Please use Firefox Browser for a good reading experience

Wednesday, 16 May 2012

വഴി നഷ്ടപ്പെട്ടവർ

കുറിപ്പ്‌: ദയവായി ഇതു കഥയാണൊ തിരക്കഥയാണൊ എന്നു ചോദിക്കരുത്‌..ആറു സീനുകളിൽ ഒരു പരീക്ഷണം.

സീൻ 1
പകൽ.
ബസ്സിന്റെ മണി രണ്ടു വട്ടം ശബ്ദിക്കുന്നു (close up).
ബസ്സ്‌ നീങ്ങി തുടങ്ങുമ്പോൾ ചില കൗമാരപ്രായക്കാൻ ഓടി വരുന്നു. അവരിൽ ചിലർ കമ്പിയിൽ പിടിച്ച്‌ കുറച്ച്‌ ദൂരം ഓടിയ ശേഷം ചാടി ഫുട്ബോർഡിൽ ചവിട്ടി നിൽക്കുന്നു. (വലിയ സാഹസികരാണെന്നും, ബസ്സിനുള്ളിലും പുറത്തുമുള്ളവർ തങ്ങളെ തന്നെയാണ്‌ ശ്രദ്ധിക്കുന്നതെന്ന ഭാവം അവരിൽ പലരുടേയും മുഖത്തുണ്ട്‌). അവരുടെ പാൻസിന്റെ പോക്കറ്റിൽ പുസ്തകം രണ്ടായി മടക്കി തിരുകി വെച്ചിരിക്കുന്നതു കാണാം. അവരിൽ ഒരു പയ്യന്റെ മുഖം close up. അവൻ അത്യുസാഹത്തിലാണ്‌. കാറ്റിൽ അവന്റെ മുടിയിഴകൾ പറക്കുന്നു. ഇടതു കൈ കൊണ്ട്‌ ബസ്സിന്റെ കമ്പിയിൽ മുറുക്കെ പിടിച്ചിരിക്കുന്നു (കൈയിൽ സ്റ്റീൽ വള)
ബസ്സിനകത്ത്‌ നിന്നൊരു ശബദം.
'റെജീ..നീയെന്താടാ നേരത്തെ?' (പരിഹാസച്ചുവയും കുസൃതിയും നിറഞ്ഞ ശബ്ദം)
റെജി അകത്തേക്ക്‌ സൂക്ഷിച്ച്‌ നോക്കിയിട്ട്‌ കണ്ണിറുക്കി കാണിക്കുന്നു.
വഴിയിൽ കൂടി പോകുന്ന യുവതികളെ തല തിരിച്ച്‌ നോക്കുന്നു. ഇടയ്ക്ക്‌ ആവേശത്തോടെ കൂവുന്നു, ആരേയോ കൈ വീശി കാണിക്കുന്നു.

സീൻ 2
ബസ്സ്‌ ഒരു സ്റ്റോപ്പിൽ വന്നു നിൽക്കുന്നു. ആളുകൾ ഇറങ്ങുന്നു. റെജി അകത്തേക്ക്‌ കയറാനുള്ള പുറപ്പാടിലാണ്‌. ആളുകൾ എല്ലാരും ഇറങ്ങി കഴിയുന്നതും അവൻ ഇടിച്ചു അകത്തേക്ക്‌ കയറുന്നു. ഉള്ളിൽ നല്ല തിരക്ക്‌. അകത്തേക്ക്‌ കയറി പോകുന്നു. വെളിച്ചം കുറവാണ്‌. സ്ത്രീകൾ നിൽക്കുന്ന ഭാഗത്തേക്കാണ്‌ പോകുന്നത്‌. ബസ്സിന്റെ ഡബിൾ ബെല്ല് ശബ്ദം. ബസ്സ്‌ മുന്നോട്ട്‌. നീങ്ങി തുടങ്ങുന്ന വീലുകളുടെ close up. ആളുകൾ പിന്നോക്കം പോയിട്ട്‌ വീണ്ടും പൂർവ്വ സ്ഥിതിയിലേക്ക്‌. റെജി ഇപ്പോൾ മുകളിൽ കമ്പിയിൽ പിടിച്ചാണ്‌ നിൽക്കുന്നത്‌. ഉള്ളിലേക്ക്‌, തിരക്കിനിടയിലേക്ക്‌ നോക്കുന്നു. ഇടതു കൈ സാവധാനം താഴേക്ക്‌. മുന്നിലേക്ക്‌ നോക്കി കൊണ്ട്‌, തിരക്കിലൂടെ അവന്റെ കൈ മുന്നോട്ട്‌. മുന്നിൽ ചുവന്ന ചുരിദാറിട്ട ഒരു പെൺകുട്ടി നിൽക്കുന്നു. ഇടത്തെ തോളിൽ ഒരു ബാഗുണ്ട്‌. മുകളിൽ കമ്പിയിൽ പിടിച്ചിരിക്കുന്നു. റെജി പെൺകുട്ടിയുടെ അടുത്തേക്ക്‌ നീങ്ങുന്നു. നടക്കുന്നതിനിടയിൽ ഇരു വശത്തേക്കും നോക്കുന്നുണ്ട്‌.

ക്യാമറ ബസ്സ്‌ ഡ്രൈവറുടെ പിന്നിൽ നിന്നും.
വളവു തിരിയുന്നു. ബ്രേക്കിൽ അമരുന്ന കാലുകൾ. ആളുകൾ മുന്നോട്ട്‌ ആയത്തിൽ.
റെജി ഇപ്പോൾ പെൺകുട്ടിയുടെ തൊട്ടു പിന്നിലാണ്‌.  പെട്ടെന്ന് പിന്നോക്കം കൈ വലിക്കുന്നു. പെൺകുട്ടി ഞെട്ടലോടെ തിരിഞ്ഞു നോക്കുന്നു. ആ മുഖത്ത്‌ പരിഭ്രാന്തി. മുഖം വിളറി പോയിരിക്കുന്നു. റെജി തല കുനിച്ച്‌ താഴെ നോക്കിയാണ്‌ നിൽക്കുന്നത്‌. മുഖമുയർത്തുമ്പോൾ പെൺകുട്ടി നോക്കുന്നതു കാണുന്നു. റെജിയുടെ മുഖത്ത്‌ നടുക്കം..ചമ്മൽ..പിന്നിലേക്ക്‌ വലിയുന്നു. പെൺകുട്ടിയുടെ കണ്ണുകൾ നിറയുന്നു.
തിരക്കിനിടയിലൂടെ റെജി പിന്നോക്കം നടന്നു കാണാതാകുന്നു.

സീൻ 3
വൈകുന്നേരം.
ഗേറ്റിന്റെ കുറ്റി തുറന്ന് റെജി അകത്തേക്ക്‌. അലക്ഷ്യമായ നടത്തം. ഇരു കൈകൾ കൊണ്ടും മുടി ചീകുന്നു. ഗേറ്റ്‌ പിന്നോക്കം തള്ളി, കുറ്റിയിടാതെ വീടിനു നേരെ നടക്കുന്നു.
പടികൾ കയറി അകത്തേക്ക്‌. വള്ളിചെരുപ്പ്‌ ഊരിയിടുന്നു.
വാതിൽ തുറന്ന് അകത്തേക്ക്‌ പ്രവേശിക്കുന്നു.
മുറിയുടെ ഒരു മൂലയിൽ ചാരു കസേരയിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്‌.

സ്ത്രീ: റെജീ..നീ ഇങ്ങു വാ.(ആജ്ഞാസ്വരത്തിൽ)
റെജി: (ക്ഷീണിച്ച ശബ്ദം).. എന്തമ്മെ?..എനിക്ക്‌ വിശക്കുന്നു..വല്ലതും എടുത്തു താ..
സ്ത്രീ (എഴുന്നേറ്റ്‌ അടുത്തേക്ക്‌ വരുന്നതിനിടയിൽ): നിനക്ക്‌ നിന്റെ കൂടെ പഠിച്ച ജ്യോതിയെ ഓർമ്മയുണ്ടോ?
റെജി ഒന്നും മിണ്ടാതെ നിൽക്കുന്നു. അവന്റെ ശിരസ്സ്‌ കുനിഞ്ഞിരിക്കുന്നു. കൃഷ്ണമണികൾ ഇടത്തേക്കും വലത്തേക്കും ചലിക്കുന്നുണ്ട്‌.
സ്ത്രീ: അവളെ നീയിന്നു കണ്ടോ?
റെജി: (മൗനം)
സ്ത്രീ: ചോദിച്ചത്‌ കേട്ടില്ലേ? നീ കണ്ടോന്ന്? (ശബ്ദം ഉയരുന്നു. മുഖത്ത്‌ കോപം പ്രകടമാണ്‌)
റെജി: ഉം..
സ്ത്രീ:എവിടെ വെച്ച്‌?
റെജി:...
സ്ത്രീ:നീയവളെ ബസ്സിൽ വെച്ച്‌ കണ്ടല്ലേ? അവളിന്നിവിടെ വന്നിരുന്നു..നിന്നെ കണ്ട കാര്യം പറയാൻ.
റെജി ഞെട്ടലോടെ തലയുയർത്തി നോക്കുന്നു.
സ്ത്രീ: നിനക്ക്‌ പെണ്ണുങ്ങളെ പിടിക്കണം അല്ലേടാ? അതിനാണല്ലേ നിന്നെ പഠിക്കാൻ ഈ കാശും കൊടുത്ത്‌ വിടുന്നത്‌..? (സ്ത്രീ ശബ്ദം വിറച്ചു തുടങ്ങുന്നു)
റെജി:...
സ്ത്രീ: (ഉച്ചത്തിൽ നിയന്ത്രണം വിട്ട്‌) പിടിക്കെടാ..നീ വന്ന് എന്നെ പിടിക്കെടാ..നിന്റെ അമ്മയ്ക്കും അവൾക്കും ഒള്ളത്‌ ഒന്നു തന്നെയാടാ..എടാ വരാൻ..

ശബ്ദം കേട്ട്‌ അകത്തെ മുറിയിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വരുന്നു. പാവാടയും ബ്ലൗസും വേഷം.
പെൺകുട്ടി: അമ്മെ..എന്തായിത്‌?
സ്ത്രീ: കേറി പോടീ അകത്ത്‌..നീ വന്നാ നിന്നെയും ഇവൻ കേറി പിടിക്കും. അടുത്ത്‌ വന്നു പോകരുത്‌.
റെജി കുനിഞ്ഞ്‌ കൈകൾ കൊണ്ട്‌ മുഖം മറയ്ക്കാൻ ശ്രമിക്കുന്നു.

പെൺകുട്ടി ഒന്നും മനസ്സിലാകാതെ നിൽക്കുന്നു.
സ്ത്രീ: കേറി പോടീ..നിന്നോടല്ലേ പറഞ്ഞത്‌ കേറി പോകാൻ?..ഇവന്റെ നേരെ നോക്കരുത്‌..ഇവനമ്മേം പെങ്ങളെം തിരിച്ചറിയാത്തവനാ..(അവർ കരയുകയും, ശബ്ദം വിറച്ച്‌ തുടങ്ങുകയും ചെയ്യുന്നു)
സ്ത്രീ: എന്തിനാടാ..നീ എന്റെ വയറ്റിൽ തന്നെ വന്ന് പിറന്നത്‌?..ഇപ്പൊ ഇറങ്ങിക്കോണം..ഇവിടന്ന്..മേലാൽ ഈ വീട്ടിനകത്ത്‌ കാലു കുത്തരുത്‌..ഇറങ്ങടാ പുറത്ത്‌..നീ എന്റെ മോനല്ല..ഇറങ്ങടാ..(അവർ കോപം കൊണ്ട്‌ വിറയ്ക്കുന്നുണ്ട്‌)
അവർ റെജിയുടെ ചുമലിൽ ശക്തിയായി അടിക്കുകയും, മുന്നോട്ട്‌ തള്ളുകയും ചെയ്യുന്നു.. റെജി വേച്ച്‌ വേച്ച്‌ പുറത്തേക്ക്‌ നടക്കുന്നു..
പിന്നിൽ നിന്ന് സ്ത്രീ ശബ്ദം:
പൊയ്ക്കോ..എവിടേക്കെങ്കിലും പൊയ്ക്കോ..

സീൻ 4
സന്ധ്യ.
വാതിലിൽ മുട്ടുന്ന ശബ്ദം. പെൺകുട്ടി വന്ന് വാതിൽ തുറക്കുന്നു. കണ്ണാടി വെച്ച ഒരു മദ്ധ്യവയസ്ക്കൻ ഉള്ളിലേക്ക്‌ കയറുന്നു.
മുറിയിൽ നോക്കിയിട്ട്‌ (ആരോടെന്നില്ല്ലാതെ).
'ഇന്നെന്താ വിളക്ക്‌ കത്തിച്ചില്ലേ?'
പെൺകുട്ടി ഒന്നും പറയാതെ ഉള്ളിലേക്ക്‌ പോകുന്നു.
അയാൾ വാതിലടച്ചിട്ട്‌ അകത്തെ മുറിയിലേക്ക്‌ പോകുന്നു.
ചാരികിടക്കുന്ന വാതിൽനരികിലേക്ക്‌ ക്യാമറ. അവ്യക്തമായ സംഭാഷണങ്ങൾ.
ഇപ്പോൾ സംസാരം വ്യക്തമായി കേൾക്കാം.
പുരുഷൻ:..എന്നിട്ട്‌ അവനിതു വരെ വന്നില്ലേ?
സ്ത്രീ: അവനിനി വരണ്ട..(കരച്ചിലിനിടയിലൂടെ)..ഇത്ര നാളും പൊന്നു പോലെ നോക്കിയിട്ട്‌..അവനെ എനിക്ക്‌ കാണണ്ട..
fade out-black

caption:'പതിനേഴ്‌ വർഷങ്ങൾക്ക്‌ ശേഷം...' caption പതുക്കെ മറയുന്നു.

സീൻ 5
ഒരു ടേബിൾ ലാമ്പ്‌ കത്തിച്ചു വെച്ചിരിക്കുന്നു. ഒരു പഴയ ആൽബം തുറന്നു മുന്നിൽ വെച്ചിട്ടുണ്ട്‌. അതിൽ ഓമനത്തമുള്ള ഒരു കുഞ്ഞ്‌ കമഴ്‌ന്നു കിടന്നു ചിരിക്കുന്ന ഒരു ഫോട്ടോ കാണാം. ഫോട്ടോയ്ക്ക്‌ മുകളിൽ കൂടി ഒരു കൈ തഴുകുന്നുണ്ട്‌. പ്രായമേറിയ, ചുളിവുകൾ വീണ വിരലുകൾ.
ഫോട്ടോ ഒട്ടിച്ചു വെച്ചിരിക്കുന്ന കറുത്ത കട്ടിയുള്ള പേപ്പറിൽ ഒരു തുള്ളി കണ്ണുനീർ വീഴുന്നു.
ക്യാമറ പിന്നോട്ട്‌.
അത്‌ ആ പഴയ അമ്മയാണ്‌. പ്രായമേറിയിരിക്കുന്നു. അവർ വിതുമ്പൽ സാരിത്തുമ്പു കൊണ്ട്‌ ചുണ്ടുകൾ അമർത്തി പിടിച്ച്‌ നിയന്ത്രിക്കാൻ ശ്രമിക്കുന്നു.
ഒരു പെൺകുട്ടി സമീപം വരുന്നു. പഴയ പെൺകുട്ടി ഇപ്പോൾ മുതിർന്നിരിക്കുന്നു.
(അമ്മയുടെ തോളിൽ തലോടി കൊണ്ട്‌)
പെൺകുട്ടി: 'അമ്മയെന്തിനാ എപ്പഴും ഈ ഫോട്ടോയും നോക്കിയിരിക്കുന്നേ?..ഏട്ടൻ വരും..അമ്മയെ കാണാതെ എത്ര നാള്‌ ചേട്ടനു ഒളിച്ചിരിക്കാൻ പറ്റും?...'
അമ്മ വിതുമ്പി കൊണ്ടിരിക്കുന്നു.

screen black
caption - ഉത്തരേന്ത്യയിലെ ഒരു മഹാനഗരം.

സീൻ 6
പകൽ.
തിരക്കു പിടിച്ച ഒരു തെരുവ്‌. ആളുകൾ അങ്ങ‍ാട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരിക്കുന്നു. പാതയുടെ ഇരുവശത്തും നിറം നഷ്ടപ്പെട്ട ഇരുനില കെട്ടിടങ്ങൾ. ബാൽക്കണിയിലും, താഴെ വാതിലിനു സമീപവും സ്ത്രീകൾ. അലസമായ വസ്ത്രധാരണം. ചിലർ മുറുക്കാൻ ചവയ്ക്കുന്നു. ചിലർ പുകവലിക്കുന്നുണ്ട്‌. അമിതമായി പൗഡർ പൂശിയവർ, കടും നിറമുള്ള വസ്ത്രങ്ങൾ. ജനഴികളിലൂടെയും ചിലർ നോക്കുന്നുണ്ട്‌. അവർ ചിലതൊക്കെ വിളിച്ചു പറയുന്നു, തമ്മിൽ അടക്കം പറഞ്ഞു ചിരിക്കുന്നു, കൈകൾ കൊണ്ട്‌ ആംഗ്യം കാണിക്കുന്നു. (ഒറ്റ നോട്ടത്തിൽ അതൊരു വേശ്യാത്തെരുവ്‌ എന്നു വ്യക്തം).
ചില ചെറുപ്പക്കാർ അതു വഴി നടക്കുന്നുണ്ട്‌. അവരിൽ ചിലർ കൈയിൽ തൂവാല ചുറ്റിയിരിക്കുന്നു. ചിലരുടെ കഴുത്തിലാണ്‌ തൂവാല. ഒരു മൂലയിൽ നിൽക്കുന്ന രണ്ടു പേരിലേക്ക്‌ ക്യാമറ zoom ചെയ്യുന്നു. അവരുടെ സംസാരം കേൾക്കാൻ കഴിയുന്നില്ല. ചെറുപ്പക്കാരൻ വെപ്രാളത്തിലാണ്‌. പോക്കറ്റിൽ നിന്ന് പണമെടുത്ത്‌ എതിരെ നിൽക്കുന്നയാളുടെ കൈയിൽ കൊടുക്കുന്നു. എതിരെ നിൽക്കുന്ന കള്ളി ഷർട്ടിട്ട ആളുടെ പിൻഭാഗമാണ്‌ കാണുന്നത്‌. മുഖത്തിന്റെ ഒരു വശം കാണാം. അയാൾക്ക്‌ ചെറിയ താടിയുണ്ട്‌. അയാൾ കെട്ടിടത്തിനുള്ളിലേക്ക്‌ കൈ കാണിക്കുന്നു. എന്നിട്ട്‌ നടന്നു തുറങ്ങുന്നു.  പിന്നാലെ ചെറുപ്പക്കാരനും. ഇടവഴിയിലൂടെ അവർ നടക്കുന്നു. ക്യാമറ തിരിഞ്ഞു വരുമ്പോൾ രണ്ടു പേരേയും വ്യക്തമായി കാണാം. താടിവെച്ചയാൾക്ക്‌ റെജിയുടെ മുഖവുമായി സാമ്യമുണ്ട്‌. അവരുടെ നടത്തം (സ്ലോമോഷനിലേക്ക്‌)..സ്ക്രീൻ മുഴുവനും bright white ആകുന്നു..ക്യാമറയും കടന്ന് അവർ പോകുന്നു..അവ്യക്തമാകുന്നു.

Post a Comment

Sunday, 13 May 2012

നീയാരാണ്‌ ?


രണ്ടു ചോദ്യങ്ങൾ. രണ്ടേ രണ്ടു ചോദ്യങ്ങൾ. ഞാനും അതിപ്പോൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു.
‘നീയാരാണ്‌ ?’
‘ഞാനാരാണ്‌ ?’
പക്ഷിമൃഗാദികളും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ടോ എന്നറിയാൻ ഒരു മാർഗ്ഗവുമില്ല. പക്ഷെ വിശപ്പും ദാഹവും കാമവും അടങ്ങി കഴിയുമ്പോൾ മനുഷ്യൻ ചോദിച്ചു തുടങ്ങുന്ന ചോദ്യങ്ങളാണവ. കല്പ്പാന്തങ്ങളോളം ചോദിക്കപ്പെട്ട ചോദ്യങ്ങൾ. ഒരു പക്ഷെ മനുഷ്യകുലത്തോളം പഴക്കം ഈ ചോദ്യങ്ങൾക്കുമുണ്ടാവും. മനുഷ്യവംശമവസാനിക്കുന്നതു വരേയ്ക്കും ഉണ്ടാവുകയും ചെയ്യും.

ദിവസങ്ങൾക്ക് മുൻപ് ഇരുട്ട് ഇടകലർന്ന ഒരു സന്ധ്യയിൽ ഒരു ടെലിഫോൺ സന്ദേശമെന്നെ തേടി വന്നു. അച്ഛന്റെ പരുക്കൻ ശബ്ദത്തിന്റെ വക്കുകൾക്ക് തേയ്മാനം സംഭവിച്ചിരുന്നു, എന്നോട് സംസാരിക്കുമ്പോൾ. അന്ന് പുക തുപ്പിക്കൊണ്ട്, വയറ്റിൽ കനലുമായി ഓടുന്ന തീവണ്ടികളായിരുന്നു സഞ്ചാരത്തിനുള്ള സൗകര്യമൊരുക്കിയിരുന്നത്. ശരിക്കും തീ ചുമക്കുന്ന വണ്ടികൾ. ആ തീവണ്ടിയുടെ നെഞ്ചിലെരിയുന്ന പോലുള്ള കനലുകൾ എന്റെ മനസ്സിലുമുണ്ടായിരുന്നു. ചുമച്ചും കിതച്ചും അത് എന്നെയും കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് ഒരു രാത്രിനേരത്താണ്‌ പുറപ്പെട്ടത്. ഇടയ്ക്ക് പാഞ്ഞും, ഇടയ്ക്ക് കിതപ്പടക്കിയും അത് സഞ്ചരിച്ചു. ഒടുവിൽ ഞാൻ ഉരുക്കു കൊണ്ടുണ്ടാക്കിയ കൂട്ടിൽ നിന്നിറങ്ങുമ്പോൾ പുറത്ത് വെയിൽ പെയ്യുന്നുണ്ടായിരുന്നു. എന്റെ കൈകൾ സൂര്യന്റെ തീപ്പൊരികൾ വീണ്‌ പൊള്ളിത്തുടങ്ങി. എനിക്കായി അച്ഛൻ വിളറിയ നിറമുള്ള ഒരു കുട തലയ്ക്ക് മുകളിൽ വിടർത്തി പിടിച്ചു. പക്ഷെ തീവണ്ടിയിൽ നിന്നോ, സൂര്യരശ്മികളിൽ നിന്നോ പകർന്നതെന്നറിയില്ല, എന്റെ നെഞ്ചിനകത്തെ ചൂട് അസഹ്യമാംവിധം വളർന്നു തുടങ്ങിയിരുന്നു.

സുഖമാണെന്നോ, യാത്ര എങ്ങനെയെന്നോ ഉള്ള പതിവു ചോദ്യങ്ങളൊന്നും അച്ഛന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. സംഘർഷം കൊണ്ട് അച്ഛന്റെ പുരികങ്ങൾ ചുളിഞ്ഞിരുന്നു. എന്റെയരികിൽ അപരിചിതനായ, ഏതോ ഒരു മനുഷ്യനാണ്‌ നില്ക്കുന്നതെന്ന വിചിത്രമായ ഒരു ചിന്ത വന്ന് മറഞ്ഞു. അത്രയ്ക്കും മാറി പോയിരിക്കുന്നു. എത്ര പെട്ടെന്നാണെന്റെയച്ഛൻ വൃദ്ധനായി മാറിപോയത്?

ആദ്യമൊക്കെ ചെറിയ ചെറിയ കാര്യങ്ങളായിരുന്നു അമ്മ മറന്നു തുടങ്ങിയത്. തീരെ ചെറിയ കാര്യങ്ങൾ..തീയതികൾ, ചില ബന്ധുക്കളുടെ പേരുകൾ. അതെല്ലാം ഏതൊരു മനുഷ്യനും സംഭവിക്കാവുന്നതാണെന്നൊരു ന്യായമുണ്ടായിരുന്നു. പിന്നീടാണ്‌ അമ്മയുടെ ഓർമ്മകളുടെ ഇടനാഴികളിലെ വെളിച്ചം മങ്ങിവരുന്നതായി മനസ്സിലാക്കിയത്.
കഴിഞ്ഞ തവണ എന്നെ കാണുമ്പോൾ, അകലെ, ഞാൻ ജോലി ചെയ്യുന്ന പട്ടണത്തിന്റെ പേര്‌ അമ്മ തെറ്റിച്ചു പറഞ്ഞത് ഞാനും ശ്രദ്ധിച്ചു. ഒരു പക്ഷെ ആരെങ്കിലുമതേക്കുറിച്ച് സൂചിപ്പിച്ചതു കൊണ്ടോ, സ്വയം തിരിച്ചറിഞ്ഞതു കൊണ്ടൊ എന്നറിയില്ല, അധികം വേവലാതിയില്ലാതെ അമ്മയിങ്ങനെ പറഞ്ഞിരുന്നു..
‘അമ്മയ്ക്കിപ്പോൾ പഴേ പോലെ ഒന്നും ഓർക്കാൻ പറ്റുന്നില്ല മോനെ..’
ചിരിച്ചു കൊണ്ടാണതു പറഞ്ഞത്.
ഒരു സമാധാനത്തിനു ഞാനപ്പോൾ തന്നെ പറഞ്ഞു
‘അതിനെന്താ, അമ്മയുടെ മോനില്ലെ? എന്നോട് ചോദിച്ചാ പോരെ? ഞാൻ പറഞ്ഞു തരാം’. അതൊരു വാക്ക് കൊടുക്കലായിരുന്നു.

എനിക്ക് വാക്കു കൊടുക്കാൻ മാത്രമെ സാധിച്ചുള്ളൂ, വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. യാത്രകൾ, നീണ്ട ഒരുപാട് യാത്രകൾ. അച്ഛൻ വിശേഷങ്ങളൊരോന്നായി അറിയിക്കുന്നുണ്ടായിരുന്നു. അവിശ്വസനീയമായ കാര്യങ്ങൾ. ഇതൊക്കെ എങ്ങനെ സംഭവ്യമാകും? പലതും എനിക്ക് മനസ്സിലാകുന്നേയുണ്ടായിരുന്നില്ല. ഞാൻ ഓർമ്മകളെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത് അക്കാലത്തെപ്പോഴോ ആയിരുന്നു. അനുഭവങ്ങൾ ഓർമ്മകളായി എവിടെയോ ശേഖരിക്കപ്പെട്ടിരിക്കുന്നു. അതു നഷ്ടമാകുമ്പോൾ, യഥാർഥത്തിൽ നഷ്ടപ്പെടുന്നത് ഓർമ്മകളല്ല..വിലപ്പെട്ട അനുഭവങ്ങളുടെ സാക്ഷ്യപത്രങ്ങളാണ്‌. സാക്ഷ്യപത്രങ്ങളില്ലാത്ത അനുഭവങ്ങളെ സ്വന്തം മനസ്സു പോലും വിശ്വസിക്കാൻ വിസ്സമ്മതിക്കും.

എന്നെയിപ്പോൾ ഭരിക്കുന്നത് ആധിയല്ല, ഒരുതരം ഭയമാണ്‌. അമ്മ എന്നെ മറന്നു പോയിരിക്കുമോ? എങ്ങനെയാണത് സംഭവിക്കുക? ചില കാര്യങ്ങൾ ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല എന്നു ഞാനെങ്ങനെയോ ധരിച്ചു പോയിരുന്നു. അങ്ങനെയുള്ളതൊന്നും സംഭവിക്കാൻ പാടില്ല. അത്ര തന്നെ. അച്ഛനോടൊപ്പം നടക്കുമ്പോളൊന്നും ചോദിക്കാൻ തോന്നുന്നില്ല. എനിക്ക് അമ്മയിലുള്ള, അമ്മയുടെ ഓർമ്മകളിലുള്ള വിശ്വാസം എങ്ങനെയാണ്‌ അച്ഛനെ പറഞ്ഞു ബോധ്യപ്പെടുത്തുക?. എന്നെ തിരിച്ചറിയുന്നത്  കാണണം. എല്ലാവരും. ജയം എന്റെ പക്ഷത്തു തന്നെ. അമ്മയും മകനും തമ്മിലുള്ള ബന്ധം - അതു ഓർമ്മകൾക്കുമപ്പുറം ഒരു ശക്തി വന്നു വിളക്കി ചേർത്തിട്ടുണ്ട്. അതേക്കുറിച്ചാർക്കുമറിയില്ല. മകനും അമ്മയ്ക്കും മാത്രമാണതറിയാവുന്നത്. മുറിച്ചകറ്റിയാലും ഒട്ടിച്ചേർന്നുനില്ക്കുന്ന അദൃശ്യമായ പൊക്കിൾക്കൊടി ബന്ധം..അതെപ്പോഴുമുണ്ട്.

പടികൾ കയറി ആദ്യം അമ്മയുടെ അടുത്തേക്ക് തന്നെയാണ്‌ പോയത്. ശുഷ്ക്കിച്ച, ചെരിഞ്ഞു കിടക്കുന്ന ഒരു രൂപം. ഞാൻ അടുത്ത് ശബ്ദമുണ്ടാക്കാതെ ചെന്നു. അമ്മയിപ്പോഴും എത്ര സുന്ദരിയാണ്‌!. ഞാൻ അമ്മയെ ശ്രദ്ധിച്ചു. അമ്മ ശരിക്കും ചുരുങ്ങി പോയിരിക്കുന്നു. എങ്ങനെയാണ്‌ ഒരാൾ ചെറുതായി പോവുക?

തിരിഞ്ഞു ഞാൻ ശബ്ദം കുറച്ച് കുഞ്ഞമ്മയോട് ചോദിച്ചു,
‘അമ്മയിനി എപ്പൊ എണീക്കും?’
‘വൈയിട്ടാവും..നീ വാ..ഊണു കഴിച്ചിട്ടിരിക്കാം. ഒരുപാട് യാത്ര ചെയ്തു വന്നതല്ലെ..’.

പറമ്പിലൂടെ നടക്കുമ്പോൾ അച്ഛൻ അമ്മയുടെ ഓർമ്മയുടെ ഇലകൾ കൊഴിഞ്ഞു പോയ നാൾവഴികളെ കുറിച്ച് പറഞ്ഞു. ചികിത്സകളെ കുറിച്ച്..വില കൂടിയ മരുന്നുകളെ കുറിച്ച്..പരിചിതരെ കാണുമ്പോൾ അമ്മ ഭയപ്പെട്ടു തുടങ്ങിയ ദിവസങ്ങൾ..അപരിചിതരുടെ നടുവിൽ എങ്ങനെ വന്നുപെടുന്നു?. ആ ചിന്ത എത്രമാത്രം അമ്മയെ അസ്വസ്ഥയാക്കിയിട്ടുണ്ടാവും?. ഭയപ്പെടുത്തിയിട്ടുണ്ടാവും?. ഒന്നുറങ്ങി എഴുന്നേല്ക്കുമ്പോൾ അപരിചിതരുടെ നടുവിൽ...

വെന്തു പോയ സൂര്യൻ അണഞ്ഞു തീരും വരെ ഞാൻ കാത്തു. ജയിക്കുന്ന നിമിഷം മുൻകൂട്ടി കാണാൻ ശ്രമിച്ചു കൊണ്ടിരുന്നു. മുറിക്കകത്തേക്ക് ചെല്ലുമ്പോൾ കട്ടിലിൽ, ഭിത്തിയോട് ചേർത്തു വെച്ചിരിക്കുന്ന തലയിണയിൽ ചാരിയിരിക്കുകയായിരുന്നു അമ്മ. മുറിയിലെ മങ്ങിയ വെളിച്ചത്തിലും അമ്മയുടെ മുഖം ജ്വലിക്കുന്നതായെനിക്ക് തോന്നി.

എന്നെ പരിചയഭാവത്തിലാണ്‌ നോക്കിയത്. ഞാൻ ജയിക്കുകയാണ്‌. ഇതെന്റെ അമ്മയാണ്‌.
‘മോനെ..’
തിരിച്ചറിയലിന്റെ തിളക്കം ഞാനാ കണ്ണുകളിൽ കണ്ടു. തിരിഞ്ഞു നോക്കുമ്പോൾ, അച്ഛന്റെ കണ്ണുകൾ വിടരുന്നതു കണ്ടു. നരനിറഞ്ഞ പുരികങ്ങളുടെ ചുളിവ് ആശ്വാസത്തോടെ നിവരുന്നതും. ഞാൻ അമ്മയുടെ മുഖത്ത് തന്നെ നോക്കിയിരുന്നു.
‘ഞാൻ വന്നു അമ്മെ..ഇനി അമ്മ ഒന്നും പേടിക്കണ്ട’ ഞാൻ പറയാൻ ഭാവിച്ചു.
അതിനു മുൻപ് നിറഞ്ഞ വാത്സല്യത്തോടെ അമ്മ ചോദിച്ചു,
‘മോന്റെ അമ്മയ്ക്ക് സുഖവല്ലെ?’
ഒരു നിമിഷം കൊണ്ട് അപരിചിത്വത്തിന്റെ ഇരുണ്ട ചതുപ്പിൽ ഞാനാണ്ടു പോയി.
വീണു പോകാതിരിക്കാൻ ഞാൻ കസേരയിൽ മുറുക്കെ പിടിച്ചു. തല തിരിച്ച് നോക്കുമ്പോൾ അച്ഛൻ കുനിഞ്ഞ മുഖത്തോടെ പുറത്തെ ഇരുട്ടിലേക്ക് പോകുന്നത് കണ്ടു.

എന്തു മറുപടിയാണ്‌ ഞാനമ്മയ്ക്ക് കൊടുക്കേണ്ടത്?
‘സുഖമാണമ്മെ...’ ശബ്ദം ഇടറാതെയിരിക്കാൻ ശ്രമിച്ച് കൊണ്ട് ഞാൻ പറഞ്ഞു. ഞാൻ പരാജയപ്പെട്ടു. മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു, എന്റെ അമ്മയ്ക്ക് സുഖമാണ്‌..എന്നെ തിരിച്ചറിയുന്നില്ലെന്നേയുള്ളൂ..

‘മോനൊരു കാര്യം ചെയ്യുവോ? കുറച്ച് വെള്ളമെടുത്തു തരുവോ?’
വെള്ളം നിറച്ച ജഗ്ഗ് മേശപ്പുറത്തുണ്ട്. ഞാനെഴുന്നേറ്റു ചെന്നു. മേശപ്പുറത്ത് ജഗ്ഗ് കാണാൻ കഴിയുന്നില്ല..മേശയും കാണുന്നില്ല..കണ്ണീരിൽ എന്റെ കാഴ്ച്ച നഷ്ടപ്പെട്ടു പോയിരുന്നു.

വെള്ളം ഗ്ലാസ്സിൽ പകർന്ന് അടുത്ത് ചെന്ന് ഞാനറിയാതെ പറഞ്ഞു പോയി,
‘ഞാനൊഴിച്ച് തരാം..’
എത്ര നാൾ ഈ നെഞ്ചിലെ പാൽ ഞാൻ കുടിച്ചിരിക്കുന്നു..എത്ര നാൾ ഈ കൈകളെന്നെ അമൃതൂട്ടിയിരിക്കുന്നു..
എന്റെയമ്മയ്ക്ക്..ഒരുകവിൾ വെള്ളമെങ്കിലും..

ചാരിയിരുന്ന അമ്മയുടെ വായിലേക്ക് ശ്രദ്ധയോടെ വെള്ളമൊഴിക്കുമ്പോൾ ഞാൻ അമ്മയും, അമ്മ ഞാനുമായി മാറി..

തിരിച്ചു പോകുമ്പോൾ തീവണ്ടിയിലിരുന്നിരുട്ടിലേക്ക് നോക്കി ഞാനോർത്തു, അടുത്ത തവണ അമ്മ എന്നെ തിരിച്ചറിയും. ചിലപ്പോൾ ഒരു നിമിഷം മാത്രമായിരിക്കും..ഒരു നിമിഷമെങ്കിൽ ഒരു നിമിഷം..അതെന്റെമാത്രം വിശ്വാസമാണ്‌. ആ വിശുദ്ധനിമിഷത്തെയോർത്ത് ഞാൻ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.

Post a Comment