Monday, 19 October 2020
മനുഷ്യനാണത്രേ...
അവറാച്ചന് പറയാനുള്ളത്
‘എന്തോ...’
അന്നാമ്മ പതിവു പോലെ നീട്ടി വിളി കേൾക്കുന്നത് അവറാച്ചൻ കേട്ടു.
‘അന്നക്കുട്ടിയേ...’
ആ വിളി കേട്ട് അന്നാമ്മ അത്ഭുതത്തോടെ നോക്കുന്നത് അവറാച്ചൻ കണ്ടു.
‘നീ വിചാരിക്കണൊണ്ടാവും എന്നാത്തിനാ ഞാൻ അന്നക്കുട്ടീന്ന് വിളിക്കണേന്ന്...
എനിക്കിപ്പോ നിന്നെ അന്നക്കുട്ടീന്നെ വിളിക്കാൻ തോന്നണുള്ളൂ...പണ്ട് ഞാനങ്ങനെ അല്ലാരുന്നോ വിളിച്ചിരുന്നെ?...പിന്നെ അന്നാമ്മേന്നായി...വേണ്ട...അന്നക്കുട്ടിയാ നല്ലത്...ഞാനിനി അങ്ങനേ വിളിക്കൂ...’
‘എടിയേ...ഇന്നെനിക്ക് നിന്നോട് ഒത്തിരി പറയാനുണ്ട്’
അന്നാമ്മ പതിവു പോലെ ശബ്ദമുണ്ടാക്കാതെ ചിരിക്കുന്നത് കണ്ടു.
‘ഒത്തിരി...എന്നു വെച്ചാ ഒത്തിരിയൊത്തിരി...നമ്മടെ കെട്ട് കഴിഞ്ഞു വന്ന രാത്രി നമ്മള് വെളുക്കെ വെളുക്കെ സംസാരിച്ചോണ്ടിരുന്നില്ലെ?...അതു പോലെ...’
അവറാച്ചൻ തയ്യാറെടുത്തു. ശ്വാസമെടുത്തു. ഉമിനീരിറക്കി.
‘നീ വിചാരിക്കും ഇപ്പോ ഇതിയാന് വട്ടായോന്ന്! ഇല്ല അന്നക്കുട്ടി...എനിക്ക് ഇപ്പോഴും നല്ല ബോധോണ്ട്...നിനക്കറിയാലോ...കശുമാങ്ങയിട്ട് വാറ്റിയത് കുടിച്ചാലും ഈ അവറാച്ചൻ ഇങ്ങനെ പോസ്റ്റും തൂണ് പോലെ നിവർന്നു തന്നെ നില്ക്കും!’
‘നീ എന്നാത്തിനാ ചിരിക്കുന്നെ?...ഇന്ന് ഞാൻ കുടിച്ചിട്ടൊന്നുമില്ല..അല്ല...ഇപ്പോ കുടിക്കാനൊന്നും വയ്യെടി...പഴേ പോലെ...നീ വാറ്റിയതിന്റെ സ്വാദൊന്നും നമ്മടെ ജോയിയോ ജോണിയോ കൊണ്ടു വരുന്ന വരത്തൻ സാധനത്തിനില്ല!‘
അവറാച്ചൻ കണ്ണിറുക്കി.
അവറാച്ചൻ അന്നാമ്മയുടെ മുന്നിൽ മുട്ടുകുത്തി നിന്നു.
’നീ ഇങ്ങനെ നോക്കണ്ട, ഞാൻ മുട്ടുകുത്തി തന്നാ നിക്കുന്നെ...കുമ്പസാരിക്കാനൊന്നുമല്ല കേട്ടോ...പള്ളീലച്ഛന്റെ മുന്നി പോലും ഞാൻ മുട്ടുകുത്തി നിന്നിട്ടില്ല. കുമ്പസാരിക്കാനൊട്ട് തോന്നീട്ടുമില്ല...അതിന് ഈ അവറാച്ചനെ കിട്ടൂല്ല! ഹല്ല പിന്നെ...‘
’പക്ഷെ എനിക്ക് നിന്നോട് ഒത്തിരി പറയാനുണ്ട്...ഒത്തിരീന്നു വെച്ചാ പണ്ടു ചന്തേല് നമ്മടെ ജീപ്പിൽ കൊണ്ടോയി കപ്പ വിറ്റേച്ച് വന്ന് നിന്നെ ഞാൻ കാട്ടി തരാറില്ലെ പെട്ടി നിറയെ കാശ്! ഏതാണ്ട് അത്രേം പറയാനുണ്ട്!‘
’നീ ഇപ്പൊ വിചാരിക്കും പെട്ടെന്ന് എന്നതാ ഇച്ചായനു ഇങ്ങനൊക്കെ പറയാൻ തോന്നണേന്ന്...അല്ലെ?...ഞാൻ കണ്ടെടീ നമ്മടെ പഴേ ഏലിയേ...നിനക്ക് ഓർമ്മയില്ലെ മെലിഞ്ഞ ഏലിയാമ്മ...എലീടെ വാല് പോലെ മുടിയൊള്ള...എന്ന് നീ സ്വകാര്യമായി പറയാറില്ലെ?...അവളെ...പെരുന്നാളിന് പോയപ്പൊ കണ്ടതാ...അവള് പിന്നേം ക്ഷീണിച്ചു. മുടിയൊക്കെ നരച്ചു...തൊലിയൊക്കെ ചുളിഞ്ഞു...ഇപ്പൊ കണ്ടാ ആരും അറിയുകേല...അമ്മാതിരി ആയി പോയി...പക്ഷെ എനിക്ക് കണ്ടയൊടൻ മനസ്സിലായി...അതങ്ങനാ...ഈ അവറാച്ചൻ ഒറ്റ തവണ കണ്ടാ...പിന്നെ മറക്കത്തില്ല...നിനക്കറിയാല്ലോ അത്?... അവളിപ്പോ വല്ല്യ പത്രാസ്സൊക്കെ ആയി പോയി. അവടെ കെട്ടിയോൻ ഒന്നു രണ്ടു വർഷം മുന്നെ പോയെന്ന്...അറ്റാക്കാരുന്നെന്ന്...പോട്ടെ...അവൾടെ ഇളയമോനിപ്പോ അമേരിക്കാലോ യൂറോപ്പിലോ എങ്ങാണ്ടാ...ആ...പേരും മറന്നു പോയി...ആ ചെക്കൻ ഇപ്പോ അവളെ അങ്ങോട്ടു കൊണ്ടു പോവാൻ എപ്പോഴും വിളിക്കുവാന്ന്...നിന്നെ കുറിച്ച് ചോദിച്ച്...ഞാനൊക്കെ പറഞ്ഞും കൊടുത്ത്...അവളൊന്നും പറഞ്ഞില്ല...ഇനി ഞാൻ ഒരു കാര്യം അങ്ങോട്ട് പറയട്ടാ?...നീ ഒന്നും വിചാരിക്കുകേലാന്ന് വിചാരിക്കുവാ... പണ്ട് നീ ജോയിക്കുട്ടിയെ വയറ്റിലിട്ടോണ്ട് നടന്നില്ലെ?...അന്നേരമാണല്ലോ അവള് വീട്ടില് കൈസഹായത്തിന് വന്നത്...എനിക്ക്...അന്ന്...അവളുമായി ചില എടപാടുകള് ഒണ്ടാരുന്ന്...നീ ഇങ്ങനെ എന്നെ സൂക്ഷിച്ചു നോക്കുവൊന്നും വേണ്ട...ഞാൻ നൊണ അല്ല പറയണത്...‘
അതും പറഞ്ഞേച്ച് അവറാച്ചൻ മുഖം കുനിച്ചു.
‘നീ കേക്കണൊണ്ടാ ഞാൻ പറയണത്?’
അന്നാമ്മ മൂളുന്നത് കേട്ട് അവറാച്ചൻ പിന്നേയും പറഞ്ഞു തുടങ്ങി.
‘നീ വീട്ടിലേക്ക് പോണതിന് തലേന്ന് ഞാൻ കിണറ്റുംകരേല് കാല് വഴുക്കി വീണില്ലെ?...അതിനു നീ കൊറെ കോഴിനെയ്യ് പൊരട്ടി തന്നില്ലെ?...നേര് പറഞ്ഞാ...ഞാൻ വീണതൊന്നുമല്ലാരുന്നു...ചുമ്മാതാ...എന്നിട്ട് എന്റെ കാറല് കണ്ട് പാവം നീ ഒറക്കമെളച്ച്...വയ്യാത്ത വയറും വെച്ച് കാല് തിരുമ്മി തന്നു...ഒക്കെ ചുമ്മാതായിരുന്നു...എനിക്കന്ന് പാവം തോന്നീന്നത് സത്യം...പക്ഷെ ഏലിയെ ഓർത്തപ്പോ...’
‘പാവം...നീ കണ്ണും നെറച്ച് എന്നെ വിട്ടേച്ച് വീട്ടിലേക്ക് പോയില്ലെ?...ഏലിയെ എന്നെ നോക്കാൻ വിട്ട്...
നീ പോവുമ്പം ഞാനന്ന് കെടക്കേന്ന് എണ്ണീറ്റില്ല...കാല് വയ്യാന്നും പറഞ്ഞ് കെടന്ന്...ഇച്ചായൻ കെടന്നോ...എണ്ണീക്കണ്ടാന്നും പറഞ്ഞ് നീ അങ്ങ് പോയി...’
‘ഇന്നെനിക്ക് കരച്ചില് വരണെടീ...പാവം നീയ്...എനിക്ക് കരഞ്ഞിട്ട് കണ്ണ് നീറുന്നെടീ..ഇങ്ങനെ നോക്കി നിക്കാണ്ട് ഒന്നു തൊടച്ചെങ്കിലും താടീ...’
അവറാച്ചൻ മുഖം കുനിച്ചിരുന്നു.
‘നീ അറിയാത്ത ഒന്നൂടി ഒണ്ട്...നീ വരും മുൻപേ ഏലിയേ പറഞ്ഞു വിട്ടില്ലെ?...നിന്റെ ആ പഴേ കല്ലു വെച്ച മോതിരമില്ലെ?...അത് ഞാൻ തന്നെ അവക്ക് കൊടുത്തതാ...അവൾടെ വയറ്റില് കൊച്ചൊണ്ടെന്ന് പറഞ്ഞപ്പോ ഞാൻ തന്നെ എടുത്തു കൊടുത്തതാ...എന്നിട്ട് നീ വന്നപ്പോ ആ മോതിരം അവള് കട്ടോണ്ട് പോയതാവും എന്നു പറഞ്ഞില്ലെ?...നിനക്ക് ഒത്തിരി ഇഷ്ടായിരുന്നില്ലെ അത്?...അതു പോലൊന്ന് നിനക്ക് വാങ്ങിത്തരാന്ന് വിചാരിച്ചതാ...പിന്നെ വിട്ടു...നീ അതൊട്ട് ചോദിച്ചതുമില്ല..അല്ലെ തന്നെ നിനക്ക് എന്നാത്തിനാ ഈ പൊന്നൊക്കെ?...നിനക്ക് അതൊന്നും ഒരുകാലത്തും പിടിക്കത്തില്ലായിരുന്നല്ലോ...‘
’ഏലി ആ കൊച്ചിനെ എന്നാ ചെയ്തെന്ന് എനിക്കറിയാമേല...സത്യായിട്ടും അറിയാമേല..ചെലപ്പോ പെറ്റു കാണും...ചെലപ്പോ കൊന്നു കളഞ്ഞു കാണും...അവളെ കണ്ടപ്പോ ഒന്നും ചോദിക്കാൻ തോന്നീല്ല...അവളൊന്നും പറഞ്ഞുമില്ല...‘
’നീ വിചാരിക്കും ഇതിനാണൊ ഈ മുട്ടുകാലേ നിന്ന് ഒക്കെ പറഞ്ഞതെന്ന്...‘
’അല്ല അന്നക്കുട്ടി...ഇനീം ഒണ്ട്...‘
അവറാച്ചൻ ഒരു ദീർഘശ്വാസമെടുത്തു.
’എനിക്കിനി പറയാനുള്ളത് നിന്റെ കൂടപ്പിറപ്പില്ലെ?...മത്തായി...അവനെ കുറിച്ചാ...അവന്റെ പെമ്പ്രോന്നൊര്...മോളിയില്ലെ?...അവളെ കുറിച്ചാ...‘
’നീ ഇങ്ങനെ കണ്ണും മിഴിച്ച് നോക്കണ്ട...ഒക്കേം അവന്റെ പിടിപ്പുകേടാ‘
’ഞാനും അവനും കൂടാ കുന്നേലുള്ള നൂറ്റമ്പതേക്കറിനു പണം കൂട്ടിയത്. അവനെവിടുന്നൊക്കെയോ, ആരോടൊക്കെയോ ചോദിച്ച്, എങ്ങാണ്ടുന്നോ പണം കൊണ്ടു വന്നു. മോളിയറിയാതെ അവൾടെ പേരില് വാങ്ങിക്കാനാ...പക്ഷെ അതിനു മുന്നെ അവൻ ചൊരത്തില് ജീപ്പ് മറിഞ്ഞ് മരിച്ചില്ലെ?...നീ വിചാരിക്കണ പോലെ അല്ല...കർത്താവാണെ എനിക്കതേല് ഒരു പങ്കുമില്ല...പക്ഷെ മോളിയോട് പറയാതെ ഞാനാ തോട്ടമങ്ങ് വാങ്ങി...ഇപ്പൊ നമ്മടെ ജോയിക്കുട്ടി നോക്കണ തോട്ടം...കടക്കാര് വന്ന് മോളിയെ ചീത്ത പറഞ്ഞപ്പോഴും നീ കൈയ്യയച്ചേച്ച് സഹായിക്കാൻ പറഞ്ഞപ്പോളും ഞാൻ ചെവി കൊടുത്തില്ല...നീ അന്നു മുഴുക്കേം കരച്ചിലും പിഴിച്ചിലും ആരുന്നല്ലോ...എന്നിട്ടും ഞാൻ കൊടുത്തില്ല...ഒരു നയാ പൈസ പോലും...‘
‘കൊടുക്കാരുന്നു...ഒക്കെ കൊടുക്കാരുന്നു...ഞാനത്ര ദുഷ്ടനാരുന്നൂന്ന് എനിക്കറിയാൻ മേലായിരുന്നു അന്നക്കുട്ടി...നീ അന്നു തലേ കൈയ്യും വെച്ചു കരഞ്ഞു വിളിച്ചതാ...ഞാൻ കേട്ടില്ല...കേക്കാരുന്നു...പാവം മോളി...അവള് പിന്നെ കെട്ടുതാലീം വിറ്റ്, വീടും വിറ്റ് പിള്ളേരെം കൊണ്ട് പോയി...പാവങ്ങള്...വേണ്ടാരുന്നു...’
‘ഇക്കണ്ട സ്വത്തും പറമ്പുമൊക്കെ കൂട്ടി വെച്ചിട്ട് എന്നാത്തിനാടീ..തമ്പുരാൻ വിളിക്കുമ്പോ കൂടെ കൊണ്ടു പോവാൻ പറ്റുവോ?...നീ എന്നാ ഒന്നും മിണ്ടാത്തെ?...ഇന്നലേം ഞാൻ മത്തായീയെ കണ്ടു...കിനാവില് വന്ന് കൈ കൂപ്പി പിടിച്ച് കരയുവാ...ഞാൻ എന്നാ പറയാനാ?’
അവറാച്ചൻ വീണ്ടും മുഖം കുനിച്ചിരുന്നു.
‘ഇനീം ഒണ്ടെടീ പറയാൻ...
നമ്മടെ എളെ മോള്...ഗ്രേസി മോള്...അവൾടെ പൊറകെ ഒരുത്തൻ നടന്നില്ലെ?...അവനെ ഞാനാ നമ്മടെ പിള്ളേരെ വിട്ട് തല്ലിച്ചെ...അവന്റെ വീട് കത്തിക്കും എന്നു പറഞ്ഞ് ഒടുക്കം അവനെ കൊണ്ട് അവളെ തള്ളി പറയിച്ചതും ഞാനാ അന്നക്കുട്ടീ...അന്നാ ചെറുക്കൻ കാലു പിടിച്ച് പറഞ്ഞതാ...പൊന്നു പോലെ നോക്കികൊള്ളാന്ന്...പാവം...നമ്മടെ മോള് വെളുക്കെ വെളുക്കെ ഇരുന്ന് നെഞ്ചത്തടിച്ച് കരഞ്ഞ്...അവൾക്ക് കാര്യമൊന്നും അറിയികേലല്ലോ...അവളെ ദുബായിക്കാരനെ കൊണ്ട് കെട്ടിച്ചതും പറഞ്ഞ് ഞാൻ കൈയ്യും വീശി കവലെ കൂടെ കൊറെ നടന്നതാ...എന്നിട്ടിപ്പോ ദാ..ബെന്തോം വിടുവിച്ചേച്ച്...രണ്ട് പിള്ളേരേം കൊണ്ട് വീട്ടി വന്നു നില്ക്കണ്...അന്ന് ഞാൻ അവൾടെ ഇഷ്ടത്തിനു വിട്ടിരുന്നേല് ഇപ്പോഴും സന്തോഷായിട്ട് നമ്മടെ കൊച്ച് കഴിഞ്ഞേനെ...എന്നാത്തിനാ അന്നക്കുട്ടീ...ഞാനീ പാപോക്കെ ചെയ്തത്?...എന്നാത്തിനാ?...എനിക്കറിയാമേല...എനിക്കൊന്നും അറിയാമേല...നിനക്കറിയോ?...അറിയോ അന്നക്കുട്ടി?...നീ അന്നും പറഞ്ഞതാ...അവൾടെ ഇഷ്ടത്തിനു കെട്ടു നടത്തി കൊടുക്കാൻ...ഞാൻ കേട്ടില്ല...പാവം നമ്മടെ ഗ്രേസി മോള്...അവളെത്ര തീ തിന്നു കാണും...‘
’നീ എന്താ ഒന്നും മിണ്ടാത്തെ?...വല്ലതും പറയെടീ...എന്തേലും ഒന്നു പറ...ഇച്ചായനെ എന്തേലും ഒന്നു പറ...ഒന്ന് വഴക്കു പറയേടീ...‘
കുറെ കഴിഞ്ഞ് കണ്ണും മുഖവും, വെളുത്ത ഖദറ് ജൂബ്ബയുടെ തുമ്പ് കൊണ്ട് തുടച്ച ശേഷം അവറാച്ചൻ പറഞ്ഞു,
’നീ വിചാരിക്കണൊണ്ടാവും എന്നാത്തിനാ ഇച്ചായൻ ഒക്കെയും ഇപ്പൊ പറയണതെന്ന്...‘
’വയ്യേടീ വയ്യ...ഇന്നലെ ചെറുതായി നെഞ്ചൊന്നു നൊന്തു...ആരോട് പറയാനാ...പറഞ്ഞിട്ട് എന്നാത്തിനാ...വെറുതെ കെടന്നപ്പോ...ഒക്കേം വെറുതെ ഓർത്തു...‘
’നമ്മടെ ജോയീന്റെ മോള്...അവളിപ്പോ ഡോക്ടറിനു പഠിക്കുവല്ലെ?...അവളിന്നാള് വന്നപ്പോ പറയുവാ...വല്ല്യപ്പച്ചാ...ഇപ്പൊ മനുഷ്യരുടെ ശരീരം കീറി പഠിക്കുവാന്ന്...പഠിക്കാനും പഠിപ്പിക്കാനും പിന്നെ കൊഴല് വെച്ച് നോക്കാനും ഒക്കെ ശരീരം വേണോന്ന്...അപ്പോ തോന്നിയതാ...ഞാൻ ചത്തു കഴിഞ്ഞേച്ച് ഈ തടി അങ്ങ് കൊടുത്തേക്കാന്ന്...ഇത്രേം കാലം ജീവിച്ചേച്ച് ഗുണോന്നും ഒണ്ടായില്ല...ചത്തു കഴിഞ്ഞാലേലും ആർക്കേലും എന്തേലും...എന്നാ ആയാലും ഒടുക്കം ഈ തടി മണ്ണി പോവാനൊള്ളതല്ലെ...‘
’ഒരു കടലാസേല് അതെഴുതി അപ്പൊ തന്നെ എന്റെ കുപ്പായത്തിന്റെ കീശേലിട്ടു‘
അവറാച്ചൻ ബദ്ധപ്പെട്ട് പോക്കറ്റിൽ നിന്നും നാലായി മടക്കിയ കടലാസ്സെടുത്ത് നിവർത്തി കാണിച്ചു.
’കണ്ടാ..നീ കണ്ടാ...ഇതേല് എല്ലാം എഴുതീട്ടുണ്ട്...ഇനി അങ്ങ് കണ്ണടച്ചു കിട്ടിയാ മതി...‘
’അന്നക്കുട്ടീ...ഇതേലും ചെയ്തില്ലെ പിന്നെ ഈ കണ്ട നാളൊക്കെ ജീവിച്ചേച്ച്...വെറുതെ അങ്ങ് പോണ പോലെ ആയി പോവും...അല്ലിയോ?‘
’നീ എന്താ ഒന്നും പറയാത്തെ?...ഒന്നും പറയാനില്ലെ?‘
അന്നാമ്മ പതിയെ ചിരിക്കുന്നത് അവറാച്ചൻ കണ്ടു.
മിന്നുകെട്ടി കൊണ്ടു വന്നപ്പോൾ കണ്ട പോലെ, കവിളിൽ നുണക്കുഴി തെളിയും വിധം ചിരിക്കുന്നത് അവറാച്ചൻ കണ്ടു.
അന്നേരമത്രയും ജീപ്പിലിരുന്ന ജോയി, അക്ഷമനായി വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു,
’എടാ, റോണി... നീ പോയൊന്നു അപ്പച്ചനെ വിളിച്ചോണ്ട് വന്നേടാ...കൊറെ നേരമായില്ലെ?...ഈ വയസ്സ് കാലത്ത് ഇതിനും മാത്രം എന്നാ പറയാനാ?‘
’വേണോ ഡാഡി...വല്ല്യപ്പൂപ്പ ഡിസ്റ്റർബ് ചെയ്യരുതെന്നല്ലെ പറഞ്ഞത്?‘
’എന്നും പറഞ്ഞ്...ഇത്ര നേരോ...എനിക്ക് ചെന്നേച്ച് മാനേജറിനെ കാണാനുള്ളതാ...പിന്നെ നമ്മടെ സണ്ണിക്കുട്ടി യു എസ്സേന്ന് വരുന്നതാ...അവനെ ഒന്ന് ചെന്ന് കാണണ്ടായോ?‘
വഴക്ക് പേടിച്ച് റോണി ജീപ്പിൽ നിന്നിറങ്ങി നടന്നു.
ചെല്ലുമ്പോൾ കണ്ടു, വല്ല്യപ്പൂപ്പ പതിവില്ലാതെ മുട്ടുകുത്തി നില്ക്കുന്നത്. അടുത്ത് ചെന്നപ്പോൾ കണ്ടു, ’അന്നാമ്മ‘ എന്നെഴുതി വെച്ച കല്ലറയുടെ മുകളിൽ പാകിയ, തണുത്ത മാർബിളിൽ നെറ്റിയമർത്തി ഇരിക്കുന്നത്. വലതു കൈയ്യിൽ നിവർത്തിയ ഒരു കടലാസ്സ്. റോണി ചെന്നു വിളിച്ചു. വിളി കേൾക്കാത്തത് കൊണ്ട് അവൻ അടുത്തേക്ക് ചെന്ന് ചുമലിൽ കൈ വെച്ച് കുലുക്കി വിളിച്ചു.
കേരള കൗമുദി ഓണപ്പതിപ്പ് 2020
Post a Comment
Sunday, 11 October 2020
മനഃപൂർവ്വം മറക്കുന്നവരെക്കുറിച്ച്...
‘നീ...ആരേയും പോയി കണ്ടില്ലെ?’
അതിനു മറുപടി പറയുന്നതിനു മുൻപ് അവൻ കുപ്പിയിൽ നിന്ന് വീണ്ടുമൊഴിച്ചു. ഞാൻ തടഞ്ഞില്ല. കുടിക്കുന്നതിനേക്കാൾ എനിക്ക് കൂടുതൽ താത്പര്യം കുടിപ്പിക്കുന്നതും പിന്നീടവരുടെ കൂത്തുകൾ കാണുന്നതുമായിരുന്നു. അവന്റെ മറുപടികൾ ഞാൻ ആസ്വദിച്ചു വരികയായിരുന്നു. അതിനിടയിൽ അവനൊരു രഹസ്യം പറഞ്ഞു. സ്വബോധത്തിലായിരുന്നെങ്കിൽ ഒരിക്കലുമവനത് വെളിപ്പെടുത്തില്ലായിരുന്നു. ഉറപ്പ്. വംശം നിലനിർത്തുവാനുള്ള അവരുടെ ശ്രമങ്ങളിൽ പരാജയത്തിന്റെ കാരണക്കാരൻ അവനാണെന്ന സത്യം! ഞാൻ തല കുടഞ്ഞ് അവനെ തറപ്പിച്ചു നോക്കാൻ ആവും വിധം ശ്രമിച്ചു. അന്നേരം എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് അവൻ മറ്റൊരു രഹസ്യം കൂടി പങ്കുവെച്ചു! എന്റെ കൈയ്യിൽ പാതി നിറഞ്ഞിരുന്ന ഗ്ലാസ്സ് ഊര്ർന്നു വീണുടഞ്ഞില്ലന്നേയുള്ളൂ.
‘എനിക്കറിയാം...അവള് വീണ്ടും...അവൾടെ പഴേ കാമുകനെ കാണാൻ തൊടങ്ങീട്ടുണ്ടെന്ന്...’
അവൻ തുടർന്നു,
‘അവൾക്കും ഒണ്ടാവില്ലേടാ എല്ലാ പെണ്ണുങ്ങളേം പോലെ ഒരു കൊച്ചൊണ്ടാവാൻ? ഒണ്ടാവട്ടെ...അവൾടെ ആഗ്രഹം നടക്കട്ടെ...’
വെളിവ് നഷ്ടപ്പെട്ട് ഞാൻ, ഒരു ഐസ്ക്യൂബെടുത്തെന്റെ ഉള്ളംകൈയ്യിൽ വെച്ചു. അതിന്റെ തണുപ്പ് ഉള്ളംകൈയ്യിലൂടെ തലയിലേക്ക് പടർന്നു കയറട്ടെ. അവനെ പ്രകോപിപ്പിക്കണോ, അധിഷേപിക്കണോ, അതോ അവന്റെ ഭാര്യക്കെതിരെ അവനെ തിരിച്ചു വിടാൻ വിഷം പുരട്ടിയ വാക്കസ്ത്രങ്ങൾ തൊടുക്കണോ...ഞാൻ ആശയക്കുഴപ്പത്തിലായി. ആലോചനകൾ കൂട്ടിയോജിപ്പിക്കാനൊരു ശ്രമം നടത്തി. ചിന്തകൾ വഴുതി പോയെങ്കിലും ചിലതൊക്കെ തടഞ്ഞു. പകൽ ഇത്രയും ദൂരം സഞ്ചരിച്ച് ഈ സംഗീതമേള കാണാൻ അവൻ വന്നത് വെറുതെയല്ല. അവന്റെ ഭാര്യക്ക് ജാരസന്ദർശനസൗകര്യം ഒരുക്കാനാണ്! അതിലവന് പിണക്കമോ പരാതിയോ എന്തിന് നാണക്കേട് പോലുമില്ല!
‘നീ പറ!...നമുക്ക് ചെന്നവനെ രണ്ട് പൂശാം...ഞാൻ വരാടാ നിന്റെ കൂടെ’
‘അതൊന്നും വേണ്ടടാ...നമ്മളൊക്കെ പണ്ട് കൊറെ പോയതല്ലെ?...അതിന്റെയൊക്കെ കൊഴപ്പമായിരിക്കും...’
എന്തു കൊഴപ്പം? എനിക്കൊരു കൊഴപ്പവും വന്നില്ലല്ലോ? പറയണമെന്നുണ്ട്. പക്ഷെ നാവനുസരിക്കുന്നില്ല. നാവ് എന്റെ വായ്ക്കകത്ത് പൂച്ചവാല് പോലെ ഉഴിയുന്നതറിയാം. ശബ്ദങ്ങളുടെ അരികുകൾ തേഞ്ഞ് മിനുസപ്പെട്ട്പോയിരിക്കുന്നു.
‘എന്നാലും അത് വേണ്ടാരുന്നു...അവനെ...അവനെ ഞാൻ...നെനക്ക് വേണ്ടി...’ അങ്ങനെ എന്തോ ഒന്നാണെന്ന് തോന്നുന്നു ഞാനവസാനമായി പറയാൻ ശ്രമിച്ചത്. ശേഷം അവനും, ഞാനും ആ മുറി മുഴുക്കെയും ഉറക്കത്തിലാണ്ടു പോയി.
‘ഇന്നലെ...നിന്റെ...ഭാര്യ...’
‘ഓ!’ അതും പറഞ്ഞ് അവൻ ചാടിയെഴുന്നേറ്റു.
ഇപ്പോഴവൻ തലയിൽ കൈവെയ്ക്കും. തലേന്ന് പറഞ്ഞതൊന്നും ആരോടും പറയല്ലെ എന്നും പറഞ്ഞ് എന്നെക്കൊണ്ട് കൈവെള്ളയിലടിച്ച് സത്യം ചെയ്യിക്കും. അല്ലെങ്കിൽ അതൊക്കെ വെള്ളത്തിന്റെ പുറത്ത് വെറുതെ പറഞ്ഞതാണെന്ന ദുർബ്ബലമായ നുണ പറയാൻ ശ്രമിക്കും. എന്തു തന്നെയായാലും എനിക്കത് ആസ്വദിക്കാനുള്ള വക തരും. ഉറപ്പ്.
‘അയ്യോ അവളവിടെ ഒറ്റയ്ക്കല്ലെ? രാവിലത്തെ ട്രെയിനിൽ തന്നെ പോവാന്ന് വിചാരിച്ചതല്ലെ? എന്നെ കണ്ടില്ലെങ്കിലവള് പേടിക്കും...’
ആധിപിടിച്ച ഒരു കാമുകനെ പോലെയതു പറഞ്ഞ് അവൻ സെൽ ഫോൺ എടുക്കാനായി പോക്കറ്റിൽ കൈ താഴ്ത്തി. അതവിടെ കാണാത്തത് കൊണ്ട് പാനാഘോഷം നടന്ന മുറിയിലേക്കവൻ ധൃതിപിടിച്ച് നടന്നു. ഞാൻ നിലംപരിചായി പോയി. തകർന്നു തരിപ്പണമായി. തല തിരിച്ച് ഞാനവന്റെ പോക്കും നോക്കിയിരുന്നു. എല്ലാമൊരു സ്വപ്നമായിരുന്നോ?! ഞാനൂറ്റം കൊണ്ടിരുന്ന മദ്യപാനശേഷിക്ക് ശോഷണം സംഭവിച്ചുവോ? യുക്തിരഹിതമായ ചോദ്യങ്ങൾക്കിടയിൽ പെട്ടു ഞെരുങ്ങി പോയി ഞാൻ. സ്വയം വിഡ്ഢി ചമഞ്ഞ് ഇരിക്കുമ്പോൾ അവൻ തിരികെ വന്നു. അവൻ പ്രസന്നനായിരുന്നു.
‘അവളവിടെ ഓക്കെയാ’ അവന്റെ മുഖം നിറയെ സന്തോഷം കണ്ട് ഞാൻ സന്തോഷിച്ചു. അല്ല, സന്തോഷം അഭിനയിച്ചു.
‘ഇത്...?’
‘എന്റെ മോളാ...ലീന...നീനൂന്ന് വിളിക്കും!’ അവന്റെ കണ്ണിൽ അഭിമാനത്തിളക്കം കണ്ടു. അവൻ പറഞ്ഞത് ശരി വെയ്ക്കും മട്ടിൽ ഒരു തിര വന്ന് ഞങ്ങളുടെ കാലുകളിൽ തൊട്ടു. തിര തിരിച്ചിറങ്ങി പോയപ്പോൾ നീനു തുള്ളിച്ചാടി. ഞങ്ങളുടെ മേൽ ഉപ്പുവെള്ളം തെറിച്ചു. ഞാനും അവനും അവളും അതു കാര്യമാക്കിയില്ല.
‘സെലീന...എവിടെ?’ ഞാൻ മണൽപ്പുറമാകെ കണ്ണു കൊണ്ട് തിരഞ്ഞു. ദൂരെ ഒരു സ്ത്രീ ഇരുപ്പുണ്ട്. അരികിൽ ബാഗ്, ടൗവ്വൽ, മുന്നിൽ അഴിച്ചിട്ട ചെരുപ്പുകൾ.
കുട്ടി അലോഷിയുടെ കൈ വിടുവിച്ച് ആ സ്ത്രീയുടെ അടുത്തേക്കോടി.
ആ കാഴ്ച്ചയിൽ നിന്ന് കണ്ണെടുത്ത് തിരികെ അലോഷിയുടെ മുഖത്ത് നട്ട് ഞാൻ മറുപടിക്ക് കാത്തു.
‘സെലീന...പോയി...ഡെലിവറി ടൈമില് ഒരു കോമ്പ്ളിക്കേഷനുണ്ടായി...ഭാഗ്യത്തിന് മോളെ കിട്ടി...’ അവൻ നീനു പോയ വഴിയേ മുഖം തിരിച്ചു. ഞാനും. നീനു ആ സ്ത്രീയുടെ കൈപിടിച്ചു വലിക്കുന്നു.
‘അത് മരിയ...ഞാൻ...വീണ്ടും മാരി ചെയ്തു...നീനൂനെ നോക്കാൻ ആരെങ്കിലും വേണ്ടെ?...പിന്നെ...പെങ്കൊച്ചല്ലെ..’
‘ഉം’ ഇത്തവണ ഞാൻ ശരി വെച്ചു. അവന്റെ ദീർഘദൃഷ്ടിയെക്കുറിച്ചോർത്ത് അതിശയിച്ചു.
‘നീയൊറ്റയ്ക്കാ?’ അവൻ കുശലം ചോദിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു. ഞാനും അവനോടൊപ്പം തിരകളിലേക്കിറങ്ങി. തിരകളുടെ ശബ്ദം കൊണ്ടോ, ചിന്തകളുടെ തിരക്കുകൾക്കിടയിൽ പെട്ടത് കൊണ്ടോ എനിക്ക് ശ്രദ്ധ നഷ്ടമായി. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ കുഞ്ഞു നീനു ഓടി അടുത്തേക്ക് വന്നു. ‘അങ്കിൾ ഇതാ’ എന്നു പറഞ്ഞു എന്റെ നേർക്ക് കൈ നീട്ടി. ഒരു ചെറിയ ചിപ്പി. ഒരു വലിയ സമ്മാനം കിട്ടിയത് പോലെ ‘താങ്ക്സ് മോളെ’ എന്നു പറഞ്ഞു ഞാനതു വാങ്ങി. അപ്പോഴാണ് ഞാനവളുടെ മുഖം ശരിക്കും കണ്ടത്. അലോഷിയുടെ അതേ ഛായ! പരസ്പരസ്നേഹമെന്ന ഒറ്റക്കാരണത്താൽ ഒരേ ഛായയും ഭാവവും വന്നുചേർന്നു പോകുന്നവരെ കുറിച്ച് ഒരുനിമിഷമോർത്തു. ഞാനും അലോഷിയും മണലിലൂടെ നടന്നു കൊണ്ടിരുന്നു. അവൻ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ എന്നോടു തന്നെയും.
ഒരു ചിരിശബ്ദം കേട്ട് ഞാൻ ആടിത്തൂങ്ങിയ കഴുത്ത് തിരിച്ചു നോക്കി. മുറിയുടെ മൂലയിൽ അതാ ഞാനിരുന്നു ചിരിക്കുന്നു! വക്രിച്ച ചുണ്ടുകളിൽ പരിഹാസം. ആ അപരാനുഭവം എന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്നതായിരുന്നു.
എല്ലാമൊരു സ്വപ്നം പോലെ...
ഞരമ്പുകളിൽ വിഷം പടർന്നു കയറുന്നു...
വെളിപാട് പുസ്തകങ്ങൾ ഒന്നൊന്നായി മലർക്കെ തുറന്നു പോകുന്നു...
ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമെന്റെ വിരലുകൾ, ആ ചെറിയ ചിപ്പി കണ്ടെടുത്തു.
ഉള്ളംകൈയ്യിൽ വെച്ചപ്പോളറിഞ്ഞു, പൊള്ളിത്തുടങ്ങുന്നത്...ഉള്ളിലേക്കതിന്റെ ചൂട് പടരുന്നത്...
ഞെട്ടലോടെ ഞാൻ കൈ കുടഞ്ഞു.
Post a Comment
Sunday, 9 August 2020
അവൻ വന്നോ?
‘ടീ...അവൻ വന്നോ?’
‘അവൻ വന്നോളും...നിങ്ങളൊറങ്ങിക്കോ’
‘അവനെ...അവന്റെ കൂട്ടുകാരുടെ മുന്നില് വെച്ച്...ശ്ശെ..അവനത് വലിയ കൊറച്ചിലായി കാണും...’
‘ങാ...പിന്നല്ലാതെ...ആയിക്കാണും’
‘പിന്നെ എന്ത് ചെയ്യണം? ഇക്കണ്ട നാട് മുഴുവൻ ഞാൻ ഉളീം കൊട്ടൂടീം കൊണ്ട് നടന്ന് പണിയെടുക്കുന്നത്...എല്ലാം അവന് വേണ്ടിയല്ലെ?’
‘അതൊക്കെ അവനറിയാം...കൂട്ടുകാരുടെ കൂടെ കൂടിയപ്പോ...പ്രായം അതല്ലെ?...’
‘നീയെന്താ അവന് വേണ്ടി വക്കാലത്ത് പറയണത്?...നീയാ അവനെ വഷളാക്കുന്നത്’
‘ഓ പിന്നെ!...ഞാനൊന്നുമല്ല...പിന്നെ അവന്റെ കൂടെ നിക്കാൻ ആരെങ്കിലും വേണ്ടെ?’
‘ഞാനെന്താ അത്രയ്ക്കും ദുഷ്ടനാ? നിന്നേം അവനേം ഞാൻ പൊന്നു പോലെയല്ലെ നോക്കണത്?...വല്ല കഷ്ടപ്പാടും ഇതുവരെ അറിയിച്ചിട്ടുണ്ടോ?’
‘നിങ്ങളിങ്ങനെ കെടന്ന് വെഷമിക്കാതെ...അതൊക്കെ ശരി തന്നെ...അല്ല, അവൻ നിങ്ങളെ വല്ലോം തിരിച്ച് പറഞ്ഞോ?’
‘ഇല്ല...നല്ല തല്ല് കിട്ടീട്ടും അവൻ എന്റെ നേരെ നോക്കിയത് പോലുമില്ല...ശ്ശെ...വേണ്ടാരുന്നു...’
‘അവന് നല്ലോണം നൊന്തിട്ടുണ്ടാവും...നിങ്ങടെ മരക്കഷ്ണം പോലത്തെ കൈയ്യല്ലെ?’
‘ഉം...പണിയെടുത്ത് പണിയെടുത്ത്...എന്റെ കൈ മരക്കഷ്ണം പോലെ ആയി...’
‘നിങ്ങടെ മനസ്സ് എനിക്കറിയാം...വിഷമിക്കണ്ട...അതിപ്പഴും നല്ല പഞ്ഞി പോലെയാ...’
‘അവൻ വരില്ലേടീ?...രാത്രി ഒന്നും കഴിക്കാതെ അവൻ എവിടെ ചുറ്റി കറങ്ങുവാണ്?‘
’നിങ്ങള് അതൊന്നും ഓർത്ത് വിഷമിക്കണ്ട! ഇതാദ്യായിട്ടൊന്നുമല്ലല്ലോ? അവൻ ഏതേലും കൂട്ടുകാരുടെ വീട്ടിലായിരിക്കും...‘
’രാത്രി അവനാ കൈതേടെ അടുത്തൂടെ വല്ലോം വന്നാ...അവിടെ ചെലപ്പോ പാമ്പോ മറ്റോ കാണും...‘
’ഓ! ഇങ്ങനൊരു പേടി! അവൻ കൊച്ചൊന്നുമല്ലല്ലോ...ആദ്യായിട്ടൊന്നുമല്ലല്ലോ അവനാ വഴിയൊക്കെ വരുന്നത്?‘
’എനിക്കിപ്പഴും അവൻ കൊച്ചു തന്നാ... അതാ ഞാനറിയാതെ അവനെ തല്ലിപ്പോയത്...‘
’അവൻ വലിയ കുട്ടിയായി...വേണേ നിങ്ങടെ കൂടെ പണിക്ക് കൂട്ടാം..‘
’പിന്നെ! അതിനു വേണ്ടിയല്ലെ ഞാനവനെ ഇങ്ങനെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നത്? ദൈവം സഹായിച്ച് അവന് നല്ല ബുദ്ധിയൊണ്ട്...പഠിച്ച് വല്യ ആളാകാനൊള്ള ചെറുക്കനാ...‘
’എന്നാ പിന്നെ നിങ്ങൾക്ക് അവനോടല്പ്പം സ്നേഹത്തില് വല്ലോം പറഞ്ഞൂടാരുന്നോ?‘
’എനിക്ക് അവനോട് സ്നേഹമില്ലാന്ന് മാത്രം നീ പറയരുത്...എനിക്കതൊന്നും ആരേം കാണിക്കാനറിഞ്ഞൂടാ...പണി കഴിഞ്ഞ്, തളർന്ന് വരുമ്പോ എന്റെ സ്നേഹം മുഴുക്കേം ആവിയായി പോവായിരിക്കും!‘
’നാളെ വെളുപ്പിനെ പോവാനുള്ളതല്ലെ?...ഇപ്പൊ കെടന്നോ‘
’അല്ല...അവൻ ഇതുവരെ വന്നില്ലല്ലോ...ഇന്നവനെ കാണാതെ ഞാനെങ്ങനെ ഒറങ്ങുവെടീ?‘
’എന്നാ പിന്നെ നിങ്ങള് കണ്ണും മിഴിച്ച് ഇരുന്നോ! ഞാനൊറങ്ങാൻ പോവാ...എന്റെ നടു പൊട്ടി...കാലത്ത് മൊതല് തൊടങ്ങിയ പണിയാ...ഒരച്ഛനും മോനും!‘
’ടീ...നീ കേട്ടാ?...ആരോ വാതില് തൊറക്കണ ശബ്ദം...‘
’അതവനാ...ഞാൻ കുറ്റിയിട്ടില്ലാരുന്നു...അവൻ വരൂന്ന് എനിക്കറിഞ്ഞൂടെ?...ഞാനവന്റെ അമ്മയല്ലെ?‘
’എടീ...ഞാൻ ചെന്ന് അവനെ ഒന്നു കാണട്ടെ...നീ എഴുന്നേറ്റ് ചെന്ന് അവന് വല്ലോം കഴിക്കാനെടുത്ത് കൊടുക്ക്...‘
’ഞാനെല്ലാം അവിടെ പാത്രത്തിലാക്കി അടച്ച് വെച്ചിട്ടുണ്ട്...നിങ്ങളൊന്ന് സമാധാനമായി ഇരിക്ക്...‘
’ദാ...അവനിങ്ങോട്ട് വരുന്നു...‘
’നിങ്ങള്...മിണ്ടാതെ അവടെ കണ്ണും അടച്ച് കിടന്നോ!‘
അല്പം കഴിഞ്ഞപ്പോൾ അയാളറിഞ്ഞു,
കാലടി ശബ്ദം സമീപം വന്നു നില്ക്കുന്നത്...
തന്റെ വിണ്ട് കീറിയ കാലുകളിൽ പരിചയമുള്ള കൈകൾ സ്പർശിക്കുന്നത്...
ചുടുതുള്ളികൾ വീണ് തന്റെ കാലുകൾ പൊള്ളുന്നത്...
ഇരുട്ടിലയാൾ കരഞ്ഞു കൊണ്ട് ചിരിച്ചു...
ചിരിച്ചു കൊണ്ട് കരഞ്ഞു...
Post a Comment
Tuesday, 9 June 2020
ഒരു ചെറിയ കഷ്ണം
ഇന്ന് അയല മീനാണ് കിട്ടിയത്. കാത്തിരുന്ന് കിട്ടിയതാണ്! ഇപ്പോൾ അയല കിട്ടാൻ ബുദ്ധിമുട്ടായിരിക്കുന്നു. ഫിറോസ് സൈക്കിളിൽ കൂവി കൊണ്ട് വരുമ്പോഴൊക്കെ ആശിക്കും, അയല കിട്ടിയിരുന്നെങ്കിലെന്ന്. സത്യത്തിൽ ആ ആശ എന്റെ സ്വന്തമല്ല. ആരോ എന്നെ കൊണ്ട് ആശിപ്പിക്കുന്നതാണ്! ആഗ്രഹവും, അത്യാഗ്രഹവും, നിരാശയുമൊക്കെ അങ്ങനെ ആരൊക്കെയോ എന്നെ കൊണ്ട് തോന്നിപ്പിക്കുന്നതാണെന്ന തോന്നലുണ്ടായതു മുതലാണ് വ്യഥകളോരോന്നായി വിട്ടകലാൻ തുടങ്ങിയത്. അതൊരു വാസ്തവമാണ്. പലപ്പോഴും വാസ്തവങ്ങൾക്ക് യുക്തിയുണ്ടാവില്ല. എന്നാൽ അത്ഭുതങ്ങൾക്ക് പിന്നിലെ യുക്തിയന്വേഷിച്ച് എല്ലാവരും നടക്കുകയും ചെയ്യും. ഈ വിരോധാഭാസത്തേക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നതേ രസമാണ്!
അയലയെ കുറിച്ച് ഇനിയും പറയാനുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ ആ മീനിനെ? പച്ച മിനുപ്പുള്ള മീനിനെ കൈയ്യിലെടുത്ത് കണ്ണോട് ചേർത്ത് നോക്കിയിട്ടുണ്ടോ? ഏതൊരു മീനിനേയും പോലെ ജീവൻ പോയി കഴിഞ്ഞാലും, ലോകം മുഴുവൻ കണ്ടു മതിയായിട്ടില്ലെന്ന മട്ടിൽ തുറിച്ച് നോക്കി കൊണ്ട് അത് കിടക്കും. കടല് കണ്ട കണ്ണുകൾ! മനുഷ്യൻ മരിച്ചു കഴിഞ്ഞ് കണ്ണും തുറന്ന് പിടിച്ച് കിടക്കുന്നത് ആലോചിക്കാനേ വയ്യ. ഭയം ജനിപ്പിക്കുന്ന കാഴ്ച്ച! മരിച്ചു കഴിഞ്ഞാൽ അടുത്ത നിമിഷം കണ്ണുകൾ തിരുമ്മിയടച്ചാൽ ഒരു ആശ്വാസമാണ്. അത്രയ്ക്കും ഭയമാണ് മനുഷ്യർക്ക് കണ്ണുകളെ! ഒരു പക്ഷെ മരിച്ചു കഴിഞ്ഞിട്ടും തന്നോട് മറ്റുള്ളവർ എന്താണ് കാട്ടിക്കൂട്ടുന്നത് എന്ന് നോക്കിക്കൊണ്ടിരിക്കുകയാണെന്ന തോന്നലുളവാക്കുന്നത് കൊണ്ടാവുമത്. മരിച്ച മനുഷ്യന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിയാൽ ചിലപ്പോൾ അയാൾ കണ്ട ജീവിതങ്ങൾ കാണാൻ കഴിയുമായിരിക്കും. എല്ലാ കണ്ണുകളും സാക്ഷികളാണ്. സാക്ഷികളെ എല്ലാവർക്കും ഭയമാണ്.
അയലയിലേക്ക് വരാം. വെറും മൂന്നെണ്ണമാണ് വാങ്ങിയത്. അത് ധാരാളം. വീട്ടിൽ ഞാനും ഭാര്യയും മാത്രം. മീൻ വാങ്ങുന്നത് എന്റെ ചുമതലകളിൽ പെട്ടതാണ്. മുറിച്ച്, വൃത്തിയാക്കി, മസാല പുരട്ടി പൊരിക്കുന്നതും കറിയുണ്ടാക്കുന്നതൊക്കെ സഹധർമ്മണിയുടെ കർത്തവ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. അവൾ മീൻ മുറിക്കുമ്പോൾ ഞാൻ പൂച്ചയാവും. കൗതുകത്തോടെ നോക്കി നില്ക്കും. അമ്മയ്ക്ക് അയല മീനിനേക്കാൾ മത്തിയായിരുന്നു പ്രിയം. അച്ഛനും ഞാനുമാണ് അയലയുടെ ആരാധകർ. അമ്മ അയല മുറിക്കുന്നത് കാണണം. എത്ര ശ്രദ്ധയോടെയാണ്! നോവേല്പിക്കാതെ മുറിക്കുകയാണെന്ന് തോന്നും. ആ സമയമത്രയും അച്ഛൻ പൂച്ചയായി അടുത്ത് നില്പ്പുണ്ടാവും. ഈ പൂച്ചവേഷം പാരമ്പര്യമായി കൈമാറി വരികയാണെന്നു തോന്നുന്നു. എന്റെ മകൻ ആയിരിക്കും നാളെത്തെ പൂച്ച. എനിക്കുറപ്പുണ്ട്.
അച്ഛൻ മരിക്കുന്നത് എന്റെ പതിനേഴാം വയസ്സിലാണ്. ആ ദിവസം അമ്മ അയല പൊരിച്ചു വെച്ചിരുന്നു, അച്ഛന്റെ നിർദ്ദേശാനുസരണം. രാത്രി ഊണിന് രണ്ട് വലിയ കഷ്ണം രുചിയോടെ, ആസ്വദിച്ച് അച്ഛൻ കഴിക്കുന്നത് ഞാനും അമ്മയും അതിലും രുചിയോടെ നോക്കിയിരുന്നു. അമ്മ മീൻ മുറിക്കുന്ന ആത്മാർഥത പിന്നീട് കാണാൻ കഴിയുക അച്ഛൻ മീൻ കഴിക്കുന്ന സമയത്താണ്. കഷ്ണങ്ങൾ സസൂക്ഷ്മം അടർത്തിയെടുത്ത് പതിയെ വായിലേക്ക് കൊണ്ടു പോകും. ചോറിനുള്ളിൽ ഇടുന്നതോ, ഉരുളയ്ക്കുള്ളിൽ തിരുകുന്നതോ കണ്ടിട്ടേയില്ല. അതാണ് അച്ഛന്റെ രീതി.
അങ്ങനെ അച്ഛൻ തന്റെ ഇഷ്ടഭക്ഷണവും കഴിച്ച് തൃപ്തിയോടെയാണ് കണ്ണടച്ചത്. ഉറക്കത്തിൽ ആരുമറിയാതെ, ആരേയുമറിയിക്കാതെ അച്ഛൻ പോയി. പതിയെ, ശബ്ദമുണ്ടാക്കാതെ, വാതിൽ തുറന്ന് ഇരുട്ടിലൂടെ... അച്ഛൻ എവിടേക്കോ ഒരു ദീർഘയാത്രയ്ക്ക് പോയതാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നീടെന്നോ, തിരിച്ചു വരാത്ത യാത്ര പോയതാണെന്ന യാഥാർത്ഥ്യം അംഗീകരിച്ചു. അച്ഛൻ മരിച്ചു കഴിഞ്ഞ് കുറേ നാൾ അമ്മ അയല മീൻ വാങ്ങിയതേയില്ല. അയല എന്ന മീനിനെ ഞങ്ങൾ ഉപേക്ഷിച്ചതു പോലെയായി. മറ്റു മീനുകൾ ഫിറോസ് കൊണ്ടു വരും. അയല അച്ഛനു മാത്രമുള്ളതാണ്. അതിനുള്ള അവകാശം അച്ഛനു മാത്രം. ഇപ്പോൾ അച്ഛനില്ല അതു കൊണ്ട് അയലയുമില്ല. എന്നാൽ ഒരു നാൾ അമ്മ അയല വാങ്ങാൻ നിർബന്ധം പിടിച്ചു. അതിനു കാരണം ഇതായിരുന്നു. ഫിറോസ് കൊണ്ടു വന്ന മത്തി അമ്മ വീടിനു പിൻവശത്തിരുന്ന് വൃത്തിയാക്കുകയായിരുന്നു. അവിടേക്ക് ഒരു കാക്ക പറന്നിറങ്ങി. അമ്മയെ ചെരിഞ്ഞും തിരിഞ്ഞും നോക്കി ‘കാ കാ’ വിളിച്ചു. അമ്മ കത്തി വീശിയിട്ടും അതിനൊരു കൂസലുമില്ല. വൃത്തിയാക്കുന്നതിനിടയിൽ കളയാനായി വെച്ച മീനിന്റെ ഉൾഭാഗം അമ്മ കാക്കയുടെ നേർക്കെറിഞ്ഞു. കാക്ക അതിനു നേർക്ക് നോക്കിയത് പോലുമില്ല! അത്രയും പത്രാസോ എന്നാൽ ഇനി നിനക്കൊന്നുമില്ല എന്ന മട്ടിൽ അമ്മ ഇരുന്നു. അമ്മയിൽ നിന്നും കണ്ണെടുക്കാതെ കാക്കയും. ഒടുവിൽ കഷ്ടം തോന്നി അമ്മ വാലിന്റെ അറ്റം അല്പം നീളം കൂട്ടി മുറിച്ച് നീട്ടിയെറിഞ്ഞു. കാക്ക അതിനേയും അവഗണിച്ച് അമ്മയെ നോക്കി ‘കാ കാ’ വിളിച്ചു. കാക്കയെ കുറച്ചു നേരം നോക്കിയിരുന്ന ശേഷം അമ്മ അകത്തേക്ക് കയറി പോയി. ഈ കാഴ്ച്ചയൊക്കെയും കണ്ട് പൂച്ച ഭാവത്തിൽ ഞാനിരിപ്പുണ്ടായിരുന്നു.
‘എന്തൊരു അഹങ്കാരം പിടിച്ച കാക്കയാ’ ഞാൻ പറഞ്ഞു. എന്നാൽ അമ്മ എന്തോ വലിയ ആലോചനയിലായിരുന്നു. പിറ്റേന്ന് കൂവി കൊണ്ട് പോയ ഫിറോസിനെ വിളിച്ച് അമ്മ എന്തോ പറയുന്നത് ഞാൻ ജനലിലൂടെ കണ്ടു.
അന്നേക്ക് അഞ്ചാം ദിവസം അമ്മ വാങ്ങിയത് അയലയായിരുന്നു. ഫിറോസ് ചിരിച്ചു കൊണ്ട് ത്രാസ്സിൽ ആ പച്ച മീൻ എടുത്ത് വെയ്ക്കുന്നത് ഞാൻ കണ്ടു. ഇതെന്തു പറ്റി? അത്ഭുതമാണല്ലോ. വാങ്ങണ്ട എന്നു വെച്ചതല്ലെ? മറന്നു തുടങ്ങിയ മീൻ വീണ്ടും വീട്ടിലേക്ക്. എന്നാൽ അതിലും വലിയ അത്ഭുതം പിന്നീട് സംഭവിച്ചു. വൃത്തിയാക്കുന്നതിനിടയിൽ എവിടെ നിന്നോ ആ കാക്ക പറന്നിറങ്ങി. അതു പ്രതീക്ഷിച്ചിരുന്ന പോലെ അമ്മ ഒരു ചെറിയ കഷ്ണം എറിഞ്ഞു കൊടുത്തു. കാക്ക അതും കൊത്തി ഒരൊറ്റ പറക്കൽ! ഞാൻ വായും പൊളിച്ച് ഇരുന്നു പോയി! അന്ന് അമ്മ ചിരിക്കുന്നത് കുറേ നാളുകൾക്ക് ശേഷം കണ്ടു. മീൻ വെട്ടിയെടുത്ത് വീട്ടിനുള്ളിലേക്ക് നടക്കുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ചിരിക്കുമ്പോൾ എങ്ങനെയാണ് കണ്ണ് നിറയുക?
പിന്നീട് പലതവണ അത് സംഭവിച്ചു. അമ്മ കാക്കയോട് സംസാരിക്കാൻ തുടങ്ങിയതും ഞാൻ ശ്രദ്ധിച്ചു. അയല കിട്ടാത്ത ദിവസം അമ്മ പറയും ‘ഇന്നില്ല...നാളെ നോക്കട്ടെ’ എന്ന്. അതു കേട്ട മട്ടിൽ തല ചെരിച്ചു നോക്കി എന്തോ ആലോചിക്കുന്ന മട്ടിൽ കാക്ക കുറച്ച് നേരമിരിക്കും എന്നിട്ട് എങ്ങോട്ടോ പറന്നു പോകും. അയല കിട്ടുന്ന ദിവസം, ‘ഇതാ മുഴുത്ത ഒന്ന്!’ എന്നും പറഞ്ഞാവും എറിഞ്ഞു കൊടുക്കുക. അമ്മയ്ക്ക് കാക്കയോടുള്ള സ്നേഹം അടിക്കടി കൂടി വന്നു. അമ്മയുടെ സന്തോഷം എന്റെ സന്തോഷം. ഞാൻ ഒന്നും പറയാൻ പോയില്ല.
അച്ഛൻ പോയത് പോലെയാണ് അമ്മയും പോയത്. ആരുമറിയാതെ, ആരേയുമറിയിക്കാതെ. നെഞ്ചത്ത് കൈകൾ പിണച്ച് വെച്ച്, കണ്ണുകളടച്ച്, ഒരു ചെറിയ ചിരിയുമായി അമ്മ കിടന്നു. ഏതോ നല്ല സ്വപ്നം കണ്ട് കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. എന്റെ വിവാഹം അപ്പോഴേക്കും കഴിഞ്ഞിരുന്നത് കൊണ്ട് ഒറ്റയ്ക്കായി എന്ന തോന്നലെനിക്കുണ്ടായില്ല. അല്ലാത്തപക്ഷം മനസ്സിൽ കൂടി ഏതൊക്കെ ചിന്തകൾ ഓടുമായിരുന്നു എന്ന് ഇപ്പോൾ പറയാൻ പറ്റില്ല.
ആഴ്ച്ചകൾക്ക് ശേഷം ഞാൻ മീൻ വാങ്ങാൻ തുടങ്ങി. വാങ്ങിയത് ഒരു ചെറിയ സ്രാവായിരുന്നു. ഭാര്യ, വീടിന്റെ പിൻഭാഗത്തിരുന്നു അത് വെട്ടിയെടുക്കുമ്പോൾ ഞാനോർത്തു, വീടിന്റെ ഈ ഭാഗം എന്തൊക്കെ കാഴ്ച്ചകൾക്ക് സാക്ഷിയായിട്ടുണ്ടാവും? മൂകസാക്ഷിയായ ഈ ചുവരുകൾക്ക് തലമുറകളുടെ കഥകൾ പറയാനുണ്ടാവും. എന്തു കൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചു. ഞാൻ പൊടുന്നനെ വയസ്സായി പോയോ എന്നു വരെ തോന്നി പോയി. ആ വയസ്സൻ ചിന്തകൾക്കിടയിലാണ് കാക്കകളുടെ ശബ്ദം വന്നു വീണത്. ഒന്നല്ല, രണ്ടു കാക്കകൾ! ഏതോ ഒരു ഉൾപ്രേരണ പോലെ അമ്മ പണ്ടു ചെയ്ത പോലെ ചെയ്യാൻ എനിക്ക് തോന്നി. സ്രാവിന്റെ ഒരു ചെറിയ കഷ്ണം കാക്കകളുടെ നേർക്ക് ഞാനെറിഞ്ഞു. ‘ഇയാൾക്കെന്താ വട്ടായോ?’ എന്ന മട്ടിൽ ഭാര്യ എന്നെ നോക്കിയിട്ടുണ്ടാവും. ഉറപ്പ്. ഞാൻ അങ്ങോട്ട് കണ്ണ് തിരിച്ചതേയില്ല. കാക്കകൾ പരസ്പരം നോക്കി. എന്നിട്ട് എന്നെ അമ്പരപ്പിച്ചു കൊണ്ട് മീൻ കഷ്ണം തൊടാതെ ഒറ്റ പറക്കൽ. ‘മതിയായല്ലോ?’ എന്ന മട്ടിൽ ഭാര്യ എന്നെ നോക്കിയിട്ടുണ്ടാവും. കാക്കകളോട് സഹാനുഭൂതി കാണിക്കാൻ പോയാൽ ഇങ്ങനെയിരിക്കും - അവൾ അങ്ങനേയും വിചാരിച്ചിട്ടുണ്ടാവും. ഉറപ്പ്. അന്നു രാത്രി എനിക്ക് ഉറങ്ങാനായില്ല. ചിരിച്ചും, ചിന്തിച്ചും ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ‘ഏയ്...അങ്ങനെ ആവാൻ വഴിയില്ല’. ‘വെറുതെ തോന്നിയതാവും‘ എന്നൊക്കെ ശബ്ദമില്ലാതെ പറഞ്ഞു ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചും, ന്യായീകരിച്ചും കഴിച്ചു.
അങ്ങനെ കാത്തിരുന്നു കിട്ടിയ മൂന്ന് അയല മീനുകളാണ് വെള്ളം നിറച്ച ചട്ടിയിൽ കിടക്കുന്നത്! ഇന്ന്, ഇപ്പോൾ, ഇവിടെ വെച്ചറിയാം! മീൻ ഭാര്യക്ക് കൈമാറുമ്പോൾ എന്റെ ആകാംക്ഷയുടെ കയറ് ഇപ്പോൾ പൊട്ടും എന്ന നിലയിലായിരുന്നു. അവൾ ചട്ടിയും കത്തിയുമായി പിൻവശത്തേക്ക് പോയി. വാലില്ലാത്ത പൂച്ചയായി ഞാനും. മീൻ മുറിക്കാൻ തുടങ്ങി. എന്റെ ശ്രദ്ധ മീനിലല്ല. പറമ്പിലാണ്. എവിടെ? കാണുന്നില്ലല്ലോ. മൂന്നാമത്തെ മീനും മുറിക്കാൻ തുടങ്ങി. എന്റെ പ്രതീക്ഷകൾ അവസാനിക്കാറായി. എല്ലാം വെറും തോന്നലുകൾ. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ. മീൻ കഷ്ണങ്ങളായി ചട്ടിയിൽ നിറഞ്ഞു തുടങ്ങി. അപ്പോൾ കേട്ടു, ’കാ..കാ!!‘ അതാ! രണ്ടുപേരുമുണ്ട്! പെട്ടെന്ന് രണ്ടു കഷ്ണങ്ങളെടുത്ത് ഞാൻ കാക്കകളുടെ നേർക്കെറിഞ്ഞു. അടുത്ത നിമിഷം, രണ്ട് കഷ്ണങ്ങളും കൊത്തിയെടുത്ത് രണ്ടുപേരും ഒറ്റ പറക്കൽ! ഭാര്യയുടെ നേർക്ക് നോക്കുക പോലും ചെയ്യാതെ ഞാൻ തിടുക്കത്തിൽ അകത്തേക്ക് നടന്നു. സത്യം പറയട്ടെ, അപ്പോഴെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
പക്ഷെ...ഞാൻ...കരയുകയായിരുന്നില്ല, ചിരിക്കുകയായിരുന്നു...
പണ്ട്...അമ്മ ചിരിച്ചതു പോലെ...
Post a Comment
അ
മഴ, പെയ്യാൻ മറന്നു പോയെന്നു തോന്നിച്ച ഒരു ദിവസം. പായല് പിടിച്ചു തുടങ്ങിയ പടികൾ കയറി ചെല്ലുമ്പോഴും, അകത്തെ മുറിയിലേക്ക് വീട്ടുകാർ അനുകമ്പയോടെ നയിക്കുമ്പോഴും, പറഞ്ഞു കേട്ടതൊക്കെയും വിശ്വസിക്കാതിരിക്കാൻ ഞാൻ മനപ്പൂർവ്വം ശ്രമിച്ചു കൊണ്ടേയിരുന്നു. അടുത്ത് കണ്ടപ്പോൾ ടീച്ചറിന്റെ കണ്ണിൽ നിന്നും അപരിചിതഭാവം പൊഴിഞ്ഞുപോകുന്നത് ഞാൻ കണ്ടതാണല്ലോ. വിളിച്ച് അടുത്തിരുത്തിയപ്പോൾ വീട്ടുകാരുടെ കണ്ണിൽ, തെളിഞ്ഞു തുടങ്ങിയ പ്രകാശവും ഞാൻ കണ്ടതാണല്ലോ.
എന്റെ പേര് തെറ്റിച്ച് പറഞ്ഞത് ഒരു തവണ ഞാൻ തിരുത്തി. സൂക്ഷിച്ചു നോക്കിക്കൊണ്ട് ‘ങാ...ഓർക്കുന്നു...’ എന്നു പറഞ്ഞു തുടങ്ങിയ ടീച്ചർ ഏതോ ഒരു ക്ലാസ് റൂം ഓർമ്മ എന്നെ നായകനാക്കി പറഞ്ഞു. ആ കഥയിൽ നായകനോ വില്ലനോ എന്തിന് കാഴ്ച്ചക്കാരൻ പോലും അല്ല ഞാൻ എന്ന് പറയണമോ വേണ്ടയോ എന്ന് ഒരു നിമിഷം സംശയിച്ചു. പിന്നീട് തിരുത്തണ്ടാന്ന് തീരുമാനിച്ചു.
അല്പനേരം കഴിഞ്ഞ് പേരെന്താണെന്ന് എന്നോട് വീണ്ടും ചോദിച്ചു. വീണ്ടും എന്നോടൊരു കഥ പറഞ്ഞു. ഇത്തവണ കഥാപാത്രങ്ങളും സന്ദർഭവും മാറി. ഞാൻ തിരുത്തിയതേയില്ല. വീട്ടുകാരുടെ കണ്ണിൽ കത്തിത്തുടങ്ങിയ പ്രകാശം പതിയെ മങ്ങി വരുന്നത് കണ്ടു.
എന്റെ പദ്ധതികളുടെ ഭാഗമല്ലാതിരുന്നിട്ടും, ഞാൻ ചില കാര്യങ്ങൾ അങ്ങോട്ട് പറയാമെന്നു വിചാരിച്ചു. ടീച്ചർ ക്ലാസ്സിൽ സ്ഥിരമായി പറയാറുള്ള ഒരു സദ്ദുപദേശകഥ ഞാൻ എന്നാലാവും വിധം പറഞ്ഞു. പിന്നീട്, എല്ലാ വെള്ളിയാഴ്ച്ചകളിലേയും അവസാനത്തെ പീരിയഡിൽ സ്ഥിരമായി ഒരേ പാട്ടു തന്നെ പാടാറുള്ള സദാശിവനെ ആയിടെ കണ്ടതിനെ കുറിച്ച് പറഞ്ഞു. പക്ഷെ അതെന്നെ വലിയൊരു ശ്രമത്തിലേക്ക് വലിച്ചു കൊണ്ടു പോവുമെന്ന് എങ്ങനെ മുൻകൂട്ടി അറിയാനാണ്?
‘ആരാണ്...സദാശിവൻ?’ ചുളുങ്ങിയ പുരികങ്ങളുമായി ദൂരേക്ക് നോക്കി ടീച്ചർ ഇരുന്നു.
ഞാനെങ്ങനെ പറഞ്ഞു കൊടുക്കാനാണ്? അവന്റെ അന്നത്തെ രൂപവും, വികൃതികളുമൊക്കെ ആവും വിധം നർമ്മം ചേർത്ത് പറയാനൊരു ശ്രമം നടത്തി...പരാജയപ്പെട്ടു.
ടീച്ചർ കൈ നീട്ടി എന്നെ തൊട്ടു. ഒരു രഹസ്യം പറയാനൊരുങ്ങും പോലെ എന്റെ നേർക്ക് കഴുത്തു നീട്ടി. ഞാൻ മുഖമടുപ്പിച്ചു. ടീച്ചർ പൂശിയിരുന്ന പൗഡറിന്റെ ഗന്ധം അപ്പോൾ അറിഞ്ഞു. പഴയ ഗന്ധം...പഴയ ഓർമ്മകളിലൂടെ വീശിയടിക്കുന്ന പഴയൊരു ഗന്ധം. ആ ഗന്ധത്തെ ഞാൻ ‘ബാല്യം’ എന്നു വിളിക്കട്ടെ...
ടീച്ചർ എന്തോ ഒരു വലിയ കാര്യം പറയാൻ പോവുകയാണ്. ഞാൻ തൊട്ടടുത്ത നിമിഷം ആ പഴയ വിദ്യാർത്ഥിയായി. മുഴുവൻ ശ്രദ്ധയും കൂർപ്പിച്ചു വെച്ച് ഇരുന്നു.
വീണ്ടും എന്റെ പേര് തെറ്റിച്ച് വിളിച്ചു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
‘അ...എന്ന അക്ഷരമില്ലെ?...അതെങ്ങനെയാ എഴുതേണ്ടത്?...നീ ഒന്ന്...പറഞ്ഞു തരാമോ?‘
ആ ശബ്ദത്തിൽ ദയനീയതയാണോ, അപേക്ഷയാണോ ഉണ്ടായിരുന്നതെന്ന് എനിക്കറിഞ്ഞൂടാ.
ചോദിച്ചു വാങ്ങിയ ഒരു കടലാസ്സിൽ, ആ ചുളുങ്ങിയ വിരലുകൾ പേനയോട് ചേർത്തുപിടിച്ച് ആദ്യാക്ഷരം എഴുതി...എഴുതിച്ചു. ആദ്യവിജയത്തിന്റെ ആഹ്ലാദം ടീച്ചറിന്റെ മുഖത്ത് തെളിയുന്നത് കണ്ടു.
ടീച്ചർ എന്നെ ഒരിക്കൽ കൂടി ’മിടുക്കൻ‘ എന്നു വിളിച്ചു. പതിയെ തലയിൽ തലോടി. ആ തലോടലും ഒരു അനുഗ്രഹം ആയി എനിക്ക് തോന്നി. ടീച്ചർ എനിക്കിട്ട പേര് സ്വയം പറഞ്ഞ് ഞാൻ യാത്ര ചോദിച്ചു.
പടിയിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ രണ്ടു കാര്യങ്ങൾ ഓർത്തു,
വെച്ചു മാറിയ വേഷവും...കൈപിടിച്ചെഴുതിയ ആദ്യാക്ഷരവും...
മഴ പെയ്തു തുടങ്ങിയിരുന്നു. എന്റെ മേൽ അക്ഷരങ്ങളാണ് പൊഴിഞ്ഞു വീഴുന്നതെന്ന് തോന്നി.
Post a Comment
നരനായിങ്ങനെ
Post a Comment
Saturday, 23 May 2020
ഒരു ചെറിയ മിടിപ്പ്
വൈകുന്നേരമായപ്പോൾ അമ്മ അവനെ കൊണ്ടു പോയി കുളിപ്പിച്ച ശേഷം പുതിയ നിക്കറ് ഇടുവിച്ചു. മുഖത്ത് പൗഡറ് തേച്ചും കൊടുത്തു. അമ്മ മകനേയും കൂട്ടി ദീപാരാധന തൊഴാൻ പോവുകയായിരുന്നു. ആ സമയത്ത് അമ്പലത്തിൽ പോകാൻ അവനു തീരെ താത്പര്യമില്ല. അവിടെ ചെന്നു കഴിഞ്ഞാൽ അനങ്ങാതെ നിൽക്കണം, ഒന്നും സംസാരിക്കാൻ പാടില്ല, നേരമിരുട്ടി തുടങ്ങുന്നത് കൊണ്ട് അമ്പലപ്പറമ്പിൽ ഓടിക്കളിക്കാൻ അനുവദിക്കുകയുമില്ല.
അവർ നടന്നു തുടങ്ങി. താമസിച്ചു പോകുമോ? - അമ്മയ്ക്ക് അതാണ് ആധി. അവന്റെ കൈയ്യിൽ അവർ മുറുക്കെ പിടിച്ചിരുന്നു. പോകുന്ന വഴി മുഴുവൻ അവൻ എല്ലാം തല തിരിച്ചു നോക്കിക്കൊണ്ടിരുന്നു. മലർന്നു നോക്കിയപ്പോൾ കണ്ടു, അമ്പിളി അമ്മാവൻ പതിയെ തെളിഞ്ഞു വരുന്നത്, പക്ഷികൾ തിരക്ക് പിടിച്ചു ചേക്കേറാൻ പറന്നു പോകുന്നത്. നിലത്ത് ചുറ്റിലും നോക്കിയപ്പോൾ കണ്ടു, എന്തോ മണത്തു നടക്കുന്ന ഒരു കറുത്ത പൂച്ച, ആരോ ചുരുട്ടിയെറിഞ്ഞ ഭാഗ്യമൊഴിഞ്ഞു പോയ ഒരു ലോട്ടറി ടിക്കറ്റ്, ചവിട്ടി പതിഞ്ഞു പോയ ഒരു തീപ്പെട്ടിക്കൂട്. എല്ലാം അവൻ കണ്ടു. അവന് തീപ്പെട്ടിക്കൂട് പൊട്ടിച്ച് അതിന്റെ ചിത്രം എടുക്കണമെന്നുണ്ടായിരുന്നു. അമ്മയറിയാതെ അവൻ തീപ്പെട്ടിപ്പടങ്ങൾ ശേഖരിക്കുന്നുണ്ട്. അതൊക്കെയും അവൻ മുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു ചെറിയ പെട്ടിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അവരേയും കടന്നു ഒന്നു രണ്ടു സൈക്കിളുകൾ ബെല്ലടിച്ചു കൊണ്ടു പാഞ്ഞു പോയി. അവൻ അതിലൊരു സൈക്കിളിൽ എഴുന്നേറ്റ് നിന്നു ചവിട്ടുന്ന ചേട്ടനെ നോക്കി. ആ ചേട്ടനെ പോലെ തനിക്കും സൈക്കിൾ ചവിട്ടണം. നല്ല വേഗത്തിൽ പോകണം. പക്ഷെ അതിനു ഉയരം വെയ്ക്കണം. അവൻ ചെറുതാണ്. പൊക്കം വെയ്ക്കാൻ, അമ്മ പറഞ്ഞത് കേട്ട് അവൻ ദിവസവും മുടങ്ങാതെ പാല് കുടിക്കുന്നുണ്ട്. രാത്രി കിടക്കും മുൻപും അമ്മ അവന് പാല് കൊടുക്കും. ഇളം ചൂടുള്ള പാൽ. നല്ലോണം ഉറങ്ങാനാണ്.
അവന്റെ ശ്രദ്ധ മണ്ണിൽ കിടന്ന ഒരു മച്ചിങ്ങയിലേക്ക് ചെന്നു വീണു. അവനത് ചവിട്ടി തെറുപ്പിച്ചു. അതുരുണ്ട് മതിലിൽ പോയി തട്ടിയിട്ട് വഴിയിലേക്ക് തന്നെ തിരികെ വന്നു. അവന് അത് ഒന്നു കൂടി ചവിട്ടി തെറുപ്പിക്കണമെന്നുണ്ടായിരുന്നു എന്നാൽ അപ്പോഴേക്കും അമ്മ, അവന്റെ കൈയ്യും പിടിച്ചുവലിച്ച് വേഗത്തിൽ പോയി. ‘തിരികെ വരുമ്പോൾ തട്ടണം’ അവനോർത്തു വെച്ചു.
അവൻ വഴിയിലുള്ള സകലതും കാണുന്നുണ്ട്, സകലതും കേൾക്കുന്നുണ്ട്. അമ്മ ഒന്നും കാണുന്നില്ല, ഒന്നും കേൾക്കുന്നില്ല. നട തുറക്കും മുൻപ് എത്തണം. അതു മാത്രമാണ് ചിന്ത. നട തുറക്കുമ്പോൾ മണിയടിക്കും. ശ്രീ കോവിലിനുള്ളിലെ പ്രകാശം പുറത്ത് നിൽക്കുന്നവരുടെ മേൽ പതിയും. അവിടം മുഴുക്കെയും ചന്ദനഗന്ധം നിറയും. അപ്പോൾ എല്ലാവരും നിർവൃതിയോടെ തൊഴുതു നിൽക്കും.
മകൻ അമ്മയുടെ കൈ പിടിച്ചു വലിച്ചു. അവൻ എന്തോ കണ്ടതാണ്. വെളിച്ചം കുറവാണ്. അവൻ അമ്മയുടെ കൈപ്പൂട്ട് തുറന്ന് മണ്ണിൽ പെട്ടെന്ന് കുത്തിയിരുന്നു. അവിടെ എന്തോ ഉണ്ട്. എന്തോ ചെറുത്.
‘ടാ...വരാൻ...താമസിച്ചു പോവും...വേഗം വരാൻ!’
അമ്മ ആധിയും ആജ്ഞയും കലർന്ന ശബ്ദത്തിൽ പറഞ്ഞു.
അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവന്റെ ശ്രദ്ധ മുഴുക്കെയും മണ്ണിൽ കിടക്കുന്ന ചെറിയ ഒരു വസ്തുവിലായിരുന്നു. അമ്മ കുനിഞ്ഞു നോക്കി. ഒരു ചെറിയ കിളി. എങ്ങനെയോ, എവിടെയോ തട്ടി വീണു പോയതാണ്.
‘ഇതിന് ജീവനുണ്ട്...’ അവൻ പതിയെ പറഞ്ഞു. മലർന്നു കിടക്കുന്ന കിളിയിൽ ഒരു ചെറിയ മിടിപ്പ് ബാക്കി. അമ്മയും അതു ശ്രദ്ധിച്ചു.
‘നമുക്കിതിനെ എടുത്തോണ്ട് പോവാം അമ്മാ...പാവം...ഇല്ലെ ഇതു ചത്തു പോവും...’
‘എന്തിനാ? നിനക്ക് വളർത്താനാ?!’
അവൻ അതിനെ കോരിയെടുക്കാൻ രണ്ടു കൈകളും നീട്ടി.
‘ടാ...തൊടാതെടാ...അമ്പലത്തിൽ പോവാനുള്ളതാ’
അമ്മയുടെ വിലക്കുന്ന ശബ്ദം കേട്ട് അവൻ ദയനീയമായി തിരിഞ്ഞു നോക്കി.
‘പ്ലീസ്സമ്മാ...ഇതിനെ വീട്ടിൽ കൊണ്ടു വെച്ചിട്ട് വരാം...’
‘നീ ഇതിനു വെള്ളോം മരുന്നുമൊക്കെ വെച്ചിട്ട് വരുമ്പോ താമസിക്കും...ഇപ്പോ തന്നെ ഒരുപാട് താമസിച്ചു..നീ അതിനെ അവിടെ വിട്ടിട്ട് ഇങ്ങ് വന്നെ’
അമ്മ അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു.
അവൻ കിളിയിൽ നിന്നും കണ്ണെടുത്തതേയില്ല.
‘നീ വിഷമിക്കണ്ട, തിരികെ വരുമ്പോ അതിനെ എടുത്തോണ്ട് വീട്ടിൽ പോവാം...എന്നിട്ട് നീ തന്നെ അതിനെ വളർത്തിക്കോ‘
അവനല്പം സമാധാനമായി. അമ്മ അവനേയും വലിച്ച് അമ്പലത്തിലേക്കു വേഗത്തിൽ നടന്നു. അല്ല, ഓടുകയായിരുന്നു. അവിടെ കൈ കൂപ്പി നിൽക്കുമ്പോഴും, നട തുറക്കുമ്പോഴും, മണിശബ്ദം ഉയരുമ്പോഴും അവന്റെ മനസ്സ് മുഴുക്കെയും മലർന്നു കിടന്ന ആ ചെറിയ കിളി ആയിരുന്നു. അതിന്റെ കുഞ്ഞ് നെഞ്ചത്തെ ആ ചെറിയ മിടിപ്പ്...അതവൻ വീണ്ടുമോർത്തു. തിരികെ ചെല്ലുമ്പോഴേക്കും ആരെങ്കിലും അതിനെ എടുത്തോണ്ട് പോയിട്ടുണ്ടാവുമോ? ഇരുട്ടിലതു വഴി സൈക്കിളിൽ വേഗത്തിൽ വരുന്ന ആരെങ്കിലും അതിന്റെ പുറത്ത് കൂടി...അവൻ ഇറുക്കെ കണ്ണുകളടച്ചു.
അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
’ആരും അതിനെ എടുത്തോണ്ട് പോവല്ലേ...‘
’അതിനൊന്നും പറ്റല്ലെ...‘
’എനിക്ക് തന്നെ അതിനെ കിട്ടണേ...‘
’ഞാനതിനെ വളർത്തിക്കോളാം...‘ അവൻ വാക്കും കൊടുത്തു.
മണിശബ്ദം അടങ്ങി. ഭക്തർ ധന്യതയോടെ നടയിറങ്ങി. അവന്റെ നെറ്റിയിൽ അപ്പോൾ അമ്മ തൊടുവിച്ച ചന്ദനക്കുറിയുണ്ടായിരുന്നു. സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞു കഴിഞ്ഞിരുന്നു. അവൻ അമ്മയുടെ കൈയ്യും പിടിച്ചു വലിച്ചു നടന്നു. അമ്മയ്ക്കിപ്പോൾ ഒരു ധൃതിയുമില്ല. പ്രാർത്ഥിച്ചതിന്റെ സാഫല്യവും, സമാധാനവുമാണ് ആ മുഖത്ത്. മകന്റെ മുഖം മുഴുക്കെയും അക്ഷമയും ആധിയും മാത്രം. കുറച്ച് നടന്നു കഴിഞ്ഞ്, ക്ഷമ നശിച്ച് അവൻ അമ്മയുടെ കൈ വിട്ട് ഓടി. അല്ല, അവൻ പായുകയായിരുന്നു. അവൻ മനസ്സിൽ അടയാളപ്പെടുത്തിയിരുന്ന ഇടത്തേക്ക് ഓടിയെത്തി. മണ്ണിൽ കണ്ണു കൊണ്ട് പരതി.
എവിടെ ആ ചെറിയ പക്ഷി...?
അത് അവിടെങ്ങുമുണ്ടായിരുന്നില്ല.
പരിഭ്രാന്തിയോടെ അവൻ കുനിഞ്ഞ് അവിടെ മുഴുക്കെയും നോക്കി. മതിലിനോട് ചേർന്നും, ഓടയ്ക്കരികിലും, പോസ്റ്റിനു താഴെയും. എവിടെയും അവന് അതിനെ കാണാനായില്ല.
എവിടെ പോയി അത്?
ആരെങ്കിലും അതിനെ എടുത്തോണ്ട് പോയിട്ടുണ്ടാവും...
അതോ...ഏതെങ്കിലും സൈക്കിളോ ബൈക്കോ...
അമ്മയോട് കരഞ്ഞു പറഞ്ഞതാ അതിനെ എടുത്ത് വീട്ടിൽ കൊണ്ടു പോയി വെച്ചിട്ട് അമ്പലത്തിൽ പോവാന്ന്...
പ്രാർത്ഥിച്ചതാ...അതിനെ തനിക്ക് തന്നെ കിട്ടണേന്ന്...
വളർത്തിക്കോളാന്ന്...
അമ്മ അപ്പോഴേക്കും അവന്റെ അടുത്തെത്തിയിരുന്നു.
‘അമ്മാ...അതിനെ കാണുന്നില്ല...’ അവൻ കരച്ചിലോളം വലിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
‘നീ എല്ലായിടത്തും നോക്ക്...അവിടെ എവിടേങ്കിലും കാണും...ആരെടുത്തോണ്ട് പോവാനാ...?’
‘ഞാൻ എല്ലാടത്തും നോക്കി...’
‘എങ്കിലത് ബോധം വന്നപ്പോ എവിടേലും പറന്നു പോയിട്ടുണ്ടാവും...’
‘ഉം..’ അവന് അത് ബോധ്യപ്പെടാതെ പോയെങ്കിലും ഒരാശ്വാസത്തിനെന്നോളം മൂളി.
‘അവനും അവന്റെ കിളിയും...’ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
‘നീ വാ...നിനക്ക് കിളിയെ കിട്ടിയാ പോരെ?...നാളെ തന്നെ ഒരു കൂടും കുറച്ചു കിളികളേയും വാങ്ങാം...അമ്മ അച്ഛനോട് പറയാം...പോരേ?...ഇപ്പൊ നീ വാ...നേരം ഇരുട്ടീല്ലെ?‘
അമ്മ അനുനയശബ്ദത്തിൽ അവനെ സമാധാനിപ്പിച്ചു.
അവൻ അപ്പോഴും അവിടം മുഴുക്കെയും അതിനെ തിരയുകയായിരുന്നു. മണ്ണിലും, ഓടയിലും, മതിലിലും..
അപ്പോഴവൻ കണ്ടു, മതിലിനു മുകളിൽ...തിളങ്ങുന്ന പൂച്ചക്കണ്ണുകൾ...അതിന്റെ വായിൽ...
’അമ്മാ...ദാ...‘ കരച്ചിലും നിലവിളിയും കലർന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.
അവൻ അമ്പലത്തിൽ നിന്നപ്പോളെന്ന പോലെ കണ്ണുകൾ ഇറുക്കിയടച്ചു.
അമ്മയും അപ്പോഴത് കണ്ടു, പൂച്ച ഇരുട്ടിലേക്ക് ചാടി മറയുന്നത്...അത് കടിച്ച് പിടിച്ചിരുന്നത്...
അപ്പോൾ അവരുടെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് പതിയെ മിടിച്ചു...
ആ ചെറിയ പക്ഷിയുടെ നെഞ്ചിൽ കണ്ടത് പോലെ...ഒരു ചെറിയ മിടിപ്പ്...
Post a Comment
Friday, 22 May 2020
ഇടപാടുകാരൻ
അടിവാരത്തിലെത്തിയ അവസാനബസ്സിൽ അയാളുമുണ്ടായിരുന്നു. വരുംവഴിയിൽ ചില പ്രതിഷേധജാഥകൾ തടസ്സപ്പെടുത്തിയത് കാരണം പതിവിലും വൈകിയാണ് ബസ് ഓടിയെത്തിയത്. അയാൾ നീണ്ടയാത്ര ചെയ്ത ഒരാളെ പോലെ ക്ഷീണിതനായിരുന്നു. തണുപ്പിറങ്ങിയതു കൊണ്ട് തലയിലൂടെ താടിക്ക് തോർത്ത് കൊണ്ട് ചുറ്റിക്കെട്ടിയിരുന്നു. തോളിൽ കിടന്ന ബാഗ് മുറുക്കെപ്പിടിച്ചു കൊണ്ട്, തുറന്നിരുന്ന ഒരു പീടികയുടെ നേർക്ക് നടക്കുമ്പോൾ, ഭ്രാന്തനെന്ന് തോന്നിക്കുന്ന ഒരാൾ പീടികയുടെ മുന്നിൽ നിന്നും എഴുന്നേറ്റു അയാളേയും കടന്ന് പോയി. എന്തൊക്കെയോ പുലമ്പി കൊണ്ട്, അന്തരീക്ഷത്തിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്നുണ്ടായിരുന്നു അയാൾ. ഏതോ അദൃശ്യനായ ശത്രുവിനെ ആക്രമിക്കും പോലെ.
‘സാറ് ചോദിക്കുന്ന സ്ഥലമൊന്നും എനിക്കറിയില്ല...ഞാനിവിടെ പുതുതായി ജോലിക്ക് വന്നതാ...ദാ...ആ കാണുന്ന ഓട്ടോ മണിയേട്ടന്റെയാ...പുള്ളി ഇവിടെ വർഷങ്ങളായിട്ട് ഓടുന്നതാ...അവിടെയൊന്ന് ചോദിച്ചു നോക്ക്...’
പീടികക്കാരന്റെ മറുപടി കേട്ട്, താടി ചൊറിഞ്ഞു കൊണ്ടയാൾ ഓട്ടോറിക്ഷയുടെ അടുത്തേക്ക് നടന്നു.
അയാൾ ഓട്ടോറിക്ഷാ ഡ്രൈവറോട്, മുൻപ് ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചു. അല്പനേരത്തെ ആലോചനയ്ക്ക് ശേഷം ഡ്രൈവർ പറഞ്ഞു,
‘ആ സ്ത്രീ...നിങ്ങള് പറയണ സ്ഥലത്തല്ല...കൊറേ ദൂരെയാണിപ്പോ...സ്ഥലം എനിക്കറിയാം...തിരിച്ച് ട്രിപ്പ് കിട്ടത്തില്ല...റിട്ടേൺ കൂടെ തരേണ്ടി വരും...‘ അതുപറഞ്ഞ് ആഗതനെ അടിമുടിയൊന്നു സൂക്ഷിച്ചു നോക്കി. എന്നിട്ട് ചോദിച്ചു.
’കൊറെ ദൂരേന്നാ...അല്ലെ...പഴേ ആളായിരിക്കും...?‘
അതിനു അയാൾ മറുപടിയൊന്നും പറഞ്ഞില്ല.
കുറച്ച് ദൂരം സഞ്ചരിച്ചപ്പോൾ മണി പറഞ്ഞു,
’അവര്...മറ്റെ ബിസിനസ്സാ...ചെല സ്ഥിരം ആൾക്കാരുണ്ട് അവർക്ക്...നിങ്ങൾക്ക് വേണേല് വേറെ ചെലരെ കാണിച്ചു തരാം...പക്ഷെ...കൊറച്ചൂടെ ദൂരെ പോണം...കൊറച്ച് നേരത്തെ വന്നാരുന്നെങ്കില്...‘
യാത്രക്കാരൻ ഒന്നും ശബ്ദിച്ചതേയില്ല. അയാൾ ചുറ്റിലും, പിന്നിലേക്ക് പോയ്മറയുന്ന വഴികൾ നോക്കിക്കൊണ്ടിരുന്നു.
കുറേ നേരം കഴിഞ്ഞ് ചോദിച്ചു,
’ആ സ്ത്രീയുടെ...ഭർത്താവ്...?‘
’ഓ അയാളോ...അയാൾക്കിപ്പൊ പ്രാന്താ...ഹോട്ടലീന്ന് എച്ചിലും മറ്റും കഴിച്ച് അയാളാ സ്റ്റാൻഡിന്റെ അടുത്തെങ്ങാണ്ട് ചുറ്റിക്കറങ്ങണൊണ്ട്...ആ സ്ത്രീ ചെലപ്പോ അയാൾക്ക് ചോറ് വാങ്ങിക്കൊടുക്കും...‘
യാത്രക്കാരൻ പിന്നീടൊന്നും സംസാരിച്ചതേയില്ല.
അല്പദൂരം കൂടി കഴിഞ്ഞപ്പോൾ ഓട്ടോ പ്രധാനവഴി വിട്ട് ടാറിടാത്ത റോഡിലേക്ക് കയറി.
’സാറെ ഇവിടന്നങ്ങോട്ട് വഴി മോശമാ...‘
ഓട്ടോറിക്ഷ ഇടംവലം കുലുങ്ങാൻ തുടങ്ങി.
കുറച്ച് ദൂരം കൂടി പോയിട്ട് മങ്ങിക്കത്തുന്ന ഒരു സ്ട്രീറ്റ്ലൈറ്റിന്റെ അടുത്തായി അയാൾ ഓട്ടോറിക്ഷ നിർത്തി.
’ദാ...ആ കാണുന്ന ഓടിട്ട കെട്ടിടം...അതു തന്നെ...സാറിനു ഭാഗ്യൊണ്ട്...പൊറത്ത് ലൈറ്റ് കെടപ്പുണ്ട്...വേറെ ആരേലേം വേണെ...എന്നെ സ്റ്റാൻഡിൽ വന്നു കണ്ടാ മതി...‘ ഓട്ടോറിക്ഷാ ഡ്രൈവർ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
ഓട്ടോറിക്ഷ പോയശേഷം അയാൾ ആ വീടിനു നേർക്ക് നടന്നു. ഇരുട്ടിലെവിടെയൊക്കെയൊ ഇരുന്നു തവളകൾ കരഞ്ഞു. ചീവീടുകളുടെ നിർത്താത്ത ശബ്ദം. ചില മിന്നാമിനുങ്ങുകൾ അവിടവിടെ മിന്നിത്തിളങ്ങി.
അയാൾ വാതിലിനു മുന്നിൽ കുറച്ച് നേരം മുഖം കുനിച്ചു നിന്നു. പിന്നീട് പതിയെ ഒന്നുരണ്ടു വട്ടം മുട്ടി. അല്പനേരം കഴിഞ്ഞ് ഒരു കാൽപ്പെരുമാറ്റം കേട്ടു. വാതിൽ തുറന്നത് പാതിയുറക്കത്തോടെ വന്ന ഒരു സ്ത്രീയായിരുന്നു. അവർ ബ്ലൗസ്സും കൈലിയുമാണുടുത്തിരുന്നത്. അല്പം വണ്ണിച്ച ശരീരം. പ്രായം കണ്ണുകൾക്ക് ചുറ്റും കറുപ്പ് വരച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീ അഴിഞ്ഞ മുടി പിന്നിലേക്കൊതുക്കി ചുറ്റിക്കെട്ടിക്കൊണ്ട് വന്നയാളെ സൂക്ഷിച്ചു നോക്കി.
’ആരാ...ആദ്യായിട്ടാ?...‘
അയാൾ മുഖം കുനിച്ചു നിന്നതേയുള്ളൂ.
’ഓ! പേടിക്കേണ്ട കേറി പോര്...ഇവിടെ ആരും വരമ്പോണില്ല...‘
അയാൾ സാവധാനം അകത്തേക്ക് കയറി. പിന്നിൽ വാതിലിന്റെ കുറ്റി വീഴുന്ന ശബ്ദം കേട്ടു.
’ഒറങ്ങാൻ പോവാരുന്നു...അകത്തേക്ക് വാ‘
സ്ത്രീ അകത്തെ മുറിയിലേക്ക് നടന്നു പോയി.
’പിന്നെ...കാശ് ആദ്യമേ തരണം...എല്ലാം കഴിഞ്ഞ് കണാകുണാ പറയരുത്‘ അകത്തെ മുറിയിൽ നിന്ന് സ്ത്രീ പറഞ്ഞതയാൾ കേട്ടു.
അയാൾ മുറിയിൽ കണ്ണോടിച്ചു. ഒരു ചെറിയ പഴയ മേശ. ഒരു കസേര. ഒരു മൂലയിലായി അടുപ്പ്...കുറെ പാത്രങ്ങൾ...ചുവരിനോട് ചേർന്ന് ഒരു പായ ചുരുട്ടിവെച്ചിരിക്കുന്നു. അയയിൽ കുറെ തുണികൾ...
കുറച്ച് നേരം കഴിഞ്ഞിട്ടും അകത്തെ മുറിയിലേക്ക് അയാൾ കയറി വരാത്തത് കൊണ്ട് സ്ത്രീ മുറിക്ക് പുറത്തേക്ക് വന്നു.
‘പേടിക്കണ്ടാന്ന്...കൊച്ചനിങ്ങ് പോര്...’
അയാൾ മുഖം പൊത്തി നിന്നു കരയുന്നതാണ് സ്ത്രീ കണ്ടത്.
കാര്യമെന്തെന്ന് മനസ്സിലാവാതെ സ്ത്രീ അയാളെ തന്നെ നോക്കി നിന്നു.
അയാൾ താടിക്ക് ചേർത്ത് കെട്ടിയിരുന്ന തോർത്തിന്റെ കെട്ടഴിച്ചു കൊണ്ട് സ്ത്രീയുടെ നേർക്ക് നോക്കാതെ പറഞ്ഞു,
‘അമ്മേ...ഇത് ഞാനാ...’
ഒരു നിമിഷത്തെ നടുക്കത്തിനു ശേഷം സ്ത്രീ നിലവിളിച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് ഓടിക്കയറി വാതിൽ വലിച്ചടച്ചു.
അയാൾ വാതിലിനു മുന്നിലിരുന്നു യാചനാഭാവത്തിൽ പറഞ്ഞു,
‘അമ്മാ...മാപ്പ്...ഞാനന്ന് ഓടി പോയത് കൊണ്ടല്ലെ...അമ്മെ കൊണ്ട് പോവാനാ ഞാൻ വന്നത്...അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലല്ലൊ...’
അടഞ്ഞ വാതിലിനു അപ്പുറവും ഇപ്പുറവുമായി രണ്ട് ജീവനുകൾ തേങ്ങിക്കൊണ്ടിരുന്നു. മുറിക്കുള്ളിൽ ആ സ്ത്രീ മുഖം പൊത്തി ഇരുന്നു. പുറത്ത് എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാളും. വീടിനു പുറത്ത് ആകാശത്ത്, കണ്ണുപൊത്തി ഇരുന്നു, പാതിമുഖമുള്ള ചന്ദ്രനും.
Post a Comment
Monday, 4 May 2020
നഗരമാലിന്യങ്ങൾ
നഗരാതിർത്തിയിൽ ഒരു വലിയ പറമ്പുണ്ട്. അവിടെ ചെറിയ കുന്നുകൾ പോലെ മാലിന്യകൂമ്പാരങ്ങൾ കാണാം. മനുഷ്യനു മാത്രം സാധിക്കുന്ന വിചിത്രമായ ഒരു സൃഷ്ടിയാണത്.
അന്തരീക്ഷത്തിൽ ദുർഗ്ഗന്ധം പാട പോലെ കെട്ടി നില്ക്കുന്നൊരിടം.
നഗരസൗന്ദര്യം സംരക്ഷിക്കുന്നതിനായി വിധിക്കപ്പെട്ട ഇടം.
ആ വെളിമ്പ്രദേശത്താണ് നഗരവാസികളായ സുന്ദരന്മാരുടെയും, സുന്ദരിമാരുടേയും, മാന്യന്മാരുടേയും, അതിലൊന്നും ഉൾപ്പെടാത്തവരുടെയും മാലിന്യങ്ങൾ പതിവായി നിക്ഷേപിക്കുന്നത്. നിക്ഷേപം മാത്രം. നിർമാർജ്ജനം ചെയ്യേണ്ട ചുമതല ഭൂമിയിലെ പലവിധ ജീവികൾക്കായി പകുത്തു കൊടുത്തിരിക്കുകയാണ്. ആ നഗരമാലിന്യങ്ങൾക്കിടയിൽ ഈച്ചകളും, എലികളും, പാറ്റകളും, പുഴുക്കളും, ഇഴജീവികളും, നായ്ക്കളും സ്വൈര്യമായി, സർവ്വസ്വതന്ത്രരായി വിഹരിക്കുന്നു. അതാണവരുടെ സ്വർഗ്ഗം. നഗരശരീരം സുന്ദരമായിരിക്കുവാൻ നഗരാതിർത്തി വൃത്തികേടായിരുന്നേ മതിയാവൂ എന്ന നിവൃത്തികേടിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ അധികൃതർ.
മാലിന്യം നിക്ഷേപിക്കാൻ വന്ന വാഹനത്തിന്റെ ഡ്രൈവറാണ് അതാദ്യം കണ്ടത്. പറമ്പിൽ ഒരു ചോരക്കുഞ്ഞിന്റെ മൃതശരീരം. അന്നേരം കാക്കകൾ അത് കൊത്തിപ്പറിക്കാൻ കലപിലയോടെ മത്സരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നായ്ക്കളും പക്ഷികളും, എലികളും മൃതദേഹത്തെ തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയിരുന്നു. നടുക്കം കൂട്ടിപ്പിടിച്ച് അയാൾ നിലവിളിച്ചുകൊണ്ടോടി.
തുടർന്നുള്ള ദിവസങ്ങളിൽ ജനരോഷം, അണപൊട്ടിയൊഴുകും വിധമായിരുന്നു. പിടിച്ചു കെട്ടാൻ അസാധ്യമായ മാലിന്യദുർഗ്ഗന്ധം പോലെ അതു നാടു മുഴുവനും പരന്നൊഴുകി. ആത്മരോഷത്തോടെ ചിലർ പ്രതികരിച്ചു. ചിലർ സഹതപിച്ചു. ചിലർ പലവിധ ഊഹാപോഹങ്ങളുമായി കഥകൾ മെനഞ്ഞു.
‘ഏതു സ്ത്രീയ്ക്കാണ് ആ പിഞ്ചുകുഞ്ഞിനെ ഇങ്ങനെ ഉപേക്ഷിക്കാൻ തോന്നിയത്?’
‘കുട്ടികളില്ലാത്ത എത്രയോ പേർ ഈ നാട്ടിലുണ്ട്...അവർക്കാർക്കെങ്കിലും വളർത്താൻ കൊടുക്കാരുന്നു...’
‘ചിലപ്പോൾ നിവൃത്തിയില്ലാതെ ചെയ്തു പോയതാവും’
‘ആർക്കറിയാം? ഏതേലും വല്യ വീട്ടിലെ സ്ത്രീയുടെ കുഞ്ഞാണോ അല്ലയോന്ന്...’
കഥകൾ പെരുകുന്നത് മനുഷ്യരും മൃഗങ്ങളും പെറ്റു പെരുകുന്നതിലും വേഗത്തിലാണ്.
പോലീസും വന്നു. പോലീസ് നായയും വന്നു. അന്വേഷണം ആരംഭിച്ചു. എങ്കിലും ആരുടെ കുഞ്ഞാണതെന്ന് കണ്ടെത്താനായില്ല. അവിടേക്ക് ആ കുഞ്ഞ് എങ്ങനെ എത്തിപ്പെട്ടെന്നും ആർക്കുമറിയില്ല. അയൽസംസ്ഥാനങ്ങളിൽ നിന്നും ധാരാളം പേർ ഇപ്പോൾ അവിടേക്ക് എത്തിപ്പെടുന്നുണ്ടെന്നും, അവരിൽ ക്രിമിനൽ പശ്ചാത്തലമുള്ള ധാരാളം പേർ ഉണ്ടെന്നും, അവരിൽ ചിലർ എവിടെ നിന്നെങ്കിലും തട്ടിയെടുത്ത, ഒരു കുട്ടിയാവാനെ അത് വഴിയുള്ളൂ എന്നുമുള്ള കഥ കാറ്റിലൂടെ പലരും കേട്ടു. ചില മനുഷ്യരെക്കാൾ ക്രൂരമാണ് അവർ പറയുന്ന കഥകൾ. ആ കഥകൾക്ക് കാറ്റിനേക്കാൾ വേഗതയും കാട്ടുത്തീയേക്കാൾ ചൂടുമുണ്ടാവും. ആ കഥകൾ, കേൾക്കുന്നവരുടെ ഹൃദയവും മനസ്സും ചുട്ടു പൊള്ളിക്കും. നാട്ടുകാരിൽ ചിലർ അന്യഭാഷ സംസാരിക്കുന്നവരെ, സംശയാസ്പദമായ നിലയിൽ, അവിടെ കണ്ടെന്ന് തട്ടി മൂളിച്ചു. പലയിടങ്ങളിലും ആക്രമണങ്ങൾ അവർക്കെതിരെ ഉണ്ടായി. പോലീസിന്റെ പക്കൽ ഊഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പലവിധ ഊഹങ്ങളിൽ തട്ടിത്തടഞ്ഞു വീഴുകയും, ആശയക്കുഴപ്പത്തിൽ ആണ്ടുപോവുകയും ചെയ്തു.
സമൂഹത്തിന്റെ ജീർണ്ണതയാണിതു വെളിവാക്കുന്നതെന്ന് സാംസ്കാരികനായകന്മാർ ഓരിയിട്ടു.
രാഷ്ടീയനേതാക്കൾ ഇത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ചിന്നം വിളിച്ചു.
ജനം, ഇതൊക്കെ എന്നവസാനിക്കും എന്ന് വിലപിച്ചു മോങ്ങി.
ഇതാദ്യമായിട്ടൊന്നുമല്ലല്ലോ, ഇതുപോലെ ഒരു കുഞ്ഞിന്റെ ശരീരം ലഭിക്കുന്നതെന്ന് ചിലർ പതിയെ ചൂളം വിളിച്ചു.
പതിവു പോലെ ശബ്ദങ്ങൾക്കെല്ലാം ഒരാഴ്ച്ച മാത്രമായിരുന്നു ആയുസ്സ്. ദൂരെയൊരിടത്ത് സംഭവിച്ച രണ്ടു നിസ്സാരസംഭവങ്ങൾ ജനശ്രദ്ധ മാറുവാൻ കാരണമായി. ഉത്തരേന്ത്യയിൽ നടന്ന ഗോവധവും അതേത്തുടർന്നു നടന്ന മനുഷ്യവധവുമാണ് ജനരോഷത്തെ വഴി തിരിച്ചുവിട്ടത്. മനുഷ്യമനസ്സാക്ഷിയുടെ നേർപകർപ്പ് എന്ന് സ്വയം അവകാശപ്പെടുന്ന പത്രങ്ങൾ രോഷം പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും കണ്ടമാനം മഷിയൊഴുക്കി. കല്ലേറ് കൊണ്ടിളകിയ കടന്നൽ കൂടുകളായി സാമൂഹ്യമാധ്യമങ്ങൾ.
ദിവസങ്ങൾ കഴിഞ്ഞു. പതിവു പോലെ മാലിന്യം നിറച്ച വണ്ടിയുമായി ഡ്രൈവർ വീണ്ടും വന്നു. പതിവു പോലെ ദുർഗന്ധമറിയാതിരിക്കാൻ മൂക്കു പൊത്തിക്കൊണ്ടു തന്നെ. ഒരു മൂലയിൽ നായ്ക്കൾ കൂട്ടമായി കടിപിടി കൂടുന്നതയാൾ ശ്രദ്ധിച്ചു. മത്സരത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന മട്ടിൽ സംശയത്തോടെ കാക്കകൾ വട്ടമിട്ടു പറക്കുന്നു. അവിടേക്ക് ചെന്ന അയാൾ കണ്ടത്, അഴുകി തുടങ്ങിയ ഒരു മനുഷ്യശരീരമാണ്. ചവറ്റു കൂനയിൽ നിന്നും നായ്ക്കൾ വലിച്ചു പുറത്തിട്ടതാണത്. ആ ശരീരം നഗ്നമായിരുന്നു. ചുറ്റിലുമായി വട്ടം കൂടി നില്ക്കുന്ന നായ്ക്കൾ ശരീരഭാഗങ്ങൾ വലിച്ചു പറിക്കുന്നു. ഓക്കാനിച്ചു കൊണ്ടയാൾ ദുർഗ്ഗന്ധമുയരുന്ന ശരീരത്തിലേക്ക് ഒരു തവണയേ നോക്കിയുള്ളൂ.
ആ ശരീരം അന്യസംസ്ഥാനത്ത് നിന്നും വന്നൊരു യുവതിയുടേതാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്...
ഒരു കീഴ്വഴക്കം പോലെ പോലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്...