Please use Firefox Browser for a good reading experience

Tuesday, 9 June 2020

നരനായിങ്ങനെ


സുഹൃത്തായ നരനെ അന്വേഷിച്ചൊരു യാത്രയിലാണ്‌ ഞാൻ. ഒരവസാനശ്രമം. തലയുയർത്തുന്ന ചിന്തകളിലെനിക്ക് വായിച്ചെടുക്കാം, ഈ യാത്ര പോലും വിധിയുടെ ഭാഗമാണെന്ന്. അല്ലെങ്കിൽ ഈ ജന്മം എന്തിന്‌ ഞാൻ നരനെ കണ്ടുമുട്ടണം? എന്തിനെന്നെ ആത്മമിത്രമായി കണക്കാക്കണം? വാക്കുകളാൽ നരനെ വരച്ചിടാനൊരു ശ്രമം നടത്തിയാൽ നിങ്ങൾക്കൊരുപക്ഷെ ഞാനാരെക്കുറിച്ചാണ്‌ പറയുന്നതെന്ന് മനസ്സിലാക്കാൻ കഴിയും. ചുമലോളം നീണ്ട ചുരുൾമുടിയും, തിളക്കമുള്ള കുസൃതിക്കണ്ണുകളുമുള്ള നരന്റെ ചിത്രം നിങ്ങളും മൂന്നാഴ്ച്ചകൾക്ക് മുൻപത്തെ ദിനപത്രങ്ങളിൽ കണ്ടിട്ടുണ്ടാവും. എന്റെ സുഹൃത്ത് ഒരു മന്ത്രിപുത്രനോ, പ്രമുഖന്റെ ബന്ധുവോ അല്ലാത്തത് കൊണ്ട്, ഉൾപേജുകളിലൊന്നിൽ ‘കാണാതായി’ എന്ന തലക്കെട്ടോടെ, ആ ചെറിയ വാർത്ത ഒതുങ്ങി കൂടി. അതും ഒന്നോ രണ്ടോ പത്രങ്ങളിൽ മാത്രം. അപ്രസക്തരായ സാധാരണക്കാർക്ക് സമൂഹത്തിൽ അത്രയേ പ്രാധാന്യമുള്ളൂ! ഒരേസമയം സമൂഹത്തിന്റെ ഭാഗമായിരിക്കുകയും അല്ലാതിരിക്കുകയും എന്ന വൈരുദ്ധ്യം അവർക്കുമാത്രം സ്വന്തം.

എന്റെ ബസ്സ് തണുപ്പിലൂടെ കിതപ്പില്ലാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പുൽമേടുകളും, കുന്നുകളും കടന്ന് മുന്നോട്ട്. പെയ്ന്റിളകി തുടങ്ങിയ ജന്നൽക്കമ്പികളിൽ വിശ്രമിക്കുന്ന വിരലുകളെ പുറത്തെ തണുത്ത കാറ്റ് മരവിപ്പിച്ചു തുടങ്ങിയപ്പോൾ, വിറങ്ങലിച്ച വിരലുകൾ അടർത്തിയെടുത്ത് ഞാൻ മടക്കുള്ള പച്ചഷട്ടർ താഴ്ത്തിയിട്ടു. തണുത്ത കാറ്റ് മഴയുടെ വരവറിയിച്ചിരുന്നു. മഴ പെയ്യരുതെ എന്ന നിശ്ശബ്ദപ്രാർത്ഥന ഞാൻ നെഞ്ചോടു ചേർത്തു. നിയോഗങ്ങൾ ചിലപ്പോൾ യാദൃശ്ചികതയാവാം. ഞാൻ നിയോഗങ്ങളിൽ വിശ്വസിക്കുകയോ, അവിശ്വസിക്കുകയോ ചെയ്യുന്നില്ല. പെൻഡുലം കണക്കെ വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിലുള്ള നിരന്തരസഞ്ചാരത്താൽ മനസ്സ് തളർന്നു തുടങ്ങിയിരിക്കുന്നു. എന്റേതു മാത്രമായ ചോദ്യങ്ങൾക്ക് പൂർണ്ണമായ ഉത്തരങ്ങളൊരിക്കലും കിട്ടില്ലെന്നെപ്പോഴൊ ഒരു തോന്നലുണ്ടായത്‌ കൊണ്ടാവാമത്. ഒരു പരാജിതന്റെ തോന്നൽ. എല്ലാ വിശ്വാസങ്ങളുടേയും തെളിവുകൾ യാദൃശ്ചികതയുടെ മണ്ണിലാണ്‌ മുളച്ചുയരുന്നതെന്ന്‌ എന്നോ മനസ്സിലാക്കിയിരുന്നു. അതാണെന്നെ നിയോഗങ്ങളിൽ വിശ്വസിക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്നത്. അല്ലെങ്കിൽ തന്നെ എന്തിന്‌ സ്വന്തം തോന്നലുകളിൽ വിശ്വസിക്കണം? എന്തിനവിശ്വസിക്കണം? ഈ ‘എന്തിന്‌’ എന്ന ചോദ്യം കുഴപ്പം പിടിച്ചതാണ്‌. നരന്റെ ഇഷ്ടചോദ്യം. അത് അവൻ നിരന്തരം തന്നോടു തന്നേയും, മറ്റുള്ളവരോടും ചോദിച്ചു കൊണ്ടിരുന്നു. ചില ചോദ്യങ്ങൾ മതിലുകൾക്ക് സമമാണ്‌. അവനെ പൂർണ്ണമായും മനസ്സിലാക്കുന്നതിന്‌ തടസ്സമായത് അവന്റെ ചോദ്യങ്ങൾ തന്നെ.

ഒരലസഭാഷണത്തിനിടയിൽ വിചിത്രമായ തന്റെ ആഗ്രഹത്തെ കുറിച്ചവൻ പറഞ്ഞതോർക്കുന്നുണ്ട്.
‘എനിക്കൊരു മരമാകണം സുഹൃത്തെ! കൈകൾ വിടർത്തിപ്പിടിച്ച്, മുടി വിടർത്തിയിട്ട് കാറ്റിലുലയുന്ന ഒരു വൻമരം!’
വിചിത്രമായ ആ സംസാരവും ആഗ്രഹവും കേട്ട് കുറച്ച് നേരം അവനെ തന്നെ നോക്കിയിരുന്നു പോയി ഞാൻ. സത്യത്തിൽ അതൊരു നേരമ്പോക്കല്ലായിരുന്നു. അതുതന്നെയായിരുന്നു അവന്റെയാഗ്രഹം. ഇപ്പോൾ തോന്നുന്നുണ്ട്, അവന്‌ അങ്ങനെ മാത്രമെ ആഗ്രഹിക്കാൻ കഴിയൂ എന്ന്. ഒരുപക്ഷെ അവന്‌ മാത്രമെ അങ്ങനെ ആഗ്രഹിക്കാനാവൂ.

പരുക്കൻ പ്രതലങ്ങളിലൂടെയായിരിക്കുന്നു ഇപ്പോൾ ബസ്സിന്റെ സഞ്ചാരം. ചിന്തകളെ മുറുക്കെ കെട്ടി വെയ്ക്കാനുള്ള കഴിവ് ഞാൻ സ്വായത്തമാക്കിയിരുന്നില്ല. എവിടെ വെച്ച്, എപ്പോഴാണ്‌ നരനെ ആദ്യം കണ്ടുമുട്ടിയത്? ഒരുപാട്‌ കാണാച്ചരടുകൾ ഒന്നിച്ചുമുറുകിയ ഒരപൂർവ്വമുഹൂർത്തത്തിലാവും. അതിനെ നിമിത്തം എന്നല്ലാതെ എന്താണ്‌ വിളിക്കേണ്ടത്? ഞാനാദ്യം കാണുമ്പോൾ, വഴിയാത്രക്കാർക്കിടയിൽ ലഘുലേഖകൾ വിതരണം ചെയ്തു കൊണ്ട് എന്നേയും കടന്ന്‌ പോവുകയായിരുന്നു അയാൾ. വനനശീകരണത്തേക്കുറിച്ച് ഒരു പുറത്തിലും, മറുപുറത്തിൽ ജലദൗർലഭ്യത്തേക്കുറിച്ചും വിശദീകരിക്കുന്ന ഒരു കുറിപ്പായിരുന്നു അത്. മൃതപ്രായയായ മണ്ണിന്റെ ദയനീയാവസ്ഥ വളരെ കുറച്ച് വാക്കുകളാൽ വരച്ചു കാട്ടുന്ന ഒരു കുറിപ്പ്. എനിക്കതേക്കുറിച്ച് വിശദമായി അറിയാൻ താത്പര്യമുണ്ടായി. നരൻ എന്നു സ്വയം പരിചയപ്പെടുത്തിയ അയാൾ, മൃദുവായ വാക്കുകൾ കൊണ്ട് കുറിപ്പിന്റെ ഉള്ളടക്കം വിശദമാക്കി തന്നു. വാക്കുകൾക്ക് നോവുണ്ടാവുമോ എന്ന മട്ടിലുള്ള പതിഞ്ഞ ശബ്ദം കേൾക്കാൻ എനിക്ക് പതിവിലുമധികം ശ്രദ്ധ ചെലുത്തേണ്ടി വന്നു. ഇയാൾ ഏതു സംഘടനയിൽപ്പെട്ടയാളാണ്‌? ഏതു കാര്യപരിപാടിയുടെ ഭാഗമായാണ്‌ ഈ കുറിപ്പ് വിതരണം? ഞാനത് നേരിട്ട് ചോദിച്ചു. എന്നാലയാളുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. ബോധവത്ക്കരണത്തിനായി സ്വന്തം പോക്കറ്റിൽ നിന്നു പണം ചിലവാക്കി കുറിപ്പ് അച്ചടിച്ച് വിതരണം ചെയ്യുകയാണയാൾ! ഭ്രാന്ത്! അല്ലാതെന്ത്? എന്നാൽ സംസാരം നീണ്ടപ്പോൾ, ഭ്രാന്ത് അയാൾക്കല്ലെന്നും, ചോദ്യങ്ങൾ സ്വയം ചോദിക്കാതിരിക്കുന്ന എനിക്കാണെന്നും തോന്നി. ഞാനെന്റെ ഭ്രാന്ത് മറച്ച് പിടിച്ചിരിക്കുന്നു എന്നേയുള്ളൂ! ശരിക്കും ആരാണിയാൾ? എന്താണിയാളുടെ ഉദ്ദേശ്യം? ഒരുപാട് ചോദ്യങ്ങളുമായി ഞാൻ നിന്നു.

‘എന്തു കൊണ്ട് നമുക്ക്...കുറച്ച് നേരം മാറിയിരുന്ന് സ്വസ്ഥമായി സംസാരിച്ചു കൂടാ?’
ചുറ്റുമതിലുകളില്ലാത്തൊരു ക്ഷേത്രമൈതാനത്തിലേക്കാണ്‌ ഞങ്ങൾ പോയത്. അവിടെ തല നിറയെ, കലപില കൂട്ടുന്ന ഇലകളുമായി, പക്ഷികളോട്‌ സല്ലപിച്ചു നില്ക്കുന്ന വലിയ ഒരരയാലുണ്ട്. ഏതോ ഒരു സഹൃദയൻ എന്നോ പണി കഴിപ്പിച്ച ആ അരയാൽത്തറയിലിരുന്ന് ഞങ്ങൾ സംസാരിച്ചു. ചെറുതായി നര തെളിഞ്ഞു തുടങ്ങിയ താടിരോമങ്ങൾ, നെറ്റിയിൽ വീണു കിടക്കുന്ന എണ്ണമയമുള്ള ചുരുണ്ടമുടിയിഴകൾ, വെളുത്ത നേർത്ത ഷർട്ട്...ഇതൊക്കെയും ശ്രദ്ധിച്ചതപ്പോഴാണ്‌. അയാൾ അടുത്തുള്ള ഒരു ട്യൂട്ടോറിയലിൽ പഠിപ്പിക്കുന്നു. ചില വീടുകളിലും പോയി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഇടയിൽ കിട്ടുന്ന രണ്ട് മൂന്ന് ദിവസങ്ങൾ യാത്രകൾക്കായി ചിലവാക്കുന്നു. എവിടേക്കാണ്‌ യാത്രകൾ? ചോദിച്ചില്ല. അയാൾ പറയട്ടെ. എല്ലാം ചോദിച്ചറിയേണ്ട കാര്യമില്ലല്ലോ. അതാണെന്റെ നയം.

കാടുകൾ, കാവുകൾ, കായലുകൾ, നദികൾ, കുന്നുകൾ, നീരുറവകൾ...ഓരോന്നോരോന്നായി ഉത്തരങ്ങളായി വന്നു. എന്നെ പോലുള്ള ഒരു സാധാരണക്കാരന്‌ ഒട്ടും താത്പര്യമില്ലാത്ത ഒരു കൂട്ടം കാര്യങ്ങൾ. സംശയം തോന്നി, ഇയാളിതെന്തിനുള്ള പുറപ്പാടാണ്‌? നരന്റെ യാത്ര പിറകിലേക്കാണ്‌. മനുഷ്യജീവിതത്തിനു ചില ഉദ്ദേശ്യങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കി വെച്ചിട്ടുണ്ടായിരുന്നു. വിവാഹം കഴിക്കണം, കുട്ടികളുണ്ടാവണം, വീട്, വാഹനം, കുട്ടികളുടെ പഠിപ്പ്... ഉദ്ദേശ്യങ്ങളുടെ നിര അവസാനിക്കുന്നില്ല. ഉദ്ദേശ്യങ്ങൾ ആഗ്രഹങ്ങളുടെ പര്യായമാണ്‌. ആഗ്രഹങ്ങൾക്ക് അവധി കൊടുക്കാതെ ജീവിക്കണം. ജീവിതം, അവസാനമില്ലാത്ത ചേർത്തുവെയ്ക്കലുകളും, നിരന്തരം വിജയിക്കാനുള്ള വെമ്പലുമാണെന്ന് ആരോ എന്നെ പഠിപ്പിച്ചിരുന്നു. എന്നോ ഞാനറിയാതെ പഠിച്ചു പോയിരുന്നു. എന്നാൽ നരന്റെ കാഴ്ച്ചപ്പാടുകൾ തികച്ചും വ്യത്യസ്തമാണെന്ന് അന്നു ഞാൻ മനസ്സിലാക്കി.

‘ഇയാൾക്കെന്താ നല്ല സുഖമില്ലെ?’ 
യൂണിഫോം ധരിച്ച, അക്ഷമനായ ഒരു ചെറുപ്പക്കാരന്റേതാണ്‌ ചോദ്യം. അയാളത് ചോദിക്കുമ്പോൾ നരൻ എന്റെ സമീപമില്ലായിരുന്നു. നരൻ അപ്രത്യക്ഷനായിരുന്നു. എന്റെ കൈവശം നരന്റേതെന്നു പറയാൻ നനഞ്ഞ മണ്ണ്‌ പുരണ്ട ഒരു ജോഡി ചെരുപ്പുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ സംഭവം നടന്നത് ഏകദേശം മൂന്ന് ആഴ്ച്ചകൾക്ക് മുൻപാണ്‌. ഇന്നാലോചിക്കുമ്പോൾ എല്ലാം നരന്റെ രഹസ്യപദ്ധതിയുടെ ഭാഗമായിരുന്നോ എന്നു കൂടി സംശയമുണ്ട്. 

ഒരു ശനിയാഴ്ച്ച ദിവസം. എന്നോട് ‘ഒരത്ഭുതം കാണാൻ വരുന്നോ?’ എന്നു ചോദിച്ചാണ്‌ പ്രലോഭിപ്പിച്ചത്. ആ ചോദ്യത്തിൽ ഞാൻ വീഴുകയും ഞങ്ങളൊന്നിച്ച് ദ്വീപിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. വടക്കൻ കേരളത്തിൽ കുറച്ചുള്ളിലായിട്ടാണാ സ്ഥലം. അവിടേക്ക് ചെന്നെത്തുക തന്നെ ശ്രമകരം. മാത്രമല്ല സാഹസികവും. ദ്വീപിലേക്ക് ഒരു ചെറിയ ബോട്ടുണ്ട്. ചെന്നിറങ്ങിയപ്പോൾ തന്നെ വലിയ മുളകൾ വളഞ്ഞു നിന്ന് കമാനമൊരുക്കിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പ്രകൃതി തന്റെ സാമ്രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നിടം. വനം - അതെനിക്ക് അന്നുവരെ ഒരു സങ്കല്പം മാത്രമായിരുന്നു. പുസ്തകങ്ങളിൽ കണ്ട ചില ചിത്രങ്ങളിൽ മാത്രമൊതുങ്ങി നിന്നിരുന്നു എന്റെ വനസങ്കല്പ്പം. അവിടെ വെച്ച് ഒരു വൻവൃക്ഷത്തെ ആലിംഗനം ചെയ്തു കൊണ്ടവൻ ഇങ്ങനെ ഉപദേശിച്ചു,
‘വൃക്ഷങ്ങൾ ഇടതൂർന്ന് വളർന്ന് നില്ക്കുന്ന ഈ ഭൂമിയെ കാടെന്നോ, വനമെന്നോ വിളിക്കുന്നതിനേക്കാൾ എത്രയോ മനോഹരമാണ്‌ ആരണ്യം എന്ന് വിളിക്കുന്നത്! ആ വാക്കിന്‌ തന്നെ ഒരു പച്ചപ്പും, തണുപ്പും ഒരു രഹസ്യസ്വഭാവവുമുണ്ട്. ഇല്ലെ? ആര്യണമെന്നത് തന്നെയാണ്‌ ശരിയായ പേര്‌. ചിലതിന്‌ ചില പേരുകളാണ്‌ ഏറ്റവും യോജിക്കുക എന്ന് തോന്നിയിട്ടില്ലെ? ഈ വൃക്ഷജീവസമൂഹത്തിന്‌ ഏറ്റവും യോജിച്ച പേര്‌ ആരണ്യം തന്നെ!‘
അവൻ വാക്കുകളിൽ നിന്ന് വാക്കുകളിലേക്ക് അതിവേഗം സഞ്ചരിച്ചു കൊണ്ടിരുന്നു. എനിക്ക് അവൻ പറയുന്നത് പലതും രണ്ട് മൂന്ന് വട്ടം രസം പിടിച്ച് ആലോചിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ നടപ്പിന്‌ വേഗം കൂടുകയും, അതുവരെ കാണാത്ത വനഭംഗികളിലേക്ക് എന്റെ കാഴ്ച്ച ആവേശത്തോടെ തിരെഞ്ഞു ചെന്നതും അതിനു വിഘാതമായി.

കണ്ടിട്ടും കണ്ടിട്ടും മതിയാവാത്തവണ്ണം ഞാൻ ചുറ്റിലും നോക്കി നടന്നു. തലേ ദിവസം പെയ്ത മഴ കുടിച്ച് ഈർപ്പം നിറഞ്ഞ, മണ്ണിലും മരങ്ങളിലും കണ്ണുകൾ ഓടി നടന്നു. പായൽ പുരണ്ട പാറക്കല്ലുകൾ, പ്രാണികൾ കുടയാക്കിയ ചെറുകൂണുകൾ, ഇളകുന്ന നൂല്‌ പോലെ കറുത്ത ഉറുമ്പുകളുടെ സഞ്ചാരം, പാറക്കല്ലുകളുടെ വിടവുകളിലൊളിക്കുന്ന ഉരഗങ്ങൾ, നൂൽപ്പാവകളുടെ ചലനമനുകരിക്കുന്ന ചിത്രശലഭങ്ങൾ...

അത്രയും പച്ചപ്പ് ആദ്യമായി കാണുകയായിരുന്നു ഞാൻ. പച്ച നിറത്തിനെത്ര വകഭേദങ്ങളുണ്ടെന്ന് അന്നാദ്യമായറിഞ്ഞു. മണ്ണിലുറച്ച് പോയ ഭീമൻ വില്ലുകൾ പോലെ മുളകൾ വളഞ്ഞു നില്ക്കുന്നു. അവ കാറ്റിലുരസി വന്യമായൊരു ശബ്ദം നിർത്താതെ കേൾപ്പിക്കുന്നു. ചെറിയ മഴക്കാറുള്ളത് ഞാൻ ശ്രദ്ധിച്ചു. മഴ പെയ്യുമോ? ആധി മുഴുക്കെയുമതായിരുന്നു. ഞാനത് നരനോട് പങ്കുവെച്ചു. 
‘മഴയോ? ഓരോ മഴത്തുള്ളിയും ഒരു സമ്മാനമല്ലേ? ഭൂമിക്ക് ആകാശത്തിന്റെ സമ്മാനപ്പൊതികൾ!’ 
ഒരു നിമിഷം അവൻ നിഷ്ക്കളങ്കനായ ഒരു കവിയായതു പോലെനിക്ക് തോന്നി.
‘ദാ! ഇതാണ്‌ ഞാൻ പറഞ്ഞയിടം!’
അത്യാഹ്ലാദത്തോടെ അവൻ വിളിച്ചു പറഞ്ഞു. ഒരു വളവ്‌ തിരിഞ്ഞ ഞങ്ങളുടെ മുന്നിൽ പളുങ്കുവെള്ളം നിറഞ്ഞ ഒരരുവി പ്രത്യക്ഷമായി. മുളങ്കൂട്ടങ്ങളും, അരുവിയും, ചെറുകുരുവികളും ചേർന്നൊരുക്കുന്ന സംഗീതമേളം! കവിയാകാതെ പോയതിൽ സ്വയം പഴിച്ചു. ചിന്തകളെ തടസ്സപ്പെടുത്തി കൊണ്ട് അവനെന്റെ കൈ പിടിച്ചുവലിച്ച് അരുവിയിലേക്കിറങ്ങി. അപ്പോഴാണ്‌ അരുവിയുടെ മറ്റൊരു മുഖം അറിഞ്ഞത്. വഴുക്കലുള്ള പാറകളുടെ മുകളിൽ കൂടിയാണതിന്റെ ചിരി പൊഴിച്ചു കൊണ്ടുള്ള ഒഴുക്ക്. ഒരു നിമിഷം എന്റെ വിവേകബുദ്ധി ഭാവനകളെ മറച്ചു. ഒന്നു കാൽ വഴുക്കിയാൽ? തല തല്ലി വീണാൽ? ഒഴുക്കിൽ പെട്ടു പോയാൽ? മലവെള്ളം വന്നു തുടങ്ങിയാൽ നിമിഷങ്ങൾക്കകം ഒഴുക്കിന്റെ ശക്തി പത്തിരട്ടിയായി മാറും എന്നും മറ്റും കേട്ടറിഞ്ഞിട്ടുണ്ട്. വരുന്ന വഴിക്ക് ഒരു ഗാർഡ്, വെള്ളത്തിൽ അധികദൂരം പോകരുത് എന്ന് മുന്നറിയിപ്പ് തന്നതുമാണ്‌. വെറുതെ എന്തിന്‌...? അപ്പോൾ ഞാൻ കണ്ടു, നരൻ ഒരു കൊച്ചു കുട്ടിയെ പോലെ സന്തോഷിക്കുന്നത്. അരുവിയിലെ തണുത്ത വെള്ളം മുകളിലേക്ക് തെറിപ്പിച്ചും, പായൽ പുരളാത്ത കല്ലുകളെടുത്ത് അകലേക്കെറിഞ്ഞും. അരുവിയിലേക്ക് തല നീട്ടി നിന്ന ഒരു മരക്കൊമ്പിൽ അവൻ ജൂബ അഴിച്ച് തൂക്കിയിട്ടു. എന്നോട് ഒരു പാറപ്പുറത്തിരുന്നുകൊള്ളാൻ പറഞ്ഞ് അവൻ വെള്ളത്തിനു നടുവിലേക്ക് നടന്നു. അവിടെ, മിനുസമേറിയ പാറക്കല്ലുകളിൽ തട്ടി വരുന്ന ഒഴുക്കിൽ കൈകൾ വിടർത്തി വെച്ച് അവൻ മലർന്നു കിടന്നു. കണ്ണുകളടച്ച് ഏതോ സംഗീതമാസ്വദിക്കുന്ന മുഖഭാവത്തോടെ! അവൻ പാറക്കല്ലിൽ തല ചായ്ക്കേണ്ട താമസം, മുഖം മറച്ചു കൊണ്ട് വെള്ളം ഒഴുകി താഴേക്ക് പോയി. അവന്റെ നീണ്ട മുടിയിഴകൾ വെള്ളത്തിന്റെ ഒഴുക്കിനൊപ്പമൊഴുകി മുഖം മറച്ചു. എത്ര നേരം അങ്ങനെ കിടന്നു കാണും? അവൻ സ്വർഗ്ഗീയസുഖമാസ്വദിക്കുന്നതും നോക്കി ഞാൻ പാറപ്പുറത്തിരുന്നു. അല്പനേരം കഴിഞ്ഞ് നോക്കുമ്പോൾ, മുകളിൽ മേഘമുഖങ്ങൾ കറുത്തിരുണ്ട് വരുന്നത് കണ്ടു. മഴ പെയ്യുമെന്നുറപ്പാണ്‌. 
‘വാ, കേറി വാ! ഇന്നിത്രേം മതി. നമുക്ക് തിരിച്ചുപോവാം. മഴ തുടങ്ങിയാൽ തിരിച്ച്പോക്ക് നടക്കില്ല’. ഞാനുച്ചത്തിൽ വിളിച്ചു പറഞ്ഞു.
‘തിരിച്ചു പോക്കോ? എന്തു തിരിച്ചു പോക്ക്?!’ അങ്ങനെ പറഞ്ഞ് എന്നെ ഒന്നമ്പരപ്പിച്ച ശേഷം അവൻ എഴുന്നേറ്റു വന്നു. 
‘ഇതാണ്‌ സ്വർഗ്ഗം!’
നീളൻ മുടിയിഴകളിൽ നിന്ന് ഇറ്റിറ്റ് വീഴുന്ന ജലകണങ്ങളുമായ് അവൻ കയറി വരുന്നത് കണ്ടപ്പോൾ, പണ്ടെങ്ങോ വായിച്ചു മറന്ന ചരിത്രപുസ്തകത്തിന്റെ താളുകളിൽ കണ്ട ആദിമമനുഷ്യന്റെ ഛായ അവനുണ്ടെന്ന് ഒരു നിമിഷം തോന്നി.

അല്പനേരം കഴിഞ്ഞു ഞങ്ങൾ നടപ്പു തുടർന്നു. കുറച്ച് കൂടി നടന്നാൽ ഒരു കുന്ന് കാണിച്ചു തരാമെന്നവൻ വാക്കു പറഞ്ഞു. 
‘നരനിവിടെ മുൻപ് വന്നിട്ടുണ്ടോ?’
‘പലവട്ടം!’
അല്പദൂരം നടന്നു കഴിഞ്ഞപ്പോൾ, കരുതിവെച്ചിരുന്ന ഒരു കാര്യം പറയാൻ ഞാൻ തയ്യാറെടുത്തു.
‘ഒരു ചെറിയ വിശേഷമുണ്ട്. എന്റെ വിവാഹം നിശ്ചയിച്ചു’ ഞാനാവേശത്തോടെ പറഞ്ഞു. നരൻ ചോദിക്കുന്നതിനു മുൻപ് തന്നെ പെൺകുട്ടിയെ കുറിച്ചുള്ള കാര്യങ്ങളും ഞാൻ പറഞ്ഞു തുടങ്ങി. ഇടയ്ക്ക് ഞാനൊരു ചോദ്യവും ചോദിച്ചു.
‘ഇങ്ങനെ നടന്നാലോ? ഒരു കല്ല്യാണമൊക്കെ വേണ്ടെ?’
ഒരു ചിരിയോടെ അവനൊരു ചോദ്യമെന്റെ മുന്നിലേക്കിട്ടു.
‘ഏറ്റവും വലിയ തമാശ എന്താണെന്നറിയോ?’
അവനെന്തോ കുസൃതി പറയാൻ പോവുകയാണെന്ന് മനസ്സിലായി.
‘ജനിച്ചതെന്തിന്‌...ജീവിക്കുന്നതെന്തിന്‌...ഇതൊന്നുമറിഞ്ഞു കൂടെങ്കിലും നമ്മൾ നമ്മളെ പോലുള്ളവരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു!!’
എനിക്കതൊരു തമാശയായി തോന്നിയില്ല. അനാഥനായ നരന്റെ വിചാരങ്ങൾ എന്തൊക്കെയെന്ന് എനിക്ക് സങ്കല്പ്പിക്കാവുന്നതിലുമപ്പുറമാവണം. അവൻ പറഞ്ഞതിനെക്കുറിച്ചു തന്നെ ആലോചിച്ചു കൊണ്ട് നിശ്ശബ്ദനായി അവനോടൊപ്പം ഞാൻ നടന്നു.

മുന്നിലേക്ക് നടക്കും തോറും വഴി ചെറുതായി വന്നു. അതൊരു ഒറ്റയടി പാതയായി മാറിയതു പോലുമറിഞ്ഞില്ല. ഇരുവശത്തും ഉയർന്നു നിൽക്കുന്ന വന്മരങ്ങൾ. അല്പദൂരം കഴിഞ്ഞപ്പോൾ വഴിയറിയാതെ പാത പകച്ചു നില്ക്കുന്നതു കണ്ടു.
‘ഇനിയങ്ങോട്ട് വഴിയുണ്ടെന്നു തോന്നുന്നില്ല. നമുക്ക് തിരിച്ച് പോയാലോ? ഇവിടെയൊന്നും ആരെയും കാണുന്നില്ലല്ലോ’
‘എന്താ പേടിയുണ്ടോ?’
‘ഏയ്...പേടിയില്ല പക്ഷെ...ഇനിയും ഉള്ളിലേക്ക് പോയാൽ വല്ല പാമ്പോ മറ്റോ...’
‘എങ്കിലൊരു കാര്യം ചെയ്യാം. ഞാനുള്ളിൽ പോയി നോക്കിയിട്ട് വരാം. ഇതുവരെ വന്നതല്ലെ? ഇനിയെപ്പോഴാ ഇങ്ങനെ ഒരു വരവ്...’
‘ങാ...ഒറ്റയ്ക്ക് പൊയ്ക്കോ...അതാ നല്ലത്...ഞാനില്ല’ അതും പറഞ്ഞ് ഞാൻ അടുത്ത് കണ്ട മരത്തിനു താഴെ, തമ്മിൽ പിണഞ്ഞ് ഭൂമിക്കടിയിലേക്ക് പോയ വലിയ വേരുകൾക്ക് പുറത്തിരുന്നു.
എന്റെ തളർച്ചയെ കളിയാക്കും മട്ടിൽ ഒരു ചിരിയെറിഞ്ഞു തന്ന് നരൻ പാത വിട്ട് ഉള്ളിലേക്ക് നടന്നു. തളർന്ന ഇമകൾക്കിടയിലൂടെ ഞാൻ കണ്ടു, നരൻ എന്റെ നേർക്ക് കൈ വീശി കൊണ്ട് അകന്നു പോകുന്നത്. പാതയിൽ നിന്നും മാറി, അരയൊപ്പം പൊക്കത്തിൽ വളർന്നു നില്ക്കുന്ന ചെടികൾക്കിടയിലൂടെ, മഞ്ഞമുളകൾക്കിടയിലൂടെ നടന്ന്, അവൻ പച്ചപ്പിനുള്ളിൽ അപ്രത്യക്ഷനായി. ഞാൻ മരത്തിലേക്ക് തലചായ്ച്ച് കണ്ണടച്ചു. ഒരു ചെറുമയക്കമെനിക്കാവശ്യമായിരുന്നു.

മുഖത്ത് തണുത്ത് വെള്ളം വീണുചിതറുമ്പോഴാണുണർന്നത്. കുറച്ചധികനേരം ഉറങ്ങി പോയിരിക്കുന്നു! മഴ തുടങ്ങിയിരിക്കുന്നു. ഓ, മഴയല്ല, മഴത്തുള്ളികളല്ല, സമ്മാനപ്പൊതികൾ! നരന്റെ വാക്കുകളോർത്തു. എവിടെ നരൻ? എഴുന്നേറ്റ് ചെന്ന് രണ്ടുമൂന്ന് വട്ടം അവന്റെ പേരുറക്കെ വിളിച്ചു. മുളങ്കാടുകളിൽ നിന്ന് സംഗീതമല്ലയിപ്പോൾ ഒഴുകുന്നത്. അപശബ്ദങ്ങളാണ്‌. പരിഹാസശബ്ദങ്ങൾ. മഴ ശക്തി പ്രകടിപ്പിച്ചു തുടങ്ങി. എന്താണ്‌ ചെയ്യേണ്ടത്? ആരെയാണ്‌ സഹായത്തിനു വിളിക്കേണ്ടത്? ചിലപ്പോൾ അവൻ ഏതെങ്കിലും കുഴിയിലോ മറ്റൊ വീണു കിടക്കുകയാണെങ്കിലോ? അതോ വല്ല പാമ്പും...?. ഉള്ളിൽ ഭയത്തിന്റെ വള്ളികൾ വളരുന്നതറിഞ്ഞു. ഉറക്കെ വിളിച്ചു കൊണ്ട് അവൻ പോയ ദിശയിലേക്ക് ഓടി. മറ തീർത്തു നിന്ന വൻമരങ്ങളോട് അവനെ കണ്ടോ എന്നുച്ചത്തിൽ വിളിച്ചു ചോദിച്ചു. ഇടതൂർന്ന് നില്ക്കുന്ന ചെടികൾക്കിടയിലൂടെ എനിക്ക് ഓടാൻ കഴിയുമായിരുന്നില്ല. എന്റെ നിലവിളികൾ കാട്ടിനുള്ളിലെവിടെയോ തട്ടി ചിതറി പോയിട്ടുണ്ടാവും. മഴയും, മുളകളും എന്റെ ശബ്ദത്തെ മറുശബ്ദം കൊണ്ട് തോല്പിക്കുകയാണെന്ന് തോന്നി. ഇനിയും ഉള്ളിലേക്ക് കയറിയാൽ ചിലപ്പോൾ വഴിതെറ്റി പോകാൻ സാധ്യതയുണ്ട്. വിവേകം പിൻതിരിഞ്ഞ് നടക്കാൻ പ്രേരിപ്പിച്ചു. വഴിയിലേക്ക് എത്തിയ ശേഷം ഞാൻ സർവ്വശക്തിയുമുപയോഗിച്ച് ഓടി. ഒരു ഗാർഡിനെ കണ്ട് വിവരം പറയണം. അവരുടെ സഹായം എന്റെ സുഹൃത്തിനാവശ്യമുണ്ട്. അവനെന്തോ സംഭവിച്ചിട്ടുണ്ട്. ഇതു പോലുള്ള സന്ദർഭങ്ങളിൽ എന്തു കൊണ്ട് പ്രതീക്ഷകളെക്കാൾ, ദുർവിചാരങ്ങൾ കൂടുതലായി വരുന്നു? എന്തോ ഒരു വലിയ അപകടം നടന്നിരിക്കുന്നു എന്ന തോന്നലുണ്ടായി.

‘ഓരോ മാരണങ്ങള്‌...’
ഗാർഡിനെ അറിയിച്ചപ്പോൾ അയാളുടെ ആദ്യ പ്രതികരണമതായിരുന്നു. 
അയാൾ വിസിലടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ യൂണിഫോമിട്ട രണ്ടു പേർ കൂടി വന്നു. അതിലൊരാൾ അല്പം പ്രായമുള്ള മനുഷ്യനായിരുന്നു. അവരുടെ കയ്യിൽ മുള വടിയും, അരയിലെ ബെൽറ്റിൽ കത്തിയുമുണ്ട്.

‘എവിടെ വെച്ച്? എത്ര നേരം മുൻപ്?’
ഞാൻ ഇടം കാണിച്ചു തരാമെന്നു പറഞ്ഞു ഓടി. പിന്നാലെ അവരും. 
‘എത്ര നേരം മുൻപ്?’ ആ ചോദ്യത്തിനു കൃത്യമായ ഒരുത്തരം എന്റെ പക്കലില്ലായിരുന്നു. ഏകദേശം അരമുക്കാൽ മണിക്കൂർ മുൻപ്... അത്രയെ ഉണ്ടാവൂ. വഴിവിട്ട് കാട്ടിനുള്ളിലേക്കാണ്‌ നരൻ പോയത് എന്നു പറഞ്ഞപ്പോൾ മൂവരും എന്നെ ഒരത്ഭുത ജീവിയെ ആദ്യമായി കാണുന്ന രീതിയിൽ നോക്കി..
അവർ തമ്മിൽ എന്തോ ഒരു നിമിഷം തമ്മിൽ പറഞ്ഞ ശേഷം, ‘നിങ്ങളിവിടെ തന്നെ നില്ക്കണം’ എന്നു കാർക്കശ്യം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞ് ഞാൻ ചൂണ്ടിക്കാട്ടിയ വഴിയെ പോയി. മഴയിൽ അപ്പോഴേക്കും ഞങ്ങളെല്ലാവരും നന്നായി നനഞ്ഞു കുതിർന്നിരുന്നു. നനഞ്ഞ വസ്ത്രങ്ങൾക്കുള്ളിലിരുന്ന് ഞാൻ ചെറുതായി വിറയ്ക്കാനാരംഭിച്ചു. നിമിഷങ്ങൾ വർഷങ്ങളായി. മഴ അവസാനിച്ചു. പച്ചിലകൾക്കിടയിൽ ഒരനക്കം. പച്ചപ്പിനുള്ളിൽ നിന്നും അവർ വന്നു. മൂന്നു പേർ. എവിടെ നാലാമൻ? എന്റെ നരൻ...
‘ഈ ചെരിപ്പ് അയാളുടേതാണോ?’ അതു പറഞ്ഞ് അവരിലൊരാൾ ഒരു ജോഡി ചെരുപ്പുകൾ എന്റെ നേരെ നീട്ടി.
‘ഇത് നരന്റേതാണ്‌! അവനെവിടെ? അവനെന്തു പറ്റി?’
‘അയാൾക്ക് എന്തു പറ്റിയെന്ന് ഞങ്ങൾക്കറിയില്ല...പക്ഷെ അയാൾ കാട്ടിനുള്ളിലേക്ക് പോയിട്ടുണ്ട്...ഒരു മരച്ചോട്ടിൽ ചെരിപ്പ് രണ്ടും അഴിച്ച് വെച്ചിട്ടാ പോയത്...’
‘ഈ മഴയത്ത് ഉൾക്കാട്ടിൽ അധികം പോകാനും കഴിയില്ല...നേരമിരുട്ടാറായി...ഫയർ ഫോഴ്സിനെ വിളിച്ചാലും നാളയെ അന്വേഷിക്കാൻ പറ്റൂ...’
‘ഒന്നുകിൽ അയാൾ തിരിച്ചു വരുമെന്നു വിശ്വസിക്കാം...അല്ലെങ്കിൽ...എന്തു പറയാനാണ്‌? ...കാട്ടാനകളും വിഷപ്പാമ്പുകളുമൊക്കെയുള്ളയിടമാണ്‌...’
‘ഇയാൾക്കെന്താ നല്ല സുഖമില്ലെ?’ കൂട്ടത്തിലെ ചെറുപ്പക്കാരൻ എന്നോട് അമർഷത്തോടെ ചോദിച്ചു.
‘ആരെങ്കിലും ഈ കാട്ടിൽ കയറി പോവുമോ? അതും ഈ സമയത്ത്?’
പോകും. നരൻ എന്ന എന്റെ സുഹൃത്ത് പോകും. നരൻ മാത്രം... എനിക്കങ്ങനെ പറയണമെന്നുണ്ടായിരുന്നു...
‘ഇനി... അയാൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കണ്ട...’ മര്യാദയുടെ സ്വരത്തിൽ അവരിലൊരാൾ എന്നോട് പറഞ്ഞു.

ബസ് ദ്വീപിനടുത്തെത്താറായി. ഇനി ഏറിയാൽ ഒരു പതിനഞ്ച് മിനിട്ട് കൂടി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ, ദ്വീപിൽ കാണാതായ ചെറുപ്പക്കാരനെ കുറിച്ചുള്ള അന്വേഷണം - ആ വാർത്ത പത്രങ്ങളിലുണ്ടായിരുന്നു. മറ്റു വാർത്തകളുടെ കുത്തൊഴുക്കിൽ ആ ചെറിയ വാർത്ത അപ്രത്യക്ഷമായി. മഴയും, പ്രതികൂല കാലാവസ്ഥയും അന്വേഷണം അവസാനിപ്പിക്കാൻ കാരണമായി. ഒരാഴ്ച്ച കഴിഞ്ഞ് എനിക്കൊരു തോന്നലുണ്ടായി. ഒരിക്കൽ കൂടി അവിടേക്ക് പോകണം. ഒരവസാന ശ്രമം. ആ ചിന്തയാണിപ്പോൾ എന്നെ ഇവിടെ, ഈ ദ്വീപിൽ വീണ്ടും എത്തിച്ചിരിക്കുന്നത്. മറ്റാർക്കും കണ്ടെത്താനാകാത്തത് ചിലപ്പോൾ...എന്തെങ്കിലും ഒരു സൂചന...

ഈ ദ്വീപിലേക്ക് ആദ്യമായി കാൽ വെയ്ക്കുമ്പോൾ എന്റെ കൂടെ നരനുണ്ടായിരുന്നു. ഇപ്പോഴുമവൻ കൂടെ ഉണ്ടെന്നു തന്നെ തോന്നുന്നു. കാണാൻ കഴിയുന്നില്ലെന്നേയുള്ളൂ. അവന്റെയൊപ്പം അവനെ തിരഞ്ഞ് പോകുന്നു. അന്ന് നടക്കുമ്പോൾ ഇവിടെ കണ്ട ഒരോ ചെടിയെ കുറിച്ചും, ഓരോ മരത്തിനെ കുറിച്ചും അവൻ വാചാലമായി സംസാരിച്ചതോർത്തു. മുളകളെ കുറിച്ച്...മുളയരിയെ കുറിച്ച്...ഇടയ്ക്ക് കണ്ടൽക്കാടുകളെ കുറിച്ചായി സംസാരം. ഓരോ വാചകവും എനിക്ക് പുതിയ പുതിയ അറിവുകളായിരുന്നു. പുസ്തകങ്ങളിൽ കൂടി ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത അറിവ്. വാമൊഴിയായി അവനിൽ നിന്നെനിക്ക് കിട്ടിയ അറിവ്.

ശബ്ദഘോഷങ്ങളോടെ അരുവി വീണ്ടും കാഴ്ച്ചയിലേക്ക് കയറി വന്നു.
ഞാൻ അതിനരികിലേക്ക് നടന്നു. ഇപ്പോഴും കാണാം, കൈകൾ വിരിച്ച് വെച്ച്, വാനം നോക്കി, കണ്ണുകളടച്ച് നിർവൃതിയോടെ കിടക്കുന്ന നരൻ...അവന്റെ മുടിയിഴകളെ തലോടിക്കൊണ്ട് തിരക്കുപിടിച്ച് എവിടേക്കോ ഒഴുകിയകന്ന അരുവി...സ്വർഗ്ഗം...ഞാനിരുന്ന പാറ...
ഒരു നിമിഷം നരനെ ഞാൻ നോക്കി നിന്നു. അവൻ ശൂന്യതയിൽ മാഞ്ഞു പോകും വരെ.
വീണ്ടും നടന്നു. ആ വലിയ വൃക്ഷം. ഇതിന്റെ ഇണവേരുകളിൽ ഇരുന്നാണ്‌ ഞാൻ മയങ്ങിയത്.
മുന്നിലെ കാട്ടുപാതയ്ക്ക് സമീപത്തു കൂടിയാണവൻ പച്ചപ്പിനുള്ളിലേക്ക് കയറി മറഞ്ഞത്. അവസാനമായി എന്റെ നേർക്ക് കൈവീശി കാണിച്ച്...
അവന്റെ കാലടികൾ മാഞ്ഞിട്ടുണ്ടാവും. മഴയും, കരിയിലകളും അവ മായ്ച്ചിട്ടുണ്ടാവും.
ഞാൻ ചുറ്റുമൊന്നു നോക്കി. സമീപത്തെങ്ങും ആരുമില്ല.
ഉള്ളിലേക്ക് സാവധാനം നടന്നു. അവൻ പോയ ദിശയിലൂടെ.
ചെടികളെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് കയറി. മാനം മുട്ടെ വളഞ്ഞു നില്ക്കുന്ന മുളകൾ... അവരെന്നെ സ്വാഗതം ചെയ്യുന്ന ശബ്ദം കേട്ടു. അകലെ അരുവിയുടെ നേർത്ത സംഗീതം. എനിക്ക് ചുറ്റും ഹരിതവർണ്ണം നിറഞ്ഞു. പച്ചിലക്കാട്ടിൽ ഒരു ചെറിയ കുരുവിയായി മാറിയതു പോലെ തോന്നി. വൃക്ഷങ്ങളുടെ പരുക്കൻ പുറങ്ങളിൽ തലോടി ഞാൻ മുന്നോട്ട് നടന്നു. നരൻ പറഞ്ഞത് ശരിയാണ്‌. ഇത് ആരണ്യമാണ്‌. മറ്റൊരു പേരുമിതിനു ചേരില്ല.

ഉള്ളിലായി ഒരു വലിയ വൃക്ഷം കൈകൾ വിടർത്തി എനിക്ക് മുന്നിൽ നിന്നു. ഇതിനപ്പുറം പ്രവേശനമില്ലെന്ന മട്ടിൽ. തലയുയർത്തി നോക്കി. അതിന്റെ കൈകൾ ആകാശം തേടി പോയതു പോലെ തോന്നി. നാലുപാടും വേരുകൾ അമർത്തിയുറപ്പിച്ച്, ആകാശത്തേക്ക് നോക്കി തപസ്സു ചെയ്യുകയാണാ വൃക്ഷം.
‘നീ വരുന്നോ?...ഞാനിവിടെയുണ്ട്!‘ നരന്റെ നേർത്ത ശബ്ദം.
കാറ്റിലൂടെയാ ശബ്ദം കേട്ടതാണ്‌.
’നിനക്കെന്നെ കാണണ്ടേ?...‘ അത്‌ കേൾക്കുമ്പോൾ അവന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടു. നരൻ - അവന്‌ ഒരു വൃക്ഷമാകാൻ മാത്രമേ കഴിയൂ. മണ്ണിൽ കാലുകളുറപ്പിച്ച്, ആകാശത്തേക്ക് കണ്ണുകൾ നീട്ടി, കാറ്റിൽ ഇരുവശത്തേക്കും കൈകൾ നീട്ടിപിടിച്ച് നില്ക്കുന്ന ഒരു വൻവൃക്ഷം. ഞാൻ കാതോർത്തു. അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇലകളിളകുമ്പോൾ നരന്റെ ശബ്ദം വീണ്ടും കേട്ടു,
’നിനക്ക് ഞാനൊരു കഥ പറഞ്ഞു തരാം...ആരണ്യത്തിന്റെ കഥ...‘
നരൻ പറയാൻ പോകുന്ന കഥ കേൾക്കാൻ ചെവിയോർത്ത് ഞാനവിടെ നിന്നു.
അപ്പോൾ കേട്ടു, മുകളിൽ...പെരുമ്പറശബ്ദം...
താഴേക്ക് വർഷിക്കാനാരംഭിക്കുകയാണ്‌, ആകാശത്തിന്റെ സമ്മാനപ്പൊതികൾ...

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ഡിസംബർ 2 2018

Post a Comment

2 comments:

  1. സാബു , മുൻപ് വായിച്ചതാണ്. വാരികയിൽ നിന്ന് ... ഇന്ന് ഇവിടെ വന്നു വായിച്ചു. കഥ സൂപ്പർ

    ReplyDelete
  2. കൊള്ളാം ..ഇഷ്ട്ടപ്പെട്ടു പിന്നെ ഇക്കഥ മാതൃഭൂമിയിൽ വന്നതിന് അഭിനന്ദനങ്ങൾ ഭായ് 

    ReplyDelete