Please use Firefox Browser for a good reading experience

Sunday 11 October 2020

മനഃപൂർവ്വം മറക്കുന്നവരെക്കുറിച്ച്...


ചില മനുഷ്യരെ എനിക്കിഷ്ടമല്ല. സത്യത്തിൽ ഭയമാണെനിക്കവരെ. ഭയത്തിൽ നിന്നും ഉരുവം കൊണ്ട ഇഷ്ടക്കേട്. അവരുടെ കാറ്റടിച്ചാൽ എനിക്ക് നീർക്കോള്‌ വരും. അവരുടെ സംസാരം കേട്ടാൽ എന്റെ കാതുകൾക്ക് നോവുണ്ടാവും. അവരുടെ സ്പർശനമേറ്റാൽ ഞാൻ തന്നെ ഇല്ലാതായിപ്പോവും. അലോഷിയുമായുള്ള അവസാനത്തെ രണ്ട് കണ്ടുമുട്ടലുകളുമെനിക്ക് സമ്മാനിച്ചത് സമാനമായ അനുഭവങ്ങളാണ്‌.

‘കടന്നൽ’ എന്ന പേരുകേട്ട റോക്ക് ബാന്റിന്റെ സംഗീതപരിപാടി കണ്ടിറങ്ങുമ്പോഴാണ്‌ അലോഷിയെ ഞാൻ കാണുന്നത്. അതും വർഷങ്ങൾക്ക് ശേഷം. എനിക്കവനെയോ അവനെന്നെയോ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല എന്നത് ഞങ്ങൾക്കിടയിലെ ഹൃദയബന്ധത്തിന്റെ ശക്തിവിശേഷം കൊണ്ടു തന്നെയാണ്‌. രാത്രി തന്നെ തിരിച്ച് വീടണയാനായിരുന്നു അവന്റെ പദ്ധതി. ഭാര്യ അലീന വീട്ടിൽ ഒറ്റയ്ക്കാണ്‌ എന്ന സത്യസന്ധമായ കാരണവുമവൻ പറഞ്ഞു. എങ്കിൽ കൂടിയും അവനെ അങ്ങനെ വിടാൻ, വിട്ടുകളയാനെനിക്ക് മനസ്സു വന്നില്ല. എത്ര വർഷങ്ങൾക്ക് ശേഷമാണവനെ കൈയ്യിൽ കിട്ടിയത്! അത്താഴവും ഉറക്കവും എന്റെ വീട്ടിലാവാം. പിറ്റേന്ന് സൂര്യനുദിക്കും മുൻപ് തന്നെ വീട്ടിലേക്ക് കെട്ടു കെട്ടിക്കാം. പോരേ? വീട്ടിലേക്ക് വിളിച്ചു പറഞ്ഞോളൂ. ഒരു ദിവസം ഭാര്യയ്ക്ക് ധൈര്യസമേതം ഒറ്റയ്ക്ക് കഴിയാവുന്നതല്ലെയുള്ളൂ? ‘ഒരു രാത്രിയെങ്കിലും അലീന നിന്നെ കൂടാതെ സമാധാനമായി ഉറങ്ങിക്കോട്ടെ’ എന്നൊരു വിലകുറഞ്ഞ തമാശ പറയുകയും ചെയ്തു. ന്യായങ്ങൾ നിരത്തിയും, സ്നേഹവും പരിഭവവും വാശിയുമൊക്കെ പാകത്തിന്‌ പ്രയോഗിച്ചും ഞാനവന്റെ എതിർവാദങ്ങളെ തോൽപ്പിച്ചു. പിറ്റേന്നേ വരികയുള്ളൂ എന്ന കാര്യം അവൻ അലീനയെ വിളിച്ചു പറഞ്ഞപ്പോഴാണെനിക്ക് സമാധാനമായത്.

വീട്ടിലേക്കവനെ ക്ഷണിച്ചതിലൊരു ഗൂഢോദ്ദേശ്യം ഉണ്ടായിരുന്നു. അവൻ നല്ല ഒന്നാന്തരം മദ്യപാനി ആയിരുന്നു. എന്നെ പോലെ, പണ്ടുമുതൽക്കെ. ഇപ്പോഴും ആ കഴിവിന്റെ ഒരംശം അവനിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എനിക്കാണെങ്കിൽ കമ്പനിയില്ലാതെ കുടിക്കാൻ തീരെ താത്പര്യമില്ല. ഇതുവരെ പല കമ്പനികളിലും പെട്ട് സുരപാനാഘോഷം നടത്തിയിട്ടുണ്ടെങ്കിലും അവന്റെയൊപ്പം കൂടിയതെല്ലാം ഒന്നു വേറെ തന്നെ ആയിരുന്നു. ഒക്കെയുമൊരു കാലം!

അങ്ങനെ അവനേയും കൈപിടിച്ച് വീട്ടിലെത്തുന്നു, ഭാര്യയേയും മകളേയും പരിചയപ്പെടുത്തിക്കൊടുക്കുന്നു, സമയം കളയാതെ കുപ്പീം ഗ്ലാസ്സുമായി മുറിയിലേക്ക് ഞാനവനുമായി ചേക്കേറുന്നു, പരിപാടി ആരംഭിക്കുകയും ചെയ്യുന്നു. വരും വഴി തന്നെ നല്ല ബീഫ് ഫ്രൈ വാങ്ങാൻ ഞാൻ മറന്നിരുന്നില്ല. കൊറിക്കാൻ നല്ല എരിവുള്ള മിക്സ്ച്ചറും കൂടി ആയപ്പോൾ സംഗതി ഉഷാറായി. വർഷങ്ങളുടെ ജീവിതവിശേഷങ്ങളുടെ കെട്ടഴിച്ചിട്ടു ഞങ്ങൾ. പഴയ, സുന്ദര, സുരപാനരാവുകൾ ഒന്നൊഴിയാതെ ഓർത്തെടുത്തു.

എപ്പൊഴോ എങ്ങനെയോ ഞങ്ങളുടെ സംസാരം തെന്നി തെറിച്ച് കുടുംബകാര്യങ്ങളിൽ ചെന്നു കയറി. കാറിൽ വെച്ചു തന്നെ തനിക്ക് കുട്ടികളില്ല എന്ന കാര്യമവൻ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ആ ഭാഗത്തേക്ക് പോകുന്നത് തടയാൻ മനസ്സിലൊരു വേലി കെട്ടി വെച്ചതുമാണ്‌. പക്ഷെ ഒക്കെയും കൈവിട്ടു പോയി. അതിനു കാരണമായത് ഒരു ചെറിയ ചിത്രമായിരുന്നു. എന്റെ മകൾ ചെറുപ്പത്തിൽ വരച്ച ഒരു ചിത്രം. ഞാനത് ഫ്രേയിം ചെയ്ത് ചുവരിൽ തൂക്കിയിരുന്നു. രണ്ടു ഉദ്ദേശ്യങ്ങളാണതിനു പിന്നിൽ. ഒന്ന്‌ - അവൾ വളർന്നു വന്ന വഴികൾ ആ ചിത്രം കാണുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് ഇരച്ചിരമ്പി കയറി വരും. മറ്റൊന്ന്, എന്തെങ്കിലും കുറുമ്പ് കാണിക്കുമ്പോൾ, ‘ദേ ഇതൊക്കെ വരച്ചു നടന്ന പെണ്ണാ’ എന്ന്‌ പറഞ്ഞ്‌ അവളെ വെറുതെ ചൊടിപ്പിക്കാൻ! രണ്ടും മനസ്സുഖമുള്ള കാര്യങ്ങൾ. ക്രയോൺസ് ഉപയോഗിച്ച് അവൾ വരച്ച ചിത്രം കണ്ട് അവൻ ഉറയ്ക്കാത്ത കാലുകളുമായി അതിനടുത്തേക്ക് നടന്നു. അതിലേക്ക് തുറിച്ച് നോക്കി അവൻ നിൽക്കുമ്പോൾ ഞാനതിന്റെ ചരിത്രം പരിചയപ്പെടുത്തി. അപ്പോഴേക്കും വിഷം കയറി എന്റേയും അവന്റേയും കണ്ണുകൾ ചുവക്കാൻ തുടങ്ങിയിരുന്നു. ഞരമ്പുകൾ അയഞ്ഞ്, ഉറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. ശിരോസന്ദേശങ്ങളുടെ വേഗത കുറഞ്ഞു വരികയായിരുന്നു. അന്നേരമാണ്‌ അബദ്ധം സംഭവിച്ചത്. അവന്റെ ജീവിതവിടവിനെ കുറിച്ച് ഞാൻ സംസാരിച്ചു തുടങ്ങി. പൊള്ളിക്കുന്ന ആ ചോദ്യം അറിയാതെയെന്റെ നാവിൽ നിന്നും വഴുതി വീണു.
‘നീ...ആരേയും പോയി കണ്ടില്ലെ?’
അതിനു മറുപടി പറയുന്നതിനു മുൻപ് അവൻ കുപ്പിയിൽ നിന്ന് വീണ്ടുമൊഴിച്ചു. ഞാൻ തടഞ്ഞില്ല. കുടിക്കുന്നതിനേക്കാൾ എനിക്ക് കൂടുതൽ താത്പര്യം കുടിപ്പിക്കുന്നതും പിന്നീടവരുടെ കൂത്തുകൾ കാണുന്നതുമായിരുന്നു. അവന്റെ മറുപടികൾ ഞാൻ ആസ്വദിച്ചു വരികയായിരുന്നു. അതിനിടയിൽ അവനൊരു രഹസ്യം പറഞ്ഞു. സ്വബോധത്തിലായിരുന്നെങ്കിൽ ഒരിക്കലുമവനത് വെളിപ്പെടുത്തില്ലായിരുന്നു. ഉറപ്പ്. വംശം നിലനിർത്തുവാനുള്ള അവരുടെ ശ്രമങ്ങളിൽ പരാജയത്തിന്റെ കാരണക്കാരൻ അവനാണെന്ന സത്യം! ഞാൻ തല കുടഞ്ഞ് അവനെ തറപ്പിച്ചു നോക്കാൻ ആവും വിധം ശ്രമിച്ചു. അന്നേരം എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് അവൻ മറ്റൊരു രഹസ്യം കൂടി പങ്കുവെച്ചു! എന്റെ കൈയ്യിൽ പാതി നിറഞ്ഞിരുന്ന ഗ്ലാസ്സ് ഊര്ർന്നു വീണുടഞ്ഞില്ലന്നേയുള്ളൂ.
‘എനിക്കറിയാം...അവള്‌ വീണ്ടും...അവൾടെ പഴേ കാമുകനെ കാണാൻ തൊടങ്ങീട്ടുണ്ടെന്ന്...’
അവൻ തുടർന്നു,
‘അവൾക്കും ഒണ്ടാവില്ലേടാ എല്ലാ പെണ്ണുങ്ങളേം പോലെ ഒരു കൊച്ചൊണ്ടാവാൻ? ഒണ്ടാവട്ടെ...അവൾടെ ആഗ്രഹം നടക്കട്ടെ...’
വെളിവ് നഷ്ടപ്പെട്ട് ഞാൻ, ഒരു ഐസ്ക്യൂബെടുത്തെന്റെ ഉള്ളംകൈയ്യിൽ വെച്ചു. അതിന്റെ തണുപ്പ് ഉള്ളംകൈയ്യിലൂടെ തലയിലേക്ക് പടർന്നു കയറട്ടെ. അവനെ പ്രകോപിപ്പിക്കണോ, അധിഷേപിക്കണോ, അതോ അവന്റെ ഭാര്യക്കെതിരെ അവനെ തിരിച്ചു വിടാൻ വിഷം പുരട്ടിയ വാക്കസ്ത്രങ്ങൾ തൊടുക്കണോ...ഞാൻ ആശയക്കുഴപ്പത്തിലായി. ആലോചനകൾ കൂട്ടിയോജിപ്പിക്കാനൊരു ശ്രമം നടത്തി. ചിന്തകൾ വഴുതി പോയെങ്കിലും ചിലതൊക്കെ തടഞ്ഞു. പകൽ ഇത്രയും ദൂരം സഞ്ചരിച്ച് ഈ സംഗീതമേള കാണാൻ അവൻ വന്നത് വെറുതെയല്ല. അവന്റെ ഭാര്യക്ക് ജാരസന്ദർശനസൗകര്യം ഒരുക്കാനാണ്‌! അതിലവന്‌ പിണക്കമോ പരാതിയോ എന്തിന്‌ നാണക്കേട് പോലുമില്ല! 
‘നീ പറ!...നമുക്ക് ചെന്നവനെ രണ്ട് പൂശാം...ഞാൻ വരാടാ നിന്റെ കൂടെ’
‘അതൊന്നും വേണ്ടടാ...നമ്മളൊക്കെ പണ്ട് കൊറെ പോയതല്ലെ?...അതിന്റെയൊക്കെ കൊഴപ്പമായിരിക്കും...’
എന്തു കൊഴപ്പം? എനിക്കൊരു കൊഴപ്പവും വന്നില്ലല്ലോ? പറയണമെന്നുണ്ട്. പക്ഷെ നാവനുസരിക്കുന്നില്ല. നാവ് എന്റെ വായ്ക്കകത്ത് പൂച്ചവാല്‌ പോലെ ഉഴിയുന്നതറിയാം. ശബ്ദങ്ങളുടെ അരികുകൾ തേഞ്ഞ്‌ മിനുസപ്പെട്ട്പോയിരിക്കുന്നു.
‘എന്നാലും അത്‌ വേണ്ടാരുന്നു...അവനെ...അവനെ ഞാൻ...നെനക്ക് വേണ്ടി...’ അങ്ങനെ എന്തോ ഒന്നാണെന്ന് തോന്നുന്നു ഞാനവസാനമായി പറയാൻ ശ്രമിച്ചത്. ശേഷം അവനും, ഞാനും ആ മുറി മുഴുക്കെയും ഉറക്കത്തിലാണ്ടു പോയി.

രാവിലെ എഴുന്നേറ്റപ്പോഴും തലയ്ക്കകത്തെ ബോധപമ്പരം നിശ്ചലാവസ്ഥ പ്രാപിച്ചിട്ടില്ലായിരുന്നു. കാത്തിരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഫ്രിഡ്ജിൽ മകൾക്കായി കരുതിയിരുന്ന ഐസ്ക്രീം മുഴുക്കെയും ഞാനവനുമായി പങ്കിട്ടു. തണുപ്പലിയിച്ചിറക്കുമ്പോഴും അവന്റെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ടിരുന്നു. ഇന്നലെ പറഞ്ഞത് വല്ലതും അവന്‌ ഓർമ്മയുണ്ടാവുമോ? അവനെന്നോട് അതെങ്ങനെ പറയാനായി? വെളിവെത്ര നഷ്ടപ്പെട്ടാലും അങ്ങനെ ഒരു കാര്യം പറയാൻ പാടുള്ളതാണോ? അവന്റെ ദാമ്പത്യരഹസ്യപെട്ടകം ഇത്രയെളുപ്പം തുറന്നു പോകുന്നതായിരുന്നോ? അവനോടുള്ള മതിപ്പിന്റെ അളവ് അല്പം കുറഞ്ഞു പോയെന്നത് സത്യം. 

എന്റെ അത്ഭുതമൊക്കെയും അലോഷിയുടെ പെരുമാറ്റവും സംസാരവും കണ്ടിട്ടായിരുന്നു. തലേന്ന് അങ്ങനെ ഒരു സംസാരമേ ഉണ്ടായിട്ടില്ല എന്ന മട്ടിലായിരുന്നു അവൻ. ഇനി...ഒരുപക്ഷെ അങ്ങനെയൊന്നുമവൻ പറഞ്ഞിട്ടില്ലെങ്കിലോ? എനിക്ക് തോന്നിയതാവുമോ? തലേന്ന് കേട്ടത് സത്യമാണെന്ന് ഉറപ്പിക്കാതെ വയ്യെന്നായി. വല്ലാത്ത സ്വൈര്യക്കേട്. അവന്‌ എന്തെങ്കിലും ഓർമ്മ തോന്നിക്കോട്ടെ എന്ന് കരുതി ഞാൻ ഒരു വാക്കാൽ തുടങ്ങി വെയ്ക്കാമെന്നു നിശ്ചയിച്ചു. ഒരു മദ്യത്തിനും, അതെത്ര വീര്യമേറിയതായാലും എന്റെ ദുഷ്ടബുദ്ധിക്ക് ഒരു പോറലു പോലും വരുത്താനായിട്ടില്ല.
‘ഇന്നലെ...നിന്റെ...ഭാര്യ...’
‘ഓ!’ അതും പറഞ്ഞ് അവൻ ചാടിയെഴുന്നേറ്റു.
ഇപ്പോഴവൻ തലയിൽ കൈവെയ്ക്കും. തലേന്ന് പറഞ്ഞതൊന്നും ആരോടും പറയല്ലെ എന്നും പറഞ്ഞ് എന്നെക്കൊണ്ട് കൈവെള്ളയിലടിച്ച് സത്യം ചെയ്യിക്കും. അല്ലെങ്കിൽ അതൊക്കെ വെള്ളത്തിന്റെ പുറത്ത് വെറുതെ പറഞ്ഞതാണെന്ന ദുർബ്ബലമായ നുണ പറയാൻ ശ്രമിക്കും. എന്തു തന്നെയായാലും എനിക്കത് ആസ്വദിക്കാനുള്ള വക തരും. ഉറപ്പ്.
‘അയ്യോ അവളവിടെ ഒറ്റയ്ക്കല്ലെ? രാവിലത്തെ ട്രെയിനിൽ തന്നെ പോവാന്ന് വിചാരിച്ചതല്ലെ? എന്നെ കണ്ടില്ലെങ്കിലവള്‌ പേടിക്കും...’
ആധിപിടിച്ച ഒരു കാമുകനെ പോലെയതു പറഞ്ഞ് അവൻ സെൽ ഫോൺ എടുക്കാനായി പോക്കറ്റിൽ കൈ താഴ്ത്തി. അതവിടെ കാണാത്തത് കൊണ്ട് പാനാഘോഷം നടന്ന മുറിയിലേക്കവൻ ധൃതിപിടിച്ച് നടന്നു. ഞാൻ നിലംപരിചായി പോയി. തകർന്നു തരിപ്പണമായി. തല തിരിച്ച് ഞാനവന്റെ പോക്കും നോക്കിയിരുന്നു. എല്ലാമൊരു സ്വപ്നമായിരുന്നോ?! ഞാനൂറ്റം കൊണ്ടിരുന്ന മദ്യപാനശേഷിക്ക് ശോഷണം സംഭവിച്ചുവോ? യുക്തിരഹിതമായ ചോദ്യങ്ങൾക്കിടയിൽ പെട്ടു ഞെരുങ്ങി പോയി ഞാൻ. സ്വയം വിഡ്ഢി ചമഞ്ഞ് ഇരിക്കുമ്പോൾ അവൻ തിരികെ വന്നു. അവൻ പ്രസന്നനായിരുന്നു.
‘അവളവിടെ ഓക്കെയാ’ അവന്റെ മുഖം നിറയെ സന്തോഷം കണ്ട് ഞാൻ സന്തോഷിച്ചു. അല്ല, സന്തോഷം അഭിനയിച്ചു.

അലോഷിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് തിരികെ ഡ്രൈവ് ചെയ്യുമ്പോഴും വീട്ടിൽ വന്നു വിശ്രമിക്കുമ്പോഴുമൊക്കെ ഞാനവനെ മനസ്സാ ആക്ഷേപിച്ചു കൊണ്ടിരുന്നു. ഇത്രയും നാണംകെട്ടവനായി പോയല്ലോ എന്റെ സുഹൃത്ത്. ഭാര്യക്കും ജാരനും സൗകര്യമൊരുക്കി കൊടുത്തിട്ട് ഒരു ലജ്ജയുമില്ലാതെ ഇരിക്കുന്നു! അതു മാത്രമോ? അതേക്കുറിച്ചെന്നോട് പറയുന്നതിൽ ഒരല്പം നാണക്കേട്‌ പോലുമില്ല. അവന്റെ ഉള്ളിൽ കയറിയിരുന്നു അവന്റെ ചിന്തകളെ വിടർത്തിയിട്ട്, ഇഴകീറി പരിശോധിക്കണമെന്നുണ്ടായിരുന്നു. ഒരു ക്രൂരവിനോദം. അത്രയേ ഉള്ളൂ. അവന്റെയൊരു പാപബോധം!...ഞാനേതൊക്കെ വഴികളിലൂടെ സഞ്ചരിച്ചിരിക്കുന്നു. കണ്ടില്ലെ എനിക്കിതുവരെ ഒരു തരിമ്പും തകർച്ച സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കാനും പോകുന്നില്ല. അത്തരം അന്ധവിശ്വാസങ്ങളിൽ പെട്ട് ഒടുങ്ങാനുള്ളതല്ലയെന്റെയീ ജീവിതം.

ഇതൊക്കെയും കുറച്ച് വർഷങ്ങൾക്ക് മുൻപ് നടന്നതാണ്‌. ഞാനതൊക്കെയും മറന്നു തുടങ്ങിയതായിരുന്നു. എന്നാലാ ഓർമ്മകളെ വീണ്ടും തട്ടിയുണർത്തിയ ഒരു സംഭവമുണ്ടായി. ഇന്ന് വൈകിട്ട് അവനെ ഒരിക്കൽ കൂടി കണ്ടു! തമ്മിൽ ഒട്ടും പൊരുത്തപ്പെട്ടു പോകാത്ത രണ്ടാഗ്രഹങ്ങളാണ്‌ അതിന്‌ നിമിത്തമായത്. എന്റെ നല്ലപാതിക്ക് പെട്ടെന്നൊരു ഉൾവിളിയുണ്ടായി - പത്മനാഭനെ കാണണം. നിധി കണ്ടെടുത്ത ശേഷം കാണണമെന്ന ആശ കലശലായി കയറു പൊട്ടിച്ചതാണ്‌. എന്റെ ആഗ്രഹം ഹവ്വ ബീച്ചിൽ പോകണമെന്നതായിരുന്നു. മദ്യം കഴിഞ്ഞാൽ കടലും കടപ്പുറവുമാണെന്റെ ബലഹീനതകൾ.

അങ്ങനെ, ഒരു വാരാന്ത്യം നേരെ വെച്ചു പിടിച്ചു, തലസ്ഥാനത്തേക്ക്. അവിടെ കടലിനോട് ചേർന്നുള്ള ഹോട്ടലിൽ, ബുക്ക് ചെയ്തിരുന്ന മുറിയിൽ സൗകര്യപൂർവ്വം വിശ്രമിച്ചു. പിറ്റേന്ന് രാവിലെ തന്നെ ചെന്നു പത്മനാഭനെ കണ്ടു വണങ്ങി. നിധിശേഖരത്തേക്കുറിച്ച് മാലോകർ അറിഞ്ഞാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്ന മട്ടിൽ പത്മനാഭൻ സുഖമായി കിടക്കുന്നു. സായംകാലം കടൽ കാണാനിറങ്ങി. കടൽക്കാറ്റടിച്ചാൽ അവൾക്ക് സൂക്കേട് വരും. അതു കൊണ്ട് പോയത് ഞാനൊറ്റയ്ക്കായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും അധികദൂരമൊന്നുമില്ല. ലോകത്തിലെ സകല അലസതയും എന്നിലേക്കാവാഹിച്ച് ഞാൻ സാവധാനം നടന്നു. എന്നാൽ തിരകൾ കണ്ടതും സർവ്വനിയന്ത്രണവുമെനിക്ക് നഷ്ടമായി. ഹാഫ് പാന്റ് ഒന്നു കൂടി ചുരുട്ടിക്കയറ്റി കടൽത്തിരകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. അപ്പോളെന്റെ അരികിലൂടെ രണ്ടു പേർ വേഗത്തിലോടി പോയി. ഒരച്ഛനും മകളും. സത്യത്തിൽ ആ കുട്ടി അയാളേയും വലിച്ചു കൊണ്ടു പോവുകയായിരുന്നു. ഞാൻ പതിയെ അവരുടെ അടുക്കലേക്ക് ചെന്നു. അതവൻ തന്നെയായിരുന്നു. കാലം, വർഷങ്ങളുടെ പഴക്കം അവനിൽ വരച്ചു വെച്ചിരുന്നു. നിറം വെച്ചുമാറുന്ന കളി. സാമാന്യം വെളുത്തിരുന്ന അവൻ കറുത്തു പോയിരിക്കുന്നു! കറുത്ത് നല്ല ഞെരുക്കമുണ്ടായിരുന്ന മുടി നേർത്ത് വെളുത്ത് പോയിരിക്കുന്നു! ഏതാനും വർഷങ്ങൾ കൊണ്ടു തന്നെ അവനിൽ വന്ന മാറ്റങ്ങളെന്നെ അത്ഭുതപ്പെടുത്തി. നരയിഴകൾ കറുപ്പ് പൂശി കാലത്തിന്റെ കരവിരുത് മറയ്ക്കാൻ എന്നെ പോലെ അവനും ശ്രമിച്ചിരിക്കുന്നത് തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അവന്റെയൊപ്പമുണ്ടായിരുന്ന കുട്ടിക്ക് ഏകദേശം രണ്ടു വയസ്സ് ഉണ്ടാവും. അവൾ തിരകളുടെ നേർക്ക്, അവിടെ നിന്ന ആരേക്കാളും ധൈര്യത്തിൽ ചുവട് വെച്ചിറങ്ങുന്നത് ശ്രദ്ധിച്ചു. അലോഷി ആ കുഞ്ഞിന്റെ ഇളം കൈയ്യിൽ കരുതലോടെ മുറുക്കെ പിടിച്ചിരുന്നു.

എന്നെ തിരിച്ചറിയുമോ എന്ന് പരീക്ഷിക്കാൻ ഞാൻ കുറച്ചു കൂടി അരികിലേക്ക് നടന്നു. തിരിച്ചറിഞ്ഞെന്നു മാത്രമല്ല, തെറ്റാതെ എന്റെ പേര്‌ വിളിച്ച് അടുത്തേക്ക് വരികയും ചെയ്തു അവൻ. ഒപ്പമുണ്ടായിരുന്ന കുട്ടിയെ കുറിച്ച് തിരക്കാനായിരുന്നു എനിക്ക് ആകാംക്ഷ മുഴുക്കെയും. അടക്കാനാവാതെ, ആ പെൺകുട്ടിയെ കണ്ണു കൊണ്ട് ചൂണ്ടി ചോദിച്ചു, 
‘ഇത്...?’
‘എന്റെ മോളാ...ലീന...നീനൂന്ന് വിളിക്കും!’ അവന്റെ കണ്ണിൽ അഭിമാനത്തിളക്കം കണ്ടു. അവൻ പറഞ്ഞത് ശരി വെയ്ക്കും മട്ടിൽ ഒരു തിര വന്ന് ഞങ്ങളുടെ കാലുകളിൽ തൊട്ടു. തിര തിരിച്ചിറങ്ങി പോയപ്പോൾ നീനു തുള്ളിച്ചാടി. ഞങ്ങളുടെ മേൽ ഉപ്പുവെള്ളം തെറിച്ചു. ഞാനും അവനും അവളും അതു കാര്യമാക്കിയില്ല.
‘സെലീന...എവിടെ?’ ഞാൻ മണൽപ്പുറമാകെ കണ്ണു കൊണ്ട് തിരഞ്ഞു. ദൂരെ ഒരു സ്ത്രീ ഇരുപ്പുണ്ട്. അരികിൽ ബാഗ്, ടൗവ്വൽ, മുന്നിൽ അഴിച്ചിട്ട ചെരുപ്പുകൾ.
കുട്ടി അലോഷിയുടെ കൈ വിടുവിച്ച് ആ സ്ത്രീയുടെ അടുത്തേക്കോടി.
ആ കാഴ്ച്ചയിൽ നിന്ന് കണ്ണെടുത്ത് തിരികെ അലോഷിയുടെ മുഖത്ത് നട്ട് ഞാൻ മറുപടിക്ക് കാത്തു.
‘സെലീന...പോയി...ഡെലിവറി ടൈമില്‌ ഒരു കോമ്പ്ളിക്കേഷനുണ്ടായി...ഭാഗ്യത്തിന്‌ മോളെ കിട്ടി...’ അവൻ നീനു പോയ വഴിയേ മുഖം തിരിച്ചു. ഞാനും. നീനു ആ സ്ത്രീയുടെ കൈപിടിച്ചു വലിക്കുന്നു.
‘അത് മരിയ...ഞാൻ...വീണ്ടും മാരി ചെയ്തു...നീനൂനെ നോക്കാൻ ആരെങ്കിലും വേണ്ടെ?...പിന്നെ...പെങ്കൊച്ചല്ലെ..’
‘ഉം’ ഇത്തവണ ഞാൻ ശരി വെച്ചു. അവന്റെ ദീർഘദൃഷ്ടിയെക്കുറിച്ചോർത്ത് അതിശയിച്ചു. 
‘നീയൊറ്റയ്ക്കാ?’ അവൻ കുശലം ചോദിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു. ഞാനും അവനോടൊപ്പം തിരകളിലേക്കിറങ്ങി. തിരകളുടെ ശബ്ദം കൊണ്ടോ, ചിന്തകളുടെ തിരക്കുകൾക്കിടയിൽ പെട്ടത് കൊണ്ടോ എനിക്ക് ശ്രദ്ധ നഷ്ടമായി. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ കുഞ്ഞു നീനു ഓടി അടുത്തേക്ക് വന്നു. ‘അങ്കിൾ ഇതാ’ എന്നു പറഞ്ഞു എന്റെ നേർക്ക് കൈ നീട്ടി. ഒരു ചെറിയ ചിപ്പി. ഒരു വലിയ സമ്മാനം കിട്ടിയത് പോലെ ‘താങ്ക്സ് മോളെ’ എന്നു പറഞ്ഞു ഞാനതു വാങ്ങി. അപ്പോഴാണ്‌ ഞാനവളുടെ മുഖം ശരിക്കും കണ്ടത്. അലോഷിയുടെ അതേ ഛായ! പരസ്പരസ്നേഹമെന്ന ഒറ്റക്കാരണത്താൽ ഒരേ ഛായയും ഭാവവും വന്നുചേർന്നു പോകുന്നവരെ കുറിച്ച് ഒരുനിമിഷമോർത്തു. ഞാനും അലോഷിയും മണലിലൂടെ നടന്നു കൊണ്ടിരുന്നു. അവൻ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ എന്നോടു തന്നെയും.

ശീതീകരിച്ച ഹോട്ടൽ മുറിയിലാണ്‌ ഞാനിപ്പോൾ. കട്ടിലിൽ നല്ലപാതി പുതച്ചുമൂടി സുഖമായി ഉറങ്ങുന്നു. ആ നേരമത്രയും നീനൂനെ കുറിച്ചാണ്‌ ആലോചിച്ചു കൊണ്ടിരുന്നത്. മൂവരും തമ്മിലുള്ള ബന്ധം ഒരു വലിയ പ്രഹേളികയായി എനിക്ക്. അജ്ഞതയാണ്‌ ഏറ്റവും വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നത്. അലോഷിയുടെ വാക്കുകളുടെ ആഘാതമില്ലാതാക്കുവാൻ ഞാനെന്റെ സകല പരിധിയും പരിമിതിയും അളവതിരുകളുമൊക്കെ മറികടന്നു മദ്യപിച്ചു കൊണ്ടിരുന്നു. അലിഞ്ഞില്ലാതാകാനുള്ള അദമ്യമായ ആഗ്രഹം. അപ്പോൾ ഒരു വിചിത്രാനുഭവമുണ്ടായി.
ഒരു ചിരിശബ്ദം കേട്ട്‌ ഞാൻ ആടിത്തൂങ്ങിയ കഴുത്ത്‌ തിരിച്ചു നോക്കി. മുറിയുടെ മൂലയിൽ അതാ ഞാനിരുന്നു ചിരിക്കുന്നു! വക്രിച്ച ചുണ്ടുകളിൽ പരിഹാസം. ആ അപരാനുഭവം എന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്നതായിരുന്നു. 
എല്ലാമൊരു സ്വപ്നം പോലെ... 
ഞരമ്പുകളിൽ വിഷം പടർന്നു കയറുന്നു... 
വെളിപാട് പുസ്തകങ്ങൾ ഒന്നൊന്നായി മലർക്കെ തുറന്നു പോകുന്നു...
ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമെന്റെ വിരലുകൾ, ആ ചെറിയ ചിപ്പി കണ്ടെടുത്തു.
ഉള്ളംകൈയ്യിൽ വെച്ചപ്പോളറിഞ്ഞു, പൊള്ളിത്തുടങ്ങുന്നത്...ഉള്ളിലേക്കതിന്റെ ചൂട് പടരുന്നത്...
ഞെട്ടലോടെ ഞാൻ കൈ കുടഞ്ഞു.

Post a Comment

2 comments:

  1. അവനവനെ തിരിച്ചറിയുന്ന വെളിപാടുകൾ. നല്ല രചന.

    ReplyDelete
  2. സ്വയം തിരിച്ചറിയുക എന്നതാണ് ഏറ്റവും ഉൽക്കൃഷ്ടമായ കാര്യം ...

    ReplyDelete