Please use Firefox Browser for a good reading experience

Sunday, 12 December 2010

ഒരു രാത്രി കൂടി

വെട്ടുകല്ലുകൾ ഇരുവശത്തും ഉറപ്പിച്ച, ചരല്‌ നിറഞ്ഞ പാതയിലൂടെ അശോകൻ നടന്നു. ഉറക്കമില്ലാത്ത മിന്നാമിനുങ്ങുകൾ അവിടവിടെ പറന്നും, കുറച്ച്‌ നേരമിരുന്നും, വഴിവിളക്കുകളില്ലാത്ത പാതയ്ക്ക്‌ പ്രകാശം പകരാൻ ദുർബ്ബലമായി ശ്രമിച്ചു കൊണ്ടേയിരുന്നു. ചെരുപ്പിടാത്തത്‌ കൊണ്ടും, നേരിയ മഞ്ഞുള്ളത്‌ കൊണ്ടും, ഓരോ ചുവട്‌ വെയ്പ്പിലും പാദങ്ങൾക്കടിയിലൂടെ തണുപ്പ്‌ ശരീരത്തിനുള്ളിലേക്ക്‌ സവധാനം അതിക്രമിച്ച്‌ കയറുന്നത്‌ അറിയാൻ കഴിയുന്നുണ്ട്‌. വഴിയും, പരിസരവും, ഇരു വശത്തുമുള്ള ചെടിപ്പടർപ്പുമെല്ലാം നിലാവ്‌, നേർത്ത നീല നിറം പൂശിയിരിക്കുന്നു. മുന്നിലേക്ക്‌ പോകും തോറും പാതയുടെ വീതി കുറഞ്ഞു വരികയാണ്‌. ഇപ്പോൾ വശങ്ങളിലുള്ള വെട്ടുകല്ലുകളിൽ ഇരുണ്ട നിറമുള്ള പായൽ പൊതിഞ്ഞിരിക്കുന്നത്‌ അവ്യക്തമായി കാണാം. പാത ചെന്നു നിൽക്കുന്നത്‌ ആറ്റിലേക്കാണ്‌. മണൽത്തിട്ടയോട്‌ ചേർന്ന്, വലിയ ഉരുളൻ കല്ലുകളുടെ അടുത്ത്‌, ഓളങ്ങളുടെ താളത്തിൽ പതുക്കെ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരു വള്ളം കാണാമിപ്പോൾ. വള്ളമെന്ന് തികച്ചും പറയാൻ കഴിയില്ല, ഒരു ചെറിയ തോണി.
എല്ലാ വർഷവും, ഇതേ ദിവസം രാത്രിയിൽ അയാൾ ആ തണുത്ത, വഴുവഴുപ്പുള്ള ആറ്റിൻ തീരത്ത്‌ വരും. ഒരനുഷ്ടാനം പോലെ.. ഒരാചാരം പോലെ..ഒരോർമ്മത്തെറ്റ്‌ തിരുത്തുവാൻ ശ്രമിക്കും പോലെ..
അയാൾ ഇരുപത്തിമൂന്ന് വർഷങ്ങൾക്ക്‌ മുൻപുള്ള ഒരു രാത്രി ഓർത്തെടുത്തു.
ചന്ദ്രനുമുണ്ടായിരുന്നു ആ രാത്രിയിൽ എന്നോടൊപ്പം. ഇളം നീല ഷർട്ടും, വെള്ള മുണ്ടും ആയിരുന്നു അവന്റെ വേഷം. അതായിരുന്നു അവന്റെ സ്ഥിരം വേഷം. കണ്ടു പഴകിയതു കൊണ്ടാണോ എന്നറിയില്ല, അതായിരുന്നു അവനു ഏറ്റവും ചേർച്ചയുള്ള വേഷം എന്നെനിക്ക്‌ തോന്നിയിട്ടുണ്ട്‌. ഞാൻ പതിവു പോലെ വെള്ള ഷർട്ടും വെള്ള മുണ്ടും ആയിരുന്നു ധരിച്ചിരുന്നത്‌. ഇന്നും അതിനു മാറ്റമില്ല. ചന്ദ്രനെ ഇന്നും അതു പോലെ മനസ്സിൽ കാണാം. അവനിപ്പോഴും എണ്ണ മിനുപ്പുള്ള കറുത്ത ചുരുണ്ട മുടി തന്നെ. അവന്റെ കവിളിലോ, കണ്ണുകൾക്ക്‌ താഴെയൊ ചുളിവുകളില്ല. നെറ്റിത്തടത്തിനിരുവശത്തും കറുപ്പ്‌ നിറം പടർന്നിട്ടുമില്ല. അവൻ അങ്ങനെ ആയിരുന്നു. എന്റെ ഓർമ്മയിലെ കള്ളികൾ ശൂന്യമാകുന്ന ദിവസം..അതു വരെ അവൻ അങ്ങനെ തന്നെ ആ കള്ളികളിൽ നിറഞ്ഞു നിൽക്കും. എന്നും കൗമാരം.

ഇതിനേക്കാൾ കുറച്ച്‌ കൂടി വലിപ്പമുണ്ടായിരുന്ന ഒരു വള്ളത്തിലായിരുന്നു അന്ന് അക്കരെ ഉത്സവത്തിന്‌ പോയത്‌. കരയ്ക്കപ്പുറമുള്ള ദീപാലങ്കാരങ്ങൾ വെള്ളത്തിൽ മാത്രമല്ല പ്രതിഫലിച്ചു കൊണ്ടിരുന്നത്‌. ഇക്കരെയുള്ള സാധാരണ മനുഷ്യരുടെ മനസ്സുകളിലുമുണ്ടായിരുന്നു ആ പ്രകാശം. അന്നെത്രയായിരുന്നു വയസ്സ്‌? ഏറിയാൽ പതിനേഴ്‌. ഓർമ്മകളുടെ കള്ളികൾ ശൂന്യമാകുവാൻ തുടങ്ങിയിരിക്കുന്നു. ഒന്നിനും കൃത്യത കിട്ടുന്നില്ല.
മണ്ണാട്ടെ വീട്ടിലെ മാധവി. അവളോടായിരുന്നു ചന്ദ്രന്‌ അഭിനിവേശം. അത്‌ ഒരു ആരാധനയുടെ വക്കോളം എത്തിയിരുന്നു. ഞാനവന്‌ താക്കിത്‌ കൊടുത്തത്‌ നല്ല ഓർമ്മയുണ്ട്‌. മാധവിയും ഉത്സവത്തിന്‌ പോകും. അവൾക്കായി അരഡസൻ കുപ്പിവളകൾ വാങ്ങണം. ആരുമറിയാതെ. എന്നിട്ട്‌ രഹസ്യമായി അവൾക്കത്‌ കൊടുക്കണം. അവന്റെ പദ്ധതികൾ അതൊക്കെയായിരുന്നു. എന്നോട്‌ മാത്രമെ അവനിതൊക്കെ പറഞ്ഞിരുന്നുള്ളൂ. അതു പറയുമ്പോൾ അവന്റെ ഇരുണ്ട നിറമുള്ള മുഖത്ത്‌ ഒരു പ്രകാശം പടർന്നു വരുന്നത്‌ കാണാം. ഞാൻ ഒന്നും പറയാതെ അതും ശ്രദ്ധിച്ച്‌ നിന്നു. അതൊരു രസം. അപ്പോഴൊന്നും ഓർത്തില്ലല്ലോ, വർഷങ്ങൾ കഴിഞ്ഞു ഇതൊക്കെ ഓർത്തെടുക്കുമെന്ന്.

തല മുഴുവൻ നര ബാധിച്ച ശേഷം, വീടിന്റെ ഉമ്മറത്തുള്ള വലിയ, ഉരുണ്ട തൂണുകളിൽ ചാരിയിരുന്ന് മുറുക്കാൻ ചവച്ച്‌ തുപ്പി പഴയ കഥകൾ പറയുമ്പോൾ, മാധവി അകത്ത്‌ നിന്നും ഊണിന്‌ വിളിച്ച്‌ പറയും. ഇതൊക്കെ എന്റെ ദിവാസ്വപ്നങ്ങളുടെ ഭാഗമായിരുന്നു. പഠിപ്പിനപ്പുറം ദിവാസ്വപ്നങ്ങളുടെ ലോകമായിരുന്നു എനിക്ക്‌ ചുറ്റും. അവിടെ ഞാനും എന്റെ സ്വപ്നങ്ങളും.
മാധവിക്കായി അവൻ കാത്ത്‌ നിന്നത്‌ ഇപ്പോഴും ഓർമ്മയുണ്ട്‌.
'ചിലപ്പോൾ അവൾ വരില്ലായിരിക്കും..നീ ആദ്യം തന്നെ അക്കരെ പോ, അവളറിയാതെ കുപ്പിവള വാങ്ങിക്കുകയും ചെയ്യാം' ഞാൻ ബുദ്ധി ഉപദേശിച്ചു.
'വേണ്ട, അവള്‌ കാണെ എനിക്ക്‌ വാങ്ങണം. അവളും ചിലപ്പോൾ വള വാങ്ങുന്നുണ്ടാവും..അടുത്തു നിന്നാൽ അളവറിയാമല്ലോ'
'അമ്പട!' ഇത്രയും ബുദ്ധി എനിക്ക്‌ തോന്നിയിട്ടില്ലല്ലോ. പ്രേമം തലയ്ക്കകത്ത്‌ നിറയുമ്പോൾ, ബുദ്ധി മറയും എന്നാണല്ലോ വായിച്ചതും കേട്ടതും. ഇവന്‌ ബുദ്ധി കൂടാനതൊരു കാരണമായോ?
മാധവി ഒറ്റയ്ക്കല്ല വന്നത്‌. ഒരു പടയുണ്ടായിരുന്നു കൂടെ. ചിലർ മുണ്ടും നേര്യതും, ചിലർ ഹാഫ്‌ സാരിയിൽ, ചിലർ പാവാടയും ബ്ലൗസും ആണ്‌ ധരിച്ചിരിക്കുന്നത്‌. എല്ലാ വസ്ത്രങ്ങളിലും എവിടെയെങ്കിലും പട്ടിന്റെ നിറമുണ്ടായിരുന്നു. മാധവി ചുവന്ന പട്ടു പാവാടയിലും ബ്ലൗസിലുമാണ്‌. വഴിവക്കത്ത്‌ വെച്ച പെട്രോ മാക്സിന്റെ വെളിച്ചം നിലാവിന്റെ വെള്ളി വെളിച്ചത്തെ കടത്തി വെട്ടിയ രാത്രിയായിരുന്നു അന്ന്. ഉത്സവം ആറ്റിനപ്പുറത്ത്‌ മാത്രമല്ല, ഇപ്പുറത്തും വന്നിരുന്നു. ആറ്റിലേക്കുള്ള പാതയുടെ ഇരു വശത്തും പെട്രോമാക്സും, മണ്ണെണ്ണ വിളക്കും കത്തിച്ചു വെച്ച്‌ കച്ചവടം പൊടി പൊടിക്കുന്നുണ്ടായിരുന്നു. തമിഴ്‌ സംസാരിക്കുന്നവരും കൂട്ടത്തിലുണ്ട്‌. അവരെങ്ങനെ അറിയുന്നു ഇതെല്ലാം? കടല വറുത്തതും, ശർക്കര മിഠായിയും, ചെറിയ കൗതുക വസ്തുക്കളും, കളിപ്പാട്ടങ്ങളും ഇരു വശത്തുമുള്ള കരക്കാരുടെ കണ്ണുകളും കാത്തു നിരന്ന് ഇരുന്നു.

'എന്റെ രാജകുമാരി വരുന്നു..' അവൻ എന്റെ ചെവിയിൽ മന്ത്രിച്ചു. അവന്റെ സ്വരത്തിലെ ഭാവം അതിനു മുൻപ്‌ ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. അതിനു ശേഷവും. എനിക്കവൾ മണ്ണാട്ടെ പെൺകുട്ടി മാത്രം. കരയിലെ അനേകം സുന്ദരികളിൽ ഒരുവൾ. അവളുടെ കൂടെ സന്തോഷവും, കൗതുകവും നിറച്ച്‌ കൂട്ടുകാരികളും. അവൾക്ക്‌ അവൻ പറയുന്നതത്ര സൗന്ദര്യമൊന്നുമില്ലല്ലോ. എനിക്ക്‌ അവളേക്കാലും സൗന്ദര്യമുള്ള കുറഞ്ഞത്‌ രണ്ട്‌ പെൺകുട്ടികളെയെങ്കിലും ആ കൂട്ടത്തിൽ കാണാൻ കഴിഞ്ഞു. അവൻ അവന്റെ വെളുത്ത മുണ്ട്‌ ഇടതു കൈ കൊണ്ട്‌ ഒരു വശം പകുതി ഉയർത്തി പെട്രോമാക്സിന്റെ വെളിച്ചത്തിലേക്ക്‌ നീങ്ങി നിന്നു. ഇപ്പോഴവന്റെ മുഖം അവൾക്ക്‌ മാത്രമല്ല, ആ വഴി പോകുന്ന എല്ലാവർക്കും വ്യക്തമായി കാണാം. എന്നെ അവനപ്പോൾ കൂടെ വന്നു നിൽക്കാൻ വിളിച്ചില്ലല്ലോ. ഞാൻ ഇവിടെ നിൽക്കുന്ന കാര്യമേ അവൻ മറന്നു പോയിരിക്കുന്നു!. ഞാൻ ഒരു ദൃക്സാക്ഷിയാണിപ്പോൾ. പ്രണയ ദർശനം. അതൊരു അനുഭവമാണ്‌. അതിനൊരു സാക്ഷി ഉണ്ടാകുന്നത്‌ എപ്പോഴും നല്ലതാണ്‌!. ഞാൻ ആരെ നോക്കണം എന്ന വിഷമവൃത്തതിലായി. അവൾ അവനെ ഒരു വട്ടമെങ്കിലും നോക്കുമായിരിക്കും. അല്ലെങ്കിൽ ഇതു വരെ അവൻ സ്വപ്നം കണ്ടു കൂട്ടിയതെല്ലാം അവന്റേതു മാത്രമായ ചില സ്വപ്നങ്ങൾ മാത്രമായി മാറും. ഇപ്പോഴെന്റെ കണ്ണിൽ ചുവന്ന പാവാടയുടുത്ത ആ പെൺകുട്ടി മാത്രം. ചുറ്റുമാരുമില്ല. പാതയുടെ ഇരുവശത്തും വിൽക്കാൻ വെച്ച പലഹാരങ്ങളുമില്ല, മിഠായികളുമില്ല, കൗതുക വസ്തുക്കളുമില്ല. അവളെ മാത്രം ഞാൻ കണ്ടു. അവൾ ചന്ദ്രന്റെ ഏതാനും അടി ദൂരെ വരെയെത്തി കഴിഞ്ഞു. അവളിപ്പോഴും തൊട്ടടുത്ത പെൺകുട്ടികളോട്‌ എന്തൊക്കെയോ പറയുന്നുണ്ടാവും. ഞാനപ്പോഴും അവളെ മാത്രം കണ്ടു. ഒരു നിമിഷം - അവൾ ഒന്നു പാളി നോക്കി. അവൻ നിന്നിടത്തേക്ക്‌ കൃത്യം!. എനിക്കെന്റെ ശ്വാസം നഷ്ടപ്പെട്ടു. അവൻ പറഞ്ഞതെത്ര സത്യം!. അവൾ ഒരു പക്ഷെ നേരത്തെ, വളരെ നേരത്തെ അവൻ വെളിച്ചത്തിലേക്ക്‌ ഇറങ്ങി വന്നു നിൽക്കുന്നത്‌ കണ്ടിട്ടുണ്ടാവും. നമ്മൾ രണ്ടു പേരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
അവൾ സംസാരത്തിനിടയിൽ എന്തോ കേട്ട്‌ ചിരിച്ച്‌ പോലെ.. പക്ഷെ ആ ചിരി അവന്‌ വേണ്ടിയാണെന്ന് എനിക്ക്‌ വ്യക്തമായി മനസ്സിലാക്കുവാൻ കഴിഞ്ഞു. എനിക്ക്‌ മാത്രമല്ല, അവനും. കണ്ണെഴുതിയ ആ കണ്ണുകളിൽ നിറഞ്ഞു നിന്നത്‌ പ്രേമമല്ലാതെ വേറെയെന്താണ്‌?. ഞാൻ പെട്ടെന്ന് അവനെ നോക്കി. ഇല്ല, അവനവിടെയില്ല. അവൻ വേറൊരു ലോകത്താണ്‌. അവൻ ഭൂമിയിലുമില്ല, ആകാശത്തുമില്ല. അവനു ചുറ്റും വേറൊരു ലോകം. അതിനുള്ളിൽ അവൻ മാത്രം. മറ്റാർക്കും പ്രവേശനമില്ല. ഞാൻ അത്ഭുതപ്പെട്ട്‌ അവിടെ തന്നെ നിന്നു. അവൾ അവനെ കടന്നു പോയി. അവൻ തല തിരിച്ച്‌ അവളെ തന്നെ നോക്കി നിൽക്കുകയാണ്‌. അവൾ ഒരു വട്ടം കൂടി നോക്കുമോ?. അതൊരു തീർച്ചപ്പെടുത്തലാണ്‌. എന്റെ കണ്ണുകളിൽ വീണ്ടും അവൾ മാത്രം. പിന്നിലെ കൂട്ടുകാരികളോട്‌ എന്തോ പറയുന്ന ഭാവേനെ അവൾ തല തിരിച്ചു നോക്കി എന്തോ പറയുന്നു. അപ്പോൾ ഞാൻ കണ്ടു. വീണ്ടും ആ കണ്ണുകൾ അവന്റെ നേർക്ക്‌.. വീണ്ടും അതേ ഭാവം!. ഇപ്പോൾ ഞാൻ തികച്ചും അന്യനായി. ഇവിടെ എനിക്ക്‌ ഒരു സ്ഥാനവുമില്ല, ഒരു പ്രസക്തിയുമില്ല. ഇതവരുടെ, അവർ രണ്ടു പേരുടെയും മാത്രം ലോകമാണ്‌. അവർ രണ്ടു പേരുടെയും മാത്രം വഴിയാണ്‌. അവരുടെ മാത്രം ഉത്സവമാണ്‌. തൊട്ടടുത്ത നിമിഷം എല്ലാം തിരിച്ചു വരാൻ തുടങ്ങി. ഒന്നൊന്നായി. വെളിച്ചവും, പിന്നീട്‌ ശബ്ദങ്ങളും. എനിക്കു ചുറ്റും പെട്രോമാക്സ്‌ വിളക്കുകൾ വീണ്ടും നിറഞ്ഞു, വഴിയുടെ ഇരുവശത്തും കച്ചവടക്കാർ നിറഞ്ഞു. അവരുടെ കൗതുക വസ്തുക്കൾ വാങ്ങുവാനുള്ള നീട്ടി വിളികളും നിറഞ്ഞു. ഒട്ടനേകം പേർ വന്നു വഴി നിറഞ്ഞു. അവൾ അകലെയായി കഴിഞ്ഞു. അവൻ സാവധാനം എന്റെ അടുത്തേക്ക്‌ വന്നു. അവന്റെ മുഖം തുടുത്തിരുന്നു. അവൻ എന്നെ നോക്കി. ഒന്നും പറഞ്ഞില്ല. ഞാൻ എന്റെ വലതു കൈ അവന്റെ ഇടതു തോളിൽ വെച്ചു എന്റെ അഭിനന്ദനം അറിയിച്ചു. 'എല്ലാം ശരി തന്നെയാണെടാ' എന്ന മട്ടിൽ തലയാട്ടുകയും ചെയ്തു. അവൻ ചിരിച്ചു കൊണ്ടിരുന്നു.
'വാടാ നമുക്ക്‌ പോകാം'.
നമ്മൾ രണ്ടു പേരും വള്ളത്തിനടുത്തേക്ക്‌ നടന്നു. അപ്പോഴേക്കും വള്ളം നിറയെ ആൾക്കാരായി കഴിഞ്ഞിരുന്നു. അവൾ അവരുടെ കൂട്ടത്തിലിരിക്കുന്നതും കണ്ടു. കരയിൽ നിന്ന് നമ്മൾ രണ്ടു പേരും അവളെ തന്നെ നോക്കി നിന്നു.
അടുത്ത പോക്കിൽ നമ്മളും അപ്പുറമെത്തി. കടത്തു വള്ളത്തിൽ നിന്നിറങ്ങുമ്പോൾ തന്നെ അവന്റെ കണ്ണുകൾ മാധവിയെ തിരഞ്ഞു തുടങ്ങി. അകലെ ചെറുതായി ചെണ്ട മേളം കേൾക്കാം. അടുത്തുള്ള കടകളിലും, പീടികകളിലും അപ്പോഴിറങ്ങിയ സിനിമാ ഗാനങ്ങൾ കേൾക്കുന്നുണ്ട്‌. ശബ്ദമുഖരിതമാണ്‌ അന്തരീക്ഷം. പാട്ടുകൾ നാലു ഭാഗത്ത്‌ നിന്നും ഒഴുകി വരുന്നു. കൂട്ടത്തിൽ ആയിരമായിരം നാട്ടു വർത്തമാനങ്ങളും. ഇത്രയും ജനങ്ങൾ ഈ കരയിലുണ്ടായിരുന്നുവോ എന്ന് സംശയം തോന്നി പോയി. എവിടെ പോയി ഒളിച്ചിരിക്കുകയായിരുന്നു എല്ലാവരും ഇതുവരെ?. എവിടെ ഒളിച്ചിരിക്കുകയായിരുന്നു ഈ വഴി നിറഞ്ഞു പോകുന്ന സുന്ദരികളെല്ലാം?. ജനമൊഴുകുകയാണ്‌. ജനമല്ല, ആയിരം മനസ്സുകളാണ്‌ ഒഴുകുന്നത്‌. അവിടെ അമ്മമാരുടെ, സഹോദരന്മാരുടെ, അച്ഛന്മാരുടെ, സഹോദരിമാരുടെ, സുഹൃത്തുക്കളുടെ, കാമുകന്മാരുടെ, നവ ദമ്പതികളുടെ, മുത്തശ്ശന്മാരുടെ, മുത്തശ്ശിമാരുടെ എന്നു വേണ്ട, ജീവിതങ്ങൾ നിരന്നു നടന്നു പോകുകയാണ്‌. ചുറ്റും ഉത്സവ ഗാനങ്ങളും, പലഹാരങ്ങളുടെ ഗന്ധങ്ങളും, പല നിറത്തിലുള്ള അലങ്കാര ദീപങ്ങളും.. എന്റെ ഞരമ്പുകൾ ഉത്സവ ലഹരിയിൽ നിറഞ്ഞു. പക്ഷെ ചന്ദ്രന്റെയുള്ളിൽ പ്രണയത്തിന്റെ ലഹരി നിൽക്കുന്നത്‌ അവന്റെ കണ്ണുകൾ വിളിച്ചു പറഞ്ഞു. വള കടകളിലാണ്‌ അവന്റെ കണ്ണുകൾ. സ്ത്രീകൾക്ക്‌ അവിടം ഒരു പറുദീസ തന്നെ. പ്രത്യേകിച്ച്‌ കൗമാരപ്രായക്കാർക്ക്‌. വളകളും, ചാന്ത്‌ പൊട്ട്‌, റിബ്ബണുകൾ, പല നിറത്തിലും, രൂപത്തിലുമുള്ള കമ്മലുകൾ. നിറങ്ങളുടെ ഉത്സവം. അവനനെന്റെ കൈ പിടിച്ച്‌ വലിച്ചു കൊണ്ട്‌ പലയിടത്തും പോയി. മാധവിയേ തിരഞ്ഞുള്ള നടത്തമാണ്‌. യുഗങ്ങൾ നമ്മൾ നടന്നു കാണും. ഒടുവിൽ മാധവിയെ കണ്ടെത്തി. അവളുടെ കണ്ണുകളും അവനെ തിരഞ്ഞു ക്ഷീണിച്ചിട്ടുണ്ടാകും. പ്രകാശം നിറഞ്ഞ, നിറങ്ങൾ നിറഞ്ഞ, ഒരു വള കടയ്ക്കുള്ളിൽ അവളും സംഘവും നിൽക്കുന്നു.

വളകൾ മാത്രമല്ല ആ കടയിലെ ഉജ്ജ്വലപ്രകാശത്തിൽ ജ്വലിക്കുന്നത്‌. അവിടെ കൂടിയിരിക്കുന്ന കൗമാരങ്ങളും ജ്വലിക്കുകയാണ്‌. ഇപ്പോൾ സൗന്ദര്യം മാത്രമാണ്‌ കടയ്ക്കുള്ളിൽ നിറഞ്ഞു നിൽക്കുന്നത്‌. ഗ്രാമത്തിന്റെ കൗമാര സൗന്ദര്യം. ചന്ദ്രൻ ആർക്കോ വേണ്ടി എന്തോ തിരഞ്ഞു വന്നതു പോലെ അവിടമൊക്കെ നോക്കി നടന്നു. തൊട്ടു പിന്നിലായി ഞാനും. ചുവന്ന വളകൾ ഇരിക്കുന്നിടം കണ്ടയുടൻ അവനാ വശത്തേക്ക്‌ നടന്നു. മാധവിയും കൂട്ടുകാരികളും മാലകൾ നോക്കുന്ന തിരക്കിലാണ്‌. വള വാങ്ങാൻ തീരുമാനിച്ചത്‌ നന്നായി. ഞാൻ ആശ്വസിച്ചു. മാലയായിരുന്നെങ്കിൽ കൂടുതൽ തല പുകയ്ക്കേണ്ടി വരുമായിരുന്നു. അവളുടെ കൈത്തണ്ടയിലേക്കാണവന്റെ നോട്ടം. അവൾ നമ്മളെ കാണാത്ത ഭാവത്തിലാണ്‌ നിൽക്കുന്നത്‌. അവൻ ഏതാണ്ട്‌ എട്ട്‌ വളകൾ എടുത്തു. എട്ട്‌ ചുവന്ന കുപ്പിവളകൾ. അവനെടുത്ത വളകൾ കണ്ടപ്പോൾ എനിക്കൂ തോന്നി അതവളുടെ കൈകൾക്ക്‌ പാകമാകുമെന്ന്. ഒരു സംശയമേയുള്ളൂ - അവൾക്ക്‌ കുപ്പിവളകൾ ഇഷ്ടമാകുമോ? ഞാനാ സംശയം മനസ്സിൽ തന്നെ ചുരുട്ടി ഒതുക്കി വെച്ചതേയുള്ളൂ. ഈ അവസാന നിമിഷം എന്തിനൊരു ബുദ്ധിപൂർവ്വമായ ചോദ്യം ചോദിച്ച്‌ അവനെ കുഴപ്പിക്കണം? വളയെല്ലാം ഒന്നല്ലേ. എല്ലാം കൈയിൽ ഒരു ഭംഗിക്കണിയാൻ മാത്രമുള്ളവ. കുറച്ച്‌ നാൾ അണിയണം പിന്നീട്‌ ഫാഷൻ മാറുമ്പോൾ മറ്റൊന്ന്. പക്ഷെ ഇവിടെ ഫാഷനല്ലല്ലോ പ്രധാനം. ഇതവന്റെ സമ്മാനമാണ്‌. അവന്റെ ഹൃദയമാണ്‌. അവന്റെ സന്തോഷവും പ്രണയവുമാണ്‌. വളകളുടെ രൂപത്തിൽ ഇരിക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. വളകളെല്ലാം ചൂണ്ടുവിരലിനും, തള്ളവിരലിനുമിടയിൽ തൂക്കി പിടിച്ച്‌ അവൻ ബൾബിനു നേരെയുയർത്തി. അതിന്റെ സൗന്ദര്യം പരിശോധിക്കുന്നത്‌ പോലെ. അവന്റെ മുഖത്ത്‌ ആ വളകളുടെ ചുവന്ന നിറം നിറഞ്ഞു.
'ഓ.. അവനത്‌ അവളെ ഉയത്തി കാണിച്ചതാണ്‌! ഞാനെന്തൊരു മണ്ടൻ!'. അവൾ പ്രേമപൂർവ്വം അവനെ നോക്കുന്നുമുണ്ട്‌. എങ്ങനെയാണവൾ മറ്റാരുടേയും ശ്രദ്ധയിൽപ്പെടാതെ അവനെ നോക്കുന്നത്‌? അതൊരു വിദഗ്ദ്ധമായ കഴിവ്‌ തന്നെ. അല്ല, അതൊരു കലയാണ്‌.
'അവൾക്കിഷ്ടമായി'. അവനടക്കം നിറഞ്ഞ ശബ്ദത്തിൽ എന്നോട്‌ പറഞ്ഞു.
'ഉം.. ഞാൻ കണ്ടു'
'നീ അതൊന്നും കാണണ്ടാ..' എന്നു പറഞ്ഞു ചിരിച്ച്‌ കൊണ്ട്‌ അവനതിന്റെ പണം കൊടുത്തിറങ്ങി.
ഉത്സവപ്പറമ്പിലേക്ക്‌ നടക്കുമ്പോൾ ഞാൻ ചോദിച്ചു, 'ഇതെപ്പോൾ കൊടുക്കാനാണ്‌ നിന്റെ പ്ലാൻ?'
'അതു ഞാൻ കണ്ടു വെച്ചിടുണ്ട്‌. കൊടുത്തിട്ട്‌ പറയാം'
അതവന്റെ രഹസ്യം. അവൻ പിന്നീട്‌ അറിയിക്കും. അതു വരെ അതു രഹസ്യമായി തന്നെയിരിക്കട്ടെ.

നൃത്തമായിരുന്നു അന്നത്തെ പ്രാധാന പരിപാടി. അതു ഏതാണ്ട്‌ തീരാറായപ്പോൾ നമ്മൾ കടവിൽ വന്നു നിന്നു. തിരിച്ചു പോകും നേരം, അവൾ കയറുമ്പോൾ തന്നെ കയറണം. അതാണ്‌ പദ്ധതി. ചെറുതായി മഴ ചാറി തുടങ്ങിയിരിക്കുന്നു. ആൾക്കാർ വേഗത്തിൽ വന്നു തുടങ്ങി. കൂട്ടത്തിൽ മാധവിയെ കണ്ടുപിടിക്കുവാൻ കുറച്ച്‌ പ്രയാസപ്പെട്ടു.
'വേഗം, വേഗം! മഴ വരുന്നു' ചിലർ തിരക്കു കൂട്ടി.
വള്ളത്തിൽ അവൾ കയറുന്നത്‌ കണ്ടു നമ്മൾ രണ്ടു പേരും തിരക്കിട്ട്‌ കയറി. നിലാവ്‌ അവളുടെ ചുവന്ന പട്ടു പാവാടയ്ക്ക്‌ ഒരു പ്രത്യേക കടും വർണ്ണം സമ്മാനിച്ചിരിക്കുന്നു. അവളൊരു ദേവിയേ പോലിരിക്കുന്നു. കാതിലെ സ്വർണ്ണ ജിമിക്കി തിളങ്ങുന്നത്‌ വ്യകതമായി കാണാം. അവൻ അവളെ തന്നെ നോക്കിയിരുന്നു. ഇപ്പോൾ അവനും അവളും മാത്രം ആ തോണിയിൽ സഞ്ചരിക്കുകയാവും. അവരുടെ മാത്രം തോണിയിൽ, അവരുടെ മാത്രം ലോകത്തിൽ, അകലെയെവിടേക്കോ ഒഴുകി പോവുകയാണ്‌. തോണിയിൽ സഞ്ചരിക്കുന്ന മറ്റുള്ളവർ അപ്രത്യക്ഷരായിരിക്കുന്നു. വള്ളക്കാരനുമില്ല, മറ്റു യാത്രക്കാരുമില്ല.
വള്ളം മെല്ലെ ആടി ആടി മുന്നോട്ട്‌ യാത്ര ആരംഭിച്ചു.
'നാശം..മഴ തുടങ്ങി' ആരോ അരിശത്തോടെ വിളിച്ചു പറഞ്ഞത്‌ ഞാൻ കേട്ടു. മഴ വളരെ പെട്ടെന്ന് ശക്തമായി പെയ്തു തുടങ്ങി. ആരോ മുകളിൽ നിന്ന് വെള്ളം കൊരിയൊഴിച്ച പോലെ. വസ്ത്രമെല്ലാം ഏതാണ്ട്‌ മുഴുവനായി നനഞ്ഞ്‌ കഴിഞ്ഞു.
ചിലർ സ്വയം ശപിക്കുന്നത്‌ കേട്ടു.
'ഏതു സമയത്താണോ വരാൻ തോന്നിയത്‌'
'ശെ, കുടയെടുക്കണമെന്ന് വിചാരിച്ചതാ...'
'ഞാൻ പറഞ്ഞില്ലേ ഇന്നു മഴ പെയ്യുമെന്ന്? നീയല്ലേ നിർബന്ധം പിടിച്ചത്‌?' ചിലർ വീട്ടിൽ തുടങ്ങി വെച്ച വാക്കു തർക്കം പുനരാരംഭിച്ചു.
അനോന്യം കാണുവാൻ കൂടി ബുദ്ധിമുട്ടായിരിക്കുന്നു. അത്രയ്ക്കും ശക്തിയിലാണിപ്പോൾ മഴ പെയ്തിറങ്ങുന്നത്‌. ആരൊക്കെയോ എഴുന്നേറ്റ്‌ നിന്നെന്നു തോന്നുന്നു. വള്ളക്കാരൻ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്‌. വള്ളം ഒന്നുലഞ്ഞ പോലെ. എന്റെ പെരു വിരലിൽ കൂടി ഭയം ഇരച്ചു കയറി. വള്ളം മറിഞ്ഞാൽ എന്താകും? ഭയം കാരണം എനിക്കത്‌ ആരോടും ചോദിക്കുവാൻ തോന്നിയില്ല. നീന്തൽ പഠിക്കാത്തതിൽ ഞാൻ സ്വയം ശപിച്ചു. ഞാൻ ചന്ദ്രന്റെ കൈയിൽ മുറുക്കെ പിടിച്ചു. അവനും എന്റെ അതേ അവസ്ഥയിലാണ്‌. അവനും നീന്തലറിയില്ല.
എത്ര വട്ടം പഠിക്കാൻ തുടങ്ങിയതാണ്‌. ഇനി ഈശ്വരൻ മാത്രമാണ്‌ തുണ.
ആരോ 'നാരായണ നാരായണ' എന്നുച്ചത്തിൽ പ്രാർത്ഥിക്കുന്നത്‌ കേട്ടു. വള്ളക്കാരന്റെ ശബ്ദത്തെ തോൽപ്പിച്ചു കൊണ്ട്‌ മഴയുടെ കൂടെ തണുത്ത കാറ്റും ശക്തിയായി വീശിയടിച്ചു. ഇടതും വലതും രണ്ടു വട്ടം വള്ളം ഉലഞ്ഞു. അവിടവിടെ നിലവിളികളുയർന്നു. ചിലർ സ്ഥാനം മാറിയിരിക്കുവാൻ ഒരു ശ്രമം നടത്തി. പെട്ടെന്നാണത്‌ സംഭവിച്ചത്‌ വള്ളം ഒന്നുലഞ്ഞ ശേഷം ഇടതു ഭാഗത്തേക്ക്‌ ഒന്നോടെ മറിഞ്ഞു. പ്രളയത്തിൽ പെട്ടതു പോലെ. ഭയം കാരണം നിലവിളിക്കുവാൻ കൂടി കഴിഞ്ഞില്ല. ഞാൻ കൈയ്യും കാലുമിട്ടടിച്ചു. ചന്ദ്രനെവിടെ? മാധവിയെവിടെ?. എനിക്കു ചുറ്റും പ്രാണൻ കിടന്നു പിടയുന്നു. കടവിനപ്പുറത്തു നിന്നും നിലവിളികളുയർന്നു. ചിലരൊക്കെ വെള്ളത്തിലേക്കെടുത്ത്‌ ചാടി. എനിക്കു ചുറ്റും വെള്ളം. വെള്ളം മാത്രം. രണ്ടു മൂന്നു വട്ടം മുഴുവനായി ഉയർന്നു താണു. ദിക്കും ദിശയും നഷ്ടമായി. കരയെവിടെ? ഉയർന്നു പൊങ്ങുമ്പോൾ ആറ്റു വെള്ളത്തോടൊപ്പം ഇരുട്ടും കണ്ണിൽ നിറഞ്ഞു. 'ചന്ദ്രാ..' ഞാൻ സർവ്വശക്തിയുമെടുത്ത്‌ വിളിച്ചു. പ്രപഞ്ചം അവസാനിക്കുവാൻ പോകുന്നു. കാലുകൾ കുഴഞ്ഞു തുടങ്ങിയിരിക്കുന്നു. എന്റെ നെഞ്ചിൽ ശ്വാസം കിടന്നു പിടച്ചു. താണു പോകും വഴി എന്റെ തലമുടി പറിഞ്ഞു പോകും പോലെ അനുഭവപ്പെട്ടു. ഞാനുയരുകയാണ്‌. ആരുടേയോ കൈപ്പത്തിക്കുള്ളിലാണെന്റെ തലമുടി മുഴുവനും. പിന്നീടൊന്നും ഓർക്കാൻ കഴിയുന്നില്ല. എന്റെ തലയ്ക്കുള്ളിലെ കള്ളികൾ ശൂന്യമായി തുടങ്ങിയിരിക്കുന്നു.. എന്റെ ബോധം മറഞ്ഞു.

ഉണർന്നു വരുമ്പോൾ ചുറ്റും നിലവിളികളായിരുന്നു. തല ചെരിച്ചു നോക്കുമ്പോൾ ചുറ്റും ചരലുകൾ. അതിനു മുകളിൽ കൂടി വെള്ളത്തിൽ കുതിർന്ന കാൽപ്പാദങ്ങൾ അങ്ങോടുമിങ്ങോട്ടും ഓടുന്നു. ആരോക്കെയോ എന്റെ വയറ്റിൽ അമർത്തുന്നു, കവിളിലടിക്കുന്നു..
'പൊക്ക്‌' പരിഭ്രാന്തി കലർന്ന ഒരു ശബ്ദം.
ഞാൻ വായുവിലുയർന്നു. എന്റെ കൈകളും കാലുകളും ആരുടെയോ കൈകളിലാണ്‌. എനിക്കെന്റെ മുണ്ട്‌ നഷ്ടമായിരിക്കുന്നു. അവർ.. എന്നെ എടുത്തുയർത്തിയവർ.. അവർ എന്നെയും കൊണ്ടോടുകയാണ്‌.
'ഞാനെവിടെ?..' ചോദിക്കുമ്പോഴേക്കും എന്റെ നാവു കുഴഞ്ഞു. വീണ്ടും ബോധം മറഞ്ഞു. കണ്ണുകൾക്ക്‌ ചുറ്റും ഇരുട്ട്‌ വന്ന് ഒരു തിരശ്ശീല സൃഷ്ടിച്ചു.

ഉണർന്ന് കുറച്ചു കഴിഞ്ഞു മറ്റു ചിലർ പറഞ്ഞ്‌ ഞാൻ സത്യം മനസ്സിലാക്കി. ചന്ദ്രനെ എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു. എന്നെന്നേക്കുമായി. ഈ പ്രപഞ്ചത്തിൽ ഇനി അവനില്ല. എന്റെ കൂടെ സായഹ്നങ്ങളിൽ സന്തോഷം നിറയ്ക്കാൻ അവനില്ല. മാധവിയുടെ കൈകളിലണിയാൻ അവൻ വാങ്ങിയ ആ ചുവന്ന കുപ്പി വളകൾ..അതു ആറ്റിനടിയിൽ എന്നന്നേയ്ക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. എനിക്കും, അവനും മാധവിക്കും മാത്രമറിയാവുന്ന ആ രഹസ്യ സമ്മാനം മറഞ്ഞു പോയിരിക്കുന്നു. മാധവിയുമൊത്തവൻ പാർക്കുമ്പോൾ, മുറ്റത്തിരുന്ന് മുറുക്കാൻ ചവയ്ക്കുന്ന ചിത്രം എനിക്കെന്നേയ്ക്കുമായി മാഞ്ഞു പോയിരിക്കുന്നു. എണ്ണ മിനുപ്പുള്ള ചുരുളൻ മുടി നെറ്റിയിൽ വീഴുമ്പോൾ അവൻ കൈ കൊണ്ട്‌ കോതിയൊതുക്കുമായിരുന്നു. അവൻ ചിരിക്കുന്നതെനിക്കു കാണാം. ഞാൻ കിടക്കയിലേക്ക്‌ ചാഞ്ഞു..ഞാൻ തളർന്നിരിക്കുന്നു..

അശോകൻ ചാഞ്ചാടിക്കൊണ്ടിരുന്ന വള്ളത്തിനടുത്തേക്ക്‌ നടന്നു.
'എടാ, നീ എന്താടാ എന്റെ കൈയിലെ പിടി വിട്ടത്‌?' ഇന്നും അവനെന്നോട്‌ ചോദിച്ചു കൊണ്ടിരിക്കുന്നതെനിക്ക്‌ കേൾക്കാം. എങ്കിലും അവന്റെ സ്വരത്തിൽ എന്നോടൊരു ഈർഷ്യവുമില്ല. പെട്രോ മാക്സിന്റെ വെളിച്ചത്തിൽ അവന്റെ പ്രേമം നിറഞ്ഞ മുഖം. ആകാംക്ഷയോടെ അവൻ നിറഞ്ഞ വെളിച്ചത്തിൽ കാത്തു നിൽക്കുന്നതെനിക്കിപ്പോഴും കാണാം. വളക്കടയിൽ വെച്ച്‌ അന്ന് അവൻ വിരലുകളിൽ ഉയർത്തിയ ചുവന്ന വളകൾ. അതവന്റെ മുഖത്ത്‌ വരച്ച ചുവന്ന നിറം. എനിക്കിപ്പോഴും അതെല്ലാം കാണാൻ കഴിയുന്നുണ്ട്‌. എന്റെ കൈ പിടിച്ചവൻ വള കടയിലേക്ക്‌ ഓടിയത്‌. വള്ളത്തിൽ വെച്ച്‌ എപ്പോഴാണ്‌ അവന്റെ കൈ എന്റെ കൈക്കുളിൽ നിന്നനകന്ന് പോയത്‌?..
'എന്തിനാടാ നീ പോയത്‌?' അശോകൻ ഇരുട്ടിലേക്ക്‌ നോക്കി ഉറക്കെ ചോദിച്ചു. കണ്ണുകൾ നിറഞ്ഞതു കൊണ്ട്‌ അയാൾക്ക്‌ ഒന്നും തന്നെ കാണുവാൻ കഴിയുന്നുണ്ടായിരുന്നില്ല. കാഴ്ച്ച കണ്ണുനീരിൽ അലിഞ്ഞു പോയിരിക്കുന്നു.

പുതിയ പാലം വന്നതും, കടത്ത്‌ ആരുമറിയാതെ നിന്നു പോയതും, മാധവിയുടെ വിവാഹം ആർമിയിലെ ഒരു ഉദ്യോഗസ്ഥനുമായി കഴിഞ്ഞതും, എല്ലാം അവനോട്‌ രാത്രികളിൽ ഇവിടെ വന്നു പറയാറുണ്ട്‌. അവനതെല്ലാമറിയുന്നുണ്ടാകും. അവൻ എല്ലാം ചിരിച്ചു കൊണ്ട്‌ കേൾക്കുന്നുണ്ടാകും. അവൻ ഒരിക്കൽ പോലും കരഞ്ഞു ഞാൻ കണ്ടിട്ടില്ല. അവനു കരയാൻ അറിയില്ലായിരുന്നു. ആ പതിനേഴുകാരൻ ഇപ്പോഴും എന്റെ സുഹൃത്താണ്‌. ആരൊക്കെ അവനെ മറന്നാലും, എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത എന്റെ ഉറ്റ സുഹൃത്ത്‌. മാധവിയും അവനും എന്തു ചേർച്ചയായിരുന്നു. ശരിക്കും അവൾ അവന്റേതായിരുന്നു. അവൾ പെട്രോ മാക്സിന്റെ വെളിച്ചതിൽ നടന്നു പോകുമ്പോൾ തിരിഞ്ഞു നോക്കിയത്‌ ഞാൻ കണ്ടതല്ലേ? അവൾക്ക്‌ അവനും, അവനു അവളും. അവരായിരുന്നു ഒന്നാകേണ്ടിയിരുന്നത്‌.

മഴ ചെറുതായി ചാറി തുടങ്ങിയിരിക്കുന്നു.
'എടാ, നിന്നോട്‌ മാത്രമായി സംസാരിക്കാൻ ഞാൻ വീണ്ടും വന്നിരിക്കുന്നെടാ'
അശോകൻ എന്തൊക്കെയോ അവന്റെ മാത്രം ചന്ദ്രനോട്‌ പറഞ്ഞു കൊണ്ടിരുന്നു. മഴത്തുള്ളികൾ അയാളുടെ നെറ്റിയിൽ വീണു തുടങ്ങിയിരുന്നു.
അപ്പോഴും..അയാളറിയാതെ ഒരു മിന്നാമിനുങ്ങ്‌ അയാളുടെ തോളിലിരുന്ന് പ്രകാശിക്കുന്നുണ്ടായിരുന്നു..

12,194

Post a Comment

37 comments:

  1. നല്ല കഥ,
    ഇഷ്ടപ്പെട്ടു.....

    ReplyDelete
  2. വല്ലാതെ മനസിനെ തൊട്ടുണര്‍ത്തിയ കഥ
    അശോകനും, ചന്ദ്രനും,വെള്ളത്തിലാഴ്ന്നിറങ്ങിയ കുപ്പി വളകളും
    ഒരു നല്ല സൌഹൃദവും മധുരമുള്ള പ്രണയവും ഒത്തിരി നോവുകളും സമ്മാനിച്ചു .
    കഥയ്ക്ക് എന്റെ വക തൊനൂറ്റി എട്ടു മാര്‍ക്ക് ഞാനിട്ടു
    ഇനിയും എഴുതുക പുതിയ പോസ്റ്റിനു ലിങ്കും അയക്കുക

    ReplyDelete
  3. നല്ലൊരു പ്രണയ കഥ.. ഇന്നും ചന്ദ്രനോട് മാധവിയുടെ കഥകളുമായി സല്ലാപം നടത്തുന്ന അശോകന്‍... സൌഹൃതത്തിനു അതിര്‍വരമ്പുകളില്ല എന്ന് വിളിച്ചോതുന്നു. ആശംസകളോടെ

    ReplyDelete
  4. നന്നായിരിക്കുന്നു,പഴയ കടവും,പുഴയും,ഉത്സവവും,മാധവിയും,സുന്ദരികളും,ചന്ദ്രനും,മഴയും തിരക്കും..
    ഒടുവില്‍ അശോകന്റെ വേദനയും,മിന്നാമിനുങ്ങിന്റെ വെളിച്ചവും..തങ്ങി നില്‍ക്കുന്നു..നല്ല കഥ..

    ReplyDelete
  5. നല്ല കഥ,ആശംസക

    ReplyDelete
  6. അല്പം നീളക്കൂടുതല്‍ ഉണ്ടെന്നു തോന്നിയെങ്കിലും നന്നായി എഴുതിയിരിക്കുന്നു...
    ഈ മെയ്‌ വഴക്കം ചോര്‍ന്നു പോകാതിരിക്കട്ടെ!
    ആശംസകള്‍

    ReplyDelete
  7. ohhh pranayathinte oru sagarathil neenthikalichathupole oru annubhavam kalaki ketto ente ella aashamsakalum.........

    ReplyDelete
  8. nannaayirikkunnu..alpam churukkaamayirunnu.

    ReplyDelete
  9. അന്യ്‌ നാട്ടില്‍ ജീവിക്കുന്നതു കൊണ്ടായിരിക്കും, നാടിനേയും വാടന്‍ കാഴ്ചകളെയും ഇത്ര നന്നായി ഓര്‍ക്കാനും അത്‌ പകര്‍ത്താനും കഴിയുന്നത്‌, അല്ലേ? ഭാഷയ്ക്ക്‌ കുറച്ചു കൂടി ഒതുക്കം വരുത്താന്‍ ശ്രമിക്കുക. ആശംസകള്‍.

    ReplyDelete
  10. പ്രണയകഥ അല്ല , സൌഹൃദത്തിന്റെ കഥ ആണ് ഇത് , വര്‍ഷങ്ങള്‍ക്കു മുമ്പേ പൊലിഞ്ഞു പോയ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും അവനില്‍ തങ്ങി നില്‍ക്കുന്നു , അവന്‍ ഈ ലോകത്ത് ഇല്ലെങ്കിലും അവര്‍ ഇപ്പോഴും സുഹൃത്തുക്കള്‍ ആയി തന്നെ നില്‍ക്കുന്നു

    ReplyDelete
  11. സുന്ദരമായ പ്രണയകഥ, ഗ്രാമത്തിലേക്കൊരു യാത്ര പോയതുപോലെ തോന്നി.

    ReplyDelete
  12. ദൈവമേ!
    മനോഹരമായ കഥ! വളരെ ഇഷ്ടപ്പെട്ടു!
    (ഞാൻ വള്ളം യാത്ര തീമായ ഒരു കഥ പകുതിയാക്കി ഡ്രാഫ്റ്റിൽ ഇട്ടിരിക്കുന്നു! അതിനി പിന്നീട് മുഴുമിക്കാം!)

    ReplyDelete
  13. വളരെ മനോഹരമായ ഒരു സുഹൃത്ബന്ധത്തിന്റെ കഥ, തീവ്രമായ രചനയിലൂടെ....

    അവധിക്കാലത്ത്‌ കസിന്‍സ് എല്ലാമായി രാത്രിയില്‍ പുഴയിലൂടെ വഞ്ചിയില്‍ അങ്ങ് ദൂരെയുള്ള അപ്പച്ചിയുടെ വീട്ടിലേക്കുള്ള യാത്രാ ഓര്‍മപ്പെടുത്തി ഈ കഥ!പാട്ടും ബഹളവും ഒക്കെയായുള്ള ആ യാത്ര ഹൃദയത്തിന്റെ കോണില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്നു ഇപ്പോഴും....

    ReplyDelete
  14. കഥ നന്നായിരിക്കുന്നു. പ്രണയവും സൌഹൃദവും നിഴലും നിലാവും ഉത്സവവും കുപ്പിവളകളും വഞ്ചിയും എല്ലാം കൂടി നല്ലൊരു മൂഡ് സൃഷ്ടിച്ചിരിക്കുന്നു..

    ReplyDelete
  15. എത്ര ആവർത്തിച്ചാലും മടുക്കാത്ത ഒന്നേ ലോകത്തുള്ളൂ , അത് പ്രണയമാണ് എന്ന് പറഞ്ഞത് എം.ടി. അല്ലേ? പ്രണയം വിഷയമാകുമ്പോൾ നമ്മുടെ ഭാഷ്യ്ക്ക് അറിയാതെ നീളം കൂടിപ്പോവും. പ്രണയം എഴുമ്പോൾ സ്വയം നിയന്ത്രിക്കാൻ ഇത്തിരി പ്രയാസമാണ് വായിക്കുമ്പോഴും. പ്രണയം എഴുതുമ്പോൾ എങ്ങനെ അകാല്പനികമാക്കാം എന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്, ആഗ്രഹിക്കാറുണ്ട്. കഥ നന്നായി.

    ReplyDelete
  16. പ്രണയം വഴിഞൊഴുകുന്ന ലളിതമായ ശൈലി ,വളരെ ഇഷ്ടമായി ,
    ഇനിയും കാണാം ..

    ReplyDelete
  17. നല്ലൊരു പ്രണയ (സുഹൃത്ബന്ധത്തിന്റെ കഥ) കഥ.
    നന്നായിരിക്കുന്നു.

    ReplyDelete
  18. കഥ നന്നായിരിക്കുന്നു...
    പ്രണയാനുഭവങ്ങള്‍ നന്നായി അവതരിപ്പിച്ചു.
    എഴുത്ത് തുടരുക. ആശംസകള്‍!

    ReplyDelete
  19. അതിമനോഹരം

    ആശംസകള്‍

    ReplyDelete
  20. വളരെ സുന്ദരമായി പറഞ്ഞിരിക്കുന്നീ പ്രണയത്തിന്റെ പകർപ്പുകൾ..
    എനിക്കിഷ്ട്ടപ്പെട്ടു...

    ReplyDelete
  21. നല്ല കഥനം..ചടുലമായി പറഞ്ഞിരിക്കുന്നു,സ്വല്പം ദൈര്‍ഘ്യമേറിയെന്നാലും വായനാസുഖം തരുന്നു..ആശംസകള്‍.

    ReplyDelete
  22. അശോകന്റെ ഓര്‍മ്മകളിലൂടെ പരന്നൊഴുകിയ സഹൃദത്തിന്റെ തീവ്രത സുഹൃത്ത്‌ ചന്ദ്രന്റെ പ്രണയത്തിലൂടെ അവതരിപ്പിച്ചപ്പോള്‍ മനസ്സില്‍ നിറഞ്ഞത് പുഴയും കടത്തും മാറി പാലം വന്നതും അമ്പലപ്പറമ്പിലെ തിരക്കുകളില്‍ അലിഞ്ഞ് പെട്രോമാക്സ് വെളിച്ചത്തില്‍ ഒഴുകി നടന്നത് അങ്ങിനെ അങ്ങിനെ എന്തെല്ലാം കാഴ്ചകള്‍...ചന്ദ്രന്‍ മാധവിയെ അമ്പലത്തില്‍ വെച്ച് കാണുമ്പോള്‍ ഉണ്ടാകുന്ന കാഴ്ച പറഞ്ഞത്‌ മനസ്സില്‍ മായാതെ കയറി. പെട്രോമാക്സും മാറ്റ് കാഴ്ചകളും മാഞ്ഞ് മാധവിമാത്രമാകുന്നത് പിന്നീട് എല്ലാ കാഴ്ച്ചകുളും തിരിച്ചു വരുന്നത് പറഞ്ഞ ഭാഗം നന്നായി ഇഷ്ടപ്പെട്ടു.
    അല്പം നീലക്കൊടുതല്‍ തോന്നിയെങ്കിലും ഇഷ്ടായി.

    ReplyDelete
  23. കഥ കൊള്ളാം..
    കുറച്ചുകൂടി അടുക്കി ഒതുക്കി,ചെറിയ ഖണ്ഡികളാക്കിയാൽ നന്നായിരിക്കുമെന്നു തോന്നുന്നു...
    ആശംസകൾ...

    ReplyDelete
  24. ഉല്‍സവപ്പറമ്പിലെ കാഴ്ചകളും അവരുടെ പ്രണയവും വിവരിച്ചത് അതിമനോഹരമായിരിക്കുന്നു.
    കഥയുടെ നീളം കണ്ടപ്പോള്‍ ഇന്നലെ വന്നു മടങ്ങിയതായിരുന്നു, ഇന്ന് എല്ലാം വായിച്ചു.
    നല്ല കഥ, ആശംസകള്‍.

    ReplyDelete
  25. ഇഷ്ടപ്പെട്ടു.....

    ReplyDelete
  26. മനോഹരമായി പറഞ്ഞു. വായിക്കുമ്പോള്‍ പഴയ കാലത്തേക്ക് പോകാത്തവര്‍ ഉണ്ടാവില്ല.

    ReplyDelete
  27. നല്ലൊരു വായനാനുഭവം.അഭിനന്ദനങ്ങൾ

    ReplyDelete
  28. നല്ല കഥ... പ്രണയത്തിനിടയിലെ മൂന്നാമനായി കഥ പറഞ്ഞത് വളരെ നന്നായി. എന്റെ അവസാനത്തെ പോസ്റ്റിലെ ചില വരികള്‍ക്ക് ഇതിലെ വരികളുമായി സാമ്യമുണ്ട്. ഉല്‍സവത്തെ പറ്റി പറയുംബോള്‍ വളക്കടകളേയും, തരുണീമണികളേയും പറ്റി പറയാതിരുന്നാല്‍ എങ്ങിനെയാ.. അല്ലേ..?

    ReplyDelete
  29. പ്രണയം നമ്മെ എല്ലാ അര്‍ത്ഥത്തിലും വാചാലനാക്കുന്നു.

    ReplyDelete
  30. നല്ല ഒരു പ്രണയ കഥ .... ആഖ്യാന ശൈലീ വളരെ ഇഷ്ടമായി ........ആശംസകള്‍

    ReplyDelete
  31. ആശംസകൾ ഒരിക്കൽ കൂടി .

    ReplyDelete