മഴ, പെയ്യാൻ മറന്നു പോയെന്നു തോന്നിച്ച ഒരു ദിവസം. പായല് പിടിച്ചു തുടങ്ങിയ പടികൾ കയറി ചെല്ലുമ്പോഴും, അകത്തെ മുറിയിലേക്ക് വീട്ടുകാർ അനുകമ്പയോടെ നയിക്കുമ്പോഴും, പറഞ്ഞു കേട്ടതൊക്കെയും വിശ്വസിക്കാതിരിക്കാൻ ഞാൻ മനപ്പൂർവ്വം ശ്രമിച്ചു കൊണ്ടേയിരുന്നു. അടുത്ത് കണ്ടപ്പോൾ ടീച്ചറിന്റെ കണ്ണിൽ നിന്നും അപരിചിതഭാവം പൊഴിഞ്ഞുപോകുന്നത് ഞാൻ കണ്ടതാണല്ലോ. വിളിച്ച് അടുത്തിരുത്തിയപ്പോൾ വീട്ടുകാരുടെ കണ്ണിൽ, തെളിഞ്ഞു തുടങ്ങിയ പ്രകാശവും ഞാൻ കണ്ടതാണല്ലോ.
എന്റെ പേര് തെറ്റിച്ച് പറഞ്ഞത് ഒരു തവണ ഞാൻ തിരുത്തി. സൂക്ഷിച്ചു നോക്കിക്കൊണ്ട് ‘ങാ...ഓർക്കുന്നു...’ എന്നു പറഞ്ഞു തുടങ്ങിയ ടീച്ചർ ഏതോ ഒരു ക്ലാസ് റൂം ഓർമ്മ എന്നെ നായകനാക്കി പറഞ്ഞു. ആ കഥയിൽ നായകനോ വില്ലനോ എന്തിന് കാഴ്ച്ചക്കാരൻ പോലും അല്ല ഞാൻ എന്ന് പറയണമോ വേണ്ടയോ എന്ന് ഒരു നിമിഷം സംശയിച്ചു. പിന്നീട് തിരുത്തണ്ടാന്ന് തീരുമാനിച്ചു.
അല്പനേരം കഴിഞ്ഞ് പേരെന്താണെന്ന് എന്നോട് വീണ്ടും ചോദിച്ചു. വീണ്ടും എന്നോടൊരു കഥ പറഞ്ഞു. ഇത്തവണ കഥാപാത്രങ്ങളും സന്ദർഭവും മാറി. ഞാൻ തിരുത്തിയതേയില്ല. വീട്ടുകാരുടെ കണ്ണിൽ കത്തിത്തുടങ്ങിയ പ്രകാശം പതിയെ മങ്ങി വരുന്നത് കണ്ടു.
എന്റെ പദ്ധതികളുടെ ഭാഗമല്ലാതിരുന്നിട്ടും, ഞാൻ ചില കാര്യങ്ങൾ അങ്ങോട്ട് പറയാമെന്നു വിചാരിച്ചു. ടീച്ചർ ക്ലാസ്സിൽ സ്ഥിരമായി പറയാറുള്ള ഒരു സദ്ദുപദേശകഥ ഞാൻ എന്നാലാവും വിധം പറഞ്ഞു. പിന്നീട്, എല്ലാ വെള്ളിയാഴ്ച്ചകളിലേയും അവസാനത്തെ പീരിയഡിൽ സ്ഥിരമായി ഒരേ പാട്ടു തന്നെ പാടാറുള്ള സദാശിവനെ ആയിടെ കണ്ടതിനെ കുറിച്ച് പറഞ്ഞു. പക്ഷെ അതെന്നെ വലിയൊരു ശ്രമത്തിലേക്ക് വലിച്ചു കൊണ്ടു പോവുമെന്ന് എങ്ങനെ മുൻകൂട്ടി അറിയാനാണ്?
‘ആരാണ്...സദാശിവൻ?’ ചുളുങ്ങിയ പുരികങ്ങളുമായി ദൂരേക്ക് നോക്കി ടീച്ചർ ഇരുന്നു.
ഞാനെങ്ങനെ പറഞ്ഞു കൊടുക്കാനാണ്? അവന്റെ അന്നത്തെ രൂപവും, വികൃതികളുമൊക്കെ ആവും വിധം നർമ്മം ചേർത്ത് പറയാനൊരു ശ്രമം നടത്തി...പരാജയപ്പെട്ടു.
ടീച്ചർ കൈ നീട്ടി എന്നെ തൊട്ടു. ഒരു രഹസ്യം പറയാനൊരുങ്ങും പോലെ എന്റെ നേർക്ക് കഴുത്തു നീട്ടി. ഞാൻ മുഖമടുപ്പിച്ചു. ടീച്ചർ പൂശിയിരുന്ന പൗഡറിന്റെ ഗന്ധം അപ്പോൾ അറിഞ്ഞു. പഴയ ഗന്ധം...പഴയ ഓർമ്മകളിലൂടെ വീശിയടിക്കുന്ന പഴയൊരു ഗന്ധം. ആ ഗന്ധത്തെ ഞാൻ ‘ബാല്യം’ എന്നു വിളിക്കട്ടെ...
ടീച്ചർ എന്തോ ഒരു വലിയ കാര്യം പറയാൻ പോവുകയാണ്. ഞാൻ തൊട്ടടുത്ത നിമിഷം ആ പഴയ വിദ്യാർത്ഥിയായി. മുഴുവൻ ശ്രദ്ധയും കൂർപ്പിച്ചു വെച്ച് ഇരുന്നു.
വീണ്ടും എന്റെ പേര് തെറ്റിച്ച് വിളിച്ചു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
‘അ...എന്ന അക്ഷരമില്ലെ?...അതെങ്ങനെയാ എഴുതേണ്ടത്?...നീ ഒന്ന്...പറഞ്ഞു തരാമോ?‘
ആ ശബ്ദത്തിൽ ദയനീയതയാണോ, അപേക്ഷയാണോ ഉണ്ടായിരുന്നതെന്ന് എനിക്കറിഞ്ഞൂടാ.
ചോദിച്ചു വാങ്ങിയ ഒരു കടലാസ്സിൽ, ആ ചുളുങ്ങിയ വിരലുകൾ പേനയോട് ചേർത്തുപിടിച്ച് ആദ്യാക്ഷരം എഴുതി...എഴുതിച്ചു. ആദ്യവിജയത്തിന്റെ ആഹ്ലാദം ടീച്ചറിന്റെ മുഖത്ത് തെളിയുന്നത് കണ്ടു.
ടീച്ചർ എന്നെ ഒരിക്കൽ കൂടി ’മിടുക്കൻ‘ എന്നു വിളിച്ചു. പതിയെ തലയിൽ തലോടി. ആ തലോടലും ഒരു അനുഗ്രഹം ആയി എനിക്ക് തോന്നി. ടീച്ചർ എനിക്കിട്ട പേര് സ്വയം പറഞ്ഞ് ഞാൻ യാത്ര ചോദിച്ചു.
പടിയിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ രണ്ടു കാര്യങ്ങൾ ഓർത്തു,
വെച്ചു മാറിയ വേഷവും...കൈപിടിച്ചെഴുതിയ ആദ്യാക്ഷരവും...
മഴ പെയ്തു തുടങ്ങിയിരുന്നു. എന്റെ മേൽ അക്ഷരങ്ങളാണ് പൊഴിഞ്ഞു വീഴുന്നതെന്ന് തോന്നി.
ഒരു അക്ഷര പെയ്ത്ത് ...
ReplyDelete