അമ്പലപ്പറമ്പിൽ തലയുയർത്തി, കൈകൾ ആകാശത്തേക്ക് വിടർത്തി നില്ക്കുന്ന ഒരു വലിയ അരയാൽ മരമുണ്ട്.
ഒരു ദിവസം മരം കാറ്റിലാടി നില്ക്കുമ്പോൾ മരത്തിന്റെ ചില്ലകൾ പറഞ്ഞു,
‘എനിക്ക് തോന്നാറുണ്ട്, ഈ ഇലകൾ ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഇലകളെല്ലാം പിടിച്ചു നിന്നു വേദനിക്കുന്നു’
ഉടൻ മരത്തിന്റെ തായ്ത്തടി പറഞ്ഞു,
‘നിങ്ങൾക്ക് ഈ കൊമ്പുകളുടെ ഭാരം ഊഹിക്കാൻ കഴിയുമോ?. ഈ ശിഖരങ്ങളൊക്കെ ഉയർത്തി നില്ക്കുക എന്നു പറഞ്ഞാൽ..ഹോ!..തളരുന്നു..’
അപ്പോൾ മരത്തിന്റെ വേരുകൾ പറഞ്ഞു,
‘ഇതൊക്കെയാണൊ ഒരു ഭാരം?. ഈ ശിഖരങ്ങളും, ഇലകളും, ഈ തായ്ത്തടിയുമൊക്കെ ഞാനാണ് താങ്ങി നിർത്തുന്നത്..കണ്ടില്ലെ ഞാൻ ആകെ വളഞ്ഞു പുളഞ്ഞു പോയത്?’
അപ്പോഴൊരു വലിയ ചിരി ഉയർന്നു കേട്ടു,
മരം താഴേക്ക് നോക്കി.
ചിരിച്ചു കൊണ്ട് മണ്ണു പറഞ്ഞു,
‘നഷ്ടപ്പെടുമ്പോഴെ നിങ്ങൾക്ക് കൈവശമുള്ളതിന്റെ വിലയറിയൂ!..ഞാനുമൊരിക്കൽ ഒരു വലിയ മരമായിരുന്നു..’
അവിടെയൊരു കാറ്റ് വീശി.
മൺത്തരികൾ പറന്നു ദൂരേക്ക് പോയി.
നല്ല കഥ
ReplyDelete