നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് ‘എവർഷൈൻ അപ്പാർട്ട്മെന്റ്സ്’ തലയുയർത്തി നില്ക്കുന്നത്. പതിമൂന്ന് നിലകളിലായിട്ടാണ് സമ്പന്ന കുടുംബങ്ങൾ സകലവിധ സൗകര്യങ്ങളോടു കൂടി അവിടെ ജീവിക്കുന്നത്. ആവശ്യത്തിനു പാർക്കിംഗ് സ്ഥലം, ജിംനേഷ്യം, നീന്തൽ കുളം, കുട്ടികൾക്ക് കളിക്കാനായി പുൽത്തകിടി വിരിച്ച ഒരു പൂന്തോട്ടം ഒക്കെയും അവിടത്തെ നിവാസികൾ ആസ്വദിച്ചു പോരുന്നുണ്ട്. അപ്പാർട്ട്മെന്റിന്റെ റൂഫ് ടോപ്പിൽ നിന്നാൽ, നഗരം ഏതാണ്ട് മുഴുവനായും ദൃശ്യമാവും. സായാഹനങ്ങളിൽ വീശുന്ന തണുത്ത കാറ്റേറ്റ്, അകലെ നീല വര പോലെ തെളിയുന്ന കടലിലേക്ക് കണ്ണും നട്ട് നില്ക്കുക അവിടുള്ളവരുടെ ഭാഗ്യങ്ങളിലൊന്നു മാത്രം.
ഈ പ്രാവശ്യത്തെ റസിഡന്റ്സ് കമ്മിറ്റിയിൽ അധികവും ചെറുപ്പക്കാരാണ്. ന്യൂ ഇയർ ‘അടിപൊളി’ ആയി ആഘോഷിക്കണം എന്ന് അവർ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. പ്രായമായവർ പ്ലാൻ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി ധാരാളം പ്രോഗ്രാമ്മുകൾ, എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള കളികൾ, കലാപരിപാടികൾ ഒക്കെയും അവർ ആസൂത്രണം ചെയ്തു. കലാവാസന പ്രകടിപ്പിക്കാൻ വെമ്പി നില്ക്കുന്നവർക്കായി കരോക്കെ, സിനിമാറ്റിക് ഡാൻസ്, ലഘു നാടകങ്ങൾ ധാരാളം ഉൾപ്പെടുത്തിയിരുന്നു. കൂടാതെ കുട്ടികൾക്കായി ബട്ടർഫ്ലൈ ഡാൻസ്, ബ്രേക്ക് ഡാൻസ് തുടങ്ങിയവും നാനാവിധത്തിലുള്ള ഗെയ്മുകളും. ചില പരിപാടികൾ കെട്ടിടത്തിനകത്ത് വെച്ചും ചിലത് പുറത്തെ പുൽത്തകിടിയിലുമായിട്ടാണ് നടത്താൻ തീരുമാനിച്ചത്.
ആഘോഷങ്ങൾ ആരംഭിക്കുകയായി. പ്രാർത്ഥന, പ്രസംഗം എന്നീ പതിവുകൾക്ക് ശേഷം കുട്ടികളുടെ ചെറിയൊരു സ്കിറ്റോടു കൂടി പരിപാടികളാരംഭിച്ചു. അതിനു ശേഷം ചിലർ വന്നു കരോക്കെ പാടി. ഇടയ്ക്ക് ഒരു ഗ്രൂപ്പ് ഡാൻസ്, ഒരു സിനിമാറ്റിക് ഡാൻസ്..പരിപാടികൾ ഭംഗിയായി മുന്നേറിക്കൊണ്ടിരുന്നു. കളികളായിരുന്നു അടുത്തത്. ഉച്ചഭക്ഷണത്തിനായി മുൻപായി സ്ത്രീകൾക്കായി ഒരു ഗെയിം. പുറത്തെ പുൽത്തകിടിയിൽ, മരത്തണലിൽ ഗെയിം നടത്താൻ തീരുമാനിച്ചു. ഫ്രൈഡ് റൈസും ചിക്കൻ കറിയും, ഗോബി മഞ്ചൂറിയയുമൊക്കെയായി കാറ്ററിംഗ് ടീം ഒരു വശത്ത് ഭക്ഷണം വിളമ്പുന്നതിനായി തയ്യാറെടുത്തു. സ്ത്രീകൾക്ക്, പ്രത്യേകിച്ചും യുവതികൾക്കായിട്ടായിരുന്നു ആ മത്സരം. മത്സരമിതാണ് - ബണ്ണുകൾ ചരടിൽ കോർത്തു തൂക്കിയിടുന്നു. ആ ബൺ ചാടി കടിച്ചെടുക്കുക. കൈകൾ പിന്നിൽ കെട്ടിയിരിക്കും. ആദ്യം ബൺ വായിലാക്കുന്നയാൾ വിജയി. മത്സരാർത്ഥികൾ ബണ്ണിനായി ചാടുന്നതിനൊപ്പം ചരടുയർത്താനായി ഇരുവശത്തുമായി രണ്ടു ചെറുപ്പക്കാർ നിന്നു. ചെറുപ്പക്കാരികൾ ചാടുന്നത് അടുത്ത് നിന്ന് കാണുവാൻ ഭാഗ്യം ചോദിച്ചു വാങ്ങിയവരാണവർ. ബൺ മത്സരത്തെ കുറിച്ച് കേട്ടപ്പോൾ, ചിലർക്കതു ജീവിതത്തിന്റെ നേർപകർപ്പാണെന്ന് തോന്നി. എല്ലാവരും ആരോ ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്ന ബണ്ണുകൾക്കായി ചാടി കൊണ്ടിരിക്കുന്നു നിരന്തരം. എന്നാൽ കൈകൾ പിന്നിൽ കെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു. ചിലർക്ക് കഴിവ് കൊണ്ട് ചിലർക്ക് ഭാഗ്യം കൊണ്ട് ബൺ കിട്ടുന്നു. ബണ്ണിനായി ചാടുന്നവരെ നോക്കി ലോകം ചിരിക്കുന്നു, കൈയ്യടിക്കുന്നു. ഒടുവിൽ ബൺ കിട്ടിയവർ ജയിക്കുന്നു. പക്ഷെ അവർ ബൺ കഴിക്കാതെ ഉപേക്ഷിക്കുന്നു. ബണ്ണിനായുള്ള ചാട്ടം വിജയത്തിനുള്ള ഒരു മാനദണ്ഡം മാത്രം..
മത്സരം ആരംഭിക്കുകയായി. മത്സരാർത്ഥികൾ ഒരുങ്ങി കഴിഞ്ഞു. ഷാളുകൾ അരയിൽ മുറുക്കെ കെട്ടി ചുരിദാർ വസ്ത്രധാരികൾ തയ്യാറെടുത്തു. ഹൈ ഹീൽ ചെരുപ്പുകൾ ഉപേക്ഷിച്ചു ചിലർ ഒന്നു രണ്ടു വട്ടം ചാടി ചെറുതായി പരിശീലനം നടത്തി നോക്കി. ബണ്ണുകൾ വരവായി. അതു തുളച്ച് നൂലു കൊണ്ട് കെട്ടി ഒരു നീണ്ട വടിയിൽ കെട്ടി തൂക്കിയിട്ടു. പരിപാടികളുടെ അവതാരകൻ വന്ന് മത്സരത്തിന്റെ നിയമങ്ങൾ വിശദീകരിച്ചു. മത്സരത്തിനു ഉത്സാഹം പകരാനായി ദ്രുതതാളത്തിലുള്ള സംഗീതം അകമ്പടിയായി. ബണ്ണുകൾ തുള്ളിക്കളിച്ചു തുടങ്ങി. കൊലുസ്സിട്ട കാലുകൾ വായുവിൽ ഉയർന്നു കൊണ്ടിരുന്നു. ചിലരുടെ ചുണ്ടുകളെ സ്പർശിച്ച് ബണ്ണുകൾ വായുവിലുയർന്നു പോയി. ആർപ്പുവിളികളും ആരവങ്ങളും നിറഞ്ഞു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അപ്പോഴത് സംഭവിച്ചത്. എവിടെ നിന്നറിയില്ല, മുടിയും താടിയും നീട്ടി വളർത്തിയ, മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങൾ ധരിച്ച, ദുർഗ്ഗന്ധം വമിക്കുന്ന ശരീരത്തോടു കൂടിയ ഒരാൾ രംഗത്തേക്ക് ചാടി വന്നത്. അയാൾ എങ്ങനെയാണ് അപ്പാർട്ട്മെന്റ് ഗാർഡിന്റെ കണ്ണു വെട്ടിച്ച് അവിടെ എത്തിയതെന്ന് ആർക്കും മനസ്സിലായില്ല. ചാടി വന്ന ആൾ കുതിച്ച് ചെന്ന് തൂക്കിയിട്ടിരുന്ന ബണ്ണുകളിൽ ഒന്ന് തട്ടിപ്പറിച്ചെടുത്തു കൊണ്ടോടി!. അത് മത്സരനിയമങ്ങളിൽ ഇല്ലാത്തതായിരുന്നു. ഓടുന്നതിനിടയിൽ അയാളത് വായിലാക്കി ഒരു ഭാഗം കടിച്ചെടുത്തു കഴിഞ്ഞിരുന്നു. ചാടി കൊണ്ടിരുന്ന പെൺകുട്ടി വല്ലാതെ വിളറുകയും, ചമ്മിയ മുഖം കുനിച്ചു പിടിക്കുകയും ചെയ്തു. ക്ഷണിക്കപ്പെടാത്ത അതിഥിയുടെ പ്രവൃത്തി കണ്ട് കാണികൾ ചിരിക്കാനാരംഭിച്ചു.
‘ആരെടാ ഇവന്റെ കേറ്റി വിട്ടത്?’
‘പ്രാന്തനാ ..പ്രാന്തനാ’
‘ഗാാർഡ്!!!’
ഉച്ചത്തിൽ വിളികൾ മുഴങ്ങി.
അപ്പോഴേക്കും ചാടി വന്ന ആൾ അപ്പാർട്ട്മെന്റെ പുറത്തേക്ക് ഓടി രക്ഷപ്പെടാനുള്ള തിരക്കിലായിരുന്നു. കമ്മിറ്റിക്കാർ അപ്പോഴാണ് തങ്ങൾ ആസൂത്രണം ചെയ്ത പരിപാടിയിൽ പിഴവ് സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത്. പെൺകുട്ടികളുടെ മുന്നിൽ കൈയ്യൂക്കും, കൈക്കരുത്തും കാണിക്കാവുന്ന ഒരു സുവർണ്ണാവസരം എങ്ങനെ നഷ്ടപ്പെടുത്തും?. ജീൻസുധാരികൾ തങ്ങളുടെ വിലകൂടിയ മൊബൈൽ ഫോണുകൾ മുറുക്കെപ്പിടിച്ച് ബൺ കൈക്കലാക്കി ഓടിയ ആളുടെ പിന്നാലെ പാഞ്ഞു. അപ്പോഴേക്കും ഗാർഡും എവിടെ നിന്നോ വടിയുമായി രംഗപ്രവേശം ചെയ്തിരുന്നു. അയാളും ചെറുപ്പക്കാരുടെ പിന്നാലെ ഓടാനാരംഭിച്ചു. തന്റെ പ്രവൃത്തിയിൽ സംഭവിച്ച വീഴ്ച്ച മറയ്ക്കാൻ അയാൾക്ക് ആ ഒരു വഴി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ചിലർ അടുത്തതെന്താവും സംഭവിക്കുക എന്ന ആകാംക്ഷ അടക്കാനാവാതെ, കാഴ്ച്ച കാണാൻ മുൻപിലോടി പോകുന്നവരുടെ പിന്നാലെ ഓടി. തന്റെ പിന്നാലെ ന്യൂ ജെൻ പിള്ളേർ പാഞ്ഞു വരുന്നത് കണ്ട് അയാൾ സർവ്വശക്തിയുമെടുത്ത് ഓടിക്കൊണ്ടിരുന്നു. ഓടുന്നതിനിടയിലും അയാൾ ബൺ കഴിക്കാൻ മറന്നില്ല. പിന്നാലെ വന്ന കൂട്ടം, പിടികൂടി താഴേക്ക് തള്ളിയിടുമ്പോൾ അയാൾ അവസാനത്തെ കഷ്ണവും വായിലാക്കി കഴിഞ്ഞിരുന്നു. താഴേ ഒരു അട്ടയെ പോലെ ചുരുണ്ട് കിടന്ന അയാൾ, തന്റെ മേൽ വീഴുന്ന അടിയും തൊഴിയും തടുക്കാൻ ശ്രമിച്ചതേയില്ല. ബണ്ണിന്റെ അവസാനത്തെ കഷ്ണത്തിലെ അവസാനത്തെ പൊടിയുടെ സ്വാദും ആസ്വദിക്കുകയായിരുന്നു അയാൾ. അനിർവ്വചനീയ രുചി അയാളുടെ രുചിമുകുളങ്ങളിൽ നിറയുകയായിരുന്നു. വിശപ്പിന്റെ നോവുന്ന, അഗാധമായ അടിത്തട്ടിലേക്ക് ബണ്ണിന്റെ ശകലങ്ങൾ അടിയുന്നത് അയാൾ ആസ്വാദ്യതയോടെ അറിയുകയായിരുന്നു. അതിലാണ്ട് മുങ്ങിയ അയാളുടെ ചുണ്ടിൽ ഒരു നേർത്ത ചിരി പരന്നു. അയാൾ കണ്ണുകളടച്ച് പിടിച്ചിരുന്നു. രുചിലോകത്തിൽ നിന്ന് പുറത്ത് വരാൻ തയ്യാറാകാത്തത് പോലെ..
ഇക്കൊല്ലത്തെ ആദ്യത്തെ കഥയാണല്ലൊ
ReplyDelete