Please use Firefox Browser for a good reading experience

Tuesday, 11 January 2011

മരുപക്ഷിയുടെ പാട്ട്‌

മഴ കാക്കും വേഴാമ്പൽ പോലെ ഞാനിവിടെ,
മരുഭൂവിലൊറ്റയ്ക്ക്‌ കാത്തിരിക്കും..

അകലെ, കടലിന്റെ അപ്പുറം നിന്നും,
കടൽ കാറ്റിലെനിക്കായി ഒഴുകി വരുന്നൊരു,
സ്നേഹ ശബ്ദത്തിനായി  കാത്തിരിക്കും.

ആ ശബ്ദത്തിൽ ഞാൻ കാണും,
തല നരച്ച പാവമെന്റമ്മയേയും,
നെറുകിലുമ്മ വെച്ച്‌ യാത്രയാക്കിയൊരച്ഛനേയും,
മാറിൽ ചേർത്ത്‌ വെച്ച പാവക്കുട്ടിയുമായി നിൽക്കും,
എന്റെ കവിളിലുമ്മ തന്ന മകളെയും,
നിറഞ്ഞ കണ്ണുമായി,
എനിക്കായെന്നും പ്രാർത്ഥിക്കുമെൻ നല്ല പാതിയേയും..

ഒരു മെഴുതിരിയായി ഉരുകിയൊലിക്കുമെൻ
മനസ്സിന്റെ കോണിൽ ഞാൻ കാത്തു വെച്ചു,
എന്റെ നാട്ടിൽ നിന്നെനിക്കു കിട്ടിയ,
നന്മ നിറഞ്ഞ ചില ഓർമ്മക്കുറിപ്പുകൾ.

അതിൽ ഞാൻ കാണും,
എന്റെ കാൽപ്പാടുകൾ നിറഞ്ഞ മണ്ണും,
അവിടെ നിറയും പച്ചപ്പുൽക്കൊടികളും.
അതിൽ ഞാൻ കേൾക്കും,
അകലെ നിന്നൊഴുകി വരും അമ്പല മണികളും,
വയലിൽ നിന്നുയരുന്ന കൊയ്ത്തരിവാൾ പാട്ടും.
അതിൽ ഞാനറിയും,
ഇലഞ്ഞിപ്പൂവിന്റെ മാദക ഗന്ധവും,
കുളിർ ചന്ദനത്തിന്റെ തണുവുള്ള സ്പർശവും.
അതിൽ ഞാൻ രുചിക്കും,
ആവി പറക്കുന്ന തുമ്പപ്പൂ ചോറും,
നറു മണമൊഴുകുന്ന ശർക്കര പ്രഥമനും.

തിരിച്ചു പോകണം
ഒരു നാളെനിക്കെന്റെ
കനവിന്റെ കൂട്ടില്ലൊന്നമർന്നിരിക്കാൻ.
നടന്നു പോകണം,
ഒരിക്കൽ കൂടിയെനിക്കാ
ഇളം കാറ്റൊഴുകുന്ന വയലിൻ നടുവിലൂടെ,
കടൽ കാറ്റടിക്കുന്ന മണൽത്തീരത്തിലൂടെ,
ചരലു പാകിയ ആ പഴയ നാട്ടു വഴിയിലൂടെ,
തിരക്കു നിറഞ്ഞെന്റെ പട്ടണത്തിൻ നടുവിലൂടെ,
ഒരു കയ്യിലെൻ മകളുടെ വിരൽത്തുമ്പും
മറുകയ്യിലെന്റെ നൽപാതിയുടെ വളയിട്ട കൈയും..

അറിയില്ല എനിക്കെന്റെ
സ്വപ്നങ്ങൾ സത്യമാകുന്നയാ
ദിനമെന്നെന്നറിയില്ല..
അറിയില്ലെനിക്ക്‌...

ഇനി ഞാനുറങ്ങട്ടെ അൽപ്പ നേരം,
എനിക്കുണ്ട്‌ കാണുവാൻ കനവായിരം!
 

ഇതു കവിത ഒന്നുമല്ല..
ചില മനോചിത്രങ്ങൾ മാത്രം..
'മരുപക്ഷി'എന്നെഴുതിയെന്നേയുള്ളൂ..അങ്ങനൊരു പക്ഷി ഉണ്ടൊ എന്നും അറിയില്ല..ഉണ്ടെങ്കിൽ ആ പക്ഷിയോട്‌ ഞാൻ ക്ഷമ ചോദിക്കുന്നു..

Post a Comment

9 comments:

  1. ചില കവിതകളൊന്നും വായിച്ചാൽ എനിക്കൊന്നും മനസ്സിലാവാറില്ല. ഈ കവിതയും ഇതിലെ വികാരങ്ങളും എനിക്ക് മനസ്സിലാവുന്നു. സ്വപ്നങ്ങൾ സത്യമാവും, വല്ലാതെ കാത്തിരിക്കാതെ.ആ കാ‍ത്തിരിക്കലും ഒരുസുഖമല്ലേ!

    ReplyDelete
  2. ഓരോ പ്രവാസിയുടെയും സ്വപ്നം!

    ReplyDelete
  3. ഓരോ പ്രവാസിയുടേയും മനസ്സ് ഈ കവിതയിലുണ്ട്.. നന്ദി...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. nostalgic വരികള്‍ ... ഓര്‍മ്മകള്‍ മധുരമുള്ളതാണ് , ശർക്കര കൂടുതല്‍ മധുരമുള്ളതാക്കി അവയെ,

    ReplyDelete
  6. ഒരു പ്രവാസിയുടെ വേദനകൾ,ആശങ്കകൾ,സ്വപ്നങ്ങൾ, അത് നന്നായി വരച്ചിരിക്കുന്നു. “തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായ്” എന്ന ഗാനം മനസ്സിലെത്തി. മരുപക്ഷി ക്ഷമിക്കും തീർച്ച.. :)

    ReplyDelete
  7. മരുഭൂമിയിലെ ആ മരുപക്ഷിയാണല്ലോ അവിടത്തെ പ്രവാസി ..!

    ReplyDelete
  8. ആഗ്രഹങ്ങളും സ്വപ്നങ്ങളും ഫലിയ്ക്കട്ടെ.

    ReplyDelete
  9. ..

    ഇനി ഞാനുറങ്ങട്ടെ അൽപ്പ നേരം,
    എനിക്കുണ്ട്‌ കാണുവാൻ കനവായിരം!
    സാബു കൊള്ളാം

    ReplyDelete