കാക്കകളെ കാണുന്നതേ കലിയായിരുന്നു അയാൾക്ക്. അതും ചെറുപ്പം മുതല്ക്കെ. തരം കിട്ടുമ്പോഴൊക്കെ കല്ലെറിഞ്ഞും കമ്പെടുത്തുമെറിഞ്ഞയാൾ കലി തീർത്തു. വലുതായപ്പോൾ അയാൾ കാക്കകളെ തുരത്താൻ പുതുവഴികൾ കണ്ടെത്തി. തോട്ടത്തിൽ ഇടയ്ക്കിടെ വിള നശിപ്പിക്കാൻ കയറുന്ന കാട്ടുപന്നികളെ വെടിവെച്ചിടാൻ അയാളുടെ പിതാവൊരു നാടൻ തോക്ക് കൈവശം വെച്ചിരുന്നു. കാക്കകൾക്ക് നേരെ പിന്നീടതായി അയാളുടെ ആയുധം. നിരവധി കാക്കകൾ വെടിയേറ്റ് നിലം തല്ലി വീണു. ഒരോ കാക്കയും വെടിയേറ്റ് വീഴുന്ന കാഴ്ച്ച അയാൾക്ക് ഹരമായി. ധീരന്മാരായ ചില കാക്കകൾ അയാൾ പുറത്തിറങ്ങുമ്പോൾ അയാളുടെ തല ഉന്നം വെച്ച് താഴ്ന്നു പറന്നു വരുമായിരുന്നു. എന്നാൽ തോക്ക് അയാളുടെ കൈകൾക്കിടയിലേക്ക് വന്നു കയറിയതോടെ അവരും ആ വഴി ഉപേക്ഷിച്ചു.
‘നിനക്ക് ഈ കാക്കകളെ വെറുതെ വിട്ടൂടെ?’
സുഹൃത്തിന്റെ ചോദ്യത്തിനു, തോക്ക് മുറുക്കെ പിടിച്ചു കൊണ്ടയാൾ പറഞ്ഞു,
‘നാശങ്ങൾ..എന്തെന്നറിയില്ല..എനിക്ക് കണ്ടാലെ കലികയറും..’
അതൊരു മുജ്ജന്മപക പോലെയയാൾ കൊണ്ടു നടന്നു. കാക്കകൾ അയാളുടെ തലവെട്ടം കണ്ടാൽ പറന്നൊളിക്കും എന്ന സ്ഥിതിയായി.
ഒരൊഴിവു ദിവസം കൂട്ടുകാരോടൊത്ത് വിനോദയാത്രയ്ക്ക് പോയ അയാളുടെ വാഹനം, ചെരുവിൽ വെച്ച്, ഒരു ലോറി താഴ്വരയിലേക്ക് ഇടിച്ചു തെറുപ്പിച്ചു. പൊതിഞ്ഞു കെട്ടിയാണയാളുടെ നിശ്ചലശരീരം വീട്ടിലെത്തിച്ചത്. അതു കണ്ടയാളുടെ ഭാര്യയും മകനും വാവിട്ടു കരഞ്ഞു.
മരണാന്തരചടങ്ങുകൾ നടന്നു. ചോറുരുളകൾ ഇലയിൽ വെച്ച് ബാലനായ മകൻ നനഞ്ഞ കൈ കൂടിയടിച്ച് ബലികാക്കകളെ കാത്തു. അതുവരെ ഒളിച്ചിരുന്ന കാക്കകൾ മുറ്റത്തെ മരകൊമ്പുകളിൽ നിരന്നു. എന്നാൽ ഒരെണ്ണം പോലും ഉരുള കൊത്താൻ നിലത്തേക്ക് വന്നില്ല. ബാലന്റെ വിളി കരച്ചിലോളമെത്തി. ഒരു കാക്കയെങ്കിലും..? എവിടെ നിന്നോ ഒരു ബലികാക്ക ഉരുളകൾക്ക് സമീപം പറന്നിറങ്ങി. എന്നാൽ മറ്റുകാക്കകൾ ഉറക്കെ കരഞ്ഞ് ശബ്ദമുണ്ടാക്കി, അതിനെ കൊത്തിയോടിക്കുകയാണുണ്ടായത്. കാക്കകൾ ഉച്ചത്തിൽ കരഞ്ഞ് മരക്കൊമ്പുകളുപേക്ഷിച്ച് പറന്നകന്നു. ശിഖരങ്ങൾ ശൂന്യമായി. ബാലൻ നിറകണ്ണുകളോടെ തളർന്ന ശബ്ദത്തിൽ വിളിച്ചു കൊണ്ടേയിരുന്നു..
No comments:
Post a Comment