Please use Firefox Browser for a good reading experience

Friday, 29 June 2018

കാക്കപ്പുള്ളി


അടുത്തു കൂടി വേഗത്തിൽ ചിലർ ഓടിപ്പോകുന്ന ശബ്ദം കേട്ടാണയാൾ കണ്ണു തുറന്നത്. നേരം വെളുത്തിരിക്കുന്നു!. താനെവിടെയാണ്‌?. അതിരാവിലെയോ, തലേന്ന് രാത്രിയോ മഴ പെയ്തിട്ടുണ്ടാവും. ചേമ്പിലകളുടെ കൈകളിൽ തിളങ്ങുന്ന വെള്ളി നിറത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നു. ആൾക്കാർ ധൃതി പിടിച്ചോടുകയാണ്‌. ‘എവിടേക്കാ?..എങ്ങോട്ടാ?’ അയാൾ ഉറക്കെ വിളിച്ചു ചോദിച്ചു. എന്നാലയാൾക്ക് മറുപടി കൊടുക്കാൻ കൂടി നിൽക്കാതെ എല്ലാരും ഓടി പോയി. ജിജ്ഞാസ അടക്കാനാവാതെ അയാളും ആൾക്കൂട്ടം ഓടിയ വഴിയിലൂടെ അവരുടെ പിന്നാലെ ഓടി. തലേന്ന് കുടിച്ചത് അല്പം കൂടി പോയി. അടിയേറ്റത് പോലെ തലയ്ക്ക് കനം വെച്ചിരിക്കുന്നു.

കാൽപ്പാടുകൾ പുതഞ്ഞു കിടക്കുന്ന പാടവരമ്പത്തു കൂടി..പിന്നെ തോട്ടിന്റെ അരികത്ത് കൂടി. ചെന്നെത്തിയത് പരമേശ്വരന്റെ വീടിന്റെ അടുത്തായിട്ടാണ്‌. തന്റെ ശത്രു!. ചെറുപ്പം മുതൽക്കെ എന്തെന്നില്ലാത്ത ഒരു ശത്രുതാമനോഭാവം പരമുവിന്‌ അയാളോടുണ്ടായിരുന്നു. ജയം എപ്പോഴും അയാൾക്കൊപ്പമായിരുന്നു. മത്സരിച്ച് പ്രേമിക്കാൻ ശ്രമിച്ച് ഒടുവിൽ അയാളുടെ കൂടെ ഇറങ്ങി വന്ന ജയന്തിയുടെ കാര്യത്തിൽ പോലും. കഴിഞ്ഞാഴ്ച്ച മണിയുടെ കടയിൽ വെച്ചൊരു കശപിശ ഉണ്ടായപ്പോൾ തന്റെ അടിയേറ്റ് പരമേശ്വരൻ വീണത് കണ്ട് എല്ലാരും പൊട്ടിച്ചിരിച്ചത് ഒരു തരം ഉന്മാദത്തോടെ അയാളോർത്തു.

പരമുവിന്റെ ഓടിട്ട വീടിനു മുന്നിലും ചുറ്റിലുമായി ഒരുപാടാൾക്കാർ. അവനെന്താണ്‌ പറ്റിയത്?. തലേന്ന് ഷാപ്പിൽ നിന്നും ഇറങ്ങുമ്പോൾ പരമു അകത്തിരുന്നു നല്ലോണം കുടിക്കുന്നുണ്ടായിരുന്നല്ലോ. പിന്നീടെപ്പോഴൊ അവനും താനും തമ്മിൽ..എന്തോ ഒന്നും രണ്ടും പറഞ്ഞ്.. പിന്നീടെന്താണ്‌ പറ്റിയത്?..ഒന്നും ശരിക്കോർത്തെടുക്കാനാവുന്നില്ല.. ആൾക്കൂട്ടത്തിനു പിന്നാലെയായി അയാൾ കുറച്ചു നേരം നിന്നു. പിന്നീട് അവർക്കിടയിലൂടെ മുന്നിലേക്ക് ചെന്നു. ഒരു മനുഷ്യൻ കമഴ്ന്ന് കിടപ്പുണ്ടായിരുന്നു അവിടെ. തലേന്ന് കണ്ടപ്പോൾ പരമു ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ..അയാളുടെ തല ആരോ കല്ലു കൊണ്ട് ഇടിച്ച് ചതച്ചിരിക്കുന്നു. ജീവനുണ്ടാവാൻ ഒരു സാധ്യതയുമില്ല. തലഭാഗത്ത് നിന്നും ഒഴുകിയിറങ്ങിയ രക്തം മഴ വലിച്ച് അടുത്തുള്ള ചീരച്ചെടികൾക്ക് താഴെയായി ഒഴുക്കി വിട്ടിരിക്കുന്നു. രക്തത്തിൽ നിന്നും ചുവന്ന ചെടികൾ മുളച്ചുയർന്നത് പോലെയേ അതു കണ്ടാൽ തോന്നൂ.

അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. താനും അവനും തമ്മിൽ വഴക്കുണ്ടാക്കിയത് ഓർമ്മയുണ്ട്..പക്ഷെ അവന്റെ വീടിന്റെ അടുത്ത്..എപ്പോഴാണ്‌ താൻ ഇവിടെ വന്നത്?..താനുമായുള്ള ശത്രുത നാട്ടിൽ പാട്ടാണ്‌. സംശയം തോന്നുന്നവരുടെ പട്ടിക തയ്യാറാക്കേണ്ട ആവശ്യം പോലുമില്ല. തന്റെ പേരേ ആരും പറയുകയുള്ളൂ..
ഇനി ഇവിടെ നിന്നാൽ അപകടമാണ്‌. എത്രയും വേഗം നാട് വിടണം.. താൻ ചെയ്യാത്ത കുറ്റത്തിനു അകത്താവും. പിന്നെ അന്വേഷണം..കോടതി..കേസ്..നിരപരാധിത്വം തെളിയിക്കാൻ നല്ലൊരു വക്കീലിനെ ഏർപ്പാടാക്കേണ്ടി വരും..അതിന്‌ നല്ല പണച്ചിലവുണ്ട്..അകത്തായാൽ പിന്നെ എപ്പോഴാ പുറത്ത് വരാനാവുക എന്നത് ദൈവം തമ്പുരാന്‌ പോലും പറയാനാവില്ല..എത്രയും വേഗം ജയന്തിയെ കണ്ടു വിവരം പറഞ്ഞു എങ്ങോട്ടെങ്കിലും മുങ്ങണം..അല്ലേൽ അവൾ പരിഭ്രമിക്കും..

അയാൾ മുഖം കുനിച്ച് പതിയെ പിന്നിലേക്ക് തിരിഞ്ഞു. പോലീസ് എത്തിയിരിക്കുന്നു!
അയാൾ ശില പോലെയായി. അവർ ചോദ്യം ചെയ്യൽ തുടങ്ങിയിരിക്കുന്നു. മൃതശരീരം മലർത്തി കിടത്തിയിരിക്കുന്നു. ആർക്കും തിരിച്ചറിയാൻ ആവുമെന്നു തോന്നുന്നില്ല..അതു പോലെയാണ്‌ കല്ലു കൊണ്ട് ആ മുഖം..

അയാൾ മലർത്തി കിടത്തിയ ശരീരത്തിലേക്ക് സൂക്ഷിച്ചു നോക്കി നിന്നു. കുറച്ച് നേരം നോക്കിയപ്പോൾ സംശയമായി..
പരമു തന്നെയാണൊ ഇത്?. വലതു കൈയ്യിൽ..അയാൾ മൃതശരീരത്തിന്റെ വലതു കൈയ്യിലെ കാക്കപ്പുള്ളി ശ്രദ്ധിച്ചു..ഇത്?
പെട്ടെന്ന് ഒരു നടുക്കത്തോടെ അയാൾ തന്റെ വലതു കൈയ്യിലേക്ക് നോക്കി..
അയാൾ കണ്ടു, തന്റെ കൈയ്യിൽ.. അതേ കാക്കപ്പുള്ളി മറുക്..

Post a Comment

1 comment: