Please use Firefox Browser for a good reading experience

Sunday 24 July 2011

തിരികെ തരിക..

തിരികെ തരിക നീ കാലമേ എനിക്കിന്നു,
മരിക്കും ഭൂമിതൻ ഭൂത കാലം..

നിറഞ്ഞൊഴുകും നിളതൻ പുളിനങ്ങളും,
കാട്ടരുവികൾ പാടുന്ന കളഗാനവും.

തിരികെ തരിക നീ മരതകക്കാടുകൾ,
മധുരം നിറയുന്ന മാമ്പഴക്കൂട്ടവും.

തിരികെ തരിക നീ തെളിനീല വാനവും,
നാഗങ്ങളിഴയുന്ന കാവുകൾ വീണ്ടും.

തിരികെ തരിക നീ ചേറിന്റെ മണമുള്ള,
കതിരുകൾ വിളയുന്ന നെൽപാടവും.

വിലയറിയാതെ ചിലർ, മണ്ണിന്റെ മാറിടം,
ദുര മൂത്തു മാന്തിപ്പറിച്ചെടുത്തു.

നിലവിളി കേൾക്കാതെ തുരന്നവർ മണ്ണിന്റെ,
ഹൃദയവും അന്യർക്ക്‌ വിറ്റഴിച്ചു.

മിടിക്കാത്ത മണ്ണിന്റെ മുകളിലോ പിന്നവർ,
നിലയുള്ള മാളിക, തീർത്തു വെച്ചു.

ഒരു തുണ്ടു ഭൂമിയിൽ തലച്ചായ്ക്കുവാനായി,
ഇരന്നവർ ചെന്നൂ, മണ്ണിന്റെ മക്കൾ!

അവർക്കില്ല കാടും അവർക്കില്ല വീടും,
അവർക്കായി നൽകുവാൻ മണ്ണുമില്ല!.

വിശക്കുന്ന ഉദരവും, വിറയ്ക്കുന്ന ദേഹവും.
അതു മാത്രമാണവർക്കിന്നു സ്വന്തം!

നൊമ്പരം കാണാതെ, രോദനം കേൾക്കാതെ,
കണ്ണുകൾ, കാതുകൾ പൊത്തി നാം നിന്നു!

നൊമ്പരക്കാഴ്ച്ചകൾ കാണാതിരിക്കുവാൻ,
കണ്ണുകൾ പൊത്തുവാൻ നാം പഠിച്ചു!

നോവിൻ വിലാപങ്ങൾ കേൾക്കാതിരിക്കുവാൻ,
കാതുകൾ പൊത്തുവാൻ നാം പഠിച്ചു!

മണ്ണും മനുഷ്യരും കൈവിട്ട മക്കളോ,
മണ്ണോട്‌ മണ്ണായി ചേർന്ന് പോയി.

തിരികെ തരിക നീ കാലമേ എനിക്കിനി,
നേരിന്റെ പാതകൾ കാണുവാൻ കണ്ണുകൾ..

തിരികെ തരിക നീ തെളി നീരു പോലുള്ള,
ഹൃദയ വിചാരങ്ങളെനിക്കു വീണ്ടും.

തിരികെ തരിക നീ മുഖം മൂടിയില്ലാത്ത,
മുഖങ്ങളീ ഭൂമിയിൽ എനിക്കു ചുറ്റും.

തിരികെ തരിക നീ മധുമന്ദഹാസം,
പൊഴിക്കും മുഖങ്ങളും ഇവിടെ വീണ്ടും.

തിരികെ തരിക നീ മഞ്ഞിൻ കുളിരുള്ള,
മരതകക്കാടുകളിവിടെ വീണ്ടും.

തിരികെ തരിക നീ കാട്ടുതേനൂറുന്ന,
വന പുഷ്പഭംഗികൾ ഇവിടെ വീണ്ടും!.

വിടരുന്ന പൂവിന്റെ ഭംഗികൾ കവരാത്ത,
പഴയ നൽനാളുകൾ തരിക വീണ്ടും.

കാട്ടിത്തരിക നീ കാലമെ വീണ്ടും,
വിശ്വപ്രേമത്തിലേക്കുള്ളയാ പാതകൾ..

എവിടെയോ കൈവിട്ടു പോയ സൽഭാവം,
തിരികെ തരിക നീ നമുക്കു വീണ്ടും.

കളയില്ലൊരിക്കലും നീ തരും പുണ്യം,
നാളേക്ക്‌ നൽകുവാൻ കാത്തു വെയ്ക്കാം..

21,268

Post a Comment

1 comment:

  1. എഴുത്തുകാര .... തിരിച്ചു കിട്ടാത്ത ഇത്തരം കാര്യങ്ങളെ കുറിച്ച് വിലപിക്കുന്നതിനു പകരം ആ നല്ല ചിന്തകളെ മനസ്സിന്റെ ഒരു കോണില്‍ സൂക്ഷിച്ചു വെച്ച് ഇടക്കിടക് പുറത്തെടുത്തു താലോലിക്കുന്നതാവും അഭികാമ്യം ... നല്ലെഴുത്ത് സാബു ... പലപ്പോഴും ഞാനും വേദനയോടെ ആഗ്രഹിക്കുന്ന വരികള്‍

    ReplyDelete