Please use Firefox Browser for a good reading experience

Tuesday, 22 March 2022

മണ്ണാങ്കട്ടയും കരിയിലയും


The purpose of our lives is to be happy - Dalai Lama

പഴക്കമേറിയ ആ കെട്ടിടം നിൽക്കുന്നത് താരതമ്യേന വലിയൊരു പറമ്പിലാണ്‌. പറമ്പിനെ പ്രണയപൂർവ്വം ചുറ്റിപിടിച്ചിരിക്കുന്നൊരു കരിങ്കൽമതിലുണ്ട്. മതിലിന്‌ ഇളം പച്ചനിറമാണെന്ന്‌ ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും, കരിങ്കല്ലുകളിൽ ‘വിട്ടുപോകില്ല’ എന്ന മട്ടിൽ അള്ളിപ്പിടിച്ചിരിക്കുന്ന പായലാണ്‌ അങ്ങനെ തോന്നിപ്പിക്കുന്നതെന്ന് സമീപം ചെന്ന് നോക്കിയാലറിയാനാകും. ഇടയ്ക്കിടെ പെയ്തിറങ്ങുന്ന മഴയുടെ കനിവിൽ അവ ആഹ്ലാദത്തോടെ വളരുന്നു. ധാരാളം തണൽമരങ്ങളും, ഇരിക്കാൻ കോൺക്രീറ്റ് ഇരിപ്പിടങ്ങളും വളപ്പിനുള്ളിൽ അങ്ങിങ്ങായി കാണാനാകും. ഇടവേളകളിൽ ആ ഇരിപ്പിടങ്ങളിലാണ്‌ അവിടത്തെ അന്തേവാസികൾ വന്ന്‌ ഇരിക്കുക. തല നരച്ചവരാണവർ. പല കാലങ്ങളിൽ പലയിടങ്ങളിൽ നിന്നുമായി വന്നു ചേർന്നവർ. അനന്തമായി നീണ്ടു കിടക്കുന്ന സമയസമുദ്രത്തിലൂടെ ഒറ്റയ്ക്ക് തോണി തുഴഞ്ഞു പോകുന്നവർ. ലക്ഷ്യമില്ലാതെ, ഇനിയുമെത്ര ദൂരം സഞ്ചരിക്കാനാവുമെന്നറിയാതെ യാത്ര ചെയ്യുന്നവർ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മരണം കാത്തിരിക്കുന്നവരാണവർ.
സുഹാസിനി അവിടേക്ക് താമസം മാറി വന്നിട്ട് ദിവസങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളൂ. ചിട്ടവട്ടങ്ങളും മറ്റും അറിഞ്ഞും പരിചയമായും വരുന്നതേയുള്ളൂ. അവിടുത്തെ മിക്ക അന്തേവാസികളേയും പരിചയപ്പെട്ടു കഴിഞ്ഞു. വിവിധ ജീവിതപശ്ചാത്തലങ്ങളിൽ നിന്നും വന്നു ചേർന്നവർ. ‘ഒടുവിൽ എല്ലാ പുഴകളും സമുദ്രത്തിൽ ചെന്നവസാനിക്കുന്നു’ - അവിടുള്ളവരെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ സുഹാസിനിക്ക് അങ്ങനെ തോന്നിയിരുന്നു. തന്നെ വിട്ടുപോയ നല്ല പാതി നാഥനുമൊത്തുള്ള ജീവിതം, സ്നേഹസംഭാഷണങ്ങൾ, കൗതുകം സമ്മാനിച്ച യാത്രകൾ, കൈമാറിയ സമ്മാനങ്ങൾ, പങ്കിട്ടെടുത്ത നിമിഷങ്ങൾ...ഇതൊക്കെയും ഏതാനും നാൾ മുൻപു വരേയും നിരന്തരം ഓർക്കാൻ ഇഷ്ടപ്പെട്ടിരുന്നു അവർ. വാശിയോടെ വീണ്ടും വീണ്ടും ആ ഓർമ്മകൾ ചേർത്തുവെയ്ക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. എന്നാലതുമൊരു സ്വയംപീഡയാകുന്നു എന്ന്‌ തിരിച്ചറിഞ്ഞ നിമിഷം മുതൽ ഒരോന്നോരോന്നായി വിടുവിച്ചു കളയാൻ ശ്രമമാരംഭിച്ചു. ഭാരമില്ലാതെയാകുന്നതു പോലൊരു അനുഭവം. ചിത്രപ്പണികളില്ലാത്തൊരു വെള്ളത്തുണി പോലെയായിരിക്കുന്നു അവരുടെ മനസ്സും ജീവിതവുമിപ്പോൾ.
പ്രഭാതത്തിൽ വളപ്പിനുള്ളിലൂടെ നടക്കുന്ന ശീലമുണ്ട് സുഹാസിനിക്ക്. ഇലകളിൽ പറ്റിപ്പിടിച്ച മഞ്ഞുതുള്ളികൾ മുജ്ജന്മബന്ധം ഓർത്തെടുത്തത് പോലെ ഊറിക്കൂടി തമ്മിൽപ്പുണർന്ന് താഴേക്കൊഴുകാൻ തുടങ്ങിയിരിക്കുമപ്പോൾ. ക്യാൻവാസ് ഷൂസും ധരിച്ച് കൈ വീശി നടക്കുന്ന സുഹാസിനിയെ ചിലർ കൗതുകത്തോടെ, ഉറക്കച്ചടവോടെ നോക്കി വരാന്തയിൽ തന്നെ ഇരിക്കും. ഇന്ദിരയും, വർഗ്ഗീസ്സും ചില ദിവസങ്ങളിൽ സുഹാസിനിയോടൊപ്പം നടക്കാറുണ്ട്. പ്രാഭാതനടത്തം നാഥൻ തുടങ്ങി വെച്ച ശീലമാണ്‌. നടക്കുമ്പോഴൊക്കെ സുഹാസിനി നാഥന്റെ വാക്കുകളോർക്കും.
‘വണ്ടി നല്ല കണ്ടീഷനാക്കി വെച്ചാ കുറേ നാള്‌ ഓടും! ഇല്ലേൽ വല്ല വർഷോപ്പിലും കൊണ്ടു പോയി ഇടേണ്ടി വരും!’
വണ്ടി നല്ല കണ്ടീഷനായിട്ടു തന്നെ വെച്ചിട്ടും...ഒരു ദിവസം..
സുഹാസിനി ആ ചിന്ത വലിച്ചെറിയാൻ ശ്രമിക്കും. എന്നിട്ട് നടത്തത്തിലും കൈ വീശലിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും.
 
വളപ്പിനുള്ളിൽ ഒരു ചെറിയ പൂന്തോട്ടമുണ്ട്. പരിപാലിക്കാനൊരു തോട്ടക്കാരനും. മണിയേട്ടന്റെ കരുതലും സ്നേഹസ്പർശങ്ങളുമാണ്‌ അവിടത്തെ ഒരോ ചെടിയും പുഷ്പ്പിക്കുന്നതിന്‌ കാരണമെന്ന് അന്തേവാസികൾക്ക് തോന്നാറുണ്ട്. അവിടുള്ളവർക്കായി പൂന്തോട്ടത്തിലെ ഒരോ പൂവും വിടരുകയും, സുഗന്ധം പരത്തുകയും ചെയ്യുന്നു. മണിയേട്ടൻ വർഷങ്ങൾക്ക് മുൻപെ അവിടെ വന്നു കൂടിയതാണ്‌. ഒരു നിമിഷം പോലും വെറുതെ ഇരിക്കുന്നതാരും കണ്ടിട്ടില്ല. എപ്പോഴുമെന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കും. പ്രഭാതസവാരിക്കിടയിൽ സുഹാസിനി മിക്കപ്പോഴും മണിയേട്ടനുമായി ഒന്നു രണ്ടു വാക്കുകൾ പങ്കുവെയ്ക്കുക പതിവാണ്‌.
‘ഈ ചെടികളുണ്ടല്ലോ...ചെടികള്‌ നമ്മളെ ചതിക്കൂല്ല...അറിയ്യോ?’
ഒരു നാൾ മണിയേട്ടൻ പറഞ്ഞ വേദന പുരണ്ട ആ വാക്കുകളെക്കുറിച്ച് ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ സുഹാസിനി ഓർക്കും.
തന്നെക്കാൾ പ്രായം കൂടിയ വിലാസിനി എന്നു പേരുള്ള സ്ത്രീ, ചില നേരങ്ങളിൽ പൂക്കളുടെ അടുക്കൽ പോയി എന്തൊക്കെയോ പറയുന്നത് സുഹാസിനി ശ്രദ്ധിച്ചിട്ടുണ്ട്. എന്താണവർ പറയുന്നതെന്ന് ചോദിക്കാൻ തോന്നിയിട്ടില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്തവർ എന്തിലും ഏതിലും കേൾവിക്കാരെ കണ്ടെത്തുന്നത് സ്വാഭാവികമായിരിക്കും - ആ ഒരു ആശ്വാസചിന്തയിലാണ്‌ സുഹാസിനി അപ്പോഴൊക്കെയും അഭയം കണ്ടെത്തുക.
പതിവ് പ്രഭാതനടത്തിന്‌ ശേഷം ആവി ഉയരുന്ന ചായക്കപ്പുമായി പൂന്തോട്ടത്തിനഭിമുഖമായി ഇക്കുകയായിരുന്നു.
‘ചെസ്സ് കളിക്കാൻ അറിയാമോ?’
ആ ചോദ്യം കേട്ടാണ്‌ സുഹാസിനി തലയുയർത്തിയത്.
മുന്നിൽ സൗഹൃദഭാവത്തിൽ ഒരു അപരിചിതൻ നിൽക്കുന്നു. കണ്ണടയുണ്ട്. നരച്ച കട്ടി കൂടിയ മീശ. വൃത്തിയായി വെട്ടി നിർത്തിയ താടി. നെറ്റിത്തടം വ്യക്തമായി കാണും വിധം മുടി പിന്നിലേക്ക് ചീകി വെച്ചിരിക്കുന്നു. മുണ്ടും ഷർട്ടുമാണ്‌ വേഷം. ഫുൾക്കൈയ്യൻ ഷർട്ടിന്റെ കൈകൾ മുകളിലേക്കല്പം ചുരുട്ടി വെച്ചിട്ടുണ്ട്. അന്തേവാസിയാണോ അല്ലയോ? ചിലപ്പോഴാവാം. പരിചയപ്പെടാൻ വിട്ടു പോയ ആരെങ്കിലും? അതോ പുതിയ താമസക്കാരൻ?
‘എന്താ.. ഇങ്ങനെ നോക്കുന്നത്? ഞാനും..ഇവിടത്തെ ആള്‌ തന്നെയാ.. ഒരു യാത്ര കഴിഞ്ഞ് ഇന്നലെ വന്നതേയുള്ളൂ.. ചെസ്സ് കളിക്കാൻ ആരെങ്കിലും ഉണ്ടോന്ന് നോക്കി വന്നതാണ്‌...എന്താ..ചെസ്സ് കളിക്കാനറിയോ?‘
സുഹാസിനി അറിയാമെന്ന് തലയാട്ടി.
’എന്നാൽ പോന്നോളൂ!‘
അതും പറഞ്ഞ് അയാൾ തിരിഞ്ഞു നടന്നു.
സുഹാസിനി കണ്ണും മിഴിച്ച് ഇരുന്നു പോയി. പരിചയപ്പെട്ടത് പോലുമില്ല!
ചായ വേഗം കുടിച്ച് തീർത്ത ശേഷം സുഹാസിനി എഴുന്നേറ്റ് അയാളുടെ പിന്നലെ നടന്നു. ചെസ്സ് ബോർഡ് അവിടെ ഇരിക്കുന്നത് ശ്രദ്ധിച്ചിരുന്നതാണ്‌ പക്ഷെ ഇതുവരെയും ആരും കളിക്കുന്നത് കണ്ടതേയില്ല.
അവർ നടന്ന് ബോർഡിന്റെ ഇരുവശത്തുമായി ഇട്ടിരുന്ന കസേരകളിൽ ഇരുന്നു. തടിയിൽ നിർമ്മിച്ച സാമാന്യം വലിയ ബോർഡാണ്‌. കരുക്കളും മരത്തിൽ തന്നെ. വലിപ്പമുള്ള കരുക്കൾ. തലയെടുപ്പുള്ള രാജാക്കന്മാർ, ഉശിര്‌ തോന്നിക്കുന്ന പടയാളികൾ, കുതിക്കാൻ തയ്യാറെടുത്ത് നില്ക്കുന്ന കുതിരകൾ. യുദ്ധസജ്ജരാണേവരും.
’ഓ! പരിചയപ്പെടുത്താൻ വിട്ടു...ഹരിദാസ്...അതാണെന്റെ പേര്‌‘
’എന്റെ പേര്‌ സുഹാസിനി‘ അവർ പറഞ്ഞു.
’കൊള്ളാലോ! ആ പേരിൽ...ഒരു നടിയുണ്ടല്ലൊ!‘ അയാൾ കുസൃതി നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
’ഏയ്! അത്‌ ഞാനല്ല!‘ ചിരിച്ച്‌ കൊണ്ടവർ പറഞ്ഞു.
ഹരി അത് കേട്ട് ചിരിച്ചു.

സുഹാസിനി മുഖത്ത് നിന്ന് കണ്ണടയെടുത്ത്, സാരിത്തുമ്പ് കൊണ്ട് ചില്ലുകൾ തുടച്ച് ചെസ്സ് ബോർഡിലേക്ക് നോക്കി. തനിക്ക് ലഭിച്ചിരിക്കുന്നത് വെളുത്ത കരുക്കളാണ്‌.
‘അപ്പോൾ...എന്റെയാണ്‌ ആദ്യത്തെ നീക്കം അല്ലെ?’
‘ങാ..’
അയാൾ അവരെ ശ്രദ്ധാപൂർവ്വം നോക്കിക്കൊണ്ട് ചോദിച്ചു,
‘ടീച്ചറായിരുന്നു എന്നു തോന്നുന്നു..’
എടുത്തുയർത്തിയ വെളുത്ത പടയാളിയെ രണ്ട് കളം മുന്നോട്ട് വെച്ച ശേഷം സുഹാസിനി മുഖമുയർത്തി.
‘അതെ...എങ്ങനെ മനസ്സിലായി?’
‘ഒരു ടീച്ചറിനെ കണ്ടാൽ ആർക്കാണ്‌ മനസ്സിലാക്കാൻ പ്രയാസം?!’
‘അതെന്താ മാഷെ അങ്ങനെ പറഞ്ഞത്?’
‘അയ്യോ...ഞാൻ മാഷൊന്നുമല്ല...ഒരു റിട്ടയേർഡ് ക്ളർക്ക് മാത്രം..’
‘ശീലം കൊണ്ട് വിളിച്ചു പോണതാണ്‌...അതൊരു നല്ല വിളി ആയിട്ടേ തോന്നിയിട്ടുള്ളൂ..’
‘ടീച്ചറ്‌ പറഞ്ഞത് ശരിയാ...പരസ്പരബഹുമാനത്തോടെ വിളിക്കാൻ മലയാളത്തിലുള്ള ഒരേയൊരു വാക്ക് അതാണെന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്’
‘അടുത്ത നീക്കം മാഷിന്റെയാ...കളിക്കുന്നില്ലെ?’
ഹരി ഒരു കറുത്ത പടയാളിയുടെ നേർക്ക് കൈ നീട്ടി.
‘ഇവിടെ എന്നാണ്‌ വന്നത്?’ അവർ ചോദിച്ചു.
‘ടീച്ചറുടെ ഭാഷയിൽ പറഞ്ഞാൽ...ന്യൂ അഡ്മിഷനല്ല...നാലഞ്ച് മാസമായി. ഒരു യാത്ര പോയിരുന്നു’
അവരുടെ അത്ഭുതത്തോടു കൂടിയ നോട്ടം കണ്ട് അയാൾ പറഞ്ഞു,
‘ഞാൻ ഇവിടെ സ്വയം അഡ്മിഷൻ വാങ്ങിയ ആളാ...ഇടയ്ക്കിടെ ഒരു ചെറിയ യാത്ര പോകുന്ന ശീലമുണ്ട്. അത് കഴിഞ്ഞ് ഇവിടേക്ക് തന്നെ തിരികെ വരും... ടീച്ചറെങ്ങനെ ഇവിടെ വന്നു?‘
’ഇവിടെ വന്നു ചേർന്ന മിക്കവരേയും പോലെ തന്നെ...ഒരു ചെറിയ വ്യത്യാസം..ഞാൻ തന്നെ എന്റെ മോനെ നിർബന്ധിച്ചിട്ടാണ്‌ അവനെന്നെ ഇവിടെ ചേർത്തത്‘
അയാൾ മനസ്സിലാകാത്തത് പോലെ അവരെ നോക്കി ഇരുന്നു.
’അതൊരു ചെറിയ കഥ...പിന്നീട് പറയാം‘
അവർ ഇരുവരും കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ദിവസങ്ങൾക്ക് ശേഷം സായാഹ്നസവാരിക്കിടയിലാണ്‌ ഹരി തന്നെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സുഹാസിനിയുമായി പങ്കുവെച്ചത്.
’...അങ്ങനെ അമ്മയും മരിച്ചതോടെ ഞാൻ ശരിക്കും തനിച്ചായി...ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ നിന്നാണ്‌ പിന്നീട് പഠിച്ചത്...ഒരാളുടെ ചിലവിൽ കഴിയുമ്പോൾ ഒരുതരം ശ്വാസംമുട്ടലുണ്ടാവുമല്ലോ...അത്‌ കൊണ്ട് അവിടെ നിൽക്കുമ്പോൾ എന്നാലാവുന്ന പണികളൊക്കെ ഞാൻ ചെയ്യുമായിരുന്നു...അടുക്കളപ്പണിയും, വീട്ടുജോലികളും എല്ലാം... വലിയ ബുദ്ധിയൊന്നുമില്ലാത്ത ഒരാളായിരുന്നു ഞാൻ പണ്ടു മുതലെ! അതു കൊണ്ട്... എല്ലാം ഒരു വിധം തട്ടിയും മുട്ടിയുമാണ്‌ പാസ്സായത്. ഒടുവിൽ എങ്ങനെയോ ഒരു ക്ളർക്കായി ജോലി കിട്ടി... സത്യം പറയാമല്ലോ, എനിക്കാ ജോലി വല്ല്യ ഇഷ്ടമായി...വലിയ ശല്യങ്ങളൊന്നുമില്ലാത്ത ജോലി. പ്രമോഷൻ കിട്ടാൻ ശ്രമിച്ചതേയില്ല...‘
അത് പറഞ്ഞ് അയാൾ ചിരിച്ചു.
’കല്ല്യാണം കഴിക്കണമെന്ന് പറഞ്ഞ് നിർബന്ധിക്കാൻ എനിക്കാരുമില്ലായിരുന്നു. എനിക്കും വലിയ നിർബന്ധമില്ലായിരുന്നു. യാത്രകളിലായിരുന്നു കമ്പം. അത്‌ കൊണ്ട് കൂട്ടി വെക്കുമായിരുന്ന കാശെടുത്ത് ഇടയ്ക്കിടെ ഒരു യാത്രയങ്ങ് പോവും!‘
അവർ അയാൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു കൊണ്ടിരുന്നു.
’അങ്ങനെ തെക്കും വടക്കും കുറെ യാത്ര ചെയ്തു... കാശിയിലും കന്യാകുമാരിയിലുമൊക്കെ പോയി...കുറെ മനുഷ്യരെ കണ്ടു, കാഴ്ച്ചകൾ...ജീവിതങ്ങൾ...ഈ ഒരു ജന്മം തന്നെ ഒരുപാട് ജീവിതങ്ങൾ ജീവിച്ചതായി തോന്നുന്നു...ആരോഗ്യമുള്ളിടത്തോളം കാലം യാത്ര ചെയ്യണം...അതു മാത്രമാണാഗ്രഹം...‘
ടീച്ചർ ചോദ്യഭാവത്തിൽ നോക്കുന്നത് കണ്ട് ഹരി തുടർന്നു,
’ഒരു ചെറിയ വീടുണ്ടായിരുന്നു. എനിക്ക് ശേഷം ആർക്ക് കൊടുക്കാനാണ്‌?.. അത് കൊണ്ട് അതങ്ങ് വിറ്റു...ആ പണം ബാങ്കിലിട്ടു. ഇവിടെ സ്വന്തമായി വന്നു ചേർന്നു...ഇവിടാവുമ്പോൾ എല്ലാ കാര്യങ്ങളും നോക്കാൻ ആൾക്കാരുണ്ടല്ലോ!‘
’ചുരുക്കത്തിൽ ഒരു ഭാരവുമില്ല... അല്ലെ?‘
’അതേ ടീച്ചറെ...ഈ ഭാരമെന്ന് പറയുന്നതൊക്കെ ഒരോരുത്തര്‌ അറിഞ്ഞോണ്ടെടുത്ത് തോളത്ത് വെയ്ക്കുന്നതല്ലെ?‘
അവർ അയാളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു,
’അങ്ങനെയാണോ മാഷെ?...ചില ഭാരങ്ങളൊക്കെ ഒരു സുഖമാണ്‌..മാഷ് ഭാരമൊന്നും ചുമന്ന് നോക്കാത്തത് കൊണ്ട് തോന്നുന്നതാണ്‌!‘
അയാൾ അതേക്കുറിച്ച് തന്നെ ആലോചിച്ചു കൊണ്ട് നടപ്പ് തുടർന്നു.

‘ടീച്ചറ്‌...സ്വന്തം കഥ.. ആരോടും പറയില്ല അല്ലെ?’
‘അതെന്താ അങ്ങനെ ചോദിച്ചത്?’
‘അല്ല, ഇതുവരെ ടീച്ചറുടെ കാര്യമൊന്നും പറഞ്ഞില്ലല്ലോ. ഒരു ചെറിയ കഥ ആണെന്ന് മുൻപ് പറഞ്ഞത് ഓർമ്മയുണ്ട്. പക്ഷെ.. പിന്നെ ഒന്നും പറഞ്ഞതുമില്ല..’
‘മാഷ് പിന്നെ ചോദിച്ചതും ഇല്ലല്ലോ..’
‘ടീച്ചറ്‌ പറയട്ടെ എന്നും വെച്ച് ഞാനിരുന്നു..’
‘നടന്ന്‌ ക്ഷീണിച്ചു. നമുക്ക് ദാ അവിടെ പോയിരുന്ന് സംസാരിക്കാം’
 അതും പറഞ്ഞ് അവർ കോൺക്രീറ്റ് ഇരിപ്പിടങ്ങളുടെ നേർക്ക് നടന്നു. പിന്നാലെ അയാളും.
‘മാഷെ എന്റെ ജീവിതം ഒരു രഹസ്യമൊന്നുമില്ല...മിക്കവരുടെയും പോലെ...പ്രത്യേകതകളൊന്നുമില്ലാത്ത ജീവിതം...സാധാരണ സംഭവങ്ങൾ...സാധാരണ അനുഭവങ്ങൾ...മാഷ്‌ പറഞ്ഞ പോലെ.. ഒരുപാട് ജീവിതങ്ങൾ കാണാനോ അറിയാനോ അവസരമൊന്നും കിട്ടിയില്ല. ഒരു ജീവിതം...ഒരേയൊരു ജീവിതം...ഓർക്കാൻ അത് തന്നെ ധാരാളം...’
അവരുടെ കണ്ണുകളിൽ ഓർമ്മകളുടെ ഓളങ്ങളിളകി.
‘ഒരു സാധാരണ കുടുംബമായിരുന്നു എന്റേത്...ഹസ്ബന്റ് ശ്രീനാഥൻ ഒരു ഇൻഷ്യുറൻസ് കമ്പനിയിൽ ഓഫീസറായിരുന്നു. എല്ലാവരുടെയും ജീവിതം സുരക്ഷിതമാക്കാൻ എപ്പോഴും ശ്രമിച്ചിരുന്ന ഒരാൾ...ഒരിക്കലും അവസാനിക്കാത്ത ജീവിതം...ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു ഞങ്ങളുടേയും ആഗ്രഹം...ചെറിയൊരു നെഞ്ചു വേദന...യാത്ര പറയാൻ പോലും സമയം കിട്ടിയില്ല...ഞാനും മോനും അങ്ങനെ തനിച്ചായി‘
ഹരി നിശ്ശബ്ദനായി ഇരുന്നു.
’മോനായിരുന്നു എനിക്കൊരാശ്വാസം...ഭാഗ്യത്തിന്‌ അവൻ നല്ല പോലെ പഠിക്കുന്ന കുട്ടിയായിരുന്നു. കുറച്ച് നാള്‌ മുൻപ് അവന്‌ ദില്ലിയിൽ ഒരു ജോലി ശരിയായി..എനിക്കാണേൽ അവിടെ പോയി നിൽക്കാൻ ഒരു താത്പര്യവുമില്ല..ഒരു പ്രാവശ്യം അവന്റെ നിർബന്ധം കാരണം അവിടെ പോയതാണ്‌..എന്തോ അവിടത്തെ തണുപ്പും പുകയുമൊന്നും എനിക്ക് പിടിച്ചില്ല...ഇങ്ങോട്ട് തന്നെ തിരികെ പോന്നു..എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകാൻ അവനൊരു സമാധാനവുമില്ല...നാട്ടില്‌ ഇപ്പൊ കൊല്ലും കൊലയുമൊക്കെ അല്ലെ?...ഒറ്റയ്ക്ക് ജീവിക്കുന്നത് ശരിക്കും ഒരു റിസ്ക്കാണ്‌.. അപ്പോൾ ഞാൻ തന്നെയാണ്‌ ഇങ്ങനെ ഒരു സ്ഥലത്തെക്കുറിച്ച് അന്വേഷിച്ച്...എന്നെ ഇവിടെ ചേർക്കാൻ മോനോട് പറഞ്ഞത്. സത്യത്തിൽ...ഇവിടെ വരുന്നത് വരെ എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു..എന്നാൽ ഇപ്പോൾ തോന്നുന്നു...എന്റെ തീരുമാനം തെറ്റിയില്ലെന്ന്...ഇപ്പോൾ ഞാൻ ഹാപ്പിയാണ്‌ അവനും ഹാപ്പിയാണ്‌‘
’ടീച്ചറിന്റെ തീരുമാനം തെറ്റിയില്ല.. പക്ഷെ എനിക്ക്...ജീവിതത്തിലെടുത്ത പല തീരുമാനങ്ങളും തെറ്റിപ്പോയെന്ന് ആദ്യം തോന്നിയിട്ടുണ്ട്...പിന്നീട് തോന്നും..ആ തെറ്റായ തീരുമാനമായിരുന്നു ഏറ്റവും വലിയ ശരിയെന്ന്..‘
’മാഷ് പറഞ്ഞ ഒരു കാര്യത്തിൽ എനിക്ക് ഒരല്പം അസൂയയുണ്ട്..‘
’ഉം?‘
’മാഷ് പറഞ്ഞില്ലെ? മാഷ് നടത്തിയ യാത്രകളെ കുറിച്ച്?...അതിനെ കുറിച്ച് വിശദമായി പറയാമോ?‘
’പിന്നെന്താ?..ഇപ്പോൾ നമുക്കെല്ലാർക്കും ഇഷ്ടം പോലെയുള്ള ഒരേയൊരു കാര്യം സമയമല്ലെ?..എല്ലാ യാത്രകളെക്കുറിച്ചും വിശദമായി തന്നെ പറയാം...ഇന്നല്ല..പിന്നൊരു ദിവസം..‘
അവർ ഇരുവരും എഴുന്നേറ്റ് അകത്തേക്ക് നടന്നു.

തുടർന്നുള്ള ദിവസങ്ങളിൽ ഹരി, താൻ നടത്തിയ ഒറ്റയാൾ യാത്രകളെക്കുറിച്ച് പതിവ് സായാഹ്നനടത്തങ്ങളിൽ സുഹാസിനിയുമായി പങ്കുവെച്ചു. അവസാനിക്കാത്ത നീണ്ടവഴികളെ കുറിച്ച്, തെരുവ് കച്ചവടക്കാരെ കുറിച്ച്, റിക്ഷകളിൽ സഞ്ചരിക്കുന്നവരെ കുറിച്ച്, ദരിദ്രരിൽ ദരിദ്രരായവരെ കുറിച്ച്, ആർഭാടം ശീലമാക്കിയവരെ കുറിച്ച്, പരിത്യാഗികളായ സന്യാസികളെ കുറിച്ച്, ഒരു കുടം ദാഹജലത്തിനായി മണിക്കൂറുകൾ പൊരിവെയിലിലൂടെ നടന്നു പോകുന്ന ദരിദ്രഗ്രാമവാസികളെ കുറിച്ച്, തെരുവുകൾ തോറും സർക്കസ്സ് നടത്തി നിത്യചിലവ് കണ്ടെത്തുന്നവരെ കുറിച്ച്, ഒരിക്കലും തിരികെ പോകാൻ ജീവിതം ബാക്കി വെയ്ക്കാനില്ലാത്ത തെരുവ് വേശ്യകളെ കുറിച്ച്, ഹിജഡകൾ, കടലും തിരയും ജീവിതത്തിന്റെ ഭാഗമാക്കിയവർ...പലവിധ ഭാഷകൾ, വേഷങ്ങൾ, ഭക്ഷണങ്ങൾ, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ, ഉത്സവങ്ങൾ..
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിശേഷങ്ങൾ..ആയുസ്സ് മുഴുക്കെ പറഞ്ഞാലും തീരാത്തത്ര കഥകൾ. ഓരോന്നോരോന്നായി ഹരി ഓർമ്മയിൽ നിന്നും പെറുക്കിയെടുത്ത്, ജിജ്ഞാസയോടെ കേൾവിക്കാരിയുടെ മുന്നിൽ നിരത്തി വെച്ചു കൊണ്ടിരുന്നു. 

ഓരോ ദിവസവും സുഹാസിനിയോട്‌ ഹരിക്ക് ഓരോ കഥ പറയാനുണ്ടായിരുന്നു. വ്യത്യസ്തങ്ങളായ, വൈവിധ്യങ്ങളായ, വിചിത്രമായ കഥകൾ. കേട്ടതെല്ലാം കാഴ്ച്ചകളാക്കി മാറ്റി ആ സങ്കല്പലോകത്തിലായിരിക്കും സുഹാസിനി പകൽ മുഴുക്കെയും. ഓരോ കഥ കേൾക്കുമ്പോഴും സുഹാസിനിക്ക് തോന്നി,
താൻ മറ്റൊരു ജീവിതത്തിനെ സ്പർശിക്കുകയാണെന്ന്. 
അപരിചിതമനസ്സുകളെ തൊട്ടറിയുകയാണെന്ന്.
ജീവിതം സന്തോഷം കൊണ്ട് നിറയ്ക്കാൻ, കുറച്ച് സമ്പാദ്യവും, സ്നേഹമുള്ള കുറച്ച് മനുഷ്യരുടെ സാമീപ്യവും മാത്രം മതിയാവുമെന്ന്.
എന്നാൽ ചില കഥകൾ, ഭാഗ്യത്തെക്കുറിച്ചുള്ള ധാരണ തിരുത്താൻ കാരണമാവുകയും ചെയ്തു - ചിലയിടങ്ങളിൽ ചിലരായി ചിലർക്കിടയിൽ ജനിച്ചു പോകാതിരുന്നതാണ്‌ ഏറ്റവും വലിയ ഭാഗ്യം.

അതുവരെയ്ക്കും മനസ്സിൽ ആരാലോ നിർമ്മിച്ച ജീവിതസങ്കല്പ്പങ്ങൾ ഒരോന്നോരോന്നായി ഉടഞ്ഞു വീണു കൊണ്ടിരുന്നു. ഒരുവേള അവർ അയാളോട് ചോദിച്ചു,
‘സത്യത്തിൽ നമ്മുടെ ചുറ്റുമുള്ള പലരുടെയും ജീവിതം തന്നെ ഒരു ക്ലീഷെ ആണല്ലെ?’
‘ഉം...അത് തിരിച്ചറിയുന്നത് തന്നെ ഒരു വലിയ കാര്യമല്ലെ?..പലരും ജീവിതത്തിന്റെ സാധ്യതകൾ തിരിച്ചറിയാതെ മരിച്ചു പോവുകയാണ്‌...എന്നാൽ...അങ്ങനെ ആവാതിരിക്കാൻ..ഒരു വഴിയുണ്ട്‘
അതെന്താണെന്ന ഭാവത്തിൽ സുഹാസിനി നോക്കുമ്പോൾ ഹരി പറഞ്ഞു,
’യാത്രകൾ...സഞ്ചാരമില്ലെങ്കിൽ കെട്ടിക്കിടക്കണ വെള്ളം പോലെ ആയി പോവും..മനസ്സും ശരീരവും...‘

പതിവ് പ്രഭാതനടത്തത്തിനിടയിൽ സുഹാസിനി തന്നെക്കുറിച്ച് ഹരിയോട് പറയുകയായിരുന്നു. നാഥനുമൊത്ത് സുഹാസിനി യാത്ര പോയിരുന്നു പലയിടങ്ങളിലും. യാത്രകളിഷ്ടപ്പെടുന്ന ഒരു പാട്നറിനെ കിട്ടിയതിൽ മനസ്സ് കൊണ്ട് നന്ദി പറഞ്ഞിട്ടുണ്ട് പലപ്പോഴും. പ്രായം ചെല്ലും തോറും യാത്രകളും കുറഞ്ഞു വന്നു. യാത്രകൾക്കായി അത്രയും നാൾ കാത്തിരുന്നത് വൻഅബദ്ധമായി പോയെന്ന് തിരിച്ചറിഞ്ഞ നാളുകൾ. ആരോഗ്യമുള്ളപ്പോൾ പോകണമായിരുന്നു ആശിച്ച ഇടങ്ങളിലെല്ലാം. 
നാഥൻ ഒരിക്കൽ പറഞ്ഞത് സുഹാസിനി ഓർത്തെടുത്തു.
’ഓഫീസിലെ കറിയാച്ചനില്ലെ? പുള്ളി പുസ്തം എവിടെ കണ്ടാലും വാങ്ങും. പക്ഷെ ഒന്നും വായിക്കില്ല! പെൻഷനായിട്ട് വായിക്കാൻ എല്ലാം സൂക്ഷിച്ചു വെച്ചിരിക്കുകയാണ്‌! നോക്കിക്കോ, വയസ്സായി കഴിഞ്ഞാൽ അതിലൊരു പുസ്തകം പോലും എടുത്തു നോക്കാൻ പോണില്ല!‘
’ഇനി നമുക്ക് നോർത്തിന്ത്യയിലേക്കൊന്ന് പോകണം. കാഷ്മീരിൽ...കൈലാസത്തിൽ..മഞ്ഞ്‌ നിറഞ്ഞ മലകൾ കാണണം..‘
വാക്ക് പറഞ്ഞതാണൊക്കെയും. പക്ഷെ പാലിക്കാൻ കാലമനുവദിച്ചില്ല. അവസാനവാക്ക് കാലത്തിന്റേതാണെന്ന കാര്യം മറന്നു. പറഞ്ഞു നിർത്തുമ്പോഴേക്കും സുഹാസിനി നന്നേ ക്ഷീണിച്ചിരുന്നു.

തുടർന്നുള്ള ദിവസങ്ങളിലും ഹരി യാത്രാനുഭവങ്ങൾ ഓർത്തെടുത്ത് പങ്കുവെച്ചുകൊണ്ടിരുന്നു. അതുവരേയ്ക്കുമാരോടും പറയാതിരുന്ന കഥകൾ. കേൾവിക്കാർ ആരുമില്ലെങ്കിലും, പറയാൻ കഥാകാരൻ ഇല്ലെങ്കിലും കഥകൾ എന്നും എപ്പോഴും ഉണ്ടായിരുന്നു എന്ന കാര്യം ഹരി തിരിച്ചറിഞ്ഞത് അപ്പോഴാണ്‌. കഥകൾ പണ്ടേക്ക് പണ്ടേ ഉണ്ടായിരുന്നു. ആരോ കണ്ടെടുത്ത് പറയുന്നതും കാത്ത് കിടക്കുകയാണ്‌ കഥകളൊക്കെയും.

ആഴ്ച്ചകൾക്ക് ശേഷം പതിവ് സായാഹ്നനടത്തത്തിനിടയിൽ തന്റെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു കൊണ്ട് സുഹാസിനി ചോദിച്ചു,
‘മാഷെ എനിക്കൊരാഗ്രഹമുണ്ട്...സത്യം പറഞ്ഞാൽ പഠിക്കുന്ന കാലം തൊട്ടെയുള്ളൊരു ആഗ്രഹം’
‘എന്താണ്‌ ടീച്ചറെ?’
‘നാഥന്റെ ഒപ്പം പോകാനായിരുന്നു ആഗ്രഹം. അത് നടന്നില്ല. ഒറ്റയ്ക്കെങ്കിലും ഒരുവട്ടം പോകണം...ഒരു അവസാനത്തെ യാത്ര.. മാഷ് ചിരിക്കരുത്..എനിക്ക്...കാശിയിലൊന്ന് പോകണം..’
ഹരി അത്ഭുതത്തോടെ സുഹാസിനിയുടെ നേർക്ക് നോക്കി.
‘ടീച്ചറെന്താ അങ്ങനെ പറഞ്ഞത്? ആരുടെയും ആഗ്രഹം കേട്ട് ഇന്നുവരെ ഞാൻ ചിരിച്ചിട്ടില്ല...ആഗ്രഹങ്ങളില്ലെങ്കിൽ പിന്നെ വെറും പൊള്ളയായ മനുഷ്യരായി പോവില്ലെ നമ്മളെല്ലാരും? ടീച്ചറുടെ ആഗ്രഹം..അതൊരു ചെറിയ ആഗ്രഹമല്ല..എന്നാലത് സാധിക്കാൻ കഴിയാത്തതുമല്ല’
‘പക്ഷെ..എങ്ങനെ പോവും?..മാഷ് പറഞ്ഞില്ലെ ഒരിക്കലവിടെ പോയിട്ടുണ്ടെന്ന്?..എന്നെ..അവിടേക്കൊന്ന് കൊണ്ടു പോവാമോ?...മാഷിന്‌ ബുദ്ധിമുട്ടില്ലെങ്കിൽ..‘
അയാൾ കുറച്ച് നേരം അതേക്കുറിച്ച് ആലോചിച്ചു.
’ടീച്ചറെനിക്ക് ..ഒരാഴ്ച്ചത്തെ സമയം തരണം...ഞാൻ ടീച്ചറെ കൊണ്ടു പോകാം..പോരെ?‘
’പക്ഷെ...ഇവിടെ പറഞ്ഞാൽ..എന്റെ മോനോട് പറഞ്ഞാൽ..‘
’എന്തിനാ വെറുതെ അനുവാദം ചോദിക്കാൻ നില്ക്കുന്നത്?.. പ്രായപൂർത്തിയായില്ലെ? എവിടെക്കെങ്കിലും പോകാൻ ഒരാഗ്രഹം തോന്നിയാൽ അങ്ങ്‌ പോകാവുന്നതല്ലെയുള്ളൂ? അതിന്‌ എല്ലാവരുടെയും സമ്മതം ചോദിക്കാൻ നിന്നാൽ നടക്കുമെന്ന് തോന്നുന്നുണ്ടോ ടീച്ചറെ?‘
’അതല്ല...‘
’എന്റെ ടീച്ചറെ...ടീച്ചറ്‌ ചെന്ന് ചോദിക്കുമ്പൊഴേക്കും എല്ലാരും ‘പൊയ്ക്കോളൂ’ എന്ന്‌ പറയും എന്നാണോ വിചാരിക്കുന്നത്?...ആദ്യം തന്നെ അവര്‌ ചോദിക്കും, എന്തിനാ ഈ വയസ്സ് കാലത്ത് പോകണതെന്ന്...അല്ലേ?...മോനോട് ചോദിച്ചാൽ എന്തായിരിക്കും പറയുക? ടീച്ചറുടെ ആഗ്രഹങ്ങളെ ഇല്ലാതാക്കാനെ മിക്കവരും ശ്രമിക്കൂ... എല്ലാവരുടെയും അനുവാദം ചോദിച്ചിട്ട് എന്തെങ്കിലും ചെയ്യാൻ കാത്തിരുന്നാൽ ഒരിക്കലും ആർക്കും ഒരു കാര്യവും ചെയ്യാനാവില്ല...ടീച്ചറ്‌ എല്ലാം എനിക്ക് വിട്ടു തന്നേക്കൂ... ഞാനൊരു വഴി കണ്ടെത്താം...‘

രണ്ട് ദിവസം കഴിഞ്ഞാണ്‌ സുഹാസിനി ഹരിയെ പിന്നീട് കാണുന്നത്.
‘ഞാൻ ചിലതൊക്കെ ശരിയാക്കാൻ പോയിരുന്നു. വൈകിട്ട് നടക്കാൻ ഇറങ്ങുമ്പോൾ എല്ലാം വിശദമായി പറയാം’
അത് കേട്ടപ്പോൾ താൻ ഏതോ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി പോയത് പോലെ തോന്നിയത് കൊണ്ടാവണം, അവർ ചിരിച്ചു പോയി.

വൈകിട്ട് നടക്കുമ്പോൾ ഹരി പറഞ്ഞു,
‘എല്ലാം എന്നാലാവും വിധം റെഡിയാക്കിയിട്ടുണ്ട്. അവസാനനിമിഷം കാല്‌ മാറില്ലല്ലോ!’
‘ഏയ്..ഒരു പേടിയുമില്ല, കാലുമാറ്റവുമില്ല...ഇതെന്റെയൊരു ആഗ്രഹമാണ്‌. ഇപ്പോളിത് സാധിച്ചു തരാൻ ഒരാള്‌ മാത്രമേയുള്ളൂ. മാഷ് മാത്രം’
‘എന്നാൽ നാളെ രാവിലെ തന്നെ ഇറങ്ങിക്കോളൂ. അത്യാവശ്യം വേണ്ട ഡ്രെസ്സൊക്കെ പോകുന്ന വഴിക്ക് വാങ്ങാം.’
‘എന്റെ പേടി...മോനറിയുമ്പോൾ പരിഭ്രമിക്കുമോ എന്നാ..’
ഹരി ഒരു നിമിഷം സുഹാസിനിയെ നോക്കി നിന്നു.
‘സത്യത്തിൽ...ടീച്ചറിന്‌ അതാണോ പേടി? ടീച്ചറ്‌ ആരോടും പറയാതെ ആരുടെയോ കൂടെ എവിടേക്കോ പോയെന്ന് മോനറിയുമ്പോൾ അവന്‌ നാണക്കേട് തോന്നില്ലേ എന്ന് വിചാരിച്ചല്ലേ ഈ പരിഭ്രമം? അതല്ലേ സത്യം?’
കുറച്ച് നേരം സുഹാസിനി ഒന്നും മിണ്ടിയില്ല. എന്നിട്ട് തന്നോട് തന്നെ തർക്കിക്കും മട്ടിൽ പറഞ്ഞു,
‘അവനെന്തിന്‌ നാണക്കേട് തോന്നണം? ഞാൻ എന്റെ ഇഷ്ടപ്രകാരം ഒരു സ്ഥലം കാണാൻ പോകുന്നു. അത്രയല്ലെ ഉള്ളൂ?’
‘അത്രയേ ഉള്ളൂ. എല്ലാരും ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ വേണ്ടി ജീവിക്കുകയാണ്‌. സ്വന്തം ജീവിതം മറ്റുള്ളവരുടെ സന്തോഷത്തിന്‌ വേണ്ടി ജീവിച്ച് വെറുതെ മരിച്ച് പോകുന്നതിലും വലിയ മണ്ടത്തരം വേറേയുണ്ടെന്ന് തോന്നുന്നില്ല‘
’പക്ഷെ മാഷെ...മറ്റുള്ളവരുടെ സന്തോഷം സ്വന്തം സന്തോഷമാവുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ..അങ്ങനെയും ഇല്ലെ?‘
ഹരി അതേക്കുറിച്ചാലോചിച്ച് കൊണ്ട് നടന്നു.
ടീച്ചറിന്റെ സന്തോഷം കാണുമ്പോൾ എന്ത്‌ കൊണ്ടാണ്‌ തനിക്കിത്ര സന്തോഷം തോന്നുന്നത്?

പിറ്റേന്ന് പകൽ പ്രഭാതഭക്ഷണം കഴിഞ്ഞാണ്‌ ഇരുവരുമിറങ്ങിയത്. സിറ്റിയിൽ കുറച്ച് ഷോപ്പിംഗ്. അത്രയേ പറഞ്ഞിരുന്നുള്ളൂ. ഷോപ്പിംഗിന്‌ ശേഷം നേരെ റെയിൽവേ സ്റ്റേഷനിലേക്ക്. ഹരിയുടെ നിർദ്ദേശപ്രകാരം, മൊബൈൽ ഫോൺ എടുക്കാതെയാണിറങ്ങിയത്.

ട്രെയിനിൽ കയറി ഇരിക്കുമ്പോൾ സുഹാസിനിയുടെ മുഖത്തെ വെപ്രാളം കണ്ട് ഹരി പറഞ്ഞു,
’മോനെ വിളിച്ച് പറയാൻ തോന്നുന്നുണ്ടല്ലേ? അവിടെയെത്തിയിട്ട് പറയാം. അത് വരെ ആ ഒരു കാര്യം വിട്ടേക്കൂ‘

യാത്ര ആരംഭിച്ചു.
ആധി പിടിപ്പിക്കുന്ന ആലോചനകൾക്ക് അവധി കൊടുക്കാൻ സുഹാസിനി തീരുമാനിച്ചു. പുറംകാഴ്ച്ചകളിലേക്ക് തന്നെ കണ്ണുംനട്ടിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു ദൂരയാത്ര! ഇരച്ചാർത്ത് വരുന്ന ഓർമ്മകൾക്കും, പിന്നോക്കം പാഞ്ഞ്‌ പോകുന്ന കാഴ്ച്ചകൾക്കും നടുവിലിരിക്കുമ്പോൾ സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റം. അനുഭൂതികളുടെ ആവർത്തനങ്ങൾ. ഇടയ്ക്ക് ചിലർ കയറുകയും ചിലർ ഇറങ്ങുകയും ചെയ്തു. യാത്ര, ജീവിതത്തിന്റെ പകർപ്പാണല്ലൊ എന്നൊരു കൗതുകം നിറഞ്ഞ ചിന്ത ഒരുവേള സുഹാസിനിയുടെ മനസ്സിലൂടെ വന്നു പോയി.

എന്തോ ഓർത്ത് സുഹാസിനി ചിരിക്കുന്നത് കണ്ട് ഹരി തിരക്കി.
‘ഏയ്, ഒന്നുമില്ല...പണ്ട്..മുത്തശ്ശി ഒരു കഥ പറഞ്ഞു തരുമായിരുന്നു. എല്ലാ ദിവസവും ഒരേ കഥ! മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ കഥ...വെറുതെ അതൊന്നോർത്ത് പോയി!’
‘ങാ...ഞാനും ആ കഥ കേട്ടിട്ടുണ്ട്! ഇവിടെ ഇപ്പോ ആരാ മണ്ണാങ്കട്ട?!’ ഹരി ചിരിച്ചു കൊണ്ട് ചോദിച്ചു.

അതിർത്തികൾ വിട്ട് ട്രെയിൻ തളർച്ചയില്ലാതെ പാഞ്ഞു കൊണ്ടിരുന്നു. പച്ചപ്പ് പതിയെ മാഞ്ഞു. മണ്ണിന്റെ നിറം മാറി മാറി വന്നു, ചുറ്റിലുമിരുന്നവരുടെ ഭാഷയും. ഇടയ്ക്കെപ്പൊഴോ അടുത്ത കൂപ്പെയിൽ നിന്നും ഒരു പഴയ ഹിന്ദി ഗാനമൊഴുകി വന്നു.
‘തുത്സെ സമീൻ പർ ബുലായാ ഗയാ ഹെ മെരെ ലിയെ...’
ഒരു പാട്ടിന്റെ വരി എത്ര ഓർമ്മകളെയാണുർത്തുന്നത് - സുഹാസിനി അതിശയിച്ചു.

ട്രെയിൻ ഒരു പ്ലാറ്റ്ഫോമിൽ നിന്നപ്പോൾ ഹരി ചായ വാങ്ങി. ചെറിയ മൺകപ്പിൽ പകർന്ന ചായക്ക് അതു വരെ അനുഭവിക്കാത്തൊരു രുചി തോന്നി. സുഹാസിനി, പുറത്ത് പ്ലാറ്റ്ഫോം കാഴ്ച്ചകളിലേക്ക് കണ്ണു നീട്ടി. നാടോടികളെന്ന് തോന്നിക്കുന്ന ഒരു കുടുംബത്തിന്റെ മേലാണ്‌ കണ്ണ്‌ പതിഞ്ഞത്. യുവാവ് ചായ കുടിക്കുകയാണ്‌. കുടിച്ചതിൽ പാതി യുവതിക്ക് കൊടുക്കുന്നത് ശ്രദ്ധിച്ചു. കാണുന്ന ഒരോ കാഴ്ച്ചയും, കണ്ടു മറന്ന ഏതോ ചില കാഴ്ച്ചകളെ തിരിച്ചു വിളിക്കുകയാണ്‌. എല്ലാം ആവർത്തനങ്ങൾ, ഓർമ്മപ്പെടുത്തലുകൾ, തൊട്ടുണർത്തലുകൾ.. സുഹാസിനി ദീർഘമായി നിശ്വസിച്ചു.

ഇടയ്ക്ക് ട്രെയിൻ മാറി കയറി. വീണ്ടും യാത്ര.
ഏതാണ്ട് മൂന്ന് ദിവസങ്ങൾ - അത്രയും നീണ്ട ഒരു യാത്ര അതിന്‌ മുൻപ് സുഹാസിനി പോയിരുന്നില്ല.
എത്രയെത്ര ജീവിതങ്ങൾ! ഇങ്ങനെയും മനുഷ്യർ ഈ മാഹാരാജ്യത്തിൽ ജീവിക്കുന്നു എന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലല്ലോ. എത്ര ശുഷ്ക്കവും, പരിമിതവുമായിരുന്നു ഇക്കാലമത്രയും തന്റെ ജീവിതവീക്ഷണം. ഹരി പറഞ്ഞത് പോലെ ജീവിതത്തിന്റെ സാധ്യതകളെ കുറിച്ചുള്ള അന്വേഷണം...അതേക്കുറിച്ച് ചിന്തിക്കാൻ യാത്രകൾ പ്രേരിപ്പിക്കും എന്നതെത്ര സത്യം.

‘ഇവിടുന്ന് ഇനി കാശിയിലേക്ക് വെറും അഞ്ച് കിലോമീറ്റർ കൂടി മാത്രം!’
ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ ഹരി ആവേശത്തോടെ പറഞ്ഞു.
അവർ ഒരു ഹോട്ടലിൽ മുറിയെടുത്തു. കുളിച്ച്, ഭക്ഷണം കഴിച്ച ശേഷം യാത്രയ്ക്കായി ടാക്സിയിൽ കയറുമ്പോൾ ഉച്ചവെയിൽ തളർന്ന് താഴ്ന്നു തുടങ്ങിയിരുന്നു.
‘അല്പം ഹിന്ദിയും ബംഗാളിയും അറിയാമെങ്കിൽ ഇവിടുള്ളവരോട് സംസാരിക്കാം..’
‘അയ്യോ വേണ്ട, എനിക്കാകെ അറിയാവുന്നത് നമ്മുടെ ദൂരദർശൻ ഹിന്ദിയും റാഫിയുടേയും കിഷോറിന്റെയും കുറച്ച് ഹിന്ദി പാട്ടും മാത്രം!’ സുഹാസിനി പറഞ്ഞൊഴിഞ്ഞു.

സുഹാസിനി വഴിയിൽ കണ്ട ബോർഡുകളിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്നു.
‘വാരണസി...’ ശബ്ദമില്ലാതെ വായിച്ചു. 
ലക്ഷ്യത്തിലെത്തിയ ശേഷം ടാക്സിയിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ഹരി പറഞ്ഞു, 
‘അങ്ങനെ ടീച്ചർ ആഗ്രഹിച്ച പോലെ, സാക്ഷാൽ കാശിയിൽ എത്തിച്ചേർന്നിരിക്കുന്നു!’
സുഹാസിനി ചുറ്റിലും കണ്ണോടിച്ചു. ശാന്തം. നീണ്ട് നിവർന്ന് കിടക്കുന്ന ഗംഗാ തീരം. നിറയെ കടവുകൾ. പടവുകളിൽ, മെടഞ്ഞെടുത്തെ കുടകളുടെ തണലിലിരുന്ന് കർമ്മങ്ങൾ ചെയ്തു കൊടുക്കുന്നവർ. അവർക്കരികിലായി പൂജാദ്രവ്യങ്ങൾ, പുഷ്പങ്ങൾ, മാലകൾ, രുദ്രാക്ഷങ്ങൾ.. ചിലർ പടികളിറങ്ങിച്ചെന്ന് ഗംഗയിൽ മുങ്ങി നിവരുന്നു. കണ്ണുകളടച്ച് കൈകൂപ്പി നില്ക്കുന്നവരിൽ സ്ത്രീകളും പ്രായമേറിയവരുമുണ്ട്. ചെറുപ്പക്കാർ വൃദ്ധരായവരെ സശ്രദ്ധം കൈപിടിച്ച് പടികൾ ഇറങ്ങാൻ സഹായിക്കുന്നത് കണ്ടു. അല്പമകലെയായി പടിക്കെട്ടിനു മുകളിൽ ചമ്രം പടിഞ്ഞ് കണ്ണുകളടച്ച് ചിലർ ഇരിക്കുന്നു. നിർബാധം നടക്കുന്ന നായകൾ. മതിലുകളിലും കെട്ടിട്ടങ്ങളുടെ വലിയ ചുവരുകളിലും രുദ്രാക്ഷധാരിയായ ശിവരൂപം വരച്ചു വെച്ചിരിക്കുന്നു. ചില പടവുകൾക്കരികിൽ യാത്രക്കാരേയും കാത്ത്, തീരത്തടിയുന്ന ഓളങ്ങൾക്കൊപ്പം പതിയെ ഇളകുന്ന വള്ളങ്ങൾ.

‘എല്ലാർക്കും വേണ്ടത് മോക്ഷമാണ്‌...’ ആരോടെന്നില്ലാതെ ഹരി പറഞ്ഞു.
‘ചിലർക്ക് മോചനവും...’ ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം കൂട്ടിച്ചേർത്തു.

‘കണ്ടോ? ഇവിടെ നിറയെ കടവുകളാണ്‌. എല്ലാ കടവുകളും ഗംഗയിലേക്ക്.. ഒരോ കടവിനും ഒരോ പേരുണ്ട്...എൺപതിലേറെ കടവുകൾ...ഗംഗ...ഇവിടെ വന്ന് കുളിച്ചാൽ എല്ലാ പാപവും തീരുമെന്നാണ്‌ വിശ്വാസം...അറിഞ്ഞും അറിയാതെയും എല്ലാവരും എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടാവും...’
‘നമുക്കാ പടവിൽ ചെന്ന് കുറച്ച് നേരമിരിക്കാം’ പറഞ്ഞു കൊണ്ട് സുഹാസിനി പടവുകളിറങ്ങി ചെന്നു. ചുറ്റിലും നോക്കി. നിറയെ ക്ഷേത്ര സമുച്ചയങ്ങൾ, കുങ്കുമനിറമുള്ള ഗോപുരങ്ങൾ, കാവി നിറമുള്ള കൊടികൾ കാറ്റിലിളകുന്നു. ശിവക്ഷേത്രങ്ങളാണെവിടെയും...സർവ്വം ശിവമയം.

‘ടീച്ചറിനറിയോ...എല്ലാവർഷവും ആയിരങ്ങൾ ഇവിടേക്ക് വരുന്നത് എന്തിനാണെന്ന്?’
‘എന്തിനാണ്‌?’ എന്ന ചോദ്യഭാവത്തിൽ സുഹാസിനി മുഖം തിരിച്ച് നോക്കുമ്പോൾ ഹരി തുടർന്നു,
‘മരിക്കാൻ വേണ്ടി മാത്രം ചിലർ വരാറുണ്ടിവിടെ...ഒന്നാലോചിച്ചു നോക്കൂ.. മരണം എന്ന ഒരു ചിന്തയുമായി മാത്രം ആയിരങ്ങൾ ഒരേയിടത്തേക്ക് വരുന്നതിനേക്കുറിച്ച്...ചിലപ്പോൾ തോന്നും മനുഷ്യനെക്കാൾ വിചിത്രമായ മറ്റൊരു സൃഷ്ടിയില്ലെന്ന്..’ പടവിലിരിക്കുമ്പോൾ ഹരി പറഞ്ഞു നിർത്തി.
അല്പനേരത്തെ മൗനത്തിനു ശേഷം സുഹാസിനി പതിയെ പറഞ്ഞു,
‘മാഷെ...അത് ചിലപ്പോൾ... ജീവിതത്തിനേക്കാൾ സത്യമാണ്‌ മരണം എന്ന് തോന്നിയത് കൊണ്ടാവും. ജനിക്കുന്നത് അറിയുന്നില്ലല്ലോ ആരും...മരിക്കുന്നത് അറിയുന്നുണ്ടാവും’ 
നാഥനെ കുറിച്ചോർത്തു.
‘പോകും മുൻപ് നാഥന്‌ ശരിക്കറിയാമായിരുന്നു...എന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു..ഒരു വാക്ക് പോലും പറഞ്ഞില്ല...എന്നിട്ട് പതിയെ കണ്ണടച്ചു..’
ഗംഗയിലൂടെ പോകാനൊരുങ്ങുന്ന ഒരു തോണിയിലേക്ക് നോക്കിക്കൊണ്ടവർ പറഞ്ഞു.

ചുവന്ന തുണി കൊണ്ട് വായ് മൂടിയ കലശം ചേർത്തുപിടിച്ച്, തോണിയിലിരിക്കുന്ന യാത്രക്കാർ. നിശ്ശബ്ദരാണവർ. പടിക്കെട്ടിൽ ശരീരം മുഴുക്കെയും ഭസ്മം പൂശിയ ജഢാധാരികളായ സന്യാസികൾ. സകലരുടെയും കണ്ണുകൾ ഗംഗയിലേക്കാണ്‌. നൂറ്റാണ്ടുകളായി മോക്ഷം തേടിവരുന്നവർക്കായി ഗംഗ ശാന്തമായി ഒഴുകി കൊണ്ടിരിക്കുന്നു. ഹരിയും സുഹാസിനിയും നിശ്ശബ്ദരായി ഇരുന്നു. ഇരുവരും അവരവരുടെ ചിന്തകളിൽ മുഴുകി നിമിഷങ്ങളോളം ഇരുന്നു. ചിലപ്പോൾ ഗംഗയിലേക്ക് നോക്കിയിരിക്കുന്നവരുടെ ചിന്തകൾ സമാനമായിരിക്കാം. അവരറിയാതെ അവരുടെ ചിന്തകൾ പരസ്പരം കൂട്ടിമുട്ടിയിട്ടുണ്ടാവാം, പിണഞ്ഞു പോയിട്ടുണ്ടാവാം.

ദൂരെ ഒരു കടവിൽ നിന്ന് പുകയുയരുന്നിടത്തേക്ക് ചൂണ്ടി ഹരി പറഞ്ഞു,
‘ടീച്ചറിന്‌.. അവിടേക്ക് പോകണമെന്നുണ്ടോ?’
അവർ തല തിരിച്ചു നോക്കി.
മൃതശരീരങ്ങൾ തീയാളുന്ന തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ചിരിക്കുന്നത് അവ്യക്തമായി കാണാം. ഉയർന്ന് പോകുന്ന പുകച്ചുരുളുകൾ. സമീപം തൊഴുകൈയോടെ കൂട്ടം കൂടി നില്ക്കുന്നവർ. 

കുറച്ച് നേരം കഴിഞ്ഞ് സുഹാസിനി പറഞ്ഞു,
‘ഇവിടെ ഗംഗയുടെ തീരത്തേക്ക് വരണമെന്ന് എത്ര നാളായി ആഗ്രഹിക്കുന്നു. സത്യത്തിൽ ഇവിടെ...ഈ പടിക്കെട്ടിൽ ഇരിക്കുമ്പോൾ...എനിക്കൊന്നും...ഒന്നും ആലോചിക്കാനില്ല...എങ്ങനെ ഇത്ര നേരം ഒന്നിനെ കുറിച്ചും ഓർക്കാതെ...ശൂന്യമായ മനസ്സുമായി ഇരിക്കാൻ കഴിഞ്ഞു എന്നറിയില്ല...ചിലപ്പോൾ ആ ശൂന്യത തേടി ആവണം എല്ലാവരും ഇവിടേക്ക് വരുന്നത്...’

സമയം അവരെ കടന്നു പോയി. ഒപ്പം ഒരുപാട് മനുഷ്യരും. അവരിൽ വസ്ത്രത്തിന്റെ തുമ്പ് കൊണ്ട് ശിരസ്സ് മൂടിയ സ്ത്രീകളുണ്ടായിരുന്നു, തല മുണ്ഡനം ചെയ്ത പുരുഷന്മാരുണ്ടായിരുന്നു. ഒറ്റമുണ്ടുടുത്ത കുട്ടികളും, ശരീരം മുഴുക്കെയും ഭസ്മം പൂശിയ സന്യാസികളും, ശിവരൂപം അനുകരിച്ചവരും, വിദേശിയരും...

‘മാഷ്...പുനർജ്ജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ?’
ചിന്തയിൽ നിന്നുണർന്നത് പോലെ സുഹാസിനി ചോദിച്ചു.
കുറച്ച് നേരം അതേക്കുറിച്ച് ആലോചിച്ച ശേഷം അയാൾ പറഞ്ഞു,
‘അറിയില്ല...മരിക്കാനുള്ള സ്വാതന്ത്ര്യമുള്ളത് പോലെ ജനിക്കാനും ജനിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമില്ലല്ലോ...ചിലപ്പോൾ വിചാരിക്കാരുണ്ട്, ഈ എഴുത്തുകാരും ചിത്രകാരന്മാരുമൊക്കെ പുനർജ്ജനിച്ചിട്ട്, അവർ അവരുടെ തന്നെ മുൻജന്മത്തിൽ ചെയ്തു വെച്ച് പോയതിനെ കുറിച്ചെല്ലാം ആരാധനയോടെ സംസാരിക്കുന്നത്...ചിലപ്പോൾ എല്ലാം ആവർത്തനമായിരിക്കും...അതെക്കുറിച്ച് ആലോചിക്കുമ്പോൾ അത്ഭുതം തോന്നും...ഒപ്പം നിരാശയും...ചിലപ്പോൾ തോന്നും...ജീവിതം ഒരു സ്വപ്നവും, മരണം ഒരു സത്യവുമാണെന്ന്... എന്താ ടീച്ചറ്‌...വിശ്വസിക്കുന്നുണ്ടോ?‘
’വിശ്വസിക്കുന്നില്ല...പക്ഷെ ആഗ്രഹമുണ്ട്...ഇനിയും ഇനിയും ജനിക്കണം...ജീവിക്കണം..‘
എന്തോ കുറച്ച് നേരം ആലോചിച്ച് ഇരുന്ന ശേഷം ഹരി പറഞ്ഞു തുടങ്ങി.
’എനിക്കൊരു മുത്തശ്ശിയുണ്ടായിരുന്നു...എന്റെ ഓർമ്മയിൽ...മുത്തശ്ശിക്ക് പല്ലൊന്നും ഉണ്ടായിരുന്നില്ല...ചെവി കേൾക്കില്ലായിരുന്നു..ആരെന്ത് പറഞ്ഞാലും മുത്തശ്ശി ചിരിച്ചോണ്ടിരിക്കും.. ഒന്നും തിരിച്ചു പറയില്ല...മുത്തശ്ശീടെ ചിരിക്കുന്ന മുഖം മാത്രമേ എനിക്കോർമ്മയുള്ളൂ...ചെറിയ ചെറിയ പിടിവാശികളുള്ള ഒരു പാവം മുത്തശ്ശി...ഞാൻ അടുത്ത് ചെല്ലുമ്പോ കുഞ്ഞുങ്ങളെ പോലെ മോണ കാണിച്ച് ചിരിക്കും...മരിക്കും മുൻപ് മുത്തശ്ശി ശരിക്കും കൊച്ചു കുഞ്ഞുങ്ങളെ പോലെയായിരുന്നു...ഇപ്പൊ തോന്നുന്നു, മുത്തശ്ശി അടുത്ത ജന്മത്തിനായി തയ്യാറെടുക്കുകയായിരുന്നു എന്ന്..‘
എവിടെ നിന്നോ വന്ന ഒരു നായ സുഹാസിനിയുടെ കാല്ക്കലിൽ പരിചിത ഭാവത്തിൽ വന്നു ചുരുണ്ടു കൂടി. സുഹാസിനി അല്പനേരം നോക്കിയ ശേഷം നായയുടെ നെറുകിൽ പതിയെ തലോടി. എന്നിട്ട് ഗംഗയിലേക്ക് കണ്ണുംനട്ട് ഇരുന്നു. 

വെയിൽ താണു തുടങ്ങിയിരുന്നു. ആകാശമുഖം പതിയെ ചുവന്ന് തുടങ്ങി.
‘ഗംഗ...ഇവർക്ക് ഗംഗാ മാ ആണ്‌...മറ്റൊരു കടവിൽ ദിവസവും ഗംഗാ ആരതി ഉണ്ട്. കുറച്ച് കഴിഞ്ഞ് അവിടേക്ക് പോകാം...’
സുഹാസിനിയുടെ സംശയം നിറഞ്ഞ നോട്ടത്തിന്‌ മറുപടിയായി പറഞ്ഞു,
‘ഗംഗയെ ആരതിയുഴിഞ്ഞ് പൂജിക്കുന്നതാണ്‌...’
‘ഉം..’ 
‘ടീച്ചറിരിക്കൂ.. ഇവിടെ തുളസിനീര്‌ ചേർത്ത നല്ല ചായ കിട്ടും. എനിക്കറിയാവുന്ന ഒരു കടയുണ്ട്. ഞാൻ വാങ്ങി വരാം...’
ചിരിച്ചു കൊണ്ട് അവർ തലയാട്ടി.
ഹരി പടി കയറി പോകുന്നത് അല്പനേരം നോക്കി ഇരുന്ന ശേഷം ഗംഗയിലേക്ക് മുഖം തിരിച്ചു. സ്വർണ്ണവെയിൽ വീണ്‌ ഗംഗ വെട്ടിത്തിളങ്ങുന്നു. ഓളങ്ങളുടെ തിളക്കം നദിയിലൂടെ പോകുന്ന തോണികളുടെ പാർശ്വങ്ങളിൽ തട്ടി മിന്നലോളികൾ തീർക്കുന്നുണ്ട്. തണുത്ത് കാറ്റ് വീശി തുടങ്ങി. സുഹാസിനി ദീർഘമായി നിശ്വസിച്ചു. ആലോചനാരാഹിത്യത്തിന്റെ അനിർവ്വചനീയസുഖമനുഭവിച്ച് സുഹാസിനി പടവിൽ ഇരുന്നു.

അല്പനേരം കഴിഞ്ഞപ്പോൾ സന്ധ്യയുടെ ചുവപ്പ് ഗംഗയിൽ കലരുന്നത് കണ്ടു. അവിടവിടെ മണിയൊച്ചകളുയർന്നു. കൊടിക്കൂറകൾ കാറ്റിലുലയുന്ന ശബ്ദം. ഓളമിളകുന്ന ശബ്ദം വ്യക്തമായി തുടങ്ങി. സമീപത്ത് നിന്നും ആരോ ചില സ്തോത്രങ്ങൾ ഉരുവിടുന്നത് കേട്ടു. സുഹാസിനി തല തിരിച്ച് പടവുകൾക്ക് മുകളിലേക്ക് നോക്കി. രണ്ടു കൈകളിലും മൺകപ്പുമായി സശ്രദ്ധം പടികളിറങ്ങി വരുന്ന ഹരിയെ കണ്ടു.
‘ദാ, ഇതൊന്ന് കുടിച്ചു നോക്കൂ. ക്ഷീണമൊക്കെ മാറട്ടെ. അത് കഴിഞ്ഞ് നമുക്ക് ആരതി നടക്കുന്നിടത്തേക്ക് പോകാം’
തണുത്ത കാറ്റേറ്റ്, ചൂട് ചായ മൊത്തിക്കുടിക്കാൻ സുഖം. തുളസിയുടെ ഗന്ധം.
ഇരുവരും നിശ്ശബ്ദരായി ഇരുന്നു. സംസാരസാഗരത്തിൽ നിശ്ശബ്ദതയുടെ സുഖമറിഞ്ഞ നിമിഷങ്ങൾ.

‘എന്താ ടീച്ചർ, ചായ കുടിച്ച് കഴിഞ്ഞില്ലെ?’
‘ങാ..’ സ്വപ്നത്തിൽ നിന്നുണർന്ന പോലെ.
‘ആരതി കാണാൻ പോകണ്ടേ? കാണേണ്ട കാഴ്ച്ചയാണ്‌. കണ്ടില്ലെ? എല്ലാരും അവിടേക്കാണ്‌’
ഇരുട്ടിന്റെ നേർത്ത ആവരണത്തിനുള്ളിലായി കഴിഞ്ഞിരിക്കുന്നു അവിടം മുഴുക്കെയും.  
തല തിരിച്ചു നോക്കുമ്പോൾ കണ്ടു, നിയോൺ വൈദ്യുതി വിളക്കിന്റെ വെളിച്ചം വീണ വഴികളിലൂടെ കൂട്ടം കൂട്ടമായി ആളുകൾ പോകുന്നത്. മിക്കവരുടെയും കൈകളിൽ പൂജാദ്രവ്യങ്ങൾ കണ്ടു. താലങ്ങൾ, ദീപങ്ങൾ, പൂക്കൾ. ചിലർ കൈകൾ കൂട്ടിയടിച്ച് പ്രാർത്ഥനകൾ ഉറക്കെ ആലപിച്ചു കൊണ്ടാണ്‌ നടക്കുന്നത്.

സുഹാസിനി തിരിഞ്ഞ് ഗംഗയിലേക്ക് നോക്കി. അവിടെ തോണികളിൽ ദീപങ്ങൾ തെളിഞ്ഞു തുടങ്ങിയിരുന്നു. ഇരുട്ടിലൂടെയകന്നു പോകുന്ന ദീപങ്ങൾ. ജലോപരിതലത്തിൽ കറുപ്പിൽ ഇടകലർന്ന് ഇളകുന്ന വെളിച്ചത്തിന്റെ സ്വർണ്ണനിറമുള്ള നീണ്ട നാടകൾ.
‘നമുക്ക് പോകാം’ സുഹാസിനി എഴുന്നേറ്റു. തണുപ്പ് കൂടി വരുന്നതറിയാം. അവർ സാരി തല വഴി ചുറ്റിയെടുത്തു. മിക്ക സ്ത്രീകൾ തല മൂടിയാണ്‌ നടക്കുന്നത്. പുരുഷന്മാരിൽ അധികവും തല മുണ്ഡനം ചെയ്തവർ.

ഇരുവരും പടികൾ കയറി മുകളിലേക്ക് പോയി. ഭക്തി നിറഞ്ഞ മനസ്സുകൾക്കൊപ്പം ചേർന്ന് നടക്കാനാരംഭിച്ചു. ചുറ്റിലും ദീപങ്ങളുടെ ശോഭ പ്രതിഫലിച്ച മുഖങ്ങൾ. ചന്ദനത്തിന്റെയും പൂക്കളുടെയും ഗന്ധം. പ്രാർത്ഥനകളും മണിയൊച്ചകളും ചുറ്റിലും നിറഞ്ഞു. തിരക്ക് കൂടി കൂടി വന്നു. ഇടവഴികളിൽ നിന്നും ആളുകൾ വന്നു ചേർന്നു കൊണ്ടിരുന്നു. ചുറ്റിലും നിറമുള്ള കാഴ്ച്ചകൾ. നിറങ്ങളും, ഗന്ധങ്ങളും, ശബ്ദങ്ങളും കൂടിച്ചേർന്നവർക്ക് ചുറ്റിലും നിറഞ്ഞു. മുന്നോട്ട് പോകും തോറും ഗലികളിൽ നിന്നും കൂടുതൽ പേർ അവരോടൊപ്പം യാത്രയിൽ പങ്കുചേർന്നു കൊണ്ടിരുന്നു. ഒരു ചെറിയ ഘോഷയാത്രയ്ക്ക് സമമായി തീർന്നു ആ യാത്ര. സുഹാസിനി ചുറ്റിലും നോക്കി വർണ്ണക്കാഴ്ച്ചകൾ ഉള്ളിലേക്കാവാഹിച്ചു.

ഘട്ടിലേക്കെത്തുമ്പോൾ ദീപക്കാഴ്ച്ചകൾ കൂടുതൽ വ്യക്തമായി. ശബ്ദങ്ങൾ ഉച്ചത്തിലായി. ആരതി ഉഴിയാനായി കടവിൽ യുവാക്കൾ നിരന്ന് നില്ക്കുന്നത് കണ്ടു. അവരുടെ കൈകളിൽ നിരവധി തിരികളിട്ട വിളക്കുകൾ ജ്വലിച്ചു തുടങ്ങിയിരുന്നു. മണിമുഴക്കങ്ങൾ എങ്ങുമുയർന്നു. കൂപ്പുകൈകളോടെ ഗംഗയിലേക്ക് നോക്കി നില്ക്കുന്ന നൂറു കണക്കിനുപേർ. ഉച്ചത്തിലുയർന്ന മഹാദേവ മന്ത്രങ്ങൾ ചുറ്റിലുമുള്ള കെട്ടിടങ്ങളിലും, പടവുകളിലും തട്ടി പ്രതിധ്വനിച്ചു കൊണ്ടിരുന്നു. ഒരു നിമിഷം - സുഹാസിനി മാഷിന്റെ നേർക്ക് തിരിഞ്ഞു. എന്നാൽ മാഷ് അവരുടെ അടുത്തെങ്ങും ഉണ്ടായിരുന്നില്ല.

സുഹാസിനി തല തിരിച്ചു ഇടംവലം നോക്കി. ചുറ്റിലും അപരിചിതർ. ഹിന്ദിയും, ബംഗാളിയും, ഗുജറാത്തിയും തെലുങ്കും കൂടിക്കലർന്ന സംസാരങ്ങൾ ചുറ്റിലും നിറഞ്ഞു. ‘മാഷെ, മാഷെ..’ അവർ ഉറക്കെ വിളിച്ചു. ചുറ്റിലുമുയർന്ന, ഉച്ചത്തിലുള്ള മണിയൊച്ചകളിലും, ഭക്തി നിറഞ്ഞ പ്രാർത്ഥനകളിലും സുഹാസിനിയുടെ ആധി നിറഞ്ഞ ദുർബ്ബല ശബ്ദം മുങ്ങി പോയി.
പരിഭ്രാന്തിയോടെ ചുറ്റിലും നോക്കി സുഹാസിനി തുടരെ തുടരെ വിളിച്ചു.
‘ഹരി...ഹരി..’
എങ്ങോട്ടെന്നില്ലാതെ അവർ നടന്നു. തിരക്കിലൂടെ മുന്നിലേക്ക്. ചുറ്റിലും വീണ്ടും മനുഷ്യർ വന്നു നിറഞ്ഞു. ഒപ്പം പ്രാർത്ഥനാമന്ത്രങ്ങളും. ആരതി ഉഴിയുന്ന ചടങ്ങിന്‌ ആരംഭമായി. സർവ്വരുടേയും ശ്രദ്ധ തെളിഞ്ഞുകത്തുന്ന ആരതിവിളക്കുകളിലേക്ക് തിരിഞ്ഞു. സുഹാസിനി ചുറ്റിലും കണ്ണുകൾ കൊണ്ട് പരതിയെങ്കിലും അവിടെങ്ങും ഹരിയെ കാണാനായില്ല. ദിക്കും ദിശയും നഷ്ടപ്പെട്ട ഒരാളെ പോലെ സുഹാസിനി നടന്നു. എല്ലാം അപരിചിതവഴികൾ.

ചുറ്റിലും മന്ത്രശബ്ദങ്ങൾ. ഭക്തപാരവശ്യത്തോടെ സകലരും കണ്ണുകളടച്ച് കൈകൂപ്പി നിൽക്കുന്നു. സുഹാസിനിയുടെ മനസ്സ് ശൂന്യമായി കഴിഞ്ഞിരുന്നു. പ്രാർത്ഥനകൾ അവർ കേൾക്കുന്നുണ്ടായിരുന്നില്ല. അല്പനിമിഷം മുൻപ് വരെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന ഭക്തിക്ക് പകരം എത്ര വേഗമാണവിടെ ഭയം കലർന്ന ആകുലചിന്തകൾ നിറഞ്ഞതെന്ന് കൂടി അറിഞ്ഞില്ല. ഗംഗയിലേക്ക് ഒരു വട്ടം കൂടി നോക്കാനായില്ല. ഉള്ളിൽ വെറും ഒരു പേര്‌ മാത്രം നിറഞ്ഞു. അപരിചിതർക്കിടയിലൂടെ അവർ പടികൾ കയറി കെട്ടിടങ്ങൾക്കരികിലേക്ക് നടന്നു. അവിടെ അടഞ്ഞു കിടന്ന ഒരു വാതിലിനു മുന്നിലായി തളർച്ചയോടെ ഇരുന്നു.

അല്പമകലെയായി ആരതി ഉഴിയുന്നത് അവ്യക്തമായി കണാനായി. ഒരേ സമയം ഉയരുകയും, വായുവിൽ വൃത്തം വരയ്ക്കുകയും ചെയ്യുന്ന തിരിയിട്ട വിളക്കുകൾ. മങ്ങിയ വെളിച്ചത്തിൽ സുഹാസിനി തല കുനിച്ച് ഇരുന്നു. യാത്ര തുടങ്ങിയത് മുതലുള്ള കാര്യങ്ങൾ സുഹാസിനി ഓർത്തു. ട്രെയിനിലേക്ക് കൈ പിടിച്ച് കയറ്റിയത്, ഉറങ്ങാൻ നേരം പുതപ്പ് പുതപ്പിച്ചത്, മൺകോപ്പയിൽ നിറച്ച ചായ നീട്ടിയത്. ഒരു നിമിഷം, ട്രെയിനിൽ വെച്ച് താൻ ഓർത്തെടുത്ത് പറഞ്ഞ മുത്തശ്ശിക്കഥയെക്കുറിച്ചോർത്തു. ആ കഥ...അറം പറ്റിയോ? 

പതിയെ അവിടം ശാന്തമായി. ശബ്ദങ്ങളൊഴിഞ്ഞു. വെളിച്ചങ്ങൾ കെട്ടു. തണുപ്പ് നിറഞ്ഞ അന്തരീക്ഷത്തിൽ ദീപങ്ങളുടെ പുക വിട്ടു പോകാൻ മടിച്ച് അവിടവിടെ തങ്ങി നിന്നു. പല വഴിയിൽ നിന്നും കൂട്ടം ചേർന്നവർ, പതിയെ പല വഴിക്ക് പിരിഞ്ഞകന്നു. 

ഗംഗയെ തണുപ്പിച്ച്‌ വന്ന കാറ്റ്, സുഹാസിനിയെ ഒരുവട്ടം ചേർത്തുപിടിച്ച ശേഷം ഗലികളിലേക്ക് കയറി പോയി. അവർ ചെറുതായി വിറച്ചു തുടങ്ങി. ശബ്ദങ്ങൾ ആരുടെയോ വിളി കേട്ടത് പോലെ അകന്നു പോയിരിക്കുന്നു. അവിടെ, ആ പഴയ കെട്ടിടത്തിന്റെ പടിയിൽ താൻ വർഷങ്ങളായി ഇരിക്കുകയാണെന്ന് സുഹാസിനിക്ക് തോന്നി. എത്രയോ ദൂരം സഞ്ചരിച്ച്, അറിയാത്ത ആയിരം വഴികൾ താണ്ടി, അപരിചിതരോടൊപ്പം നടന്ന്...ഇപ്പോൾ ശൂന്യമായ മനസ്സോടെ തണുത്ത കാറ്റേറ്റ് ഇരിക്കുന്നു. ചുറ്റിലുമുള്ള ഇരുട്ടിലേക്ക് സ്വയം അലിഞ്ഞു ചേരാനായെങ്കിൽ...അവർ കണ്ണുകളിറുക്കിയടച്ചു. ഇപ്പോഴും താൻ ആ പഴയ വൃദ്ധമന്ദിരത്തിലാണ്‌. കണ്ണ്‌ തുറന്നാൽ തന്റെ മുറിയിൽ കിടക്കയിലാവും...തന്റെ കാലഹരണപ്പെട്ട സ്വപ്നങ്ങളുമൊത്ത്...തന്നെ തേടി മകന്റെ ഫോൺവിളി ഇപ്പോഴെത്തും. സുഹാസിനിയുടെ കണ്ണുകൾ നീറി നിറഞ്ഞു.

സമീപമൊരു കാലൊച്ച കേട്ടെങ്കിലും അവർ മുഖമുയർത്തിയില്ല. അവിടേക്ക് പതിയെ നടന്നടുത്ത ആൾ അവർക്കരികിലായി ഇരുന്നു.
പരിഭ്രാന്തി കലർന്ന മാഷിന്റെ ശബ്ദമപ്പോൾ കേട്ടു.
‘എനിക്ക്...എനിക്ക്...സമാധാനമായി...ഞാൻ വല്ലാതെ പേടിച്ചു പോയി...ഇവിടെ മുഴുക്കെയും ടീച്ചറെ തിരഞ്ഞ് നടക്കുകയായിരുന്നു...ഒരു നിമിഷം...ഞാൻ...ഇല്ലാതായത് പോലെ തോന്നി...’
സുഹാസിനി മുഖം തിരിച്ച് ഹരിയെ നോക്കി.
‘വയ്യ...ഒരിക്കൽ കൂടി ഒറ്റയ്ക്കാവാൻ വയ്യ...’ പതിയെ പറഞ്ഞു കൊണ്ട് അവർ സാവധാനം അയാളുടെ തോളിലേക്ക് തല ചായ്ച്ചു. ഹരി തന്റെ കൈ സുഹാസിനിയുടെ കൈയ്യോട് ചേർത്തു. 

അകലെ ഗംഗയിലൂടെ തോണികൾ പോയ്ക്കൊണ്ടിരുന്നു. തോണികളിൽ തെളിഞ്ഞു കത്തിയ റാന്തൽവെളിച്ചം നദിയോളങ്ങളിൽ വീണ്‌ ഇളകി കൊണ്ടിരുന്നു. ഗംഗ, എക്കാലത്തേയും പോലെ ശാന്തമായി ഒഴുകി കൊണ്ടിരുന്നു.


Post a Comment

Saturday, 5 February 2022

ആരോ ഒരാൾ


ഇന്നലെ രാത്രി കട പൂട്ടാൻ അല്പം വൈകി. വാങ്ങിയ സാധനങ്ങളെല്ലാം അതാത് സ്ഥാനങ്ങളിൽ എടുത്ത് വെയ്ക്കാനും, കണക്ക് എഴുതി വെയ്ക്കാനും കുറച്ച്, അല്ല കുറച്ചധികം സമയമെടുത്തു. കച്ചോടം തുടങ്ങിയിട്ട് ഏതാനും മാസങ്ങളെ ആവുന്നുള്ളൂ. പലതും പഠിച്ചു കൊണ്ടിരിക്കുന്നു. വെള്ളത്തിലിറങ്ങുമ്പോൾ മാത്രമാണ്‌, നീന്തുക എന്നത് നമ്മൾ കരുതുന്ന പോലെയല്ലെന്ന് മനസ്സിലാക്കുന്നത്. ഒഴുക്കുള്ളപ്പോൾ നീന്തേണ്ടതെങ്ങനെയെന്നും; കുളത്തിൽ നീന്തുന്നതും, ഒഴുക്കുള്ള പുഴയിൽ നീന്തുന്നതും, കടലിൽ നീന്തുന്നതും ഒരു പോലെയല്ല എന്നും മനസ്സിലാക്കുന്നത് അപ്പോഴാണല്ലൊ.

കട പൂട്ടി ഇറങ്ങുന്നതിന്‌ മുൻപ് പതിവ് പോലെ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചു.
ഒന്ന് - പുറത്തെ ലൈറ്റ് ഓൺ ചെയ്തിട്ടുണ്ടോ?
രണ്ട് - എല്ലാ താഴുകളും കൃത്യമായി പൂട്ടിയിട്ടുണ്ടോ?
മൂന്ന് - സിസിടിവി ക്യാമറ ഓൺ ചെയ്തിട്ടുണ്ടോ?

എല്ലാം പരിശോധിച്ചു. എല്ലാം കൃത്യം.

തികഞ്ഞ സമാധാനത്തോടെ ഇറങ്ങി നടന്നു. വീട്ടിൽ ഷീലയും അമ്മു മോളും കാത്തിരിക്കുന്നുണ്ടാവുമോ? അമ്മു ഉറങ്ങിയിട്ടുണ്ടാവും. ഷീലയെ വിളിച്ച് ഊണ്‌ കഴിച്ച് കിടക്കാൻ ഫോണിൽ വിളിച്ച് പറഞ്ഞതാണ്‌. പക്ഷെ അവൾ ഉറങ്ങുകയില്ല. എനിക്കറിയാം. കാത്തിരിക്കാൻ ഒരാൾ വീട്ടിൽ ഉള്ളത് സുഖമുള്ള കാര്യം തന്നെ. ആ ഭാഗ്യമില്ലാത്തവരെ അല്ലെങ്കിൽ ആ ഭാഗ്യം നഷ്ടപ്പെട്ടവരെക്കുറിച്ച് ഇടയ്ക്കെപ്പോഴോ ഓർത്തു പോയിട്ടുണ്ട്. ജീവിതത്തിൽ അങ്ങനെ ഒരു സമയം വരരുതെ എന്നാണ്‌ പ്രാർത്ഥന. ആ ഒരു ഭാഗ്യത്തെ കുറിച്ച് അധികമാരും ആലോചിക്കുന്നുണ്ടെന്ന് പോലും തോന്നുന്നില്ല. അത് കൊണ്ട് വിലയറിയാതെ ജീവിക്കുകയാണ്‌ പലരും. ഈയിടെയായി ചിന്തിച്ച് ചിന്തിച്ച് ഒരല്പം തത്വചിന്തകനായി പോകുന്നുണ്ട് പലപ്പോഴും. പ്രായത്തിന്റെ മാറ്റങ്ങളാവണം.

സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കുന്നുണ്ട്. ഏതാനും ചുവടുകൾ വെച്ചപ്പോഴാണ്‌ കണ്ടത്, റോഡിന്റെ മറുവശത്തായി ഇരുട്ട് വീണ്‌ കിടക്കുന്നിടത്തായി ഒരാൾ കിടക്കുന്നു. കമഴ്ന്ന് കിടക്കുകയാണ്‌. ഒരു നിമിഷം ആലോചിച്ചു - റോഡ് മുറിച്ച് കടന്ന് ചെന്ന്, അയാൾ എന്തിനാ അവിടെ കിടക്കുന്നതെന്ന് നോക്കണോ? ചുറ്റിലും നോക്കി. റോഡിൽ ഞാൻ മാത്രമേ ഉള്ളൂ. തട്ടിപ്പുകളുടെ കാലമാണ്‌. ചെല്ലുമ്പോൾ എന്റെ നേർക്ക് കത്തി കാണിച്ച്, കൈയ്യിലുള്ളതെല്ലാം പിടിച്ചു വാങ്ങുമോ? കിടക്കുന്നയാൾക്ക് ഒരു കൂട്ടാളി കൂടി ഉണ്ടാവുമോ? അതോ ഇയാളെ ഏതെങ്കിലും വണ്ടി ഇടിച്ചിട്ടതാവുമോ? അല്പം മനുഷ്യത്വം എന്നിൽ അവശേഷിക്കുന്നു എന്ന് സ്വയം വിശ്വസിക്കുന്നത് കൊണ്ട് ഞാൻ റോഡ് മുറിച്ച് കടന്ന് അയാളുടെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു.

ഞാൻ അയാളുടെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കി. ഓടയ്ക്കരികിലായിട്ട്‌ കമഴ്ന്നാണ്‌ കിടക്കുന്നത്. വെള്ള ഷർട്ടും മുണ്ടുമാണ്‌ ധരിച്ചിരിക്കുന്നത്. വീഴ്ച്ചയിൽ വസ്ത്രത്തിൽ അവിടവിടെ പൊടിയും അഴുക്കും ആയിട്ടുണ്ട്. നരച്ച മുടിയും താടിയും. കമഴ്ന്ന് കിടക്കുന്നത് കൊണ്ട് മുഖത്തിന്റെ ഒരുവശം മാത്രമെ കാണാനായുള്ളൂ. ആയാസപ്പെട്ട് ശ്വാസമെടുക്കുന്നുണ്ട്. ഞാൻ കുലുക്കി വിളിക്കാനായി കൈ നീട്ടിയതാണ്‌. അപ്പോഴാണ്‌ സമീപം ഒരു കുപ്പി ഉടഞ്ഞു കിടക്കുന്നത് കണ്ടത്. മദ്യത്തിന്റെ ഗന്ധം അവിടെ മുഴുക്കെയുമുണ്ട്. ഞാൻ കൈ പിൻവലിച്ചു. ഏതോ ഒരുത്തൻ വെള്ളമടിച്ച് കിടക്കുകയാണ്‌! തൊട്ടടുത്ത നിമിഷം അയാളൊടുള്ള സകല സഹതാപവും എന്നിൽ നിന്നും ഓടി മറഞ്ഞു. ഇവനൊക്കെ വെള്ളമടിക്കണമെങ്കിൽ വീട്ടിലിരുന്ന് വെള്ളമടിച്ചൂടെ? ഇനി പുറത്ത് വെച്ച് വെള്ളമടിക്കണമെങ്കിൽ തന്നെ മര്യാദ്യക്ക് നടന്ന് പോകാനുള്ള ആരോഗ്യം ബാക്കി ആവുന്നത് വരെ വെള്ളമടിച്ചാൽ പോരെ? പകല്‌ മുഴുൻ കടയിലിരിക്കുക നല്ല മുഷിവുള്ള കാര്യമാണ്‌. അതിന്‌ പുറമെ സാധനങ്ങൾ വാങ്ങാനും മറ്റും പുറത്ത് പോയി പലരേയും കാണേണ്ടിയും വരും. നല്ല അധ്വാനം ആവശ്യപ്പെടുന്ന ജോലി തന്നെയാണ്‌ എന്റേത്. എന്ത് കൊണ്ട് മനുഷ്യര്‌ എന്നെ പോലെ അധ്വാനിക്കുന്നില്ല? കടം വാങ്ങിയാവും വെള്ളമടിച്ചിട്ടുണ്ടാവുക. അതൊന്നും ഇവനെ പോലുള്ളവർ തിരിച്ചു കൊടുക്കാനും പോകുന്നുണ്ടാവില്ല. എങ്ങനെ തിരിച്ചു കൊടുക്കും? മുഴുവൻ സമയവും മദ്യം വാങ്ങാനും വെളിവില്ലാതെ നടക്കാനുമല്ലേ ചിലവാക്കുന്നത്? 

ഞാൻ നിവർന്ന് നിന്നു. ഒന്നു കൂടി നോക്കിയിട്ട് വീട്ടിലേക്ക് തിരിച്ചു. ഏതായാലും, ഭക്ഷണം കഴിക്കുന്നതിനിടയിൽ ഷീലയോട് പറയാനൊരു കഥയായി. അവൾ എല്ലാ ദിവസവും പകൽവിശേഷങ്ങൾ അന്വേഷിക്കും. പറയാനൊരു കഥ ഉണ്ടെങ്കിൽ ഉത്സാഹമാണ്‌. അവൾക്കും എനിക്കും.

വീട്ടിൽ ചെന്നയുടൻ തന്നെ തണുത്ത വെള്ളത്തിൽ മേല്‌ കഴുകി. നല്ല സുഖം. മേല്‌ തുടച്ച് വന്നപ്പോഴേക്കും ഊണ്‌ മേശയിൽ ചോറും കറികളും നിരന്നു കഴിഞ്ഞിരുന്നു. അവൾ ഒരു മുട്ട പൊരിച്ചു വെച്ചിരുന്നു. എന്റെ ഇഷ്ടവിഭവങ്ങളിലൊന്ന്. അതും കൂട്ടി ആസ്വദിച്ച് കഴിക്കുന്നതിനിടയിൽ ഞാൻ കാര്യം പറഞ്ഞു.
‘എന്തിനാ ചേട്ടാ ചുമ്മാ ആവശ്യമില്ലാത്ത കാര്യത്തിനൊക്കെ ചെന്ന് തലയിടുന്നത്? എനിക്കും കൊച്ചിനും ചേട്ടൻ മാത്രേ ഉള്ളൂ. ചേട്ടൻ രാത്രി തിരിച്ച് വീട്ടിൽ വരുന്നത് വരെ എനിക്കൊരു സമാധാനവുമില്ല അറിയോ?’

അവൾ പറഞ്ഞതിലും കാര്യമുണ്ട്. പിടിച്ചുപറിക്കാരുടെ കാലമാണ്‌. നഗരം മുഴുക്കെയും ഗുണ്ടകൾ സ്വൈരവിഹാരം നടത്തുന്നു എന്നല്ലെ പത്രവാർത്ത? എന്നെ പിന്നിൽ നിന്നും ഒരാൾ വന്ന് അടിച്ചിട്ടിട്ട്, കൈയ്യിലുള്ളതെല്ലാം എടുത്തോണ്ട് പോയാൽ? ആർക്ക് നഷ്ടം? എനിക്കും എന്റെ കുടുംബത്തിനും മാത്രം. ഇനി മുതൽ കട രാത്രി അധികനേരം തുറന്ന് വെയ്ക്കണ്ട. ജീവനല്ലേ ലാഭത്തിനേക്കാൾ വലുത്? ചെറിയൊരു ലാഭത്തിനായി രാത്രി നല്ലോണം ഇരുട്ടുന്നത് വരെ കട തുറന്നു വെയ്ക്കേണ്ട കാര്യമേയില്ല. അല്പനേരം മുൻപെ വന്നാൽ അമ്മൂന്റെ കൂടെ കളിക്കാം. അവൾക്കത് വല്ല്യ സന്തോഷമാവും. അവളുമൊത്തുള്ള നല്ല നിമിഷങ്ങളൊക്കെ നഷ്ടപ്പെടുകയാണ്‌. അറിഞ്ഞു കൊണ്ട് നഷ്ടപ്പെടുത്തുകയാണ്‌. ഒരിക്കലും തിരിച്ചു കിട്ടാത്തത് അതൊക്കെയാണ്‌. അതിന്റെ വില അറിയാത്തതൊന്നുമല്ല. പക്ഷെ...എന്തോ...ഉറച്ച ഒരു തീരുമാനമെടുക്കാനാവുന്നില്ല. 

ഒരു ശ്രമം നടത്തണം. രാത്രി കുറച്ച് നേരത്തെ ഇറങ്ങാം. ഞാനുറപ്പിച്ചു. ചിന്തയും തീരുമാനവും പ്രവൃത്തിയും ഒന്നായാൽ മാത്രമെ കാര്യമുള്ളൂ. വെറുതെ ചിന്തിച്ച് കൊണ്ടിരുന്ന് അതൊക്കെയും ശരിവെച്ചിട്ടെന്ത് പ്രയോജനം?
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ കൈ കഴുകി ഉറങ്ങാൻ പോയി.

നല്ല ദിവസമായിരുന്നു. എല്ലാം ശരിയാംവണ്ണം നടന്നിരിക്കുന്നു. കച്ചവടം നന്നായി നടന്നു. ഞാൻ സംതൃപ്തിയോടെയാണ്‌ ഉറങ്ങാൻ പോയത്.

പിറ്റേന്ന് ഞാൻ പുതിയൊരു മനുഷ്യനായിട്ടാണ്‌ കടയിലേക്ക് പോയത്. ഇനി മുതൽ ജീവിതത്തിലെ മധുരമൊക്കെ ആസ്വദിച്ച് തന്നെ ജീവിക്കണം. പുതിയ തീരുമാനമെടുക്കാൻ പുതുവർഷം വരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. നിശ്ചയദാർഢ്യമുള്ളവർക്ക് തൊടടുത്ത് നിമിഷം മുതൽ തീരുമാനിച്ച പ്രകാരം ജീവിക്കാവുന്നതേയുള്ളൂ! എന്നെ പോലെ!

കടയുടെ അടുത്ത് എത്തിയപ്പോൾ, തലേന്ന് ആ മനുഷ്യൻ - മദ്യപനായ - തീരെ ഉത്തവാദിത്വമില്ലാത്ത - അയാൾ കിടന്നിടത്തേക്ക് ഞാൻ നോക്കി. ശൂന്യം.
വെളിവ് വന്നപ്പോൾ എഴുന്നേറ്റ് പോയിട്ടുണ്ടാവും. ഇപ്പോൾ അടുത്ത കുപ്പി വാങ്ങാൻ എവിടെയെങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ക്യൂവിൽ നില്ക്കുകയാവും. അതും കടം വാങ്ങിയ കാശും കൊണ്ടാവും! പുച്ഛം നിറഞ്ഞ എന്റെ ചിന്തകൾക്ക് അളവില്ല. ഞാൻ ഇടംവലം തലയാട്ടി ലോകത്തിന്റെ തല തിരിഞ്ഞ പോക്കിനെ കുറിച്ചാലോചിച്ച് സ്വയം പരിതപിച്ചു. സഹതപിച്ചു.

അപ്പോഴാണ്‌ കണ്ടത്, എന്റെ കടയിലേക്ക് ഒരു പോലീസുകാരൻ കയറി പോകുന്നു. എന്റെ നെഞ്ചിടിച്ചു. ഈശ്വരാ! ആരെങ്കിലും കട കുത്തി പൊളിച്ചോ? അതോ എന്തിലും അപകടം? കടയിൽ നില്ക്കുന്ന വിഷ്ണുവിനെ കുറിച്ചാണാദ്യം ആലോചന പോയത്. അവനാണ്‌ രാവിലെ വന്ന് കട തുറന്ന് എല്ലാം തൂത്ത് വൃത്തിയാക്കി വെയ്ക്കുന്നത്. വിശ്വസിക്കാൻ കൊള്ളാവുന്നവനാണ്‌. ഷീലയുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യൻ. കുറച്ചധികം വർത്തമാനം പറയുമെന്ന കുഴപ്പമേയുള്ളൂ. പക്ഷെ കച്ചവടത്തിന്‌ അത് നല്ലതാണല്ലോ എന്ന് കരുതി ഞാൻ കണ്ണടക്കും. ഈയിടെയായി അവന്‌ എന്തോ ഒരു ചുറ്റിക്കളിയുണ്ട്. ഇനി വല്ല കഞ്ചാവിന്റെ പരിപാടിയോ മറ്റോ? അവൻ വല്ലതും കൊണ്ട് വന്ന് കടയിൽ വെച്ചിട്ടുണ്ടോ? എങ്കിൽ എന്റെ കാര്യത്തിൽ തീരുമാനമായത് തന്നെ. കടയുമില്ല മാനവുമില്ല. ഇനി പോലീസ് സ്റ്റേഷൻ...കേസ്...ജാമ്യം...കോടതി...
ഇന്നലെ, ‘അണ്ണാ ഒരത്യാവശ്യ കാര്യൊണ്ട്’ എന്നും പറഞ്ഞ് നേരത്തെ പോയതാണ്‌. എന്ത് ഏടാകൂടാമാണോ എന്തോ വരുത്തി വെച്ചിരിക്കുന്നത്.
ഒരു നിമിഷം കൊണ്ട് എന്റെ സകല സമാധാനവും തകർന്നടിഞ്ഞു. ഇനി നേരത്തെ...അല്ല, വീട്ടിൽ തന്നെ സ്ഥിരമായി ഇരിക്കാം. ഇവനെ ഞാൻ ശരിക്കും ശ്രദ്ധിക്കണമായിരുന്നു. എല്ലാമെന്റെ തെറ്റ്...

ഞാൻ കടയിലേക്ക് കയറി. പോലീസുകാരൻ വിഷ്ണുവിനോട് എന്തോ ചോദിക്കുകയാണ്‌. അവൻ മര്യാദയോടെ എന്തോ മറുപടി പറയുകയാണ്‌. ഞാൻ അവരുടെ അടുത്തേക്ക് നടന്ന് ചെന്ന് സകല ഭവ്യതയും കൂടിപ്പിടിച്ച് പോലീസുകാരനോട് ചോദിച്ചു.
‘എന്താ...സാർ..?’
പോലീസുകാരൻ തല തിരിച്ച് എന്നെ സൂക്ഷിച്ചു നോക്കുമ്പോൾ വിഷ്ണു പറയുന്നത് കേട്ടു.
‘സാർ...ഇതാണ്‌ ഈ കടേടെ മൊതലാളി..’
ഓഹോ! അവൻ ഒരോന്ന് ഒപ്പിച്ചു വെച്ചിട്ട് എന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമിക്കുകയാണ്‌! എനിക്കെന്റെ സകല നിയന്ത്രണവും ഏതു നിമിഷം വേണമെങ്കിലും കൈവിട്ട് പോകൂം എന്ന പരുവത്തിലായി.
‘ങാ...’ എന്നെ നോക്കി ഒന്നമർത്തി മൂളിയ ശേഷം പോലീസുകാരൻ ചോദിച്ചു,
‘നിങ്ങള്‌...ഇന്നലെ രാത്രി എത്ര മണിക്കാണ്‌ കടയടച്ചത്?’
‘അത്...ഏകദേശം...ഒരു പന്ത്രണ്ട്‌...പന്ത്രണ്ടര ആയിക്കാണും സർ...എന്താ സാർ?’
‘അപ്പോ നിങ്ങൾ കണ്ടു കാണുമല്ലോ...ഇന്നലെ രാത്രി കട പൂട്ടി തിരികെ പോകുമ്പോൾ അവിടെ റോഡിന്റെ സൈഡിലായി ഒരാള്‌ കിടക്കുന്നത് കണ്ടിരുന്നോ?’
ഉണ്ടെന്നോ ഇല്ലെന്നോ പറയേണ്ടത്? എന്റെ ചങ്കിടിക്കുന്നത് എനിക്ക് കേൾക്കാനായി.
എന്തോ എനിക്ക് ഒരു കള്ളവും പറയാൻ നാവ് പൊങ്ങിയില്ല..
‘അത്...സാർ...ഞാൻ കണ്ടു...ചെന്ന് നോക്കിയതാ..വെള്ളമടിച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ട്...വിളിക്കാൻ പോയില്ല...എന്താ സാർ?..’
ഞാൻ ഒരു നിമിഷം വിഷ്ണുവിന്റെ നേർക്ക് നോക്കാൻ ഒരു ശ്രമം നടത്തി.
‘ങാ...അയാള്‌ വടിയായി...ഏതോ വണ്ടി ഇടിച്ചതാണെന്നാണ്‌ തോന്നുന്നത്...അല്ല...നിങ്ങളാ സമയം പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടിരുന്നോ?’
‘ഇല്ല..’ ഞാനോർത്ത് നോക്കുന്നതിനിടയിൽ പറഞ്ഞു.
എന്താ ഈ പോലീസുകാരൻ സംശയിക്കുന്നത്? ഇതിൽ ഞാനെന്ത് ചെയ്യാനാണ്‌?
‘നിങ്ങളുടെ സിസിടിവി വർക്ക് ചെയ്യുന്നില്ലെ?’
‘ങാ..’
‘ഞങ്ങൾക്കതിന്റെ റെക്കോർഡ് ചെയ്ത വീഡിയോ കാണണം..’
അപ്പോഴാണ്‌ ശ്വാസം നേരെ വീണത്.
ഞാൻ വിഷ്ണുവിന്റെ നേർക്ക് തിരിഞ്ഞ് ആജ്ഞാപിച്ചു.
‘ടാ...നീ ഈ സാർന്‌ ആ സിസി ടിവിടെ വീഡിയോ ഒന്നു കാണിച്ചു കൊടുത്തെ..’
സിസിടിവി ഉണ്ടെന്നല്ലാതെ അതിന്റെ പരിപാടികളൊന്നും എനിക്കറിയില്ല എന്ന അജ്ഞത ഞാൻ പുറത്ത് കാട്ടിയില്ല.
വിഷ്ണു, പോലീസുകാരനെ വിളിച്ച് കമ്പ്യൂട്ടറിന്റെ അടുത്തേക്ക് പോയി. അധികാരഭാവത്തിൽ പിന്നാലെ ഞാനും.
അവൻ ഏതൊക്കെയോ ബട്ടണുകൾ ഞെക്കിയപ്പോൾ തലേന്നത്തെ വീഡിയോ കാണാനായി. 
ഞാൻ കട പൂട്ടി ഇറങ്ങുന്നത്... 
ആഹാ! എന്നെ വീഡിയോയിൽ കണ്ടപ്പോൾ ഒരു കൗതുകം. സമയത്തിലൂടെ പിന്നോക്കം സഞ്ചരിച്ച പ്രതീതി.
പിന്നെ ഞാനയാളുടെ അടുത്തേക്ക് ചെന്ന് നില്ക്കുന്നത്...
കൈ നീട്ടിയിട്ട് പിൻവലിക്കുന്നത്...
ഭാഗ്യം! അയാളെ തൊടാതിരുന്നത്! എന്റെ മകളുടെ ഭാഗ്യം.
‘ഒന്ന്‌ റിവൈൻഡ് ചെയ്തെ..’ ശരിക്കുമുള്ള അധികാരശബ്ദം കേട്ടു.
വിഷ്ണു പിന്നെയും ചില ബട്ടണുകളമർത്തി.
‘ങാ...അവിടെ നിർത്ത്’
ഇപ്പോൾ വീഡിയോയിൽ ആ മനുഷ്യൻ നടന്ന് വരുന്നത് കാണാം. 
എവിടെ കുപ്പി? ഞാൻ അയാളുടെ കൈയ്യിലേക്ക് ശ്രദ്ധിച്ചു നോക്കി. ഇല്ല...അയാളുടെ പക്കൽ ഒരു കുപ്പിയുമില്ല. അയാൾ കൈ വീശി നടന്നു വരികയാണ്‌. കാലിടറുന്നില്ല. ഒരു സാധാരണക്കാരൻ. സാധാരണ പോലെ നടന്നു പോകുന്നു. അത്ര മാത്രം.
ഒരു മിന്നായം അയാളുടെ അടുത്തു കൂടി പാഞ്ഞു പോയത് കണ്ടു. പിന്നെ കാണുന്നത് അയാൾ റോഡിൽ കിടക്കുന്നതാണ്‌. എന്താണത്? എനിക്ക് മനസ്സിലായില്ല. പോലീസുകാരൻ സശ്രദ്ധം മോണിറ്ററിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്‌. ഒന്നും തന്നെ മിണ്ടുന്നില്ല. വിഷ്ണുവിന്റെ മുഴുവൻ ശ്രദ്ധയും അതിലേക്ക് തന്നെ.
ആ മിന്നായം...അത് ഒരു വാഹനം പോലെ തോന്നി. കാറാണോ ജീപ്പാണോ?...തിരിച്ചറിയാൻ പറ്റുന്നില്ല.
തൊട്ടടുത്ത നിമിഷം ഒരു ശബ്ദം കേട്ടു. വാഹനം ബ്രേക്കിടുന്ന ശബ്ദം പോലെ തോന്നിച്ചു അത്.
ഞാൻ വീണു കിടക്കുന്ന രൂപത്തിന്റെ നേർക്ക് തന്നെ നോക്കി നിന്നു. അയാൾ ഒന്ന് പുളയുന്നത് കണ്ടു. പിന്നെ നിശ്ചലമായി. ബോധം പോയത് പോലെ തോന്നി. ഒരു ചെറുപ്പക്കാരൻ ഓടി വരുന്നത് കണ്ടു. മുഖം വ്യക്തമല്ല എന്നാൽ അയാളുടെ ആംഗ്യചലനങ്ങളിൽ നിന്നും പരിഭ്രാന്തനാണെന്ന് വ്യക്തം. അവന്റെ കൈയ്യിൽ ഒരു കുപ്പിയുണ്ടായിരുന്നു. കിടക്കുന്നയാളുടെ അടുത്ത് ചെന്ന് നോക്കുന്നതും അവന്റെ കൈയ്യിലെ കുപ്പി താഴെ വീണ്‌ പൊട്ടുന്നതും കാണാനായി. അവൻ തലയിൽ കൈയ്യും വെച്ച് നില്ക്കുകയാണ്‌. അവിടേക്ക് മറ്റൊരു ചെറുപ്പക്കാരൻ ഓടി വരുന്നത് കണ്ടു. ആദ്യം വന്ന ചെറുപ്പക്കാരൻ എന്തൊക്കെയോ പറയുന്നുണ്ട്. രണ്ടാമൻ ഒന്നാമനെ ബലം പ്രയോഗിച്ച് തിരികെ വലിച്ചു കൊണ്ട് പോകുന്നതും കണ്ടു.
ഞങ്ങൾ മൂന്ന് പേരും ശ്വാസമടക്കി പിടിച്ച് ഇരുന്നു.
അല്പനേരം കഴിഞ്ഞ് അത് വഴി ഒന്ന് രണ്ട് വാഹനങ്ങൾ കൂടി പാഞ്ഞു പോകുന്നത് കണ്ടു. ഒരു കാർ അയാൾ വീണു കിടക്കുന്നതിനടുത്തേക്ക് വന്ന് വേഗം കുറച്ച് ഒരു നിമിഷം നില്ക്കുന്നത് കണ്ടു. കാറിൽ നിന്നും ആരും ഇറങ്ങിയതായി തോന്നിയില്ല. ഉടൻ തന്നെ കാറ്‌ മുന്നോട്ട് പോവുകയും ചെയ്തു.
ഞങ്ങൾ വീഡിയോയിൽ നിന്നും കണ്ണെടുത്തില്ല.
അതാ...അവിടേക്ക് ഞാൻ ചെല്ലുന്നു...
അയാളുടെ സമീപം ചെന്ന് നിന്ന് സൂക്ഷിച്ചു നോക്കുന്നു... 
നീട്ടിയ കൈ പിൻവലിച്ച് പതിയെ തിരിഞ്ഞു നടക്കുന്നു...

ഞാൻ ദീർഘമായി നിശ്വസിച്ചു. വിഷ്ണു എന്റെ നേർക്ക് നോക്കി. ഒരു കുറ്റവാളിയെ നോക്കുന്നത് പോലെ. ആ നോട്ടത്തിൽ പതിവ് സൗഹാർദ്ദമോ, ബഹുമാനമോ, വിധേയത്വമോ കണ്ടില്ല.
എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നത്? 
നീ ആണേലും ഞാൻ ചെയ്തതല്ലെ ചെയ്യൂ? 
ആരോ വെള്ളമടിച്ച് കിടക്കുന്നെന്നല്ലെ ഞാൻ വിചാരിച്ചത്? 
അവന്റെ മുഖത്ത് നോക്കി അങ്ങനെയൊക്കെ ചോദിക്കണമെന്ന് തോന്നി.

അല്ല, ഇനി ആ മനുഷ്യൻ അപകടത്തിൽ പെട്ട് കിടക്കുകയാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? ആരോ ഉള്ളിലിരുന്ന് ദുർബ്ബലമായ ശബ്ദത്തിൽ ചോദിച്ചു. 

മൂന്ന് പേരാണ്‌ മറുപടി പറഞ്ഞത്.
ചിലപ്പോൾ...ഞാൻ ഫോണിൽ പോലീസിനെയോ ആംബുലൻസിനെയോ വിളിച്ചേനെ...
ചിലപ്പോൾ...അടുത്ത് നിമിഷം ആ വഴി വന്ന ഏതെങ്കിലും വാഹനത്തിന്‌ നേർക്ക് കൈ നീട്ടി നിർത്തിച്ചേനെ...
ചിലപ്പോൾ...എന്തിന്‌ വെറുതെ ഇതിലൊക്കെ ഇടപെട്ട്...
ആ മൂന്നാമൻ പറഞ്ഞത് എന്റെ ശബ്ദത്തിലായിരുന്നു...

‘ങാ...ഇത് ക്ലിയയറല്ലല്ലൊ...എന്നാലും ഈ വീഡിയോ വേണം...ചിലപ്പോൾ ലാബിലുള്ളവർക്ക് എന്തെങ്കിലും കണ്ടുപിടിക്കാൻ പറ്റിയെന്ന് വരും..‘
എന്നോട് ചോദിച്ചിട്ട് പ്രയോജനമൊന്നുമില്ലെന്ന് മനസ്സിലാക്കിയിട്ടെന്നോണം പോലീസുകാരൻ മുഖം തിരിച്ച് വിഷ്ണുവിനോട് ചോദിച്ചു,
’ഇവിടെ...അടുത്ത് വേറെ ഏതൊക്കെ കടേലാ സിസിടിവി ക്യാമറ വെച്ചിട്ടുള്ളത്? നിനക്കറിയാമോ?‘
വിഷ്ണു എന്തോ ആലോചിക്കുന്നതും മറുപടി പറയുന്നതും കണ്ടു. ഒന്നും ഞാൻ കേട്ടില്ല. എന്റെ ശ്രദ്ധ വഴിതെറ്റി പോയിരുന്നു.

ഞാൻ വീണുകിടന്ന മനുഷ്യന്റെ മുഖം ഓർത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അയാൾ കമഴ്ന്നല്ലെ കിടന്നത് പിന്നെങ്ങനെ കാണാനാവും? താടിയും മുടിയുമൊക്കെ നരച്ചിരുന്നു. അല്പം പ്രായമുള്ള മനുഷ്യൻ തന്നെ. എന്റെ താടിയും മുടിയും ഞാൻ ഡൈ ചെയ്തതാണ്‌. അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ എന്നെ കാണാനും അതു പോലെ ഉണ്ടാവുമായിരുന്നില്ലെ?
രാത്രി തിരികെ വീട്ടിലേക്ക് പോകുമ്പോൾ എന്നെയും ഒരു വണ്ടി വന്ന് ഇടിക്കാവുന്നതെ ഉള്ളൂ. ഞാൻ അത് പോലെ കിടക്കുകയും ചെയ്യുമായിരുന്നു. ആരെങ്കിലും വന്ന് ഒന്നെടുത്ത് ആശുപത്രിയിലാക്കണമെന്ന് പാതി ബോധത്തിൽ ആഗ്രഹിച്ച് കൊണ്ട്, മനസ്സിൽ ഉറക്കെ...ശബ്ദമില്ലാതെ...നിലവിളിച്ച് കൊണ്ട് കിടക്കുമായിരുന്നു..

ഒരുപക്ഷെ ഞാൻ ആ സമയത്ത് ഒന്ന് ഫോൺ ചെയ്ത് പറഞ്ഞിരുന്നെങ്കിൽ... 
അയാൾക്കും വീട്ടിൽ ആരെങ്കിലുമൊക്കെ കാത്തിരിക്കാനുണ്ടാവും. അവരിപ്പോൾ...

പോലീസുകാരനെഴുന്നേറ്റ്‌ കടയുടെ പുറത്തേക്ക് നടന്നു. പിന്നാലെ വിഷ്ണുവും. ഞാൻ തല കുനിച്ചു നിന്നു. അവൻ എന്തൊക്കെയോ പോലീസുകാരനോട് പറയുന്നുണ്ട്. പുറത്തിറങ്ങി ഏതൊക്കെയോ കടയുടെ നേർക്ക് കൈ ചൂണ്ടുന്നുണ്ട്.

ഞാൻ കസേരയിൽ തളർന്ന്, മുഖം കുനിച്ച് ഇരുന്നു. ഇന്ന് നേരത്തെ വീട്ടിലേക്ക് പോകണമെന്നായിരുന്നു തീരുമാനം. പക്ഷെ...എനിക്ക് ഇന്ന് ഒരിടത്തേക്കും പോകാൻ തോന്നുന്നില്ല. തിരികെ വീട്ടിലേക്ക് പോലും. എല്ലാം ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു. അയാളുടെ അടുത്ത് ചെന്നു നോക്കുമ്പോൾ...അയാൾ ശ്വാസമെടുക്കുന്നത് കണ്ടതല്ലെ? അതോ...വെറുതെ തോന്നിയതാണോ? ആരുമെന്നോട് അതേക്കുറിച്ച് ഒന്നും ചോദിച്ചില്ല...ഇത് വരെ..
ഇല്ല...ആ മനുഷ്യന്‌ ശ്വാസമില്ലായിരുന്നു...
എനിക്കുറപ്പാണ്‌...ശ്വാസമില്ലായിരുന്നു...
ഇല്ലായിരുന്നു...

Post a Comment