Please use Firefox Browser for a good reading experience

Friday 24 June 2011

കുറച്ച് കടൽ ചിന്തകൾ

കടലെന്നെ നിത്യവും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു, എന്നും പുതിയത് ചിന്തിപ്പിച്ചു കൊണ്ടിരിക്കുന്നു. ചിലപ്പോഴതല്ലാം ഞാനോ നീയോ മുൻപ് ചിന്തിച്ചു മറന്നതാവാം. എന്നാൽ മാറ്റി പറയാം, എന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന്. കടലു കാണാത്ത ദിവസം - അതൊരു മുഷിവുള്ള ദിവസമാകും. കടൽ കാണുക എന്നു പറഞ്ഞാൽ..മനസ്സിൽ കാണാമല്ലോ. കടപ്പുറത്ത് ഓടി കളിക്കുവാൻ എന്നും സാധിക്കില്ലല്ലോ. മനസ്സ് കൊണ്ട് എവിടെയും സഞ്ചരിക്കുവാനുള്ള കഴിവ് ഈശ്വരൻ (ചിലപ്പോൾ ഈശ്വരനെ വിളിക്കേണ്ടത് ഈശ്വരൻ എന്നാവണമെന്നില്ല. സൗകര്യത്തിനു വിളിക്കാൻ ഒരു പേരുണ്ടാകുന്നത് നല്ലതല്ലെ?) ജന്മനാ എന്റെ ഉള്ളിൽ വെച്ചു തന്നിട്ടുണ്ട് (നിനക്കും തന്നതു പോലെ). അതൊരു അനുഗ്രഹം.

ഇന്നെന്നെ ചിന്തിപ്പിച്ചത് ഇതാണ്‌:
കടലെത്രെ നിഷ്ക്കളങ്കമാണ്‌!.
പക്ഷെ ‘നിഷ്ക്കളങ്കം’ എന്നു പറഞ്ഞാൽ ആ വാക്കിന്റെ അർത്ഥം അറിഞ്ഞാലല്ലെ അതെന്താണെന്നു മനസ്സിലാവൂ!
ഒരിക്കൽ നമ്മൾ എത്രയോ നിഷ്ക്കളങ്കരായിരുന്നു. ആ പ്രായത്തിൽ നമ്മൾ നിഷ്ക്കളങ്കരായിരുന്നു എന്ന് സ്വയം അറിഞ്ഞിരുന്നില്ല! ആ അറിവില്ലായ്മയെ ആണ്‌ നിഷ്ക്കളങ്കത എന്നു പറയുന്നത്!. ഇന്നു കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോൾ നഷ്ടപ്പെട്ടു പോയ ആ ഒന്നിനെ ഓർത്ത് ആ പേരു വിളിക്കുന്നു എന്നേയുള്ളൂ!.

‘കടൽ ക്ഷോഭം’ - എത്ര തവണ കേട്ടിരിക്കുന്നു.
കടൽ ക്ഷോഭിക്കുകയല്ല എന്നിപ്പോൾ തോന്നുന്നു. അങ്ങനെ പറയുന്നത്, നമുക്ക് ആ ഒരു കാര്യം മാത്രമെ മനസ്സിലാക്കാൻ കഴിയുകയുള്ളു എന്നതു കൊണ്ട് മത്രമാണ്‌. കടൽ ഒരു കുഞ്ഞിനെ പോലെ പിണങ്ങുകയാണ്‌, കളിപ്പാട്ടം വലിച്ചെറിയുകയാണ്‌, ചിണുങ്ങി കരയുകയാണ്‌. ചിലപ്പോൾ നമ്മളിൽ ചിലർ കരയുമ്പോൾ ആശ്വസിപ്പിക്കുകയും ചെയ്യാറുണ്ട്. ദുഖം ഉള്ളിലുറഞ്ഞു പോകാതിരിക്കാൻ, ചില കടൽ തേടി പോകുന്നത്, മണലിലൂടെ നടക്കുന്നത്, തണുത്ത തിരകളിലൂടെ കാൽ നനച്ച് നടന്ന് പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.
അവിടെല്ലാം കടലൊരു സുഹൃത്താണ്‌, ഒരു അത്താണിയാണ്‌, ചിലപ്പോൾ കടലൊരു അമ്മയെ പോലെയാവാം, വലിയ കൈകളുള്ള, അമർത്തി ആലിംഗനം ചെയ്യുന്ന അച്ഛനെ പോലെയാവാം, തോളിൽ സ്വാതന്ത്ര്യത്തോടെ കൈയിട്ട് കൂടെ നടക്കുന്ന ഒരു ജേഷ്ഠനാവാം.

ദേഷ്യം വരുമ്പോൾ കരയുകയും, പിണങ്ങുകയും, സ്നേഹം വരുമ്പോൾ, തലോടുകയും, കളി പറയുകയും, കൂടെ കളിക്കുകയും ചെയ്യുന്ന കടൽ ഒരു കൊച്ചു കുഞ്ഞല്ലാതെ ആരാണ്‌?
തിരകൾ ഒരു കുഞ്ഞു പൈതലിന്റെ പതുപതുത്ത കൈകൾ പോലെയാണ്‌. ചിലപ്പോഴൊക്കെ കോപം വന്നാലും, കടലൊരിക്കലും നമ്മെ വെറുക്കുകയില്ല എന്നു ഞാനറിയുന്നു. അതിന്റെ കാരണം, കടലിനു ആ വാക്കോ, ആ വാക്കിന്റെ അർത്ഥമോ അറിയില്ല എന്നതു തന്നെ!.

എന്നും ശൈശവം..ആ ശൈശവത്തിലേക്ക് നോക്കി നില്ക്കാൻ, കൂടെ കളിക്കാൻ, കളി പറയാൻ ഈ ജന്മം പോരാ എന്നു ഞാനറിയുന്നു. അങ്ങനെ അറിയുന്നതും ഒരു ഭാഗ്യമാവാം..
മനസ്സ് കൊണ്ട് ഞാൻ കടപ്പുറത്തേക്ക് പോകട്ടെ, ആ തണുത്ത കുഞ്ഞു തിരകൾ എന്റെ കാൽ വിരലുകളിൽ ഇക്കിളിയിടാൻ കാത്തിരിക്കുകയാവും!.

Post a Comment

Saturday 18 June 2011

അന്വേഷകരോട്..


ഇരുട്ട് വെളിച്ചത്തെ നക്കി തുടച്ചു.
വെളിച്ചം ഇരുട്ടായതറിയാതെ,
ചിലർ വെളിച്ചമന്വേഷിച്ചു നടന്നു.

നേരിനു നുണയുടെ നിറം പുരണ്ടതും,
പ്രണയത്തിനു കാമത്തിന്റെ നിറം വന്നതും
അതു പോലെ തന്നെയാണ്‌..

ശക്തനും ദുർബ്ബലനും തമ്മിലുള്ള മത്സരത്തിൽ,
ശക്തൻ ജയിച്ചു കൊണ്ടേയിരിക്കുന്നു..
അതാവും ഒരിക്കൽ ദുർബ്ബലനും
ശക്തനെ പോലെ സംസാരിച്ചു തുടങ്ങുന്നത്!.

അന്വേഷകരെ, നിങ്ങൾ വിഡ്ഡികൾ!
നിങ്ങൾ അന്വേഷിക്കുന്നവർ,
നിങ്ങളെയും അന്വേഷിച്ചു പരാജയപ്പെട്ടിരിക്കുന്നു!
അവർ ഒരിക്കൽ നിങ്ങളെ കാത്തിരുന്നതായിരുന്നു..

നിങ്ങൾ അവരേയും അവർ നിങ്ങളെയും ഒരിക്കലും കാണുകയില്ല..

Post a Comment

Tuesday 14 June 2011

മീൻഗുളികകളുടെ പ്രാധാന്യം

രാവിലെ എഴുന്നേൽക്കാനേ തോന്നിയില്ല. എന്നാൽ ഇളം നീല നിറമുള്ള കർട്ടനും തുളച്ച് വെളിച്ചം മെത്തയിൽ വന്നു വീണപ്പോൾ, ഒരു ചെറിയ തോന്നൽ നിരങ്ങി വന്നു പറഞ്ഞു, ‘ഇന്നത്തെ ദിവസം വ്യത്യസ്തമാകുവാൻ പോകുന്നു’. എവിടെ ഞാൻ ഉണർത്താൻ ചട്ടം കെട്ടിയ ടൈംപീസ്?. എഴുന്നേറ്റ് നോക്കുമ്പോളറിഞ്ഞു, പാവം, അതു നിലച്ചിരിക്കുന്നു. കുറ്റം എന്റേതു തന്നെ. ഇന്നലെ ഇഴഞ്ഞു നീങ്ങിയപ്പോൾ തന്നെ സംശയിക്കണമായിരുന്നു. ഇനി ഓട്ടോ തന്നെ ശരണം. ‘ബിന്ദു’ പോയിട്ടുണ്ടാവും.

പടികളിറങ്ങി, വേഗത്തിൽ പോകുന്ന വഴി വഴിവക്കിൽ കുറുകുന്ന പ്രാവുകളെ കണ്ടു. വെളുത്ത, മിനുമിനുപ്പുള്ള പ്രാവുകൾ. വെളുത്ത പ്രാവുകളെ കാണുന്ന ദിവസം ശുഭ ദിവസമായിരിക്കും. അതാണെന്റെ അനുഭവം. ഓട്ടോ സ്റ്റാൻഡിൽ ചെന്നു വിലപേശുന്നത് ഒരു വലിയ പ്രശ്നം പിടിച്ച പരിപാടിയാണ്‌. എങ്കിലും അതല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമെന്റെ മുന്നിലില്ല. അൻപത് രൂപയിലാണ്‌ തുടങ്ങിയത്. ഒടുവിൽ നാൽപ്പത്തിയഞ്ച് വരെയെത്തിച്ചു. അതും പതിനഞ്ചു മിനിറ്റോളം തർക്കിച്ച ശേഷം. എങ്കിലും കുഴപ്പമില്ല. എന്റെ വിജയമാണ്‌. അഞ്ചു രൂപയാണെങ്കിൽ കൂടിയും. എന്നാൽ യാത്ര തുടങ്ങി അൽപ നേരം കഴിഞ്ഞപ്പോൾ, എന്റെ ധാരണയെല്ലാം തെറ്റായിരുന്നു എന്നു തോന്നി. റിക്ഷാഡ്രൈവറുടെ ഡ്രൈവിംഗ് പാടവം കണ്ട് ഞാൻ അയാളെ മനസ്സാ അഭിനന്ദിച്ചു. അഭിനന്ദിച്ചു എന്നല്ല, അഭിനന്ദിച്ചു പോയി എന്നു തന്നെ പറയണം. റോഡ് സ്വന്തമാക്കിയതു പോലുള്ള ഭാവം ഇടയ്ക്ക് അയാൾ ഇടം വലം തിരിഞ്ഞു നോക്കുമ്പോൾ ആ മുഖത്തുണ്ടായിരുന്നത് ഞാൻ ശ്രദ്ധിച്ചു. അയാളോട് തർക്കിച്ച് സമയം വൃഥാ കളയേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഇയാളിത്ര വൈദഗ്ദ്ധ്യം കൈവശമുള്ളയാളെന്ന് ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാൻ അയാളുമായി ഒരു തർക്കത്തിനു മുതിരില്ലായിരുന്നു. മനസ്സിൽ അയാളോട് കുറച്ച് ബഹുമാനം പോലും തോന്നി തുടങ്ങിയെന്ന് പറയാനെനിക്ക് മടിയില്ല്ല.

ഇപ്പോൾ ഞാനൊരു ഗതാഗത കുരുക്കിൽ പെട്ടിരിക്കുന്നു. ചില സമയം തോന്നും ഓഫീസിൽ മുറുകി കിടക്കുന്ന ടാഗുകൾ വേർപിരിച്ച് എടുക്കുന്നത് ഇതിലും എളുപ്പമാണെന്ന്. ഇതഴിച്ച്, വീണ്ടും യാത്ര സുഗമമാക്കി തരുന്ന ട്രാഫിക് പോലീസുകാർ - അവരും മിടുക്കന്മാർ തന്നെ. എന്താണിത്? എത്ര പെട്ടെന്നാണ്‌ ഞാൻ എല്ലാപേരെയും ബഹുമാനിക്കാൻ തുടങ്ങിയത്! ഞാൻ വാച്ചിൽ നോക്കി. ഇപ്പോൾ തന്നെ വളരെ വൈകിയിരിക്കുന്നു. ഫയലുകൾ എന്നെയും കാത്ത് മേശപ്പുറത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാവും. അതിലും മുഷിച്ചിലാണ്‌ ട്രാഫിക്കിൽ ഇങ്ങനെ കുരുങ്ങി കിടക്കുന്നത്. ഞാൻ വീണ്ടും വാച്ചിൽ നോക്കി. എനിക്കറിയാം ഏതാനും സെക്കൻഡുകൾ മുൻപാണ്‌ ഞാൻ വാച്ച് നോക്കിയതെന്ന്. എങ്കിലും എന്റെ അക്ഷമ, ഈ തിരക്കിൽ, ഈ ഗതാഗത കുരുക്കിൽ കുടുങ്ങി കിടക്കുമ്പോൾ പ്രകടിപ്പിച്ചേ മതിയാവൂ. എന്റെ അസഹ്യത, സമയത്ത് എത്തിച്ചേരാനുള്ള വീർപ്പുമുട്ടൽ, ചെയ്തു തീർക്കാനുള്ള ജോലിയോടുള്ള ആത്മാർത്ഥത, ഞാൻ ഒരു തിരക്കു പിടിച്ച മനുഷ്യനാണെന്ന് നാലുപേരോട് പറയാതെ വിളിച്ചു പറയാനുള്ള വ്യഗ്രത - അതിനെല്ലാമുള്ള ഒരു സൂത്രമാണിത്. പക്ഷെ ഇതാരും എന്നെ പഠിപ്പിച്ചതല്ല. ഞാൻ ചുറ്റുപാടും നോക്കി സ്വയം പഠിച്ചതാണ്‌.

വെയിലും പൊടിയുമാണ്‌ പുറത്ത്. റിക്ഷയ്ക്കുള്ളിൽ സുരക്ഷിതനായി ഞാനിരുന്നു. പെട്ടെന്നാണ്‌ ഒരു മിന്നായം പോലെ ആ രൂപം ഞാൻ കണ്ടത്. ആ രൂപം റോഡിനപ്പുറം ഒരു പോസ്റ്റിന്റെ മറവിൽ നില്ക്കുകയായിരുന്നോ ഇത്രയും നേരം?. അയാൾക്ക് താടിയുണ്ട്. താടിയെന്നു വെച്ചാൽ അത്ര വലിയ താടിയൊന്നുമല്ല. കുറച്ച് കഷണ്ടി കയറിയിരിക്കുന്നു. അയാളുടെ ഷർട്ട് തീർത്തും മുഷിഞ്ഞതെന്ന് പറയാനാവില്ല. ഷർട്ടിന്റെ ആദ്യത്തെ ഒന്നോ, രണ്ടോ ബട്ടൻസുകൾ അയാൾ ഇട്ടിരുന്നില്ല. അതു കൊണ്ടാണ്‌ കോളർ പിന്നിലേക്ക് വലിച്ച് വെച്ചിരിക്കുന്നത്. ചൂട് - അതാണ്‌ കാരണം. ഞാൻ ആ രൂപത്തിനെ നോക്കാൻ കാരണം അതൊന്നുമായിരുന്നില്ല, ആ മുഖം..അതു എവിടെയോ കണ്ട, കണ്ട് മറന്ന മുഖമാണെന്ന് തോന്നിപ്പിച്ചത് കൊണ്ടാണ്‌. ഒരു മിന്നൽ പോലെ ആ പേര്‌ എനിക്കു കിട്ടി. അതു തൗസീഫ് ആണ്‌!. തൊട്ടടുത്ത നിമിഷം മറ്റൊരു ചിന്ത വന്ന് മുൻപ് വന്ന ചിന്തയെ മറി കടന്ന് മുന്നിൽ നിന്നു. കോളേജിൽ വർഷങ്ങൾക്ക് മുൻപ് പഠിച്ച തൗസീഫ് തന്നെയാണെന്നെങ്ങനെ പറയും?. ഒന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് ശബരീനാഥല്ലെ പറഞ്ഞത് തൗസീഫ് ഗൾഫിലാണെന്ന്. ചിലപ്പോൾ അയാൾ തിരിച്ചു വന്നിട്ടുണ്ടാവും. ആ കഷണ്ടിയാണ്‌ എന്റെ സംശയങ്ങളെ ബലപ്പെടുത്തുന്നത്. ഗൾഫിൽ പോയവർ നാട്ടിൽ തിരിച്ചു വരുമ്പോൾ കൂടെ കൊണ്ടു വരുന്നതിൽ ഒന്ന് അതാവും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
 ചിലപ്പോൾ..അതു തൗസീഫ് തന്നെയാകാം. പക്ഷെ..അയാളുടെ നടത്തം. അതത്രയ്ക്ക് സുഖമുള്ളതായി തോന്നിയില്ല. അയാൾ ആടിയാടിയാണ്‌ നടക്കുന്നത്. എന്റെ കൂടെ പഠിച്ച തൗസീഫ് ഒരിക്കലും ഇങ്ങനെ നടക്കില്ല. അല്ലെങ്കിൽ തന്നെ, ഒരു ഗൾഫ്കാരൻ എന്തിനിങ്ങനെ നടക്കണം?. ഞാൻ എന്റെ തന്നെ ചിന്തകളെ വെല്ലുവിളിച്ചു. എന്നാൽ എന്റെ സ്വന്തം ചിന്തകൾ ആ വെല്ലുവിളി സന്തോഷപൂർവ്വം ഏറ്റെടുക്കുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചില്ല.
‘ഇതു തൗസീഫ് തന്നെ!. സൂക്ഷിച്ചു നോക്കിയാൽ അയാൾ ധരിച്ചിരിക്കുന്ന ഷർട്ട് ഇവിടെയൊന്നും വാങ്ങുവാൻ കിട്ടുന്നതല്ലയെന്ന് മനസ്സിലാക്കുവാൻ കഴിയും. ഗൾഫിലല്ലെ അടുത്തകാലത്ത് എന്തോ പ്രശ്നങ്ങൾ ഉണ്ടായെന്ന് കേട്ടത്? എന്തോ മാന്ദ്യമോ മറ്റോ..? തൗസീഫിനും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടാവും. അയാൾ തിരിച്ചു വന്നിട്ടുണ്ടാവും’

‘എങ്കിൽ തന്നെ അയാളെന്തിനു ഇങ്ങനെ, ഈ ഘോര വെയിലിൽ ഇറങ്ങി നടക്കണം?’ എന്റെ ചോദ്യമതായിരുന്നു. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഇങ്ങനെയാവണം!. ബുദ്ധിപൂർവ്വമായ ചോദ്യങ്ങൾ ചോദിക്കാനുള്ള എന്റെ കഴിവിനെ ഞാൻ തന്നെ അഭിനന്ദിച്ചു.

ഓ! അയാൾ നടന്നു റോഡിലേക്കിറങ്ങുവാനുള്ള ഭാവത്തിലാണ്‌. റോഡിൽ മത്സരം നടക്കുകയാണ്‌. ദിവസവും റോഡിൽ മറ്റു വാഹനങ്ങളെ പിന്നിലാക്കി മുൻപിലെത്താനുള്ള വ്യഗ്രതയാണ്‌ എല്ലാവർക്കും. എവിടെയും ജയിക്കണം, എങ്ങനേയും ജയിക്കണം. അതാണ്‌ ലക്ഷ്യം. അതിനു അപരിചിതരുമായുള്ള മത്സരത്തിനേക്കാൾ അനുയോജ്യമായി മറ്റൊന്നുമില്ല. ഞാൻ, തൗസീഫ് എന്ന എന്റെ മറുചിന്ത അവകാശപ്പെട്ടയാളെ തന്നെ നോക്കിയിരുന്നു. പെട്ടെന്നാണ്‌ അയാൾ റോഡിലേക്കിറങ്ങി ചെന്നത്. ഓ! ഇയാളിതെന്താണീ കാണിക്കുന്നത്? അതു പറഞ്ഞു തീർന്നില്ല, ഒരു ടെമ്പോ വന്ന് അയാളെ ഇടിച്ചു തെറിപ്പിച്ചു. അയാൾ വായുവിലൂടെ ഉയർന്ന് പോകുന്നത് കണ്ടു. വാഹനങ്ങൾക്കിടയിലെവിടെയോ ആണ്‌ ചെന്നു വീണത്‌. ശബ്ദങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായി.
ബ്രേക്കുകളുടെ,
നിലവിളികളുടെ,
അസഭ്യ വാക്കുകളുടെ..
പിന്നിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചിട്ടുണ്ടാവും. ഒരു ബൈക്കുകാരൻ, ബ്രേക്ക് പിടിക്കുന്നതിൽ പരാജയപ്പെട്ട്, നിയന്ത്രണം വിട്ട്, പാഞ്ഞു വന്ന് ഒരു പ്രൈവറ്റ് ബസ്സിന്റെ പിന്നിൽ ചെന്നിടിച്ചു. അയാൾ മത്സരത്തിനു പുറത്തായിരിക്കുന്നു.
ഞാൻ പുറത്തേക്ക് തല നീട്ടി തൗസീഫിനെ നോക്കുവാൻ ശ്രമിച്ചു. ആളുകൾ വന്നു കൂടുന്നു. ഒന്നും കാണുവാൻ കഴിയുന്നില്ല. ഇറങ്ങി ചെല്ലണമോ വേണ്ടയോ?. അതായിരുന്നു ആദ്യത്തെ ചിന്ത.
എന്റെ വാഹനത്തിനു മുൻപിലെ കുരുക്ക് അഴിഞ്ഞിരിക്കുന്നു. ഏതോ മിടുക്കനായ പോലീസുകാരൻ ആ കൃത്യം സമർത്ഥമായി നിർവ്വഹിച്ചിരിക്കുന്നു. ചത്തു കിടന്ന വാഹനങ്ങൾക്ക് ജീവൻ വെച്ചു. വാഹനങ്ങൾക്കും, അതിനുള്ളിൽ വീർപ്പു മുട്ടിയിരിക്കുന്ന മനുഷ്യർക്കും ഉത്സാഹം വന്നിരിക്കുന്നു. എന്റെ വിദഗ്ദനായ ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു. ഇനി മത്സരമാണ്‌.

‘അപ്പോൾ തൗസീഫിനെ കാണണ്ടെ?. അയാൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്നന്വേക്ഷിക്കണ്ടെ?. എന്തെങ്കിലും സഹായം?’. എന്റെ എതിരാളി ചിന്തകൾ എന്നെ വിടാൻ ഭാവമില്ല.

‘ഇല്ല, അതെനിക്കറിയാവുന്ന തൗസീഫ് അല്ല. അയാൾ എന്റെ നഗരത്തിൽ വന്നിട്ടു കൂടിയില്ല്ല. അയാൾ ഈന്തപ്പനകളുടെ നാട്ടിൽ ശീതികരിച്ച ഏതോ മുറിയിൽ വിശ്രമിക്കുകയാണ്‌. മാത്രവുമല്ല, ഞാനിന്ന് രാവിലെ വെളുത്ത പ്രാവുകളെ കണ്ടതുമാണ്‌. ഇന്നു ഒരു ശുഭദിനമാകാതെ തരമില്ല. ഇപ്പോൾ തന്നെ ഞാൻ ഓഫീസിൽ എത്താൻ താമസിച്ചു പോയിരിക്കുന്നു. ഇനി ഓട്ടോ നിർത്തി, ഈ തിരക്കിനിടയിലൂടെ നടന്ന്, അതു തൗസീഫ് ആണോ അല്ലയോ എന്ന് വെറും ഒരു സംശയത്തിന്റെ പേരിൽ പോയി നോക്കുന്നത് ബുദ്ധിശൂന്യതയാണ്‌’.
ഞാനെന്റെ ചിന്തകളെ മുറുകെ പിടിച്ചു. എന്തു കൊണ്ടെന്നറിയില്ല്ല, എന്റെ മറുചിന്തകൾ ഇപ്പോഴൊന്നും പറയുന്നില്ല. എങ്ങനെ പറയും? എന്റെ ബുദ്ധിപൂർവ്വമായ വാദങ്ങൾ അവർ സമ്മതിച്ചു തന്നിരിക്കുന്നു. അത്ര തന്നെ!. എന്റെ ചിന്തകളുടെ ദൃഢത..ഒരു വിജയിയുടെ മുഖഭാവം എനിക്കു കൈവന്നോ എന്നു സംശയം തോന്നി പോയി.

ഇതൊന്നും കാണാതെ ഓഫീസിൽ പോയാൽ എത്ര നന്നായിരുന്നു. ഞാൻ എന്റെ ഡ്രൈവറോട് തർക്കിച്ച് നിന്ന് സമയം കളഞ്ഞത് കൊണ്ടാണിതൊക്കെ ..അല്ലെങ്കിൽ ഞാൻ എത്രയോ നേരത്തെ പോകുമായിരുന്നു. കുരുക്കിൽ പെട്ട് വെയിലിൽ മുഷിഞ്ഞ് ഇരിക്കേണ്ടി വരില്ലായിരുന്നു. വെറും അഞ്ചു രൂപ മാത്രമാണ്‌ ലാഭമുണ്ടായത്. അല്ല, അതല്ലെ പ്രശ്നം. പ്രശ്നം അതിനു മുൻപേ തുടങ്ങിയിട്ടുണ്ട്. ഞാൻ ഓർമ്മകളുടെ വിരൽ പിടിച്ച് സമയത്തിലൂടെ പിന്നിലേക്ക് സഞ്ചരിച്ചു. എന്റെ ടൈംപീസ്! ചതിച്ചത് അവനാണ്‌!.
പക്ഷെ..ഇന്നലെ അവൻ തളർന്ന് അവശനായി ഓടുന്നത് ഞാൻ കണ്ടതാണല്ലൊ?
മാറ്റിയിടാൻ ബാറ്ററി ഇല്ലാതെ പോയതല്ലെ?
അതു കടയിൽ പോയപ്പോൾ ഓർക്കാത്തത് കൊണ്ടല്ലെ?
അപ്പോൾ, എന്റെ ഓർമ്മക്കുറവാണ്‌ ഇതിനെല്ലാം കാരണം. അതിനൊരു പ്രതിവിധി ഞാൻ കണ്ടെത്തി. മീൻഗുളികകൾ!
ഒമേഗ 3 എന്ന ഒരു അത്ഭുതം അതിലുണ്ടത്രെ. അവനാണത്രെ ഓർമ്മകളുടെ ഞരമ്പുകൾക്ക് ശക്തി പകരുന്നവൻ. മീൻഗുളികകൾക്ക് ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ടെന്ന് എനിക്ക് ബോദ്ധ്യമായിരിക്കുന്നു. മീൻഗുളികകൾ വാങ്ങി കഴിക്കാതെ തരമില്ല എന്നായിരിക്കുന്നു. ഇന്നു വൈകുന്നേരമാകട്ടെ, തിരികെ വരുന്ന വഴി മീൻഗുളികകളും, ബാറ്ററിയും വാങ്ങണം. ഞാൻ നിശ്ചയിച്ചു. ഇനി ഇതു പോലെ സംഭവിക്കരുത്. ഞാൻ മുൻപിലേക്ക് നോക്കി. മത്സരം നല്ല രീതിൽ നടക്കുന്നു. ഇപ്പോൾ രണ്ടാം സ്ഥാനത്താണ്‌. ഓഫീസിൽ എത്തും മുൻപ് എന്റെ വാഹനം ഒന്നാമതെത്തിയിരിക്കും. എനിക്കുറപ്പാണ്‌. ഞാൻ കമ്പിയിൽ പിടിച്ച് ഉത്സാഹത്തോടെ മുൻപിലേക്ക് നോക്കിയിരുന്നു.

Post a Comment

Saturday 4 June 2011

അനന്തരം

ഉത്തരേന്ത്യയിൽ, ഒരു ഗ്രാമത്തിൽ, വെളിച്ചം ചിതറി കിടക്കുന്ന ഒരു ചെമ്മൺ പാതയിലൂടെ ഒരു കാളവണ്ടി വലിയ വേഗമില്ലാതെ മണികിലുക്കി കൊണ്ട് പോകുന്നു. കട്ടിയുള്ള ഒരു കമ്പിളി പുതച്ച്, പുറത്തേക്ക് നോക്കിയിരിക്കുകയാണയാൾ. ആ പുതപ്പ് ഒരപരിചിതന്റെ ദയയാണ്‌. ദയയുടെ ആ മുഖം അയാൾ ഓർക്കുന്നില്ല. തനിക്കു കഴിയും വിധം ആ പുതപ്പ് പുതച്ച് കൊണ്ട്, ചുറ്റും മൂടി നില്ക്കുന്ന നേരിയ പുകമഞ്ഞിലേക്ക് അയാൾ നോക്കിയിരുന്നു. പ്രത്യേകിച്ച് നോക്കുവാൻ ഒരു വസ്തുവോ, വ്യക്തിയോ ആ കണ്ണുകൾ കണ്ടെത്തിയില്ല. ചെറിയ തണുപ്പുണ്ട്. എങ്കിലും തന്റെ വലതു കൈ അനിയന്ത്രിതമായി വിറയ്ക്കുന്നത് മാത്രമാണ്‌ അയാളെ അലോസരപ്പെടുത്തി കൊണ്ടിരുന്നത്. ഒരു ചെറിയ കാറ്റ് വന്നു അയാളുടെ പുതപ്പ് തട്ടി പറിക്കുവാൻ ഒരു ശ്രമം നടത്തി. ഇരു കൈകളും കൊണ്ട് ആവും വിധം ആ പുതപ്പ് അയാൾ ചേർത്തു പിടിച്ചു തലവഴി മൂടി, കൂനി പിടിച്ചിരുന്നു. അയാളുടെ നരച്ചു തുടങ്ങിയ നീണ്ട താടിയും, കറുത്തു തുടങ്ങിയ മുഖവും, കുഴിയിലാണ്ട കണ്ണുകളും ആ ഒരു നിമിഷത്തിൽ ഒരു മിന്നായം പോലെ അയാളുടെ സഹയാത്രികർ കണ്ടു കഴിഞ്ഞിരുന്നു. ചേർത്തു പിടിക്കാൻ അയാൾക്ക് മറ്റൊന്നുമുണ്ടായിരുന്നില്ല. സ്വന്തം ജീവിതം പോലും. ഇരുപത്തി രണ്ട് വർഷങ്ങൾക്ക് മുൻപ്, തിളയ്ക്കുന്ന വിപ്ലവവീര്യവും, ഹൃദയത്തിനോട് ചേർത്തു പിടിച്ച ചോരയുടെ നിറമുള്ള കവിതകളും അയാളുടെ പക്കലുണ്ടായിരുന്നു. കനലു പോലെ ആ മനസ്സും ഹൃദയവും ചുട്ടു പൊള്ളി കൊണ്ടിരുന്ന ഒരു കാലം. ആ കാലത്തെ കുറിച്ച് ഒട്ടും തന്നെ അയാൾ ഇപ്പോൾ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ സൂര്യപ്രകാശം ഭൂമിയിൽ സ്പർശിക്കുന്ന സമയം മുതൽ, ഇരുട്ടിൽ നിലാവ് ഉദിച്ച് മറയുന്നതു വരേയും അയാളെ, ആ കാലത്തെ കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു, അയാളുടെ വലതു കൈ. ആ കൈ വിറച്ചു കൊണ്ടിരുന്നു, സദാ സമയവും. അയാളുടെ മാത്രം രഹസ്യമായി അത് മൂടി വെയ്ക്കാൻ വൃഥാ ശ്രമിച്ചിരുന്നുവെങ്കിൽ കൂടിയും. ഒരിക്കൽ മനസ്സിന്റെ തന്ത്രികൾക്ക് താളം നഷ്ടപ്പെട്ട ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ മൂർച്ചയുള്ള ഒരായുധം കൊണ്ട് ആ വലതു കൈ മുറിച്ചു മാറ്റുവാൻ കൂടി ഒരുമ്പെട്ടിട്ടുണ്ടയാൾ.

ഓർത്തെടുക്കുക എന്നത് വളരെ ലഘുവായ മാനസിക വ്യായാമമാണ്‌. എന്നാൽ മറക്കുക എന്നത് ഓർമ്മകളെ തിരഞ്ഞു കണ്ടു പിടിച്ച് അവയുടെ വലക്കണ്ണികളെ അടർത്തി മാറ്റുക എന്ന സങ്കീണ്ണമായ പ്രക്രിയ ആണ്‌. അതിൽ അയാൾ നിരന്തരം പരാജയപ്പെട്ടു കൊണ്ടിരുന്നു. ഈ യാത്ര, അയാൾക്ക് കാലത്തിനു പിന്നിലേക്ക് സഞ്ചരിക്കുന്നത് പോലെയാണ്‌. മറന്നു പോയ വഴികൾ തിരഞ്ഞു കണ്ടു പിടിച്ച്, മാഞ്ഞു പോയ കാൽപ്പാടുകൾ തേടിയുള്ള യാത്ര.
‘നിങ്ങളെങ്ങോട്ടാണ്‌ ?’
സമീപത്ത് നിന്നുയർന്ന ആ വൃദ്ധ ശബ്ദം അയാളുടെ ശ്രദ്ധയെ ക്ഷണിക്കുവാൻ പര്യാപ്തമായിരുന്നില്ല. അയാൾ ദൂരേക്ക്, പിന്നിലേക്ക് സാവധാനം പോയി മറയുന്ന കാഴ്ച്ചകളിലേക്ക് നോക്കിയിരുന്നു. അയാളുടെ ചിന്തകളെ വകഞ്ഞു മാറ്റി ഉള്ളിലെവിടെയോ ചെന്ന് ആ ചോദ്യം പ്രതിധ്വനിച്ചു. ആ സമയമത്രയും താൻ മറക്കാൻ ശ്രമിച്ച്, പരാജയപ്പെട്ടു കൊണ്ടിരുന്ന തന്റെ ഗ്രാമത്തിലെ ഇടവഴികളിലൂടെ, ചെളി നിറഞ്ഞ വരമ്പുകളിലൂടെ, അരയാലിലകൾ വീണു കിടന്ന അമ്പല പറമ്പിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. മനസ്സു കൊണ്ട്.
‘ദൂരേക്ക്..’
എന്നാൽ അവശത നിറഞ്ഞ ആ മറുപടി, അരികിലൂടെ പൊടി പറത്തി കൊണ്ട് പാഞ്ഞു പോയ ഒരു പഴഞ്ചൻ ബസ്സിന്റെ ശബ്ദത്തിൽ മുങ്ങി പോയി.
മുഖം കുനിച്ച്, മൂടി വെച്ച വലതു കൈയിലേക്ക് അയാൾ നോക്കിയിരുന്നു.
അതൊരു രാത്രിയായിരുന്നു. വർഷങ്ങൾക്കു മുൻപുള്ള ആ ഒരു രാത്രിയായിരുന്നു അയാളുടെ ജീവിതത്തിന്റെ ഒഴുക്ക് തിരിച്ച് വിട്ടത്. അന്ന്, ആ നിലാവുള്ള രാത്രിയിൽ സുരേന്ദ്രനും കൂടെ ഉണ്ടായിരുന്നു. അവനാണ്‌ ആ ആശയം മുന്നോട്ട് വെച്ചത്. ‘എനിക്കു തന്നെ അത് ചെയ്യണം’ എന്നു ആവേശപൂർവ്വം പറഞ്ഞപ്പോൾ, തോളോട് തോൾ ചേർത്ത് അഭിനന്ദിച്ച സുരേന്ദ്രൻ.
കരിയിലകൾ വീണു കിടക്കുന്ന മണ്ണിലൂടെ സാവധാനം നടന്നു. ശബ്ദമുണ്ടാക്കാതെ, ഇടയ്ക്കിടെ നിന്നു ചുറ്റുപാടും കണ്ണോടിച്ച്.. ആ രാത്രിക്ക് പതിവിലും നീളം കൂടുതലാണെന്നു വരെ തോന്നി.
നിലാവിൽ വാളിന്റെ മൂർച്ച ഒരിക്കൽ കൂടി ഇടതു തള്ള വിരൽ കൊണ്ട് തീർച്ചപ്പെടുത്തി.
‘മതിയെടാ, അവനിത്രയും മൂർച്ച മതി’. എന്നു പല്ലു കടിച്ചു പിടിച്ച് സുരൻ പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. ഇരുട്ടിൽ ആ മാളിക ഒരു തിളങ്ങുന്ന പർവ്വതം പോലെ തോന്നിച്ചു. പെണ്ണുങ്ങളുടെ മാനത്തിന്റെ വില. അതു അവനെ അറിയിക്കണം. അവനു മാത്രമല്ല, അവന്റെ എച്ചിലു നക്കുന്ന അവന്റെ വളർത്തു നായ്ക്കൾക്കും. ഞരമ്പുകൾ മുറുകി നിന്നു. വാളിന്റെ പിടിയിൽ മുറുക്കെ പിടിച്ചു കൊണ്ട് നില്ക്കുമ്പോൾ, പിൻവശത്തെ വാതിലിന്റെ ഓടാമ്പൽ ഇളക്കിയതു സുരനായിരുന്നു. അവന്റെ കണക്കുകൾ പിഴച്ചിട്ടില്ല. അങ്ങനെയാണ്‌ കേട്ട കഥകൾ. ഇരുട്ടിലാണവൻ വാസം. അവനെ തേടി ആരും പോകാറില്ല. അവൻ തിരക്കുന്നവരെ തേടി വരും. ഇരുട്ടിൽ ഒരു കറുത്ത പൂച്ചയെ പോലെയാണവൻ.
കിടപ്പു മുറിയുടെ വാതിലും കടന്ന്, കട്ടിലിന്റെ ഇരുവശത്തുമായി നിന്നു. ശത്രു ഉറക്കത്തിലാണ്‌. അപ്പോഴും ആ വിരലുകളെ സ്വർണ്ണ മോതിരങ്ങൾ അലങ്കരിച്ചിരുന്നു, ഇറുകിയ കഴുത്തിൽ ഭാരിച്ച ഒരു സ്വർണ്ണ ചെയിനുണ്ടായിരുന്നു. വാളിന്റെ അഗ്രം കൊണ്ട് അവന്റ് കവിളിൽ ഒന്നു പോറിയതേ ഉള്ളൂ. കണ്ണു തുറന്ന ഉടൻ തലയിണയുടെ അടിയിലേക്കാണ്‌ കൈകൾ നീണ്ടത്. ചെറിയ ഇരുമ്പ് ദണ്ഢ് കൊണ്ട് അപ്പോൾ സുരൻ ശക്തിയായി ആ കൈകളിൽ അടിച്ചു. വിരലുകൾ ഒടിയുന്ന ശബ്ദത്തിനോടൊപ്പം, അടുത്തു കിടന്ന സ്ത്രീയും ഞെട്ടി ഉണർന്നു. അവരുടെ കണ്ണുകളിൽ ഇരച്ച് വന്ന ഭയം ആ നേർത്ത നിലാ വെളിച്ചത്തിലും വ്യക്തമായി കാണാമായിരുന്നു. ഒരു നിമിഷം ചുണ്ടിൽ ചൂണ്ടു വിരൽ ചേർത്ത് ആ സ്ത്രീയുടെ ഉള്ളിൽ നിന്നും ഉയർന്ന നിലവിളിക്ക് അനുവാദം നിഷേധിച്ചു. കിടക്കയിൽ തൊട്ടടുത്ത് ഒരു ബാലനുണ്ടായിരുന്നു. അവനെന്തു പ്രായം വരും?. ഏറിയാൽ ഏഴ് വയസ്സ്. അവിടെ സുരന്റെ കണക്ക് പിഴച്ചുവൊ? അതോ മനപ്പൂർവ്വം അറിയിക്കാതിരുന്നതാണോ?. ആ ബാലന്റെ കാര്യം..അതറിഞ്ഞിരുന്നില്ലല്ലോ. ആരും പറഞ്ഞിരുന്നില്ല അവൻ അയാളുടെ ഒപ്പമാണ്‌ കിടക്കുന്നതെന്ന കാര്യം. സമയം വളരെ കുറവാണ്‌. ഏൽപ്പിച്ച കാര്യം അതിന്റെ കൃത്യത യോടെ തീർക്കുക. അതാണ്‌ ദൗത്യം. അപ്രതീക്ഷിമായ ഒന്നപ്പോൾ അവിടെ നടന്നു. ഒരു പേടി സ്വപ്നം കണ്ടതു പോലെ ഞെട്ടി എഴുന്നേറ്റ് അവൻ ഉറക്കെ കരയാൻ തുടങ്ങി. വാളെടുത്ത് അവന്റെ നേരെ ഒന്നു കാണിച്ചതേ ഉള്ളൂ. അവന്റെ ശബ്ദം ആ പിഞ്ചു കഴുത്തിലെവിടെയോ കുടുങ്ങി പോയതു പോലെ തോന്നിച്ചു. അവൻ വായ് പൊളിച്ച്, ചിറി വികൃതമായി കോട്ടി കാലിൽ പിടിച്ച കരഞ്ഞു. ഒരു ഏങ്ങൽ മാത്രമേ ഉണ്ടായിരുന്നു അപ്പോൾ. തൊട്ടടുത്ത നിമിഷം ഇരുട്ടിൽ വാൾ ശത്രുവിന്റെ കഴുത്ത് ലക്ഷ്യമാക്കി വീശി. ആ ഊക്കിൽ അതു വരെ കരുതി വെച്ച കരുത്തും, മനസ്സിൽ നിറച്ചു വെച്ച വെറുപ്പും ഉണ്ടായിരുന്നു. കാലിൽ മുറുക്കെ പിടിച്ചിരുന്ന കുഞ്ഞു കൈകൾ അഴിഞ്ഞു. ആ ബാലൻ ബോധം നശിച്ച് പിന്നോക്കം മറിഞ്ഞു വീണു. ഒപ്പം, കട്ടിലിൽ തല വേർപെട്ട ദുർമേദ്ദസ്സുള്ള ഒരു ശരീരവും.

ദേഹം ദഹിപ്പിക്കുന്നത് വേലിക്കപ്പുറത്ത് നിന്നു കാണുമ്പോഴും, ആ കുട്ടിയുടെ മുഖമായിരുന്നു കണ്ണിൽ. അവൻ അവിടെ തന്നെ ഉണ്ടായിരുന്നു. കട്ടി പുക അവിടം മുഴുവനും നിറഞ്ഞ്, മനുഷ്യ മാംസം വെന്തു കരിയുന്ന മണം ഉയരുന്നതു വരെ. അപ്പോഴാണാദ്യമായി വലതു കൈ വിറച്ചു തുടങ്ങിയത്. അതിന്റെ പൊരുളറിയാതെ ആ വേലിയും പിടിച്ചു നിന്നു. ആദ്യത്തെ ദൗത്യത്തിന്റെ ആഘാതം - അതു മാത്രമാവും കാരണം. അങ്ങനെ തന്നെ മനസ്സ് പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും വിറയൽ മാറുന്നില്ല എന്ന സത്യം മനസ്സിനെ മറ്റു വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഭക്ഷണം കഴിക്കുമ്പോഴും, പത്രം വായിക്കുമ്പോഴും ആ വിറയൽ നിലാവിൽ ചീന്തി തെറിച്ച ചോരത്തുള്ളികളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഭ്രാന്തു പിടിപ്പിക്കുന്ന ചിന്തകൾ ശല്ല്യം ചെയ്തു കൊണ്ടിരുന്ന ഒരു രാത്രി ഒരു ഭ്രാന്തനെ പോലെ ഓടി. അകലേക്ക്. അതായിരുന്നു ലക്ഷ്യം. കാൽനടയായും, തീവണ്ടികളിലും..പുണ്യ സ്ഥലങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, ഗുഹകൾ, വനങ്ങൾ. യാത്ര തുടർന്നു കൊണ്ടിരുന്നു.

വർഷങ്ങൾ നീണ്ട യാത്ര. തലമുടി നീണ്ട്, നേർത്ത്, വെളുത്ത്..ശരീരത്തിന്റെ മാറ്റങ്ങൾ അയാൾ അറിയുന്നുണ്ടായിരുന്നില്ല. അറിയാൻ ആഗ്രഹിച്ചിരുന്നില്ല. മാറ്റമില്ലാത്തത് ഒന്ന് മാത്രം. അത് അയാളുടെ വലതു കൈ ഓർമിപ്പിച്ചു കൊണ്ടിരുന്നു. രാവും പകലും.

2

കാലം നീണ്ട കാൽവെയ്പ്പുകളുമായി മുന്നോട്ട് പോയി. ഉറച്ച മാംസ പേശികളിൽ നിന്ന് ദൃഢത ചോർന്ന് പോകുന്നതയാൾ സാവധാനം തിരിച്ചറിഞ്ഞു. ഒപ്പം വിപ്ലവം തീ പിടിപ്പിച്ച മനസ്സിലെ കനലുകൾ അണഞ്ഞു തുടങ്ങിയതും. ചേർത്തു വെച്ച ആദർശരൂപങ്ങളിൽ സത്യത്തിന്റെ നിറം മങ്ങി വരുന്നതും, പ്രായോഗികതയുടെ നിറം പൂശിയ കപട മുഖങ്ങൾ അവരെടുത്തണിയുന്നതും അയാൾ കേട്ടറിഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നതയാൾ നിർത്തിയതപ്പോഴായിരുന്നു. അകലേക്ക്, ആരും അന്വേക്ഷിച്ചു വരുവാൻ കഴിയാത്തത്ര അകലത്തേക്ക്. അതു മാത്രമായിരുന്നു ലക്ഷ്യം. ലക്ഷ്യമില്ലാത്തവനു ആയിരം വഴികളാണ്‌ മുന്നിലുള്ളത്. ഏതു വഴിയും അവനെ അനന്തതയിലേക്ക് നയിക്കും. പാദങ്ങൾ തളരും വരെ, മനസ്സുറങ്ങി പോകും വരെ അയാൾ നടന്നു. ഓരോന്നോരോന്നായി അയാൾ ഉപേക്ഷിച്ചു കൊണ്ടിരുന്നു. മനസ്സിലുറപ്പിച്ച വിഗ്രങ്ങൾ പിഴുതെടുത്ത് വലിച്ചെറിഞ്ഞു. സ്വന്തം പേർ കേൾക്കാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല. പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ സ്വന്തം പേര്‌ വിളിച്ചു കേട്ടില്ലെങ്കിൽ അതു പിന്നെ വെറുമൊരു അപരിചിത ശബ്ദമായി മാറും. ഒരോ നിമിഷവും, അയാൾ അയാൾക്ക് തന്നെ അപരിചിതനായി മാറിക്കൊണ്ടിരുന്നു.  അയാൾക്കു മാത്രമല്ല, അയാളെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിന്റെ ചില്ലു കൂടുകളിൽ സൂക്ഷിച്ചു വെച്ചവർക്കും. അറിഞ്ഞു കൊണ്ട് അനാഥനായെന്ന് അയാൾ സ്വയം അഭിമാനിച്ചു, അയാളുടെ അവസാനമില്ലാത്ത യാത്രയിലും.

താളത്തിൽ മുടിയഴിച്ചാടുന്ന ഗോതമ്പ് പാടങ്ങൾ, സംഹാര ശക്തി ഉള്ളിലാവാഹിച്ച് അലറി വരുന്ന തിരകൾ, ചുട്ടു പഴുത്ത് കിടക്കുന്ന മണ്ണിൽ ദാഹ ജലത്തിനായി മനുഷ്യപുത്രരോടൊപ്പം മെല്ലിച്ച, കൈകളുയർത്തി മഴയ്ക്കായ് കേഴുന്ന വരണ്ട വൃക്ഷങ്ങൾ. ഈ കാഴ്ച്ചകളൊക്കെയും അയാളുടെ മനസ്സിന്റെ പരുപരുത്ത  പ്രതലങ്ങളിൽ ചിത്രങ്ങൾ കോറിയിട്ടുകൊണ്ടിരുന്നു. കാലപ്പഴക്കം കൊണ്ടാവും, തലങ്ങൾ മിനുസമാവുകയും, ചിത്രങ്ങൾ അവ്യക്തമാവുകയും, പുതിയ ചിത്രങ്ങൾ അവിടെ സ്ഥാനം പിടിക്കുകയും ചെയ്തു കൊണ്ടിരുന്നു. ജീവിതത്തിനു പല അർത്ഥതലങ്ങളുണ്ടെന്നു കാലം അയാളെ തുടർച്ചയായി ബോദ്ധ്യപ്പെടുത്തി കൊണ്ടിരുന്നു.

ബീഡി പുകച്ചുരുളുകൾ കൊണ്ട് വൈകുന്നേരങ്ങളും രാത്രികളും നിറച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അയാൾക്ക്. വർഷങ്ങൾക്കപ്പുറം തണുത്ത കാറ്റ് വീശുന്ന രാത്രികളിൽ, ഞരമ്പുകൾ ഉറഞ്ഞു പോകാതിരിക്കാൻ, ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിൽ അതിരു വരച്ചിട്ടിരുന്ന നേർത്ത നൂലിഴയിലൂടെ വിറയ്ക്കാതെ നടന്നു പോകാൻ പുകച്ചുരുകൾക്ക് കട്ടി പോരാതെ വന്നു. കഞ്ചാവും ഭാംഗും .. ലഹരിക്ക് ഇനിയേതു വിഷപ്പുകയാണ്‌ ബാക്കിയുള്ളതെന്ന് അന്വേക്ഷിച്ചു നടന്ന രാത്രികൾ. മനുഷ്യ ശരീരം വെറും മാംസമാണെന്നു കറ പിടിച്ച പല്ലുകൾ കാട്ടി, വിഭൂതിയിൽ പൊതിഞ്ഞ ശരീരമുള്ള ചില വിചിത്ര രൂപങ്ങൾ, തങ്ങളുടെ ജട നിറഞ്ഞ ശിരസ്സ് ഉന്മാദത്തിൽ ചലിപ്പിച്ചു കൊണ്ട് പറയുന്നത്, ഒരിക്കൽ പുകച്ചുരുളുകൾക്കിടയിലൂടെ അയാൾ കേട്ടു. അവരിരുന്നത് ഒരു അഗ്നി കുണ്ഢത്തിനു ചുറ്റുമായിരുന്നു. തണുത്ത കാറ്റിൽ അഗ്നി സ്ഫുലിംഗങ്ങൾ ചുറ്റും ഉയർന്നു പാറി കൊണ്ടിരുന്നു. പുകച്ചുരുളുകൾക്കപ്പുറം, മനുഷ്യരൂപമുള്ള ഒരു വിചിത്ര ജീവി മാത്രമാണെന്ന് ഉള്ളിലിരുന്ന ആരോ അലറി വിളിച്ചു പറഞ്ഞതു കേട്ടില്ലെന്നു നടിച്ചു. നിന്റെ ശബ്ദത്തിനു അനുവാദം നിഷേധിച്ചിരിക്കുന്നു!. അതായിരുന്നു ആ ശബ്ദത്തിനോട് സ്വയം കൽപ്പിച്ചത്. അതു കൊണ്ട് ആ ശബ്ദത്തിന്റെ ഒച്ച നാൾക്കു നാൾ കുറഞ്ഞു വന്നു..നേർത്ത് നേർത്ത്..ഒരു ദിവസം ആ ശബ്ദം നിലച്ചു. ഉന്മാദത്തിന്റെ കൈകൾ മുറുക്കെ പിടിച്ച് ഒരു ദിവസം തണുത്ത നദിയിലേക്ക് ഇറങ്ങി ചെന്നതായിരുന്നു. ഒരു ഉൾവിളിയുടെ അവസാനം, ഒന്നു മുങ്ങി ഉയർന്നപ്പോൾ വിരലുകൾ തടഞ്ഞത്, മറ്റൊരു ലോകം ലക്ഷ്യമാക്കി നീങ്ങുന്ന ഒരു മനുഷ്യ ശരീരത്തിന്റെ പാതി വെന്ത കൈകളിലായിരുന്നു. അവിടെ, ആ നിമിഷം, ശരീരവും, ലോകവുമായുള്ള കെട്ടു പാടുകൾ ചേർത്തു വെച്ച അദൃശ്യ ചരടുകൾ അഴിഞ്ഞു വീണു. അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുഭവം കൊണ്ട് മാത്രമേ വ്യാഖ്യാനിക്കുവാൻ കഴിയുകയുള്ളൂ എന്ന അറിവ് ഒരു മിന്നൽ പോലെ തലച്ചോറിൽ പതിച്ച നിമിഷം. പിന്നീടുള്ള രാവുകളിൽ, വിറയ്ക്കുന്ന വിരലുകൾക്കിടയിൽ ചുരുട്ടി വെച്ച ലഹരി ചേർത്ത് വെച്ച്, ആഞ്ഞു വലിച്ചു, വെളുത്ത പുകച്ചുരുളുകൾ കൊണ്ട് നെഞ്ചിൻ കൂട് നിറയ്ക്കാൻ. ആറു വിരലുകളുമായി നടന്ന നാളുകൾ. സമയത്തിനേക്കാൾ വേഗത്തിൽ അയാൾ വൃദ്ധനായി കൊണ്ടിരുന്നു.

വിറയൽ. അതു മാത്രമാണ്‌ ഓർമ്മകളെ ഉറങ്ങാൻ അനുവദിക്കാത്തതെന്ന് അയാൾക്ക് തോന്നി. ഒരോ നിമിഷവും കൈ വിറയ്ക്കുമ്പോൾ, മൂർച്ചയുള്ള ഒരായിരം ചിത്രങ്ങൾ വന്നു ദയയില്ലാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. നദികൾ, അരുവികൾ എവിടെ നിന്നും ജലം കൈക്കുമ്പിളിൽ എടുത്തുയർത്തുമ്പോഴും, കൈക്കുള്ളിലെ തെളിഞ്ഞ ജലത്തിനേക്കാൾ, വിറയ്ക്കുന്ന വിരലുകൾക്കിടയിലൂടെ ചോർന്നു പോകുന്നതിലായിരുന്നു അയാളുടെ നോട്ടം ചെന്നു നിന്നിരുന്നത്.  ഏതോ ഒരു പുക മഞ്ഞു മൂടിയ പ്രഭാതത്തിൽ, പതിവു പോലെ നദിയിൽ മുങ്ങി ഉയർന്നപ്പോൾ, ദുർബ്ബലമായ ആ പഴയ ശബ്ദം ഒരു അവസാന ശ്രമം പോലെ ഉള്ളിലിരുന്നു പറഞ്ഞതു കേട്ടു. നിശ്ശബ്ദതയുടെ ഒരു നിമിഷത്തിനായി ആ ശബ്ദം കാത്തിരുന്നതു പോലെ ?. ആ ഒരു നിമിഷം മാത്രം. അത്രയേ ഉണ്ടായിരുന്നുള്ളൂ. അതു നിലച്ചു. ഒരു പക്ഷെ ഇനി ഒരിക്കലും അയാൾ ആ ഒരു ശബ്ദം കേൾക്കില്ലായിരിക്കും. അവിടെ നിന്നും, ആ നദിക്കരയിൽ നിന്നും അയാൾ മറ്റൊരു യാത്ര ആരംഭിച്ചു. തിരിച്ച് ഭൂതകാലത്തിലേക്കെന്ന പോലുള്ള ഒരു യാത്ര.

കാളവണ്ടി വലിയ ഒരു അരയാലിന്റെ സമീപം നിന്നു. ആളുകൾ പല ദിക്കിലേക്കുമായി നടന്നു മറഞ്ഞു. അയാൾ യാത്ര തുടർന്നു. ദിവസങ്ങൾ നീണ്ട യാത്ര. പലവിധ വാഹനങ്ങൾ, കണ്ടു മറന്ന, കണ്ടു മടുത്ത കാഴ്ച്ചകൾ. പരിചിതവും അപരിചിതവുമായ നാടുകൾ. മഴയിലും വെയിലിലും അയാൾ യാത്ര തുടർന്നു.

3

ഒടുവിൽ അയാൾ ആ പഴയ ഗ്രാമത്തിൽ എത്തിച്ചേർന്നു. ഗ്രാമം പട്ടണമായി മാറിയത് അയാളെ അത്ഭുതപ്പെടുത്തിയില്ല്ല. വഴികൾ വളർന്നിരിക്കുന്നു, ഇരു വശത്തേക്കും. അതിരുകൾ തിരിച്ചിരിക്കുന്നു എവിടെയും. ‘ഇവിടം മുഴുവനും ശബ്ദങ്ങളാണ്‌’ അയാൾ സ്വയം പറഞ്ഞു. വർഷങ്ങൾക്ക് ശേഷമായിരുന്നു അയാൾ തന്റെ സ്വന്തം ഭാഷ കേൾക്കുന്നത്. ആ ചെറിയ പട്ടണം, ഒരു വിചിത്രമായ ലോകം പോലെ അയാൾക്കും മുന്നിൽ മലർന്നു കിടന്നു.

പഴയ വഴികൾ തേടിപ്പിടിക്കുവാൻ അധികം ബുദ്ധിമുട്ടുണ്ടായില്ല. ചുറ്റും വെട്ടു കല്ലുകൾ കൊണ്ട് അരയാൾ പൊക്കത്തിൽ തീർത്ത മതിലുകൾക്കുള്ളിൽ, ചായമിളകി, മഴയും വെയിലിലും നിന്ന് വാർദ്ധക്യം ബാധിച്ച മാളിക കണ്ടു. മുറ്റം മുഴുവനും കരിയിലകൾ നിറഞ്ഞിരിക്കുന്നു. ചില വൃക്ഷങ്ങൾ ഉണങ്ങി, പ്രകൃതിയോട് പരാജയം സമ്മതിച്ച് നില ചേർന്ന് വീണു കിടപ്പുണ്ട്.  മതിലിനുള്ളിൽ ഒരു വലിയ ബോർഡ് നാട്ടിയിരിക്കുന്നു. ‘വസ്തു വിൽപ്പനയ്ക്ക്’ എന്നും അതിൽ എഴുതിയിട്ടുണ്ട്. ആ അക്ഷരങ്ങൾക്ക് താഴെയായി ഒരു നമ്പറും. താഴിട്ട് പൂട്ടിയ ആ വലിയ, തുരുമ്പ് കാർന്നു തുടങ്ങിയ ഗേറ്റിന്റെ അഴികളിൽ മുറുക്കെ പിടിച്ച് നില്ക്കുമ്പോളയാൾ വീണ്ടും ആ മുഖം ഓർത്തു.

ആ കുട്ടിയിപ്പോഴെവിടെയാണ്‌?. ചിലപ്പോൾ ജീവിതത്തിൽ മുങ്ങിത്താണ്‌, അതിന്റെ അടിയൊഴുക്കുകളിൽ പെട്ട് അകലെയെവിടെയോ ഒഴുകി പോയിട്ടുണ്ടാവാം. ചിലപ്പോൾ ഭാഗ്യത്തിന്റെ സ്വർണ്ണ രശ്മികൾ അവന്റെ പുറത്ത് പതിഞ്ഞിട്ടുണ്ടാവാം. എങ്കിൽ അകലെയെവിടെയെങ്കിലും മരുഭൂമികൾക്കും, മഹാസമുദ്രങ്ങൾക്കുമപ്പുറത്ത് ഭാഗ്യത്തിന്റെ ചിറകിലേറി സഞ്ചരിക്കുകയാവാം. ഇപ്പോഴും അവന്റെ കരച്ചിലല്ലാതെ അവനൊരു ശബ്ദം സങ്കല്പ്പിക്കാനാവുന്നില്ല, ഭയം നിറഞ്ഞ കണ്ണുകളല്ലാതെ അവന്റെ കണ്ണുകളും. എന്റെ കൈയ്യിലെ തിളങ്ങുന്ന വാളു കണ്ട് അവന്റെ ശബ്ദം നിലച്ച് പോയതോർക്കുന്നു. ഭയന്ന്, വിളറി. വായ് തുറന്ന്, ശബ്ദമില്ലാതെ അവൻ നിലവിളിച്ചു. ആ ശബ്ദം അവന്റെ കുഞ്ഞു കഴുത്തിലെവിടെയോ വെച്ച് നിശ്ശബ്ദമായി കുടുങ്ങി പോയിരുന്നു. ഇപ്പോഴും അവന്റെയുള്ളിലെവിടെയോ കിടന്ന് ആ നിലവിളി പിടയ്ക്കുന്നുണ്ടാകും. ഉറക്കത്തിൽ അവൻ ദുസ്സ്വപ്നങ്ങൾ കണ്ട് ശബ്ദമില്ലാതെ നിലവിളിച്ചിട്ടുണ്ടാവും. ഒരു പക്ഷെ, ഒരപ്രതീക്ഷിത നേരത്ത് എന്നെ അവൻ കണ്ടുമുട്ടിയാലോ? അവനെങ്ങനെയാവും പ്രതികരിക്കുക? നിയമത്തിനു പിടിച്ചു കൊടുക്കുകയോ, സ്വയം നിയമം നടപ്പിലാക്കുമോ ചെയ്യുമായിരിക്കും. പക്ഷെ അവനറിയുന്നില്ല ആ ദുരന്ത നിമിഷം മുതൽ ഞാൻ ശിക്ഷയനുഭവിച്ചു തുടങ്ങിയെന്ന സത്യം. ഉള്ളിൽ കിടന്നു പിടയ്ക്കുന്ന ആത്മാവിന്റെ വേദനയേക്കാൾ വലിയ വേദന ഏതാണ്‌?. മനസ്സിലെ ഉണങ്ങാത്ത മുറിവാണ്‌ ഏറ്റവും വലിയ ശിക്ഷയെന്ന് എങ്ങനെയാണ്‌ ഞാനവനെ അറിയിക്കുക?

അയാൾ മതിലിനു ചുറ്റുമായി നടന്ന് ആ മാളികയുടെ പിൻവശത്തെത്തി. താൻ പിടിച്ചു നിന്ന ആ വേലി..അവിടെയും മതിൽ ഉയർന്നു പൊങ്ങിയിരിക്കുന്നു. എന്നാൽ ഒരിടത്ത് മതിൽ തകർന്നു കിടക്കുന്നതു ശ്രദ്ധയിൽ പെട്ടു. ഒരാൾക്ക് കഷ്ടിച്ച് അതു വഴി കടന്നു പോകാം. അയാൾ അതു വഴി സാവധാനം അകത്തേക്ക് കാലെടുത്ത് വെച്ചു. വർഷങ്ങൾക്ക് ശേഷം ആ മണ്ണിൽ കാൽ തൊട്ടപ്പോൾ ഒരു ചെറിയ വിറയൽ കാൽവിരലുകൾ വഴി ശരീരാമാസകലം പടർന്നു പിടിച്ചതു പോലെ തോന്നി. അവിടെ.. അവിടെ തന്നെയായിരുന്നു അന്ന് ആ ദേഹം പുകചുരുളുകളായി അന്തരീക്ഷത്തിന്റെ ഭാഗമായത്. മണ്ണിൽ ചാരമായി മാറിയത്. ശൂന്യതയിലേക്ക് തിരിച്ചു പോയത്. അയാൾ വേച്ചു വേച്ചു അവിടേക്ക് നടന്നു.

അവിടെ നിന്നു കൊണ്ട്, വർഷങ്ങൾക്കപ്പുറം മറഞ്ഞു പോയ അയാളുടെ ശത്രുവുമായി സംസാരിച്ചു. ‘എന്തിനായിരുന്നു ?’ എന്ന ചോദ്യത്തിനു ഉത്തരം നല്കാനാവാതെ ആ മണ്ണിൽ തളർന്നിരുന്നു.
‘കണ്ടില്ലെ? എന്റെ ഈ കൈ ?’ അയാൾ ചോദിച്ചു.
‘എന്തിനാണിങ്ങനെ എന്നെ ശിക്ഷിക്കുന്നത് ?’
‘ശിക്ഷ വിധിക്കുവാനോ, നടപ്പിലാക്കാനോ എനിക്ക് അധികാരമില്ലായിരുന്നു..എന്റെ തെറ്റ്..’
അയാളുടെ കൈ വിറച്ചു കൊണ്ടിരുന്നു. തന്റെ ഇടതു കൈ കൊണ്ട് അയാൾ വലതു കൈ അമർത്തി പിടിച്ചു. വിറയ്ക്കുകയാണ്‌, ഇടതു കൈയും, ഇടതു കൈയിൽ അണിഞ്ഞിരിക്കുന്ന രുദ്രാക്ഷം കെട്ടിയ നേർത്ത വളയവും.
അയാൾ സാവധാനം കുനിഞ്ഞു വിറയ്ക്കുന്ന വലതു കൈ നിറയെ ഒരു പിടി മണ്ണു വാരിയെടുത്തു.
‘ഇതാ, ഇതു മാത്രമേ ഇപ്പോഴെന്റെ കൈയിലുള്ളൂ..’ അതു പറഞ്ഞു കൊണ്ട് അയാൾ മുന്നിൽ കിടക്കുന്ന അദൃശ്യ രൂപത്തിനു മുന്നിലേക്കിട്ടു.. ഒരു നിമിഷം!. നൂറുകണക്കിന്‌ വവ്വാലുകൾ അടുത്തു നിന്ന വലിയ ആൽ മരത്തിനു മുകളിൽ നിന്നും ചിറകടിച്ചുയർന്നു. അയാൾ മുകളിലേക്ക് നോക്കി. അവിടം മുഴുവൻ വവ്വാലുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു!. അരായാലിലകൾ കല പില കൂട്ടി കൊണ്ടിരിക്കുന്നു!. തനിക്കു ചുറ്റുമായി വവ്വാലുകൾ, നരിച്ചീരുകൾ..വട്ടമിട്ട് പറക്കുന്നു!. അയാൾ മണ്ണിൽ മുട്ടു കുത്തി നിന്നു. താഴേക്ക് വാരിയിട്ട ഒരു പിടി മണ്ണിനു മുന്നിൽ. അപ്പോഴാണത് ശ്രദ്ധയിൽ പെട്ടത്. തന്റെ വലതു കൈ.. വലതു കൈയുടെ വിറയൽ..അതു അപ്രത്യക്ഷമായിരിക്കുന്നു!. അയാൾ കൈപ്പത്തി വിടർത്തി നോക്കി. തന്റെ ഇടതു കൈ കൊണ്ട് വലതു കൈയിൽ പലതവണ തടവി നോക്കി. തനിക്ക് മോചനം ലഭിച്ചിരിക്കുന്നു!. തലയുയർത്തി നോക്കുമ്പോൾ അരയാലിലകൾ കല പില കൂട്ടി കൊണ്ടിരിക്കുന്നു. തന്നെ കളിയാക്കുകയാണോ, അഭിനന്ദിക്കുകയാണോ? പക്ഷെ..എവിടെ ആ വവ്വാലുകൾ ? നൂറു കണക്കിനു വവ്വാലുകൾ ചുറ്റും വട്ടമിട്ടു പറന്നിരുന്നു. എവിടെ അവ? എല്ലാം അപ്രത്യക്ഷമായിരിക്കുന്നു!. എവിടെയാണവ പോയൊളിച്ചത്? അതോ എല്ലാം തന്റെ തോന്നലുകൾ മാത്രം?.
അയാൾക്ക്  എഴുന്നേറ്റ് നൃത്തം വെയ്ക്കണം എന്നു തോന്നി. തന്റെ യാത്രയുടെ അവസാനം! ഒരു ഉന്മാദത്തിന്റെ ഉയരത്തിലേക്ക് അയാൾ എടുത്തുയർത്തപ്പെട്ടു. വിചിത്രമായ ശബ്ദങ്ങളാണ്‌ അയാളുടെ ഞരമ്പു പിടച്ചു നിന്ന കഴുത്തിനുള്ളിൽ നിന്ന് പുറത്ത് വന്നത്. എഴുന്നേറ്റ് അയാൾ അലറി വിളിച്ചു കൊണ്ട് അവിടമാകെ ഓടി നടന്നു. ആകാശം നോക്കിയും, ഭൂമിയിൽ തളർന്നു കിടക്കുന്ന കരിയിലകളെ ഇരു കൈകളിലെടുത്ത് മുകളിലേക്ക് എറിഞ്ഞും അയാൾ ശബ്ദത്തിൽ വിളിച്ചു പറഞ്ഞു, തനിക്ക് മോക്ഷം കിട്ടിയിരിക്കുന്നു!. ആർത്തട്ടഹസിച്ച്, ഒടുവിൽ വട്ടം ചുറ്റി വട്ടം ചുറ്റി അയാൾ തറയിൽ കമഴ്ന്നു വീണു. ഒരു നീണ്ട ശ്വാസത്തിനവസാനം, അയാൾ നിശ്ചലനായി.

പിറ്റേന്ന് ആ മാളികയുടെ ഇരുമ്പു വാതിൽ തുറന്ന്, ചിലർ അവിടം സന്ദർശിച്ചു. അവിടെ, മാളികയുടെ പിറകു വശത്തായി മുടി നീട്ടിയ ഒരു രൂപം അവർ കണ്ടു. കണ്ണുകൾ തുറന്നു പിടിച്ച്, കമഴ്ന്നു കിടന്ന ആ രൂപത്തിനു സമീപം ഒരു മുഷിഞ്ഞ തുണി സഞ്ചിയുണ്ടായിരുന്നു. തണുത്തുറഞ്ഞ ചുണ്ടിൽ പച്ച മൺ തരികൾ പറ്റി പിടിച്ചിരുന്നു. വലിയ കറുത്ത ഉറുമ്പുകൾ അയാളുടെ ചിരി തങ്ങി നിന്ന ചുണ്ടുകൾക്ക് മുകളിലൂടെ തിരക്കു പിടിച്ച് നടക്കുന്നുണ്ടായിരുന്നു..

18,725

Post a Comment