Please use Firefox Browser for a good reading experience

Wednesday 23 February 2011

കാത്തു നിൽക്കുന്ന ചോദ്യം

പുഴയുടെ ഹൃദയം തുരന്ന് വീട്‌ വെച്ചു.
പാർക്കാൻ വന്നപ്പോൾ ഒരു കുഞ്ഞു ചോദ്യം
'പുഴയിൽ കളിക്കാമെന്ന് പറഞ്ഞതല്ലേ?'
'പുഴയെവിടെ?'
ഉത്തരത്തിനു ശക്തിപോരാ
'നീ നിൽക്കുന്നിടം..'

അവളിപ്പോൾ പൂഴിയിൽ കളിക്കുകയാണ്‌..

അപ്പോൾ, വർഷങ്ങൾക്കപ്പുറം,
'പൂഴിയെവിടെ?' എന്ന ചോദ്യം,
ആരെയോ കാത്തു നിൽക്കുന്നുണ്ടായിരുന്നു..

Post a Comment

Monday 21 February 2011

പെരുമൺ

ഒരു നിമിഷം!
ആദ്യം ഉഗ്ര ശബ്ദമായിരുന്നു..
അതിനു ശേഷം ഒരു വലിയ വീഴ്ച്ചയും..
വായുവിലൂടെ ഒഴുകി വന്ന്..

ചുറ്റും വെള്ളം! വെള്ളം മാത്രം!
അതിലായിരുന്നു ഞാനുയർന്നു പോയത്‌.
ഇരുമ്പു പാളികളിലാണ്‌ കൈകൾ തടഞ്ഞത്‌.
ചുറ്റും ഒഴുകി നടക്കുകയാണെല്ലാപേരും.
കരയാൻ വായ്‌ തുറന്നവർ തുറിച്ച്‌ കണ്ണുകളുമായി..
പൊട്ടിത്തെറിക്കാൻ വെമ്പി നിന്ന പിടഞ്ഞ ഞരമ്പുകൾ.
നിറങ്ങളെ കറുത്ത നിറം കീഴടക്കിയത്‌ പെട്ടെന്നായിരുന്നു.
പിടയുന്ന കാലുകളായിരുന്നു ചുറ്റും.
ചിലരെന്റെ കൈകൾ മാന്തി പൊളിച്ചു.
ആരുടെയോ കൈകൾക്കുള്ളിൽ,
എന്റെ തലയിൽ നിന്നും പിഴുതെടുത്ത തലനാരുകൾ..
കാഴ്ച്ച നഷ്ടപ്പെട്ട്‌, കഴുത്തു നിറയെ കുഴഞ്ഞ മണ്ണുമായി ഒരു നിമിഷം.
നേരമില്ല, മുഖങ്ങൾ ഓർക്കാൻ..
ഓർമ്മയിൽ ഒരു ചിത്രം മാത്രം.
തീവണ്ടിയുടെ ജനലഴികൾക്കിടയിലൂടെ ഞാൻ കൈ വീശി കാണിക്കുന്നു..
എന്റെ മകൾക്ക്‌..
എന്റെ ഭാര്യക്ക്‌..
അപ്പോഴേക്കും ഞാൻ ഇരുണ്ട ഒരു തുരങ്കത്തിലേക്ക്‌ അതിവേഗം യാത്രയായിരുന്നു..
ഒറ്റയ്ക്ക്‌..
ഇരുട്ടിലൂടെ അതിവേഗം..

14,754

Post a Comment

Saturday 19 February 2011

ദൈവത്തിന്റെ സ്വന്തം മരുഭൂമിhttp://www.mathrubhumi.com/story.php?id=159875

 എനിക്കൊന്നും പറയാനില്ല.
വിദേശത്ത്‌ താമസിക്കുന്നതു കൊണ്ട്‌ ഇതൊക്കെ ഇപ്പോൾ എനിക്ക്‌ അത്ഭുത വാർത്തകളാണ്‌. അതു കൊണ്ട്‌ പോസ്റ്റ്‌ ചെയ്യുന്നുവെന്നേയുള്ളൂ. മറ്റൊരു കൗതുക വാർത്ത.

അല്ലെങ്കിൽ തന്നെ ഇതു 'വെറും' കുടിവെള്ള പ്രശനമല്ലേ?
പെണ്ണു കേസ്‌ ഒന്നുമല്ലല്ലോ..വർഷങ്ങൾ കുറെ ആയതു കൊണ്ട്‌ വാർത്താ പ്രാധാന്യവും ഉണ്ടാവണമെന്നില്ല.

നമുക്ക്‌ സ്വാതന്ത്ര്യം കിട്ടിയെന്ന് പണ്ടു പുസ്തകത്തിൽ വായിച്ചിരുന്നു..കിട്ടിയെന്നു ഉറപ്പുള്ളവർ ഒന്നു കൈ പൊക്കിയാൽ നന്നായിരിക്കും..ഒന്നിനുമല്ല.. ചുമ്മ കാണാനാ..

ഇനി ആർക്കെങ്കിലും എന്തെങ്കിലും തോന്നിയാൽ ദയവായി നിയമം കൈയിലെടുക്കരുത്‌.. കാരണം അതെടുത്താൽ പൊങ്ങാത്തതാണ്‌. പണവും അധികാരവും ഉണ്ടെങ്കിൽ മാത്രമെ ആ മാതിരി 'അനാവശ്യ' കാര്യത്തിനു പോകാവൂ.

രക്തം തിളച്ചാൽ, പച്ചവെള്ളം കുടിച്ചാൽ മതി..ക്ഷമിക്കുക.. അതിനു പച്ചവെള്ളം എവിടെ? പകരം കോള യുണ്ടല്ലോ! കോള കുടിച്ച്‌ ശരീരം ഇല്ലാതാക്കാൻ മനസ്സുണ്ടെങ്കിൽ മാത്രം കുടിച്ചാൽ മതി.

കോളയാണോ, കുടിവെള്ളമാണോ വലുത്‌?
ഒരു കുപ്പി കോള ഉണ്ടാക്കാൻ എത്ര കുപ്പി ശുദ്ധ ജലം വേണം?
ഇനി കുടിച്ചാൽ എന്താണ്‌ ഗുണം?
എന്താണ്‌ ദോഷം?
ഈ കുന്തം ഉണ്ടാക്കിയെടുക്കാൻ ചിലവെത്രെ?
വാങ്ങി കുടിക്കുവാൻ ചിലവെത്ര?

സഹോദരന്മാരെ, സഹോദരിമാരെ, ഇതൊക്കെ ആർക്കറിയാം? എന്തിനറിയണം അല്ലേ?

(ഒരു മഴു എറിഞ്ഞു എന്ന ഒരു കുറ്റം മാത്രമേ പരശുരാമൻ ചെയ്തുള്ളൂ..)

പക്ഷെ നമ്മൾ അങ്ങനെ ഇതൊന്നും കുറ്റം പറയാൻ പാടില്ല.
ഇതിനൊക്കെ ഒരു നല്ല വശമുണ്ട്‌.
അതെന്തെന്നല്ലേ?
കുറച്ച്‌ നാൾ കൂടി കഴിയുമ്പോൾ, കേരളം ഒരു മരുഭൂമിയാകും. അപ്പോൾ അവിടെ കുറച്ച്‌ ഒട്ടകത്തിനേയും കൂടി കൊണ്ടു വന്നു സായിപ്പന്മാർക്ക്‌ സവാരി നടത്താം. ടൂറിസം വളരും. തൊഴില്ലാത്ത നമ്മുടെ യുവജനങ്ങൾക്ക്‌ ഒരു തൊഴിലുമാകും.
അതിനു ആദ്യം വേണ്ടത്‌ മരുഭൂമിയല്ലേ? അതിനല്ലേ പാവം കോളക്കാർ ഇങ്ങനെ രാവും പകലും കിടന്നു കഷ്ടപ്പെട്ട്‌ ഊറ്റുന്നത്‌?.
അവരെ കുറ്റം പറയുന്നത്‌ കഷ്ടമല്ലേ? ..നിങ്ങൾ തന്നെ പറയൂ..

ആഹാ എന്തു നല്ല കാലമാണ്‌ വരാൻ പോകുന്നത്‌! മരുഭൂമി, ഒട്ടകം, ടൂറിസം, അവർക്കു കുടിക്കാൻ കോള..
ദൈവത്തിന്റെ സ്വന്തം നാട്‌..ക്ഷമീ..ദൈവത്തിന്റെ സ്വന്തം മരുഭൂമി..
പരസ്യ വാചകം മാറ്റി യെഴുതാൻ സമയമായി..

Post a Comment

Thursday 17 February 2011

കാത്തിരിക്കുന്നു...

ഞാൻ ഓർത്തു..
വിറയാർന്ന കൈകളാൽ വിളമ്പിത്തന്നതും,
ചുളിവുള്ള ചുണ്ടാൽ ചുംബിച്ചതും..

നിന്റെ കൈകളെനിക്കു താങ്ങായതും,
നിന്റെ കണ്ണുകളെനിക്കു കാഴ്ചയായതും,
നിന്റെ നാവെന്റെ വാക്കായതും,
എന്റെ ദുശ്ശാഠ്യങ്ങൾക്കു നീയുത്തരമായതും..

എന്റെ മറവിയുടെ ജാലകമടച്ചതും നീ,
വരണ്ടു തുടങ്ങിയ ഓർമ്മച്ചെപ്പിൽ
ഓർമ്മകൾ നിറച്ചതും നീ..

കടംങ്കഥ പറഞ്ഞ്‌ ഏകാന്തതയെ തോൽപ്പിച്ചതും,
കടൽ തിരകളിൽ എന്നെ നയിച്ചതും,
കായൽ കാറ്റെന്നെ കൊള്ളിച്ചതും..

എന്റെ നിദ്രയിലേക്കെന്നും നീ കൂട്ട്‌ വന്നു,
നീ കരുതി വെച്ചു, കൈയെത്തും ദൂരത്ത്‌,
എന്നും എനിക്കുള്ള ദാഹജലം..

ഒടുവിൽ ഞാനുറങ്ങിയപ്പോൾ,
നിന്റെ കണ്ണു നിറഞ്ഞതു ഞാൻ കണ്ടു..
അപ്പോൾ എനിക്ക്‌,
നിനക്കില്ലാത്ത കാഴ്ച്ചയുണ്ടായിരുന്നു!
കണ്ണടച്ചാലും കാണാവുന്ന കാഴ്ച്ച.

ഇവിടെയൊറ്റയ്ക്ക്‌ ഞാൻ കാത്തിരിക്കുന്നു,
എന്റെ ഓർമ്മച്ചെപ്പിൽ നീ നിറച്ച ഓർമ്മകളുമായി..
നിന്റെ ചുളിവാർന്ന ചുണ്ടുകളും,
അവിടെ വിരിയുന്ന നിന്റെ ചിരിയും..

കാത്തിരിക്കുന്നു ഞാൻ നിനക്കായി..
ഇവിടെ..ഈ മേഘങ്ങൾക്കിടയിൽ..

14,544

Post a Comment

Monday 14 February 2011

പ്രയാണം

സൂര്യൻ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല
ഞാൻ ജനിച്ചിട്ടില്ല, മരിക്കുകയുമില്ല.
ഒരു മത്സ്യത്തിന്റെ ഉടലിൽ നിന്ന്,
ഒരു ചൂണ്ടയെന്നെ രക്ഷിച്ചു.
തൂവൽ നിറഞ്ഞ പക്ഷിയുടെ ഉടലിൽ നിന്ന്
ഒരു വേടന്റെ അമ്പും.
മനുഷ്യന്റെ ഉടലിൽ നിന്ന്,
ഞാൻ എന്നെ തന്നെ രക്ഷിച്ചു.
കാത്തു നിൽക്കുവാൻ ക്ഷമയില്ലാതെ
ഒരു നേർത്ത്‌ വര ഞാൻ വരച്ചു,
എന്റെ ഇടതു കൈത്തണ്ടയിൽ..

ഇപ്പോൾ ഞാൻ ഭൂമിയിലില്ല, ആകാശത്തിലും.
ഞാനൊരു നക്ഷത്രമായിരിക്കുന്നു.
അനന്തതയിലേക്ക്‌ യാത്ര ചെയ്യുന്ന നക്ഷത്രം.
എന്റെ യാത്ര അവസാനിക്കുന്നില്ല.
ചിലപ്പോൾ നാം വീണ്ടും കണ്ടുമുട്ടും.
അപ്പോൾ, നീയുമൊരു നക്ഷത്രമായി മാറിയിരിക്കും..

Post a Comment

Tuesday 8 February 2011

ബലിമൃഗം

മഴ പെയ്യാൻ ബലിമൃഗം വേണം.
പിടി മുറുകിയത്‌ മൃഗമറിഞ്ഞു.
കുതറിയും, പിടഞ്ഞും മൃഗം മുന്നോട്ട്‌.
ഉടലറ്റ്‌ പിടയുന്ന മൃഗം.
ആർത്ത നാദങ്ങൾ ചുറ്റും.
ചീന്തിയ ചോരത്തുള്ളികൾക്ക്‌ മേലെ,
പൊടി പുരണ്ട നൃത്തം.
ഒടുവിൽ മഴ പെയ്തു!
അല്ല, മാനം കരഞ്ഞു
ചോരത്തുള്ളികൾ കഴുകി മായ്ക്കുവാൻ
ചോരത്തുള്ളികളെ കടലിലൊഴുക്കുവാൻ.

മഴയിൽ ആർത്ത നാദങ്ങൾ ഉയരുമ്പോൾ,
മാനം കരഞ്ഞു കൊണ്ടേയിരുന്നു..
മൃഗമപ്പോൾ മഴയായി കഴിഞ്ഞിരുന്നു..

Post a Comment

അവൾ

അവൾ..അവൾ മാത്രം.
അവൾ ഒറ്റയ്ക്കായിരുന്നു.
അവൾ കാട്ടിലൂടെ നടന്നു.
ഇരുട്ടവളെ പിൻതുടർന്നു.
അവൾ ഒറ്റയ്ക്കായിരുന്നു.
ഇരുട്ടവളെ വലിച്ചിഴച്ചു.
അവൾ നിശ്ചലയായി.
അവൾ നിർജ്ജീവമായി.
ഇരുട്ടവളെ പ്രാപിച്ചു.
അവൾ..പിഞ്ചി പോയൊരു തുണി കഷ്ണം.
കാടു മാത്രം കണ്ടു എല്ലാം.
കാട്‌ അലറി വിളിച്ചു..
പുഴ പുളഞ്ഞൊഴുകി..
കാട്ടിലവൾ ഒറ്റയ്ക്ക്‌ കിടന്നു.
കരിയിലകളവളെ മൂടി പുതച്ചു.
കാടവളെ പുതച്ചുറക്കി.

പകലവളെ തേടി വന്നു..
കാറ്റവളെ കാട്ടി കൊടുത്തു.
അവൾ ഒറ്റയ്ക്കായിരുന്നു
നിശ്ചലം നിർജ്ജീവമായിരുന്നു.
വെളുത്ത കാക്കകൾ കൈയൊഴിഞ്ഞു..
കാക്കി കാക്കകൾ വട്ടം പിടിച്ചു.

ഒടുവിലവൾ അവളെ ഉപേക്ഷിച്ചു.
കരിയിലകൾ ചുറ്റും ചിതറി കിടന്നു.
കാറ്റവളെ കാണാതെ മാറി നിന്നു.

അവൾ ഉണർന്നു കാട്ടിലൂടെ നടന്നു
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്‌..
അവളപ്പോഴും ഒറ്റയ്ക്കായിരുന്നു.

കാട്ടിൽ മറ്റെവിടെയോ ഇരുട്ടിഴഞ്ഞു..
മറ്റൊരുവളെ പിൻതുടർന്ന്..
അവളും ഒറ്റയ്ക്കായിരുന്നു..

Post a Comment

Tuesday 1 February 2011

ശാപത്തിന്റെ യാത്ര

ആട്ടിൻ തലകൾ.
തുറിച്ച കണ്ണുകളുമായി അവ നിരന്നിരിക്കുന്നു.

അവയുടെ കണ്ണുകളിൽ നോക്കുക.
അവയിൽ കാണുന്നത്‌ ഭയം.
അല്ല, ശാപമാകാം.
കണ്ണു കൊണ്ട്‌ മാത്രം ശപിക്കും അവ.

പിടഞ്ഞു വീഴുമ്പോഴും ആ കണ്ണുകൾ തുറന്നു പിടിച്ചിരിക്കണം.
അതാവാം അതിപ്പോഴും അടയാതെ..
അവ പറയുന്നു,
അവ വെല്ലുവിളിക്കുന്നു,
അറിഞ്ഞു കൊള്ളൂ നീയൊക്കെ
നിന്നെ ഞാൻ ഭയക്കുന്നില്ല.
നിനക്കായുള്ള ശാപം എന്റെ ശരീരത്തിൽ
ആവാഹിച്ചു വെച്ചിരിക്കുന്നു.
നീയെന്നെ ഭക്ഷിച്ചെഴുന്നേൽക്കുമ്പോൾ,
നിന്റെയുള്ളിൽ എന്റെ ശാപം വളർന്നു തുടങ്ങും.

ചിലർക്കെന്റെ തല തുരക്കണം.
അവർക്കെന്റെ തലച്ചോറ്‌ വേണം.
എന്റെ ഓർമ്മകളെ അവർക്ക്‌ ഭക്ഷിക്കണം.
എന്റെ സ്വപ്നങ്ങളേയും.
എന്റെ അവസാനത്തെ കാഴ്ച കൂടി
അവർക്കുള്ളിലാക്കണം.
അവിടെയെന്റെ ശാപം തുടങ്ങുന്നു..

എന്റെ കണ്ണുകളിൽ വീണ്ടും നോക്കുക.
നിന്റെ ഭയം നിറയുന്ന കണ്ണുകൾക്ക്‌,
എന്റെ മരിച്ച കണ്ണുകൾ സാക്ഷിയാവും.

നിന്റെ മാംസം എന്റെ മാംസമാണ്‌.
നിന്റെ ചോര എന്റെ ചോരയിൽ നിന്നുമാണ്‌.
നിന്റെ ബലം എനിക്കും അവകാശപ്പെട്ടിരിക്കുന്നു.
നിന്റെ ബുദ്ധിയും, നിന്റെ വേഗവും..
അല്ല, നീ തന്നെ എന്നോട്‌ കടപ്പെട്ടിരിക്കുന്നു!

എന്റെ ശാപം അതിന്റെ യാത്ര തുടരും
നിന്നിലൂടെ, നിന്റെ സന്തതികളിലൂടെ..
ശാപമോക്ഷം തേടിയുള്ള എന്റെ ശാപത്തിന്റെ യാത്ര..

Post a Comment

സ്വപ്നമായി മാറുമ്പോൾ..

സ്വപ്നം കാണുവാൻ ഉറങ്ങണം.
സ്വപ്നം പറയുവാൻ ഉണരുകയും..
സ്വപ്നമാകുവാൻ ഒരു വഴി മാത്രം,
അതു വെറും ഉറക്കമത്രെ!

സ്വപ്നം കാണുമ്പോൾ ചിലപ്പോൾ,
ആ നേർത്ത സ്വപ്ന നൂലുകൾ പൊട്ടി പോകാം..
ഉണരുമ്പോൾ നാം സ്വപ്ന ലോകത്തെത്തിയിരിക്കും..
നമ്മളും ഒരു സ്വപ്നമായി മാറിയിരിക്കുമപ്പോൾ..


13,972

Post a Comment

അവർ കാത്തിരിക്കുന്നു..

മരിച്ചവരെ മാത്രമല്ല അടക്കം ചെയ്തത്‌
അവരുടെ സ്വപ്നങ്ങളും..

മണ്ണിൽ മാത്രമല്ല അടക്കം ചെയ്തത്‌
നമ്മുടെ മറവിയിലും..

മറഞ്ഞു പോയവർക്കൊരു കൂട്ട്‌ പോകാം
നമുക്കും അവർക്കൊപ്പം..

അവരും കാത്തിരിക്കുന്നു..
നമ്മൾ, അവർ പോകാൻ കാത്തിരുന്ന പോലെ..

Post a Comment

അമ്മയ്ക്ക്‌..

അറിയുന്നു ഞാനെന്റെ അമ്മതൻ മനസ്സിൽ,
നിറയുന്ന, വിരഹത്തിൻ നെടുവീർപ്പുകൾ..

അറിയുന്നു അമ്മേ, നിന്നിൻ നിന്നുതിരുന്ന,
കനലിന്റെ ചൂടുള്ള നിശ്വാസവും..

അറിയുമോ അമ്മേ, നിന്നെക്കുറിച്ചു ഞാൻ,
ദിനമെല്ലാം ഓർക്കുന്നുവെന്ന കാര്യം?

അറിയുന്നു ഞാനിന്നു, നീയെനിക്കേകിയ,
അനുഗ്രഹാശ്ശിസിന്റെ പുണ്യമെല്ലാം.

അറിയുന്നു ഇന്നും, നീ തന്ന ചോറിൻ-
ഉരുളയിൽ നിറയുന്ന രുചിയെന്റെ നാവിൽ..

പറയില്ല അമ്മേ, നിന്നോടൊരിക്കലും,
നീ, കരയുമെന്നോർത്തു ഞാനെന്റെ കാര്യം.

കരയല്ലെയമ്മേ, തിരിച്ചു ഞാനെത്തും,
നിൻ മടിയിൽ തല ചായ്ച്ചുറങ്ങുവാൻ വീണ്ടും..

Post a Comment