Please use Firefox Browser for a good reading experience

Thursday, 2 December 2010

അതു വരെ..

നിനക്കായി ഞാൻ പ്രാർത്ഥിക്കാം.

ഇരുണ്ട, എണ്ണമെഴുക്കുള്ള വാതിലിനു പിന്നിൽ,
ഇരുട്ടിൽ, വെങ്കല വിളക്കുകൾക്ക് പിന്നിൽ,
മണിയൊച്ചകൾ മാറി നില്ക്കും നേരം,
ബന്ധനസ്ഥനായ നിനക്കായി പ്രാർത്ഥിക്കാം.

നീ ഇരുട്ടിലാണെന്നറിയാതെ,
ഞാൻ ഇരുട്ടിലിരുന്ന് പ്രാർത്ഥിച്ചതെല്ലാം,
നീ കേട്ടിട്ടുണ്ടാവാം.
നിനക്ക് ഞാൻ വിളക്കും വെളിച്ചവും നല്കാം.
നിനക്ക് ഞാൻ പുറത്തേക്കുള്ള വഴി കാട്ടി തരാം.
നിനക്ക് അതിർത്തികളില്ലാത്ത ലോകത്തേക്കെന്റെ ക്ഷണം.
നിനക്കപ്പോൾ എന്റെ പ്രാർത്ഥന കേൾക്കുവാൻ കഴിയും.

പക്ഷെ, അപ്പോൾ ഞാൻ പ്രാർത്ഥിക്കുകയില്ല..
നിന്റെ വലതു കൈ എന്റെ തോളിലും,
എന്റെ ഇടതു കൈ നിന്റെ തോളിലുമുണ്ടാവും.

കാല്പ്പാടുകളൂണ്ടാക്കാതെ നമുക്ക് നടന്നു പോകാം.
കടൽത്തീരത്ത് കൂടി,
തിരകൾക്കു മുകളിൽ കൂടി,
മഞ്ഞുറഞ്ഞ പർവ്വതങ്ങൾക്ക് മുകളിൽ കൂടി,

മഴ കാത്തു നില്ക്കും മരുഭൂമികളിൽ
നീ മഴ പെയ്യിക്കണം.
വളക്കൂറുള്ള മണ്ണിൽ,
നീ തിരഞ്ഞെടുത്ത വിത്തുകൾ വിതറണം.
ആയിരം മത്സങ്ങൾക്കൊപ്പം നീന്തണം.
നീന്തലറിയാത്ത എന്നെ നിന്റെ ചുമലിലേറ്റണം.

തണുപ്പിൽ നീ കമ്പിളിയായും,
ഇരുട്ടിൽ പ്രകാശമായും,
വെയിലിൽ മഴയായും നീ മാറണം.

ഒരു രഹസ്യം..
നീയെനിക്ക് നീല നിറമുള്ള പർവ്വതങ്ങളിൽ,
ആ പുണ്യാത്മാക്കളുടെ ഇരിപ്പടം കാട്ടിത്തരണം.
അവിടെ നമുക്കൊന്നിച്ചിരിക്കാം.
അവിടെ വെച്ച്..ഞാൻ നീയായി മാറും.

അതു വരെ..
നിനക്കായി ഞാൻ പ്രാർത്ഥിക്കാം..

11,919

Post a Comment

6 comments:

  1. ‘മഴ കാത്തു നില്ക്കും മരുഭൂമികളിൽ
    നീ മഴ പെയ്യിക്കണം.
    വളക്കൂറുള്ള മണ്ണിൽ,
    നീ തിരഞ്ഞെടുത്ത വിത്തുകൾ വിതറണം.
    ആയിരം മത്സ്യ ങ്ങൾക്കൊപ്പം നീന്തണം.
    നീന്തലറിയാത്ത എന്നെ നിന്റെ ചുമലിലേറ്റണം‘


    നല്ല വരീകൾ ....ആടിയിലെന്താ ഒരു നമ്പർ..?

    ReplyDelete
  2. അതു വരെ..
    നിനക്കായി ഞാൻ പ്രാർത്ഥിക്കാം..
    :)

    ReplyDelete
  3. ബാക്കിയൊക്കെ വായിച്ചു തീര്‍ക്കുകയായിരുന്നു.
    ഇത് നമ്മുടെ സ്വന്തം തട്ടകം പോലെ ആണ്. :)
    ഇതില്‍ എന്താ ഉദ്ധ്ഷിച്ചത് എന്ന് മനസ്സിലായില്ലാട്ടോ.

    പിന്നെ എന്താ ഒരു നമ്പര്‍?

    ReplyDelete
  4. ഇതാണ്‌ ഉദ്ദേശിച്ചത്‌:

    ഈശ്വരന്റെയടുത്ത്‌ പ്രാർത്ഥിക്കാൻ ചെന്നപ്പോൾ ഈശ്വരൻ ദേവാലയത്തിൽ അടയ്ക്കപ്പെട്ടതാണ്‌ കണ്ടത്‌. ബന്ധനസ്ഥനായ ഈശ്വരൻ എങ്ങനെ എന്റെ പ്രാർത്ഥന കേൾക്കും?

    അപ്പോൾ ആദ്യത്തെ പടി. ഈശ്വരനെ മോചിപ്പിക്കുക എന്നതാണ്‌!
    അടച്ചിട്ട ഈശ്വരനേക്കാൾ എനിക്കിഷ്ടം 'സ്വതന്ത്രനായ' ഈശ്വരനെയാണ്‌.

    ഇനി പറയുന്നത്‌, സ്വതന്ത്രനായ ഈശ്വരനോട്‌ എനിക്ക്‌ പറയാനുള്ളതാണ്‌. എനിക്ക്‌ ഈശ്വരനെ ഏറ്റവും അടുത്ത ഒരു സുഹൃത്തായി കാണാനാണ്‌ ഇഷ്ടം. അതാണ്‌ ഞാനിനി പ്രാർത്ഥിക്കുകയില്ലയെന്നും, നമുക്ക്‌ തോളിൽ കൈയിട്ട്‌ നടക്കാം എന്നും പറയുന്നത്‌.

    അടുത്തായി പറയുന്നത്‌, എന്റെ ഈശ്വരൻ എന്തൊക്കെ ചെയ്യുന്നതാണെനിക്കിഷ്ടം എന്നതാണ്‌.

    കൂട്ടത്തിൽ എന്റേതു മാത്രമായ ഒരു ആഗ്രഹം ഞാൻ പറയുന്നുണ്ട്‌.
    എനിക്ക്‌ മലമുകളിൽ, പുണ്യാത്മാക്കളിരുന്ന ഗുഹകളിൽ ചെന്നിരുന്ന് തപസ്സ്‌ ചെയ്യണം എന്നതാണത്‌.അവിടെ വെച്ച്‌ ധ്യാനത്തിനൊടുവിൽ, ഞാൻ ഈശ്വരനിൽ ലയിക്കും. അപ്പോൾ ഞാൻ ഈശ്വരനായി മാറും ചെയ്യും.

    അതുവരെ എന്റെ ഈശ്വരനായി ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കും.

    ReplyDelete