Please use Firefox Browser for a good reading experience

Tuesday, 9 June 2020

ഒരു ചെറിയ കഷ്ണം


ഇന്ന് അയല മീനാണ്‌ കിട്ടിയത്. കാത്തിരുന്ന് കിട്ടിയതാണ്‌! ഇപ്പോൾ അയല കിട്ടാൻ ബുദ്ധിമുട്ടായിരിക്കുന്നു. ഫിറോസ് സൈക്കിളിൽ കൂവി കൊണ്ട് വരുമ്പോഴൊക്കെ ആശിക്കും, അയല കിട്ടിയിരുന്നെങ്കിലെന്ന്. സത്യത്തിൽ ആ ആശ എന്റെ സ്വന്തമല്ല. ആരോ എന്നെ കൊണ്ട് ആശിപ്പിക്കുന്നതാണ്‌! ആഗ്രഹവും, അത്യാഗ്രഹവും, നിരാശയുമൊക്കെ അങ്ങനെ ആരൊക്കെയോ എന്നെ കൊണ്ട് തോന്നിപ്പിക്കുന്നതാണെന്ന തോന്നലുണ്ടായതു മുതലാണ്‌ വ്യഥകളോരോന്നായി വിട്ടകലാൻ തുടങ്ങിയത്. അതൊരു വാസ്തവമാണ്‌. പലപ്പോഴും വാസ്തവങ്ങൾക്ക് യുക്തിയുണ്ടാവില്ല. എന്നാൽ അത്ഭുതങ്ങൾക്ക് പിന്നിലെ യുക്തിയന്വേഷിച്ച് എല്ലാവരും നടക്കുകയും ചെയ്യും. ഈ വിരോധാഭാസത്തേക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നതേ രസമാണ്‌!

അയലയെ കുറിച്ച് ഇനിയും പറയാനുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ ആ മീനിനെ? പച്ച മിനുപ്പുള്ള മീനിനെ കൈയ്യിലെടുത്ത് കണ്ണോട് ചേർത്ത് നോക്കിയിട്ടുണ്ടോ? ഏതൊരു മീനിനേയും പോലെ ജീവൻ പോയി കഴിഞ്ഞാലും, ലോകം മുഴുവൻ കണ്ടു മതിയായിട്ടില്ലെന്ന മട്ടിൽ തുറിച്ച് നോക്കി കൊണ്ട് അത് കിടക്കും. കടല്‌ കണ്ട കണ്ണുകൾ! മനുഷ്യൻ മരിച്ചു കഴിഞ്ഞ് കണ്ണും തുറന്ന് പിടിച്ച് കിടക്കുന്നത് ആലോചിക്കാനേ വയ്യ. ഭയം ജനിപ്പിക്കുന്ന കാഴ്ച്ച! മരിച്ചു കഴിഞ്ഞാൽ അടുത്ത നിമിഷം കണ്ണുകൾ തിരുമ്മിയടച്ചാൽ ഒരു ആശ്വാസമാണ്‌. അത്രയ്ക്കും ഭയമാണ്‌ മനുഷ്യർക്ക് കണ്ണുകളെ! ഒരു പക്ഷെ മരിച്ചു കഴിഞ്ഞിട്ടും തന്നോട് മറ്റുള്ളവർ എന്താണ്‌ കാട്ടിക്കൂട്ടുന്നത് എന്ന് നോക്കിക്കൊണ്ടിരിക്കുകയാണെന്ന തോന്നലുളവാക്കുന്നത് കൊണ്ടാവുമത്. മരിച്ച മനുഷ്യന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിയാൽ ചിലപ്പോൾ അയാൾ കണ്ട ജീവിതങ്ങൾ കാണാൻ കഴിയുമായിരിക്കും. എല്ലാ കണ്ണുകളും സാക്ഷികളാണ്‌. സാക്ഷികളെ എല്ലാവർക്കും ഭയമാണ്‌.

അയലയിലേക്ക് വരാം. വെറും മൂന്നെണ്ണമാണ്‌ വാങ്ങിയത്. അത് ധാരാളം. വീട്ടിൽ ഞാനും ഭാര്യയും മാത്രം. മീൻ വാങ്ങുന്നത് എന്റെ ചുമതലകളിൽ പെട്ടതാണ്‌. മുറിച്ച്, വൃത്തിയാക്കി, മസാല പുരട്ടി പൊരിക്കുന്നതും കറിയുണ്ടാക്കുന്നതൊക്കെ സഹധർമ്മണിയുടെ കർത്തവ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. അവൾ മീൻ മുറിക്കുമ്പോൾ ഞാൻ പൂച്ചയാവും. കൗതുകത്തോടെ നോക്കി നില്ക്കും. അമ്മയ്ക്ക് അയല മീനിനേക്കാൾ മത്തിയായിരുന്നു പ്രിയം. അച്ഛനും ഞാനുമാണ്‌ അയലയുടെ ആരാധകർ. അമ്മ അയല മുറിക്കുന്നത് കാണണം. എത്ര ശ്രദ്ധയോടെയാണ്‌! നോവേല്പിക്കാതെ മുറിക്കുകയാണെന്ന് തോന്നും. ആ സമയമത്രയും അച്ഛൻ പൂച്ചയായി അടുത്ത് നില്പ്പുണ്ടാവും. ഈ പൂച്ചവേഷം പാരമ്പര്യമായി കൈമാറി വരികയാണെന്നു തോന്നുന്നു. എന്റെ മകൻ ആയിരിക്കും നാളെത്തെ പൂച്ച. എനിക്കുറപ്പുണ്ട്.

അച്ഛൻ മരിക്കുന്നത് എന്റെ പതിനേഴാം വയസ്സിലാണ്‌. ആ ദിവസം അമ്മ അയല പൊരിച്ചു വെച്ചിരുന്നു, അച്ഛന്റെ നിർദ്ദേശാനുസരണം. രാത്രി ഊണിന്‌ രണ്ട് വലിയ കഷ്ണം രുചിയോടെ, ആസ്വദിച്ച് അച്ഛൻ കഴിക്കുന്നത് ഞാനും അമ്മയും അതിലും രുചിയോടെ നോക്കിയിരുന്നു. അമ്മ മീൻ മുറിക്കുന്ന ആത്മാർഥത പിന്നീട് കാണാൻ കഴിയുക അച്ഛൻ മീൻ കഴിക്കുന്ന സമയത്താണ്‌. കഷ്ണങ്ങൾ സസൂക്ഷ്മം അടർത്തിയെടുത്ത് പതിയെ വായിലേക്ക് കൊണ്ടു പോകും. ചോറിനുള്ളിൽ ഇടുന്നതോ, ഉരുളയ്ക്കുള്ളിൽ തിരുകുന്നതോ കണ്ടിട്ടേയില്ല. അതാണ്‌ അച്ഛന്റെ രീതി.

അങ്ങനെ അച്ഛൻ തന്റെ ഇഷ്ടഭക്ഷണവും കഴിച്ച് തൃപ്തിയോടെയാണ്‌ കണ്ണടച്ചത്. ഉറക്കത്തിൽ ആരുമറിയാതെ, ആരേയുമറിയിക്കാതെ അച്ഛൻ പോയി. പതിയെ, ശബ്ദമുണ്ടാക്കാതെ, വാതിൽ തുറന്ന് ഇരുട്ടിലൂടെ... അച്ഛൻ എവിടേക്കോ ഒരു ദീർഘയാത്രയ്ക്ക് പോയതാണെന്ന്‌ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നീടെന്നോ, തിരിച്ചു വരാത്ത യാത്ര പോയതാണെന്ന യാഥാർത്ഥ്യം അംഗീകരിച്ചു. അച്ഛൻ മരിച്ചു കഴിഞ്ഞ് കുറേ നാൾ അമ്മ അയല മീൻ വാങ്ങിയതേയില്ല. അയല എന്ന മീനിനെ ഞങ്ങൾ ഉപേക്ഷിച്ചതു പോലെയായി. മറ്റു മീനുകൾ ഫിറോസ് കൊണ്ടു വരും. അയല അച്ഛനു മാത്രമുള്ളതാണ്‌. അതിനുള്ള അവകാശം അച്ഛനു മാത്രം. ഇപ്പോൾ അച്ഛനില്ല അതു കൊണ്ട് അയലയുമില്ല. എന്നാൽ ഒരു നാൾ അമ്മ അയല വാങ്ങാൻ നിർബന്ധം പിടിച്ചു. അതിനു കാരണം ഇതായിരുന്നു. ഫിറോസ് കൊണ്ടു വന്ന മത്തി അമ്മ വീടിനു പിൻവശത്തിരുന്ന് വൃത്തിയാക്കുകയായിരുന്നു. അവിടേക്ക് ഒരു കാക്ക പറന്നിറങ്ങി. അമ്മയെ ചെരിഞ്ഞും തിരിഞ്ഞും നോക്കി ‘കാ കാ’ വിളിച്ചു. അമ്മ കത്തി വീശിയിട്ടും അതിനൊരു കൂസലുമില്ല. വൃത്തിയാക്കുന്നതിനിടയിൽ കളയാനായി വെച്ച മീനിന്റെ ഉൾഭാഗം അമ്മ കാക്കയുടെ നേർക്കെറിഞ്ഞു. കാക്ക അതിനു നേർക്ക് നോക്കിയത് പോലുമില്ല! അത്രയും പത്രാസോ എന്നാൽ ഇനി നിനക്കൊന്നുമില്ല എന്ന മട്ടിൽ അമ്മ ഇരുന്നു. അമ്മയിൽ നിന്നും കണ്ണെടുക്കാതെ കാക്കയും. ഒടുവിൽ കഷ്ടം തോന്നി അമ്മ വാലിന്റെ അറ്റം അല്പം നീളം കൂട്ടി മുറിച്ച് നീട്ടിയെറിഞ്ഞു. കാക്ക അതിനേയും അവഗണിച്ച് അമ്മയെ നോക്കി ‘കാ കാ’ വിളിച്ചു. കാക്കയെ കുറച്ചു നേരം നോക്കിയിരുന്ന ശേഷം അമ്മ അകത്തേക്ക് കയറി പോയി. ഈ കാഴ്ച്ചയൊക്കെയും കണ്ട് പൂച്ച ഭാവത്തിൽ ഞാനിരിപ്പുണ്ടായിരുന്നു.
‘എന്തൊരു അഹങ്കാരം പിടിച്ച കാക്കയാ’ ഞാൻ പറഞ്ഞു. എന്നാൽ അമ്മ എന്തോ വലിയ ആലോചനയിലായിരുന്നു. പിറ്റേന്ന് കൂവി കൊണ്ട് പോയ ഫിറോസിനെ വിളിച്ച് അമ്മ എന്തോ പറയുന്നത് ഞാൻ ജനലിലൂടെ കണ്ടു.

അന്നേക്ക് അഞ്ചാം ദിവസം അമ്മ വാങ്ങിയത് അയലയായിരുന്നു. ഫിറോസ് ചിരിച്ചു കൊണ്ട് ത്രാസ്സിൽ ആ പച്ച മീൻ എടുത്ത് വെയ്ക്കുന്നത് ഞാൻ കണ്ടു. ഇതെന്തു പറ്റി? അത്ഭുതമാണല്ലോ. വാങ്ങണ്ട എന്നു വെച്ചതല്ലെ? മറന്നു തുടങ്ങിയ മീൻ വീണ്ടും വീട്ടിലേക്ക്. എന്നാൽ അതിലും വലിയ അത്ഭുതം പിന്നീട് സംഭവിച്ചു. വൃത്തിയാക്കുന്നതിനിടയിൽ എവിടെ നിന്നോ ആ കാക്ക പറന്നിറങ്ങി. അതു പ്രതീക്ഷിച്ചിരുന്ന പോലെ അമ്മ ഒരു ചെറിയ കഷ്ണം എറിഞ്ഞു കൊടുത്തു. കാക്ക അതും കൊത്തി ഒരൊറ്റ പറക്കൽ! ഞാൻ വായും പൊളിച്ച് ഇരുന്നു പോയി! അന്ന് അമ്മ ചിരിക്കുന്നത് കുറേ നാളുകൾക്ക് ശേഷം കണ്ടു. മീൻ വെട്ടിയെടുത്ത് വീട്ടിനുള്ളിലേക്ക് നടക്കുമ്പോൾ അമ്മയുടെ കണ്ണ്‌ നിറഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ചിരിക്കുമ്പോൾ എങ്ങനെയാണ്‌ കണ്ണ്‌ നിറയുക?

പിന്നീട്‌ പലതവണ അത് സംഭവിച്ചു. അമ്മ കാക്കയോട് സംസാരിക്കാൻ തുടങ്ങിയതും ഞാൻ ശ്രദ്ധിച്ചു. അയല കിട്ടാത്ത ദിവസം അമ്മ പറയും ‘ഇന്നില്ല...നാളെ നോക്കട്ടെ’ എന്ന്. അതു കേട്ട മട്ടിൽ തല ചെരിച്ചു നോക്കി എന്തോ ആലോചിക്കുന്ന മട്ടിൽ കാക്ക കുറച്ച് നേരമിരിക്കും എന്നിട്ട് എങ്ങോട്ടോ പറന്നു പോകും. അയല കിട്ടുന്ന ദിവസം, ‘ഇതാ മുഴുത്ത ഒന്ന്‌!’ എന്നും പറഞ്ഞാവും എറിഞ്ഞു കൊടുക്കുക. അമ്മയ്ക്ക് കാക്കയോടുള്ള സ്നേഹം അടിക്കടി കൂടി വന്നു. അമ്മയുടെ സന്തോഷം എന്റെ സന്തോഷം. ഞാൻ ഒന്നും പറയാൻ പോയില്ല.

അച്ഛൻ പോയത് പോലെയാണ്‌ അമ്മയും പോയത്. ആരുമറിയാതെ, ആരേയുമറിയിക്കാതെ. നെഞ്ചത്ത് കൈകൾ പിണച്ച് വെച്ച്, കണ്ണുകളടച്ച്, ഒരു ചെറിയ ചിരിയുമായി അമ്മ കിടന്നു. ഏതോ നല്ല സ്വപ്നം കണ്ട് കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. എന്റെ വിവാഹം അപ്പോഴേക്കും കഴിഞ്ഞിരുന്നത് കൊണ്ട് ഒറ്റയ്ക്കായി എന്ന തോന്നലെനിക്കുണ്ടായില്ല. അല്ലാത്തപക്ഷം മനസ്സിൽ കൂടി ഏതൊക്കെ ചിന്തകൾ ഓടുമായിരുന്നു എന്ന് ഇപ്പോൾ പറയാൻ പറ്റില്ല.

ആഴ്ച്ചകൾക്ക് ശേഷം ഞാൻ മീൻ വാങ്ങാൻ തുടങ്ങി. വാങ്ങിയത് ഒരു ചെറിയ സ്രാവായിരുന്നു. ഭാര്യ, വീടിന്റെ പിൻഭാഗത്തിരുന്നു അത് വെട്ടിയെടുക്കുമ്പോൾ ഞാനോർത്തു, വീടിന്റെ ഈ ഭാഗം എന്തൊക്കെ കാഴ്ച്ചകൾക്ക് സാക്ഷിയായിട്ടുണ്ടാവും? മൂകസാക്ഷിയായ ഈ ചുവരുകൾക്ക് തലമുറകളുടെ കഥകൾ പറയാനുണ്ടാവും. എന്തു കൊണ്ടാണ്‌ അങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചു. ഞാൻ പൊടുന്നനെ വയസ്സായി പോയോ എന്നു വരെ തോന്നി പോയി. ആ വയസ്സൻ ചിന്തകൾക്കിടയിലാണ്‌ കാക്കകളുടെ ശബ്ദം വന്നു വീണത്. ഒന്നല്ല, രണ്ടു കാക്കകൾ! ഏതോ ഒരു ഉൾപ്രേരണ പോലെ അമ്മ പണ്ടു ചെയ്ത പോലെ ചെയ്യാൻ എനിക്ക് തോന്നി. സ്രാവിന്റെ ഒരു ചെറിയ കഷ്ണം കാക്കകളുടെ നേർക്ക് ഞാനെറിഞ്ഞു. ‘ഇയാൾക്കെന്താ വട്ടായോ?’ എന്ന മട്ടിൽ ഭാര്യ എന്നെ നോക്കിയിട്ടുണ്ടാവും. ഉറപ്പ്. ഞാൻ അങ്ങോട്ട് കണ്ണ്‌ തിരിച്ചതേയില്ല. കാക്കകൾ പരസ്പരം നോക്കി. എന്നിട്ട് എന്നെ അമ്പരപ്പിച്ചു കൊണ്ട് മീൻ കഷ്ണം തൊടാതെ ഒറ്റ പറക്കൽ. ‘മതിയായല്ലോ?’ എന്ന മട്ടിൽ ഭാര്യ എന്നെ നോക്കിയിട്ടുണ്ടാവും. കാക്കകളോട് സഹാനുഭൂതി കാണിക്കാൻ പോയാൽ ഇങ്ങനെയിരിക്കും - അവൾ അങ്ങനേയും വിചാരിച്ചിട്ടുണ്ടാവും. ഉറപ്പ്. അന്നു രാത്രി എനിക്ക് ഉറങ്ങാനായില്ല. ചിരിച്ചും, ചിന്തിച്ചും ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ‘ഏയ്...അങ്ങനെ ആവാൻ വഴിയില്ല’. ‘വെറുതെ തോന്നിയതാവും‘ എന്നൊക്കെ ശബ്ദമില്ലാതെ പറഞ്ഞു ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചും, ന്യായീകരിച്ചും കഴിച്ചു.

അങ്ങനെ കാത്തിരുന്നു കിട്ടിയ മൂന്ന് അയല മീനുകളാണ്‌ വെള്ളം നിറച്ച ചട്ടിയിൽ കിടക്കുന്നത്! ഇന്ന്, ഇപ്പോൾ, ഇവിടെ വെച്ചറിയാം! മീൻ ഭാര്യക്ക് കൈമാറുമ്പോൾ എന്റെ ആകാംക്ഷയുടെ കയറ്‌ ഇപ്പോൾ പൊട്ടും എന്ന നിലയിലായിരുന്നു. അവൾ ചട്ടിയും കത്തിയുമായി പിൻവശത്തേക്ക് പോയി. വാലില്ലാത്ത പൂച്ചയായി ഞാനും. മീൻ മുറിക്കാൻ തുടങ്ങി. എന്റെ ശ്രദ്ധ മീനിലല്ല. പറമ്പിലാണ്‌. എവിടെ? കാണുന്നില്ലല്ലോ. മൂന്നാമത്തെ മീനും മുറിക്കാൻ തുടങ്ങി. എന്റെ പ്രതീക്ഷകൾ അവസാനിക്കാറായി. എല്ലാം വെറും തോന്നലുകൾ. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ. മീൻ കഷ്ണങ്ങളായി ചട്ടിയിൽ നിറഞ്ഞു തുടങ്ങി. അപ്പോൾ കേട്ടു, ’കാ..കാ!!‘ അതാ! രണ്ടുപേരുമുണ്ട്‌! പെട്ടെന്ന്‌ രണ്ടു കഷ്ണങ്ങളെടുത്ത് ഞാൻ കാക്കകളുടെ നേർക്കെറിഞ്ഞു. അടുത്ത നിമിഷം, രണ്ട്‌ കഷ്ണങ്ങളും കൊത്തിയെടുത്ത് രണ്ടുപേരും ഒറ്റ പറക്കൽ! ഭാര്യയുടെ നേർക്ക് നോക്കുക പോലും ചെയ്യാതെ ഞാൻ തിടുക്കത്തിൽ അകത്തേക്ക് നടന്നു. സത്യം പറയട്ടെ, അപ്പോഴെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
പക്ഷെ...ഞാൻ...കരയുകയായിരുന്നില്ല, ചിരിക്കുകയായിരുന്നു...
പണ്ട്...അമ്മ ചിരിച്ചതു പോലെ...




Post a Comment

2 comments:

  1. അയല മീനുകളിൽ കൂടി മാതാപിതാക്കളുടെ സ്‌മരണകൾ അയവിറക്കുന്നു 

    ReplyDelete
  2. Good.... കഥ... മനോഹരം.

    ReplyDelete