നഷ്ടപ്രേമത്തിന്നിറ്റിറ്റു വീഴുന്ന
രക്തബിന്ദുക്കളെ, നിങ്ങൾക്ക് സാന്ത്വനം!
ചൂടേറ്റ് കരിയുന്ന ആത്മാവിലെഴുതിയ
പ്രണയാക്ഷരങ്ങളെ, നിങ്ങൾക്ക് സാന്ത്വനം!
************************************
നിനക്കിനിയോർക്കുവാൻ പകലുമില്ല,
ഇരവിലിനി കാണുവാൻ, കനവുമില്ല.
ഇനിയില്ല നിന്റയീ കറയാർന്ന ചുണ്ടിൽ,
അവൾക്കായി സൂക്ഷിച്ച ചുടുചുംബനം.
മുറിവേറ്റ പ്രാവിന്റെ ചിറകടി പോലെ നിൻ
ഹൃദയം തുടിക്കുന്നു നിന്റെയുള്ളിൽ..
മറയുന്ന ബോധത്തിൻ തിരശ്ശീലയിൽ നീ,
അവസാനക്കാഴ്ച്ചകൾ കണ്ടുവപ്പോൾ..
ഒരു മാത്ര നേരത്തിനപ്പുറം നീയിനി,
നിഴലുകളില്ലാതെ യാത്രയാവും..
പേരറിയാത്തയാ ലോകത്തിലേക്ക് നീ,
പ്രാണനായൊറ്റയ്ക്ക് യാത്രയാവും..
************************************
ഒരുനാളിവിടെനീ പുനർജ്ജനിക്കും,
നിന്റെ പ്രണയം തിരഞ്ഞു നീ, നടന്നു പോകും..
പ്രേരണ: പ്രേമനൈരാശ്യം കാരണം ആത്മഹത്യ ചെയ്ത ഒരു ദുർബ്ബലഹൃദയനെ കുറിച്ചുള്ള പത്രവാർത്ത.
21,932
No comments:
Post a Comment