അമ്മ വീണ്ടും പറഞ്ഞതാണ്, തിളങ്ങുന്ന പല വസ്തുക്കളും കാണും എന്നു വെച്ച് അതിന്റെ അടുത്തേക്ക് പോലും പോകരുതെന്ന്. എന്നാൽ വികൃതിയായ അവൻ, അമ്മ പറഞ്ഞു തീരും മുൻപെ തന്റെ മുന്നിലേക്ക് ഇറങ്ങി വന്ന ഇളകിയാടുന്ന പുഴുവിനെ വായിലാക്കി കഴിഞ്ഞിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയുന്നതിനു മുൻപെ അവൻ വായുവിലേക്ക് വലിച്ചെടുക്കപ്പെട്ടു. വായുടെ വശത്തേക്കെന്തോ തുളഞ്ഞ് കയറുന്നതവനറിഞ്ഞു. അസഹ്യമായ വേദന. പിടഞ്ഞ് രക്ഷപെടാനൊരു ശ്രമം നടത്തി നോക്കി. എന്തോ കൂർത്തത് ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു. സ്വന്തം ചോര പുറത്തേക്ക് ചീറ്റുന്നതറിയാം. വേദനയ്ക്കിടയിലും അമ്മേ എന്നുറക്കെ വിളിക്കാനൊരു ശ്രമം നടത്തിയെങ്കിലും വിഫലമായി. ചെന്നു വീണത് ചരൽമണ്ണിലേക്കാണ്. അവിടെ കിടന്നവൻ രണ്ടു മൂന്ന് വട്ടം പിടഞ്ഞു. ബോധം മറഞ്ഞു തുടങ്ങുന്നതറിഞ്ഞു. എവിടെ അമ്മ?. എവിടെ ആയാലും തന്റെ ഒപ്പം ഉണ്ടാവുമെന്ന് പറഞ്ഞിട്ട്..
തനിക്ക് ശ്വാസമെടുക്കാനാവുന്നില്ല എന്ന് അമ്മ അറിയുന്നുണ്ടോ?.
തനിക്ക് വീണ്ടും വെള്ളത്തിലേക്ക് ഊളിയിടണം..പായലുകൾക്കിടയിലൂടെ നീന്തി രസിക്കണം.. ഒന്നു കൂടി പിടയുമ്പോൾ കണ്ടു, അമ്മ വെള്ളത്തിനുള്ളിൽ നിന്നും തന്റെ നേർക്ക് വന്നു വീഴുന്നത്. ഒരു പക്ഷെ തന്നെ ഒന്നു കാണാനായിരിക്കും. തന്നെ സമാധാനിപ്പിക്കാൻ..തന്നെ തിരികെ വെള്ളത്തിലേക്ക് കൊണ്ടു പോകാൻ..
എന്തൊക്കെയോ ശബ്ദങ്ങൾ..
ഒരു മനുഷ്യന്റെ കൈ നീണ്ട് വന്ന് അവന്റെ വായ്ക്കുള്ളിൽ നിന്നും ആ കൂർത്ത വസ്തു വലിച്ചെടുത്തു. അതിലൂടെ രക്തം പുറത്തേക്ക് തളർന്നൊഴുകി.
അവൻ അമ്മയുടെ നേർക്ക് നോക്കി. അമ്മ അവനെ തന്നെ നോക്കി കിടക്കുന്നു. ശ്വാസമെടുക്കാനെന്ന വണ്ണം വായ് തുറന്നടയുന്നു. അതോ തന്നോടെന്തെങ്കിലും അവസാനമായി പറയാൻ?.. അവനെന്തോ പറയണമെന്നുണ്ടായിരുന്നു. എന്നാൽ..അപ്പോഴേക്കും ബോധം മറഞ്ഞു.
മദർഹുഡ് ..!
ReplyDelete