Please use Firefox Browser for a good reading experience

Tuesday, 28 December 2010

അയാളെ പോലെ..

സമയമായി..
പത്തു കഴിഞ്ഞു..
ഇടതു വിരലിൽ കൂടിയൊരു പാമ്പിഴഞ്ഞു കയറിയതറിഞ്ഞു.
ഹൃദയമായിരുന്നു ലക്ഷ്യം.
അതിന്റെ ദംശനം,
നെഞ്ചിനകത്തൊരു ഭൂകമ്പമുണ്ടാക്കി..
പെട്ടിക്കകത്തിരുന്ന് ഉഷ്ണിക്കുന്ന ആഭരണങ്ങൾ..
ഇരുട്ടിൽ പകച്ചിരിക്കുന്ന പച്ച നോട്ടുകൾ..
അറിഞ്ഞു,
താനുമതു പോലെയാകുന്നുവെന്ന സത്യം...

കിടന്നു,
കൈകൾ വിടർത്തിയിട്ട്‌..
ബോധം മുഴുവനും കൈവെള്ളയിലാവാഹിച്ച്‌..
ചുണ്ടിൽ വേദനയുടെ മുകളിലൊരു പുഞ്ചിരി കോരിയൊഴിച്ച്‌..

പത്തു നിമിഷം കൂടി..
സമയം കഴിഞ്ഞിരിക്കുന്നു..
പോകുമ്പോൾ അയാൾ ചുമരിലെ ഘടികാരത്തിനുള്ളിൽ നിന്ന്,
സമയം കൂടി അപഹരിച്ചിരുന്നു..

താഴെ,
വീണുടഞ്ഞ ഘടികാരത്തിന്റെ ചില്ലുകൾ..
അയാളുടെ ശരീരം പോലെ നിർജ്ജീവം..
വായില്ലാത്ത ഘടികാരം,
രണ്ടു കൈകളും നീട്ടി വെച്ച്‌,
മലർന്നു കിടന്നു..അയാളെ പോലെ..

Post a Comment

ഒരച്ഛന്റെ വേദന


ഈ പുസ്തകം വായിക്കുക. ഇതു കേരള ചരിത്രത്തിന്റെ ഭാഗം കൂടിയാണ്‌.

പുസ്തകത്തേക്കുറിച്ച്‌ കൂടുതലറിയാൻ ഇവിടെ നോക്കു:
http://www.ahrchk.net/pub/mainfile.php/mof/

ഈ പുസ്തകത്തേക്കുറിച്ചോ, ഇതിലെ സംഭവങ്ങളെ കുറിച്ചോ ഇവിടെ ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നില്ല..
നിങ്ങൾ സ്വയം വായിക്കൂ..ചിന്തിക്കൂ

Post a Comment

Monday, 27 December 2010

പുതുവർഷ രാത്രിയിൽ..

വരവേൽക്കാനായിരം കണ്ണുകൾ സാക്ഷി
എവിടേയും ഘോഷങ്ങൾ നിറയുന്ന രാത്രി
ആയിരം ദീപങ്ങളെരിയുന്ന രാത്രി
ഇരവും, പകലായി മാറുന്ന രാത്രി!

സിരകളിൽ ലഹരിതൻ വീര്യം നിറച്ചുവ-
ന്നായിരം യൗവ്വനം നിലതെറ്റിയാടും..
കാലിടറിയാടുന്ന മലയാളിയപ്പോൾ,
കാലത്തിനൊത്തൊരു കോമാളിയാകും!

സാഗരത്തിരകളിൽ നീന്തിത്തുടിക്കുവാൻ,
കാലിടറിയോടും, കാലത്തിൻ കാമുകർ
അവരോ അറിയില്ല വാനവും, ഭൂമിയും,
അവരോട്‌ പറയുന്ന നിത്യ സത്യം!

നാളേയും സൂര്യനുദിക്കും പതിവു പോൽ
ഇരവിലീയമ്പിളി പിന്നെയും വന്നു പോം.
പാതിവഴി വീഴും, നിങ്ങളിൽ പലരും,
കാലത്തിൻ കൈകളിൽ നീ കഥാപാത്രം.

ക്ഷണികമായുള്ളോരീ ജീവിത യാത്രയിൽ,
കൈകോർത്ത്‌ നിൽക്കുക, നിങ്ങളെല്ലാവരും.

ഒരു നേരമെങ്കിലും ഓർക്കുക നീ നിന്റെ
കരയുന്ന കൂടപ്പിറപ്പിന്റെ കണ്ണുനീർ..
ഒരിക്കലും മറക്കാതെ നൽകുക നീ നിന്റെ
തെരുവിലെ അഗതികൾക്കൊരു നേരമന്നം.

പുതുവർഷമാഘോഷമതു തന്നെയാകട്ടെ
നിറയട്ടെയെങ്ങും, നിൻ സ്നേഹ ഗന്ധം!

Post a Comment

Sunday, 19 December 2010

ബാക്കിപത്രം

നിനക്കായ്‌ നീട്ടിയ ചെമ്പനീർപ്പൂവിന്റെ,
ഒരിതൾ കൊഴിഞ്ഞതറിഞ്ഞുവോ നീ?.
ആ ഇതൾ, പൂവിന്റെ കണ്ണുനീർത്തുള്ളി-
യെന്നറിയാതെ പോയതാണെന്റെ ദുഃഖം.

ഒരു കരിവണ്ടിനായവൾ കാത്തു വെച്ചയാ,
പരിമളം പൂശിയ പൂവിൻദലങ്ങൾ..
അറിയാതെ ഞാനൊരു പൂവിന്റെ ഹൃദയത്തി-
ലൊരു സൂചി കൊണ്ടപോൽ നോവ്‌ തീർത്തു.

ഇല്ല, തരില്ല ഞാൻ നിനക്കിനീ ചെമ്പനീർ-
പ്പൂവിന്റെ പ്രേമത്തിൻ ബാക്കി പത്രം..

Post a Comment

കാത്തിരിക്കുന്ന ശിൽപ്പങ്ങൾ

എരിഞ്ഞടങ്ങിയ നക്ഷത്രക്കൂട്ടങ്ങളിൽ,
നിന്നെ തിരഞ്ഞാരും വരില്ല.
പാടിപ്പുകഴ്ത്തും നാവുകൾ നിശ്ചലമാകുമ്പോൾ,
നീയും മറവിയുടെ ഇരുട്ടിലേക്ക്‌ മറഞ്ഞു പോകും.
നിനക്കുള്ള സ്മാരകങ്ങൾ നീ ഇന്നേ തീർക്കുക!
അതിൽ നിന്റെ പേർ കൊത്തി വെയ്ക്കരുത്‌!
ആ സ്മാരകങ്ങൾ തന്നെ നിന്റെ കൈയ്യൊപ്പാകട്ടെ.
പിറകെ വരുന്നവർക്ക്‌ ചൂണ്ടി കൊടുക്കുവാൻ,
ഒരു കൈചൂണ്ടിയാകട്ടെ നിന്റെ ശിൽപ്പങ്ങൾ.
അവർ..ദിശയറിയാതെ വരുന്നവർ..
അവരെ നിന്റെ ശിൽപ്പങ്ങൾ നയിക്കട്ടെ!
ഒളിച്ചിരിക്കുന്നൂ നിന്റെ ശിൽപ്പങ്ങൾ പാറകൾക്കുള്ളിൽ
നിനക്കായ്‌ അവ കാത്തിരിക്കുന്നു..
നിന്റെ കാലടികൾക്കായ്‌..
നിന്റെ ഉളി ശബ്ദം കേൾക്കുവാൻ,
കാതോർത്തവർ കാത്തിരിക്കുന്നു..

വരുംതലമുറകൾക്ക്‌ വഴികാട്ടികളായ, മുൻപെ നടന്ന സാഹിത്യ ഗുരുക്കന്മാർക്ക്‌ പ്രണാമം.

Post a Comment

Wednesday, 15 December 2010

God help us!

Please search for 'Mohanan Vaidyar' in Youtube.
Watch all his videos.

First part:
http://www.youtube.com/watch?v=i88CE8lShHQ&feature=related

Tell to as many people as you can.
Following is one of his videos:


Post a Comment

Sunday, 12 December 2010

ഒരു രാത്രി കൂടി

വെട്ടുകല്ലുകൾ ഇരുവശത്തും ഉറപ്പിച്ച, ചരല്‌ നിറഞ്ഞ പാതയിലൂടെ അശോകൻ നടന്നു. ഉറക്കമില്ലാത്ത മിന്നാമിനുങ്ങുകൾ അവിടവിടെ പറന്നും, കുറച്ച്‌ നേരമിരുന്നും, വഴിവിളക്കുകളില്ലാത്ത പാതയ്ക്ക്‌ പ്രകാശം പകരാൻ ദുർബ്ബലമായി ശ്രമിച്ചു കൊണ്ടേയിരുന്നു. ചെരുപ്പിടാത്തത്‌ കൊണ്ടും, നേരിയ മഞ്ഞുള്ളത്‌ കൊണ്ടും, ഓരോ ചുവട്‌ വെയ്പ്പിലും പാദങ്ങൾക്കടിയിലൂടെ തണുപ്പ്‌ ശരീരത്തിനുള്ളിലേക്ക്‌ സവധാനം അതിക്രമിച്ച്‌ കയറുന്നത്‌ അറിയാൻ കഴിയുന്നുണ്ട്‌. വഴിയും, പരിസരവും, ഇരു വശത്തുമുള്ള ചെടിപ്പടർപ്പുമെല്ലാം നിലാവ്‌, നേർത്ത നീല നിറം പൂശിയിരിക്കുന്നു. മുന്നിലേക്ക്‌ പോകും തോറും പാതയുടെ വീതി കുറഞ്ഞു വരികയാണ്‌. ഇപ്പോൾ വശങ്ങളിലുള്ള വെട്ടുകല്ലുകളിൽ ഇരുണ്ട നിറമുള്ള പായൽ പൊതിഞ്ഞിരിക്കുന്നത്‌ അവ്യക്തമായി കാണാം. പാത ചെന്നു നിൽക്കുന്നത്‌ ആറ്റിലേക്കാണ്‌. മണൽത്തിട്ടയോട്‌ ചേർന്ന്, വലിയ ഉരുളൻ കല്ലുകളുടെ അടുത്ത്‌, ഓളങ്ങളുടെ താളത്തിൽ പതുക്കെ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരു വള്ളം കാണാമിപ്പോൾ. വള്ളമെന്ന് തികച്ചും പറയാൻ കഴിയില്ല, ഒരു ചെറിയ തോണി.
എല്ലാ വർഷവും, ഇതേ ദിവസം രാത്രിയിൽ അയാൾ ആ തണുത്ത, വഴുവഴുപ്പുള്ള ആറ്റിൻ തീരത്ത്‌ വരും. ഒരനുഷ്ടാനം പോലെ.. ഒരാചാരം പോലെ..ഒരോർമ്മത്തെറ്റ്‌ തിരുത്തുവാൻ ശ്രമിക്കും പോലെ..
അയാൾ ഇരുപത്തിമൂന്ന് വർഷങ്ങൾക്ക്‌ മുൻപുള്ള ഒരു രാത്രി ഓർത്തെടുത്തു.
ചന്ദ്രനുമുണ്ടായിരുന്നു ആ രാത്രിയിൽ എന്നോടൊപ്പം. ഇളം നീല ഷർട്ടും, വെള്ള മുണ്ടും ആയിരുന്നു അവന്റെ വേഷം. അതായിരുന്നു അവന്റെ സ്ഥിരം വേഷം. കണ്ടു പഴകിയതു കൊണ്ടാണോ എന്നറിയില്ല, അതായിരുന്നു അവനു ഏറ്റവും ചേർച്ചയുള്ള വേഷം എന്നെനിക്ക്‌ തോന്നിയിട്ടുണ്ട്‌. ഞാൻ പതിവു പോലെ വെള്ള ഷർട്ടും വെള്ള മുണ്ടും ആയിരുന്നു ധരിച്ചിരുന്നത്‌. ഇന്നും അതിനു മാറ്റമില്ല. ചന്ദ്രനെ ഇന്നും അതു പോലെ മനസ്സിൽ കാണാം. അവനിപ്പോഴും എണ്ണ മിനുപ്പുള്ള കറുത്ത ചുരുണ്ട മുടി തന്നെ. അവന്റെ കവിളിലോ, കണ്ണുകൾക്ക്‌ താഴെയൊ ചുളിവുകളില്ല. നെറ്റിത്തടത്തിനിരുവശത്തും കറുപ്പ്‌ നിറം പടർന്നിട്ടുമില്ല. അവൻ അങ്ങനെ ആയിരുന്നു. എന്റെ ഓർമ്മയിലെ കള്ളികൾ ശൂന്യമാകുന്ന ദിവസം..അതു വരെ അവൻ അങ്ങനെ തന്നെ ആ കള്ളികളിൽ നിറഞ്ഞു നിൽക്കും. എന്നും കൗമാരം.

ഇതിനേക്കാൾ കുറച്ച്‌ കൂടി വലിപ്പമുണ്ടായിരുന്ന ഒരു വള്ളത്തിലായിരുന്നു അന്ന് അക്കരെ ഉത്സവത്തിന്‌ പോയത്‌. കരയ്ക്കപ്പുറമുള്ള ദീപാലങ്കാരങ്ങൾ വെള്ളത്തിൽ മാത്രമല്ല പ്രതിഫലിച്ചു കൊണ്ടിരുന്നത്‌. ഇക്കരെയുള്ള സാധാരണ മനുഷ്യരുടെ മനസ്സുകളിലുമുണ്ടായിരുന്നു ആ പ്രകാശം. അന്നെത്രയായിരുന്നു വയസ്സ്‌? ഏറിയാൽ പതിനേഴ്‌. ഓർമ്മകളുടെ കള്ളികൾ ശൂന്യമാകുവാൻ തുടങ്ങിയിരിക്കുന്നു. ഒന്നിനും കൃത്യത കിട്ടുന്നില്ല.
മണ്ണാട്ടെ വീട്ടിലെ മാധവി. അവളോടായിരുന്നു ചന്ദ്രന്‌ അഭിനിവേശം. അത്‌ ഒരു ആരാധനയുടെ വക്കോളം എത്തിയിരുന്നു. ഞാനവന്‌ താക്കിത്‌ കൊടുത്തത്‌ നല്ല ഓർമ്മയുണ്ട്‌. മാധവിയും ഉത്സവത്തിന്‌ പോകും. അവൾക്കായി അരഡസൻ കുപ്പിവളകൾ വാങ്ങണം. ആരുമറിയാതെ. എന്നിട്ട്‌ രഹസ്യമായി അവൾക്കത്‌ കൊടുക്കണം. അവന്റെ പദ്ധതികൾ അതൊക്കെയായിരുന്നു. എന്നോട്‌ മാത്രമെ അവനിതൊക്കെ പറഞ്ഞിരുന്നുള്ളൂ. അതു പറയുമ്പോൾ അവന്റെ ഇരുണ്ട നിറമുള്ള മുഖത്ത്‌ ഒരു പ്രകാശം പടർന്നു വരുന്നത്‌ കാണാം. ഞാൻ ഒന്നും പറയാതെ അതും ശ്രദ്ധിച്ച്‌ നിന്നു. അതൊരു രസം. അപ്പോഴൊന്നും ഓർത്തില്ലല്ലോ, വർഷങ്ങൾ കഴിഞ്ഞു ഇതൊക്കെ ഓർത്തെടുക്കുമെന്ന്.

തല മുഴുവൻ നര ബാധിച്ച ശേഷം, വീടിന്റെ ഉമ്മറത്തുള്ള വലിയ, ഉരുണ്ട തൂണുകളിൽ ചാരിയിരുന്ന് മുറുക്കാൻ ചവച്ച്‌ തുപ്പി പഴയ കഥകൾ പറയുമ്പോൾ, മാധവി അകത്ത്‌ നിന്നും ഊണിന്‌ വിളിച്ച്‌ പറയും. ഇതൊക്കെ എന്റെ ദിവാസ്വപ്നങ്ങളുടെ ഭാഗമായിരുന്നു. പഠിപ്പിനപ്പുറം ദിവാസ്വപ്നങ്ങളുടെ ലോകമായിരുന്നു എനിക്ക്‌ ചുറ്റും. അവിടെ ഞാനും എന്റെ സ്വപ്നങ്ങളും.
മാധവിക്കായി അവൻ കാത്ത്‌ നിന്നത്‌ ഇപ്പോഴും ഓർമ്മയുണ്ട്‌.
'ചിലപ്പോൾ അവൾ വരില്ലായിരിക്കും..നീ ആദ്യം തന്നെ അക്കരെ പോ, അവളറിയാതെ കുപ്പിവള വാങ്ങിക്കുകയും ചെയ്യാം' ഞാൻ ബുദ്ധി ഉപദേശിച്ചു.
'വേണ്ട, അവള്‌ കാണെ എനിക്ക്‌ വാങ്ങണം. അവളും ചിലപ്പോൾ വള വാങ്ങുന്നുണ്ടാവും..അടുത്തു നിന്നാൽ അളവറിയാമല്ലോ'
'അമ്പട!' ഇത്രയും ബുദ്ധി എനിക്ക്‌ തോന്നിയിട്ടില്ലല്ലോ. പ്രേമം തലയ്ക്കകത്ത്‌ നിറയുമ്പോൾ, ബുദ്ധി മറയും എന്നാണല്ലോ വായിച്ചതും കേട്ടതും. ഇവന്‌ ബുദ്ധി കൂടാനതൊരു കാരണമായോ?
മാധവി ഒറ്റയ്ക്കല്ല വന്നത്‌. ഒരു പടയുണ്ടായിരുന്നു കൂടെ. ചിലർ മുണ്ടും നേര്യതും, ചിലർ ഹാഫ്‌ സാരിയിൽ, ചിലർ പാവാടയും ബ്ലൗസും ആണ്‌ ധരിച്ചിരിക്കുന്നത്‌. എല്ലാ വസ്ത്രങ്ങളിലും എവിടെയെങ്കിലും പട്ടിന്റെ നിറമുണ്ടായിരുന്നു. മാധവി ചുവന്ന പട്ടു പാവാടയിലും ബ്ലൗസിലുമാണ്‌. വഴിവക്കത്ത്‌ വെച്ച പെട്രോ മാക്സിന്റെ വെളിച്ചം നിലാവിന്റെ വെള്ളി വെളിച്ചത്തെ കടത്തി വെട്ടിയ രാത്രിയായിരുന്നു അന്ന്. ഉത്സവം ആറ്റിനപ്പുറത്ത്‌ മാത്രമല്ല, ഇപ്പുറത്തും വന്നിരുന്നു. ആറ്റിലേക്കുള്ള പാതയുടെ ഇരു വശത്തും പെട്രോമാക്സും, മണ്ണെണ്ണ വിളക്കും കത്തിച്ചു വെച്ച്‌ കച്ചവടം പൊടി പൊടിക്കുന്നുണ്ടായിരുന്നു. തമിഴ്‌ സംസാരിക്കുന്നവരും കൂട്ടത്തിലുണ്ട്‌. അവരെങ്ങനെ അറിയുന്നു ഇതെല്ലാം? കടല വറുത്തതും, ശർക്കര മിഠായിയും, ചെറിയ കൗതുക വസ്തുക്കളും, കളിപ്പാട്ടങ്ങളും ഇരു വശത്തുമുള്ള കരക്കാരുടെ കണ്ണുകളും കാത്തു നിരന്ന് ഇരുന്നു.

'എന്റെ രാജകുമാരി വരുന്നു..' അവൻ എന്റെ ചെവിയിൽ മന്ത്രിച്ചു. അവന്റെ സ്വരത്തിലെ ഭാവം അതിനു മുൻപ്‌ ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. അതിനു ശേഷവും. എനിക്കവൾ മണ്ണാട്ടെ പെൺകുട്ടി മാത്രം. കരയിലെ അനേകം സുന്ദരികളിൽ ഒരുവൾ. അവളുടെ കൂടെ സന്തോഷവും, കൗതുകവും നിറച്ച്‌ കൂട്ടുകാരികളും. അവൾക്ക്‌ അവൻ പറയുന്നതത്ര സൗന്ദര്യമൊന്നുമില്ലല്ലോ. എനിക്ക്‌ അവളേക്കാലും സൗന്ദര്യമുള്ള കുറഞ്ഞത്‌ രണ്ട്‌ പെൺകുട്ടികളെയെങ്കിലും ആ കൂട്ടത്തിൽ കാണാൻ കഴിഞ്ഞു. അവൻ അവന്റെ വെളുത്ത മുണ്ട്‌ ഇടതു കൈ കൊണ്ട്‌ ഒരു വശം പകുതി ഉയർത്തി പെട്രോമാക്സിന്റെ വെളിച്ചത്തിലേക്ക്‌ നീങ്ങി നിന്നു. ഇപ്പോഴവന്റെ മുഖം അവൾക്ക്‌ മാത്രമല്ല, ആ വഴി പോകുന്ന എല്ലാവർക്കും വ്യക്തമായി കാണാം. എന്നെ അവനപ്പോൾ കൂടെ വന്നു നിൽക്കാൻ വിളിച്ചില്ലല്ലോ. ഞാൻ ഇവിടെ നിൽക്കുന്ന കാര്യമേ അവൻ മറന്നു പോയിരിക്കുന്നു!. ഞാൻ ഒരു ദൃക്സാക്ഷിയാണിപ്പോൾ. പ്രണയ ദർശനം. അതൊരു അനുഭവമാണ്‌. അതിനൊരു സാക്ഷി ഉണ്ടാകുന്നത്‌ എപ്പോഴും നല്ലതാണ്‌!. ഞാൻ ആരെ നോക്കണം എന്ന വിഷമവൃത്തതിലായി. അവൾ അവനെ ഒരു വട്ടമെങ്കിലും നോക്കുമായിരിക്കും. അല്ലെങ്കിൽ ഇതു വരെ അവൻ സ്വപ്നം കണ്ടു കൂട്ടിയതെല്ലാം അവന്റേതു മാത്രമായ ചില സ്വപ്നങ്ങൾ മാത്രമായി മാറും. ഇപ്പോഴെന്റെ കണ്ണിൽ ചുവന്ന പാവാടയുടുത്ത ആ പെൺകുട്ടി മാത്രം. ചുറ്റുമാരുമില്ല. പാതയുടെ ഇരുവശത്തും വിൽക്കാൻ വെച്ച പലഹാരങ്ങളുമില്ല, മിഠായികളുമില്ല, കൗതുക വസ്തുക്കളുമില്ല. അവളെ മാത്രം ഞാൻ കണ്ടു. അവൾ ചന്ദ്രന്റെ ഏതാനും അടി ദൂരെ വരെയെത്തി കഴിഞ്ഞു. അവളിപ്പോഴും തൊട്ടടുത്ത പെൺകുട്ടികളോട്‌ എന്തൊക്കെയോ പറയുന്നുണ്ടാവും. ഞാനപ്പോഴും അവളെ മാത്രം കണ്ടു. ഒരു നിമിഷം - അവൾ ഒന്നു പാളി നോക്കി. അവൻ നിന്നിടത്തേക്ക്‌ കൃത്യം!. എനിക്കെന്റെ ശ്വാസം നഷ്ടപ്പെട്ടു. അവൻ പറഞ്ഞതെത്ര സത്യം!. അവൾ ഒരു പക്ഷെ നേരത്തെ, വളരെ നേരത്തെ അവൻ വെളിച്ചത്തിലേക്ക്‌ ഇറങ്ങി വന്നു നിൽക്കുന്നത്‌ കണ്ടിട്ടുണ്ടാവും. നമ്മൾ രണ്ടു പേരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
അവൾ സംസാരത്തിനിടയിൽ എന്തോ കേട്ട്‌ ചിരിച്ച്‌ പോലെ.. പക്ഷെ ആ ചിരി അവന്‌ വേണ്ടിയാണെന്ന് എനിക്ക്‌ വ്യക്തമായി മനസ്സിലാക്കുവാൻ കഴിഞ്ഞു. എനിക്ക്‌ മാത്രമല്ല, അവനും. കണ്ണെഴുതിയ ആ കണ്ണുകളിൽ നിറഞ്ഞു നിന്നത്‌ പ്രേമമല്ലാതെ വേറെയെന്താണ്‌?. ഞാൻ പെട്ടെന്ന് അവനെ നോക്കി. ഇല്ല, അവനവിടെയില്ല. അവൻ വേറൊരു ലോകത്താണ്‌. അവൻ ഭൂമിയിലുമില്ല, ആകാശത്തുമില്ല. അവനു ചുറ്റും വേറൊരു ലോകം. അതിനുള്ളിൽ അവൻ മാത്രം. മറ്റാർക്കും പ്രവേശനമില്ല. ഞാൻ അത്ഭുതപ്പെട്ട്‌ അവിടെ തന്നെ നിന്നു. അവൾ അവനെ കടന്നു പോയി. അവൻ തല തിരിച്ച്‌ അവളെ തന്നെ നോക്കി നിൽക്കുകയാണ്‌. അവൾ ഒരു വട്ടം കൂടി നോക്കുമോ?. അതൊരു തീർച്ചപ്പെടുത്തലാണ്‌. എന്റെ കണ്ണുകളിൽ വീണ്ടും അവൾ മാത്രം. പിന്നിലെ കൂട്ടുകാരികളോട്‌ എന്തോ പറയുന്ന ഭാവേനെ അവൾ തല തിരിച്ചു നോക്കി എന്തോ പറയുന്നു. അപ്പോൾ ഞാൻ കണ്ടു. വീണ്ടും ആ കണ്ണുകൾ അവന്റെ നേർക്ക്‌.. വീണ്ടും അതേ ഭാവം!. ഇപ്പോൾ ഞാൻ തികച്ചും അന്യനായി. ഇവിടെ എനിക്ക്‌ ഒരു സ്ഥാനവുമില്ല, ഒരു പ്രസക്തിയുമില്ല. ഇതവരുടെ, അവർ രണ്ടു പേരുടെയും മാത്രം ലോകമാണ്‌. അവർ രണ്ടു പേരുടെയും മാത്രം വഴിയാണ്‌. അവരുടെ മാത്രം ഉത്സവമാണ്‌. തൊട്ടടുത്ത നിമിഷം എല്ലാം തിരിച്ചു വരാൻ തുടങ്ങി. ഒന്നൊന്നായി. വെളിച്ചവും, പിന്നീട്‌ ശബ്ദങ്ങളും. എനിക്കു ചുറ്റും പെട്രോമാക്സ്‌ വിളക്കുകൾ വീണ്ടും നിറഞ്ഞു, വഴിയുടെ ഇരുവശത്തും കച്ചവടക്കാർ നിറഞ്ഞു. അവരുടെ കൗതുക വസ്തുക്കൾ വാങ്ങുവാനുള്ള നീട്ടി വിളികളും നിറഞ്ഞു. ഒട്ടനേകം പേർ വന്നു വഴി നിറഞ്ഞു. അവൾ അകലെയായി കഴിഞ്ഞു. അവൻ സാവധാനം എന്റെ അടുത്തേക്ക്‌ വന്നു. അവന്റെ മുഖം തുടുത്തിരുന്നു. അവൻ എന്നെ നോക്കി. ഒന്നും പറഞ്ഞില്ല. ഞാൻ എന്റെ വലതു കൈ അവന്റെ ഇടതു തോളിൽ വെച്ചു എന്റെ അഭിനന്ദനം അറിയിച്ചു. 'എല്ലാം ശരി തന്നെയാണെടാ' എന്ന മട്ടിൽ തലയാട്ടുകയും ചെയ്തു. അവൻ ചിരിച്ചു കൊണ്ടിരുന്നു.
'വാടാ നമുക്ക്‌ പോകാം'.
നമ്മൾ രണ്ടു പേരും വള്ളത്തിനടുത്തേക്ക്‌ നടന്നു. അപ്പോഴേക്കും വള്ളം നിറയെ ആൾക്കാരായി കഴിഞ്ഞിരുന്നു. അവൾ അവരുടെ കൂട്ടത്തിലിരിക്കുന്നതും കണ്ടു. കരയിൽ നിന്ന് നമ്മൾ രണ്ടു പേരും അവളെ തന്നെ നോക്കി നിന്നു.
അടുത്ത പോക്കിൽ നമ്മളും അപ്പുറമെത്തി. കടത്തു വള്ളത്തിൽ നിന്നിറങ്ങുമ്പോൾ തന്നെ അവന്റെ കണ്ണുകൾ മാധവിയെ തിരഞ്ഞു തുടങ്ങി. അകലെ ചെറുതായി ചെണ്ട മേളം കേൾക്കാം. അടുത്തുള്ള കടകളിലും, പീടികകളിലും അപ്പോഴിറങ്ങിയ സിനിമാ ഗാനങ്ങൾ കേൾക്കുന്നുണ്ട്‌. ശബ്ദമുഖരിതമാണ്‌ അന്തരീക്ഷം. പാട്ടുകൾ നാലു ഭാഗത്ത്‌ നിന്നും ഒഴുകി വരുന്നു. കൂട്ടത്തിൽ ആയിരമായിരം നാട്ടു വർത്തമാനങ്ങളും. ഇത്രയും ജനങ്ങൾ ഈ കരയിലുണ്ടായിരുന്നുവോ എന്ന് സംശയം തോന്നി പോയി. എവിടെ പോയി ഒളിച്ചിരിക്കുകയായിരുന്നു എല്ലാവരും ഇതുവരെ?. എവിടെ ഒളിച്ചിരിക്കുകയായിരുന്നു ഈ വഴി നിറഞ്ഞു പോകുന്ന സുന്ദരികളെല്ലാം?. ജനമൊഴുകുകയാണ്‌. ജനമല്ല, ആയിരം മനസ്സുകളാണ്‌ ഒഴുകുന്നത്‌. അവിടെ അമ്മമാരുടെ, സഹോദരന്മാരുടെ, അച്ഛന്മാരുടെ, സഹോദരിമാരുടെ, സുഹൃത്തുക്കളുടെ, കാമുകന്മാരുടെ, നവ ദമ്പതികളുടെ, മുത്തശ്ശന്മാരുടെ, മുത്തശ്ശിമാരുടെ എന്നു വേണ്ട, ജീവിതങ്ങൾ നിരന്നു നടന്നു പോകുകയാണ്‌. ചുറ്റും ഉത്സവ ഗാനങ്ങളും, പലഹാരങ്ങളുടെ ഗന്ധങ്ങളും, പല നിറത്തിലുള്ള അലങ്കാര ദീപങ്ങളും.. എന്റെ ഞരമ്പുകൾ ഉത്സവ ലഹരിയിൽ നിറഞ്ഞു. പക്ഷെ ചന്ദ്രന്റെയുള്ളിൽ പ്രണയത്തിന്റെ ലഹരി നിൽക്കുന്നത്‌ അവന്റെ കണ്ണുകൾ വിളിച്ചു പറഞ്ഞു. വള കടകളിലാണ്‌ അവന്റെ കണ്ണുകൾ. സ്ത്രീകൾക്ക്‌ അവിടം ഒരു പറുദീസ തന്നെ. പ്രത്യേകിച്ച്‌ കൗമാരപ്രായക്കാർക്ക്‌. വളകളും, ചാന്ത്‌ പൊട്ട്‌, റിബ്ബണുകൾ, പല നിറത്തിലും, രൂപത്തിലുമുള്ള കമ്മലുകൾ. നിറങ്ങളുടെ ഉത്സവം. അവനനെന്റെ കൈ പിടിച്ച്‌ വലിച്ചു കൊണ്ട്‌ പലയിടത്തും പോയി. മാധവിയേ തിരഞ്ഞുള്ള നടത്തമാണ്‌. യുഗങ്ങൾ നമ്മൾ നടന്നു കാണും. ഒടുവിൽ മാധവിയെ കണ്ടെത്തി. അവളുടെ കണ്ണുകളും അവനെ തിരഞ്ഞു ക്ഷീണിച്ചിട്ടുണ്ടാകും. പ്രകാശം നിറഞ്ഞ, നിറങ്ങൾ നിറഞ്ഞ, ഒരു വള കടയ്ക്കുള്ളിൽ അവളും സംഘവും നിൽക്കുന്നു.

വളകൾ മാത്രമല്ല ആ കടയിലെ ഉജ്ജ്വലപ്രകാശത്തിൽ ജ്വലിക്കുന്നത്‌. അവിടെ കൂടിയിരിക്കുന്ന കൗമാരങ്ങളും ജ്വലിക്കുകയാണ്‌. ഇപ്പോൾ സൗന്ദര്യം മാത്രമാണ്‌ കടയ്ക്കുള്ളിൽ നിറഞ്ഞു നിൽക്കുന്നത്‌. ഗ്രാമത്തിന്റെ കൗമാര സൗന്ദര്യം. ചന്ദ്രൻ ആർക്കോ വേണ്ടി എന്തോ തിരഞ്ഞു വന്നതു പോലെ അവിടമൊക്കെ നോക്കി നടന്നു. തൊട്ടു പിന്നിലായി ഞാനും. ചുവന്ന വളകൾ ഇരിക്കുന്നിടം കണ്ടയുടൻ അവനാ വശത്തേക്ക്‌ നടന്നു. മാധവിയും കൂട്ടുകാരികളും മാലകൾ നോക്കുന്ന തിരക്കിലാണ്‌. വള വാങ്ങാൻ തീരുമാനിച്ചത്‌ നന്നായി. ഞാൻ ആശ്വസിച്ചു. മാലയായിരുന്നെങ്കിൽ കൂടുതൽ തല പുകയ്ക്കേണ്ടി വരുമായിരുന്നു. അവളുടെ കൈത്തണ്ടയിലേക്കാണവന്റെ നോട്ടം. അവൾ നമ്മളെ കാണാത്ത ഭാവത്തിലാണ്‌ നിൽക്കുന്നത്‌. അവൻ ഏതാണ്ട്‌ എട്ട്‌ വളകൾ എടുത്തു. എട്ട്‌ ചുവന്ന കുപ്പിവളകൾ. അവനെടുത്ത വളകൾ കണ്ടപ്പോൾ എനിക്കൂ തോന്നി അതവളുടെ കൈകൾക്ക്‌ പാകമാകുമെന്ന്. ഒരു സംശയമേയുള്ളൂ - അവൾക്ക്‌ കുപ്പിവളകൾ ഇഷ്ടമാകുമോ? ഞാനാ സംശയം മനസ്സിൽ തന്നെ ചുരുട്ടി ഒതുക്കി വെച്ചതേയുള്ളൂ. ഈ അവസാന നിമിഷം എന്തിനൊരു ബുദ്ധിപൂർവ്വമായ ചോദ്യം ചോദിച്ച്‌ അവനെ കുഴപ്പിക്കണം? വളയെല്ലാം ഒന്നല്ലേ. എല്ലാം കൈയിൽ ഒരു ഭംഗിക്കണിയാൻ മാത്രമുള്ളവ. കുറച്ച്‌ നാൾ അണിയണം പിന്നീട്‌ ഫാഷൻ മാറുമ്പോൾ മറ്റൊന്ന്. പക്ഷെ ഇവിടെ ഫാഷനല്ലല്ലോ പ്രധാനം. ഇതവന്റെ സമ്മാനമാണ്‌. അവന്റെ ഹൃദയമാണ്‌. അവന്റെ സന്തോഷവും പ്രണയവുമാണ്‌. വളകളുടെ രൂപത്തിൽ ഇരിക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. വളകളെല്ലാം ചൂണ്ടുവിരലിനും, തള്ളവിരലിനുമിടയിൽ തൂക്കി പിടിച്ച്‌ അവൻ ബൾബിനു നേരെയുയർത്തി. അതിന്റെ സൗന്ദര്യം പരിശോധിക്കുന്നത്‌ പോലെ. അവന്റെ മുഖത്ത്‌ ആ വളകളുടെ ചുവന്ന നിറം നിറഞ്ഞു.
'ഓ.. അവനത്‌ അവളെ ഉയത്തി കാണിച്ചതാണ്‌! ഞാനെന്തൊരു മണ്ടൻ!'. അവൾ പ്രേമപൂർവ്വം അവനെ നോക്കുന്നുമുണ്ട്‌. എങ്ങനെയാണവൾ മറ്റാരുടേയും ശ്രദ്ധയിൽപ്പെടാതെ അവനെ നോക്കുന്നത്‌? അതൊരു വിദഗ്ദ്ധമായ കഴിവ്‌ തന്നെ. അല്ല, അതൊരു കലയാണ്‌.
'അവൾക്കിഷ്ടമായി'. അവനടക്കം നിറഞ്ഞ ശബ്ദത്തിൽ എന്നോട്‌ പറഞ്ഞു.
'ഉം.. ഞാൻ കണ്ടു'
'നീ അതൊന്നും കാണണ്ടാ..' എന്നു പറഞ്ഞു ചിരിച്ച്‌ കൊണ്ട്‌ അവനതിന്റെ പണം കൊടുത്തിറങ്ങി.
ഉത്സവപ്പറമ്പിലേക്ക്‌ നടക്കുമ്പോൾ ഞാൻ ചോദിച്ചു, 'ഇതെപ്പോൾ കൊടുക്കാനാണ്‌ നിന്റെ പ്ലാൻ?'
'അതു ഞാൻ കണ്ടു വെച്ചിടുണ്ട്‌. കൊടുത്തിട്ട്‌ പറയാം'
അതവന്റെ രഹസ്യം. അവൻ പിന്നീട്‌ അറിയിക്കും. അതു വരെ അതു രഹസ്യമായി തന്നെയിരിക്കട്ടെ.

നൃത്തമായിരുന്നു അന്നത്തെ പ്രാധാന പരിപാടി. അതു ഏതാണ്ട്‌ തീരാറായപ്പോൾ നമ്മൾ കടവിൽ വന്നു നിന്നു. തിരിച്ചു പോകും നേരം, അവൾ കയറുമ്പോൾ തന്നെ കയറണം. അതാണ്‌ പദ്ധതി. ചെറുതായി മഴ ചാറി തുടങ്ങിയിരിക്കുന്നു. ആൾക്കാർ വേഗത്തിൽ വന്നു തുടങ്ങി. കൂട്ടത്തിൽ മാധവിയെ കണ്ടുപിടിക്കുവാൻ കുറച്ച്‌ പ്രയാസപ്പെട്ടു.
'വേഗം, വേഗം! മഴ വരുന്നു' ചിലർ തിരക്കു കൂട്ടി.
വള്ളത്തിൽ അവൾ കയറുന്നത്‌ കണ്ടു നമ്മൾ രണ്ടു പേരും തിരക്കിട്ട്‌ കയറി. നിലാവ്‌ അവളുടെ ചുവന്ന പട്ടു പാവാടയ്ക്ക്‌ ഒരു പ്രത്യേക കടും വർണ്ണം സമ്മാനിച്ചിരിക്കുന്നു. അവളൊരു ദേവിയേ പോലിരിക്കുന്നു. കാതിലെ സ്വർണ്ണ ജിമിക്കി തിളങ്ങുന്നത്‌ വ്യകതമായി കാണാം. അവൻ അവളെ തന്നെ നോക്കിയിരുന്നു. ഇപ്പോൾ അവനും അവളും മാത്രം ആ തോണിയിൽ സഞ്ചരിക്കുകയാവും. അവരുടെ മാത്രം തോണിയിൽ, അവരുടെ മാത്രം ലോകത്തിൽ, അകലെയെവിടേക്കോ ഒഴുകി പോവുകയാണ്‌. തോണിയിൽ സഞ്ചരിക്കുന്ന മറ്റുള്ളവർ അപ്രത്യക്ഷരായിരിക്കുന്നു. വള്ളക്കാരനുമില്ല, മറ്റു യാത്രക്കാരുമില്ല.
വള്ളം മെല്ലെ ആടി ആടി മുന്നോട്ട്‌ യാത്ര ആരംഭിച്ചു.
'നാശം..മഴ തുടങ്ങി' ആരോ അരിശത്തോടെ വിളിച്ചു പറഞ്ഞത്‌ ഞാൻ കേട്ടു. മഴ വളരെ പെട്ടെന്ന് ശക്തമായി പെയ്തു തുടങ്ങി. ആരോ മുകളിൽ നിന്ന് വെള്ളം കൊരിയൊഴിച്ച പോലെ. വസ്ത്രമെല്ലാം ഏതാണ്ട്‌ മുഴുവനായി നനഞ്ഞ്‌ കഴിഞ്ഞു.
ചിലർ സ്വയം ശപിക്കുന്നത്‌ കേട്ടു.
'ഏതു സമയത്താണോ വരാൻ തോന്നിയത്‌'
'ശെ, കുടയെടുക്കണമെന്ന് വിചാരിച്ചതാ...'
'ഞാൻ പറഞ്ഞില്ലേ ഇന്നു മഴ പെയ്യുമെന്ന്? നീയല്ലേ നിർബന്ധം പിടിച്ചത്‌?' ചിലർ വീട്ടിൽ തുടങ്ങി വെച്ച വാക്കു തർക്കം പുനരാരംഭിച്ചു.
അനോന്യം കാണുവാൻ കൂടി ബുദ്ധിമുട്ടായിരിക്കുന്നു. അത്രയ്ക്കും ശക്തിയിലാണിപ്പോൾ മഴ പെയ്തിറങ്ങുന്നത്‌. ആരൊക്കെയോ എഴുന്നേറ്റ്‌ നിന്നെന്നു തോന്നുന്നു. വള്ളക്കാരൻ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്‌. വള്ളം ഒന്നുലഞ്ഞ പോലെ. എന്റെ പെരു വിരലിൽ കൂടി ഭയം ഇരച്ചു കയറി. വള്ളം മറിഞ്ഞാൽ എന്താകും? ഭയം കാരണം എനിക്കത്‌ ആരോടും ചോദിക്കുവാൻ തോന്നിയില്ല. നീന്തൽ പഠിക്കാത്തതിൽ ഞാൻ സ്വയം ശപിച്ചു. ഞാൻ ചന്ദ്രന്റെ കൈയിൽ മുറുക്കെ പിടിച്ചു. അവനും എന്റെ അതേ അവസ്ഥയിലാണ്‌. അവനും നീന്തലറിയില്ല.
എത്ര വട്ടം പഠിക്കാൻ തുടങ്ങിയതാണ്‌. ഇനി ഈശ്വരൻ മാത്രമാണ്‌ തുണ.
ആരോ 'നാരായണ നാരായണ' എന്നുച്ചത്തിൽ പ്രാർത്ഥിക്കുന്നത്‌ കേട്ടു. വള്ളക്കാരന്റെ ശബ്ദത്തെ തോൽപ്പിച്ചു കൊണ്ട്‌ മഴയുടെ കൂടെ തണുത്ത കാറ്റും ശക്തിയായി വീശിയടിച്ചു. ഇടതും വലതും രണ്ടു വട്ടം വള്ളം ഉലഞ്ഞു. അവിടവിടെ നിലവിളികളുയർന്നു. ചിലർ സ്ഥാനം മാറിയിരിക്കുവാൻ ഒരു ശ്രമം നടത്തി. പെട്ടെന്നാണത്‌ സംഭവിച്ചത്‌ വള്ളം ഒന്നുലഞ്ഞ ശേഷം ഇടതു ഭാഗത്തേക്ക്‌ ഒന്നോടെ മറിഞ്ഞു. പ്രളയത്തിൽ പെട്ടതു പോലെ. ഭയം കാരണം നിലവിളിക്കുവാൻ കൂടി കഴിഞ്ഞില്ല. ഞാൻ കൈയ്യും കാലുമിട്ടടിച്ചു. ചന്ദ്രനെവിടെ? മാധവിയെവിടെ?. എനിക്കു ചുറ്റും പ്രാണൻ കിടന്നു പിടയുന്നു. കടവിനപ്പുറത്തു നിന്നും നിലവിളികളുയർന്നു. ചിലരൊക്കെ വെള്ളത്തിലേക്കെടുത്ത്‌ ചാടി. എനിക്കു ചുറ്റും വെള്ളം. വെള്ളം മാത്രം. രണ്ടു മൂന്നു വട്ടം മുഴുവനായി ഉയർന്നു താണു. ദിക്കും ദിശയും നഷ്ടമായി. കരയെവിടെ? ഉയർന്നു പൊങ്ങുമ്പോൾ ആറ്റു വെള്ളത്തോടൊപ്പം ഇരുട്ടും കണ്ണിൽ നിറഞ്ഞു. 'ചന്ദ്രാ..' ഞാൻ സർവ്വശക്തിയുമെടുത്ത്‌ വിളിച്ചു. പ്രപഞ്ചം അവസാനിക്കുവാൻ പോകുന്നു. കാലുകൾ കുഴഞ്ഞു തുടങ്ങിയിരിക്കുന്നു. എന്റെ നെഞ്ചിൽ ശ്വാസം കിടന്നു പിടച്ചു. താണു പോകും വഴി എന്റെ തലമുടി പറിഞ്ഞു പോകും പോലെ അനുഭവപ്പെട്ടു. ഞാനുയരുകയാണ്‌. ആരുടേയോ കൈപ്പത്തിക്കുള്ളിലാണെന്റെ തലമുടി മുഴുവനും. പിന്നീടൊന്നും ഓർക്കാൻ കഴിയുന്നില്ല. എന്റെ തലയ്ക്കുള്ളിലെ കള്ളികൾ ശൂന്യമായി തുടങ്ങിയിരിക്കുന്നു.. എന്റെ ബോധം മറഞ്ഞു.

ഉണർന്നു വരുമ്പോൾ ചുറ്റും നിലവിളികളായിരുന്നു. തല ചെരിച്ചു നോക്കുമ്പോൾ ചുറ്റും ചരലുകൾ. അതിനു മുകളിൽ കൂടി വെള്ളത്തിൽ കുതിർന്ന കാൽപ്പാദങ്ങൾ അങ്ങോടുമിങ്ങോട്ടും ഓടുന്നു. ആരോക്കെയോ എന്റെ വയറ്റിൽ അമർത്തുന്നു, കവിളിലടിക്കുന്നു..
'പൊക്ക്‌' പരിഭ്രാന്തി കലർന്ന ഒരു ശബ്ദം.
ഞാൻ വായുവിലുയർന്നു. എന്റെ കൈകളും കാലുകളും ആരുടെയോ കൈകളിലാണ്‌. എനിക്കെന്റെ മുണ്ട്‌ നഷ്ടമായിരിക്കുന്നു. അവർ.. എന്നെ എടുത്തുയർത്തിയവർ.. അവർ എന്നെയും കൊണ്ടോടുകയാണ്‌.
'ഞാനെവിടെ?..' ചോദിക്കുമ്പോഴേക്കും എന്റെ നാവു കുഴഞ്ഞു. വീണ്ടും ബോധം മറഞ്ഞു. കണ്ണുകൾക്ക്‌ ചുറ്റും ഇരുട്ട്‌ വന്ന് ഒരു തിരശ്ശീല സൃഷ്ടിച്ചു.

ഉണർന്ന് കുറച്ചു കഴിഞ്ഞു മറ്റു ചിലർ പറഞ്ഞ്‌ ഞാൻ സത്യം മനസ്സിലാക്കി. ചന്ദ്രനെ എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു. എന്നെന്നേക്കുമായി. ഈ പ്രപഞ്ചത്തിൽ ഇനി അവനില്ല. എന്റെ കൂടെ സായഹ്നങ്ങളിൽ സന്തോഷം നിറയ്ക്കാൻ അവനില്ല. മാധവിയുടെ കൈകളിലണിയാൻ അവൻ വാങ്ങിയ ആ ചുവന്ന കുപ്പി വളകൾ..അതു ആറ്റിനടിയിൽ എന്നന്നേയ്ക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. എനിക്കും, അവനും മാധവിക്കും മാത്രമറിയാവുന്ന ആ രഹസ്യ സമ്മാനം മറഞ്ഞു പോയിരിക്കുന്നു. മാധവിയുമൊത്തവൻ പാർക്കുമ്പോൾ, മുറ്റത്തിരുന്ന് മുറുക്കാൻ ചവയ്ക്കുന്ന ചിത്രം എനിക്കെന്നേയ്ക്കുമായി മാഞ്ഞു പോയിരിക്കുന്നു. എണ്ണ മിനുപ്പുള്ള ചുരുളൻ മുടി നെറ്റിയിൽ വീഴുമ്പോൾ അവൻ കൈ കൊണ്ട്‌ കോതിയൊതുക്കുമായിരുന്നു. അവൻ ചിരിക്കുന്നതെനിക്കു കാണാം. ഞാൻ കിടക്കയിലേക്ക്‌ ചാഞ്ഞു..ഞാൻ തളർന്നിരിക്കുന്നു..

അശോകൻ ചാഞ്ചാടിക്കൊണ്ടിരുന്ന വള്ളത്തിനടുത്തേക്ക്‌ നടന്നു.
'എടാ, നീ എന്താടാ എന്റെ കൈയിലെ പിടി വിട്ടത്‌?' ഇന്നും അവനെന്നോട്‌ ചോദിച്ചു കൊണ്ടിരിക്കുന്നതെനിക്ക്‌ കേൾക്കാം. എങ്കിലും അവന്റെ സ്വരത്തിൽ എന്നോടൊരു ഈർഷ്യവുമില്ല. പെട്രോ മാക്സിന്റെ വെളിച്ചത്തിൽ അവന്റെ പ്രേമം നിറഞ്ഞ മുഖം. ആകാംക്ഷയോടെ അവൻ നിറഞ്ഞ വെളിച്ചത്തിൽ കാത്തു നിൽക്കുന്നതെനിക്കിപ്പോഴും കാണാം. വളക്കടയിൽ വെച്ച്‌ അന്ന് അവൻ വിരലുകളിൽ ഉയർത്തിയ ചുവന്ന വളകൾ. അതവന്റെ മുഖത്ത്‌ വരച്ച ചുവന്ന നിറം. എനിക്കിപ്പോഴും അതെല്ലാം കാണാൻ കഴിയുന്നുണ്ട്‌. എന്റെ കൈ പിടിച്ചവൻ വള കടയിലേക്ക്‌ ഓടിയത്‌. വള്ളത്തിൽ വെച്ച്‌ എപ്പോഴാണ്‌ അവന്റെ കൈ എന്റെ കൈക്കുളിൽ നിന്നനകന്ന് പോയത്‌?..
'എന്തിനാടാ നീ പോയത്‌?' അശോകൻ ഇരുട്ടിലേക്ക്‌ നോക്കി ഉറക്കെ ചോദിച്ചു. കണ്ണുകൾ നിറഞ്ഞതു കൊണ്ട്‌ അയാൾക്ക്‌ ഒന്നും തന്നെ കാണുവാൻ കഴിയുന്നുണ്ടായിരുന്നില്ല. കാഴ്ച്ച കണ്ണുനീരിൽ അലിഞ്ഞു പോയിരിക്കുന്നു.

പുതിയ പാലം വന്നതും, കടത്ത്‌ ആരുമറിയാതെ നിന്നു പോയതും, മാധവിയുടെ വിവാഹം ആർമിയിലെ ഒരു ഉദ്യോഗസ്ഥനുമായി കഴിഞ്ഞതും, എല്ലാം അവനോട്‌ രാത്രികളിൽ ഇവിടെ വന്നു പറയാറുണ്ട്‌. അവനതെല്ലാമറിയുന്നുണ്ടാകും. അവൻ എല്ലാം ചിരിച്ചു കൊണ്ട്‌ കേൾക്കുന്നുണ്ടാകും. അവൻ ഒരിക്കൽ പോലും കരഞ്ഞു ഞാൻ കണ്ടിട്ടില്ല. അവനു കരയാൻ അറിയില്ലായിരുന്നു. ആ പതിനേഴുകാരൻ ഇപ്പോഴും എന്റെ സുഹൃത്താണ്‌. ആരൊക്കെ അവനെ മറന്നാലും, എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത എന്റെ ഉറ്റ സുഹൃത്ത്‌. മാധവിയും അവനും എന്തു ചേർച്ചയായിരുന്നു. ശരിക്കും അവൾ അവന്റേതായിരുന്നു. അവൾ പെട്രോ മാക്സിന്റെ വെളിച്ചതിൽ നടന്നു പോകുമ്പോൾ തിരിഞ്ഞു നോക്കിയത്‌ ഞാൻ കണ്ടതല്ലേ? അവൾക്ക്‌ അവനും, അവനു അവളും. അവരായിരുന്നു ഒന്നാകേണ്ടിയിരുന്നത്‌.

മഴ ചെറുതായി ചാറി തുടങ്ങിയിരിക്കുന്നു.
'എടാ, നിന്നോട്‌ മാത്രമായി സംസാരിക്കാൻ ഞാൻ വീണ്ടും വന്നിരിക്കുന്നെടാ'
അശോകൻ എന്തൊക്കെയോ അവന്റെ മാത്രം ചന്ദ്രനോട്‌ പറഞ്ഞു കൊണ്ടിരുന്നു. മഴത്തുള്ളികൾ അയാളുടെ നെറ്റിയിൽ വീണു തുടങ്ങിയിരുന്നു.
അപ്പോഴും..അയാളറിയാതെ ഒരു മിന്നാമിനുങ്ങ്‌ അയാളുടെ തോളിലിരുന്ന് പ്രകാശിക്കുന്നുണ്ടായിരുന്നു..

12,194

Post a Comment

Wednesday, 8 December 2010

വൃദ്ധസദനങ്ങൾ

ഉണങ്ങി, കാലം കാത്ത് കിടന്നവളെ,
കാറ്റാണ്‌ പൊട്ടിച്ച് താഴത്തിട്ടത്.
പച്ചിലകൾ ഒരു നിമിഷം ബുദ്ധന്മാരായി.
തൊട്ടടുത്ത നിമിഷം മനുഷ്യരായി മാറുകയും ചെയ്തു.
ശേഷം മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.
വിളി കേട്ട പോലെ മഴയും വന്നു.
നനച്ചെടുത്ത്, കൈകളിലുയർത്തി,
വേരുകൾ തെളിഞ്ഞു കണ്ട കുഴിയിലേക്കാഴ്ത്തി.
മഴ പിന്നേയും കരിയിലകളെ വലിച്ചിഴച്ച്
കൊണ്ടു വരുന്നതവിടെ കിടന്നു കണ്ടു.
അവരൊക്കെ മഴയ്ക്ക് നന്ദി പറഞ്ഞു കൊണ്ടിരുന്നു.
അഴുകി തുടങ്ങിയവർ വിത്തുകളായി മാറുന്ന കാഴ്ച്ച
അപ്പോഴാണവൾ കണ്ടത്!
ഒരിക്കൽ കൂടി ഇലയായി, മരമായി, കായ്കൾക്ക് ജന്മം കൊടുക്കാൻ,
അവൾക്കുള്ളിലെ അവസാന ജീവൻ തുടിച്ചു.
മഴത്തുള്ളികളുടെ ശബ്ദത്തിൽ തുടി കൊട്ടും ശബ്ദം
അവളെ പോലെ തന്നെ അലിഞ്ഞമർന്നു.
അവളറിയാതെ തന്നെ, മറ്റൊരു ചെടിയായി
മാറിക്കഴിഞ്ഞിരുന്നപ്പോൾ..

Post a Comment

Monday, 6 December 2010

കല്ലറകൾ സന്ദർശിക്കുന്നവരോട്‌..

കല്ലറകൾ സന്ദർശിക്കുന്നവരെ,
അറിയില്ല നിങ്ങൾ കല്ലിന്റെ വേദന.
ഒഴിഞ്ഞ ശ്വാസക്കൂടുകൾ മാത്രമാണവിടെ.
ജീവിതത്തിന്റെ ബാക്കിപത്രമാണവിടെ.
അവിടെ ഓർമ്മകളുറങ്ങുന്നില്ല.
പുറത്തേക്കിറങ്ങാൻ വെമ്പി നിൽക്കും,
നിരാശ പൂണ്ടയാത്മാക്കൾ മാത്രം.
അവർ ജഢങ്ങളെ പ്രണയിക്കുന്നില്ല.
അവർ കല്ലുകളോട്‌ ഉറക്കെ പറഞ്ഞു കൊണ്ടിരിക്കും.
വഴി മാറി തന്ന് അവരെ സ്വതന്ത്രരാക്കുവാൻ.
ഒടുവിലവർ കല്ലുകളിൽ അലിഞ്ഞു ചേരും.

നിങ്ങൾ വെയ്ക്കുന്ന പൂക്കളവർ കാണില്ല.
നിങ്ങൾ പറയുന്നതൊന്നുമവർ കേൾക്കുകയുമില്ല.
അവർ ശരിക്കും കല്ലായി കഴിഞ്ഞിരിക്കുമപ്പോൾ..

12,007

Post a Comment

Thursday, 2 December 2010

വാക്കുകളുടെ മൂർച്ചയിൽ..

നിന്റെ വാക്കുകളുടെ മൂർച്ചയിൽ,
മുറിഞ്ഞു വീണ മനസ്സിന്റെ തുണ്ടുകളിൽ,
ഓർമ്മകൾ ഊറിപ്പിടിച്ചിരുന്നത്‌ നീ കണ്ടുവോ?
അതിൽ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്ന മുഖങ്ങളും?

ആ മുഖങ്ങളിൽ പ്രേമമുണ്ടായിരുന്നു,
സംഗീതമുണ്ടായിരുന്നു,
വിഹ്വലതകളും, സ്വപ്നങ്ങളുമുണ്ടായിരുന്നു.
തെളിഞ്ഞു നിന്ന സ്വപ്നങ്ങൾക്കിന്ന്,
ചാര നിറം കൈവന്നിരിക്കുന്നു.
അവയിപ്പോൾ ജ്വലിക്കുന്നില്ല,
മിന്നിത്തിളങ്ങുന്നുമില്ല..

മുറിവ്‌ വീണ മനസ്സിൽ നിന്നും,
വാർന്നൊഴുകിയ ഓർമ്മകളെ തടുക്കാൻ
ഞാൻ ശ്രമിച്ചതേയില്ല.

പക്ഷെ..ഓർമ്മകൾക്ക്‌ ചിറക്‌ വെച്ചത്‌ ഞാനറിഞ്ഞില്ല.
എനിക്കു ചുറ്റും തേനീച്ചകളെ പോലെ,
അവ മൂളി പറന്നു.
അവയിൽ ചിലതെന്നെ കുത്തുകയും ചെയ്തു.
കൊമ്പ്‌ മുറിഞ്ഞ്‌, അവ ചുറ്റും വീഴുമ്പോൾ,
അവയുടെ നടുവിലായി ഞാൻ കുഴഞ്ഞു വീണു..

അപ്പോൾ ആരോ വന്നെന്റെ തുറിച്ച കണ്ണുകൾ തിരുമിയടച്ചു..

Post a Comment

അതു വരെ..

നിനക്കായി ഞാൻ പ്രാർത്ഥിക്കാം.

ഇരുണ്ട, എണ്ണമെഴുക്കുള്ള വാതിലിനു പിന്നിൽ,
ഇരുട്ടിൽ, വെങ്കല വിളക്കുകൾക്ക് പിന്നിൽ,
മണിയൊച്ചകൾ മാറി നില്ക്കും നേരം,
ബന്ധനസ്ഥനായ നിനക്കായി പ്രാർത്ഥിക്കാം.

നീ ഇരുട്ടിലാണെന്നറിയാതെ,
ഞാൻ ഇരുട്ടിലിരുന്ന് പ്രാർത്ഥിച്ചതെല്ലാം,
നീ കേട്ടിട്ടുണ്ടാവാം.
നിനക്ക് ഞാൻ വിളക്കും വെളിച്ചവും നല്കാം.
നിനക്ക് ഞാൻ പുറത്തേക്കുള്ള വഴി കാട്ടി തരാം.
നിനക്ക് അതിർത്തികളില്ലാത്ത ലോകത്തേക്കെന്റെ ക്ഷണം.
നിനക്കപ്പോൾ എന്റെ പ്രാർത്ഥന കേൾക്കുവാൻ കഴിയും.

പക്ഷെ, അപ്പോൾ ഞാൻ പ്രാർത്ഥിക്കുകയില്ല..
നിന്റെ വലതു കൈ എന്റെ തോളിലും,
എന്റെ ഇടതു കൈ നിന്റെ തോളിലുമുണ്ടാവും.

കാല്പ്പാടുകളൂണ്ടാക്കാതെ നമുക്ക് നടന്നു പോകാം.
കടൽത്തീരത്ത് കൂടി,
തിരകൾക്കു മുകളിൽ കൂടി,
മഞ്ഞുറഞ്ഞ പർവ്വതങ്ങൾക്ക് മുകളിൽ കൂടി,

മഴ കാത്തു നില്ക്കും മരുഭൂമികളിൽ
നീ മഴ പെയ്യിക്കണം.
വളക്കൂറുള്ള മണ്ണിൽ,
നീ തിരഞ്ഞെടുത്ത വിത്തുകൾ വിതറണം.
ആയിരം മത്സങ്ങൾക്കൊപ്പം നീന്തണം.
നീന്തലറിയാത്ത എന്നെ നിന്റെ ചുമലിലേറ്റണം.

തണുപ്പിൽ നീ കമ്പിളിയായും,
ഇരുട്ടിൽ പ്രകാശമായും,
വെയിലിൽ മഴയായും നീ മാറണം.

ഒരു രഹസ്യം..
നീയെനിക്ക് നീല നിറമുള്ള പർവ്വതങ്ങളിൽ,
ആ പുണ്യാത്മാക്കളുടെ ഇരിപ്പടം കാട്ടിത്തരണം.
അവിടെ നമുക്കൊന്നിച്ചിരിക്കാം.
അവിടെ വെച്ച്..ഞാൻ നീയായി മാറും.

അതു വരെ..
നിനക്കായി ഞാൻ പ്രാർത്ഥിക്കാം..

11,919

Post a Comment

Monday, 29 November 2010

ചിറകിനടിയിലെ ചൂട്‌

ചിറകിനടിയിലെ ചൂട്‌ മതിയായി.
ഇനി പുറത്തേക്ക്‌.

പുറത്ത്‌ തീയെന്നറിഞ്ഞ്‌,
തിരികെ വന്നപ്പോൾ കണ്ടത്‌,
ഹൃദയം പൊട്ടി മരിച്ചു കിടക്കും അമ്മക്കിളിയെയാണ്‌.

ചിറകുകൾക്കിടയിലെ ചൂട്‌, ഒരു മോഹം മാത്രമായി.
കിളി ദൂരേക്ക്‌ പറന്നു.

ഒരു കൂടൊരുക്കി മുട്ടയ്ക്ക്‌ കാവലിരിക്കുമ്പോൾ,
മനസ്സിലൊരു കോണിൽ.
തന്റെ അന്ത്യവും ഹൃദയം പൊട്ടിയാവും
എന്ന തോന്നൽ വളർന്നു വരുന്നതറിഞ്ഞു..
എങ്കിലും മുട്ടയ്ക്ക്‌ ചൂട്‌ പകർന്നു കൊണ്ടേയിരുന്നു..

ചിറകിനടിയിലെ ചൂട്‌ നൽകാൻ
മറ്റാരുമുണ്ടാവില്ലെന്നറിഞ്ഞതു കൊണ്ടാവാം..
അല്ലെങ്കിൽ..ആ ചിറകിനടിയിൽ താൻ
തന്നെയെന്നറിഞ്ഞതു കൊണ്ടാവാം..

11,843

Post a Comment

അറിയുന്നതെപ്പോൾ ?

നീ നിന്നെ അറിയുന്നതെപ്പോൾ?

നീ കേട്ടതെല്ലാം നീ പറഞ്ഞതെന്നറിയുമ്പോൾ ?
നീ ഇഷ്ടപ്പെടേണ്ടി വന്നതെല്ലാം നീ വെറുത്തതെന്നറിയുമ്പോൾ?
നീ ഓർക്കുന്നതെല്ലാം നീ മറക്കാൻ ശ്രമിക്കുന്നതെന്നറിയുമ്പോൾ?

നിനക്ക്‌ കിട്ടിയതെല്ലാം നീ കൊടുത്തതെന്നറിയുമ്പോൾ?
നിനക്ക്‌ പിറന്നവൻ നീ തന്നെയാണെന്നറിയുമ്പോൾ?
അതോ, നിന്നെ നീ ഇതുവരെ അറിഞ്ഞില്ലെന്നറിയുമ്പോൾ?..

Post a Comment

Thursday, 25 November 2010

മേഘങ്ങൾക്കിടയിൽ

മേഘങ്ങൾക്കിടയിലാണ്‌ ഞാൻ കൂട്‌ കെട്ടിയത്‌.
മനുഷ്യനെ പേടിച്ചിട്ടോ, മൃഗങ്ങളേ പേടിച്ചിട്ടോ അല്ല
മേഘങ്ങൾക്കിടയിലിരുന്ന് താഴെ, പച്ച തുരുത്തുകൾ കാണാൻ..
ഇഴഞ്ഞൊഴുകും പുഴയുടെ കുസൃതികളും,
പതഞ്ഞൊഴുകും അരുവിയുടെ ലാസ്യവും,
കൈകോർത്തു നടക്കും പ്രേമങ്ങളും,
കൈപിടിച്ചോടും ബാല്യങ്ങളും..

കൈ കൂപ്പി ചിലരെന്നെ വിളിക്കും
വിളിക്കേൾക്കാൻ ഞാൻ കാതോർത്തിരിക്കും.
അവർക്ക്‌ മറുപടിയായി..
അവരെ പുണർന്ന്,
അവരെ കുതിർത്ത്‌,
അവർക്കൊരുന്മാദമായി ഞാൻ പെയ്തിറങ്ങും..
അവർ ചിരിക്കുമ്പോൾ,
അവർ നൃത്തം ചെയ്യുമ്പോൾ,
ഞാൻ ഞാനല്ലാതായി,
അലിഞ്ഞൊരരുവിയായി..
അകലേക്ക്‌ ഒഴുകിയകലും.
അതാണെന്റെ നിയോഗം.

അപ്പോഴേക്കും മറ്റൊരാൾ മേഘങ്ങൾക്കിടയിൽ കൂട്‌ കെട്ടിയിട്ടുണ്ടാവും..
വിളി കേൾക്കാൻ കാതോർത്ത്‌ കാത്തിരിപ്പുണ്ടാവും..

11,745

Post a Comment

ഒരു കുത്തു മുതൽ..

ഒരു കുത്തൊരക്ഷരമായി,
വാക്കായി, വരികളായി,
എന്റെ തണുത്ത കടലാസിൽ പതിഞ്ഞു കിടന്നു.

അതിലെന്റെ ശബ്ദവും, മൗനവും,
എന്റെ പ്രണയവും, വിരഹവും,
വിജയവും പരാജയവും,
സത്യവും അസത്യവും..

മരിക്കാനനുവദിക്കാത്ത ഓർമ്മകൾ..
മറക്കാൻ ഞാൻ കൊതിക്കുന്നതും..
കുടിയിരുത്താൻ ചില സ്വപ്നങ്ങളും..

ആ വരികൾക്കിടയിൽ ഞാൻ മലർന്ന് കിടക്കും
അവസാനമൊരു കുത്തിലെന്റെ
വരികൾ വന്നു നിൽക്കും വരെ..

ഒരു കുത്തു മുതൽ മറ്റൊരു കുത്തു വരെ..
അത്രയേ ഉള്ളൂ..
ഞാനും, നീയും..എല്ലാം..

Post a Comment

Wednesday, 24 November 2010

വിതയ്ക്കുന്നവർ

അവർ വിത്തുകൾ വലിച്ചെറിഞ്ഞത്‌,
എന്റെ ചെവിയ്ക്കുള്ളിലായിരുന്നു..
തലയ്ക്കുള്ളിലാണവ വന്നു വീണത്‌.
അവിടെ കിടന്ന് ചൂട്‌ പിടിച്ചവ,
മുള പൊട്ടി, കിളിർത്ത്‌ പൊങ്ങി.
ചുവന്ന നിറത്തിലുള്ള ചെടികൾ നിറയെ
ചെറിയ പുഴുക്കളായിരുന്നു..
ചെറിയ, കറുത്ത പുഴുക്കൾ..
അവയ്ക്കായിരം തലകളുണ്ടായിരുന്നു..

എന്റെ കണ്ണുകളുടെ ഞരമ്പുകൾ..
അവിടായിരുന്നു ആദ്യമവ കൂടു കൂട്ടിയത്‌.
എന്റെ കാഴ്ച്ചയുടെ നിറം..
എപ്പോഴാണത്‌ ചുവന്നു വന്നത്‌?
എന്റെ തലച്ചോറിലെ ഞരമ്പുകൾ..
അതായിരുന്നു അവ ഭക്ഷണമാക്കിയത്‌.

എന്റെ ചിന്തകളെ, ചെറിയ ആ പുഴുക്കൾ..
അവ നിയന്ത്രിച്ചു തുടങ്ങിയത്‌ ഞാനറിഞ്ഞില്ല..

മിടിച്ചു കൊണ്ടിരുന്ന എന്റെ കുഞ്ഞു ഹൃദയം..
അതായിരുന്നു അവയുടെ അടുത്ത ലക്ഷ്യം.
അവരിൽ ചിലരെന്റെ ഹൃദയ ധമനികൾ..
അതു തുളച്ചകത്ത്‌ കയറിയിരുന്നു..
ചുവന്ന പനീർപ്പൂവ്‌..അതായിരുന്നെന്റെ ഹൃദയം!
ഇപ്പോഴതൊരു, കറുത്ത കല്ലു മാത്രം!

ഞാൻ ശ്രദ്ധിച്ചു..
എനിക്കു ചുറ്റുമുള്ളവർ..
അവരുടെയും കണ്ണുകൾ ചുവന്നിരിക്കുന്നു..

എന്റെ ചെവിയ്ക്കുള്ളിൽ വിത്തെറിഞ്ഞവർ..
അവർ അകലെ വിത്തെറിഞ്ഞ്‌ നടന്നു പോകുന്നത്‌,
ഞാനെന്റെ ചുവന്ന കണ്ണുകൾ കൊണ്ട്‌ കണ്ടു..

Post a Comment

സന്തോഷവതി

മങ്ങിയ ചുവരുകളാണെനിക്കു ചുറ്റും.

കടും ചായക്കൂട്ടുകൾ വാരി പൂശിയ കൈവരികളും..
കൂട്ടുകാരികളുടെ മുഖത്ത് തേച്ച ചായങ്ങളും..
രണ്ടും ഒരു പോലെയാണെനിക്കു തോന്നിയത്!

എത്ര സുന്ദരമാണ്‌ ജീവിതം!
എത്ര പേരാണെന്നെ കാണാൻ വരുന്നത്!
അമ്മയ്ക്കും സന്തോഷം മാത്രം.

ഉടുക്കാൻ തിളങ്ങുന്ന വസ്ത്രങ്ങളും,
ഉണ്ണാൻ വേണ്ടെത്ര ഭക്ഷണവും.

വരുന്നവർക്ക് എന്തിഷ്ടമാണെന്നെ!
അവർക്ക് സന്തോഷം, എനിക്കും.

തെരുവിൽ ചിലർ ഭിക്ഷയെടുക്കുന്നതു കണ്ടു.
ചിലർക്ക് എപ്പോഴും വിഷാദം മാത്രം.
ദൈവം എത്ര ക്രൂരനാണ്‌..

ഞാൻ ഭാഗ്യവതി തന്നെ!
എല്ലാമെന്റെ ഭാഗ്യമെന്നാണമ്മ പറയുന്നത്.
അതു സത്യമാവണം..
എന്നും, ഇതു പോലെ..സന്തോഷവതിയായി..

11,688

Post a Comment

വൈകിയപ്പോൾ..

തിരക്കു പിടിച്ച്, പാഞ്ഞു പോകുന്ന,
വാഹനങ്ങൾക്കു മുന്നിലൂടെ..
ഭീകരമായ ശബ്ദത്തോടെ പാഞ്ഞു പോകും,
തീവണ്ടിയുടെത് മാത്രമായ പാളങ്ങളിലൂടെ..
പതിനാലു നിലയുള്ള കെട്ടിടത്തിന്റെ,
മുകളിലത്തെ നിലയിൽ നിന്നും ചാടിയും..
കടൽപ്പാലത്തിനു മുകളിൽ നിന്നും,
ഏറ്റവും ആഴമുള്ള ഭാഗത്തേക്ക് കുതിച്ചും..
കാട്ടുത്തീയാളി കത്തുന്നതിനിടയിലൂടെ..
ഇടിഞ്ഞു വീഴും ചുവരുകൾക്കിടയിലൂടെ..
ആയിരം വെടിയുണ്ടകൾക്കിടയിലൂടെ..
‘കണ്ടില്ലെ, എനിക്കൊന്നും സംഭവിക്കില്ല!’
ഞാനിതു പറയുമ്പോൾ, ഒന്നും കേൾക്കാത്ത പോൽ
അലക്ഷ്യമായി അകലേക്ക് നോക്കിയവളിരുന്നു..

ചുമരിൽ, ദീപം കത്തിച്ചു വെച്ച ചിത്രം..
അതെന്റേതാണെന്നറിയാൻ ഞാൻ വൈകി..

Post a Comment

Sunday, 21 November 2010

ഞാനുണ്ടെ!

വീണ്ടും മോനു വേണ്ടിയെഴുതിയ ഒരു പാട്ട്..

അരുവിക്കപ്പുറം കരയുണ്ടെ.
കരകൾക്കപ്പുറം വീടുണ്ടെ.
വീടുകൾക്കിടയിൽ മതിലുണ്ടെ.
മതിലിനരികിലൊരു മരമുണ്ടെ.
മരത്തിൽ നിറയെ കായുണ്ടെ.
കായ കഴിക്കാൻ കിളിയുണ്ടെ.
കിളിക്ക് കൊച്ചൊരു കൂടുണ്ടെ.
കൂട്ടിനകത്തൊരു കുഞ്ഞുണ്ടെ.
കുഞ്ഞിനു കൂട്ടായ് അമ്മയുണ്ടെ.
അമ്മയ്ക്ക് രണ്ടു ചിറകുണ്ടെ.
ചിറകിനു അടിയിൽ ഞാനുണ്ടെ!

Post a Comment

Friday, 19 November 2010

കൽമണ്ഡപത്തിലെ തൂണുകൾ

കടപ്പുറത്തെ കൽമണ്ഡപത്തിൽ,
നവദമ്പതികൾ മറഞ്ഞു നിന്ന് ചുംബിച്ചു.

ഇണ നഷ്ടപ്പെട്ട വെളുത്ത മുടിയുള്ളവർ,
മണ്ഡപത്തിലെ തൂണുകളെ തടവി കൊണ്ടിരിക്കും.
വർഷങ്ങൾക്കു മുൻപ് പറയാനാകാത്തത്,
ഇണയുടെ ചുണ്ടിൽ പകർത്തിയതവരോർക്കുന്നുണ്ടാകും..

വരണ്ട്, വീണ്ടു കീറിയ ചുണ്ടുകൾ
അവർ തടവി കൊണ്ടിരിക്കും.
വർഷങ്ങൾക്ക് മുൻപ് പറയാനോർത്തത്,
ഇണയുടെ കാതിൽ പറഞ്ഞതവരോർക്കുന്നുണ്ടാകും..

കൽത്തൂണുകൾ..
അവർക്കായിരം ചുംബനകഥകൾ പറയാനുണ്ടാകും..
തമ്മിൽ ചുംബിക്കാനാകാതെ,
പരസ്പരം നോക്കിയിരിക്കുവാൻ വിധിക്കപ്പെട്ടവർ..
അവരുടെ നിശ്ശബ്ദനെടുവീർപ്പുകൾ
മണ്ഡപത്തിൽ നിറഞ്ഞു നിൽപ്പുണ്ടാവും..
അവർക്കൊരാശ്വാസമായി മാറും,
ചുളിവ് വീണ, വിറ പൂണ്ട വിരലുകൾ..

Post a Comment

Thursday, 18 November 2010

നഗരത്തിൽ ഒരു രാത്രി

നഗരത്തിന്റെ കറുത്ത ഞരമ്പുകളിൽ
കാലിടറി നടന്നു പോയൊരു രാത്രിയിൽ,
മറഞ്ഞു നിന്ന ചുവന്ന പൂവൊന്ന്
സീല്ക്കാരം ചേർത്ത് വിളിച്ചതു കേട്ട്,
ഞരമ്പുകളിൽ ലഹരി നിറഞ്ഞതു കൊണ്ടോ,
ചുണ്ടുകളിൽ രതി നിറഞ്ഞതു കൊണ്ടോ,
നിലയുറയ്ക്കാതെ ചെന്നു ഞാനവളെ ചുംബിച്ചു..
തുടുത്ത ചുണ്ടിൽ കിനിഞ്ഞ രക്ത ബിന്ദുക്കളിൽ,
എന്റെ പ്രേമം തിരിച്ചറിഞ്ഞതു കൊണ്ടാവാം,
അവളെന്നെ ചേർത്തമർത്തി ചുംബനത്തിലാഴ്ത്തിയത്.
മുങ്ങിത്താഴുമ്പോൾ കടലിൽ അലിഞ്ഞു ചേർന്ന,
ഒരു മഞ്ഞുത്തുള്ളിയായി മാറി കഴിഞ്ഞിരുന്നു ഞാൻ..
..
നിലാവ് വഴി മാറി അകന്നപ്പോൾ,
എല്ലാം സ്വപ്നമല്ലായിരുന്നു എന്നറിയാതെ ഞാൻ..

Post a Comment

Wednesday, 17 November 2010

ബുദ്ധന്റെ ചിരി

ബോധോദയം ഉണ്ടാവാനല്ല അയാൾ
വൃക്ഷത്തിന്റെ ചുവട്ടിലിരുന്നത്.
കൊഴിഞ്ഞ ഇലകളും താനും..
എന്തു വ്യത്യാസം?
പെട്ടെന്നു വന്ന ഒരു കുരുവി,
അതിലൊന്ന് കൊക്കിലാക്കി പറന്നപ്പോൾ,
പച്ചിലകൾ ഒരു നിമിഷം നിശ്ശബ്ദമായി.
ഉള്ളിൽ കലപില കൂട്ടിയിരുന്ന ചിന്തകളും.
തിരിച്ചറിവിന്റെ മൂഹൂർത്തത്തിൽ,
പച്ചിലകൾ കാറ്റിനൊപ്പം ഉറക്കെ ചിരിച്ചു.
ബോധത്തിന്റെ ഉറവ പുറപ്പെട്ടതറിഞ്ഞയാൾ
എഴുന്നേറ്റ് നടന്നകലുമ്പോൾ,
ഒരു ചിരി ചുണ്ടിൽ ചേർത്തു വെച്ചിരുന്നു.
ബുദ്ധന്റെ ചിരി..

Post a Comment

വിശപ്പ്‌

ജനനത്തിനും മരണത്തിനുമിടയ്ക്ക്‌
ഞെരുങ്ങി പോയ ജീവിതം..
തന്റെ പേരെഴുതിയ ധാന്യം തേടി,
വരണ്ടുണങ്ങിയ പാഴ്ഭൂവിൽ,
അലയാൻ മാത്രം വിധിക്കപ്പെട്ടവൻ.

വിശപ്പിനും ശബ്ദമുണ്ടെന്നു തിരിച്ചറിഞ്ഞവൻ
കഴുകന്റെ ചിറകടി ശബ്ദം..

നിറങ്ങൾ കാഴ്ച്ചയ്ക്ക്‌ മുന്നിൽ നിന്നു
വഴിമാറിയപ്പോൾ നിറഞ്ഞത്‌,
തീക്ഷണത നിറഞ്ഞ വെളുത്ത പ്രകാശം മാത്രം.
പ്രകാശത്തിനൊടുവിൽ ഇരുട്ടെന്നറിയുമ്പോഴും,
വരണ്ട തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ,
പുറത്തേക്ക്‌ ഇഴഞ്ഞിറങ്ങി വന്നു പറഞ്ഞു,
വിശപ്പ്‌..വല്ലാത്ത വിശപ്പ്‌..
..
..
ഇനി പേരെഴുതാത്ത ധാന്യങ്ങളുടെ നാട്ടിൽ..
വിശപ്പില്ലാത്തവരുടെ നാട്ടിൽ..
ഇല്ല..യാത്ര അവസാനിക്കുന്നില്ല..

Post a Comment

Saturday, 13 November 2010

ദയവായി...

ആരോ മറവിലിരുന്ന് പകിടയെറിയുന്നുണ്ട്..
വെളിച്ചത്തിലും, ഇരുട്ടിലും ആദൃശ്യനായ്..
അയാൾ അതോ അവൾ ?
അതുമല്ലെങ്കിൽ..

ചതുരംഗ പലകയിൽ നിന്നിറങ്ങി നടക്കണമെനിക്ക്
കൈകാലുകളിൽ കെട്ടിയ ചരടുകൾ പൊട്ടിച്ചെറിയണം

ആരാണെന്നെ കെട്ടിയിട്ടത്?
ബോധത്തിനു മുൻപിലും പിൻപിലും തിരശ്ശീലകൾ
തിരശ്ശീലയ്ക്കകത്തിരുന്ന് ഞാൻ തന്നെയാവാം,
എന്റെ കൈകാലുകൾ ബന്ധിച്ചത്!
ചരടുകൾ എന്റെ സ്വന്തമല്ലെന്നറിയുവാൻ വൈകി..
കെട്ടുകളുടെ ശാസ്ത്രവും മറന്നു..

എനിക്കറിയേണ്ടത്,
ചതുരംഗകളികളില്ലാത്ത ലോകത്തെ കുറിച്ചാണ്‌
അവിടെക്കുള്ള വഴികളും..

അതിനു മുൻപ്..ആരെങ്കിലും ഈ ചരടുകൾ..
ദയവായി..ആരെങ്കിലും..

Post a Comment

Friday, 12 November 2010

അറിയാതെ..

മായ്ക്കുവാനെടുത്ത കാര്യമറിയാതെ
മഷിത്തണ്ട് കുടിച്ചു കൊണ്ടിരുന്നു..

കടലിൽ ചെന്നു കടലാകുമെന്നറിയാതെ,
പുഴയൊഴുകികൊണ്ടിരുന്നു..

പിരിയുമെന്നറിയാതെ
പ്രണയിച്ചും,
കരയിക്കുമെന്നറിയാതെ,
ചിരിച്ചും,
പകലെന്നറിയാതെ,
കിനാവ് കണ്ടും,
മറന്നു പോയതറിയാതെ
ഓർക്കാൻ ശ്രമിച്ചും,
വീണ്ടും ജനിക്കുമെന്നറിയാതെ,
ജീവിച്ചും..

ആവർത്തിക്കുന്നുവെന്നറിയാതെ,
പുതുതെന്ന് നിനച്ച്..

അറിഞ്ഞില്ല ഞാനൊന്നും..ഒന്നും..

Post a Comment

Wednesday, 10 November 2010

നീല പൂവിന്റെ ഓർമ്മയ്ക്ക്

അവളറിയാതെയാണയാൾ ഇഷ്ടപ്പെട്ടത്
ആരുമറിയാതെ അവൾ അയാളെയും.

ഇരുവരും കാത്തു വെച്ചു,
അറിയുമ്പോൾ പറയാനൊരു വാക്ക്.
പക്ഷെ, പറയാതെയവരെങ്ങോ അകന്നു പോയി.

അയാൾ,
ഒഴുക്കിൽപ്പെട്ടൊഴുകിയടിഞ്ഞത്,
ദൂരെ, വടക്കൊരു ദ്വീപിലായിരുന്നു.

അവൾ,
ഒഴുകിപ്പോയത് നീല പൂക്കളുടെ താഴ്വരയിലും.

ഒരു നാൾ ആ താഴ്വരയിൽ,
നീല പൂക്കൾ കാണാനയാളെത്തി.

പൂക്കൾക്കിടയിൽ അവളെ കണ്ടു,
പൂവെന്നു മാത്രം നിനച്ചു.

രാവിലൊരു സ്വപ്നത്തിൽ,
അവൾ വന്നു അവനരികിൽ
‘പറയാൻ മറന്നുവോ ആ പഴയ വാക്ക്?’
ഉണർന്ന അയാൾ കണ്ടത്,
അരികിലൊരു നീല നിറമുള്ള പൂവ് മാത്രം.

ആ അയാൾ..അയാൾ ഞാനായിരുന്നു.

Post a Comment

Monday, 8 November 2010

ഓർക്കാത്തത്..

വരണ്ട് പോയ വഴി കാണാതിരിക്കുവാനാവാം,
പുഴ തിരിഞ്ഞൊഴുകാത്തത്..

എന്നോട് പ്രേമം തോന്നാതിരിക്കുവാനാവാം,
നീയെന്നെ ഓർക്കാത്തത്..

മുഖങ്ങൾ മറന്നു പോയതു കൊണ്ടാവാം,
ഞാൻ വന്ന വഴി ഓർക്കാത്തത്..

മറന്നതെല്ലാം ഓർമ്മിപ്പിക്കുമെന്ന് ഭയന്നാവാം,
ഓർമ്മകളെ ഞാൻ മറന്നത്‌..

കൈവശം വെറുമൊരു കടലാസ് മാത്രം..
മായ്ക്കുന്നു ഞാൻ വീണ്ടുമെഴുതുവാൻ മാത്രം..

Post a Comment

Thursday, 4 November 2010

ചന്ദ്ര ദുഖം

ഉരുകുന്ന സൂര്യന്റെ ഉള്ളിലായെരിയും,
കനലിന്റെ വേദന ആർക്കു സ്വന്തം?

ഇരുളിന്റെ മറവിൽ, അകലെയായൊഴുകും,
പനിമതിക്കെന്താണ്‌ പരിഭവം മാത്രം?

കവികളും കാമുക ഹൃദയങ്ങളൊക്കെയും,
കവിതകൾ മാത്രം രചിച്ചതോ കാരണം?

കനലായെരിയുന്ന സൂര്യന്റെ പ്രഭയാലെ
തിളങ്ങുന്ന ഗോളമെന്നറിഞ്ഞതോ കാരണം?

പരിഭവം ഇല്ലിതു പരിതാപമാണിതു,
പരിഹാരമില്ലാത്ത പ്രണയ ദുഖം..

പ്രഭ ചൊരിഞ്ഞുരുകുന്ന സൂര്യന്റെ വേദന,
അതുമാത്രമാണെന്റെ ഹൃദയ ദുഖം

എനിക്കായി എരിയുന്ന സൂര്യന്റെ വേദന
അതുമാത്രമാണെന്റെ പ്രണയ ദുഖം

കനലുകൾ എരിയുന്നതൊന്നുമെ അവനോ
അറിയാത്ത ഭാവം നടിക്കുന്നു നിത്യവും

അറിയുന്നു ഞാനാ എരിയുന്ന കനലിന്റെ
ചൂടു പോലുള്ളയാ പ്രണയ താപം.

പിണങ്ങി ഞാൻ നിന്നുവാ ഇരുളിന്റെയുള്ളിൽ
പരിഭവം ഭാവിച്ചു മാറി നിന്നു..

തിരഞ്ഞവൻ എന്നെയാ കടലിന്റെയുള്ളിലും,
തിരഞ്ഞവൻ ചോദിച്ചു തിരകളോടും..

തിരയുന്ന കണ്ണിലെ കണ്ണുനീർ കാണുവാൻ
കഴിയാതെ വീണ്ടും, വന്നു ഞാൻ രാവിൽ..

കാണില്ലൊരിക്കലും നിങ്ങളെൻ കണ്ണുനീർ
കാണില്ല ആരുമീ ചന്ദ്ര ദുഖം..


എനിക്കായി എരിഞ്ഞു തീരുന്നവൻ..
അവന്റെ ചൂട്..
അതെന്റെ പ്രണയ താപം വർദ്ധിപ്പിച്ചതേയുള്ളൂ..
എരിയും തോറും ജ്വലിക്കുന്ന കനലുകൾ,
അവന്റെ ഉള്ളു പൊള്ളിച്ചുകൊണ്ടിരുന്നു..
എന്റെയും..

പരിഭവം നടിച്ചും, പിണക്കം നടിച്ചും ഞാൻ മാറി നിന്നു.
അപ്പോഴവൻ ചൂട് കൊണ്ട് മാത്രമല്ല പൊള്ളിയത് എന്നു ഞാനറിഞ്ഞു.
എന്നെ തിരഞ്ഞു കടലിനോടും, കടൽ കാക്കകളോടും
കരഞ്ഞു നടന്നതു ഞാൻ കണ്ടു.
എനിക്കിരുട്ടിൽ മറഞ്ഞു നില്ക്കാൻ കഴിയുമായിരുന്നില്ല.
ഇരുളിൽ നിലാത്തൂവലുകൾ പൊഴിയുമ്പോൾ,
എന്റെ കണ്ണുനീർ തുള്ളികളും പൊഴിഞ്ഞതാരുമറിഞ്ഞില്ല..
അവൻ പോലും..

Post a Comment

Wednesday, 3 November 2010

പുതിയ കഴുകന്മാർ

ട്രാക്കിലൊരു മൃതദേഹം കിടക്കുന്നു.
ഓടിക്കൂടുന്നെല്ലാവരും.
എന്തിന്‌?!
എന്തു കാണാൻ?
ചിലർ തലയറ്റ ശരീരം കണ്ടിട്ടില്ലത്രെ!
ചിലർ കാലുകളറ്റ ശരീരം..
കണ്ടവർ അത്ഭുതത്തിന്റെയും, ഭീതിയുടെയും ശബ്ദങ്ങളുണ്ടാക്കുന്നു.
ചിലർ തല തിരിക്കുന്നു, അറപ്പോടെ..
ഇതല്ലാതെ പിന്നെ അവരെന്താണ്‌ പ്രതീക്ഷിച്ചത്?!

ചിലരിപ്പോൾ മൊബൈൽ ഫോണുമായാണ്‌ ഓടുന്നത്..
കൂട്ടുകാരെ ഫോട്ടൊ കാണിക്കേണ്ടെ?
എന്തിന്‌?!.
മറ്റാർക്കും കിട്ടാത്ത ഫോട്ടോ അല്ലേ അത്?.

അല്ല, ആരാണ്‌ മരിച്ചത്?
ആ...ആർക്കറിയാം?

പിന്നെന്തിനു ഓടി പോയി?
തലയില്ലാത്ത ഉടൽ കണ്ടെന്ന് ഇനി പറയാമല്ലൊ..
പേടി തോന്നിയില്ലെന്ന് വീരവാദവും..

കാണാൻ കഴിയാത്ത ചിലർക്ക് നഷ്ടബോധവും..
“ശ്ശെ, ഓടി കിതച്ച് ചെന്നപ്പോഴേക്കും, ആരോ തെങ്ങോല കൊണ്ട് മൂടി കളഞ്ഞു..ഇനി അടുത്ത തവണ നേരത്തെ വരണം”..

Post a Comment

Wednesday, 27 October 2010

കുമ്പസാരം

മുങ്ങി മരിക്കും സൂര്യനെ,
കണ്ണിമയ്ക്കാതെ നോക്കും വൃദ്ധ നയനങ്ങൾ..

വലിച്ചെറിയും എച്ചിലികൾക്കിടയിൽ,
വിശപ്പിൻ മറുപടി തിരയും കൈകൾ..

നിലത്തെറിഞ്ഞ പണമെണ്ണും,
ചുവന്ന തെരുവിലെ യൗവ്വനങ്ങൾ..

കടലെടുത്ത വീട് വിട്ട്,
തെരുവിൽ അടുപ്പ് കൂട്ടി കാത്തിരിക്കുന്നവർ.

പുസ്തമേന്തുന്നവരെ നോക്കും,
വെയിലിൽ പാവ വില്ക്കും ബാല്യങ്ങൾ.

കാട്ടിലൊരു മാടം..
അതിനായാരോ കൊടുത്ത കൊടിയേന്തുന്നവർ.

മാറു പിളർന്ന് കിടക്കും പുഴയുടെ,
മാറ്റൊലി കൊള്ളും നിലവിളികൾ..

...

‘നിന്നെ കുറിച്ചു മാത്രമാണെന്റെ ചിന്ത’
എന്നു പറഞ്ഞതെത്ര നുണയാണെന്നറിയുന്നു ഞാൻ..

ഓർക്കുന്നില്ല ഞാൻ നിന്നെക്കുറിച്ചും..
ഓർക്കുന്നില്ല ഞാനെന്നെക്കുറിച്ചും..

ക്ഷമിക്കൂ നീ എന്നോടൊരുവട്ടം കൂടി,
ആവില്ലെനിക്കെല്ലാമോർക്കാതിരിക്കുവാൻ..

Post a Comment

Tuesday, 26 October 2010

ആത്മാവില്ലാത്തവർ

മെഴുകു തുള്ളികളും, കണ്ണുനീർ തുള്ളികളും..
അവ ഒരു പോലെയാണ്‌ ഉരുണ്ട് വീഴുന്നത്.
ചൂടു കൊണ്ടു തന്നെ..
മെഴുകുരുകി ഇല്ലാതാകുമ്പോൾ,
മനുഷ്യനെന്തു കൊണ്ട്...??

കണ്ടിട്ടില്ലെ ഉരുകിയ മെഴുതിരിയിൽ,
കമഴ്ന്നു കിടക്കുന്ന, ഒരു കരിന്തിരിയുടെ അവസാന ഭാഗം?
ഉള്ളിൽ കരിന്തിരിയുമായി ചിലരുണ്ടാകും ചുറ്റും
അവർ കരയുകയില്ല
കണ്ണുനീരൊഴുക്കുകയുമില്ല
അവർ ജീവിക്കുന്നില്ല
മരിച്ചിട്ടുമില്ല.
അവർ ആത്മാവില്ലാതെ ജീവിക്കുന്നവർ
ചലിക്കുന്ന ശരീരങ്ങളാണവർ..
ശരീരങ്ങൾ മാത്രം..

Post a Comment

Monday, 25 October 2010

ഓർമ്മകൾ വാങ്ങുന്നവർ

ഓർമ്മകളാണ്‌ കഴിഞ്ഞു പോയ ജീവിതം.
എല്ലാം ഇളം ചാര നിറമുള്ള കോശങ്ങളിലത്രെ സൂക്ഷിച്ചിരിക്കുന്നത്‌!
അവ അവിടുള്ളിടത്തോളം കാലം കഴിഞ്ഞതത്രയും സ്വയം അനുഭവിച്ചതായി തോന്നുകയും ചെയ്യും!
നമ്മൾ സംസാരിച്ചത്‌..
നമ്മൾ കണ്ടുമുട്ടിയവർ..
കണ്ട സ്ഥലങ്ങൾ..
അനുഭവിച്ച സുഖവും ദുഃഖവും..
എല്ലാം ഓർമ്മകൾ മാത്രം!
നാളെ ഓർമ്മകൾ മാറ്റിയെഴുതുന്ന സാങ്കേതിക വിദ്യ രൂപപ്പെട്ടേക്കാം..
പരീക്ഷകൾ ഉണ്ടാവില്ല!
പള്ളിക്കൂടങ്ങൾ എന്തിന്‌?
പതിനെട്ടുകാരന്‌ എഴുപതുകാരന്റെ ഓർമ്മകൾ കോശങ്ങൾ പതിപ്പിച്ചു വെച്ചാൽ,
ഒരു ജീവിതം മുഴുവനും അനുഭവിച്ച പോലെ!
പ്രേമവും, പ്രേമ നൈരാശ്യവും
സ്നേഹവും, രതിയും..എല്ലാം ഓർമ്മകൾ
പക്ഷെ ഒന്നുറപ്പ്‌! പണം വേണം!
ഓർമ്മകൾ സ്വന്തമാക്കുവാൻ പണം വേണം!
ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്തെ ഓർമ്മകൾ വേണോ?
വില കൂടിയ കാറിൽ കറങ്ങി നടന്ന ഓർമ്മകൾ വേണോ?
കഥകളിലെ കഥാപാത്രമാകണോ?
അതിമാനുഷിക കഥാപാത്രം?
ഏതു രാജ്യത്താണ്‌ ഒഴിവു ദിനങ്ങൾ ആസ്വദിച്ചത്‌?
അങ്ങനെ അങ്ങനെ...

പണം കൊടുത്ത്‌ ഓർമ്മകൾ വാങ്ങി കൂട്ടുന്ന ഒരു സമൂഹം,
നമ്മുടെ മുന്നിൽ അതിവിദൂരത്തിലെവിടെയോ ഉണ്ടെന്നറിയുക!

ഭാഗ്യം! നമ്മൾ അതിനും എത്രയോ മുൻപേ മരിച്ചു പോയിരിക്കും!

Post a Comment

മണ്ണാങ്കട്ടയും കരിയിലയും

അന്നതൊരു വിപ്ലവമായിരുന്നു.
വയസ്സായ മണ്ണാങ്കട്ടയും,
മേദസ്സെല്ലാം വറ്റിയ കരിയിലയും.
അവരന്യോന്യം അത്താണിയായി, ഒരു താങ്ങായി..

പുതിയ പച്ചിലകൾ കേട്ടിട്ടുണ്ടാകുമോ
പഴയ കരിയിലയുടെ കഥ?

താങ്ങില്ലാതെ ഇന്നുമെത്രയോ മണ്ണാങ്കട്ടകൾ..കരിയിലകൾ..
അവരൊക്കെ തമ്മിൽ കാണാറുമുണ്ട്‌..
പക്ഷെ പച്ചിലകളുടെ കളിയാക്കലുകൾ ഭയന്നാവും,
അവരാരും ഒന്നിച്ച്‌ ഒരിടത്തും പോകാറില്ല.

വിപ്ലവ കഥകൾ എത്ര വേഗമാണ്‌ നമ്മൾ മറക്കുന്നത്‌!

Post a Comment

Tuesday, 5 October 2010

ആവില്ലെനിക്ക്..

ഒരു മഞ്ഞിൻ തുള്ളിയിൽ ഒരുക്കീ പ്രകൃതി
പുലരിയിൻ തൂമന്ദഹാസം മുഴുക്കെയും

ഒരു മഴത്തുള്ളിയിൽ ഒതുക്കീ കാലം
ഒരു വർഷകാലം മുഴുക്കെയും വീണ്ടും

ഒരു പൂവിനുള്ളിലായൊരുക്കീ വസന്തം
പ്രകൃതിയിൻ മണമെല്ലാമെനിക്കായി വീണ്ടും.

ഒരു കുയിൽ നാദത്തിലൊതുക്കി സംഗീത
സ്വരമെല്ലാമെനിക്കെന്റെ ജന്മം മുഴുക്കെയും.

ഒരു തിരി നാളത്തിൽ കണ്ടു ഞാൻ വീണ്ടും,
പരമ പ്രകാശമെ നിൻ ദിവ്യ രൂപം.

ഒരു തുള്ളി തേനിൽ നിറച്ചൂ പ്രകൃതി,
മധുരം മുഴുക്കെയും മധുവായി വീണ്ടും.

അറിയില്ലെനിക്ക് നിന്നോട് പറയുവാൻ,
എനിക്കുള്ള പ്രേമം മുഴുവനായോമലെ..

ആവില്ലെനിക്ക്, നിനക്കെന്റെ പ്രേമം,
ഒരു കൊച്ചു പൂവിൽ മാത്രമായി നിർത്തുവാൻ..

ആവില്ലയോമനെ, ഈ ജന്മം മാത്രമായി,
നിനക്കെന്റെ പ്രേമം മുഴുവനായി നല്കുവാൻ..

Post a Comment

Saturday, 25 September 2010

പ്രേമ രൂപം

ഗന്ധങ്ങൾ കൊണ്ടാണ്‌ ഞാനവളെ അറിയുന്നത്.
അവളുടെ മുടിയിൽ നിന്നൊഴുകി വന്ന എണ്ണയുടെ,
ചെവിയിൽ തിരുകുമായിരുന്ന തുളസിയിലകളുടെ,
നെറ്റിയിൽ തണുത്ത് കിടന്ന ചന്ദനത്തിന്റെ..

എന്റെ നെറ്റിയിൽ സുഗന്ധമുള്ള ചന്ദനം കൊണ്ട് കുറി വരയ്ക്കുമ്പോൾ,
അവളുടെ കുപ്പിവളകൾ അടക്കം പറഞ്ഞത് ഞാൻ കേട്ടു..
എന്റെ കവിളോട് അവൾ കവിൾത്തടം ചേർക്കുമ്പോൾ,
അവളുടെ ഗന്ധം ഞാനറിഞ്ഞു, പ്രേമത്തിന്റെ ഗന്ധം..

അവളുടെ ശബ്ദമാണെനിക്ക് സംഗീതം..
അവളുടെ ഗന്ധമാണെനിക്ക് സുഗന്ധം..
അവളുടെ കവിൾത്തടങ്ങളായിരുന്നു എനിക്കു പൂവിതളുകൾ..
അവൾ ചിരിക്കുമ്പോൾ എനിക്കുള്ളിൽ മഴ പെയ്യുന്നതറിഞ്ഞു, പ്രണയ മഴ..

അവൾ നടന്നടുത്തു വരുമ്പോൾ,
പ്രേമത്തിന്റെ കാലൊച്ച ഞാൻ കേട്ടു.

അവളില്ലാത്തപ്പോൾ എനിക്ക് ശിശിരമായിരുന്നു,
ഇലകൾ കൊഴിഞ്ഞ ഒരു മരമായ്..
അവളടുത്ത് വരുമ്പോൾ, വസന്തവും..

എന്റെ വിരൽത്തുമ്പുകളിലൂടെ ഞാനവളുടെ രൂപം തിരഞ്ഞു.
എനിക്കു കാണാം, വ്യക്തമായി
സ്നേഹത്തിന്റെ, പ്രേമത്തിന്റെ രൂപം.
ഈശ്വരൻ എന്റെ കണ്ണുകൾ കവർന്നെടുത്തുവെങ്കിലും..

Post a Comment

Saturday, 11 September 2010

ഇന്ന്

മതമുണ്ടാക്കിയവന്‌ മദം പിടിച്ചപ്പോൾ
മരിച്ച്‌ വീണത്‌ ദൈവങ്ങളായിരുന്നു.

പ്രകാശ വേഗം കണ്ടു പിടിച്ചവൻ
ഇരുട്ടിലേക്ക്‌ പോയത്‌ അതിലും വേഗത്തിലായിരുന്നു.

പണത്തിനു വേണ്ടിയവൾ നഷ്ടപ്പെടുത്തിയത്‌
പണത്തിനു പോലും വാങ്ങാൻ കഴിയാത്തതായിരുന്നു.

വെടിമരുന്ന് വിറ്റപ്പോൾ,
വെടിയേറ്റ്‌ മരിച്ചത്‌ സ്വന്തം മക്കളായിരുന്നു.

യുദ്ധം ചെയ്തവർ ജയിച്ചപ്പോൾ,
തോറ്റത്‌ യുദ്ധം ചെയ്യാത്തവരായിരുന്നു.

കുഴിച്ചെടുത്ത മണ്ണു കൊണ്ട്‌ കുന്നുണ്ടാക്കിയപ്പോൾ,
എല്ലാവരും നോക്കിയത്‌ കുഴിയിലേയ്ക്കായിരുന്നു..

Post a Comment

Wednesday, 8 September 2010

മോഹം

തൂമഞ്ഞിൻ തുള്ളിക്ക് പുൽത്തുമ്പിലിരു
ന്നൊന്നൂഞ്ഞാൽ ആടുവാൻ മോഹം
കാക്ക കറുമ്പിക്ക് വാഴതൻ കൈയിന്മേൽ,
ആടിക്കളിക്കുവാൻ മോഹം.

തെളിവുള്ള ചോലയ്ക്ക് മലയുടെ ചുറ്റു,
മൊരരഞ്ഞാണമാകുവാൻ മോഹം.
അകലെ നിന്നെത്തുന്ന കാറ്റിന്റെ കൈകൾക്ക്
അടവിയെ പുണരുവാൻ മോഹം.

മുളകളും ഇലകളും കൊണ്ടെനിക്കവിടൊരു
കുടിലൊരുക്കാനാണ്‌ മോഹം.
കുടിലിന്റെയുള്ളിലൊരു തണുവുള്ള പായയിൽ
മയങ്ങി കിടക്കുവാൻ മോഹം.

സ്വപ്നത്തിലൊരു കൊച്ചു തേരിൽ വരുന്ന നിൻ
ചുണ്ടിലായ് മുത്തുവാൻ മോഹം.
ആ കൊച്ചു തേരിലന്നാകാശമാകെ,
പാടി പറക്കുവാൻ മോഹം..

Post a Comment

അവർ

തെരുവിൽ കണ്ണു പൊത്തി നടക്കുന്നത്‌ കണ്ട്‌ ചോദിച്ചു.
'ആരാണ്‌?'
'ഞാൻ സദാചാരമാണ്‌'

തെരുവിൽ നഗ്നയായവളോടും ചോദിച്ചു.
'ഞാൻ ലജ്ജയാണ്‌' അവൾ മറുപടി പറഞ്ഞു.

തെരുവിൽ ആയുധങ്ങളുമായി ചിലരെ കണ്ടു.
'ആരെയാണ്‌ തേടുന്നത്‌'?
'സത്യത്തിനെ' എന്നും പറഞ്ഞവർ ഓടി പോയി.

ഒരിടത്ത്‌ കച്ചവടം പൊടിപൊടിക്കുന്നു.
എന്താണ്‌ തൂക്കി വിൽക്കുന്നത്‌?
'നിയമമാണ്‌' വേണോ?

മരിക്കാൻ കിടക്കുന്ന ഒരാളെ കണ്ടു..
അയാളുടെ പേര്‌ 'സംസ്കാരം' എന്നായിരുന്നു.
അയാളാണ്‌ അടുത്ത്‌ കണ്ട ജീവനില്ലാത്ത ശരീരങ്ങളുടെ പേർ പറഞ്ഞത്‌.
അതു ദയയും സ്നേഹവും ആയിരുന്നു.

ഒടുവിൽ ഒരു മൂലയിൽ കണ്ണുപൊത്തിയിരിക്കുന്നയാളെ കണ്ടു..
അയാളുടെ പേർ 'ദൈവം' എന്നായിരുന്നു..

Post a Comment

Tuesday, 7 September 2010

അവനില്ലാതെ..

മുഖം മറച്ച വെളുത്ത തുണികൾ
അവയ്ക്കുള്ളിൽ കരിഞ്ഞ ബാല്യങ്ങൾ.
കരിഞ്ഞ മുഖങ്ങളിൽ തിരക്കിയത്‌,
ഇന്നലെ കണ്ട ചിരിച്ച മുഖം.
അവനെ തിരിച്ചറിയാൻ കഴിയുന്നില്ല..
അവന്റെ മുഖം മായ്ച്ചു കളഞ്ഞിരിക്കുന്നു,
കരുണയില്ലാത്ത കാലത്തിന്റെ കൈകൾ.
ഇനി കഥ പറയാനില്ലാത്ത രാവുകൾ..
കളിക്കോപ്പിന്റെ ശബ്ദമില്ലാത്ത പകലുകൾ..
തോളിലൊരു സുഖമുള്ള ഭാരമില്ലാതെ,
താരാട്ട്‌ പാടുവാൻ പാട്ടുകളില്ലാതെ,
കരയാതെ, കരയുവാൻ കഴിയാതെ..

അവൻ കൊട്ടാരമുണ്ടാക്കാത്ത തീരവും..
അവന്റെ കാൽപ്പാടുകളില്ലാത്ത വീട്ടു മുറ്റവും..
അവന്റെ മണമില്ലാത്ത കുഞ്ഞുടുപ്പും..
അവന്റെ പേരെഴുതിയ കറുത്ത സ്ലേറ്റും..

മറക്കിലൊരിക്കലും തലേന്ന് ചോദിച്ച ചോദ്യം..
'ഞാനും വെടിക്കെട്ട്‌ കാണുവാൻ പോയ്ക്കോട്ടേ?'

Post a Comment

Friday, 3 September 2010

പുതിയത്

തിരിച്ചു പോണ്ടെനിക്കെൻ ബാല്യത്തിലേക്ക്
തിരിച്ചു പോകില്ല, ആ പ്രേമം ഞാൻ തേടിയും!
എനിക്കുണ്ട് പോകുവാൻ പാതകൾ അനവധി,
അവയെല്ലാമേകും, ആഹ്ലാദമൊക്കെയും!

കേൾക്കണം എനിക്ക് പുതു പാട്ടുകളൊക്കെയും,
കാണണം എനിക്ക് പുതു കാഴ്ച്ചകളൊക്കെയും!
എനിക്കായ് പാടണം കുയിലുകൾ നിത്യവും,
പുതിയ ചില പാട്ടുകൾ മാത്രമെൻ പുലരിയിൽ!

കാണാത്ത തീരങ്ങൾ തേടി ഞാൻ പോകും,
പറന്നു ഞാൻ പോകുമാ മലകൾക്കുമപ്പുറം!
ഇതു വരെ കാണാത്ത പുലരികൾ കാത്ത്,
ഞാനൊന്നുറങ്ങട്ടെ സ്വപ്നങ്ങൾ കാണുവാൻ!

Post a Comment

Thursday, 2 September 2010

കടലിനുള്ളിൽ

കടലിന്റെയുള്ളിലെ കാഴ്ച്ചകൾ കാണുവാൻ
കടൽച്ചെടി പോലൊരു മോഹം വളർന്നു..

ഒരു കൊച്ചു മീനിന്റെ മനസ്സുമായി ഞാനന്ന്
കടലിന്റെ നെഞ്ചകം തേടി നീന്തി..

കണ്ണീരു പോലുള്ള വെള്ളത്തിനുള്ളിൽ,
നീന്തിത്തുടിക്കുന്ന നിറമുള്ള മീനുകൾ!

തലയാട്ടി നില്ക്കുന്ന പായലിൻ കൂട്ടങ്ങൾ
ഒളിച്ചു കളിക്കും, ചെറുമീനുകൾ ഉള്ളിൽ!

അവരെന്റെ വിരലിൽ വന്നൊന്നു തൊട്ടുവോ,
അവരിലൊരാളായി മാറി ഞാനപ്പോൾ!

ആയിരം വർണ്ണങ്ങൾ അഴകായൊഴുകുന്ന,
മത്സ്യങ്ങളായിരം നീന്തി വന്നു..

അവയെന്റെ ചുറ്റും വലയമായി മാറിയൊ,
അതിലൊരു വിരുതനെൻ കവിളിലായി മുത്തിയോ?

തിളങ്ങുന്ന പാറകൾ, അതിലൊക്കെ പൂവുകൾ
കാണിക്ക വെച്ച പോൽ കണ്ടു ഞാനപ്പോൾ

കടലിന്റെയുള്ളിലും, ദൈവങ്ങളുണ്ടൊ?
അറിയാതെ മീനുകൾ പൂക്കളം തീർത്തതോ?

അഴകുള്ള മത്സ്യ കന്യതൻ മുടിയിൽന്നി-
ന്നറിയാതെ താഴെ കൊഴിഞ്ഞതാവാം

കുറുമ്പുള്ള മീനുകൾ ഇളകി കളിച്ചുവോ
വെള്ളാരം കല്ലുകൾ തട്ടി തെറിച്ചുവോ

ഒരു കൊച്ചു കല്ലു ഞാൻ കൈയ്യിലെടുത്തപ്പോ-
ളവരെന്നെ പരിഭവത്തോടെ നോക്കി

അകലെയങ്ങകലെ, തീരത്തു മണ്ണിൽ
മകനൊരു കൊട്ടാരം, പണിഞ്ഞുവല്ലോ

കൊട്ടാര വാതിലിൽ ഒട്ടിച്ചു വെയ്ക്കുവാൻ
വെള്ളാരം കല്ലൊന്നു വേണമത്രെ!

മറുപടി കേട്ടയാ മീനുകൾ എങ്ങോ
പരിഭവമില്ലാതെ പോയി മറഞ്ഞു..

അതുവഴി പോയ ചില മീനുകൾ അപ്പോൾ
അരികത്തായി മെല്ലെ നീന്തി വന്നു.

കരയിലെ കാഴ്ചകൾ കാണണം എന്നവർ
പതിയെയെൻ കാതിൽ ചൊല്ലിയപ്പോൾ

പാടില്ല നിങ്ങൾ കണ്ടു പഠിക്കല്ലെ
കരയിലെ കാഴ്ചകൾ എന്നു ചൊല്ലി,
നേരമായി പോകുവാൻ കരയിലേക്കെന്നു,
ചൊല്ലി ഞാൻ കരയിലേയ്ക്കാത്രയായി.

കടലിലെ കാഴ്ച്ചകൾ കാണുവാൻ വീണ്ടും,
നിറയുന്നു മോഹമെന്നുള്ളില്ലിന്നും..

Post a Comment

Saturday, 21 August 2010

കരിമിഴി പെണ്ണ്‌

അകലെയൊരു ഗ്രാമത്തിനരികിലായൊഴുകും
തെളിനീരുപോലുള്ള അരുവിയുണ്ട്‌.

കുരുവികൾ, കുയിലുകൾ ഒരുമിച്ചിരിക്കും,
മധുരം നിറയുന്ന തേന്മാവുകൾ.

അവിടൊരു കൂരയിൽ സ്വപ്നങ്ങളായിരം,
മിഴികളിൽ നിറച്ചൊരു പെൺകിടാവ്‌.

അവൾക്കായി ദിനമൊരു, താമര പൂവുമായി
വരുമൊരു സുന്ദരൻ അകലെ നിന്നും.

കരിമഷിയെഴുതിയ കൺകോണില്ലെപ്പൊഴും,
കവിതയാണെന്നവൻ കളി പറഞ്ഞു.

മുരളിയിൽ അവനൊരു പാട്ടു പാടുമ്പോൾ,
മയിലിനെപോലവൾ നൃത്തമാടി.

കിളികളും, തുമ്പിയും അവരാരുമറിയാതെ,
അവരുടെ കേളികൾ നോക്കി നിന്നു.

ഒരു നാൾ അവൾക്കായി കാട്ടുതേൻ തേടി,
അവനോ കാട്ടിലേയ്ക്കാത്രയായി.

നാലഞ്ചു നാൾകൾ പിന്നിട്ടുമവനെ,
കാണാതെ പെണ്ണിൻ, മനം പിടഞ്ഞു.

കരിമഷി എഴുതിയാ കണ്ണുകൾ രണ്ടും,
കലങ്ങിയ പൊയ്കപോൽ മാറിയപ്പോൾ

അവളുടെ മുടിയിൽ, ചൂടിയ പൂക്കളൊ,
മണമില്ലാതായെന്നു അവളറിഞ്ഞപ്പോൾ

വരില്ലയാ സുന്ദരൻ ഒരിക്കലും ഇനിയെന്ന്
ചിലരോ കളിയാക്കി ചൊല്ലിയപ്പോൾ

ഇടനെഞ്ചു പൊട്ടുമാറലറിയവൾ കുന്നിൻ
നെറുകിലേക്കൊറ്റയ്ക്ക്‌ പാഞ്ഞുവപ്പോൾ.

നിലാവുള്ള രാത്രിയിൽ, താഴെയൊരു ചെരുവിൽ,
കണ്ടുപോൽ ചിലരൊരു പെണ്ണിന്റെ രൂപം.

കാർമുകിൽ വാനിൽ നിറഞ്ഞു നിന്നു
താഴെ ഗ്രാമം, വായ്‌ പൊത്തി വിറച്ചു നിന്നു..

മഴപെയ്തു മലവെള്ളമൊഴുകി വന്നപ്പോൾ,
ഒലിച്ചു പോയവളുടെ കൂരയും ദൂരെ..

മഴപെയ്തൊഴിഞ്ഞു, വാനം തെളിഞ്ഞു
ഒരു കുടം തേനുമായി അവനെത്തിയപ്പോൾ.

കണ്ടില്ല കൂരയും, കരിമിഴി പെണ്ണും
'കണ്ടുവോ അവളെ' ചോദിച്ചു സുന്ദരൻ..

പാറമേൽ അവളുടെ ചിതറിയ രൂപം,
കണ്ടവർ ചൊല്ലിയാ കാര്യങ്ങളോക്കെയും.

വലിച്ചെറിഞ്ഞൂ അവൻ തേൻ കുടം ദൂരെ,
ഭ്രാന്തനായി കുന്നിന്റെ നെറുകേക്ക്‌ പാഞ്ഞു.

പുഴയിലെ വെള്ളം, നിണമായി മാറി.
അതിലൂടെ ഒഴുകിയവനകലേക്ക്‌ പോയി..

ഇന്നുമാ കുന്നിന്റെ പാറകൾക്കപ്പുറം,
രാത്രിയിൽ കേൾക്കാം, ഒരു വേണു ഗാനം...

ആഗസ്ത്‌ ഇരുപത്തിയൊന്ന് രണ്ടായിരത്തിപത്ത്‌

Post a Comment

Wednesday, 18 August 2010

മണ്ണിന്റെ മകൻ

മഴപെയ്ത മണ്ണിന്റെ മടിയിലൊരു മാടം,
അതിനുള്ളിലൊരു പാവം മണ്ണിന്റെ മകനും

ഉഴുതിട്ടു, വിത്തിട്ടു കാത്തു നിന്നു, അവൻ
മലമുകൾ ദേവനെ തൊഴുതു നിന്നു.

നിറയുന്ന വയലിൽ, പൊൻ കതിർ കാണാൻ
മിഴിയടയ്ക്കാതവൻ നോക്കി നിന്നു.

തലയാട്ടി നിന്നുവാ കതിർമണി മാലകൾ,
കതിര്‌ കൊത്താൻ വന്നു കിളികളും പിന്നെ.

കൊയ്തെടുക്കാനവൻ വാളെടുത്തു പിന്നെ,
അളന്നെടുക്കാനവൻ പറയെടുത്തു.

ഒരു വേള മാനം കാറണിഞ്ഞു,
ഇടറിയാ പാവത്തിൻ ഹൃദയ താളം.

ഒരു കാറ്റ് വന്നുപിന്നൊരു മാരി വന്നു,
ഉഴുതിട്ടു മണ്ണുമാ വിളയുമെല്ലാം..

ചിതറി തെറിച്ചു പോയ്, കതിർ മണി മുത്തുകൾ,
ചിതറി തെറിച്ചു പോയ് കനവുമെല്ലാം..

ഉതിർന്നു പോയ് കണ്ണൂനീർ മുത്തുകൾ മണ്ണിൽ
ഉടഞ്ഞു പോയ് പാവത്തിൻ സ്വപ്നമെല്ലാം..

അലറി കരഞ്ഞവൻ അരിവാളുമായ്
നില തെറ്റിയോടിയാ കുഴഞ്ഞ മണ്ണിൽ..

കൊയ്യുവാൻ ഇനിയില്ല വിളയൊന്നുമവിടെ,
അളന്നെടുക്കാനിനി സ്വപ്നങ്ങളും..

കിനാവിൻ പാടത്ത് കൊയ്തെടുക്കാനിനി
കണ്ണുനീർ നെൽകതിർ മാത്രമുള്ളൂ..

നടന്നു പോയേകനായ് മണ്ണിന്റെ മകനവൻ
നടന്നു പോയകലെയങ്ങകലെയെങ്ങോ..


ആഗസ്ത് പതിനെട്ട് രണ്ടായിരത്തിപത്ത്

Post a Comment

Tuesday, 10 August 2010

നാം ഇരുവരും..

ഒരു പ്രേമ ഗാനം കൂടി..

നിനക്കെന്റെ പ്രാണൻ പങ്കു വെച്ചു
നിനക്കു ഞാൻ ഹൃദയവും പങ്കു വെച്ചു

പ്രേമിച്ചു ജീവിച്ചു നാം രണ്ടുപേരും,
പ്രാണന്റെ തിരി കെട്ടു പോകും വരെ..

കാലം കഴിഞ്ഞു നാം യവനികയ്ക്കുള്ളിൽ
മാഞ്ഞുപോം നേർത്ത ജലരേഖ പോലെ..

മിഥ്യകളൊക്കെയും സത്യങ്ങളാവും,
കരകളെല്ലാമൊരു കടലായി മാറും.

തീരങ്ങളില്ലാതെ തിര തല്ലിയലയും,
നക്ഷത്രമില്ലാത്ത വാനമായി മാറും..

അപ്പോഴുമകലെയങ്ങകലെയെങ്ങോ,
ആയിരം നക്ഷത്രമകലെയെങ്ങോ..
പിരിയാതെ പോകുമീ ആത്മാക്കളിരുവർ
കൈകോർത്ത്‌ പോകും, നാം രണ്ടു പേരും..

ആഗസ്ത്‌ പത്ത്‌ രണ്ടായിരത്തി പത്ത്‌

Post a Comment

Tuesday, 27 July 2010

ജീവൻ

അരിഞ്ഞു നാം വീഴ്ത്തി പിന്നെയും പിന്നെയും
കേട്ടു നാം പ്രാണന്റെ ചിറകടി ശബ്ദവും..

പിടഞ്ഞവൾ വീണ്ടും, നിലവിളിക്കാതെ..
കഴുത്തറുത്തില്ലേ കശ്മലർ നമ്മൾ?

പിടയുന്ന ജീവൻ നിശ്ചലമാകുവാൻ
നിമിഷങ്ങൾ മാത്രം കാത്തിരിക്കുന്നു നാം..

പറിച്ചു നാം മാറ്റി തൂവലും ചർമ്മവും,
പറിച്ചു നാം കരളും, മിടിക്കാത്ത ഹൃദയവും..

എറിഞ്ഞു നാം വേണ്ടാത്ത കുടൽ മാലകൾ,
അടഞ്ഞ കണ്ണുള്ള തലകളും ദൂരെ..

അരിഞ്ഞു നാം വെച്ചു കഷ്ണങ്ങൾ പിന്നെ,
പൊടിഞ്ഞുവൊ ചോര മാംസത്തിലപ്പൊഴും?

മുളകും മസാലയും കൂട്ടി പൊരിച്ചു നാം,
തിളയ്ക്കുന്ന എണ്ണയിൽ തിരിച്ചും മറിച്ചും..

നുറുക്കിയ ഉള്ളികൾ, ഇലകളും പിന്നെ,
അലങ്കാരമായി നാം വെച്ചതിൻ മേലെ..

ഒരു ചാൺ വയറിന്റെ വിളി ഒന്നു മാറ്റുവാൻ,
ഒരു പാവം ജീവൻ എടുക്കണോ സോദരാ?..

രാക്ഷസ ഭക്ഷണം കഴിക്കുന്ന നമ്മൾ,
മാനുഷ ഭാവം കാട്ടുമോ ലോകരെ?..


ജൂലായ് ഇരുപത്തിയേഴ് രണ്ടായിരത്തി പത്ത്

Post a Comment

Saturday, 17 July 2010

പ്രേമ വിചാരം

ഒരു കാവ്യമെഴുതി ഞാൻ കാത്തു വെച്ചു
മധുരമായ്‌ നിൻ കാതിൽ ചൊല്ലുവാനായ്‌
ഒരു പൂവിറിത്തു ഞാൻ ചേർത്തു വെച്ചു
നിന്റെ കരിമുകിൽ വേണിയിൽ ചൂടുവാനായ്‌

അഴകെഴും റാണിയായി വന്നുനീയെന്നുടെ
അരികിലായി നിൽക്കുവാൻ ആഗ്രഹിച്ചു
നിന്റെ വിരലിന്റെ തുമ്പൊന്നു തൊട്ടു നോക്കാൻ,
അനുപമേ, ഞാനെത്ര ആഗ്രഹിച്ചു!

മഴമുകിൽ മാനത്ത്‌ വെള്ളരി പ്രാവുകൾ
മനസ്സിന്റെയുള്ളിലോ മധുരിക്കുമോർമ്മകൾ
മഴ വന്നു മണ്ണിനെ തൊട്ടുണർത്തുമ്പോൾ
നിറയുന്നുവാത്മാവിലനുരാഗ ചിന്തകൾ

അഴകുള്ള മഴവില്ല് മാനത്ത്‌ വിരിയുന്നു
നിറമുള്ള സ്വപ്നമെൻ മനസ്സിനുള്ളിൽ
പരൽമീൻ കണ്ണിലെ വിടരുന്ന പ്രേമമെൻ
മനസ്സിനെ ആലോലമാക്കുന്നുവെപ്പൊഴും

ദ്രുത താളമാകുമെൻ ഹൃദയത്തിൻസ്വപ്ന്ദനം
സുരലോക സുന്ദരീ, നീ വരുമ്പോൾ
ഒരു പ്രേമഗീതം മൊഴിഞ്ഞുവൊ നിന്നുടെ
അഴകെഴും പാദങ്ങളണിയും കൊലുസുകൾ?

പൊഴിയുന്നു ആയിരം ആലിപ്പഴങ്ങളായി
അനുരാഗ ചിന്തകൾ എന്റെയുള്ളിൽ
ഒരു മയിൽ പീലിപോൽ നിറമെഴും പ്രേമമെൻ
അകതാരിലേപ്പൊഴും ചേർത്തു വെച്ചു.

നിലയ്ക്കാതൊഴുകുമെൻ അകതാരിനുള്ളിൽ
അനുരാഗ ചിന്ത തൻ നദിയെപ്പൊഴും!
മധുവായി നിറയുന്നു ആത്മാവിനുള്ളിൽ
പ്രിയ സഖീ നീ തന്ന അനുരാഗമെപ്പൊഴും

ഗന്ധർവ്വ ഗായകൻ പാടിയ പാട്ടിന്റെ
താളത്തിലൊരു കൊച്ചു പാട്ടു മൂളാം
നിന്റെ തളിരിളം കവിളത്ത്‌ ഞാനെന്റെ ചുണ്ടു-
കൊണ്ടൊരു കൊച്ചു ചുംബനം ചേർത്തു വെയ്ക്കാം

ഒരു കൊച്ചു കാറ്റു പോലറിയാതെ വന്നു നിൻ
കവിളത്ത്‌ ഞാനൊന്നു ഉമ്മ വെയ്ക്കും
പിന്നെ അനുരാഗ തിരതല്ലുമാ നീല നയനം
ഇമയടയ്ക്കാതെ ഞാൻ നോക്കി നിൽക്കും..

വാടാതെ സൂക്ഷിച്ചു എന്നുള്ളിലേപ്പൊഴും,
നീ തന്ന പുഞ്ചിരി പുഷ്പ്പങ്ങളൊക്കെയും!
നീ കാതിലോതിയ പ്രേമകാവ്യങ്ങളും,
സൂക്ഷിച്ചു ഞാനെന്റെ ഹൃത്തിനുള്ളിൽ..

ജന്മാന്തരങ്ങളായി പ്രേമിച്ചു ജീവിച്ച,
സുന്ദര, ആത്മാക്കളാണുന്നാമിരുവരും!

ജൂലായ്‌ പതിനാറ്‌ രണ്ടായിരത്തി പത്ത്‌

Post a Comment

Sunday, 11 July 2010

Caution

Must watch

Sunitha Krishnan's fight against sex slaveryPost a Comment

Friday, 9 July 2010

ഒളിവിൽ..

വെളിച്ചത്തിൽ അവനെ ആരോ കല്ലെറിഞ്ഞു..
വെളിച്ചം ദുഖമെന്നാരോ പറഞ്ഞു..
അവൻ ഇരുട്ടിൽ പോയിരുന്നു..
ഇരുട്ടിലിരുന്നപ്പോൾ ശബ്ദങ്ങൾ പ്രശ്നമായി..
കാതുപൊത്താൻ പറഞ്ഞു ചിലർ.
കാതു പൊത്തിയപ്പോഴും കല്ലേറു കിട്ടി..
ഒടുവിൽ ഒളിവിൽ പോകാൻ തീരുമാനിച്ചു..
..
..
സത്യം ഇപ്പോൾ ഒളിവിലാണ്‌..
‘സത്യത്തിനെ കണ്ടവരുണ്ടൊ?’ എന്നു തിരക്കി ഇപ്പോഴും ചിലർ നടക്കുന്നു..
വെറുതെയല്ല..കല്ലെറിയാൻ മാത്രം..

Post a Comment

വന്യമൃഗങ്ങൾ!

വെളിച്ചം തന്നവനെ വെടിവെച്ചു കൊന്നതും അവൻ തന്നെ..
ദയയുടെ കൈകളിൽ ആണിയടിച്ചതും അവൻ തന്നെ..
തല്ലിതകർത്തതും, തലവെട്ടിയതും അവൻ തന്നെ..
കടലിൽ വിഷം കലക്കിയതും,
കരയിൽ വിഷം വിതറിയതും അവൻ മാത്രം..
കുരുതി കഴിച്ചും, കലഹ വിഷം പരത്തിയതും അവൻ..
വിതറാൻ തീയും, വിഷവുമൊരുക്കി കാത്തിരിക്കുന്നവനും അവൻ തന്നെ..

അവന്റെ പെണ്ണുങ്ങളെ പിച്ചി ചീന്തിയതും,
കരയും കടലും മതിയാവാതെ, വാനവും വിഷം നിറച്ചതും അവൻ തന്നെ..

എന്നിട്ടും നമ്മളെ വന്യമൃഗങ്ങൾ എന്നു പറഞ്ഞ് കൂട്ടിലടച്ചു..
നമ്മളോ വന്യമൃഗങ്ങൾ?!

Post a Comment

Saturday, 26 June 2010

വീണ്ടും...

തരളതാരുണ്യമെന്നംഗങ്ങളിൽ നിന്നു,
അറിയാതെയെങ്ങോ മറഞ്ഞു പോകും..

വർണ്ണം നിറയുമെൻ നീല നയനങ്ങളിൽ,
തിമിരം നിറയുന്ന കാലമാകും..

നുണക്കുഴിയഴകായ കവിളുകളോക്കെയും,
ചുളിവുകൾ നിറയുന്ന നേരമാകും..

പുഷ്പകം ചൂടിയ കാർകൂന്തലോ പിന്നെ,
മാറിടും തൂവെള്ള നൂലു പോലെ..

മധുരവും പുളിയുമീ നാവിന്റെ തുമ്പത്ത്‌,
ആരുമേ അറിയാത്ത രുചികളാകും..

നിറമുള്ള ഓർമ്മകൾ നിറയുന്നയെൻമനം,
ഒരു ശൂന്യ മുറി പോലെയാകുമപ്പോൾ..

ബലഹീനമാകുമെൻ കൈകാലുകൾ പിന്നെ,
വിറയാർന്നു പോകുമെൻ വാക്കുമപ്പോൾ..

അടിതെറ്റി വീഴുമീ നശ്വരഭൂമിയിൽ,
അവസാനമായി ഞാൻ കണ്ണടയ്ക്കും..

പിറന്നു ഞാൻ വീഴുമീ ഭൂമിയിൽ വീണ്ടും,
ഒരു ജീവചരിതം പൂർത്തിയാക്കാൻ..

Post a Comment

Friday, 25 June 2010

പുലർകാല ദർശനം

പുലർകാലെ തെളിനീരിൽ മുങ്ങിക്കുളിച്ചു ഞാൻ
പതിയേ നടന്നുവെൻ ദേവനെ കാണുവാൻ..
വിറപൂണ്ട മെയ്യുമായ് തൊഴുതു ഞാൻ നിന്നു
കുഴലുമായി നില്ക്കുമെൻ കണ്ണനെ കാണുവാൻ..

നറുമണം പൊഴിക്കും, പാരിജാതങ്ങളും,
പുകയുന്ന ചന്ദന തിരികളും കണ്ടു ഞാൻ
തിരിയിട്ട ചെമ്പിൻ വിളക്കിന്റെ നാളം,
തെളിച്ചുവെന്നാത്മാവിലായിരം ദീപം

മിഴിപൂട്ടി നിന്നു ഞാൻ ഒരുവേളയപ്പോൾ,
കണ്ടു ഞാനകതാരിലൊരു ദിവ്യ രൂപം.
കേട്ടു ഞാനായിരം മണിയൊച്ചയപ്പോൾ,
ചൊല്ലി ഞാൻ നിന്നുടെ ആ ദിവ്യ നാമം.

മണിയൊച്ച കേട്ടു ഞാൻ മിഴിതുറന്നപ്പോൾ,
കണ്ടൂ മുഴുക്കാപ്പ് തീർത്തയാ തിരുവുടൽ!
ഒരു ഹർഷ ബിന്ദുവെന്നാത്മാവിലലിയുന്ന
പരമാർത്ഥ സുഖമൊന്നറിഞ്ഞുവപ്പോൾ!

Post a Comment

മറക്കാതിരിക്കാന്‍

http://news.keralakaumudi.com/beta/news.php?nid=18c4609f1d22264ae36be35f2481420c


Post a Comment

Wednesday, 23 June 2010

താരാട്ട്‌

പൂനിലാ മാനത്ത്‌ ചിന്നുന്നു താരകം
അമ്മതൻ തോളത്ത്‌ ചായുന്നു പൈതലും

തോളത്ത്‌ ചാരിയ പൊന്നിൻ കുടത്തിനെ
താളത്തിലാട്ടി, ആ അമ്മ പാടി.

താരാട്ട്‌ പാട്ടിന്റെ ഈണത്തിലാറാടി,
താളം പിടിച്ചുവോ പിഞ്ചു കൈകൾ?

ചെഞ്ചിളം പൂമുഖം തോളത്തമർത്തിയാ
കുഞ്ഞിളം പൈതലോ നിദ്ര പൂണ്ടു..

മാനത്ത്‌ നോക്കി, ആ അമ്മയപ്പോൾ,
അമ്പിളി പൈതലെ കണ്ടു ദൂരെ..

കാർമുകിൽ മാറത്ത്‌ ചാഞ്ഞുറങ്ങുന്നൊരു
ഓമന പൈതലോ ചന്ദ്രബിംബം?...

23 ജൂൺ രണ്ടായിരത്തി പത്ത്‌

Post a Comment

Saturday, 12 June 2010

നുറുങ്ങുകൾ

യുദ്ധം!

ആരൊക്കെ യുദ്ധം ചെയ്താലും,
ഒടുക്കമൊടുങ്ങുന്നത്‌ നിരപരാധികൾ തന്നെ..
ദിവസവും കുരുക്ഷേത്രയുദ്ധം പോലെയെത്രയോ യുദ്ധങ്ങൾ നടക്കുന്നു,
സ്വന്തം മനസ്സിൽ..
ജയിക്കുന്നത്‌ നന്മയായാലും, തിന്മയായാലും,
യുദ്ധം കഴിയുമ്പോൾ,
വേദന ഹൃദയത്തിനു സ്വന്തം...

അജ്ഞത

മുകളിൽ നിന്ന് സൂര്യപ്രകാശവും,
മണ്ണിൽ നിന്ന് ജീവജലവും, പിന്നെ വായുവും..
ചുരുക്കത്തിൽ, ചെടികൾ പഞ്ചഭൂതങ്ങളുമായി സഹകരിച്ച്‌,
നിർമ്മിക്കുന്ന പഴം പച്ചക്കറികൾ കഴിക്കുന്ന മനുഷ്യൻ,
പഞ്ചഭൂതങ്ങളെ തന്നെയാണ്‌ ദിനവും അകത്താക്കുന്നത്‌!
നീ എന്തു കഴിക്കുന്നുവോ, അതു നിന്റെ ചിന്തയേ ബാധിക്കുന്നു..
മൃഗത്തെ കഴിക്കുന്നവന്റെയുള്ളിലെ ചിന്തകൾ മൃഗീയമായാൽ അതില്ലത്ഭുതപ്പെടണോ?..
എന്നാൽ, പച്ചിലകൾ കഴിക്കുന്നവന്റെ മനസ്സിൽ മൃഗീയ വാസനയുണ്ടാവില്ലെന്ന് എന്താണുറപ്പ്‌?..അതും അറിയില്ല..
ഭാഗ്യം, ഇതൊന്നുമറിയാതെ എല്ലാം കഴിക്കുന്നു..
അജ്ഞത ഒരു അനുഗ്രഹമാണോ?..

നഗ്നത

മേഘങ്ങളില്ലായിരുന്നെങ്കിൽ,
ഭൂമി നഗ്നയായിരുന്നേനെ..
മനസ്സിനെ മറയ്ക്കുന്നത്‌,
മുഖമല്ല..മനസ്സിൽ ജനിക്കുന്ന തോന്നലുകൾ തന്നെ..
മറച്ചു വെച്ച മനസ്സും, ഭൂമിയും..
ആരും നഗ്നത ഇഷ്ടപ്പെടുന്നില്ല..

ദൂരം

പൊഴിഞ്ഞു വീണ തോന്നലുകൾ..
അവ വീണതെന്റെ കടലാസിലായിരുന്നു..
അവ അക്ഷരങ്ങളെ കൂട്ടു പിടിച്ച്‌,
വാക്കുകളായി മാറിയപ്പോൾ,
ഞാനറിയാതെ പകർത്തിയത്‌,
എന്നെ തന്നെയായിരുന്നു..
ചിന്തകൾക്കും, അക്ഷരങ്ങൾക്കും,
ഒരു കടലാസ്‌ ദൂരം മാത്രം..

Post a Comment

Tuesday, 1 June 2010

ഓർമ്മകൾ

ചിലർ കൊതിക്കുന്നു മറക്കാൻ, ഓർമ്മകൾ വന്നോർമ്മിപ്പിക്കാതിരിക്കാൻ
ചിലരോ, ഓർമ്മകൾ മായ്ക്കാൻ മഷിത്തണ്ട് തേടി നടക്കുന്നു!
ഓർമ്മിപ്പിക്കാൻ ഓർമ്മകൾ ഉള്ളതെന്റെ ഭാഗ്യം!
ഓർമ്മയുടെ വള്ളികൾ പിരിച്ച്, കയറു പോലെയാക്കി
അതിൽ മുറുക്കെ പിടിച്ചു കിടക്കും ഞാൻ..
ബോധത്തിന്റെ അവസാന കണിക മായും വരെ..

Post a Comment

Wednesday, 26 May 2010

നഗര ശബ്ദങ്ങൾ...

നഗരാതിർത്തി കടന്ന എന്നെ മൂടിയത്‌ ശബ്ദങ്ങളായിരുന്നു..
ഒരായിരം ശബ്ദങ്ങൾ
..
ചീറി പായുന്ന വാഹങ്ങളുടേത്‌..
ഹോണുകൾ, ബെല്ലുകൾ, ബ്രേക്കുകൾ..
വഴി മാറാൻ ആവശ്യപ്പെടുന്ന, ആജ്ഞാപിക്കുന്ന, അലറുന്ന,
അക്രോശിക്കുന്ന ഹോണുകൾ..
മറ്റു ചിലത്‌ കരയുന്നു..അപേക്ഷിക്കുന്നു..
ഇവർക്കിടയിലും ലിംഗഭേദമോ?..
ഇടയ്ക്ക്‌ ഞാൻ കേട്ടു,
ബോംബെ മിഠായിക്കാരന്റെ മണി ശബ്ദം
..
ബലൂൺക്കാരുടെ പീപ്പിയും..ബാല്യത്തിന്റെ ശബ്ദം
..
പിന്നെ,
യാചകരുടെ ദയയുടെ ദയനീയ ശബ്ദം
..
മൊബൈൽ ഫോണുകളിൽ നിന്നൊഴുകിയത്‌ പാട്ടുകളായിരുന്നു..
പുതിയ പുതിയ ഉണർത്തു പാട്ടുകൾ..
ഇവിടെ എല്ലാം ഉച്ചത്തിലാണ്‌..
രഹസ്യങ്ങളില്ലാത്ത നഗരം..
കാവൽക്കാരന്റെയും, പോലീസുകാരന്റെയും വിസിൽ ശബ്ദം
..
തടഞ്ഞു നിർത്തുന്ന, ലംഘനത്തിനെ ലംഘിക്കുന്ന ശബ്ദം
..
സന്ധ്യ മയങ്ങി.

ഞാൻ വീണ്ടും നടന്നു..
പള്ളിമണികൾ, ബാങ്ക്‌ വിളികൾ, മണിയൊച്ചകൾ..
എല്ലാം ഓർമ്മപ്പെടുത്തലിന്റെ ശബ്ദങ്ങൾ
.
നിസ്സാരതയെ ഓർമ്മിപ്പിക്കുന്ന ശബ്ദങ്ങൾ
..
പെട്ടികടകൾ തുറക്കുന്നതിന്റെയും,
പെട്രൊമാക്സ്‌ കത്തിക്കുന്നതിന്റെയും ശബ്ദങ്ങൾ
..
ദോശകളുടെ
ശബ്ദം..വിശപ്പിന്റെയും..
നഗരം നിറം മാറുന്നു..ശബ്ദവും
..
നഗരത്തിന്‌ പല ശബ്ദങ്ങളുണ്ട്
‌..
മാറി മാറി വരുന്ന ശബ്ദങ്ങൾ
..
വാഹനപ്പുഴയുടെ ഒഴുക്ക്‌ കൂടിയതേയുള്ളൂ..
മൂന്നക്ഷരങ്ങൾ ചിലരെ വിളിച്ചു..
വിളികേട്ടവരുടെ കാലുകളുടെ എണ്ണം കൂടി..
ചിലരിഴഞ്ഞു ഇരുട്ടിലേക്ക്‌ മറഞ്ഞു..
ഇരുട്ടിന്റെ മറവിൽ നിന്ന്
മാംസപുഷ്പങ്ങളുടെ ശബ്ദം
..
കാമത്തിന്റെ, പഴയ കച്ചവടത്തിന്റെ ശബ്ദം
..

ഞാൻ നടപ്പ്‌ തുടർന്നു..
കടൽത്തീരത്തിനടുത്ത്‌..
കപ്പലണ്ടിക്കാരുടെ ചീനച്ചട്ടിയും,
ദൂരെ തിരകളുടെ ശീൽക്കാരവും..

മണലിൽ മലർന്ന് കിടന്നു..
കണ്ണടച്ച്‌..കാതു കൂർപ്പിച്ച്‌..
മണൽ ചവിട്ടിയരച്ച്‌ പോകുന്ന വാർദ്ധക്യം..
ചവിട്ടിയെറിഞ്ഞൊടുന്ന യൗവനം..
ഇടയ്ക്ക്‌ കേട്ടു, ഒരു പുതുമണവാട്ടിയുടെ വളകിലുക്കം..
രഹസ്യം കേട്ടമർത്തിയ ചിരികൾ..
നഗരം നിറയെ ശബ്ദങ്ങളാണ്‌
‌..
ഒരു നിമിഷം ഞാൻ കാത്‌ പൊത്തി..
ഇരു കൈകൾ കൊണ്ട്‌..
നിശ്ശ
ബ്ദം..
ഇപ്പോൾ ഞാനെവിടെയാണ്‌?..
എവിടെയും ആകാം..
കണ്ണടച്ച്‌, കാതടച്ച്‌ പിടിച്ചാൽ,
എവിടെയും ആകാം..

ഇനിയും കേൾപ്പിക്കാൻ ആയിരമായിരം
ശബ്ദങ്ങൾ
ചേർത്ത്‌ വെച്ച്‌ നഗരം അകലെ..
ഒരിക്കലും അടങ്ങാത്ത
ശബ്ദവുമായ്‌ കടൽ..ആദിമ ശബ്ദം..
ശബ്ദങ്ങ
ളിൽ കൂടി ഒരു യാത്ര..
ഒരിക്കലും അവസാനിക്കാത്ത യാത്ര..

ഞാൻ എഴുന്നേറ്റ്‌ നടന്നു..
പുതിയ പുതിയ ശബ്ദങ്ങൾ
തേടി..


Post a Comment

Thursday, 20 May 2010

ഒരു തോണിയാത്ര

ഒരു നാൾ ഞാനൊരു ചിത്തിര തോണിയിൽ,
അഴകുള്ള കായലിൽ പോയി ദൂരെ..

തഴുകിയെൻ തോണിയിൽ കായലോളങ്ങളും
തഴുകിയെൻ തനുവിലോ, ഒരു കൊച്ചു കാറ്റും!

ഒരു കുയിൽ, തോണിതൻ അണിയത്തിരുന്നു-
കൊണ്ടൊരുകൊച്ചു പാട്ടൊന്നു പാടിയപ്പോൾ!

വെയിലേറ്റ്‌ മിന്നുന്ന കായലിന്നലകളിൽ,
കണ്ടു ഞാനഴകെഴും താമര പൂവുകൾ!

വെറുതെ ഞാൻ നീട്ടിയ കൈകളിൽ തൊട്ടു,
അകലെ മറഞ്ഞു പോം പായലിന്നിലകളും!

നിറമുള്ള മേഘങ്ങളൊഴുകുന്ന മാനം,
അലകളാൽ പാടുന്ന കായലിൻ ഗാനം..

പുളയുന്ന മീനുകൾ അരികത്ത്‌ വന്നുവെൻ
കരളിനെ പുളകങ്ങളണിയിച്ചതും,
നിര പോലെ നിൽക്കുമാ തെങ്ങിൻത്തലപ്പുകൾ,
വരില്ലെയെന്നരികെന്നു ചോദിച്ചതും,
വരികളായ്‌ പോകുന്ന കുഞ്ഞു പൈതങ്ങളും,
നിരകളായ്‌ പോകുന്ന നാട്ടു താറാക്കളും,
മനസ്സിനെ ആലോലമാക്കുമാ കാഴ്ച്ചകൾ
നിറച്ചുവെൻ മനതാരിലായിരം നന്മകൾ!
ഒരു മാത്രയെല്ലാം മറന്നു ഞാനപ്പോൾ,
ഒഴുകി ഞാൻ പോയി, അങ്ങകലെയെങ്ങോ..
..
..
ഒരു മഴത്തുള്ളിയെൻ തോളത്തു തൊട്ടുവോ
തിരികെ ഞാൻ ഭൂമിയിൽ വന്നുവപ്പോൾ..

മേയ്‌ ഇരുപത്‌ രണ്ടായിരത്തി പത്ത്‌

Post a Comment

Wednesday, 21 April 2010

അവനും കിണറും

കിണറ്റിലാണിപ്പോഴവന്റെ താമസം. മുമ്പ് വീട്ടിനുള്ളിൽ തന്നെയായിരുന്നു. വളർന്ന്, സ്വയം ചിന്തിക്കാനുള്ള ശേഷി അവന്റെ തലച്ചോറിലെ കോശങ്ങൾക്കുണ്ടായപ്പോൾ, അവൻ താമസം മാറ്റി. ആദ്യമൊക്കെ, കുറച്ച് നേരം അവനവിടെ ഇറങ്ങി ഇരിക്കും. വഴക്കും, ഭീഷണിയും ആയിരുന്നു അവനെ തിരിച്ചു മുകളിൽ കൊണ്ട് വരാനുള്ള ഉപാധികൾ- അല്ല ഉപായങ്ങൾ. പ്രായം ചെല്ലും തോറും കിണറ്റിനകത്തുള്ള അവന്റെ താമസം - അതിന്റെ ദൈർഘ്യം കൂടി കൂടി വന്നു. മറ്റുള്ളവർക്ക് മടുത്ത് തുടങ്ങി. എങ്കിലും, വല്ലപ്പോഴും ഭക്ഷണം അവനിട്ട് കൊടുക്കുമായിരുന്നു. മറുത്തൊന്നും പറയാതെ അവനത് ഭക്ഷിക്കുകയും ചെയ്യുമായിരുന്നു. ഒരു സുപ്രഭാതത്തിലവൻ സംസാരിക്കാൻ തുടങ്ങി. പുതിയ പുതിയ സിദ്ധാന്തങ്ങൾ!
പുറത്തുള്ള വലിയ ലോകത്തേക്കുറിച്ച് പലരും അവനോട് വിളിച്ചു പറഞ്ഞു. അതെല്ലാം അവനിരുന്ന കിണറിന്റെ പായൽ പിടിച്ച ഉൾമതിലുകളിൽ തട്ടി തിരിച്ചു വരികയാണുണ്ടായത്!
സുഹൃത്തുക്കളുടെ സ്നേഹം പോലും അവന്‌ അസഹനീയമായി തുടങ്ങി. അവന്റെ പ്രതിരോധവും, പ്രതികരണവും സുഹൃത്തുക്കൾക്കും..
പിന്നെപ്പോഴൊ അവർ അവനെ സന്ദർശിക്കുന്നത് നിർത്തി.
ഉള്ളിലിരുന്ന് അവൻ ന്യായങ്ങളും, അവകാശ വാദങ്ങളും നടത്തി. പിന്നെ അതൊക്കെ അക്രോശമായി മാറി..പിന്നെ എപ്പോഴോ അലർച്ചയായും..
ഈയിടയ്ക്ക് ഞാൻ ചെന്ന് അവനെ നോക്കുമ്പോൾ ചിലരേ കൂടി ഉള്ളിൽ കണ്ടു. മുയലുകൾ!! അവനു ചുറ്റും ഓടിക്കളിക്കുന്ന മുയലുകൾ.
സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ കണ്ടു, ഇരുണ്ട ഒരു മൂലയിൽ ഒരു കറുത്ത മുയലിനേയും പിടിച്ച് അവൻ കൂനി കൂടി ഇരിക്കുന്നത്..
ആ മുയലിന്‌ മൂന്ന് കൊമ്പുകൾ ഉണ്ടായിരുന്നു..


ഏപ്രിൽ ഇരുപത്തി ഒന്ന് രണ്ടായിരത്തി പത്ത്

Post a Comment

Saturday, 17 April 2010

Indian Judiciary

I found the following news in Mathrubhumi website..
Really shocked by reading this news. 
Please go through the news and react (if you can)..

I don't want to make any comment about Indian Judiciary..
Think yourself..
http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-94597


Post a Comment

Friday, 9 April 2010

നിഴൽ

ശ്വാസക്കൂടൊഴിയും വരെ
നീയടുത്തുണ്ടായിരുന്നു..
പക്ഷെ
നിന്നെ ഞാൻ..
ഒരുവട്ടം കൂടി  നോക്കിയില്ല...
ഇന്നിവിടെ,
നിഴലുകളും, നിറങ്ങളുമില്ലാതെ,
ശബ്ദവും, രൂപവുമില്ലാതെ,
ഒഴുകിയലയുമ്പോൾ..
ഓർത്തു പോയി നിന്നെ ഞാൻ,

നീയായിരുന്നു പ്രിയ സ്നേഹിതൻ..

Post a Comment

അപ്പുറം..


വിശ്വാസവും, വഞ്ചനയും.
അവർ ശത്രുക്കൾ?
അതല്ല സത്യം..
അവർ
സുഹൃത്തുക്കൾ ..പുറം ചാരിയിരിക്കുന്നവർ..

വിശ്വസിക്കുമ്പോൾ
നിങ്ങളോർക്കുക.. 
മറ്റൊരാൾ, പുറം തിരിഞ്ഞ്‌ തൊട്ടടുത്തുണ്ടെന്ന സത്യം!

Post a Comment

പ്രണയം

ന്തിനു ഞാൻ പറയണം,
പ്രണയത്തെക്കുറിച്ച്‌?
പ്രണയിച്ചാൽ പോരെ?..

അല്ലെങ്കിലും,

മുന്തിരിയുടെ മധുരവും,
നെല്ലിക്കയുടെ കയ്പ്പും
പറഞ്ഞു കൊടുക്കാവുന്നതല്ലല്ലോ!

Post a Comment

Thursday, 1 April 2010

കടൽക്കരയിൽ...

ചിതറികിടക്കുമീ പൊൻ തരികളിൽ,
പതിയുന്നുവായിരം കാൽപ്പാടുകൾ..

തഴുകിത്തലോടി മറഞ്ഞൊരാ കാറ്റിൽ,
പതിയെ പറക്കുന്നുവെൻ മാനസം!

അകലെയാവാനിൽ, ഒഴുകുന്ന സൂര്യനോ

മൃദുവായി തഴുകുന്നു മേഘങ്ങളെ..

കുളിരുമ്മ നൽകുമാ അലകളിൽ കണ്ടു,
ഇളകി കളിക്കുന്ന മൺപൂക്കളെ..

കണ്ടു ഞാൻ കടലിന്റെ ഉല്ലാസ നൃത്തം

നിറയുന്നു സിരകളിൽ താള മേളം!

'തൊട്ടു' കളിച്ചുവാ തിരകളെൻ കാലിൽ,
കുട്ടിത്തമുള്ളൊരു കുഞ്ഞു പോലെ..

അലകളിൽ സംഗീതമൊഴുകുന്ന പോലെ,
ആത്മാവിലൊഴുകുന്നു ഹർഷ ധാര

അകലേ പറന്നുപോം പക്ഷിതൻ ചിറകടി

ഒരു നേർത്ത സംഗീതമായി മാറി!

കടലിനെ മംഗല്യവതിയാക്കി സൂര്യൻ

പടിഞ്ഞാറിൻ തീരത്ത്‌ മാഞ്ഞകന്നു..

വെറുതെയിരുന്നു ഞാൻ കുളിരുള്ള തീരത്ത്‌
പൊതിയുന്നു ഇരുളിന്റെ കൈകളെന്നെ ?..
 

Post a Comment

Friday, 26 March 2010

ഒഴിഞ്ഞ കൂട്‌..

ണങ്ങിയ ചോരപ്പാടുകള്‍..
പൂട്ടിയ വിലങ്ങുകൾ..
തണുത്ത ഇരുമ്പഴികളിൽ ഊർന്നു പോവുന്ന കൈകൾ..
പാതിരാവൊഴിയും നേരം..
മറച്ച കാഴ്ച്ച..
കയറു കൊണ്ടൊരു മാല്യം..
മിടിക്കുന്ന സൂചി..
കൃത്യ സമയം..
ഞരങ്ങുന്ന ഇരുമ്പും വഴിമാറിയ വാതിലുകളും
ശൂന്യതയിലേക്കുള്ള പാച്ചിൽ..
കഴിഞ്ഞു..കൂടൊഴിഞ്ഞു..

Post a Comment

Thursday, 11 March 2010

അനാഥ ഹൃദയം

അനാഥരുടെ വേദന പലരും അറിയുന്നില്ല..
നമ്മളിൽ പലരും എത്ര ഭാഗ്യവാന്മാരാണെന്ന് നമ്മൾ തന്നെ മനസ്സിലാക്കുന്നില്ല..
ജീവിതത്തിൽ ഒരിക്കലെങ്കിലും അനാഥത്വം അനുഭവിച്ചറിയാത്തവർ ചുരുക്കമായിരിക്കും....
പിഞ്ചു കുഞ്ഞുങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്ന ഒരു തലമുറയാണ്‌ നമ്മുടേത്‌..
ആ പിഞ്ചു ഹൃദയങ്ങളിലെ വേദനയേക്കുറിച്ച്‌...
സനാഥരായ ഭൂരിപക്ഷത്തിനു ഒരിക്കലും മനസ്സിലാവാത്ത, അനുഭവിക്കാത്ത ആ വേദനയെക്കുറിച്ച്‌...
ചില ഓർമ്മപ്പെടുത്തലുകൾ..


അലയുന്നു ഏകാന്തപഥികനായിന്നും,
തിരയുന്നു അമ്മതൻ മുഖമൊന്നു കാണുവാൻ..

അറിയാതടർന്നൊരു പൂവിൻ മനസ്സുപോ
ലറിയാതെ തേങ്ങിക്കരഞ്ഞു ഞാനുള്ളിൽ..

ചിറകറ്റ്‌ വീണൊരു പക്ഷിപോൽ മണ്ണിൽ
മുറിവേറ്റ്‌ വീണുഞ്ഞാനറിയാതെയാരും..

തിരയുന്നുവാമുഖം പിന്നെയും പിന്നെയും
ഒരു മാത്രയെങ്കിലും കാണുവാൻ മാത്രം.

വരുമായിരിക്കുമോ മാതാവൊരിക്കലീ
കരയുന്ന പൂവിന്റെ കണ്ണുനീരൊപ്പുവാൻ?

ഒരു കൊച്ചു പൂവുപോലാമടിത്തട്ടിൽ,
തലചായ്ച്ചുറങ്ങുവാനെന്തു മോഹം!

ഒരു വട്ടമെങ്കിലുമെനിക്കു നീ തന്നുവോ
ഒരു തുള്ളിയമ്മിഞ്ഞപ്പാലെന്റെ ചുണ്ടിൽ?

അമ്മതൻ താരാട്ട്‌ പാട്ടൊന്ന് കേൾക്കുവാ-
നാശിച്ചു ഞാനെന്റെ ജന്മം മുഴുക്കെയും.

പലകുറി ഞാനൊരു പരിഹാസ പാത്രമായ്‌
പലരുമീ ഹൃദയത്തിലാഞ്ഞു കുത്തി..

അറിയില്ല ആരുമീ ഹൃദയത്തിനുള്ളിലെ
ആഴത്തിലുള്ളയാ മുറിവിന്റെ വേദന

അറിയില്ല നിങ്ങളെൻ മനസ്സിന്റെയുള്ളിലെ
മുറിവേറ്റ പക്ഷിതൻ ചിറകറ്റ നൊമ്പരം

വിരഹത്തിൻ നൊമ്പരമറിയാതെ നിങ്ങൾ,
'വിധി' എന്നു മാത്രം പറഞ്ഞകന്നു..

തെരുവിന്റെ കോണിൽ, കരയുന്ന കുഞ്ഞിന്റെ
നെറുകയിൽ ഞാനെത്രയുമ്മ വെച്ചു!

ഇരുളിന്റെ മറവിൽ, പിടയുന്നുവെന്നും,
തളരുമീ നെഞ്ചിലെ കുഞ്ഞു പുഷ്പം

ആശിച്ചു ഞാനെന്റെ ജന്മം മുഴുക്കെയും,
മകനെന്ന വിളിയൊന്നു കേൾക്കുവാൻ മാത്രം

തിരയുമീ വഴികളിലേകാന്തപഥികനായ്‌
ഉയിരെന്ന തിരിനാളമണയും വരെ..


മാർച്ച്‌ പതിനൊന്ന് രണ്ടായിരത്തി പത്ത്‌

Post a Comment

Sunday, 28 February 2010

ഞാനൊന്നിരിക്കട്ടെ...

ദൈവത്തിനെ തേടി നടക്കുന്ന മനുഷ്യരെ നമുക്കറിയാം..
എനിക്കു പറയാനുള്ളത്‌ മനുഷ്യനെ തേടി നടക്കുന്ന ദൈവത്തിനെക്കുറിച്ചാണ്‌..
നമ്മിൽ എത്രപേർക്ക്‌ ഇടം കൊടുക്കാൻ കഴിയും?...

ഞാനലഞ്ഞു, ഒരിടം തേടി..
ഒരു മാത്രയെങ്കിലും ഒന്നിരിക്കാൻ..
എനിക്കു കയറിയിരിക്കാൻ,
ഒരു പാട്‌ ഹൃദയങ്ങളുണ്ടായിരുന്നു - പണ്ട്‌..
മനുഷ്യ ഹൃദയങ്ങൾ..
പക്ഷെ...
അവിടെ നിന്നും ഞാൻ പുറത്തായി.
പുറത്താക്കി എന്നതാണ്‌ സത്യം!
ചിലരെന്നെ കല്ലിൽ കുടിയിരുത്തി
എന്നെ ഇരുത്തി അവർ കച്ചവടം നടത്തി..
ചിലരോ, കല്ലിനെ തള്ളി പറഞ്ഞു..
സഹിക്ക വയ്യാതെ ഞാൻ അവിടെ നിന്നും പുറത്ത്‌..
ഒരിടം തേടി ഞാൻ എത്ര ഹൃദയങ്ങൾ തുറന്നു നോക്കി?
അവിടെ ഞാൻ കണ്ടത്‌ കറുത്ത വികാരങ്ങളായിരുന്നു!
പുളഞ്ഞു കിടക്കുന്ന പാമ്പുകളേ ഞാൻ കണ്ടു..
പണം കുത്തി നിറച്ചവ ചിലത്‌!
ചിലരോ, അവിടെ വിഷം പാകം ചെയ്യുന്നു!
കൂമ്പാരം കണക്കെ ആയുധങ്ങൾ നിറച്ചിരിക്കുന്നു ചിലർ!
മാരക ആയുധങ്ങൾ!
പക്ഷെ, എന്നെ നടുക്കിയത്‌ അതൊന്നുമല്ല!
എന്റെ അപരന്മാർ!
എന്നെ പോലിരിക്കുന്നവർ കയറിയിരിക്കുന്നു!
അവസാനം...
ഒരിടം എനിക്കു കിട്ടി...
നിങ്ങൾ വിശ്വസിക്കുമോ?
അതൊരു ഗർഭസ്ത ശിശുവിന്റെ ഹൃദയമായിരുന്നു!

എനിക്കറിയാം വീണ്ടുമൊരിക്കൽ ഞാൻ പുറത്താവുമെന്ന്..
എങ്കിലും.. അതു വരെയെങ്കിലും,
ഞാനൊന്നിരിക്കട്ടെ!!

Post a Comment

Sunday, 21 February 2010

നിളാ തീരത്ത്‌...

ന്ധ്യക്ക്‌ സിന്ദൂര പൊട്ട്‌ തൊട്ട്‌,
പകലിന്റെ നാഥൻ പോയ്‌ മറഞ്ഞു

അമ്പിളി പെണ്ണിന്റെ കണ്ണ്‌ പൊത്താൻ,
കാമുകൻ കാർമുകിൽ വന്നണഞ്ഞു

തണുവുള്ള തെന്നലിൻ കൈപിടിച്ച്‌
പുഴയിലെ ഓളങ്ങളൊത്തു നീന്തി

ജനലിന്റെ പാളി, തള്ളി തുറന്ന്,
ഒരു കാറ്റു വന്നെന്റെ തനു പുണർന്നു

ഉണർന്നയെൻ കവിളിലൊരുമ്മ നൽകി,
കുറുമ്പിയവളെങ്ങോ പോയൊളിച്ചു!

അലസമായൊഴുകുമാ പുഴയുടെ നാദമെൻ,
അകതാരിലൊരു കൊച്ചു കുളിരായിറങ്ങി!

'ഇരുളിന്റെ അഴകൊന്നു കാണുവാൻ പോകാം'
മൊഴിഞ്ഞുവെൻ മാനസം, അറിയാതെ വീണ്ടും!

നിലാവിന്റെ നേർത്തൊരു തട്ടമിട്ട്‌,
നിളയതാ ഒഴുകുന്നു എന്റെ മുന്നിൽ!

തഴുകുന്ന കാറ്റിന്റെ മർമ്മരം കേട്ട്‌,
വെറുതെ നടന്നു ഞാൻ, ഏകനായ്‌..

ഹൃദയത്തിൻ ശബ്ദ്ധം, കേട്ടു ഞാനപ്പോൾ,
'ഇതു തന്നെ സ്വർഗ്ഗം! ഇതു തന്നെ പുണ്യം!' 

Post a Comment

Saturday, 20 February 2010

മദമിളകിയാൽ...

നയ്ക്ക്‌ മദമിളകിയാൽ?
അവൻ മനുഷ്യനെ കൊല്ലും
മനുഷ്യന്‌ 'മത'മിളകിയാൽ?
അതു തന്നെ സംഭവിക്കും..

മദമിളകിയ അനയേ തളയ്ക്കാം.
പക്ഷെ, മനുഷ്യനെയോ?...

Post a Comment

Tuesday, 2 February 2010

കാത്തിരിപ്പ്‌

വേദനയിലുരുകി വീണ മനസ്സിൽ,
തൂലിക മുക്കി ഞാനെഴുതി-
താളം തെറ്റിയ പ്രണയ ഗാനം..
ഈണം ചോർന്നയാ വരികളിൽ,
അലിഞ്ഞിരുന്നുവെൻ ഗദ്ഗദ്ധങ്ങൾ..
തകർന്നയെൻ തമ്പുരുവിൽ
നിന്നടർന്നു വീണൊരപശബ്ദ്ധം..
ചിതലെടുത്ത ഓർമ്മയിൽ,
പരതി ഞാൻ നോക്കി, നിന്റെ ചിത്രം
ഒടുവിൽ കണ്ടു ഞാനാവ്യക്തമായ്‌...
ചുട്ടു പൊള്ളിയ മനസ്സിന്റെ കോണിൽ,
കരിഞ്ഞു തീരാത്ത, നിന്റെ ചിത്രം

മറവിയൊരു കാറ്റായ്‌ വീശുമ്പോൾ,
ഒരു പക്ഷെ,
പറന്നു പോവുമാ പഴയ ചിത്രം...
കാത്തിരിക്കുന്നു ഞാൻ..
മറക്കാൻ..
മറവിയുടെ വരവിനായ്‌...

Post a Comment

Sudoku!


Most of you have heard about the number game 'Sudoku'. It is one of the most popular games in the world. Even sudoku tournaments are conducted now a days. The rules are very simple and one with a bit of logical ability can solve the puzzle easily.

Just for fun I have created an e-version of sudoku which can solve any valid sudoku game. My e-version can create n number of sudoku games. It can print and to some extent it will even help you to solve the puzzle!

You can download my e-version from here:
Download Sudoku!
More about Sudoku

History
'Sudoku' the popular number game which we see in our dailies has a long history. Though the Sudoku puzzles which play in this modern world is little bit different from the old one, the basic principles and the rules remains the same. The game Sudoku was inspired from the concept of Latin squares' (used in statistical analysis) by the famous Swiss mathematician Leonhard Euler in which the numbers in a grid appears only one. He developed this concept in 18th century.

Origin
'Sudoku' is a Japanese name in which 'Su' means number and 'doku' means single place which tells that only one number can comes in its place. Many people still thinks that this game was originated from Japan or China. But actually this game was developed by an independent puzzle maker Howard Garnes in late 1970s and was published in Dell Magazine in the US under the name of 'Number place'. That was developed on Euler's concept with a 9x9 square grid on which he added a third dimension (the regional restriction). This is the popular version we see in the news papers today.

In the mid 1980s Nikoli Inc., a Japanese puzzle giant published the current version of Sudoku puzzle and that became a huge hit in Japan. Mr. Maki Kaji, the president of Nikoli was behind this. The original Japanese name was 'Suuji wa dokushin ni kagiru' roughly translating to mean the numbers must be unmarried or single. This name was shortened as 'Sudoku' (pronounced SUE-dough-coo; su = number, doku = single) which became a huge international hit later. But that Japanese version took around 20 years to become a popular game to the people in other parts of the world. And soon most of the reputed new papers started publishing daily Sudoku which helped to increase its popularity.

How to play?
Every Sudoku puzzle has a unique answer. Sudoku requires no calculation or arithmetic skills. It is essentially a game of placing numbers in squares, using very simple rules of logic and deduction. It can be played by children and adults and the rules are simple to learn. The objective of the game is to fill all the blank squares in a game with the correct numbers.
There are three very simple constraints to follow. In a 9 by 9 square Sudoku game:
* Every row of 9 numbers must include all digits 1 through 9 in any order
* Every column of 9 numbers must include all digits 1 through 9 in any order
* Every 3 by 3 subsection of the 9 by 9 square must include all digits 1 through 9

How to solve a Sudoku?
Though there are lot of systematic methods to solve a Sudoku, the most popular method (and time consuming too!) is to mark the possible candidates in each cell and then logically excluding them one by one based on the rules. This technique is called 'Pencil Marking'.

Other popular methods:
Hidden Candidates (Singles, Pairs, Triples and Quads), Naked Candidates (Pairs, Triples and Quads), X-Wing, Swordfish etc. Some people even use the guessing techniques like Nishio or Trial and Error.

Please refer the following urls to find the details:
http://www.sudokuoftheday.com/pages/techniques-overview.php
http://angusj.com/sudoku/hints.php

Techniques used in computer programs:
Advanced computer programs use Donald Knuth's 'Dancing Links' technique to generate or solve Sudoku puzzles. This technique uses a recursive, backtracking algorithm to solve the puzzle in a very fast and efficient way.

Some Sudoku puzzles in the internet:
www.sudoku.com
www.websudoku.com
http://sudoku.friko.netPost a Comment

Thursday, 21 January 2010

തിരിച്ചറിവ്‌

രച്ച പകലിന്റെ അടരുകൾ
വീഴുന്നതു നോക്കിയെത്ര നേരം?..
അറിയുന്നില്ല ഞാൻ സമയത്തിന്റെ വേഗം?
എല്ലാം നിശ്ചലമാണോ?..
ഒരു നിമിഷം...
എന്റെ ചിന്ത പോലും നിശ്ചലം?
ആരാ പറഞ്ഞത്‌ ചിന്തിക്കാത്തവൻ ജീവിക്കുന്നില്ലാന്ന്?..
ഒരു പൂവിരിയുന്നത്‌ കാണാതെ,
ഒരു കാറ്റിന്റെ മൂളിച്ച കേൾക്കാതെ,
ഒരു പകലിന്റെ ജനനവും,
ഒരു രാവിന്റെ തുടക്കവും..
ഇതൊന്നും കാണാതെ..വെറുതെ..
ജീവിച്ചു തീർക്കുന്നവർ..ഞാനടക്കം..
വല്ലാത്ത മടുപ്പ്‌..

നല്ലത്‌!
ആ തിരിച്ചറിവാണ്‌ തിരിച്ച്‌ പോക്കിന്റെ തുടക്കം!
അതുണ്ടാവട്ടെ.. പലർക്കും..എനിക്കും..
നരച്ചവ തളിർക്കട്ടെ!
വർണ്ണങ്ങൾ നിറയട്ടെ!
മനസ്സിലും, ജീവിതത്തിലും!

ഇനിയും വൈകിയിട്ടില്ല...

Post a Comment

Friday, 8 January 2010

ചായ പുരാണം

ലസ ചിന്തകൾ വീണ്ടും..
ഈ പ്രാവശ്യം ഒരു കപ്പ്‌..ക്ഷമി.. ഒരു ഗ്ലാസ്സ്‌ ചായയാണ്‌ താരം.
എത്രയോ തവണ നമ്മൾ ചായക്കടേലുന്നും ('ചായ കടയിൽ നിന്നും' എന്നും പറയാം..) തട്ടു കടേലുന്നും ചായ വാങ്ങി കുടിച്ചിരിക്കുന്നു..
ഒരു നിമിഷം ഓർത്തു പോയി.. എന്തൊക്കെയാണു ഞാൻ കുടിക്കുന്നതെന്ന്..
നമ്മുക്ക്‌ ഈ ചായ എന്നു പറയുന്ന 'സാധന' ത്തിനെ ഒന്നു നല്ലോണം പരിശോധിക്കാം..

ആദ്യമായ്‌ പാൽ (ചിലരതിനെ 'പ്യാൽ' എന്നും പറയും..നോ കമന്റ്സ്‌ പ്ലീസ്‌..)
ലതെവിടെ നിന്നും വരുന്നു എന്നു ആരോടും ചോദിക്കേണ്ട കാര്യമില്ല..
എവിടെയോ മേഞ്ഞു നടന്ന..ഏതോ തൊഴുത്തിൽ കിടന്ന പശൂന്റെ, അതിന്റെ ക്ടാവിനു കൊടുക്കാൻ അതു കാത്തു വെച്ചിരുന്ന ഒരു വെളുത്ത ദ്രാവകം,
വളരെ ക്രൂരമായ്‌ അടിച്ചു മാറ്റി, ഊറ്റിയെടുത്തത്തല്ലേ ?.. എന്നാ പിടിച്ചോ ശാപം നമ്പർ 1.

ഒരു മൃഗത്തിന്റെ ശരീരത്തിനുള്ളിൽ നിന്നും വരുന്ന ഒരു ദ്രാവകം
ചിലർ സൗകര്യപൂർവ്വം 'വെജിറ്റേറിയൻ' എന്നു അവകാശപ്പെടുന്നുണ്ട്‌..
അതേത്‌ വകുപ്പിലെന്ന് അറിയില്ല..ആ അവകാശത്തിനു പിന്നിൽ എന്തെങ്കിലും
ദുരുദ്ദേശമുണ്ടോയെന്നു ഈ നിഷ്ക്കളങ്കനറിയില്ല.. ഇതു സത്യം!
(കുഞ്ഞിനു അമ്മ കൊടുക്കാൻ കാത്തു വെച്ചത്‌ അടിച്ചു മാറ്റിയത്‌ ഏതു വകുപ്പിൽ പെടുന്ന കുറ്റമെന്നറിയില്ല.. പക്ഷെ ഒരു തരം 'മറ്റേ' പണിയായി പോയി എന്നറിയാനുള്ള സാമാന്യബുദ്ധി ദൈവം സഹായിച്ചു കിട്ടിയിട്ടുണ്ട്‌)

ഈ വല്ല്യ ബുദ്ധി ജീവി ചമഞ്ഞു നടക്കണ മനുഷ്യർക്ക്‌ ഇതിന്റെ വല്ല ആവശ്യമുണ്ടോ?..
ആ ചായയിലെ പ്രധാന കഥാപാത്രം തന്നെ വശക്കേടാണല്ലേ?.. ('ആർക്കറിയാം.. നമ്മുക്ക്‌ കുടിച്ചാൽ പോരെ..'എന്നു ചില നിസ്സംഗന്മാർ ചിന്തിക്കുന്നതു ഞാനറിയുന്നില്ലാ എന്നു വിചാരിക്കരുത്‌!)

ഒക്കെ.. നെക്സ്സ്റ്റ്‌ ഐറ്റം..
സംശയം വേണ്ടാ.. ചായപ്പൊടി തന്നെ..
എവിടുന്നാണ്‌ ഇഷ്ടന്റെ വരവ്‌?.. വല്ല പിടുത്തവുമുണ്ടോ?
ഉണ്ടല്ലോ...
ഏതോ മലഞ്ചെരുവിൽ വളർന്നു നിന്ന ഒരു കാട്ടു ചെടി, അതിന്റെ ഇലകൾ പൊട്ടിച്ച്‌, ഉണക്കിയെടുത്ത്‌, അതു വെള്ളത്തിലിട്ടു തിളപ്പിച്ച്‌..എന്റമ്മോ..ക്ഷീണിച്ച്‌ പോയി.. ഞാനൊന്ന് റെസ്റ്റ്‌ എടുക്കട്ടെ..

ഈ പണ്ടാരമൊക്കെ ഏതു കാട്ടുമാക്കാനാണ്‌ കണ്ടുപിടിച്ചത്‌?!..എന്തായാലും ഒരു ഒടുക്കത്തെ പിടുത്തമായി പോയി..
ആർക്കറിയാം ആ ഇലയിൽ എന്തൊക്കെയാണുള്ളതെന്ന്.. ഓരോ വർഷവും ചായക്ക്‌ ഓരോ ഗുണങ്ങൾ അലെങ്കിൽ ദോഷങ്ങൾ ഉണ്ടെന്ന് ചില വിദ്വാന്മാർ പരീക്ഷണനീരീക്ഷണങ്ങൾ നടത്തിയിട്ട്‌ പറയാറുണ്ട്‌..അതിനർത്ഥം..ഇപ്പോഴും നമ്മുക്കീ കാട്ടുചെടിയെക്കുറിച്ച്‌ കാര്യമായൊന്നും അറിയില്ല എന്നല്ലേ?..

തീർന്നോ?..എവിടെ?
വാട്ട്‌ അബൗട്ട്‌ ഷുഗർ?
അതെവിടെ നിന്ന്?

ഏതൊ അണ്ണാച്ചി വളർത്തിയെടുത്ത കരിമ്പിൻ തൊട്ടത്തിൽ നിന്നും പിഴുതെടുത്ത കരിമ്പ്‌ പിഴിഞ്ഞെടുത്ത ജൂസ്‌-അതിൽ നിന്നും അല്ലയോ ഈ പഞ്ചാര അല്ലെങ്കിൽ പഞ്ചസാര എന്ന സാധനം ഉണ്ടാക്കുന്നത്‌?
പക്ഷെങ്കി..അതേങ്ങനെ വെളുക്കും?..
എന്റെ അറിവിൽ (ഒക്കെ..അറിവില്ലായ്മയിൽ) ശർക്കരയും മേൽ പറഞ്ഞ ജൂസിൽ നിന്നുമല്ലേ ഉണ്ടാക്കണത്‌?.. അല്ലേ അണ്ണാ?
പിന്നെം വെളുപ്പ്‌.. അതൊരു ചോദ്യചിഹ്നം തന്നെ..

എന്നാൽ അറിഞ്ഞിട്ടെ ഉള്ളൂ ബാക്കി കാര്യം..
ഞാൻ നമ്മുടേ 'ഗൂഗൾ' അണ്ണനെ സമീപിച്ചു..
ചോദ്യം വെച്ചു തൊഴുതു നിന്നു..
നിമിഷങ്ങൾക്കകം 'ഇന്നാ പിടിച്ചൊ' എന്നും പറഞ്ഞ്‌ എറിഞ്ഞു തന്നു ഒരു പത്ത്‌ നൂറ്‌ ലിങ്കുകൾ!
നമിച്ചു! അണ്ണൻ തന്നെ സർവ്വജ്ഞാനി..
ബട്ട്‌..റിസൾട്ട്‌ വായിച്ച്‌ ഈയുള്ളവന്റെ കണ്ണു തള്ളിപ്പോയി..
കണ്ട പശൂന്റെ എല്ലൊക്കെ എടുത്തു പൊടിച്ച്‌, കരിച്ച്‌..അതെടുത്താണ്‌..ഈ വെളുപ്പിക്കൽ പ്രയോഗം നടത്തുന്നത്‌!!

എന്റെ ഈശ്വരാ‍ാ‍ാ!!!..
എനിക്കറിയാം ഇതാരും വിശ്വസിക്കാൻ പോണില്ലെന്ന്..
അവർക്കായ്‌..
http://www.vegfamily.com/articles/sugar.htm

എന്റെ ഉള്ളിലെ 'മിസ്റ്റർ ജിജ്ഞാസു' പിന്നേം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി..
അപ്പോ ഈ വെള്ളുപ്പിക്കണത്‌ എന്തിനണ്ണാ?
ഈ മാതിരി നിഷ്ക്കളങ്കമായ്‌ ചോദിച്ചാൽ ഏതു വിവരമില്ലത്തവൻ കൂടി എന്തേലും പറഞ്ഞു പോവും..അറിയില്ലെങ്കിൽ എവിടെയെങ്കിലും പോയി പഠിച്ചിട്ടു വന്നു പറയും..
ഈ വെളുപ്പിക്കലൊക്കെ ചുമ്മാ ഭംഗിക്കല്ലേ!!
വെളുത്ത പെണ്ണുങ്ങൾക്കല്ലേ വിവാഹ മാർക്കറ്റിൽ ഡിമാൻഡ്‌!..
(അതൊരു മാർക്കറ്റ്‌ ആണൊ എന്നൊക്കെ ചോദിച്ചു എന്റെ ശ്രദ്ധ തിരിക്കാൻ നോക്കരുത്‌..ഇപ്പോൾ നമ്മുടെ വിഷയം ഒരു ഒരു ഗ്ലാസ്സ്‌ ചായ മാത്രമാണ്‌)

അപ്പോ ഈ ചായ ചായ എന്നു പറയുന്നത്‌?
അതെ..നമ്മൾ വിചാരിക്കുന്നതു പോലുള്ള ഒരു നിസ്സാരനല്ല..അതൊരു 'സംഭ്വാണ്‌'
അപ്പോ രാവിലെ തന്നെ ഇതൊക്കെ തൊണ്ടക്കുഴിയിലൂടേ ഒഴിച്ച്‌ ഞെളിഞ്ഞു നടക്കണ നമ്മളേ എന്തു വിളിക്കണം ?

ഒരു സിമ്പിൾ ചായയുടെ കാര്യം ഇതാണെങ്കിൽ, തോന്നുമ്പോ തോന്നുമ്പോ പെറുക്കി ഉള്ളില്ലേക്കെറിയുന്ന ബാക്കി സാധനങ്ങളൊ?..
അതൊക്കെ എഴുതാൻ തുടങ്ങിയാൽ, ഒരു അന്തവും കുന്തവും കാണില്ല..

തളരുന്നു മമ ദേഹം...

Post a Comment