Saturday, 21 August 2010

കരിമിഴി പെണ്ണ്‌

അകലെയൊരു ഗ്രാമത്തിനരികിലായൊഴുകും
തെളിനീരുപോലുള്ള അരുവിയുണ്ട്‌.

കുരുവികൾ, കുയിലുകൾ ഒരുമിച്ചിരിക്കും,
മധുരം നിറയുന്ന തേന്മാവുകൾ.

അവിടൊരു കൂരയിൽ സ്വപ്നങ്ങളായിരം,
മിഴികളിൽ നിറച്ചൊരു പെൺകിടാവ്‌.

അവൾക്കായി ദിനമൊരു, താമര പൂവുമായി
വരുമൊരു സുന്ദരൻ അകലെ നിന്നും.

കരിമഷിയെഴുതിയ കൺകോണില്ലെപ്പൊഴും,
കവിതയാണെന്നവൻ കളി പറഞ്ഞു.

മുരളിയിൽ അവനൊരു പാട്ടു പാടുമ്പോൾ,
മയിലിനെപോലവൾ നൃത്തമാടി.

കിളികളും, തുമ്പിയും അവരാരുമറിയാതെ,
അവരുടെ കേളികൾ നോക്കി നിന്നു.

ഒരു നാൾ അവൾക്കായി കാട്ടുതേൻ തേടി,
അവനോ കാട്ടിലേയ്ക്കാത്രയായി.

നാലഞ്ചു നാൾകൾ പിന്നിട്ടുമവനെ,
കാണാതെ പെണ്ണിൻ, മനം പിടഞ്ഞു.

കരിമഷി എഴുതിയാ കണ്ണുകൾ രണ്ടും,
കലങ്ങിയ പൊയ്കപോൽ മാറിയപ്പോൾ

അവളുടെ മുടിയിൽ, ചൂടിയ പൂക്കളൊ,
മണമില്ലാതായെന്നു അവളറിഞ്ഞപ്പോൾ

വരില്ലയാ സുന്ദരൻ ഒരിക്കലും ഇനിയെന്ന്
ചിലരോ കളിയാക്കി ചൊല്ലിയപ്പോൾ

ഇടനെഞ്ചു പൊട്ടുമാറലറിയവൾ കുന്നിൻ
നെറുകിലേക്കൊറ്റയ്ക്ക്‌ പാഞ്ഞുവപ്പോൾ.

നിലാവുള്ള രാത്രിയിൽ, താഴെയൊരു ചെരുവിൽ,
കണ്ടുപോൽ ചിലരൊരു പെണ്ണിന്റെ രൂപം.

കാർമുകിൽ വാനിൽ നിറഞ്ഞു നിന്നു
താഴെ ഗ്രാമം, വായ്‌ പൊത്തി വിറച്ചു നിന്നു..

മഴപെയ്തു മലവെള്ളമൊഴുകി വന്നപ്പോൾ,
ഒലിച്ചു പോയവളുടെ കൂരയും ദൂരെ..

മഴപെയ്തൊഴിഞ്ഞു, വാനം തെളിഞ്ഞു
ഒരു കുടം തേനുമായി അവനെത്തിയപ്പോൾ.

കണ്ടില്ല കൂരയും, കരിമിഴി പെണ്ണും
'കണ്ടുവോ അവളെ' ചോദിച്ചു സുന്ദരൻ..

പാറമേൽ അവളുടെ ചിതറിയ രൂപം,
കണ്ടവർ ചൊല്ലിയാ കാര്യങ്ങളോക്കെയും.

വലിച്ചെറിഞ്ഞൂ അവൻ തേൻ കുടം ദൂരെ,
ഭ്രാന്തനായി കുന്നിന്റെ നെറുകേക്ക്‌ പാഞ്ഞു.

പുഴയിലെ വെള്ളം, നിണമായി മാറി.
അതിലൂടെ ഒഴുകിയവനകലേക്ക്‌ പോയി..

ഇന്നുമാ കുന്നിന്റെ പാറകൾക്കപ്പുറം,
രാത്രിയിൽ കേൾക്കാം, ഒരു വേണു ഗാനം...

ആഗസ്ത്‌ ഇരുപത്തിയൊന്ന് രണ്ടായിരത്തിപത്ത്‌

Post a Comment

9 comments:

 1. വളരെ വളരെ നന്നായിരിക്കുന്നു. സുന്ദരമായ കവിത

  ReplyDelete
 2. കവിതയിലൊളിച്ച കഥ നന്നായെഴുതി...
  കളൂ കിട്ടിയാലേ മൂടല്‍മഞ്ഞുരുകൂ!

  ReplyDelete
 3. മനോഹരമായി കവിത, ലളിതം, സുന്ദരം.

  ReplyDelete
 4. നല്ല ഒഴുക്കും സൗന്ദര്യവുമുള്ള വരികള്‍.

  ReplyDelete
 5. കൊള്ളാം കേട്ടൊ സാബു
  ഒപ്പം
  തിരുവോണാശംസകൾ


  വിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
  അങ്ങകലെയാനാടിന്റെ നന്മകളെപ്പോഴും...
  ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ ,
  മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...

  ചങ്ങലക്കിട്ട ഈ പ്രവാസത്തടവിലും ;
  ചിങ്ങത്തിലെ ആ തിരുവോണമൂണും ,
  തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും,
  മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !

  സസ്നേഹം,
  മുരളീമുകുന്ദൻ.

  ReplyDelete
 6. കവിത വായിക്കാറില്ലെങ്കിലും ഇരുന്നു വായിച്ചു. അതു തന്നെ ധാരാളം,എന്റെ അഭിനന്ദനങ്ങള്‍!

  ReplyDelete
 7. ഇന്നുമാ കുന്നിന്റെ പാറകൾക്കപ്പുറം,
  രാത്രിയിൽ കേൾക്കാം, ഒരു വേണു ഗാനം...

  ReplyDelete
 8. ഇപ്പോഴാണ് ഈ വഴി വരുന്നത്.
  നല്ല കവിത.

  ReplyDelete