ഉറക്കം കാത്ത് കിടക്കുമ്പോൾ അവൾ പറഞ്ഞു,
‘നല്ല ഐശ്വര്യമുള്ള കുട്ടി അല്ലെ?’
‘ങെ?’
‘വൈകിട്ട് ഏട്ടന്റെ കോളേജിൽ നിന്ന് വന്നില്ലെ?.. എന്തോ സംശയം ചോദിക്കാനെന്നും പറഞ്ഞ്..?’
‘ഓ...ആ കുട്ടി..’
‘ങാ പിന്നെ, മറക്കണ്ട..നാളെ വെളുപ്പിനെ തന്നെ പോണം. വലിയ ശക്തിയുള്ള ദേവിയാണ്’
അതിനും അയാൾ മൂളിയതേയുള്ളൂ. ഇതെത്രാമത്തെ തൊട്ടിലാണ് കെട്ടുന്നത്?. അദൃശ്യശക്തികളിലുള്ള വിശ്വാസം ഇവൾക്കിപ്പോഴും നഷ്ടപ്പെട്ടിട്ടില്ല.
അയാൾ വൈകിട്ട് വന്ന സന്ദർശകയെ കുറിച്ചുതന്നെ ഓർക്കുകയായിരുന്നു. എന്തൊരത്ഭുതമാണ്! ശാലിനിയുടെ തനിപ്പകർപ്പ്!. നടുക്കത്തിൽ പേര് പോലും ചോദിക്കാൻ വിട്ടു. ശാലിനി ഇപ്പൊഴെവിടെ?. എങ്ങനെയാണ് തന്റെ വിലാസമറിഞ്ഞത്?. ഒന്നും ചോദിക്കാനായില്ല.
‘വെറുതെ ഒന്നു കാണാൻ’ തറപ്പിച്ചു നോക്കി അത്രയേ അവൾ പറഞ്ഞുള്ളൂ. ബോധപൂർവ്വം അവൾ ‘അച്ഛൻ’ എന്ന വാക്ക് ഒഴിവാക്കിയോ?. ഒരായിരം ഓർമ്മകളിലേക്ക് അയാളുടെ ചിന്തകൾ കയറി പോയി.
‘എന്താ ഉറങ്ങുന്നില്ലെ?..വിയർക്കുന്നല്ലോ?..ഫാനിടണോ?’
അതും പറഞ്ഞ് അരികത്ത് കിടന്നവൾ എഴുന്നേറ്റു.
അയാൾക്കുറപ്പായിരുന്നു, ഫാനിട്ടാലും താൻ വിയർക്കുമെന്ന്..തനിക്ക് ഉറങ്ങാനാവില്ലെന്ന്..
ഈ രാത്രി മാത്രമല്ല, ഇനിയുള്ള രാത്രികളിലും..
No comments:
Post a Comment