ച് നേരമിരുന്നിട്ട് പതിയെ പുറത്തേക്ക് നടന്നു. അന്നാദ്യമായി ഒരു ലജ്ജയുമില്ലാതെ ഞാൻ കരഞ്ഞു, നിസ്സാരനായ, വെറുമൊരു സാധാരണ മനുഷ്യനെ പോലെ. എന്റെയുള്ളിലൊരു ചെറിയ ചെടിയുണ്ടായിരുന്നു...അതിന്റെ അവസാനത്തെ ഇലയും കൊഴിഞ്ഞു പോയതു പോലെ തോന്നി. മുള്ളു പോലെ മുടിയുള്ള എന്റെ സുഹൃത്ത്... ചപ്രു... വേവിച്ച കപ്പ നിറച്ച പാത്രം നീട്ടി ‘എടുത്ത് കഴിയെടാ’ എന്നു പറഞ്ഞ ചപ്രു...എനിക്കൊരുവട്ടമെങ്കിലും അവനെ കാണാൻ വരാമായിരുന്നു...ഞാൻ...ഞാൻ മനുഷ്യനാണത്രെ...

(‘ചപ്രു’ എന്ന പേരിൽ) അകം മാസിക ജൂൺ 2018

Post a Comment

1 comment:

  1. സമകാലികമായ ചില കാഴ്ച്ചവട്ടങ്ങളുടെ ഒരു കഥ

    ReplyDelete